2021 മാർച്ച് 9, ചൊവ്വാഴ്ച

ഇന്നിൻ്റെ ഇര

ഇന്നിൻ്റെ ഇര

എം.പി .എസ്സ്.വീയ്യോത്ത്

 ഇന്നിൻ്റെ വേനലിന് തീഷ്ണത ഒത്തിരി കൂടിയിരിക്കുന്നു, ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. മഹാമാരിയുടെ രുദ്രതാണ്ഡവ നാളുകളിലും മൂക്ക് മറച്ചുകൊണ്ട് ദിനരാത്രങ്ങൾ തള്ളി നീക്കാനുള്ള വൈമുഖ്യം പലരിലും തെളിഞ്ഞ് കാണാം. ഇതിനിടയിൽ കടന്നു വരുന്ന ഉത്സവങ്ങളോ മറ്റ് വിശേഷങ്ങളും നമുക്ക് നഷ്ടസ്വപ്നങ്ങളായി മാറുന്നു. 

ഇതിനിടയിൽ ഏതോ ഒരു ഞായറാഴ്ചയാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. നമുക്ക് അയാൾക്ക് സജീവൻ എന്ന് നാമം നൽകാം. മനസ്സിലും രക്തത്തിലും വല്ലാതെ അലഞ്ഞു ചേർന്ന അയാളുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വാഗ്വാദങ്ങളിലൂടെ വളർന്ന് സംഘർഷങ്ങളിൽ എത്തിച്ചേരാറുണ്ട്. 

ഇത് പറയുമ്പോൾ ചിലർക്കെങ്കിലും എൻ്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിൽ സംശയം തോന്നാം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ ആരുമാവട്ടെ  ഭരണത്തിലേറി  ജനത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ മാത്രം കാണുകയും  പലപ്പോഴും പാടെ മറന്ന് പോവുന്ന പതിവ് രീതിക്ക് മാറ്റം വരണം എന്ന് ചിന്തിക്കുന്നത് തെറ്റാണോ, എന്നാൽ ഞാൻ ആ പക്ഷത്താണ്, അതിൽ കൊടിയുടെ നിറത്തിനോ ജാതി മത ചിന്തകൾക്കോ സ്ഥാനമില്ല. 

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് വന്ന അവനിന്ന് രാഷ്ട്രീയത്തോടുള്ള തൻ്റെ സമീപനം മാറ്റിത്തുടങ്ങിയിരിക്കുന്നു. കാലങ്ങൾ മാറി മറിഞ്ഞപ്പോൾ പാർട്ടിയും പടർന്ന് പന്തലിച്ചു. അതിലേ ഒരു പ്രമുഖനേതാവിൻ്റെ വഴിവിട്ട ബന്ധങ്ങളും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള  നിലപാടുകളും പലകുറി അയാൾ ചൂണ്ടിക്കാട്ടി. അതിന് മറുപടിയെന്നോണം ഒരു രാത്രി വഴിയരികിൽ വച്ച് ചിലർ  വെട്ടി പരുക്കേൽപ്പിച്ചു. മാധ്യമങ്ങൾ കുറേക്കാലം ആ വാർത്തകൾ പലവിധം എഴുതി ചർച്ച ചെയ്ത് കൊഴുപ്പിച്ചു.

 കൈമുതലാക്കിയ അധികാരത്താൽ നീതിപീഠവും വൈരാഗ്യം എന്ന് എഴുതി കേസ് അവസാനിപ്പിച്ചു.  വെട്ടിമാറ്റപ്പെട്ട കാലുമായി കട്ടിലിൽ  അനന്തതയിലേക്ക് കണ്ണയച്ച് കിടന്ന അയാളോട് അമ്മയുടെ

 " പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ  ഇറങ്ങിത്തിരിച്ചിട്ട് നീ എന്താ നേടിയത്? "

എന്ന ചോദ്യവും പൊട്ടിക്കരച്ചിലുമാണ് ഈ ചിന്തയ്ക്ക് വഴിവച്ചത്.  ഇങ്ക്വിലാബ് വിളിക്കാനും തല്ലാനും എന്നും കൂട്ടിനുണ്ടായിരുന്ന പലരും അയാളിൽ നിന്നും ഇന്ന് അകന്ന് പോയിരിക്കുന്നു.

  പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന വാസുവേട്ടൻ്റെ മകനായ അയാൾ ഇന്ന് പാർട്ടിക്ക് വേണ്ടി രക്തം ചിന്തി കട്ടിലിൽ കിടക്കുമ്പോഴും ആ പഴയ വീടിൻ്റെ വിള്ളൽ വീണ ചുമരിൽ ചുവന്ന ഹാരമണിയിച്ച് തൂങ്ങിക്കിടക്കുന്ന വാസുവേട്ടൻ്റെ മുഖത്ത് ദു:ഖം തളം കെട്ടിയിരിക്കുന്നുണ്ടോ? മകനേ വക്കീലാക്കാൻ മോഹിച്ച് ഒരു നാൾ പനി പിടിച്ച് ദേഹം തളർന്ന് കിടപ്പിലായ ആ മനുഷ്യനേ മരണം എന്തേ നേരത്തെ പാട്ടിലാക്കി? അവസാന വർഷ നിയമ വിദ്യാർത്ഥിയായ സജീവൻ്റെയും അമ്മയുടെയും ഇന്നത്തെ അവസ്ഥ കാണാൻ എന്തേ ആർക്കും നേരമില്ലാതെ പോയത്. സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും വേണം എന്ന് ഉരുവിട്ട്പറഞ്ഞ് പഠിപ്പിച്ച അദ്ധ്യാപകരും എന്തേ അയാളോട്  മൌനം പാലിക്കുന്നു. ഈ ഒറ്റപ്പെടലിൻ്റെ കുത്തിനോവിക്കുന്ന വേദന മരണത്തേക്കാൾ ഭയാനകമാണ് എന്ന് അയാൾ ആദ്യമായി തിരിച്ചറിയുകയായിരുന്നു. കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ തെറ്റുകളുടെ എണ്ണം എന്നും തെളിഞ്ഞു നിൽക്കുന്നു. അവിടെ പലപ്പോഴും ആ തെറ്റുകൾക്കുള്ള ശിക്ഷകളും സ്വയം ഏറ്റുവാങ്ങേണ്ടതായും വരുന്നു.

 പാർട്ടികൾ പോലും പണം കായ്ക്കുന്ന മരങ്ങൾക്ക് ആയി മാറുന്ന ഇക്കാലത്ത് മനുഷ്യത്വത്തിന് എന്ത് വില? പണത്തൂക്കത്തിൽ നീതി ലഭിക്കുന്ന ദേശത്ത് ജനാധിപത്യത്തിൻ്റെ പ്രസക്തി എന്താണ്? ഇത്തരത്തിൽ ഒത്തരി ചിന്തകൾ സജീവൻ്റെ മനസ്സിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു. 

 ജനങ്ങൾ എന്നെങ്കിലും തങ്ങൾ ആരുടെയും അടിമകൾ അല്ലെന്ന് അവർ തിരിച്ചറിയുന്ന ഒരു നല്ല നാൾ ജനാധിപത്യ സംവിധാനത്തിലൂടെ കൈവരും എന്ന വിശ്വാസത്തോടെ അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു.  മനുഷ്യൻ മനുഷ്യനെ കൊന്നു പകപോക്കാത്ത ഒരു നാളേക്ക് വേണ്ടി നമുക്കും കാത്തിരിക്കാം.



 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...