2017 സെപ്റ്റംബർ 27, ബുധനാഴ്‌ച

മണ്ണ് ( കവിതാ

മണ്ണ് (കവിത)
എം.പി .എസ്.വീയോത്ത്

മണ്ണിന്റെ ഉടമയ താരാണെന്നു ള്ളൊരു മത്സരചിന്തയായ് നിന്നീടുമ്പോൾ

സ്നേഹത്തിൻ മേലെയായ് സ്വത്തിനേ കണ്ടവർ
അന്യരായ് മാറി നിന്നിടുന്നു

സ്വന്തവും ബന്ധവുമില്ലെന്ന് ചൊല്ലിക്കൊണ്ടേവരും
കോപത്താൽ  എങ്ങോട്ടോ പോയീടുമ്പോൾ

അവസാന നാളിലായ് നമ്മളിലെല്ലാരും ആറടി മണ്ണിന്റെ ഉടമ മാത്രം

കോടികൾ ആസ്തിയും മരുന്നുകൾ ജാസ്തിയുമാത്രമായൊത്തിരി ആളുകളും

മനസ്സുഖം തേടിപലവഴിതെറ്റിലക്ഷ്യബോധംപോയ ഒത്തിരിപ്പേരീ  ഭൂവിലുണ്ട്

പണത്തിന് പിന്നാലെ പാഞ്ഞവർ പലനാളും
ജീവിച്ച ചരിത്രമീ ഭൂവിലീല്ല

2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

സ്നേഹം (കവിത )

സ്നേഹം 
എം.പി. എസ്സ്. വീയ്യോത്ത്

സ്നേഹമെന്നക്ഷരക്കൂട്ടത്തിന്‍ അര്‍ത്ഥങ്ങള്‍ പലതെങ്കില്‍
ശുദ്ധമാം സ്നേഹത്തെ തിരിച്ചറിവതെങ്ങനെ

സ്നേഹമളക്കുന്നതെങ്ങനെ എന്നൊരു സംശയമൊത്തിരി
പ്പേരുടെ ഉള്ളിലായുണ്ടുപോല്‍

പാവനരൂപമാം മാതാവിന്‍ സ്നേഹത്തിന്‍ മാധുര്യമത്രയും
മാറിമറിഞ്ഞും പോയ്‌

സ്നേഹമീവിധം മാറീടില്‍ ആരെനാം അന്ധമായ്
വിശ്വസിച്ചീടുമീലോകത്തില്‍

സ്നേഹത്തിന്‍ ആദ്യ കിരണമാം കുഞ്ഞിന്റെ ദേഹത്തെപ്പോലും   
കശക്കുന്നു ചില ദുഷ്ടന്മാര്‍

സ്നേഹമീ ലോകത്തില്‍ കപടമാണെങ്കിലും ഭീതികൂടല്ലാതെ
കാണാനിന്നാവില്ല

തന്നിഷ്ടക്കാരുടേം ലാഭേശ്ചക്കാരുടേം ലോകത്തില്‍ സ്നേഹമതുപോലും     കിട്ടാക്കനിയുമായി


സ്നേഹവും പ്രേമവും മാറി മറിയുമ്പോള്‍ എങ്ങനെ മാലോരെ വിശ്വസിച്ചീടും ഞാന്‍ 

2017 സെപ്റ്റംബർ 25, തിങ്കളാഴ്‌ച

മരണം (കവിതാ

മരണം
എം .പി .എസ്സ്. വീയ്യോത്ത്

മരണമില്ലാത്തൊരാ ചക്രവാളത്തിലുമതിലേറിയൊഴുകുന്ന താരക കൂട്ടരും
പലകുറി ഇരുട്ടിവെളുത്തപ്പോഴൊക്കയും മരണമാ താരക കൂട്ടരേ വിട്ടു പോയ്
അരി തൊട്ട് കർപ്പൂര പൊതിയിലുമൊക്കെയായ് അക്കങ്ങളാലേ കുറിച്ചൊരു അന്ത്യനാൾ
ജീവന്റെ അവസാന നാളിന്റെ സൂചന നൽകില്ലൊരാൾക്കും ദൈവമൊരു നാളും
പലകുറി പല ജ്യോത്സ്യർ പ്രവചിച്ചീടുന്ന അവസാന കാലത്തിനോർമ്മയിലാണ് നാം
രാജയോഗമെന്ന് പ്രവചിച്ച ജ്യോത്സ്യനോ രണ്ടുനാളായപ്പോൾ മൺമറഞ്ഞും പോയ്
മ ര ണ മെ ൻ ചാരത്ത് പല കറി അണഞ്ഞപ്പോൾ
അറിയാതെ ആരോ കാത്തു പിടിച്ചതും
കാണുവാനാവില്ല ഇന്നുമീ നാളിലും മരണവീട്ടിന്റെ
കാഴ്ചയൊരു നാളും
ഹൃദയത്തെ കീറി മുറിച്ചിടും ശോകമാം
നീറ്റലിൽ വേദന അതിലുണ്ട് എങ്കിലും
ഇന്നു മീ ലോകത്ത് പലരുമാ ജീവന്റെ
വിലയൊന്നുമറിയാതെ മത്സരിച്ചീടുന്നു
മരണത്തിൻ ഇരുളാർന്ന കമ്പളത്തണുപ്പേറ്റ്
ഉറങ്ങാൻ കൊതിക്കുന്നോ മാലോകരെല്ലാരും

2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ഏകാന്തം (കവിത)

ഏകാന്തം
എം.പി .എസ്സ്. വീയ്യോത്ത്
ഏകാകിയായി
അലഞ്ഞൊരുനേരത്താ
വേദന ഞാനന്നറിഞ്ഞു
ഒറ്റപ്പെടലിന്റെ നീറ്റ ലെൻ
ഹൃത്തിനെ വല്ലാതെ
കുത്തിനോവിച്ചു
കൂട്ടിനൊരാളുമില്ലാ
ത്തൊരാവസ്ഥ
യന്നാദ്യമായെന്നെ നോവിച്ചു
ഓർമ്മ തൻ ഓളത്തിൽ
നീന്തിത്തുടിച്ചു നടന്നപ്പോ
ളെപ്പോഴോ തെളിഞ്ഞു
വന്നൊരാ നഷ്ട ബാല്യത്തിന്റെ
ഓർമ്മ പുസ്തകത്താളിലെ
മധുരമായോർമ്മകൾ ഓരോന്നും
എന്റെ മനസ്സിനെ ഒത്തിരി
നോവിച്ചുവല്ലോ ഏകാകിയാവാൻ
ഇരുട്ടിന്റെ മറ വേണ്ട ഒറ്റപ്പെടലിന്റെ
തീരത്തിലെത്തിയ കഞ്ഞു മനസ്സിന്
കരഞ്ഞു കാണിക്കാമെങ്കിലും
ഞാനെന്റെയീ നീറുന്നവേദന
എങ്ങനെ കാണിച്ചിടേണ്ടൂ
 ഈ ഭു ലോകത്തിലാർക്കുമേ
ഈവേദന ഒരുനാളും നൽകരുതെന്ന്
 ഞാൻ പ്രാർത്ഥിച്ചിടുന്നു


2017 സെപ്റ്റംബർ 12, ചൊവ്വാഴ്ച

ഞാൻ ഉലഹന്നാൻ

ഞാൻ ഉലഹന്നാൻ 
ഭാഗം - ഒന്ന് 
എം പി എസ്സ് വീയ്യോത്ത്.
ടൌണില്‍നിന്നും പതിവുപോലെ സുകുമാരന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
 വീടിന്റെ മുന്നിലായി നിറുത്തിയ ബൈക്കില്‍നിന്നും ഇറങ്ങി മുമ്പിലെ ചെകുത്തായ കൽപടവുകൾ കയറാൻ തുടങ്ങി. അപ്പോഴാണ്  പിന്നില്‍ നിന്നും “ശൂ..ശൂ..” എന്ന വിളി എൻ്റെ ചെവിയിൽ വന്ന് പതിച്ചത്. ഞാന്‍ നടത്തം നിറുത്തി മെല്ലെ തിരിഞ്ഞു പിറകിലേക്ക് തല തിരിച്ചു നോക്കി. അതാ   തൊട്ടു പിന്നിലായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വള്ളിയില്‍ ഒരു പാമ്പ് എൻ്റെ നീക്കങ്ങളും നിരീക്ഷിച്ച് പാവത്തേപ്പോലെ കിടക്കുന്നു. അത് ഏതോ മുൻ പരിചയക്കാരനെപ്പോലെ എന്നെ തലപൊക്കി പലതവണ നോക്കി 
കുറച്ചു സമയം നാക്ക് നീട്ടി എന്തോ മുന്‍ പരിച്ചയത്തിലെന്നവണ്ണം ആലോചിച്ച് നിന്നു. പിന്നെ അത് തിരിച്ചു ഇഴഞ്ഞു വള്ളിയിലൂടെ എങ്ങോട്ടോ നീങ്ങാന്‍ തുടങ്ങി. ചിലപ്പോള്‍ അത് കരുതിക്കാണും ഞാന്‍ ഇവനെ കടിച്ചിട്ട്‌ വിഷം ഏറ്റില്ലെങ്കില്‍ പിന്നെ തല ഉയര്‍ത്തി നടന്നിട്ട് കാര്യമുണ്ടോ.
ഹാ ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. എന്റെ പേര് ഉലഹന്നാന്‍, നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ കുട്ടി നേതാവാണ്‌ ഈ ഞാൻ . എന്താണെന്നറിയില്ല എല്ലാവര്ക്കും എന്നെപ്പറ്റി വലിയ മതിപ്പാ, ആളുകള്‍ എന്നെ കണ്ടാല്‍ ഇപ്പോഴും പറയും പഹയന് വല്ലാത്ത തോലിക്കട്ടിയാന്നു. അത് ഈ പാമ്പ് പോലും അറിഞ്ഞെന്നു തോന്നുന്നു. അറിയപ്പെടുന്ന പാര്‍ട്ടിയുടെ അനുസരണയുള്ള പ്രവര്‍ത്തകനായതിനാല്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും എന്റേതായ സംഭാവന നല്കാന്‍ പ്രവര്‍ത്തിക്കാറുണ്ട്. അതിനിടയില്‍ ചില അഴിമതികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നൂ. എന്ത് ചെയ്യാം സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ ഞങ്ങളുടെ പാര്‍ട്ടി നാടിന് വേണ്ടി എന്തുമാത്രം നല്ല കാര്യങ്ങള്‍ ചെയ്തിരിക്കുന്നൂ. ഇന്നത്തെ ജനതയില്‍ എത്രപേര്‍ക്കറിയാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രങ്ങള്‍ അതുപോലെ അത് നേടിത്തന്ന നേതാക്കളേ.
അതും ചിന്തിച്ച് മനസ്സില്‍ ചിരിച്ചുകൊണ്ട് ഞാന്‍ മടക്കി കുത്തിയ ഖദര്‍മുണ്ട് കുത്തഴിചിട്ട് മുന്നിലെ പടികള്‍ കയറാന്‍ തുടങ്ങി. വീടിന്റെ വരാന്തയില്‍ തൂങ്ങിക്കിടന്ന ഇന്ദിരാഗാന്ധിയുടെ ചിത്രം എന്നെ നോക്കി ചിരിച്ചതുപോലെ തോന്നി. ഞാന്‍ കല്പടവിന് അരികില്‍ ചെരുപ്പും അഴിച്ചുവച്ച് വീട്ടിലേക്കു കയറി. അപ്പോഴുണ്ട് അമ്മച്ചി വീട്ടിനകത്തുനിന്നും ഇറങ്ങി വരുന്നൂ. എന്നെ നോക്കി ചോദിച്ചു “ ഇന്ന്‍ ആരെ പറ്റിചേച്ചു വരുന്നവഴിയാ” ഞാന്‍ “എവിടെയും പോയില്ല പാര്‍ട്ടി ആപ്പീസില്‍ തന്നെ ഉണ്ടായിരുന്നൂ, ഇനി എന്തെങ്കിലും ഒന്ന് തടയണമെങ്കില്‍ ഇലക്ഷനോ അല്ലെങ്കില്‍ ദുരന്തമോ വരണം, നാളെ ഒരു നിരാഹാര സത്യഗ്രഹമുണ്ട് നോക്കട്ടെ”. അപ്പോഴുണ്ട് വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ നിറുത്താതെ ചിലക്കുന്നു. എന്റെ ചേച്ചി ഫോണ്‍ അറ്റന്‍ഡ് ചെയ്തു, പിന്നെ കുറച്ചു സമയത്തിനകം അകത്തു നിന്നും നീട്ടി വിളിച്ചു “ എടാ നിനക്കാ ഫോണ്‍ ഏതോ ഒരു റോസ് മേരി” എനിക്ക് ആളെ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . എന്നാലും ഞാന്‍ വേഗം ചെന്ന് റിസീവര്‍ കയ്യിലെടുത്തു. അപ്പോള്‍ അങ്ങേ തലക്കല്‍ ഒരു സ്ത്രീ ശബ്ദം ഹലോ എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചും, സംസാരിച്ചു വന്നപ്പോഴാണ് ആളെ മനസ്സിലായത് എന്നെ തേച്ചിട്ട് പോയ മുന്‍ കാമുകി റോസി എന്ന് ഞാന്‍ വിളിക്കുന്ന റോസ്മേരി. ഇപ്പോള്‍ അവള്‍ക്കു എന്റെ ഒരു സഹായം വേണം എന്തിനാന്നല്ലേ. അവളെ ആരോ ദിവസവും മൊബൈല്‍ ഫോണില്‍ വിളിച്ചു ശല്ല്യം ചെയ്യുന്നൂ അതിന് ഞാന്‍ എന്തെങ്കിലും ചെയ്യണം പോലും,. എന്നോട് നേരിട്ട് ചെല്ലാനും അപ്പോള്‍ വിവരങ്ങള്‍ ധരിപ്പിക്കാമെന്നും പറഞ്ഞ് ഫോണ്‍ വിളി അവസാനിപ്പിച്ചു. അങ്ങനെ ഞാന്‍ ഫോണും വച്ച് തിരിഞ്ഞപ്പോഴതാ പിന്നില്‍ സംശയ ദൃഷ്ടിയോടെ എന്റെ പുന്നാര ചേച്ചി മേരി. സ്കൂള്‍ ടീച്ചറായ അവരുടെ ചിരിച്ചുകൊണ്ടുള്ള നോട്ടത്തില്‍ തന്നെയുണ്ട് എന്നോടുള്ള സംശയവും ചോദ്യവും. ഞാന്‍ അവര്‍ ചോദിക്കാതെ തന്നെ അത് മുല്ലമറ്റത്തെ ഗീവര്‍ഗ്ഗീസിന്റെ മകള്‍ റോസ്മേരിയാ അവള്‍ക്കെന്തോ സഹായം വേണം അതാ വിളിച്ചേ എന്നും പറഞ്ഞു മുന്നോട്ടെക്ക് നടന്നു. പിന്നില്‍ നിന്നും ചേച്ചി വിളിച്ചു പറഞ്ഞു “ ഞാന്‍ വിശ്വസിച്ചു , എടാ നിന്നെ കൊച്ചിലേ കാണുന്നുതല്ലേ, അവളുടെ പിന്നാലെ എത്രകാലം നീ വായ്നോക്കി നടന്നതാ”
പിന്നെ അമ്മച്ചിയെ നോക്കി അവര്‍ പറഞ്ഞു “ അമ്മച്ചിയെ ഇവന്റെ മേല്‍ ഒരു കണ്ണുണ്ടാവുന്ന്തു നല്ലതാ പിന്നെ ചെറുക്കന്‍ വഴിതെറ്റിയിട്ട് എന്നോട് പറയരുത് ”.
ഞാന്‍ ചേച്ചിയെനോക്കി “പോടീ കുട്ടി തെവാങ്കെ” എന്നും വിളിച്ചു മുറിക്കകത്തേക്ക് കയറി. അവള്‍ക്ക്അത്ര ഉയരമില്ലാത്തതിനാല്‍ അത്ര ചേര്‍ച്ചയുള്ള വേറെ പേര് ആലോചിച്ച് കണ്ടെത്താന്‍ സമയമൊന്നും എന്റെ കയ്യിലില്ല.
അവള്‍ പിന്നില്‍ നിന്നും എന്തൊക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നൂ അതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല. വേഗം വസ്ത്രം മാറി ഒരു ലുങ്കിയും ഉടുത്ത് വരാന്തയിലേക്ക്‌ നടന്നു. മുറിയിലെ ചുവരില്‍ തൂങ്ങിക്കിടക്കുന്ന അപ്പച്ചന്റെ ഗൌരവഭാവത്തിലുള്ള പടത്തിന്റെ മുന്നിലെ ബള്‍ബ് കത്തിക്കൊണ്ടിരുന്നൂ. പടത്തിലെ അപ്പച്ചന്‍റെ ഉണ്ടാക്കണ്ണുകള്‍ എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നൂ. അപ്പോഴാണ് പിന്നില്‍നിന്നും അമ്മച്ചിയുടെ വിതുമ്പല്‍ ഞാന്‍ ശ്രദ്ധിച്ചത് .
ഞാന്‍ തിരിഞ്ഞു നിന്ന്പറഞ്ഞു “ അമ്മച്ചി വിഷമിക്കണ്ട അച്ഛന്റെ പേരിന് ഞാനായിട്ട് കളങ്കം വരുത്താതിരിക്കില്ല സത്യം”
അമ്മച്ചി കരച്ചില്‍ നിറുത്തി എന്നെ നോക്കിപ്പറഞ്ഞു ” അതല്ലടാ നീ ഇങ്ങനെ തട്ടിച്ചും പറ്റിച്ചും നടന്നാല്‍ ഒരു നാള്‍ നിന്നെയും നാട്ടാരു ഇതുപോലെ പടമാക്കി മാറ്റുമല്ലോന്ന്‍ ഓര്‍ത്ത്‌ കരഞ്ഞു പോയതാ”
എന്റെ കാലിന്റെ പെരുവിരലില്‍ നിന്നും ചൊറിഞ്ഞു വന്നു. അതിനിടയില്‍ ചേച്ചിയും അമ്മച്ചിയോടൊപ്പം ചേര്‍ന്നു.
ഞാന്‍ അപ്പച്ചന്റെ പടത്തില്‍ നോക്കി ചോദിച്ചു “അപ്പച്ചന്‍ എങ്ങനെ സഹിച്ചു ഈ അമ്മച്ചിയെ, അപ്പച്ചന്‍ പാവമായിരുന്നൂ അല്ലെ ഇപ്പോഴാ അത് മനസ്സിലായെ ”
അത് കേട്ടതും അമ്മച്ചിക്ക് കലികയറി എന്റെ പിന്നാലെ ഓടി. പ്രായമായെങ്കിലും നല്ല ആരോഗ്യമാ, ഞാന്‍ മുറ്റത്തേക്കു എടുത്ത് ചാടി ഓടി. കയ്യിൽ കിട്ടിയാൽ എന്റെ കാര്യം പോക്കാണെന്ന് ശരിയായ ധാരണയുള്ളതിനാൽ സന്ധ്യമയങ്ങുന്നവരെ തൊടുത്ത കവലയിലെ ക്ലബ്ബിലെ കാരം ബോർഡിലെ കരുക്കളിൽ സമയം കളഞ്ഞു . മനസ്സുഖത്തിന്‌ അൽപ്പം ഇതുപോലുള്ള കളികൾ ഉത്തമം തന്നെ. ചെസ്സ് കളിക്കാൻ വലിയ ആഗ്രഹമായിരുന്നൂ പക്ഷെ കളിപഠിക്കാൻ ഏതായാലും ഇപ്പോൾ സമയമില്ല . ഇതാണ് എന്റെ ഒരു ദിനം . എന്റെ ബാക്കി കാര്യം വഴിയേ പറയാം എന്താ .
തുടരും
                      ഞാൻ ഉലഹന്നാൻ

ഭാഗം - രണ്ട്
എം പി എസ്സ് വീയ്യോത്ത്
അന്നത്തെ കളിയും മതിയാക്കി ഞാൻ വീട്ടിലേക്ക് നടന്നു . വഴിയോരത്തെ അഴുക്കു ചാലിന് മുകളിലെ പൊളിഞ്ഞു തുടങ്ങിയ കോൺക്രീറ്റ് സ്ലാബുകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ എന്തൊക്കയോ നിനക്ക് ചെയ്യാനുണ്ട് എന്ന് മനസ്സ് പറഞ്ഞതുപോലെ തോന്നി. അങ്ങനെ വീട്ടിലേക്കുള്ള പടികൾ കയറി ആ സുവർണ്ണ ശോഭയിൽ അന്തരീക്ഷം കാണാൻ തന്നെ നല്ല ഭംഗി യുണ്ട്. ആ സൗന്ദര്യവും ആസ്വദിച്ചു പറമ്പിലൂടെ റോഡിനു സമാന്തരമായി ഞാൻ നടന്നു തുടങ്ങി .
അപ്പോഴുണ്ട് കല്‍ക്കരി കറുപ്പുള്ള ഒരു പെണ്‍കുട്ടി എന്റെ വീട്ടിന്റെ മുന്നിലോടെ കടന്നു പോവുന്നൂ . വീടിനടുത്തെത്തിയതും അവള്‍ എന്റെ നേരെ നോക്കിക്കൊണ്ട്‌ മുന്നോട്ട് നടന്നൂ. ആ നോട്ടം എന്റെ ഹൃദയത്തിൽ ഉടക്കിയതുപോലെ എനിക്ക് തോന്നി .ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, അവളുടെ മെലിഞ്ഞ രൂപത്തിലെ മുഖകാന്തി എന്റെ മനസ്സും കവർന്നു നടന്നു നീങ്ങി . അവള്‍ ദൂരേക്ക്‌ അകന്നു പോവുന്നതും നോക്കി ഞാന്‍ പറമ്പിന്റെ ഒരു വശത്ത് നിന്നു . അതിനിടയിൽ വ രാന്തയിൽനിന്നു ചേച്ചി പലവുരു വിളിച്ചതൊന്നും എന്റെ ചെവിയിൽ കയറിയില്ല . ഞാൻ ആ കറുത്ത സുന്ദരിയുടെ സൗന്ദര്യത്തിന്റെ മായാവലയത്തിലകപ്പെട്ടു പോയിരുന്നൂ .
ഇതൊക്കെ കണ്ടുകൊണ്ടാണ് പയറ്റ് കത്തുമായി ( വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനു സഹായക്കുറി അല്ലെങ്കിൽ കുറിക്കല്യാണം എന്നും പറയും) ആ ഗ്രാമത്തിലെ നാട്ടുപണിക്കാരൻ കുമാരേട്ടന്‍ വീട്ടിലേക്കു കയറി വന്നത്. വന്നു കയറിയപ്പോള്‍ തന്നെ ഞങ്ങൾ ഓരോരോ രാഷ്ട്രീയ സാംസ്‌കാരിക മായാ വിഷയങ്ങളെക്കുറിച്ചും കൂലം കഷമായി സംസാരത്തിൽ മുഴുകി പിന്നെ എപ്പോഴോ ആ സംസാരത്തിനിടയിൽ ഞാൻ സ്വകാര്യത്തില്‍ അയാളോട് അവളെ ക്കുറിച്ചു തിരക്കാന്‍ മറന്നില്ല. അങ്ങനെ അയാള്‍ അവളെക്കുറിച്ച് പറഞ്ഞു തന്നു. റെയില്‍വേ എഞ്ചിന്‍ ഡ്രൈവര്‍ തോമാച്ചന്റെ മകളാണ് അവളെന്നും, അതുപോലെ ഇപ്പോള്‍ അവള്‍ മാര്‍ത്തോമ്മാ ട്യുഷന്‍ സെന്ററില്‍ കുമാരേട്ടന്റെ മകളോടൊപ്പം ഡിഗ്രിക്ക് പഠിക്കുകയാണെന്നും മറ്റും അയാള്‍ പറഞ്ഞു. വെറും പത്താം ക്ലാസും രാഷ്ട്രീയവും കളിച്ചുനടക്കുന്ന എന്നെ അവള്‍ക്ക് ഇഷ്ടപ്പെടുമോ എന്നായി പിന്നെ മനസ്സിന്റെ ആധി. അങ്ങേയിരിക്കെ എനിക്കുള്ള പയറ്റ് കത്തും തന്നു ചിരിച്ചു തലയാട്ടി കുമാരേട്ടന്‍ അവിടെനിന്നും നടന്നു നീങ്ങി .
പിന്നെ അവളെ കാണാന്‍ സമയം കണ്ടെത്തുന്നത് ഒരു ശീലമാക്കി അങ്ങനെ അതിനായി മാമോദിസ മുക്കിയശേഷം തിരിഞ്ഞുനോക്കാത്ത പള്ളിയുടെ പടിയടക്കം ഞാന്‍ കയറി. ആദ്യമാദ്യം പള്ളിയിലെ അച്ചന് വരെ അത്ഭുതജീവിയെപ്പോലെയാണ് എല്ലാവരും എന്നെ നോക്കി കണ്ടത് . പള്ളിയിലെ പ്രാർത്ഥന ഒരു വശത്തു നടക്കുമ്പോഴും എന്റെ കണ്ണ് ആ കറുത്ത സുന്ദരിയിലായിരുന്നൂ അതിനിടയ്ക്കെപ്പൊഴോ അതുംചേച്ചി കണ്ടുപിടിച്ചു. അങ്ങനെ ഒരു ദിവസം അവൾ ആ പെൺകുട്ടിയെ പരിചയപ്പെട്ടു . പിന്നെ അവൾ എനിക്ക് നേരെ പ്രയോഗിക്കാനുള്ള ആയുധവും ഒരുക്കിക്കൊണ്ടിരുന്നൂ. അങ്ങനെ ആ വിവരം അവൾ അമ്മയുടെ കാതിലും എത്തിച്ചു . പിന്നെ എന്നെ കാണുമ്പോഴൊക്കെ 'അമ്മ പറയും ഇതുവരെ ഞങ്ങൾക്ക് മാത്രമേ നിന്റെ കഥ അറിയൂ ഇനി ഇപ്പോൾ പാവം ആ കുട്ടികൂടെ അറിഞ്ഞു നാണം കേടുമല്ലോ എന്റെ വേളാങ്കണി മാതാവേ". ഞൻ അതിനു മറുപടിയായി " അതിനിടയിൽ ഞാൻ നന്നാവും ഇപ്പോൾ എന്തൊക്കയോ നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നൂ" ചേച്ചി അമ്മയോടായി ചോദിച്ചു " അമ്മച്ചീ കൽക്കരിയോ ഡീസലോ കത്തിക്കാൻ നല്ലതു" 'അമ്മ ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു പറഞ്ഞു " ഇല്ലടീ എന്റെ മോൻ നന്നാവും എന്ന് എന്റെ മനസ്സ് പറയുന്നൂ" അങ്ങനെ അത്താഴവും കഴിച്ചു എല്ലാവരും കിടന്നു.
അടുത്ത ദിവസം അതിരാവിലെതന്നെ വീട്ടിലെ ഫോൺ നിറുത്താതെ ചിലക്കാൻ തുടങ്ങി. ഞാൻ മനസ്സില്ലാ മനസ്സോടെ കട്ടിലിൽനിന്നും എഴുന്നേറ്റ് ഫോൺ എടുത്തു. അങ്ങേത്തലക്കൽ എന്റെ റോസി എന്ന റോസ്‌മേരിയായിരുന്നൂ. അങ്ങനെ അവർ തമ്മിൽ സംസാരിച്ചു് അന്ന് രാവിലെ പത്ത്മണിയോടെ അങ്ങാടിയിലെ ഐസ്ക്രീം പാർലറിൽ വച്ച്കാണാമെന്നു പറഞ്ഞുകൊണ്ട് ആ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചു.
ഏകദേശം പത്തുമണിയോടെ ഞാൻ ഐസ്ക്രീം പാർലറിന്റെ മുന്നിൽ അവരെയും കാത്തിരുന്നു. പിന്നെയും പത്തുമിനിറ്റ് കഴിയുമ്പോളേക്കും അവരും അവിടെ എത്തിച്ചേർന്നു. രേഖകളും മറ്റും കൈമാറുന്നതിനിടയിൽ അവർ കുറച്ചു പണവും എനിക്ക് വച്ച് നീട്ടി. ഞാൻ അത് വാങ്ങി പോക്കറ്റിലേക്ക് നിക്ഷേപിച്ചു. പിന്നെ ഒരു ഐസ് ക്രീമും കഴിച്ചു അവിടെനിന്നും ഇറങ്ങി . ഞാൻ ആ പരാതിയുടെ മറ്റു നടപടിക്രമങ്ങൾക്കായി അവിടെനിന്നും നടന്നു. ബസ്സ് അല്ലെങ്കിൽ സൗജന്യ യാത്ര അതാണ് ശീലം. നടന്നാൽ ആ ചിലവും കൂടി പോക്കറ്റിലാവും എന്ന എന്റെ ഓരോ വിശ്വാസം. എന്ത് ചെയ്യാം.
വൈകീട്ട് വീട്ടിലെത്തുമ്പോഴേക്കും റോസി രണ്ടു തവണ അവിടെ വിളിച്ചിരുന്നൂ ആ വിളിക്കിടയിൽ എവിടെയോ ചേച്ചിയുടെ ചോദ്യത്തിനുത്തരമായി അവൾ എനിക്ക് പണം തന്ന വിവരം അവർ ധരിപ്പിച്ചു . പിന്നെയല്ലേ പൂരം വീട്ടിലെ ചെന്ന് കയറിയപ്പോൾ തന്നെ ചേച്ചിയും അമ്മച്ചിയും അവരുടെ അഭിപ്രായങ്ങൾ ഇടതടവില്ലാതെ എന്നെ കേൾപ്പിച്ചു തുടങ്ങി . അങ്ങനെ എല്ലാമൊന്ന് അവസാനിച്ചപ്പോൾ അവർ അവളെ പുണ്ണ്യവതിയും എന്നെ ദുഷ്ടനും ആക്കി മാറ്റി. ഏതായാലും തിരയൊഴിഞ്ഞ കടലുപോലെ ശാന്തമായ ആ അന്തരീക്ഷത്തിൽ ഞാൻ വരാന്തയിലെ അപ്പച്ചന്റെ കസേരയിൽ ഇരുന്ന് പത്രം വായിക്കാൻ തുടങ്ങി.
അങ്ങനെ യിരിക്കെ ഒരു ഈസ്ടര്‍ നാളില്‍ ഞാന്‍ പള്ളിയിലെ പ്രാര്‍ത്ഥനയും കഴിഞ്ഞു പാര്‍ട്ടി ആപ്പീസില്‍ ചെന്ന് കയറിയപ്പോള്‍ ഞങ്ങളുടെ നേതാവ് ചേറ്റില്‍ അബ്ദുള്ള എന്നെയും കാത്തിരിപ്പുണ്ടായിരുന്നൂ. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു “ എവിടെപ്പോയതാ , ഞാന്‍ കുറേനേരമായല്ലോ നിങ്ങളെ കാത്തിരിക്കുന്നൂ” ഞാന്‍ അയാളോട് പള്ളിയില്‍ പോയതാണ് അതാ താമസിച്ചേ എന്നും വിവരിച്ചു. അപ്പോള്‍ അയാള്‍ തമാശരൂപേണ മറ്റുള്ള അണികളെ നോക്കി ഇങ്ങനെ പറഞ്ഞു “ അതാ വെറുതെയല്ല യേശു ടൌണില്‍ കറങ്ങി നടക്കുന്നത് കണ്ടത്” എല്ലാവരും ആ ചിരിയില്‍ പങ്കാളിയായി. സമയം വീണ്ടും കടന്ന് പോയി അതിനിടയില്‍ അധെഹത്തോടൊപ്പം പഞ്ചായത്ത് ആപ്പീസില്‍ കയറി ഇറങ്ങി. അന്നത്തെ യാത്രകള്‍ കഴിഞ്ഞു ഞങ്ങള്‍ സന്ധ്യയോടെയാണ് പാര്‍ട്ടി ആപ്പീസില്‍ ചെന്ന് കയറിയത്. പിന്നെ നടന്ന പാര്‍ട്ടി മീറ്റിങ്ങിലാണ് പാര്‍ട്ടിയുടെ യുവജനനേതാവായി എന്നെ പാര്‍ട്ടി തിരഞ്ഞെടുത്തു വിവരം അബ്ദുള്ളക്ക അറിയിച്ചത്. അങ്ങനെ അന്നത്തെ മീറ്റിങ്ങും ചായ സല്‍ക്കാരവും കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. ഞാന്‍ എന്റെ യാത്ര എന്റെ കറുത്ത സുന്ദരിയുടെ വീട്ടിന്റെ മുന്നിലൂടെയാക്കി. അവളുടെ വീടിന്റെ മുന്നില്‍ ട്യുബിന്റെ വെളിച്ചത്തില്‍ പഠിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു, കുറച്ചു നേരം അവിടെ ചിലവഴിച്ചു. അതിനിടയില്‍ അവള്‍ക്ക് എന്തോ സംശയം തോന്നി വീടിന്റെ ഗേറ്റിലെ വിളക്കും തെളിച്ചു. ആ വെളിച്ചത്തില്‍ എന്റെ മുഖം കണ്ടു എന്ന് തോന്നുന്നൂ പുസ്തകം അടച്ചുവച്ചു അവള്‍ ഗേറ്റിനരികിലേക്ക് നടന്നു വന്നു. അവള്‍ അടുത്തു വരുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഗേറ്റില്‍ കൈപിടിച്ച് നിന്നുകൊണ്ട് അവള്‍ എന്നെ നോക്കി ചോദിച്ചു “ എന്തേ ഇവിടെ നില്‍ക്കുന്നേ?” എന്റെ വായില്‍ അവളോട്‌ അത് വരെ പറയാനായി കരുതിയ വാക്കുകള്‍ പോലും എന്റെ വിറയല്‍ കാരണം എവിടെയോ ഓടി ഒളിച്ചു. ഞാന്‍ “ ഒന്നുമില്ല മഴക്കാറുണ്ട് എന്ന് തോന്നുന്നു, പിന്നെ ക്കാണാം” എന്നും പറഞ്ഞു മുന്നോട്ട് നടന്നു. ആ നടത്തത്തിന് ഇടയില്‍ ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ അവളുടെ ചിരിച്ചുകൊണ്ടുള്ള മുഖം ഗേറ്റിലെ വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടു. അങ്ങനെ നടന്ന് വളവിലെത്തിയപ്പോള്‍ ആരോ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എതിര്‍ ദിശയില്‍ നിന്നും നടന്ന് വരുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. അയാള്‍ നടന്നടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്‌ . റെയില്‍വേയില്‍ എഞ്ചിന്‍ ഡ്രൈവറായ തോമാച്ചന്‍ എന്ന എന്റെ കറുത്ത മുത്തിന്റെ അപ്പച്ചന്‍ ആയിരുന്നൂ അത്. അയാള്‍ എന്നെ നോക്കി “ പോട്ടെ” എന്നും പറഞ്ഞു നടന്നുനീങ്ങി.
തുടരും
       
                        ഞാൻ ഉലഹന്നാൻ


ഭാഗം - മൂന്ന്
എം പി എസ്സ് വീയ്യോത്ത്
ഞാൻ ഒരു സ്വപ്നലോകത്തിലെന്നവണ്ണം മുന്നോട്ടേക്ക് നടന്നു. മനസ്സിന്റെ ഏതോ കോണിൽ ആ കറുത്ത സുന്ദരിയുടെ പുഞ്ചിരിതൂകി നിൽക്കുന്ന സുന്ദരമുഖം എന്നെ ഒന്ന് നോക്കി നാണത്തോടെ തലതാഴ്ത്തി നിന്നു . ആ വഴിയിലൂടെ എന്നെ കടന്ന് പോയ ആളുകളേ ഒന്നും തന്നെ ഞാൻ കണ്ടില്ല, അതുപോലെ കല്ലിൽ തട്ടി മുറിഞ്ഞു ചോരയൊലിച്ച കാലിന്‍റെ പെരുവിരലിലെ നീറ്റലും ഞാനറിഞ്ഞില്ല . അങ്ങനെ ശരിക്കും ഞാനാ സ്നേഹമെന്ന വികാരത്തിന്റെ സുഖം മനസ്സുകൊണ്ട് ആസ്വദിക്കുകയായിരുന്നൂ . വീട്ടിലേക്കുള്ള പടവുകൾ ഏതോ യാന്ത്രികതയിലെന്ന പോലെ ഞാൻ നടന്ന് കയറി. ഉമ്മറത്തേക്കുള്ള പടവുകള്‍ കയറി വാതിലിൽ മൂന്നു തവണയായി മുട്ടി, അതുകഴിഞ്ഞ് തിരിഞ്ഞ് ഉത്തരത്തിലെ ഒരു കഴുക്കോലില്‍ കൈപിടിച്ച് നിന്ന് വീണ്ടും എന്റെ സ്വപ്നലോകത്തിലൂടെ അങ്ങനെ വിഹരിച്ചു തുടങ്ങി . അതിനിടയ്ക്ക് വാതിലിന്റെ ഓടാംബലകള്‍ നീക്കി തുറക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഒന്ന് ഞെട്ടി . അതിനിടയില്‍ വാതിൽ പതിയെ തുറന്ന് ചേച്ചിയും അമ്മച്ചിയും കൂടി മുടി ചുറ്റികെട്ടിക്കൊണ്ട് വരാന്തയിലേക്ക് ഇറങ്ങി വന്ന് എന്നെ ആപാദചൂടമൊന്നു നോക്കി. ഇതൊന്നുമറിയാതെ അപ്പോഴും ഉത്തരത്തില്‍ പിടിച്ചു നില്‍ക്കുകയായിരുന്നൂ . പെട്ടെന്ന് ചേച്ചി എന്‍റെ തോളില്‍ തട്ടിക്കൊണ്ട് " ഹലോ എവിടെയാ ഹലോ വീട്ടിലെത്തി ഇതെന്താ ഇത്ര വൈകിയേ ?" എന്ന് ചോദിച്ചു. പിന്നെ അവര്‍ അമ്മച്ചിയെ നോക്കി പറഞ്ഞു "അമ്മച്ചീ നമ്മുടെ എൻജിൻ ഡ്രൈവറുടെ മകൾ ക്ലാര ഇന്നലെ ഇവനെക്കുറിച്ചു എന്നോട് നല്ല കാര്യത്തിലാ സംസാരിച്ചേ , ഇവന്റെ തനിക്കൊണം നമുക്കല്ലേ അറിയുന്നേ , ഞാൻ ആ പാവത്തിനോട് ചോദിച്ചു അവൾ ശരിക്കും ആലോച്ചിച്ചാണോ ഈ മരങ്ങോടനെ സ്നേഹിച്ചതെന്ന്? അത് കേട്ട് അപ്പോൾ അവള്‍ ചിരിച്ചതല്ലാതെ ഒന്നും മൊഴിഞ്ഞില്ല " അതുകേട്ടപ്പോൾ എനിക്ക് അവളോട് വലിയ മതിപ്പാണ് തോന്നിയത് . ഞാൻ തലതിരിച്ചു അമ്മച്ചിയെ നോക്കി അപ്പോൾ അവർ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നൂ . അങ്ങനെയിരിക്കെ അമ്മച്ചി മെല്ലെ അരികിലേക്കു നടന്നുവന്ന് എന്നെ ചേര്‍ത്തുപിടിച്ചു ചേച്ചിയെ നോക്കി പറഞ്ഞു "പോടീ കാന്താരി നീ നോക്കിക്കോ എന്റെ മോൻ ഒരുനാള്‍ നന്നാവും നീ ഇങ്ങനെ തമാശയാക്കുകയൊന്നും വേണ്ട “. അതും പറഞ്ഞ് എല്ലാവരും കൂടി വീട്ടിനകത്തേക്ക്‌ കയറി വാതിലടച്ചു .
ഞാൻ വേഗം പോയി ദേഹം വൃത്തിയാക്കി വസ്ത്രം മാറി അടുക്കളയിലേക്ക് നടന്നു .അവിടെ അമ്മച്ചിയും ചേച്ചിയും കൂടി പിഞ്ഞാണ പാത്രത്തിൽ കഞ്ഞി വിളംബി അതില്‍ പ്ലാവില കൊണ്ടുണ്ടാക്കിയ സ്പൂണ്‍ ഇട്ട് വച്ചിരുന്നൂ അതിനു കൂട്ടാനായി തേങ്ങാചുട്ടരച്ച ചമ്മന്തിയും വിളമ്പി വച്ചിരുന്നൂ . ഞാന്‍ അന്നത്തെ അത്താഴം എന്നത്തേയുംപോലെ ആസ്വദിച്ച് കഴിച്ച് കൈകഴുകി നേരെ നടന്ന്അകത്തെ കിടക്കയ്ക്കരികിലേക്ക് നടന്നു.നീണ്ട് നിവർന്ന് കിടന്ന് ഓരോന്ന് ചിന്തിച്ച് എപ്പോഴോ നിദ്ര തൻ താഴ്വാരത്തിലേക്ക് ഊഴ്ന്നിറങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം പാർട്ടി ആപ്പീസിൽ നിൽക്കുമ്പോഴാണ് അവിടേക്ക് കമാരേട്ടൻ കടന്നു വന്നത്. അദ്ദേഹം എന്നേ നോക്കി വെപ്രാളത്തിൽ"മോനേ നിന്റെ അമ്മച്ചി അല്പം മുമ്പ് വീടിന്റെ മുറ്റത്ത് ബോധംകെട്ടു് വീണു നാട്ടുകാർ ചേർന്ന് അവരെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി " എന്ന് പറഞ്ഞൊപ്പിച്ച് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി, പിന്നെ അദ്ദേഹം അവിടെ നിന്നും ഇറങ്ങി നടന്നു. ഞാൻ ആപ്പീൽ നിന്നും പുറത്തിറങ്ങി അവിടെ കണ്ട ചന്ദ്രേട്ടന്റെ മോട്ടോർ സൈക്കിളിന്റെ പിന്നിൽ കയറി ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ അമ്മച്ചിയേ ഞങ്ങൾ ചേർന്ന് വീട്ടിലേക്ക് കൊണ്ടുവന്നു . അങ്ങനെയിരിക്കെ ഒരു ദിവസം നിലാവുള്ള രാത്രിയായിരുന്നൂ അന്ന് അന്തരീക്ഷത്തിലൂടെ ലില്ലിപൂവിരിഞ്ഞതിന്റെ സുഗന്ധം എന്റെ നാസാദ്വാരങ്ങളിലൂടെ കടന്ന് പോയി .ഞാന്‍ ആ സുഗന്ധവും ആസ്വദിച്ചുകൊണ്ട്‌ മുറ്റത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടുമായി ഉലാത്താന്‍ തുടങ്ങി. മനസ്സിലൂടെ ഞാന്‍ ചെയ്തതും അല്ലാത്തതുമായ പലപല കാര്യങ്ങള്‍ കടന്നുപോയി. അതില്‍ വേദനകളും സന്തോഷങ്ങളും ഒക്കെ ഉണ്ടായിരുന്നൂ . അങ്ങനെ കടന്നുപോവുമ്പോളാണ് ചേച്ചി അങ്ങോട്ടേക്ക് നടന്ന് വന്നത്, അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നൂ. ഞാൻ നടത്തം തല്ക്കാലം നിറുത്തി അരികിലേക്ക് നീങ്ങി . അവര്‍ അവരുടെ മനസ്സിന്റെ ഭാരം അവനോട് പറഞ്ഞു തുടങ്ങി “ മോനെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്‌, അമ്മ അറിയണ്ട ഈ ചിരിയിലും കളിയിലും ഞാന്‍ കുറെനാളായി മനസ്സില്‍ വച്ച് ഇരുന്നതായിരുന്നൂ. പക്ഷെ ചിലപ്പോള്‍ അത് പരിഹരിക്കാനോ അതിനൊരു പ്രതിവിധി കാണണോ നിനക്കേ എന്നെ സഹായിക്കാനാവൂ. പക്ഷെ അത് അമ്മയറിയരുത്.പണ്ട് നമ്മുടെ അപ്പച്ചന്റെ മദ്യപാനത്തിന്റെ ദ്രോഹം ഏറ്റവും കൂടുതല്‍ അനുഭവിച്ചതാ ആ പാവം.” അത് കേട്ട് എനിക്ക് ആകാംഷ കൂടി. ചേച്ചി കുറച്ചുനേരത്തെ മൌനത്തിനു ശേഷം ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് തുടര്‍ന്നൂ “ നിനക്ക് തോന്നുന്നുണ്ടാവും എന്താ ചേച്ചിക്ക് ഇത്രയും കാടുകയറി കാര്യമായി പറയാനുള്ളതെന്ന് . നിങ്ങളൊന്നും അറിയാത്ത ആ കാര്യം എന്താണെന്നാ അല്ലെ . എന്റെ അച്ചായന്‍ കഴിഞ്ഞ ഒരു മാസക്കാലമായി ഗള്‍ഫിലെ ജയിലില്‍ ആണ്.” എന്നും പറഞ്ഞ് അതുവരെ അവളുടെ മനസ്സിന്റെ ഉള്ളിൽ വിങ്ങിക്കിടന്ന വേദന മിഴിനീരായി അവന്റെ മുന്നില്‍ പെയ്തോഴിയാന്‍ തുടങ്ങി . ആ കരച്ചിലിനിടയില്‍ അവര്‍ തുടര്‍ന്നോന്നും പറയാനാവാതെ വിഷമിക്കുന്നത് ഞാന്‍ ശരിക്കും കണ്ടറിഞ്ഞു, എന്ത് ചെയ്യണമെന്നറിയാതെ കുറെ സമയം ഞാന്‍ സ്തബ്ദനായി നിന്നു. എന്റെ മനസ്സില്‍ ആര്ക്കാന് ഈക്കര്യത്തില്‍ എന്നെ സഹായിക്കാന്‍ കഴിയുക എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ പല പല മുഖങ്ങളും എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു . അതിനിടയില്‍ അച്ചായനെ ക്കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി . നാട്ടില്‍ അച്ചായന്‍ വരുമ്പോളൊക്കെ അദ്ദേഹത്തിന്റെ കള്ളടി കമ്പനിയിലും ഞാന്‍ ഉണ്ടായിരുന്നൂ . പെട്ടെന്നാണ് മനസ്സില്‍ റോസിയുടെ പേരാണ് തെളിഞ്ഞു വന്നത് അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അദ്ദേഹത്തിന് അവിടെ നല്ല പിടിപാടാണെന്നും ആളുകള്‍ പറഞ്ഞരിഞ്ഞിരുന്നൂ. അങ്ങനെ ചേച്ചിയെ സമാധാനിപ്പിച്ചു അവരെയും കൊണ്ട് വീട്ടിനകത്തേക്ക്‌ കയറി.
തുടരും
ഞാൻ ഉലഹന്നാൻ 
ഭാഗം - നാല്
എം പി എസ്സ് വീയ്യോത്ത്.
 അടുത്ത ദിവസം അതിരാവിലേ തന്നെ ഞാൻ റോസിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. പെട്ടെന്നാണ് എന്റെ മനസ്സിൽ ഗൾഫിൽ അളിയന്റെ സഹമുറിയും എന്റെ സുഹൃത്തുമായ റാഫിയുടെ പേര് തെളിഞ്ഞ് വന്നത്.അങ്ങനെ എന്റെ കാലുകൾ ഞാനറിയാതെ തന്നെ റാഫിയുടെ വീട്ടിന്റെ തുറന്ന് കിടന്ന ഗേറ്റും കടന്ന് ആ പഴയ മാളിക വീടിന്റെ വരാന്തയ്ക്കരികിലേക്ക് ചലിച്ചുകൊണ്ടിരുന്നു .എന്റെ വിരൽ ചുമരിലെ കോളിംങ്ങ് ബെല്ലിന്റെ സ്വിച്ചിൽ അമർന്നു. അകത്ത് ഏതോ കിളി ചിലക്കുന്ന ശബ്ദമുയർന്നു കേട്ടു .അൽപ്പസമയത്തിനകം പഴകിയ വിജാഗരിയിൽ കിടന്ന് ഞരങ്ങിക്കൊണ്ട് വാതിൽ എന്റെ മുന്നിലായി മലർക്കെത്തുറന്നു. ആ ശബ്ദം ശരിക്കും ഒരു അപസർപ്പകകഥയിലെ രംഗം പോലെ എനിക്ക് തോന്നി. അങ്ങനെ എന്തോ ചിന്തിച്ചിരുന്ന എന്നെ റാഫിയുടെ ഉമ്മയുടെ "മോനെന്താ രാവിലെ തന്നെ ?" എന്ന ചോദ്യമാണ് ഉണർത്തിയത്. ഞാൻ ഉമ്മയോടു് റാഫിയുടെ ഗൾഫിലെ ഫോൺ നമ്പർ ഒന്ന് തരുമോ? എന്ന് ആരാഞ്ഞു. റാഫി എന്റെ ആത്മാർത്ഥ സുഹൃത്തായതിനാൽ പണ്ട് കാലം തൊട്ടേ ഉമ്മയ്ക്ക എന്നേപ്പറ്റി നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെ കാണുമ്പോഴൊക്കെ ഉപദേശിച്ച് നന്നാക്കാൻ അവർ ആവതും ശ്രമിച്ചിരുന്നു. ആയിടയക്കാണ് ഞങ്ങളെ പഠിപ്പിച്ച ടീച്ചർ അവരെ കണ്ട് " ഉമ്മാക്ക് ഇവനെ നന്നാക്കാൻ  വേറെ പണിയൊന്നും ഇല്ലേ "എന്ന് ചോദിച്ചത് ഓർമ്മ വന്നത്. അത് എന്റെ ചുണ്ടിൽ ചിരി വിടർത്തി.   പിന്നെ ഉമ്മയേ നോക്കി അവരുടെ മറുപടിയും പ്രതീക്ഷിച്ച ഞാനും നിന്നു. എന്റെ ആ നോട്ടം കണ്ട് ചിരിച്ചു കൊണ്ട് അവർ " അപ്പോൾ നീയും പേർഷ്യയ്ക്ക് പോവാൻ തീരുമാനിച്ചു ഇല്ലേ?  നന്നായി ഇനിയെങ്കിലും നന്നാവാൻ നോക്ക്, എത്ര കാലം എന്ന് വച്ചാ ഇങ്ങനെ ആളെ പ്പറ്റിച്ചും തട്ടിപ്പാക്കിയും നടക്കുന്നേ " എന്ന് പറഞ്ഞ് തല തിരിച്ച അകത്തേക്ക് നോക്കി നീട്ടീവിളിച്ചു "എടീ റംലേ നീ ഒരു കഷ്ണം കടലാസിൽ ആ ഡയറിയിൽ നിന്ന് റാഫിയുടെ നമ്പറിങ്ങ് എഴുതി എടുത്തേ ". കുറച്ചു സമയത്തിനകം ചെറിയ കഷ്ണം കടലാസുമായി റാഫിയുടെ അനിയത്തി റംല അങ്ങോട്ടേക്ക് കടന്നു വന്ന് ചിരിച്ചു കൊണ്ട് എന്റെ നേരെ നീട്ടി. അതു വാങ്ങി പോക്കറ്റിൽ നിക്ഷേപിച്ചു കൊണ്ടിരുന്നപ്പോൾ റംലയുടെ ചോദ്യം എന്നെത്തേടി എത്തി " ഇനിയെങ്ങോട്ടേക്കാ യാത്ര?". അങ്ങനെ പ്രത്യേകിച്ച് മറുപടിയൊന്നും നൽകാതെ ഞാൻ അവരെ നോക്കി കണ്ണടച്ച് ചുമലുയർത്തി ' ഒന്നുമില്ലെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അങ്ങനെ നടന്ന് കുറച്ചു സമയത്തിനകം ഞാൻ അങ്ങാടിയിൽ എത്തി. നേരെ സോമന്റെ ടെലിഫോൺ ബൂത്തിലേക്ക് കയറി മേശക്കരികിലായി ഇരുന്ന് പോക്കറ്റിൽ നിന്നും റാഫിയുടെ നമ്പർ എഴുതിയ കടലാപ്പ് കഷ്ണം എടുത്ത് മേശമേൽ വച്ച് കത്തി വിളിച്ചു കൊണ്ട് റിസീവർ ചെവിയിൽ ചേർത്തു പിടിച്ചു കുറച്ച് സമയത്തിനകം അങ്ങേ തലക്കൽ ഡയൽ ടോൺ കേട്ടു തുടങ്ങി, പെട്ടെന്ന അങ്ങേ തലക്കൽ ഡയൽ ടോൺ നിലച്ചു ആരോ ഫോൺ കോൾ അറ്റന്റ് ചെയ്തു . ഞാൻ "ഹലോ " റാഫി യെ ഒന്ന് കിട്ടുമോ" എന്ന് ചോദിച്ചു.അതിൻ മറുപടിയായി "ഐ വ" എന്നാണ് മറുപടി ലഭിച്ചത്. ചിലപ്പോൾ ഏതെങ്കിലും അറബി  ആയിരിക്കും എന്ന് മനസ്സിലാക്കി ഞാൻ ഫോൺ വിളി അവസാനിപ്പിച്ചു - അപ്പോഴേക്കും അതുവരെ വിളിച്ചതിന്റെ ചാർജ്ജും എഴുതി ഒരു കൂപ്പൺ ഫോണിനോട് ചേർന്ന യന്ത്രത്തിൽ നിന്നും പുറത്തുവന്നു. ഞാൻ ആ നമ്പറിലേക്ക് ഒന്നുകൂടി വിളിച്ചു. അപ്പോഴാണ്അറിഞ്ഞത് റാഫിയാണ് ആദ്യത്തെകോളും അറ്റന്റ് ചെയ്ത് എന്ന്. അങ്ങനെ റാഫിയുമായി എന്റെ പ്രശ്നങ്ങൾ മുഴുവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾത്തന്നെ വേണ്ടത് ചെയ്തു കൊള്ളാം എന്ന് അവൻ എനിക്ക് ഉറപ്പും നൽകി. ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോൾ തന്നെ എന്റെ മനസ്സിലെ ഭാരം കുറഞ്ഞ പോലെ എനിക്ക് തോന്നി.
തുടരും
ഞാൻ ഉലഹന്നാൻ 
ഭാഗം - അഞ്ചു്
എം പി എസ്സ് വീയ്യോത്ത്.

ഫോൺ കോഡലിൽ തിരിച്ചു വച്ച് കസേരയിൽ നിന്നും സോമേട്ടനെ നോക്കി ചിരിച്ച് തല ചൊറിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും ബില്ല് മെഷീനിൽ നിന്നും തത്തി തത്തി പുറത്തേക്ക് വന്നു നാവ് നീട്ടി വന്നൂ. സോമേട്ടൻ ആ ബില്ല് കീറിയെടുത്ത് എന്നെ നോക്കിപ്പറഞ്ഞു
"ഹലോ മാഷേ  കൈനീട്ടമാ ഫോണ്‍ വിളിച്ച് കഴിഞ്ഞ് ചന്തിയിലെ പൊടിയും തട്ടി എങ്ങോട്ടേക്കാമുഴുവനും ഇല്ലെങ്കില്‍ എന്തെങ്കിലും തന്നിട്ടു പോടേ ".

അത് കഴിഞ്ഞ്  സോമേട്ടൻ കുശലാന്വേഷണം നടത്തുന്നതിനിടയില്‍ ആകാംക്ഷയോടെ ഫോണിൽ ഞാൻ റാഫിയുമായി സംസാരിച്ച കാര്യത്തിനെ പറ്റി തിരക്കി. ഞാൻ പലതും വിട്ടു പറയാതെ കഴിവതും ഒഴിഞ്ഞുമാറി കാരണം ഞങ്ങളുടെ നാട്ടിലെ ആകാശവാണിയായിരുന്ന സോമെട്ടനോട് എന്ത് പറഞ്ഞാലും നിമിഷങ്ങള്‍ കൊണ്ട് നാടോട്ടാകെ പാട്ടാകും.ഇത് മുതലെടുത്ത്‌ അവിടെ നിന്നും തടിയൂരാൻ ഞാൻ പല ശ്രമങ്ങളും  നടത്തിയെങ്കിലും അത് സോമേട്ടന്റെ മുന്നില്‍ നിഷ്പ്രഭമായി. അവസാനം പോക്കറ്റില്‍ ഉണ്ടായിരുന്ന അമ്പത് രൂപ അദ്ദേഹത്തെ  ഏല്‍പ്പിച്ചു ബാക്കി പിന്നെ നല്‍കാം എന്ന ഉറപ്പില്‍ അവിടെ നിന്നും ഇറങ്ങി. നേരെ  റോസിയുടെ വീട് ലക്ഷ്യമാക്കി നടന്നൂ. അത് വഴികടന്നുപോയ പരിചയക്കാരോട് ചിരിച്ച് തലയാട്ടി ഒരു നേതാവിന്റെ ഗമയില്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ മനസ്സില്‍ റോസ്സിയോടു എങ്ങനെ ഇതവതരിപ്പിക്കണം എന്നായിരുന്നൂ.

റോസിയുടെ വീടിന്റെ ഗെറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോഴേ കൂട്ടില്‍ കിടന്ന ജെര്‍മ്മന്‍ ഷെപ്പേര്‍ട് എന്നെ നോക്കിക്കുരച്ചപ്പോള്‍ അറിയാതെ പണ്ടെങ്ങാണ്ടോ കിട്ടിയ നായയുടെ കടിയുടെ ചൂട് മനസ്സിലൂടെ മിന്നിമാഞ്ഞു. നിറുത്താതെയുള്ള നായയുടെ കുരകേട്ട് വീട്ടിനകത്തുനിന്നും റോസ്സി മാക്സിയും ധരിച്ച് കയ്യില്‍ ചീര്‍പ്പുമായി വന്ന് നായയെ ശാസിച്ചപ്പോള്‍ അത് ഇത്രയേ ഉള്ളൂ ഇതാ കുരയ്ക്കാന്‍ മടിക്കുന്നത് എന്നമട്ടില്‍ ഒരു കൊട്ട് വായുമിട്ട് നീണ്ടുനിവര്‍ന്ന് കിടന്ന് ഏതോ ചിന്തയില്‍ മുഴുകിയങ്ങനെ നാവും നീട്ടി ഇരുന്നപ്പോള്‍ അതില്‍ എനിക്കുള്ള ഏതോ മുന്നറിയിപ്പുണ്ടോ എന്ന് ഞാന്‍ അറിയാതെ സംശയിച്ചു പോയി.

വരാന്തയിലെ കസേരയില്‍ ഞാനും ഊഞ്ഞാലില്‍ റോസിയും ഇരുന്ന് എന്റെ കാര്യങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍ അകത്ത് നിന്നും പത്ത് പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഒരു ട്രെയില്‍ രണ്ടു ഗ്ലാസ്സ് ചായയുമായി വന്നൂ. അവള്‍ അത് അത് അവിടെ വച്ച് നടന്നു തിരിഞ്ഞു നടന്നൂ. എന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കേട്ടശേഷം റോസ്സി അകത്തേക്ക് പോയി ഫോണും എടുത്ത് തിരിയെ വന്നൂ. പിന്നെ ഏതോ നമ്പരിലേക്ക് കുത്തുന്നത് കണ്ടപ്പോള്‍ മനസ്സിലായി അവരുടെ ഭര്‍ത്താവിനെ വിളിക്കുകയാണ്‌ എന്ന്. അവര്‍ എന്റെ കാര്യങ്ങള്‍ വിശദമായി അവരുടെ ഭര്‍ത്താവിനെ പറഞ്ഞു കേള്‍പ്പിച്ച് വേണ്ടത് ചെയ്യണം എന്ന് പറഞ്ഞ് ഫോണ്‍ വച്ചപ്പോള്‍ മനസ്സിന് ശാന്തതപോലെ തോന്നി. അങ്ങനെ റോസ്സിയോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട്
“ എടാ മരമാക്രി എന്ന് ഗോപലന്മാഷ് വിളിച്ചത് വെറുതെയല്ല അല്ലെ, നീ ഇപ്പോഴും ചാട്ടം നിര്‍ത്താതെ തുടര്‍ന്ന് പോവുന്നൂ. ചില അധ്യാപകര്‍ അങ്ങനെയാ അവരുടെ വിദ്യാര്‍ത്ഥികളുടെ ചെയ്തികളും ശീലങ്ങളും വച്ച് അവര്‍ പ്രവചിക്കുന്നത് ഒന്നും വൃഥാവില്‍ ആയ ചരിത്രവും ഇല്ല. അതിനു ഉദാഹരണമാ നീ ഒരു പണിയും എടുക്കാതെ ചാടിച്ചാടി നടന്നോ.” എന്നവള്‍ പറഞ്ഞപ്പോള്‍ അറിയാതെ ഒന്ന് ചൂളിപ്പോയി.

ഞങ്ങളുടെ ക്ലാസ്സിലെ കാന്താരിയായ അവളോട്‌ വാക്പയറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും നന്നേ വിഷമിച്ചിട്ടുണ്ട്. തിരിഞ്ഞു നിന്ന് അവളോട്‌ വളരെ വിനയത്തോടെ ഞാന്‍
” നിന്നെ എങ്ങനെ അങ്ങേര് സഹിക്കുന്നൂ? ചിലപ്പോള്‍ ക്ഷമയ്ക്കുള്ള നോബല്‍ സമ്മാനം അദ്ധേഹത്തിനു ഉള്ളതാണ്”എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം നാണം കൊണ്ട് ചുവന്നൂ.

അങ്ങനെ അവളെ സന്തോഷിപ്പിച്ച് അവിടെനിന്നും ഇറങ്ങി നേരെ വീട്ടിലേക്കു തിരിച്ചപ്പോള്‍ മനസ്സില്‍ അളിയന്റെ ജയിലിലെ അവസ്ഥയെക്കുറിച്ച് മാത്രമായിരുന്നൂ.

വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചേച്ചി മുറ്റത്ത് എന്റെ വരവും പ്രതീക്ഷിച്ച് ആകാംഷയോടെ നില്‍പ്പുണ്ടായിരുന്നൂ. ഞാന്‍ അന്നത്തെ എല്ലാ സംഭവ വികാസങ്ങളും വിശദമായി അവതരിപ്പിച്ചപ്പോള്‍ അവര്‍ ആദ്യം എനിക്ക് കയ്യിലെ വള ഊരി നല്‍കാന്‍ ശ്രമിച്ചു. പക്ഷെ പല തവണ  നിര്‍ബന്ധിച്ചിട്ടും അത് വാങ്ങാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ചേച്ചിയെ നോക്കി

” ഞാന്‍ തട്ടിപ്പുകാരനായ രാഷ്ട്രീയക്കാരനാണ് എന്നത് സത്യം പക്ഷെ ആ പണത്തില്‍ ചെലവ് നടത്തിയിട്ടില്ല മറ്റുള്ളവര്‍ക്ക് കൊടുത്ത് സഹായിച്ചിട്ടേ ഉള്ളൂ. ചേച്ചിയെയും ചേട്ടനെയും  സഹായിക്കാന്‍ എനിക്ക് കൈക്കൂലി തരണ്ടതില്ല അത്രയ്ക്ക്  നിര്‍ബന്ധമാണെങ്കില്‍ ഒരു ചൂട് ചായ ചേച്ചിയുടെ കൈകൊണ്ട് ഇട്ട് കൊണ്ട് വാ “ എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മവച്ചപ്പോള്‍ ഞാന്‍ അവരേ പിടിച്ചുതമാശയ്ക്ക് തള്ളിക്കൊണ്ട്

“ നീ സ്നേഹം കാണിക്കും നാട്ടുകാര്‍ നാളെ വേറെന്തെങ്കിലും കൂട്ടിപ്പറയും, ഇന്നത്തെക്കാലത്ത് സഹോദരീ സഹോദരന്മാര്‍ സ്നേഹിക്കുമ്പോള്‍ ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് നല്ലത്” എന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്റെ തോളില്‍ ചിരിച്ചുകൊണ്ട് നുള്ളി

“ പോടാ മരമാക്രി” എന്നും വിളിച്ചു അകത്തേക്ക് കയറിപ്പോയി. അപ്പോഴാണ് ഞാന്‍ ഇന്നത്തെ സഹോദരരുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്.


തുടരും      

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...