2021 ജൂലൈ 4, ഞായറാഴ്‌ച

മനോദു:ഖം

മനോദു:ഖം

എം .പി .എസ്സ്. വീയ്യോത്ത്

 പ്രവാസത്തിലെ മണൽപ്പരപ്പിൽ നിന്നും ജന്മനാട്ടിലെ മണ്ണിൽ കാലെടുത്ത് കുത്തിയതും മനസ്സിൽ വല്ലാത്തൊരു കുളിർമഴ പെയ്യുന്നത് ഞാനറിഞ്ഞു അപ്പോഴേക്കും വിമാനത്തിൻ്റെ ചക്രങ്ങൾ റൺവേയിലൂടെഅതിവേഗം മുന്നോട്ട് പാഞ്ഞു പോവുകയായിരുന്നു.  മനസ്സിൻ്റെ കുളിരിനൊപ്പം വെളിയിൽ എന്നെ സ്വീകരിക്കാനെന്നോണം തിമർത്ത് പെയ്ത പേമാരി തണത്ത കാറ്റിനൊത്ത് നൃത്തം ചെയ്യുന്നത് വിമാനത്തിൻ്റെ ജാലകത്തിലൂടെ കണ്ട് രസിച്ചു. 

ജന്മനാട് എപ്പോഴും നമ്മേ അമ്മയേപ്പോലെ ചേർത്ത് പിടിക്കുന്നത് ഞാൻ അങ്ങനെ അനുഭവിച്ചറിയുകയായിരുന്നു. വിമാനത്തിൽ നിന്നും വെളിയിൽ ഇറങ്ങിയ എൻ്റെ നാസാദ്വാരങ്ങളിലേക്ക് പേമാരിയിൽ കുതിർന്ന മണ്ണിൻ്റെ ഗന്ധം തുളഞ്ഞുകയറിയത് അനുഭവിച്ചറിയുകയായിരുന്നു. 

വിമാനത്താവളത്തൽ നിന്നും വീട്ടിലേക്കുള്ള  യാത്രയിൽ അൽപ്പ ദൂരം വരെ പേമാരിയും എന്നെ അനുഗമിച്ചു. അങ്ങനെ രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തിയ ഞാൻ പത്ത് ദിവസത്തോളം ഏകനായി ക്വാറൻ്റയിൻ കിടന്നു.  അങ്ങനെ പത്താം നാൾ മുതൽ പത്നിയും എൻ്റൊപ്പം ക്വാറൻ്റയിന് കൂടെക്കൂടി.

ദിവസങ്ങൾ കടന്നു പോയപ്പോൾ പഞ്ചായത്ത് ഇലക്ഷനും, നിയമസഭാ ഇലക്ഷനും ജീവിതത്തിൽ  ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാനും എനിക്കായി. തുടർന്നുള്ള ദിനങ്ങളിൽ മഴയുടെ അകമ്പടിയോടെ മണ്ണും ഞാനുമായുള്ള ദീർഘമായ കുശലാന്വേഷണങ്ങളിൽ മുഴുകി. ഇതിനിടയിൽ കൊട്ടത്തേങ്ങ, അടക്ക എന്നിവ തൊലിയുരിച്ച് വിൽക്കാനും നല്ലൊരു കൈക്കോട്ട് സംഘടിപ്പിച്ച് മണ്ണിൽ കൃഷിയിറക്കാനും വീട്ടിലെ ശുനകന് കൂടൊരുക്കാനും തൊഴുത്ത് പണിയാനും തെങ്ങിന് തടമെടുക്കാനും എനിക്കായി. അതിനിടയിൽ വീട്ടിലെ ശുനകനുമായും പശുക്കുട്ടിയുമായി ചങ്ങാത്തം കൂടാനും എനിക്കായി. മിണ്ടാപ്രാണികളിലെ പരിശുദ്ധമായ സ്നേഹം എൻ്റെ മനസ്സിനെ വല്ലാതെ മാറ്റിമറിച്ചിരിക്കുന്നു.

നാട്ടിലെ മണ്ണിലെ നനവ് പോലെ മനസ്സിനെ കീറി മുറിച്ച പലരും കൂട്ടിന് വന്നു. സ്നേഹത്തിന്  മുമ്പിൽ പണത്തിന് ഒരു മൂല്യവും ഇല്ലെന്നും മറ്റുമുള്ള എൻ്റെ പഴഞ്ചൻ തത്വചിന്തയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരം തന്നെയായിരുന്നു ആ സംഭവം.   

ആരൊക്കെയോ ആണ് എന്ന് നമ്മൾ കരുതുന്ന ചിലർ പണ്ട് കാലങ്ങളിൽ പലകുറി സഹായമായി പണമായും ആഭരണങ്ങളായ ഉപഹാരങ്ങളായും വാങ്ങിക്കൂടിയശേഷം ഈ കൊറോണക്കാലത്തെ സാഹചര്യത്തിൽ പഴയത് ഒക്കെ മറന്ന് പെരുമാറുമ്പോൾ സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഒരു വല്ലാത്ത ഭയം തോന്നിപ്പോകുന്നു. അങ്ങനെയാണ് ഒരു തിരിച്ച് പോക്കിനേക്കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്. പറ്റുമെങ്കിൽ തിരിച്ച് പ്രവാസത്തിൽ നിന്നും യഥാർത്ഥ പ്രവാസിയായി മുടങ്ങണം. തൊഴിലിനോടുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമാണ് എൻ്റെ പിൻബലം.

 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...