2019 ഒക്‌ടോബർ 16, ബുധനാഴ്‌ച

എന്റെ പ്രവാസം


എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

എന്റെ പ്രവാസജീവിതം  ആരംഭിക്കുന്നത് 1995 ജനുവരി 15ഓടെയാണ്. അന്ന് ഷാര്‍ജ യിലേക്കുള്ള വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കയറിയപ്പോള്‍ കാര്യമായി യാതൊന്നും തോന്നിയില്ല . എന്തോ കോഴിക്കോട് അങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറിയ ലാഘവത്തോടെ ഇരുന്ന എന്റെ മനസ്സിന് പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ  തീഷ്ണത ബോധ്യപ്പെടാന്‍ അടുത്ത ദിവസം പ്രഭാതം വരെ  കാത്തു നില്‍ക്കേണ്ടി വന്നു .

എന്റെ അച്ഛന്റെ സുഹൃത്തിന്റെ അയല്‍ക്കാരനായ ഒരാള്‍ പറഞ്ഞുറപ്പിച്ചപ്രകാരം  ഷാര്‍ജയിലെ ആ വില്ലയില്‍ ചെന്ന് അതിലെ ഒരു  മുറിയില്‍ ബാഗ് വച്ചു. പിന്നീട്  അടുത്തു കണ്ട ഹോട്ടല്‍ ലക്ഷ്യമാക്കി നടന്ന് നീങ്ങിയപ്പോള്‍ എങ്ങുനിന്നോ  മനസ്സിലേക്ക് ഒരു ഭയം കടന്നുകൂടിയത് ഞാന്‍ അറിഞ്ഞു . പിന്നെ ഭക്ഷണം കഴിക്കുന്നത് നിറുത്തി എഴുന്നേറ്റ്  ഹോട്ടലില്‍ നിന്നും മുറിയിലേക്കുള്ള ഗല്ലി (ഊടുവഴി) യിലൂടെ നടന്ന് നീങ്ങിയപ്പോള്‍ എനിക്ക് കൂട്ടിന്  മാനത്ത് അമ്പിളിമാമനും  എത്തിസലാത്ത് ടവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ . വേഗം ചെന്ന് വില്ലയുടെ ഗേറ്റിലെ വയര്‍ വലിച്ച്  തുറന്ന്‍ മുറിയില്‍ ചെന്ന് കിടന്നപ്പോള്‍ ആ ഇരുട്ടില്‍ എന്നോടൊപ്പം ഒത്തിരിപ്പേര്‍ എന്റെ ദേഹത്ത് കൂടി തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് ശരിക്കും അറിഞ്ഞു . ശീതീകരണിയുടെ തണുപ്പിലും പരിചയമില്ലാത്ത സ്ഥലത്ത് ആ മുറിയില്‍ നിദ്രപോലും എന്റെ കണ്ണുകളെ തഴുകാന്‍ ഒത്തിരി വൈകി . കാലത്ത് എഴുന്നേറ്റ് പ്രകൃതി യുമായി പൊരുത്തപ്പെടാന്‍ എന്തോ എന്റെ മനസ്സ് വല്ലാതെ വിഷമിച്ചപ്പോഴാണ് നാടിന്റെ നഷ്ടം ശരിക്കും ഞാന്‍ മനസ്സിലാക്കിയത് .
തുടരും


എന്റെ പ്രവാസം 
എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : രണ്ട് 

അങ്ങനെ മനസ്സില്ലാമനസ്സോടെ തലേന്നാൾ രാത്രി ഹോട്ടലിലേക്ക് പോയ വഴിയിലൂടെ മുന്നോട്ട് നടന്നു . അല്പസമയത്തിനകം ഞാൻ ആ കടയിൽ എത്തി വേഗം തന്നെ  നാട്ടുകാരനായ അഹമ്മദ്ക്ക വന്ന്  അവിടെയുള്ള ആഹാരസാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ എന്റെ മുമ്പിൽ അവതരിപ്പിച്ചു . ഒടുക്കം ഞാൻ അതിന്റെ വില നിലവാരം തിരക്കി പട്ടികയിലെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ദോശ  ഓർഡർ ചെയ്തു . അതോടൊപ്പം ഉള്ള സാമ്പാറിലെ പെരും ജീരകത്തിന്റെ ചുവയോ ചട്നിയുടെ രുചിയോ എന്തോ  എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും വയറിന്റെ കാര്യം ഓർത്ത് എങ്ങനെയോ കഴിച്ചു തീർത്തു . നാട്ടിൽ 'അമ്മ ഉണ്ടാക്കി തന്ന രുചികരമായ ആഹാരം മാത്രം കഴിച്ചു ശീലിച്ച ഞാൻ സാഹചര്യങ്ങളും ആയി  പൊരുത്തപ്പെട്ടു പോവാൻ നന്നേ വിഷമിച്ചു . 

പ്രാതൽ കഴിഞ്ഞു മുറിയിലേക്ക് തിരിച്ചു വന്ന ഞാൻ  വില്ലയിലെ അടുക്കളയിൽ  സമ്മൂസ ഉണ്ടാക്കുന്ന ജമാലിക്കയുടെ കൂടെ നിന്ന് അദ്ദേഹം ചെയ്യുന്ന പ്രവൃത്തികൾ  നോക്കിക്കണ്ടു  സമയം കഴിച്ചു . ജമാലിക്ക കയ്യിലെ സമ്മൂസ എരിയുന്ന എണ്ണയിലിട്ട് മൊരിച്ചെടുക്കുമ്പോഴും അദ്ദേഹത്തിന്റെ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുമലിലെ തോർത്തിൽ തുടച്ചു വൃത്തിയാക്കാൻ സമയം കണ്ടെത്തി . പിന്നീടെപ്പോഴോ  എന്നെ നോക്കി വായിലെ മുറുക്കാൻ കളയാതെ 

" സത്യാ വേണമെങ്കിൽ എടുത്തോ"

 എന്ന് പറഞ്ഞപ്പോൾ ശരിക്കും എന്തോ മനസ്സ് അതിന് അനുവദിച്ചില്ല . അതിനിടയിൽ എപ്പോഴോ മുറിയിലെ ഫോൺ നിറുത്താതെ മുഴങ്ങാൻ തുടങ്ങി  . ജമാലിക്ക  അടുപ്പിന്റെ നോബ് തിരിച്ചു് തീകുറച്ചു് വേഗം പോയി  ഫോണെടുത്ത് 

"ഹലോ "

എന്ന് പറഞ്ഞുകൊണ്ടു എന്റെ നേരെ തിരിഞ്ഞുകൊണ്ടു 

" സത്യാ നിനക്കാണ്  ഏതോ റഷീദ് ആണ് ലൈനിൽ "

അങ്ങനെ ജമാലിക്കയിൽ നിന്നും ഫോൺ വാങ്ങി 

" ഹല്ലോ , റഷീദേ  എടാ  ഞാൻ സത്യനാ , നീ ഷാർജയിൽ ആണെന്ന് അറിയാം . എവിടെ വന്നാൽ നിന്നെ കാണാൻ പറ്റും ?"

എന്ന് ചോദിച്ചപ്പോഴേക്കും അവൻ ഉള്ള സ്ഥലത്തേക്ക് ചെല്ലേണ്ട വഴിയുടെ ഏകദേശ രൂപം പറഞ്ഞു തന്നു . അങ്ങനെ ഫോൺ തിരിച്ചു വച്ച്  ജമാലിക്കയോട് റഷീദിനെക്കുറിച്ചും അവൻ ഉള്ള സ്ഥലത്തെയും കുറിച്ച് കാര്യമായി പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തിൽ നിന്നും അനുവാദം വാങ്ങി . അങ്ങനെ പാസ്പ്പോർട്ടിന്റെയും  വിസയുടെ യും കോപ്പിയും എടുത്ത് റോളയിലെ ചാർ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു . പ്രവാസലോകത്തിലെ ആദ്യ മധ്യാഹ്ന സൂര്യന്റെ ചൂട് ശരിക്കും അറിഞ്ഞത് ആ യാത്രയിൽ ആണ് .

 റഷീദ് എന്റെ നാട്ടുകാരനും നല്ലൊരു സുഹൃത്തും ആണ് . നാട്ടിലെ അവന്റെ  കുടുംബത്തിൽ ഇന്നും എനിക്ക് ഒരു സ്ഥാനം ഉണ്ട് എന്നതാണ് പരമാർത്ഥം . പണ്ട് നാട്ടിലെ ഒരു കടയിൽ  വച്ച് യാദൃശ്ചികമായി ആണ് അവനെ പരിചയപ്പെട്ടത് . പിന്നെ അത് എന്റെ ഉള്ളിലും അവന്റെ ഉള്ളിലും ഉണ്ടായിരുന്ന സിനിമാ ഭ്രാന്ത് ഞങ്ങളെ വീണ്ടും നന്നായി അടുപ്പിച്ചു .അങ്ങനെ അത്യാവശ്യം കഥകൾ അന്നും എഴുതുന്ന ഞങ്ങൾ റഷീദ് ദാസ് എന്നപേരിൽ കഥകൾ എഴുതാൻ ആരംഭിച്ചു .ഇന്നും അത്തരം എത്ര കഥകൾ അടങ്ങിയ കടലാസുകഷ്ണങ്ങൾ ആണ് ചിതലുകൾക്ക് ആഹാരമായി ഭവിച്ചത് . 
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : മൂന്ന് 

റോള ക്ലോക്ക് ടവറിന്  സമീപത്തേക്ക് എത്തിച്ചേർന്നപ്പോഴേക്കും എന്റെ വരവും പ്രതീക്ഷിച്ചു് റഷീദ് വൈറ്റ് ഹൌസ്സ്  എന്ന കടയുടെ മുമ്പിലായി നിൽപ്പുണ്ടായിരുന്നൂ . നാട് വിട്ട് ആദ്യമായാണ് ഒരു മുന്പരിചയമുള്ള മുഖം കാണുന്നത് എന്നതിനാലും സിനിമാഭ്രാന്തിന്റെ  മുൻ പരിചയത്താലും ആദ്യം അവൻ എന്നോട് 

" എടാ സത്യാ .. എന്നെങ്കിലും നമുക്ക് ഒരു  സിനിമ പിടിക്കണം ."

പറഞ്ഞപ്പോൾ അപരിചിതമായ ലോകത്ത് എത്തപ്പെട്ട ഒരാൾ എന്ന നിലയിൽ മറുപടിപറയാൻ വാക്കുകൾ കിട്ടാതെ ഞാൻ നന്നേ വിഷമിച്ചു . അതിനിടയിൽ അവൻ എന്നെയും കൂട്ടി ചാർ ബിൽഡിംങ്ങിലെ ഫ്ലാറ്റിൽ ജോലിചെയ്യുന്ന അവന്റെ ബാപ്പയുടെ അരികിലേക്ക് കൊണ്ടുപോയി . ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോഴേ കുറെ തുണിക്കെട്ടുകൾക്കിടയിൽ ഇരുന്ന് അതൊക്കെ അടുക്കി വയ്ക്കുന്ന ഒരു പ്രായമുള്ള ആളെ ഞാൻ ശ്രദ്ധിച്ചു . അദ്ദേഹം എനിക്ക് ഒരു കസേര വലിച്ചിട്ട് തന്ന് തറയിലെ തന്റെ സീറ്റിൽ ഇരുന്ന് അർജന്റ് ആയി കൊടുക്കേണ്ട ഏതോ സാധനങ്ങൾ അടുക്കി റബ്ബർ ബാൻഡ് കുടുക്കി വച്ചശേഷം നാട്ടു വിശേഷങ്ങൾ ചോദിച്ചറിയാൻ  തുടങ്ങി . അപ്പോഴേക്കും എന്റെ സുഹൃത്ത് ചായയുമായി അങ്ങോട്ട് കടന്നു വന്നു . ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി  ബാപ്പ റഷീദിനെ ഏൽപ്പിച്ച തുണിക്കെട്ടുമായി കടയിലേക്ക് നടന്നു .അവൻ എന്നെയും കൂട്ടി കടയിൽ കയറി ആ തുണിക്കെട്ട് ഒരു മൂലയ്ക്ക് വച്ച് 
എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങി . അങ്ങനെ  ഞങ്ങൾ അവിടെനിന്നും റോള പാർക്കും ത്രിവേണി ഹോട്ടലും കടന്ന് മുന്നോട്ടു നടന്നു . വഴിയരികിലെ ഒരു ഗ്രോസറിയിൽ നിന്നും എന്തോ റഷീദ് എന്തോ  കയ്യിൽ വാങ്ങി . ഞങ്ങൾ ഗോൾഡ് സൂക്കിന് അരികിലുള്ള പുൽത്തകിടിയിലേക്ക്  നടന്നു കയറി . മരുഭൂമിയിലെ  ആ   പുൽത്തകിടിയിൽ  ചെന്നിരുന്നപ്പോഴേക്കും പുല്ലിലെ  ഈർപ്പത്തിൽ  എന്റെ പെന്റിന്റെ അടിവശം  ഒരുവിധം  നനഞ്ഞു . അവൻ കൈയ്യിലെ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും രണ്ട് കൊക്കോ കോള  കുപ്പികൾ പുറത്തേക്ക് എടുത്തു . അതിലൊന്ന് എന്റെ നേരെ നീട്ടി. ഞാൻ അത് കയ്യിലേക്ക് വാങ്ങിയപ്പോഴാണ് കുപ്പിയിലെ കുത്തുന്ന തണുപ്പ് ശരിക്കും അറി ഞ്ഞത് . അങ്ങനെ കുപ്പിതുറന്ന് വായിലേക്ക് കോള പകർന്നപ്പോൾ അത് തൊണ്ടയിലൂടെ എരിഞ്ഞിറങ്ങുന്നത് ശരിക്കും അനുഭവിച്ചറിഞ്ഞു . അതിനിടയിൽ എപ്പോഴോ ആണ് അവൻ എന്നോട് 

" എടാ നാട്ടിലെ 11  രൂപയാണ് ഇതിന് . നീ ഒന്ന് ഓർത്ത് നോക്ക് "

എന്ന് പറഞ്ഞപ്പോൾ എനിക്ക് മറുപടി പറയാൻ  ഒന്നും തന്നെ ഇല്ലായിരുന്നൂ . തുടർന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങളിൽ സിനിമയും നാടും നിറഞ്ഞിരുന്നൂ . സമയം കടന്നുപോയി ക്കൊണ്ടിരുന്നൂ ,  എപ്പോഴോ അവൻ  എന്നെയും കൂട്ടി തിരിച്ചു നടന്നു . എനിക്ക് ചുറ്റുമുള്ള കാഴ്ചകൾ പണ്ട് ഏതോ കലണ്ടറിൽ കണ്ട ഓർമ്മയിൽ ഉണ്ടായിരുന്നൂ എങ്കിലും നേരിട്ട് ഇത് ആദ്യം . വഴിയിൽ വച്ച് അവൻ കടയിലേക്കും ഞാൻ വില്ല യിലേക്കും മടങ്ങി .ഞാൻ വിലയിലേക്ക് കടന്ന് അല്പസമയത്തിനകം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി . ആദ്യം ശക്തമായ കാറ്റിന്റെ ചടുല താണ്ഡവവും മറ്റും ആലി പ്പഴവീഴ്ച്ചയ്ക്കും മഴയ്ക്കും വേദിയൊരുക്കിയപ്പോൾ ശരിക്കും എനിക്ക് അതൊരു പുത്തൻ അനുഭവമായി മാറി . അതിനിടയിൽ എപ്പോഴോ വിസ എടുത്ത് എന്നെ ഇവിടെ എത്തിച്ച ആ മനുഷ്യനാണ്  അടുത്ത ദിവസം  ഗോൾഡൻ ലീ ഫ് ബേക്കറിയിൽ ഒന്ന് പോകണം എന്ന് ഓർമ്മിപ്പിച്ചത് . അങ്ങനെ ഒരു തണുത്ത രാവിൽ മുറിയിലെ തണുപ്പിലും  കിടക്കയിലെ  രക്തദാഹികൾക്ക്  എന്റെ ശരീരം സമർപ്പിച്ചുകൊണ്ട്  ഉറങ്ങാൻ കിടന്നു .
തുടരും  

എന്റെ പ്രവാസം 
എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : നാല് 
അടുത്ത നാൾ കാലത്ത് തന്നെ മുഹമ്മദ്ക്ക എന്ന എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്ന മനുഷ്യൻ ആ വിലയിലേക്ക് കടന്നു വന്നു . അപ്പോഴേക്കും എന്റെ ബന്ധുവായ രാജേട്ടൻ അയാളുടെ കാറിൽ അവിടെ എത്തിച്ചേർന്നു .  അല്പസമയങ്ങൾക്കകം ഞങ്ങൾ രാജേട്ടന്റെ കാറിൽ ഗോൾഡൻ ലീഫ് എന്ന ബക്കറിയിലേക്ക് യാത്രതിരിച്ചു . ആ യാത്രയിൽ കണ്ട വഴിയോരക്കാഴ്ചകളിൽ പലതും എനിക്ക്  പുത്തൻ അനുഭവം തന്നെ ആയിരുന്നൂ. അക്കാലത്ത് ആ ബേക്കറിയിൽ മാനേജറായി ജോലിചെയ്തിരുന്ന പ്രഭാകരേട്ടൻ എന്റെ പിതാവിന്റെ കൂടെ അധ്യാപികയായി  വിരമിച്ച ജാനകിടീച്ചറുടെ മകൾ അനിതചേച്ചിയുടെ ഭർത്താവ് ആയിരുന്നൂ. അതിനാൽ തന്നെ അദ്ദേഹത്തെ ജാനകി ടീച്ചർ ഫോൺ വിളിച്ചു നേരത്തെ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ആ ബേക്കറിയിൽ കിച്ചൻ ഹെൽപ്പർ ആയി അന്നുമുതൽ ജോലി ലഭിച്ചു .ജനുവരിയിൽ ഗൾഫിലെ ഒരു വലയ്ക്കുന്ന തണുപ്പും കോൾഡ് സ്റ്റോറേജിലെ ഏ സി യുടെ തണുപ്പും എനിക്ക് താങ്ങാനാവാതെ വല്ലാതെ വിഷമിച്ചു . അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത്  ആ മുറിയിൽ തങ്ങിനിന്നിരുന്ന വൈവിധ്യമേറിയ സുഗന്ധങ്ങളും അവിടെനിന്നും കിട്ടിയ സ്വാദേറിയ കേക്ക് കഷണങ്ങളും തന്നെ ആയിരുന്നൂ. അവിടെ ഞാൻ ശ്രദ്ധിച്ചത്  വൈവിധ്യങ്ങളായ യന്ത്രങ്ങളും അവയുടെ പ്രവർത്തന ങ്ങളും ആയിരുന്നൂ . അത്തരം ഓട്ടോമാറ്റഡ് യന്ത്രങ്ങളും അവയുടെ പ്രവർത്തനങ്ങളൂം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി . നാട്ടിലെ സ്വാദേറിയ സുഗന്ധം പരത്തുന്ന ആഹാരസാധനങ്ങളിൽ നിന്നും വിഭിന്നമായി അവിടെയുണ്ടായിരുന്ന ഭക്ഷണത്തിന്റെ ഗന്ധം എന്നിൽ അസ്വസ്ഥത ഉണ്ടാക്കി . അതിനാൽ തന്നെ ഒരാഴ്ചക്കാലം മാത്രമേ എനിക്ക് അവിടെ പിടിച്ചു നില്ക്കാൻ കഴിഞ്ഞുള്ളു . വീണ്ടും പഴയ വില്ലയിൽ തിരിച്ചെത്തി മൂട്ടകളോടൊപ്പം സഹവസിച്ചപ്പോഴും നാട്ടിൽ വച്ച് കരസ്ഥമാക്കിയ ഡ്രാഫ്ട്സ്മാൻ  കോഴ്സ്സിന്റെ  സർട്ടിഫിക്കറ്റ് കയ്യിലെ ബാഗിൽ കിടന്ന് പരിഹസിച്ചു ചിരിക്കുന്നത് പോലെ എനിക്ക് തോന്നി . 

അങ്ങനെ കുറച്ചു ആഴ്ചകൾ കൂടി കഴിഞ്ഞ ശേഷമേ മറ്റൊരു ജോലി എന്നെ തേടി വന്നുള്ളൂ . അത് ദുബായ് ഹോർ അൽ ആൻസ്  എന്ന സ്ഥലത്തെ സ്‌പൈസ് മില്ലിൽ ആയിരുന്നൂ ജോലി . അതിന്റെ ഉടമ കണ്ണൂർ കാരനായ ഒരു മലയാളി ആയിരുന്നൂ , ആദ്യമാദ്യം ബില്ല്  എഴുത്തും പാചകവും പിന്നെ ലോഡിറക്കലുമായി ദിവസങ്ങൾ നീങ്ങി . ഞങ്ങളുടെ ജോലിയും താമസവും ആ വില്ലയിൽ തന്നെ ആയിരുന്നതിനാൽ പുറം ലോകവുമായി ആകെ ഉള്ള ബന്ധം ചിലപ്പോഴൊക്കെ അവരുടെ വണ്ടിയിൽ കടകളിൽ പോയി സാധനം വിതരണം ചെയ്യുന്നത് തന്നെ ആയിരുന്നൂ . ദിവസങ്ങൾ കടന്നുപോയി,  അങ്ങനെയിരിക്കെ ഒരു നാളിൽ ആയിരുന്നൂ  ആ സ്ഥാപനത്തിന്റെ ഉടമയുടെ സുഹൃത്തായ ജോസ് അവിടേക്കു വന്നത് . കഴുത്തിൽ ടൈയ്യും സ്യൂട്ടും ധരിച്ച അയാളെ എല്ലാവരും ജോസേട്ടാ എന്നാണ് വിളിച്ചിരുന്നത് . അയാൾ ഒരു ഒരു പ്രമുഖ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നൂ എന്ന് അയാളുടെ കയ്യിലെ വിസിറ്റിംഗ് കാർഡിൽ നിന്നും ഞാൻ മനസ്സിലാക്കി . പിന്നീട് എല്ലാദിവസവും വൈകീട്ടോടു കൂടി  അദ്ദേഹം അങ്ങോട്ട് കടന്നുവരും . അപ്പോഴൊക്കെ വൈവിധ്യങ്ങളായ ഒരു കെട്ട്  ഇക്കിളി വീഡിയോ കേസറ്റും കയ്യിൽ  കാണും . ജോലിയുടെ ഭാരവും പുറത്തെ ചൂടും കാരണം ഞാൻ പലപ്പോഴും നേരത്തെ തന്നെ ഉറങ്ങാൻ കിടക്കും . അപ്പോഴൊക്കെ  ആ ഇക്കിളി കാസറ്റ്‌ വി സി പി യിൽ ഇട്ട് അതിന്റെ സൗണ്ട് സ്‌പീക്കറിലേക്ക് കണക്റ്റ് ചെയ്ത്  ഞാൻ ഉറങ്ങുന്നിടത്തേക്ക് തിരിച്ചു വയ്ക്കും . പിന്നെ പറയേണ്ടല്ലോ പുകിൽ മനസ്സിലാമനസ്സോടെ ഞാനും ഒടുക്കം അവരോടൊപ്പം ഏതെങ്കിലും ചാക്കിന് മേൽ ചാരിയിരുന്ന്  പാതിയുറക്കത്തിൽ കൂനിക്കൂടി യിരിക്കും .
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : അഞ്ച് 

കാലത്ത് എഴുന്നേറ്റ് സ്‌പൈസ് മില്ലിലെ തലേദിവസത്തെ വിറ്റുവരവും കടങ്ങളും എഴുതി കൂട്ടിയശേഷം അന്നത്തേക്കുള്ള ധാന്യങ്ങളും മറ്റും പാക്കറ്റിൽ നിറയ്ക്കുന്ന ജോലിയിൽ മറ്റുള്ളവരോടൊപ്പം ചേരും. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായും അവസാനമായും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മാറിയത് .  എന്റെ  സ്‌പൈസ് മില്ലിലെ ആ ജീവിതം 1995 ജൂൺ മാസം അവസാനം വരെ നീണ്ടുപോയതും  എല്ലാം ഇന്നലെ കഴിഞ്ഞുപോയത് പോലെ തോന്നി . ആ സ്‌പൈസ് മില്ലിലെ ജോലി മതിയാക്കി ദുബായിയിൽ തിരിച്ചെത്തിയപ്പോഴും മുന്നോട്ടുള്ള ലോകത്തെക്കുറിച്ചു ഒരു രൂപവും മനസ്സിൽ ഉണ്ടായിരുന്നില്ല . 

അപ്പോഴേക്കും  എന്നെ ഈ മണൽ നഗരത്തിലേക്ക് നാട്ടിൽ നിന്നും കൂട്ടി കൊണ്ടുവന്ന അദ്ദേഹം ആരോടോ പറഞ്ഞുറപ്പിച്ചതിന്റെ ഫലമായി  ഇവിടെയുള്ള ഒരു ടി വി ചാനലിൽ ഓഫീസ് ബോയ് പോസ്റ്റിലേക്ക് പോയത് . അവിടെ ചെന്നപ്പോൾ ഒരു സ്ത്രീ എന്റെ അരികിൽ വന്ന് " ആർ യു മുസ്‌ലിം ?" എന്ന ചോദ്യത്തിന്  മറുപടിയായി "ഹിന്ദു " എന്ന് മറുപടി പറഞ്ഞപ്പോൾ തന്നെ അവർ എന്നോട് പിന്നീട് അറിയിക്കാം എന്നും പറഞ്ഞു അവിടെ നിന്നും തിരിച്ചയച്ചു . 

ഈ പ്രവാസത്തിലും പലയിടങ്ങളിലായി  മതത്തിന്റെ പേരിൽ  പലപ്പോഴായി ജോലിയ്‌ക്കുള്ള അവസരങ്ങൾ  നഷ്ടപ്പെട്ടപ്പോഴാണ് ശരിക്കും ഈ പ്രവാസത്തെ ഞാൻ വെറുത്തു പോയത് . നാട്ടിൽ മതവും ജാതിയും പണവും ശുപാർശയും നോക്കി ജോലിയും മറ്റും തരം തിരിച്ചു നൽകുമ്പോൾ  എന്താണ് മതനിരപേക്ഷ മായ നാടാണ് എന്റെ നാട് എന്ന് പറയുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .

പിന്നീട് ഷാർജയിലെ ഒരു ബേക്കറിയിൽ ഓവൻ ഹെൽപ്പർ  ആയി ഒരു ജൂലായ് മാസത്തിൽ ജോലിയിൽ പ്രവേശിച്ചു . അന്തരീക്ഷത്തിലെ പൊള്ളിക്കുന്ന ചൂടും ആ ചൂടിൽ  ടേപ്പിലൂടെ വരുന്ന  വെള്ളം പോലും  എന്റെ ദേഹത്തെ പലപ്പോഴും  ചുട്ടു പൊള്ളിച്ചു . അതിനിടയിലെ ഈ ഓവൻ ഹെൽപ്പർ ജോലിയും കൂടിയായപ്പോൾ ഒരാഴ്ചകൊണ്ട് എന്റെ നടത്തം  തെയ്യത്തെയും നര്ത്തകനേയും പോലെ  അരമണ്ഡലത്തിലേക്ക് മാറി നടത്തം തന്നെ വേദനാജനകമായപ്പോൾ അവിടെ നിന്നും ജോലി അവസാനിപ്പിച്ച് പടിയിറങ്ങി  . 

പിന്നീടാണ്  ഷാർജയിലെ എഞ്ചിനീയറിംഗ്  ഡിസൈനിങ് ഓഫീസിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലിക്കു പ്രവേശിച്ചത്  .നാട്ടിൽ ഒന്നോ രണ്ടോ പ്ലാൻ മാത്രം വരച്ചു സൂപ്പർവൈസിങ് നടത്തി നടന്ന എനിക്ക് ഇവിടെയുള്ള പ്ലാനിലെ ഡീറ്റൈലിങ്  തുടക്കത്തിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചു . അതും പ്ലാൻ വര എല്ലാം കൈകൊണ്ട് തന്നെയായിരുന്നൂ താനും . ഇന്നത്തെപോലെ ഓട്ടോകാഡോ ഒന്നും ഇല്ലായിരുന്ന ഒരു കാലം ആയിരുന്നൂ അത് .  ഒരു മാസകാലത്തോളം ഞാൻ  അവിടെ ഒത്തിരി വിഷമിച്ചു ജോലിചെയ്തു . ആ ഓഫീസിൽ എല്ലാവര്ക്കും ശമ്പളം നൽകുന്ന  ദിവസം അവിടെയുള്ള ഹിന്ദിക്കാരനായ എഞ്ചിനീയർ എന്നെ വിളിച്ചു നിനക്ക് ഒരു ദിർഹംസ് പോലും നൽകാനാവില്ല  കാരണം സർട്ടിഫിക്കറ്റ്  ഉണ്ടെങ്കിലും ഇപ്പോൾ  നിനക്ക് പോകാം എന്ന് പറഞ്ഞപ്പോഴാണ് ശരിക്കും ഒരു കാര്യം എനിക്ക് ബോധ്യമായത്  . ഞാൻ പറയുന്ന ഇംഗ്ളീഷും ഹിന്ദിയും അദ്ദേഹത്തിന് മനസ്സിലായില്ല . നമ്മൾ മലയാളികൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നാൽ ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കാൻ മടിക്കുന്നതിന് കാരണം  പലപ്പോഴും നാം സ്‌കൂളിൽ നിന്നും പഠിക്കുന്ന ഗ്രാമർ തന്നെയാണ് .അത് നമ്മെ പലപ്പോഴും ഉള്ളിലേക്ക് വലിയാൻ നമ്മെ പ്രേരിപ്പിക്കുന്നൂ . പിന്നീട് സംസാരത്തിന് ഗ്രാമറിന്റെ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും ഒത്തിരി അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കും . 
തുടരും 


എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ആറ് 
അവിടെനിന്നും ഇറങ്ങി റോള പാർക്കിലൂടെ നടന്നപ്പോൾ എന്റെ മുന്നിൽ റഷീദ് ജോലിചെയ്യുന്ന കടമാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ . അങ്ങനെ അവന്റെയും ബാപ്പയുടെയും ഒപ്പം കുറച്ചു നാൾ കഴിച്ചപ്പോഴേക്കും തുടർന്നും അവരെ ശല്യം ചെയ്യാൻ എന്റെ മനസ്സ് അനുവദിച്ചില്ല . അങ്ങനെ  ഒരു ദിവസം എന്റെ കസിന്റെ ഫ്ലാറ്റിലേക്ക് ചേക്കേറി .ശരിക്കും എന്തോ ഒരു വല്ലാത്ത അടുപ്പം ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഉണ്ടായിരുന്നതിനാൽ ഫ്ളാറ്റിലെ മറ്റുള്ളവർ  ഒന്നും പറഞ്ഞില്ല. ആ സമയം എന്റെ കസിൻ നാട്ടിലേക്ക് അവധിക്ക് പോയിരിക്കുകയായിരുന്നൂ അതിനാൽ തന്നെ മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാൻ ഒരു കെയ്ക്കും ബിൽഡിങ്ങിന് കീഴെയുള്ള  കൂളറിൽ നിന്നും വെള്ളവും കുടിച്ചു്  ഒരു വിധം ഒരാഴ്ച തള്ളി നീക്കി . അങ്ങനെ ഒരാഴ്ച്ച  കഴിയുമ്പോഴേക്കും  എന്റെ കസിൻ നാട്ടിൽ നിന്നും അവധികഴിഞ്ഞു തിരിച്ചെത്തി . തുടർന്ന് പലരോടും പറഞ്ഞും ബിയോഡേറ്റ ഫാക്സ് ചെയ്തും ഇന്റർവ്യൂ കൾ ഒരു വിധം നന്നായി നടന്നു തുടങ്ങി . 

അതിനിടയ്ക്കാണ് കസിന്റെ സുഹൃത്ത് എന്റെ അടുത്ത് വന്നു ഓരോ ദിവസത്തെയും ഇന്റർവ്യൂ വിനെക്കുറിച്ചും കമ്പനിയെ പറ്റിയും അന്വേഷിക്കാൻ തുടങ്ങിയത് ആദ്യമാദ്യം ഞാൻ കരുതി എന്റെ നല്ലതിന് വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ ചോദിക്കുന്നത് എന്ന് പിന്നീട് ആണ് അതിന്റെ കിടപ്പ് എനിക്ക് ബോധ്യമായത് . അദ്ദേഹത്തിന്റെ ഒരു ബന്ധു വിസിറ്റിന് വന്നിട്ടുണ്ട് എന്നും എന്നോട് ചോദിച്ചറിയുന്ന ഇന്റർവ്യൂ വിവരങ്ങൾ കൃത്യമായി അയാൾ ബന്ധുവിനെ കൃത്യമായി അറിയിച്ചു കൊടുക്കുന്നുണ്ട് എന്നും കസിനിൽ അറിഞ്ഞു . അങ്ങനെ അടുത്ത ദിവസം അദ്ദേഹം ഇന്റർവ്യൂ വിവരം തിരിക്കാനായി വന്നപ്പോൾ ഞാൻ അറിഞ്ഞുകൊണ്ട് തെറ്റായ വിവരം നൽകി പറഞ്ഞു വിട്ടു . 

വൈകീട്ടതാ അയാൾ എന്റെ അടുത്ത് വന്ന് 

" നീ പറഞ്ഞ കമ്പനിയിൽ ഇന്റർവ്യൂ ഒന്നും നടക്കുന്നില്ലൊ " 

എന്ന്  പറഞ്ഞപ്പോൾ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അദ്ദേഹം ശ്രദ്ധിച്ചു . അതിനിടയിൽ ദിവസത്തെ ബാക്കി സമയത്ത് ഒരു മാർബിൾ കമ്പനിക്ക് വേണ്ടി  ഡിസൈൻ പ്ലാനുകൾ ഫ്രീലാൻസ് ആയി തയ്യാറാക്കി നല്കുന്നുണ്ടായിരുന്നൂ . അങ്ങനെയിരിക്കെ ഒരു മാസത്തിനകം എന്റെ കസിനിന്റെ സുഹൃത്ത്  മുഖേന ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഷനറി കടയിൽ ജോലിക്ക് കയറി . ആ സ്ഥാപനത്തിൽ  ഞാൻ ഏകദേശം അഞ്ച് ആറ് മാസത്തോളം ജോലിചെയ്തു, അവിടെയും ഈ മണൽ നഗരത്തിലെ  മലയാളി കമ്പനികളിൽ ഇന്നും നിലവിലുള്ള ശമ്പളം എങ്ങനെ കൊടുക്കാതെ ഭീഷണി പ്പെടുത്തി ജോലിചെയ്യിക്കാം എന്ന രീതി തന്നെയായിരുന്നൂ . ഒടുക്കം ആ കടയുടെ മുതലാളി 

" നീ കഴിയുമെങ്കിൽ എന്റെ കയ്യിൽ നിന്നും വാങ്ങിക്കോ " 

എന്നും പറഞ്ഞു ഇറക്കി വിട്ടപ്പോൾ സഹായത്തിന് എന്റെ കസിൻ മാത്രമേ ഉണ്ടായുള്ളൂ . ഒരു ചില്ലിക്കാശും കിട്ടിയില്ല അങ്ങനെ അടുത്ത ദിവസം കസിന്റെ മറ്റൊരു സുഹൃത്തിന്റെ ഗ്രോസറിയിൽ മൈസിലോണ് എന്ന സ്ഥലത്ത് ജോലിക്ക് കയറി . അപ്പോഴും എന്നെ കസിന്റെ റൂമിൽ നിന്നും ഒഴിപ്പിക്കാൻ പണ്ട് ഇന്റർവ്യൂ കാര്യങ്ങൾ അന്വേഷിച്ച അദ്ദേഹത്തിന്റെ സുഹൃത്ത് കൂടെ ഉണ്ടായിരുന്നൂ . അങ്ങനെ റോളയിലെ പഴയ ഇന്ത്യൻ അസോസിയേഷൻ കെട്ടിടത്തിന് സമീപത്തെ ഒരു പഴയ വില്ലയിലേക്ക് ഞാൻ താമസം മാറി . അപ്പോഴക്കും കൃത്യമായി ഭക്ഷണം കഴിക്കാനാവാതെ  ഞാൻ അൾസറിന്റെ കൈകളിൽ അമർന്നു തുടങ്ങിയിരുന്നൂ  .
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ഏഴ് 
 ഷാർജയിലെ ആ  തണുത്ത പ്രഭാതത്തിലും സൂര്യന്റെ ചൂടിന്റെ തീഷ്ണത തീരെ കുറഞ്ഞത് പോലെ തോന്നി . വില്ലയിൽ നിന്നും ജോലിസ്ഥലത്തേക്ക്  ഗ്രോസറിയിലേക്ക്  നടന്നുനീങ്ങുമ്പോഴും വയറിലെ വേദന എന്നെ വല്ലാതെ അസ്വസ്ഥനാക്കി . വഴിയിലെ പരിചയക്കാരോട് കുശലം പറഞ്ഞു ഞാൻ മുമ്പ് ജോലിചെയ്ത ബേക്കറിയിൽ കയറി കുറച്ചു കുബ്ബൂസ് പാക്കറ്റ് വാങ്ങി കടയിലേക്ക് നടന്നപ്പോഴേക്കും സഹായിയായ  മലപ്പുറക്കാരൻ  സമദ്  അവിടെ എന്റെ വരവും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നൂ . അക്കാലത്ത്  ഷാർജയിലെ കുറച്ചു കെട്ടിടങ്ങളിൽ മാത്രമേ ലിഫ്റ്റ് ഉണ്ടായിരുന്നുള്ളൂ . അതിനാൽ തന്നെ ചിലപ്പോഴൊക്കെ ഞാനും അവനും കൂടിയാണ് സാധനങ്ങൾ ഫ്ലാറ്റുകളിൽ കൊണ്ടുചെന്ന് കൊടുക്കാറ് . അതിൽ പലപ്പോഴും ഒരു സാധനവും കൊണ്ട് മൂന്നും നാലും നിലയുള്ള കെട്ടിടത്തിന്റെ പടവുകൾ നടന്നുകയറി ഫ്ളാറ്റിന് മുന്നിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ചിലർ 
" അയ്യോ പറയാൻ മറന്നു , ഒരു ദിർഹംസിന്  കറിവേപ്പിലയും  സിഗരറ്റും വേണമായിരുന്നു , ഒന്ന് വേഗം കൊണ്ടുവരുമോ ?"
എന്ന് ആവശ്യപ്പെടുമ്പോൾ തിരിച്ചു പടവുകൾ ഇറങ്ങി വീണ്ടും കയറി വരുന്നത്  ഓർത്ത്   മനസ്സിനുള്ളിൽ എല്ലാം ഒളിപ്പിച്ചു 
" ശരി ചേട്ടാ " 
എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ പലപ്പോഴും അസഹനീയമായ വയറുവേദന എന്നെ അസ്വസ്ഥനാക്കാറുണ്ട് . അങ്ങനെയിരിക്കെ ചില ദിവസങ്ങളിൽ വേദന സഹിക്കാതെ മരത്തിന്റെ സ്കയിൽ മേശയിലും വയറിലുമായി കുത്തി അമർത്തി ആശ്വാസം കാണാറുള്ളത് എങ്ങനെ യാണ് മറക്കാൻ കഴിയുക . അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ് അബൂബക്കർ എന്ന ഷാർജയിലെ ഒരു പ്രിൻറിംഗ് പ്രസ്സിൽ ജോലിചെയ്യുന്ന ആ മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത് . എന്റെ മുഖത്തെ വിളർച്ച കണ്ടാണ് എന്ന്.  തോന്നുന്നൂ അദ്ദേഹം എന്നോട് ആരോഗ്യ കാര്യങ്ങൾ തിരക്കിയത് . ഞാൻ ആദ്യമൊക്കെ ചിരിച്ചുകൊണ്ട് സുഖം എന്ന് മറുപടി പറഞ്ഞൊഴിഞ്ഞു .  പിന്നീട്  അദ്ദേഹത്തിന്റെയും സഹപ്രവർത്തകനായ സമ്ദിന്റെയും നിര്ബന്ധത്തിന് ഒടുവിൽ എന്റെ അവസ്ഥ അവരുടെ മുന്നിൽ അവതരിപ്പിക്കേണ്ടി വന്നു . എല്ലാം കേട്ടറിഞ്ഞ അദ്ദേഹം എനിക്ക് റോള പാർക്കിനു സമീപത്തെ കെട്ടിടത്തിൽ ക്ലിനിക്ക് നടത്തുന്ന മുഹമ്മദ് ഡോക്ടറെ ക്കുറിച്ചു പറഞ്ഞു . കയ്യിൽ ആഹാരം കഴിക്കാൻ ഇല്ലാത്ത എന്റെ കയ്യിൽ എവിടെയാ ഡോക്ടറെ കാണാൻ കാശ് . എങ്കിലും അദ്ദേഹത്തെ നിരാശനാകാതെ അവിടെനിന്നും റൂമിലേക്ക് മടങ്ങുമ്പോൾ രാത്രി എന്താണ് കഴിക്കുക എന്നതായിരുന്നൂ ചിന്ത മുഴുവൻ . തുടര്ന്നുള്ള ദിവസങ്ങളിൽ ഭക്ഷണത്തിന്റെ ഗന്ധം എന്നിൽ മനം പുരട്ടാൻ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ  പലപ്പോഴും ഛർദ്ദിച്ചു  ഞാൻ കുഴഞ്ഞു . അങ്ങനെയിരിക്കെ ഒരു ദിവസം അബൂബക്കറിക്ക തന്നെ എന്നെയും കൂട്ടി കടയിൽ നിന്നും ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ട് പോയി  ആവശ്യമായ മരുന്ന് വാങ്ങിതന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.
തുടരും   
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : എട്ട് 

തുടർന്നുള്ള ദിനങ്ങളിൽ ഞാൻ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന്  തിരക്കലായി അബൂബക്കറിക്കയുടെ ജോലി . അദ്ദേഹത്തെ  സ്വന്തം സഹോദരനെപോലെ കാണാൻ തുടങ്ങിയത് അക്കാലം മുതലാണ്  .

(മതമോ ജാതിയോ വർണ്ണമോ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ചു് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ആളുകളെ തരം തിരിക്കേണ്ടത്  എന്നതാണ് എന്റെ അഭിപ്രായം  .)

അങ്ങനെയിരിക്കെ  ഒരു നാളിൽ  കടയിൽ നിന്നും എനിക്കുള്ള ആദ്യത്തെ  ശമ്പളത്തിനുള്ള ചെക്ക്‌ കിട്ടി . ഞാൻ ചെക്കുമായി ബാങ്കിൽ പോയി അത് മാറി ആവശ്യമുള്ള സാധനങ്ങളും വാങ്ങി മുറിയിൽ ചെന്ന്   ഉച്ചഭക്ഷണം  പാചകം ചെയ്യാനായി അടുക്കളയിലേക്ക്‌   കയറി  . ഈയടുത്ത കാലത്താണ്   ഡോക്ടരുടെ നിർദ്ദേശപ്രകാരം  എണ്ണയോ മസാലകളോ ചേർക്കാതെ  ഉപ്പും പച്ചമുളകും മാത്രം  ചേർത്ത് പച്ചക്കറികൾ  വേവിച്ചു കഴിക്കാൻ തുടങ്ങിയത് . കിട്ടിയ ശമ്പളത്തിൽ നിന്നും ഒരു വിധം കടങ്ങളും മുറിവാടകയും കൊടുത്ത് തീർത്ത്  ദിനങ്ങൾ തള്ളി നീക്കികൊണ്ടിരിരുന്നൂ .

 ആ  വെള്ളിയാഴ്ചയാണ്  ഞങ്ങളുടെ  വില്ലയിലെ മുതിർന്ന അംഗമായ കാസർകോഡ് കാരനായ ഞങ്ങളുടെ  ഇച്ച അദ്ദേഹത്തിന്റെ അറബിയുടെ വീട്ടിൽ നിന്നും കുറച്ചു് ഒട്ടക ബിരിയാണി കൊണ്ട് വന്ന് ഞങ്ങൾക്ക്  തന്നത്. വിശപ്പിന്റെ വിലയറിയുന്ന എനിക്ക് അതും അമൃതായി തോന്നിയെങ്കിലും എന്തോ ആദ്യമായി ഒട്ടക ബിരിയാണി കഴിക്കാൻ തുടങ്ങിയെങ്കിലും അതിന്റെ സ്വാദിനോട്  പൊരുത്തപെടാൻ കഴിഞ്ഞില്ല  . വൈകീട്ടോടെ അറബിയുടെ അമേരിക്കൻ കാറുമായി ഇച്ച വില്ലയുടെ മുന്നിൽ വന്നു നിന്നു . അദ്ദേഹത്തിന്റെ ക്ഷണപ്രകാരം  ഞങ്ങൾ ആ കാറിൽ നഗര പ്രദക്ഷിണം നടത്തി തിരിച്ചെത്തിപ്പോഴേക്കും സമയം അഞ്ചോട് അടുത്തിരുന്നൂ  . അതൊക്കെ അന്നൊരു സ്വപ്നം പോലെ കാണാനേ  കഴിയൂ  .

അഞ്ചരയോടെ നേരെ അന്നത്തെ ഇന്ത്യൻ അസോസിയേഷൻ  സ്ഥിതിചെയ്യുന്ന റോള ഗ്രൗണ്ടിന് മുന്നിലുള്ള സ്ഥലത്തെ ടെലിഫോൺ ബൂത്തിൽ ചെന്ന് നാട്ടിലേക്ക് വിളിച്ചു . അന്നൊന്നും വീട്ടിൽ ലാൻഡ് ഫോൺ ഇല്ലായിരുന്നൂ അതിനാൽ അടുത്ത വീട്ടിൽ  വിളിച്ചു പറഞ്ഞ ശേഷം അൽപ്പസമയം കഴിഞ്ഞാണ് വിളിക്കാറ്  അപ്പോഴേക്കും അമ്മയോ അച്ഛനോ ചിലപ്പോൾ ഇരുവരുമോ വന്നു സംസാരിച്ചു കഴിഞ്ഞാൽ മനസ്സിനൊരു ആശ്വാസമാണ് .
അങ്ങനെയിരിക്കെ ഒരു രാത്രി പെയ്ത മഴയുടെ വെള്ളം ഒട്ടും വെറുതെയായില്ല . കാരണം പഴയ വില്ലയുടെ മേൽക്കൂരയിലെ ചോർച്ച യിലൂടെ അന്നത്തെ മഴവെള്ളം ഞങ്ങളുടെ മുറിയിൽ നിറഞ്ഞു .ചുമരും ചാരി മഴ തോരുന്നതും നോക്കി നിന്നശേഷം ആ മുറിയിലെ വെള്ളം മുക്കി വറ്റിച്ചു കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരിവൈകി . അങ്ങനെ എന്റെ ഉറക്കിന് ഭംഗം വരുത്തികൊണ്ടു മഴ കാറ്റിന്റെ അകമ്പടിയോടെ എങ്ങോ പോയി മറഞ്ഞു .അങ്ങനെയും ഒരു ഒരു ദിനം പുസ്തകത്താളിൽ ചേർത്തുകൊണ്ട് കാലവും മുന്നോട്ടു നീങ്ങി .

തുടരും 



എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ഒമ്പത്
.. അതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായാണ് കടയുടമ കടയിലേക്ക് കയറി വന്നത്. അദ്ദേഹംനേരെ കടയിലെ റാക്കുകളിലൂടെ ഒരോട്ട പ്രദർശനം നടത്തിക്കൊണ്ട്  എന്റെ  അരികിലേക്ക് നടന്നടുത്തു. ആ മുഖത്ത് മിന്നി മറഞ്ഞ ചിരിയിൽ മറഞ്ഞിരുന്ന  നിഗൂഡത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.. അപ്പോഴാണ് അദ്ദേഹം എന്റെ ചുമലിൽ കൈയ്യമർത്തി 

"സത്യാ   നിന്നെ ഒരു പ്രധാന കാര്യം പറയാനാണ് ഞാനിപ്പോൾട്ട് : ഇങ്ങോട്ടേക്ക്  വന്നത്.,  ഞാൻ ഒരു സുഹൃത്തിനെ സഹായിച്ച് വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് നിൽക്കുകയാണ് അതിനാൽ ഈ കാ തുടർന്ന് നടത്തിക്കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ,. അതിനാൽ നാളെ മുതൽ കട തുറക്കണ്ട ഇത് നിന്നെ നേരിട്ട് ധരിപ്പിക്കാനാണ് ഞാൻ വന്നത്. നീ ആത്മാർത്ഥമായി തന്നെ ഇവിടെ ജോലി ചെയ്തു നിനക്ക് നല്ലതേ വരൂ.. "

എന്ന് പറഞ്ഞ് നിറുത്തിയപ്പാൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു. ആ വാക്കുകൾ  ആദ്യമായി കേട്ടപ്പോൾ   ശരിക്കും ഞാനൊന്ന് അമ്പരന്നു. വിശപ്പിന്റെ പൊള്ളിക്കുന്ന നോവിൽ  നിന്നും  ഒരു വിധം കരകയറി വരുമ്പോഴിതാ എന്റെ സമയ ദോഷം പോലെ ഓരോ തടസ്സങ്ങൾ  ജീവിത വീഥീ യിൽ വന്നു ചേർനിരിക്കുന്നു എന്നോർത്തപ്പോൾ മനസ്സ് നന്നേ. നൊന്തു. അന്ന് കടയിലെ  കണക്കുകൾ  കൂട്ടിക്കിഴിച്ച് മുതലാളിയേ ഏൽപ്പിച്ച് കടയിൽ നിന്നും ഇറങ്ങാൻ  ഞാൻ ഒത്തിരി വൈകി.  എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു   നാളെ എന്ത് എന്ന  ചോദ്യമായിരുന്നു മസസ്സ് മുഴുവൻ , അങ്ങനെയിരിെക്കെയാണ്  നടന്ന് നടന്ന് ഞാൻ പ്രധാന പാതയുടെ ഓരത്ത് എത്തി ചേർന്നത്. പിന്നീട് പാത മുറിച്ച് കടക്കാനായി വാഹനങ്ങളുടെ തിരക്ക്  ഒരു വിധം ഒഴിയുന്നതുവരെ കാത്തു നിന്നു  . പിന്നെപ്പോഴോതിരക്ക് അല്പം കുറഞ്ഞപ്പോൾ പാത മുറിച്ചു കടക്കാൻ ഞാൻ ഒന്നു ശ്രമിച്ചുപിന്നെ നടന്നത്  എന്താണെന്ന്  ആ വഴി കടന്നുപോയ ചിലർ.   പറഞ്ഞാണ് ഞാനറിഞ്ഞത്. 

"എന്റെകാലിലെ ഷൂസ്  മിനുസമുള്ള തറയിൽ നിന്നും വഴുതി  തറയിൽ ഉയർന്ന് നീളമുള്ള   മുള ഉലയുന്ന പോലെ ഇളകി റോഡിലേക്ക് പതിച്ചപ്പോൾ  മനസ്സിൽ എല്ലാം കഴിഞ്ഞെന്നാണ് ആദ്യം കരുതിയത്. ആ കിടപ്പിൽ തല ചരിച്ച് പാതയിലേക്ക് കണ്ണോടിച്ച  ഞാൻ  വല്ലാതെ ഞെട്ടിച്ചു .  അതുവരെ കുതിച്ച് പാഞ്ഞ വാഹനങ്ങളിൽ പലതും ആ സമയം എന്റെ മുന്നിൽ നിരയായി നിൽക്കുന്നുണ്ടായിരുന്നു : ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് വില്ല ലക്ഷ്യമാക്കി നടന്നു നീങ്ങിയപ്പോൾ മനസ്സിൽ ജീവിതത്തിൽ നല്ലൊരു സ്ഥാനെത്തിയേ  നാട്ടിലേക്ക് തിരി ക്കൂ എന്ന് ഉറപ്പിച്ചു.
തുടരും
 .  

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...