2019 ജൂലൈ 17, ബുധനാഴ്‌ച

പ്രണയവും പ്രളയവും (കവിത )


പ്രണയവും പ്രളയവും (കവിത )
എം. പി. എസ്സ്. വീയ്യോത്ത്

പ്രണയവും പ്രളയവും പുസ്തകത്താളിലെ 
നിനവാര്‍ന്ന ഓര്‍മ്മയായ് മാഞ്ഞു  പോയ്‌

പ്രണയക്കയത്തില്‍ ഞാനന്ന്   മുങ്ങിനിവര്‍ന്നപ്പോള്‍
 പ്രണയിനി എങ്ങോ മറഞ്ഞുപോയ്‌

ഹൃത്തിന്‍ ചുമരില്‍  രുദിരത്തിലെഴുതിയ 
കുസുമത്തിന്‍ പേര് ഞാന്‍ മായ്ച്ച തെന്തേ

പ്രണയക്കയത്തിലാദ്യമായ് ഞാന്നന്ന്  
ദേഹം തളര്‍ന്ന് മുങ്ങിതാഴ്ന്നിടുമ്പോള്‍  

പ്രകൃതിക്ക് പോലും എന്നോട് തോന്നിയ
 അലിവിനാല്‍ ഇന്നും കഴിഞ്ഞിടുന്നൂ

ഓര്‍മ്മതന്‍ പുസ്തകത്താളിലെ വരികളില്‍ 
ചോരകിനിഞ്ഞത് ഞാന്‍ കണ്ടുവോ

താളിലെ വടിവൊത്ത അക്ഷരക്കൂട്ടത്തില്‍ 
ചോര തളം കെട്ടി നിന്നിരുന്നോ

മനസ്സിലെ വേദന ഉള്ളില്‍ കരഞ്ഞു ഞാന്‍ 
വലിയൊരു പാഠമായ് ചേര്‍ത്തുവെച്ചാല്‍

ഏകാകിയായ്  ചിന്തകള്‍ ചികയുന്ന നേരത്ത്  
പലകുറി  നീറ്റലും  ചാരെ അണഞ്ഞി രുന്നൂ

പ്രണയത്തിന്‍ വേദന  ആഴ്ന്നിറങ്ങുമ്പോഴും  
കാലങ്ങളോളം എന്നെ വേട്ടയാടീ

പ്രളയമോ ആര്‍ത്തിരമ്പിക്കൊണ്ട്  
സര്‍വ്വതും തല്ലി തകര്‍ത്ത് കടന്ന് പോവും 

പ്രണയവും പ്രളയവും നോവുകള്‍ തന്നിട്ട് 
ശാന്തയായ്  മുന്നോട്ടൊഴുകിടുന്നൂ  

കാലവും പ്രകൃതിയും സാക്ഷിയായീടുന്ന 
ലോകമേ നീ സുന്ദരി തന്നെ സത്യം 


2019 ജൂലൈ 16, ചൊവ്വാഴ്ച

എന്റെ ചില കാഴ്ചപ്പാടുകള്‍


എന്റെ ചില കാഴ്ചപ്പാടുകള്‍

എം. പി. എസ്സ് . വീയ്യോത്ത്

രാഷ്ട്രീയ , മതഗ്രന്ഥങ്ങളോ കൊടിതോരണങ്ങളോ ഒരാളുടെയും ജീവിതത്തില്‍ ഒന്നും നേടി ക്കൊടുക്കാറില്ല . ഒരാള്‍ക്ക് അറിവ് സ്വായത്തമാക്കാന്‍ ഇഷ്ടാനുസരണം ഏത് ഗ്രന്ഥങ്ങളും പാരായണം ചെയ്യാം ഒപ്പം തന്റെ നിലപാടുകള്‍ പകര്‍ത്തുകയും ആവാം . പക്ഷെ ആ അറിവുകളില്‍ നിന്നും  നല്ലത്  മാത്രം  തെരഞ്ഞെടുത്ത് ജീവിതത്തില്‍ പകര്‍ത്തുക എന്ന ദൌത്യം ആണ് നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളത് . തന്‍റെ അറിവുകള്‍ തന്റെ ജീവിതത്തിലും ഒപ്പം ജനങ്ങളുടെ ഇടയിലും  ആവിഷ്കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ  മതങ്ങളെയും നല്ല ശീലങ്ങളെയും വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളനാണയങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ കഴിയൂ .

പഴയകാല  രാഷ്ടീയക്കാര്‍ രാഷ്രീയ നിലപാടുകളില്‍ മാത്രം  ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോള്‍ ഇന്നിന്റെ നേതാക്കള്‍ വോട്ട് ബാങ്ക് നോക്കി മതത്തെ കൂടുപിടിച്ച്  പല നെറികെട്ട പ്രവര്‍ത്തനങ്ങളും നടത്തി വരുന്നൂ. മറ്റുമതങ്ങളെ വര്‍ഗ്ഗീയമായും ചിലരെ നല്ലകൂട്ടരായും ചിത്രീകരിച്ച ചിലരുടെ ലാക്ക് ഇന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നൂ . അതിനുള്ള മറുപടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . എന്ത് സംഭവിച്ചാലും തന്റെ നിലപാടുകള്‍ അടിയുറച്ച് നില്‍ക്കും എന്ന ദാര്‍ഷ്ട്യവും കൂടിയാവുമ്പോള്‍ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പതനം പൂര്‍ണ്ണമാകുന്നൂ. സഹനസമരങ്ങളിലൂടെ ജനമനസ്സിലേക്ക് ചേക്കേറിയ പ്രസ്ഥാനത്തിലെ തൊഴിലാളി  നേതാക്കളില്‍ മിക്കവരും മുതലാളികളായി മാറിയപ്പോള്‍ പാവം അണികള്‍ ഇന്ന്  പ്രവാസിയുടെ ത്യാഗത്തില്‍ സുഖലോലുപരായി കഴിയുന്നു . ശരിയാ ഒരു നാട് നന്നാവണമെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്താന്‍ മുന്നോട്ട് വരണം അതില്‍ രാഷ്ട്രീയമോ മതപരമോ ആയ ഒരു വേര്‍തിരിവും പാടില്ല. അങ്ങനെ ഒത്തൊരുമിച്ച ജനതയ്ക്ക് മുമ്പില്‍ നേതാക്കളും പ്രസ്ഥാനങ്ങളും തെറ്റു ചെയ്യാന്‍ ഒന്ന് മടിക്കും.

ഓരോ പ്രവാസിയും കാലത്ത് എഴുന്നേറ്റ് ജോലിസ്ഥലത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ കഴിക്കുന്ന ആഹാരത്തില്‍ പരിപ്പിനും തൈരിനും മത്തിക്കും വലിയ സ്ഥാനം ഉണ്ട് . ചില തൊഴിലാളി സുഹൃത്തുക്കള്‍ വേനലിലെ ചൂടിനാല്‍ കേടുവന്ന ആഹാരം കണ്ണീരോടെ വലിച്ചു വാരിത്തിന്നുന്നത് എത്രയോ തവണ കണ്ടിരിക്കുന്നൂ . നാട്ടില്‍ വിഭവ സമൃദ്ധമായി വീട്ടുകാര്‍ ഭക്ഷിക്കുമ്പോള്‍ അതില്‍ നല്ലൊരു ശതമാനവും എച്ചിലായി കളയുന്ന പതിവ് ഇന്ന് കാണാറുണ്ട് .
നാട്ടിലെ വിശേഷദിവസങ്ങളില്‍ ആധിയോടെ വീട്ടില്‍നിന്നും വിളിച്ച് കുശലാന്വേഷണം നടത്തുമ്പോള്‍ വീട്ടുകാര്‍ അറിയുന്നില്ല  ഒട്ടിയ വയറുമായി ആണ് നമ്മള്‍ നില്‍ക്കുന്നത് എന്ന സത്യം . ചില നേരം  കയ്യില്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കാന്‍ സാഹചര്യം അവസരം ഒരുക്കുമ്പോള്‍ വീട്ടുകാരോട് ചിക്കന്‍ ബിരിയാണി കഴിച്ചു എന്ന് കള്ളം പറയുന്നവര്‍ ഒത്തിരി യുണ്ട് നമ്മളുടെ ഇടയില്‍ .

ഒരു പ്രവാസി നാട്ടില്‍ എത്തിയാല്‍ തുടരെ തുടരെ കേള്‍ക്കുന്ന ചോദ്യം എന്നാണ് മടക്കയാത്ര എന്നത് തന്നെയാണ് . എല്ലാവര്ക്കും അവര്‍ക്ക് കൊണ്ട് വന്ന സമ്മാനങ്ങള്‍ മാത്രം മതി . പ്രവാസം അവസാനിപ്പിച്ച്‌ പോയ പലരുടെയും അവസാന കാലം പത്രങ്ങളില്‍ വായിച്ച് നമ്മള്‍ മനസ്സിലാക്കുന്നില്ലേ . എല്ലായ്പ്പോഴും പ്രവാസിയെ കറവ മാടുകണക്കല്ലേ  സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും നാട്ടുകാരും കാണാറ്. ജോലിയിലെയും ജീവിതത്തിലെയും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു മോചനത്തിന് നാട്ടില്‍ തിരിച്ചെത്തുന്ന അവരോട് എല്ലാവരും മാന്യമായാണോ പെരുമാറാന്‍ ശ്രമിക്കാറ് . ഇന്ന് കൊച്ച് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി കഴിയുമ്പോള്‍  പ്രവാസികള്‍ എന്നും എല്ലാവരെയും ചേര്‍ത്തു നിറുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു പലപ്പോഴും പരാജയപ്പെട്ടുപോവുന്നൂ . ഒരിക്കല്‍ എവിടെയോ വായിച്ചറിഞ്ഞ വാചകം പോലെ പ്രവാസികള്‍ എ ടി എം മെഷീനുകള്‍ ആകാതെ സൂക്ഷിക്കണം എന്ന വാചകം ഇത്തരുണത്തില്‍ പ്രസക്തമാണ് .

2019 ജൂലൈ 14, ഞായറാഴ്‌ച

എന്റെ ഓര്‍മ്മക്കുറിപ്പുകള്‍


എന്റെ ഓര്‍മ്മക്കുറിപ്പുകള്‍
എം. പി. എസ്സ്. വീയ്യോത്ത്
ജനനം മുതൽ മരണം വരെ നീളുന്ന നമ്മുടെ  ജീവിതവീഥികളിൽ ഒരിക്കലും മറക്കാനാവാത്ത ചില ആത്മബന്ധങ്ങൾ കാണും ഇന്നും ആ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ ആയിരിക്കും പലരും   . അത്തരത്തില്‍ ഉള്ള എന്റെ ജീവിതത്തിലെ അത്തരം ചില ഏടുകളിലൂടെയാവട്ടെ നമ്മുടെ ഇന്നത്തെ സഞ്ചാരം .
 കുട്ടിക്കാലത്ത്  എന്റെ കുസൃതികളേ പുഞ്ചിരിച്ചു കൊണ്ട് വീക്ഷിച്ച മല്ലിക ചേച്ചിയേയും വസന്ത ചേച്ചിയേയും രാജുവേട്ട നേയും എങ്ങനെ മറക്കാനാവും . കാലങ്ങൾക്ക് ശേഷം അവരെ തിരഞ്ഞ് ഞാനും എന്റെ മനസ്സും പല ദേശത്തേക്കും യാത്രചെയ്തു . പക്ഷെ നിരാശ യായിരുന്നൂ ഫലം , പിന്നീട് ഒരു നാളില്‍  അച്ഛന്‍ പറഞ്ഞാണ് രാജുവേട്ടന്റെ മരണം പോലും ഞാന്‍ അറിഞ്ഞത്, അതോടൊപ്പം വസന്ത ചേച്ചി കുടുംബസമേതം വയനാട്ടില്‍ എവിടെയോ കഴിഞ്ഞു വരുന്ന കാര്യവും അറിയാന്‍ കഴിഞ്ഞു എന്നിട്ടും മല്ലിക ചേച്ചിയേ ക്കുറിച്ച് മാത്രം ഒന്നും അറിയാന്‍ കഴിഞ്ഞില്ല . ഇന്ന് മല്ലിക ചേച്ചിയുടെ ഒരു ഫോട്ടോ കണ്ടപ്പോഴാണ് പഴയ കാല ഓര്‍മ്മകള്‍ എന്നില്‍ തെളിഞ്ഞു വന്നത് .
പണ്ട് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ  അമ്മാവന്റെ വീട്ടിലേക്കു യാത്ര പോയപ്പോഴൊക്കെ എന്നെയും അനുജത്തിയും കൂട്ടി വസന്ത ചേച്ചി കടല്‍ക്കരയില്‍ കൊണ്ടുപോവാറുള്ളതും  തിരമാലകളില്‍  കാലുകള്‍ കഴുകി തിരിച്ചു ഓടിമാറിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നൂ. ഇന്ന് എന്റെ ഉച്ചിയിലേക്ക് നെറ്റി കയറി അഹങ്കാരത്തോടെ നിന്നപ്പോള്‍ അന്ന് മുഖം നോക്കിയ കണ്ണാടി യില്‍ അത് തെളിഞ്ഞു കണ്ടു.  അറിയാതെയെങ്കിലും പോയ്മറഞ്ഞ ജീവിത വീഥികളില്‍ എങ്ങോ കളഞ്ഞു പോയ ബാല്യകാല ഓര്‍മ്മകളില്‍ നഷ്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ടായിരുന്നൂ. അതില്‍ എന്നും നാട്ടുകാരോട് നര്‍മ്മ സല്ലാപം നടത്താറണ്ടായി രുന്ന മണ്മറഞ്ഞു പോയ മുഖങ്ങള്‍ മിന്നി മാഞ്ഞത് എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു .
അച്ഛന്‍ സ്കൂളിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി  “പെന്ന്‍, പേഴ്സ്, ടവ്വല്‍ “ എന്ന് പറഞ്ഞു സ്വയം ബോധ്യപ്പെടുത്തി നടന്നുനീങ്ങുന്ന ശീലങ്ങള്‍  ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ ഒപ്പം എനിക്കും അനുജത്തിക്കും കുസൃതി ക്കും മടിക്കും കിട്ടിയ തല്ലിന്റെ കണക്കുകളും ചേര്‍ക്കുന്നൂ . ഓര്‍ത്തെടുക്കാന്‍ ഒത്തിരിയുണ്ട് പക്ഷെ ഇപ്പോള്‍ ഇത്ര മാത്രം ഇവിടെ പങ്കുവെക്കുന്നൂ.
കാലമാകുന്ന നദിയിലെ പരുക്കന്‍ കല്ലുകള്‍ ആയ നമ്മുടെ സ്വഭാവം ജീവിത വഴികളിലെ പല പ്രതലത്തും തട്ടി രൂപാന്തരം പ്രാപിച്ചപ്പോഴേക്കും പൊടിഞ്ഞു മണ്ണാ വാന്‍ നേരമായിരിക്കും . പണ്ട്  അച്ഛന്‍ പറഞ്ഞു പഠിപ്പിച്ച ശീലുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ ഞാന്‍ നന്നേ മാറി. പക്ഷെ സഹജീവികളുടെ വേദനയില്‍ ഞാനും പലപ്പോഴും പങ്കുചേരാറുണ്ട് . അത്തരം എന്റെ ബലഹീനതകള്‍ ചിലര്‍ മുതലെടുക്കാറും ഉണ്ട് . ഇന്ന് ശരിതെറ്റുകള്‍ വേര്‍തിരിച്ച റിയാന്‍ വലിയ വിഷമം തന്നെയാണ് എന്നതാണ് സത്യം .
പ്രതിഫലേച്ചയില്ലാതെ ഒന്നിനെയും നോക്കിക്കാണുന്ന രീതി ആര്‍ക്കും ഇല്ലാതെ ആയിരിക്കുന്നൂ . കലികാലം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയുക

2019 ജൂലൈ 13, ശനിയാഴ്‌ച

ഒരു ദിനം കൂടി

ഒരു  ദിനം കൂടി

എം.പി.എസ്സ് വീയ്യോത്ത്

അന്ന്‌ ഒരു ശനിയാഴ്ചയായിരുന്നു. രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് അന്നാണ് അവൻ ഗുഡ് ബൈ പറഞ്ഞ് പറന്നത്.
കടന്ന് പോയ ഇരുപത്തിനാല് വർഷത്തിൽ അവന്റെ കയ്യൊപ്പില്ലാത്ത ഒരേടും എന്റെ പ്രവാസജീവിതത്തിൽ ഇല്ല എന്ന് തന്നെ പറയാം.

 അന്ന് കാലത്ത് എന്റെ പിതാവിന്റെ ജന്മദിനമായതിനാൽ മനസ്സ് വല്ലാതെ സന്തോഷിച്ചിരുന്നു എങ്കിലും അവന്റെ യാത്ര എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു .ഇക്കഴിഞ്ഞ കാല ഘട്ടങ്ങളിൽ ജീവിതത്തിലെ പല ഘട്ടങ്ങളിലും നല്ലൊരു സുഹൃത്തായും ഒരു സഹോദരനായും അവൻ കൂട്ടിനുണ്ടായിരുന്നു.
അവന്റെ ജീവിതത്തിലെ ഈ പ്രധാന തീരുമാനത്തിന് എല്ലാ പ്രോത്സാഹനവും നൽകി കൂടെ നിൽക്കുമ്പോഴും ഞാൻ അറിഞ്ഞില്ല പീരീയുമ്പോൾ ഉള്ള നീറുന്ന ഈ വേദന.

ഈയടുത്ത നാളുകളിൽ ഓഫീസിൽ ആരോടൊക്കയോ കയർത്ത് സംസാരിച്ചപ്പോഴും ഉള്ളിൽ ഞാൻ തേങ്ങുകയായിരുന്നു. മനസ്സിലെ നീറ്റൽ പുറത്ത് കാണിക്കാതിരിക്കാൻ കഴിവതും മൌനം പാലിച്ച് മാറി നിൽക്കാനാണ് ഞാൻ ശ്രദ്ധച്ചത്. പുറത്ത് ചിരിച്ചും കളി പറഞ്ഞും നിന്നപ്പോഴും അവന്റെ കണ്ണകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എന്നിലെ കണ്ണുനീർ കടുത്ത വേനലിൽ വറ്റിവരണ്ടത് ഞാൻ മനസ്സിലാക്കുന്നു. പണ്ടേ മനസ്സിൽ വേദന തോന്നിയാൽ കണ്ണുകൾ നീറുന്നത് ഞാൻ അറിയാറുണ്ടായിരുന്നു.

പകലോൻ സായംസന്ധ്യയിൽ നീരാട്ട് കഴിഞ്ഞ് ഇറങ്ങി നടന്നപ്പോഴേക്കും രജനിയും വന്നണഞ്ഞു.

 അന്നൊരിക്കൽ ഇസിജി ചാർട്ടിൽ കണ്ട ഗ്രാഫ് പോലെ ഉയർന്നും താഴ്ന്നും നീങ്ങുന്ന നമ്മുടെ ജീവത വഴികളിൽ ആരൊക്കെ നമ്മേ വിട്ട് പിരിയും എന്ന് വഴിയേ അറിയാനാവും .ജീവിതമല്ലേ പലതും കണ്ടും അനുഭവിച്ചും അറിയാം. ഞാൻ പറഞ്ഞത് ശരിയല്ലേ

2019 ജൂലൈ 2, ചൊവ്വാഴ്ച

കാലവും കോലവും

കാലവും കോലവും
എം.പി.എസ്സ്.വീയ്യോത്ത്

ഇന്ന് നമ്മുടെ ചുറ്റും കണ്ടുവരുന്ന പലരുടെയും വസ്ത്രധാരണ രീതികൾ കാണുമ്പോഴാണ് പണ്ട് കാലത്ത് ഉടു തുണിക്ക് മറുതുണി ഇല്ലാതിരുന്ന ആ കാലത്തേക്കുറിച്ച് അറിയാതെ ഓർക്കുക .കാലമേ നീയേ സാക്ഷി

ഒരാൾക്ക് ഭ്രാന്ത് പിടിച്ചാൽ  വിഷമിച്ചാണേലും പിടിച്ചുകെട്ടി മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കാം പക്ഷേ ഒരു ജനതയ്ക്ക് ഭ്രാന്തിളകിയാൽ ഒരു രക്ഷയുമില്ല. ഇത് എന്തിനാണ് ഇവിടെ പറഞ്ഞത് എന്ന് ചീലർക്കെങ്കിലും തോന്നുന്നുണ്ടാവും അല്ലേ?

ഇന്ന് ഞാൻ അത്യവശ്വസാധനങ്ങൾ വാങ്ങിക്കാനായി നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി . സാധനം തിരയുന്ന എന്റെ മുന്നിൽ വന് ഒരു സ്ത്രീ കുനിഞ്ഞ് എന്തോ തിരയാൻ തുടങ്ങി . അവരുടെ വേഷം ജീൻസും ടീ ഷർട്ടും ആയിരുന്നു. അവർ കഴുത്തിൽ മുറുക്കിപ്പിടിച്ച മൊബൈലിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ച് ഇടയ്ക്കിടയ്ക്ക്പൊ ട്ടി ചിരിക്കുന്നുമുണ്ടായിരുന്നു .അതിനിടയിൽ എപ്പോഴോ അവർ നിവർന്ന് നിന്ന് വീണ്ടും കുനിഞ്ഞു .അപ്പോഴേക്ക് കറുത്ത നിറത്തിലുള്ള അടിവസ്ത്രം കൃത്യമായി പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി. അതിൽ അവർക്ക് തെല്ലും നാണമോ ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല അപ്പോഴാണ് പലപ്പോഴായി മുമ്പ് ഇവിടെ വച്ച് കണ്ട ചെറുപ്പക്കാരന്റെയും മധ്യവയ്ക്കന്റേയും അടിവസ്ത്രത്തിന്റെ നിറങ്ങൾ എനിക്ക് ഓർമ്മ വന്നത്.

 ഇക്കണക്കിന് പോയാൽ സൂപ്പർ മാനേ പോലെ പേന്റിന് മുകളിൽ വരെ അടിവസ്ത്രം ധരിച്ച് നടക്കുന്ന കാഴ്ച കൂടി കാണാൻ അവസരം ഉണ്ടാവുമായിരിക്കും. പണ്ട് മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്നതിൽ നിന്നും  മനുഷ്യൻ ഒത്തിരി മാറി. ഇന്ന് എല്ലാംതുറന്ന് കാട്ടാനും ചുംബന സമരം നടത്താനും തുടങ്ങി എന്തൊക്കെ  കാണേണ്ടി വരും ഹാ .. നോക്കാം


രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...