സുഹൃത്ത് ബന്ധം
എം. പി. എസ്സ്. വീയ്യോത്ത്
ജീവിതത്തിലെ ഒരേടില്‍ പ്രവാസലോകത്ത് നിന്നും അകന്ന് നാട്ടില്‍ എത്തിച്ചേര്‍ന്ന അന്ന് തന്നെയാണ് ഞാന്‍
ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന അന്ന് തന്നെ ആയതിനാല്‍ അയല്‍വാസിയായ അവരെ ശ്രദ്ധിച്ചത് . അവരുടെ നരവീണ
ശോഷിച്ച ശരീരം പ്രായാധിക്യാത്താല്‍ മുന്നിലേക്ക്
വളഞ്ഞുകൂടിയിരുന്നൂ . ഒരുകൈ മണ്‍ചുമരിലും മറുകൈ ഭൂമിക്കു സമാന്തരമായും തുറന്ന്‍
പിടിച്ചുള്ള ആ നടത്തം കണ്ടാല്‍ ശരിക്കും ഇപ്പോള്‍ വീഴും എന്ന് നമ്മുക്ക് തോന്നും.
അവര്‍ക്ക് പിന്നാലെ കളിയാക്കി ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കുട്ടിപട്ടാളം തന്നെ ഉണ്ടായിരുന്നൂ, അവരുടെ കണ്ണില്‍ മുത്തശ്ശിയെ കളിയാക്കുന്നതും ഒരു തരത്തില്‍
കളി തമാശ തന്നെ. വഴിപോക്കര്‍ക്കൊക്കെ ആ കാഴ്ച്ച കുട്ടികളുടെ കളിതമാശയായാണ് തോന്നിയത്
എന്ന് അവരുടെ ചുണ്ടില്‍ പരന്ന
പുഞ്ചിരിയില്‍ നിന്നും എനിക്ക് ബോധ്യമായി. ആ മുത്തശ്ശി നേരെ പടികടന്ന് കയറിവന്നത് എന്റെ വീട്ട് മുറ്റത്തേക്ക് ആയിരുന്നൂ . കൂടെ
വന്ന കുട്ടിക്കൂട്ടവും എന്റെ വീട്ടിലേക്കു കയറാന്‍ തുടങ്ങി എങ്കിലും
മുറ്റത്ത് അപ്രതീക്ഷമായി കണ്ട അപരിചിതനായ എന്റെ
സാന്നിധ്യത്താല്‍ അവര്‍ വേഗം വഴിയിലേക്ക് തിരിഞ്ഞിറങ്ങി. പിന്നെ വഴിയില്‍ നിന്നും
എന്നെ സൂക്ഷിച്ച് നോക്കാന്‍ ആരംഭിച്ചു. ആ മുഖത്ത് വിരിഞ്ഞ ഭാവത്തില്‍ ഇവന്‍ ഏതാ മരമാക്രി
എവിടുന്നാ പൊട്ടിവീണത് എന്ന് തെളിഞ്ഞു കണ്ടപ്പോള്‍ ഞാന്‍ അവരെ നോക്കി
“ ഞാന്‍ മാഷിന്റെ മോനാ ? ഗള്‍ഫില്‍ ആയിരുന്നൂ ഇന്ന് വന്നേയുള്ളൂ . ഇങ്ങോട്ട് കയറുന്നില്ലേ “
എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒരു മിച്ചു പിന്നോട്ട്
നടന്ന്
“ഓടിക്കോ”
എന്നും പറഞ്ഞു എങ്ങോട്ടോ
ഓടി മാഞ്ഞു .
അത് കണ്ടാണ് എന്ന് തോന്നുന്നൂ മുത്തശ്ശി എന്നെ നോക്കി
“ മോനേതാ ? മുന്‍പ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ ? “
എന്ന് ചോദിച്ചുകൊണ്ട് അരികില്‍ നടന്നു വന്ന് കയ്യില്‍ കയറി
പിടിച്ചപ്പോള്‍ അവരുടെ കയ്യിലെ അസ്ഥികള്‍ കയ്യില്‍
അമരുന്നത് ഞാന്‍ അറിഞ്ഞു. വാര്ദ്ധക്ക്യം
നല്‍കിയ മുതുകിലെ വളവ് എന്റെ മുന്പില്‍ നിവര്‍ത്താന്‍
ശ്രമിക്കുമ്പോലെ നിന്നു എന്റെ മുഖത്തേക്ക് കണ്ണുകള്‍ അയച്ചു .
അപ്പോഴേക്കും അച്ഛന്‍ വീട്ടിന്റെ പിന്നമ്പുറത്ത് നിന്നും ഒരു കയ്യിലൊരു
വെട്ട് കത്തിയും മറുകയ്യില്‍ വാഴക്കുലയുമായി കടന്ന് വന്നത്. അദ്ദേഹം വേഗം തന്നെ കയ്യിലെ
സാധനങ്ങള്‍ വരാന്തയില്‍ വച്ചുകൊണ്ട് ഞങ്ങളുടെ
അരികിലേക്ക് വന്ന്‍
“ മാതുവമ്മേ. ഇത് എന്റെ ഒരേയൊരു മോനാ കുറെക്കാലമായി ഗള്‍ഫില്‍
പോയിട്ട് . എന്ത് ചെയ്യാം ഭാഗ്യം കൊണ്ട് മാത്രമാണ്
ഇപ്പോഴെങ്കിലും ഞങ്ങള്‍ക്ക് ഇവനെ കാണാന്‍
യോഗം ഉണ്ടായത്.”
എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍
ഈറനണിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചത് .
ശരിയാണ് പ്രവാസജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ
ഒരു സുഹൃത്തിനൊപ്പം ജോലിക്ക് പുറമേ ഒരു ബിസിനസ് എന്ന സ്വപ്നത്തിനായി ഞാന്‍ ജാമ്യം നിന്നു . ആ സുഹൃത്ത് ഞാന്‍ പോലും അറിയാതെ
വലിയ സാമ്പത്തികബാധ്യത വരുത്തിവച്ച് ആരുമറിയാതെ ഒരു
രാത്രി രാജ്യം വിടുകയും ചെയ്തു . ഒടുക്കം കേസും കോടതിയും ജയിലുമായി വര്‍ഷങ്ങള്‍ കടന്ന് പോയി .
അന്ന് എനിക്ക് തണലായി
നിന്ന ചില പ്രവാസി സംഘടനകളുടെ സഹായവും പ്രവര്‍ത്തനങ്ങളും കൊണ്ടാണ് ഇപ്പോഴെങ്കിലും നാട്ടിലേക്ക് എത്തിച്ചേരാന്‍
കഴിഞ്ഞത് തന്നെ . ആ കാലങ്ങളേ ക്കുറിച്ച് ഒന്ന് ഓര്ത്തുപോയാല്‍ തന്നെ എന്റെ കാഴ്ചകള്‍ കണ്ണീരാല്‍ മങ്ങും .
അപ്പോഴേക്കും മുത്തശ്ശിയേയും കൂട്ടി അച്ഛന്‍ വീട്ടിലേക്കു
നടന്നു തുടങ്ങിയിരുന്നൂ . എത്രയോ കാലത്തിന് ശേഷമാണ് എന്റെ മണ്ണില്‍ ഇങ്ങനെ ഞെഞ്ചു വിരിച്ച് നില്‍ക്കുന്നത് തന്നെ.
മുത്തശ്ശിയെ കാലം മുന്നിലേക്ക് വളച്ച് നടത്തുമ്പോള്‍ അതെ കാലവും കപടലോകവും എന്നെയും
കാരാഗ്രഹത്തില്‍ അടച്ചു .
ഞാന്‍ ഇന്ന് നാട്ടില്‍ സുഖമായി ഇരിപ്പുണ്ട് എങ്കിലും
അമ്മയോട് ജ്യോത്സ്യന്‍ പറഞ്ഞ കാരാഗൃഹ വാസം അവസാനിച്ച സമാധാനത്തില്‍ അമ്മയും ജയില്‍ ജീവിതം നല്‍കിയ ദുരിതാനുഭാവത്തിന്റെ ഓര്‍മ്മകളില്‍ ഞാനും തുടര്‍ന്നും വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു . സുഹൃത്ത്
വിശ്വാസത്തിനും ബന്ധത്തിനും ലോകത്തില്‍
ഒരു സ്ഥാനവും ഇല്ല എന്ന് അനുഭവത്തിലൂടെ കാലം മനസ്സിലാക്കി തന്നപ്പോള്‍ ഒരിക്കലും
തിരിച്ചെടുക്കാന്‍ കഴിയാത്തവിധം കൊഴിഞ്ഞുപോയത്
എന്റെ പ്രായമായിരുന്നൂ.