2018 മേയ് 29, ചൊവ്വാഴ്ച

ശവ്വാലിലെ ചന്ദ്രിക ( ഗാനം)

 ശവ്വാലിലെ ചന്ദ്രിക

എം.പി.എസ്സ്.വീയ്യോത്ത്

ശവ്വാലിലെ നിലാവു പോൽ
ചിരി തൂകും ചന്ദ്രിക നീ
നിൻ മൊഞ്ചിൽ ഞാനെത്ര
കിനാവുകൾ നെയ്തെന്നോ

അറബികഥ ചികഞ്ഞെടു
ത്തൊരു ജിന്നായി ഞാൻ വന്നാൽ
സ്വപ്നത്തേരിൻ ചിറകിലേറി
നാം സ്വപ്ന രാജ്യം പുൽകീടും

സ്വപ്നത്തിലെ രാജ്യത്തെ
നോക്കെത്താ മണൽപ്പരപ്പിൽ
ഒട്ടകപ്പുറത്തേറി ഗമയോടെ
ഇരിക്കും നാം ... എന്നുമെന്നും










2018 മേയ് 28, തിങ്കളാഴ്‌ച

സത്യത്തിന് എന്ത് വില

സത്യത്തിന്  എന്ത് വില

എം. പി, എസ്, വീയ്യോത്ത്

1 9 9 5  ജനുവരിമാസം പതിനഞ്ചാം തീയ്യതിയാണ് ഗതകാല ഓർമ്മകളേയും    ഉറ്റവരെയും ഉടയവരെയും  ഉപേക്ഷിച്ചു ഈ മണൽ നഗരത്തിലേക്ക് യാത്ര തിരിച്ചത് . നാട്ടിലെ പല പല തൊഴിൽസംബന്ധമായ  പരീക്ഷയ്ക്ക് ഉറക്കമിളച്ചു പഠിച്ചതൊന്നും ശരിക്കും ഉപകാരപെട്ടില്ല എന്നതാണ് സത്യം. നാട്ടിൽ  ജോലി കിട്ടണമെങ്കിൽ പഠിപ്പു മാത്രം പോര അല്പം പരശു കൂടി വേണം എന്ന സത്യം മനസ്സിലാക്കാൻ ഒത്തിരി വൈകി. അപ്പോൾ ചിലർക്കൊക്കെ ചിലപ്പോൾ തോന്നും അതെന്താ പരശു എന്ന് . പരശു  എന്നാൽ പണം + രാഷ്ട്രീയം + ശുപാർശ  എന്നാണ് . ഇതെല്ലാവർക്കും അറിയുന്നതല്ലേ നീയെന്താ ഇത് വലിയ പ്രാധാന്യത്തോടെ പറയുന്നത് എന്നായിരിക്കും അടുത്ത ചോദ്യം . പണ്ടുകാലങ്ങളിൽ പരശു വിന്റെ സ്ഥാനത്ത്  പശു ധാരാളം മതിയായിരുന്നൂ . പശു എന്നാൽ പണം + ശുപാർശ  എന്നതാണ്. ഇത് രണ്ടും കയ്യിലില്ലാത്തവൻ ഏതു രാഷ്ട്രീയ പാർട്ടിയുടെ അനുയായി ആയാലും അവർക്ക് പണ്ടാരാണ്ട്  പറഞ്ഞപോലെ കോരന് കുമ്പിളിൽ തന്നെയാണ് കഞ്ഞി എന്ന അവസ്ഥയായിരിക്കും.  പണ്ടേ  എന്റെ രാഷ്ട്രീയ പാർട്ടികളോടുള്ള സമീപനം ബിസിനസ് പൊളിറ്റിക്സ് എന്ന വിധത്തിൽ ആയിരുന്നൂ . നമുക്ക് ഗുണമുള്ള വരോട് ചേർന്ന് പോവുന്നത് വരെ പോവും പിന്നെ അടുത്ത കൂടാരം പക്ഷെ ഇതിനിടയിലും തെറ്റുകൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചൂണ്ടിക്കാണിച്ചു പോന്നിരുന്നൂ. അതിനാൽ തന്നെ ചിലർക്ക് എന്നോട് തെല്ലു ഈർഷ്യകാണും എന്ന് എനിക്കറിയാം . നമ്മുടെ ജനങ്ങൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട്  യന്ത്രമനുഷ്യന്മാരായി  മാറിയപ്പോൾ സമൂഹത്തിൽ തെറ്റിനോട് പ്രതികരിക്കാൻ ആരെങ്കിലും വേണ്ടേ . നമ്മളിലെ ഭയം മാറ്റിവച്ചു തെറ്റുകൾക്ക് നേരെ പ്രതികരിക്കുമ്പോഴേ എല്ലാവരും സുരക്ഷിതരാവുള്ളൂ അല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കാനാണെങ്കിൽ എന്തിനാ നമ്മൾ മനുഷ്യർ സമൂഹജീവിയാണെന്ന്  നാഴികയ്ക്ക് നാൽപ്പത് വട്ടം ആവർത്തിച്ചു പറഞ്ഞു ശീലിക്കുന്നത് . സർക്കാരിനും നിയമത്തിനും  ഭയന്നൊളിക്കുന്ന ജന സമൂഹത്തെയാണ് ശരിക്കും ആവശ്യം . അവർ എന്ത് പറഞ്ഞാലോ പ്രവൃത്തിച്ചാലോ മറുത്ത് ഒരരക്ഷരം പ്രതികരിക്കാത്ത കുട്ടി കുരങ്ങന്മാരായി നമ്മുക്ക് കഴിയാം എന്താ. ചിലപ്പോൾ തോന്നും ഞാനെന്തിനാ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ മുന്നോട്ടു പോവണമെന്ന് .

അങ്ങനെ കാലങ്ങൾ കഴിഞ്ഞു ഇന്ന് ഈ മണൽ നഗരത്തിൽ എത്തിയിട്ട് ഇരുപത്തിമൂന്ന്  വർഷക്കാലമായി. ഒരു  ദിവസം എന്റെ മനസ്സിൽ സ്വന്തമായി ഒരു  വീടെടുക്കണം എന്ന മോഹം ഉദിച്ചുയർന്നൂ  . ഞാൻ അച്ഛനും അമ്മയ്ക്കും ഏക ആൺതരിയായതിനാൽ ആദ്യമൊക്കെ പലഭാഗത്തുനിന്നും എതിർപ്പ് ഉണ്ടായിരുന്നു   എങ്കിലും എങ്ങനെയോ അച്ഛൻ തന്നെ അതിനു മുൻകൈ എടുത്തു. അ ങ്ങനെ അച്ഛന്റെ വിദ്യാർത്ഥിയായ ഒരു കോൺട്രാക്ടറെ ജോലികൾ ഏൽപ്പിച്ചു . 2017 ൽ വീടുപണിയും തീർത്തു ഗൃഹപ്രവേശവും കഴിച്ചു . പിന്നീട് ആ വീടിന്റെ ചുമരിൽ കണ്ട ചില കേടുപാടുകലും അതിലെ  കോൺട്രാക്ടറുടെ തെറ്റുകൾ  ചൂണ്ടികാണിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റിയ എന്നോട് പണി ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ 5 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു . അങ്ങനെ അയാൾ അച്ഛനെ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ  അവസാനം അച്ഛനും എന്നെ ഒറ്റപ്പെടുത്തി. അതൊന്നും സാരമില്ല  അതിനടുത്ത ദിവസ്സം  കോൺട്രാക്ടർ  അച്ഛനെ അർധരാത്രി ഫോണിൽ വിളിച്ചു ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിയതിനാൽ അയാൾക്ക്‌ ധാരാളം ബുദ്ധിമുട്ടുണ്ടായി അതിനാൽ സൈബർ സെല്ലിൽ കേസ് കൊടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞു . പിന്നീട് അന്ന് രാത്രി എന്റെ അച്ഛനും അമ്മയ്ക്കും ഉറങ്ങാൻ കഴിഞ്ഞില്ല അതിരാവിലെ എന്നെ വിളിച്ചു ഫേസ്ബുക്കിൽ ഞാൻ പോസ്റ്റിയ ആ പോസ്റ്റ് നീക്കം ചെയ്യിച്ചു  കോൺട്രാക്ടറെ  വിളിച്ചു പറഞ്ഞ ശേഷമേ  അച്ഛന് സമാധാനമായുള്ളൂ . സത്യത്തിനും നീതിക്കും ജീവനും ഒരു വിലയില്ലാത്ത നമ്മുടെ ഈ നാട്ടിൽ പണമാണ് വലുത് അല്ലേ.
സത്യം മാത്രം എന്നെങ്കിലും ജയിക്കും എന്ന വിശ്വാസത്തിൽ നിറുത്തുന്നൂ .

2018 മേയ് 22, ചൊവ്വാഴ്ച

ദൈവത്തിന്റെ നാട്ടിന്റെ ഒരു കാര്യം

ദൈവത്തിന്റെ നാട്ടിന്റെ ഒരു കാര്യം

എം. പി. എസ്സ്. വീയ്യോത്ത്


ഈ എഴുത്ത് ആരംഭിക്കുമ്പോള്‍ തന്നെ ഈ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപോയ മാലാഖയുടെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നൂ. ഇന്നലെയും എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ചോദിച്ചു നീ എന്തേ നാട്ടിലെ സംഭവ വികാസത്തിനെതിരെ പ്രതികരിച്ചില്ല എന്ന്. ഇത് വരെ ഞാന്‍ എല്ലാം നോക്കി മനസ്സിലാക്കുകയാണെതാണ് സത്യം.  അതിനാല്‍ തന്നെ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ട ചില കാര്യങ്ങളിലൂടെയാവാം എന്റെ യാത്ര. 

നിപ്പാ വൈറസ് ചിക്കന്‍ഗുനിയ എന്നീ രോഗങ്ങളുടെ കാലമായ ഇപ്പോള്‍ രോഗികള്‍ക്കും മറ്റും കഷ്ടത അനുഭവിക്കനാണോ റോഡ്‌ വികസനം ഈ സമയത്ത് തന്നെ ആക്കിയത്. രോഗത്തിന് ജാതിയോ മതമോ രാഷ്ട്രീയ പ്രത്യശാസ്ത്രം പോലുമില്ല. ആര്‍ക്കും എപ്പോഴും ഇത് കടന്ന് പിടിക്കാം, ഇതു ചെയ്യുമ്പോഴും ഈ ക്കാര്യം മനസ്സില്‍ സൂക്ഷിക്കുക. പിന്നെ നിപ്പാ വൈറസ്സിന്റെതും ചിക്കന്‍ഗുനിയയുടെയും താണ്ടവം ശരിക്കും കണ്ടും അനുഭവിച്ചും അറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ ഇന്നും തെറ്റായ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നുണ്ട്. ആദ്യം രോഗങ്ങളുടെ ഉറവിടമറിഞ്ഞ് ശേഷമാവണം രോഗത്തിനുള്ള ചികിത്സ. അല്ലാതെ വൈദ്യനായാലും തന്റെ കടമ മറന്ന് ചികിത്സ വെറും ഒരു പ്രഹസനമാവാതെ സൂക്ഷിക്കുക എന്നത് ഒരു രീതിയായി കാണുന്ന ഈ ക്കാലത്ത് അവര്‍ക്ക് എന്ത് തെറ്റിനും  തണലായി സംഘടനയുടെ പിന്‍ബലം ഉണ്ട് തന്നെ  .

 ഇന്ന് വൈദ്യന്‍മാരില്‍ ഒട്ടുമിക്കപേരും  രോഗങ്ങള്‍ മരുന്ന് കമ്പനികളുടെ കമ്പോള വാണിഭത്തിന്റെ മധ്യവര്‍ത്തികളായി നിന്നു കച്ചവടത്തിന്  കുടപിടിക്കാനാണ് ശ്രമിക്കുന്നത്. കാരണം ഈ മരുന്ന് കമ്പനികള്‍ നല്‍കുന്ന പ്രതിഫലത്തില്‍ സ്വയം മറന്ന് വിരാചിക്കുന്ന ഈക്കൂട്ടരെ എന്താ വിളിക്കേണ്ടത് എന്ന് മാത്രം നിങ്ങള്‍ തീരുമാനിക്കുക. 

പാവപ്പെട്ട ഒരു വൃദ്ധന്റെ കൈവിരല്‍ പിടിച്ച് ഓടിച്ച ആശുപത്രി ജോലിക്കാരനെപ്പോലുള്ള മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത എങ്ങനെയാണ്  സര്‍ക്കാര്‍ ആശുപത്രി പൊതു ജനങ്ങളോട് പെരുമാറേണ്ടത് എന്ന്‍ അറിയാത്ത ചിലരാണ് ജനങ്ങളെ സ്വകാര്യ ആശുപത്രിയിലേക്ക് തള്ളി വിടുന്നത്. 

സര്‍കാര്‍ ജോലികിട്ടുന്നത് വരെ സാറേ അല്ലെങ്കില്‍ ചേട്ടാ എന്നും വിളിക്കുന്ന നമ്മുടെ ആളുകള്‍. ജോലികിട്ടിക്കഴിഞ്ഞാല്‍ പഴയത് എല്ലാം മറന്ന്  വഴിയില്‍ സഹായച്ചവരെ ഇട്ട് വട്ടം കറക്കുമ്പോള്‍ അറിയതെങ്കിലും ചിന്തിച്ചുപോവും സ്വകാര്യകമ്പനികളാണ് എന്ന്.നമ്മുടെ ആ ചിന്തയാണ് കോര്‍പ്പറേറ്റ് കള്‍ മുതലെടുക്കുന്നത്. 

നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതു ജനത്തെ മറന്ന് പ്രതികരിക്കുന്ന ജനതയെ പല വിധത്തില്‍ കഷ്ടപ്പെടുത്തുമ്പോള്‍ അറിയാതെ നമ്മള്‍ ദൈവത്തെ വിളിച്ചുപോവും. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവനും തട്ടിപ്പുകാരനും നിയമത്തിന്റെ സംരക്ഷണം നല്‍കുന്ന സർക്കാരുകൾ  നായയ്ക്കും വന്യജീവിക്കും നല്‍കുന്ന സംരക്ഷണം പൊതു ജനങ്ങള്‍ക്ക്‌ നല്‍കാന്‍ മടിക്കുന്നത് എന്തെ?  ദൈവത്തിന്റെ നാടിന്റെ ഒരു കാര്യം.  

2018 മേയ് 20, ഞായറാഴ്‌ച

ഓര്‍മ്മകളിൽ ചിലത്

ഓര്‍മ്മകളിൽ ചിലത്
ഭാഗം:ഒന്ന്
സൈക്കിള്‍ യജ്ഞം
എം. പി. എസ്സ്. വീയ്യോത്ത്
എന്റെ കുട്ടിക്കാലത്തിലൂടെ ആവട്ടെ ഈ യാത്ര എന്താ?
അത് പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും തല്ക്കാലത്തേക്ക് ഒഴിവ് നല്‍കി  നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദന ആയ വേനലവധിക്കാലമായിരുന്നൂ. ആയിടയ്ക്ക് ആണ് ഞങ്ങളുടെ ഗ്രാമത്തില്‍ സൈക്കിള്‍ യജ്ഞവുമായി ഒരു നാടോടി സംഘമെത്തിച്ചേര്‍ന്നത്‌.
പകല്‍ സമയം അമ്പത് പൈസ കൊടുത്ത് ഒരു മണിക്കൂര്‍ സമയത്തേക്ക് ഒരു സൈക്കിള്‍ വാടകയ്ക്ക് എടുക്കും. പിന്നീട് ആ സൈക്കിളിന്റെ പിന്‍ചക്രത്തിലെ റിമ്മിനോട് ഒരു ബലൂണ്‍ വീര്‍പ്പിച്ചു കെട്ടിയുറപ്പിക്കും. ഇത്രയും ആയാല്‍ ഞങ്ങളുടെ സ്കൂട്ടര്‍ റെഡി,  ആ സൈക്കിളില്‍ കയറി ഓടിച്ചു തുടങ്ങിയാല്‍ ബലൂണ്‍ കമ്പിയില്‍ ഉരഞ്ഞു യജ്ഞാക്കാരുടെ സൈക്കിളിന്റെ ശബ്ദത്തോട് കൂടി ഇടവഴിയിലൂടെ ഓടിച്ചു രസിക്കുമ്പോള്‍ എന്തോ നേടിയ   പോലെയാണ്  .
വൈകീട്ട് കൂട്ടുകാരോടൊപ്പം സൈക്കിള്‍ യജ്ഞം നടക്കുന്ന മൈതാനത്ത് എത്തിചേരുമ്പോള്‍ അവിടെ ചൂടിയും മുളയും കൊണ്ട് വളച്ചു കെട്ടിയ ഭാഗത്ത് ഒരാള്‍ പിന്നണിയില്‍ മുഴങ്ങുന്ന ഗാന ശകലങ്ങള്‍ ആസ്വദിച്ചു സൈക്കിള്‍ ഓടിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നൂ. എന്റെ സുഹൃത്തുക്കളില്‍ ആരോ പറഞ്ഞു കേട്ടു  അദ്ദേഹം  ഇരുപത്തിനാല് മണിക്കൂറും ആ സൈക്കിളില്‍ തന്നെ യാണ്  ചിലവഴിക്കുന്നതെന്ന്.  എനിക്ക് ആ വാക്കുകളും അയാളെയും കണ്ടപ്പോള്‍ ശരിക്കും അതിശയമാണ് തോന്നിയത്.
സമയം മെല്ലെ മെല്ലെ സന്ധ്യകഴിഞ്ഞു ഇരുള്‍ മൂടിത്തുടങ്ങി എങ്കിലും അങ്ങിങ്ങ് കത്തിച്ചുവച്ച പെട്രോള്‍ മാക്സിന്‍റെ ശക്തിയുള്ള വെളിച്ചം ആ ഇരുട്ടിന്റെ മുറിവേല്‍പ്പിച്ചുകൊണ്ട്‌ നിന്നപ്പോള്‍ കാണാന്‍ തന്നെ നല്ല ചന്തമായിരുന്നൂ. പിന്നെപ്പോഴോ ആട്ടവും പാട്ടുമായി ഒരു സുന്ദരി കടന്ന് വന്നു.  അവരുടെ അംഗ വിക്ഷേപങ്ങള്‍ കണ്ട് ആ നൃത്തത്തില്‍ മുഴുകി ഞങ്ങള്‍ ട്രൌസറും ഇട്ട് തറയിലെ ചരല്‍ മണ്ണില്‍ ഇരുന്ന്  എല്ലാം ഒരു സിനിമ കാണുന്നപോലെ ആസ്വദിച്ചു. അന്നത്തെ പ്രദര്‍ശനം കഴിയുന്ന മുറയ്ക്ക് ആരോ സംഭാവന ചെയ്ത കോഴിയെ ലേലം വിളിക്കുന്ന പരിപാടിയാണ് അടുത്തത്‌.  ലേലം വിളിതുടങ്ങി പിന്നെ അത് മുറുകി മുറി വന്നൂ. പെട്ടെന്നതാ ചൂടിയും കടന്ന് ഒരു സ്ത്രീ കളിതുള്ളിക്കൊണ്ട് വരുന്നൂ. അവര്‍ നേരെ  വന്നു അതിലൊരാളുടെ ചെകിടത്ത്  പടോ എന്ന് പറഞ്ഞു തല്ലി അയാളുടെ കയ്യിലുള്ള കോഴിയെയും കൊണ്ട് രംഗം വിട്ടു. പിന്നീട് അല്‍പസമയം കഴിഞ്ഞാണ് എല്ലാവര്ക്കു കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. ആ സ്ത്രീ വളര്‍ത്തുന്ന കോഴിയെ ഏതോ വിദ്വാന്‍ മോഷ്ടിച്ച് സൈക്കിള്‍ യജ്ഞക്കാര്‍ക്ക് സമ്മാനിച്ചത്‌ ആയിരുന്നൂ. അങ്ങനെ ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോഴേക്കും സമയം ഒത്തിരിയായി. അപ്പോഴും ഞാന്‍ കണ്ട ആ സുന്ദരിയായ ചേച്ചി യെക്കുറിച്ചു മാത്രമായി ചിന്ത. അടുത്ത ദിവസം കളിക്കുന്നതിന് ഇടയില്‍ അവര്‍ താമസിച്ചിരുന്ന വീട്ടിന്‍റെ പരിസരത്ത് കൂടി നടന്നപ്പോള്‍ അതാ മീശയില്ലാത്ത ഒരു ചേട്ടന്‍ ബീഡിയും വലിച്ചു കൊണ്ട് ഇരിക്കുന്നൂ. എന്റെ സുഹൃത്ത് അയാളുടെ അടുത്ത് ചെന്ന്  ചോദിച്ചു “ഇന്നലെ നൃത്തം ചെയ്ത ചേച്ചിയേവിടെപ്പോയി ?” അയാള്‍ മറുപടിയായി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് “ പുറത്ത് പോയതാ  , എന്താ വിശ്വാസം വരുന്നില്ലേ? എന്നാല്‍ വൈകീട്ട് വാ?”  എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അയാളെ ആകെ ഒന്ന് പഠിക്കുകയായിരുന്നൂ.
അങ്ങനെ അന്നും ഞങ്ങള്‍ പ്രദര്‍ശനം കാണാന്‍ പോയി. പരിപാടികളുടെ ഇടയിലായി ആ സുന്ദരിച്ചേച്ചി ഞങ്ങളെ അവരുടെ അടുത്തേക്ക്‌ വിളിച്ചു. മടിച്ചു മടിച്ചു ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ അവര്‍ ഞങ്ങളുടെ കയ്യില്‍ കയറി പിടിച്ചു. ആ കൈകള്‍ ശരിക്കും ഒരു പുരുഷന്റെ കൈപോലെ തോന്നിച്ചു , അപ്പോഴാണ് എനിക്കും എന്റെ സുഹൃത്തിനും കാര്യങ്ങള്‍ വിശദമായി മനസ്സിലായത് . അതിനിടയില്‍ ഞങ്ങളെ ആ ചേച്ചി നാട്ടുകാര്‍ക്ക് പകല്‍ സമയത്തെ  ഞങ്ങളുടെ അന്വേഷണത്തെപ്പറ്റി പരിചയപ്പെടുത്തിയപ്പോള്‍ തൊണ്ടവരണ്ടത് ഇന്നും ഓര്‍ക്കുന്നൂ.

കാലചക്രം നീണ്ട ഒരു കറക്കം കഴിഞ്ഞപ്പോഴേക്കും പലതും ഓര്‍മ്മകള്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നൂ. ഇന്ന് ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ കളഞ്ഞുപോയ പലതില്‍ ചിലതായി അത് ഓര്‍മ്മച്ചെപ്പില്‍ അമൂല്യമായി ഇന്നും കുടികൊള്ളുന്നൂ.    


ഓര്‍മ്മയില്‍ ചിലത്
ഭാഗം:രണ്ട്
ജാക്ക്പോട്ട്
എം. പി. എസ്സ്. വീയ്യോത്ത്
എന്റെ കുട്ടിക്കാലത്തിലൂടെ ആവട്ടെ ഈ യാത്ര എന്താ?

അത് പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും തല്ക്കാലത്തേക്ക് ഒഴിവ് നല്‍കി  നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദന ആയ വേനലവധിക്കാലമായിരുന്നൂ. ബാല്യത്തിന്‍ ഓര്‍മ്മകളില്‍ പലപ്പോഴും നാരങ്ങ മിട്ടായിക്കും പാക്കറ്റ് അച്ചാറിനും ടാര്‍ പോലുള്ള മിട്ടായിക്കും ഒത്തിരി സ്ഥാനമുണ്ടെങ്കിലും. അതില്‍ നിന്നും വിഭിന്നമായി എന്റെ പോക്കറ്റ് മണിയായിക്കിട്ടുന്ന പൈസ ചിലവായ വഴികളില്‍ ഒന്നാണ് കലണ്ടറില്‍ എം. ജി. ആര്‍  തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വര്‍ണ്ണചിത്രങ്ങളോട് കൂടിയ ജാക്ക്പോട്ട് ആണ്. എന്നൊക്കെ ഞാന്‍ ആ ജാക്ക് പോട്ട് കലണ്ടറില്‍ നിന്നും ചുവപ്പോ നീലയോ നിറത്തിലുള്ള പൊതി കീറിയെടുത്തോ അപ്പോഴൊക്കെ ആ പൊതിയില്‍   സിനിമയുടെ ഏതെങ്കിലും സീന്‍ അടങ്ങിയിരിക്കുന്ന  ഫിലിം കഷണവും നാരങ്ങമിട്ടായിയും ആയിരിക്കും. പക്ഷെ അതും ഒരു സുഖം തന്നെയല്ലേ . ഓര്‍മ്മയുടെ ചെപ്പിലെ ഇനിയും ഒത്തിരിഉണ്ട് വീണ്ടും കാണാം.

ഓര്‍മ്മയില്‍ ചിലത്
ഭാഗം:മൂന്ന് 

നെൽപ്പൂക്കൾ 
എം. പി. എസ്സ്. വീയ്യോത്ത്
ഓണപ്പരീക്ഷ കഴിഞ്ഞു ഓണപ്പൂക്കൾ തേടിയുള്ള യാത്ര നല്ല രസകരമായ ഓർമ്മതന്നെ യാണ്.
വൈകീട്ട് തുമ്പപ്പൂ പറിക്കാൻ കുമ്പിളും കുത്തി ഇറങ്ങിയപ്പോൾ എന്റെ കൂട്ടുകാരനാണ് നമുക്ക് വയലിൽ പോയി പൂ പറിക്കാം എന്ന ആശയം അവതരിപ്പിച്ചത്. ഭംഗിയുള്ള പൂക്കളം ഉണ്ടാക്കാൻ അത് സഹായിക്കും എന്ന് അറിയുന്നതിനാൽ സഹോദരിയും സമ്മതം മൂളി. അങ്ങനെ അവളും അവളുടെ കൂട്ടുകാരികളും തുമ്പപ്പൂ പറിച്ചു കഥയും പറഞ്ഞു നടന്നൂ. ഞാനും എന്റെ സുഹൃത്തും അവിടെനിന്നും നേരെ വയലിലേക്ക് ഓടി. വയലരികിലെത്തി ചുറ്റും നോക്കി ആരും അടുത്തില്ല പിള്ളേ മെല്ലെ നെൽ വയലിലൂടെ നടന്ന് നെൽ ചെടിയിലെ പൂക്കൾ ഇറുക്കാൻ തുടങ്ങി. പെട്ടെന്നാണ് അടുത്തു വരുന്ന നായയുടെ കുര  കേട്ടത്. പിന്നെ കയ്യിൽ കിട്ടിയ പൂക്കളുമായി ഞങ്ങൾ ജീവനും കൊണ്ട് തിരിച്ചോടി . കുറെ ദൂരത്തെത്തിയപ്പോൾ ദൂരെ കിതച്ചുകൊണ്ട് നിൽക്കുന്ന നായയെ ഞങ്ങൾ കണ്ടു . അതിനെ പ്രകോപിച്ചു അവിടെനിന്നും കൂകി ശബ്ദമുണ്ടാക്കി . അതിൽ പ്രകോപിതനായി കുരച്ചുകൊണ്ടു നായ വീണ്ടും ഓട്ടം  തുടർന്നപ്പോൾ ഞങ്ങൾ വീണ്ടും ഓട്ടം തുടർന്നൂ. വീട്ടിൽ എത്താൻ നേരത്ത് ഞാൻ വെറുതെ തിരിഞ്ഞു നോക്കി പക്ഷെ ആ നായയെ  അവിടെ എങ്ങും കണ്ടില്ല. ആ ഓണത്തിന്റെ ഓർമ്മയും മനസ്സിലൂടെ പലതവണ കടന്നു പോയിരുന്നത് തന്നെ. ഇന്നത്തെ ബാല്യത്തിന് അന്യം നിന്നുപോയതും ഇതൊക്കെയല്ലേ.
ഓര്‍മ്മയില്‍ ചിലത്
ഭാഗം:നാല്  
രാമേട്ടന്റെ മരണം 
എം. പി. എസ്സ്. വീയ്യോത്ത്

മറക്കാൻ ശ്രമിച്ചിട്ടും എന്നെ വിട്ടുപോവാത്ത ചില ഓർമ്മകൾ നീറുന്ന നോവായി ഇന്നും അവശേഷിക്കുന്നൂ.
രാമേട്ടൻ എന്നാൽ ഞങ്ങൾ എവിടെനിന്നാണോ സൈക്കിൾ വാടകയ്ക്ക് എടുത്തിരുന്നത് ആ കടയുടെ മുതലാളിയാണ്. എല്ലാവരോടും സരസമായി സംഭാഷണം നടത്തുന്ന രാമേട്ടന്റെ ആകസ്മിക മരണം എല്ലാവരെ എന്നപോലെ ഞങ്ങളെയും ഒത്തിരി വേദനിപ്പിച്ചിരുന്നൂ. അങ്ങനെയിരിക്കെ ഒരുദിവസം എന്റെ സുഹൃത്ത് സംസാരമധ്യേ പറഞ്ഞ ചില വസ്തുതകൾ ശരിക്കും എന്നെ ഞെട്ടിച്ചു. രാമേട്ടന് ദിവസവും  വൈകീട്ട് ബോധം മറയുന്നതു വരെ പട്ടചാരായം കഴിക്കുന്ന പതിവുണ്ടായിരുന്നൂ. എന്തൊക്കയോ പ്രശ്നങ്ങൾ അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ ഇരുന്ന് ചാരായം കുടിക്കാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മകന്റെ മകൻ അങ്ങോട്ട് നടന്നു വന്നത്. അദ്ദേഹം പതിവായി അവനു കഥ പറഞ്ഞു കൊടുക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവനെ ചേർത്തു പിടിച്ചു അദ്ദേഹം ആ കുട്ടിക്ക് ഒരു ചെറിയ കഥ പറഞ്ഞു കൊടുത്തു. അവസാനം കയ്യിൽ കരുതിയ സ്വർണ്ണാഭരണങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിക്കുന്ന സിങ്ക് സയനൈഡ് എന്ന രാസപദാർത്ഥം അദ്ദേഹം ഗ്ലാസിലെ ചാരായത്തിലേക്ക് നിക്ഷേപിച്ചു. അത് ചാരായത്തിൽ പതഞ്ഞുകൊണ്ടു പ്രവർത്തനം ആരംഭിച്ചു . രാമേട്ടൻ കുട്ടിയെ നോക്കിക്കൊണ്ടു ഇങ്ങനെ പറഞ്ഞു " മോന് അച്ചാച്ചൻ ഒരു സൂത്രം കാണിച്ചു തരട്ടെ ?" ആ പാവം കുട്ടി ചിരിച്ചുകൊണ്ട് തലയാട്ടി. അതിനിടയിൽ ആ ഗ്ലാസ്സ് ചാരായം അദ്ദേഹം ചുണ്ടോട് ചേർത്ത് കുടിച്ചു മറിഞ്ഞു അവിടെകിടന്നു മരിച്ചു. കാര്യങ്ങൾ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് രാമേട്ടനോട്  കോപമാണ് തോന്നിയത്. കാരണം ആ കുട്ടിയുടെ മുന്നിൽ വച്ച് ഇങ്ങനെ ചെയ്യാൻ തോന്നിയ അയാളോട് നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ. രാമേട്ടന്റെ മരണം ഇന്നും മായാതെ മനസ്സിൽ ഒരു നീറുന്ന നോവായി അവശേഷിക്കുന്നൂ. 
ഓര്‍മ്മയില്‍ ചിലത്
ഭാഗം:അഞ്ച്   


2018 മേയ് 16, ബുധനാഴ്‌ച

ജാനകിക്കാട്ടിലൂടെ

ജാനകിക്കാട്ടിലൂടെ
എം.പി. എസ്സ്. വീയ്യോത്ത്
അന്നൊരു ബുധനാഴ്ച്ചയായിരുന്നൂ എങ്ങോട്ട് പോവണം എന്ന് ചിന്തിചിരുന്ന വേളയിലാണ് എന്‍റെ ഒരു സുഹൃത്ത് ജാനകിക്കാടിനെക്കുറിച്ച് സൂചിപ്പിച്ചത്. വടകര നഗരമദ്ധ്യത്തില്‍ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ആ പ്രദേശത്തേക്ക്  ജീപ്പ് പോലുള്ള ഓഫ്‌ റോഡ്‌ വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. അത്രയ്ക്ക് ദുര്‍ഘടം പിടിച്ചതുമാണ് വനാന്തരത്തിലൂടുള്ള യാത്ര. വടകരയില്‍ നിന്നും പലവഴി യായി ജാനകിക്കാടിലേക്ക് യാത്രയാവാം വില്ല്യാപ്പള്ളി - തണ്ണീര്‍പ്പന്തല്‍ വഴിയോ മേമുണ്ട വഴിയോ  യാത്ര ചെയ്ത് കുറ്റ്യാടി വഴി മരുതോങ്കര എന്ന സ്ഥലത്ത് എത്തുമ്പോഴേക്കും പാതയുടെ വലത് വശത്തായി ജാനകിക്കാടിലേക്കുള്ള ബോര്‍ഡ്‌ കാണാന്‍ കഴിയും.
അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ്   കുറച്ചു ദൂരം ടാര്‍ റോഡ്‌ വഴിയിലൂടെ യാത്ര ചെയ്‌താല്‍ നിങ്ങളെ കാത്തിരിക്കുന്നത്  ദുര്‍ഘടം പിടിച്ച  ആ വഴിയിലൂടെ  കുറച്ച് ദൂരം യാത്ര ചെയ്‌താല്‍ ജാനകിക്കാടിലേക്കുള്ള പ്രവേശനകവാടമായി.

അവിടെ വലത് വശത്തായി  വനത്തിലേക്കുള്ള വഴിയും അതോടു ചേര്‍ന്ന് വനം വകുപ്പിന്റെ പ്രവേശന ടിക്കറ്റ്‌ നല്‍കുന്ന കൌണ്ടര്‍ സ്ഥിതിചെയ്യുന്നൂ. മുതിര്‍ന്നവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയും ആണ് ടിക്കറ്റ്‌ നിരക്കുകള്‍.  ചിത്രം താഴെ ചേര്‍ത്തിരിക്കുന്നൂ

    
ടിക്കറ്റ്‌ കൌണ്ടറിനോട് ചേര്‍ന്ന്  ഒറ്റനോട്ടത്തില്‍ വാത്മീകം പോലെ തോന്നിക്കുന്ന  ഒരു കെട്ടിടം സ്ഥിതിചെയ്യുന്നൂ.  ചിത്രം  താഴെയായി ചേര്‍ത്തിരിക്കുന്നത് .
അവിടെ നിന്നും കാമറയും തൂക്കി ഞാന്‍ മുന്നിലായി കണ്ട സ്ഥലത്തേക്ക്  നടന്നൂ.

പ്രകൃതിരമണീയമായ  ആ കാഴ്ച്ച എന്റെ മനസ്സും ശരിക്കും കുളിര്‍ത്തു , അത്രയ്ക്ക്  സുന്ദരമായിരുന്നൂ  അത് .
ഈ വേനലിലും കളകളം മുഴക്കി ഒഴുകുന്ന പുഴയുടെ തണുത്ത വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിക്കിടന്ന് ആ സുഖം ആസ്വദിക്കുന്ന ഒരു കൂട്ടം കുടുംബങ്ങള്‍  ഞാന്‍ അവിടെ കണ്ടു.  സ്ത്രീ പുരുഷ ഭേദമന്യേ അവര്‍ വെള്ളത്തില്‍ മുങ്ങിയും പാറയില്‍ വിശ്രമിച്ചും കഴിയുന്നത്‌ കണ്ടപ്പോള്‍ ശരിക്കും അങ്ങനെ മുങ്ങിക്കുളിക്കാന്‍ കൊതിയായി പക്ഷേമുന്‍കൂട്ടി നിശ്ചയിച്ച ചില പരിപ്പാടികള്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കഴിവതും വേഗം അവിടെ നിന്നും മടങ്ങാന്‍ തീരുമാനിച്ചു .
ആ വേളയിലാണ് ഞാന്‍ മനോഹരമായ പല പ്രകൃതി രമണീയമായ കാഴ്ചകള്‍ കാണാന്‍ ഇടയായത്. 

എന്റെ ഈ യാത്ര ചില സാങ്കേതിക കാരണങ്ങളാല്‍ ഇവിടെ വച്ച് അവസാനിപ്പിക്കണ്ടാതായി വന്നൂ.  തല്ക്കാലത്തേക്ക് വിടപറഞ്ഞുകൊണ്ട്‌ നിറുത്തുന്നൂ.









2018 മേയ് 14, തിങ്കളാഴ്‌ച

അമ്പോ കഷ്ടം

അമ്പോ.. കഷ്ടം 

എം.പി. എസ്സ്. വീയ്യോത്ത്

ആളൊഴിഞ്ഞ കടലോരത്തെ  പൂഴിമണ്ണില്‍ മാനത്ത് നോക്കി നീണ്ടു നിവര്‍ന്ന് കിടന്ന എന്നില്‍ പഞ്ഞിക്കൂട്ടം കണക്കുള്ള മേഘപാളികള്‍ ശരിക്കും  അത്ഭുതമാണ് സൃഷ്ടിച്ചത്. ഞാനാണോ മേഘമാണോ നീങ്ങുന്നത്‌ എന്ന ചിന്തയായിരുന്നൂ ഇതിനു കാരണം .ഞാനറിയാതെ ഏതോ ഒരു ഭയം  മനസ്സിന്റെ അകത്തളങ്ങളില്‍  എന്നെ പിന്തുടരുന്നത് പോലെ എനിക്ക് തോന്നി. എത്ര ആലോചിച്ചിട്ടും ഒരു എത്തുംപിടിയും കിട്ടാതെ വലഞ്ഞ ആ ചോദ്യം   അന്യമായി ഇന്നും എന്നെ പിന്തുടരുന്നൂ എന്നതാണ് സത്യം.

ആ കിടപ്പിലെ മന്ദമാരുതന്‍ എന്നെ തഴുകി ഉറക്കി പിന്നീടെപ്പോഴോ ചില കുസ്രിതിക്കുട്ടിക്കള്‍ ഓടിക്കളിക്കുമ്പോള്‍ മുഖത്തേക്ക് തെറിച്ചു വീണ മണല്‍ എന്റെ  നിദ്രയ്ക്കു ഭംഗം വരുത്തി. എനിക്ക് ശരിക്ക് ദേഷ്യം വന്നു അപ്പോഴാണ് എന്റെ അടുത്തേക്ക്‌ നടന്നുവന്ന ആ കൊച്ചു സുന്ദരിക്കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്. ഏകദേശം മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കറുത്ത പെണ് കുഞ്ഞിനെ കണ്ടതും എന്റെ കോപം അറിയാതെ തണുത്തു. അവള്‍ അടുത്തു വന്നു ചോദിച്ചു 

“ അങ്കിളേ സോരി” 

അവളുടെ സംസാരം കേട്ട് ഞാന്‍ അറിയാതെ ചിരിച്ചുപോയി അവളെ ചേര്‍ത്തു പിടിച്ചു ആ കവിളില്‍ മുത്തമേകാന്‍ മനസ്സില്‍ തോന്നിയെങ്കിലും ഇന്നത്തെ നാടിന്‍റെ രീതികള്‍ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ആ കുഞ്ഞു മോളുടെ ചിരിയില്‍ മയങ്ങിയ ഞാന്‍ ചിരിച്ചു തലയാട്ടിയപ്പോള്‍ അവള്‍ അവിടെനിന്നും കൂട്ടുകാരേനോക്കി വിളിച്ചുപറഞ്ഞു 

“ വാ.. അങ്കിള്‍ പാവമാ.. ഒന്നും ചെയ്യില്ല" 

തിരിഞ്ഞ് എന്നെ നോക്കി ഒന്നുകൂടി സംശയ നിവാരണം വരുത്തി അവര്‍ കളികളില്‍ മുഴുകി.  

അവര്‍ അകന്നു പോയപ്പോള്‍ ശരിക്കും ഇന്നത്തെ നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളെ പ്പോലും വെറുതെ വിടാത്ത ഞാന്‍ അടങ്ങുന്ന മനുഷ്യ സമൂഹത്തോട് തന്നെ പുശ്ചം തോന്നി. പണ്ട് മാവേലി ഭരിച്ചു എന്ന് വിശ്വസിക്കുന്ന കളവും ചതിയുമില്ലാത്ത നാടിന്‍റെ ഇന്നത്തെ അവസ്ഥ ശരിക്കും എന്നില്‍ വല്ലാത്തൊരു ഭീതിയാണ് പടര്‍ത്തിയത്. സഹോദരര്‍ പോലും സ്വത്തിന്റെ പേരില്‍  തമ്മില്‍  കലഹിക്കുന്ന ആത്മാര്‍ത്ഥതയ്ക്കോ വിശ്വാസത്തിനോ സ്നേഹത്തിനോ ദയയ്ക്കോ വിലകല്‍പ്പിക്കാത്ത മാധ്യമങ്ങളുടെ മുമ്പില്‍ മുഖം കാണിക്കാന്‍ ആയി പലതും കാട്ടുന്ന മലയാളി നിരക്ഷരായ അന്യസംസ്ഥാന ജനതതിയേക്കാള്‍ തരതാഴുമ്പോള്‍ ഒപ്പം ഒരു സംസ്കാരവും നശിച്ചുപോവുന്നൂ. ഇന്ന് വന്നു വന്ന്‍ നാട്ടിലെ നിയമങ്ങള്‍ പാവപ്പെട്ടവന് മാത്രമേ ബാധകമാവുന്നുള്ളൂ . പണ്ടത്തെ ഒരു ടെലിവിഷന്‍ പരസ്യ വാചകം പോലെ ഭരണം ഏതുമാവട്ടെ കഷ്ടത പാവങ്ങള്‍ക്ക് സ്വന്തം. കാലും കയ്യും കൂട്ടിക്കെട്ടി നീന്താന്‍ വിട്ട ഒരവസ്ഥയാണ് എന്തൊക്കെപ്പറഞ്ഞാലും ജനത്തിന്റെ അവസ്ഥ. എന്താല്ലേ. അമ്പോ കഷ്ടം  

2018 മേയ് 5, ശനിയാഴ്‌ച

അപകടാനന്ദ സ്വാമികള്‍

അപകടാനന്ദ സ്വാമികള്‍
എം. പി. എസ്സ്. വീയ്യോത്ത്

ജനുവരിയിലെ ഒരു തണുത്ത പ്രഭാതം അന്ന് രാജീവേട്ടന്റെ  വിവാഹത്തലേന്നാണ്. മുറ്റത്തിന്റെ ഒരു കോണിലെ കസേരയില്‍ ഇരുന്ന് കട്ടിയുള്ള കണ്ണടയിലൂടെ പത്രത്താളില്‍ എന്തോ തിരിയുന്ന ആ മനുഷ്യനെ ആദ്യമായി കണ്ടത് അന്നാണ് . കഷായവസ്ത്രധാരിയായ അയാളുടെ ജടപിടിച്ച നീണ്ട തലമുടിയും താടിയും കണ്ടപ്പോള്‍ തന്നെ ഒരു സിദ്ധനാണ് എന്ന് ഞാൻ  സംശയലേശമന്യേ വിലയിരുത്തി . പിന്നെ അയാളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എന്നില്‍ എറിയേറി  വന്നൂ. അടുത്തിരുന്ന ആ നാട്ടുകാരനോട് ഞാന്‍ അയാളെപ്പറ്റി തിരക്കിയപ്പോൾ അയാൾ ഒരു താല്പര്യവുമില്ലാത്ത വിധം എന്നെ സൂക്ഷിച്ചു നോക്കി പിന്നെ അല്പസമയത്തെ നിശബ്ദദയ്ക്ക് ശേഷം സ്വരം താഴ്ത്തി  പറഞ്ഞു
“അയാള്‍ക്ക് വട്ടാ”.
അത് കേട്ട് എന്നില്‍ ഒരു ഭയം തോന്നിയെങ്കിലും സൗമ്യനായി ഇരുന്ന്പത്രപാരായണം നടത്തുന്ന അയാള്‍ക്ക് വട്ടാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ അപ്പോഴാണ് എനിക്ക് സുപരിചിതനായ അസീസ്‌ മാഷ്‌ അങ്ങോട്ടേക്ക് കയറിവന്നത്. മാഷേ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അതാ നമ്മുടെ സിദ്ധന്‍ പത്രം മടക്കി വച്ച് എഴുന്നേറ്റ്നിന്ന് മാഷുമായി കുശലാന്വേഷണം നടത്തുന്നൂ. അതില്‍നിന്നും എനിക്ക് ഒന്ന് ബോധ്യമായി അയാള്‍ക്ക് അല്ല മറിച്ച് നമ്മുടെ സമൂഹത്തിനാണ് വട്ടെന്നു. സാധാരണക്കാരില്‍നിന്നുംവിഭിന്നനായി ആര് പെരുമാറിയാലും മുഖം നോക്കാതെ ഭ്രാന്തെന്ന് വിളിക്കുന്നവരോട് എനിക്ക് പുശ്ചം തോന്നി. അതിനിടയില്‍ മാഷ് എന്നോടൊപ്പം വന്നിരുന്നൂ, സംസാരത്തിനിടയിലായി എപ്പോഴോ ഞാന്‍ ആ മനുഷ്യനെപ്പറ്റി മാഷോട് ചോദിച്ചു. അതിനു മാഷ്‌ പറഞ്ഞ മറുപടി ഇതാണ്
“ പണ്ട് ആ സിദ്ധന്‍ കാണാന്‍ സുന്ദരനായിരുന്നൂ, പ്രേമനൈരാശ്യം മൂലം മൌനിയായി നടന്ന ആ മനുഷ്യനെ അമ്മയുടെ വേര്‍പാടിന് ശേഷമാണ് സഹോദരര്‍ എല്ലാവരും ചേര്‍ന്ന് വട്ടനായി സമൂഹത്തില്‍ ചിത്രീകരിച്ചു തുടങ്ങിയത്. ആ പരിഹാസം അതിന്റെ എല്ലാ പരിധികളും ലംഘിച്ചപ്പോള്‍ ആ മനുഷ്യന്‍ തറവാട്ടില്‍ നിന്നും പടിയിറങ്ങി എങ്ങോട്ടെന്നില്ലാതെ പല അമ്പലങ്ങളില്‍ കയറി ഇറങ്ങി. അങ്ങനെ  സൗജന്യമായി ഭക്ഷണം ലഭിക്കുന്ന എല്ലാ ഇടങ്ങളിലും അയാള്‍ കാണും.  സ്വാമിയാണെങ്കിലും സസ്യഭുക്കല്ല തിരിച്ചു കടിക്കാത്ത എന്തും കഴിക്കും സ്വല്പം മദ്യപാനവും പുകവലിയും കൂട്ടിനായുണ്ട് താനും. ആ മനുഷ്യന് നാട്ടുകാര്‍ നല്‍കിയ പേര് വളരെ വിചിത്രമാണ്, അതെന്താണെന്നല്ലേ അപകടാനന്ദ സ്വാമികള്‍ എന്നാണ്. രണ്ടു ദിവസം മുമ്പ് കുമാരേട്ടന്റെ വീട്ടില്‍ വിവാഹത്തലേന്നു മദ്യം വിതരണം ചെയ്തു ചെയ്തു ഏതോ മൂലയ്ക്ക് കൂനിക്കൂടി കിടന്നുറങ്ങിയ കഥയും. അതുപോലെ രാഘവന്‍ മാഷുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ മത്സ്യക്കറിയുമായി വന്ന ആള്‍ സിദ്ധന് കറി വിളംബാതെ പോയപ്പോള്‍ അയാളെ മടക്കി വിളിച്ചു കറി വിളംബാന്‍ പറഞ്ഞതും  സ്വാമി മീന്‍ കൂട്ടുകോ എന്ന അയാളുടെ ചോദ്യത്തിന് കഷണം കൂട്ടരുത് ചാറുകൂട്ടാം എന്ന് പറഞ്ഞതും നാട്ടില്‍ പാട്ടാണ്.”
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം അതാണോ പണ്ട് മീന്‍ തൊട്ടു കൂട്ടണം എന്ന് പറഞ്ഞത് അതോ അത് പുരാണത്തില്‍ ഭഗവാന്റെ ദശാവതാരത്തെ പറ്റിയാണോ  പറഞ്ഞത്.

ശംഭോ മഹാദേവ.   

തലതിരിഞ്ഞ ചോദ്യങ്ങൾ

തലതിരിഞ്ഞ ചോദ്യങ്ങൾ 
എം. പി, എസ്സ്. വീയ്യോത്ത്

ഉച്ചമയക്കത്തില്‍ ലയിച്ചു കിടന്ന എന്റെ ഓര്‍മ്മയില്‍ സ്കൂള്‍ പഠനകാലത്ത് സുലോചന ടീച്ചര്‍ പറഞ്ഞ ഭൂമിയുടെ അച്ചുത്തണ്ടിലെ കറക്കമാണ് കടന്ന് വന്നത് . നമ്മുടെ സൂപ്പര്‍ താരത്തെ പോലെ ഒരു ചുമല് ചരിച്ചുള്ള കറക്കം പണ്ട് സ്കൂളിലെ ശാസ്തമേളയില്‍ ആണ് വിശദമായി കണ്ടത് . അപ്പോഴും എപ്പോഴെങ്കിലും നമ്മളും ഭൂമിക്ക് ഒപ്പം  കറങ്ങിയാല്‍ സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന തീവ്ര ശ്രമത്തിന്‍റെ അവസ്ഥയായിരിക്കും ഏവര്‍ക്കും .
ഒന്നോ രണ്ടോ തവണ ഉച്ചത്തില്‍ വിളിച്ചു കൂവിയതിന് ശേഷമാണ് എന്റെ സുഹൃത്തിന്റെ
 “എടാ നീ വരുന്നോ ഒന്ന് കറങ്ങിയിട്ട് വരാം”
എന്ന വാചകം ഞാന്‍ ശ്രദ്ധിച്ചത്.
“ഇല്ല”
 എന്ന്  മറുപടി നല്‍കി തിരിഞ്ഞു കിടന്ന ഞാന്‍ എപ്പോഴോ സ്വപ്നപേടകത്തിലേറി ആ ശൂന്യതയിലെ ഗ്രഹങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ടീച്ചര്‍ പഠിപ്പിച്ച കാര്യങ്ങളൊക്കെ  എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞു.
ആ യാത്രയിലും ചില  ചിന്തകൾ  എന്നെ അലട്ടിക്കൊണ്ടിരുന്നൂ.

നമ്മുടെ മണ്ണില്‍ കുഴിച്ചു കുഴിച്ചു ചെന്നാല്‍ അമേരിക്കയില്‍ എത്തുമോ? ആവോ ?  
സൂര്യൻ കിഴക്ക് ഉദിച്ചു് പടിഞ്ഞാറ് അസ്തമിക്കുന്നൂ  എന്നാൽ അടുത്ത ദിവസം കാലത്ത് വീണ്ടും സൂര്യനെങ്ങനെ കിഴക്ക് ഉദിക്കാൻ കഴിയുന്നൂ ?      

2018 മേയ് 1, ചൊവ്വാഴ്ച

മരണം (കവിത )

മരണം

എം. പി. എസ്സ്. വീയ്യോത്ത്

മരണമെന്‍ ചാരത്ത് പലകുറി

അണഞ്ഞതന്നറിയുന്നുവെങ്കിലു

മൊരു ഭയമുണ്ടെന്നുമെന്‍ കൂട്ടായ് 
   
അന്യദേശത്തെ  മോര്‍ച്ചറിതന്നിലെ  

മേശമേല്‍ വെള്ളപ്പുതപ്പിനുള്ളിലായ്

നീണ്ടുനിവര്‍ന്നുകിടന്നപ്പോളെന്‍

ദേഹം വിളറി വെളുത്തിരുന്നൂ 
   
എന്‍ ദേഹ സ്പന്ദനം നിലച്ചതും

ആരോ ഞാന്‍ പറഞ്ഞറിഞ്ഞു  

ജീവിക്കാന്‍ ആശിച്ച നേരത്തെന്‍  

അവസാനസ്പുരണവും അകാലത്തി  

ലസ്തമിച്ചതോര്‍ത്തു ഞാന്‍  
  
മൃതമായെന്‍  ദേഹത്തെ അന്നവര്‍

വെട്ടിപ്പൊളിച്ചെന്തോ തിരഞ്ഞപ്പോള്‍  

അവര്‍ തന്‍ വാക്കില്നിന്നറിഞ്ഞ

വിശേഷത്തില്‍  തേടിയാതെന്‍

ഹൃത്തിനാനെന്നറിഞ്ഞു ഞാന്‍

ജീവിത വീഥിയില്‍ എങ്ങോ

കളഞ്ഞയെന്‍ ഹൃത്തിനെ ഓര്‍ത്തറിയാതെ

ഞാനും ചിരിച്ചുപോയന്നേരം

ഇന്നീ ലോകത്ത് ആര്‍ക്കുണ്ട് ആ സാധന

മെന്നോര്‍ത്ത് ചിരിച്ചുപോയെങ്കിലും

ഈ നാളില്‍ എന്‍ മുഖത്തെ

ചിരിയാരുകാണാന്‍

എന്‍ ദേഹമന്നവര്‍ പേടകത്തില്‍ വച്ചതും

ആകാശമാര്‍ഗ്ഗെ വീട്ടിലെത്തിച്ചതും

പലരുടേം പുഷ്പ ചക്രത്തിന്‍ ഭംഗി

ആസ്വദിക്കാന്‍ മാത്രമായ് മാറിയതെന്തു ഞാന്‍

 ഭാരമറിയാതെ പേടകത്തില്‍നിന്നും  

ചിതയിലെ തീയില്‍ എരിഞ്ഞടങ്ങുമ്പോഴും

വാവിട്ടു കരയുന്ന എന്‍ പ്രിയതമ അറിയാതെ

ചേര്‍ത്തു പിടിക്കുന്നതെങ്ങനെ


“മുട്ടായി” എന്ന ചിന്ത

“മുട്ടായി” എന്ന ചിന്ത
എം. പി. എസ്സ്. വീയ്യോത്ത്

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു ദുബായിയിലെ സത്വയിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ പ്രവാസികള്‍ എന്നും ശീലമാക്കി കൂടെക്കൂട്ടിയ ചിലവില്ലാത്ത ആ ആഡംബരമായ നിറങ്ങള്‍ നിറഞ്ഞ നിദ്രയക്ക് ഭംഗം വരുത്തിയത് കട്ടിലിന്റെ മേലെത്തട്ടില്‍ കിടന്നുറങ്ങുന്ന  അയാളുടെ “മുട്ടായി.... മുട്ടായി... “ എന്ന  വാക്കുകളാണ്. ഞാന്‍ കണ്ണുകള്‍ വളരെ വിഷമിച്ചു വലിച്ചു തുറന്ന് കട്ടിലിനോട് ചേര്‍ത്തു വച്ച മൊബൈലില്‍ ഒന്ന് സൂക്ഷിച്ചുനോക്കി. നേരം പുലര്‍ച്ചെ നാലുമണി കഴിഞ്ഞു പത്ത് മിനിട്ട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഒന്നമര്‍ത്തി ചുമച്ചുവെങ്കിലും അതൊന്നും അയാളുടെ  ഉച്ചത്തിലുള്ള കൂര്‍ക്കം വലിക്ക് യാതൊരുവിധ വിഘാതവും അത് സൃഷ്ടിച്ചില്ല. സ്വപ്നങ്ങളിലൂടെ ഊളിയിട്ടുള്ള സുഖകരമായ നിദ്ര നഷ്ടപ്പെട്ട എനിക്ക് അയാളെ കൊല്ലാനുള്ള വെറുപ്പ്‌ തോന്നിയിരുന്നെങ്കിലും തല്ക്കാലത്തേക്ക് സ്വയം നിയന്ത്രിച്ചു കണ്ണും തുറന്ന്കിടന്ന്  എന്റെ ചിന്തകളെ  ഞാന്‍ മേയാന്‍ പറഞ്ഞയച്ചു. അപ്പോഴാണ്  അയാളുടെ ജല്പ്പനങ്ങളിലൂടെ കടന്നുവന്ന “മുട്ടായി” എന്ന വാക്കിന്റെ മറ്റു തലങ്ങളെ പ്പറ്റി  പലതും ഞാന്‍ ആലോചിച്ചു കൂട്ടിയത് .

മുട്ടായി എന്നാ വാക്കിന് ബുദ്ധിമുട്ടായി എന്ന വാക്കുമായി വളരെ സമാനത ഉള്ളതായി എനിക്ക് തോന്നി. ശരിയാണ് പണ്ട് നമ്മുടെ ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് നാല്പത് രൂപയാക്കും എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ശരിക്കും  ബോധ്യമായത്  അപ്പോഴാണ്. അതായതു വാഹനത്തില്‍ പെട്രോള്‍ നിറച്ചു നികുതികള്‍ ശരിയാം വിധം ഒടുക്കി ചിലവുകള്‍ എല്ലാം കഴിച്ച് എന്റെ പോക്കറ്റില്‍  ആകെ നാല്പത് രൂപയെ അപ്പോഴേക്കും ബാക്കി കണ്ടുള്ളൂ. രാജ്യം കുതിക്കുന്നൂ എന്ന് പറയുമ്പോഴും പുറത്തെ ചൂടും ചിലവിന്റെ ചൂരും കഴിഞ്ഞു ജനം മാത്രം നിന്ന് കിതയ്ക്കുന്നത് പോലെ എനിക്ക് തോന്നി.  അപ്പോഴേക്കും ഞാന്‍ മനസ്സില്‍  പ്രവാസികളെക്കുറിച്ച്  പലതും ഞാന്‍ ചിന്തിച്ചു കൂട്ടിയിരുന്നൂ

“നമ്മള്‍ പ്രവാസികളുടെ അവസ്ഥയോ  വളരെ വിചിത്രമല്ലേ .നാട്ടിലെ റേഷന്‍ കാര്‍ഡില്‍ തുടങ്ങി ഒരിടത്തും സ്ഥാനമില്ലാതെ അജ്ഞാതന്‍ മാത്രമായി തുടരുന്നൂ. വിമാനക്കമ്പനികള്‍ക്കും ഭരണകൂടങ്ങള്‍ക്കും മുന്നില്‍ ഒരു കറവപ്പശുവായി പ്രവാസികള്‍ എന്നും മാറുമ്പോള്‍ ഇന്നത്തെ ഗള്‍ഫ് സമ്മര്‍ദ ജോലി സമ്പ്രദായങ്ങളില്‍ കുരുങ്ങി മാനസികമായി ഉരുകാനേ ഞാനടക്കമുള്ള അടിമവര്ഗ്ഗത്തിനാവുന്നുള്ളൂ . കപടതനിറഞ്ഞ ഈ ലോകത്ത് കൂടെ ജോലിചെയ്യുന്നവര്പോലും നിനച്ചിരിക്കാതെ ചതിച്ചു കടന്നുകളയുമ്പോള്‍ പലപ്പോഴും ആത്മാര്‍ത്ഥമായി ജോലിയെ സ്നേഹിക്കുന്നവര്‍ പലപ്പോഴും പകച്ചുനിന്നു പോവുന്നൂ അപ്പോഴേക്കും അയാളുടെ ജോലിക്കോ സ്ഥാനത്തിനോ ചലനം സംഭവിച്ചിരിക്കും.”


നല്ല ചിന്തകളിലൂടെ പലപ്പോഴും സുന്ദരങ്ങളായ ആശയങ്ങളും തീരുമാനങ്ങളും ഉരുത്തിരിഞ്ഞ് വരുമെങ്കിലും. ചില ചിന്തകള്‍ മനസ്സിന്റെ ആധി ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കുന്നൂ.

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...