തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം : രണ്ട്
കുറച്ചു സമയത്തിനകം മഴയുടെ
ശക്തി കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരുന്നൂ . ആ മഴ ശരിക്കൊന്ന് തോര്‍ന്നുകിട്ടുമ്പോഴേക്കും
നേരം വെളുത്തു കഴിഞ്ഞിരുന്നൂ. അപ്പോഴേക്കും എനിക്ക് സ്കൂളിലേക്ക് പുറപ്പെടാനുള്ള സമയം
അടുത്തടുത്ത് വന്നൂ. ഇറയത്ത് നിന്നും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളും ആ
മഴയില്‍ പറമ്പില്‍ വീണുകിടന്ന തെങ്ങോലയും നോക്കി നിന്ന എന്റെ നേരെ അമ്മയുടെ ശബ്ദം
അകത്ത് നിന്നും ഉയര്‍ന്ന് കേട്ടു.
അമ്മ : മോനെ.. ഗോപി.. വേഗം
വാ.. കുളിക്കണ്ടേ
അങ്ങനെ ഞാന്‍ അവിടെനിന്നും വേഗം അമ്മയുടെ
അരികിലേക്ക് ഓടി ചെന്ന് ചാടിക്കളിച്ചു
കൊണ്ട് ഷർട്ടും ട്രൗസറും ഊരി രണ്ട്ദിശകളിലേക്കുമായി എറിഞ്ഞുകൊണ്ട് അമ്മയുടെ
അരികില്‍ പിറന്ന പടി നിന്ന് മേല്‍പ്പോട്ടും കീഴ്പ്പോട്ടും തലയുമാട്ടി അനങ്ങിനില്‍ക്കാന്‍
തുടങ്ങി.അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു അരിശത്തോടെ പറഞ്ഞു
അമ്മ : അടങ്ങിനിക്കുന്നുണ്ടോ നീ
അമ്മ തന്റെ ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത് എന്റെ
അരയ്ക്ക് ചുറ്റിലുമായി ഉടുപ്പിച്ചു തന്നു അത് കഴിഞ്ഞു പോയി അടുക്കളയിലെ തട്ടിന്റെ
മേളില്‍ നിന്നും ഒരു എണ്ണക്കുപ്പി എടുത്ത് അതിന്റെ അടപ്പ് തുറന്ന്കൈക്കുമ്പിലേക്ക്
പകര്‍ന്നു. അങ്ങനെ അമ്മ തന്റെ വിരല്‍ എണ്ണയില്‍ മുക്കി എന്റെ ഇരു ചെവികളിലും
തൊട്ട് ചാലിച്ച ശേഷം ബാക്കിവന്നത് തലയില്‍ അമര്‍ത്തി തേച്ചു പിടിപ്പിക്കാന്‍
തുടങ്ങി. പിന്നീട് എന്നെയും കൂട്ടി അടുക്കള വാതിലിലൂടെ പുറത്തെ ഓലയാല്‍ മറച്ച കുളിമുറിയിലേക്ക് അമ്മ
നടന്നു . അങ്ങനെ ഞങ്ങള്‍ കുളിമുറിയിലേക്ക്
കയറി അല്പസമയത്തിനകം അവിടെയുണ്ടായിരുന്ന സിമന്‍റ് വീപ്പയില്‍ നിന്നും മഗ്ഗില്‍
വെള്ളം മുക്കി എന്റെ മേല്‍ ഒഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ ആ കയ്യിലെ മഗ്ഗില്‍ കയറി പിടിച്ചു കൊണ്ട് ദയനീയമായി അമ്മയെ നോക്കി
പറഞ്ഞു
ഞാന്‍ : അമ്മേ
ഞാനൊഴിക്കാം തണുക്കുന്നമ്മേ
അമ്മ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ട്
മഗ്ഗിലെ വെള്ളം തലയിലൂടെ പകര്‍ന്നു. എന്റെ
ഒച്ചപ്പാട് കേട്ടാണ് എന്ന് തോന്നുന്നൂ അച്ഛന്‍ ഉറക്കെ വിളിച്ചു ചോദിച്ചു
അച്ഛന്‍ :എടോ ഞാന്‍ അങ്ങോട്ട്
വരണോ
പിന്നെ അച്ഛന്‍ വന്നാലുള്ള അവസ്ഥ
ഓര്‍ത്ത് അനുസരണയുള്ള ആട്ടിന്‍ കുഞ്ഞിനെപ്പോലെ ഞാന്‍ നിന്നൂ. അങ്ങനെയിരിക്കെയാണ്
അമ്മ എന്റെ നേരെ വെള്ളം നിറച്ച മഗ്ഗ് നീട്ടി പറഞ്ഞത്
അമ്മ : ഇനി നീ തന്നെ വെള്ളമെടുത്തൊഴിച്ചോളൂ ഇപ്പൊ
തണുപ്പ് മാറീല്ലേ
അങ്ങനെ ആ മഗ്ഗിലെ വെള്ളം മെല്ലെ
മെല്ലെ ഞാന്‍ ദേഹത്തേക്ക് കമഴ്ത്തി . അതിലൂടെ പോയ തണുത്ത കാറ്റ് തണുത്ത് വിറച്ചു
നിന്ന എന്നെ ഒന്നുകൂടി വിറപ്പിച്ചു കടന്ന് പോയി. അതിനിടയില്‍ അമ്മ സോപ്പ്
പെട്ടിയില്‍ നിന്നും ചന്ദ്രിക സോപ്പ് എടുത്ത്
എന്റെ കയ്യിലേക്ക് തന്നുകൊണ്ട് പറഞ്ഞു .
അമ്മ : ദേഹത്ത് ശരിക്ക് തേച്ച്
പിടിപ്പിച്ചേ
ഞാന്‍ ആ സോപ്പ് വാങ്ങി ആദ്യം
മൂക്കിനോട് ചേര്‍ത്ത് ആ സുഗന്ധം ആസ്വദിച്ചു. പിന്നെ മെല്ലെ ദേഹമാസകലം
തെച്ചുപിടിപ്പിക്കാന്‍ തുടങ്ങി . അത് കഴിഞ്ഞു ആ സോപ്പ് വാങ്ങി കയ്യില്‍ നിന്നും
വാങ്ങി അമ്മ എന്റെ പുറത്തും തേച്ച് തന്നു.അത് കഴിഞ്ഞു അമ്മ സോപ്പ് അതിന്റെ
പെട്ടിയിലേക്ക് തിരിച്ചു വച്ചു .ആ സമയമൊക്കെ ഞാന്‍ മുഖത്ത് തേച്ച സോപ്പിനു മേല്‍
വീണ്ടും ഉരച്ചു രസിച്ചു. അതിനിടയിലാണ് സോപ്പ് എന്റെ കണ്ണിലായത്. ഞാന്‍ ആ നീറ്റല്‍ സഹിക്കവയ്യാതെ
ഒച്ചവച്ചു . അപ്പോഴേക്കും അമ്മ തലയിലൂടെ
വെള്ളം മുക്കിയൊഴിച്ചുകൊണ്ട് എന്റെ നീറ്റലിന് ശമനം ഉണ്ടാക്കി. അതുകഴിഞ്ഞ് ഞാന്‍
മഗ്ഗെടുത്തു വെള്ളം തലയില്‍ മുക്കിയോഴിക്കാന്‍ തുടങ്ങി. അതിനിടയില്‍ അമ്മ എന്നെ
നോക്കി പറഞ്ഞു
അമ്മ: മതി മതി വാ
തോർത്തിത്തരാം
അങ്ങനെ അവര്‍ എന്നെ ചേര്‍ത്ത് പിടിച്ചു അന്നത്തെ
കുളി കഴിഞ്ഞു എന്നറിയിച്ചുകൊണ്ട് തോര്‍ത്തു എന്റെ തലയിലേക്ക് ഇട്ട് പറഞ്ഞു.
അമ്മ : മതി മതി വെള്ളത്തില്‍ കളിച്ചത്
അപ്പോള്‍ ഞാന്‍ പല്ലുകള്‍
തമ്മിലിടിക്കും വിധം തണുത്ത് വിറക്കുന്നുണ്ടായിരുന്നൂ. അമ്മ എന്റെ അരയിലെ തോര്‍ത്ത് അഴിച്ചെടുത്ത് പിഴിഞ്ഞ്
വീശി എന്റെ ദേഹം തുടച്ച് വൃത്തിയാക്കിയ ശേഷം എന്റെ തല ശരിക്ക് അമര്‍ത്തി
തോര്‍ത്തി ക്കൊണ്ട് അവിടെനിന്നും ഒലിച്ചിറങ്ങിയ സോപ്പ് ലായിനിയെ ചൂണ്ടി പറഞ്ഞു .
അമ്മ : കണ്ടോ എന്താ അഴുക്ക്,
ഇങ്ങനെ ദിവസവും നിനക്ക് തന്നെ തേച്ച് കുളിച്ചാല്‍ എന്താ ?
അതിനിടയില്‍ അവര്‍ എന്നെ ഒരു
തോര്‍ത്തു മുണ്ട് ഉടുപ്പിച്ച് പറഞ്ഞു
അമ്മ : വേഗം പോയി വസ്ത്രം ധരിക്കാന്‍ നോക്ക്
എന്ന് പറഞ്ഞപ്പോള്‍ ഞാന്‍
അമ്മയെനോക്കി ചന്തിയാട്ടി ക്കാണിച്ചപ്പോള്‍ അവർ അതുകണ്ട് ചിരിച്ചുകൊണ്ട് നല്ലൊരു തല്ലു തന്നു പറഞ്ഞു
അമ്മ : വേഗം കേറി പോടാ
ഞാന്‍ അങ്ങനെ ചിരിച്ചുകൊണ്ട് അടുക്കള
വഴി അകത്തേക്ക് ഓടി. വേഗം തന്നെ ഞാന്‍ കറുത്ത ട്രൌസറും വെള്ള ഷര്‍ട്ടും ഇട്ട്
തയ്യാറായി നിന്നപ്പോഴേക്കും അമ്മ കഞ്ഞി എടുത്ത് വച്ചിരുന്നൂ . അങ്ങനെ ഒരു പലക
വലിച്ചിട്ട് ആ പിഞ്ഞാണ പാത്രത്തിലെ ചൂട് കഞ്ഞി പ്ലാവില സ്പൂണ് കൊണ്ട്
മുക്കിക്കുടിച്ചു പപ്പടവും കടിച്ച് ആസ്വദിച്ചു കുടിച്ചു തീര്‍ത്ത് കഴിഞ്ഞ്അകത്തെ
കണ്ണാടിയില്‍ നോക്കി മുടിചീകി എന്നാല്‍ ആവുന്ന വിധം ചീകിവച്ച് തട്ടില്‍നിന്നും
കുട്ടിക്കൂറ പൌഡറിന്റെ ടിന്നെടുത്ത് ഒന്ന് മണത്ത് നോക്കി . നല്ല സുഗന്ധം , അങ്ങനെ
ആ മാസ്മരിക ഗന്ധവും ആസ്വദിച്ചു കുറച്ചു
പൌഡ ര്‍ എന്റെ മുഖത്ത് ഇട്ട്
കൈകൊണ്ട് തുടച്ച് വൃത്തിയാക്കുമ്പോഴേക്കും പുറത്ത് നിന്നും അമ്മയുടെ വിളി വന്നു
അമ്മ : മോനെ ഗോപി ആ പൌഡര്‍
ടിന്നിങ്ങ് എടുത്തേ
അങ്ങനെ ആ ടിന്നുമെടുത്ത് ഞാന്‍
ഉമ്മറത്തേക്കു നടന്ന് അത് അമ്മയെ
ഏല്പിച്ചു.
അമ്മ ആ ടിന്ന് വാങ്ങി തറയില്‍ വച്ച് എന്റെ മുന്നില്‍ കുന്തിച്ച് ഇരുന്ന് അവരുടെ
മുടിയില്‍ ഉണ്ടായിരുന്ന ചീര്‍പ്പെടുത്ത് മുടിചീകി ഭംഗിയായി ഒതുക്കി തന്നു . പിന്നെ
കുറച്ചു ദൂരെ മാറ്റി നിറുത്തി എന്നെ ആപാദചൂടം നോക്കി ക്കൊണ്ട് ചീര്‍പ്പ് തിരിച്ചു
മുടിയില്‍ ഉറപ്പിച്ചു. പിന്നെ ഇരുകൈകൊണ്ടും എന്റെ മുഖം ചേര്‍ത്തു പിടിച്ചു കവിളില്‍
ഉമ്മയും തന്നു അവര്‍ എഴുന്നേറ്റു .
തുടരും
ആ മഴക്കാലത്ത്
എം. പി.
എസ്സ്. വീയ്യോത്ത്
ഭാഗം : മൂന്ന്
ഞാന്‍ വേഗം തന്നെ അകത്തുനിന്നും ഇലാസ്റ്റിക്
ബാന്റിട്ട പുസ്തകങ്ങളും സ്ലേറ്റും എടുത്തു ഉമ്മറത്തേക്കു വന്നു .
അവിടെ അമ്മ കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നൂ.
അങ്ങനെ ആ പുസ്തകക്കെട്ട് അതിനുള്ളില്‍ വച്ച് മുറ്റത്തേക്ക് ഇറങ്ങി. പിന്നെ തിരിഞ്ഞു നിന്ന് ചോദിച്ചു
ഞാന്‍
: അമ്മേ .... അച്ഛാ.... ഞാന്‍ സ്കൂളിലേക്ക് പോണേ
അച്ഛനും
അമ്മയും കൂടി : മോന്‍ വികൃതിയൊന്നും കളിക്കാതെ നല്ല കുട്ടിയായി പോയിവാ
എന്ന്
പറഞ്ഞു കഴിയുമ്പോഴേക്കും ഞാന്‍ പുസ്തകകെട്ടു വളയമായി സങ്കല്പിച്ചു വായ്കൊണ്ടു
കാറിന്റെ ശബ്ദവുമുണ്ടാക്കി കൊണ്ട് ഒരറ്റഓട്ടം. ഇതെന്റെ സ്വന്തം
വണ്ടിയാണ് , എവിടെയും ഇതിലെ പോകൂ .
അതിനിടയ്ക്കെപ്പോഴോ
ഞാന്‍ തിരിഞ്ഞു അമ്മയെ നോക്കിയപ്പോള്‍ അവര്‍ രണ്ടുപേരും എന്നേ നോക്കി കൈവീശി
കാണിച്ചു. അപ്പോഴേക്കും ഞാന്‍ വീട്ടിന് സമീപത്തുള്ള നാല്‍ക്കവലയില്‍ എത്തി ചേര്‍ന്നിരുന്നൂ.
അവിടെ ചില കൂട്ടുകാര്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നൂ . പിന്നെ എല്ലാവരും
കൂടി കളിയും ചിരിയുമായി സ്കൂളിലേക്ക് നടന്നു നീങ്ങി. ഞാന്‍ അവരുടെ അരികില്‍
നിന്നും മെല്ലെ വഴിയിലെ മണ്‍തിട്ടില്‍ കണ്ട പുല്ലെണ്ണ എന്ന പുല്‍ച്ചെടി യില്‍
നിന്നും വെള്ളത്തുള്ളിയോടു കൂടിയ പുല്‍ത്തണ്ട് എടുത്ത് മാനത്തേക്ക് പൊക്കി
പിടിച്ചു. അത് കാണാന്‍ തന്നെ എന്ത്
ചേലാണ്. പുല്‍കൊടിയുടെ അഗ്രത്തില്‍ ഇപ്പോള്‍ ഇറ്റി വീഴും എന്ന് തോന്നും വിധത്തില്‍
തൂങ്ങി കിടക്കുന്ന സ്ഫടികം കണക്കുള്ള വെള്ളത്തുള്ളിയില്‍ സൂര്യപ്രകാശം തട്ടി
തിളങ്ങുന്നത് കാണാന്‍ തന്നെ എന്ത് ചേലാണ് . അവസാനം ഞാൻ ആ പുല്ലെണ്ണ കണ്ണിനുള്ളിലൂടെ മെല്ലെ വലിച്ചപ്പോൾ ആ വെള്ളത്തുള്ളിക്ക് നല്ല തണുപ്പായിരുന്നൂ. കുറച്ചു സമയം അത് ആസ്വദിച്ചു പിന്നെ അത് തറയിൽ കളഞ്ഞു. പിന്നീട് ഞങ്ങളുടെ സ്ളേറ്റ് വൃത്തിയാക്കാനായി കുറച്ചു മഷിത്തണ്ട് പൊട്ടിച്ചെടുക്കാനായി മൺതട്ടിലെ മുക്കു റ്റി പ്പൂവിന്റെ അരികിലുള്ള തൊട്ടാവാടി യുടെ അടുത്തേക്ക് കയ്യെത്തിച്ചു അവിടെയാണ് മഷിത്തണ്ട് ഉണ്ടായിരുന്നത്. അങ്ങനെ കുറച്ചു മഷിത്തണ്ടും പൊട്ടിച്ചെടുത്ത് തൊട്ടാവാടിയുടെ ദളങ്ങൾ തഴുകി ഉറക്കിയ ശേഷം ഞങ്ങൾ മുന്നോട്ട് നടന്നു. വഴിവക്കിലെ അനന്തമായി പരന്നു കിടക്കുന്ന നെൽപ്പാടത്തിലേക്ക് എല്ലാവരും കണ്ണോടിച്ചു നിന്നപ്പോൾ ഞാൻ മാനത്തെ കാർമേഘങ്ങളിലേക്കു കണ്ണോടിച്ചു കൊണ്ട് അവരോട് പറഞ്ഞു
ഞാൻ :നമുക്ക് വേഗം പോകാം .. ഇന്ന് നല്ല മഴ പെയ്യാൻ സാധ്യതയുണ്ട് അപ്പോഴേക്കും സ്കൂളിൽ എത്തിച്ചേരണം.
അങ്ങനെ ഞങ്ങൾ വയൽവരമ്പിലൂടെ ചുറ്റും കൗതുകത്തോടെ കാഴ്ചകൾ കണ്ടു മുന്നോട്ട് നടന്നു നീങ്ങി.നീലവിഹായസ്സിലൂടെ പല പല ശബ്ദങ്ങൾ പുറപ്പെടുവിച്ചു നീങ്ങുന്ന പറവകൾ ആ കാഴ്ചയ്ക്കു മിഴിവേകി. അപ്പോഴേക്കും മഴയുടെ ആഗമനം അറിയിച്ചുകൊണ്ട് ഒരു മന്ദമാരുതൻ നെൽക്കതിരുകളെ തൊട്ടുതലോടി കടന്നുപോയപ്പോൾ ആ കാറ്റിന് എന്തൊരു കുളിരായിരുന്നൂ .പാട ത്തിലെ ചെളിയിൽ നിന്നും പേക്രോം ...പേക്രോം .. എന്ന് ശബ്ദം ഉണ്ടാക്കി തവളകളും ആ പ്രകൃതിയോട് ചേർന്ന് നിന്നപ്പോൾ അത് നല്ലൊരനുഭൂതിയായി എനിക്ക് തോന്നി .കാലത്ത് പെയ്ത മഴയിൽ കെട്ടിനിന്ന വെള്ളക്കെട്ടും തണ്ണീർ തടങ്ങളും കടന്നു ഞങ്ങളുടെ യാത്ര തുടർന്നു . അന്തരീക്ഷത്തിലെ പെട്ടെന്നുള്ള നിറം മങ്ങൽ കണ്ടു ഞാൻ എല്ലാവരോടുമായി വിളിച്ചു പറഞ്ഞു
ഞാൻ : നല്ല മഴയ്ക്കുള്ള ലക്ഷണമാണ് വേഗം നടക്ക്
പെട്ടെന്ന് തന്നെ മാനം മേഘാ വൃതമായി.കിളികൾ ശബ്ദമുണ്ടാക്കി തങ്ങളുടെ കൂടുകളിലേക്കായി ധൃതിപിടിച്ചു മടക്കയാത്രയിൽ ആയിരുന്നൂ . വഴിവക്കിലെ വീടുകളിൽ നിന്നും ഉയർന്നു കേട്ട ആടുകളുടെയും പശുക്കളുടെയും നായ്ക്കളുടെയും കരച്ചിൽ ഞങ്ങളുടെ കാതുകളിൽ അലയടിക്കാൻ തുടങ്ങി . അപ്പോഴേക്കും എങ്ങുനിന്നോ വന്ന ശക്തമായ കാറ്റേറ്റ് തെങ്ങുകളും കവുങ്ങുകളും ഉള്ളിൽ ഭീതി പടർത്തും വിധം കിടന്നുലയാൻ തുടങ്ങി. അപ്രതീക്ഷിതമായാണ് എന്തോ പൊട്ടുന്ന ശബ്ദം ഞങ്ങൾ കേട്ടത് . ഞങ്ങൾ ശരിക്കും ഭയന്നു . അപ്പോഴതാ ഒരു വലിയ മാവിന്റെ കൊമ്പ് ഞങ്ങളുടെ മുന്നിലായി അടർന്നു വീണുകിടക്കുന്നൂ . പിന്നെ ഞങ്ങൾ പുസ്തകക്കെട്ടുമായി ശരം പോലെ പായാൻ തുടങ്ങി. അതിനിടയിൽ ഉയർന്നു കേട്ട ഇടിനാദം ശരിക്കും ഞങ്ങളുടെ ഓട്ടത്തിന്റെ വേഗം കുറച്ചു എന്ന് പറയാം . അപ്പോഴേക്കും കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ പേമാരിയും ആരംഭിച്ചു . അതിനിടയിൽ ഞാൻ വഴിവക്കിൽ നിന്നും പൊട്ടിച്ചെടുത്ത ചേമ്പിൻ ഇല തലയ്ക്കു മീതെ കുടയായി പിടിച്ചു ഞങ്ങൾ വേഗം മുന്നോട്ടു നടന്നു . അപ്പോഴാണ് വഴിവക്കിലെ മതിലിലെ പേര് ഞാൻ ഉച്ചത്തിൽ വായിച്ചു തുടങ്ങിയത് .
ഞാൻ : കൊയിലോത്ത്
അത് കേട്ടുകൊണ്ട് ആ വീട്ടിലെ ഒരു ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് രണ്ടു കുടയുമായി ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നു . അയാൾ ഞങ്ങളെ നോക്കി പറഞ്ഞു
അയാൾ : കേറി വാ മക്കളെ മഴതീർന്നിട്ട് പോയാ മതി
അങ്ങനെ അയാളുടെ കുടക്കീഴില് എന്നെയും അയാളുടെ കയ്യിലെ കുടക്കീഴിൽ എന്റെ കൂട്ടുകാരും ആയി അയാൾ ആ വീട്ടിലേക്കു നടന്നു
തുടരും
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
: നാല്
ഞങ്ങള്‍
അങ്ങോട്ട് കയറിച്ചെല്ലുംബോള്‍ ആ വീട്ടിന്റെ വരാന്തയിൽ പ്രായമുള്ള ഒരു
തലേക്കെട്ടുകാരൻ ഇരിപ്പുണ്ടായിരുന്നൂ. ഒട്ടനോട്ടത്തില്‍ തന്നെ എനിക്ക് ആളെ
മനസ്സിലായി ഞങ്ങളുടെ നാട്ടിലെ പ്രമാണിയായ ആയിരുന്നൂ അഹമ്മദ് ഹാജി അദ്ദേഹം. അദ്ദേഹം
വരാന്തയിലേക്ക് നനഞ്ഞൊട്ടിയ ഷര്‍ട്ടുമായി നിന്നു വിറയ്ക്കുന്ന ഞങ്ങളെ കണ്ട്
അകത്തേക്ക് നോക്കി നീട്ടി വിളിച്ചു .
അഹമ്മദ്
ഹാജി : എടീ പാത്തുമ്മ
ഇങ്ങോട്ടൊന്നു വന്ന് ഇവരുടെ ഷർട്ട് കഴിച്ചു ഒന്നുണക്കി കൊടുത്തേ.
അപ്പോഴേക്കും
അകത്തുനിന്നും തലയില്‍ തട്ടമിട്ട ഒരു തടിച്ച സ്ത്രീ ഞങ്ങളെ
നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു. അപ്പോഴേക്കും അഹമ്മദ് ഹാജിയുടെ അടുത്ത
നിര്‍ദേശവും ഞങ്ങളെ തേടി വന്നു .
അഹമ്മദ്
ഹാജി : മക്കളെ കയ്യിലുള്ള
പുസ്തകം കസേരയിൽ വച്ച് ഷർട്ട് അഴിച്ചു അവളെ കൈയ്യിൽ കൊടുത്തേ
ഞങ്ങള്‍
അദ്ദേഹം പറഞ്ഞപ്രകാരം അക്ഷരം പ്രതി അനുസരിച്ചു. അപ്പോഴേക്കും തണുപ്പില്‍
നിന്നും താല്‍ക്കാലിക ആശ്വാസത്തിനായി അവിടെയുള്ള ചേട്ടന്റെ ഒരു ഷര്‍ട്ട് അവര്‍
എനിക്ക് തന്നു. ആ ഷര്‍ട്ട് ഞാന്‍ ധരിച്ചപ്പോള്‍ അതിന്റെ നീളം കാല്‍ വിരല്
വരെ എത്തി . അത് കണ്ട് എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നത് ഞാന്‍
ശ്രദ്ധിച്ചു . നനഞ്ഞ എന്റെ ഷര്‍ട്ട് പാത്തുമ്മ പിഴിഞ്ഞുണക്കിക്കൊണ്ട് ശക്തിയായി
ഒന്ന് കുടഞ്ഞ് വരാന്തയിലെ അയയില്‍ തൂക്കി. അപ്പോഴേക്കും പുറത്ത് മഴയുടെ ശക്തി
വീണ്ടും കൂടിക്കൂടി വന്നു അതിനിടയില്‍ ഉയര്‍ന്ന അതിശക്തമായ ഇടിനാദം ശരിക്കും
ഞങ്ങളെ ഞെട്ടിച്ചു .
അല്പസമയത്തിനകം
പാത്തുമ്മയും റസിയാത്തയും കൂടി ചൂട് ചായനിറച്ച കുപ്പി ഗ്ലാസ്സുകളും
ബിസ്ക്കറ്റുകളും അതില്‍ കൊണ്ട് നിരത്തി.ഞങ്ങള്‍ അങ്ങനെ ചൂടുള്ള
ചായഗ്ലാസ്സ് കയ്യിലെടുത്ത് ഊതിഊതികുടിക്കുന്നത് നോക്കി അവര്‍ അങ്ങനെ നിന്നു. അങ്ങനെയിരിക്കുമ്പോള്‍
ആണ് പാത്തുമ്മ എന്നെ നോക്കി ചോദിച്ചത്
പാത്തുമ്മ :
മോനെ വീടെവിടെയാ
ഞാന്‍ അവരുടെ
മുഖത്ത് നോക്കി വായിലെ ബിസ്ക്കറ്റ് തൊണ്ടയിലേക്ക് ഇറക്കിക്കൊണ്ടു തല ആട്ടി പറഞ്ഞു
ഞാന്‍ : ഞാന്‍
പാറയുള്ളതില്‍ ചന്ദ്രന്റെ മോനാ
പാത്തുമ്മ
അത് കേട്ട് ചിരിച്ചുകൊണ്ട് എന്റെ തലയില്‍ തലോടിക്കൊണ്ട് ഹാജിയാരേ നോക്കി
പാത്തുമ്മ :
ഇവനെ ഇങ്ങക്ക് തിരിഞ്ഞിക്കില്ലേ, ഇമ്മള തെങ്ങുമ്മ കാരുന്ന
ചന്ദ്രന്റെ മോനാ
എന്ന് പറഞ്ഞു
എന്നെ നോക്കി ചിരിച്ചുകൊണ്ട്
പാത്തുമ്മ
:ഇഞ്ഞി എത്രേലാ പടിക്ക്ന്നേ
എന്ന് ചോദിച്ചപ്പോള്‍
ഞാന്‍ അവരെ
നോക്കി
ഞാന്‍:
നാലിലാ
അതിനിടയില്‍
മഴയ്ക്ക് അല്പം ശമനം ഉണ്ടായി. പാത്തുമ്മ അയയില്‍ ഉണങ്ങാനിട്ട എന്റെ ഷര്‍ട്ട്
ഒന്ന് തൊട്ടുനോക്കി. പിന്നെ അകത്തേക്ക് പോയി അല്പസമയത്തിനകം ചൂടുള്ള ഷര്‍ട്ടുമായി
അവര്‍ തിരിച്ചുവന്ന് എനിക്ക് കൈമാറി. അങ്ങനെ ആ വലിയ ഷര്‍ട്ടില്‍ നിന്നും ചെറിയ
ശര്ട്ടിലേക്ക് ഒരു പരകായ പ്രേവേശം ഞാന്‍ നടത്തി. മറ്റുള്ളവര്‍ക്കും അതുപോലെ
തങ്ങളുടെ ചൂടുള്ള ഷര്‍ട്ടുകള്‍ തിരിച്ചുകിട്ടി. അങ്ങനെ അവരെ നോക്കി ചിരിച്ചുകൊണ്ട്
പുസ്തകക്കെട്ടുമായി
ഞാന്‍ :
എന്നാ ഞാള് പോന്നെ
എന്ന് പറഞ്ഞപ്പോള്‍
ഹാജിയാര്‍ നീണ്ടുകിടന്ന തന്റെ വെള്ളത്താടിയിലൂടെ വിരലുപായിച്ചുകൊണ്ട് അവരുടെ മകനെ നോക്കി
അഹമ്മദ്
ഹാജി : മോനേ റഷീദേ ഇവർക്ക് ആ രണ്ടു കുട എടുത്തു കൊടുത്തേ
എന്ന്
പറഞ്ഞപ്പോള്‍ വരാന്തയുടെ അറ്റത്ത് തുറന്നു
വച്ചിരുന്ന ആ രണ്ടു കുടകള്‍ എടുത്ത് അദ്ദേഹം ഞങ്ങള്‍ക്ക് കൈമാറി. അങ്ങനെ അവരോട്
യാത്രപറഞ്ഞു ഞങ്ങള്‍ കുടയുമായി നടന്നു നീങ്ങി. അപ്പോള്‍ പിന്നില്‍ നിന്നും
ചിരിച്ചുകൊണ്ട് പാത്തുമ്മ
പാത്തുമ്മ :
വൈന്നേരം വെരുന്നേരം കൊട തന്നിട്ട് പോണേ. കുട തിരിച്ചു കളിക്കാതെ നേരെ പിടിക്ക്
എന്ന്
വിളിച്ചുപറഞ്ഞപ്പോള്‍ ഞാന്‍ ആ വാക്കുകള്‍ അനുസരിച്ച് ചിരിയും കളിയുമായി മുന്നോട്ട്
നീങ്ങി. ഇച്ചിരി മുന്നോട്ട് എത്തിയപ്പോള്‍ ഞങ്ങളെയും കാത്ത് കുമാരന്‍ മാഷ് അവിടെ
നില്‍പ്പുണ്ടായിരുന്നൂ.
തുടരും
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
: അഞ്ചു
കുമാരന്‍
മാസ്റ്ററെക്കുറിച്ച് പറയുകയാണെങ്കില്‍ ഉദ്ദേശം ആറടിയോളം ഉയരമുള്ള കഷണ്ടിയും
കൊമ്പന്‍ മീശയോടും കറുത്ത ഫ്രെയിമോടുകൂടിയ
കണ്ണടയോടും കൈയിലെ പോറല്‍ വീണ വെള്ള ഡയൽ ഉള്ള HMT
വാച്ചോടും
കൂടിയ മധ്യവയസ്കൻ . മുട്ടോളമെത്തുന്ന വെള്ള ഖദര്‍
ജൂബ്ബയും ഖദർ മുണ്ടും കഴുത്തിന്
ചുറ്റുമായി പരമശിവന്റെ കഴുത്തിലെ പാമ്പിനെപ്പോലെ ചുറ്റി കിടക്കുന്ന കറുത്ത കരയുള്ള ഖദറിന്റെ തോർത്തും കൈയിൽ മരത്തിന്റെ
പിടിയുള്ള കാലൻ കുടയും കാലുകളിലെ തയഞ്ഞ തുകൽ ചെരുപ്പുമായാല്‍ മാഷുടെ രൂപം ആവും . ഞങ്ങള്‍ അരികിലെത്തിയതും
കണ്ണടയിലൂടെ ആകെ ഒന്ന് നോക്കിയ ശേഷം വായിലെ മുറുക്കാന്‍ ഒരു വശത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട്
അദ്ദേഹം ഞങ്ങളുടെ മുന്നിലായി കയ്യിലെ കുടയും ചുഴറ്റി നടക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ
മുഖത്ത് എപ്പോഴത്തേയും പോലെ ഗൌരവം നിഴലിച്ചിരുന്നൂ. ഞാന്‍ അദ്ദേഹത്തിന്റെ നേരെ
ഒന്ന് നോക്കി. ആ കൈകളില്‍ ഒന്ന് രണ്ടു പുസ്തകങ്ങളും ജൂബ്ബയുടെ പോക്കറ്റില്‍
പുറത്തേക്ക് തല കാണിച്ചു രണ്ടു സുവര്‍ണ്ണ വര്‍ണ്ണത്തിലുള്ള പേനകളും എന്റെ കണ്ണില്‍
തടഞ്ഞു. അപ്പോഴേക്കും മാഷിന്റെ കണ്ണ് എന്റെ മേല്‍ പതിഞ്ഞു . അദ്ദേഹം എന്നെ നോക്കി
തലയാട്ടി എന്താ ഗോപീന്ന് ചോദിച്ചപ്പോള്‍ വായിലെ മുറുക്കാന്‍ കഴുത്തിലെ തോര്‍ത്തിലേക്ക്
ചെറിയ തോതില്‍ തെറിച്ചു വീണു .
അദ്ദേഹം അവിടെത്തന്നെ നിന്ന് അത് തുടച്ചുവൃത്തിയാക്കിയ
ശേഷം മുന്നോട്ട് നടന്നു .അതിനിടയില്‍ ഞങ്ങള്‍ വഴിയില്‍ കണ്ട മഴ വെള്ളക്കെട്ടിലേക്ക്
ഇറങ്ങി . അങ്ങനെ അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തി കണ്ട് കോപത്താല്‍ കയ്യിലെ കാലന്‍കുട ചുഴറ്റി അങ്ങോട്ട് നടന്നു.
അദ്ദേഹത്തിന്റെ ആ ഭാവം കണ്ട് ഞങ്ങള്‍ ശരിക്കും പേടിച്ചു കേട്ടോ. പിന്നെ ഞങ്ങള്‍
നിശബ്ദരായി അനുസരണയോടെ അദ്ദേഹത്തെ പിന്തുടര്‍ന്ന്‍ സ്കൂളിലേക്ക് നടന്നു. ഞങ്ങള്‍ സ്കൂളിലേക്കുള്ള കല്‍പടവുകള്‍
കയറിയപ്പോഴേക്കും ബെല്ലടിക്കാന്‍ തുടങ്ങിയിരുന്നൂ . അതൊന്നും ശ്രദ്ധിക്കാതെ ചില
പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാസ് കളിയിലും തീവണ്ടി കളിയിലും മുഴുകി അവിടെ ഉണ്ടായിരുന്നൂ . കുമാരന്‍ മാഷേ
കണ്ടതും എല്ലാവരും ക്ലാസ്സിലേക്ക് ഓടിക്കയറി. കുമാരന്‍ മാഷാണ് ഞങ്ങളുടെ സ്കൂളിന്റെ
പ്രധാനാധ്യാപകന്‍ . കുട്ടികളുടെ ഇടയില്‍ അദേഹത്തിന് കാലന്‍ എന്ന ഓമനപ്പേരും
നിലവില്‍ ഉണ്ടായിരുന്നൂ. ഞങ്ങളും
ക്ലാസ്സില്‍ കയറി ബെഞ്ചില്‍ നിരന്നിരുന്നൂ . അല്പസമയത്തിനകം ശാന്തടീച്ചർ ഒരു
ചൂരലും കുറച്ചു പുസ്തകങ്ങളും ഒന്നുരണ്ടു ചോക്കുകളുമായി ക്ലാസ്സിലേക്ക് കയറിവന്നു.
ഞങ്ങള്‍ എല്ലാവരും കൂടി എഴുന്നേറ്റ്
ഞങ്ങള്‍
: നമസ്തേ ടീച്ചര്‍
എന്ന്
പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട്
ടീച്ചര്‍
: നമസ്തേ , കുട്ടികളെ എല്ലാവരും ഇരിക്കൂ
എന്ന്
പറഞ്ഞു കസേരയില്‍ ഇരുന്ന് ഹാജര്‍ വിളിക്കാന്‍ ആരംഭിച്ചു .
അല്പസമയത്തിനകം
ടീച്ചറുടെ ഹാജര്‍ എടുക്കല്‍ അവസാനിപ്പിച്ച് അവര് സീറ്റില്‍ നിന്നും എഴുന്നേറ്റ
ശേഷം എല്ലാവരെയും നോക്കി പറഞ്ഞു
ടീച്ചര്‍
:ഗൃഹപാഠം ചെയ്യാത്തവർ കൈപൊക്കിക്കേ
അതുകേട്ട്
ഞങ്ങളില്‍ മൂന്നു പേര്‍ കൈപൊക്കി കാണിച്ചു
അവരെ
ടീച്ചര്‍ അരികിലേക്ക് വിളിച്ചു ചോദിച്ചു
ടീച്ചര്‍:
എന്താ ഗൃഹപാഠം ചെയ്യാതിരുന്നേ
ടീച്ചറുടെ
ചോദ്യത്തിന് ഉത്തരം പറയാതെ അവര്‍
തറയിലേക്കു നോക്കി തലതാഴ്ത്തി നിന്നു
അത്
കണ്ട് അവര്‍ ഓരോരുത്തരോടായി കൈ നീട്ടി പിടിക്കാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിക്കുകയും ചെയ്തു . അപ്പോഴേക്കും ടീച്ചര്‍ കയ്യിലെ ചൂരല്‍ മേലേക്കുയര്‍ത്തി
ആഞ്ഞു വീശി. ആ ചൂരല്‍ അവരോരുത്തരുടെയും കൈവെള്ളകളില്‍ ആഞ്ഞാഞ്ഞു പതിച്ചു. അടിയേറ്റ് മൂവരും വേദനകൊണ്ട്
ശരിക്കും പുളഞ്ഞു . അതുകഴിഞ്ഞ് ടീച്ചര്‍ അവരെ ഇരിപ്പിടങ്ങളിലേക്ക്
തിരിച്ചയച്ചു.
ഇതൊക്കെ
എന്തിനാ ഞാന്‍ ഇവിടെ പറഞ്ഞത് എന്ന് തോന്നുന്നുണ്ടാവും എല്ലാവര്ക്കും അല്ലെ
ശരിയാണ്. ഇങ്ങനെ എഴുതുന്നത് ഒരു പഴഞ്ജന്‍ രീതിയാണ് എന്നും എനിക്ക് ശരിക്കും ബോധ്യം
ഉണ്ട് . പക്ഷെ എന്റെ ബാല്യകാല ഓര്‍മ്മകളിലൂടെ ഒന്ന് സഞ്ചരിച്ചപ്പോള്‍ അറിയാതെ മറക്കാന്‍
ആഗ്രഹിച്ചത് വ്യക്തമായി തെളിഞ്ഞു വന്നു. മറവി ശരിക്കും ഒരു അനുഗ്രഹമാണ് . നമ്മെ
വേദനിപ്പിക്കുന്ന എന്തൊക്കെയാണ് ആ മറവിയാല്‍ മറന്ന് കളഞ്ഞത്. അങ്ങനെ ഒരു സംഭവത്തിലൂടെ നമുക്കൊന്ന്
യാത്രതിരിക്കാം.
തുടരും
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
:ആറു
അങ്ങനെയുള്ള ചില ഓര്‍മ്മകളില്‍
തങ്ങിനിന്ന സംഭവങ്ങളിലൂടെ ആവട്ടെ നമ്മുടെ യാത്ര.
ആ സംഭവങ്ങില്‍ ഒന്ന് ഇങ്ങനെയാണ്
ഞങ്ങളുടെ നാടായ തിരുത്തിയാട് എന്ന
ഹരിതാഭമായ മലയോരഗ്രാമത്തിലൂടെ ഒന്ന് സഞ്ചരിക്കാം. ആ കാണുന്ന ഓലമേഞ്ഞ കെട്ടിടം
കണ്ടില്ലേ അവിടെയാണ് ഞങ്ങളുടെ കുമാരേട്ടന്റെ പലചരക്ക് കടയും ചാത്തുവേട്ടന്റെ
ചായക്കടയും രാഘവേട്ടന്റെ തുന്നല്‍ കടയും ചന്ദ്രേട്ടന്റെ ബാര്‍ബര്‍ ഷാപ്പും സ്ഥിതിചെയ്യുന്നത്.
അവിടെനിന്നും തെല്ലുമാറി സര്‍ക്കാര്‍ വിദ്യാലയവും തിരുത്തിയാട് പരദേവതാ ക്ഷേത്രവും
ഒത്തുപള്ളിയും പഴക്കമേറിയ ഒരു ക്രിസ്ത്യന്‍ ദേവാലയവും പൊതുജനാരോഗ്യകേന്ദ്രവും. അതുപോലെ
ഞങ്ങളെ അടുത്ത ടൌണുമായി ബന്ധിപ്പിക്കുന്ന പുഷ്പേട്ടന്റെ “ദേവി” എന്ന ബസ്സും ചേര്‍ന്നതാണ് ആ ഗ്രാമം.
അതാ നോക്കൂ സര്‍ക്കാര്‍
പള്ളിക്കൂടത്തിനടുത്ത് കാണുന്ന ഓലമേഞ്ഞ പുരകണ്ടോ അതാണ് വടക്കേതിലെ ലോറന്‍സ്
ചേട്ടന്റെ വീട്. ആ വീട്ടില്‍ അദ്ദേഹത്തെകൂടാതെ ഭാര്യ ത്രേസ്സ്യാമ്മ , ലോറന്‍സ്
ചേട്ടന്റെ അപ്പനായ കൊച്ചുവറീതും അമ്മച്ചി അന്നാമ്മയും മക്കളായ മോളിയും സാറയും
ചാണ്ടിയും അതുപോലെ അഞ്ചു താറാവും രണ്ടു പശുക്കളും മൂന്നു കോഴികള്‍ ഒപ്പം ജിമ്മി
എന്നാ നായയും അടങ്ങുന്നവരാണ് കഴിഞ്ഞു വരുന്നത്. ഇതില്‍ മോളി എന്റെ കൂടെ യായിരുന്നൂ
പഠിച്ചിരുന്നത്.
അന്ന് ഒരു തിങ്കളാഴ്ച്ച
ആയിരുന്നൂ. അന്ന് കാലത്ത് പതിവുപോലെ ത്രേസ്സ്യാമ്മചേടത്തി വാതില്‍ തുറന്ന്‍ തലമുടി
ച്ചുട്ടിക്കെട്ടിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്തെ തെങ്ങിന്‍ ചോട്ടില്‍
അടച്ചു വച്ചിരുന്ന സിമന്റെ വീപ്പ തുറന്നു വെള്ളമെടുത്ത് മുഖം കഴുകി . മഗ്ഗിലെ
വെള്ളം മുറ്റത്തേക്കു കുടഞ്ഞ് കൊണ്ട് വേഗത്തില്‍ നടന്നു. അങ്ങനെ അവര്‍ മുറ്റം
തൂത്തുകൊണ്ട് അകത്തേക്ക് നോക്കി .
ത്രെസ്സ്യാമ്മ : മോളീ...
എടീ...മോളീ ..ഈ പിള്ളേരുടെ ഒരു കാര്യം
എന്ന് നീട്ടി വിളിച്ചു
പറഞ്ഞപ്പോള്‍ അമ്മച്ചിയുടെ സ്വഭാവം നന്നായി അറിയാവുന്ന അവര്‍ ഉറക്കമുണര്‍ന്ന് ഓരോരുത്തരായി വരാന്തയിലേക്ക് വന്നു. ചാണ്ടി മെല്ലെ മെല്ലെ നടന്ന് വന്ന് അവിടെയുള്ള തൂണും ചാരിയിരുന്നു വീണ്ടും ഉറക്കം തൂക്കാന്‍ തുടങ്ങി.
മോളി തലമുടി പിന്നിലേക്ക് ചുറ്റിക്കെട്ടി മുഖം കഴുകി പുരയ്ക്കകത്തേക്ക്
കയറി ഒരു പാത്രവും ചെറിയ പാത്രത്തില്‍ എണ്ണയുമായി
ഇറങ്ങി പശുവിനെ കറക്കാനായി തൊഴുത്ത് ലക്ഷ്യമാക്കി നടന്നു.ആ സമയം സാറ
അപ്പനോടൊപ്പം ഉമിക്കരിയുമായി പല്ല് തേക്കാനുള്ള പുറപ്പാടില്‍ ആയിരുന്നൂ .
അതിനിടയില്‍ സാറ അപ്പനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണുകൊണ്ട് അമ്മച്ചിയെ ചൂണ്ടി
കാണിച്ചപ്പോഴേക്കും അവര്‍ അത് കണ്ട് ചൂലിന്‍റെ അടിവശം കൈവെള്ളയില്‍ രണ്ടു തട്ട് തട്ടി അവളെ നോക്കി
കണ്ണുരുട്ടി
ത്രേസ്സ്യാമ്മ: എന്താടി നിനക്ക് വേണ്ടത് വേഗം പല്ലും
തേച്ചു നിന്റെ പണികഴിചു പോവാൻ നോക്ക്
എന്ന് ചോദിച്ചുകൊണ്ട് വരാന്തയില്‍ ഇരുന്നുറങ്ങുന്ന ചാണ്ടിയെ
നോക്കി
ത്രേസ്സ്യാമ്മ: എടാ.. എടാ .. ചാണ്ടി എഴുന്നേറ്റു പോ..
എന്നെ അങ്ങോട്ട് വരുത്തല്ലേ
എന്ന് പറഞ്ഞപ്പോഴേക്കും
കറന്നെടുത്ത് പാലുമായി മോളി അകത്തേക്ക് കയറി . വേഗം തന്നെ അവള്‍ സഞ്ചിയിൽ പാല്
നിറച്ച കുപ്പികളുമായി വീട്ടിൽനിന്നും ഇറങ്ങിക്കൊണ്ട് അമ്മച്ചിയെ നോക്കി
മോളി : അമ്മച്ചീ ഞാൻ ഇറങ്ങുന്നേ എന്തെങ്കിലും
മേടിക്കണോ
എന്ന് ചോദിച്ചപ്പോള്‍
ത്രേസ്സ്യാമ്മ: ഒന്നും വേണ്ടാ, വേഗം പോയി വരാന്‍ നോക്ക്
എന്ന് മറുപടിയും പറഞ്ഞു. അതിനിടയില്‍
അകത്തുനിന്നും അന്നമ്മച്ചേടത്തി വരാന്തയിലേക്ക് ഇറങ്ങിവന്നു
അന്നമ്മ : എടീ മോളിയേ വരുമ്പോൾ ഇച്ചിരി മുറിക്കാനും അതിയാന് ഒരു
കെട്ട് ബീഡിയും വാങ്ങണേ മറക്കല്ലേ
എന്ന് പറഞ്ഞപ്പോള്‍ ത്രേസ്സ്യാമ്മ
അവരെ കണ്ണുരുട്ടി കാണിച്ചു. അത് കണ്ട് ചിരിച്ചുകൊണ്ട് മോളി മുന്നോട്ട് നടന്നു
നീങ്ങി. ഇതൊക്കെ അവളുടെ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞിട്ട് കാലങ്ങളായി. എന്നും
രാവിലെയും വൈകീട്ടും പാലുമായി അവള്‍ അങ്ങാടിയിലേക്ക് ഇറങ്ങും . അവളെപ്പറ്റി
പറയുകയാണെങ്കില്‍ അഞ്ചടി അഞ്ചു ഇഞ്ചു് ഉയരമുള്ള വെളുത്ത നിറം വട്ടമുഖം ഉണ്ടക്കണ്ണുകള്‍
ഒപ്പം കുണുങ്ങി കുണുങ്ങിയുള്ള നടപ്പും ആണ് എന്നെ അവളില്‍ ആകര്‍ഷിച്ച ഘടകങ്ങള്‍.
കുറെ അവളുടെ പിന്നാലെ വായിനോക്കി നടന്നകാലം എങ്ങനെ ഞാന്‍ മറക്കും.
അന്നും അവള്‍ പതിവ് പോലെ
പാലുമായി അങ്ങാടിയിലേക്ക് യാത്ര തിരിച്ചു.
വഴിയില്‍ പരിചിതമുഖങ്ങളോട് കുശലാന്വേഷണം നടത്തി
ചാത്തുവേട്ടന്റെ കടയില്‍ പാലും കൊടുത്ത് തലേനാളിലെ ഒഴിഞ്ഞ പാല്‍ക്കുപ്പിയും
വാങ്ങി അവള്‍ താറിട്ട വഴിയുടെ ഓരം പിടിച്ച് വീട്ടിലേക്കു തിരിച്ചു നടന്നു.
പെട്ടെന്നാണ് എന്തോ അവളെ ഇടിച്ചു തെറിപ്പിച്ച് കടന്നു പോയത്. ഇടിയുടെ ആഘാതത്തില്‍
അവള്‍ “ എന്റമ്മച്ചീ” എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു റോഡരികിലെ കരിങ്കല്‍ ചീള്‍
കൂനയിലേക്ക് തെറിച്ചു വീണു. കയ്യിലുള്ള
സഞ്ചിയിലെ കുപ്പി പൊട്ടി ചില്ലുകള് അവളുടെ കൈകളിലും കാലുകളിലും തുളച്ചു
കയറി. അവള്‍ വേദനകൊണ്ട് പുളഞ്ഞു. അതിനിടയില്‍ ചോരവാര്‍ന്ന്‍ ബോധം മറയുന്ന നേരത്ത്
അവ്യക്തമായി ഒരു കൂട്ടം ആളുകള്‍ മോട്ടോര്‍ബൈക്കില്‍ അവളെ നോക്കി
പൊട്ടിച്ചിരിച്ചുകൊണ്ട് പോവുന്നത് അവള്‍ കണ്ടു.
അവളുടെ നിലവിളികേട്ട്
നാട്ടുകാരില്‍ ചിലര്‍ അങ്ങോട്ട് ഓടി വന്നു. അവര്‍ ആ ചെറുപ്പക്കാരെ അവിടെ തടഞ്ഞു
വച്ചു.
തുടരും
ആ
മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
:ഏഴ്
അപ്പോഴേക്കും നാട്ടുകാരില്‍ ചില
സ്ത്രീകള്‍ ചേര്‍ന്ന് അവളെ പിടിച്ചു കസേരയില്‍ ഇരുത്തി. അപ്പോഴാണ് അവളുടെ നെറ്റിയും
കയ്യുംകാൽമുട്ടും ശരിക്കും
പരുക്കേറ്റ് രക്തത്താൽ കുതിർന്നത് അവര്‍ ശ്രദ്ധിച്ചത് . അങ്ങനെ അവര്‍ ആ കസേരയോടെ
പൊക്കിയെടുത്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചു.
ആരോഗ്യകേന്ദ്രം അധികം ദൂരത്തല്ലാതിരുന്നെങ്കിലും കസേരയും
വഹിച്ചു മണ്‍പാതയും വലിയ പാറക്കല്ലുകളും അവിടെ ചെന്നെത്താന്‍ അവര്‍ നന്നേ
പാടുപെട്ടു. അവിടെ അവര്‍ എത്തിച്ചേര്‍ന്നപ്പോള്‍
ഹെല്‍ത്ത് സൂപ്പർവൈസറായ ജെസിയും സഹായി പ്രേമിയും വന്നു കയറിയാതെ ഉണ്ടായിരുന്നുള്ളൂ.ഇതിനിടയില്‍
ആരോ പറഞ്ഞറിഞ്ഞ് ത്രേസിയാമ്മയും ലോറൻസേട്ടനും അവിടേക്ക് ഓടിയെത്തിയിരുന്നൂ. മരുന്നിന്റെ നീറ്റലും
രൂക്ഷഗന്ധവും സഹിച്ചു അവര്‍ അവടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോളിയേയും കൂട്ടി
വീട്ടിലേക്കു തിരിച്ചു.
അങ്ങാടിയില്‍ ആ ചെറുപ്പക്കാരെയും അവരുടെ മോട്ടോര്‍
ബൈക്കും നാട്ടുകാര്‍ അത്രയും നേരം തടഞ്ഞു വച്ചിരിക്കുകയായിരുന്നല്ലോ. അതിലൊരുവന്‍
അവിടെ കൂടിയ നാട്ടുകാരെ നോക്കി ആംഗലേയ ഭാഷയില്‍ അപരിഷ്കൃതമായി എന്തൊക്കയോ മോശ്യമായി പറഞ്ഞു കൊണ്ടേയിരുന്നൂ . അവനെപ്പറ്റി
പറയുകയാണെങ്കില്‍ മെലിഞ്ഞ രൂപത്തോട്കൂടിയ സന്യാസി ശ്രേഷ്ടന് പഠിക്കുന്നപോലെ മുടിയും
താടിയും നീട്ടി വളര്‍ത്തിയ അങ്ങിങ്ങ് കീറിയ നീല നിറത്തിലുള്ള ജീന്‍സും മഞ്ഞയില്‍
നീല അക്ഷരങ്ങളില്‍ "How' s My New
Style" എന്നെഴുതിയ T- Shirt കറുത്തനിറത്തിലുള്ള
ശിരോകവചവും വെള്ള നിറത്തിലുള്ള ഷൂസുംഅതാണ് അവന്‍. കുറെ സമയം നാട്ടുകാരില്‍ ചിലരും
അവന്റെ സുഹൃത്തുക്കളും അവനെ അനുനയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. അവന്‍ അതൊന്നും
വകവയ്ക്കാതെ തന്റെ ജല്‍പ്പനങ്ങള്‍ തുടര്‍ന്നുകൊണ്ടേ യിരുന്നൂ. പെട്ടെന്ന്‍ ആള്‍ക്കൂട്ടത്തില്‍നിന്നും
ലോറന്‍സ്ചേട്ടന്‍ ഒരു ചെറുപ്പക്കാരനെയും കൂട്ടി അവന്റെ അരികിലേക്ക് നടന്നു വന്നു.
ആ ചെറുപ്പക്കാരന്‍ ആംഗലേയ ഭാഷയില്‍ മറ്റേ സന്യാസി
ശ്രേഷ്ടന്‍ പറഞ്ഞ കാര്യങ്ങള്‍ അദേഹത്തിന് വിവര്‍ത്തനം ചെയ്തു കൊടുത്തു.
അത്കഴിഞ്ഞപ്പോഴേക്കും ലോറന്‍സ് ചേട്ടന്‍ അവനെ വലിച്ചു മോട്ടോര്‍ ബൈക്കില്‍ നിന്നും
താഴെയിറക്കി മുഖമടക്കി ഒന്ന് കൊടുത്ത ശേഷം അവനെ നോക്കി ആക്രോശിക്കാന്‍ തുടങ്ങി
ലോറന്‍സ് ചേട്ടന്‍ : ***## മോനെ ഇനി നീ മിണ്ടിയാൽ ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടിക്കളയും നീ എന്തുവിചാരിച്ചു
ഒരു പെൺകുട്ടിയെയും മോട്ടോർസൈക്കിൾ കൊണ്ട് തട്ടിയിട്ട് ഇവിടെ നിന്ന്
കുരക്കുന്നോ , കള്ളാ പന്നി, ഇനി
നീ മിണ്ടിയാൽ എല്ലാത്തിനെയും കൂടി ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടും
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണം എല്ലാവരെയും
ശരിക്കും ഞെട്ടി ച്ചു. അപ്പോഴാണ് ആ ചെറുപ്പക്കാരന്
കാര്യങ്ങളുടെ ഗൌരവം മനസ്സിലായത്. അവന്‍ നാട്ടുകാരെ ദയനീയമായി നോക്കിയശേഷം വലിയ
വായില്‍ കരഞ്ഞുയാചിക്കാന്‍ തുടങ്ങി. അവന്റെ പെട്ടെന്നുള്ള ആ ഭാവമാറ്റവും
കരച്ചിലിന്റെ രീതികളും നാട്ടുകാരില്‍ ശരിക്കും ചിരി പടര്‍ത്തി .
സമയം
ഉച്ചയോടടുത്തു കൊണ്ടിരുന്നൂ, വെയിലിന്റെ ചൂട് കൂടിക്കൂടിവന്നു. നാട്ടുകാരില്‍
ചിലര്‍ തണലിലേക്ക് മാറി മാറി നിന്നുകൊണ്ടിരുന്നൂ. എന്നാലും അവരുടെ കണ്ണുകള്‍ ആ
ചെറുപ്പക്കാരില്‍ തന്നെയായിരുന്നൂ . അപ്പോഴാണ് അതില്‍ ഒരുവന്‍ പോക്കറ്റില്‍
നിന്നും മൊബൈല്‍ എടുത്ത് ആരെയോ ഡയല്‍ ചെയ്യാന്‍
തുടങ്ങി. നാട്ടുകാരില്‍ ഒരുവന്‍ അയാളുടെ കയ്യില്‍ നിന്നും ആ ഫോണ്‍ ബലമായി പിടിച്ചു
വാങ്ങി. അവന്‍ അയാളെ നോക്കി
ചെറുപ്പക്കാരന്‍ : നോക്കൂ ഞങ്ങൾ ആരാണെന്നു
നിങ്ങൾക്കറിയാമോ ഞാൻ വിചാരിച്ചാൽ നിങ്ങൾ ഒരാളില്ലാതെ എല്ലാരേയും ജയിലിൽ അടയ്ക്കാന്‍ കഴിയും
എന്നും പറഞ്ഞു തന്റെ മോട്ടോര്‍ ബൈക്കില്‍ ഒന്നനങ്ങി
ഇരുന്നു. പെട്ടെന്ന് എങ്ങുനിന്നോ അവന്റെ മുഖമടച്ചു ഒരു നല്ല തല്ല് കിട്ടി. ശരിക്കും ആ അടിയില്‍ അവന്റെ ചെവിയില്‍
നിന്നും പൊന്നീച്ച പറന്നു കാണും. അവന്‍ അടികൊണ്ടു വേദനകൊണ്ട് പുളഞ്ഞു. അപ്പോഴാണ്
തന്റെ അരികില്‍ നില്‍ക്കുന്ന ആറടി ഉയരമുള്ള ആജാനുബാഹുവിനെ അവന്‍ ശ്രദ്ധിച്ചത്.
അതാണ് ആ നാട്ടില്‍ പുതുതയില്‍ വീടെടുത്ത് താമസിച്ചു വരുന്ന വിമുക്തഭടനായ പവിത്രന്‍.
എപ്പോഴും സരസമായി സംസാരിച്ചു നടക്കുന്ന ആള്‍ ആയിരുന്നൂ അദ്ദേഹം. അയാളിലെ ഈ
ഭാവമാറ്റം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. അയാള്‍ തന്റെ ഘനഗംഭീരശബ്ദത്തിൽ ആ ചെറുപ്പക്കാരനെ നോക്കി അലറി.
പവിത്രന്‍ : നീ കുറെ ഉണ്ടാക്കും
അയാൾ ചെറുപ്പക്കാരെയും അവരുടെ വണ്ടികളിൽ നിന്നും താഴെ ഇറക്കി നിര്‍ത്തി
അതിലോരുവനെ നോക്കി
പവിത്രന്‍ : നിന്റെ അച്ഛന്റെ ഫോൺ നമ്പറിൽ ഡിയൽചെയ്തു താ
എന്ന് ആജ്ഞാപിച്ചപ്പോള്‍ അവര്‍ക്ക് അത്
അനുസരിക്കണേ കഴിഞ്ഞുള്ളു. അദ്ദേഹം ആ ചെറുപ്പക്കാരന്റെ അച്ഛനോട് നടന്ന കാര്യങ്ങള്‍
ശരിക്കും വിവരിച്ചു. അതിനിടയില്‍ അച്ഛനില്‍ നിന്നും അമ്മ ഫോണ്‍ വാങ്ങി പിടിച്ചു
വാങ്ങി കരഞ്ഞു കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാം ദയവു ചെയ്ത് അവരെ വിട്ടയക്കണം
എന്ന് അപേക്ഷിച്ചപ്പോള്‍ അയാൾ
പവിത്രന്‍ :ഞാൻ ആളുകളോട് സംസാരിച്ച ശേഷം
തീരുമാനിച്ചു പറയാം, നിങ്ങള്‍ ഒരു കാര്യം ചെയ്യ് ഇവന്റെ അച്ഛനെയും കൂട്ടി ഒന്നിവിടെവരെ വരാമോ? ഈ
സ്ഥലത്തിന്റെ പേര് സ്ഥലം തിരുത്തിയാട്
. അവിടെ അങ്ങാടിയിൽ വന്ന്‍ എന്നെ തിരക്കിയാല്‍ മതി. എന്റെ പേര് പവിത്രൻ എന്നാണ് ഞങ്ങൾ ഇവിടെ കാണും
എന്നും പറഞ്ഞു അദ്ദേഹം ഫോൺ ഡിസ്കണക്ട് ചെയ്ത് ഫോൺ ആ ചെറുപ്പക്കാരന് തിരിച്ചു കൊടുത്തു .
പിന്നീട് അവിടെ കൂടിയ ആളുകളോട്
പവിത്രന്‍ :ഇവന്റെ അച്ഛനും അമ്മയും
വരുന്നുണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം എന്താ?
എന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ അയാളെ പിന്നെ
തമ്മില്‍ തമ്മില്‍ നോക്കി .
ആളുകള്‍ : അതെ.. അതാ ..അതിന്റെ ഒരു ശരി
തുടരും .
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
:എട്ട്
മുന്‍പ് എങ്ങും കാണാത്ത വിധം ആ ചെറുപ്പക്കാരുടെ മുഖത്ത് ഒരു
ഭീതി പടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു .
അതിനിടയിൽ
പവിത്രൻ ഓരോരുത്തരോടായി അവരുടെ രക്ഷിതാവിനെയും മറ്റും അന്വേഷിച്ചറിയാന്‍ തുടങ്ങി .
ഒന്നാമന്‍: എന്റെ
അച്ഛന് ഗൾഫിൽ ബിസിനസ്സ് ആണ്, വീട് എറണാകുളത്താണ്
അടുത്തവൻ:
എന്റെ അച്ഛൻ സ്കൂൾ മാസ്റ്ററാണ്, വീട് കോട്ടയത്താണ്
അടുത്തവൻ
: എന്റെ അച്ഛൻ സബ് ഇൻസ്‌പെക്ടർ ആണ് , ഇപ്പോള്‍ കൊല്ലത്താണ്
എന്ന്
പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും പവിത്രന്റെ ചോദ്യം അവരെത്തേടി എത്തി
പവിത്രന്‍: ഇവിടെ നിങ്ങൾ ആരെക്കാണാനാണ് വന്നത്?
അതിലോരുവന്‍ ഭീതിയോടെ അദ്ദേഹത്തെ നോക്കി
ചെറുപ്പക്കാരന്‍ : അത്.. പ്ലാന്റർ ജോസിന്റെ മകൻ ഞങ്ങളുടെ
ഫ്രണ്ടാ അവനെ കാണാൻ മിനിയാന്ന് വന്നതായിരുന്നൂ. അവിടെനിന്നും മടങ്ങുന്ന വഴിയാ
എന്ന് പറഞ്ഞു നിറുത്തുമ്പോഴേക്കും ഒരു വില്ലീസ് ജീപ്പ്
അവരുടെ അരികില്‍ വന്നു നിന്നു
അതില്‍ നിന്നും തൂവെള്ള ജുബ്ബകൈകൊണ്ട് തട്ടി
ശരിയാക്കിക്കൊണ്ട് സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള കണ്ണടയും ധരിച്ച കഷണ്ടിക്കാരന്‍
ചിരിച്ചു കൊണ്ട് ഇറങ്ങി പവിത്രന്റെ അരികിലേക്ക് വന്നു. അതാണ് പ്ലാന്റര്‍ ജോസ്
അയാള്‍ക്കൊപ്പം കണ്ട കൈതപൂപോലെ മുടി കെട്ടിവച്ച ചെറുപ്പക്കാരനെ നോക്കി
പവിത്രന്‍ : അച്ചായാ ഇതെന്താ ഇവന്റെ തലയില്‍
കാട്ടിവച്ചിരിക്കുന്നെ,
പിന്നെ ആ ചെറുപ്പക്കാരനെ നോക്കി
പവിത്രന്‍ : എന്താടാ ടോണി വൃത്തിയായിട്ട് നടന്നൂടെ നിനക്ക്,
അപ്പനെ പറയിപ്പിക്കാന്‍ ഓരോ കോലം കെട്ടി നടന്നോളും
എന്ന് ചോദിച്ചപ്പോള്‍ അവന്‍ അയാളെ നോക്കി ഒന്ന് ചിരിച്ചു .അതിനിടയ്ക്ക്
ജോസേട്ടന്‍ പവിത്രനെ നോക്കി
ജോസ്: എടാ പവീ, എന്ത് ചെയ്യാം കാലം പുരോഗമിച്ചു വന്നപ്പോള്‍ വാനരനാവനാചിലരുടെ യോഗം
. പിന്നെ ഇതെന്താ ഇവരെ ഇവിടെ പിടിച്ചു വച്ചിരിക്കുന്നെ. ഇവര്‍ കാലത്ത് തന്നെ വീട്ടീന്ന്
ഇറങ്ങിയതായിരുന്നല്ലോ, എന്ത് പറ്റി
എന്ന് ചോദിച്ചപ്പോള്‍
പവിത്രന്‍ :ഇവര്‍ വണ്ടിയും ഓടിച്ചു കാലത്ത് നിങ്ങളുടെ
വീട്ടില്‍ നിന്നും തിരിച്ചു എന്നത് നേര് പക്ഷെ പോകുന്ന വഴി നമ്മുടെ ലോറന്‍സ്
ചേട്ടന്റെ മകള്‍ മോളിയെ ബൈക്ക് കൊണ്ട് തട്ടിയിട്ടിട്ട് പോവാനുള്ള ഒരുക്കത്തില്‍ ആയിരുന്നൂ.
അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി കാലത്ത് പിടിച്ചു വച്ചതാ, ഇനി ഇതിലോരുവന്റെ അപ്പനും
അമ്മച്ചിയും വരുന്നുണ്ട് അത് കഴിഞ്ഞു വിട്ടയക്കാന്‍ നോക്കണം. അച്ചായന്‍ ടൌണിലേക്ക്
ഇറങ്ങിയതല്ലേ. എന്നാ നിന്നു താമസ്സിക്കണ്ട അപ്പോള്‍ പറഞ്ഞപോലെ
എന്ന് പറഞ്ഞു അയാളെ പറഞ്ഞപ്പോള്‍
ജോസ് : എന്നാല്‍ മക്കളെ അച്ചായൻ പോയിട്ട് വരാം
എന്നും പറഞ്ഞു ജീപ്പില്‍ അവിടെ നിന്നും അവര്‍ യാത്രയായി.
സമയം കടന്ന് പോയിക്കൊണ്ടിരുന്നൂ അപ്പോഴാണ് ഒരു കാര്‍
തിരുത്തിയാട് ടൌണിലേക്ക് ഉള്ള കയറ്റവും കയറിവരുന്നത് പവിത്രന്റെ ശ്രദ്ധയില്‍
പതിഞ്ഞത്. അദ്ദേഹം അങ്ങോട്ട് ശ്രദ്ധിച്ചു നിന്നപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍
അയാളുടെ നേരെ നോക്കി
ചെറുപ്പക്കാരന്‍ : അത് ഞങ്ങളുടെ വീട്ടിലെ വണ്ടിയാ
അപ്പോഴേക്കും ആ വാഹനം ടൌണില്‍ എത്തിചെര്‍ന്നിരുന്നൂ. അതില്‍
നിന്നും മുപ്പത്തി അഞ്ചു
വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും അമ്പത് വയസ്സ്
തോന്നിക്കുന്ന പുരുഷനും ഇറങ്ങി വന്നു . കാറിന്റെ ഡ്രൈവര്‍ അങ്ങാടിയിലെ ഒരു കടയില്‍
എന്തോ അന്വേഷിക്കുന്നത് പവിത്രന്‍ ശ്രദ്ധിച്ചു. അയാള്‍ അവരുടെ അരികിലേക്ക് നടന്നു
നീങ്ങി. അപ്പോഴേക്കും കടക്കാരന്‍ അവര്‍ക്ക് അയാളെ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നൂ.
അയാള്‍ അവരെ നോക്കി
പവിത്രന്‍ : ഞാനാണ് പവിത്രന്‍, ഇതിലെ ഇങ്ങോട്ട് വരൂ.
എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ അയാളുടെ അരികിലേക്ക് നടക്കാന്‍
തുടങ്ങിയിരുന്നൂ അപ്പോഴാണ് ദൂരെ മാറിയുള്ള ആള്‍ക്കൂട്ടം അവരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.
അവരുടെ മുഖത്തെ അങ്കലാപ്പ് പവിത്രന്‍ വ്യക്തമായി
ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തിനരികിലേക്ക് നടന്നടുത്തപ്പോള്‍ അവിടെ നിറുത്തിയിട്ട മൂന്ന്
മോട്ടോര്‍ ബൈക്കിനു അരികില്‍ നില്‍ക്കുന്ന ചെറുപ്പക്കാരെ അവര്‍ കണ്ടു. ആ സ്ത്രീ
അതിലൊരുവന്റെ അരികിലേക്ക് നടന്നു ചെന്ന് കരഞ്ഞുകൊണ്ടു
സ്ത്രീ : നിന്നെ കൊണ്ടു തീ തിന്നാനാണല്ലോ എന്റെ വിധി
എന്ന് പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാര്‍ അവരെ നോക്കി
ചെറുപ്പക്കാര്‍ : ഇനി ഒരിക്കലും ഞങ്ങള്‍ ഈ തെറ്റ്
ആവർത്തിക്കില്ല
എന്ന് കരഞ്ഞുകൊണ്ടു പറഞ്ഞപ്പോഴേക്കും ആരോ പോയി ലോറസ്
ചേട്ടനെയും ത്രെസ്സ്യാമ്മയെയും മോളിയേയും അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. മോളി
വേദന സഹിച്ചു കണ്ണുകള്‍ അടച്ചുകൊണ്ട് വഴിയോരത്തെ മരത്തണലില്‍ ഒരു കസേരയില്‍ ഇരുന്നു.
പവിത്രന്‍ അവരെ നോക്കി മോളിയെ ചൂണ്ടിക്കാണിച്ചു
പവിത്രന്‍ :ഒരു കാര്യം ചെയ്യ് അവളുടെ മാപ്പ് പറഞ്ഞു
പൊയ്ക്കോ
എന്ന് പറഞ്ഞപ്പോള്‍ അത് ആ സ്ത്രീക്ക് അത്ര രുചിച്ചില്ല അവര്‍
കണ്ണീര്‍ തുടച്ചുകൊണ്ട് ചെറുപ്പക്കാരെ നോക്കി
സ്ത്രീ: അതിന്റെ ഒരാവശ്യവുമില്ല. മക്കളെ നിങ്ങൾ
പൊയ്ക്കോ, ഇവനൊന്നും ഒരുചുക്കും ചെയ്യില്ല
എന്ന് പറഞ്ഞപ്പോള്‍ പവിത്രന്‍ അവരെ നോക്കി രോഷത്തോടെ
പവിത്രന്‍ : എന്നാൽ അവർ പോകുന്നതൊന്ന് ഞങ്ങൾക്ക് കാണണം
എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ അയാളെ നോക്കി
സ്ത്രീ : പണമെത്രയാ വേണ്ടതെന്നു പറ അവളോട് മാപ്പുപറയണ്ട
കാര്യമൊന്നും ഇവിടില്ല ഇല്ല, ഓരോന്നിറങ്ങിക്കോളും
മനുഷ്യരേ ശല്ല്യം ചെയ്യാന്‍
എന്ന് പറഞ്ഞപ്പോള്‍
ആളുക്കൂട്ടത്തില്‍ നിന്നും ഒരാള്‍ക്ക് കലികയറി അയാള്‍ ആ സ്ത്രീയെ നോക്കി
ഒരാള്‍ : ഏയ് തള്ളെ ..നിങ്ങളുടെ വിളച്ചിലൊന്നും ഇവിടെ
ചിലവാകില്ല ഏതായാലും പാവങ്ങളല്ലേ പോവട്ടെ എന്ന് ഞങ്ങൾ കരുതിയിരുന്നു അടിച്ചു
ഇവറ്റകളുടെ കയ്യും കാലും ഒടിക്കാനറിയാമ്മേലാഞ്ഞിട്ടല്ല . ഏതായാലും പവിത്രൻ
പറഞ്ഞപോലെ അവളോട് മാപ്പു പറഞ്ഞിട്ട് പോയാമതി
എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ മോളിയുടെ അരികിലേക്ക് ചെന്ന് അവളുടെ
മുഖത്തേക്ക് നോക്കി പുച്ഛത്തോടെ
സ്ത്രീ : എടീ ഇവർക്ക് വേണ്ടി നിന്നോട് ഞാൻ മാപ്പു ചോദിക്കാം. അപകടങ്ങള്‍ സര്‍വ്വസാധാരണം തന്നെ യല്ലേ അതിനു ഇവരെന്തുപിഴച്ചു. നിനക്ക്
പണമാണ് വേണ്ടതെങ്കിൽ പറ എനിക്ക് ഇവറ്റകളോടൊന്നും പറയാനില്ല
എന്ന് പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന ആളുകൾക്ക് ആ
സംസാരരീതി തീരെ രസിച്ചില്ല തങ്ങളെ തരംതാഴ്ത്തി സംസാരിച്ചതിലുള്ള വെറുപ്പോടെ
അവർ ആ സ്ത്രീയെ കോപത്തോടെ അങ്ങനെ നോക്കി.
അത് കഴിഞ്ഞു പവിത്രനെ നോക്കി
സ്ത്രീ : നിങ്ങളെന്തു കരുതി ഞാൻ അവളോട് മാപ്പു
ചോദിച്ചതാണെന്നോ
തുടരും
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
:ഒമ്പത്
അവരുടെ വാക്കുകള്‍ ശ്രദ്ധിച്ച ശേഷം
പവിത്രന്‍ ശാന്തനായി അവരെ ഒന്ന് നോക്കി. പിന്നെ പവിത്രൻ ആളുകളെ നോക്കി
പവിത്രന്‍ : അപ്പോള്‍ ഞാന്‍ പോലിസിനെ
വിളിക്കട്ടെ അല്ലേ
എന്ന് ചോദിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ
നോക്കി ഒരേസ്വരത്തില്‍ സമ്മതം മൂളി. പിന്നെ തന്റെ മൊബൈലില്‍ ആരെയോ വിളിക്കാന്‍
തുടങ്ങി
പവിത്രന്‍ : ഹല്ലോ പോലിസ് സ്റ്റേഷന്‍ അല്ലെ, എസ്സ് ഐ സാര്‍ ഇല്ലേ ഞാന്‍ തിരുത്തിയാട് നിന്നും വിളിക്കുന്നത്.
അപ്പോഴേക്കും കോള്‍ അവര്‍ എസ്സ് ഐ ക്ക്
കൈമാറി
എസ്സ് ഐ : ഹലോ ആരാ,
പവിത്രന്‍ : എസ്സ് ഐ സാര്‍ അല്ലെ ,
എസ്സ് ഐ : അതെ , തിരുത്തിയാട് നിന്നും
ആരാ വിളിക്കുന്നേ
പവിത്രന്‍ : ഞാനാണ് പവിത്രന്‍
എസ്സ് . ഐ : എടാ പട്ടാളക്കാരന്
ഇപ്പോഴാണ് എന്നെ വിളിക്കാന്‍ തോന്നിയെ , ഏതാ പ്രശനം
പവിത്രന്‍ : പറയാം, ചെറിയ ഒരു പ്രശ്നം
ഉണ്ട് നീ ഒന്ന് ഇത്രേടം വരെ വാ
എസ്സ്. ഐ : ഓക്കേ സാറേ , സാര്‍ ഇപ്പൊ വരാം
എന്ന് പറഞ്ഞു ഫോണ്‍ വച്ചു
അല്പസമയത്തിനകം ഒരു മോട്ടോര്‍ ബൈക്കില്‍
എസ്സ് ഐ സാറും ഒരു ജീപ്പില്‍ പോലീസുകാരുമായി അവര്‍ അവിടെ എത്തിച്ചേര്‍ന്നു .
പവിത്രന്‍ എസ്സ് ഐ സാറിനെ വിളിച്ചു കൊണ്ട് പോയി കാര്യങ്ങളുടെ കിടപ്പ് അദ്ദേഹത്തെ
പറഞ്ഞു മനസ്സിലാക്കി. അത് കഴിഞ്ഞു മോളിയെ ചൂണ്ടി അദ്ദേഹം
എസ്സ് ഐ : പവി... ഇതാണോ പെണ്‍കുട്ടി ?
എന്ന് ചോദിച്ചപ്പോള്‍ പവിത്രന്‍
മറുപടിയെന്നോണം
പവിത്രന്‍ : അതെ ,
എന്ന് പറഞ്ഞു കൊണ്ട് ആ സ്ത്രീയെ ചൂണ്ടി
പവിത്രന്‍ :ഇവരാണ് ഞാൻ സൂചിപ്പിച്ച
സ്ത്രീ
എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം
ആ ചെറുപ്പക്കാരുടെ അരികിലേക്ക് നടന്നു അവരെ സൂക്ഷിച്ച് ഒന്ന് നോക്കി പിന്നെ
എസ്സ് ഐ : ഇങ്ങോട്ടു മാറി നിൽക്കട,
നിന്നെയൊക്കെ ഒന്ന് ശരിക്ക് കാണട്ടെ
എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ എസ്സ് ഐ
സാറേ നോക്കി
സ്ത്രീ : ഇവരോട് ഇങ്ങനെ പെരുമാറാൻ
നിങ്ങൾക്കു ആരാ അധികാരം നൽകിയത്. നിന്നെപ്പോലുള്ള ഒത്തിരിപ്പേരെ കണ്ടതാ ഈ ഞാന്‍
എന്ന് പറഞ്ഞപ്പോള്‍ എസ്സ് ഐ സാര്‍
പവിത്രനെ വെറുതെ ഒന്ന് നോക്കി തലതിരിച്ചു
എസ്സ് ഐ : ഹല്ലോ നിങ്ങള്ക്ക് എന്തൊക്കെ
അറിയണോ അതൊക്കെ നമുക്ക് പിന്നെ പറയാം. ഏതായാലും സംസാരിക്കുമ്പോള്‍ അതില്‍ ഒരു മാന്യത പുലര്‍ത്തുന്നത് നന്നായിരുന്നൂ.
എന്ന് പറഞ്ഞു പവിത്രന് നേരെ തിരിഞ്ഞു
എസ്സ്. ഐ: പവീ ഇത് ഒരു നടക്ക് പോവുന്ന
ലക്ഷണം ഇല്ല, നീ നേരത്തെ പറഞ്ഞത് ശരിയാ, ഇവരെ സ്റ്റേഷനില്‍ കൊണ്ടുപോയി വേണ്ടപോലെ
പറഞ്ഞു മനസ്സിലാക്കി ക്കൊടുത്തു കൊള്ളാം
എന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍
അദ്ദേഹത്തിന്റെ മുഖത്തെ വിരിഞ്ഞ പുഞ്ചിരി പവിത്രന്‍ ശ്രദ്ധിച്ചു. പിന്നെ അദ്ദേഹം
പോലിസ് കാര്‍ക്ക് നേരെ തിരിഞ്ഞു
എസ്സ് .ഐ : എല്ലാത്തിനേയും തൂക്കി
വണ്ടിയില്‍ കയറ്റൂ
എന്ന് ആജ്ഞാപിച്ച ശേഷം ആ സ്ത്രീക്ക്
നേരെ നോക്കി
എസ്സ്. ഐ : ഏതായാലും നിങ്ങളും സ്റ്റേഷനിലേക്ക്
വാ , അവിടെ എത്തിയിട്ട് പറയാം എഫ് ഐ ആര്‍ എങ്ങനെയാണ് ഞാന്‍ എഴുതാന്‍ പോവുന്നത്
എന്ന്
അപ്പോഴേക്കും പോലീസുകാര്‍ ചെറുപ്പക്കാരെ
വണ്ടിയിലേക്ക് കയറ്റിയിരുന്നൂ. അവരുടെ മുഖത്ത് വിരിഞ്ഞ ഭയത്തിന്റെ നിഴല് കണ്ട്
മോളി പവിത്രനെ അരികിലേക്ക് വിളിച്ചു കൊണ്ട്
മോളി : പവിയേട്ടാ.. സാരമില്ല അവരെ
വിട്ടേക്ക്
എന്ന് പറഞ്ഞപ്പോള്‍ പവിത്രന്‍ അവളുടെ
അരികിലേക്ക് നടന്നെത്തി
പവിതന്‍ : സാരമില്ല ഏതായാലും പോലിസ്
വന്നില്ലേ, ഇനി അവര് സ്റ്റേഷനില്‍ കൊണ്ടുപോയി മറ്റ് ഫോര്‍മാലിറ്റി കഴിച്ചു അവരെ
വിട്ടയച്ചുകൊള്ളും. ഇനി ഇവന്മാര്‍ക്ക് ഇത്തരം ബുദ്ധിതോന്നാന്‍ പാടില്ല. നിനക്ക്
അറിയാലോ നമ്മള്‍ വിട്ടയക്കണം എന്ന് കരുതിയതാണ് അവരുടെ നാവാണ് എല്ലാം ഇത്തരത്തില്‍
കൊണ്ട് ചെന്നെത്തിച്ചത്.
എന്ന് പറയുന്നത് കേട്ട് കൊണ്ട് എസ്സ് ഐ
സാര്‍ അയാളുടെ അരികിലേക്ക് നടന്നു വന്നു
എസ്സ്. ഐ : എടൊ പവി പിന്നെ ഈ മോട്ടോര്‍
ബൈക്കുകള്‍ കുറച്ചു നേരം ഇവിടെ വച്ചോട്ടെ, കുറച്ചു സമയം കഴിഞ്ഞു ആരെയെങ്കിലും വിട്ട്
ഞാന്‍ എടുപ്പിച്ചു കൊള്ളാം
എന്ന് പറഞ്ഞപ്പോള്‍ മറുപടിയെന്നോണം
പവിത്രന്‍ : അതിനെന്താ അത്
സുരക്ഷിതമായി ഇവിടെ ഉണ്ടാവും
എന്ന് പറഞ്ഞു തിരയുന്ന നേരത്ത് എസ്സ് ഐ
സാര്‍ ലോറസ് ചേട്ടനെ നോക്കി
എസ്സ് ഐ : ലോറൻസ് ഏട്ടാ നമുക്ക് പിന്നെ കാണാം
എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം
അത്ഭുതത്തോടെ എസ്സ് ഐ സാറിനെ നോക്കി
ലോറന്‍സ്ചേട്ടന്‍ : താങ്കള്‍ക്ക് എങ്ങനെ
എന്നെ അറിയാം
എന്ന് ചോദിച്ചപ്പോള്‍ അതിനു മറുപടിയെന്നോണം
പവിത്രന്‍ : ലോറന്‍സ് എട്ടന് നമ്മുടെ
തിരുത്തിയാട് സ്കൂളിലെ ഹെഡ് മാസ്റ്റര്‍ ആയിരുന്ന എബ്രഹാം മാഷേ ഓര്‍മ്മയുണ്ടോ ?
എന്ന് ചോദിച്ചപ്പോള്‍ അതിനു
മറുപടിയെന്നോണം
ലോറന്‍സ്ചേട്ടന്‍ :ഉവ്വ്
എന്ന് പറഞ്ഞപ്പോള്‍
പവിതന്‍ : അദ്ദേഹത്തിന്റെ മകന്‍ സാം
കുട്ടിയെ മറന്നോ , ഒന്നും ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല . എല്ലാം പറഞ്ഞാല്‍
ഇവന്‍ എന്നെ പഞ്ഞിക്കിടും.
എന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ തെളിച്ചം സാം ശ്രദ്ധിച്ചുകൊണ്ട്
എസ്സ് ഐ : ലോറന്‍സ് ചേട്ടാ നമുക്ക്
ഒന്ന് ഇരിക്കണം , പഴയ കുറെ ഓര്‍മ്മകള്‍ ഉണ്ട് മനസ്സില്‍
എന്ന് പറഞ്ഞപ്പോള്‍
ലോറന്‍സ്ചേട്ടന്‍ :ഒരു ദിവസം സാര്‍
വീട്ടിലേക്കു വാ
എന്ന് പറഞ്ഞപ്പോള്‍ പവിത്രന്‍ എസ്സ് ഐ
സാറിനെ നോക്കി
പവിത്രന്‍ : പേടിക്കണ്ട ഇവനെയും കൊണ്ട്
ഞാന്‍ വന്നു കൊള്ളാം
എന്നുപറഞ്ഞു എസ്സ് ഐ സാറേ നോക്കി അദ്ദേഹം
പവിത്രനെ നോക്കി
എസ്സ് ഐ: പവീ സമയം കിട്ടുമ്പോൾ ഒന്ന്
വിളിച്ചിട്ടു ക്വാർട്ടേഴ്സിലേക്ക് വാ, പിന്നെ കാണാം
എന്ന് പറഞ്ഞു ജീപ്പിൽ മുന്നിലെ സീറ്റിൽ
കയറിയിരുന്ന് അയാൾ എല്ലാവരെയും കൈപൊക്കി അഭിവാദ്യം ചെയ്തു അവർ തിരിച്ചും. ജീപ്പ് ആ
മലയോരപ്പാതയിലൂടെ മുന്നോട്ടു കുതിച്ചു. പിന്നാലെ സ്ത്രീയും തന്റെ കാറില്‍ അവരെ
പിന്തുടര്‍ന്നൂ.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പത്ത്
അല്‍പ സമയത്തിനകം ജീപ്പ്
സ്റ്റേഷനിലേക്ക് എത്തിചേര്‍ന്നു. അവരെ എസ്സ് ഐ സാര്‍ സ്റ്റേഷന് അകത്തേക്ക് കയറ്റി
നിരത്തി നിറുത്തി. അപ്പോഴും തന്റെ ഹുങ്കിനു തെല്ലും മാറ്റം വരുത്താതെ ആ സ്ത്രീ
അവരുടെ കൂടെ വന്ന സാധുവിനെ തോന്നിക്കുന്ന ആളെ തലതിരിച്ചു ഒന്ന് നോക്കി. ആ
നോട്ടത്തില്‍ നിന്നും എന്തൊക്കയോ മനസ്സിലാക്കിയ എസ്സ് ഐ സാര്‍ ആ മനുഷ്യന്റെ
അരികില്‍ ചെന്ന് ആ സ്ത്രീയുടെ മുന്നിലൂടെ അദ്ദേഹത്തെയും കൂട്ടി വാതില്‍ തള്ളിത്തുറന്ന് മുറിയിലേക്ക് നടന്നു. തന്റെ മുറിയിലെ കസേരയില്‍ അദ്ദേഹത്തെ ഇരുത്തിയ
ശേഷം മുന്‍പിലെ കസേരയില്‍ ഇരുന്നു. അല്‍പസമയം
നിശബ്ദനായി അദ്ദേഹം ആ മനുഷ്യനെ സൂക്ഷിച്ച് നോക്കി. വാര്‍ധക്ക്യത്താല്‍ നരവീണ ആ മനുഷ്യന്റെ
കണ്ണുകള്‍ നിറഞ്ഞിരുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
അങ്ങനെ ആ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് അദ്ദേഹം ദയനീയമായി എസ്സ് ഐയേ നോക്കി
വൃദ്ധന്‍ : സാര്‍ അവന്‍ എന്റെ പേരക്കുട്ടിയാണ്, പാവം
എന്റെ മോന്‍ എത്രയോ കാലമായി മരുഭൂമിയില്‍ ചൂടിലും തണുപ്പിലും ആരോടും ഒരു പരിഭവവും
പറയാതെ കഷടപ്പെടുന്നൂ.
എസ്സ് ഐ : അപ്പോള്‍ ആ സ്ത്രീ
മകന്റെ ഭാര്യയിരിക്കും അല്ലെ
വൃദ്ധന്‍ : ഹും.. എന്ത് ചെയ്യാം
എസ്സ് ഐ : ചില ഗള്‍ഫ് കാരുടെ
വീട്ടില്‍ കാണും ഇതുപോലെ ഓരോന്ന്
വൃദ്ധന്‍ : സാര്‍ എന്റെ
പേരക്കുട്ടിയേ ഒന്ന് വിട്ട് തരുമോ? നിനക്കും
കാണില്ലേ എന്നെ പോലെ ഒരു മുത്തച്ഛന്‍. അദ്ദേഹം പറയുന്നത് ആണെന്ന് കരുതി
വിട്ടയക്കൂ. പണ്ട് ഞാനും ഒരു അധ്യാപകന്‍ ആയിരുന്നൂ. അന്ന് ഞാന്‍ പഠിപ്പിച്ച
ഒത്തിരി കുട്ടികള്‍ പല നിലകളില്‍ ജോലിചെയ്യുന്നുണ്ട് . ഇന്നുവരെ ഞാന്‍ അവരോടൊന്നും
ഒരു സഹായവും ചോദിച്ചു ചെന്നിട്ടില്ല. കാരണം എന്തിനാ നാം മറ്റുള്ളവര്‍ക്ക് ഒരു
ശല്യമായി കഴിയുന്നേ. ആ പെണ്‍കുട്ടിക്ക് വേണ്ട എല്ലാ നഷ്ടപരിഹാരവും ഞാന്‍ മോനോട് പറഞ്ഞു
വാങ്ങിക്കൊടുത്ത് കൊള്ളാം. സാറിന് അറിയുമോ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം
ഏതാണെന്ന്. എന്റെ മോന്‍ അതാണ് . പാവം അവന്‍ ഇവര്‍ക്ക് വേണ്ടി എന്തൊക്കെ
സഹിക്കുന്നൂ .
എസ്സ് . ഐ : സാര്‍ , എന്റെ
അപ്പനും സ്കൂള്‍ മാസ്റ്റര്‍ ആയിരുന്നൂ
വൃദ്ധന്‍ : (കണ്ണുകള്‍
തുടച്ചുകൊണ്ട് ) അച്ഛന്റെ പേരെന്താ മോനേ
എസ്സ് ഐ : എബ്രഹാം മാത്യു
വൃദ്ധന്‍ : മാറ്റെത്ത് സ്കൂളില്‍
എബ്രഹാം സാര്‍ ഹെഡ് മാസ്റെര്‍ ആയിരുന്നില്ലേ ?
എസ്സ് ഐ : അപ്പനെ അറിയുമോ
വൃദ്ധന്‍ : ഇല്ലാതെ പണ്ട് സ്കൂള്‍
യുവജനോത്സവത്തിനിടയില്‍ ആയിരുന്നൂ മാഷിനെ പരിചയപ്പെട്ടത് . ഒരിക്കല്‍
പരിചയപ്പെട്ടാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത് പ്രകൃതം. ഞങ്ങളുടെ ഇടയില്‍
ഗാന്ധിയന്‍ എന്നൊരു വിളിപ്പേരുണ്ട് അദേഹത്തിന് .
എസ്സ് ഐ : ( ചിരിച്ചുകൊണ്ട് )
അറിയാം സര്‍ .
പിന്നെ മേശപ്പുറത്തെ ബെല്‍ അമര്‍ത്തി
. അങ്ങനെ കയറി വന്ന്‍ പോലിസ് കാരനോട് ഒരു ചായ വാങ്ങി വരാന്‍ പറഞ്ഞ് വിട്ടശേഷം
വൃദ്ധനെ നോക്കി ചിരിച്ചുകൊണ്ട്
എസ്സ് ഐ : സാറിന് സ്റ്റേഷനില്‍
കയറാന്‍ അവസരമൊരുക്കിയ പെരക്കുട്ടിയുടെയും മരുമകളുടെ പേരെന്താ?
വൃദ്ധന്‍ : അവളുടെ പേര്
സൂസന്ന പിന്നെ പേരക്കുട്ടിയുടെ പേര് ലിജോ വര്‍ഗീസ്
കുര്യന്‍
എസ്സ് ഐ : സാറിന്റെ പേര്
ചോദിക്കാന്‍ വിട്ടു
വൃദ്ധന്‍ : എന്റെ പേര് കുര്യന്‍
ലൂക്കോസ്
അങ്ങനെ എസ്സ് ഐ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്ന്
സൂസന്നയേയും ലിജോയേയും കൂട്ടി മുറിയിലേക്ക് തിരിച്ചു വന്ന്‍ തന്റെ സീറ്റില്‍
ഇരുന്നൂ. അപ്പോഴും ആ സ്ത്രീയുടെ കണ്ണുകളിലെ രോഷം അദ്ദേഹം ശ്രദ്ധിച്ചിരുന്നൂ. അല്‍പസമയ
ത്തെ മൌനത്തിന് ഒടുവില്‍ എസ്സ് ഐ ആ സ്ത്രീയെ നോക്കി
എസ്സ് ഐ : പിന്നെ ഒരു കാര്യം ഉണ്ട്.
നിങ്ങള്‍ ഈ ഗള്‍ഫ് പണത്തിന്റെ ഹുങ്ക് കാണിച്ചു എന്താണ് ഇന്ന് വരെ നേടിയത്. ആരോടാണ്
ഇതൊക്കെ കാണിക്കുന്നത് , ഒരു കാര്യം എന്നും ഓര്‍ക്കുക നമ്മള്‍ ഒന്നും വലിയ
ആളൊന്നും അല്ല .ആ ഹുങ്ക് കാരണമല്ലേ നിങ്ങളുടെ മകനും കൂട്ടുകാരും ഇപ്പോള്‍ നിങ്ങളും
ഒപ്പം ഒന്നും അറിയാത്ത നിങ്ങളുടെ അച്ഛനും സ്റ്റേഷനില്‍ കയറേണ്ടി വന്നത്. പിന്നെ ഒരു
കാര്യം നിങ്ങള്‍ ഇങ്ങനെ നടക്കുമ്പോള്‍ തകരുന്നത് ഈ പയ്യന്റെ ഭാവിയാണ് അത് എന്താണ്
നിങ്ങള്‍ മനസ്സിലാക്കാത്തത് . ഇപ്പോള്‍ ഞാന്‍ എഫ് ഐ ആര്‍ തയ്യാറാക്കി അഴിക്കുള്ളില്‍
ആയാല്‍ ഇവന്റെ ഭാവി അതോടെ നശിക്കില്ലേ.
എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ
കണ്ണുകള്‍ നിറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അത് കണ്ട് കൊണ്ട്
എസ്സ് ഐ : നിങ്ങള്‍ എല്ലാത്തിനും
ഇവര്‍ക്കൊക്കെ വളം വച്ചുകൊടുക്കും ഇന്ന് ബൈക്ക് കൊണ്ട് പെണ്‍കുട്ടിയെ മുട്ടി
താഴെയിട്ട ഇവര്‍ നാളെ എന്തൊക്കെ ക്രൂരത ചെയ്യും എന്ന് ആരുകണ്ടു ? തെറ്റ്
ചെയ്യുന്നത് സര്‍വസാധാരണം ആണ് പക്ഷെ തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ഉപദേശിക്കാതെ
അതിനു കൂട്ടുനില്‍ക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. പിന്നൊരു കാര്യം നിങ്ങളുടെ ഭര്‍ത്താവിനോട്
പറഞ്ഞു ഒരു മൂന്നു മാസത്തേക്ക് ഗള്‍ഫിലേക്ക് പോയി സോനാപ്പൂര്‍ എന്ന സ്ഥലത്തെ ലേബര്‍
കേമ്പില്‍ ചെന്ന് അവരുടെ ജീവിതം ഒന്ന് കാണുക അല്ലെങ്കില്‍ വേണ്ട ഇങ്ങനെ
അഹങ്കരിച്ചു നടക്കുന്നവര്‍ കണ്ട് മനസ്സിലാക്കണ്ട ജീവിതം ആണ് കാന്‍സര്‍ സെന്റരില്‍
ഉള്ളത്.
പിന്നെ എസ്സ് ഐ തലതിരിച്ചു ആ
ചെറുപ്പക്കാരനെ ഒന്ന് നോക്കി
എസ്സ് ഐ : എന്നോട് സത്യം പറയണം
ആരാ ആ കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്
എന്ന് ചോദിച്ചപ്പോള്‍ അവന്‍
അമ്മയേ ദയനീയ മായി നോക്കുന്നത് എസ്സ് ഐ ശ്രദ്ധിച്ചു
എസ്സ് ഐ : സത്യം പറഞ്ഞാല്‍
നിന്നെ വെറുതെ വിടണമോ എന്ന് ഞാന്‍ ആലോചിക്കാം
ചെറുപ്പക്കാരന്‍ : സാര്‍ എന്റെ
സുഹൃത്തുക്കള്‍ പറഞ്ഞപ്രകാരം ഞാനാണ് അവളെ ബൈക്ക് കൊണ്ട് മുട്ടിയത്
എന്ന് പറഞ്ഞു തീര്‍ന്നപ്പോള്‍
വൃദ്ധന്‍ കസേരയില്‍ പിടിച്ചു എഴുന്നേറ്റ് വന്നു ആ ചെറുപ്പക്കാരന് മുഖമടച്ചു തല്ലി.
അതുകണ്ട് ആ സ്ത്രീയുടെ ഭാവം മാറിയത് എസ്സ് ഐ ശ്രദ്ധിച്ചു അദ്ദേഹം അവരെ നോക്കി
വിരല്‍ ചൂണ്ടി
എസ്സ് ഐ : ഞാന്‍ പറഞ്ഞിട്ടാ
അദ്ദേഹം അവനെ തല്ലിയെ. ഇത്തരം പോക്രിത്തരത്തിന് പോലീസ് കാരന്റെ കൈ വീണാല്‍ അത് ഇച്ചിരിക്കൂടിപ്പോവും
അതാ അദ്ദേഹത്തെ ഞാന്‍ ആ പണി എല്പ്പിച്ചേ. നിങ്ങള്‍ക്കറിയുമോ ഇവനെ നന്നായി മനസ്സിലാക്കിയ
ഇദ്ദേഹം എന്റെ അപ്പന്റെ സുഹൃത്താ അതാ കേസ് ആക്കണ്ട എന്ന് തീരുമാനിച്ചേ
പിന്നെ അദ്ദേഹം എഴുന്നേറ്റ് ആ
ചെറുപ്പക്കാരന്റെ അരികില്‍ വന്നു തോളില്‍ കൈവച്ചു
എസ്സ് ഐ : ലിജോ നീ ആദ്യം
മനസ്സിലാകണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
നിന്റെ അപ്പന്‍ ചൂടും തണുപ്പും വകവയ്ക്കാതെ നിനക്കും ഇവര്‍ക്കും വേണ്ടി ജീവിതം ഹോമിച്ചു തീര്‍ക്കുന്നു. എന്ത് തെറ്റ് ചെയ്യാന്‍
ആര് നിര്‍ബന്ധിക്കുമ്പോഴും ആദ്യം അദ്ദേഹത്തിന്റെ ക്കുറിച്ച് ആലോചിക്കുക . പിന്നെ
സുഹൃത്തുക്കളേ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്. ഇന്നത്തെ
സാഹചര്യത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വിരളമാണ് എന്ന് പറയാം. മറ്റുള്ളവര്‍ നന്നാവുന്നതിനേക്കാളും അവനവന്‍ നന്നാവുന്നതിലാണ്എല്ലാവര്ക്കും
താല്‍പ്പര്യം. അതിനാല്‍ തന്നെ പിന്നില്‍ നിന്നും പിരികേറ്റി ഓരോ തെറ്റുകള്‍
ചെയ്യിക്കാന്‍ ആണ് പലര്‍ക്കും താല്പര്യം.
എന്ന് പറഞ്ഞ ശേഷം സ്ത്രീയെ
നോക്കി
എസ്സ് ഐ : നിങ്ങള്‍ എന്ത്
ചെയ്യുമ്പോഴും ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ പഠിക്കുക
എന്ന് പറഞ്ഞു വൃദ്ധനെ നോക്കി
ചിരിച്ചുകൊണ്ട്
എസ്സ് ഐ : സാര്‍ ഇവരെ കൂട്ടിപോയിക്കോ, ഞാന്‍ ഇത്തവണ
കേസ്സാക്കുന്നില്ല. പറ്റുമെങ്കില്‍ സര്‍ സൗകര്യം പോലെ വീട്ടില്‍ വരണം. ഇതാണ് എന്റെ
അച്ചന്റെ മൊബൈല്‍ നമ്പര്‍
എന്ന് പറഞ്ഞു അവരുടെ കൂടെ വാതില്‍ക്കല്‍
വരെ അനുഗമിച്ച ശേഷം തന്റെ മുറിയിലേക്ക് തിരിച്ചു കയറിക്കൊണ്ട് ചെറുപ്പക്കാരെ
നോക്കി .
എസ്സ് ഐ : കുമാരേട്ടാ അവരെ
പറഞ്ഞു വിട്ടേക്ക് .
പിന്നെ ചെറുപ്പക്കാരെ നോക്കി
എസ്സ് ഐ : നിങ്ങളെ ഇത്തവണത്തേക്ക്
വെറുതെ വിടുന്നു. ഇനി ഈ ഭാഗത്ത് കണ്ടാല്‍ പിന്നെ കളി വേറെ
തുടരും
ആ മഴക്കാലത്ത്
എം.
പി. എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനൊന്ന്
അങ്ങനെ
ആ ചെറുപ്പക്കാര്‍ അവിടെനിന്നും തലതാഴ്ത്തിക്കൊണ്ട് ഇറങ്ങി നടന്നു .
അന്നൊരു
ഞായറാഴ്ച്ച ആയിരുന്നൂ. തിരുത്തിയാട് അങ്ങാടിയിലേക്കുള്ള കയറ്റം കയറി ഒരു അംബാസ്സഡര്‍
കാര്‍ വന്നുകൊണ്ടിരുന്നൂ. കയറ്റത്തിന്റെ മുകളില്‍ എത്തി അങ്ങാടിയിലേക്ക് തിരിഞ്ഞ
കാറിനെ ആളുകള്‍ കൌതുകത്തോടെ നോക്കുന്നത് കണ്ടപ്പോഴാണ് പവിത്രന്‍ ചാത്തുവേട്ടന്റെ കടയില്‍നിന്നും ചായകുടി
കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയത്. ആ കാര്‍ കൃത്യമായി ചായക്കടയുടെ മുന്നിലായി നിന്നു.
അതില്‍നിന്നും വിറയ്ക്കുന്ന കൈകളോടെ വടിയും കുത്തി പുറത്തേക്ക് ഇറങ്ങിയ ആളെ നോക്കി
എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കുന്നത് കണ്ട് ഡ്രൈവിംഗ് സീറ്റില്‍ നിന്നും ചിരിച്ചുകൊണ്ട്
ഇറങ്ങിയ ആളെ എല്ലാവര്ക്കും വേഗം
മനസ്സിലായി. അത് എസ്സ് ഐ സാം കുട്ടിയായിരുന്നൂ. അങ്ങനെ പവിത്രന്‍ ഉദ്ദേശരൂപം വച്ച് ആ വൃദ്ധന്റെ അരികില്‍ ചെന്ന് സൂക്ഷിച്ച്
നോക്കിക്കൊണ്ട്
പവിത്രന്‍
: എബ്രഹാം മാഷ് അല്ലേ
എന്ന്
ചോദിച്ചപ്പോള്‍ അത് കേട്ട് ആ കണ്ണുകള്‍ വിടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ വടിയില്‍ അമര്‍ത്തിപ്പിടിച്ചു ഒന്ന്
നിവര്‍ന്ന് നില്ക്കാന്‍ ശ്രമിച്ചുകൊണ്ട്
വൃദ്ധന്‍
: അതെ .. മോനെ എനിക്ക് തീരെ മനസ്സിലായില്ല. പണ്ടത്തെപ്പോലെയല്ല മറവി ഇത്തിരി
കൂടുതലാ
എന്ന്
വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ എന്റെ
കയ്യില്‍ അമര്‍ത്തിപ്പിടിച്ചിരുന്നൂ. പിന്നെ എന്റെ നേരെ കണ്ണടയുടെ ഇടയിലൂടെ
കണ്ണുകള്‍ പായിച്ചു കൊണ്ട്
വൃദ്ധന്‍
: നിന്നെ പേരെന്താ കുട്ടി.?
എന്ന്
ചോദിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചേര്‍ത്ത്
പിടിച്ചുകൊണ്ട്
ഞാന്‍
: ഞാന്‍ ഗോപി തെങ്ങിന്മേല്‍ കയറിയിരുന്ന ചന്ദ്രന്റെ മകന്‍. സാര്‍ എന്നെ
പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഒന്ന് ഓര്‍മ്മിപ്പിക്കാം. പണ്ടൊരിക്കല്‍
ഞങ്ങളുടെ കൂട്ടുകാരന്‍ റഷീദ് മലവെള്ളപ്പാച്ചില്‍ പെട്ടപ്പോള്‍ മാഷല്ലേ അവനെ
രക്ഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയത്. പാവം അവന് അധികം ആയുസ്സ് ദൈവം
കൊടുത്തില്ല. അതിനടുത്ത് അവധിക്കാലത്ത് കല്ല് വെട്ടുകുഴിയില്‍ അവന്‍
മുങ്ങിമരിച്ചു. ആ നീറ്റല്‍ ഇന്നും ഞങ്ങളുടെ ഉള്ളില്‍ തന്നെ ഉണ്ട്.
എന്ന് പറഞ്ഞപ്പോള്‍ മാഷിന്റെ
കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.അപ്പോഴാണ് സാം കുട്ടി മൌനം വെടിഞ്ഞു കൊണ്ട് അവരെ
നോക്കി
സാം കുട്ടി : അപ്പന് വിഷമുള്ള
ഒന്നും താങ്ങാന്‍ കഴിയില്ല അതാ
എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അബദ്ധം
പറ്റിയല്ലോ എന്ന് തോന്നിപ്പോയി.
അങ്ങനെ മാഷ് എന്റെ കൂടെ നടന്നു
കൊണ്ട് സൂക്ഷിച്ച് നോക്കി കൊണ്ട്
വൃദ്ധന്‍ : നിനക്ക് ഒരു സഹോദരി
ഉണ്ടായിരുന്നല്ലോ, എന്താ അവളുടെ പേര്
എന്ന് ചോദിച്ചപ്പോള്‍. മാഷിന് പണ്ട്
പഠിപ്പിച്ച പെണ്‍കുട്ടികളുടെ പേരുകള്‍
കൃത്യമായി അറിയാം എന്റെ പേരാണ് ഓര്‍മ്മയില്ലാത്തത് എന്ന് ഞാന്‍ മനസ്സില്‍ അറിയാതെ
പറഞ്ഞു
അപ്പോള്‍ എന്റെ ഭാവം കണ്ടാണ് എന്ന്
തോന്നുന്നൂ പവിത്രന്‍ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു. അങ്ങനെ തല്ക്കാലത്തേക്ക്
മാഷ് ഞങ്ങളേയും കൂട്ടി ചാത്തുവേട്ടന്റെ കടയിലേക്ക് കയറി ഒരു ബഞ്ചില്‍ ഇരുന്ന്
കയ്യിലെ വടി മേശപ്പുറത്ത് വച്ചു. അതിനിടയില്‍ ചാത്തുവേട്ടന് മാഷിനേയും ഞാന്‍ തമ്മില്‍
പരിചയപ്പെടുത്തി ക്കൊടുത്തു. അത് കഴിഞ്ഞു ആ ഇരിപ്പില്‍ മാഷ് ചുറ്റപാടുമായി
ഒന്ന് കണ്ണോടിച്ചു. പണ്ട് സ്കൂളില്‍ ജോലിചെയ്യുന്ന സമയത്ത് സ്ഥിരമായി ഭക്ഷണം
കഴിക്കുന്ന ആ കടയുടെ മച്ചിലെ ഫാനിലെ പൊടിയും ചുമരിലെ പഴയ മുരുകന്റെ ചിത്രമുള്ള
കലണ്ടറും നോക്കി ചിരിച്ചുകൊണ്ട് ചാത്തുവിനെ നോക്കി
വൃദ്ധന്‍ : ചാത്തു കടയ്ക്ക് ഒരു മാറ്റവും
വരുത്തിയിട്ടില്ല അല്ലെ? എന്റെ സ്കൂള്‍ ജീവിതത്തിലെ നല്ല കുറെ ഓര്‍മ്മകള്‍ ഉണ്ട്
ഇവിടെ. നിനക്കറിയുമോ മോനെ അന്ന് ഇവന്റെ അച്ചന്‍ ശങ്കരന്‍ ആയിരുന്നൂ ഈ കട
നടത്തിയിരുന്നത്.
എന്ന് പറഞ്ഞു തിരിഞ്ഞു ചുമരിലെ തട്ടില്‍
വിളക്കിന്റെ പിന്നില്‍ നിറം മങ്ങിനിന്ന ചിത്രത്തിലെ ഗൌരവക്കാരനായ ആളെ ഞങ്ങള്‍ക്ക്
കാണിച്ചു തന്നുകൊണ്ട് തുടര്‍ന്നു
വൃദ്ധന്‍ : അതാണ് ശങ്കരേട്ടന്‍.
ആള് ഫോട്ടോയില്‍ കാണുന്നപോലെ ഗൌരവക്കാരന്‍ അല്ല മറിച്ച്. സരസനായ നല്ല മനുഷ്യസ്നേഹി.
പണ്ട് ഞാനും ഇന്ന് കൊപ്ര കച്ചവടം നടത്തുന്ന ഇബ്രാഹിം ഹാജിയും, ലൂക്കോസും ,
പത്മനാഭനും രാമകൃഷ്ണനും ആയിരുന്നൂ അന്നത്തെ ഞങ്ങളുടെ ആ കൂട്ടം. എനിക്ക് പല
സമയത്തും പണമായും മറ്റും ഒത്തിരി സഹായിച്ച ആളാണ് ഈ മൂസ്സാ ഹാജി. എന്താ അയാളുടെ
ഇന്നത്തെ അവസ്ഥ എന്ന് ആര് കണ്ടു.
എന്ന് പറഞ്ഞവസാനിപ്പിച്ചു കൊണ്ട്
ചാത്തുവേട്ടനെ നോക്കി
വൃദ്ധന്‍ : അവരെപ്പറ്റി
എന്തെങ്കിലും വിവരം അറിയുമോ ചാത്തു
എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം
ചായ ഗ്ലാസ്സ് മേശമേല്‍ വച്ചുകൊണ്ട് മാഷേ
നോക്കി
ചാത്തുവേട്ടന്‍ :ലൂക്കോസ്
അച്ചായന്‍ കഴിഞ്ഞ വര്ഷം മകന്റെ ഒപ്പം അമേരിക്കയില്‍ പോയി എന്ന് ആരോപറഞ്ഞു ഞാന്‍
അറിഞ്ഞു . പിന്നെ പത്മനാഭന്‍ മാഷ് ഇപ്പോള്‍ മകളുടെ കൂടെ ചെന്നൈ ആണ് ഉള്ളത്,
പോകുമ്പോള്‍ ഇവിടെ വന്നു ചായകുടിച്ചു പഴയകുറേകാര്യങ്ങള്‍ പറഞ്ഞു വളരെ വിഷമിച്ചാണ്
പാവം പോയത് . പിന്നെ രാമകൃഷ്ണന്‍ വൈദ്യര് കഴിഞ്ഞ മാസമാണ് മരിച്ചു പോയത്, അറ്റാക്ക്
ആയിരുന്നൂ. അദ്ദേഹം ഒരു ദിവസം കുളിമുറിയില്‍ വീണു പിന്നെ ശരീരം തളര്‍ന്ന്
കുറേക്കാലം കിടത്തതില്‍ ആയിരുന്നൂ . പിന്നെയുണ്ടായിരുന്ന മൂസ്സാ ഹാജി
അദ്ദേഹത്തിന്റെ സ്ഥിതിയാണെങ്കില്‍ എല്ലാവരിലും
മോശമായി തുടരുന്നൂ. ആകെ ഉണ്ടായിരുന്നൂ
മകന്‍ കാന്‍സര്‍ ബാധിച്ചു മരിച്ച ശേഷം ആരോടും മിണ്ടാതെ വീട്ടില്‍ തന്നെ
കഴിഞ്ഞുകൂട്ടി. ഇപ്പോഴും ഒരു വല്ലാത്ത അവസ്ഥയില്‍ ആണ് അദ്ദേഹം. മകളും ബന്ധുക്കളും
ആണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് തന്നെ. എന്ത് ചെയ്യാം.
എന്ന് പറഞ്ഞു തീര്‍ത്തപ്പോള്‍ ആ
വൃദ്ധന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുക്കുന്നുണ്ടായിരുന്നൂ.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പന്ത്രണ്ട്
അദ്ദേഹം അല്‍പനേരം കണ്ണുകള്‍
അടച്ചു തലതാഴ്ത്തി ഇരുന്നു. പിന്നീട് എന്തോ ആലോചിച്ച് എന്നെ നോക്കി
എബ്രഹാം മാഷ് : ചാത്തു ശരിക്കും എന്താ മൂസ്സഹാജിയുടെ ഇന്നത്തെ
അവസ്ഥ
പിന്നെ മോനെ നോക്കി പറഞ്ഞു
എബ്രഹാം മാഷ് :മോനെ നമുക്ക്
ഒന്ന് മൂസയുടെ വീട് വരെ പോയാലോ
എന്ന് ചോദിച്ചപ്പോള്‍ സാംകുട്ടി
തലകുലുക്കി സമ്മതം മൂളിക്കൊണ്ട് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. അങ്ങനെ മേശയില്‍ കയ്യും
കുത്തി എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ട്
എബ്രഹാം മാഷ് : ഗോപീ നീ ഇപ്പോള്‍ എന്താ ചെയ്യുന്നേ
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍
അദ്ദേഹത്തെ നോക്കി
ഞാന്‍ : പണ്ടേ പഠിക്കാന്‍ അത്രയ്ക്ക്
മിടുക്കന്‍ ആയതിനാല്‍ നമ്മുടെ കണ്ണേട്ടന്റെ വര്‍ക്ക് ഷാപ്പില്‍ കുറച്ചു കാലം
പണിയെടുത്തു പിന്നെ അദ്ദേഹത്തിന്റെ ഒരു പരിചയക്കാരന്‍ മുഖേന ഗള്‍ഫിലേക്ക് തിരിച്ചു.
അതൊക്കെ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട് മാഷേ.
എന്ന് പറഞ്ഞു
അവസാനിപ്പിച്ചപ്പോഴേക്കും പവിത്രന്‍ ഇടയ്ക്ക് കയറി
പവിത്രന്‍ : ശരിയാ മാഷേ, ഇവന്‍
കുറെ കഷ്ടപ്പെട്ട് ആ കുടുംബത്തെ ഒരു വിധം തരക്കേടില്ലാത്ത നിലയില്‍ എത്തിച്ചു.
ഒടുക്കം ഒത്തിരി ആശിച്ചു നിര്‍മ്മിച്ച വീട് ബന്ധുക്കളുടെ സഹായത്താല്‍ അനുജന്‍ തട്ടിയെടുത്തപ്പോള്‍
ഇതുവരെ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് ഗള്‍ഫിലേക്ക് തിരിച്ചു ചെന്ന
ഇവന് അവിടെയുണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു. എന്ത് ചെയ്യാം ഇപ്പോള്‍ ഞങ്ങള്‍
എല്ലാവരും ചേര്‍ന്ന് വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ ഓടിച്ചു കഴിയുന്നു.
എന്ന് പറഞ്ഞപ്പോള്‍ അത് കേട്ട് കണ്ണുകള്‍
തുടച്ച് നടന്നു നീങ്ങിയ എന്നെ സാം കുട്ടി ചേര്‍ത്തു പിടിച്ചുകൊണ്ട്
സാം കുട്ടി : എടാ ഗോപീ നിന്നെ സഹായിക്കാന്‍
എന്താ ഇനി ഞങ്ങള്‍ക്ക് കഴിയുക എന്ന്
നോക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് സാംകുട്ടി
പവിത്രനെ നോക്കി നിന്നപ്പോഴേക്കും
എബ്രഹാം മാഷ് : മോനെ സാമേ
നമ്മുടെ ഇവിടെയുള്ള അടഞ്ഞുകിടക്കുന്ന വീട് ഇവന് കൊടുത്താലോ? പണ്ട് ഒത്തിരി വികൃതി
കാട്ടിയെങ്കിലും ഇവനെ എങ്ങനെയാ മറക്കാന്‍ കഴിയുക. നിന്റെ പെങ്ങളെ ശല്ല്യം ചെയ്ത
ഭരതനെ ഇവന്‍ തല്ലി ച്ചതച്ചപ്പോള്‍ കാര്യം അറിയാതെ ഞാന്‍ അവനെ ക്ലാസ്സില്‍ നിന്നും
കുറെ ദിവസത്തേക്ക് ഹെഡ് മാസ്റ്ററോട് പറഞ്ഞു പുറത്താക്കിയതും. അവസാനം നടന്ന സംഭവത്തിന്റെ
സത്യാവസ്ഥ മനസ്സിലാക്കി തിരഞ്ഞു നടന്നപ്പോഴേക്കും അറിയാൻ കഴിഞ്ഞു ഇവൻ നാടുവിട്ടു എന്ന്.
അന്ന് നിറുത്തിയ പഠനം എന്നാണ് പൂര്‍ത്തിയാക്കിയത്
എന്ന് പോലും ഇന്നും അറിയില്ല . ഞാൻ അറിയാതെ ചെയ്ത ആ തെറ്റിന്റെ നീറ്റലും ഉള്ളില്‍
കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നറിയുമോ ആര്‍ക്കെങ്കിലും.
ഗോപീ... കഴിഞ്ഞ വര്ഷം എന്റെ മോള്‍ ഞങ്ങളെ എന്നന്നേക്കും വിട്ട് യാത്രയായി. മരണക്കിടക്കയില്‍
കിടന്ന് അവള്‍ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട്. എന്നെങ്കിലും ഗോപിയേട്ടനെ കണ്ടാല്‍ ഈ
അനിയത്തിക്ക് മാപ്പ് തരണം പറയാന്‍ (പറഞ്ഞു പോയപ്പോള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ) നിന്റെ ജീവിതം തുലച്ച ഒരു ദുഷ്ടനായി നീ എന്നെ
കാണുന്നുണ്ടാവും ഇല്ലേ ഗോപീ . ഈ കിഴവന്‍ ചെയ്ത തെറ്റിന് നിന്റെ മുമ്പില്‍ ക്ഷമ
ചോദിക്കുന്നൂ . എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിതുമ്പുന്നത് ഞാന്‍
ശ്രദ്ധിച്ചു.ഞാന്‍ അദ്ദേഹത്തെ നോക്കി
ഞാന്‍ : സാര്‍ എനിക്ക് അതിന് ആരോടും
ഒരു പരിഭവവും ഇല്ല പരാതിയുമില്ല . ആരോടാണ്
ഞാന്‍ ക്ഷമിക്കേണ്ടത് . ജനിച്ചനാള് മുതല്‍ എന്നെ സംശയത്തോട് മാത്രം കണ്ട അച്ഛനെയോ
അല്ലെങ്കില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ എന്നെ പലപ്പോഴും അകറ്റി നിര്‍ത്തിയ
ബന്ധുക്കളെയോ ,അല്ലെങ്കില്‍ എന്റെ നോട്ടം ശരിയില്ല എന്ന് പറഞ്ഞു പരാതി പറഞ്ഞ ചേച്ചി
യെയോ അതുമല്ലെങ്കില്‍ എന്നെ കൂട്ടത്തില്‍ കൂട്ടരുത് എന്ന് വിലക്കിയ സുഹൃത്തുക്കളെയോ.
സത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ തോന്നും ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നത്
എന്ന്. പക്ഷെ എന്റെ നിരപരാധിത്വം എന്നെങ്കിലും
എല്ലാവരും തിരിച്ചറിയും എന്ന വിശ്വാസത്തിലാണ് ഇന്ന് ഞാന്‍ കഴിയുന്നത് തന്നെ
എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും
മാഷ് അരികിലേക്ക് വന്ന് എന്റെ തോളില്‍
തട്ടിക്കൊണ്ട്
എബ്രഹാം മാഷ് : നീ എനിക്ക്
സാമിനെ പോലെ തന്നെയാണ്. ഇനി നിന്റെ കാര്യങ്ങള്‍ ഞങ്ങളുടെ കൂടിയാണ്
എന്ന നിര്‍ദേശം മുന്നോട്ട്
വച്ചത് അതിനു സാം കുട്ടി മറ്റൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ
സാംകുട്ടി : ഇത് ഞാന്‍ അപ്പനോട്
പറയാന്‍ തുടങ്ങുവാരുന്നൂ
എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാഷോട്
നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ സ്തബ്ദനായി നില്‍ക്കുകയായിരുന്നൂ. പിന്നെപ്പോഴോ
മാഷേ നോക്കി
ഞാന്‍ : എന്തിനാ മാഷേ ഈ
ഭാഗ്യദോഷിയെ സഹായിച്ചു നഷ്ടം സഹിക്കുന്നെ
ഞാന്‍ ഇങ്ങനെയൊക്കെ കഴിഞ്ഞു പോയിക്കൊളാം. ഞാന്‍ മൂലം എല്ലാവര്‍ക്കും എന്നും
നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ
എന്ന് പറഞ്ഞു ഞാന്‍ അവിടെനിന്നു
നടന്നു നീങ്ങിയപ്പോൾ ഒലിച്ചിറങ്ങിയ കണ്ണുനീര്‍
എന്റെ കാഴ്ചകള്‍ അവ്യക്തമാക്കി മാറ്റിയിരുന്നൂ . അവരുടെ പിന്‍വിളികള്‍ എന്റെ കാതില്‍ പലകുറി
വന്നു പതിച്ചുകൊണ്ടേയിരുന്നെങ്കിലും തിരിഞ്ഞുനോക്കാൻ മനസ്സനുവദിച്ചില്ല . കുറച്ചു നേരത്തെ സംസാരത്തിനിടയിൽ മറക്കാന്‍ ശ്രമിച്ച പലതും മനസ്സിലേക്ക് കടന്ന് വന്ന് നിറഞ്ഞു അത് എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നൂ . അങ്ങനെ കുറെ ആലോചിച്ചാണ് പണ്ടെങ്ങോ ഉപേക്ഷിച്ച മദ്യപാനത്തെ വീണ്ടും ഞാൻ കൂട്ടുപിടിച്ചത്. നേരം വെളുക്കുവോളം ഇരുന്ന് ബോധം മറയുന്നത് വരെ
കുടിച്ചു.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പതിമൂന്ന്
അങ്ങനെ നേരം പുലരുംവരെ ഞാന്‍ ആ ഓട്ടോറിക്ഷയുടെ പിന്‍ സീറ്റില്‍ അമ്മയുടെ മടിയിലെന്നപോലെ
കിടന്ന്നന്നായി ഉറങ്ങി. കിഴക്കുദിക്കില്‍ നിന്നും കണ്ണാടിയിലൂടെ അരിച്ചിറങ്ങിയ മൂര്‍ച്ചയേറിയ
സൂര്യകിരണങ്ങളുടെ അഗ്രങ്ങള്‍ കൊണ്ട് എന്റെ നിദ്രയ്ക്ക് വിഗ്നമായിമാറിയപ്പോള്‍ വളരെ
പണിപ്പെട്ടാണ് കണ്ണുകള്‍ വലിച്ചു തുറന്നത് തന്നെ.
തലേനാളത്തെ ചാരായത്തിന്റെ ലഹരിയുടെ
പ്രതിപ്രവര്‍ത്തനം കാരണം അപ്പോള്‍ എനിക്ക് അസഹനീയമായ തലവേദന
അനുഭവപ്പെടുന്നുണ്ടായിരുന്നൂ. പിന്നെ എന്തൊക്കയോ ചിന്തിച്ചുകൊണ്ട് പിന്‍സീറ്റില്‍
നിന്നും ഇറങ്ങി ഞാന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്നത്. ആ ഇരിപ്പില്‍
തലതിരിച്ച് പുറത്തെ കാഴ്ച്ചകളിലേക്ക് എന്റെ കണ്ണുകള്‍ പായിച്ചത്. അങ്ങനെ എനിക്ക് ചുറ്റുമായി കണ്ണോടിച്ചു നിന്നപ്പോഴാണ് നേര്‍ത്ത
മണിശബ്ദം എന്റെ കാതുകളില്‍ വന്ന്‍ പതിച്ചത് ഞാന്‍ ശ്രദ്ധിച്ചത്. അങ്ങനെ എന്റെ
ശ്രദ്ധ അതിലേക്കു തിരിഞ്ഞു അവിടെ ആല്‍മരത്തിന്റെ ഒരു ചെറു ചില്ലയില്‍ കുരുങ്ങിക്കിടന്ന്
ഊഞ്ഞാലാടിയ മഞ്ഞച്ചരടിന്‍റെ അറ്റത്തുള്ള കുഞ്ഞുമണികള്‍ എന്റെ മനസ്സിന് എന്തൊരു
ഉണ്മാദമാണ് ഏകിയത്.
ആല്‍ത്തറയില്‍ നിന്നും തൂങ്ങിയാടിയ ആ മണികളില്‍ അതിലെ കടന്ന്
പോയ മന്ദമാരുതന്‍ ഇടയ്ക്കിടയ്ക്ക് കൈനീട്ടി തലോടികടന്നുപോയപ്പോഴൊക്കെ ഉയര്‍ന്ന നേര്‍ത്ത മണിനാദം കാതുകള്‍ക്ക് സുഖകരമായി
ആ നാദം ഇടതടവില്ലാതെ ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നൂ. അതിനിടയില്‍ അറിയാതെയെങ്കിലും ഞാന്‍
ആ ബാലകാലസ്മരണകളിലൂടെ സഞ്ചരിച്ചപ്പോള്‍ അതിലെ പല ഓര്‍മ്മകളും ഈ മണ്ണിന്റെ മണം
ഉണ്ടായിരുന്നൂ.അന്ന് ഈ മണ്ണിലൂടെ ഓടിനടന്നപ്പോള്‍ എന്റെ കൂടെ എത്രയെത്ര
കൂട്ടുകാരുണ്ടായിരുന്നൂ അതുപോലെ എന്തൊക്കെ കളികളും കുസൃതികളും കാണിച്ചു കൂട്ടിയിരിക്കുന്നൂ
എന്ന് ചിന്തിച്ചു ആ മണ്ണിലേക്ക് പാദങ്ങള്‍ കുത്തി എഴുന്നേറ്റ് മുന്നോട്ട് നടന്നു. അങ്ങനെ
ഞാന്‍ ക്ഷേത്രക്കുളത്തിലേക്ക് നടന്നു നീങ്ങി പതിവ് പോലെ ഒന്ന് വിശദമായി മുങ്ങിക്കുളിക്കണം
അതാണ് ഉദ്ദേശം.
വഴിയരികിലെ പല കാഴ്ചകളെ പഴയകാലത്തെ ഓര്‍മ്മപ്പുസ്തകത്തിലേതിനോട്
താരതമ്യം ചെയ്ത് നടന്നു നീങ്ങിയപ്പോള്‍ ക്ഷേത്രപരിസരത്തെ കല്‍മണ്ഡപത്തിന്റെ
സ്ഥാനത്ത് സര്‍ക്കാര്‍ വക മാവേലി സ്റ്റോര്‍വന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങള്‍
ഒന്നും എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല. ക്ഷേത്രകൊടിമരം പഴയകാല പ്രൌഡിയോടെ
കൊടിയും കാറ്റില്‍ പറത്തിനില്‍ക്കുമ്പോള്‍ മനസ്സിലാകും ഒരു ഉത്സവക്കാലം കൂടി വരവായി
എന്ന്. ആ കല്‍മണ്ഡപത്തിന്റെ അരികില്‍ കാണുന്ന ഈന്തപ്പനയുടെ അരികിലുള്ള പൌരാണികമായ
ആ ചെങ്കല്‍മാളിക ശ്രദ്ധിച്ചോ അതിന്റെ ചുമരിലെ ചിതലിനോ പൂപ്പലിനോ ഇന്നും ഒരു
മാറ്റവും ഞാന്‍ കണ്ടില്ല. ഇന്ന് ആധുനികതയുടെ പര്യായമായ കോണ്‍ക്രീറ്റ്
സൌധങ്ങളിലേതിനേക്കാള്‍ സൌകര്യങ്ങള്‍ കുറവാണെങ്കിലും മനസ്സിന്റെ കുര്ളിര്‍മ്മ
അക്കാലത്തെ മനുഷ്യമനസ്സുകള്‍ക്ക് ഒത്തിരിയുണ്ടായിരുന്നൂ.
അന്ന് കാലങ്ങളില്‍
ക്ഷേത്രദര്‍ശനം ഒരു മതത്തിന്റെ പേരില്‍ അല്ലായിരുന്നൂ മറിച്ച് മനസ്സിലെ
മുറിവുണക്കാനുള്ള ഒരു ഉപാധിയും മറിച്ച് ബന്ധങ്ങളുടെ സംഗമസ്ഥാനങ്ങളായിരുന്നൂ ഓരോ
ദേവാലയങ്ങളും. അതില്‍ അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസം ഇല്ലായിരുന്നൂ. അങ്ങനെ
നടന്നു നീങ്ങിയപ്പോള്‍ വഴിയരികിലൂടെ ഒഴുകിക്കൊണ്ടിരുന്ന അരുവിയിലെ തെളിഞ്ഞ
ജലത്തിലൂടെ മുങ്ങാംകുഴിയിട്ട് നീന്തിത്തുടിച്ചിരുന്ന മത്സ്യക്കുഞ്ഞുങ്ങളെ എത്ര തവണ
ചൂണ്ടയിട്ട് കൂട്ടുകാരോടൊത്ത് പിടിച്ചിരിക്കുന്നൂ എന്ന് ചിന്തിച്ചു
നടന്നപ്പോഴേക്കും ഞാന്‍ കുളത്തിന് കരയില്‍ എത്തിച്ചേര്‍ന്നു.
പണ്ടുകാലത്ത് ഏതോ നാടുവാഴികള്‍ പണിത ആ കുളത്തിന്റെ
പടവുകള്‍ ഇറങ്ങി വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി വെള്ളത്തിലേക്ക് കാല് ഇറക്കി
വച്ചപ്പോള്‍തന്നെ എന്റെ ഉറക്കക്ഷീണം എങ്ങോട്ടോ പമ്പകടന്നു അത്രയ്ക്ക് തണുപ്പായിരുന്നൂ
ആ വെള്ളത്തിന്. അങ്ങനെ ഞാന്‍ മെല്ലെമെല്ലെ കുളത്തില്‍ ഇറങ്ങി മുങ്ങി നിവര്‍ന്നപ്പോള്‍
അതുവരെ മനസ്സില്‍ അടിഞ്ഞുകിടന്ന വിഷമങ്ങള്‍ഒക്കെ ആ തണുത്ത വെള്ളത്തിനൊപ്പം എങ്ങോട്ടോ
ഒഴുകിപ്പോയപോലെ എനിക്ക് അനുഭവപ്പെട്ടു.
അപ്പോഴാണ് എന്റെ കാതുകളിലേക്ക് എങ്ങുനിന്നോ
സാ... രീ... ഗാ... എന്ന് തുടങ്ങുന്ന ശാസ്ത്രീയ സംഗീതശീലുകള്‍ കാറ്റിന്റെ ചിറകിലേറി
ഒഴുകി വന്നത്. അത് കുളക്കരയില്‍ താമസിക്കുന്ന സുബ്രഹ്മണ്യഭാഗവതരുടെ വീട്ടില്‍
നിന്നായിരുന്നൂ എന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. കാരണം കുറച്ചു
പണ്ട് അദ്ദേഹത്തിന്റെ അപ്പന്‍ ഭാഗവതര്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന സമയത്ത് സുബ്രഹ്മണ്യന്റെ
സഹോദരിയായ സരസ്വതിയുടെ പിന്നാലെ ഞാന്‍ എത്ര നടന്നിരിക്കുന്നൂ. ഒടുക്കം അവളുടെ വിവാഹം
അവളുടെ അമ്മാവന്റെ മകനുമായി ഉറപ്പിച്ചപ്പോഴാണ് അവള്‍ തലയുയര്‍ത്തി എന്നെ ഒന്ന്
നോക്കിയത് തന്നെ.
പിന്നെ കുറേക്കാലം ഇബ്രാഹിം ഹാജിയ്ടെ മകളുടെ പിന്നാലെ രണ്ടു
കൊല്ലം നടന്നു കാലം കഴിച്ചപ്പോഴാണ് കണ്ണേട്ടന്റെ ഓട്ടോറിക്ഷ വര്‍ക്ക്ഷോപ്പില്‍
ജോലിക്ക് കയറിയത്. അങ്ങനെ ഓരോന്ന് ചിന്തിച്ചു ആ ജലപ്പരപ്പില്‍ നീന്തിതുടിച്ചപ്പോള്‍
കുളത്തിന്റെ അക്കരയില്‍ കുളിച്ചുകൊണ്ടിരുന്ന അനിതയെ വെറുതെ നോക്കി യപ്പോള്‍
അവളുടെ ചേച്ചി എന്നെ നോക്കി ചുണ്ടുകൊണ്ട് പോടാ ###@ എന്ന് പറഞ്ഞപ്പോള്‍ തന്നെ അവള്‍
പറഞ്ഞ ശുനകപുത്രഹ എന്ന് തുടങ്ങുന്ന മന്ത്രാക്ഷരം എനിക്ക് നന്നെ ബോധിച്ചു. അങ്ങനെ
അവളെ നോക്കി നിന്നെ ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞു തിരിച്ചു നീന്തി കുളി മതിയാക്കി പടവുകള്‍ കയറുമ്പോൾ വീണ്ടും എന്റെ കണ്ണുകള്‍ അക്കരയിലെ പെണ്‍കൂട്ടത്തിലേക്ക്
തിരിഞ്ഞു. അപ്പോള്‍ അനിത എന്നെ നോക്കി പുഞ്ചിരിച്ചു നില്‍പ്പുണ്ടായിരുന്നൂ .
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പതിനാല്
നോവുന്ന ഹൃത്തിനെ തൽക്കാലത്തേക്കെങ്കിലും അവളുടെ പുഞ്ചിരി ഉപകരിച്ചു എന്ന് പറയാം. കാരണം കാത്തിരിക്കാൻ ആരോരും ഇല്ലാത്ത എനിക്ക് വെറുതെ ആശിക്കാനെങ്കിലും ഒരുവളെ കിട്ടിയ ആശ്വാസത്തിൽ മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരികൊണ്ടാണെന്ന് തോന്നുന്നൂ ക്ഷേത്രത്തിൽ നിന്നും ഇല്ലത്തേക്ക് മടങ്ങിയ തിരുമേനി എന്നെ നോക്കി
തിരുമേനി : എന്താ ഗോപീ പതിവില്ലാത്ത ഒരു പുഞ്ചിരി, മനസ്സിന്റെ വേദനയ്ക്ക് ഉത്തമഔഷധം ദേവീപ്രസാദം തന്നെയാണ്. വൈകീട്ട് ക്ഷേത്രത്തിലേക്ക് വരില്ലേ . ഇത്തവണത്തെ ഉത്സവം കെങ്കേമമായിരിക്കും
എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ കുളക്കടവിൽ നിന്നും കുടിയേറിയ ദേവിയെ പൂജിക്കുന്ന തിരക്കിലായിരുന്നു. എന്നിൽ നിന്നും പ്രത്യേകിച്ച് ഉത്തരം ഒന്നും ഇല്ലാതായപ്പോൾ തിരുമേനി ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു നീങ്ങി. വൈകീട്ട് എങ്ങനെയെങ്കിലും സമയം കണ്ടെത്തി തെയ്യം കാണാൻ വരണം എന്നാൽ ആ തെയ്യത്തോടൊപ്പം എന്റെ ദേവിയേയും അടുത്തു കാണാൻ അവസരം കിട്ടുമല്ലോ എന്ന് ചിന്തിച്ചു ക്ഷേത്രത്തിലേക്ക് നോക്കി തൊഴുത് നിന്നപ്പോൾ. എന്തോ മനസ്സിൽ ഒരു ശാന്തത കളിയാടിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. അങ്ങനെ ഞാൻ നടന്ന് ആൽമരത്തണലിൽ നിറുത്തിയിട്ട ഓട്ടോറിക്ഷയിലേക്ക് കയറി അവിടെനിന്നും യാത്ര തിരിച്ചപ്പോൾ മനസ്സിൽ എവിടെയോ എന്നും കാണാറുള്ള അവളുടെ മുഖം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നൂ.
അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള അവളുടെ ഉണ്ടക്കണ്ണുകൾ നോക്കികൊണ്ട് ഇരിക്കാൻ എന്തൊരു ചേലാണ്. അങ്ങനെ എന്നൊക്കെ നോക്കിയിട്ടുണ്ടോ അപ്പോഴൊക്ക അവൾ പുരികം അനക്കി ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ എന്ന നോക്കി എന്താ എന്ന് ചോദിക്കും. അതിനു മറുപടിയായി ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി കണ്ണുകൾ ചിമ്മി കാണിക്കുമ്പോഴേക്കും അവളുടെ മുഖത്ത് പുഞ്ചിരി വിരിയുകയായി പിന്നെ പാവാട ഇച്ചിരി പൊക്കി പിടിച്ചു മുന്നോട്ടോടുന്ന ആ കാഴ്ച ഒരു സുഖമുള്ളതാണ്. ഒരിക്കൽ അവൾ പാട്ടുംപാടി വയലിൻ കരയിലൂടെ നടന്നുവരുമ്പോൾ നിനച്ചിരിക്കാതെ അമ്പലമുറ്റത്ത് എന്നെ കണ്ടപ്പോൾ എന്നോട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ കുഴയുന്നത് കണ്ടത് എങ്ങനെ മറക്കും .
ചിലപ്പോഴൊക്കെ അവളുടെ ക്ഷേത്രദർശനം ചേച്ചിയോടൊത്ത് ആയിരിക്കും അന്ന് അവളെത്ര അനുസരണയുള്ള പെണ്കുട്ടി ആ നാട്ടിൽ ഇല്ല എന്ന ഭാവമായിരിക്കും പെണ്ണിന് . എന്ത് ചെയ്യാം പെണ്ണല്ലേ വർഗ്ഗം നിമിഷം കൊണ്ട് ഭാവം മാറാനും കുടുങ്ങിയാൽ കരഞ്ഞു തടിയൂരാനും അവരെ കണ്ടു കാലം മാറി . ഇന്നത്തെ പ്രേമങ്ങളിൽ പണ്ടത്തെ വിശ്വാസ ശുദ്ധി കുറഞ്ഞിരിക്കുന്നൂ അല്ലെ അതിൽ കാലാകാലങ്ങളോളം നിലനിൽക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമാണ് എന്നത് പ്രപഞ്ച സത്യം .
അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയപ്പോഴേക്കും മുൻപരിചയം വച്ച് ഓട്ടോറിക്ഷ ചാത്തുവേട്ടന്റെ കടയ്ക്കു മുമ്പിലായി നിന്നു . ഞാൻ സ്റ്റാർട്ട് ചെയ്യാൻ കുറെ നേരം കിക്കർ ചവിട്ടിയത് മിച്ചം. അവൾ സ്റ്റാർട്ടാവാൻ തയ്യാറാവാതെ മടിച്ചു നിന്നപ്പോൾ ഞാൻ ഇറങ്ങി കടയിൽ അന്നത്തെ പ്രാതൽ കഴിക്കാനായി കയറി. അങ്ങനെ പ്രാതൽ കഴിച്ചുകൊണ്ട് അന്നത്തെ പത്രത്താളുകളിലൂടെ കണ്ണോടിച്ചപ്പോഴാണ് ആ വാർത്ത എന്റെ ശ്രദ്ധയിൽ പതിഞ്ഞത് .
ഞാൻ ആ വാർത്തയോടൊപ്പമുള്ളചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. അതിൽ കണ്ട മുഖങ്ങൾ മുൻപെങ്ങോ കണ്ടത് പോലെ എനിക്ക് തോന്നി അങ്ങനെ യിരിക്കുമ്പോഴാണ് പവിത്രൻ അങ്ങോട്ട് കയറിവന്നത് . ഞാൻ ആ വാർത്ത അദ്ദേഹത്തിന് കാണിച്ചു ക്കൊടുത്തപ്പോൾ അയാൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി
പവിത്രൻ : ഞാൻ ഇന്നലെ തന്നെ അറിഞ്ഞിരുന്നോ . ഇന്നലെ ടൗണിൽ വച്ച് ഒരു സ്ത്രീയുടെ ഒരു വശപ്പിശക് ചലച്ചിത്രം എടുത്തതിന് നാട്ടുകാർ കൈകാര്യം ചെയ്തശേഷം പോലീസിൽ ഏൽപ്പിച്ചതാ ആ രണ്ടുപേരെയും .അന്ന് മോളിയേ ബൈക്കിടിച്ചതിന് വലിയ വായിൽ ന്യായീകരണം നടത്തിയ സ്ത്രീയില്ലേ അവരെപ്പോലെയുള്ള 'അമ്മ മാരാണ് കുട്ടികളെ ഇത്തരത്തിൽ താന്തോന്നികളാക്കി മാറ്റുന്നത്. നോക്ക് അന്നത്തെ ആ മാഷിന്റെ കുട്ടിയൊഴികെ രണ്ടെണ്ണത്തിനും രണ്ടു കിട്ടാത്തതിന്റെ കുറവുണ്ടായിരുന്നൂ . ഏതായാലും സാമിന്റെ കയ്യിലാണ് കിട്ടിയതെങ്കിൽ ഇതോടെ അവരുടെ എല്ലാ അസുഖങ്ങളും അയാൾ മാറിക്കോളും . പക്ഷെ അവർക്ക് വേണ്ടി ജീവിതം തന്നെ അന്യനാട്ടിൽ നരകിച്ചു കഴിയുന്ന അദ്ദേഹത്തെ അവർ ഓർക്കേണ്ടതായിരുന്നൂ . ചിലപ്പോൾ ആ സ്ത്രീകാരണം ആയിരിക്കും അയാൾ ഇങ്ങോട്ടു വിട്ടു വരാത്തത് . സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കഴിയാൻ അനുവദിക്കുന്നുണ്ടാവില്ല അവർ . ചിലർ അങ്ങനെയാ . അവർക്ക് പണം മതി, മറ്റുള്ളവർ നരകിച്ചാലും തങ്ങൾക്ക് എന്താ ഇല്ലേ . ഒരിക്കൽ ഒരു ഗൾഫ് കാരന്റെ കല്യാണത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ പ്രവാസിയായ പാവം പിതാവ് ഭാര്യക്കും മക്കൾക്കും പിന്നിൽ നിന്ന് എല്ലാവരെയും നോക്കി തലകുലുക്കി ചിരിച്ചു നില്കുന്നത് കണ്ടപ്പോൾ എന്റെ അറിയാതെ നെഞ്ച് വല്ലാതെ നീറി.
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ആ പടത്തിൽ കണ്ട ആ മുഖങ്ങൾ എന്റെ മനസ്സിൽ ശരിക്കും തെളിഞ്ഞു വന്നത്.
തുടരും
ആ മഴക്കാലത്ത്
എം. പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനഞ്ചു
അങ്ങനെ പ്രാതലും കഴിച്ചു കടയില്‍
നിന്നും ഇറങ്ങാന്‍ തുടങ്ങവേയാണ് പിന്നില്‍ നിന്നും
പവിതന്‍: എടാ... ഗോപീ... ഞാനും വരുന്നൂ , പിന്നേ നിനക്ക് വേറെ
പരിപാടിയൊന്നും ഇല്ലല്ലോ?
എന്ന് വിളി വന്നത്. ശബ്ദം കേട്ടപ്പോഴേ അതിന്റെ ഉടമയെ എനിക്ക് മനസ്സിലായി.അത്
നമ്മുടെ പവിത്രന്‍ ആയിരുന്നൂ. ഞാന്‍ തലതിരിച്ചു അയാളെ ശ്രദ്ധിച്ചു നോക്കി
ഞാൻ : ഇല്ല, എവിടെക്കാ പവിയേട്ടാ പോകേണ്ടത്
എന്ന് ചോദിച്ചപ്പോഴേക്കും അയാൾ ഓട്ടോറിക്ഷയിൽ കയറി ഇരുന്ന്
കഴിഞ്ഞിരുന്നൂ.
അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട്
പവിത്രൻ : ഗോപീ നമുക്ക് ഒരുസ്ഥലം വരെ ഒന്ന് പോകണം. ബാക്കി കാര്യങ്ങൾ
ഒക്കെ വഴിയേ ഞാന്‍ പറയാം നീ ഏതായാലും വണ്ടി എടുക്ക്. പിന്നെ പതിവില്ലാതെ
എന്താ ഒരു ചേട്ടാ വിളി എന്നെക്കൊണ്ട് എന്തെങ്കിലും
പ്രത്യേകിച്ച് സഹായം വല്ലതും വേണോ. നിന്റെ
കുളത്തിന്‍ കടവിലെ പ്രണയം എന്ന പുസ്തകം ഞാന്‍ വായിചിരുന്നൂ കേട്ടോ
എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും സ്തബ്ദനായി , പവിത്രന്‍ എന്റെ
എല്ലാകാര്യങ്ങളും അറിയുന്നുണ്ടായിരുന്നോ,
പവിത്രേട്ടന്‍ എന്ന് വിളിച്ചത് അബദ്ധമായോ എന്നിങ്ങനെയുള്ള ചിന്തകള്‍ എന്നില്‍ ഉയര്‍ന്നുവന്നൂ.
അങ്ങനെ ഞാൻ ഓട്ടോറിക്ഷയുമായി അവിടെനിന്നും യാത്ര ആരംഭിച്ചു . അദ്ദേഹം പറഞ്ഞ വളവുകളും കയറ്റങ്ങളും പുഴയും കടന്ന് മുന്നോട്ട് നീങ്ങിയ
ഓട്ടോറിക്ഷ ഒരു മാളിക വീടിന്റെ ഗേറ്റിന് മുന്‍പിലായി ചെന്ന് നിന്നൂ. ആ പഴയ മാളിക
വീട് ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ എന്റെ മനസ്സ് “നീ മുന്‍പ് എപ്പോഴോ സ്ഥിരമായി
വരുമായിരുന്നില്ലേ ഇവിടെ എന്ന് ഒരു സംശയം പറഞ്ഞപ്പോള്‍ “ ഞാൻ ഓർമ്മകളിലൂടെ ഒന്ന് സഞ്ചരിച്ചു കൊണ്ട് ഏതോ
ചിന്തയില്‍ മുഴുകി. അപ്പോഴാണ് അപ്രതീക്ഷിതമായി എന്തോ ഒന്ന് എന്‍റെ തോളില്‍
പതിച്ചത്. ആ അടിക്ക് നല്ല വേദനയുണ്ടായിരുന്നൂ അതിനാല്‍ തന്നെ ചുമലും കൈകൊണ്ട് പിടിച്ചു തലതിരിച്ചു
നോക്കിയപ്പോള്‍ എന്റെ പിന്നിലായി കറപിടിച്ച പല്ലുകളുമായി നിന്ന് പുഞ്ചിരിച്ചു
കൊണ്ട് നില്‍ക്കുന്ന ആളെ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അപ്പോഴാണ് പവിത്രന്‍
വന്ന്‍ അയാളെ ചേര്‍ത്ത് പിടിച്ചു ഗേറ്റും കടന്ന് നടന്നു നീങ്ങിയത്. ഒന്നും
മനസ്സിലാവാതെ അങ്ങനെ ഞാനും അയാളെ പിന്തുടര്‍ന്നൂ. അങ്ങനെ നടന്നപ്പോള്‍ വീട്ടിന്റെ
വരാന്തയില്‍ നിറകണ്ണുമായി നില്‍ക്കുന്ന സ്ത്രീയെ ഞാന്‍ സൂക്ഷിച്ച് നോക്കി. അത്
എന്റെ സതീര്‍ത്യന്‍ ആയിരുന്ന ഗഫൂറിന്റെ സഹോദരിയായിരുന്നൂ അത്. എന്റെ നെറ്റിയില്‍
നിന്നും നെറുകയിലേക്ക് കയറിക്കൊണ്ടിരുന്ന കഷണ്ടിയുടെ സാന്നിധ്യം കാരണം അവര്‍ എന്നെ
തിരിച്ചറിഞ്ഞില്ല. അപ്പോഴാണ് വീട്ടിനകത്തുനിന്നും പവിത്രന്റെ ശബ്ദം ഉയര്‍ന്നു
കേട്ടത്. അപ്പോഴേക്കും നേരത്തെ കണ്ട ആ രൂപം വീണ്ടും അകത്ത് നിന്നും എന്റെ മുന്നില്‍
വന്നു നാവ് പുറത്തേക്ക് കാട്ടി കണ്ണുകള്‍ ഉരുട്ടി ചിരിച്ചുകൊണ്ട് നിന്നപ്പോള്‍
എന്തോ എന്നില്‍ വല്ലാത്ത ഒരു ഭയം വന്ന്‍ നിറഞ്ഞു. അങ്ങനെ നിന്നപ്പോഴാണ് പവിത്രന്‍
അവനെ നോക്കി
പവിത്രന്‍ : എടാ ഗഫൂറെ ഇങ്ങോട്ട്
വാടാ
എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞപ്പോള്‍
ആ രൂപത്തിന്റെ ഭാവം പെട്ടെന്ന്‍ മാറി പിന്നെ എന്നെ നോക്കി നിറകണ്ണുകളോടെ
രൂപം : ഞാന്‍ പിന്നെ വരാം കേട്ടോ,
അല്ലെങ്കില്‍ അയാള്‍ അടിക്കും. എനിക്ക് ഭ്രാന്തില്ല . അയാള്‍ എന്നെ ചങ്ങലയ്ക്ക്
ഇടും
എന്ന് പറഞ്ഞ് അകത്തേക്ക് നടന്നു
നീങ്ങിയപ്പോള്‍ എനിക്ക് അത് എന്റെ ഗഫൂര്‍
ആണെന്ന് വിശ്വസിക്കാന്‍ ഒട്ടും കഴിഞ്ഞില്ല. മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടാണ്
ആ സ്ത്രീ എന്നോട്
സ്ത്രീ : നീ ഏതാ
എന്ന് ചോദിച്ചത് . അതിനു മറുപടി
പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് പവിത്രന്‍
പവിത്രന്‍ : ഖദീജക്ക് ഇവനെ മനസ്സിലായില്ലേ
? ഇതാണ് ഇവന്റെ കൂട്ടുകാരന്‍ ആയ ഗോപി.
എന്ന് പറഞ്ഞു നിറുത്തിയപ്പോഴേക്കും
ആ സ്ത്രീ എന്റെ അരികിലേക്ക് നടന്നു വന്ന്‍
സ്ത്രീ : നിന്റെ കഥ എല്ലാം
അറിയാം. എന്ത് ചെയ്യാം കണ്ടില്ലേ നിന്റെ കൂട്ടുകാരന്റെ കാര്യം ഒരിക്കല്‍ നമ്മുടെ
ഭ്രാന്തന്‍ ചന്ദ്രനെ പിടിച്ചു ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വേണ്ടി കാറില്‍ കയറ്റിയതാ.
അന്ന് അയാള്‍ ഗഫൂറിന്‍റെ തലയ്ക്ക്യ്ക്കിട്ട് ശക്തമായി അടിച്ചു. അന്ന് മുതല്‍ ഇവന്‍ ഇങ്ങനെയാ.
എന്ന് പറഞ്ഞു അവര്‍ കണ്ണുനീര്‍
തലയിലെ തട്ടത്തില്‍ തുടച്ച് വൃത്തിയാക്കി ക്കൊണ്ട് തുടര്‍ന്നു.
സ്ത്രീ : പണ്ട് നിങ്ങളുടെ വികൃതികള്‍ കാരണം എത്ര സ്കൂളുകള്‍ മാറി
മാറി പഠിച്ചു എന്ന് വല്ല ഓര്‍മ്മയുമുണ്ടോ .
പാവം തന്റെ അമ്മ, എന്നോട് നിന്നെ പ്പറ്റി പരിഭവം പറഞ്ഞിരിക്കുന്നൂ. അന്ന് നിന്റെ
ഉറ്റ ചങ്ങാതികല്‍ ഗഫൂറും മേലേതിലെ മണിയും ആയിരുന്നല്ലോ. പണ്ട് സ്കൂളില്‍നിന്നും കിട്ടിയ
ഉപ്പുമാവില്‍ കുപ്പിച്ചില്ല് വച്ച് കാക്കയ്ക്ക് കൊടുത്തതും റംലയേ ചളിവെള്ളത്തില്‍
തള്ളിയിട്ടതും നിനക്ക് ഓര്‍മ്മയുണ്ടോ,
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍
അറിയാതെ
ഞാന്‍ : അതെങ്ങനെ ചേച്ചിക്ക്
അറിയാം
എന്ന് ചോദിച്ചപ്പോള്‍ എന്നെ
നോക്കി അവര്‍
സ്ത്രീ : എടാ ഗോപീ അവള്‍ ഇന്ന്
ഗഫൂറിന്‍റെ ഭാര്യയാണ്. ഒരിക്കല്‍ എന്തോ പറയുമ്പോള്‍ അവള്‍ തന്നെയാ അന്ന് നടന്ന എല്ലാം
എനിക്ക് വിവരിച്ചു തന്നത്.
എന്ന് പറഞ്ഞു തീര്‍ന്നതും ഒരു
യുവതി വരാന്തയിലേക്ക് ഇറങ്ങിവന്നു . അവളുടെ വേഷം കണ്ടാല്‍ അറിയാം എവിടെക്കോ
പോവാനുള്ള പുറപ്പാടാണ്. മനസ്സില്‍ ഒത്തിരി ആശിച്ചു അവളുടെ പിന്നാലെ എത്രകാലം
നടന്നിരിക്കുന്നൂ. അന്നൊക്കെ മതത്തിലെ വേലിക്കെട്ടുകള്‍ ആണ് എല്ലാത്തിനും വിഘാതമായി
ഞങ്ങളുടെ ഇടയില്‍ നിന്നത് . മനസ്സ് കൊണ്ട് അറിയാതെ അത് റംല ആകരുതേ എന്ന് ഞാന്‍
അറിയാതെ പ്രാര്‍ത്ഥിച്ചു പോയി. എനിക്ക് അവളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്റെ ആ
ഭാവം കണ്ടാണ് എന്ന് തോന്നുന്നൂ ആ സ്ത്രീ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്
സ്ത്രീ : എടാ ഗോപീ ഇതാണ് നീ
മഴവെള്ളക്കെട്ടില്‍ പണ്ട് തള്ളിയിട്ട റംല
എന്ന് ലാഘവത്തോടെ പറഞ്ഞപ്പോള്‍ എന്റെ
മനസ്സ് വല്ലാതെ നീറി. അത് കേട്ട് അവളും ഒന്ന് ഞെട്ടിയത് ഞാന്‍ ശ്രദ്ധിച്ചു. പണ്ട്
അവളുമായി ഒളിച്ചോടി വിവാഹം കഴിക്കാന്‍ പദ്ധതിയിട്ട ആ നാളില്‍.എന്തുകൊണ്ടോ അവള്‍ക്ക്
വീട്ടില്‍നിന്നും ഇറങ്ങി വരാന്‍ കഴിഞ്ഞില്ല. പിന്നെ ഒരിക്കലും അവളെ കാണാന്‍
കഴിഞ്ഞുമില്ല. ഇത്രയും കാലത്തിനു ശേഷം അവളെ എന്റെ മുന്നില്‍ ഈ രൂപത്തില്‍ കണ്ടപ്പോള്‍
എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ആരോടും പറയാതെ ഞാന്‍ ആ വീട്ടില്‍ നിന്നും
ഇറങ്ങി ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു നീങ്ങി. മനസ്സിലെ വേദന കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്നത്
ഞാന്‍ അറിഞ്ഞു. കഴിവതും മറ്റാരും കാണാതിരിക്കാന്‍ തറയിലേക്കു ദ്രിഷ്ടിയൂന്നിയാണ് ഞാന്‍ നടന്നു
നീങ്ങിയത്. ഓട്ടോറിക്ഷയുടെ അരികില്‍ എത്തിയപ്പോഴേക്കും പവിത്രനും എന്റെ അരികില്‍ നടന്നെത്തി . അയാള്‍
എന്നെ നോക്കി
പവിത്രന്‍ : എടാ നീ ഒന്ന് വന്നു
അവനെ ആശുപത്രിവരെ കൊണ്ട് പോവാന്‍ സഹായിക്ക്. ഓട്ടോറിക്ഷ ഇവിടെകിടന്നോട്ടെ.
ഗണേഷിന്റെ കാര്‍ ഇപ്പോള്‍ വരും . നീ വാ
എന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ അയാളെ പിന്തുടര്‍ന്ന്
നീങ്ങി . അപ്പോഴേക്കും ഗണേഷ് കാറുമായി
അവിടേക്ക് വന്നു കയറിയിരുന്നൂ. പിന്നെ എല്ലാവരും ഗഫൂറിനെ കാറിലേക്ക് കയറ്റാനുള്ള
തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു. പക്ഷെ എന്തോ എന്റെ സാമീപ്യം കാരണം ഗഫൂര്‍ നല്ല
കുട്ടിയെപ്പോലെ കാറിലേക്ക് കയറി. അവന്‍
എന്റെ കയ്യില്‍ അമര്ത്തിപ്പിടിച്ചിരുന്നൂ. അങ്ങനെ അവന്റെ ഒരു വശത്ത് ഞാനും മറുവശത്ത്
റംലയും ആയി ഞങ്ങള്‍ കാറിനുള്ളില്‍ ഇരുന്നു. അല്പസമയത്തിനകം കാര്‍ ഞങ്ങളെയും കൊണ്ട്
അവിടെനിന്നും യാത്രയായി. യാത്രയില്‍ എപ്പോഴോ എന്റെ മടിയില്‍ കിടന്നുഉറങ്ങിയ അവന്റെ
മുടിയിലൂടെ ഞാന്‍ വിരലോടിച്ചപ്പോള്‍ റംല സൂക്ഷിച്ച് നോക്കുന്നത് ഞാന്‍
ശ്രദ്ധിച്ചു.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പതിനാറ്
ആ യാത്രയ്ക്കിടയിൽ റംലയും ഉറക്കത്തിലേക്കു മെല്ലെ വഴുതിവീണത് എന്റെ തോളിലേക്ക് അവൾ ചാരിക്കിടന്നപ്പോഴാണ് മനസ്സിലായത്. അത് കണ്ടാണ് എന്ന് തോന്നുന്നൂ രണ്ടു പ്രാവശ്യം അവളെ ഖദീജത്ത തട്ടിവിളിച്ചുണർത്താൻ ശ്രമിച്ചു പിന്നെ എന്തുകൊണ്ടോ ആ ശ്രമം ഉപേക്ഷിച്ചു എന്നെ നോക്കി
ഖദീജ : പാവം മോള് എത്രകാലമായെന്നറിയോ അതൊന്ന് മനസ്സമാധാനത്തോടെ ഒന്നുറങ്ങീട്ട്. അവളുറങ്ങട്ടെ .
എന്ന് പറഞ്ഞു എന്റെ നേരെ നോക്കി തുടർന്നു
ഖദീജ : ഗോപീ ഞങ്ങളെക്കൊണ്ട് നിന്റെ ഒരു ദിവസം പോയി അല്ലെ. എന്തുചെയ്യാം , ഞാൻ ഇന്നലെ അങ്ങാടിയിൽ വച്ച് പവിത്രനോട് ഇന്ന് ഇവനെ കൊണ്ട് പോയിക്കാണിക്കണം എന്നും ഒരാളും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാവുമായിരുന്നൂ എന്നും പറഞ്ഞിരുന്നൂ . അങ്ങനെ പവിത്രൻ നിന്നെയും കൂട്ടി വരും എന്നും ഞാൻ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.
എന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി
ഞാൻ : ഖദീജാത്ത ഞാൻ ഇവന്റെ സുഹൃത്തല്ലേ , അങ്ങനെയുള്ള സ്ഥിതിക്ക് ആവശ്യമുള്ള സമയത്തല്ലേ എന്നെക്കൊണ്ടുള്ള ഇതുപോലുള്ള സഹായം ചെയ്യേണ്ടത്. ( പിന്നെ ആത്മഗതം എന്നോണം ) ഇനി ഞാൻ ആർക്കുവേണ്ടിയാ ജീവിക്കുന്നത്.
എന്ന് പറഞ്ഞപ്പോൾ ഖദീജത്ത അത് ശ്രദ്ധിച്ചെന്ന് തോന്നുന്നൂ അവർ എന്നെ നോക്കി
ഖദീജ : മോന് നല്ലത് വരും , നിന്നെ ദ്രോഹിച്ചവരെല്ലാരും നിന്റെ മുൻപിൽ വന്ന് കരഞ്ഞു തെറ്റുകൾ സമ്മതിക്കും തീർച്ച. കാരണം നിന്റെ മനസ്സ് ശുദ്ധമാണ്. പടച്ചോൻ വലിയ സംഭവമാണ് എല്ലാം അതിന്റെ സമയമാവുമ്പോൾ കൃത്യമായി അവിടുന്ന് ചെയ്തോളും .
എന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി
ഞാൻ : പടച്ചോന് ഇന്ന് കൂറ് പണക്കാരോടാണ് . എങ്ങനെ പണം ഉണ്ടാക്കി എന്നല്ല , കണ്ടില്ലേ ദുഷ്ടന്മാരെ പനപോലെ വളർത്തി വിടുന്നത് .
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ പവിത്രൻ അതിലേക്കു ഇടപെട്ട്
പവിത്രൻ : എടാ ഗോപീ , അപ്പോൾ നീ അനിതയുടെ പിന്നാലെ നടക്കുന്നത് സന്യാസം സ്വീകരിക്കാനാ . പോടാ ഇതെല്ലാം കേട്ട് മുഖം വീർപ്പിച്ചു നിന്നെയും നോക്കിയിരിക്കുന്ന ഖദീജേ ന്റെ അടുത്ത് ചെലവാക്കി നോക്കുവാ .
എന്ന് പറഞ്ഞത് കേട്ടപ്പോൾ ഖദീജാത്ത അറിയാതെ പൊട്ടിചിരിച്ചപ്പോൾ അവരുടെ തടിച്ചുരുണ്ട ശരീരത്തിന്റെ കുലുക്കം കാരണം റംലയുടെ ഉറക്കം പോയിക്കിട്ടി . അവൾ കാര്യമറിയാതെ എന്നെയും അവരെയും മാറിനോക്കിയപ്പോൾ ഖദീജാത്ത അവളെനോക്കി
ഖദീജ : റംല നിങ്ങളുടെ കൂട്ടുകാരൻ നമ്മുടെ കണാരൻ മേസ്തിരിയുടെ മകൾ അനിതയുടെ പിന്നാലെ കുളക്കടവിലും അമ്പലത്തിലും കറങ്ങിനടക്കുന്നത് നാണിത്തള്ള പലകുറി പറഞ്ഞിരുന്നതിന്റെ പിന്നിലെ സത്യം ഇപ്പോഴാ എനിക്ക് ബോധ്യമായത്.
എന്ന് പറഞ്ഞപ്പോൾ അവളുടെ നീണ്ട നഖങ്ങൾ എന്റെ പിന്നിലായി അമർന്നത് ഞാൻ അറിഞ്ഞു . അവളുടെ ഉള്ളിൽ എന്നോടുള്ള ആ പ്രണയം ഇന്നും ഒട്ടും ചോരാതെ ഉണ്ട് എന്ന് എനിക്ക് ബോധ്യമായി എങ്കിലും എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയായ അവളെ അങ്ങനെ ചിന്തിക്കുന്നത് എങ്ങനെ എന്ന ചിന്ത അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. അതിനാൽ തന്നെ ഞാൻ ഒന്നും മിണ്ടാതെ ഗഫൂറിന്റെ തലമുടിയുടെ വിരലുകളോടിച്ചു അങ്ങനെ ഇരുന്നു . അങ്ങനെയിരുന്നപ്പോഴേക്കും എപ്പോഴോ ഖദീജാത്ത കാറിന്റെ സീറ്റിൽ ചാരിയിരുന്ന് കൂർക്കം വലിച്ചു ഉറക്കിലേക്കു കടന്നു. റംലയാണെങ്കിൽ എന്റെ ദേഹത്തോട് ചേർന്നിരുന്ന് ഒന്നുമറിയാത്ത പോലെ പുറത്തേക്ക് കണ്ണും നട്ടിരുന്നപ്പോൾ ഞാനും പലകുറി അവളെ തിരിഞ്ഞു നോക്കി. കുറേക്കഴിഞ്ഞുകാണും കാർ വഴിയിലെ ഒരു കുഴിയിൽ ചെന്ന് ചാടി മുന്നോട്ടു നീങ്ങിയപ്പോൾ അവൾ ഒന്നുകൂടി എന്നിലേക്ക് വന്നമർന്നു. അങ്ങനെ യിരിക്കെ ഞങ്ങൾ ആശുപത്രിയുടെ കവാടവും കടന്ന് പോർച്ചിലെ ചെന്ന് നിന്നു . അങ്ങനെ ഞാനും പവിത്രനും ചേർന്ന് ഗഫൂറിനെ എഴുന്നേൽപ്പിച്ചു കൂട്ടി ആശുപത്രിയ്ക്കകത്തേക്കു നടന്നു നീങ്ങി. പിന്നാലെ ഉമ്മയും റംലയും ഞങ്ങളെ പിന്തുടർന്നു. അങ്ങനെ ഞങ്ങൾ അല്പസമയത്തിനകം ഞങ്ങൾ ഗഫൂറിനെയും കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു. അങ്ങനെ ഡോക്ടറുടെ വിശദമായ പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങൾ ഏകദേശം ഉച്ചയോടെ അവിടെനിന്നും വീട്ടിലേക്കു തിരിച്ചു . ആശുപത്രിയിൽ നിന്നും കുത്തിവെച്ച മരുന്നിന്റ ക്ഷീണത്തിൽ ഗഫൂർ കാറിൽ കയറിയപ്പോൾ തന്നെ ഉറങ്ങി. കാറിനുള്ളിൽ അലയടിച്ച പഴയ സിനിമാ ഗാനങ്ങളുടെ അലകൾ കേട്ട് ഉച്ചവെയിലിൽ ചൂടിന്റെ ആലസ്യത്തിൽ ആദ്യമായി ഖദീജയും പിന്നാലെ പവിത്രനും സീറ്റുകളിൽ ഇരുന്നു മയക്കത്തില് കീഴടങ്ങി . അവരുടെ നിമ്നോന്നതങ്ങളായി ഉയർന്നു കേട്ട കൂർക്കം വലി പാട്ടിനു പശ്ചാത്തല സംഗീതം തീർത്തപ്പോൾ ഞാൻ എന്തോ ചിന്തിച്ചു പുഞ്ചിരിച്ചു. പിന്നെപ്പോഴോ എന്റെ കണ്ണുകളിലും ഉച്ചയുറക്കത്തിന്റെ അലകൾ വന്നു നിറഞ്ഞപ്പോൾ കൺപീലികൾ ഞാനറിയാതെ തന്നെ വന്നു മൂടി . അങ്ങനെ കുറച്ചു സമയത്തിനകം നന്നായി ഉറക്കം പിടിച്ച എന്റെ തല ഉറക്കം തൂക്കി തല രണ്ടു പ്രാവശ്യം മുന്നിലെ സീറ്റിന്റെ അരികിൽ വന്ന് പിന്നിലേക്ക് ചെന്ന് സീറ്റിൽ തട്ടിനിന്നു . പിന്നീട് അവിടെനിന്നും ഉരുണ്ട് റംലയുടെ തോളിലേക്ക് തട്ടി നിന്നു . അവൾ കുറേനേരം ഒന്നും മിണ്ടാതെ എന്നെ സഹിച്ചിരുന്നൂ പിന്നീടെപ്പോഴോ എന്റെ പുറത്തുകൂടി തണുത്ത എന്തോ ഇഴയുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ ആണ് ഞാൻ ഉറക്കമുണർന്നത് തന്നെ.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പതിനേഴ്
ഞാൻ കണ്ണുകൾ തുറന്ന് ഒന്നനങ്ങി ഇരുന്നപ്പോഴേക്കും പുറത്തെ ഇഴച്ചിൽ നിന്നു, അങ്ങനെ ഞാൻ തല അരികിലായിരുന്നിരുന്ന റംലയിലേക്ക് തിരിച്ചു. അപ്പോൾ അവളും ഖദീജത്തയും ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതുള്ള ഉറക്കത്തിൽ ആയിരുന്നൂ . അപ്പോഴേക്കും വീണ്ടും ആ കൈകൾ എന്റെ പുറത്തുകൂടി അങ്ങോട്ടും വശങ്ങളിലേക്കും സഞ്ചരിക്കാൻ തുടങ്ങി.അങ്ങനെയിരിക്കുമ്പോഴാണ് മടിയിൽ മരുന്നിന്റെ ആലസ്യത്തിൽ കിടന്നുറങ്ങിയിരുന്ന ഗഫൂർ എന്റെ നേരെ നോക്കി പുഞ്ചിരിക്കുന്നത് ശ്രദ്ധിച്ചത്. അപ്പോഴാണ് ഇത്രയും നേരം ഞാൻ അറിയാതെ തെറ്റിദ്ധരിച്ച പുറത്തുകൂടി സഞ്ചരിച്ച തണുത്ത ജീവി അവന്റെ കൈകൾ ആയിരുന്നൂ എന്ന് എനിക്ക് മനസ്സിലായത്. അവൻ എന്നെ നോക്കി റംലയെ നോക്കി വിരലുകൾ പിണച്ചു കാണിച്ചപ്പോഴാണ് എന്റെയും അവളുടെയും പ്രണയ കഥ അവന് വ്യക്തമായും അറിയാമായിരുന്നൂ എന്ന് ബോധ്യമായത്. അവൾ എന്നെ നോക്കി സാരമില്ല നീ വേണമെങ്കിൽ അവളെയും കൂട്ടി ഓടിപ്പൊയ്ക്കോ എന്തിനാ അവളെയിട്ട് ഇങ്ങനെ ക ഷ്ടപ്പെടുത്തുന്നത് എന്ന് ചുണ്ടുകളും വിരലുകൾ കൊണ്ടും ആംഗ്യഭാഷയിൽ ചോദിച്ചത് കണ്ടുകൊണ്ടാണ് റംല ഉറക്കം ഉണർന്നത്. അവൾ എന്റെ നേരെ സൂക്ഷിച്ചു നോക്കി ക്കൊണ്ട് ഇച്ചിരി മാറിയിരിക്കാൻ ഒരു ശ്രമം നടത്തി. അവളുടെ ആ പ്രവൃത്തി കണ്ടാൽ തോന്നും ഇതൊക്കെ ഞാൻ കാരണം ആണ് സംഭവിച്ചത് എന്ന് . അവിടെ നിന്നും അവരുടെ വീടെത്തുന്നത് വരെ ഞങ്ങളുടെ ഇടയിൽ ഒരു നിശബ്ദത കളിയാടിയിരുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല, വീട്ടിൽ ചെന്ന് ഗഫൂറിനെ അകത്തേക്ക് കൊണ്ടുപോയി കിടത്തി പവിത്രനെയും കൂട്ടി അവിടെനിന്നും ഇറങ്ങിയപ്പോൾ ഖദീജത്ത എന്നെ നോക്കി നിറഞ്ഞകണ്ണുകളോടെ
ഖദീജ: എടാ ഗോപീ നിനക്ക് ഇവളെ കൂട്ടി എങ്ങോട്ടേക്കെങ്കിലും പോയി ജീവിച്ചൂടെ.പാവം മോള് , വിവാഹം കഴിഞ്ഞു അധികനാളൊന്നും ഒരുമിച്ചു കഴിയാൻ കഴിഞ്ഞിട്ടില്ല. ചികിത്സ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഗഫൂറിന്റെ മനസ്സിലും നിന്റെ കൂടെ ഇവളെ ചേർത്ത് വെക്കണം എന്ന ആശ ഉണ്ട് എന്ന് ഒരിക്കൽ അവൻ പറഞ്ഞതായി ഓർക്കുന്നൂ.
എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി , അതിനു പവിത്രനാണ് മറുപടിയായി
പവിത്രൻ : ഖദീജ നിങ്ങളുടെ മനസ്സിൽ അങ്ങനെ ഒരു ആശ ഉണ്ടായത് കൊണ്ട് മാത്രമായില്ല നമ്മൾ ജീവിക്കുന്ന സമൂഹത്തെയും അതുപോലെ മതത്തിന്റെ അതിർവരമ്പുകളും ശ്രദ്ധിക്കാതെ ഒന്നിനും ഇറങ്ങി പുറപ്പെടരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ
ഞാൻ : ഹും ... സമൂഹത്തെയോ മതത്തെയോ ഞാൻ വകവെക്കുന്നില്ല. കാരണം സൗകര്യത്തിനനുസരിച്ചു വാക്കുകളും തത്വചിന്തകളും മാറിമാറിവരുന്ന സമൂഹത്തിനെ ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല. ഒരു കാര്യം ചോദിച്ചോട്ടെ , നിന്റെ വീട്ടിൽ ഒരു ജനനം മുതൽ മരണം വരെ നടക്കുമ്പോൾ അതിന്റെ പിന്നിൽ ഊണും ഉറക്കവും ഇല്ലാതെ വിദേശത്തും സ്വദേശത്തും കിടന്ന് അഹോരാത്രം കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാടുകൾ വിസ്മരിച്ച് തങ്ങൾക്കു കിട്ടാൻ പോവുന്ന ലാഭത്തിന്റെ കണക്കുമാത്രം നോക്കിമാത്രം മറ്റുള്ളവരെ സ്നേഹിക്കുന്ന സമൂഹത്തെ എന്തിനാണ് നാം സ്നേഹിക്കുന്നത്. ഇന്നത്തെ സമൂഹത്തിന്റെ മുന്നിൽ ഒരുവൻ ആപത്തിൽ പെട്ടാലും അവന്റെ സെൽഫി എടുത്ത് ലൈക് നേടാനാണ് അവരിൽ ചിലർക്ക് താൽപ്പര്യം . അതുപോലെ അത്തരത്തിലുള്ള പ്രവർത്തികളിൽനിന്നും മറ്റുള്ളവരെ ശാസിച്ചു നിറുത്തേണ്ട മറ്റുചിലർ ഞാനൊന്നും അറിയില്ലേ രാമനാരായണ എന്ന ഭാവത്തിൽ കഴിച്ചുകൂട്ടുമ്പോൾ ഒരു സമൂഹത്തിന്റെ പതനം പൂര്ണമാവുന്നൂ . അതുപോലെ വേറെ കുറച്ചുപേരുണ്ട് അവരുടെ ജോലി തന്നെ മറ്റുള്ളവർ നൽകിയ നല്ല കാര്യങ്ങൾ നിശ്ശേഷം വിസ്മരിച്ചു അദ്ദേഹത്തിന്റെ കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കുക എന്നതാണ്. ഇവർ ചേരുന്നതാണ് സമൂഹം എന്നാൽ ഞാൻ ആ സമൂഹത്തിനു പുല്ലു വിലപോലും കൽപ്പിക്കുന്നില്ല. പിന്നെ റംല ഒരു കാലത്ത് അവൾ എന്റെ എല്ലാമെല്ലാം ആയിരുന്നൂ. ഇന്ന് അവൾ എന്റെ സുഹൃത്തിന്റെ ഭാര്യയാണ് . ഈ സമയത്താണ് അവനു അവളുടെ സാമീപ്യം അത്യാവശ്യമായി വേണ്ടത്. പിന്നെ നിങ്ങൾ പറഞ്ഞ ആഗ്രഹം അവൾക്കും ഉണ്ട് എങ്കിൽ ഞാൻ അവളെ സ്വീകരിക്കാൻ എന്നും തയ്യാറും ആണ് .
എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ ചാലുകൾ ആനന്ദത്തിന്റേത് ആണോ , അറിയില്ല ചക്കയാണെങ്കിൽ നമുക്ക് അത് ഞെക്കിനോക്കിയോ ചൂഴ്ന്ന് നോക്കിയോ പാകമായൊന്ന് മനസ്സിലാക്കാം. പക്ഷെ ചിലരുടെ കണ്ണീരോ പുഞ്ചിരിയോ കണ്ടാൽ അവരുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയില്ല . അപ്പോഴും പവിത്രന്റെ മുഖത്ത് വിരിഞ്ഞ കൗതുകം എന്നെ വല്ലാതെ അസ്വസ്ഥനാക്കി . ഇത്രയും കാലം എന്റെ മനസ്സിന്റെ സ്വകാര്യദുഃഖത്തിൽ ഒന്നാണ് പരസ്യമായി മാറിയത് .
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പതിനെട്ട്
അങ്ങനെ ഓരോന്നാലോചിച്ചു്
നിന്നപ്പോഴാണ് വെള്ള
തലേക്കെട്ടും നീണ്ടു വളര്‍ന്ന താടിയും ഉള്ള ഒരു വൃദ്ധന്‍ അങ്ങോട്ടേക്ക് കയറിവരുന്നത്
എന്റെ ശ്രദ്ധയില്‍ പെട്ടത്. അയാളെ കണ്ടപ്പോഴേ ഖദീജ അയാളെ നോക്കി
ഖദീജ : എന്തെല്ലാ ഹാജിയാരെ
ഇങ്ങള്‍ക്ക് ഇങ്ങോട്ട് ഉള്ള വഴിയെല്ലാം അറിയോ?
എന്ന് ചോദിച്ചപ്പോള്‍ അയാള്‍
ചിരിച്ചുകൊണ്ട് വായിലെ മുറുക്കാന്‍ നീട്ടി ത്തുപ്പി ഞങ്ങളെ നോക്കിക്കൊണ്ട് വരാന്തയിലേക്ക്
നടന്ന് കയറി ഖദീജാത്തയെ നോക്കി
ആൾ : ഞാന്‍ നല്ല തിരക്കിലെനു
പിന്നെ ഇങ്ങള് രാവിലെത്തന്നെ ഏടപ്പോയതാ, രാവിലെ വാസുന്റെ പീടികയില്‍ നിക്കുമ്പോഴാ ഗണേശന്റെ
കാറില് ഇങ്ങള്
പോവുന്നത് കണ്ടത്
എന്ന് പറഞ്ഞു ഞങ്ങളെ നോക്കി
ചോദിച്ചു
ആള്‍ : ഖദീജ ഇവരേതാ? മുന്‍പ്
കണ്ട് പരിചയം തീരെയില്ല അതാ
എന്ന് ചോദിച്ചപ്പോൾ
ഖദീജ: അത് ഞങ്ങള്‍ രാവിലെ
ഗഫൂറിനെ ആശുപത്രിയില്‍ കൊണ്ടുപോയതായിരുന്നൂ. ഞങ്ങള് പെണ്ണുങ്ങള് വിചാരിച്ചാല്‍
ഇവനെ കൊണ്ടുപോവാന്‍ വിഷമമായതിനാല്‍ ഞാന്‍ ഇവരെ സഹായത്തിന് വിളിച്ചതാ.
എന്ന് പറഞ്ഞുകൊണ്ട് എന്നെ നോക്കി
കണ്ണുചിമ്മി കാണിച്ചപ്പോഴാണ് വന്ന ആള്‍ അവരുടെ കുടുംബക്കാരനാന്ന് എനിക്ക് ബോധമായത്
തന്നെ. പിന്നെ അധികസമയം അവിടെ ചിലവഴിക്കാതെ
ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി. ഓട്ടോറിക്ഷയുടെ അരികിലെത്തിയതും ഒരു പിന്‍വിളിയെന്നോണം
ആരുടെയോ ശബ്ദം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഓടിക്കൊണ്ട് അരികിലേക്ക്
ചിരിച്ചുകൊണ്ട് വന്ന രംലയെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഒന്ന് അമ്പരന്നു. പടച്ചോനെ ഇവള്
ഉമ്മ പറഞ്ഞപോലെ ഇറങ്ങി വന്നോ എന്നാണ് മനസ്സ് എന്നോട് ആദ്യം ചോദ്യച്ചത്. അവള്‍
അരികിലേക്ക് വന്നു കിതച്ചുകൊണ്ട്
റംല : ഗോപിയേട്ടാ ഉമ്മ ഇത് ഇങ്ങക്ക്
തരാന്‍ പറഞ്ഞു
എന്ന് പറഞ്ഞു കയ്യിലെ കുറച്ചു
പണം എന്റെ നേരെ നീട്ടി നിന്നപ്പോള്‍ ഞാന്‍ അത് സ്നേഹത്തോടെ നിരസിച്ചു അവളെ
പറഞ്ഞയക്കാന്‍ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ എന്നെ വിട്ട് പോവാനുള്ള ഭാവം തീരെ ഇല്ല
എന്ന് തോന്നി. എങ്കിലും ഈ സമയത്തിന് അവളെ കൂടെ കൂട്ടുന്നത് അത്രയ്ക്ക് പന്തിയല്ല
എന്ന് എന്റെ മനസ്സ് പറഞ്ഞതിനാല്‍ ഞാന്‍
അവളെ നോക്കി
ഞാന്‍ : രണ്ടു ദിവസം കഴിഞ്ഞു
വരാം അപ്പോള്‍ കാണാം
എന്ന് പറഞ്ഞപ്പോള്‍ അവളുടെ വിളറിയ
മുഖത്ത് വിരിഞ്ഞ പരിഭാവത്തിലും എന്തോ നഷ്ടബോധത്തിന്റെ നിഴല്‍ ഞാന്‍ ദര്‍ശിച്ചു.
അവളെ നോക്കി
ഞാന്‍ : കാന്താരി നിന്നെ ഒരിക്കല്‍ എന്റെ കൈയ്യില്‍ കിട്ടും
അപ്പോള്‍ ശരിയാക്കിത്തരാം
എന്ന് അവളെ നോക്കി വെറുതെ പറഞ്ഞപ്പോള്‍
ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് ഒത്തിരി ഭംഗിയുണ്ടായിരുന്നൂ. അങ്ങനെ അവളോട്
യാത്രപറഞ്ഞു ഓട്ടോറിക്ഷയുമായി നീങ്ങിയപ്പോള്‍ പവിത്രന്‍റെ മുഖത്ത് വിരിഞ്ഞ
പുഞ്ചിരി ഞാന്‍ കണ്ണാടിയില്‍ വ്യക്തമായി കണ്ടു. അയാള്‍ ചിന്തിക്കുന്നുണ്ടാവും ഇവനെയാണല്ലോ ഭഗവാനെ
അബദ്ധത്തില്‍ കൂടെ കൂട്ടിയത് എന്ന്. ഇയാളോട്
കൂടെ കാലത്ത് ഇറങ്ങുമ്പോള്‍ പഴയ കാമുകിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന ഒരു
വിചാരമോ ഓര്‍മ്മയോ മനസ്സില്‍ ഇല്ലായിരുന്നൂ. ഇപ്പോഴും മനസ്സിലാവാത്ത ഒന്നുണ്ട്
എന്ത് കണ്ടാണ് ഗഫൂറിന്റെ ഉമ്മ എന്നെ നോക്കി രംലയെ കൂടെ കൂട്ടിപോയ്ക്കൂടെ എന്നാ
അര്‍ത്ഥത്തില്‍ സംസാരിച്ചത്.
തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങളുടെ പ്രണയകാലം അറിയാതെ എന്റെ മനസ്സില്‍
തെളിഞ്ഞു വന്നു. ആ മധുരമുള്ള ഓര്‍മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ ആ പ്രണയകാലത്ത് വയല്‍ വരമ്പിലും ഇടവഴിയിലുമായി എത്രയെത്ര തവണ ഞാന്‍ അവളുമായി സല്ലപിച്ചിരിക്കുന്നൂ.
മറ്റുള്ളവരുടെ ശ്രദ്ധയില്‍നിന്നും അകന്ന് ഒരുമിച്ച് നടന്നു കയറിയ മലയോരങ്ങളും മറ്റും കണ്ണിന്റെ മുമ്പിലായി വ്യക്തമായി തെളിഞ്ഞു വന്നപ്പോൾ ഓട്ടോറിക്ഷ മെല്ലെ റോഡരികിലേക്ക് ചേർത്ത് നിറുത്തി. അപ്പോഴാണ് പിന്നിൽ നിന്നും പവിത്രന്റെ ചോദ്യം എന്നെ തേടിവന്നത്
പവിത്രൻ: ഇതെന്താ വണ്ടി ഇവിടെ നിറുത്തിയത് , നമ്മുക്ക് വേഗം പോവണം ഇന്നല്ലേ അമ്പലത്തിലെ ഉത്സവം
അതിന് മറുപടിയായി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും എന്തോ തലയുയർത്തി നോക്കാൻ മനസ്സ് എന്നെ അനുവദിച്ചില്ല , ഓർമ്മകൾ അത്രയ്ക്ക് എന്റെ കണ്ണുകളിൽ ഈറനണിയിച്ചിരുന്നൂ. എന്റെ ഭാഗത്തുനിന്നും വ്യക്തമായ ഒരുത്തരം കിട്ടാഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നൂ അയാൾ ഓട്ടോറിക്ഷയിൽനിന്നും പുറത്തേക്കിറങ്ങി എന്റെ നേരെ കണ്ണുകൾ പായിച്ചു . അങ്ങനെയിരിക്കെ എങ്ങനെയോ അയാളുടെ ശ്രദ്ധയിൽ എന്റെ കണ്ണീർച്ചാലുകളും പതിഞ്ഞു . അങ്ങനെ കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ഒടുവിലായി അയാൾ എന്റെ തോളിൽ കൈവച്ചു കൊണ്ട്
പവിത്രൻ : എടാ ഗോപീ നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ ഞാൻ മുൻകൈ എടുത്ത് വേണ്ടത് ചെയ്യാം. ആ പാവത്തിനെ നീ ഒരിക്കലും എന്തുതന്നെസംഭവിച്ചാലും യായാലും കൈവിടില്ല എന്നും എനിക്കറിയാം. നീ നേരത്തെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിനോടുള്ള കാഴ്ചപ്പാടുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. അതിൽ പ്രധാനകാര്യം നിങ്ങൾക്കുണ്ടാവുന്ന കുഞ്ഞിനെ ഏതു മതസ്ഥനായി വളർത്തും എന്നതാണ് . നിന്റെ പലപ്പോഴുമുള്ള വാക്കുകളിൽനിന്നും ഏതു മതമായാലും താനെ ഇഷ്ടത്തിന് ജീവിക്കും എന്നത് വെറും വാക്കുകളായി പ്രസംഗിക്കാനെ കൊള്ളൂ. ഒന്നുകിൽ നീയോ അവളോ മതംമാറി ഒരേ ജീവിക്കാൻ ശ്രമിക്കണം അല്ലാതെ ബോംബെ സിനിമ കളിക്കാൻ ശ്രമിക്കരുത് . പണ്ട് സ്വാമിജി പറഞ്ഞപോലെ സമൂഹം ആഴക്കടലുപോലെയോ അല്ലെങ്കിൽ കൊടുംകാട്പോലെയോ സങ്കല്പിക്കണം അതിലെ ഓരോരുത്തരും പലതരം ജീവജാലങ്ങളും. അതിൽ തന്നെ നരഭോജികളും വിഷജീവികളും കാണും എല്ലാത്തിനെയും കടന്ന് തങ്ങളെ കാത്ത് അങ്ങേയറ്റത്ത് വരെ എത്തുന്നവർക്കേ ആയുസ്സുണ്ടാവുന്നുള്ളൂ . ചിലർ ആ വഴിയിലെവിടെയെങ്കിലും വച്ച് ആപത്തുകളോ മരണം വരെ സംഭവിക്കുന്നൂ . അങ്ങനെയുള്ള ഈ ലോകത്തിൽ ജീവിക്കുമ്പോൾ കരുതൽ നല്ലതാ . ആലോചിച്ചു തീരുമാനിക്കൂ ബാക്കി നിനക്ക് വേണ്ട എല്ലാ സഹായവുമായി ഞാനും മറ്റും ഉണ്ടാവും ,ഏതായാലും നീ വണ്ടി എടുക്കൂ
എന്ന് പറഞ്ഞു പുറത്ത് തട്ടിസമാധാനിപ്പിച്ചപ്പോഴാണ് ഞാനും അയാളുടെ വാക്കുകളിലെ സത്യം തിരിച്ചറിഞ്ഞത്.
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :പത്തൊൻപത്
സത്യമാണ്, ഇന്നത്തെ ലോകത്ത് അറിവും ചിന്തിക്കാനുള്ള കഴിവുമുള്ള ആളുകളിൽ മിക്കവരും മനസ്സിൽ മതഭ്രാന്തും തത്വചിന്തയും പ്രസംഗിച്ചുനടക്കുന്നൂ . അപ്പോഴും അവരുടെ കയ്യിൽ ആരും കാണാതെ ഒളിപ്പിച്ച സ്വന്തം കാര്യം സിന്താബാദ് എന്ന മുദ്രാവാക്യം എന്നും ഉണ്ടാവും ,എന്ന് ചിന്തിച്ചു ഓട്ടോറിക്ഷയുമായി മുന്നോട്ടുനീങ്ങി. പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഞങ്ങളുടെ ഇടയിൽ ഓട്ടോറിക്ഷയുടെ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ചാത്തുവേട്ടന്റെ കടയുടെ മുന്നിൽ എത്തിച്ചേർന്നു .
അപ്പോഴേക്കും പവിത്രനെയും അന്വേഷിച്ചു് സാം കുട്ടിയും അവിടെ എത്തിച്ചേർന്നിരുന്നൂ . അദ്ദേഹം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കുചേരാൻ വന്നതാണ് . അങ്ങനെ ഞങ്ങൾ മൂവരും ക്ഷേത്രത്തിന്റെ അരികിലുള്ള കുമാരൻ ഗുരുക്കളുടെ വീട്ടിലേക്കു യാത്രതിരിച്ചു. ഉത്സവപരിപാടികൾ ആരംഭിക്കാൻ ഒത്തിരി സമയം ബാക്കിയുണ്ടായിരുന്നതിനാലാണ് ഞങ്ങളുടെ സഹപാഠികൂടിയായ പ്രമോദിനെ കാണാൻ പുറപ്പെട്ടത് . പത്താം ക്‌ളാസ് പാസ്സായതിനു ശേഷം പഠിപ്പ് ഉപേക്ഷിച്ചു് അച്ഛന്റെ കളരി യിൽ ജീവിതം ആരംഭിച്ച അവന്റെ ഉറുമിപ്പയറ്റ് എത്രതവണ ഞങ്ങൾ നേരിട്ട് കണ്ടിരിക്കുന്നൂ . ഇന്ന് കളരിയിൽ അവന് കൂട്ടായി ഭാര്യയും മൂത്ത മകൾ ശുഭയും ഇളയമകൻ സുഭാഷും ഉണ്ടാകും , ഞാനും പണ്ട് കളരിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നൂ എങ്കിലും അന്നത്തെ കുടുംബ സാഹചര്യം അതിനു അനുവദിച്ചില്ല . ഇന്ന് ബലിഷ്ഠമായ ശരീരത്തോടെയുള്ള പോലീസ്കാരനും പട്ടാളക്കാരനും കൂട്ടായി ഗൾഫ് കാരുടെ സമ്പാദ്യമായ കുടവയറും കുലുക്കി നടക്കുന്ന എന്നെ ഒരിക്കൽ നാട്ടുകാർ ചേർന്ന് ഓണത്തിന് മഹാബലിയുടെ വേഷം വരെ കെട്ടിച്ചു .
ങാ എന്നെ ഇന്നും റംല സ്നേഹിക്കുന്നത് എന്നിലെ എന്തുകണ്ടിട്ടാ എന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . അതിനിടയിലാണ് പവിത്രൻ എന്റെയും റംലയുടെയും പഴയപ്രണയ കാലത്തിലൂടെ സഞ്ചരിച്ചു ഇന്ന് ഗഫൂറിന്റെ ഉമ്മയുടെ ഭാഗത്ത് നിന്നും കേട്ട അഭിപ്രായം വരെ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും എല്ലാം കേട്ട് അത്ഭതത്തോടെ എന്നെ നോക്കിനിന്ന സാംകുട്ടിയെ അധികനേരം നോക്കിനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല . അപ്പോഴാണ് അവൻ എന്നെ നോക്കി
സാംകുട്ടി : എടാ ഗോപീ അന്ന് നീ റംലയെ അറിഞ്ഞുകൊണ്ട് തള്ളിയിട്ടതല്ല അല്ലെ
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് അന്നത്തെ സംഭവത്തിന്റെ യാഥാർഥ്യം അയാള്ക്ക് മനസ്സിലായത് എനിക്ക് ബോധ്യമായത് . സത്യം ഇന്നും അതിലെ സത്യാവസ്ഥ എനിക്കും റംലയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ . അന്ന് നടന്ന സംഭവം ഓർമ്മയുടെ കടന്നു പോയപ്പോൾ അത് ഈ വിധമായിരുന്നൂ .
ഞാനും സാംകുട്ടിയും അന്ന് സ്‌കൂളിൽ നിന്നും മടങ്ങുന്ന വഴിക്ക് പ്രമോദിനോടൊപ്പം ചേർന്ന് വഴിയരികിലെ കുറ്റിക്കാട്ടിനരികിലായി നിന്ന് ഒരു സിഗരറ്റ് വലിച്ചതായിരുന്നൂ എല്ലാ സംഭവങ്ങളുടെയും തുടക്കം. ഞങ്ങൾ ചിലപ്പോഴൊക്കെ അവിടെ ഒളിച്ചിരുന്ന് പുകച്ചു വിടുന്നത് ഒരു പതിവ് ശീലമാക്കിയിരുന്നൂ, അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ ആ കുറ്റിക്കാട്ടിൽ കയറിപ്പോവുന്നത് റംലയുടെ സുഹൃത്ത് പ്രേമ കണ്ടുപിടിച്ചു. അവൾ റംല വരുന്നത് വരെ കാത്തു നിന്ന് അവളെയും കൂട്ടി ഞങ്ങളുടെ കലാപരിപാടി കയ്യോടെ പിടികൂടി . അങ്ങനെ ആ സംഭവവുമായി നടന്ന വാക്തർക്കത്തിനൊടുവിൽ അവൾ എന്നെ പിടിച്ചു തള്ളി. ആ തള്ളിന്റെ ശക്തിയിൽ ഞാൻ കാലുതെറ്റി താഴെവീണു . അതിന്റെ അരിശത്തിൽ ഞാൻ അവളെ പിടിച്ചു തള്ളിയപ്പോൾ അവൾ ചെന്ന് വീണത് മഴവെള്ളം കെട്ടിക്കിടന്ന കുഴിയിൽ ആയിരുന്നൂ . ആ വീഴലിന്റെ ആഘാതത്തിൽ അവളുടെ നെറ്റിപൊട്ടി. വേദനകൊണ്ട് പുളഞ്ഞ അവളെ അതുവഴി വന്ന അമ്മാവൻ കൂട്ടി വീട്ടിലേക്കു കൊണ്ടുപോയെങ്കിലും അവൾക്കേറ്റ ആ മുറിവ് എന്റെ മനസ്സിൽ ആഴമുള്ള മുറിവ് തീർത്തപ്പോൾ അതിന്റെ നീറ്റൽ പലപ്പോഴായി അനുഭവിച്ചുവരുന്നൂ.
അങ്ങനെ കുറേനേരത്തെ നിശബ്ദതയ്ക്കു ശേഷം സാംകുട്ടി പവിത്രനെനോക്കി
സാംകുട്ടി : പവി ഇവനെയും റംലയെയും നമുക്ക് ചേർത്ത് വയ്ക്കണം. അല്ലെങ്കിൽ കൂട്ടുകാർ എന്ന് പറയുന്നവർ പിന്നെന്തിനു കൊള്ളാം.
എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു ധൈര്യം കൈവന്നെങ്കിലും അതിനിടയിൽ എന്റെ കണ്ണുകളിലെ ഒരു ഭീതി കണ്ടാണ് സാംകുട്ടി
സാംകുട്ടി : എടാ ഗോപീ നിന്നെ ഒരുത്തനും ഒരു ചുക്കും ചെയ്യില്ല. എത്രയും പെട്ടെന്ന് നിങ്ങളുടെ കല്യാണവും നടത്തി എന്റെ ഗ്രാമത്തിലെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവാനേ ഞാൻ ഇനി ഇവിടെ വരൂ. ഓക്കേ
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ എന്തോ ഒരു സുരക്ഷിതത്വം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി . അങ്ങനെയോരോന്നു സംസാരിച്ചു നടന്നപ്പോഴേക്കും ഞങ്ങൾ പ്രമോദിന്റെ വീട്ടിലേക്കു ചെന്നു കയറി. പടിപ്പുരകടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോഴേ പ്രമോദ് അന്നത്തെ കളരി അഭ്യാസങ്ങൾ അവസാനിപ്പിച്ച് കൊണ്ട് തൊഴുത് വണങ്ങി ഇറങ്ങി വന്നപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഇനിയുള്ള അഭ്യാസമുറകൾ ഞങ്ങളുടെ മുകളിൽ ആയിരിക്കും എന്ന് അറിയാതെ ചിന്തിച്ചു പോയി . അവൻ അങ്ങനെയാ എന്നെ എവിടെ നിന്ന് കണ്ടാലും ഒന്ന് കയ്യുടെ ബലം ഒരു പഞ്ചയിലൂടെ അറിയിച്ചു തന്നെ പോവാറുള്ളൂ . എന്നൊക്കെ അവനുമായി പഞ്ചപിടിച്ചിട്ടുണ്ടോ അന്നൊക്കെ എന്റെ മേൽ പരിപൂർണ്ണ മേൽക്കോയ്മ അദ്ദേഹം നേടിയെടുക്കാറുണ്ടായിരുന്നൂ , അന്ന് എന്തോ എന്നെ അവൻ പഞ്ചയിൽ നിന്നും ഒഴിവാക്കി സാമിനെയും പവിത്രനെയും പഞ്ചയ്ക്കു തിരഞ്ഞെടുത്തപ്പോൾ അത് എനിക്ക് നല്ലൊരു കാഴ്ചയായി അത് മാറി . അതിൽ ആദ്യമായി പ്രമോദ് പരാജയപ്പെട്ടപ്പോൾ ഞാൻ അവനെനോക്കി വെറുതെ
ഞാൻ : സാമേ നിങ്ങൾ പോലീസും പട്ടാളവും ആയതു കൊണ്ട് അവൻ തോറ്റു തന്നതാ . ഇതേ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇവൻ എന്ന് ജയിച്ചു എന്ന് ചോദിച്ചാൽ മതി
എന്ന് പറഞ്ഞപ്പോൾ അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു .
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്
അങ്ങനെ ഒത്തിരിക്കാലത്തെ
കാത്തിരിപ്പിന് ശേഷം ഞങ്ങളെല്ലാവരും പ്രമോദിന്റെ വീട്ടില്‍ ഒത്തുകൂടി. പോലീസോ പട്ടാളമോ
ഒരു ജാഡയും കൂടാതെ ആ വീട്ടിന്റെ അടുക്കള കയ്യേറി പാചകം ആരംഭിച്ചപ്പോള്‍ കളിയും
ചിരിയുമായി എല്ലാവരും ഞങ്ങളുടെ കൂടെകൂടി. അപ്പോഴേക്കും ഞങ്ങളുടെ സ്കൂളിലെ മറ്റു
സുഹൃത്തുകളായ റഷീദും നിയാസും വിവരമറിഞ്ഞ് അവിടേക്ക് എത്തി ചേര്‍ന്നിരുന്നൂ .
പണ്ട് അവധി ദിവസങ്ങളില്‍ ഇതുപോലെ
ഒത്തുകൂടുന്നതും അടുക്കള കയ്യേറുന്നതും ഒരു പതിവ് കാഴ്ച്ചയായിരുന്നതിനാല്‍ തന്നെ
അതില്‍ അന്ന് ഏറ്റവും സന്തോഷിച്ചിരുന്നത് പ്രമോദിന്റെ അമ്മയായിരുന്നൂ. ഇന്ന് ചുമരില്‍
തൂങ്ങിക്കിടക്കുന്ന ചിത്രമായി മണ്മറഞ്ഞുപോയ ആ സ്നേഹനിധിയായ അമ്മയുടെ പുഞ്ചിരിക്കുന്ന
മുഖത്ത് നോക്കുമ്പോള്‍ ശരിക്കും ഞങ്ങളെ നോക്കിക്കൊണ്ട് നില്‍ക്കുന്നത് പോലെ
തോന്നും. ഞങ്ങളുടെ ഈ ചെയ്തികള്‍ കണ്ട് വഴക്ക് പറയാന്‍ ആ അമ്മ ഇല്ലല്ലോ എന്ന വിഷമം
എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാട്ടാതിരിക്കാന്‍ ഞങ്ങള്‍ കഴിവതും
ശ്രമിച്ചു.
അങ്ങനെ അന്നത്തെ പാചകപരീക്ഷണം
പൂര്‍ത്തിയാക്കി അമ്പലപ്പറമ്പിലേക്ക് ഇറങ്ങി ഞങ്ങള്‍ നടന്ന് നീങ്ങി. അവിടെ പാലമരത്തിന്റെ അരികില്‍ ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് കല്‍പടവില്‍ ഇരിക്കുന്ന
ആളെ ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു . അത് അനിതയും കൂട്ടുകാരിയും ആയിരിക്കുമെന്ന്
ഞാന്‍ അങ്ങ് സങ്കല്‍പ്പിച്ചു . പക്ഷെ അറിയാതെ ആള് മാറിപ്പോയത് പിന്നെയാണ് എനിക്ക്
മനസ്സിലായത്. അങ്ങനെ ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു നടക്കുന്നതിനിടയില്‍ പവിത്രന്‍ എന്നെ
നോക്കി
പവിത്രന്‍ : എടാ ഒരുത്തിയെ മനസ്സില്‍
പ്രതിഷ്ടിച്ചിട്ട് ഒരുത്തിയേയും നോക്കി നടക്കാനുള്ള നിന്റെ പരിപാടി മടക്കി കയ്യില്‍
വച്ചാല്‍ മതി
എന്ന് പറഞ്ഞപ്പോള്‍ കാര്യമറിയാതെ
റഷീദും നിയാസും പവിത്രനേ നോക്കിയപ്പോള്‍ . അയാള്‍ ഇതുവരെയുണ്ടായ റംലഗോപീ പ്രണയവിവരം
വള്ളിപുള്ളി വിടാതെ വിവരിച്ചപ്പോള്‍. ആദ്യം എതിര്‍പ്പുമായി വന്നത് റഷീദ്
തന്നെയായിരുന്നൂ. അവന്‍റെ അഭിപ്രായത്തില്‍ ഞാന്‍ പൊന്നാനിയില്‍ പോയി മുസല്‍മാനായി വന്ന്‍ അവളെ വിവാഹം കഴിച്ചാല്‍
മതി.
അപ്പോഴേക്കും നിയാസിന്റെ
അഭിപ്രായവും എന്നെ തേടി വന്നു. അവന്‍ ഒരു പുരോഗമന
ചിന്താഗതിക്കാരന്‍ ആയതിനാല്‍ പ്രത്യേകിച്ച്
ഒരു അഭിപ്രായവും അവന് ഇല്ലായിരുന്നൂ. അവന് നഗരത്തില്‍ സ്വന്തമായി എന്തൊക്കയോ
ബിസിനസ് ഉണ്ടായിരുന്നത് കൊണ്ടും ഭാര്യ ഒരു ക്രിസ്ത്യാനി ആയതിനാലും എല്ലാവിധ
പിന്തുണയുമായി സാമിനോടും പവിത്രനോടും ഒപ്പം ചേര്‍ന്നപ്പോഴേക്കും റഷീദും തന്റെ
അഭിപ്രായത്തില്‍ ചില വിട്ടുവീഴ്ചകള്‍ വരുത്തി. ചിലപ്പോള്‍ കുറെ വേദനിച്ച എന്നെ
വീണ്ടും വേദനിപ്പിക്കണ്ട എന്ന് കരുതിക്കാണും. അങ്ങനെ നടന്ന് ചെന്ന് അമ്പലപരിസരത്തെ
പ്രധാന ചൂതാട്ട കേന്ദ്രങ്ങളിലെ ചട്ടികളിയും മുച്ചീട്ടുകളിയും നോക്കി നിന്നപ്പോള്‍ സമയം പോയത്
അറിഞ്ഞതെ ഇല്ല . അതിനിടയില്‍ അമ്പലത്തിലേക്ക്
കടന്ന് വന്ന ഘോഷയാത്രകള്‍ ഓരോന്നും ഞങ്ങളെ കടന്ന് മുന്നോട്ട് നീങ്ങിയത്
പോലും ആളുകളുടെ ശബ്ദകോലാഹലത്തില്‍
മുങ്ങിക്കഴിഞ്ഞിരുന്നൂ. അങ്ങനെ അന്നത്തെ ഉത്സവം വര്‍ണ്ണാഭമായ കരിമരുന്നു
പരിപാടികളോടെ അവസാനിച്ചപ്പോള്‍ ശരിക്കും ഉറക്കം കണ്ണുകളെ തഴുകി തുടങ്ങിയിരുന്നൂ.
അങ്ങനെ അന്നത്തെ ആഘോഷപരിപാടികൾ കഴിഞ്ഞു എല്ലാവരോടും യാത്രചോദിച്ചു സാമും ഞാനും കൂടി പവിത്രന്റെ വീട്ടിലേക്കു യാത്രതിരിച്ചു . അമ്പലപരിസരവും കടന്ന് ഇരുൾമൂടിയ ഇടവഴിയിലൂടെ പവിത്രന്റെ കയ്യിലെ എവറഡി ടോർച്ചിന്റെ വെട്ടത്തിൽ നടന്നു നീങ്ങിയ എന്റെ മനസ്സിൽ അറിയാതെ എന്തോ ഒരു ഭയം നിറഞ്ഞപോലെ തോന്നി. ഇന്നത്തെ പത്രത്തിൽ കാലത്ത് വായിച്ച രാഷ്ട്രീയ മത ഭ്രാന്തിന്റെ ഖഡ്ഗം ഇരുളിന്റെ മറവിൽ എന്റെ നേരെ നീണ്ടുവരുന്നുണ്ടോ എന്നാണ് എന്റെ കണ്ണുകൾ ചുറ്റിലുമായി തിരഞ്ഞത്. എതിർവശത്ത് നിന്നും നടന്നു നീങ്ങിയവരെയും എന്നെ കടന്നുപോയവരെയും അതുപോലെ അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്ന കരിയിലകളും ചരൽകല്ലുകളും ഒപ്പം ദൂരെനിന്നും ഓരിയിടുന്ന കുറുക്കന്റെ ശുദ്ധ സംഗീതവും ചീവിടിന്റെയും തവളയുടെയും ശബ്ദങ്ങളും വഴിയോരത്തെ പറമ്പിൽ ഞങ്ങളെ നോക്കി മാടിവിളിക്കുന്ന കൈകൾ ശരിക്കും ഉത്സവപ്പറമ്പിലെ കണ്ട നാടകത്തിലെ യക്ഷിയെ ഓർമ്മിപ്പിച്ചു .
എന്റെ കണ്ണിലെ ഭീതികൊണ്ടാണെന്നു തോന്നുന്നൂ സാം എന്റെ തോളിൽ കൈയ്യിട്ട് ഞാൻ ഭീതിയോടെ നോക്കിയ ഭാഗത്തേക്ക് ടോർച്ചു തെളിച്ചു നോക്കി . അത് കാറ്റിൽ ആടിക്കൊണ്ടിരുന്ന വാഴയുടെ ഇലയായിരുന്നൂ . അതിൽ അവിടെയുള്ള കുടിലിന്റെ വീടിന്റെ മുന്നിലെ റാന്തൽ വിളക്കിൽ നിന്നുള്ള വെളിച്ചം തട്ടിയപ്പോൾ ആരോ മാടിവിളിക്കുന്നത് പോലെ എനിക്ക് തോന്നിയതാണ്.
അങ്ങനെ എന്റെ മനസ്സിലെ ഭീതിമാറിയ ആശ്വാസത്തിൽ നടന്ന് പവിത്രന്റെ വീട്ടിൽ ചെന്ന് ഓഫീസിൽ മുറിയിൽ കയറിക്കിടക്കുമ്പോഴേക്കും സമയം ഒത്തിരി വൈകി. ഓഫീസുമുറിയിലെ കിടത്തിനിടയിലാണ് സാംകുട്ടി എന്തോ ആലോചിച്ചുറച്ചപോലെ എന്നെ നോക്കി ചോദിച്ചത്
സാം കുട്ടി : നീ നാളെ റംലയെ കൂട്ടികൊണ്ടുപോവാൻ റെഡിയാണോ ?
ഞാൻ പായിൽ എഴുന്നേറ്റിരുന്ന് പവിത്രനെയും സാമിനെയും മാറി മാറി നോക്കി
ഞാൻ : അത് പെട്ടെന്ന് ഇങ്ങനെ പറഞ്ഞാൽ എങ്ങനെ
എന്ന് ചോദിച്ചപ്പോൾ പവിത്രനാണ് അതിനു മറുപടി പറഞ്ഞത്
പവിത്രൻ : ശരിയാ ഞാൻ നാളെ കാലത്തു തന്നെ ഖദീജാത്തയോട് കാര്യം പറഞ്ഞു എല്ലാം ശരിയാക്കാം. അല്ലെങ്കിൽ വേണ്ട കാലത്തു എന്റെകൂടെ നിങ്ങളും വാ എങ്കിൽ നിനക്ക് ഇവരെയും കൂടെ കൂട്ടി കൊണ്ടുപോകാമല്ലോ
എന്നുപറഞ്ഞവസാനിപ്പിച്ചപ്പോൾ എല്ലാം അവർ നേരത്തെതന്നെ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നൂ എന്ന് എനിക്ക് ബോധ്യമായി .
തുടരും
ആ മഴക്കാലത്ത്
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്തി ഒന്ന്
അല്പസമയത്തിനകം ഇരുവരും
ഉറക്കത്തിലേക്ക് കടന്നു എന്നറിയിച്ചുകൊണ്ട് ഉച്ചത്തിലുള്ള കൂര്‍ക്കം വലികളുടെ ഒരു മത്സരം തന്നെ അവിടെ
നടന്നു. അതിനിടയില്‍ കിടന്ന് ഉറങ്ങാന്‍ കഴിയാതെ മേല്‍പ്പോട്ടും നോക്കി ഞാനും
കിടന്നു. പിന്നെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് കടന്നപ്പോള്‍ തെളിഞ്ഞു വന്ന സ്വപ്നത്തില്‍
അവളും കൂടെ ഉണ്ടായിരുന്നൂ. ഇന്ന് കണ്ട വിളറിയ മുഖമുള്ള അവളുടെ വിടര്‍ന്ന കണ്ണുകളിലെ
തിളക്കം എന്റെ മനസ്സില്‍ വല്ലാത്തൊരു ആനന്ദം പ്രദാനം ചെയ്തു. അപ്പോഴാണ് അവളെ നാട്ടുകാരുടെ
മുന്നിലൂടെ എങ്ങനെ നാളെ പകല്‍ കൂട്ടികൊണ്ട് പോവും എന്ന ചോദ്യം വല്ലാതെ
അസ്വസ്ഥനാക്കി. പക്ഷെ അതിനും എന്റെ ഉള്ളില്‍ ഉത്തരമുള്ളത് പോലെ മനസ്സ് വല്ലാതെ
കിടന്ന് ആനന്ദിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാം ശരിയാവും എന്ന് പറയാന്‍ ഞാനും
പഠിച്ചു.
കാലത്ത് ഒത്തിരി വൈകിയാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. കിടന്നകിടപ്പില്‍
തന്നെ എന്റെ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ സുഹൃത്തുക്കളെ ഒന്നും അവിടെ എങ്ങും കണ്ടില്ല.
അങ്ങനെ മന്നസ്സില്‍ ഇന്നത്തെ ദിവസത്തെ പ്രത്യേകതയും
ആലോചിച്ച് മെല്ലെ പായിലേക്ക് എഴുന്നേറ്റ് ഇരുന്നപ്പോഴേക്കും പവിത്രന്റെ അമ്മ
എനിക്കൊരു ഗ്ലാസ്സ് ചായ കൊണ്ട് വന്നു തന്നുകൊണ്ട്
അമ്മ : ഇന്ന് അവളെയും കൂട്ടി നീ
സാമിന്റെ കൂടെ പോകുവാ അല്ലെ
എന്ന് ചോദിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍
ഞാന്‍ ഞെട്ടി. അറിയാതെ ഞാന്‍ മനസ്സിനോട്
ചോദിച്ചുപോയി പവിത്രന്‍ ഈ വിവരം ഇനി പറയാന്‍ നാട്ടിലെ കാക്കയും കുയിലും മാത്രമേ
ബാക്കി കാണൂ .അതിനാല്‍ തന്നെ കൂനിക്കൂടിയുള്ള ഇരിപ്പ് വിട്ട് ഞാന്‍ മെല്ലെ എഴുന്നേറ്റ്
ചായയുമായി മുറ്റത്തേക്കിറങ്ങി. അപ്പോഴും അമ്മ എന്നെ വിടുന്ന ലക്ഷണമില്ല എന്ന്
അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയില്‍ വ്യക്തമായിരുന്നൂ. എന്നാലും തല്കാലത്തേക്ക് എങ്കിലും
അവരുടെ ശ്രദ്ധ തിരിക്കാനായി ഞാന്‍ അവരോട് പവിത്രനും സാമും കാലത്ത് എവിടെയാണ് പോയത്
എന്ന് തിരക്കി. അപ്പോഴാണ് അവര്‍ ഇരുവരും കാലത്ത് തന്നെ ഖദീജാത്തയെക്കണ്ട് കാര്യം
അവതരിപ്പിച്ചു റംലയേ കൂട്ടിക്കൊണ്ടു വരാന്‍ പോയതെന്നും അവരോടൊപ്പം അവളുടെ ബന്ധുകൂടിയായ
നിയാസും കൂടെ പോയിട്ടുണ്ട് എന്നും വിശദമായി പറഞ്ഞപ്പോള്‍ ആണ് ശരിക്കും കാര്യങ്ങളുടെ
ഗൌരവും എനിക്കും ബോധ്യമായത് .
അതിനിടയില്‍ പവിത്രന്റെ അച്ചന്‍
വീട്ടിനുള്ളില്‍ നിന്നും മീശയും പിരിച്ചുവച്ചുകൊണ്ട് ഇറങ്ങിവന്നത്. അദ്ദേഹം എന്നെ
കണ്ടതും മുഖത്ത് അതുവരെ നിലനിന്ന ഗൌരവഭാവം പെട്ടെന്ന് തന്നെ പുഞ്ചിരിയിലേക്ക് വഴിമാറി.
അങ്ങനെ അദ്ദേഹം എന്റെ അരികിലേക്ക് നടന്നു വന്നു ചുമലില്‍ കൈവച്ച്കൊണ്ട്
അച്ഛന്‍: നന്നായി വരും
എന്ന് പറഞ്ഞപ്പോള്‍ ആരൊക്കയോ
കൂടെ ഉള്ളത് പോലെ ഒരു തോന്നല്‍. സുഹൃത്തുക്കളും നാട്ടുകാരും എന്നും എന്റെ കൂടെ
ഉണ്ട് , പക്ഷെ ഒരിക്കലും സ്വന്തം വീട്ടുകാര്‍ക്ക് പകരം വെയ്ക്കാന്‍ അവരെകൊണ്ട് ആവില്ല
എന്നത് ഞാന്‍ മനസ്സിലാക്കുന്നൂ.
*****************************************************************************************
ഇതേസമയം പവിത്രനും ഭാര്യയും സാമും
കൂടി നിയാസിന്റെ കാറില്‍ ഖദീജത്തയുടെ വീട്ടിലേക്ക് ചെന്ന് കയറി അവരോട് കാര്യങ്ങള്‍
പറഞ്ഞു റംലയേ ഒരുക്കി ഇറക്കാനുള്ള ഒരുക്കത്തില്‍ മുഴുകി ഇരിക്കുകയായിരുന്നൂ. ഇതിനൊക്കെ
മൂകസാക്ഷിയായി ആരോടും ഒന്നും ഉരിയാടാതെ മുറിയില്‍ ഈറനണിഞ്ഞ കണ്ണുകളുമായി ജാലകപാളിയിലൂടെ
അനന്തതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഗഫൂറിനെ ഈ അവസ്ഥയില്‍ അധികനേരം നോക്കിനില്‍ക്കാന്‍
ആര്‍ക്കും ആയില്ല. ആ മനസ്സിനെ വേദനിപ്പിച്ചു കൊണ്ട് അടര്‍ത്തി മാറ്റുന്നത് അവന്റെ
നല്ല ഒരു സുഹൃത്തിനെ ആണെന്ന സത്യം എല്ലാവരിലും ഒരു നീറ്റലായി പ്രതിഫലിക്കുന്നത്
അതിലെ കടന്നുപോയ കാറ്റിന് പോലും അറിയാം. അങ്ങനെ അവളുടെ അമ്മാവനേയും ഖദീജാത്തയേയും സാക്ഷിയാക്കി
അവരോടൊപ്പം അവള്‍ ഇറങ്ങുമ്പോള്‍ അകത്തുനിന്നും ഇറങ്ങിവന്ന്‍ അവളുടെ കൈകളില്‍
മുറിക്കുപ്പിടിച്ചു കണ്ണീരോടെ നിന്ന ഗഫൂറിന്റെ കയ്യില്‍ നിന്നും അവളെ അടര്‍ത്തിമാറ്റാന്‍
അവര്‍ നന്നെ വിഷമിച്ചു. അവിടെനിന്നും ഉമ്മയോടും അമ്മാവനോടും യാത്രചോദിച്ച രംഗങ്ങള്‍
തികച്ചും വികാരനിര്‍ഭരമായിരുന്നൂ. അതിനിടയിലെപ്പോഴോ ഗഫൂര്‍ തന്റെ ഒരു ആഗ്രഹം
അവളോട്
ഗഫൂര്‍: എന്നെങ്കിലും എനിക്ക് അസുഖം
മൂര്‍ച്ചിച്ചു എന്നറിഞ്ഞാല്‍ നീയും ഗോപിയും വരണം. ഇനി ഈ ഭൂമിയില്‍ എനിക്ക്
കൂട്ടായി ഉമ്മയും ഒപ്പം നിന്നോടൊപ്പമുണ്ടായിരുന്ന കുറെ നാളുകളുടെ ഓര്‍മ്മകളും
മാത്രമേ കാണൂ.
എന്ന് പറഞ്ഞപ്പോള്‍ ആ വാക്കുകളിലെ
വിറയല്‍ അവര്‍ ശ്രദ്ധിച്ചു. അതിനു കൃത്യമായ ഒരു മറുപടി നല്‍കാന്‍ ആവാതെ വിഷമിച്ച
അവള്‍ക്ക് വേണ്ടി പിന്നെ സംസാരിച്ചത് പവിത്രന്‍ ആയിരുന്നൂ
പവിത്രന്‍ : നീ പേടിക്കണ്ട
ഞങ്ങള്‍ എന്നും നിന്റെ ചുറ്റുപാടുമായി ഉണ്ട്. ഇവര്‍ പോവുന്നത് നമ്മുടെ സാമിന്റെ കൂടെയാണ്,
എന്ത് ആവശ്യത്തിനും അവനും ഞങ്ങളും നിന്റെ ഒപ്പം ഉണ്ട്
എന്ന് പറഞ്ഞു തീര്‍ന്നപ്പോഴേക്കും
സാം അവനെ നോക്കി
സാം: ഗഫൂര്‍ ഞാനുണ്ട് എന്നും
കൂടെ പവി പറഞ്ഞപോലെ ഇവരുടെ കാര്യവും ഞാന്‍ നോക്കിക്കോളാം.
എന്ന് പറഞ്ഞു
അവസാനിപ്പിച്ചപ്പോഴേക്കും അവരെല്ലാം കാറിലേക്ക് കയറിക്കഴിഞ്ഞിരുന്നിരുന്നൂ. ഉമ്മ
റംലഇരിക്കുന്ന ഭാഗത്തെ ജാലകത്തിനരികില്‍ വന്നു അവളുടെ കവിളില്‍ മുത്തം വച്ചപ്പോള്‍
അതില്‍ അവരുടെ കണ്ണീരും കലര്‍ന്നിരുന്നൂ. അങ്ങനെ നിറകണ്ണുകളുടെ എല്ലാവരും ചേര്‍ന്ന്
അവരെ യാത്ര അയച്ചു.
****************************************************************************************************
അങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഒരു കാര്‍
വീട്ടിന്റെ മുന്നിലായി വന്ന്‍ നിന്നത്.
അങ്ങനെ ഞാന്‍ മെല്ലെ നടന്ന് കാറിന്
അരികിലേക്ക് ചെന്നു. അതില്‍ നിന്നും പവിത്രനും സാമും പുറത്തേക്ക് ഇറങ്ങിക്കൊണ്ട്
എന്നെ നോക്കി ചിരിച്ചു . അപ്പോഴാണ് ഡോര്‍ തുറന്ന്‍ പവിത്രന്റെ ഭാര്യയും അവര്‍ക്കൊപ്പം
പുതു വസ്ത്രമണിഞ്ഞ ഒരു സുന്ദരിയും ഇറങ്ങിവന്നത്. നമ്രശിരസ്കയായ അവളെ എനിക്ക് മനസിലായെങ്കിലും ഇത്രയും
പെട്ടെന്ന് ഇവരോടൊപ്പം അവൾ ഇറങ്ങി വരും എന്ന് ഒരിക്കലും ചിന്തിക്കാത്തതിനാല്‍ ശരിക്കും
അത്ഭുതപ്പെട്ടു എന്നത് സത്യം. അവള്‍ തട്ടമുയര്‍ത്തി എന്നെ സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല . ഇന്നലെ വരെ വിളറിവെളുത്ത അവളുടെ മുഖത്ത്
പവിത്രന്റെ ഭാര്യ നടത്തിയ മെയ്ക്കപ്പ് അവളെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നൂ .
അവളോട് ചോദിയ്ക്കാന്‍ വച്ച പലതും എന്റെ തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടന്നു. അതിനിടയിൽ പവിത്രനും സാമും നിയാസും കൂടി നടന്ന സംഭവങ്ങളെ ക്കുറിച്ചു വിശദീകരിച്ചപ്പോൾ അതൊക്കെ കേട്ടുകൊണ്ട് സ്തബ്ദനായിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു . അത് കഴിഞ്ഞു സാം നാളെ വരാം എന്നും പറഞ്ഞു നിയാസിനോടൊപ്പം യാത്രപറഞ്ഞു പിരിയുമ്പോൾ വീണ്ടും ഞാൻ അവളുടെ അരികിലേക്ക് ചെന്നു. എന്നിലെ വികാരവിക്ഷോഭങ്ങൾ പലപ്പോഴും അവളോടൊന്നും മിണ്ടാനാവാതെ എന്നെ വാക്കുകൾക്കായി പരാതിനടന്നപ്പോൾ ഞാൻ ഓർക്കുകയായിരുന്നൂ പണ്ടും അങ്ങനെയായിരുന്നില്ലേ. അക്കാലത്ത് എന്നൊക്കെ ഇവളുടെ
പിന്നാലെ മനസ്സിലെ സ്നേഹം അറിയിക്കാന്‍ ഞാൻ നടന്നിരുന്നോ അന്നൊക്കെ പലപ്പോഴും വാക്കുകള്‍ കിട്ടാതെ എത്രമാതം
ഉഴറിയിരിക്കുന്നൂ. അതിനിടയിൽ പവിത്രന്റെ അമ്മയും ഭാര്യയും ചേർന്ന് അവളെയും
എന്നെയും നിലവിളക്ക് സാക്ഷിയാക്കി അകത്തേക്ക് ആനയിച്ച് അവിടെയുണ്ടായിരുന്ന
കസേരയില്‍ കൊണ്ട് ചെന്നിരുത്തിയ ശേഷം നിലവിളക്ക് ടീപോയിയില്‍ വച്ചു. അപ്പോഴേക്കും
പവിത്രന്‍ പോക്കെറ്റിൽ നിന്നും ഒരു ഡപ്പി കയ്യിലെടുത്ത് അടപ്പ് തുറന്ന്‍ ഒരു സ്വര്‍ണ്ണതാലി എടുത്ത് എന്റെ കയ്യിൽ വച്ച് തന്നു അവള്‍ക്കു കെട്ടിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അത് എന്റെ വിറയാര്‍ന്ന കയ്യില്‍
കിടന്നു കൊളുത്തഴിക്കാന്‍ കഴിയാതെ നന്നേ വിഷമിച്ചു. അതിനിടയിൽ എന്റെ സഹോദരിയുടെ സ്ഥാനത്ത് പവിത്രന്റെ
ഭാര്യയും കൂടി. അവർ എന്റെ കയ്യിൽ നിന്നും താലി വാങ്ങി അതിന്റെ കൊളുത്ത് അഴിക്കാനും താലികെട്ടാനും സഹായിച്ചപ്പോള്‍ അനുഗ്രഹം തരാന്‍ അമ്മയും അച്ഛനും
മുന്നില്‍ തന്നെ ഉണ്ടായിരുന്നൂ. ഇന്ന് ആ വീട്ടില്‍ തന്നെ താമസ്സിച്ചിട്ട് പോയാല്‍
മതി എന്ന അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അതിനു സമ്മതം മൂളിയപ്പോള്‍ എന്റെ സന്തോഷത്തില്‍ അന്തരീക്ഷവും തിമര്‍ത്ത് പെയ്ത
മഴയോടെ ഒത്തുചേര്‍ന്നു. അങ്ങനെ ഞങ്ങളുടെ ബാല്യകാല ഓര്‍മ്മകളിലൂടെ ആ വീട്ടിലെ മുറിയില്‍
ഞങ്ങളുടെ ആദ്യരാത്രി സമാഗമത്തിനുള്ള ആവേശത്തോടെ കടന്ന് പോയപ്പോള്‍ അതിന്റെ ക്ഷീണത്തില്‍
ഞങ്ങള്‍ ആലിംഗനം ചെയ്തു മയങ്ങിയപ്പോള്‍ അറിയാതെ എന്റെ മനസ്സ് എത്രയോ കാലങ്ങള്‍ക്ക് ശേഷം സന്തോഷിക്കുന്നത്
ഞാന്‍ അറിഞ്ഞു.
നഷ്ടപ്രണയത്തിന്റെ നോവില്‍
കഴിയുന്ന എല്ലാവരോടും ഒരു വാക്ക്
മതമോ ജാതിയോ പണമോ അല്ല മറിച്ച്
മനസ്സിലെ പ്രണയം സത്യമാണെങ്കില്‍ ആ പ്രണയം വിവാഹത്തിലൂടെ മുന്നേറുക തന്നെ വേണം . പ്രണയിക്കാന്‍
അത് തുറന്ന്‍ പറയാന്‍ ധൈര്യമുള്ള മനസ്സും
ഉറച്ച തീരുമാനം എടുക്കാനുള്ള കഴിവും നിശ്ചയമായും കൂട്ടിന് വേണം .അല്ലാതെ ആ
ജലാശയത്തിന്റെ കരയിലൂടെ നടന്നു എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് മനസ്സില്‍
പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല . ഇന്നത്തെ ലോകത്ത് സത്യസന്ധമായ പ്രണയങ്ങള്‍ ചിലത് കേവലം
സന്ദേശങ്ങളിലും ലൈംഗികതയിലും അവസാനിക്കുന്നൂ എന്നത് പരമാര്‍ത്ഥം .
ശുഭം