പ്രവാസചരിതം - ഇരുപത്തിനാല്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
അല്പസമയത്തിനകം റഫീക്കും ബാപ്പയും പ്രാർത്ഥന കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തി. ശേഷം ബാപ്പ ഒറ്റയ്ക്ക് കടയിലേക്ക് യാത്രയായി ഇനി രാത്രി പതിനൊന്ന് മണി കഴിയണം അദ്ദേഹം മുറിയിലേക്ക് തിരിച്ചെത്താൻ. അല്പസമയത്തിനകം ഓരോ ചൂട് ചായയും കുടിച്ചു് ഞാനും റഫീക്കും മുറി പൂട്ടി പുറത്തിറങ്ങി റോള പാർക്കിനരികിലൂടെ നാട്ടുവിശേഷങ്ങൾ അയവിറക്കിക്കൊണ്ട് മെല്ലെ നടന്നു. പാർക്കിന്റെ സമീപത്തെ റോഡരുകിൽ കുറേ പഠാനികളും പാക്കിസ്ഥാനികളും
"ദുബായ്- ദുബായ് ആവോ ഭായി "
എന്നും ഉച്ചത്തിൽ പറഞ്ഞു ആളുകളെ ടാക്സിയിൽ വിളിച്ചു കയറ്റുന്നുണ്ടായിരുന്നു . ഞങ്ങൾ നടന്നു നടന്ന് ഷാർജ ഗോൾഡ് സൂക്കിനോടു് ചേർന്നുള്ള പാർക്കിലെ പുൽതകിടിയിൽ ഇരുന്നു. ഇടവിട്ടു് ഞങ്ങളെ തൊട്ടുഴിഞ്ഞ് കടന്നു പോയിക്കൊണ്ടിരുന്ന മന്ദമാരുതന്റെ തണുത്ത വിരലുകളിൽ വാത്സല്യം തുളുമ്പി നിൽക്കുമ്പോന്നത് പോലെ എനിക്ക് തോന്നി.
ആ മൈതാനത്തിന്റെ ഓരോരോ പൊന്തക്കാടുകൾക്കിടയിലും കമിതാക്കളിൽ മിക്കവാറും ശ്രീലങ്ക ഇന്ത്യ തുടങ്ങിയ നാടുകളിൽ നിന്നുള്ളവരായിരുന്നൂ . അവരിൽ ഒട്ടുമിക്ക സ്ത്രീകളും അജ്മാനിലെ ഗാർമെന്റ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. ഞങ്ങളുടെ സാന്നിധ്യം ചിലരിൽ അസ്വസ്ഥതയുണർത്തിയപ്പോൾ ഞങ്ങൾ മെല്ലെ എഴുന്നേറ്റ് റഫീക്കി ന്റെ മുറിയിലേക്ക് നടന്നു, അപ്പോഴേക്ക് സമയം രാത്രി പത്തു മണിയോടടുത്തിരുന്നൂ . ഞങ്ങൾ മുറിയിൽ തിരിച്ചെത്തി അല്പസമയത്തിനകം തന്നെ റഫീക്കിന്റെ ബാപ്പയും അന്നത്തെ ജോലി കഴിഞ്ഞ് വന്ന് മുറിയിൽ തിരിച്ചെത്തി . വന്നപാടെ അദ്ദേഹം അടുക്കി വച്ച റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കെട്ടിന്റെ മേൽ ചാരി ഒന്ന് മയങ്ങി . അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു ക്ഷീണം നിഴലിച്ചത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല . മയക്കത്തിനിടയിൽ എപ്പോഴോ എഴുന്നേറ്റ് അദ്ദേഹം
" ഇന്ന് ആഹാരം ഹോട്ടലിൽ നിന്ന് ആക്കിയാൽ എന്താ ?"
എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ " ഓക്കേ , അത് മതി "
എന്ന് മറുപടി പറഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. അടുത്തുള്ള അറബിക്ക് ഹോട്ടലിലേക്ക് നടന്നു.ആ ഹോട്ടലിന്റെ പുറത്ത് ഒരു വശത്ത് ഷവർമ്മ അരിഞ്ഞിട്ടു കൊണ്ട് അറബ് വംശജനായ ഒരാൾ നിൽപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും റഫീക്കിനോട് അറബിയിൽ എന്തൊക്കയോ കുശലാന്വേഷണം നടത്തി. അതിനിടയിൽ അവൻ അദ്ദേഹത്തോട് ഒരു ഗ്രിൽ ചിക്കന് ഓർഡർ നൽകി.
കടയുടെ സമീപത്തായി ഒരു കണ്ണാടിക്കൂട്ടിൽ ആസനത്തിലൂടെ കയറിയിറങ്ങിയ കമ്പിയിൽ കിടന്ന് കറങ്ങുന്ന കോഴികളെ കണ്ടപ്പോൾ എന്റെ മനസ്സൊന്ന് നീറി . അതിന് കാരണം ഇവിടെക്കണ്ടത് ഞാൻ വിപരീതതലത്തിൽ ചിന്തിച്ചതിന്റെ പരിണിത ഫലമാണ് . ഈ കണ്ണാടിക്കൂടിൽ കിടന്നു കറങ്ങുന്ന കോഴിയുടെ സ്ഥാനത്ത് നമ്മളും നമ്മളുടെ സ്ഥാനത്ത് കോഴികളും എങ്ങനെയുണ്ട് എന്റെ ചിന്ത .ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവാത്ത ഒരാള് പോലും ഉണ്ടാവില്ല .
അല്പസമയത്തിനകം ഒരു ഗ്രിൽ ചിക്കനും കുബ്ബൂസും ഹ മ്മൂസും സലാഡും ഗാർലിക്ക് പേസ്റ്റും അടങ്ങുന്ന ഒരു സഞ്ചി ആ കടയിലെ ഒരു ജോലിക്കാരൻ ഞങ്ങളുടെ കൈകളിലേക്ക് തന്നു . ഞങ്ങൾ പണം കൊടുത്ത് അവിടെ നിന്നും ഇറങ്ങി മുറിയിലേക്ക് തിരിഞ്ഞ് നടന്നു.
മുറിയിൽ ചെന്ന് കുളി കഴിഞ്ഞ് വേഷം മാറിയ ഞങ്ങൾ മൂവരും കൂടി ആ കോഴിയേ ആർക്കും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ പിച്ചിച്ചീന്തിയപ്പോൾ അതിലെ കടന്നുപോയ ഈച്ചപോലും കരഞ്ഞുപോയി . വയറ് നിറഞ്ഞ് ഒരേമ്പക്കം വിട്ടപ്പോഴേക്കും ചെറിയ സഞ്ചിയിൽ വാരിയെടുക്കാനുള്ള എല്ലുകളേ ആ സഞ്ചിയിൽ മിച്ചം വന്നുള്ളൂ.
ആ ദിവസം അവസാനിച്ചുവെങ്കിലും നഗരത്തിലെ വീധീകളിലെ വാഹനങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും പലപ്പോഴും എനിക്ക് അരോചകമായി തോന്നി . ആ മുറിയിലെ ശീതീകരണിയുടെ മുരൾച്ചയുടെ താളം പലപ്പോഴും മാറി മാറി വന്നു .പിന്നെപ്പോഴോ റെഡിമെയ്ഡ് തുണി കെട്ടിലൊന്നിന്റെ മേൽ തലയും വച്ച് സീലിംങ്ങിൽ കറങ്ങുന്ന പങ്കയിൽ കണ്ണും നട്ട് ഞാനങ്ങനെ കിടന്നു. പിന്നെപ്പോഴോ മെല്ലെ മെല്ലെ ഉറക്കം എന്റെ കൺപീലികളെ മുറുക്കെ അടയക്കാൻ തുടങ്ങി. അങ്ങനെ എപ്പോഴോ മയക്കത്തിലേക്ക് ഞാനും വഴുതി വീണു.
എന്തോ ശബ്ദം കേട്ടാണ് ഞാൻ അന്ന് ഉറക്കമുണർന്നത് . ആ സമയം ചുമരിലെ ലിപ്ടൺ കമ്പനിയുടെ ഉപഹാരമായി ക്ളോക്കിൽ സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നൂ. അപ്പോഴേക്കും റഫീക്കും ബാപ്പയും മുറിപൂട്ടി കടയിലേക്ക് പോയിക്കഴിഞ്ഞിരുന്നൂ . അപ്പോഴാണ് മേശപ്പുറത്ത് പാത്രത്തിൽ എന്തോ അടച്ചു വച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് . ഞാൻ മെല്ലെ എഴുന്നേറ്റ് ആ പാത്രത്തിന്റെ അടപ്പ് മാറ്റി നോക്കി. രണ്ട് കഷണം പുട്ടും കടലക്കറിയുമായിരുന്നു അതിൽ .റഫീക്ക് കടയിൽ നിന്നും വാങ്ങി പാത്രത്തിൽ പകർന്ന് അടച്ചു വച്ചതായിരുന്നു അത് . ഞാൻ കെറ്റിലിൽ വെള്ളം തിളപ്പിച്ച് ഒരു സുലൈമാനി ഉണ്ടാക്കി അതോടൊപ്പം പുട്ടും കടലക്കറിയും ആസ്വദിച്ചു കഴിച്ചു.
അപ്പോഴേക്കും റഫീക്ക് കടയിൽ നിന്നും തിരച്ചെത്തി അല്പസമയത്തിനകം ഞങ്ങൾ മുറിയിൽ നിന്നും ഇറങ്ങി അന്ന് നാട്ടിലേയ്ക്ക് യാത്ര പോവുന്ന ഞങ്ങളുടെ ഒരു സുഹൃത്തിന്റെ കടയിലേക്ക് നടന്നു .എന്നെ കണ്ടതും അവൻ ദൂരേ നിന്നു തന്നെ വിളിച്ചു പറഞ്ഞു
" സത്യാ വീട്ടിലേക്കെന്തെങ്കിലും കൊടുക്കണേൽ വാങ്ങി തന്നോ " .
ഞാൻ അടുത്ത കടയിൽ കയറി രണ്ട് സാരികളും രണ്ട് ഷർട്ട് പീസുകളും മരുമകൾക്ക് കളിപ്പാട്ടവും വാങ്ങി അവന്റെ കടയിലേക്ക് നടന്നു. അപ്പോഴാണ് അവൻ ഒരു എയർ മെയിൽ കവറും ഒരു ലെറ്റർപാഡും എന്റെ നേരെ നീട്ടിക്കൊണ്ട്
"സമയം ഉണ്ടെങ്കിൽ ദാ അവിടെ വച്ച് ഒരു കത്തെഴുതിക്കോ "
എന്നും പറഞ്ഞ് മേശയുടെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി. ഞാൻ പതിവുപോലെ പ്രിയമുള്ള അച്ഛനും അമ്മയും അറിയാൻ ബാബു എഴുതുന്നത് എന്ന് തുടങ്ങി മനസ്സിൽ അപ്പോൾ തോന്നിയ ചിലത് കുത്തിക്കുറിച്ച് പാഡിൽ നിന്നും പേപ്പർ കീറിയെടുത്ത് കവറിൽ നിക്ഷേപിച്ച് ഒട്ടിച്ച് അവന്റെ കയ്യിൽ കൊടുത്തു - കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം അവനോടു് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി . പിന്നീട് റഫീക്കിന്റെ ബാപ്പയേ കണ്ട് യാത്ര പറഞ്ഞു റോള പാർക്കിനരികിൽ നിറുത്തിയിട്ട ദുബായിലേക്കുള്ള ടാക്സി ക്കരികിലേക്ക് നടന്നു . ടാക്സിയുടെ അടുത്തു വരെ വരെ റഫീക്കും എന്നെ അനുഗമിച്ചു.
അൽപ്പസമയത്തിനുള്ളിൽ തന്നെ ഞാൻ കയറിയ ടാക്സി അവിടെ നിന്നും യാത്ര തിരിച്ചു . റോള പാർക്കും അതിലെ മരത്തിന്റെ രൂപത്തിലുള്ള ശില്പവും എന്നെ കടന്ന് വേഗത്തിൽ പിന്നോടിപ്പോവുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെ കുറച്ച് സമയത്തിനകം ഞാൻ കയറിയ ടാക്സി ദുബായ് നാസർ സ്ക്വയറിലെത്തി .
ഞാൻ ടാക്സിയിൽ നിന്നും ഇറങ്ങി ദേരയിലുള്ള അബ്രയുടെ (കടത്ത്) അരികിലേക്ക് നടന്നു നീങ്ങി . വഴിയിലുള്ള ഭൂഗർഭാന്തര നടപ്പാതയിലൂടെ അബ്രയിൽ എത്തിയപ്പോൾ അവിടെ യന്ത്രവൽകൃത വഞ്ചിയുടെ ശബ്ദത്താൽ അന്തരീക്ഷം മുഖരിതമായിരുന്നു. പുറപ്പെടാൻ തയ്യാറാക്കി നിറുത്തിയ ഒരു വഞ്ചിയിൽ മറ്റുള്ളവരേപ്പോലെ ഞാനും കയറി ഇരുന്നു . ഓളങ്ങളെ മുറിച്ചു് കടന്ന ആ വഞ്ചി അങ്ങോട്ടുമിങ്ങോട്ടും മെല്ലെ ഉലയുന്നുണ്ടായിരുന്നു.
കടൽ കാക്കകൾ താണും പൊങ്ങിയും അല്പദൂരം വരെ ഞങ്ങളെ അനുഗമിച്ചു. അൽപ്പസമയത്തിനകം ഞങ്ങളുടെ വഞ്ചി കടവിലെ പടവിൽ കുത്തി നിന്നു . ആളുകൾ വരിവരിയായി കരയക്കിറങ്ങി കൂട്ടത്തിൽ ഞാനും . പിന്നെ നേരെ ബർദുബായ് ബസ്സ് സ്റ്റാന്റിലേക്കായി നീട്ടി വലിച്ചൊരു നടത്തം . വrഴിയിൽ കണ്ട ബാങ്കിന്റെ പേര് ഞാൻ മനസ്സിൽ വായിച്ചു ബാങ്ക് ഓഫ് ബറോഡ .
പണ്ട് കാലത്ത് ഈ രാജ്യത്ത് ഇന്ത്യൻ കരൻസിയായിരുന്നു വാണിജ്യാവശ്യത്തിന് ഉപയോഗിച്ചതെന്ന് പഴയ ചില ആളുകൾ പറഞ്ഞു കേട്ടിരുന്നൂ . അതുപോലെ ഇവിടെയുള്ള അമ്പലങ്ങളും പള്ളികളും തമ്മിലുള്ള അകലവും മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള ദൂരവും ഒത്തരി കുറവാണ് . അതോടൊപ്പം തന്നെ അമ്പലത്തിൽ നിന്നും കിട്ടുന്ന പ്രസാദം വാങ്ങിക്കഴിച്ചു് വിശപ്പടക്കുന്ന ജോലിയന്വേഷകർ ഒത്തിരിയാണ് . ഇവിടെ കഫ്റ്റേറിയയും ഗ്രോസറിയും നടത്തുന്നവർ മലയാളകളാണ് എന്നത് പരമാർത്ഥം .
ബസ്സ് സ്റ്റാന്റിൽ നിന്നും ആദ്യം പുറപ്പെട്ട ഒരു ബസിൽ കയറി ഞാനും അങ്ങനെ അബുദാബിക്ക് യാത്ര തിരിച്ചു. അബൂദാബി യിൽ എത്തി അവിടെ നിന്നും റുവൈസിൽ എത്തുമ്പോഴേക്കും ഇനി രാത്രിയായിട്ടുണ്ടാവും .
തുടരും
പ്രവാസചരിതം - ഇരുപത്തിയഞ്ച്
പ്രവാസജീവിതം
ദുബായിയിൽ നിന്ന് അബുദാബി ബസ്സ് സ്റ്റാൻഡിലേക്ക് ഏകദേശം രണ്ട് മണിക്കൂർ കൊണ്ടാണ് ഞങ്ങളുടെ ബസ്സ് എത്തിച്ചേർന്നത് . ബസ്സിൽ നിന്നും ഇറങ്ങി റുവൈസിലേക്കുള്ള ബസ്സിനായി വീണ്ടും കുറേ നേരം കാത്തു നിൽക്കണ്ടതായി വന്നു. പിന്നെപ്പോഴോ ബസ്സ് ബേയിൽ വന്ന് നിന്നപ്പോൾ ഞാനും മറ്റുള്ളവരെപ്പോലെ അതിലേറിയിരുന്നു. യാത്രാ ക്ഷീണത്താലാണോ എന്നറിയില്ല കഠിനമായ തലവേദനയാൽ ഞാൻ ശരിക്കും വിഷമിച്ചു .വഴിയിൽ ആളുകൾക്ക് ഭക്ഷണം കഴിക്കാനായി താരിഫ് എന്ന സ്ഥലത്തെ പാർക്കിങ്ങിൽ ബസ്സ് ചെന്ന് നിന്നു. ഞാനും മറ്റുള്ളവരോടൊപ്പം ബസ്സിൽ നിന്നും ഇറങ്ങി അവിടെ അടുത്തുള്ള പാക്കിസ്ഥാനി ഹോട്ടലിൽ കയറി .
ആളുകൾ കോഴിയും മാടും പച്ചക്കറിയും പരിപ്പും ചൂടുള്ള പാക്കിസ്ഥാനി റൊട്ടിയും ആസ്വദിച്ചു കഴിക്കുന്നതും നോക്കി ഒരു കട്ടൻ ചായയും ചൂടാറ്റി കുടിച്ചു കൊണ്ട് അങ്ങനെ നിന്നു . അവിടെനിന്നും ആളുകൾ കയറിക്കഴിഞ്ഞപ്പോൾ ബസ് അതിന്റെ പ്രയാണം തുടർന്നു. .ചുറ്റും കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണൽപരപ്പുകൾ നിറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നൂ . രാത്രിയിലെ വല്ലാത്ത ഹ്യൂമിഡിറ്റിയാൽ ജാലകച്ചില്ലുകൾ മങ്ങിയത് അന്തരീക്ഷത്തിലെ ചൂടിനെ സൂചിപ്പിച്ചു . റുവൈസ് അൽ മരിയ ബസ് സ്റ്റാന്റിൽ ഞാൻ ബസ്സ് ഇറങ്ങി . എങ്ങനെ വഴി തെറ്റിയാലും ഞങ്ങളുടെ കമ്പനിയുടെ ക്യാംബ് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ് .മറ്റു കമ്പനികളുടെ ക്യാമ്പിന്റെ നിറം വെള്ള യോ ക്രീമോ നിറത്തിലായിരുന്നു എങ്കിൽ ഞങ്ങളുടെ ക്യാമ്പിന്റെ നിറം ചുവപ്പിൽ കലർന്ന മഞ്ഞ യായിരുന്നു. മുറിയിൽ എ ത്തിയതും ഞാൻ തണുത്ത വെള്ളത്തിൽ കുളിച്ച് വേഗം കയറി കിടന്നു.
അടുത്ത ദിവസം മുതൽ ഞാൻ പതിവുപോലെ ജോലിയിലേക്ക് കടന്നു. ഉച്ചഭക്ഷണ സമയമായപ്പോൾ മെസ്സിൽ പോയി ദക്ഷണം കഴിക്കാനാരംഭിച്ചപ്പോഴാണ് ഒരു ജോലിക്കാരൻ അങ്ങോട്ട് വന്ന്
എന്ന് പറഞ്ഞത്. ഞാൻ ഭക്ഷണം കഴിക്കുന്നത് പാതിയിൽ നിറുത്തി എഴുന്നേറ്റു പോയി. ഫോൺ സംഭാഷണം അവസാനിപ്പിച്ച് തിരിച്ച് മെസ്സിൽ എത്തിയപ്പോഴേക്കും ഞാൻ ആഹാരം കഴിച്ചുകൊണ്ടിരുന്ന പാത്രം അവിടെയെങ്ങും കണ്ടില്ല. അങ്ങനെ ഉച്ചസമയത്തെ ഒരു ഫോൺ വിളി എന്നെ ഭാഗികമായി പട്ടിണിയിലാക്കി എന്ന് പറയാം . പിന്നെ കുറച്ച് തണുത്ത വെള്ളവും കുടിച്ച് വീണ്ടും ഓഫീസിലേക്ക് മടങ്ങിയ ഞാൻ ആ ജോലി തുടർന്നു . അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞ വാചകം മനസ്സിലൂടെ മിന്നി മാഞ്ഞത്. അത് ഇങ്ങനെ ആയിരുന്നൂ
" സത്യാ ഭക്ഷണം കഴിക്കുമ്പോൾ ദേവേന്ദ്രൻ വന്നൂ വിളിച്ചാലും എഴുന്നേൽക്കരുത്".
ആ സന്ദർഭം ഓർത്ത് ചുണ്ടിൽ ചിരി പടർന്നത് ഞാൻ പോലുമറിഞ്ഞില്ല. സന്ധ്യയോടെ അന്നത്തെ ജോലി അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോഴാണ് മനസ്സിൽ ഒരാശ ഉദിച്ചത് . ആ ആശ എന്താന്നല്ലേ സോസേജ് ഫ്രൈ കഴിക്കണം . പിന്നീട് മറ്റൊന്നും ഓർത്തില്ല നേരെ കടയിൽ പോയി ഒരു പോക്കറ്റ് സോസേജ് വാങ്ങി ഞങ്ങളുടെ കുക്കായ അഹമ്മദ്ക്കയേ കണ്ട് നേരിട്ടേൽപ്പിച്ചു . അങ്ങനെ അത്താഴത്തിന് ഞാനും അഹമ്മദ്ക്കയും മറ്റും ചേർന്ന് കുബ്ബൂസും കൂട്ടി അഹമ്മദ്ക്കയുടെ മുറിയിൽ വച്ച് അതാസ്വദിച്ച് കഴിച്ചു . അത്താഴവും കഴിഞ്ഞു ആ മുറിയിൽ നിന്നും പുറത്തിറങ്ങി എന്റെ മുറിയിലേക്ക് നടക്കവേയാണ് വഴിയിലെ ഒരു കാബിനിൽ ചാരി ആടിയാടി നിൽക്കുന്ന എന്റെ സഹപ്രവർത്തകനെ കണ്ടത് . എന്നെ കണ്ടതും മദ്യത്തിന്റെ ലഹരിയിൽ എന്റെ നേരെ തലതിരിച്ചു് , എന്തോ അവ്യക്തമായ ഭാഷയിൽ ചോദിച്ചപ്പോൾ അത് തന്നെ ഒന്നു മുറിയിലേക്ക് കൊണ്ട് ചെന്ന് ആക്കാമോ എന്ന് ഞാൻ വായിച്ചെടുത്തു . പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ അയാളെ താങ്ങി അയാളുടെ മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി.മുറി വിട്ട് പുറത്തിറങ്ങിയപ്പോഴാണ് അയാളുടെ ഈ അവസ്ഥയുടെ പിന്നാമ്പുറ ക്കഥകൾ എനിക്ക് മനസിലായത്.
ഞങ്ങളുടെ കമ്പനിയിലെ ഒരു എഞ്ചിനിയർ ആയിരുന്നു ശ്രീനിവാസ് എന്ന തമിഴ്‌നാട് കാരൻ . അദ്ദേഹത്തിന് ആഹാരത്തിന് മുമ്പ് ഒരു ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം മദ്യം നിറച്ച് വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കുടിക്കുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ സുഹൃത്ത് അദ്ദേഹത്തിന്റെ മുറിയിൽ പോയപ്പോൾ ഈ കാഴ്ച കണ്ടു . എന്നാൽ ഒന്ന് പരീക്ഷിച്ചുനോക്കാം എന്ന് ഒരാശ നമ്മുടെ സുഹൃത്തിന് തോന്നി. ആ പരീക്ഷണത്തിന്റെ ബാക്കിയാണ് ഞാൻ താങ്ങിക്കൊണ്ടുപോയി മുറിയിൽ കിടത്തിയത് .
ഞാൻ വെറുതെ കുറച്ചു സമയം ടീവിയിൽ എം ടി വി ചാനലിൽ പാട്ടുകൾ കണ്ടാസ്വദിച്ചങ്ങനെ ഇരുന്നു. അന്ന് മനസ്സിൽ കയറിക്കൂടിയ ചിലരാണ് നസ്‌റുത്ത് ഫത്തേ അലിക്കാനും , അലിഷാ ചിനോയ് തുടങ്ങിയവർ. പിന്നീട് മുറിയിലേക്ക് നടന്ന് കട്ടിലിലെ കമ്പിളി പുതപ്പിനടി'യിലേക്ക് ഉളിയിട്ടു .മനസ്സിലൂടെ പല പല ചിന്തകളും ഓടി മറഞ്ഞു കൊണ്ടിരുന്നു അതിനിടയിൽ പലപ്പോഴും നാട്ടിലെ ഇടവഴികളും വീട്ടിലെ അവസ്ഥയും ചിന്തയിൽ കടന്നു വന്നുകൊണ്ടേയിരുന്നൂ . പണ്ട് ഒരു നാൾ അച്ഛനെ വിളിക്കാനായി വീട്ടിൽ നിന്നും ഇറങ്ങി ഇടവഴിയിലൂടെ കയ്യിലെ എവറഡി ടോർച്ചിന്റെ വെളിച്ചത്തിൽ നടന്നപ്പോൾ . ഞങ്ങളുടെ അയൽക്കാരനായ രാമേട്ടൻ മദ്യപിച്ച് മദോന്മത്തനായി ആ വഴി ചെരിച്ചളന്ന് വരുന്നത് എന്ന് ശ്രദ്ധയിൽ പതിഞ്ഞതും ഞാൻ അയാളുടെ അടുത്ത് ചെന്ന് ടോർച്ച് വിറപ്പിച്ചിടിച്ച് നടന്നതും അതിന് മറുപടിയായി
എന്ന് തുടങ്ങുന്ന കീർത്തനം അയാൾ എന്നെ നോക്കി ചെല്ലിയതും ഓർമ്മയിൽ തെളിഞ്ഞു വന്നു. പിന്നീടെപ്പോഴോ ഞാനും ഏസിയുടെ മുഴക്കത്തിലും മുറിയിലെ തണുപ്പിലും ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ലയിച്ചു .
അടുത്ത ദിവസം കുളി കഴിഞ്ഞ് മെസ്സലേക്ക് നടന്നപ്പോഴാണ് ഒരാൾ ക്യാമ്പ് ഓഫീസിന്റെ മുന്നിൽ നിർന്നിമേഷനായി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് .ഞാൻ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു ,ഞാനയാളോട് കാര്യങ്ങൾ വിവരമാരാഞ്ഞു . വിതുമ്പുന്ന ചുണ്ടുകളോടെ ഹിന്ദിയിൽ അയാൾ എന്നോടു് സംഭവം വിവരിച്ചു തുടങ്ങി. അത് ഇപ്രകാരം ആയിരുന്നൂ .
അയാൾ തനിക്കു കിട്ടുന്ന മാസ ശമ്പളത്തിൽ ഒരു ഭാഗം സ്വരുക്കൂട്ടി അടുത്ത മാസം നാട്ടിൽ പോവുമ്പോൾ സർപ്രൈസായി ഭാര്യയക്ക് സമ്മാനിക്കാനായി ഒരു സ്വർണ്ണ നെക്ലയീസ് വാങ്ങിയിരുന്നൂ . തലേദിവസം (വ്യാഴാഴ്ചാ ) അയാളെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി അടുത്തുള്ള ക്യാമ്പുകളിൽ നിന്നും വന്ന ചില സുഹൃത്തുക്കളുമായി സംസാരവും അതോടൊപ്പം തന്നെ മദ്യപാനവും അവിടെ നടന്നു. അതിനിടയിൽ എപ്പോഴോ അയാൾ താൻ വാങ്ങിയ സ്വർണ്ണമാല അവർക്ക് അഭിപ്രായത്തിനായി കൈമാറി . രാത്രി വളരെ വൈകി സുഹൃത്തുക്കൾ അവിടെ നിന്നും പിരിഞ്ഞുപോയി .അയാളും മദ്യത്തിന്റെ ലഹരിയിൽ അതു കഴിഞ്ഞ് എപ്പോഴോ ബോധം കെട്ട് കിടന്നുറങ്ങീ.
രാവിലെ ഏതോ സ്വപ്നത്തിലെന്നവണ്ണം ഞെട്ടി ഉണർന്ന് സൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ മാലയുടെ പെട്ടി കാലിയാക്കി കിടക്കുന്നു. അയാൾ ശരിക്കും ഒന്ന് ഞെട്ടി പിന്നെ മുറി മുഴുവൻ പരിശോധിച്ചു നിരാശ തന്നെ ഫലം .ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ആ കവിളിലൂടെ കണ്ണനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഞാനയാളെയും കൂട്ടി ശ്രീനി സാറിന്റെ അരികിൽ കൊണ്ട് ചെന്നാക്കിയശേഷം . നാട്ടിലേക്ക് വിളിക്കാനായി ടെലിഫോൺ ബൂത്ത് ലക്ഷ്യമാക്കി നടന്നു. എന്നെപ്പോലെ ഉള്ള ഗൾഫ് കാരുടെ പണ്ടുകാലത്തെ പതിവ് ശീലമാ വെള്ളിയാഴ്ചയുള്ള ബൂത്തിൽ നിന്നുള്ള ഫോൺ വിളി.
പ്രവാസചരിതം - ഇരുപത്തിയാറ്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ആധുനിക വാർത്താവിനിമയസൗകര്യങ്ങളുടെ സഹായത്താൽ ലോകത്തിൽ അല്പമെങ്കിലും അന്യം നിന്നുപോയ ഒരു കലാരൂപമായി ടെലിഫോൺ ബൂത്തുകൾ മാറിപ്പോയിരിക്കുന്നൂ . ബൂത്തിൽ നിന്നും കാളിങ് കാർഡ് ഉപയോഗിച്ചുള്ള ആ ഫോൺ വിളി ഇന്നൊരു ഓർമ്മകൾ ആയിത്തീർന്നിരിക്കുന്നൂ . അന്ന് അയൽവീട്ടിലെ ഫോണിലേക്ക് വിളിച്ചു അവരോട് .
"ദേവിയേച്ചീ ഞാനാ മാഷിൻറെ ബാബുആണ് , ഒന്ന് അച്ഛനേ വിളിച്ചു തരുമോ?"
എന്ന് ചോദിക്കുന്നൂ .അതിനു മറുപടിയായി
"ശരി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചോ അപ്പോഴേക്കും അവരെ വിളിച്ചു കൊണ്ടു വരാം എന്നാൽ ഞാൻ ഫോൺ വെക്കുയാണേ"
എന്നും പറഞ്ഞ് അവർ ഫോൺ വയ്‌ക്കുന്നൂ . അതു കഴിഞ്ഞുള്ള പത്തു മിനിറ്റ് സമയം കടന്നുപോകാൻ വല്ലാത്ത പ്രയാസം ഞാൻ നേരിട്ടിരുന്നൂ . അപ്പോഴൊക്കെ ഒന്നുകൂടി വിളിച്ചാലോ എന്ന് പലതവണ മനസ്സ് അക്ഷമയോടെ കുത്തിനോവിച്ചുകൊണ്ടിരുക്കും. അങ്ങനെ ഒരു തവണ വിളിച്ചപ്പോൾ അവർ നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നറിഞ്ഞു ക്ഷമ ചോദിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തപ്പോൾ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. കുറച്ച് സമയം കഴിഞ്ഞ് ഞാൻ ഒന്നുകൂടി വിളിച്ചു അങ്ങേ തലക്കൽ അധികം താമസിക്കാതെ തന്നെ ആരോ ഫോണെടുത്തു ശ്വാസഗതിയും ശബ്ദവും കേട്ട് ആളെ എനിക്ക് വേഗം മനസ്സിലായി അച്ഛനായിരുന്നു അത് .സംസാരത്തിനിടയിൽ എപ്പോഴോ അദ്ദേഹം എന്റെ കല്യാണക്കാര്യത്തെക്കുറിച്ചു അഭിപ്രായം ആരാഞ്ഞു . അതിനോടൊപ്പം ഒരു ചോദ്യവും
"നിന്റെ മനസ്സിൽ ഏതെങ്കിലും പെൺകുട്ടിയുണ്ടോ , പ്രണയമോ മറ്റോ ?"
ആ ചോദ്യത്തിനു മുന്നിൽ ഞാൻ ആദ്യമൊന്ന് പതറിയോ? ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും
"ഉണ്ട് "
എന്ന് മറുപടിയും പുറത്തേക്ക് വന്നു.
"എന്നാൽ നീ അമ്മയുമായി സംസാരിച്ചോ "
എന്നും പറഞ്ഞ് അദ്ദേഹം ഫോൺ അമ്മയ്ക്ക് കൈമാറി .അമ്മ എന്നോടു് ചിരിച്ചു കൊണ്ട് ചോദിച്ചു
"ആരാ കക്ഷി നീ പറയാറുള്ള റീജയാണോ?"
ഞാൻ ആ ചോദ്യത്തിന്
" അതേ"
എന്ന് മറുപടി നൽകി .അതിന് മറുപടിയെന്നോണം അമ്മ എന്നോട്
''അവളുടെ കല്യാണം കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞു പത്രത്തിൽ ഫോട്ടോ ഉണ്ടായിരുന്നു , അതിരിക്കട്ടെ നീ നിന്റെ ഇഷ്ടം എന്നെങ്കിലും അവളോട് തുറന്ന് പറഞ്ഞിട്ടുണ്ടോ "
എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് വല്ലാതെ നീറി . അമ്മയുടെ ആ ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു .
എന്നൊക്കെ അവളോട് പ്രണയാഭ്യർത്ഥന നടത്താൻ ശ്രമിച്ചുവോ അന്നൊക്കെ മനസ്സിന്റെ ധൈര്യം ചേർന്നു പോവുന്നത് ഞാൻ അറിഞ്ഞിരുന്നൂ . പിന്നെ എന്റെ പരിചയക്കാരിയായ ഒരുവളെ ഹംസമാക്കി അവളുടെ അടുത്തേക്ക് അയച്ചു അത് വലിയ അബദ്ധവുമായി മാറി . ഇതിന്റെ പേരും പറഞ്ഞ് എന്നെയും അവൾ കുറേ കുരങ്ങ് കളിപ്പിച്ചു. എന്നാലും അവളുടെ മുഖം മനസ്സിൽ നിന്നും മായാതെ അങ്ങനെ നിന്നു. അമ്മ ചോദ്യം വീണ്ടുമാവർത്തിച്ചുകൊണ്ടേയിരുന്നൂ . ഒടുക്കം മറുപടിയായി
"ഇല്ലമ്മേ ,സാരമില്ല നിങ്ങൾ ആലോചനകളുമായി മുന്നോട്ട് പോയ്ക്കോളൂ എനിക്ക് മൂന്ന് നിബന്ധനയേ ഉള്ളൂ പെൺകുട്ടിക്ക് ജോലി വേണ്ട, പ്രീഡിഗ്രി വരെയെങ്കിലും വിദ്യാഭ്യാസം വേണം അതുപോലെ മിഡിൽ ക്ലാസിൽ നിന്നുമായിരിക്കണം"
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ അമ്മ
"എന്നാൽ ഞങ്ങൾ ഒന്നു് അന്വേഷിച്ച് നോക്കട്ടെ"
എന്നും പറഞ്ഞ് ഫോൺ വച്ചു. ആ ഫോൺ സംഭാഷണം അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോൾ ഒരു നഷ്ടബോധം എന്നെ വല്ലാതെ കീഴടക്കിയത് ഞാൻ അറിയുന്നുണ്ടായിരുന്നൂ . ആ വേദനയിൽ മനസ്സ് പ്രക്ഷുബ്ധമായത് ഞാൻ അറിയുന്നൂ . അങ്ങനെ ആരോടും ഒന്നും മിണ്ടാതെ ഞാൻ മുറിയിലെ കട്ടിലിൽ കിടന്ന് ഓരോന്നോലോചിച്ചു് കിടന്നു.
ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നൂ അതിനിടയിൽ ഒരു വെള്ളിയാഴ്ച നാട്ടിലേക്ക് വിളിച്ചപ്പോൾ പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ അച്ഛൻ ഒന്ന് രണ്ട് എനിക്ക് നേരിട്ടറിയുന്ന പെൺകുട്ടികളേക്കുറിച്ചു അഭിപ്രായമാരാഞ്ഞു . എനിക്ക് അവരെക്കുറിച്ചു് പ്രത്യേകിച്ചൊരഭിപ്രായം അവിടെ ഇല്ലാതിരുന്നതിനാൽ ബാക്കിയെല്ലാം അച്ഛനേൽപിച്ച് ഫോൺ വിളി അന്നേക്ക് അവസാനിപ്പിച്ചു.
അടുത്ത ദിവസം നാട്ടിൽ നിന്നും കമ്പനിയിലെ നമ്പറിൽ അച്ഛൻ വിളിച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ അടുത്ത ദിവസം ഷാർജയിലേക്ക് വരുന്ന എന്റെ ഒരു സുഹൃത്ത് വശം കൊടുത്തയക്കുന്നുണ്ട് എന്ന് പറഞ്ഞറിയിച്ചു .
പിന്നീടുള്ള ദിവസങ്ങൾ നീങ്ങാൻ വളരെ സമയമെടുത്തത് പോലെ എനിക്ക് തോന്നി.
അടുത്ത വ്യാഴാഴ്ച വൈകീട്ട് ഓഫീസിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങി ഞാൻ റുവൈസിൽ നിന്നും ഷാർജയിലേക്ക് യാത്രയായി .
തുടരും
പ്രവാസചരിതം - ഇരുപത്തിയേഴ്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
രാത്രിയുടെ കരിമ്പടത്തിന് വിള്ളലുണ്ടാക്കിക്കൊണ്ട് തെരുവിളക്കുകളും മറ്റും വഴിയോരങ്ങളിൽ പ്രഭപരത്തി. അപ്പോഴാണ് എന്റെ ഓർമ്മകളിൽ നാട്ടിലെ ഇരുളടഞ്ഞ നഗരപാതകളെക്കുറിച്ചു ഓർമ്മിപ്പിച്ചത് . ചിലപ്പോഴൊക്കെ ഇരുളിലെ കത്താത്ത തെരുവിളക്കിന്റെ മറവിൽ ഉയരുന്ന കുറുക്കന്റെ ഓരിയിടലും നായ്ക്കളുടെ കുരകളും ചീവീടുകളുടെ ശീൽക്കാര ശബ്ദങ്ങളും ചേരുമ്പോൾ തന്നെ ഒരു ഹൊറർ ചിത്രത്തിൻറെ പ്രതീതി ജനിപ്പിക്കുന്നൂ . ചിലപ്പോഴൊക്കെ നാട്ടിലെ തെരുവിൽ കൂടി പകൽ സവാരിക്കിറങ്ങുന്ന എന്റെ മുമ്പിൽ എന്തൊക്കെ കാഴ്ചകൾ പലരും കാട്ടിത്തന്നിരിക്കുന്നൂ . ആ രാത്രിയുടെ മറവിൽ രതി നിവർത്തിക്കുള്ള ചിലരുടെ പേക്കൂത്തുകളുടെ കാഴ്ചകൾ പലപ്പോഴും ഞങ്ങളുടെ പ്രഭാതസവാരിക്ക് ഊർജ്ജം പകരാറുണ്ട് . ഇന്നത്തെ നഗരത്തിലെ രാഷ്‌ടീയകൊലപാതകങ്ങളും മറ്റും ഓർക്കുമ്പോൾ പലപ്പോഴും നടക്കാൻ ഒന്ന് ഭയക്കും .
അതിനിടയിൽ ഞാൻ ഷാർജയിൽ ചെന്നെത്തി . റഫീക്കിന്റെ കടയിൽ ചെന്ന് അവനെയും കൂട്ടി ലത്തീഫിന്റെ കടയിൽ ചെന്നു കയറി .അന്ന് വ്യാഴാഴ്ചയായതിനാൽ അവൻ നല്ല തിരക്കിലായിരുന്നു. എന്നെ കണ്ട മാത്രയിൽ അവൻ കൈ പൊക്കി
" രണ്ടാൾക്കും സലാമാലേക്കും ."
എന്ന് പറഞ്ഞു , അതിനു മറുപടിയെന്നോണം റഞങ്ങൾ തിരിച്ചു സലാം കൊടുത്തു . പിന്നീട് എന്റെ നേരെ നോക്കി
ഞങ്ങൾ കടയ്ക്ക് പുറത്ത് കണ്ട കസേരകളിൽ ചെന്ന് ഒന്ന് അനങ്ങിയിരുന്നു. അതിനിടയിൽ അവൻ രണ്ട് പ്ലേറ്റ് ഷവർമ്മയും പെപ്സിയുമായി വന്ന് അത് ഞങ്ങളടെ നേരെ നീട്ടി. ഞങ്ങൾ അത് വാങ്ങി ആസ്വദിച്ചു് കഴിക്കാൻ തുടങ്ങി . അപ്പോഴേക്കും അവൻ തന്റെ ജോലിയിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു. ഷവർമ്മയുടെ മാംസപിണ്ഡത്തിന്റെ പിറകിലെ ചുട്ടുപഴുത്ത അടുപ്പിന്റെ ചൂടിലും അവൻ നിന്ന് വിയർക്കുകയാണെന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ നോവച്ചു .ആ കഷ്ടപ്പാടിലും എങ്ങനെയാണ് അവന് ചിരിക്കാൻ കഴിയുന്നതെന്ന് ഞാൻ സ്വയം ചോദിച്ചു.
പെട്ടെന്നെന്തോ ഓർത്തപോലെ ലത്തീഫ് കടയിൽ നിന്നും ഇറങ്ങി എങ്ങോട്ടേക്കോ നടന്നു പോയി തിരിച്ചു വന്നു അപ്പോൾ അവന്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു പ്ലാസ്റ്റിക് സഞ്ചി ഉണ്ടായിരുന്നൂ . അതുവരെ ചുരുട്ടിപ്പിടിച്ച സഞ്ചി തുറന്ന് അതിൽ നിന്നും കനം കൂടിയ ഒരു എയർ മെയിൽ കവർ എന്റെ നേരെ നീട്ടി. പിന്നീട് ആ സഞ്ചിയും എന്റെ കയ്യിൽ ഏൽപ്പിച്ചു . സഞ്ചിയിൽ നാട്ടിലെ പ്രശസ്തമായ ഒരു തുണിക്കടയുടെ വർണ്ണചിത്രത്തോടെയുള്ള പരസ്യമാണ് ഉണ്ടായിരുന്നത്. അവൻ എന്നെ സൂക്ഷിച്ച് നോക്കികൊണ്ടു കവർ തുറന്ന് നോക്കാൻ ആവശ്യ പ്പെട്ടു , അത് പ്രകാരം ഞാൻ ആ എയർ മെയിൽ സൂക്ഷിച്ചു തുറന്നു. അതിൽ ഒരു കത്തും ഒപ്പം രണ്ടു മൂന്ന് വർണ്ണചിത്രങ്ങളും ഉണ്ടായിരുന്നു . ഞാൻ ആ ഫോട്ടോയീൽ ശരിക്ക്ഒന്ന് നോക്കുമ്പോഴേക്ക് ലത്തീഫ് അത് കയ്യിൽ നിന്നും തട്ടിപ്പറിച്ച് നോക്കി . പിന്നീട് എന്നെ നോക്കി
"ഇത് മഠത്തിലെ ചന്ദ്രന്റെ മകൾ രോഷ്നിയല്ലേ, ഒന്നും ആലോചീക്കണ്ട മോനേ നിനക്ക് അവൾ ചേരും "
എന്ന് പറഞ്ഞപ്പോൾ; സത്യം പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടു പോയി . കാണാൻ മെലിഞ്ഞു ഇരുനിറം ഉയരവുമുണ്ട് പാവാടയും ബ്ലൗസും ആണ് വേഷം . എല്ലാം കൊണ്ടും എനിക്ക് ബോധ്യപ്പെട്ടു . ലത്തീഫിന്റെ നാട്ടുകാരിയായതിനാൽ അവളുടെ അച്ഛനെക്കുറിച്ചു് അവൻ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു . അതിനിടയിൽ കത്തിലൂടെ ഞാൻ കണ്ണോടിച്ചു .ലത്തീഫ് പറഞ്ഞ പേരും മറ്റു വിവരങ്ങളും കിറുകൃത്യം .
അൽപ്പസമയത്തിനകം ഞാനും റഫിക്കും അവിടെ നിന്നും ഇറങ്ങാനായി ലത്തീഫിനരികിലേക്കു നടന്നു . അപ്പോൾ അവൻ
" പിന്നെ നിനക്കൊരാളെ പരിചയപ്പെടുത്തിത്തരാം "
എന്നും പറഞ്ഞ് അവനും കൂടെക്കൂടി . ഞങ്ങൾ അടുത്തുള്ള തുണിക്കടയിൽ ചെന്ന് കയറി . അതൊരു സിന്ദിയുടെ കടയായിരുന്നൂ . ആ കടയിൽ ജോലിചെയ്യുന്ന രതീശൻ എന്ന ആളെ ലത്തീഫ് എനിക്ക് പരിചയപ്പെടുത്തി തന്നു . പറഞ്ഞു വന്നപ്പോൾ അദ്ദേഹം എന്റെ കസിൻ മധുവേട്ടന്റെ സുഹൃത്തായിരുന്നൂ . പിന്നീട് ലത്തീഫിനോടും റഫീക്കിനോടും യാത്രപറഞ്ഞു ജമാൽ അബ്ദുൽ നാസ്സർ സ്ട്രീറ്റിലെ മധുവേട്ടന്റെ ഫ്ലാറ്റിലേക്ക് യാത്രതിരിച്ചു .
അടുത്ത ദിവസം ഉച്ചയോടെ മധുവേട്ടനോട് യാത്രപറഞ്ഞു ഷാർജയിൽ നിന്നും റുവൈസിലേക്ക് മടങ്ങി .രാത്രിയോടെ റുവൈസിലെ മുറിയിൽ ചെന്നെത്തിയ ഞാൻ വാതിൽ ഭദ്രമാക്കി കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോട്ടോകളിലൂടെ കണ്ണോടിച്ചു . ഉറക്കം കൺപീലികൾ തലോടി കൊണ്ടിരുന്നപ്പോൾ കമ്പിളി പ്പിലേക്കു ഞാൻ ഊളിയിട്ടു .
അടുത്ത ദിവസം വീട്ടിൽ വിളിച്ചപ്പോഴാണ് എന്റെ കുറിച്ച് ഫോട്ടോ അവർക്കു വേണം എന്ന് അച്ഛൻ അറിയിച്ചത് . അത് പ്രകാരം ഞാൻ കമ്പനി കാമറ സംഘടിപ്പിച്ചു് ക്യാമ്പിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒരു റോൾ ഫിലിമിൽ ഫോട്ടോ എടുത്ത് ആൽബമാക്കി എന്റെ സുഹൃത്ത് വശം നാട്ടിൽ എത്തിച്ചത് . അത് കഴിഞ്ഞു ഒരു നാൾ എന്റെ സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞതേ പെൺകുട്ടിയുടെ അച്ഛൻ എന്നെപ്പറ്റി തീർക്കാൻ അവന്റെ അടുത്തു പോയിരുന്നൂ എന്ന് . കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരിക്കൽ അച്ഛൻ ഫോൺ വിളിച്ചു
" പെൺകുട്ടിയുടെ അച്ഛൻ ഗൾഫിൽ ആണ് ജോലിചെയ്യുന്നത് അദ്ദേഹത്തിന് നിന്നെ കാണണം എന്ന് അറിയിച്ചിട്ടുണ്ട് ഏതാണ് അദ്ദേഹത്തിന്റെ ടെലിഫോൺ നമ്പർ , "
എന്ന് പറഞ്ഞു ഒരു ടെലിഫോൺ നമ്പറും തന്നു , അങ്ങനെ അടുത്ത ഒരു വ്യാഴാഴ്ച വൈകീട്ട് ഞാൻ ദുബായിലേക്ക് യാത്ര തിരിച്ചു . ബർദുബൈയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ കുറച്ചു സമയം കഴിച്ചുകൂട്ടിയപ്പോൾ ആണ് അറിയുന്നത് പെൺകുട്ടിയുടെ അച്ഛൻ ബര്ദുബായി അസ്റ്റോറിയ ഹോട്ടലിന്റെ മുന്നിൽ എന്നെ കാത്തു നിൽക്കുന്നു എന്നത് . ഞാൻ വേഗം അവിടെ നിന്നും അങ്ങോട്ട് നടന്നു . അവിടെ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടി , കുറച്ചു സമയം ഞങ്ങൾ അവിടെ കസ്‌ഹിച്ചുകൂട്ടിയ ശേഷം അദ്ദേഹം അവിടെ നിന്നും മടങ്ങി . ഞാൻ എന്റെ സുഹൃത്തിന്റെ വിലയിലേക്കു മടങ്ങി . ചെറുക്കൻ കാണൽ ചടങ്ങു് എന്നും പറഞ്ഞു അവർ അവിടെ എനിക്കായി നെയ്‌ച്ചോറ് ഇറച്ചിക്കറിയും അപ്പോഴേക്കും ഒരുക്കിയിരുന്നൂ .
വെള്ളിയാഴ്ചയോടെ ദുബൈയിൽ നിന്നും റുവൈസിലേക്കു ഞാൻ യാത്ര തിരിച്ചു . ദിവസങ്ങളും മാസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നൂ , അതിനിടയിൽ നാട്ടിൽ എന്റെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിൽ തകൃതിയായി നടന്നുവരികയായിരുന്നൂ .
അതിനിടയിൽ വീണു കിട്ടിയ അവധിക്കായി ആദ്യമായി ജൂൺ 22ന് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു . എയർപ്പോർട്ടിൽ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവാൻ അച്ഛനും സഹോദരീ ഭർത്താവും അച്ഛന്റെ സുഹൃത്തും ഒരു ജീപ്പുമായി കാത്തു നിൽപ്പുണ്ടായിരുന്നു.
അങ്ങനെ അവരോടൊപ്പം ഒരു മഹീന്ദ്ര ജീപ്പിൽ ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പൊടിയരിക്കഞ്ഞിയും തേങ്ങ ചുട്ട ചമ്മന്തിയും കഴിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഒരു സുഖം അത് ഒന്ന് വേറെ തന്നെയായിരുന്നു. പിന്നെ അധികം താമസിയാതെ നാടൻ മീൻകറിയും മീൻ വറുത്തതും കൂട്ടി ഒരുണും കഴിച്ച് അച്ഛനും മറ്റുള്ളവരുമൊന്നിച്ച് മഠത്തിൽ ചന്ദ്രൻ എന്നാളു ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ചു രോഷ്നിയുടെ അമ്മാവൻമാരിൽ ഒരാളായ രവിയും ഞങ്ങളോടൊപ്പം ചേർന്നു. അങ്ങനെ മഴപെയ്ത് ദുരിതം പിടിച്ച നാട്ടുവഴിയിലൂടെ ഞങ്ങളുടെ ജീപ്പ് ചാടിച്ചാടി മുന്നോട്ട് നീങ്ങി. ഞാൻ വരുന്നതറിഞ്ഞിട്ടാണോന്നറിയില്ല മഴ ഒന്ന് ഒതുങ്ങി വശത്തേക്ക് മാറി നിന്ന് കാറ്റിന്റെ കൈകൾ കൊണ്ട് എന്നെ ഇക്കിളിയാക്കി വിട്ടു.
അങ്ങനെ ആ വീട്ടിലേക്കുള്ള വഴിയിൽ നിന്നും അൽപ്പം ദൂരെയായി റോഡിന് ഓരം ചേർന്ന് ജീപ്പ് പതിയെ നിന്നു.
തുടരും
പ്രവാസചരിതം - ഇരുപത്തിയെട്ട്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ഞങ്ങൾ എല്ലാവരും ജീപ്പിൽ നിന്നും ഇറങ്ങി വലതുവശം ചേർന്നുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നു .
അൽപ്പദൂരം ചെന്നപ്പോൾ തന്നെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഭാസ്കരേട്ടൻ രവിയോട്
"അതല്ലേ വീട് ".
എന്ന് ചോദിച്ചപ്പോഴാണ് . ഞങ്ങൾക്ക് മുമ്പിൽ ഇടതുവശത്തായി തലയുയർത്തി നിൽക്കുന്ന ആ ഇരുനിലയുള്ള കോൺക്രീറ്റ് വീട് എന്റെ ദൃഷ്ടിയിൽ പതിഞ്ഞത് . അല്പദൂരം കൂടി മുമ്പോട്ട് നടന്നപ്പോൾ വഴിവക്കിലെ പൊതു പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന ചില സ്ത്രീകൾ എന്നെ ഒരു അത്ഭുത വസ്തുകണക്കെ നോക്കി എന്തോ പറയുന്നത് ശ്രദ്ധിച്ചു . അതിനിടയിൽ കൂടെ വന്ന ആളുകൾ ആ വീട്ടിലേക്കുള്ള കൽപ്പടവുകൾ പിന്നിട്ട് മുറ്റത്തേക്ക് കയറിയിരുന്നൂ ,
വരാന്തയിലേക്ക് ഞങ്ങൾ ചെന്ന് കയറുമ്പോളേക്കും അകത്തുനിന്നും ഒരു ചെറിയ ജാഥ യ്ക്കുള്ള ആളുകൾ അങ്ങോട്ടേക്ക് കടന്നു വന്നത് അതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നൂ . ഞങ്ങൾ പെണ്ണ് കാണാൻ വരുന്ന വിവരം മുൻകൂട്ടി തന്നെ അറിഞ്ഞതിനാൽ എല്ലാവരും മുഖത്ത് ഒഇത്തിരി പുഞ്ചിരിയും മേമ്പൊടി ചേർത്ത് എന്നെ അടിമുടി ഒന്ന് നോക്കി .
അതിൽ ഒരു ചെറിയ പെൺകുട്ടി കുട്ടി അമ്മയുടെ സാരിയുടെ ഒരറ്റം അറ്റം വായിൽ വച്ച് കടിച്ചൊതുക്കി ആടികൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ കയ്യിൽ നിന്നും സാരി യുടെ അറ്റം വിടുവിക്കാൻ 'അമ്മ നന്നേ പാടുപെടുന്നുണ്ടായിരുന്നൂ ഒടുക്കം ആ യജ്ഞം കുഞ്ഞിന്റെ കരച്ചിലിൽ അവസാനിച്ചു . ആ കുഞ്ഞിന്റെ കരച്ചിൽ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു .
അതിനിടയിൽ ആ വീട്ടിലെ മുതിർന്ന ഒരാൾ ഞങ്ങളെ വരാന്തയോട് ചേർന്ന ഓഫീസ് മുറിയിലേക്ക് ആനയിച്ചു . അല്പസമയത്തിനകം ചായയുമായി ചുവന്ന ബ്ലൗസും നീലയിൽ പൂക്കളുള്ള നീളൻ പാവാടയുമുടുത്ത് തലതാഴ്ത്തി അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു . മനസ്സിനുള്ളിലെങ്ങോ ഒരു അസ്വസ്ഥത എന്നിൽ വന്നു നിറഞ്ഞു അതിനെ പേടിയെന്നോ ടെൻഷൻ എന്നോ എന്തും വിളിക്കാം . മുറിയിൽ അതിവേഗം കറങ്ങുന്ന ഫാനിന്റെ കാറ്റേറ്റ് അകത്തളങ്ങൾ തണുക്കുന്നുണ്ടായിരുന്നൂ എങ്കിലും എന്റെ നെറ്റിത്തടത്തിൽ മാത്രം വിയർപ്പു കണങ്ങൾ പരന്നു കിടന്നു .
അവൾ തന്റെ കയ്യിലെ ട്രേ എന്റെ നേരെ നീട്ടി എന്തുചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്റെ ആ പരവേശം കണ്ട് കൂടെവന്നവർ എന്നെ നോക്കി ചിരിച്ചു അതിനിടയിൽ ഒരു കപ്പ് ചായ സോസർ സഹിതം ഞാൻ സൂക്ഷിച്ചെടുത്തു . അതുകഴിഞ്ഞു മറ്റുള്ളവരും ട്രേയിൽ നിന്നും ചായയെടുത്ത് കുടിച്ചു തുടങ്ങി. അതിനിടയിൽ മുന്നിലെ ടീപ്പോയിൽ മുന്നിൽ എന്തൊക്കയോ ആരൊക്കയോ കൊണ്ട് നിരത്തിവയ്ക്കുന്നുണ്ടായിരുന്നൂ , പക്ഷെ എന്റെ ശ്രദ്ധ അവിടെയൊന്നുമെത്തിയില്ല . അതിനിടയിൽ അവിടെയുണ്ടായിരുന്ന ആരോ എല്ലാവരോടുമായി
"ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം "
എന്ന് പറഞ്ഞപ്പോൾ , മറ്റുള്ളവര് ആ അഭിപ്രായത്തോട് യോചിച്ചു സമ്മതം മൂളിക്കൊണ്ടു കസേരയിൽനിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു .
നേരത്തെതന്നെ അവളുടെ പേരും വിദ്യാഭ്യാസകാര്യങ്ങളും വിശദമായി കത്തിലൂടെയും വിശദമായി മനസ്സിലാക്കിയ എന്റെ മനസ്സിൽ അവൾ വന്നാൽ ഇനി എന്ത് ചോദിക്കുമെന്നുള്ള ചിന്ത ഉദിച്ചുയർന്നു . അതിനിടയിലാണ് ആ പെൺകുട്ടി ആ മുറിയിലേക്ക് കടന്നു വന്നത് ഞാൻ കുറച്ചുസമയം കൂടി പലതും ചിന്തിച്ചുകൂട്ടി ഒടുവിൽ
" ഏതു സ്കൂളിലാ പഠിച്ചേ ?" ,
എന്ന് ചോദിച്ചപ്പോൾ മുഴക്കമുള്ള എന്റെ ശബ്ദം ആ മുറിയിലെ ഭിത്തികളിൽ ത്തട്ടി പ്രതിധ്വനിച്ചു . അവൾ ഒന്ന് ഞെട്ടിഎന്ന് തോന്നുന്നൂ നീണ്ട ഇടവേളയ്ക്ക് ശേഷം മറുപടിയായി
" പുറമേരി രാജാസ് സ്കൂളിലാ "
എന്ന് മറുപടി പറഞ്ഞു . പിന്നെ കുറച്ചുസമയം ഞങ്ങളുടെ ഇടയിൽ വീണ്ടും ഒരു നിശബ്ദത പരന്നു . സമയം കടന്നുപോയി അതിനിടയിൽ എപ്പോഴോ എന്റെ കൂടെ വന്ന എല്ലാവരും അവളുടെ അമ്മാവനോടൊപ്പം ആ മുറിയിലേക്ക് തിരിച്ചു വന്നു . അങ്ങനെ ആ പെൺകുട്ടി അവിടെ നിന്നും വേഗം പുറത്തേക്ക് ഇറങ്ങി . ഞങ്ങൾ പോകാൻ തയ്യാറായി മുറിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവളുടെ മാമൻ എന്റെ അച്ഛനോട് കുട്ടിയെപ്പറ്റിയുള്ള എന്റെ അഭിപ്രായം ആരാഞ്ഞത് . അച്ഛൻ എന്റെ നേരെ തലത്തിരിച്ചു് ഒന്ന് നോക്കി . പിന്നെ എന്നെയും കൂടെ കൂട്ടി കുറച്ചു ദൂരം നടന്നു , ആ നടത്തിനിടയിൽ അദ്ദേഹം എന്റെ മനസ്സിലെ ആ കുട്ടിയെപ്പറ്റിയുള്ള ഇഷ്ടത്തെ പ്പറ്റി ആരാഞ്ഞു . അങ്ങനെ എന്റെ മുഖത്തുനിന്നും ഇഷ്ടമാണെന്ന മറുപടിയും അദ്ദേഹം കൈപ്പറ്റി അദ്ദേഹത്തോട് വിവരം ധരിപ്പിച്ചു .
അച്ഛന്റെ മുഖത്തെ സന്തോഷം കുറെ കാലത്തിനു ശേഷം അന്നാ ണ് ഞാൻ കണ്ടത് . അങ്ങനെ അവിടെ നിന്നും ഇറങ്ങി ജീപ്പിനരികിലേക്കു നടന്നപ്പോൾ അടുത്തവീട്ടിലെ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്ന്
"ഇതിൽ ഏതാ ഞങ്ങളുടെ റോഷിനിയെ കാണാൻ വന്ന ചെറുക്കൻ?"
എന്ന് ചോദിച്ചപ്പോൾ . ഞാൻ തിരിഞ്ഞു നിന്ന്
" ഞാനാണ് ചേച്ചി "
എന്ന് മറുപടി നൽകിയപ്പോൾ അവരുടെ മുഖത്തെ ജാള്യത പകൽപോലെ തെളിഞ്ഞു ഞാൻ തെളിഞ്ഞു കണ്ടു . പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ ഓരോന്നും കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി കടന്നു പോയി .
അങ്ങനെ 1997 ജൂലായ് 14 നു എന്റെയും രോഷ്‌നിയുടെയും വിവാഹം അവളുടെ വീട്ടിൽ വച്ച് ഭംഗിയായി നടന്നു . കല്യാണം കഴിഞ്ഞു അവളുടെ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങിയപ്പോൾ അവളുടെ ബന്ധുമിത്രാദികളും റോഷിനിയും കരച്ചിൽ അടക്കാൻ പാടുപെടുന്നത് നോക്കിനിൽക്കാനേ എനിക്കായുള്ളൂ . എന്റെ വീട്ടിലേക്കുള്ള മടക്ക യാത്രയിലുടനീളം അവൾ ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു .
തുടരും
പ്രവാസചരിതം - ഇരുപത്തിയൊമ്പത്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
വഴിയരികിലെ ചുമരിനോട് ചാരി രോഷ്‌നിയുടെ കുഞ്ഞനുജൻ രഞ്ജൻ വലിയ വായിൽ കരയുന്നുണ്ടായിരുന്നു. അപ്പോഴാണ് നാട്ടുകാരികളായ ചില സ്ത്രീകളും അവിടെ കണ്ണീരണിഞ്ഞുകൊണ്ട് ഞങ്ങളെ യാത്രയാക്കാനായി നിൽക്കുന്ന കാഴ്ച ഞാൻ കണ്ടത് .. എന്തോ എന്നിൽ ആ കാഴ്ച വലിയ അത്ഭുതമായിത്തോന്നി അത് മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരു ചോദ്യമായി ഉദിച്ചുയർന്നു
" ഇവൾ ഈ നാട്ടിൽ ഇത്ര പ്രിയങ്കരിയായിരുന്നോ ? "
അപ്പോഴറിയാതെ ഞാൻ പഴയ ഓർമ്മകളി ലൂടെ ഒരു യാത്രനടത്തി ഒരു ചിലവുമില്ലാത്ത ഒരു യാത്ര അപ്പോൾ മനസ്സി മനസ്സിൽ തെളിഞ്ഞു വന്ന കാഴ്ച്ചയിൽ . എന്റെ സഹോദരിയുടെ വിവാഹ ദിവസവും അന്ന് ഞാൻ അനുഭവിച്ച മാനസിക വേദനയും ഓർത്തെടുത്തു . അത് നേരിൽ അനുഭവിച്ചറിഞ്ഞ എനിക്ക് സഹോദരീ സഹോദര ബന്ധത്തിന്റെ വ്യാപ്തി അറിയാമായിരുന്നു . രോഷ്‌നിയുടെ കണ്ണുനീര് കണ്ടിട്ടാണോന്നറിയില്ല അതിലെ കടന്നു പോയ മഴമേഘങ്ങളും അവരുടെ ദുഃഖത്തിൽ പങ്കുചേരാനായുള്ള ഒരുക്കത്തിൽ ആയിരുന്നൂ എന്നത് മാനത്ത് ഘനീഭവിച്ചുനിന്ന മഴമേഘങ്ങളിൽ ഞാൻ തെളിഞ്ഞു കണ്ടു. അത് അവർ ചെറിയ ചാറ്റൽ മഴയായി തുടങ്ങി പേമാരിയായി മണ്ണിൽ രേഖപ്പെടുത്താൻ തുടങ്ങി . ഞാൻ വേഗം തന്നെ എന്റെ സഹോദരി വച്ച് നീട്ടിയ കുട തുറന്ന് റോഷിനിയുടെയും എന്റെ തലയ്ക്കു മേലെപിടിച്ചു . മഴവെള്ളം തളം കെട്ടിയ വഴിയിൽ നാട്ടുകാർ ചേർന്ന് നിരത്തിയിട്ട പലകകളും മറ്റും ഞങ്ങളുടെ യാത്ര ഒരുവിധം സുഗമമാക്കിമാറ്റി, എന്റെ കൂട്ടുകാരിൽ ചിലർ പറഞ്ഞ കമന്റ് കേട്ട് കരച്ചിലിനിടയിലും അവൾ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തിയത് ഞാൻ ശ്രദ്ധിച്ചു .
അല്പം മാറി വഴിയരികിൽ നിറുത്തിയിട്ട ഒരു വെളുത്ത അംബാസിഡർ കാറിനടുത്തേക്ക് ഞങ്ങൾ വേഗം നടന്നെത്തി . അതിനിടയിൽ സുഹൃത്തുക്കളിൽ ചിലർ ചേർന്ന് ചേർന്ന് ആ കാറിനെ റോസാപ്പൂക്കൾ കൊണ്ട് ലളിതമായി അലങ്കരിച്ചിരുന്നു . ഞങ്ങൾ ആ കാറിൽ കയറി മറ്റുള്ള വാഹനങ്ങളുടെ അകമ്പടിയോടുകൂടി അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു . വഴിയരികിലെ പാടത്തെ നെൽക്കതിരുകളും വാഴകളും മറ്റും അതിലെ കടന്നുപോയ മന്ദമാരുതന്റെ താളത്തിനനുസൃതമായി തലയാട്ടി ഞങ്ങളെ യാത്രയാക്കി . വീട്ടിൽനിന്നും അൽപ്പം അകലെയായി നിറുത്തിയ കാറിൽനിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി മറ്റുള്ളവരോടൊപ്പം ചേർന്ന് വീട്ടിലേക്കുള്ള കൽപ്പടവുകൾ മെല്ലെ കയറി ,
അപ്പോഴേക്കും നിലവിളക്കും കിണ്ടിയിൽ വെള്ളവുമായി വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങുകളും മറ്റും അമ്മയുടെ നേതൃത്വത്തിൽ നടന്നു , അതിന് നിർദ്ദേശങ്ങൾ നൽകാനായി അച്ഛമ്മയും ഞങ്ങളുടെ അയൽക്കാരിയായ ജാനകിയേടത്തിയും ഉണ്ടായിരുന്നു . അതുകഴിഞ്ഞു അകത്തെ കട്ടിലിൽ ഞങ്ങളും അനിയത്തിയും ഇരിക്കുമ്പോളായിരുന്നു എന്റെ മരുമകൾ അങ്ങോട്ടേക്ക് ഓടിവന്നത് , അവൾ വന്നപാടെ സ്വതസിദ്ധമായ ശൈലിയിൽ റോഷിനിയെ നോക്കി
' ഇത് എന്റെ മാമനാ , പിന്നെ മാമി ആരോടും പറയല്ലേ ഈ മാമൻ രണ്ടു ദിവസം മുമ്പ് ബ്യൂട്ടി പാർലറിൽ പോയി മുടി കറുപ്പിച്ചതാ കേട്ടോ '
എന്നും പറഞ്ഞു രോഷ്‌നിയെ നോക്കി കണ്ണടച്ചുകാണിച്ചു അവൾ കൈകൊട്ടി ചിരിച്ചപ്പോൾ ആ കാഴ്ചകണ്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുകയായിരുന്നൂ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അവളെ ഞാൻ ചേർത്തു പിടിച്ചു . സത്യം പറഞ്ഞാൽ അവൾ എനിക്ക് അത്ര പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം കുഞ്ഞായിരുന്നു . പണ്ടൊരിക്കൽ അവളെ അടിച്ചതിന് അന്ന് ഒരു ദിവസം മുഴുവൻ ഞാൻ വേദനിച്ചിരുന്നു. അവൾ ജനിച്ചതുമുതൽ എടുത്തുകൊണ്ട് നടന്ന എനിക്ക് അവൾ സ്വന്തം മോൾ തന്നെ ആയിരുന്നു . ചിരിയിലും കളികളിലും എന്നെ കളികൂട്ടുകാരനായി കൂട്ടുന്നത് അവളുടെ സ്ഥിരം ഏർപ്പാടായിരുന്നു . ചിലപ്പോഴൊക്കെ അവളെ വേദനിപ്പിച്ചതിനു ഞാനും എന്റെ സോദരിയും തമ്മിൽ അടിവരെ ഉണ്ടായിട്ടുണ്ട് ഒടുക്കം അത് മുടിപിടിച്ചു വലിയിലും മറ്റുമായി കലാശിക്കും അത് ഒരു കാലം .
അങ്ങനെ ആ ദിനവും ഒരു വിധം നന്നായി തന്നെ കടന്നു പോയി , അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയും തൊട്ട് ചായയും കൊണ്ട് കട്ടിലിനരികിൽ വന്ന രോഷ്‌നിയെ ചായ വാങ്ങി മേശപ്പുറത്തു വച്ച് വലിച്ചടുപ്പിച്ചപ്പോൾ ഉത്തരവാദിത്തം കുറേക്കൂടി എന്ന് മനസ്സ് ഓർമ്മിപ്പിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നു . ഗൾഫിൽനിന്നും വന്ന എനിക്ക് കിട്ടിയ അവധിയിൽ ബാക്കി വന്ന അഞ്ചു ദിവസം ഒന്നിനും തികയാതെ വന്നു കാരണം വിരുന്നുകളും സല്കാരങ്ങളുമായി ഓരോരോ ദിനങ്ങളും ഞാൻ പോലും മറിയാതെ കടന്നുപോയി. അങ്ങനെ അവധിതീർന്നു തിരിച്ചു ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി റുവൈസിൽ എത്തിച്ചേർന്നപ്പോൾ എന്റെ ശരീരം മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ എന്ന സത്യം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് . അപ്പോഴേക്കും മനസ്സ് ഒത്തിരി നൊന്തു പോയിരൂന്നു , മനസ്സ് നാട്ടിലെ റോഷിനിയുടെ ഓർമ്മയിൽ ഒരുപാട് വേദനിച്ചു . പിന്നീടുള്ള ദിനങ്ങളിൽ എന്റെ നാട്ടിലേക്കുള്ള ഫോൺ കോളുകളുടെയും കത്തുകളുടെ എണ്ണവും കൂടിവന്നു
തുടരും .
പ്രവാസചരിതം - മുപ്പത്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
മാസാവസാനം ശമ്പളത്തിന്റെ ബാക്കിയായ സംഖ്യ കണക്കുകൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ ആകെ വരവുചിലവുകൾ നേരിയ വ്യത്യാസത്തിൽ ആണ് എന്ന് മനസ്സിലായി . അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്
"എടാ സത്യാ ആദ്യം മുതൽ മാസത്തെ ഓരോരോ ചിലവുകളും ഒരു പുസ്തകത്തിൽ തീയതി തിരിച്ചു് കുറിച്ചുവയ്ക്കുക , ശേഷം മാസാവസാനം അടുത്തമാസത്തിൽ ആ നേരത്തെ കുറിച്ചിട്ട ചെലവുകളിൽ ഏതൊക്കെ ഒഴിവാക്കാൻ കഴിയും എന്ന് നിരീക്ഷിക്കുക ശേഷം പോകെ പോകെ അനാവശ്യ ചിലവുകൾ മിക്കവയും എടുത്തൊഴിവാക്കിയാൽ ഒരുവിധത്തിൽ നമ്മൾക്ക് ചെലവ് നിയന്ത്രിക്കാൻ കഴിയും ."
അങ്ങനെ അടുത്തുവന്ന മാസം മുതൽ ഒരുവിധം അനാവശ്യ ചിലവുകൾ കുറക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ ടെലിഫോൺ ചെലവ് അതിൽനിന്നും വ്യത്യസ്തമായി 500 ദിനും 700 ദിര്ഹത്തിനും ഇടയിൽ കിടന്നു കറങ്ങാൻ തുടങ്ങി . അതോടെ എന്റെ ബഡ്ജറ്റിൽ ചെലവുകളുടെ കോളം വല്ലാതെ അധികരിച്ചു എന്ന് പറയാം .
അപ്പോഴാണ് കഴിക്കുന്നതൊന്നും തന്നെ എന്റെ ദേഹത്തു പിടിക്കുന്നില്ല എന്ന സത്യം ഞാൻ മനസ്സിലാക്കിയത് . ഈയിടയ്ക്ക് ഷാർജയിൽ പോയപ്പോഴാണ് പണ്ട് കുറച്ചുകാലം ഭക്ഷണം കഴിക്കാനാവാതെ നടന്നതിനാൽ വയറിൽ അൾസർ രൂപപ്പെട്ടിട്ടുണ്ട് എന്ന് . പിന്നെ അതിന്റെ തുടർചികിത്സയും മറ്റുമായി കുറച്ചുകാലം കഴിഞ്ഞുപോയി .
അങ്ങനെയിരിക്കെ പ്രോജക്ടിലെ പ്രധാന ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മറ്റുള്ളവരെപ്പോലെ ഞാനും കടന്നു . സൈറ്റിലെ സർവ്വേ മുതൽ ഓഫീസിലെ പ്ലാൻ വരപ്പു വരെ ചെയ്യണ്ടിവന്നതിനാൽ പതിവായി താമസിച്ചാണ് ഞാൻ ഓഫീസിൽ നിന്നും ക്യാമ്പിലേക്ക് തുടർന്നുള്ള ദിവസങ്ങളിൽ വന്നുകൊണ്ടിരുന്നത് . അതിനിടയിൽ ഞങ്ങളുടെ ഓഫീസിൽ സെക്രട്ടറിയായി രാമ റാവു എന്ന ഒരു ചെറുപ്പക്കാരൻ ദുബായ് ഓഫീസിൽ നിന്നും സ്ഥലമാറ്റം കിട്ടി വന്നത് , ആള് രസികനും സർവോപരി നല്ലൊരു മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു എന്നത് പോകെപ്പോകെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു . അവസരം കിട്ടുമ്പോഴൊക്കെ അവൻ ആ കഴിവ് ഞങ്ങളുടെ ഇടയിൽ അവതരിപ്പിച്ചുകൊണ്ടേയിരുന്നൂ . ഓഫീസിൽ ജോലികഴിഞ്ഞു ക്യാമ്പിലെത്തിയാൽ അത്താഴം കഴിഞ്ഞു ക്യാമ്പിന് സമീപത്തുള്ള റോഡിലൂടെ നടക്കുന്നത് ഞാനും അഹമ്മദ്ക്കയും രാ മ റാവുവും ഒരു പതിവാക്കിമാറ്റിയിരുന്നു . അങ്ങനെ യിരിക്കെ ഒരു ദിവസം വഴിയിലുള്ള കടയിൽനിന്നും ഐസ് ക്രീം വാങ്ങി കഴിച്ചുകൊണ്ട് നടന്നപ്പോഴാണ് രാമ റാവു എന്നെ നോക്കി
"സത്യാ നീ ഇതുപോലെ എന്നും ഐസ് ക്രീമും എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തരണം കേട്ടോ "
എന്ന് പറഞ്ഞപ്പോൾ; ഞാൻ അവനോട് "അതെന്താ? "
എന്ന് അവനോടു ചോദിച്ചപ്പോൾ അവൻ എന്നോട്
"നിനക്ക് എന്നെക്കാളും ശമ്പളം കിട്ടുന്നില്ലേ , അതുകൊണ്ടു ഉള്ളവൻ ഇങ്ങോട്ടു നോക്ക് എന്നെ അതായത് എന്നെ സഹായിക്കണം "
എന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട്
"ശ്രമിക്കാം ഇതൊരു ശീലമാക്കാതെ നോക്കണേ "
എന്ന് പറഞ്ഞു കളിയും ചിരിയുമായി ഓരോന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു നടന്നു.
ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു . അങ്ങനെ ഒരു നാൾ തണുപ്പിന്റെ വരവറിയിച്ചുകൊണ്ടു കാറ്റിനൊപ്പം കൂട്ടുകൂടി ചൂളമടിച്ചു കൊണ്ട് ഒരു മഴ ഞങ്ങളെയും തേടി വന്നത് . ഈ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിനെ കുളിരണിയിച്ചുകൊണ്ടു അത് തിമർത്തു പെയ്തു. മിന്നൽപിണറുകളും ശക്തികുറഞ്ഞ ഇടിശബ്ദവും മഴയുടെ മേളത്തിന് ഒന്നുകൂടി കൊഴുപ്പേകി . ഞാൻ അതും ആസ്വദിച്ചുകൊണ്ട് കമ്പിളിപ്പുതപ്പിനടിയിൽ പുഴുവിനെപ്പോലെ കിടന്നു . കുറച്ചുസമയത്തിനുള്ളിൽ ആ മഴയുടെയും കാറ്റിന്റെയും ശക്തി കൂടിക്കൂടിവന്നു ,കൊണ്ടിരുന്നു .
ആ ഉറക്കിന് ഭംഗം വരുത്തിക്കൊണ്ട് അപ്രതീക്ഷിതമായി കിടക്കയ്ക്ക് മുകളിലേക്ക് മേൽക്കൂരയിൽനിന്നും വെള്ളത്തുള്ളികൾ ഇടതടവില്ലാതെ ഇറ്റിറ്റുവീഴാൻ തുടങ്ങി . ആ നിമിഷത്തെ മനസ്സിൽ ശരിക്കും അല്പസമയത്തേക്കെങ്കിലും ഞാൻ വെറുത്തു പോയി . മുറിയിലെ വിളക്ക് തെളിച്ചു മുറിയിലെ കസേരയിലേക്ക് മാറിയിരുന്ന ഞാൻ ആ ഇരിപ്പിൽ കുറച്ചൊന്ന് മയങ്ങി
.
അടുത്തദിവസം കാലത്തു എഴുന്നേറ്റു മുറിവിട്ടു പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എങ്ങും വെള്ളം താളം കെട്ടിയിരിക്കുകയായിരുന്നൂ . കാലത്ത് ഓഫീസിലേക്ക് പോകാൻ വാഹനത്തിൽ കയറാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി . ഇവിടുത്തെ പശിമയുള്ള മണ്ണിന്റെ സ്വഭാവം കാരണം , അത് ഷൂവിന്റെ അടിയിൽ പറ്റിക്കിടന്നു . ഷൂവിന്റെ അടിയിൽ രണ്ടുമൂന്നു ഇഞ്ചു കനത്തിൽ പറ്റിക്കിടന്ന ആ മണ്ണ് ശരിക്കും എന്റെ നടത്തം തന്നെ ഒരു റോബോട്ടിനെപ്പോലെയാക്കിമാറ്റി
. സൈറ്റിൽ എത്തിച്ചേർന്നപ്പോൾ അവിടെയുള്ള കാബിനിലും എന്റെ ഡ്രോയിങ് ബോർഡിലും വെള്ളം ഒലി ച്ചിറങ്ങിയിട്ടുണ്ടായിരുന്നൂ . ഞാൻ തലേദിവസം പ്ലാൻ വരക്കാൻ വേണ്ടി ബോർഡിൽ ഒട്ടിച്ചുവച്ച കടലാസ്സ് കീറി മാറ്റി തുടച്ചു വൃത്തിയാക്കി യിരിക്കുമ്പോളാണ് ഓഫീസ് ബോയ് വന്നു പറയുന്നത് സാർ ഇംഗ്ലീഷുകാരനെ ഒന്ന് വിളിച്ചു ഈ വിവരം അറിയിക്കാമോ എന്ന് . ഞാൻ ലാൻഡ് ലൈനിൽ അദ്ദേഹത്തെ വിളിച്ചു എന്റെ രീതിയിൽ ഇംഗിഷിൽ കാര്യമവതരിപ്പിച്ചു. അത് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല എന്ന കാര്യം , വീണ്ടും അത് ആവർത്തിച്ചപ്പോൾ അദ്ദേഹം എന്നോട്
"VERY GOOD KEEP IT UP:"
എന്നും പറഞ്ഞു വേഗം ഫോൺ വച്ചു . എന്താണ് ഞാൻ പറയേണ്ടിയിരുന്നത് അങ്ങനെയെങ്കിൽ പിന്നെ പറഞ്ഞതെന്താണ് എന്നും എന്റെ മനസ്സിൽ പല ചിന്തകളായി ഉരുത്തിരിഞ്ഞപ്പോഴാണ് ലാൻഡ് ലൈൻ റിങ് ചെയ്തു തുടങ്ങിയത് . ഞാൻ ഫോൺ അറ്റൻഡ് ചെയ്തു . എന്റെ ഇഗ്ലീഷ് കാരനായിരുന്നൂ ലൈനിൽ പിന്നീടാണ് അദ്ദേഹത്തിന് ഞാൻ പറഞ്ഞ തിന്റെ സീരിയസ്നെസ്സ് മനസ്സിലായത് എന്ന് അദ്ദേഹത്തിന്റെ
" I AM COMING, WAIT FOR ME OK, SORRY MAN , YOU HAVE TO IMPROVE YOUR ENGLISH OK"
. എന്നും പറഞ്ഞു ഫോൺ വച്ചപ്പോൾ തന്നെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുഴപ്പം ബോധ്യമായത് .
തുടരും
പ്രവാസചരിതം - മുപ്പത്തിയൊന്ന്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
അന്ന് ഞങ്ങളുടെ ഇംഗ്ലീഷുകാരൻ അദ്ദേഹം പറഞ്ഞതുപോലെ പതിനൊന്ന് മണിയോടെ ഓഫീസിൽ എത്തിച്ചേർന്നു . അതിനിടയിൽ ഞങ്ങൾ ജോലിക്കാരെ ഉപയോഗിച്ച് വെള്ളം വറ്റിച്ചു തുടച്ചു വൃത്തിയാക്കിത്തുടങ്ങിയിരുന്നു . വൈകിവന്ന ഞങ്ങളുടെ മാനേജരും അദ്ദേഹത്തിന്റെ ഫയലുകളും മറ്റും ഷെൽഫിൽ നിന്നും മാറ്റി മുറി വൃത്തിയാക്കുന്നതിൽ പ്രത്യേക തരം തിരിവൊന്നുമില്ലാതെ ഞങ്ങളോടൊപ്പം ചേർന്ന് സഹകരിച്ചു . ഏകദേശം അമ്പത്തഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള അദ്ദേഹത്തിന്റെ ചുറുചുറുക്കിനു മുന്നിൽ ചെറുപ്പക്കാരായ ഞങ്ങൾ വെറും കാഴ്ചക്കാരായി മാറി.
കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മുറിയിൽനിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്ന് സൈറ്റിലെ ജോലിയുടെ മറ്റുകാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് തന്റെ കയ്യിലെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് മനസ്സിലാക്കിയത് . അത് ഒരു പഴയമോഡൽ സോണി എറിക്സൺ ഫോൺ ആയിരുന്നു . അദ്ദേഹം വേഗം തന്നെ തന്റെ ഓഫീസ് മുറിയിലേക്ക് തിരിച്ചുനടന്നു, പിന്നാലെ ഞങ്ങളും അവിടെയെത്തി തിരച്ചിലിൽ അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി . അവിടെ ഒരിടത്തും ആ ഫോൺ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . അങ്ങനെയിരിക്കെയാണ് എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചത്. അങ്ങനെ ഞാൻ നേരെ ഞങ്ങളുടെ ഓഫീസിൽ ലാൻഡ് ഫോണിൽ നിന്നും മാനേജരുടെ മൊബൈൽ നമ്പറിലേക്ക് ഡയല് ചെയ്തു . ആ മുറിയിലെവിടെനിന്നോ ഫോൺ കിടന്ന് മണിയടിക്കാൻ തുടങ്ങി അങ്ങനെ അദ്ദേഹം അടുക്കി വച്ച ഒരു ബോക്സ് ഫയലിനുള്ളിൽ നിന്നും ഒടുക്കം ഞങ്ങൾക്ക് അത് കണ്ടു കിട്ടി, അദ്ദേഹം അതിനു ഞങ്ങളോട് നന്ദി പറഞ്ഞു ശേഷം ഞങ്ങൾ അവിടെനിന്നും മടങ്ങി.
തുടർന്നുള്ള ദിവസങ്ങളിലും മഴ അതിന്റെ സംഹാര താണ്ഡവം അതിശക്തമായി തന്നെ തുടർന്നു , നമ്മുടെ നാട്ടിൽ മഴവന്നാൽ വെള്ളം എവിടേക്കെങ്കിലും ഒലിച്ചുപോവുകയോ അല്ലെങ്കിൽ മണ്ണിലേക്ക് തന്നെ ഇറങ്ങിപ്പോവുകയോ ആണല്ലോ പതിവ് . പക്ഷെ ഇവിടുത്തെ മണ്ണിന്റെ പ്രത്യേകത കാരണം ശരിക്കൊന്നു പെയ്താൽ അന്നും ഇന്നും ആഴ്ന്നിറങ്ങാതെ താളം കെട്ടി നിൽപ്പാണ് പതിവ്. ചിലയിടങ്ങളിൽ ഇന്ന് ആധുനിക ഡ്രൈനേജ് സംവിധാനങ്ങൾ നിലവിൽ വന്നു. കഴിഞ്ഞു പക്ഷെ ഇന്നും റുവൈസിൽ ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെ ആണെന്ന് തോന്നുന്നൂ .
.
അങ്ങനെ 1996 ജൂൺ 20 നു തുടങ്ങിയ എന്റെ റുവൈസ് സന്യാസ ജീവിതം 1998 ഡിസംബർ അവസാനത്തോടെ അവസാനിച്ചു . പണ്ട് ജോലിയും ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുബായിയുടെയും ഷാർജയുടെയും തെരുവുകളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നകാലത്താണ് ഒരു ഗോപാലേട്ടൻ എന്ന ആ നല്ല മനുഷ്യൻ തന്റെ സുഹൃത്തുമുഖാന്തരം ശരിയാക്കി തന്നത് .
ആ ജോലിയിലെ ആദ്യ ഭാഗം എന്നാൽ കഴിയുന്ന വിധത്തിൽ റുവൈസിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിച്ചു . വിവാഹം കഴിഞ്ഞ ശേഷത്തെ ആദ്യ അവധിക്കാലം എന്ന പ്രത്യേകത ആ യാത്രയ്ക്ക് ഉണ്ടായിരുന്നൂ .
നാട്ടിൽ എന്നെ സ്വീകരിക്കാൻ എന്റെ കുടുംബം മുഴുവൻ ഉണ്ടായിരുന്നൂ . ആ യാത്രയിൽ ആയിരുന്നൂ എന്റെ അൾസറിനുള്ള ചികിത്‌സ നടന്നത് . ആ മാസം തന്നെ ആദ്യമായി ഞാനും കൂടി ഗുരുവായൂർക്ക് യാത്ര തിരിച്ചു . ആ യാത്രയിൽ അക്കാലത്തെ എന്നെപ്പോലെ പിശുക്ക് കയ്യിലുള്ള പ്രവാസി താമസിക്കുന്നത് പോലെ ഗുരുവായൂർ അമ്പലക്കുളത്തിന് സമീപത്തെ ഒരു ലോഡ്ജിൽ കുറഞ്ഞ നിരക്കിൽ ഒരു മുറിയെടുത്തു . രാത്രി മുറിയിൽ അതുവരെ പതുങ്ങിയിരുന്ന് കൊതുകുകൾ നല്ല രക്തം കിട്ടിയ സന്തോഷത്തിൽ ആഞ്ഞാഞ്ഞു കുത്താൻ ആരംഭിച്ചപ്പോൾ എന്റെ ഭാര്യ എന്നോട്
" കുറച്ചു പണം കൂടി മുടക്കിയാൽ കൊതുകടി കൂടാതെ കിടക്കമായിരുന്നില്ലേ
എന്ന് ചോദിച്ചപ്പോഴാണ് ഞാൻ ശരിക്കും വല്ലാതെ കൊച്ചായത് പോലെ തോന്നിയത് .
ഗുരുവായൂരിൽ നിന്നും തിരിച്ചെത്തി ഭാര്യവീട്ടിലും സഹോദരിയുടെ വീട്ടിലും സന്ദർശനം നടത്തിയ ഞങ്ങൾ ഒരു അവസരം ഉണ്ടാക്കി ആദ്യമായി എനിക്ക് പ്രതിഫലം നൽകിയ എഞ്ചിനീയറുടെ വീട് സന്ദർശിച്ചു . അവരുടെ മനസ്സിൽ എനിക്ക് നൽകിയ ഒരു സഹോദരന്റെ സ്ഥാനം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് എടുത്തു പറയാതിരിക്കാൻ കഴിയില്ല .
ഒരു ദിവസം ലൈനിൽ വീണ തെങ്ങോല എടുത്തുമാറ്റുന്നതിനിടയിൽ അബദ്ധത്തിൽ അതിന്റെ ഈർക്കിൽ കഴുത്തിൽ തുളച്ചുകയറി പൊട്ടിയപ്പോൾ അത് പുറത്തെടുക്കാൻ ഭാര്യയെ അറിയിക്കാതെ ഞാനും അച്ഛനും പോയതും തിരിച്ചു ഓപ്പറേഷൻ കഴിഞ്ഞു കഴുത്തിൽ പ്ലാസ്റ്ററുമായി വന്നു കയറിയ എന്നെ കണ്ട് ഭാര്യ വാവിട്ട് കരഞ്ഞതും . തുടർന്നുള്ള ദിവസങ്ങളിൽ എന്റെ കഴുത്തിലെ സ്റ്റിച്ച് പൊട്ടാതെ എന്നെ അവൾ പരിചരിച്ചതും ഒടുക്കം അവധികഴിഞ്ഞു ഞാൻ ദുബൈയിലേക്ക് യാത്രയായതും എല്ലാം ഒരു സ്വപനം പോലെ തോന്നുന്നൂ
തുടരും
പ്രവാസചരിതം - മുപ്പത്തിരണ്ട്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ഞാൻ ദുബൈയിൽ തിരിച്ചെത്തി കമ്പനിയുടെ ഹെഡ്ഓഫീസിലെ എസ്റ്റിമേഷൻ വകുപ്പിൽ പ്രവർത്തനം ആരംഭിച്ചു . തുടർന്ന് ബർദുബൈയിലെ ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപമുള്ള കമ്പനിയുടെ എക്കൊമൊഡേഷനിൽ എനിക്കും ഒരിടം അങ്ങനെ അനുവദിച്ചു കിട്ടി . അതിനടുത്ത ദിവസങ്ങളിൽ ആയിരുന്നൂ നാട്ടിൽ നിന്നും ഭാര്യ ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞത് . കമ്പനിയിൽ നിന്നും എൻ ഓ സി സംഘടിപ്പിച്ചു് ഒരു ലാൻഡ് ഫോൺ സംഘടിപ്പിച്ചു് വീട്ടിലേക്കുള്ള ടെലിഫോൺ വിളി തകൃതിയായി നടത്തി കിട്ടുന്ന ശമ്പളത്തിൽ നല്ലൊരു ശതമാനം ഫോൺ വിളിക്കെ തികഞ്ഞുള്ളൂ . ആയിടയ്ക്കാണ് അക്കൊമൊഡേഷനിലെ അടുക്കളയിൽ പാചകവും ഞാൻ ആരംഭിച്ചത് . എന്റെ ആഹാരപാചക പരീക്ഷണശാലയിൽ പലപ്പോഴും ചില സുഹൃത്തുക്കളും പരീക്ഷണ വസ്തുക്കൾ ആയിമാറി .
അന്തര്മുഖനായ ഞാൻ ബർദുബൈയിലെ കാൽനടയാത്രക്കാർക്ക് മാത്രമായുള്ള ഭൂഗർഭതുരങ്കത്തിലൂടെ ദെയ്‌റയിലെ മത്സ്യമാർക്കറ്റിൽ നടന്നുപോവുന്നത് ഒരു ശീലമാക്കിയാൽ ആയിടയ്ക്കായിരുന്നൂ . അതിനിടയിൽ പലതവണ ഗോൾഡ് സൂഖ് പരിസരത്തെ ഇടുങ്ങിയ വഴികളിൽ വച്ച് അണിഞ്ഞൊരുങ്ങി നിന്ന രാത്രിയുടെ തണുപ്പിന് കൂട്ടായി മാറാവുന്ന പല മുഖങ്ങളെയും കാണുമായിരുന്നൂ .
എന്റെ ചില നാട്ടുകാരായ സുഹൃത്തുക്കളുമായി ആ ഇരുണ്ട വഴികളിലൂടെ സഞ്ചരിച്ച രാത്രികളിൽ പലപ്പോഴും ഇരുട്ടിന്റെ മറവിൽ ലൈംഗിക സുഖം കണ്ടെത്തുന്ന പലരെയും ഞാൻ കണ്ടു . ഒന്നും ചെയ്തില്ലെങ്കിലും ഇതൊക്കെ കാണുന്നത് തന്നെ മനസ്സിന് ഒരു സുഖം തന്നെ ആണല്ലോ .
കമ്പനിയുടെ ഓഫീസിൽ നിന്നും ടെൻഡർ ആവശ്യാർത്ഥം പലരെയും വിളിച്ചു് അവരുടെ ക്വാറ്റേഷൻ വാങ്ങിക്കാൻ ചിലപ്പോഴൊക്കെ മിമിക്രിയും ഞാൻ പുറത്തെടുക്കാറുള്ളതും അത് കണ്ടും കേട്ടും വകുപ്പ് മേധാവിയായ ഇംഗ്ലീഷുകാരൻ തന്നെ ഞെട്ടിയതും ഇന്നും ഓർക്കുന്നൂ .
ഈ ഫോൺ വിളിയും മറ്റ് ടൈപ്പിംഗ് ജോലികളും പ്രൊഫഷണെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള വർക്ക് ചേർന്ന പണിയല്ല എന്ന് മനസ്സിലാക്കിയ ഞാൻ എന്റെ മേധാവിയുടെ സംസാരിച്ചു് സൈറ്റിലേക്ക് സ്ഥലം മാറ്റം വാങ്ങി . തുടർന്ന് അൽ ഗുറൈർ സെന്റര് പ്രൊജക്റ്റ് സൈറ്റിൽ എത്തിച്ചേർന്നു . ഓഫീസിൽ ജോലിചെയ്യുമ്പോൾ നമ്മുടെ ഓരോ നീക്കങ്ങളും ഞങ്ങളുടെ അർബാക്കന്മാർ നോക്കി ഇപ്പോഴും ഒരു മുൾമുനയിൽ നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നൂ. സൈറ്റിലെ ജോലി യിൽ നിന്നും ആദ്യമൊക്കെ എനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ മറ്റ് വകുപ്പുകളിലേക്കു മാറ്റപ്പെട്ടു ,. തുടർന്ന് എനിക്ക് ഒരു വാശിയായിരുന്നൂ അങ്ങനെ ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്നു നാല് മാസക്കാലം കൊണ്ട് കമ്പ്യൂട്ടർ പരിജ്ഞാനം നേടി . അങ്ങനെ തിരിച്ചു് വീണ്ടും കമ്പനിയുടെ പ്രോജെക്ടിൽ സർവേയർ കം ഡ്രാഫ്റ്സ്മാൻ ആയി മാറി . ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത എന്നാൽ ഭൂരിപക്ഷം വരുന്നവരും മലയാളികൾ ആയിരുന്നൂ എന്നതാണ് . അവരിൽ പലരും പലരുടെയും ബന്ധുക്കളും ആയിരുന്നൂ . അതിനാൽ തന്നെ ഒറ്റയാനായി എന്നെ ശല്യം ചെയ്യാനായി ചൂടുകാലങ്ങളിൽ പലപ്പോഴും ദൂരെയുള്ള സൈറ്റുകളിൽ സർവെയ്‌ക്കു എ സി യില്ലാത്ത വാഹനങ്ങളിൽ പറഞ്ഞയക്കാൻ അവർ ശുഷ്‌കാന്തി കാണിച്ചിരുന്നൂ . അത്തരം പരീക്ഷണങ്ങൾ എന്നിൽ വിലപ്പോവാതായപ്പോഴാണ് എന്ന് തോന്നുന്നൂ അവർ എന്നെ പല ഡിപ്പാർട്മെന്റുകൾ സ്ഥലം മാറ്റി മാറ്റി പരീക്ഷിക്കാൻ തുടങ്ങിയത് .
വൈകുന്നേരങ്ങളിലും വ്യാഴാഴചകളിലും എന്റെ സുഹൃത്തായ സൂരയുടെ തയ്യൽ കടയിൽ പോയി സമയം പോകുന്നതും അവനോടൊപ്പം നേരത്തെപറഞ്ഞ വഴികളിൽ സഞ്ചരിച്ചു മാനസികോല്ലാസം കണ്ടെത്തുന്നതും ഒരു ശീലമാക്കി ഞങ്ങൾ മാറ്റിയത് . ചിലപ്പോഴൊക്കെ മറ്റൊരു സുഹൃത്തായ മനീഷിനോടൊപ്പം ബർദുബൈയിലെ അമ്പലങ്ങൾ സഞ്ചരിക്കുന്ന ഞാൻ ആയിടയ്ക്കാണ് വൈകീട്ടുള്ള നടത്തവും അൽ സീഫ് പാർക്കിലെ യോഗയിലും സംബന്ധിക്കാൻ തുടങ്ങിയത് .
ചിലപ്പോഴൊക്കെ നടക്കാനിറങ്ങുന്ന എന്നെ നോക്കി ഞങ്ങളുടെ സഹമുറിയനായ സുൽഫി
" സത്യാ രാത്രി പുട്ടാണ് കേട്ടോ "
എന്ന് പറഞ്ഞു ചിരിച്ചാൽ അതിനർത്ഥം അമ്പലത്തിൽ ഒന്ന് കയറണം എന്നാണ് കാരണം അന്നൊക്കെ അമ്പലത്തിൽ നിന്നും പ്രസാദമായി ചില സമയങ്ങളിൽ നാളികാരമായിരുന്നൂ നൽകിയിരുന്നത് . അത് ഓർത്തെടുത്താണ് അവൻ എന്നെ ഓർമ്മിപ്പിക്കാറുള്ളത് .
തുടരും
പ്രവാസചരിതം - മുപ്പത്തിമൂന്ന്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ബർദുബൈയിൽ നിന്നും ദെയ്‌റയിലേക്കുള്ള യാത്രകളിൽ ചിലപ്പോഴൊക്കെ കടയിലെ ജോലിയും കഴിഞ്ഞു സുരയോടൊപ്പം ചില ബാറുകൾ കയറി ഇറങ്ങിയപ്പോഴാണ് അവിടെയുള്ള ചിലരുടെ ജീവിത കഥകൾ കേൾക്കാനിടയായത് . അതിൽ പലതും സെയിൽസ് ഗേൾ വിസയിൽ എത്തി ബാറിലും ശേഷം വേശ്യാവൃത്തിയിലും എത്തപ്പെട്ടവരുടെ കരളലിയിക്കുന്ന കഥകൾ ആയിരുന്നൂ . ഇന്ന് നിഴലിനെപ്പോലും അവിശ്വസിക്കേണ്ട ലോകത്താണല്ലോ നാം ജീവിക്കുന്നത് .
ഒരിക്കൽ കൂടെ ജോലിചെയ്യുന്ന പാകിസ്ഥാൻ കാരനായ സുഹൃത്ത് എന്നോട്
"നീ രണ്ട് പന്തയങ്ങൾക്ക് തയ്യാറാണോ"
എന്ന് തിരക്കി . അതിനു മറുപടിയായി കുറച്ചുസമയം ആലോചിച്ചശേഷം ഞാൻ അദ്ദേഹത്തെ നോക്കി
"ശരി ഞാൻ ആ പന്തയങ്ങളിൽ പങ്കെടുക്കാം പക്ഷെ ആ പന്തയങ്ങളിൽ വിജയിച്ചാൽ എന്താണ് എനിക്ക് ഗുണം"
. എന്ന മറു ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട്
" എന്നാൽ ഒരാഴ്ചക്കാലത്തെ ഉച്ചഭക്ഷണം എന്റെ വകയായി നൽകാം "
എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ അതിനു തയ്യാറായി
പന്തയത്തിൽ ആദ്യത്തേത് ദെയ്‌റയിലെ റഷ്യൻ ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ കൂട്ടം കൂടി താമസിക്കുന്ന വഴിയിലൂടെ നടന്നു പോയി തിരിച്ചു ഓഫീസിൽ തിരിച്ചെത്തുക എന്നതായിരുന്നു . അത് എന്റെ ഭീകര രൂപം കൊണ്ടാണോ എന്നറിയില്ല വൻവിജയമായി തീർന്നു .
അടുത്ത പന്തയം എന്നാൽ അവിടെയുള്ള ഒരു വേശ്യാലയത്തിൽ അവനോടൊപ്പം കയറി ഒന്നും സംഭവിക്കാതെ തിരിച്ചിറങ്ങണം എന്നതായിരുന്നൂ . ആ വേശ്യാലയത്തിൽ ഞങ്ങൾ ചെന്ന് കയറിയപ്പോൾ മലയാളികളായ രണ്ടു തടിച്ചു കൊഴുത്ത ചേച്ചിമാരാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത് . ആ സമയം എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം നിഴലിച്ചു എങ്കിലും എങ്ങനെയോ അവരോടു എന്തോ കളവും പറഞ്ഞു ആ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരാഴ്ചയ്ക്കുള്ള ഉച്ചഭക്ഷണം സമ്മാനമായി ലഭിച്ചു തുടങ്ങുകയായിരുന്നൂ
അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസും കഴിഞ്ഞു മുറിയിൽ എത്തി അടുക്കളയിൽ ആഹാരം പാചകം ചെയ്തുകൊണ്ടിരിക്കെയാണ് എന്റെ അടുത്ത മുറിയിലെ ഒരാൾ എന്റെ അടുത്തു വന്ന്
" നിന്നോട് വേഗം ദെയ്‌റയിലെ ഹോട്ടലിൽ എത്തിച്ചേരാൻ പറഞ്ഞു , അവിടെ നിങ്ങളുടെ സൈറ്റ് വക ഒരു പാർട്ടി നടക്കുകയാണ് "
എന്ന് പറഞ്ഞപ്പോൾ ഞാൻ എല്ലാ സാധനങ്ങളും വേഗം തന്നെ ഫ്രിഡ്ജിനുള്ളിൽ കയറ്റി വച്ച് ഹോട്ടലിലേക്ക് യാത്രയായി . അന്നൊരു വ്യാഴാഴ്ചയായതിനാൽ തന്നെ ദെയ്‌റ അബ്രയിൽ തിരക്കും ഇത്തിരി കൂടുതൽ ആയിരുന്നൂ . ഹോട്ടലിൽ ചെന്ന് കയറുമ്പോൾ വലിയ മേശയ്ക്കു ചുറ്റും എന്റെ വെള്ളക്കാരനായ മാനേജരും സഹപ്രവർത്തകരും ആഹാരങ്ങൾ ഓർഡർ ചെയ്തു എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നൂ . മിരാണ്ടയിലും 7 അപ്പിലും അവരോടൊപ്പം കൂട്ടുകൂടിയ എന്നെ ബിയറും ഐറിഷ് ക്രീമും കുടിപ്പിക്കാൻ എന്റെ ഇംഗ്ലീഷുകാരൻ ഒത്തിരി കഷ്ടപ്പെട്ടു . ഒടുക്കം ഒരു ബിയറിൽ ഞാൻ ആ രാത്രി അവസാനിപ്പിച്ച് ആഹാരത്തിലേക്കു കടന്നപ്പോഴേക്ക് സമയം രാത്രി പതിനൊന്ന് കടന്നിരുന്നൂ .
രാത്രികാലത്തെ സുന്ദരികൾ ഹോട്ടലിന്റെ മറ്റൊരു വശത്ത് അന്നന്നത്തെ ഇരകളെ തേടി നടക്കുന്നത് ഞങ്ങൾ അവിടെനിന്നും ഇറങ്ങുമ്പോൾ എനിക്ക് കാണാം കഴിഞ്ഞു . എന്റെ നോട്ടം കണ്ടാണ് എന്ന് തോന്നുന്നു ഇംഗ്ലീഷുകാരൻ
" ENJOY MAN, DUBAI IS A CORRECT DESTINATION FOR EVERYONE WHO WANTS TO ENJOY LIFE"
എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഒന്ന് ചമ്മി . കാരണം ഇതിനൊക്കെ കാശ് കയ്യിൽ;ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ ഞാൻ ഇവിടെ വരുന്നേ .
അവിടെ നിന്നും എന്റെ മുറിയിൽ ചെന്ന് കയറി ഉറക്കം പിടിച്ചു വരുമ്പോഴാണ് താഴെ ആരോ ഓടിപ്പോവുന്നതും മറ്റാരോ ഉച്ചത്തിൽ വിളിച്ചുപറയുന്നതും ഞാൻ കേട്ടത് . ജാലക വാതിലിലൂടെ ഞാൻ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു അപ്പോഴാണ് വെള്ള ബനിയനിട്ട ഒരാൾ ദുബായ് കുതിര പോലീസിന്റെ മുന്നിൽ ഭയചകിതനായി നിൽക്കുന്നത് കണ്ടത് ആ വെള്ള ബനിയൻ ധാരിയോടൊപ്പം അലറിക്കരയുന്ന ഒരു ആൺകുഞ്ഞും ഉണ്ടായിരുന്നൂ . ആ കാഴ്ച ദുബൈയിലെ മുഴുവൻ കാലവും എന്നെ വേട്ടയാടിക്കൊണ്ടിരുന്നൂ .
അങ്ങനെയിരിക്കെ ഒരു ദിവസം സൈറ്റ് ഓഫീസിൽ ജോലിയിൽ വ്യാപൃതനായി ഇരിക്കെയാണ് ഭാര്യ പ്രസവിച്ച വിവരം ഞാൻ അറിയുന്നത് . അന്ന് ഓഫീസിലെ എല്ലാവര്ക്കും ഞാൻ മധുരം നൽകി . അതിനടുത്ത ദിവസങ്ങളിൽ ദുബൈയിൽ വൈദ്യുത വിതരണം തടസപ്പെട്ടിരുന്നൂ . അന്നൊക്കെ സൈറ്റ് ഓഫീസിലെ ഇരുട് പിടിച്ച തുരങ്കങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ഞാൻ നടക്കാറ് കാരണം അല്ലെങ്കിൽ ആ കൂരിരുട്ടിൽ തമ്മിൽ കൂട്ടിമുട്ടി പരുക്കേൽക്കാതിരിക്കാൻ അത് ഞങ്ങളെ പലപ്പോഴും അത്തരം രീതികൾ സഹായിച്ചിരുന്നൂ .
തുടരും
പ്രവാസചരിതം - മുപ്പത്തിനാല്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
അങ്ങനെയിരിക്കെയാണ് അബ്ദുൽ ജാഫർ ഖാൻ എന്ന ഞങ്ങളുടെ ഇലക്ട്രിക്കൽ ഫോർമാനെ അടുത്തു പരിചയപ്പെടുന്നത് . വർക്ക് സൈറ്റിൽ ജോലിയും കഴിഞ്ഞു ഉച്ചസമയം ഓഫീസിലേക്ക് വരുമ്പോൾ പലപ്പോഴും കറാച്ചി ദർബാർ എന്ന ഹോട്ടലിൽ നിന്നുള്ള മൂന്ന് പാക്കറ്റ് ബിരിയാണി കാണും . ഞാൻ പലപ്പോഴും ഉച്ചസമയം സാമ്പാറോ ചെറുപയര് കറിയോ മത്സ്യ ക്കറിയോ കൂട്ടി ഊണ് കഴിച്ചു കഴിഞ്ഞ ശേഷം ആയിരിക്കും അദ്ദേഹം ബിരിയാണിയും കൊണ്ട് അങ്ങോട്ട് കയറിവരുന്നത് . ഞാൻ ഉണ്ടോ വിടുന്നൂ അവരോടൊപ്പം ബിരിയാണിയും തട്ടി ഒരു പെപ്സിയും കുടിച്ചു ഏമ്പക്കം വിട്ടാൽ ആ സുഖം ഒന്ന് വേറെ തന്നെയാണ് .
ചില വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് കെ എഫ് സി യിലെ 20 ദിർഹംസിന് ഉണ്ടായിരുന്ന അൺലിമിറ്റഡ് ഫുഡ് എന്ന ഓഫർ പലപ്പോഴും ഞങ്ങൾ ഒരു മത്സരമാക്കി മാറ്റിയിരുന്നത് ഇന്നും ഓർക്കുന്നൂ . അന്ന് ആ മത്സരത്തിൽ എട്ടോ പത്തോ കോഴിക്കാല് അകത്താക്കി വിജയശ്രീലാളിതനായി നിന്ന എന്നെ ഇന്നും ഓർക്കുമ്പോൾ ശരിക്കും രോമാഞ്ചം വരും .
ഒരു ദിവസം ഞങ്ങളുടെ മെസ്സിൽ കറിക്കരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രേട്ടൻ എന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത് . അദ്ദേഹം അടങ്ങുന്ന കുറേപ്പേർ ഏറെക്കാലമായി ഞങ്ങളുടെ കമ്പനിയിൽ ജോലിചെയ്തു വരുന്നവർ ആയിരുന്നൂ അവർ അത്താഴത്തിന് മുമ്പേ ഓരോ വലിയ പാത്രം നിറയെ സാലഡ് ഉണ്ടാക്കി കഴിച്ചു കോർണേഷിലൂടെ നടക്കാൻ പോകും . തിരിച്ചു വന്ന് ആഹാരം കഴിച്ചു മുറികളിലേക്ക് തിരിക്കും . അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ചന്ദ്രേട്ടന്റെ മുറിയിൽ കയറി ചെന്നപ്പോൾ അദ്ദേഹം സാലഡ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നൂ . അദ്ദേഹം
" സത്യാ നീയും കൂടുന്നോ, നല്ലതാ "
എന്ന് പറഞ്ഞപ്പോൾ ഞാൻ തമാശരൂപത്തിൽ
" ചന്ദ്രേട്ടാ അധികം സാലഡ് മാത്രം കഴിക്കണ്ട തലയിൽ കൊമ്പു മുളക്കും "
എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി തലയുടെ ഇരു വശങ്ങളിലും കൈകൊണ്ടു തൊട്ടു നോക്കി
" ശരിയാ ഇവിടെ എന്തോ മുഴച്ചു വരുന്നുണ്ട് , നീ പറഞ്ഞപോലെ കൊമ്പായിരിക്കും അല്ലെ "
എന്ന് പറഞ്ഞപ്പോൾ . ശരിക്കും ഞാൻ ചമ്മി എന്ന് പറയാം .
എന്താ എന്നറിയില്ല പണ്ടുതൊട്ടേ എന്റെ നാവിൽ വികട സരസ്വതി ആടിപ്പാടി ആറാടി നടക്കുവാ . പണ്ട് പലയിടങ്ങളിൽ നിന്നും ഈ നാവു കാരണം തല്ലിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് ഓർക്കുമ്പോൾ ശരിക്കും ഭയമാവും .
അങ്ങനെയിരിക്കെയാണ് ലീവ് കഴിഞ്ഞു വന്ന വത്സൻ എന്ന ഞങ്ങളുടെ കമ്പനിയുടെ അക്കൗണ്ടന്റിനെ പരിചയപ്പെട്ടത് . അദ്ദേഹത്തിന്റെ അടുത്ത് എന്ത് ചോദിച്ചാലും അതിനു കൃത്യമായ എന്നാലും തലതിരിഞ്ഞ ഉത്തരം ഉണ്ടാവും . ഇതറിയുന്ന ചിലർ ഒരിക്കൽ അദ്ദേഹം തുണികളും വാങ്ങി മുറിയിലേക്ക് നടന്നു കയറുന്ന സമയം
" വത്സേട്ടാ, എന്തൊക്കെയാ നിങ്ങൾ എവിടുന്നാ വരുന്നേ , ഇതെന്താ കയ്യിൽ ?"
എന്ന് ചോദിച്ചതിന് മറുപടിയായി
" ഞാൻ മത്സ്യ മാർക്കറ്റിൽ പോയതാ ഇത് നല്ല മത്തി ആണ് എന്താ വേണോ "
അദ്ദേഹം പറഞ്ഞപ്പോൾ ചോദ്യകർത്താവ് വായടച്ചു അവിടെനിന്നും നടന്നകന്നു . പിന്നെ അയാളെ ഞാൻ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത് . ഒരു കയ്യിൽ മദ്യഗ്ലാസ്സും മറുകൈവിരലുകൾക്കിടയിൽ എരിഞ്ഞൊടുങ്ങുന്ന സിഗരറ്റും ഒരു ബനിയനും കള്ളികൾ ഉള്ള ലുങ്കിയും അതാണ് വത്സേട്ടന്റെ സാധാരണ വേഷം . ഒരിക്കൽ അദ്ദേഹത്തോടൊപ്പം കഥകൾ കേട്ടിരുന്നപ്പോഴാണ് അദ്ദേഹം ഒരു സംഭവം വിവരിച്ചത് .
അത് ഏതാണ്ട് ഇപ്രകാരം ആകുന്നൂ . ഒരു വ്യാഴാഴ്ച അദ്ദേഹം ഒരു ഹോട്ടലിൽ ചെന്ന് മെനു നോക്കി ആഹാരം ഓർഡർ ചെയ്തു . പക്ഷെ അന്ന് കുറേനേരം കാത്തുനിന്നു ക്ഷമ നശിച്ചു എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഒരു പുക ഉയരുന്ന ഒരു ചട്ടിയും മറ്റു സാധനങ്ങളും അദ്ദേഹത്തിനു മുൻപിലെ മേശപ്പുറത്ത് കൊണ്ട് വച്ചത് . അത് കണ്ടു അദ്ദേഹം വെയ്റ്ററോട്
" ഇതെന്താ സാധനം "
എന്ന് ചോദിച്ചപ്പോൾ വെയ്റ്റർ അദ്ദേഹത്തെ നോക്കി
" സാർ ഇതാണ് താങ്കൾ ഓർഡർ ചെയ്ത ഡെസേർട് ചിക്കൻ " എന്ന് മറുപടി നൽകിയപ്പോൾ
അദ്ദേഹം അയാളെനോക്കി
" ഇത് ശരിക്കും ജൂലൈ മാസത്തിലേതായിരിക്കും അല്ലെ അല്ലാതെ ഇത്രയും കരിയില്ലല്ലോ "
ശരിക്കും ഇളിഭ്യനായി നടന്നു നീങ്ങിയ വെയ്റ്റർ പിന്നീട് ആ മേശയുടെ നാലയലത്തു വന്നില്ല എന്നാണ് വത്സേട്ടൻ പറഞ്ഞറിഞ്ഞത് .
ആയിടയ്ക്കാണ് മധുവേട്ടൻ എന്നെ വിളിച്ചു്
"എന്റെ കയ്യിൽ ഒരു പഴയ ടി വി ഉണ്ട് നിനക്ക് വേണമെങ്കിൽ എടുത്തോ"
അറിയിച്ചത് .
അങ്ങനെ ഞാൻ ഷാർജയിലെ അദ്ദേഹത്തിന്റെ മുറിയിൽ പോയി ആ ടി വി എടുത്ത് ദുബൈയിലേക്ക് തിരിച്ചെത്തിയത് . ഒരു ടെക്‌നീഷനോട് പറഞ്ഞു ഒരു ടി വി കണക്ഷനും സംഘടിപ്പിച്ചു മുറിയിൽ നിന്നും മഞ്ഞ നിറമുള്ള സ്‌ക്രീനിൽ പല സിനിമകളും അജ്‌മാൻ ടി വി യിലും റഷ്യൻ ചാനലുകളിലും കണ്ടു .
എന്റെ ആ മുറി ശരിക്കും പണ്ടത്തെ ടോയ്‌ലറ്റ് ആയിരുന്നൂ എന്നാണ് ആരോ പറഞ്ഞു അറിഞ്ഞത് . ഒരു സിംഗിൾ കോട്ട് കട്ടിൽ കഴിഞ്ഞാൽ വാതിൽ തുറക്കാനും അടക്കാനും ഉള്ള സ്ഥലം മാത്രമാണ് വീതി ആ മുറിയുടെ നീളം ഒരു കട്ടിലിന്റെയും ചെറിയ പോളിത്തീൻ കബോഡിന്റെ വീതിയും ചേരുന്നതാണ് .
ആ കാലഘട്ടം എന്നാൽ ഇന്നത്തെപ്പോലെ അനാവശ്യ ടെൻഷനോ മൊബൈലിന്റെ ശല്യമോ ഒന്നുമില്ലാത്ത മലയാളി പാര മാത്രം നിറഞ്ഞ ഒരു ലോകം തന്നെയായിരുന്നൂ . നാട്ടിൽ സഹോദരി വിവാഹം കഴിഞ്ഞു പോയശേഷം അമ്മയെ മീൻ കഴുകാൻ വെള്ളമൊഴിച്ചു കൊടുത്തും ചിലപ്പോഴൊക്കെ പച്ചക്കറികൾ അരിഞ്ഞും സഹായിച്ചതിന്റെ പരിചയം എന്നെ നല്ലൊരു പാചകക്കാരൻ ആക്കി മാറ്റി . ചില രാത്രികളിൽ അരിപ്പയസം വെയ്ക്കും അത് അടുത്ത കുറെ ദിവസങ്ങളിൽ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കും .
അങ്ങനെയിരിക്കെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരു സമയത്തെ വ്യാഴാഴ്ച എന്റെ സുഹൃത്ത് മനീഷ് എന്നോട്
" ടാക്സിക്ക് വാഫിയിലെ ഗ്ലോബൽ വില്ലേജിലേക്ക് ഏകദേശം 20 ദിർഹംസ് ആവും "
എന്ന് പറഞ്ഞപ്പോൾ
"അത് ഞാൻ കുറപ്പിച്ചു തരാം . അങ്ങനെയായാൽ ഇന്നത്തെ അത്താഴം നിന്റെ വക . എന്താ ഓക്കേ ആണോ "
എന്ന് ചോദിച്ചപ്പോൾ അവൻ ശരി എന്ന് സമ്മതിച്ചു . ശരിക്കും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിഞ്ഞും ഞാൻ കച്ച കെട്ടി കളത്തിൽ ഇറങ്ങി . അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒടുക്കം ഒരു പഠാണി ടാക്സി ഡ്രൈവറെ കൊണ്ട് 10 ദിർഹംസിന് പറഞ്ഞു ഉറപ്പിച്ചു . അങ്ങനെ ഞങ്ങളെയും കൊണ്ട് അയാൾ ഞങ്ങളെ അന്നത്തെ ഗ്ലോബൽ വില്ലേജ് സ്ഥിതിചെയ്യുന്ന വാഫി എന്ന സ്ഥലത്ത് കൊണ്ട് വിട്ടു . പണം കൊടുത്ത് നടക്കാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്റെ കയ്യിൽ പെപ്സിക്കായി 2 ദിർഹംസ് കൂടി വച്ചുതന്നു .
ആ നടത്തത്തിനിടയിൽ മനീഷ് എന്നോട് ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോഴാണ് ആ കഥ ഞാൻ അവനോടു വിവരിച്ചത് .
ടാക്സി ഡ്രൈവറോട് ആദ്യം ഞാൻ കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ 20 ദിർഹംസിൽ ഉറച്ചു നിന്നു . ഒടുക്കം ഞാൻ ഒരു കഥ മെനഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു അത് കെട്ടുകഴിഞ്ഞതും അദ്ദേഹം ഫ്ലാറ്റ് . ആ കഥ ഇങ്ങനെ യായിരുന്നൂ .
" ഭായി സാഹബ് മി ഇതർ ആക്കെ 6 മഹീന ഹോഗയാ അഭി തക് കാം പി നഹി മില , അഭി വാപ്പസ് ജാനേക്കാത . ഉദർ ഏക് ആദ്മി ആക്കെ കാം ക കുച് കരേഖ ബോല ത , മേരാ പാസ് ക 10 ദിർഹംസ് ആപ്‌കോ ദേനേക്കേ ബാദ് ജെബ് ബിൽക്കുൽ ഖാലി ഹോജായേഗാ . പെപ്‌സി പീനെകേലിയെ പൈസ പി നഹീഹെ "
" സഹോദരാ കഴിഞ്ഞ ആറുമാസക്കാലമായി ഒരു ജോലിയുമില്ലാത്ത ഒരാളാണ് ഞാൻ , നാട്ടിലേക്കു തിരിച്ചുപോകാൻ ചിന്തിച്ചിരിക്കുക ആണ് ഞാൻ . ഗ്ലോബൽ വില്ലേജിൽ ചെന്നാൽ ഒരാൾ ജോലിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നൂ . എന്റെ കയ്യിലെ 10 ദിർഹംസ് നിങ്ങൾ ക്കു തന്നാൽ എന്റെ പോക്കറ്റ് ശൂന്യമാകും ഒരു പെപ്സി കുടിക്കാൻ പോലും എന്റെ കയ്യിൽ പണമില്ല "
എന്നാണ് ഞാൻ അയാളെ പറഞ്ഞു വിശ്വസിപ്പിച്ചത് . അതിനാൽ പെപ്സി കുടിക്കാനുള്ള പണമാണ് അദ്ദേഹം നൽകിയ 2 ദിർഹംസ് .
തുടരും
പ്രവാസചരിതം - മുപ്പത്തിയഞ്ച്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
അന്ന് ഗ്ലോബൽ വില്ലേജും സന്ദർശിച്ചു് മടങ്ങുമ്പോഴേക്ക് രാത്രി ഏറെ വൈകിയിരുന്നൂ . ഞാനും മനീഷും വർണ്ണാഭമായി തിളങ്ങിനിന്ന ഗ്ലോബൽ വില്ലേജിൽ നിന്നും നേരെ പോയത് മനീഷിന്റെ താമസസ്ഥലമായ സത്വയിലേക്കാണ് . അവിടത്തെ രവി റെസ്റ്റോറന്റിൽ നിന്നും ആഹാരവും കഴിച്ചു അവന്റെ താമസസ്ഥലത്തേക്ക് നടന്ന ഞാൻ അന്ന് അവിടെ ചിലവഴിച്ചു .
അടുത്ത ദിവസം സന്ധ്യയോടെ ബർദുബൈയിലെ മുറിയിലെത്തിയ ഞാൻ അടുത്ത ദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാചകത്തിൽ മുഴുകി. ഇന്ന് ഞാൻ പാചകത്തിൽ പരീക്ഷണങ്ങൾ നടത്താൻ പ്രാപ്തനായിരിക്കുന്നൂ എന്ന് എന്റെ ചിക്കൻ കാല് ഫ്രൈയും മുട്ട റോസ്റ്റും സാമ്പാറും കണ്ടു വിലയിരുത്തി .
സാഹചര്യങ്ങൾ നമ്മെ പലതും പഠിപ്പിക്കും പക്ഷെ കൂടെ നിൽക്കുന്നവരെ വേർതിരിച്ചറിയാൻ ഒത്തിരി പ്രയാസമാണ് താനും . ചിലർ ചിരിച്ചുകൊണ്ട് കഴുത്തറക്കും ചിലർ ഗൗരവം നടിച്ചു ഏതു സാഹചര്യത്തിലും കൂടെ ക്കാണും . എന്നാലും തിരിച്ചറിയാനാവാത്തവർ ഒത്തിരിയുണ്ട് സമൂഹത്തിൽ .
അങ്ങനെയിരിക്കെ ഒരിക്കൽ ആരോ പറഞ്ഞാണ് എത്തിസലാത്തിൽ നിന്നും സിം വിതരണം ചെയ്യുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞത് . അങ്ങനെ ഞാനും ഒരു സിം സംഘടിപ്പിച്ചു അതിനായി ആദ്യമായി സീമാൻസ് എന്ന കമ്പനിയുടെ ഒരു ഫോൺ ഞാൻ വാങ്ങി .
ആ കാലഘട്ടത്തിലെ ബര്ദുബായി കാഴ്ചകളിൽ ചിലത് ഇപ്രകാരമായിരുന്നൂ .
ഒരു ദിവസം ഞാൻ ഓഫീസും വിട്ടു മുറിയിൽ എത്തി എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ കെട്ടിടത്തിന് പിന് വശത്തുള്ള ഹോട്ടലിനെക്കുറിച്ചു ഓർത്തത് . അതിന്റെ പേര് കേരള റെസ്റ്റോറന്റ് എന്നായതിനാൽ ആയിരുന്നൂ അത് . അങ്ങനെ ആ കടയിൽ ചെന്ന് ഒരു സാദാ ചായയും വാങ്ങി ഊതിഊതി കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത മേശയ്ക്കരികിൽ രണ്ട് സര്ദാര്ജിമാർ വന്നിരുന്നത് . അവർ വന്നപാടെ രണ്ടു ചായ ഓർഡർ ചെയ്തു . കടക്കാരൻ എനിക്ക് തന്നപോലെ അവർക്കും കുപ്പി ഗ്ലാസ്സിലായി സാദാ ചായ പകർന്നു കൊടുത്തു . അവർ പെട്ടെന്ന് കടക്കാരനെ നോക്കി
" ഏയ് ലിപ്ടൺ ബോലാത്താ "
എന്ന് പറഞ്ഞപ്പോൾ കടക്കാരൻ ഒരു കൂസലുമില്ലാതെ ആ ചായഗ്ലാസ്സ് എടുത്തുകൊണ്ടു പോയി രണ്ടു ലിപ്ടൺ ടി ബാഗും ഇട്ട് തിരിച്ചു നൽകി . അവർ ടീ ബാഗു ഉയർത്തിയും താഴ്ത്തിയും അവരുടെ സംഭാഷണങ്ങളിൽ മുഴുകി . ആ കാഴ്ചകണ്ട് ഞാൻ കാശു കൊടുത്ത് ഇറങ്ങാൻ നേരം ഇതേപ്പറ്റി തിരിയാക്കി . അതിനു അദ്ദേഹം
" അവർക്കു ഇങ്ങനെ ചായയിൽ മുക്കിയും താഴ്ത്തിയും കളിക്കണം അതിനു ഇതേ വഴിയുള്ളൂ "
എന്ന് മറുപടി തന്നപ്പോൾ അതിനു മുമ്പിൽ ശരിക്കും ഞാൻ ഉത്തരം മുട്ടി .
അത് കഴിഞ്ഞു അബ്രയിലേക്കു നടന്ന ഞാൻ ഒരാളുടെ ഹലോ എന്ന വിളികേട്ടാണ് തിരിഞ്ഞു നോക്കിയത് . അതൊരു പഞ്ചാബിയാണെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി . അതിൽ അദ്ദേഹം പറഞ്ഞതിൽ ചിലത് ഇതാണ്
" ഹലോ , സത്നാം ദുബായ് സെ ബാത്ത് കർത്താഹും , ഓ ഭി മേരാ നയാ മൊബൈൽ സെ , ഹാലോ സുനരഹേ ഹോ "
ഇതൊക്കെ കേട്ട് ഞാൻ അബ്രയിലെ ബോട്ടിന്റെ ശബ്ദത്തിലേക്കും കടൽക്കാക്കകളുടെ കൂട്ടയോട്ടത്തിലേക്കും കണ്ണോടിച്ചു നിന്നപ്പോഴാണ് എന്റെ ഫോണിൽ സൂര്യയുടെ കോൾ വന്നത് .
ആ കോളിൽ അവന്റെ മുറിയിൽ നിന്നും അടുത്ത ദിവസം ആരോ നാട്ടിൽ പോകുന്നുണ്ട് എന്നും . അതിനാൽ ഞാൻ കത്തെഴുതി വച്ചോ എന്ന അറിയിപ്പായിരുന്നൂ . അങ്ങനെ അടുത്ത ദിവസം ഞാൻ ഒരു കത്തെഴുതി ഓഫീസിൽ നിന്നും വരുന്ന വഴി അവന്റെ മുറിയിൽ ഏൽപ്പിച്ചു . അങ്ങനെ അത്താഴവും കഴിച്ചു മടങ്ങുമ്പോൾ സുര എന്നെ സ്വാകാര്യമായി വിളിച്ചു "
സത്യാ വ്യാഴാഴ്ച നീ വൈകീട്ട് എത്തണെ "
എന്നു അറിയിച്ചപ്പോൾ ഓക്കേ എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .
അടുത്ത ദിവസങ്ങളിൽ ഓഫീസിൽ നല്ല ജോലിത്തിരക്കായിരുന്നൂ അതിനാൽ പലപ്പോഴും വൈകി മാത്രമേ ഓഫീസിൽ നിന്നും മുറിയിലേക്ക് തിരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ . അങ്ങനെയിരിക്കെയാണ് ഒരു നാൾ മോനെ കാണണം എന്ന മോഹം എന്നെ വല്ലാതെ വേട്ടയാടി .
അങ്ങനെ ഞാൻ കമ്പനിയിൽ ഭാര്യക്ക് സുഖമില്ല എന്ന കാരണം പറഞ്ഞു ഒരുവിധം ലീവ് സംഘടിപ്പിച്ചു . അങ്ങനെ ഒരു ഏപ്രിൽ മാസത്തിൽ ഞാൻ നാട്ടിലേക്കു യാത്രയായി .
നാട്ടിലെത്തിയ ഞാൻ മകനോടൊപ്പം അവന്റെ കളിയിലും കരച്ചിലിലും മറ്റും കൂട്ടുകൂടി. അങ്ങനെയിരിക്കെ വിഷുവിന് കുറച്ചു ദിനങ്ങൾ ബാക്കി നിൽക്കേ അടുത്ത വീട്ടിൽ നിന്നും ഉയർന്ന പടക്കത്തിന്റെ ശബ്ദത്തിൽ ഞെട്ടി എന്റെ മകൻ പേടിച്ചു കരയാൻ തുടങ്ങി .
ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ഞാനും നല്ല കുറെ പടക്കങ്ങൾ വാങ്ങി . അതിന്റെ സ്ഫോടന ശബ്ദത്തിൽ മെല്ലെ മെല്ലെ എന്റെ മകന്റെ ഞെട്ടിയുള്ള കരച്ചിൽ വിട്ടുമാറി . പിന്നെ പിന്നെ ആ ശബ്ദം കേൾക്കുമ്പോൾ അവൻ ചിരിക്കാൻ തുടങ്ങി . അങ്ങനെ വിഷുവും എല്ലാവരോടും ഒപ്പം ആഘോഷിച്ചു ഞാൻ ദുബൈയിലേക്കു മടങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നഷ്ടബോധം നിഴലിച്ചിരുന്നൂ .
കുടുംബം കൂടെയില്ലാത്ത ഒരാളുടെ മനസ്സിന്റെ നഷ്ട്ബോധം .
തുടരും
പ്രവാസചരിതം - മുപ്പത്തിയാറ്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ദുബായിൽ തിരിച്ചെത്തി ജോലിത്തിരക്കുകളിലും കമ്പ്യൂട്ടർ പഠനത്തിലുമായി സമയം സമയം വളരെ വേഗം നീങ്ങി . ഓട്ടോക്കാഡ് കോഴ്സ് പൂർത്തിയാക്കിയപ്പോഴാണ് കമ്പനി ചിലരെ മൈക്രോ സ്റ്റേഷൻ എന്ന കോഴ്‌സിന് അയക്കുന്ന വിവരം ഞാൻ അറിയുന്നത് . പക്ഷെ നിർഭാഗ്യവശാൽ ആ പട്ടികയിൽ എന്റെ പേര് കണ്ടില്ല, അതിനാൽ ആ വാശിയിൽ എന്റെ പോക്കറ്റിൽ നിന്നും പണം ചിലവഴിച്ചു ആ കോഴ്‌സും ഭംഗിയായി പൂർത്തിയാക്കി.
മൈക്രോ സ്റ്റേഷനിലും ഓട്ടോക്കാ ഡിലുമായി എന്റെ ജോലി നല്ല വിധത്തിൽ പൂർത്തിയാക്കി കഴിഞ്ഞപ്പോഴേക്കും എന്നെ കമ്പനി മറ്റൊരു പ്രോജെക്ടിലേക്കു സ്ഥലം മാറ്റി. കാരണം അവിടെയുള്ള മലയാളി മാനേജരുടെ ബന്ധുവിനെ ഈ പ്രോജെക്ടിലേക്കു സ്ഥലം മാറ്റണമായിരുന്നൂ .
ആ കമ്പനിയിൽ അന്ന് ഞാൻ കണ്ട ഒരു രീതി എന്നാൽ ഒരു പ്രോജക്ടിന്റെ തുടക്കത്തിൽ ആരെയെങ്കിലും വച്ച് ഒരു വിധം നന്നായി ഫിനിഷിങ് ഘട്ടം വരെ മുന്നോട്ടു പോവും ശേഷം ആരെയെങ്കിലും ബന്ധുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്ന് മുൻപ് ജോലിചെയ്തയാളെ മറ്റൊരൂ പുതിയ പ്രോജെക്ടിലേക്കു സ്ഥലം മാറ്റും . ഈ വരുന്ന ബന്ധുവിന് പ്രൊജക്റ്റ് ക്ലോസിങ് പ്രോഫിറ്റ് വച്ചുള്ള ബോണസ്സ് കിട്ടാനുള്ള അവസരം ഒരുക്കുന്ന ഒരു വൃത്തികെട്ട രീതി നടപ്പാക്കാൻ നമ്മൾ മലയാളികൾക്കെ കഴിയൂ .
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും മലയാളികൾക്ക് പാര എപ്പോഴും മലയാളികൾ തന്നെയാണല്ലോ. എന്തെന്നറിയില്ല മതവും രാഷ്ട്രീയവും ശുപാർശയും ഇല്ലാത്ത ഒരിടം പോലും അക്കാലത്തു ഞങ്ങളുടെ കമ്പനിയിൽ കാണാൻ കഴിയില്ലായിരുന്നൂ . ആ മനഃസ്ഥിതിയുള്ള വർ കൂടുതൽ ഉള്ളതിനാലാണെന്ന് തോന്നുന്നൂ നമ്മുടെ സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കാത്തത് . പ്രവാസികളെ ക്കുറിച്ചു ഇലക്ഷൻ സമയത്ത് മാത്രം ഘോരഘോരം പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരെ മറക്കുകയും ചെയ്യുന്ന ഒരു നാട് . ഇന്നുകാണുന്ന വികസനത്തിന്റെ നല്ലൊരു പങ്കും പ്രവാസിയുടെ സംഭാവനയാണെന്ന കാര്യം പലപ്പോഴും ഭരണകർത്താക്കൾപോലും മറന്നുപോവുന്നൂ .
അങ്ങനെയിരിക്കെ എനിക്ക് കിട്ടിയ പ്രൊജക്റ്റിൽ ആദ്യകാലങ്ങളിൽ ഒന്നും തന്നെ സർവേയർ ഇല്ലായിരുന്നു, അതിനാൽ തന്നെ ആ ജോലിയും ഞാൻ തന്നെ ചെയ്യണ്ടതായും വന്നു . അതിനു ചിലപ്പോഴൊക്കെ ദുബൈയുടെ പലഭാഗങ്ങളിലും സഞ്ചരിക്കേണ്ടതായും വന്നിരുന്നൂ . അതിനുവേണ്ടി ചുട്ടുപഴുക്കുന്ന ജൂലായ് ആഗസ്ത് മാസത്തിൽ എന്റെ മലയാളിയായ മാനേജർ എനിക്ക് അനുവദിച്ചു തന്നത് ഏ സി ഇല്ലാത്ത പിക് അപ്പ് ആയിരുന്നൂ . പക്ഷെ അതിലൊന്നും എനിക്ക് ആരോടും ഒരു പരാതിയും ഇല്ല കാരണം പക്ഷെ മലയാളിയുടെ ഇത്തരം കപടത യാണ് എന്നെ പലപ്പോഴും വേദനിപ്പിച്ചത് .
ആ പ്രോജക്ടിന്റെ അവസാനഘട്ടത്തോടനുബന്ധിച്ചു് എന്റെ ഇംഗ്ലീഷ് കാരനായ പ്രൊജക്റ്റ് മാനേജർ എല്ലാ ഉപ നിർമാണ കമ്പനികളെയും ക്രോഡീകരിച്ചുകൊണ്ട് ഒരു ഏസ് ബിൽഡ് ഡ്രോയിങ് ബഞ്ച് തയ്യാറാക്കാൻ പറഞ്ഞപ്പോൾ എല്ലാവരെയും മുൾമുനയിൽ നിർത്തി ഞാൻ അത് തയ്യാറാക്കി . എല്ലാവരെയും മുൾമുനയിൽ നിറുത്തി എന്ന് ഇവിടെ പറയാൻ കാരണം ഇതാണ് . ഞങ്ങളുടെ കമ്പനി പല കമ്പനികൾക്കും കൊടുക്കേണ്ട പേയ്‌മെന്റ് പലതും നൽകാത്തതിനാൽ അവരൊന്നും ഞങ്ങളുടെ പ്ലാനിങ്ങും ആയി സഹകരിക്കാൻ ആദ്യമൊക്കെ വിമുഖത കാട്ടിയിരുന്നൂ . അതിനാൽ തന്നെ ഇംഗ്ലീഷുകാരന്റെ പിന്ബലത്താൽ മാത്രമാണ് എനിക്ക് കടുത്ത നടപടികൾ കൊണ്ട് പദ്ധതി സമയത്തു തന്നെ പൂർത്തീകരിക്കാനായത് .
ആ പ്രൊജക്റ്റ് കഴിയുമ്പോഴേക്കും എനിക്ക് ഞങ്ങളുടെ കമ്പനിയുടെ ഫേബ്രിക്കേഷൻ , ഇന്റീരിയർ ,എലെക്ട്രിക്കൽ എന്നീ ഡിവിഷനുകളിൽ താല്ക്കാലിക സ്ഥലംമാറ്റങ്ങൾ ലഭിച്ചു . അങ്ങനെ 2001 ഇൽ ഹെഡ് ഓഫീസിലെ ഡ്രാഫ്റ്സ്മാൻ അവധിക്കു പോയ സ്ഥാനത്തേക്ക് വീണ്ടുമൊരു സ്ഥലം മാറ്റം ലഭിച്ചു . ആ ഓഫീസിൽ അതുവരെ പ്ലാനുകൾ ഡ്രോയിങ് ബോർഡിൽ കൈകൊണ്ടു വരച്ചായിരുന്നൂ തയ്യാറാക്കിയിരുന്നത് . ആ സ്ഥാനത്ത് ഞാൻ ഓട്ടോകാഡ് പരിചയപ്പെടുത്തി കൊണ്ടു നിൽക്കവെയാണ് മറ്റുള്ള സഹപ്രവർത്തകർക്ക് ഇൻഗ്രിമെന്റും ബോണസും കമ്പനി നൽകിയത് . ആ പട്ടികയിൽ നിന്നും ഞാൻ മാത്രം തഴയപ്പെട്ടു . അതിനാൽ ഞാൻ ഒരു കത്ത് ഇംഗ്ലീഷിൽ തയ്യാറാക്കി എന്റെ ജനറൽ മാനേജർക്ക് കൊടുത്തു . അതിനു മറുപടിയായി അദ്ദേഹം "
യു ആർ കറന്റലി വർക്കിംഗ് ഫോർ സിവിൽ എഞ്ചിനീയറിംഗ് , ഗിവ് എ ലെറ്റർ ടു ഹിം "
എന്ന് പറഞ്ഞപ്പോൾ അതും ഞാൻ അനുസരിച്ചു . പക്ഷെ ആ മാനേജരും എന്നെ നോക്കി
" യു ഏറെ കറന്റലി വർക്കിംഗ് ഫോർ അസ് ഓക്കേ ബട്ട് യുവർ വിസ ഈസ് ഫ്രം അബുദാബി ഓഫീസ്. സീ ഗിവ് എ ലെറ്റർ ടു ഹിം "
എന്ന് പറഞ്ഞപ്പോൾ ഇത് ഒരു നടയ്ക്കു പോകില്ല എന്ന് എനിക്ക് മനസ്സിലായി . അങ്ങനെ ഈ അനുഭവങ്ങൾ കൂടി കൂട്ടിച്ചേർത്ത് മറ്റൊരു കത്ത് തയ്യാറാക്കി ഞാൻ കമ്പനിയുടെ ഡയറക്ടറെ ചെന്ന് കണ്ടു . എന്നെ കണ്ടു കത്തുവാങ്ങി ഓടിച്ചു നോക്കിയ അദ്ദേഹം
" ഗെറ്റ് ഔട്ട് "
എന്ന ഒരു വാക്കേ എന്നെ നോക്കി പറഞ്ഞുള്ളൂ
തുടരും
അതിനിടയിൽ എന്റെ വളർച്ചയിൽ കൂടെ നിന്ന ഒത്തിരി മുഖങ്ങൾ ഉണ്ട് അതിൽ എടുത്തു പറയാൻ ആവുന്ന ചിലർ മനീഷും സുരയും മധുവേട്ടനും റഫീക്കും അവന്റെ ബാപ്പയും തുടങ്ങി ഒത്തിരി പ്പേരുണ്ട് .