എം .പി .എസ്സ്.വീയ്യോത്ത്
എന്നും കടയിലേക്ക് നോക്കി പുഞ്ചിരിച്ചു കടന്നു പോവുന്ന അയാളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എന്നിൽ ഉണർന്നത് ഈയടുത്ത കാലത്താണ്. പ്രവാസത്തിൽ നിന്നും തിരിച്ചെത്തി വീട്ടിനരികിലെ കെട്ടിടത്തിൽ ഒരു ചെറിയ സുപ്പർ മാർക്കറ്റ് തുടങ്ങിയ എനിക്ക് ഈ നാട്ടുകാരായ ഒത്തിരിപ്പേരെ അടുത്തറിയാം. എങ്കിലും ഇതുവരെ ഒരിക്കൽപ്പോലും കടയിലേക്ക് കയറാതെ എന്നെ കടന്നു പോകുന്ന ഇയാളേക്കുറിച്ച് കൂടുതൽ അറിയാനായിരുന്നു എന്ന് പിന്നീടുള്ള ശ്രമം . അങ്ങനെയാണ് അയാളേക്കുറിച്ച് കൂടുതൽ അറിയാനാണ് ഞാൻ നാണവേട്ടനേ വിളിച്ച് ചോദിച്ച് അന്ന് വൈകിട്ട് പാർട്ടി ഓഫീസിൻ്റെ മുന്നിൽ വച്ച് കണ്ടുമുട്ടിയത്.
നാണവേട്ടനും ഞാനും കൂടി അയാളുടെ ബൈക്കിൽ കയറി അങ്ങാടിക്കടുത്ത് തന്നെയുള്ള മൈതാനത്തിലേക്ക് യാത്ര തിരിച്ചത്. ആ മൈതാനത്തിലെ ഒരു ആൽത്തറയിൽ ഇരുന്ന് കയ്യിലെ ദിനേശ് ബീഡിയിലേക്ക് തീ പകർന്നു കൊണ്ട് നാണുവേട്ടൻ ഇങ്ങനെ പറഞ്ഞു.
നാണുവേട്ടൻ: എടോ അയാളുടെ പേര് ചെംബ്രയ്ക്കൽ ചന്ദ്രൻ എന്നാ. അയാളേക്കുറിച്ച് പറയാനാണെങ്കിൽ ഒരു പകൽ പോര. എങ്കിലും ഒരു കാര്യം പറയാം ചന്ദ്രൻ ഒരിക്കൽ എന്നോട് പറഞ്ഞ പോലെ നാണവേട്ടാ ശരിക്കും എല്ലാരുടെയും മുന്നിൽ ഞാൻ വെറും ഭ്രാന്തനായി അല്ലേ? ഇതു പറയുമ്പോൾ ആ അജാനുബാഹുവായ മനുഷ്യൻ്റ മനസ്സ് വല്ലാതെ തകർന്നിരുന്നതായി ആ കണ്ണുകളിൽ തളം കെട്ടിയ നനവിൽ നിന്നും എനിക്ക് മനസ്സിലായതാണ്.
അച്ഛൻ കുമാരേട്ടനും ശാന്തേച്ചിയും അനിയത്തി ഉഷയും ചന്ദ്രനും ചേരുന്നതായിരുന്നു അവരുടെ കുടുംബം.
കുമാരേട്ടനും ശാന്തേച്ചിയും അങ്ങാടിയിൽ അന്ന് ഒരു ചായക്കട നടത്തിയിരുന്നു. ചായക്കടയിൽ നിന്നും പശുക്കളിൽ നിന്നുമുള്ള വരുമാനത്തിലുമായാണ് ആ കുടുംബം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്നത്. ഉഷയുടെ വിവാഹം കൂടി കഴിഞ്ഞപ്പോൾ കുമാരേട്ടനുള്ള ആധി ചന്ദ്രനേക്കുറിച്ചോർത്തായിരുന്നു.
നമ്മുടെ ഇല്ലത്ത് നാസ്സറിൻ്റെ ബാപ്പ അബ്ദുക്കയേ നീ അറിയില്ലേ ? അയാൾ മുഖേനയാണ് കുമാരേട്ടൻ ചന്ദ്രനേ ഗൾഫിലേക്കയച്ചത്. അന്ന് വിസയ്ക്കും ടിക്കറ്റിനുമായി വലിയ സംഖ്യ തന്നെ ആയി.
ഗൾഫിലെത്തി ജോലിയൊക്കെ ശരിയായി നാട്ടിൽ എത്തിയ ചന്ദ്രനേക്കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു കുമാരേട്ടൻ്റെ ചിന്ത മുഴുവനും. അങ്ങനെ ഒരു വിധം ചന്ദ്രൻ്റെ വിവാഹം ഒരു വിധം നല്ല നിലയിൽ തന്നെ കഴിഞ്ഞു. എന്ത് തന്നെയായാലും ചന്ദ്രന് തൻ്റെ അനിയത്തിയുടെ മകൾ അശ്വതിയേ ജീവനായിരുന്നു. അവൾക്ക് തിരിച്ചും. ഏറ്റവും കൂടുതൽ അയാൾ അനിയത്തിയുമായി വാക്കു തർക്കവും കയ്യാങ്കളിയും നടത്തിയത് തന്നെ അശ്വതിയുടെ പേരിലായിരുന്നു.
ഗൾഫിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങളിൽ സംഹഭാഗവും കൊണ്ടു പോകുന്നതും അനിയത്തിയും കുടുംബവും ആയിരുന്നു താനും. അശ്വതിയുടെ വിവാഹത്തിനു് കുറച്ച് മുമ്പാണ് തൻ്റെ രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസം ഉപേക്ഷിച്ച് ചന്ദ്രൻ നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ അതു വരെ അയാളോട് പെരുമാറിയതിൽ നിന്നും വിപരീതമായാണ് ആ കുടുംബത്തിലെ ഓരോരുത്തരും അയാളോട് പെരുമാറാൻ തുടങ്ങിയത്.
ശരിയാ പ്രവാസിയല്ലാത്ത മറ്റൊരു തരത്തിൽ പറഞ്ഞാൽ കറവ വറ്റിയ പശുക്കളുടെ അവസ്ഥയിലാണ് ഓരോരുത്തരും.
കല്ലാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിവാഹ മോചന ശ്രമവുമായി മുന്നോട്ട് പോയ അശ്വതിക്കും അവളുടെ അമ്മയുടെയും കണ്ണിൽ ചന്ദ്രൻ ശരിക്കും ഒരു കരടായത് എന്നാണെന്ന് ഇന്നും അയാൾക്ക് അന്യമാണ്
ഇതിനിടയിൽ ചന്ദ്രൻ അനിയത്തിയുടെ ഭർത്താവിൻ്റെ അച്ഛനേയും അനിയനേയും കണ്ട് ഈ കാര്യങ്ങൾ ഒരു ചർച്ചയിലൂടെ രമ്യമായിപരിഹരിച്ച് വിവാഹമോചന ചിന്ത പതിയേ ഒഴിവാക്കാനുള്ള ആരോഗ്യപരമായ നടപടി ക്രമങ്ങളുമായ മുന്നോട്ട് പോയി.
പക്ഷേ നല്ല നിലയിൽ പണ്ട് മുന്നോട്ട് പോയിരുന്ന കുമാരേട്ടൻ്റെ കുടുംബ ബന്ധത്തിൽ നിന്നും അപ്പോഴേക്കും ഉഷയുടെയും കുടുംബത്തിൻ്റെ കാഴ്ചപ്പാടുകളിൽ പണത്തിൻ്റെ ഹുങ്ക് ഒരർബുദം കണക്ക് പടർന്നു കഴിഞ്ഞിരുന്നു.
എല്ലാവരേയും ഇത്രയും കാലം നെഞ്ചോട് ചേർത്ത് പിടിച്ച ചന്ദ്രൻ കുടുംബത്തിൽ ഒറ്റപ്പെടുന്നത് മനസ്സിലാക്കിയതിനാൽ ഇന്ന് ഒരു തിരിച്ചു പോക്കിൻ്റെ പാതയിലാണ്. ഒരിക്കൽ അവസാനിപ്പിച്ച തൻ്റെ പ്രവാസത്തിലേക്കുള്ള ഒരു മടക്കയാത്രയിലേക്കുള്ള ഒരുക്കത്തിലാണ് അയാൾ , ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.
നാണവേട്ടൻ അതു പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞങ്ങൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു തുടങ്ങിയിരുന്നത് ഇരുട്ടിൻ്റെ മറവിൽ ആരും കണ്ടില്ല.
ശരിയാ ആർക്കോ വേണ്ടി ജീവിത്യാഗം ചെയ്യുന്ന ഓരോ പ്രവാസിയുടേയും ജീവിതത്തിൻ്റെ നേർക്കാഴ്ചകളിൽ ഇത്തരത്തിലുള്ള ഒരു കഥ പറയാനുണ്ടാവും
തീർച്ച.