2022 ജനുവരി 28, വെള്ളിയാഴ്‌ച

കാലത്തിന്റെ നീതി


കാലത്തിന്റെ നീതി 

എം. പി. എസ്. വീയ്യോത്ത് 

മഞ്ഞുകാലത്തെ ആ ദിവസത്തിൽ  അന്തരീക്ഷത്തിൽ നിന്നും അയാളിലേക്ക് പടർന്നുകയറിയ ചെറുകാറ്റിന്റെ കൈവിരലുകളിൽപോലും ഒരു ചെറു ചൂട് അനുഭവപ്പെട്ടിരുന്നു. നിവർത്തിപിടിച്ച പത്രത്താളുകളിലെ  ചരമക്കോളത്തിൽ ആരുടെയോ മുഖം പരത്തുകയായിരുന്നൂ അപ്പോൾ അയാൾ. കാറ്റിൻ കൈവിരലുകൾ വല്ലാതെ അയാളെ അലോസരപ്പെടുത്തുന്നത് ആ മുഖത്ത് ദൃശ്യമായിരുന്നൂ. കാലത്തെ തണുപ്പിൽ നിന്നും വഴിമാറി മധ്യാഹ്നത്തോടെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂട് ഇന്നുവരെ അയാളെ  ഇത്രത്തോളം ചുട്ടുപൊള്ളിച്ചിട്ടില്ല. ആ  പത്രത്താളിലെ "വിശപ്പിനാൽ വലഞ്ഞ ഒരു മനുഷ്യജീവിയെ ചിലർ കള്ളൻ എന്ന് മുദ്രകുത്തി തല്ലിക്കൊന്ന കേസിന്റെ തുടർനടപടികളും അതിലെ  മനുഷ്യത്വരഹിതമായ  നടപടിക്രമങ്ങളും വിവരിക്കുന്ന ആ വാർത്ത അയാളുടെ മനസ്സിനെ വല്ലാതെ ഉലച്ചു. നീതിയും ന്യായവും മനുഷ്യത്ത്വവുമല്ല മറിച്ചു് എതിർകക്ഷിയുടെ പണവും സ്വാധീനവുമാണ് സർവ്വതും നിശ്ചയി ക്കുന്നത് എന്നോർത്ത് അയാളുടെ മനസ്സ് നീറി. ഒരേ കണ്ണുകളിൽ കൂടി എല്ലാവരെയും നോക്കിക്കാണാൻ നമ്മെ വീണ്ടും വീണ്ടും ഓർമ്മിക്കാൻ പ്രകൃതി തന്നെ തീരുമാനിച്ചിറങ്ങിയതിന്റെ ഫലമെന്നോണം പ്രളയമായും സുനാമിയായും കോറോണയായും ഇപ്പോൾ ഒമിക്രോണായും നമ്മെ പാഠം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നൂ  ഒരിക്കലും നാം പഠിക്കാത്ത പാഠം . ആ പാഠമാണ് ഈ മഞ്ഞുകാലത്തും ഒരു ചെറു കാറ്റായി അയാളുടെ ദേഹത്തെ ഒന്ന് പൊള്ളിച്ചത്. ചിന്തിക്കുക മനസിലാക്കുക മറക്കാതെ കാക്കുക  

പ്രവാസചരിതം

പ്രവാസചരിതം  - ഒന്ന് 

സാമർത്ഥ്യങ്ങളും തന്ത്രങ്ങളും

എം. പി. എസ്. വീയ്യോത്ത് 

പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് ജന്മനാട്ടിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് പതിനഞ്ചു മാസം കടന്നുപോയത് പോലും  നീറുന്ന ഒരോർമ്മയായി മാറിയിരിക്കുന്നൂ. ജീവിതത്തിലെ നല്ലകാലമായ യുവത്വത്തിൽനിന്നും  ഇന്ന് മധ്യവയസ്‌കനിലേക്ക് പരിണാമം സംഭവിച്ചിരിക്കുന്നൂ . പണ്ട് ബച്ചൻ സ്റ്റൈലിൽ ചീകി ഒതുക്കി വച്ചിരുന്ന  തലമുടികളിൽ പലരും പാതിവഴിയിൽ   കൊഴിഞ്ഞുതുടങ്ങിയിരുന്നല്ലോ. ഇന്ന് സ്വന്തമായി നെറ്റിയിൽ നിന്നും  ശിരസ്സിന്റെ നെറുകയിലേക്ക് കഷണ്ടി കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നൂ . അതിനിടയിൽ എന്നോ എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഒരു  വിഗ്ഗ് തലയിൽ  വെച്ച് പിടിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവസാനം അത്  ഞാൻ ഉപേക്ഷിച്ചു . പ്രവാസത്തിലെ ചില ശീലങ്ങളായ സത്യവും ന്യായവും കഠിനാധ്വാനവും ആത്മാർത്ഥതയും കൊണ്ട് നാട്ടിൽ വന്നപ്പോഴാണ് ചുറ്റും എളുപ്പവഴിയിൽ ഓരോ ദിവസവും എങ്ങനെ സുഖിച്ചു കഴിയാം എന്ന് ഗവേഷണം നടത്തുന്ന ചിലരെ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത് . നമ്മെ സുഖിപ്പിച്ചു നമ്മുടെ ചിലവിൽ വരവും ചെലവും നടത്തുന്ന ചിലർ. നാട് വിട്ടാൽ  മലയാളികളെ പറ്റിക്കാൻ നടക്കുന്ന ചില മലയാളികളെ കണ്ടു പരിചയിച്ച എന്റെ അടുത്തു അവരുടെ സുഖിപ്പിക്കൽ അത്ര ഏശിയില്ല എന്ന് മാത്രമല്ല അത്തരക്കാരെ ഒതുക്കാനും നമുക്കറിയാമല്ലോ . 

സ്‌കൂളിലെ ഒടിഞ്ഞു പോയ ടൈംടേബിളിന്റെ കാലുമാറ്റാൻ എന്നും പറഞ്ഞു വീട്ടിൽനിന്നും   പൈസവാങ്ങിയ  പിള്ളേരുടെ  സംഘത്തിന്റെ അടുത്താണോ വേലവെപ്പ്. പ്രവാസികൾ അതും പഴയകാല എന്നുകൂടി കൂടെ ചേർക്കണം . 

 പഴയ ഒരു സംഭവം പറയാം  

ഷാർജയിലെ മുറിയിൽ എന്റെ സഹോദരന്റെ സുഹൃത്ത് എന്നും  അരികിൽ വന്ന്   അടുത്ത ദിവസത്തെ ഇന്റർവ്യൂ എവിടെയായാണ് എന്ന്  തിരക്കും തുടർന്ന്  കാലത്തു തന്നെ അവിടെ എത്തി അതിൽ പങ്കെടുക്കണം എന്നും ഉപദേശിച്ചു മടങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ സഹോദരൻ ഇയാളോട് ഇന്റർവ്യൂ വിവരങ്ങൾ സത്യസന്ധമായി പറയരുത് എന്ന് തീർത്ത് പറഞ്ഞു . അന്നും വൈകീട്ടോടെ അയാൾ വീണ്ടും അടുത്ത ദിവസത്തെ എന്റെ ഇന്റർവ്യൂ  വിവരങ്ങൾ തിരക്കാനായി അരികിലെത്തി. സഹോദരൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഉണ്ടായിരുന്നതിനാൽ ഞാൻ അയാൾക്ക്‌ തെറ്റായ വിവരങ്ങൾ നൽകി സന്തോഷത്തോടെ തന്നെ തിരിച്ചയച്ചു. അടുത്ത ദിവസം ഉച്ചയോടെ തന്നെ  അയാൾ എന്റെ അരികിൽ എത്തി  അവിടെ ഇന്റർവ്യൂ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ തന്നെ അയാളുടെ മനസ്സിലിരിപ്പും സഹോദരൻ പറഞ്ഞതിന്റെ പൊരുളും എനിക്ക് മനസ്സിലായി. എന്റെകയ്യിൽ  നിന്നും ഇന്റർവ്യൂ വിവരങ്ങൾ മനസ്സിലാക്കി അയാളുടെ സഹോദരനെ അവിടങ്ങളിൽ പറഞ്ഞയക്കുന്ന ആ ബുദ്ധി എന്നെ ശരിക്കും ഞെട്ടിച്ചു. ഇതൊക്കെ ഇവിടെ സർവ്വ സാധാരണം ആണല്ലോ .

തുടരും 

പ്രവാസചരിതം -രണ്ട് 

ആദ്യ ജോലിയും അനുഭവങ്ങളും 

എം. പി. എസ്. വീയ്യോത്ത് 

 പ്രവാസകാല ജീവിതത്തിലേക്ക് കടക്കുന്നതിന്  മുമ്പായി നാട്ടിലെ ചില എന്റെ മേച്ചിൽ പുറങ്ങളെ ക്കുറിച്ചുകൂടി ഇവിടെ കുറിക്കാം  .

ആദ്യമായി ജോലിക്ക്  കയറിയത് സർക്കാർ ആശുപത്രി പരിസരത്തെ ഒരു വീടിന്റെ പ്ലാൻ വരയ്ക്കുന്ന  ഓഫീസിൽ ആണ്.  ആ ഓഫീസിൽ  ജോലിയ്‌തിരുന്ന അവസരത്തിൽ ആണ് എന്റെയുള്ളിൽ ഘനീഭവിച്ചിരുന്ന  മരണത്തോടും മൃതദേഹത്തോടും ഉണ്ടായിരുന്ന  വല്ലാത്തൊരു ഭീതി  തെല്ലൊന്നു വിട്ടകന്നത്  . അതെങ്ങനെ എന്നല്ലേ , പറയാം .

 ആശുപത്രിയുടെ പ്രധാനകവാടത്തിന് എതിർവശത്തായി ആയിരുന്നൂ  ഞാൻ ജോലിചെയ്തിരുന്ന ഓഫീസ് മുറി  സ്ഥിതിചെയ്തിരുന്നത് . അതുകൊണ്ടുതന്നെ  ആശുപത്രിയിലേക്ക്  ആംബുലൻസ് ഏതു സമയം അലറിവിളിച്ചു വന്നാലും  മോർച്ചറിക്ക് മുന്നിൽ  കൗതുകത്തോടെ ഓടിക്കൂടുന്ന ആൾക്കൂട്ടത്തിൽ പലപ്പോഴും ഞാനും കാണുമെന്നത് തന്നെ . ആ മൃതദേഹങ്ങളിൽ     അപകടമരണത്തേക്കാൾ ആത്മഹത്യ ചെയ്തവർ ആയിരുന്നൂ കൂടുതൽ  . ആദ്യ നാളുകളിൽ ഒക്കെ  ആ കാഴ്ചകണ്ട്‌  വൈകീട്ട് വീട്ടിൽ ചെന്ന് ഒന്നുറങ്ങാൻ തന്നെ ഞാൻ നന്നേ പാടുപെട്ടിരുന്നൂ .  കണ്ണടച്ചാൽ ആ ജീവസറ്റ മുഖങ്ങൾ കൺമുമ്പിൽ തെളിഞ്ഞുവരും . പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാൻപോലുമറിയാതെ ഉറക്കിലേക്ക് വഴുതിവീഴാറാണ് പതിവ് .  തുടർന്നുള്ള  ദിവസങ്ങളിൽ പോകെപ്പോകെ  ആ കാഴ്ചകളുമായി എന്റെ ചിന്താമണ്ഡലം പൊരുത്തപ്പെട്ടു എന്ന് തോന്നി . 

അങ്ങനെയിരിക്കെയാണ്    വടകര നഗര ഹൃദയത്തിലെ  മറ്റൊരു കൺസ്റ്റ്‌ക്ഷൻ കമ്പനിയിലേക്ക് എനിക്ക് ജോലി വാഗ്ദാനം ലഭിച്ചത് . അത് എന്റെ കഴിവ് കൊണ്ടൊന്നുമല്ല മറിച്ചു്  എന്റെ പിതാവിന്റെ സ്വാധീനശക്തി അതാണ് അതിനുള്ള വഴിയൊരുക്കിയത് . അത് ചെലവ് ചുരുങ്ങിയ  രീതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന ഒരു സ്ഥാപനമായിരുന്നൂ . അതിലെ എഞ്ചിനീയർ മാരോടൊപ്പമായിരുന്നൂ  തുടർന്നുള്ള എന്റെ ജോലി . അതിനിടയ്ക്കാണ് കമ്പനി മാനേജർ എന്നോട് ഒരു ലോഡ് ചെങ്കല്ലുമായി തൃക്കരിപ്പൂർ പോകുന്ന ലോറിയിൽ അവിടെ വരെ ഒന്ന് പോയി വരാൻ ആവശ്യപ്പെട്ടത് . 

അന്നേദിവസം അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹ തലേന്നാൾ ആയിരുന്നു താനും . ഒരു ടീവി പരിപാടിയിൽ കേട്ട വാചകം പോലെ "ഇതേ പോയി  ഇതാ വന്നു" എന്ന് മനസ്സിൽ കരുതിയെങ്കിലും തൃക്കരിപ്പൂർ  നിന്നും ചെങ്കല്ല് ഇറക്കി എണ്ണി തിട്ടപ്പെടുത്തി ലോറി  കാഞ്ഞങ്ങാട്ടേക്ക് പോയി . ഞാൻ നടന്നും വഴിയിൽ കണ്ട ബസ്സിൽ കയറിയും പയ്യന്നൂർ ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി. അവിടെനിന്നും  വടകരയ്ക്കുള്ള ഒരു ബസ്സിൽ കയറി ചുറ്റി കറങ്ങി ആ ബസ്സ് വടകര സ്റ്റാൻഡിൽ എത്തുമ്പോൾ സമയം രാത്രി പന്ത്രണ്ടായി . 

ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിക്കുള്ള വഴിയിൽ വച്ച്  എനിക്ക്   വഴിതെറ്റിവന്ന ഒരു നിലാവിനെ കൂട്ടിന്  കിട്ടി. പണ്ടേ ഒറ്റയ്ക്ക് നടക്കുമ്പോൾ കഥപറഞ്ഞോ പാട്ടുപാടിയോ നടക്കുന്നത് ഒരു ശീലമാക്കിയതിനാൽ അന്ന് പാട്ടിന്  സമയം കണ്ടെത്തി.   

വീട്ടിൽ ചെന്ന് കയറി കാളിംഗ് ബില്ലിൽ  വിരൽ അമർത്തിയപ്പോൾ  അമ്മയാണ് അന്ന് വന്നു വാതിൽ തുറന്നു തന്നത് . അവർ കരുതിയത് ഞാൻ ഇത് വരെ കല്യാണ വീട്ടിൽ ആയിരുന്നൂ എന്നായിരുന്നൂ . ഞാൻ അവരോടു തൃക്കരിപ്പൂർ യാത്രയെക്കുറിച്ചു പറയാൻ തുടങ്ങിയെങ്കിലും അവർ അപ്പോഴേക്കും അകത്തേക്ക് നടന്നകന്നിരുന്നൂ .

തുടരും  

പ്രവാസചരിതം - മൂന്ന് 

ആദ്യ ജോലിയും അനുഭവങ്ങളും 

എം. പി. എസ്. വീയ്യോത്ത് 

തൊട്ടടുത്ത നാളുകൾ  ഓഫീസിലെ ജോലിത്തിരക്കും വൈകീട്ട്   സുഹൃത്തുക്കളോടൊപ്പമുള്ള   പുതു സിനിമാ വിശേഷങ്ങളുമായി കടന്നുപോയി . 

അങ്ങനെയിരിക്കെയായിരുന്നൂ  ഒരു നാൾ കാലത്തു  ഞങ്ങളുടെ അയൽവീട്ടിൽ താമസിച്ചിരുന്ന  എഞ്ചിനീയർ അവശനായി വീട്ടിൽ കഴിയുകയാണെന്നും   അദ്ദേഹത്തിന് എന്നെ കാണാൻ താല്പര്യം ഉണ്ടെന്നും അച്ഛൻ വന്നറിയിച്ചത്  .  ക്ഷണനേരം കൊണ്ട്  വസ്ത്രം മാറി അദ്ദേഹത്തിന്റെ വീട്  ലക്ഷ്യമാക്കി  ഞാൻ യാത്ര തിരിച്ചു .   അവിടെ  ചെന്ന് കയറുമ്പോൾ അദ്ദേഹത്തിന്റെ   ഭാര്യയും കുട്ടികളും  ഹാളിൽ എന്റെ വരവും പ്രതീക്ഷിച്ചു് ഇരിപ്പുണ്ടായിരുന്നൂ . അവർ എന്നെ അദ്ദേഹം കിടക്കുന്ന മുറിയിലേക്ക് ആനയിച്ചു . അരോഗ ദൃഢ ഗാത്രനായ അദ്ദേഹത്തിന്റെ ശരീരം നന്നേ ശോഷിച്ചിരുന്നൂ , ആ കാഴ്ച എന്നെ നന്നേ വേദനിപ്പിച്ചു . ഒരു തികഞ്ഞ  പുകവലിക്കാരനായിരുന്ന  അദ്ദേഹത്തിന്റെ സംസാര  ശേഷിപോലും നഷ്ട്ടപ്പെട്ടതായി അയാളിൽ നിന്നും ഞാൻ കേട്ട ശബ്ദങ്ങളിൽ നിന്നും  തിരിച്ചറിയാനായി  . 

 അദ്ദേഹം  എന്റെ കയ്യിൽ   ഒരു കെട്ടിടത്തിന്റെ പ്ലാൻ  ഏൽപ്പിച്ചു് കൊണ്ട് 

" ഇതിനെ  ട്രെയിസിലേക്കു പകർത്തി ബ്ലൂ  പ്രിന്റ് എടുത്ത് തരാമോ" 

എന്ന് ഭാര്യമുഖേന  ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്ത്  അവിടെനിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു . 

വീട്ടിൽ തിരിച്ചെത്തി  ഓഫീസ്‌മുറിയിലെ എന്റെ ഡ്രോയിങ് ബോര്ഡില് അദ്ദേഹം ഏൽപ്പിച്ച പ്ലാൻ ഒട്ടിച്ചു ട്രെയ്‌സ് ജോലികൾ ആരംഭിച്ചു . രാത്രിയോടെ ആ ജോലിതീർത്തു ട്രെയ്‌സ് ചുരുട്ടി  സൂക്ഷിച്ചു വച്ചു . 

അടുത്ത ദിവസം കാലത്ത്  നേരത്തെ തന്നെ ഓഫീസിലേക്ക് യാത്ര തിരിച്ചു .  തലേന്നു ചുരുട്ടി സൂക്ഷിച്ച ട്രെയ്‌സും കയ്യിൽ കരുതി.   ഓഫീസിൽ എത്തി ആദ്യം അദ്ദേഹത്തിന്റെ പ്ലാനിന്റെ രണ്ട് ബ്ലൂ പ്രിന്റ് എടുത്ത് മേശയിൽ വച്ചു . വൈകീട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക് നടന്നപ്പോഴാണ് ഒരു ആംബുലൻസ് എന്നെ കടന്ന് മുന്നോട്ടു പോവുന്നത് ഞാൻ ശ്രദ്ധിച്ചത് . അതിലെ മുഖങ്ങളിൽ ഒന്ന് എഞ്ചിനീയറുടെ ഭാര്യയുടേ തായിരുന്നൂ എന്ന് എനിക്ക് തോന്നി . തുടർന്നുള്ള എന്റെ കാൽപ്പാടുകളുടെ വേഗം കൂടിയോ എന്നൊരു സംശയം .  

വീട്ടിലേക്കുള്ള വഴി ഞാൻ എഞ്ചിനീയറുടെ വീട്ടിൽ കയറി അപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം മകൾ  പറഞ്ഞറിഞ്ഞത് . കയ്യിൽ കരുതിയ ബ്ലൂ പ്രിന്റും ട്രയ്‌സും ഞാൻ അവളെ ഏൽപ്പിച്ചു വീട്ടിലേക്കു മടങ്ങി .അവളിൽ നിന്നും അദ്ദേഹത്തെ അഡ്മിറ്റ് ചെയ്ത ആശുപത്രിയുടെ പേരും വിവരങ്ങളും ചോദിച്ചറിയാൻ ഞാൻ മറന്നില്ല .

 അടുത്ത ദിവസം ഞാൻ സമയം കണ്ടെത്തി നേരത്തെ തന്നെ ആശുപത്രിയിൽ ചെന്ന് അദ്ദേഹത്തെ സന്ദർശിച്ചു . ആ സമയം ഗ്ലുകോസും ഇൻജക്ഷനും ഘടിപ്പിച്ച്‌  അദ്ദേഹം കിടക്കയിൽ കണ്ണും അടച്ചു കിടപ്പായിരുന്നൂ . എന്റെ വരവറിയിച്ചുകൊണ്ടു അദ്ദേഹത്തിന്റെ ഭാര്യ അയാളുടെ കാതിൽ എന്തോ പറഞ്ഞു . അയാൾ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു . എനിക്ക്  ദുഃഖം വന്നാൽ എന്നും കണ്ണുകൾ വല്ലാതെ എരിയാറുണ്ടായിരുന്നൂ  അതിനാൽ തന്നെ എന്റെ മുഖത്ത് മറു പുഞ്ചിരി വിടർത്താൻ  ഞാൻ നന്നേ പാടുപെട്ടിരുന്നൂ  . അതിനിടയിലായി അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം  അദ്ദേഹത്തിന്റെ ഭാര്യ എന്നെ ഒരു തുക ഏൽപ്പിച്ചു . ഞാൻ കഴിവതും അത് സ്നേഹത്തോടെ നിരസിക്കാൻ ഒത്തിരി ശ്രമിച്ചു അതിനു മറുപടിയായി അവർ 

" അദ്ദേഹം സന്തോഷത്തോടെ നിനക്ക് നൽകുന്ന  നിന്റെ ജോലിക്കുള്ള പ്രതിഫലം ആണ് ഇത്. " 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു . മനസ്സില്ലാമനസ്സോടെ ആ തുകയും വാങ്ങി വീട്ടിൽ എത്തി അച്ഛനെ ആ തുക ഏൽപ്പിച്ചപ്പോഴും എന്റെ മനസ്സ് വല്ലാതെ നീറുന്നതായി ഞാൻ അറിഞ്ഞിരുന്നൂ . എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രതിഫലം അതായിരുന്നൂ .

അടുത്ത  പ്രഭാത ത്തിൽ മുറ്റത്ത് നിന്ന് ഗേറ്റുവരെ നടക്കാൻ തുടങ്ങിയപ്പോൾ ആണ് വഴിയിലൂടെ ഒത്തിരിപ്പേർ നടന്നു നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത് . അച്ഛൻ അവരിൽ ഒരാളോട് വിളിച്ചു വിവരം തിരക്കി . അപ്പോഴാണ് എഞ്ചിനിയർ നമ്മെ വിട്ടു പിരിഞ്ഞ വിവരം അറിഞ്ഞത് . അമ്മയും  അച്ഛനും അപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെട്ടു . പക്ഷെ ആ ചേതനയറ്റ ആ ദേഹം കാണാനുള്ള ശക്തി എനിക്കില്ലാത്തതിനാൽ ഞാൻ എനിക്ക് കിട്ടിയ ആ തുക അമ്മയോട് അദ്ദേഹത്തിന്റെ ഭാര്യക്ക് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു . പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ആ തുക സ്നേഹത്തോടെ നിരസിച്ചു കൊണ്ട് അമ്മയോട് കരഞ്ഞുകൊണ്ട് 

" ഇത് അദ്ദേഹം അവനു ഇഷ്ടപ്പെട്ട് കൊടുത്തതാണ്, അവൻ ഞങ്ങൾക്ക് മകനെപ്പോലെ തന്നെ യാണ് " 

എന്ന് പറഞ്ഞപ്പോൾ  ഞാൻ അറിയാതെ അവരുടെ കുടുംബത്തിലെ ഒരു അംഗമായത് പോലെ  തോന്നി . തുടർന്നുള്ള  നാളുകളിൽ അവരുടെ മക്കൾ  എന്നെ എവിടെ വച്ച് കണ്ടാലും ഒരു ജ്യേഷസഹോദരനെപ്പോലെ   പെരുമാറുന്നത്  കണ്ടപ്പോൾ ഞാൻ മനസ്സ് കൊണ്ട് ഒത്തിരി സന്തോഷിച്ചു .

തുടരും 

പ്രവാസചരിതം - നാല് 

ടൈപ്പിംഗ് പഠനവും  അനുഭവങ്ങളും 

എം. പി. എസ്. വീയ്യോത്ത് 

അന്ന്  ഒരു തിങ്കളാഴ്ച ആയിരുന്നൂ .  ഓഫീസ് സമയം കഴിഞ്ഞു നേരെ    നഗരത്തിലെ ഒരു ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിട്യൂട്ടിൽ ഞാൻ ചെന്ന് അഡ്മിഷൻ എടുത്തു . അവിടെ നിന്നും   ടൈപ്പ് റൈറ്റിംഗ് ആദ്യാക്ഷരങ്ങൾ ആയ "a s d f g f  ; l k j h j " ലൂടെ  എന്റെ ടൈപ്പിംഗ് വിദ്യാഭ്യാസം ആരംഭിച്ചു . അങ്ങനെയിരിക്കെയാണ്  ഒരു ദിവസം ക്‌ളാസിൽ എത്തിയ എനിക്ക് നേരെ ടീച്ചർ ഒരു മിട്ടായി വച്ച് നീട്ടിയത് .അവർ ചിരിച്ചുകൊണ്ട്  

" ഇവിടെ പഠിക്കുന്ന ഒരു കുട്ടിയുടെ പിറന്നാൾ ആണ് അതിനാൽ അവൾ ഇവിടെ എല്ലാവര്ക്കും തരാനായി ഏൽപ്പിച്ചതാ ഇത് " 

എന്ന് പറഞ്ഞപ്പോൾ  അറിയാതെ എന്റെ മനസ്സിൽ ആ കുട്ടിയെ കാണാൻ ഒരു മോഹം ഉദിച്ചു . അങ്ങനെ അടുത്ത ദിവസം വൈകീട്ട് ഓഫീസിൽ നിന്നും  നേരത്തെ തന്നെ ഇറങ്ങി .  

ഞാൻ ധൃതിപിടിച്ചു നടന്നു ഇന്സ്ടിട്യൂട്ടിൽ ചെന്ന് കയറുമ്പോൾ ടീച്ചറുടെ അരികിൽ ഇരിക്കുകയായിരുന്നു  സുന്ദരിയായ ഉണ്ടക്കണ്ണുകാരിയെ  എനിക്ക് വല്ലാതെ ബോധിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ അവളെ കാണാനായി മാത്രം  ഇൻസ്റ്റിട്യൂട്ടിൽ പോകുന്നത് ഞാൻ ഒരു ശീലമാക്കി മാറ്റി . 

അതിനിടയ്ക്കാണ് എന്റെ മുത്തച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞ വാർത്ത ഓഫീസിൽ എന്നെ തേടിയെത്തിയത് . തുടർന്ന് ഞാൻ അവിടെനിന്നും  തറവാട്ടിലേക്ക് യാത്ര തിരിച്ചു .  മരണവിവരം അറിയിക്കാനായി എന്റെ ഒരു    കസിനേയും കൂട്ടി അവന്റെ ബൈക്കിൽ ഞങ്ങൾ പലയിടങ്ങളിൽ  യാത്ര ചെയ്തു  . അന്ന് ഈ കാലഘട്ടത്തിലെ പ്പോലെ മൊബൈൽ ഫോണോ ഇന്റര് നെറ്റോ  ഒന്നുമില്ലായിരുന്നല്ലോ. 

 വൈകീട്ടോടെ  മുത്തച്ഛന്റെ അന്തിമ സംസ്ക്കാരം  വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നൂ .  നല്ലൊരു അധ്യാപകനായ അദ്ദേഹത്തിന് ഒരു വലിയ ശിഷ്യഗണം തന്നെയുണ്ടായിരുന്നൂ.   തുടർന്നുള്ള നാളുകൾ  ദുഃഖാചരണവും മറ്റുമായി  ഒരു വിധം ഭംഗിയായി കടന്നുപോയി . മുത്തച്ഛന്റെ ചരമവും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഞാൻ കുറെ ദിവസം ഓഫീസിൽ നിന്നും അവധി എടുത്തതിനാൽ തുടർന്നുള്ള നാളുകളിൽ പിടിപ്പത് ചെയ്തുതീർക്കാൻ ഉണ്ടായിരുന്നൂ . അങ്ങനെയിരിക്കെയാണ്   എന്റെ  വൈകീട്ടുള്ള ടൈപ്പിംഗ് ക്ലാസും സജീവമായി  പുനരാരംഭിച്ചത്  .  

ദിവസങ്ങളും മാസങ്ങളും കടന്നുപോയത് ശരവേഗത്തിൽ ആയിരുന്നൂ . ആ വര്ഷം ഡിസംബറിൽ ആയിരുന്നൂ എന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്  .  മുത്തശ്ശന്റെ ചരമവുമായി ബന്ധപ്പെട്ട്  ഒത്തിരി ലീവ് എടുത്തിരുന്നതിനാൽ  സഹോദരിയുടെ വിവാഹത്തിന് ലീവ് കിട്ടുന്നത് ബുദ്ധിമുട്ടായി വന്നപ്പോൾ  ഞാൻ ആ ജോലി  ഉപേക്ഷിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ അച്ഛനോടോപ്പം സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റു തിരക്കുകളിലേക്ക് ഞാനും  മുഴുകി . ഈ അവസരത്തിലും വൈകീട്ടുള്ള  ടൈപ്പിംഗ് ക്ലാസിനു ഒരു ഭംഗവും വരുത്തിയില്ല  . 

സഹോദരിയുടെ വിവാഹ തലേന്നാൾ അച്ഛനുമായി ബന്ധപ്പെട്ട ഒത്തിരി ആളുകൾ എത്തിച്ചേർന്നിരുന്നൂ അതിനിടയിൽ എന്റെ മനസ്സിന് സന്തോഷം   നൽകിയത് ആ പെൺകുട്ടിയുടെ സാന്നിധ്യമായിരുന്നൂ . ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിട്യൂട്ടിൽ നിന്നും വന്നവരുടെ കൂട്ടത്തിൽ അവളുടെ മുഖത്തെ പുഞ്ചിരി എന്റെ മനസ്സിന്  ഒത്തിരി കുളിർമ്മ യേകി .  അവളുടെ മുഖവും മറ്റും എന്റെ കസിനോട് പറഞ്ഞു ഞാൻ കാമറയിൽ പകർത്തി എങ്കിലും എങ്ങനെയോ ആ ചിത്രങ്ങളും എനിക്ക് നഷ്ടപ്പെട്ടു .

സഹോദരിയുടെ വിവാഹ നാളിൽ തന്നെയായിരുന്നൂ  ചിലർ  ബാബരി മസ്ജിദ് പൊളിച്ചത് . അതിനാൽ തന്നെ തുടർന്നുള്ള ദിവസങ്ങൾ വിവിധ രാഷ്ട്രീയ മത സംഘടന കളുടെ ആഭിമുഖ്യത്തിലുള്ള ബന്തും ഹർത്താലുമായി സംഘർഷ ഭരിതമായി  കടന്നുപോയി  .

ആ സംഘർഷ തീമഴ  ഒരുവിധം കെട്ടടങ്ങിയ ശേഷം മാത്രമാണ് ഞങ്ങൾക്കു എന്റെ സഹോദരിയുടെ വീട്ടിലേക്കു ഒന്ന് പോകാനായത് . തുടർന്നുള്ള നാളുകളിൽ  അമ്മയുടെ കൈസഹായി ഞാൻ മാറി  . അങ്ങനെ അത്യാവശ്യം വേണ്ട അടുക്കള പണികൾ അമ്മയിൽ നിന്നും എനിക്ക് മനസ്സിലാക്കാനായി  . 

തൊഴിൽരഹിതനായ  എനിക്ക് ജോലി സംഘടിപ്പിച്ചു  തരാനായിരുന്നൂ അച്ഛന്റെ  തുടർന്നുള്ള ശ്രമങ്ങൾ  . അതിന്റെ ഫലമെന്നോണം കോഴിക്കോട്ടു കാരനായ ഒരു സർക്കാർ കോൺട്രാക്ടറുടെ ധർമ്മടം പോസ്റ്റ് ആഫിസിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഞാൻ ഒരു വർക്ക് സൂപ്രണ്ടായി മുഴുകി . കാലത്തു ഒരു പറ്റം സുഹൃത്തുക്കളോടൊപ്പം വടകരയിൽ നിന്നും ധർമ്മടം സ്റ്റേഷൻ വരെ എന്നും ഞാൻ യാത്ര ചെയ്യും . തിരിച്ചു്   രാത്രികാലങ്ങളിൽ വളരെ  വൈകിയാണ് എന്റെ മടക്കയാത്ര . 

ആദ്യമാദ്യം കാടുപിടിച്ചു കിടന്ന ആ പ്രദേശം വൃത്തിയാക്കി നിർമ്മാണ യോജ്യമാക്കുക അതായിരുന്നൂ എന്റെ ആദ്യ  ജോലി. കാട് പിടിച്ചു കിടന്ന ആ പ്രദേശം വെട്ടി തെളിക്കാൻ തുടങ്ങിയ ഞങ്ങൾക്ക് പലപ്പോഴും  പാമ്പുകൾ ഒരു പേടി സ്വപ്നമായി മാറിയത് അന്നാണ് . തുടർന്ന് മെല്ലെമെല്ലെ ഫൌണ്ടേഷൻ ജോലികൾലും ഒരു വിധം ആരംഭിച്ചു ,  ആ  ശനിയാഴ്ച  രാത്രിയ്ക്കു കട്ടികൂടിയത് പോലെ എനിക്ക് അനുഭവപ്പെട്ടു  . എന്റെ മനസ്സ് എന്തോ വല്ലാതെ അസ്വസ്തമായത്‌ പോലെ എനിക്ക് തോന്നി ഒപ്പം   വീട്ടിലേക്കുള്ള മടക്കയാത്രയിൽ  വഴിക്കു  ദൂരം കൂടിയോ എന്നും .  

അടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നൂ . അന്ന്   ഉച്ചയോടെയാണ്  എന്റെ സഹോദരീഭർത്താവ് വീട്ടിലേക്കു വന്നു ചേർന്നത്  . അന്ന് രാത്രി  വെറുതെ കട്ടിലിൽ ഫാനും നോക്കി കിടന്ന  എന്നെ അച്ഛൻ വിളിച്ചെഴുന്നേല്പിച്ചപ്പോൾ ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല . അപ്പോഴാണ്  ഗർഭിണിയായ എന്റെ സഹോദരിക്കു പ്രസവ വേദന തുടങ്ങി എന്ന് ഞാൻ അറിയുന്നത് . തുടർന്ന് ഞങ്ങൾ ഒരു ടാക്‌സി കാറിൽ  ആശുപത്രിയിലേക്ക് പുറപ്പെട്ടു . സമയം അപ്പോഴേക്കും  രാത്രിയുടെ ഏതോയാമത്തിലേക്കു പ്രവേശിച്ചിരുന്നൂ . ആശുപത്രിയിൽ എത്തി  അവളെ ലേബർ  റൂമിലേക്ക്  ഞങ്ങൾ പ്രവേശിപ്പിച്ചു. തുടർന്നുള്ള രാത്രി ഞങ്ങൾക്ക്  ഉറക്കമില്ലാ രാത്രിയായിരുന്നൂ .  ആശുപത്രി വരാന്തയിൽ കിടന്ന ഞങ്ങളെ സെക്യൂരിറ്റി പലകുറി എഴുന്നേൽപ്പിച്ചു വിട്ടു  .

അടുത്തദിവസം കാലത്തോടെ എന്റെ  സഹോദരി ഒരു പെൺകുട്ടിക്കു ജന്മമേകി . തുടർന്ന് ഞാൻ ആശുപത്രിക്കു അടുത്തുള്ള   പബ്ലിക് ഫോൺ ബൂത്തിൽ നിന്നും എന്റെ കോൺട്രാക്ടറെ വിളിച്ചു ഞാൻ അന്ന് അവധിയിൽ ആണെന്നും സഹോദരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നും പറഞ്ഞെങ്കിലും അദ്ദേഹം 

"എന്നോട് ഇതെന്താ നീ നേരത്തെ പറയാതിരുന്നത്" 

എന്ന് പറഞ്ഞു ദേഷ്യത്തോടെ ഫോൺ സംഭാഷണം അവസാനിപ്പിച്ചു .  തുടർന്ന് സഹോദരിയുടെ വീട്ടിനടുത്തുള്ള ഒരു ഫോൺ ഫോൺ നമ്പർ ഒരു ഊഹം വച്ച് കറക്കി . അങ്ങേത്തലക്കൽ നിന്നും  ഒരു സ്ത്രീയാണ് ഫോൺ എടുത്തത് അവരോട് ഞാൻ പറയാനുള്ള വിവരവും     സഹോദരിയുടെ വീട്ടിലെ നമ്പറും  കൈമാറി . എല്ലാം ഞാൻ ഊഹിച്ചത് പോലെ ഭംഗിയായി നടന്നു എന്ന് ഉച്ചയോടെ അവിടെക്ക് കയറി വന്ന സഹോദരിയുടെ ബന്ധുജനങ്ങളേ  കണ്ടപ്പോൾ ബോധ്യമായി .  

തുടരും  

 പ്രവാസചരിതം - അഞ്ച് 

ആദ്യത്തെ വിസ  

എം. പി. എസ്. വീയ്യോത്ത് 

 ആശുപത്രിയിൽ നിന്നും കുറച്ചു നാളുകൾ കൊണ്ടാണ് ഞങ്ങൾ വീട്ടിലേക്കു മടങ്ങിയത് . അടുത്ത ദിവസം തന്നെ ധർമ്മടത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ ഞാൻ കയറി  ചെന്നു . അന്ന് ഉച്ചയോടെ തന്നെ കമ്പനി ഉടമ ഞങ്ങളുടെ ഓഫീസിലേക്ക്  അപ്രതീക്ഷിതമായി കയറി വന്നു .  അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു്  കയ്യിലുണ്ടായിരുന്ന  പണം കണക്കുകൾ കൂട്ടി ഏൽപ്പിച്ചപ്പോൾ എന്റെ ആ ജോലിയും അതോടെ  അവസാനിച്ചു . 

തുടർന്നുള്ള ദിവസങ്ങളിൽ  മിക്കവാറും സമയം  ഞാൻ മരുമകളോടൊത്ത് ചിലവഴിച്ചു . അവളുടെ ചിരിയും കരച്ചിലും കളികളും എന്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു . എന്റെ ചുമലിൽ കിടന്ന് നഗ്നമായ തോളിൽ അവൾ പല്ലില്ലാത്ത ഭാഗം കൊണ്ട് അമർത്തി കടിച്ചു. വല്ലാത്തൊരു ഇക്കിളി ആയിരുന്നൂ അന്ന് ഞാൻ അനുഭവിച്ചത് .   പിന്നീട് എപ്പോഴോ ആ  വായിൽ ആദ്യത്തെ പല്ലു മൊട്ടിട്ടപ്പോൾ അത് വച്ചും അവൾ   എന്നെ കടിക്കാൻ ശ്രമിച്ചു . അതിനിടയിൽ ദിവസങ്ങളും മാസങ്ങളും കടന്നുപോയത് പോലും ഞാൻ മറന്നു പോയി .  

പ്രസവാവധിയും കഴിഞ്ഞു സഹോദരിയും കുഞ്ഞും തിരിച്ചു പോയപ്പോൾ ആ വീട്ടിൽ വല്ലാത്തൊരു ഏകാന്തത ഞാൻ അനുഭവിക്കാൻ തുടങ്ങി . കാരണം അമ്മയും അച്ഛനും കാലത്ത് ജോലിക്കു പോയാൽ വീട്ടിൽ ഞാൻ അവിടെ ഏകനായി മാറി എന്നതാണ് ശരി. മുൻപൊന്നും ഇല്ലാതിരുന്ന ഒരു ഒറ്റപ്പെടൽ ഞാൻ മാനസികമായി ഞാൻ അപ്പോൾ അനുഭവിക്കുകയായിരുന്നൂ . 

 അങ്ങനെയിരിക്കെയാണ് അച്ഛൻ എന്നെ ഞങ്ങളുടെ നഗരത്തിൽ ഉള്ള ഒരു വലിയൊരു കച്ചവടക്കാരന്റെ അടുത്തു കൊണ്ട് പോയി വിട്ടത് . തുടർന്നുള്ള ദിനങ്ങളിൽ  തലേദിവസത്തെ ആറും എട്ടും ലക്ഷം വരുന്ന രണ്ടു കടകളിലെ    കളക്ഷൻ എണ്ണി തിട്ടപ്പെടുത്തി നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബാങ്കിൽ കൊണ്ടുപോയി അടക്കുക എന്ന സാഹസിക കൃത്യം  അദ്ദേഹം എന്നെ വിശ്വസിച്ചു് ഏൽപ്പിച്ചു .  അത് കഴിഞ്ഞു ഹൈവേയിൽ സ്ഥിതിചെയ്യുന്ന സിമന്റ് കടയിൽ ചെന്ന് അവരെ വൈകീട്ട്  കച്ചവടത്തിൽ സഹായിക്കണം തുടർന്ന് ഓഫീസിൽ ചെന്ന് കണക്ക് ഏൽപ്പിക്കണം . 

അങ്ങനെയാണ് ഒരു ദിവസം അദ്ദേഹം  എന്നെ  ഒരു സിമന്റ് കട നോക്കി നടത്താൻ ഏൽപ്പിച്ചത്  കൂടെ ഒരു സഹായിയെയും . പുതിയ കടയായിരുന്നൂ എങ്കിലും ഒരു മാസം കൊണ്ടു തന്നെ ആ കടയിലെ കച്ചവടം ഉയർത്താൻ എനിക്കായി . പിന്നീടാണ് അദ്ദേഹം എന്നെ   മറ്റൊരു കട നോക്കിനടത്താൻ ഏൽപ്പിച്ചത് . 

കുറെ പഴക്കം ചെന്ന കടയായിരുന്നൂ അത് എങ്കിലും അവിടെ  കച്ചവടം തീരെ കുറവായിരുന്നൂ . തുടർന്നുള്ള നാളുകളിലെ എന്റെ ശ്രമങ്ങൾ ആ നാട്ടിൽ നല്ലൊരു സുഹൃത് ബന്ധം വളർത്തി എടുക്കുക എന്നതായിരുന്നൂ . എ ശ്രമത്തിലെ ഫലം എന്നോണം ആ പ്രദേശത്ത്   ജനങ്ങളുമായി   നല്ല സൗഹൃദം വളർത്തിയെടുക്കാൻ എനിക്കായി . അങ്ങനെ   ആ കടയിലെ കച്ചവടത്തിന് നാൾക്കുനാൾ  ഉയർച്ച ഉണ്ടാവാൻ തുടങ്ങി  . 

ആയിടയ്ക്കാണ്  അച്ഛനും അമ്മയും ഞാനും സഹോദരിയും കുടുംബവുംകൂടി ഒരു ഗുരുവായൂർ ദർശനത്തെക്കുറിച്ചു  തീരുമാനം എടുക്കുന്നത് .  അന്ന് ഒരു ഒരു ക്രിസ്മസ് തലേന്നായിരുന്നൂ , ഞങ്ങളുടെ യാത്രാപരിപാടിയിൽ  തവനൂരിലെ അമ്മ തന്റെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്നവരുടെ   മകളുടെ വിവാഹത്തിൽ സംബന്ധിക്കുക ശേഷം   ഗുരുവായൂർ അമ്പലത്തിൽ എത്തിച്ചേരുക എന്നതായിരുന്നൂ  തീരുമാനിച്ചിരുന്നത് . ആ  മുൻകൂട്ടി തീരുമാനിച്ച യാത്ര പദ്ധതി പ്രകാരം വിവാഹത്തിൽ   പങ്കെടുത്ത്  സന്ധ്യയോടെ ഞങ്ങൾ   ഗുരുവായൂർ അമ്പലത്തിൽ ഞങ്ങൾക്ക് എത്തിച്ചേർന്നു . അവിടെ പാഞ്ചജന്യം ഹോട്ടലിൽ താമസിച്ചുകൊണ്ട്  ക്ഷേത്ര ദർശനവും കഴിഞ്ഞു അടുത്ത നാൾ വീട്ടിലേക്കു മടങ്ങി . 

വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും അവിടെ   എന്നെയും  കാത്ത് ഒരു സന്തോഷ വാർത്ത കിടപ്പുണ്ടായിരുന്നൂ  . ഷാർജയിലേക്കുള്ള ഒരു തൊഴിൽ വിസ അതായിരുന്നൂ ആ വാർത്ത . വിസയ്ക്കും ടിക്കറ്റിനും ചേർത്ത് ഏകദേശം ഒരു ലക്ഷത്തോളം അച്ഛൻ എവിടെയൊക്കെയോ കടം വാങ്ങി  എങ്ങനെയോ കൊടുത്ത്തീർത്തു . അങ്ങനെ  എനിക്കുള്ള വിസ യും ടിക്കറ്റും കുറച്ചു ദിവസത്തിനകം അവർ അച്ഛനെ ഏൽപ്പിച്ചു .

തുടരും 

പ്രവാസചരിതം - ആറ് 

ആദ്യത്തെ ഗൾഫ് യാത്ര   

എം. പി. എസ്. വീയ്യോത്ത് 

തുറന്നുള്ള ദിവസങ്ങളിൽ എന്റെ ഗൾഫ് യാത്രയ്ക്കുള്ള ഒരുക്കുങ്ങൾക്കായി  അച്ഛൻ ഓടിനടന്നു . അന്നൊന്നും അച്ഛൻ ചെയ്ത കാര്യങ്ങളുടെ ഗൗരവം എനിക്ക് ബോധ്യമായില്ല . 

അടുത്ത ദിവസങ്ങളിലായിരുന്നു വടകരയിലെ ചരിത്ര പ്രസിദ്ധമായ തച്ചോളി മാണിക്കോത്ത്  അമ്പലത്തിലെ ഉത്സവം.  ആ ഉത്‌സവത്തിന് ഗൾഫിലേക്ക് യാത്രചെയ്യുന്ന എന്റെ മുന്നിലുള്ള അവസാനത്തെ ഉത്സവമായിരുന്നൂ .ഞാൻ ഗൾഫിലേക്ക് പോകുന്നതിനാൽ തന്നെ ആ ദിവസത്തെ സുഹൃത്തുക്കളുടെ  ചെലവുകൾ  ചെറിയ രീതിയിൽ എന്റെ വകയായി മാറി . ആ നേരമൊന്നും എന്റെ മനസ്സിനു ആ യാത്രയുടെ നോവും ഒറ്റപ്പെടലും  തിരിച്ചറിയാൻ ആയില്ല .   ആ ദിവസങ്ങളിൽ സഹോദരിയും അമ്മയും അച്ഛനും എനിക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ ഉണ്ടാക്കിത്തന്ന്  അവരുടെ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നൂ . തുടർന്നുള്ള  ദിവസങ്ങളിലെ നല്ലൊരു ശതമാനം സമയവും ഞാൻ  മരുമകളോടൊപ്പം ചിലവഴിച്ചുകൊണ്ട് അവളുടെ പുഞ്ചിരിയിൽ പങ്കുചേർന്നു  .

അങ്ങനെയിരിക്കെ ആണ് എന്റെ എയർ  ടിക്കറ്റും  പാസ്‌പോർട്ടും ആരോ അച്ഛന്റെ കയ്യിൽ കൊണ്ടുവന്ന് ഏൽപ്പിച്ചത് . അതിലെ തീയ്യതി ജനുവരി മാസത്തിലെ പതിനഞ്ചു് ആയിരുന്നൂ . ദിവസങ്ങൾ ശരവേഗത്തിൽ മുന്നോട്ട് കുതിച്ചു  . ജനുവരി പതിനാലാം തീയ്യതി ഞാനും കുടുംബവും എനിക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും മറ്റും കെട്ടി  ഭദ്രമാക്കി പേര് എഴുതി വച്ചു. 

അടുത്ത ദിവസം കാലത്തു തന്നെ ഞാനും കുടുംബവും ലോകനാർകാവ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു മടങ്ങി . ശ്രീകോവിലിൽ നിന്നും കിട്ടിയ പ്രസാദം എന്നെ തൊടുവിക്കുമ്പോൾ അമ്മയുടെയും സഹോദരിയുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നൂ . വീട്ടിലേക്കു മടങ്ങിയ ഞങ്ങൾ  എല്ലാവരും ചേർന്ന്  വിഭവസമൃദ്ധമായ ഉച്ചയൂണ്  കഴിച്ചു .  

യാത്രയ്ക്കുള്ള സമയമായപ്പോൾ അമ്മയുടെയും അച്ഛന്റെ പാദങ്ങളിൽ വണങ്ങി അനുഗ്രഹം വാങ്ങി . അപ്പോഴേക്കും അമ്മയും സഹോദരിയും എന്നെ ചേർത്തുപിടിച്ചു പൊട്ടിക്ക രയുന്നുണ്ടായിരുന്നൂ . കുറച്ചു സമയങ്ങൾക്കകം ഞങ്ങൾ മുൻകൂട്ടി ഏർപ്പാടാക്കിയ അച്ഛന്റെ സുഹൃത്തിന്റെ ടാക്സി കാറിൽ  എയർ പോർട്ടിലേക്ക് യാത്ര തിരിച്ചു . 

ആ യാത്ര  ആരംഭിക്കുന്നത് 1995 ജനുവരി 15ഓടെയാണ്. അതാണ് എന്റെ ആദ്യ ഗൾഫ് യാത്ര . അന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഷാർജ യ്ക്കുള്ള വിമാനത്തിൽ കയറിയപ്പോൾ എന്റെ മനസ്സിൽ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ജിജ്ഞാസ നിഴലിച്ചിരുന്നൂ .  വിമാനത്തിൽ  കോഴിക്കോട് നിന്നും വാടകരയിലേക്കു പോകുന്ന ബസ്സിൽ യാത്രചെയ്യുന്ന ലാഘവത്തോടെ ഇരുന്ന എനിക്ക് പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ തീഷ്ണത  ബോധ്യപ്പെടാന്‍ അടുത്ത ദിവസത്തെ  പ്രഭാതം വരെ  കാത്തു നില്‍ക്കേണ്ടി വന്നു .

ഷാർജ വിമാനത്താവളത്തിൽ വിമാനം ചെന്നിറങ്ങിയപ്പോൾ എന്റെ മനസ്സിലെ എന്തോ ഒരു ഭാരം ഘനീഭവിച്ചതായി ഞാൻ മനസ്സിലാക്കിയിരുന്നൂ . അവിടെ  അച്ഛന്റെ സുഹൃത്തായ ചന്തുമാസ്റ്ററുടെ  അയൽക്കാരനായ മുഹമ്മദ്ക്കയും എന്റെ  കസിൻ  മധുവേട്ടനും എന്നെയും പ്രതീക്ഷിച്ചു് അവിടെ നിൽപ്പുണ്ടായിരുന്നൂ . വിമാനത്താവളത്തിനുള്ളിലും പുറത്തും നല്ല തണുപ്പാണ് എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നത് . 

അവരോടൊപ്പം മധുവേട്ടന്റെ കാറിൽ  ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചു . നാട്ടിലെ ഇരുട്ടു പരന്ന വഴിത്താരയിൽ നിന്നും പ്രഭാപൂരിതമായ നഗര പാതയിലൂടെ ഞങ്ങളുടെ കടന്നുപോയപ്പോൾ എന്റെ കണ്ണുകൾ പുറത്തെ കാഴ്ചകളിലൂടെ  കൗതുകത്തോടെ കണ്ണോടിക്കുകയായിരുന്നൂ . അങ്ങനെ അല്പസമത്തെ യാത്രയ്‌ക്കൊടുവിൽ ഞങ്ങളുടെ കാർ മുഹമ്മദ്ക്കയുടെ സൂപ്പർമാർക്കറ്റിനു മുന്നിലെ പെട്രോൾ പമ്പിനരികിൽ  ചെന്ന് നിന്നു . 

കാറിൽ നിന്നും ഇറങ്ങി അദ്ദേഹത്തെ പിന്തുടർന്ന എനിക്ക് അദ്ദേഹം തണുത്ത ഒരു പെപ്സി എടുത്തു നൽകി . കുറെ നേരം എടുത്താണ് ഞാൻ ആ കാൻ പെപ്സി കുടിച്ചു തീർത്തത് . അവിടെനിന്നും ഞങ്ങൾ അതിനരികിലായി ഉള്ള ഒരു പഴയ വില്ല ലക്ഷ്യമാക്കി നടന്നു .അദ്ദേഹത്തിന്റെ മധുവേട്ടനോടുള്ള സംഭാഷണ ശകലങ്ങളിൽ നിന്നും എനിക്കുള്ള താമസസൗകര്യം അവിടെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത് എനിക്ക് മനസ്സിലായി . വിലയിലേക്കു ചെന്ന് കയറിയ ഞങ്ങളെ അവിടെ യുണ്ടായിരുന്ന നല്ലവരായ ഒരു പറ്റം ആളുകൾ വളരെ സന്തോഷത്തെ ഞങ്ങളെ  സ്വീകരിച്ചു .  

ആ വില്ലയിലെ എനിക്ക് പറഞ്ഞ സ്ഥലത്തു് ബാഗും വച്ച് കുറച്ചു സമയം ഇരുന്നപ്പോഴേക്കും മുഹമ്മദ്ക്കയും മധുവേട്ടനും അവിടെ നിന്നും  ഇറങ്ങാൻ തുടങ്ങി . പിന്നീട് എന്തോ ഓർത്തപോലെ  എന്നെയും വിളിച്ചു മധുവേട്ടനെയാത്രയാക്കി മുന്നോട്ടു നടന്നു . അവിടെ കണ്ട  വഴിയിലൂടെ റോഡിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കു  എന്നെ കൂട്ടി കൊണ്ട് പോയി പരിചയ പ്പെടുത്തി .ഞാൻ അവിടെ ഇരുന്നു അത്താഴം കഴിക്കാൻ തുടങ്ങി  അപ്പോഴേക്കും എവിടെനിന്നോ അറിയാതെ ഒരു ഭയം എന്നിൽ പടരുന്നു കയറി . 

തിരിച്ചു പോയാൽ വില്ല തിരിച്ചറിയാൻ ആവുമോ എന്നതായിരുന്നൂ എന്നിലെ ആ ഭയം . അപ്പോൾ തന്നെ ആഹാരം കഴിക്കുന്നത് നിറുത്തി കൈകഴുകി പൈസയും കൊടുത്ത് അവിടെ നിന്നും ഇറങ്ങി ഗല്ലി (ഊടുവഴി) യിലൂടെ ധൃതി പിടിച്ചു മുന്നോട്ടു നടന്നു നീങ്ങി നീങ്ങിയപ്പോള്‍ എനിക്ക് കൂട്ടിന്  മാനത്ത് അമ്പിളിമാമനും  എത്തിസലാത്ത് ടവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ . വേഗം ചെന്ന് വില്ലയുടെ ഗേറ്റിലെ വയര്‍ വലിച്ച്  തുറന്ന്  മുറിയില്‍ ചെന്ന് കിടന്നപ്പോള്‍ ആ ഇരുട്ടില്‍ ദേഹത്തുകൂടി  തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് ഞാൻ  അറിഞ്ഞു . 

ശീതീകരണിയുടെ തണുപ്പിലും പരിചയമില്ലാത്ത ആ മുറിയില്‍ നിദ്രപോലും എന്റെ കണ്ണുകളെ തഴുകാന്‍ ആദ്യമൊന്നും പലപ്പോഴും കൂട്ടാക്കാതെ മടിച്ചുനിന്നു  . കാലത്ത് ഉറക്കമുണർന്ന്  പ്രാതൽ കഴിക്കാൻ കടയിലേക്ക് നടന്നു നീങ്ങിയപ്പോൾ വഴിയിൽ എനിക്ക് ചുറ്റും കണ്ട മണൽ പരപ്പിലൂടെ കണ്ണോടിച്ചപ്പോഴാണ് നാടിനെ എത്രമാത്രം എനിക്ക് മിസ്സ്‌ ചെയ്യുന്നൂ   എന്ന് മനസ്സിലായത് .

തുടരും 

പ്രവാസചരിതം - ഏഴ് 

ആദ്യത്തെ കാല പ്രവാസം 

എം. പി. എസ്. വീയ്യോത്ത് 

അങനെ  ഹോട്ടലിന് മുന്നിൽ എത്തിയപ്പോഴാണ്   എന്റെ നാസാരന്ദ്രങ്ങളിലേക്ക്  വല്ലാത്തൊരു  മനം മടുപ്പിക്കുന്ന മാംസ ഗന്ധം തുളച്ചു കയറിയത് .  ഞാൻ ആഹാരം കഴിക്കാൻ പോയ ഹോട്ടലിനു പരിസരത്തെ ഒരു അറബ് ഹോട്ടലിൽ നിന്നും കാലത്തു തന്നെ ഇറച്ചി ചുടുന്ന ഗന്ധമായിരുന്നൂ അത് എന്ന് മനസ്സിലാക്കാൻ അവിടെനിന്നും  കുറച്ചുകൂടി മുന്നോട്ട് നടക്കേണ്ടി വന്നു . ശേഷം തിരിച്ചു പ്രാതൽ കഴിക്കാനായി തലേന്നാൾ ആഹാരം കഴിച്ച ഹോട്ടലിലേക്ക് കയറിയപ്പോൾ തന്നെ അതിന്റെ ഉടമ 

"ഇന്നലെ മുഹമ്മദ്ക്ക കൊണ്ടുവന്ന ആൾ  അല്ലെ , ഇന്നലെ പേര് ചോദിക്കാൻ  പറ്റിയില്ല , എന്താ പേര് ? 

എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിനോട് എന്റെ പേരും നാട്ടിലെ സ്ഥലം വരെ പറഞ്ഞു തമ്മിൽ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹവും എന്റെ നാട്ടിന്റെ പ്രാന്ത പ്രദേശത്തുകാരൻ  ആണെന്ന് എനിക്ക് ബോധ്യപ്പെട്ടത് . തുടർന്ന് അദ്ദേഹം എന്റെ മുന്നിൽ  ആ നേരം ഹോട്ടലിൽ ഉണ്ടായിരുന്ന  എല്ലാ ആഹാര സാധനങ്ങളുടെ പേര് വിവരങ്ങൾ പറഞ്ഞു പരിചയപ്പെടുത്തി .

 അവസാനം  പുട്ടിലും  കടലയിലും  ചായിലുമായി  എന്റെ പ്രാതൽ  ഒരു വിധം ഞാൻ  അവസാനിപ്പിച്ചു . ആദ്യ ദിവസമായ അന്ന് കഴിച്ച ഒന്നിനും ഒരു രുചിയും എനിക്ക് തോന്നിയില്ല . വീട്ടിൽ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കുന്ന ഓരോന്നിനും ഉള്ള രുചി ഞാൻ പോലും അപ്പോഴേക്കും അറിയാതെ മനസ്സിൽ തികട്ടി വന്നു . 

പ്രാതൽ കഴിഞ്ഞു  വില്ലയിലേക്കുള്ള  വഴിയിലൂടെ  എത്തിസലാത്ത് ടവറും നോക്കി ഞാൻ മുന്നോട്ട് നടന്നു . വില്ലയിൽ ചെന്ന് കയറിയ ഞാൻ അടുക്കളയിൽ നിന്നും സമ്മൂസ ഉണ്ടാക്കുന്ന ജമാലിക്കയുടെ കൂടെ നിന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ടു കൊണ്ട്  അങ്ങനെ ഇരൂന്നൂ .  ജമാലിക്ക ഒരു  കയ്യിലെ സമ്മൂസ എരിയുന്ന എണ്ണയിലിട്ട് മൊരിച്ചെടുക്കുമ്പോഴും  മറ്റേക്കൈ ഇടവിട്ട നേരങ്ങളിൽ  വായിൽ നിന്നും ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുമലിൽ  കരുതിയ  തോർത്തിൽ തുടച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നൂ  . പിന്നീടെപ്പോഴോ  എന്നെ നോക്കി വായിലെ മുറുക്കാൻ  പുറത്തേക്കു കളയാതെ കളയാതെ 

" എന്താ നിനക്ക്  വേണേൽ  എടുത്തോ കേട്ടോ , മടിച്ചു നിൽക്കണ്ട "

 എന്ന് പറഞ്ഞെങ്കിലും  എന്തോ ആ സാഹസത്തിനു മുതിരാൻ  എന്റെ മനസ്സ് അനുവദിച്ചില്ല.  അതിനിടയിൽ എപ്പോഴോ ആണ്  മുറിയിലെ ഫോൺ നിറുത്താതെ ശബ്ദിക്കാൻ തുടങ്ങി യത്  . ജമാലിക്ക  ചുമലിലെ തോർത്തിൽ കൈതുടച്ചു കൊണ്ട് അടുപ്പിലെ  തീകുറച്ചു് വേഗം പോയി  ഫോണെടുത്തു  

"ഹലോ "

എന്ന് പറഞ്ഞു, ശേഷം എന്റെ നേരെ നോക്കി കൊണ്ടു 

" സത്യാ നിനക്കാണ് ഫോണ് ,  ഏതോ റഫീഖ്  ആണ് ലൈനിൽ " 

എന്ന് പറഞ്ഞു ഫോൺ എന്നെ ഏൽപ്പിച്ചപ്പോൾ , ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു . കാരണം ഇന്നത്തെ പ്പോലെ  ഞാൻ എവിടെ ആണ് എന്നറിയാൻ ഇന്നത്തെ പ്പോലെ  ഒരു സൗകര്യങ്ങളും അന്ന് ഇല്ലായിരുന്നൂ എന്നിരുന്നാലും എ ങ്ങനെയാണ് അവനു ഈ നംബർ കിട്ടിയത് എന്നായി മനസ്സിലെ ചിന്ത . പിന്നെ ഫോണിൽ 

" ഹല്ലോ , റെഫീക്കേ    എടാ  ഞാൻ സത്യനാ , നിനക്ക് എവിടെനിന്നാ  ഈ നമ്പർ കിട്ടിയത് ?"

 എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു 

" ഇന്നലെ നീ വരുമെന്നും ഈ മുറിയിൽ ആണ് താമസിക്കുക എന്നും റോളയിൽ ഷവർമ്മ പണിയെടുക്കുന്ന സത്താർക്ക  പറഞ്ഞിരുന്നൂ . നമ്പറും അദ്ദേഹമാണ് തന്നത് . പിന്നെ നമ്മുക്ക് ഒന്ന് കാണണ്ടേ ?"

എന്ന് പറഞ്ഞപ്പോൾ  സത്താർക്ക ആരെന്നുപോലും എനിക്കറിയില്ല എന്ന് ഞാൻ മനസ്സിലാക്കിയത് . എല്ലാവര്ക്കും ഒന്നറിയാം മുഹമ്മദ്ക്ക ആണ് എന്നെ കൊണ്ട് വന്നത്  എന്നത് . അങ്ങനെ 

"അവനോട്  കാണണം പക്ഷെ  എങ്ങനെ ? എവിടെ വച്ച് ? " 

എന്ന് ചോദിച്ചപ്പോൾ അവനാണ് എന്നോട് ഷാർജ റോളയിൽ മൈതാനത്ത് വന്നാൽ മതി എന്ന് പറഞ്ഞത് . തുടർന്ന് ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നും റോളയിലേക്കു ള്ള വഴി അവൻ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു ഒപ്പം ഒരു കാര്യം കൂടി അവൻ പറഞ്ഞു . വഴിയിൽ എന്തെങ്കിലും സംശയം തോന്നിയാൽ ആരോടെങ്കിലും മലയാളത്തിൽ ചോദിച്ചാൽ അവർ വഴി കാണിച്ചു തരും എന്നും കൂടി  അവൻ പറഞ്ഞു . വില്ലയിൽ നിന്നും ജമാലിക്കയോട് അനുവാദവും വാങ്ങി അവൻ പറഞ്ഞ പാസ്സ്പോർട്ടിന്റെയും വിസയുടെയും കോപ്പിയും  കയ്യിൽ കരുതി റോളയിലേക്കു നടന്നപ്പോൾ മനസ്സിൽ എന്തോ ഒരു തണുപ്പ് എനിക്ക് അനുഭവപ്പെടാൻ തുടങ്ങി .ആദ്യത്തെ പ്രവാസലോകത്തെ മദ്ധ്യാഹ്ന സൂര്യന്റെ ചൂട് അന്ന് ഞാൻ അനുഭവിക്കുകയായിരുന്നൂ .

റഫീക്കിനെക്കുറിച്ചു് ചിലകാര്യങ്ങൾ   ചേർക്കാം . 

റഫീഖ് എന്റെ നാട്ടുകാരനും അതോടൊപ്പം തന്നെ എന്റെ നല്ലൊരു സുഹൃത്തും ആയിരുന്നൂ . അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇന്നും എനിക്ക് ഒരു സ്ഥാനം ഉണ്ട് എന്നത് ഒരു പരമാർത്ഥം . പണ്ട് നാട്ടിലെ ഒരു കടയിൽ അവൻ ജോലിചെയ്തുകൊണ്ടിരിക്കെയാണ് യാദൃശ്ചികമായി ഞങ്ങൾ പരിചയപ്പെടുന്നത്  തന്നെ . പിന്നെ അതെ എന്റെ യും അവന്റെയും ഉള്ളിലിലുണ്ടായിരുന്ന സിനിമാ ഭ്രാന്ത്  ആണ് ഞങ്ങളെ ശരിക്കും അടുപ്പിച്ചത് . ശരിക്കും പറഞ്ഞാൽ ഒരേ തൂവൽ പക്ഷികൾ എന്ന് വേണമെങ്കിൽ പറയാം . അങ്ങനെ അത്യാവശ്യം കഥകൾ ഞങ്ങൾ ചർച്ചചെയ്ത് എഴുതാനും അതിലെ എഴുത്തുകാരന്റെ പേരിന്റെ സ്ഥാനത്ത്  റഫീഖ് ദാസ് എന്ന് നാമകരണം ചെയ്യാനും തുടങ്ങി . അങ്ങനെ  ഒത്തരികഥകൾ പലപ്പോഴും ചിതലുകൾ  ആഹാരമായി കരുതി ഭക്ഷിച്ചിട്ടുണ്ട് .  

 തുടരും 

പ്രവാസചരിതം - എട്ട് 

പ്രവാസാരംഭം  

എം. പി. എസ്. വീയ്യോത്ത് 


റോളയിൽ എത്തിച്ചേർന്നപ്പോഴേക്കും ക്ലോക്ക് ടവറിന് സമീപത്ത് എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന റഫീഖിനെ ഞാൻ കണ്ടു . എന്റെ മനസ്സിന്റെ  സന്തോഷാധിക്യത്തിൽ   കൂടിയത് പോലും ഞാൻ അറിഞ്ഞില്ല . അവൻ എന്നെ കണ്ടപാടെ കൈകൾ നീട്ടി ഒരു ഷെയ്ക്ക്  ഹാൻഡ് നൽകി സഹന്തോഷത്തോടെ അവന്റെ കടയിലേക്ക് നടന്നു . അവിടെ ജോലിത്തിരക്കിലായിരുന്ന ആരെയൊക്കെയോ അവൻ എനിക്ക് പരിചയപ്പെടുത്തി തന്നപ്പോൾ  നാട് വിട്ട്  ആദ്യമായി പരിചയമുള്ള ഒരാളെ കണ്ട സന്തോഷം എന്നിൽ നിഴലിച്ചത് ഞാൻ തിരിച്ചറിയുന്നൂ . പിന്നീട് എന്തോ ഓർത്ത് എന്നെ നോക്കി അവൻ ചിരിച്ചുകൊണ്ട്  

" സത്യാ നമ്മുക്ക് എന്നെങ്കിലും ഒരു സിനിമ പിടിക്കണം ."

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ അപരിചിതമായ ആ ലോകത്ത് എത്തിപ്പെട്ട ഒരാൾ എന്ന 
നിലയിൽ മറുപടിപറയാൻ വാക്കുകൾ  കിട്ടാതെ ഞാൻ നന്നേ വിഷമിച്ചു .  അതിനിടയിൽ അവൻ എന്നെയും കൂട്ടി റോളയിലെ ചാർ ബിൽഡിംങ്ങിലെ ഒരു ഫ്ലാറ്റിൽലേക്ക് നടന്നു . ആ ഫ്ലാറ്റിനുള്ളിലേക്കു കടന്ന ഞാൻ  അതിലെ ഒരു മുറിയിലേക്ക് കടന്നു ചെന്നു . മുറിയുടെ നല്ലൊരു ശതമാനം സ്ഥലവും കടയിലേക്കുള്ള  തുണിത്തരങ്ങൾ അടുക്കി വച്ചിരിക്കുന്നു . അതിനു നടുവിലെ ചെറിയ സ്ഥലമാണ് അവരുടെ കിടപ്പു മുറിയും ഹാളും എല്ലാം . അവിടെ കറുത്ത ഫ്രെയിമുള്ള കണ്ണടയിട്ട ഒരാൾ എന്തോ തിരക്ക് പിടിച്ചു് കണക്കുകൾ എഴുതി ശരിയാക്കുക യായിരുന്നൂ . റഫീഖ് എന്നെ  അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് പറഞ്ഞു . "

സത്യാ ഇതാ  എന്റെ ബാപ്പ, " 

കഷണ്ടിയും നരയിൽ മത്സരിച്ചു നില്കുന്ന തല കറുത്ത ഫ്രെയിമുള്ള കണ്ണട ധരിച്ച ബനിയനും കള്ളി ലുങ്കിയും ഉടുത്ത മെലിഞ്ഞ രൂപം അതാണ് അവന്റെ ബാപ്പ . അവൻ പറഞ്ഞു സ്വന്തമായി കടയുള്ള ഒരു മനുഷ്യൻ പിന്നീട് കാര്യങ്ങളുടെ കിടപ്പു മനസ്സിലായപ്പോൾ എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നി . ഒരിക്കൽ റോളയിലെ രണ്ടു റെഡിമെയ്‌ഡ്‌ കടകളുടെ ഉടമയായ അദ്ദേഹം ഒരാളെ സഹായത്തിനു കൂടെ നിറുത്തി ഒടുക്കം സഹായി മുതലാളിയും ബാപ്പ അതെ കടയിലെ തൊഴിലാളിയും ആയി മാറി അതാണ് അദ്ദേഹത്തിന്റെ കഥ .
അദ്ദേഹം ഇരുന്നിരുന്ന കസേര എനിക്ക് നീക്കി തന്നിട്ട് തറയിൽ ഇരുന്നു തന്റെ ജോലിയിൽ മുഴുകി . അതിനിടയിൽ റഫീഖ് ഞങ്ങൾക്കുള്ള ചായ ഗ്ലാസ്സുമായി അങ്ങോട്ട് കടന്നു വന്നു . കുറച്ചു നേരം അവിടെ ചിലവഴിച്ചശേഷം അദ്ദേഹത്തോട് യാത്ര പറഞ്ഞു അവിടെനിന്നും അവനോടൊപ്പം ഇറങ്ങിയപ്പോഴും എന്റെ മനസ്സ് മുഴുവൻ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നൂ . വാതിൽ പാടി കടന്നപ്പോഴേക്കും ബാപ്പ ഒരു കേട്ട്  തുണി റഫീഖിന്റെ കയ്യിൽ ഏൽപ്പിച്ചു അത് കടയിലേക്കുള്ള താണെന്നു  അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ മനസ്സിലാക്കി . കടയിൽ എത്തി കയ്യിലെ തുണിക്കെട്ട് കടയുടെ മൂലയ്ക്ക് വച്ച് അവൻ എന്നെയും കൂട്ടി മുന്നോട്ടേക്കു നടന്നു . ഞങ്ങൾ റോള പാർക്കും കടന്നു ത്രിവേണി റെസ്റ്റോറന്റിന് മുന്നിലൂടെ കുശലം പറഞ്ഞുകൊണ്ട് നടന്നപ്പോൾ എന്റെ മനസ്സിന്റെ ഭാരം ഒത്തിരി കുറഞ്ഞു വരുന്നത് പോലെ തോന്നി . വഴിയരികിലെ ഒരു  ഗ്രോസറിയിൽ നിന്നും അതിനിടയിൽ റഫീഖ് എന്തോ സഞ്ചിയിൽ വാങ്ങി , അങ്ങനെ  സൗദി പള്ളിക്കു സമീപത്തെ ഗോൾഡ് സൂഖിന്റെ അരികിലുള്ള വിശാലമായ പുൽത്തകിടിയിൽ ഒരിടത്തായി  ഞങ്ങൾ ചെന്നിരുന്നൂ  . അതിലെ നനവ് എന്റെ പാന്റിന്റെ അടിവശം നന്നായി നനച്ചു . അതിനിടയിൽ അവൻ കയ്യിൽ കരുതിയ സഞ്ചിയിൽനിന്നും ഏതോ ശീതളപാനീയ കുപ്പികൾ പുറത്തെടുത്ത്  അതിലൊന്ന് എന്റെ നേരെ നീട്ടി .  ഞാൻ കയ്യിൽ വാങ്ങിയപ്പോഴേ അതിന്റെ  തണുപ്പ് എന്റെ കൈകളെ ഒന്ന് മരവിപ്പിച്ചു . അങ്ങനെ അതിന്റെ  സീൽ ഇളക്കി വായിലേക്ക് കമഴ്ത്തിയപ്പോൾ ആ തണുത്ത പാനീയം തൊണ്ടക്കുഴിവഴി ഇറങ്ങിപ്പോകുന്നത് ശരിക്കും ഞാൻ അനുഭവിച്ചറിഞ്ഞു . അതിനിടയിൽ എപ്പോഴോ ആണ് അവൻ എന്നെ നോക്കി 

" എടാ നാട്ടിലെ 11 രൂപയാണ് ഇതിന് , നീ ഒന്നാലോചിച്ചു നോക്ക് 11 രൂപയാണ് ഇതിനെന്നറിഞ്ഞാൽ നീ  ഇത് കുടിക്കുമോ " 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ശരിക്കും ഞാൻ ഒന്ന് ഞെട്ടി . ഇത്രയും വിലയുള്ള ഒരു പാനീയവും ഇതുവരെ  ജീവിതത്തിൽ ഒരിക്കൽ പോലും കുടിച്ചിട്ടില്ല എന്നത് തന്നെ എന്നെ വല്ലാതെ 
ആശ്ചര്യപ്പെടുത്തി . തുടർന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങൾക്ക് ഇടയിൽ പലപ്പോഴും സിനിമയും നാടും തന്നെയായിരുന്നൂ നിറഞ്ഞു നിന്നത് . അതിനിടയിൽ എപ്പോഴോ അവൻ ഒരു കഥ പറഞ്ഞു അതിങ്ങനെയാണ് ഒരിക്കൽ ഷാർജയിലെ ഈ പാർക്കിൽ ഒരു പയ്യൻ ഇതുപോലെ വെറുതെ  വന്നിരുന്നിരുന്നൂ . അപ്പോഴാണ് ചില സ്ത്രീകൾ അവിടെ വന്ന്  അവനോട്  കൂടെ വരുന്നോ പണം തരാം എന്ന് പറഞ്ഞതതത്രേ . അങ്ങനെ അവനെയുംകൂട്ടി പ്പോയ അവർ അടുത്ത ദിവസം തിരിച്ചു പാർക്കിൽ കൊണ്ട് വിട്ടു കൂടെ കുറെ പണവും അവനു അവർ കൈമാറി . അങ്ങനെ ആരെങ്കിലും നമ്മളെയും കൊണ്ടുപോയിരുന്നെങ്കിൽ എന്ന് അവൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ ഒന്നു കൊതിച്ചു . 
 അല്പസമയങ്ങൾക്കകം ഞങ്ങൾ  അവിടെ നിന്നും യാത്ര തിരിച്ചു . ആ  കാഴ്ചകളിലെ ഗോൾഡ് സൂക്കും റോള പാർക്കിലെ മരവും ഏതൊക്കെയോ ചിത്രങ്ങളിൽ കണ്ട ഓർമ്മയുണ്ടായിരുന്നതിനാൽ എന്റെ മനസ്സ് തിരക്കിട്ടു അത് തിരയുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നൂ. തുടർന്ന് ഞങ്ങൾ റഫീക്കിന്റെ കടയിലേക്കും അവിടെനിന്നും ഞാൻ അവനോടു യാത്ര പറഞ്ഞു വില്ലയിലേക്കും നടന്നു .ഞാൻ വില്ലയുടെ ഗേറ്റ് കടന്നു അൽപ്പസമയത്തിനകം  കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി .  ശീൽക്കാര ശബ്ദത്തോടെ  പൊടിക്കാറ്റ് ഉയർന്നു പൊങ്ങിയപ്പോൾ അകമ്പടിയായി ആലിയപ്പഴ വീഴ്ചയും തുടർന്ന് ശക്തമായ മഴയും ശരിക്കും എനിക്ക് പുത്തൻ അനുഭവമായി മാറി . രാത്രിയോടെയാണ്  മുഹമ്മദ്ക്ക എന്നെ ഫോണിൽ വിളിച്ചു്  അടുത്ത ദിവസം ഒരു ബേക്കറി വരെ  ഒരു നമ്മുക്ക് പോകണം അതിനാൽ കാലത്തു തന്നെ തയ്യാറായി നിൽക്കണം എന്ന് പറഞ്ഞത് . അങ്ങനെ ഒരു തണുത്ത രാവിന് എനിക്ക് കൂട്ടായി കിടക്കയില് രക്തദാഹികളായ ജീവികൾക്ക് ശരീരം സമർപ്പിച്ചുകൊണ്ട്  ഉറങ്ങാൻ കിടന്നു .
തുടരും 

പ്രവാസചരിതം - ഒമ്പത് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

അടുത്ത ദിവസം കാലത്തു തന്നെ ഞാൻ യാത്രയ്ക്കായി തയ്യാറായി മുഹമ്മദ്ക്ക യുടെ വരവും പ്രതീക്ഷിച്ചു് അങ്ങനെ ഇരുന്നൂ . അല്പസമയത്തിനകം മുഹമ്മദ്ക്ക എന്റെ അരികിലേക്ക് എത്തിചേർന്നൂ . അങ്ങനെ ഞാൻ അദ്ദേഹത്തോടൊപ്പം അവിടെ നിന്നും യാത്ര തിരിച്ചു . ഗേറ്റ് കടന്നപ്പോഴേക്കും മധുവേട്ടൻ കാറുമായി അവിടെ ഞങ്ങളുടെ വരവും പതീക്ഷിച്ചിരിക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത് . അങ്ങനെ അദ്ദേഹത്തിന്റെ കാറിൽ ഞങ്ങൾ ഷാർജയിലെ ഒരു ബേക്കറിയിലേക്ക് യാത്ര തിരിച്ചു . തലേന്നാൽ റഫീക്കിനോടൊപ്പം വന്നപ്പോൾ കണ്ട  റോള പാർക്കും ഗോൾഡ് സൂക്കും സൗദി പള്ളിയും ഞങ്ങലെ കടന്നു പിന്നോട്ട് പോയത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു .

അവർ എന്നെ കാറിൽ ഇരുത്തിക്കൊണ്ട്  ഓഫീസിലേക്ക് ആരെയോ കാണാനായി കയറി പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി . ആ സമയം അവരോടൊപ്പം   അരോഗ ദൃഢഗാത്രനായ ഒരു മനുഷ്യനും ഓഫീസിൽ നിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു . മധുവേട്ടൻ കാറിന്റെ ഡോർ തുറന്ന് എന്നെ പുറത്തേക്കു   ക്ഷണിച്ചു .  അതിനിടയിൽ അവർ പറഞ്ഞാണ് ആ മനുഷ്യൻ  ആ ബേക്കറിയുടെ മാനേജർ ആണെന്നും അദ്ദേഹം സ്‌കൂൾ അധ്യാപകനായിരുന്ന എന്റെ പിതാവിന്റെ സഹപ്രവർത്തകയായിരുന്ന ജാനകി ടീച്ചറുടെ മകളുടെ ഭർത്താവാണ് എന്നതും എനിക്ക് ബോധ്യപ്പെട്ടത് . എന്റെ യാത്രാവിവരങ്ങൾ ടീച്ചർ ഫോണിലൂടെ വിളിച്ചറിയിച്ചവിവരം അദ്ദേഹം പറഞ്ഞു ഞാൻ അറിഞ്ഞു .അതിന്റെ അടിസ്ഥാനത്തിൽ ഒരു തുടക്കം എന്ന നിലയിൽ കിച്ചൻ ഹെൽപ്പർ ആയി അന്ന് മുതൽ എനിക്ക് അവിടെ ജോലി ലഭിച്ചു .  

ജനുവരിമാസത്തിലെ പുറത്തെ വലയ്ക്കുന്ന തണുപ്പും ബേക്കറിയിൽ കോൾഡ് സ്റ്റോറേജിലെ  ഏസി യുടെ തണുപ്പും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നൂ . അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് ആ മുറിയിൽ നിന്നും കിട്ടുന്ന വൈവിധ്യ രുചിഭേദത്തിൽ ഉള്ള കേക്ക് കഷണങ്ങളും ആ ചുറ്റുപാടും തങ്ങിനിൽക്കുന്ന സുഗന്ധവും ആയിരുന്നൂ . എന്നെ ആശ്ചര്യപെടുത്തിയത് കുബ്ബൂസിന്റെ മാവ് അളന്നെടുത്ത് കുഴച്ചു് കുബ്ബൂസ് ഉണ്ടാക്കി പാക്ക് ചെയ്ത്  പുറത്തേക്കു തള്ളുന്ന ഓട്ടോമേറ്റഡ് യന്ത്രങ്ങളും അവയുടെ പ്രവർത്തനങ്ങളുമാണ് . 

അവരുടെ മെസ്സിലെ ആഹാരത്തിലെ എണ്ണയുടെ മണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി , കാരണം അപ്പോഴും  എന്റെ നാവിൽ നാട്ടിലെ സ്വാദേറും ആഹാരത്തിന്റെ മനം കൊതിപ്പിക്കുന്ന സുഗന്ധം നിഴലിച്ചിരുന്നൂ എന്നത് തന്നെ .അതിനാൽ തന്നെ ഒരാഴ്ച തികച്ചു് എനിക്ക് അവിടെ കഴിച്ചുകൂട്ടാൻ കഴിഞ്ഞില്ല . വീണ്ടും പഴയ വില്ലയിൽ തിരിച്ചെത്തി മൂട്ടകളോട് സഹവസിച്ചപ്പോഴും നാട്ടിൽ നിന്നും കരസ്ഥമാക്കിയ ഡ്രാഫ്ട്സ്മാൻ  കോഴ്സ്സിന്റെ  സർട്ടിഫിക്കറ്റ് കയ്യിലെ ബാഗിൽ കിടന്ന് കളിയാക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി .  അവിടെ നിന്നും ഒന്ന് രണ്ട് ആഴ്ചയ്ക്കകം മറ്റൊരു ജോലി എന്നെ തേടി വന്നു . 

ദുബായ് ഹോർ അൽ ഹാൻസ് എന്ന സ്ഥലത്തെ സ്‌പൈസ് മില്ലിൽ ആയ്യിരുന്നൂ എനിക്ക് ജോലി. ആ മില്ലിന്റെ ഉടമ ഒരു കണ്ണൂർകാരനായിരുന്നൂ ഒപ്പം  അദ്ദേഹം മുഹമ്മദ്ക്ക യുടെ ഒരു നല്ല സുഹൃത്തും കൂടി ആയിരുന്നൂ. ആദ്യമാദ്യം ബില്ലെഴുത്തും പാചകത്തിലും തുടങ്ങി പോകെപ്പോകെ കയറ്റിറക്ക് പണികൂടി  എനിക്ക് ചെയ്യേണ്ടതായും വന്നു . വില്ലയിലെ ജോലിയും താമസവും താമസവും ചിലപ്പോഴൊക്കെയുള്ള അവരുടെ വാഹനത്തിലെ സാധന വിതരണവും ശരിക്കും രസമുള്ള ഓർമ്മകൾ ആയിരുന്നൂ . എങ്കിലും സന്ധ്യയോടെ അവിടേക്കു കയറിവരുന്ന ഫിലിപ്പ് പലപ്പോഴും എനിക്ക് വല്ലാത്തൊരു തലവേദന തന്നെയായിരുന്നൂ . അദ്ദേഹം ആ മില്ലിന്റെ ഉടമയുടെ നല്ല ഒരു സുഹൃത്തും ആയിരുന്നൂ . 

സൂട്ടും കോട്ടും ധരിച്ച അദ്ദേഹത്തെ കാണാൻ നല്ല ചേലാണ് പക്ഷെ പലപ്പോഴും വരുമ്പോൾ കയ്യിൽ കൊണ്ട് വരുന്ന പെട്ടിയിൽ നീല ചിത്രങ്ങളുടെ ഒരു കളക്ഷൻ തന്നെ കാണും . അദ്ദേഹം ഒരു വലിയ കമ്പനിയുടെ സലെസ് എക്സിക്യൂട്ടീവ് ആണെന്ന് അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാർഡിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് .എന്നും വൈകീട്ടോടെ അങ്ങോട്ട് കയറിവരുന്ന അദ്ദേഹം ഞങ്ങളുടെ എല്ലാ ജോലിയും കഴിഞ്ഞു കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കും. പിന്നീട് നീലച്ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുകയായി . 

ചില ദിവസങ്ങളിൽ ജോലിഭാരത്താലും പുറത്തെ ചൂടിനാലും ഞാൻ വേഗം തന്നെ ഉറങ്ങാൻ കിടക്കും . അപ്പോഴേക്കും അദ്ദേഹം ടിവിയിൽ നീലച്ചിത്രം ഇട്ടു അതിന്റെ സൗണ്ട് സ്പീക്കറിൽ കണക്ട് ചെയ്ത് ഞാൻ കിടക്കുന്ന ഇടത്തേക്ക് തിരിച്ചു വയ്ക്കും  പിന്നെ പറയേണ്ടല്ലോ പുകിൽ മനസ്സില്ലാമനസ്സോടെ ഞാനും ഒടുക്കം അവരോടൊപ്പം ഏതെങ്കിലും ചാക്കിൽ ചാരിയിരുന്ന് കുറച്ചു നേരം ആ ചിത്രങ്ങളിൽ ലയിച്ചിരിക്കും . തുടർന്ന് എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഞാൻ ഉണരുമ്പോഴേക്കും നേരം ഒത്തിരി വൈകിയിരിക്കും . 

തുടരും 

പ്രവാസചരിതം - പത്ത് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

അടുത്ത ദിവസം കാലത്ത് എഴുന്നേറ്റ് മില്ലിലെ തലേന്നാളത്തെ വിറ്റുവരവും കടങ്ങളും എഴുതിയശേഷം അന്നത്തേക്കു കൊടുത്തയാക്കേണ്ട ഭക്ഷ്യവസ്തുക്കൾ പാക്കറ്റിൽ നിറച്ചു് വയ്ക്കാൻ  മറ്റുള്ള ജോലിക്കാരോടൊപ്പം ചേരും. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായി ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ബദാമും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി മാറിയത് . മലയാളികമ്പനിയായതിനാൽ തന്നെ ശമ്പളം തരുന്ന രീതി അതിന്റെ മുതലാളിക്ക് ഇല്ലായിരുന്നൂ . അങ്ങനെ ശമ്പളത്തിനുള്ള ചിലവിലേക്ക് ഫോൺ വിളിയും മറ്റും വരവുവച്ചു് ഞാൻ 1995 ജൂൺ മാസം അവസാനത്തോടെ ആ മില്ലിലെ ജോലി എന്നെന്നേക്കുമായി മതിയാക്കി . ശരിക്കും ആ മില്ലിലെ ജീവിതവും നീലച്ചിത്രങ്ങളും ഇന്നും ഓർക്കുമ്പോൾ മേലാകെ കുളിരു കോരും .എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നൂ . തിരിച്ചു് ഷാർജയിലെ ആ വിലയിലേക്കു തിരിച്ചെത്തിയപ്പോഴും മുന്നോട്ടുള്ള ലോകത്തെക്കുറിച്ചു എനിക്ക് യാതൊരു രൂപവും ഇല്ലായിരുന്നൂ  എന്നതാണ് സത്യം .പക്ഷെ മുഹമ്മദ്ക്ക എനിക്കുള്ള അടുത്ത ജോലിക്കുള്ള അന്വേഷണത്തിലായിരുന്നൂ എന്നത് അദ്ദേഹം അടുത്ത ദിവസം എന്നെ കാണാൻ വന്നപ്പോഴാണ് വ്യക്തമായത് . അദ്ദേഹം ആരോടോ പറഞ്ഞുറപ്പിച്ച പ്രകാരം സർക്കാർ തലത്തിലെ ഒരു  പ്രമുഖ  ടി വി ചാനലിൽ ഓഫീസിൽ ബോയിയുടെ ഒഴിവിലേക്കാണ് അന്ന് എന്നെ അയച്ചത് . അവിടെ ചെന്ന് കുറച്ചു സമയം കാത്തുനിന്നപ്പോഴേക്കും വെള്ളത്തുണികൊണ്ട്  ശിരസ്സ് മൂടിയ ഒരു സ്ത്രീ ഇറങ്ങി വന്നു എന്നോട് 

" ആർ യു മുസ്‌ലിം ? " 

എന്ന് ചോദിച്ചപ്പോൾ  അതിനു മറുപടിയെന്നോണം ഞാൻ 

" നോ ഹിന്ദു " 

എന്ന് മറുപടി നൽകിയപ്പോൾ അവരുടെ മുഖം പെട്ടെന്ന് മാറിയത് ഞാൻ ശ്രദ്ധിച്ചു . തുടർന്ന് അവർ എന്നെ നോക്കി " യു ക്യാൻ ഗോ നൗ ? വി വിൽ ഇൻഫോം യു ലേറ്റർ " എന്ന് പറഞ്ഞപ്പോൾ ആ ജോലിയുടെ പ്രതീക്ഷയും എന്റെ മുന്നിൽ അസ്തമിച്ചു . അവിടെ നിന്നും ഷാർജയിലേക്ക് തിരിച്ച എന്റെ മനസ്സിൽ ഈ പ്രവാസത്തിലും മതത്തിന്റെ പേരിലുള്ള തരം തിരിവ് വല്ലാതെ വേദനിപ്പിച്ചു . നാട്ടിൽ മതവും ജാതിയും പണവും ശുപാർശയും നോക്കി ജോലിയും അവസരങ്ങളും തരം തിരിച്ചു നൽകുമ്പോൾ  എന്തിനാണ്  മതനിരപേക്ഷമായ നാടാട് എന്ന്  എന്റെ നാട് അറിയപ്പെടുന്നത് എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് . പക്ഷെ ഈ നാട്ടിലും അതേ മതവും സ്വാധീനവും ചതിയും ഉപയോഗിച്ച് പലപ്പോഴും ചിലർ ഒത്തിരി അവസരങ്ങൾ നഷ്ടപ്പെടുത്തുന്നൂ എന്ന് പോകെ പോകെ എനിക്കും ബോധ്യമായി .

കുറച്ചു ദിവസങ്ങൾക്കകം റോളയിലെ ഒരു ബേക്കറിയിൽ ഓവൻ ഹെൽപ്പേർ ആയി ആ ജൂലായ് മാസത്തിൽ പ്രവേശിച്ചു . പുറത്ത് സൂര്യൻ കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഓവനിലെ കരി മാറ്റി വൃത്തിയാക്കുന്ന പ്രവൃത്തിയാണ് ആദ്യമായി അവിടെ ലഭിച്ചത് . വൈകീട്ടോടെ ഞാൻ ധരിച്ച വെള്ള ഷർട്ടിന്റെ നിറവും എന്റെ മുഖവും കൈകളും കറുത്ത നിറമായി മാറി . പലപ്പോഴും അന്തരീക്ഷത്തിലെ ഹ്യൂമിഡിറ്റിയും പുറത്തെ ചൂട് കാറ്റും ഏറ്റ് ശരീരത്തിൽ നിന്നും ടേപ്പിലെ വെള്ളം കണക്ക് വിയർപ്പ് ഉറ്റിവീഴാൻ ഇടയാക്കി .ഓവനിലെ ചൂടും പുറത്തെ ചൂടും എട്ടു എന്റെ തുടയിടുക്കിലെ തൊലി പൊട്ടിയത്  വേദനാജനകമായ ആ നടത്തത്തിന്റെ താളം തെറ്റിച്ചു .
അങ്ങനെ ഏകദേശം ഒരാഴ്ചയ്ക്കകം ആ ജോലിയും എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നൂ . 

 തുടർന്നാണ് ഞാൻ ഷാർജയിലെ ഒരു എഞ്ചിനീയറിംഗ് ഡിസൈൻ ഓഫീസിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലിക്കു പ്രവേശിച്ചത് . നാട്ടിൽ ഒന്നോ രണ്ടോ പ്ലാൻ മാത്രം വരച്ചു് സൂപ്പർവൈസിങ്ങും  നടത്തി നടന്ന എനിക്ക് ഇവിടുത്തത്തെ  പ്ലാനിലുള്ള ശരിയായ ഡീറ്റൈലിങ്  ആദ്യമൊക്കെ  വലിയ തലവേദന തന്നെ സൃഷ്ടിച്ചു . അതും പ്ലാൻ വര മിക്കപ്പോഴും  കൈകൊണ്ട് തന്നെയായിരുന്നൂ താനും . ഇന്നത്തെപോലെ ഓട്ടോകാഡോ മറ്റ്  സോഫ്റ്റ് വേറോ  ആ കാലത്ത് ഇല്ലായിരുന്നല്ലോ .

 ഹിന്ദിക്കാരായ സഹപ്രവർത്തകരുമായി സഹകരിച്ചു പോകാൻ ഭാഷ പലപ്പോഴും എനിക്ക് മുന്നിൽ വിലങ്ങുതടിയായി മാറി . കഷ്ടിച്ച് ഒരു മാസക്കാലത്തോളം ഞാൻ അവിടെ ജോലിചെയ്തു .മാസമാവസാനം ആ ഓഫീസിലെ എല്ലാവര്ക്കും ശമ്പളം സൽകിയ ദിവസം അതിന്റെ ഹിന്ദിക്കാരനായ മാനേജർ എന്നെ വിളിച്ചു  

"നിനക്ക് ഒരു ദിർഹംസ് പോലും നൽകാനാവില്ല  കാരണം നിനക്ക് പണിയറിയില്ല ഒപ്പം നിന്റേത് വ്യാജസർട്ടിഫിക്കറ്റ് ആണോ എന്നാണ് എനിക്ക് സംശയം , എന്തായാലം നിനക്ക് പോകാം" 

എന്ന് ഇംഗ്ലീഷും ഹിന്ദിയും കലർത്തി പറഞ്ഞവസാനിപ്പിച്ചപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു . അന്ന് ഒരു കര്യം എനിക്ക് ബോധ്യമായി എന്റെ ഇംഗ്ലീഷും ഹിന്ദിയും അദ്ദേഹത്തിന് ഒട്ടും മനസ്സിലായില്ല എന്നത് തന്നെ .

നമ്മൾ മലയാളികൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നാൽ ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കാൻ മടിക്കുന്നതിന് കാരണം  പലപ്പോഴും നാം സ്‌കൂളിൽ നിന്നും പഠിക്കുന്ന ഗ്രാമർ തന്നെയാണ് .അത് നമ്മെ പലപ്പോഴും ഉൾവലിയാൻ നമ്മെ പ്രേരിപ്പിക്കുന്നൂ . പിന്നീട് സംസാരത്തിന് ഗ്രാമറിന്റെ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും ഒത്തിരി അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കും .

തുടരും  

പ്രവാസചരിതം - പതിനൊന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

ഞാൻ അവിടെനിന്നും ഇറങ്ങി റോള പാർക്കിലൂടെ നടന്നു റഫീഖ് ജോലിചെയ്യുന്ന കടയിൽ എത്തിച്ചേർന്നു . റഫീഖിന് മാത്രമേ എന്നെ സഹായിക്കാൻ ആവൂ എന്ന ചിന്ത വളർന്നത്  അറിയാതെ വളർന്നു . അങ്ങനെ ആരോടും ഒന്നും പറയാതെ അവനോടും ബാപ്പയുമൊടൊപ്പം കുറച്ചു ദിവസം അങ്ങനെ തള്ളി നീക്കി . മനസ്സിൽ ചിലതൊക്കെ ആലോചിച്ചുറപ്പിച്ചു് മധുവേട്ടന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു . റോളയിൽ നിന്നും അൽ വഹ്ദയിലെ അവസാനത്തെ അണ്ടർ പാസ്സ് വരെ ഈ ചൂടേറ്റു നടന്നെത്തിയത് എങ്ങനെ എന്ന് ഇന്നും എനിക്കറിയില്ല .  ഞാൻ ആ ഫ്ലാറ്റിൽ  എത്തുമ്പോഴേക്കും മധുവേട്ടൻ നാട്ടിലേക്ക് അവധിക്കു പോയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് .അങ്ങനെ സഹമുറിയന്മാരുന്ടെ സമ്മതത്തോടെ ഞാൻ അദ്ദേഹത്തിന്റെ കട്ടിലിൽ സ്ഥാനം പിടിച്ചു.  മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാൻ അദ്ദേഹം നാട്ടിൽ നിന്നും തിരിച്ചെത്തുന്ന സമയം വരെ ഒരു കേക്കിലും കെട്ടിടത്തിന്റെ കീഴിലുള്ള കൂളറിൽ നിന്നുള്ള വെള്ളത്തിലും  എന്റെ വിശപ്പിന് ആശ്വാസം കണ്ടെത്തി . ഒരാഴ്ച കഴിയുമ്പോഴേക്കും മധുവേട്ടൻ നാട്ടിൽ നിന്നും അവധികഴിഞ്ഞു തിരിച്ചെത്തി . അപ്പോഴാണ് ഞാൻ അവിടെ ചേക്കേറിയ വിവരം അദ്ദേഹം അറിഞ്ഞത് , പക്ഷെ ഞാനുമായുള്ള ആത്മബന്ധത്താൽ അദ്ദേഹം തുടർന്നും അവിടെ തുടരാൻ സമ്മതം മൂളി .തുടർന്ന് പലർക്ക് എന്റെ ബയോഡാറ്റ ഫാക്സ് ചെയ്തും മറ്റും ഇന്റർവ്യൂകൾ ഒരു വിധം നന്നായി ഒത്തുവരാൻ തുടങ്ങി ഇതിനെ തുടർന്ന് നടന്ന സംഭവികാസങ്ങളാണ് ഈ എഴുത്തിന്റെ ആദ്യ ഭാഗത്ത് ഞാൻ സൂചിപ്പിച്ചത് .

അതിനിടയിൽ ഇന്റർവ്യൂ കഴിഞ്ഞു ബാക്കി സമയങ്ങളിൽ ഫ്രീലാൻസ് ആയി ഒരു മാർബിൾ കമ്പനിക്ക് വേണ്ടി ഫ്ളോറിങ് ഡിസൈൻ വരച്ചുകൊടുക്കുന്നത് ഞാൻ ശീലമാക്കി . അങ്ങനെയിരിക്കെ ഒരു മാസത്തിനകം മധുവേട്ടൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്  മുഖേന ഷാർജ ഇൻഡസ്ട്രിയൽ ഏരിയ യിൽ ഉള്ള  ഒരു സ്റ്റേഷനറി കടയിൽ എനിക്ക് ജോലി തരപ്പെടുത്തി . അവിടെ വച്ചാണ് ഞാൻ ഹിന്ദിയിൽ എങ്ങനെ മറ്റുള്ളവരോട് സംസാരിക്കണം എന്ന് പഠിച്ചത് അതിന് എന്നെ സഹായിച്ചതോ ഒരു ദിവസം കടയിൽ സാധനം വാങ്ങാൻ വന്ന ഒരു പാക്കിസ്ഥാനി സുഹൃത്ത് . ജോലി തുടങ്ങി ഒരു മാസം പൂർത്തിയായപ്പോൾ കടയുടമ എന്നോട് 

" എന്റെ ഒരു ചെക്ക് മടങ്ങി അതിനാൽ തന്റെ ശമ്പളം ഞാൻ പത്തു ദിവസം കഴിഞ്ഞു തരാം"

 എന്ന് പറഞ്ഞു . പോകെ പോകെ ആ പത്തു ദിവസവും മാറി മറിഞ്ഞു . മധുവേട്ടനോട് ഞാൻ  ഈ കാര്യം പറഞ്ഞപ്പോൾ 

"അദ്ദേഹം നീ അവിടെ പിടിച്ചു നിൽക്ക്"

 എന്ന് പറഞ്ഞു. അങ്ങനെ ആ സ്ഥാപനത്തിൽ ഞാൻ ഏകദേശം അഞ്ച് ആറ് മാസത്തോളം ജോലിചെയ്തു . അവിടെയും ഈ  മണൽ നഗരത്തിലെ  മലയാളി കമ്പനികളിൽ ഇന്നും നിലവിലുള്ള ശമ്പളം എങ്ങനെ കൊടുക്കാതെ ഭീഷണി പ്പെടുത്തി ജോലിചെയ്യിക്കാം എന്ന രീതി തന്നെയായിരുന്നൂ . ഒടുക്കം ആ കടയുടെ മുതലാളി 

" നീ കഴിയുമെങ്കിൽ എന്റെ കയ്യിൽ നിന്നും വാങ്ങിക്കോ " 

എന്നും പറഞ്ഞു ഇറക്കി വിട്ടപ്പോൾ സഹായത്തിന് എന്റെ മധുവേട്ടൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ . പിന്നീടും ആ കടയുടമയിൽ നിന്നും ഒരു ചില്ലിക്കാശും കിട്ടിയില്ല . അതിനടുത്ത ദിവസം തന്നെ മധുവേട്ടൻ അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തിന്റെ മൈസിലോണിലെ ഗ്രോസറിയിൽ  ജോലിക്ക് കയറി . അപ്പോഴേക്കും നേരത്തെ ഇന്റർവ്യൂ കാര്യങ്ങൾ അന്വേഷിച്ചു നടന്നിരുന്ന  കസിന്റെ സുഹൃത്ത് എന്നെ  റൂമിൽ നിന്നും ഒഴിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നുണ്ടായിരുന്നൂ . അങ്ങനെ എന്റെ ചില സുഹൃത്തുക്കൾ മുഖേന റോളയിലെ ഒരു വില്ലയിലേക്ക് അവസാനം  എനിക്ക്  താമസം മാറേണ്ടി വന്നു . അപ്പോഴക്കും കൃത്യമായി ഭക്ഷണം കഴിക്കാനാവാതെ  ഞാൻ അൾസറിന്റെ കൈകളിൽ അമർന്നു തുടങ്ങിയിരുന്നൂ  .

തുടരും 

പ്രവാസചരിതം - പന്ത്രണ്ട് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

ആ തണുത്ത ദിവസത്തിൽ ഷാർജയിലെ  സൂര്യന്റെ ചൂടിന്  തീഷ്ണത ഇച്ചിരി കുറഞ്ഞത് പോലെ എനിക്ക്  തോന്നി . പുതിയ താമസ്ഥലത്തു നിന്നും  ഗ്രോസറിയിലേക്ക്  നടന്നുനീങ്ങുമ്പോഴും വയറിലെ അസഹനീയമായ വേദന എന്നെ വല്ലാതെ അസ്വസ്ഥനാക്കി . പക്ഷെ അത് പുറമെ കാണിക്കാതെ വഴിയോരത്തെ പരിചിതരോട്  കുശലം പറഞ്ഞു ഞാൻ നേരത്തെ ഓവൻ ഹെൽപ്പർ ആയി ജോലിനോക്കിയ  ബേക്കറിയിൽ കയറി കുറച്ചു കുബ്ബൂസ് പാക്കറ്റ് വാങ്ങി കടയിലേക്ക് എത്തുമ്പോഴേക്കും എന്റെ സഹായിയായ  മലപ്പുറക്കാരൻ  സമദ്   എന്റെ വരവും പ്രതീക്ഷിച്ചു അടഞ്ഞ ചില്ല് വാതിലിനു മുമ്പിൽ നിൽപ്പുണ്ടായിരുന്നൂ . 

അക്കാലത്ത്  ഷാർജയിലെ ചില  കെട്ടിടങ്ങളിൽ മാത്രമേ ലിഫ്റ്റുകൾ  ഉണ്ടായിരുന്നുള്ളൂ . അതിനാൽ തന്നെ പലപ്പോഴും  ഞാനും അവനും കൂടിയാണ് ഓർഡർ പ്രകാരം സാധനങ്ങൾ ഫ്ലാറ്റുകളിലേക്ക്  കൊണ്ടുചെന്ന് കൊടുക്കാറ് . പലപ്പോഴും ഒരു സാധനവും കൊണ്ട് മൂന്നും നാലും നിലയുള്ള കെട്ടിടത്തിന്റെ പടവുകൾ കയറി ഫ്ളാറ്റിന് മുന്നിൽ എത്തിയശേഷമായിരിക്കും ചിലർ

 
" അയ്യോ പറയാൻ മറന്നു , ഒരു ദിർഹംസിന്  കറിവേപ്പിലയും  സിഗരറ്റും വേണമായിരുന്നു , ഒന്ന് വേഗം കൊണ്ടുവരുമോ ?"


എന്ന് ആവശ്യപ്പെടുക . വീണ്ടും തിരിച്ചിറങ്ങി സാധനങ്ങളുമായി വീണ്ടും വീണ്ടും കയറി ചെല്ലുമ്പോൾ പലപ്പോഴും കാലികയറും . അതൊന്നും പുറത്തു കാട്ടാതെ 


" ശരി ചേട്ടാ " 


എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങാറ് . അതിനിടയിലും രാത്രികാലങ്ങളിലെ തണുപ്പിൽ വയറിലെ വേദന അസഹനീയമായി മാറും ഒപ്പം ചിലപ്പോഴൊക്കെ ഉണ്ടാവുന്ന  മനം പുരട്ടലും പലപ്പോഴും എന്നെ  അസ്വസ്ഥനാക്കാറുണ്ട് . അങ്ങനെയിരിക്കെ ചില ദിവസങ്ങളിൽ വേദന സഹിക്കാനാവാതെ  മരത്തിന്റെ സ്കയിൽ  എടുത്ത് അതിന്റെ ഒരറ്റം മേശയുടെ അറ്റത്തും മറുവശം എന്റെ വയറ്റിലും കുത്തിനിറുത്തി ഞാൻ പലപ്പോഴും  ആശ്വാസം കാണാറുണ്ട് .  എങ്ങനെ യാണ് അക്കാലം എനിക്ക് മറക്കാനാവുക  . 

അങ്ങനെയിരിക്കെ ഒരു രാത്രിയിൽ കടയിലേക്ക് കയറിവന്ന വൈവദൂതനെ പോലുള്ള ഒരാളാണ് അബൂബക്കർ എന്ന ഞങ്ങളുടെ ബക്കർക്ക് . അദ്ദേഹം  ഷാർജയിലെ ഒരു പ്രിൻറിംഗ് പ്രസ്സിൽ സെയ്ൽസ് മാനേജർ ആയി ജോലിനോക്കുകയായിരുന്നൂ . എന്റെ മുഖത്തെ വിളർച്ചയും അവശതയും കണ്ടാണ്  അദ്ദേഹം എന്നോട് ആരോഗ്യ കാര്യങ്ങൾ തിരക്കിയത് . ഞാൻ ആദ്യമൊക്കെ ചിരിച്ചുകൊണ്ട് സുഖം എന്ന് മറുപടി പറഞ്ഞൊഴിയാൻ ശ്രമിച്ചു എങ്കിലും  അദ്ദേഹത്തിന്റെയും സഹപ്രവർത്തകനായ സമ്ദിന്റെയും നിര്ബന്ധത്തിന് ഒടുവിൽ ഞാൻ അവരുടെ മുമ്പിൽ എന്റെ മനസ്സ് തുറന്നു .എല്ലാം കേട്ടറിഞ്ഞ അദ്ദേഹം എനിക്ക് റോള പാർക്കിനു സമീപത്തെ കെട്ടിടത്തിൽ ക്ലിനിക്ക് നടത്തുന്ന ജമാൽ ഡോക്ടറെക്കുറിച്ചു പറഞ്ഞു തന്നു .

കയ്യിൽ ആഹാരം കഴിക്കാൻ പോലും പണം ഇല്ലാത്ത എന്റെ കയ്യിൽ എവിടെയാ ഡോക്ടറെ ചെന്ന് കാണാൻ കാശ് .  അദ്ദേഹത്തെ നിരാശനാകാനെ എനിക്കായുള്ളൂ  അപ്പോഴും കടയിൽ നിന്നുംമടങ്ങി  റൂമിലേക്ക് തിരിക്കുമ്പോൾ  രാത്രി എന്താണ് കഴിക്കുക എന്നതായിരുന്നൂ ചിന്ത മുഴുവൻ . തുടര്ന്നുള്ള ദിവസങ്ങളിൽ ഏത് ഭക്ഷണത്തിന്റെ ഗന്ധവും  എന്നിൽ മനം പുരട്ടാൻ ഉണ്ടാക്കാൻ തുടങ്ങി.  പലപ്പോഴും ഛർദ്ദിച്ചു ഛർദ്ദിച്ചു്  ഞാൻ കുഴഞ്ഞു എന്ന് തന്നെ പറയാം  . 

അങ്ങനെയിരിക്കെ ഒരു ദിവസം അബൂബക്കറിക്ക തന്നെ എന്നെയും കൂട്ടി  നിന്നും ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ട് പോയി  കാണിച്ചു് ആവശ്യമായ മരുന്ന് വാങ്ങിതന്ന് എന്നെ മുറിയിൽ കൊണ്ട് വിട്ടപ്പോൾ  അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. 

തുടരും 

പ്രവാസചരിതം - പതിമൂന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

തുടർന്നുള്ള ദിവസങ്ങളിൽ  ഞാൻ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ എന്നും എന്റെ ആരോഗ്യകാര്യങ്ങളും  തിരക്കലായി അബൂബക്കറിക്കയുടെ പ്രധാന ജോലി . അദ്ദേഹത്തെ  സ്വന്തം സഹോദരനെപോലെ ഞാൻ കാണാൻ തുടങ്ങിയത് അക്കാലം മുതലാണ്  .

(മതമോ ജാതിയോ വർണ്ണമോ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ചു് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ആളുകളെ തരം തിരിക്കേണ്ടത്  എന്നതാണ് എന്റെ അഭിപ്രായം  .)

അങ്ങനെയിരിക്കെ  ഒരു നാൾ   കടയിൽ നിന്നും എനിക്കുള്ള ആദ്യ  ശമ്പളത്തിനുള്ള ചെക്ക്‌ ഉടമയിൽ നിന്നും ലഭിച്ചു  .  ചെക്ക് കയ്യിൽ തന്നുകൊണ്ടു അദ്ദേഹം 

" നീ ഈ ചെക്ക് ഞാൻ തന്ന വിവരം ആരോടും പറയരുത്  അതുപോലെ കാലത്തു തന്നെ ബാങ്കിൽ പോയി ഇത് മാറിക്കോളണം " എന്നും പറഞ്ഞവസാനിപ്പിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ചെക്കുമായി ബാങ്കിൽ പോയി അത് മാറി. കയ്യിലെ കാശുകൊണ്ട് കുറച്ച് അത്യാവശ്യ   സാധനങ്ങളും വാങ്ങി വില്ല യിലേക്ക് നടന്നു .  ഗൾഫിൽ ആദ്യമായി  അന്ന് ഉച്ചഭക്ഷണം  പാചകം ചെയ്യാനായി അടുക്കളയിലേക്ക്‌   കയറി  . ഈയടുത്ത കാലത്താണ്   ഡോക്ടരുടെ നിർദ്ദേശപ്രകാരം  എണ്ണയോ മസാലകളോ ചേർക്കാതെ  ഉപ്പും പച്ചമുളകും മാത്രം  ചേർത്ത്  വേവിച്ച പച്ചക്കറികൾ  കഴിക്കാൻ തുടങ്ങിയത് . കിട്ടിയ ശമ്പളത്തിൽ  ബാക്കി വന്നതിൽ നിന്നും ഒരു വിധം കടങ്ങളും മുറിവാടകയും കൊടുത്ത് തീർത്തു . വൈകീട്ട് കടയിലേക്ക് ചെന്നപ്പോഴാണ് കടയുടമയുടെ ബന്ധു അവിടെ എന്നെയും പ്രതീക്ഷിച്ചു് നിൽക്കുന്നത് കണ്ടത് . അയാൾ എന്നെ കണ്ടപാടെ  

"നിനക്ക് രാജേട്ടൻ ഏതെങ്കിലും ചെക്ക് തന്നിരുന്നോ "  എന്ന് തിരക്കി .ഞാൻ ആ ചോദ്യത്തിന് 

"അതെ , തന്നിരുന്നൂ "

 എന്ന് മറുപടിയും നൽകി അപ്പോഴാണ് അദ്ദേഹം എന്നോട് കയർത്ത് കൊണ്ട് 

" നീ ആരോട് ചോദിച്ചിട്ടാ  ആ ചെക്ക് ബാങ്കിൽ ചെന്ന് മാറിയത് "

 എന്ന് ചോദിച്ചത് . അതിനു മറുപടിയായി ഞാൻ അദ്ദേഹത്തോട് 

" മാസ ശമ്പളം രാജേട്ടൻ ചെക്കായി തന്നു ഞാൻ അത് മാറിയെടുത്തു , നിങ്ങൾക്ക് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ രാജേട്ടനോട് ചോദിക്കൂ . എന്നോട് എങ്ങനെ ചൂടായിട്ട് ഒരു കാര്യവുമില്ല " 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ പിന്നെ ഒന്നും തന്നെ മിണ്ടാതെ അദ്ദേഹം അവിടം വിട്ടു . പിന്നീടാണ് അദ്ദേഹം രാജേട്ടന്റെ അളിയനാണ്  എന്ന വിവരം ഞാൻ അറിയുന്നത് തന്നെ . 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നൂ ഒപ്പം കടയിലെ സാധനങ്ങളും കുറഞ്ഞു കൊണ്ടുമിരുന്നൂ . കടയുടെ ഉടമ ഒരു ചെക്ക് കേസിൽ പെട്ട്  വലിയ കടത്തിലാണെന്നും അടുത്തുതന്നെ കട പൂട്ടിപോവും എന്നും ഞാൻ മനസ്സിലാക്കിയത് ആയിടയ്ക്കാണ് . 

അന്ന്  ഒരു  വെള്ളിയാഴ്‌ചയായിരുന്നു . അന്ന് ഞാൻ താമസിക്കുന്ന വില്ല നോക്കി നടത്തുന്ന കാസർക്കോട് കാരൻ ഇച്ച  കാലത്തു കറുത്ത ബൂയിക് കാറുമായി ഗേറ്റിനു മുമ്പിൽ വന്നു നിന്നു . ഞാൻ അതിന്റെ ഉള്ളും പുറവും നടന്നു കണ്ടു . അദ്ദേഹത്തിന്റെ അറബിയുടെ കാർ ആയിരുന്നൂ അത് എന്ന് അദ്ദേഹം പറഞ്ഞറിഞ്ഞു .അദ്ദേഹം അല്പസമയത്തിനകം  കാറുമായി എവിടേക്കോ പോയി ഉച്ചയോടെ തിരിച്ചെത്തി. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ വലിയ ഒരു പൊതി ഉണ്ടായിരുന്നൂ . അദ്ദേഹം ഞങ്ങളെ അടുത്തു വിളിച്ചുകൊണ്ടു അദ്ദേഹത്തിന്റെ മുറിയുടെ നിലത്ത് വട്ടത്തിൽ ഇരുന്നൂ . അതിനിടയിൽ അദ്ദേഹം ആ വലിയ പൊതി മെല്ലെ തുറക്കാൻ തുടങ്ങി .  ആ പൊതി  നിറയെ ബിരിയാണി ആയിരുന്നൂ  അതും നല്ല ഒട്ടക ബിരിയാണി . വിശന്ന് വലഞ്ഞ എനിക്ക് അത് ശരിക്കും അമൃതായിരുന്നൂ  എങ്കിലും ഒട്ടക മാംസത്തിന്റെ രുചിയുമായി പൊരുത്തപ്പെടാൻ എനിക്കായില്ല . അങ്ങനെ ആഹാരം കഴിഞ്ഞു അദ്ദേഹം വീണ്ടും അറബിയുടെ വില്ല യിലേക്കു പോയി  വൈകീട്ടോടെ തിരിച്ചു വന്നു . അങ്ങനെ അറബിയുടെ ആ അമേരിക്കൻ കാറിൽ ഞങ്ങളെ കയറ്റി അദ്ദേഹം ഞങ്ങളെയും കൊണ്ട് ഒരു നഗര പ്രദക്ഷിണം നടത്തി  തിരിച്ചു വില്ലയുടെ ഗേറ്റിനു മുന്നിൽ നിറുത്തി . അതൊക്കെ എനിക്ക് ഒരു ദിവാസ്വപ്നമായേ  കാണാൻ കഴിഞ്ഞുള്ളു .

അന്ന് വെള്ളിയാഴ്ചയായതിനാലും നാട്ടിലേക്ക് ഫോൺ ചെയ്യൂന്ന  ആഴ്ചയിലെ  ഒരു ദിവസം എന്നതിനാലും അന്നത്തെ ഇന്ത്യൻ അസോസിയേഷൻ കെട്ടിടത്തിന് മുമ്പിലെ എത്തിസലാത്ത് ബൂത്തിലേക്ക് ഞാൻ നടന്നു . അന്നൊന്നും വീട്ടിൽ ടെലിഫോൺ ഇല്ലാതിരുന്നതിനാൽ അടുത്ത വീട്ടിലേക്കാണ് ഞാൻ സാധാരണ വിളിക്കാറ് . ആദ്യം ഫോൺ ചെയ്ത് അച്ഛനെയോ അമ്മയോ ഒന്ന് വിളിച്ചു തരുമോ എന്ന് ആ വീട്ടുകാരോട് ചോദിക്കും.  പിന്നീട് കുറച്ചു സമയം കഴിഞ്ഞു വീണ്ടും വിളിക്കും അപ്പോഴേക്കും അച്ഛനും അമ്മയും ആ ഫോണിനരികിൽ സന്നിഹിതരായിരിക്കും . അവരോടു അല്പസമയം സംസാരിച്ചു കഴിയുമ്പോഴേക്കും മനസ്സിന്  തെല്ലൊരാശ്വാസം ലഭിക്കും .
 

അന്ന് രാത്രി അപ്രതീക്ഷിതമായി നല്ലൊരു മഴ ഞങ്ങൾക്ക് ലഭിച്ചു . മഴപെയ്യുമ്പോൾ ഞാൻ ഉറക്കിലേക്ക് കടന്നിരുന്നൂ എങ്കിലും മുഖത്തു നിറുത്താതെ വീണ മഴത്തുള്ളികൾ ആ ഉറക്കത്തിന് ഭംഗം വരുത്തി . അതൊരു പഴയ വില്ലയായിരുന്നതിനാൽ മേൽക്കൂര നല്ലവണ്ണം ചോർന്നൊലിക്കുന്നുണ്ടായിരുന്നൂ . അല്പസമയത്തിനകം ആ മുറിയിലെ തറയിൽ  മഴവെള്ളം തളം കെട്ടി. ഞാനും എന്റെ സുഹൃത്തും മടക്കിവച്ച കിടക്കയുമായി ചുമരും ചാരി മഴ ചോരുന്നതും നോക്കിയിരുന്നൂ . മഴ ചോരാൻ ഒത്തിരി സമയമെടുത്തു  ശേഷം തറയിലെ വെള്ളം മുഴുവൻ മുക്കി തുടച്ചു വൃത്തിയാക്കുമ്പോഴേക്കും നേരം ഒത്തിരി വൈകി .അങ്ങനെ ഒരു ദിനം കൂടി എന്റെ ജീവിതത്തിൽ  ചേർത്തു വച്ചുകൊണ്ടു കാലവും മുമ്പോട്ട് നീങ്ങി .

 തുടരും 

പ്രവാസചരിതം - പതിനാല് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അടുത്ത  ദിവസം കാലത്ത്  അപ്രതീക്ഷിതമായാണ് കടയുടമ കടയിലേക്ക് കയറി വന്നത്. അദ്ദേഹം കടയിലെ റാക്കുകൾക്ക് മുമ്പിലൂടെ  ഒരോട്ട പ്രദർശനം നടത്തിയ ശേഷം  എന്റെ  അരികിലേക്ക് തിരിച്ചുവന്നു . ആ മുഖത്ത് തെളിഞ്ഞു കണ്ട   പുഞ്ചിരിയിൽ ഏതോ നിഗൂഡത മറഞ്ഞിരിക്കുന്നതായി എനിക്ക്  തോന്നി. അപ്പോഴാണ് അദ്ദേഹം എന്റെ അരികിലേക്ക് നീങ്ങിനിന്ന് ചുമലിൽ കൈകൾ  
അമർത്തിക്കൊണ്ട് 

"സത്യാ ...  നിന്നോട്  ഒരു പ്രധാന കാര്യം അറിയിക്കാനാണ്  ഞാനിപ്പോൾ ഇങ്ങോട്ട്  വന്നത്. ഞാൻ ഒരു സുഹൃത്തിനെ സഹായിച്ചത് കാരണം  വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് . അതിനാൽ തന്നെ ഈ കട  തുടർന്ന് നടത്തിക്കൊണ്ടുപോവാൻ  കഴിയാത്ത സാഹചര്യത്തിലാണ് . അതിനാൽ നാളെ മുതൽ നീ കട തുറക്കണ്ട.  ഈ വിവരം  നിന്നെ നേരിട്ട് ധരിപ്പിക്കാനാണ് ഞാൻ ഇങ്ങോട്ട് വന്നത്. നീ ആത്മാർത്ഥമായി തന്നെ ഇവിടെ ജോലി ചെയ്തു വരികയായിരുന്നൂ എന്ന് എനിക്കറിയാം നിനക്ക് നല്ലതേ വരൂ "

എന്ന് പറഞ്ഞ് നിറുത്തിയപ്പാഴേക്കും അദ്ദേഹം കണ്ണടനീക്കി കണ്ണീർ തുടക്കുന്നത് ഞാൻ ശ്രദ്ധിച്ചു . അദ്ദേഹത്തിന്റെ ആ  വാക്കുകൾ  കേട്ടപ്പോൾ  ഞാൻ  ശരിക്കും ഒന്ന് ഞെട്ടി . വിശപ്പിന്റെ പൊള്ളിക്കുന്ന നോവിൽ  നിന്നും  ഒരു വിധം കരകയറി വരുമ്പോഴിതാ എന്റെ സമയ ദോഷം പോലെ ഓരോ തടസ്സങ്ങൾ,  അറിയാതെ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി . അന്ന് കടയിലെ സ്റ്റോക്കും വിറ്റുവരവും കടങ്ങളും  കൂട്ടിക്കിഴിച്ച് മുതലാളിയേ എല്ലാം ഏൽപ്പിച്ച് കടയിൽ നിന്നും ഇറങ്ങാൻ  ഞാൻ വൈകി.   നാളെ ഇനി എന്ത് എന്ന  ചോദ്യമായിരുന്നു എന്റെ  മനസ്സ്  മുഴുവനും. വഴിലൂടെ നടന്ന്  ഞാൻ പ്രധാനനിരത്തിന്റെ  ഓരത്ത് ചെന്ന് നിന്നു . പിന്നീട് ചുറ്റും കണ്ണോടിച്ചു് പാത മുറിച്ച് കടക്കാനായി വാഹനങ്ങളുടെ തിരക്ക്  ഒരു വിധം ഒഴിയുന്നതുവരെ കാത്തു നിന്നു . പിന്നെപ്പോഴോ തിരക്ക് അല്പം കുറഞ്ഞപ്പോൾ പാത മുറിച്ചു കടക്കാൻ ഞാൻ ഒന്നു ശ്രമിച്ചുപിന്നെ നടന്നത്  എന്താണെന്ന്  ആ വഴി കടന്നുപോയ ചിലർ  പറഞ്ഞാണ് ഞാനറിഞ്ഞത്. 

"എന്റെ കാലിലെ ഷൂസ്സിന്റെ അടി തയഞ്ഞു നല്ല മിനുസമുള്ളതായിരുന്നതിനാൽ   തറയിൽ നിന്നും വഴുതി  വായുവിൽ ഉയർന്ന് നീളമുള്ള  മുള കണക്ക് ഒന്നുലഞ്ഞു  റോഡിലേക്ക് പതിച്ചപ്പോൾ  മനസ്സിൽ എല്ലാം അവസാനിച്ചു എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി.  ആ കിടപ്പിൽ ഒന്ന് തല ചരിച്ച് റോഡിൻറെ ഒരു വശത്തേക്ക് ഞാൻ  കണ്ണോടിച്ചപ്പോൾ  ശരിക്കും ഒന്ന് ഞെട്ടി  .  അതുവരെ ദൂരെനിന്നും കുതിച്ച് പാഞ്ഞുവന്ന പല വാഹനങ്ങളും  ആ സമയം എന്റെ മുന്നിൽ നിരയായി നിർത്തിയിട്ടിരിക്കുകയായിരുന്നൂ . ഞാൻ ചാടിയെഴുന്നേറ്റ് വില്ല ലക്ഷ്യമാക്കി നടന്നു . അതോടെ ഞാൻ മനസ്സിൽ ജീവിതത്തിൽ നല്ലൊരു നിലയിലെത്തിയേ  നാട്ടിലേക്ക് പോകൂ എന്ന്  ആണയിട്ടുറപ്പിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ കാലത്തെഴുന്നേറ്റ് അടുത്തുള്ള ഒരു സുഹൃത്തിന്റെ ടൈപ്പിംഗ് സെന്ററില് പോയി ഗൾഫ് ന്യൂസ് എന്ന പത്രം നോക്കി ദുബായിയിലും ഷാർജയിലും ഉള്ള കമ്പനികളിലേക്ക് എന്റെ ബിയോഡേറ്റ അയച്ചുകൊണ്ടിരുന്നൂ . ശേഷം വില്ലയിൽ ഉണക്കമീൻ വൃത്തിയാക്കി പാക്ക് ചെയ്ത് കടകളിൽ കൊണ്ടുചെന്ന് വിൽപ്പന നടത്തുന്ന ചെറുപ്പക്കാരോടൊപ്പം ഒരു സഹായിയായി കൂടി . ശമ്പളം വേണ്ട ഭക്ഷണം തന്നാൽ മതി അതാണ് എന്റെ ആവശ്യം . അവസാനം എന്റെ ആ തീരുമാനം  അവർ അംഗീകരിച്ചു .  അതിനിടയിൽ ഒരു ലാൻഡ് സ്‌കേപ്പിങ് കമ്പനിയിൽ താൽക്കാലികമായി ജോലി ലഭിച്ചു പക്ഷേ അതും അധിക കാലം നീണ്ടുനിന്നില്ല . അങ്ങനെയിരിക്കെ ഒരു ദിവസം ജുമേയ്‌റ എന്ന സ്ഥലത്തെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ഇന്റർവ്യൂവിന് പോകാൻ വേണ്ടി കുറച്ചു കാശിനായി മുഹമ്മദ്ക്കയോട് ചോദിയ്ക്കാൻ പോകുന്ന വഴിയാണ് ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലിചെയ്യുന്ന പപ്പേട്ടനെ വഴിയിൽ വച്ച് കാണാൻ ഇടയായത് . അദ്ദേഹം കട പൂട്ടിയ കാര്യവും മറ്റും ചോദിക്കുന്ന കൂട്ടത്തിൽ എന്റെ വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചു മനസ്സിലാക്കി . പിന്നീട് എന്തോ ആലോചിച്ചു് ഉറച്ച പോലെ എന്നെ നോക്കി 

"നാളെ റോള പാർക്കിന് സമീപത്തുള്ള എന്റെ  ഓഫീസിൽ  നീ വാ . നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം "

എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പ്രതീക്ഷകൾക്ക് പുതുചിറകുകൾ മുളച്ചു തുടങ്ങുകയായിരുന്നൂ .

തുടരും 

പ്രവാസചരിതം - പതിനഞ്ച് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അദ്ദേഹം എന്നോട് യാത്രപറഞ്ഞു അടുത്ത ഗല്ലിയിലേക്ക് കയറി   എങ്ങോട്ടോ നടന്നകന്നു . ഞാനും  മുഹമ്മദ്ക്കയുടെ അടുത്തേക്കുള്ള പ്രയാണം തുടർന്നു വഴിയരികിലെ അറബിക്ക് ഹോട്ടലിന്റെ മുൻപിൽ വച്ച്    എന്നോടൊപ്പം കടയിൽ ജോലിചെയ്തിരുന്ന സമദിനെ  കണ്ടുമുട്ടി . അവൻ ചിരിച്ചുകൊണ്ട്  അടുത്തു വന്ന്  ഞങ്ങളുടെ കട പൂട്ടിപ്പോയതിന്റെ കാര്യത്തെക്കുറിച്ചും  മറ്റും ദീർഘനേരം എന്നോട് സംസാരിച്ചു . 

അവിടെനിന്നും അല്പസമയത്തിനകം അന്നത്തെ കോൺകോർഡ് സിനിമയും കടന്ന് കുവൈറ്റ് റൗണ്ട് എബൗട്ടിന് സമീപമുള്ള മുഹമ്മദ്ക്കയുടെ കടയിൽ ചെന്ന്  കുറച്ചു് കാശും  കടം വാങ്ങി അടുത്ത ദിവസത്തെ ഇന്റർവ്യൂ കാര്യവും അറിയിച്ചു് അവിടെനിന്നും മടങ്ങി . 

ഞാൻ ഈ ഗൾഫിൽ വന്ന നാൾ മുതൽ കടപ്പെട്ട ഒത്തിരി പ്പേരുണ്ട് അവരുടെ പേരുകൾ ഈ എഴുത്തുകളിൽ എവിടെയും  ഞാൻ  സൂചിപ്പിച്ചിട്ടില്ല കാരണം അവർക്കുള്ള സ്ഥാനം ഈ വരികളിലല്ല മറിച്ചു് ഹൃദയത്തിലാണ് എന്നത് തന്നെ . അതിനിടയിൽ പറയാൻ വിട്ടുപോയ ഒരാളുണ്ട് അത് വേറെ ആരും തന്നെ അല്ല എന്റെ ഒരു കസിൻ സിസ്റ്റർ ആണ് . അവളോട് ഞാൻ ഒരിക്കൽ ജോലികണ്ടുപിടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ ഇല്ല നീ സ്വയം കണ്ടെത്തിക്കോളൂ എന്നായിരുന്നൂ . ഈ സന്ദർഭത്തിൽ അവളെ മറക്കുന്നത് എങ്ങനെ . അവൾ എന്നിലേക്ക്‌ പകർന്ന നിഷേധ നിലപാടിൽ നിന്നുമാണ് ഈ  വാശിയുടെ ഉത്ഭവം. 

അടുത്ത ദിവസം കാലത്ത് തന്നെ പപ്പേട്ടന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിന് മുമ്പിൽ ഞാൻ നിലയുറപ്പിച്ചു . ഏകദേശം  ഒമ്പത് മണിയോടെ  പപ്പേട്ടൻ ഓഫീസിലേക്ക് പോകാനായി ലിഫ്റ്റിനരികിലെത്തി. അദ്ദേഹം ഓഫീസിലേക്കുള്ള യാത്രയിൽ എന്നെയും ഒപ്പം കൂട്ടി . അദ്ദേഹം വേഗം ചെന്ന് ഓഫീസിലെ താനെ കസേരയിൽ ഇരുന്നുകൊട്നു എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു . അതിനിടയിൽ അദ്ദേഹം ഫോണെടുത്ത് ഏതോ നമ്പറിലേക്ക് ഡയല് ചെയ്തു . പിന്നീട് മുറുഭാഗത്തെ ആളോട് എന്തോ സംസാരിച്ചു് കൊണ്ട് എന്നെ നോക്കി റിസീവർ പൊത്തിപ്പിടിച്ചുകൊണ്ട് 

' അവിടെ ഇപ്പോൾ ഒരു ഡ്രാഫ്റ്സ്മാൻറെ ഒഴിവ്  ഉണ്ട് , നിനക്ക് ഇപ്പോൾ തന്നെ അവിടെ പോകാൻ പറ്റുമോ ?"

 എന്ന് ചോദിച്ചപ്പോൾ   ഞാൻ അതെ എന്ന് നൽകി . ശേഷം അദ്ദേഹത്തിനോട് നന്ദിയും പറഞ്ഞുകൊണ്ട്  കടലാസ്സിൽ അദ്ദേഹം എഴുതിത്തന്ന  വിലാസത്തിലേക്ക് യാത്ര തിരിച്ചു . റോളയിൽ നിന്നും ഒരു ടാക്സിയിൽ കയറിയ ഞാൻ പോകേണ്ട കമ്പനിയുടെ വിലാസം ഡ്രൈവറായ പഠാനോട് പറഞ്ഞു . അയാൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി 

" വോ ഹമാരാ  പാക്കിസ്ഥാൻ കമ്പനി ഹേ "

എന്ന് പറഞ്ഞപ്പോഴാണ് അയാൾ ഒരു പാക്കിസ്ഥാനിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് . തുടർന്ന് കാറിനുള്ളിലെ ടേപ്പ് റിക്കാര്ഡറിലേക്ക് ഒരു പഷ്‌തോ ഗാനങ്ങൾ അടങ്ങിയ കാസറ്റ്‌ തള്ളി കയറ്റി . കാറിനുള്ളിൽ മനോഹരമായ പഷ്‌തോ സംഗീതം അലയാടിക്കാൻ തുടങ്ങി . ആ ഗാനത്തിൽ ലയിച്ചുപോയ ഞാൻ  കമ്പനിയുടെ മുമ്പിലെ റോഡരികിൽ കാർ ചെന്ന് നിന്നത് പോലും അറിഞ്ഞില്ല . കാറിൽ നിന്നും ഇറങ്ങി കമ്പനി കെട്ടിടത്തിലേക്കുള്ള പടികൾ നടന്നുകയറുമ്പോൾ എന്റെ കാലുകൾക്ക് വേഗം കൂടുന്നതായി ഞാൻ അറിഞ്ഞു .  കെട്ടിടത്തിലേക്ക് പ്രവേശിച്ചു് റിസപ്ഷനിൽ അന്വേഷിച്ചു് എച്ചു് ആർ ഡിപ്പാർട്മെന്റിൽ കയറി ചെന്ന് [പപ്പേട്ടൻ പറഞ്ഞ  സെയ്ദ്  എന്ന ആളെ ഞാൻ തിരക്കി . ആ സീറ്റിൽ ഇരിക്കുകയായിരുന്ന  അറബി എതിർ വശത്ത് ഇരുന്ന ആളെ ചൂണ്ടി 

" ഉദർ  പൂച്ചോ " 

 എന്ന് പറഞ്ഞു . അവിടെ ഇരുന്ന്  എന്തോ എഴുതിക്കൊണ്ടിരിക്കുന്ന  നരവീണ കഷണ്ടിക്കാരനാണ് സെയ്ദ്  എന്ന  ആൾ. അദ്ദേഹം അതിനിടയിൽ മുഖമുയർത്തി സ്വർണ്ണ നിറത്തിലുള്ള  കണ്ണട യിലൂടെ എന്നെ നോക്കി  

"നാളെ രാവിലെ അബുദാബി ഓഫീസിൽ ചെന്ന് സ്റ്റുവേർഡ് എന്ന ഇംഗ്ലീഷ് കാരനെ കാണണം . അവിടെയാണ് ഇന്റർവ്യൂ , അബുദാബി സൈറ്റിലേക്കാണ് ആളെവേണ്ടത് . അബുദാബി ഓഫീസിൽ ഒരു ജോയ് എന്ന മലയാളി സെക്രട്ടറി ഉണ്ട് ഇതാണ് ആ ഓഫീസിൽ നമ്പർ " 

എന്നും പറഞ്ഞു അബുദാബി ഓഫീസിൽ ലൊക്കേഷനും ഓഫീസു നമ്പറും എനിക്ക് കൈമാറി . ഒപ്പം അദ്ദേഹത്തിന് എതിർ വശത്തിരുന്ന അറബിയെ നോക്കി 

" അർബാബ്  യെ  ആദ്മി അബുദാബി സൈറ്റ് കേലിയെ   ഡ്രാഫ്റ്സ്മാൻ പോസ്റ്റ് ക ഇന്റർവ്യൂ  കേലിയേ ആയാഹേ "

എന്ന് പറഞ്ഞപ്പോൾ ആ അറബി സീറ്റിൽ നിന്നും എഴുന്നേറ്റ് എനിക്ക് ഷെയ്ഖ് ഹാൻഡ് നൽകി . 

അദ്ദേഹത്തോട് നന്ദിയും പറഞ്ഞു അവിടെനിന്നും ഇറങ്ങി റോഡ് മുറിച്ചുകടന്നപ്പോഴേക്കും ആ സമയത്തെ ബസ്സ് അവിടെനിന്നും അകന്നു കഴിഞ്ഞിരുന്നൂ . ഇനി ബസ്സ് വരാൻ ഒത്തിരി സമയം എടുക്കും എന്ന് ആരോ പറഞ്ഞു ഞാൻ മനസ്സിലാക്കി അതിനിടയിൽ ആളുകളുടെ എണ്ണം  വീണ്ടും കൂടി . 

ചുട്ടു പഴുക്കുന്ന ചൂടിൽ ഇനി എന്ത് എന്ന്  ചിന്തിച്ചു നിന്നപ്പോഴാണ് ഒരു അറബിയുടെ വാഹനം ഞങ്ങളുടെ അരികിൽ വന്നു നിന്നത് . അതിൽ ഒരു സ്വദേശിയായ വൃദ്ധയും അവരുടെ ഡ്രൈവറും ആണ് ഉണ്ടായിരുന്നത് . അവർ ഡ്രൈവറോട് എന്തോ ചോദിച്ചു . ഡ്രൈവർ ഞങ്ങളെ നോക്കി 

"ടൗണിലേക്ക് ആണെങ്കിൽ കയറിക്കോ "

എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ആ വാഹനത്തിലെ തണുത്ത സീറ്റിൽ  സ്ഥാനം പിടിച്ചു . ദെയ്‌റ ടൗണിൽ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവരോടു നന്ദിപറയാൻ ഞങ്ങൾ മറന്നില്ല . നിനച്ചിരിക്കാതെ ഒരു മാലാഖ യെപ്പോലെ വന്ന ആ സ്ത്രീ  ഇന്നും എന്റെ മനസ്സിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നൂ .

തുടരും 

പ്രവാസചരിതം - പതിനാറ് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അവിടെനിന്നും റോഡ് മുറിച്ചുകടന്ന് അബ്ര (കടത്ത് ) ലക്ഷ്യമാക്കി ഞാൻ നടന്നു . എന്റെ ഇടതു വശത്തായി  ക്രീക്കിലെ ഓളങ്ങളെ കീറിമുറിച്ചു തലങ്ങും വിലങ്ങും  നീങ്ങുന്ന  യാച്ചുകളും കരയോട് ചേർത്ത് കെട്ടിയിട്ടിരിക്കുന്ന വലിയ പത്തേമാരികളും അവയ്ക്കു ചുറ്റും വട്ടമിട്ട് നീലാകാശത്തിന്  കീഴെ  പറക്കുന്ന കടൽക്കാക്കകളും  ചില വിമാനങ്ങളും എന്നിൽ വല്ലാത്ത കൗതുക മുണർത്തി . 

അബ്രയിലേക്ക്  പടികളിലൂടെ സൂക്ഷിച്ചു് കയറിയിരുന്നപ്പോഴേക്കും  ആ ട്രിപ്പിനുള്ള ആളായി . അങ്ങനെ അബ്ര ഒരു മുരൾച്ചയോടെ കരയിൽ നിന്നും മറുകര ലക്ഷ്യമാക്കി നീങ്ങി . അബ്രയിൽ ഇഇരിക്കുകയായിരുന്ന ചില യാത്രക്കാർ  കയ്യിലെ ക്യൂബ്ബൂസ് കടൽക്കാക്കകൾക്ക് എറിഞ്ഞുകൊടുക്കുന്നതും അവ അത് കൊത്തിപ്പറക്കുന്നതും നോക്കി ഞാൻ രസിച്ചു.  അങ്ങനെ ഇരിക്കെയാണ് അബ്ര  മറുകരയിൽ പടവിൽ ചെന്ന് ഇടിച്ചു  ഒരു കുലുക്കത്തോടെ നിന്നത് . ഒടുക്കം അതിൽ ഒരു വിധം ചാടിയിറങ്ങി ഞാനും ആ ജനക്കൂട്ടത്തിലൂടെ  ബർദുബായ് ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു . 

ബസ് സ്റ്റാൻഡിന്റെ ഒരു വശത്ത് നിറുത്തിയിട്ട ഒരു ടാക്സിയിൽ ഞാൻ കയറി. അല്പസമയത്തിനകം ആ ടാക്സി ജുമേയ്‌റ എന്ന സ്ഥലത്തേക്കുള്ള യാത്രയാരംഭിച്ചു . ജുമേയറയിൽ ടാക്സി ഇറങ്ങി അടുത്ത ഇന്റർവ്യൂ വിന്  എത്തിയപ്പോഴേക്കും  അത് ഒരു കൺസ്റ്റ്‌ക്ഷൻ സൈറ്റ് ആണ് എന്ന് മനസ്സിലായത് . ആ ഓഫീസിന്റെ റിസപ്ഷൻ  അന്വേഷിച്ചു കണ്ടുപിടിച്ചു് അവിടെ എന്റെ വരവിന്റെ ഉദ്യേശം അറിയിച്ചപ്പോഴാണ്  മനസ്സിലായത് അതൊരു മലയാളി കമ്പനിയാണ് എന്ന് . അതിനാൽ തന്നെ മനസ്സിൽ യാതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല . കാരണം അഥവാ ജോലികിട്ടിയാൽ ഒന്നുകിൽ സാലറി സമയത്ത് കിട്ടില്ല  അല്ലെങ്കിൽ ജാതിമത പൊളിറ്റിക്സ്  ഒപ്പം ഉണ്ടാവും എന്നുള്ള എന്റെ മുൻകാല പാഠങ്ങൾ  മനസ്സിൽ  മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നൂ. 

അതിനിടയിൽ അവർ എന്നെ ഇന്റർവ്യൂവിന് വിളിച്ചു . അതിന്റെ മുതിർന്ന ഒരു മാനേജർ മറ്റുകാര്യങ്ങൾ ആരായുന്ന കൂട്ടത്തിൽ  മെല്ലെ എന്നോട് 

" ഇന്ന് എന്തായാലും ഇന്റർവ്യൂ ചെയ്യാൻ കഴിയില്ല , നാളെ  എനിക്ക് ഒരു സൈറ്റ് വിസിറ്റ്  ഉണ്ട് "

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് ബോധ്യപ്പെട്ടു . അതിനാൽ തന്നെ ഞാൻ അദ്ദേഹത്തെ നോക്കി

" നാളെ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് "  

എന്ന് പറഞ്ഞു തീരുമ്പോഴേക്കും അദ്ദേഹം എന്നെ നോക്കി 

" ങാ ...നാളെ കാലത്ത്  ഒരു പത്തുമണിയാവുമ്പോഴേക്ക് വാ " 

എന്ന് പറഞ്ഞു നിറുത്തി . അങ്ങനെ അദ്ദേഹത്തോട് നന്ദിയും പറഞ്ഞു ഇറങ്ങി ഷാർജയിലേക്ക് തിരിച്ചു . പോകുന്ന വഴി മധുവേട്ടനെ കണ്ടു അടുത്ത ദിവസത്തെ ഇന്റർവ്യൂവേ കുറിച്ചു് സൂചിപ്പിച്ചു . അതിനു മറുപടിയായി അദ്ദേഹം 

" നാളെ നീ ഇന്റർവ്യൂവിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയാം , ഇംഗ്ലീഷ് കാർക്ക് നോ എന്ന് പറയുന്നത് ഇഷ്ടമല്ല അതിനാൽ അവർ എന്തുപറഞ്ഞാലും എസ് സർ എന്നെ പറയാവൂ . അതുപോലെ ഇപ്പോഴും ചിരിച്ചുവേണം അവരോടു സംസാരിക്കാൻ "

ഇത്രയും പറഞ്ഞു തന്നപ്പോഴേക്കും അറിയാതെ ഒരു ആദി എന്റെ മനസ്സിൽ വളർന്നു വന്നു . 

 അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ചു്  റോളയിലെ  റഫീക്കിന്റെ കടയിൽ ചെന്ന് അവനെയും ബാപ്പയെയും കണ്ടു വില്ലയിൽ ചെന്ന് കയറുമ്പോഴേക്കും സന്ധ്യഓടടുത്തിരുന്നൂ . 

അടുത്ത ദിവസം കാലത്തു തന്നെ എഴുന്നേറ്റ് ഷാർജയിൽ നിന്നും ദുബായ് വഴി അബുദാബിക്ക് ഞാൻ യാത്ര പുറപ്പെട്ടു .  കാലത്ത്  ഒമ്പത് മണിയോടെ ടാക്സി ഉം അൽ നാർ  എന്ന സ്ഥലത്ത് ചെന്ന് നിന്നു . ഞാൻ അവിടെ നിന്നും നടന്നു അടുത്തുകണ്ട ബൂത്തിൽ നിന്നും ഓഫീസ് നമ്പറിലേക്കു ഫോൺ ചെയ്ത്  ഞാൻ നിൽക്കുന്ന സ്ഥലത്തെക്കുറിച്ചു ആ മലയാളിയോട് പറഞ്ഞപ്പോഴേക്കും അദ്ദേഹം ഫോൺ വച്ച്   ഓഫീസിൽ നിന്നും ഇറങ്ങി വഴിയിൽ എനിക്കായി കാത്തുനിന്നു . അങ്ങനെ ഞാനും അദ്ദേഹവും ഓഫീസിലേക്ക് കയറിയപ്പോൾ നേരെ മുന്നിലുള്ള കാബിനിൽ   സുമുഖനായ ഒരു വെള്ളക്കാരൻ   ജോലിയിൽ  വ്യാപൃതനായിഇരിപ്പുണ്ടായിരുന്നൂ.  അല്പസമയത്തിനകം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക്  വിളിപ്പിച്ചു . തുടർ ന്ന്  നടന്ന  ഇന്റർവ്യൂവിൽ  ടെക്നിക്കൽ  ചോദ്യങ്ങൾ  കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല . തുടർന്ന് അദ്ദേഹം അടുത്ത ദിവസം ദുബായ് ഓഫീസിൽ ചെന്ന് ഡ്രാഫ്റ്റിംഗ് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് വരാൻ പറഞ്ഞു വിട്ടപ്പോൾ . അതൊന്നു മനസ്സിലാക്കിയെടുക്കാൻ ആ മലയാളി യെ എനിക്ക് ആശ്രയിക്കേണ്ടി വന്നു . ശരിക്കും ചൂട് ചേമ്പ് വായിലിട്ട് സംസാരിക്കുന്നതുപോലെ തുടർന്നും അദ്ദേഹം എന്തൊക്കയോ പറഞ്ഞു . അതിൽ നിന്നും  ജോലി ഏതാണ്ട് ശരിയായി എന്ന് മനസ്സിലായി .

അടുത്ത ദിവസം ദുബായ് ഓഫീസിൽചെന്ന് ഡ്രാഫ്റ്റിംഗ് ടെസ്റ്റും കഴിഞ്ഞു തിരിക്കാൻ തുടങ്ങവേ . സയദ്ക്ക എന്റെ അടുത്ത്  വന്നു 

" നാളെ റുവൈസിലേക്ക് പോകാൻ തയ്യാറായി സാധനങ്ങളുമായി അബുദാബി ഓഫീസിൽ പോയാൽ മതി "

എന്ന് പറഞ്ഞപ്പോൾ  എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നൂ .റോളയിലെ വില്ലയിൽ നിന്നും സാധനങ്ങൾ പായ്ക്ക് ചെയ്ത്  മധുവേട്ടന്റെ അടുത്ത് ചെന്ന് വിവരം ധരിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം അബുദാബിയിലെ ഒരു സുഹൃത്തിന്റെ ടെലിഫോൺ നമ്പർ എനിക്ക് കൈമാറി . അടുത്ത ദിവസം എല്ലാവരോടും യാത്രപറഞ്ഞു  കാലത്തു തന്നെ ഞാൻ അബുദാബിക്ക് യാത്ര പുറപ്പെട്ടു . 

തുടരും 

പ്രവാസചരിതം - പതിനേഴ് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ഏകദേശം ഒരുമണിക്കൂറിനകം ഞാൻ  അബുദാബി  ഓഫീസിന്  അരികിലായി ടാക്സി ഇറങ്ങി . തുടർന്ന് ഓഫീസിൽ ചെന്ന് കയറിയ എന്നോട് ആ ഇംഗ്ലീഷ് കാരൻ  ശമ്പളത്തെക്കുറിച്ചും മറ്റും സംസാരിച്ചുകൊണ്ടു മേശപ്പുറത്ത് കരുതി വച്ചിരുന്ന  അപ്പോയ്ൻറ്മെന്റ്  ലെറ്റര്  എനിക്ക് കൈമാറി . 

 അതുകഴിഞ്ഞു ഓഫീസിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം സെക്രട്ടറി യെനോക്കി 

"ലെറ്റ് ഹിം കം ഓൺ സാറ്റർഡേ  മോർണിംഗ് , ഓക്കേ , ലൗഡൻ  വിൽ ടേക്ക് ഹിം ട്ടോ റുവൈസ് "

എന്ന് പറഞ്ഞതൊക്കെ എനിക്ക് ഒരുവിധം മനസ്സിലായി . അത് കഴിഞ്ഞു അദ്ദേഹം എന്നെ നോക്കി കൈനീട്ടി ഒരു ഷെയ്ക് ഹാൻഡ് നൽകി ക്കൊണ്ട് 

"ഓക്കേ , മാൻ , സീ യു സൂൺ "

എന്നും പറഞ്ഞു കാബിനിലേക്ക് തിരിച്ചുനടന്നു , അദ്ദേഹത്തിന്റെ കടുംനീല സ്യൂട്ട് എനിക്ക് നന്നേ ബോധിച്ചു . അതിനിടയിലാണ് മലയാളിയായ സെക്രട്ടറി എന്റെ അടുത്തേക്ക് വന്ന്  ശനിയാഴ്ച വരെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം എന്നഭ്യർത്ഥയച്ചത് . അദ്ദേഹം  പരിചയമുള്ള ആരെങ്കിലും അബുദാബിയിൽ ഉണ്ടോ എന്നോട് ആരാഞ്ഞത് . അപ്പോഴാണ് മധുവേട്ടൻ  തന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ നമ്പറിനെക്കുറിച്ചു് ഓർത്തത് . അങ്ങനെ ആ നമ്പറിലേക്ക് അവിടെനിന്ന് തന്നെ വിളിച്ചു്  മധുവേട്ടന്റെ പേര് പറഞ്ഞു സംസാരിച്ചത് . എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ഖാലിദിയ സ്ട്രീറ്റിൽ ഒരു ഗ്രോസറിയുടെ പേര് പറഞ്ഞു അതിനരികിൽ വന്നാൽ മതി എന്നും പറഞ്ഞു . 

ഓഫീസിൽ നിന്നും ഇറങ്ങി  നേരെ മധുവേട്ടന്റെ സുഹൃത്ത് പ്രമോദിന്റെ അടുത്തേക്ക് യാത്ര തിരിച്ചു . അദ്ദേഹം പറഞ്ഞ ഖാലിദിയ സ്ട്രീറ്റിലെ ഗ്രോസറി കണ്ടുപിടിക്കാൻ എനിക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല . ഗ്രോസറിയുടെ മുമ്പിൽ ടി ഷർട്ടും പാന്റും അണിഞ്ഞ ഒരു മനുഷ്യൻ നിൽക്കുന്നത് കണ്ടു . ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്ന് പ്രമോദ് എന്ന് പേര് ചോദി തുടങ്ങുമ്പോഴേക്കും  എന്നെ നോക്കി  ചിരിച്ചുകൊണ്ട് 

" സത്യനല്ലേ മധു  ഇന്നലെ തന്നെ എന്നെ പ്പറ്റി വിളിച്ചു പറഞ്ഞിരുന്നൂ, വാ മുറിയിലേക്ക് പോകാം "

എന്ന് പറഞ്ഞു  മുന്നിലായി നടന്നപ്പോഴാണ് മധുവേട്ടൻ  എന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധ്യമായത് .  പ്രമോദേട്ടനെ ക്കുറിച്ചു ചില കാര്യങ്ങൾ ഇവിടെ ചേർക്കാം 

അദ്ദേഹം ഒരു ജപ്പാന്കാരന്റെ കമ്പനിയ്ക്ക് വേണ്ടി റൂമിലിരുന്ന് ജോലിചെയ്യുന്നൂ . അദ്ദേഹത്തിന്റെ ജോലി എന്നാൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിലെ മണൽ ശേഖരിച്ചു് അത്‌  ചില്ലു ഫ്രെമിൽ വിവിധ അളവുകളിൽ നിറച്ചു്  അതിൽ ചിത്രങ്ങളും ചേർത്ത് ഉണ്ടാക്കുന്ന താണ് . അത് അക്കാ ലത്ത് ഡ്യൂട്ടി ഫ്രീയിൽ 250 ദിർഹംസിനാണ് വിൽപ്പന നടത്തിയിരുന്നത് . അന്ന് അദ്ദേഹം പറഞ്ഞാണ് ഞാൻ അറിഞ്ഞത് . ആ രാത്രി അദ്ദേഹത്തോടൊപ്പം ജോലികൾ കണ്ടും ഉറങ്ങിയും ചിലവഴിച്ചു . 

ശനിയാഴ്ച കാലത്ത് അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു്  കിട്ടിയ ടാക്സിയിൽ ഞാൻ ഓഫീസിലേക്ക് യാത്ര തിരിച്ചു .  ഇതൊക്കെയാണ്  പ്രവാസികൾക്കിടയിലെ  കളങ്കരഹിതമായ സ്നേഹം . 

ഓഫീസിൽ എത്തിയ എന്നെ  അയാള്‍  സമീപത്തെ   സോഫയിലേക്ക് ആനയിച്ച ശേഷം തന്റെ ജോലിയിൽ വ്യാപൃതനായി  . 


 ഞാന്‍  സോഫയില്‍ ഇരുന്നുകൊണ്ട്  ആ മുറിയിലെ ചുമരിൽ തൂങ്ങുന്ന വർണ്ണ ചിത്രങ്ങളുടെ ഒന്ന്  കണ്ണോടിച്ചു .

 
അപ്പോഴാണ്  പിന്നില്‍ നിന്നും ബിജു ആരോടോ  സംസാരിക്കുന്നത് ഞാൻ  ശ്രദ്ധിച്ചത് , ഞാൻ മെല്ലെ എന്റെ തല അങ്ങോട്ട് തിരിച്ചതു . അപ്പോൾ  ബിജു ഏതോ ഒരു ഇംഗ്ലീഷ് കാരനോട്  എന്തോ  സംസാരിക്കുകയായിരുന്നൂ . അദ്ദേഹം അതിനിടയിൽ എന്നെ നോക്കി വിരൽചൂണ്ടി എന്നെ കുറിച്ചു് ആരായുന്നത് ഞാൻ ശ്രദ്ധിച്ചു . അത് കഴിഞ്ഞു അദ്ദേഹം എന്നെ നോക്കി എന്തോ ചോദിച്ചു . അപ്പോഴണ് മധുവേട്ടൻ പറഞ്ഞത് എനിക്ക് ഓർമവന്നത് . അതിനാൽ ഞാൻ അദ്ദേഹത്തെ നോക്കി 

"യെസ് സാർ " 

എന്ന് പറഞ്ഞു . എന്റെ മറുപടികേട്ടിട്ടാണ് എന്ന് തോന്നുന്നൂ അദ്ദേഹം ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് അടുത്തു കണ്ട മുറിയിലേക്ക് കയറിപ്പോയി .

അപ്പോഴേക്കും ബിജു ഓടിവന്നു എന്നോട് 

  “എന്താ മാഷെ പറഞ്ഞെ , അയാള്‍ നിങ്ങളോട് ചിലപ്പോള്‍ റുവൈസിലെ പ്രൊജക്റ്റ്‌ മാനേജര്‍ ഇപ്പൊ വരും അങ്ങനെയാണെങ്കില്‍ അയാളോടൊപ്പം അങ്ങോട്ട്‌ പോകാം എന്നാ പറഞ്ഞെ “ 

 പറഞ്ഞപ്പോൾ എന്റെ മുഖത്ത് വല്ലാത്ത ഒരു ജാള്യത പടർന്നത് ഞാൻ ഇന്നും മനസ്സിലാക്കുന്നൂ .പിന്നീട്  മിണ്ടാതെ ഞാൻ സോഫായിലേക്കു ചെന്നിരുന്നൂ . സമയം  ഞാൻ പോലുമറിയാതെ വേഗത്തിൽ  കടന്നുപോയി ക്കൊണ്ടിരുന്നൂ . ഉച്ചയോടടുപ്പിച്ചാണ് ഒരു ഇംഗ്ലീഷുകാരൻ അങ്ങോട്ടേക്ക് കയറിവന്നത് . ബിജു വേഗം അതന്നെ സീറ്റിൽ നിന്നും എഴുന്നേറ്റ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി . അദ്ദേഹമായിരുന്നൂ റുവൈസ് സൈറ്റിന്റെ പ്രൊജക്റ്റ് മാനേജർ ലൗഡൻ ഹന്ന  എന്ന ഇംഗ്ലീഷുകാരൻ .

ഏകദേശം രണ്ടുമണിയോടെ എന്നെയും കൂട്ടി അദ്ദേഹം ഓഫീസിൽ നിന്നും  ഇറങ്ങി. പാർക്കിങ്ങിൽ നിറുത്തിയിട്ട അദ്ദേഹത്തിന്റെ പുത്തൻ ടയോട്ട ടെറസ്സൽ കാരു ലക്ഷമാക്കി ഞങ്ങൾ നടന്നു . അല്പസമയത്തിനകം ആ കാർ ഞങ്ങളെയും കൊണ്ട് റുവൈസ് ലക്ഷമാക്കി യാത്രതിരിച്ചു  . റോഡിൻറെ ഇരുവശവും കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണൽപ്പരപ്പ്  എന്നിൽ വല്ലാത്ത അമ്പരപ്പാണ് ഉണ്ടാക്കിയത് . വഴിയിലുടനീളം ഇംഗ്ലീഷുകാരൻ എന്തൊക്കയോ എന്നോട് ചോദിക്കുന്നുണ്ടായിരുന്നൂ . അതിനൊക്കെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് വ്യക്തമായി മറുപടിയും ഞാൻ അദ്ദേഹത്തിന് നല്കിക്കൊണ്ടിരുന്നൂ .

അന്തരീക്ഷത്തിലെ ചുട്ടുപൊള്ളുന്ന ജൂലായ് മാസ സൂര്യരശ്മികൾ   കാറിലെ ശീതീകരണിയുടെ കുളിര്മ്മയേ ഞങ്ങളുടെ അടുത്ത് എത്താന്‍ അനുവദിക്കാതെ കുറേനേരം കഷ്ടപ്പെടുത്തി . റുവൈസിൽ ഞങ്ങൾ എത്തുമ്പോഴേക്കും സന്ധ്യയോടടുത്തിരുന്നൂ .  എന്നെയും കൊണ്ട് അദ്ദേഹം നേരെ ക്യാംപ്  ഓഫീസിലേക്ക് കയറിച്ചെന്ന് എന്റെ താമസ സൗകര്യങ്ങൾ വേഗം തന്നെ ശരിയാക്കാൻ ക്യാമ്പ്  ബോസിന് നിർദേശം നൽകി അദ്ദേഹത്തിന്റെ മുറി ലക്ഷമാക്കി നീങ്ങി .

തുടരും 

പ്രവാസചരിതം - പതിനെട്ട്  

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്


അല്പസമയത്തിനകം എനിക്ക് പ്രത്യേകമായി  ഒരു  മുറി അനുവദിച്ചുകിട്ടി. അങ്ങനെ ബാഗുമായി ക്യാമ്പ് ബോസ്സിന്റെ സഹായിക്കൊപ്പം മുറി ലക്ഷ്യമാക്കി നടന്നു . മുറിയിൽ കയറി ബാഗ് അലമാരയിലെ വച്ചശേഷം അവിടെനിന്നും ആഹാരം കഴിക്കാനായി മെസ്സ് ലക്ഷ്യമാക്കി നടന്നൂ . മെസ്സിലെ ആഹാരസാധനങ്ങളുടെ നിര എന്നെ വല്ലാതെ ആകർഷിച്ചു . മനസ്സറിഞ്ഞു അന്നാദ്യമായി ഞാൻ ആഹാരം കഴിച്ചു . പിന്നീട് റിക്രിയേഷൻ ഹോളിലെ ടീവിയിൽ ഹിന്ദി പരിപാടികളും കണ്ട്  അങ്ങനെ ഇരുന്നൂ . ശേഷം ആ ഹോളിൽ ഉണ്ടായിരുന്ന ഓരോരുത്തരെയും പരിചയപ്പെട്ടു മുറിയിലേക്ക് നടന്നപ്പോൾ പുറത്തെ ഹ്യൂമിഡിറ്റിയിൽ  ഞാൻ വല്ലാതെ  ക്ഷീണിച്ചു . കട്ടിലിൽ ചെന്ന് കിടന്ന ഞാൻ ഏ സി യുടെ തണുപ്പിൽ വളരെ വേഗം തന്നെ ഉറക്കത്തിലേക്കു വഴുതിവീണു ,

അടുത്ത ദിവസം കാലത്ത് എഴുന്നേറ്റ് ഓഫീസിൽ ചെന്ന് അവിടെ കണ്ട ഡ്രോയിങ് ബോർഡിൽ എന്റെ ജോലി ആരംഭിച്ചു . അന്ന്  ഓഫീസ്  സമയം കഴിഞ്ഞു  പുറത്തിറങ്ങിയ എന്റെ കണ്ണ് അപ്രതീക്ഷിതമായാണ് ആ കാഴ്ച്ചയിൽ ഉടക്കിയത്  .

ആരോ കാമ്പിന്റെ ഒരു വശത്ത് തന്റെ നീളമേറിയ കെട്ടഴിച്ചിട്ട മുടിയിൽ എണ്ണതേച്ചുകൊണ്ട് അവിടെ ഇരിക്കുകയായിരുന്നൂ . മനസ്സിൽ ഞാൻ എന്നോട് തന്നെ 

 “ ഇതെന്ത്  മറിമായം  പുരുഷന്മാർ മാത്രം താമസിച്ചുവരുന്ന ക്യാമ്പിൽ എങ്ങനെയാണ്  ഒരു പെണ്ണിന്  ഇതുപോലെ  മുടിയഴിച്ചിട്ട് ഇരിക്കാൻ കഴിയുന്നത് ”.  

ചോദിച്ചു നോക്കി . അതിനിടയിൽ എന്നിലെ ജിജ്ഞാസ എങ്ങനെയോ   ഉണർന്നു . അങ്ങനെ ഞാൻ മെല്ലെ നടന്ന് ക്യാമ്പിന്റെ കവാടവും കടന്ന് ആ കാഴ്ചയ്ക്ക് അഭിമുഖമായി മുന്നോട്ട് നടന്നു.   അവിടെയെത്തിയ ഞാന്‍ കാഴ്ചയുടെ വശത്തേക്ക് ഒന്ന് തലതിരിച്ചു നോക്കിയപ്പോൾ ശരിക്കും  ഞെട്ടി  .


അത്  കേശഭാരവുമായി ഇരിക്കുന്ന  കൊമ്പന്‍ മീശക്കാരനായ ഒരു സർദാർജി ആയിരുന്നൂ . അതിലെ എന്നെ കടന്നുപോയ ഒരാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് 

 “ നീ പെണ്ണാണെന്ന് കരുതി നോക്കിയതാ ഇല്ലേ, സര്‍ദാര്‍ജിമാര്‍ ഇങ്ങനെയാ “. 

എന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്ത് പടർന്ന ജാള്യത മറക്കാൻ നന്നേപാടുപെട്ടു കൊണ്ട് അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ നടന്നു നീങ്ങി .

അതിനിടയിലായാണ്  യു ഏ ഇ  ആംനെസ്റ്റി എന്ന നിയമം വന്നത് , അതായത് വിസയില്ലാത്ത വർക്ക്‌ നാട്ടിൽ പോകാനും ജോലികിട്ടിയവർക്ക് നിയമപരമായി  കമ്പനിമാറാനുമുള്ള ഒരു നിയമം . അങ്ങനെ മുഹമ്മദ്ക്ക യോട് സംസാരിച്ചു് എന്റെ കമ്പനിയുടെ നിർദേശപ്രകാരം പഴയ സ്പോൺസറിൽ നിന്നും നക്കൽ കഫാലത്ത് (എൻ ഓ സി ) വാങ്ങാനായി പിന്നീടുള്ള എന്റെ ശ്രമം . അങ്ങനെ ഷാർജയിലെ എന്റെ ഒരു പരിചയക്കാരന്റെ ടൈപ്പിംഗ് സെന്ററിൽ നിന്നും അതിനുള്ള അപ്ലിക്കേഷനും പൂരിപ്പിച്ചു് എന്റെ സ്‌പോൺസറെ വിളിച്ചപ്പോൾ അദ്ദേഹം ഷാർജയിലെ ഒരു സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു അതുപ്രകാരം  ഞാൻ അവിടെ എത്തി . അദ്ദേഹം തന്റെ കാറിൽ എന്നെ വിളിച്ചു കയറ്റി അപേക്ഷാഫോറം വായിച്ചുനോക്കി  ഒപ്പിട്ടശേഷം അതിൽ അദ്ദേഹത്തിന്റെ പാസ്പോര്ട്ട് കോപ്പിയും വച്ച് എനിക്ക് കൈമാറി. 

 അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞാണ് അതിൽ ഷാർജ എമിഗ്രേഷൻ ഡിപ്പാര്ട്മെന്റ് ൽ നിന്നും ഒരു സീലിനായി വീണ്ടും അദ്ദേഹത്തെ ചെന്ന് കണ്ടത് ,. അദ്ദേഹം ഓഫീസിൽ തിരക്കിലായതിനാൽ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്നു .  പിന്നെയും ഒത്തിരി ദിവസം കഴിഞ്ഞു എന്റെ വിസ ഒന്ന് ശരിയായി കിട്ടാൻ .

ദിവസങ്ങള്‍ ശരവേഗത്തിൽ കടന്നുപോയിക്കൊണ്ടിരുന്നൂ. എന്റെ വിസ ശരിയാവാത്ത തിനാലും ക്യാമ്പ് ബോസ് അവധിലായതിനാലും അദ്ദേഹത്തിന്റെ ചുമതല കൂടി എന്നിൽ നിക്ഷിപ്തമായി . 

 
അങ്ങനെയിരിക്കെ ഒരു  ഒരു ദിവസം വൈകിട്ട് ഞാന്‍ ക്യാമ്പ്  ഓഫീസില്‍ ഇരിക്കുമ്പോഴാണ്  ഒരു ഫോണ്‍ വന്നത് . 

അങ്ങേത്തലക്കല്‍ ആൽവിൻ എന്ന ഞങ്ങളുടെ ബുഹാസ  ക്യാമ്പിന്റെ ഉദ്യോഗസ്ഥൻ ആയിരുന്നൂ . അദ്ദേഹം എന്നെ വിളിച്ചു് 

  “ ദാസെ , ഉദയകുമാര്‍ എന്ന ഡ്രൈവര്‍ അങ്ങോട്ട്‌ വരുന്നുണ്ട് , അവനോട് ഞാന്‍ രുവൈസില്‍നിന്നും എട്ടരയോടടുപ്പിച്ച് പ്ലംബര്‍ സുഖ്ദേവിനെയും കൊണ്ട് ഇങ്ങോട്ട് വരണമെന്ന് പറഞ്ഞിട്ടുണ്ട് . പക്ഷെ അവന്‍ അനുസരിക്കുന്ന ലക്ഷണം ഇല്ല . ദയവുചെയ്ത് പ്ലംബറെ അവന്റെ കൂടെ അയക്കണേ, അതിനു വേണ്ടി  നിനക്കെന്തും ചെയ്യാം ” 

എന്ന് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോൾ 

ഞാന്‍  അദ്ദേഹത്തിന് 

“ ശരിയാക്കാം “

 എന്നു മറുപടിയും പറഞ്ഞു   സംഭാഷണം അവസാനിപ്പിച്ചു.

അല്പസമയത്തിനകം    ഉദയകുമാറിന്റെ വാഹനം ഞങ്ങളുടെ ക്യാമ്പിൽ എത്തിച്ചേർന്നു . 

ഞാന്‍  വേഗം തന്നെ  വാഹനത്തിന്റെ അരികിലേക്ക് നടന്ന് ചെന്ന് ഉദയകുമാറിനോട് 

 “ ഉദയകുമാറെ എട്ടരയവുമ്പോഴേക്ക് പ്ലംബർ അബുദാബിയിൽ നിന്നും വരും ശേഷം അദ്ദേഹത്തെയും കൊണ്ടുവേണം തിരിച്ചുപോകാൻ ”

എന്ന് പറഞ്ഞപ്പോൾ  അതിന് മറുപടിയായി 

 “ഞാന്‍ എന്റെ സൗകര്യം പോലെ പോവും  നീയാരാ എന്നോടിത് പറയാന്‍”

 എന്ന് പറഞ്ഞപ്പോൾ ഞാന്‍ മനസ്സില്‍ ഇവന് ഒരു പണികൊടുത്തിട്ടു തന്നെ ബാക്കിക്കാര്യം എന്ന് ഉറപ്പിച്ചു.

ഞാന്‍ ഒന്നും മിണ്ടാതെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത്   ഓഫീസിലേക്ക് നടന്നൂ.

ഏതാനും സമയത്തിനകം ക്യാമ്പിലേ ഒരു സഹായി ഓഫീസിലേക്ക് വന്ന് 

 “ സര്‍  ഉദയകുമാര്‍ വണ്ടിയുമെടുത്ത്‌ അതാ പോകുന്നു” എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഓഫീസിൽ നിന്നും  ഇറങ്ങി ക്യാമ്പിലെ എക്സിറ്റ്  ഗേറ്റ് ലക്ഷ്യമാക്കി ഓടി . അപ്പോഴുണ്ട് ആ വാഹനം ദൂരെനിന്നും അതിവേഗത്തിൽ ഗേറ്റ് ലക്ഷ്യമാക്കി വരുന്നൂ .ഞാന്‍ ഒരു പട്ടിക കഷണമെടുത്ത്  ഗേറ്റിൽ നിന്നും ഉദ്ദേശം പത്തടി മാറി ഒരു ലക്ഷ്മണരേഖ വരച്ചു കൊണ്ട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു .

അദ്ദേഹം വണ്ടി വരയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിറുത്തി. ഞാന്‍ നടന്ന്  അവന്റെ അടുത്ത് ചെന്ന് 

“  ഞാന്‍ നിന്നോട് പറഞ്ഞതല്ലേ എട്ടരമണിയോടെയേ  പോകവൂന്ന്, എന്താ ഇപ്പൊ പോകാനൊരുങ്ങുന്നെ” 

എന്ന് ചോദിച്ചപ്പോൾ അതിനു മറുപടിയായി അദ്ദേഹം 

“ഞാൻ എന്റെ ഇഷ്ടത്തിന് പോവും നീ ആരാ ചോദിയ്ക്കാന്‍ “

എന്ന് ആക്രോശിച്ചപ്പോൾ . ഞാൻ ശബ്ദമുയർത്തിക്കൊണ്ടു 

 “എന്നാ നീ പോവുന്നതോന്നു കാണണം, നിനക്ക് ധൈര്യമുണ്ടെങ്കില്‍ ഈ വര മറികടന്നു പോയിനോക്കൂ  ,  ഈ രാത്രി തന്നെ  ടിക്കറ്റും  പാസ്പോര്‍ട്ടും ഞാന്‍ വാങ്ങിച്ചുതരും”

 പറഞ്ഞവസാനിപ്പിച്ചു് ഞാന്‍ ഓഫീസിലേക്ക് നടന്നു.

സമയം കടന്നുപോയിക്കൊണ്ടിരുന്നൂ  ഏകദേശം ഏഴര മണിയോടെ പ്ലംബര്‍ അബുദാബിയിൽ നിന്നും തിരിച്ചു വന്നു. ആഹാരം കഴിച്ചു് പണിസാധനങ്ങളും എടുത്ത് ഏകദേശം എട്ടുമണിയോടെ അയാൾ  ഓഫീസിൽ വന്ന്  ചില കത്തുകളും എടുത്തു വാഹനത്തിനരികിലേക്ക്  നടന്നു. സമയം 8 :30  ഓടെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി വാഹനത്തിന്റെ അരികിലേക്ക് നടന്നു .അപ്പോഴും അദ്ദേഹം വാഹനവുമായി എന്റെ ലക്ഷമണ രേഖയുടെ അരികിൽ ഉണ്ടായിരുന്നൂ  ഒടുക്കം ബുഹാസയിലേക്ക് യാത്രതിരിച്ചോളാൻ ഞാൻ നിർദ്ദേശം കൊടുത്തപ്പോഴാണ് ആ വാഹനം അവിടെ നിന്നും യാത്ര തിരിച്ചത് .

ഏകദേശം അരമണിക്കൂറ് കഴിഞ്ഞപ്പോഴേക്കും എന്നെത്തേടി ആൽവിന്റെ ഫോൺ കാൾ എത്തി . അതിൽ അദ്ദേഹം ആശ്ചര്യത്തോടെ 

" എങ്ങനെയാ ദാസെ ഉദയനെ ഉപയോഗിച്ച് നമ്മള് പറഞ്ഞപോലെ കാര്യങ്ങള്‍ നീക്കിയത് , നീ ഒരു സംഭവം തന്നെ”

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ  എന്റെ ഉള്ളിൽ ചിരിപടർന്നത് ഞാൻ അറിഞ്ഞു . അപ്പോഴേക്കും ആൽവിനി ൽ നിന്നും വിവരമറിഞ്ഞു എന്റെ മാനേജരും  അനുമോദിക്കാൻ അങ്ങോട്ടേക്ക് എത്തിച്ചേർന്നൂ .


അയാളെന്തൊക്കയോ  ഇംഗ്ലീഷില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു എങ്കിലും  അതിനൊക്കെ എസ് സര്‍ എന്ന് മറുപടിനല്കിയപ്പോൾ അദ്ദേഹം അവിടെനിന്നും നടന്നു നീങ്ങിയിരുന്നൂ . 

തുടരും 

പ്രവാസചരിതം - പത്തൊമ്പത് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതിനനുസൃതമായി  അന്തരീക്ഷോഷ്മാവിന്റെ കാഠിന്യവും  എറിയേറിവന്നു . അപ്പോഴേക്കും എനിക്കൊരു കൂട്ടായി നിസാറും   ക്യാമ്പ് ഓഫീസിലേക്ക്  വന്നു ചേർന്നു. 

ആ ഓഫീസിൽ കമ്പനിയുടെ ഒരു  അഡ്മിനിസ്ട്രേറ്റർ ഉണ്ടായിരുന്നൂ . അദ്ദേഹത്തിന്റെ പേര് ശ്രീനിവാസ എന്നായിരുന്നൂ . അദ്ദേഹത്തെ ഞങ്ങളെല്ലാരും സ്നേഹത്തോടെ ശ്രീനിസാർ എന്നാണ് വിളിച്ചിരുന്നത് . അദ്ദേഹത്തിന്റെ മുൻപിൽ പെട്ടത്  ദേവേന്ദ്രനെങ്കിൽ  അദ്ദേഹത്തെക്കൊണ്ട് വരെ ജോലിയെടുപ്പിക്കാൻ കെൽപ്പുള്ള ആ  സാമർത്ഥ്യം ഇന്നത്തെ  M B A കഴിഞ്ഞ തലമൂത്ത വേന്ദ്രന്മാർക്കു വരെ ഇല്ല. 

എനിക്ക് ചെറുപ്പകാലം മുതൽ ഇച്ചിരി  മിമിക്രി യുടെയും  പാട്ടിന്റെ അസ്കിത യുമുണ്ടായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞു  ഡ്രാഫ്റ്റിംഗ് ബോർഡിൻറെ മുകളിലുള്ള   പേപ്പറിൽ   പടം വരച്ചുകൊണ്ട്  ശങ്കരാ .... എന്ന ഗാനമോ     മിമിക്രിയോ  സാധകം ചെയ്യുന്നത് പതിവായിരുന്നു . 

ഞാൻ ഒരു പാട്ടു പാടിക്കഴിഞ്ഞാൽ അടുത്ത ഊഴം നിസ്സാറിന്റെതായിരുന്നൂ. അങ്ങനെ ഞങ്ങൾ മാറി മാറി പാടിക്കൊണ്ടേയിരിക്കും ചിലപ്പോഴൊക്കെ ശ്രീനിസാറും ഞങ്ങളോടൊപ്പം ചേരും . ശ്രീനിസാറിന് ഇഷ്ടം പഴയകാല  തമിഴ്  ഗാനങ്ങളും കീർത്തനങ്ങളും ശാസ്ത്രീയ സംഗീതവും ആണെങ്കിൽ നിസ്സാറിനിഷ്ടം പഴയകാല ഹിന്ദിഗാനങ്ങൾ ആയിരുന്നൂ . എല്ലാം കൂടി വൈകീട്ട് വരെ ഒരു സംഗീത മയമായിരുന്നൂ അവിടം .

അതിനിടയ്ക്കെങ്ങാനും ഫോൺ ശബ്ദിച്ചാൽ ശ്രീനിസാറിന്റെ സംസാര രീതിമാറും . പച്ചവെള്ളം പോലെ  തമിഴും ഇംഗ്ലീഷും ഹിന്ദിയും അദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ അങ്ങനെ സംസാരിക്കാൻ കൊതിയാവും . അതിൽ എനിക്ക് ഇഷ്ടം അദ്ദേഹം  സംസാരിക്കുന്നത് കേൾക്കാനാണ് . കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള അറബിയിലുള്ള  ഫോൺ സംഭാഷണം അവസാനിക്കുമ്പോൾ  ഒരു തിരയൊഴിഞ്ഞ കടലിന്റെ അവസ്ഥയായിരിക്കും മിക്കവാറും ഓഫീസിനുള്ളിൽ . 

ഞങ്ങളുടെ കമ്പനി മെസ്സിനെക്കുറിച്ചു ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ . അതിലെ പ്രധാനി അബ്ദുക്ക  എന്ന കുക്കായിരുന്നൂ . ഇപ്പോൾ അദ്ദേഹം എനിക്ക് നല്ലൊരു സഹോദരനെപ്പോലെയാണ് .  ആ  കൈപ്പുണ്യത്തിൽ ഒരുങ്ങുന്ന സ്വാദിഷ്ടമായ ആഹാരം തന്നെയാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചത് തന്നെ . 

ആഹാരം കിട്ടാത്ത പഴയകാലം മനസ്സിൽ ഞാൻ കാത്തു് സൂക്ഷിച്ചതിനാലാണെന്ന് തോന്നുന്നൂ ഒരിക്കൽപ്പോലും ബാക്കിവയ്ക്കാറില്ല .അപ്പോഴൊക്കെ എന്റെ ആ പഴയകാലവും ലോകത്തിന്റെ പല കോണിലായി ആഹാരം കിട്ടാതെ അലയുന്ന മനുഷ്യരെക്കുറിച്ചും പലപ്പോഴും ആലോചിക്കാറുണ്ട് . ജീവിതത്തിൽ നാം പഠിക്കുന്ന ഇത്തരം പാഠങ്ങളിലൂടെമാത്രമേ ജീവിതവിജയം കൈവരൂ എന്ന തത്വം ഞാൻ വിശ്വസിക്കുന്നൂ . ഇന്നും ആ സിദ്ധാന്തത്തിൽ മുറുകെപ്പിടിച്ചു്  ജീവിക്കാനും ഞാൻ  ശ്രദ്ധിക്കാറുണ്ട് .  

 ഇന്നത്തെ ജനതയിൽ വാങ്ങുന്ന ഭക്ഷണത്തിൽ അധികവും കളയാൻ ഒരു മടിയുമില്ലാത്ത ആളുകൾ കൂടുതലുള്ളതിനാലും എനിക്ക് മതിയായിട്ടല്ലേ എന്ന കാരണം അവർക്കുള്ളതിനാലും. വിശപ്പിന്റെ കത്തുന്ന  വേദന അറിയുന്ന എനിക്ക് ആ കാലത്തെക്കുറിച്ചു്  ഓർക്കുമ്പോൾ തന്നെ  വേദനയാവും .

അഹമ്മദിക്കയുടെ ഭക്ഷണത്തിന്റെ രുചിയും  പഴയകാലജീവിതത്തിലെ വിശപ്പിന്റെ വിലയും ഞാനും അഹമ്മദിക്കയും നിസാറുമായുള്ള  സുഹൃത്ത് ബന്ധത്തിന് ബലമേറിയ അടിത്തറ നൽകി . 

മിക്ക വ്യാഴാഴ്ചകളിലും ഞാനും നിസാറും   ബുഹാസയിലെ ബേസ് ക്യാമ്പ്  സന്ദർശിക്കാറുണ്ടായിരുന്നൂ . അപ്പോഴൊക്കെ അവിടത്തെ ക്യാമ്പ് ബോസ് ആൽവിനും സെക്രട്ടറി അനീസും ഞങ്ങളെ സന്തോഷത്തോടെ സ്വീകരിക്കും. 

അവരോടൊപ്പം അല്പസമയം ആ ക്യാമ്പിനുള്ളിൽ ഒന്ന്  ചുറ്റിനടന്ന് ശേഷം  നേരെ  മെസ്സിലേക്ക്  കയറും.

 പിന്നെ അടുക്കളയിലേക്ക് നോക്കി നിസാറിന്റെ നീട്ടിയൊരുവിളിയുണ്ട്  " 

"ഗോപിയേട്ടോ   ... " 

എന്ന് , അ ത് കേൾക്കുമ്പോളേക്കും ഗോപിയേട്ടൻ  വേഗം അടുക്കളയിൽ ഞങ്ങളുടെ അരികിൽ എത്തി 

" അപ്പോൾ എല്ലാര്ക്കും നല്ല ചൂട്  ദോശയും ചമ്മന്തിയും എടുക്കട്ടേ "

 എന്ന ഒരു ചോദ്യമുണ്ട് . അതിൽ ഞങ്ങൾ പലപ്പോഴും വീണുപോവും . ഗോപിയേട്ടൻ ബുഹസ ക്യാമ്പിന്റെ മെയിൻ കുക്ക് ആണ് അതോടൊപ്പം ഏതു പാതിരായ്ക്ക് ആര് ആ ക്യാമ്പിൽ വന്നാലും അയാളെ ആഹാരം കഴിപ്പിച്ചിട്ടേ അദ്ദേഹം ഉറങ്ങാൻ വിടുള്ളൂ .

അന്ന് പതിവിന് വിപരീതമായി അനീസ് എന്നോട് 

" സത്യാ നീ ഗോപാലേട്ടന്റെ ദോശ സ്പെഷ്യൽ കഴിച്ചിട്ടില്ലല്ലോ?" 

 എന്ന ചോദ്യത്തിന്

 " ഏയ് ഇല്ല " 

എന്ന് മറുപടിയ്ക്കിടയിൽ ഗോപിയേട്ടന്  ഫ്രിഡ്ജ് തുറന്ന് അതിനകത്തെ  ദോശമാവെടുത്തു്  അടുക്കളയിലേക്ക് നടന്നു . 

അപ്പോഴേക്കും ആ മുറിയിൽ ഉണ്ടായിരുന്ന സോഫായിൽ ചെന്നിരുന്ന് ടി വി ഓൺചെയ്തു . അതിൽ  സ്റ്റാർ പ്ലസ് എന്ന ചാനലിൽ ആ സമയം ഗുസ്തി മത്സരം നടക്കുകയായിരുന്നൂ . അത്  കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഞാൻ ഷാർജയിലെ മധുവേട്ടന്റെ മുറിയിലെ വെള്ളിയാഴ്‌ചകളെക്കുറിച്ചു ഓർത്തത് . ആ മുറിയിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും ടി വി യിൽ ഗുസ്തിമത്സരം കണ്ട് ആവേശം മൂത്ത്  സഹമുറിയാനായ ഒരാൾ  കാലുകൊണ്ട് കസേര തട്ടി ത്തെറിപ്പിച്ചതും മറ്റും അറിയാതെ ഓർത്തുപോയി . 

അല്പസമയത്തിനകം ഞങ്ങളും അതിൽ ലയിച്ചിരുന്നൂ . BRITISH BULL DOGUM, UNDERTAKERUM തമ്മിലുള്ള മത്സരം തകൃതിയായി നടക്കുന്നുണ്ടായിരുന്നു

അതിനിടയിൽ ഗോപിയേട്ടൻ  ദോശക്കൊണ്ടുവച്ചതോ പോലും ഞങ്ങൾ അറിഞ്ഞില്ല. പിന്നെപ്പോഴോ ടി വി യിൽ  കണ്ണുംനട്ട് ദോശ കഴിക്കാൻ തുടങ്ങിയപ്പോഴാണ് നാവിൽ ചട്ണിയിൽ  കിടന്ന ഒരു മുളക് അറിയാതെ  കടിച്ചുപോയത്. ആ സമയം എനിക്ക് സ്ഥലകാലബോധം ശരിക്കും തിരിച്ചുകിട്ടി .  കുറെ വെള്ളം തണുത്ത വെള്ളം കുപ്പിയുടെ വായിലേക്ക് കമഴ്ത്തി കുടിച്ചപ്പോൾ . ആ തണുത്ത വെള്ളം തൊണ്ടക്കുഴിയിലൂടെ ഇറങ്ങിപ്പോകുന്നത് ഞാൻ അനുഭവിച്ചറിയുകയായിരുന്നൂ . പിന്നീട് തലതിരിച്ചു മറ്റുള്ളവരെ നോക്കുമ്പോൾ അവർ  എന്റെ പരവേശം കണ്ട്  ചിരിക്കുന്നതാണ് . അല്പസമയത്തിനകം ആഹാരവും കഴിച്ചു്  എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾക്ക് അനുവദിച്ച മുറികളിലേക്ക് യാത്രയായി . 

കാലത്ത് എഴുന്നേറ്റ് മെസ്സിലേക്കു നടന്ന ഞങ്ങൾക്ക് ഗോപിയേട്ടൻ ചൂട് പൂരിയും ബാജിയും തയ്യാറാക്കി തന്നു .പ്രാതലും കഴിഞ്ഞു മുറിയിലേക്ക് പോയ ഞങ്ങൾ വൈകീട്ടോടെ അവിടെനിന്നും റുവൈസിലേക്കു യാത്ര തിരിച്ചു . ഞാൻ പണികൊടുത്ത ഡ്രൈവറെയും വണ്ടിയും  ആയിരുന്നൂ ആൽവിൻ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നത് . ആ ഡ്രൈവറെക്കുറിച്ചു ചില കാര്യങ്ങൾ / അദ്ദേഹത്തെ നമുക്ക് സുബ്രഹ്മണ്യം എന്ന് വിളിക്കാം  അദ്ദേഹം ഒരു അറബിയുടെ വീട്ടിൽ തോട്ടക്കാരൻ ആയിരുന്നൂ . ഒരിക്കൽ അവിടുത്തെ വൃദ്ധയ്ക്ക് വീട്ടിൽനിന്നും ഒന്ന് പുറത്തേക്കു പോകണമായിരുന്നു . ആ സമയം  ആ വീട്ടിൽ  ഒരു ഡ്രൈവറും ഉണ്ടായിരുന്നില്ല . ആ വൃദ്ധ സുബ്രഹ്മണ്യനെ നോക്കി നിനക്ക് വണ്ടിയോടിക്കാൻ അറിയാമോ എന്ന് ചോദിച്ചു . അവൻ അറിയാം നാട്ടിൽ വണ്ടിയോടിച്ചിട്ടുണ്ട് പക്ഷെ ഇവിഡി എനിക്ക് ലൈസൻസ് ഇല്ല എന്നും മറുപടി നൽകി . വൃദ്ധ വേഗം പോയി ഒരു വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ടു അവനു കൊടുത്തിട്ട് ഓടിക്കാൻ പറഞ്ഞു . ആ വാഹനവുമായി അവർ ആദ്യം നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ് . വൃദ്ധ അവനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് ആ സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥനോട് ഏതൊക്കെയോ അറബിയിൽ പറഞ്ഞു . പിന്നീട് വൃദ്ധ സുബ്രഹ്മണ്യനെ നോക്കി ' നിനക്ക് വേണ്ട ലൈസൻസ് ഏതൊക്കെ എന്ന് ഈ അപ്ലിക്കേഷനിൽ പൂരിപ്പിച്ചു തരൂ" എന്ന് പറഞ്ഞു . അവൻ അതിലെ എല്ലാ വാഹനങ്ങളുടെ ലൈസെൻസിനും എഴുതി നൽകി അങ്ങനെ അവന് അന്ന് തന്നെ ലൈസൻസ് കയ്യിൽ കിട്ടി . അന്ന് മുതൽ അവൻ ആ വീട്ടിലെ ഡ്രൈവർ ആയി . അവിടെ നിന്നും ജോലി മതിയാക്കി ഈ  കമ്പനിയിൽ അവൻ ചേർന്നിട്ടു അധികകാലം ആയിട്ടില്ല .

അങ്ങനെ സുബ്രഹ്മണ്യൻ  അന്ന് മനസ്സില്ല മനസ്സോടെയാണ്  ഞങ്ങളെയും കൊണ്ട് അവിടെനിന്നും യാത്ര തിരിച്ചത് എന്നത് ആ മുഖത്ത് നിന്നും ഞാൻ വായിച്ചറിഞ്ഞു . യാത്രയിലുടനീളം അയാൾ ഞങ്ങളോട് ഒരുവാക്കും മിണ്ടിയില്ല . അതിനാൽ തന്നെ ആ റുവൈസിലേക്കുള്ള ദൂരമത്രയും ഞങ്ങൾ ഇരുന്നുറങ്ങി . അർധരാത്രിയോടെയാണ്‌ ഞങ്ങൾ റുവൈസിൽ എത്തി ചേർന്നത് .
തുടരും 

പ്രവാസചരിതം - ഇരുപത് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ഞങ്ങൾ പിക്ക് അപ്പീൽ നിന്നും ഇറങ്ങി വേഗം തന്നെ മുറികളിലേക്ക് നടന്നു. അപ്പോഴേക്കും യാത്രക്ഷീണത്താൽ നിദ്ര എന്റെ കണ്ണുകളെ  തഴുകി ഉറക്കാനുള്ള പുറപ്പാടിലായിരുന്നൂ .  അതുവരെ നിശബ്ദമായിരുന്ന മുറിയുടെ അകത്തളം  ശീതീകരണിയുടെ ശബ്ദത്താൽ മുഖരിതമായി.  പതിവുപോലെ  തണുത്ത മുറിയിലെ കിടക്കയിലെ  മടക്കി വച്ച കമ്പിളി പുതപ്പിനുള്ളിലേക്ക് ഞാൻ ഊർന്നിറങ്ങി .

അടുത്ത ദിവസം  പുലർച്ചെ  അഞ്ച് മണിയോടെ ഞാൻ ഉറക്കമുണർന്ന്  മെസ് ഹാളിലേക്ക്  നടന്നു. അപ്പോഴാണ് തൊഴിലാളികളുടെ കുളിമുറിയുടെ പരിസരത്തായി വട്ടം കൂടിയ വലിയൊരാൾക്കൂട്ടത്തെ ഞാൻ ശ്രദ്ധിച്ചത് .എന്നിലെ ജിജ്ഞാസ അറിയാതെ തലപൊക്കി , പിന്നീട് അതിന്റെ കരണമറിയാനായി മെല്ലെ  ഞാൻ അങ്ങോട്ടേക്ക് നടന്നു.  അവരുടെ ഇടയിൽ മെല്ലെ ഒന്ന്  ചുറ്റിത്തിരിഞ്ഞപ്പോഴാണ്  ആൾക്കൂട്ടത്തിന്റെ കാരണം എനിക്ക് ബോധ്യമായത്. ആ സംഭവത്തിന്റെ ഏകദേശ രൂപം ഇപ്രകാരമായിരുന്നൂ . 

ആ ക്യാമ്പിൽ സുഖ്‌വീന്ദർ സിംഗ് എന്ന  ഒരു പഞ്ചാബി പ്ലംബർ ഉണ്ടായിരുന്നു. അയാൾക്കാണെങ്കിൽ കാര്യമായ പ്ലംബിങ്ങ് ജോലികൾ ഒന്നും തന്നെ ആ ക്യാമ്പിൽ പലപ്പോഴും  ഉണ്ടാവാറില്ല . അതിനാൽ അദ്ദേഹത്തിന് ഓവർടൈം കിട്ടുന്നത് നന്നേ  വീരളമായിരുന്നു .അങ്ങനെ ചിലപ്പോഴൊക്കെ   ഓവർടൈം ഒപ്പിക്കാനായി  അയാൾ ഒപ്പിച്ചു വെക്കാറുള്ള ചില  വേലത്തരങ്ങളിൽ ഒന്നായിരുന്നൂ ഇതും.   ഇത്തരം  വിദ്യകൾ  അയാൾ ചിലപ്പോഴൊക്കെ ഇവിടെ ഒപ്പിച്ചു  വെക്കാറുമുണ്ട് .അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ  പലപ്പോഴും ആളുകളുടെ കോപത്തിന്  ഇടയാക്കാറുണ്ട്  .

അർദ്ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരുമറിയാതെ ചെന്ന്  തൊഴിലാളികളുടെ കുളിമുറിയിലേക്കുള്ള വാൾവ് പൂട്ടി ഒന്നുമറിയാത്തത് പോലെ ചെന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങും. സ്റ്റാഫുകളുടെ  കുളിമുറിയുടെ വാൾവ് പൂട്ടാൻ അയാൾ നന്നേ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം .  രാവിലെ കുളിമുറിയിൽ വെള്ളം കിട്ടാതെ തൊഴിലാളികൾ ബഹളം വയ്ക്കുമ്പോൾ ആരെങ്കിലും ചെന്ന് അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യമവതരിപ്പിച്ചാൽ  ഒന്നുമറിയാത്തത് പോലെ ഉറക്കച്ചടവോടെ  പണി സാധനങ്ങളുമായി വരും .  ആദ്യം കുളിമുറിയിലെ എല്ലാ പൈപ്പുകളും മറ്റും വാൽവുകളും  പരിശോധിക്കും . അവസാനം മെയിൻ വാൾവ് ചേമ്പർ തുറന്ന്  പരിശോധിച്ച്  

"ഇതാരാ വാൾവ് അടച്ച് വച്ചത് "  

ആളുകളോടായി ദേഷ്യത്തോടെ ചോദിക്കും തൊഴിലാളികൾ മുഖാമുഖം നോക്കുന്ന സമയത്തിനുള്ളിൽ വാൾവ് തുറന്ന് 

"ഇപ്പം ശരീയായോ നോക്കിക്കെ"

 എന്നും പറഞ്ഞ് ചേമ്പർ അടച്ച് മുറിയിലേക്ക് നടക്കും. അന്ന് ഞാനയാളെ സൂക്ഷിച്ചൊന്ന് നോക്കി അപ്പോൾ ആ മുഖത്ത് വിരിഞ്ഞ ചിരിയിൽ എല്ലാം മനസ്സിലാക്കുകയായിരുന്നൂ .

മെസ്സിലേക്കുള്ള നടത്തത്തിനിടയിൽ  മനസ്സ് നിറയെ  ആളുകൾ ജീവിക്കാൻ വേണ്ടി കാട്ടി കൂട്ടുന്ന ഇത്തരം  ഓരോരോ തന്ത്രങ്ങളെ കുറിച്ചുമാത്രമായിരുന്നൂ ചിന്ത.   പ്രാതലും കഴിച്ചു് ഓഫീസിലേക്ക് കയറിയപ്പോൾ ശ്രീനിസാർ കാര്യമായ എന്തോ ജോലിത്തിരക്കിലായിരുന്നൂ . എന്റെ കാൽപ്പെരുമാറ്റം കേട്ടാണ് എന്ന് തോന്നുന്നൂ  ശ്രീനിസാർ തലഉയർത്താതെ 

 " എന്ന കണ്ണാ സൗഖ്യമാ?"

 എന്ന് ചോദിച്ച ശേഷം തന്റെ പതിവുപോലെ ജോലിയിലേക്ക് തിരിഞ്ഞു .  ഞാനന്ന് കറുപ്പിന്റെ ഏഴഴകിൽ തിളങ്ങി നിൽക്കുന്നതിനാലാവും അദ്ദേഹം കണ്ണാന്ന് വിളിച്ചതെന്ന് തോന്നുന്നൂ  . അദ്ദേഹത്തേപ്പറ്റി പറയുകയാണെങ്കിൽ നെറ്റി ഏതാണെന്ന് മനസ്സിലാവാത്ത വിധത്തിലുള്ള വിശാലമായ കഷണ്ടി അതിനരികിലായി അങ്ങിങ്ങായി കുറച്ച് നരച്ച മുടികൾ ആർക്കോ വേണ്ടി നിൽക്കുമ്പോലെ ചാഞ്ഞുറങ്ങുന്നു. അദ്ദേഹത്തിന്റെ കൈവിരലുകൾക്ക് നല്ല ടൈപ്പിംങ്ങ് സ്പീഡ് ആണ് ഒപ്പം ഷോർട് ഹാൻഡും അറിയാം എന്നത് ഓഫീസ് മീറ്റിങ്ങിന്റെ കുറിപ്പ് കണ്ടാണ് എനിക്ക് മനസ്സിലായത് .  ഇംഗ്ലീഷും ഹിന്ദിയും അതുപോലെ അറബി ഭാഷയിലും നല്ല പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നൂ  . പക്ഷെ അറബി ഭാഷയിൽ എപ്പോഴൊക്കെ സംസാരിച്ചാലും അതിനു ശബ്ദം ഉയർത്തിയെ  അദ്ദേഹം സംസാരിക്കാറുള്ളു . ഒരു ദിവസം ശ്രീനി  സാർ അറബിയിൽ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഞങ്ങളുടെ ഇംഗ്ലീഷുകാരനായ മാനേജർ ഓഫീസിലേക്ക് കയറി വന്നു. അദ്ദേഹം സ്വാമി സാറിന്റെ സംസാരം കഴിയുന്നത് വരെ ചുണ്ടത്ത്  ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത്  കാത്തു നിന്നു,   സംഭാഷണശേഷം   ശ്രീനി സാറേ നോക്കി 

 " സ്വാമീ താങ്കളെന്താണ് അറബിയിൽ സംസാരിക്കുമ്പോൾ ഇത്രയ്ക്ക് ഉച്ചത്തിൽ സംസാരിക്കുന്നത് " 

എന്ന് ചോദിച്ചപ്പോൾ . അതിന് മറുപടിയെന്നോണം  അദ്ദേഹം 

" അതായത് അറബി ഭാഷ തൊണ്ടയിൽ നിന്നാണ് പുറപ്പെടുന്നത് അതിനാൽ ആ ഭാഷ സംസാരിക്കാൻ ഉച്ചത്തിൽ സംസാരിച്ചാലേ ശരിയാവൂ" 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ . ഇംഗ്ലീഷ്കാരൻ അത് കേട്ട് അത്ഭുതത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് തോളുകൾ ഒന്നുയർത്തി താഴ്ത്തി  അവിടെ നിന്നും നടന്നകന്നു. വൈകീട്ടോടെ എനിക്ക് റിഫൈനറിയിലെ കമ്പനി ഓഫീസിലേക്ക് പോകാനുള്ള എൻട്രി പാസ്സുകൾ ലഭിച്ചു . അടുത്ത ദിവസം നേരത്തെ തന്നെ ജോലിസ്ഥലത്ത് പോകേണ്ടതിനാൽ  അന്ന്  രാത്രി നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. 

അടുത്ത ദിവസം കാലത്ത്  അഞ്ചു മണിയോടെ എഴുന്നേറ്റ് പ്രഭാത ഭക്ഷണം കഴിച്ച്‌  ഞങ്ങൾക്ക് പോവാനുള്ള ബസ്സിനരികിലേക്ക് നടന്നു . ബസ്സിന്റെ ഡ്രൈവറേ ഞാൻ സൂക്ഷിച്ചൊന്ന് നോക്കി അത് സുബ്രഹ്മണ്യമെന്ന  ആളായിരുന്നു. ഞാനും ഞങ്ങളുടെ മെക്കാനിക്കൽ ഫോർമാനും കൂടി സൈറ്റിലെ ജോലിയേപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് ഫോർമാൻ ആ കാഴ്ച കണ്ടത്. സുബ്രഹ്മണ്യൻ  ബസ്സിന്റെ സീറ്റിൽ നിന്നും ഇറങ്ങി ഒരു ബോട്ടിൽ വെള്ളമെടുത്ത് ഞങ്ങളുടെ ബസ്സിന്റെ മുന്നിലെ രണ്ട് ടാങ്കുകളിൽ ഒന്നിന്റെ അടപ്പ് തുറന്ന് അതിലേക്ക് വീണ്ടും വീണ്ടും പകർന്നുകൊണ്ടേയിരിക്കുന്നൂ . ഇതെല്ലാം കഴിയുന്നത് വരെ രംഗം സസൂക്ഷം വീക്ഷിച്ചു കൊണ്ട് ഫോർമാനും നിന്നു. അവസാനം ടാങ്കിന്റെ അടപ്പ് ഭദമായി   അടച്ച്  ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്ന് എഞ്ചിൻ സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴേക്കും ഫോർമാൻ അയാളെ കടന്നുപിടിച്ചു് വലിച്ച് തറയിൽ ഇട്ടു. സുബ്രഹ്മണ്യൻ  ഫോർമാന്റെ കയ്യിൽ കിടന്ന് അദ്ദേഹത്തോടു് കയർത്തു. ആദ്യം എനിക്കും കാര്യം ഒന്നും ശരിക്ക് വ്യക്തമായില്ല .പിന്നെ ഫോർമാൻ സുബ്രഹ്മണ്യന്റെ  മുന്നിൽ വച്ച് സംഭവം വിശദീകരിച്ചു. അന്നത്തെ ടാറ്റാ ബസ്സിന്റെ മുന്നിൽ റേഡിയേറ്ററിന്റെ ഇടതും വലതുമായി ആണ് റേഡിയേറ്ററിന്റേയും ഡീസലിന്റെയും ടാങ്കിന്റെ അടപ്പുകൾ കിടക്കുന്നത്. അതിൽ റേഡിയേറ്ററാണെന്ന്‌ കരുതി ഇതുവരെ സുബ്രഹ്മണ്യൻ  വെള്ളമൊഴിച്ചുകൊണ്ടിരുന്നത് ഡീ സൽടേങ്കിലേക്കായിരുന്നു . അങ്ങനെ വെള്ളം നിറഞ്ഞ ബസ്സ്  അപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നുവെങ്കിൽ  എഞ്ചിന് അത് വലിയ ദോഷകര മാകുമായിരുന്നു എന്ന് ഫോർമാൻ പറഞ്ഞാണ് ഞാൻ മനസ്സിലാക്കിയത് .

തുടരും .

പ്രവാസചരിതം - ഇരുപത്തൊന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അന്ന് റിഫൈനറിക്കുള്ളിലെ സൈറ്റ് ഓഫീസിലേക്ക് പുറപ്പെടാൻ ഞാൻ ഒത്തിരി  വൈകി. ഞങ്ങളുടെ വാഹനം ക്യാമ്പിൽ  നിന്നും അന്ന് ഒമ്പത് മണിയോടെയായിരുന്നൂ  യാത്ര തിരിച്ചത്, അന്തരീക്ഷോഷ്‌മാവ്‌ ചൂടു തുടങ്ങിയതിനാലാണെന്ന് തോന്നുന്നു കാറ്റിന് പോലും നല്ല  ചൂടാണ് . റിഫൈനറിയിലെ ആദ്യത്തെ കവാടത്തിൽ  പട്ടാളക്കാരാണ് കാവൽ നിൽക്കുന്നത് . അവിടത്തെ  ഗേറ്റിലേ യും രണ്ടാമത്തെ  ഗേറ്റിലേയും സുരക്ഷാ പരിശോധനകൾ കഴിഞ്ഞ്  ഞങ്ങളുടെ വാഹനം കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് യാത്ര തിരിച്ചു. റിഫൈനറിയുടെ ഒരു വശത്തെ   മണൽപ്പരപ്പിലായി  നിരനിരയായി വച്ചിരിക്കുന്ന പോർട്ടോ കാബിൻ  ആയിരുന്നു ഞങ്ങളുടെ ഓഫീസ്. ഓഫീസിന് മുന്നിലായി ഞങ്ങളുടെ വാഹനം ചെന്നു നിന്നു,  അതിൽ നിന്നും  ഇറങ്ങി ഞങ്ങൾ ഓഫീസിലേക്ക് കയറി . അങ്ങനെ ആദ്യമായി  ആ അങ്കത്തട്ടിലേക്ക് വലത്കാലു വച്ചു  ഞാൻ  കയറി. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ  കൊണ്ട് ഞാനും  ഡ്രോയിംങ് ബോർഡും ട്രേസിങ് പേപ്പറും പെൻസിലും പെന്നുമായി  നല്ല ചങ്ങാത്തത്തിലായി  .  ദിവസങ്ങൾ ഓരോന്നായി കടന്നു പോയിക്കൊണ്ടിരുന്നതിനിടയിൽ ആയിരുന്നൂ  എനിക്ക് ലഭിച്ച താൽക്കാലിക പാസ്സിന്റെ കാലാവധി തീർന്നത്  . വീണ്ടും   എന്റെ ജോലി സ്ഥലം  പഴയപോലെ ക്യാമ്പ്  ഓഫീസിലേക്കു മാറ്റപ്പെട്ടു  . ആ  കാലഘട്ടത്തിനിടയിൽ ആയാണ്  നിസാറിന്   ദുബായിലേക്ക് സ്ഥലംമാറ്റം കിട്ടി യാത്ര തിരിച്ചത് . 


 ഒരു ദിവസം കമ്പനിയിൽ നിന്നും പണ്ട് രാജിവച്ചു്പോയ  സേഫ്റ്റി ഓഫീസർ തിരിച്ചു വരുന്നൂ  എന്നറിയാൻ കഴിഞ്ഞത് . അടുത്ത ദിവസം രാത്രി മെസ്സിൽ വച്ച് ഞാൻ ആ മനുഷ്യനെ  പരിചയപ്പെട്ടു . കറുത്തു തടിച്ച അജാനുബാഹുവായ ഒരു മനുഷ്യൻ .കുറച്ചു ദിവസത്തിനകം തന്നെ അയാൾ അവിടെയുണ്ടായിരുന്ന മുഴുവൻ വാഹനങ്ങളുടേയും നിയന്ത്രണം ഏ റ്റെടുത്തു . പിന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു് വാഹനങ്ങളുടെ ഗതിവഗതികൾ  അയാൾ നീയന്ത്രിച്ചു തുടങ്ങി . അങ്ങനെയിരിക്കെ ഒരു ദിവസം ശ്രീനി  സാർ ക്യാമ്പിന്റെ  നിയന്ത്രണം എന്നെയേൽപ്പിച്ച് അത്യാവശ്യമായി നാട്ടിലേക്ക്  യാത്രയായി . 

ദിവസങ്ങൾ കടന്നു പോയികൊണ്ടിരിക്കെ  ഒരു ദിവസം അബുദാബി ഓഫീസിൽ നിന്നും കുറെ രേഖകൾ  ബുഹാസ ഓഫീസിലേക്ക് കൊടുത്തയക്കാൻ  വേണ്ടി \ഞങ്ങളുടെ കമ്പനി വാഹനത്തിൽ ക്യാമ്പ് ഓഫീസിൽ  എത്തിച്ചു.   അത് കഴിഞ്ഞു അബുദാബി ഓഫിസ് സെക്രട്ടറി  എന്നെ ഫോണിൽ വിളിച്ച് ബുഹാസ ഓഫീസീൽ ആ രേഖകൾ വാഹനം ഏർപ്പാട് ചെയ്ത്  എത്തിക്കാനാവശ്യപ്പെട്ടു. ഞാൻ വാഹനങ്ങളുടെ നിയന്ത്രിതാവായ എ സേഫ്റ്റി ഓഫീസറോട്  കാര്യമവതരിപ്പിച്ചു . അദ്ദേഹം എന്നോട്ട് വാഹനങ്ങളൊന്നും നിനക്ക് വിട്ട് തരാൻ സൗകര്യപ്പെടില്ല വേണമെങ്കിൽ ബസ്സ് എടുത്ത് പോയ്ക്കോ എന്ന് നിർദ്ദേശിച്ചു. അദ്ദേഹം കരുതി കടലാസ്സുകൾ അയക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ഒരു വാർണ്ണിം ങ്ങ് ലെറ്റർ കമ്പനിയിൽ നിന്നും കിട്ടും ഇവൻ അനുഭവിക്കണം എന്ന് .  

പക്ഷേ അദ്ദേഹത്തിന്റെ  ചീന്തകളെ  മാറ്റിമറിക്കുന്ന ഒരു ഉഗ്രൻ പണി ഞാനങ്ങ് കാഴ്ചവച്ചു. റുവൈസിൽ നിന്നും നൂറ് കിലോമീറ്റർ ദൂരമുള്ള ആ സ്ഥലത്തേക്ക് അദ്ദേഹം പറഞ്ഞ പോലെ വലിയ ടാറ്റ ബസ്സുമായി ഒറ്റയ്ക്ക്പോയി കാര്യം നടപ്പാക്കിത്തിരിച്ചു വന്നു. അപ്പോഴേക്കം ദുബായ് ഓഫീസിൽ നിന്നും എന്നോടു് ഒറ്റയ്ക്ക് ബസ്സ് എടുത്ത് പോയതിന് വിശദീകരണം ചോദിച്ചു കൊണ്ട് ഫോൺ കാൾ വന്നു . ഞാനൻ  വള്ളി പുള്ളി വിടാതെ നടന്ന സംഭവം അവർക്ക് എഴുതി അയച്ചുകൊടുത്തു. . ഈ സംഭവത്തിന്റെ ഉത്തരവാദിക്കുള്ള ശിക്ഷാ നടപടിയായി ദുബായി ഓഫീസിൽ നിന്നും വാഹന നിയന്ത്രിതാവിന് ഒരു വാർണ്ണിംങ്ങ് ലെറ്റർ ഒട്ടിച്ച ബ്രൗൺ കവറിൽ ഒന്ന് രണ്ട് ദിവസത്തിനകം എത്തിച്ചേർന്നു. 

അടുത്ത ഒരു ദിവസം  ഞാൻ കേമ്പ് ഓഫീസിൽ ഇരുന്ന്  പതിവായുള്ള പ്ലാൻ വരപ്പുമായി മുന്നോട്ട്‌ പോയ എന്റെ അരികിൽ ഏകദേശം ഒമ്പതരയോടെ  അസിസ്റ്റന്റ് പ്രോജക്ട് മാനേജർ കടന്നു വന്നു . അദ്ദേഹത്തിന്റെ പേര് ഡേവിഡ് ക്ലാർക്ക് എന്നായിരുന്നൂ സ്കോട്ലൻഡ് കാരനായ ഒരു വെള്ളക്കാരൻ ആയിരുന്നൂ അദ്ദേഹം . അദ്ദേഹം എന്നെയും കൂട്ടി  തലേന്ന് രാത്രി ദുബൈയിൽ നിന്നും വന്ന തൊഴിലാളികളെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെട്ടു .  മുറിയിലെ തണുപ്പിൽ കിടന്നുറങ്ങുകയായിരുന്ന ബംഗാളി  തൊഴിലാളികളെ  ഞാൻ അല്പസമയത്തിനകം വിളിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അരികിൽ എത്തി . 

അദ്ദേഹം ഞങ്ങളെയും വിളിച്ച് ഇലക്ട്രിക്ക് കേബിൾ ഇടാനുള്ള സ്ഥലത്തേക്ക് നടന്ന് കുഴി കുഴിപ്പിക്കാൻ നിർദ്ദേശം നൽകിയു ശേഷം അവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കാൻ ആവശ്യപ്പെട്ടു . അങ്ങനെ ഞാൻ  തൊഴിലാളികളെൾക്ക് വേണ്ട പണിയായുധങ്ങൾ സംഘടിപ്പിച്ചു നൽകി അവർ ചെയ്യേണ്ട ജോലികളെപ്പറ്റി നിർദ്ദേശം നൽകി തിരിച്ചു വന്ന് എന്റെ ജോലിയിൽ മുഴുകി. 

അന്ന് എന്തോ സൂര്യൻ ഒത്തിരി  ക്രുദ്ധനായി  എനിക്ക് തോന്നി അത്രയ്ക്ക് ചൂടായിരുന്നൂ പുറത്ത്  . അവർ മാറി മാറി കുഴിച്ചു്  മൂന്ന് മണിയോടെ ആ  കുഴി ഒരു വിധം പൂർത്തിയാക്കി .ഏകദേശം നാലു മണി കഴിഞ്ഞു കാണും ഞങ്ങളുടെ സെപ്ടിക് ടാങ്കിൽ നിന്നും മലിനജലം പമ്പ് ചെയ്ത് കൊണ്ടുപോകാനായി  ഒരു പഠാൻ അയാളുടെ ടാങ്കർ ലോറിയുമായി വന്നു .സെപ്റ്റിടാങ്കിന രികിലായി ടാങ്കർ നിറുത്തി അതിലെ പൈപ്പെടുത്ത് ടാങ്കിലിട്ടു് സക്ഷൻ പമ്പ് സ്റ്റാർട്ട് ചെയ്ത് അയാൾ ഞങ്ങളുടെ  ഓഫീസിലേക്ക്  കയറി വന്നു . വന്നപാടെ  ലാൻഡ് ഫോണിന്റെൽ ആരെയോ വിളിച്ചു് തറയിൽ   കുന്തിച്ചിരുന്ന് ആരെയോ വിളിച്ച് പഷ്‌തോ ഭാഷയിൽ എന്തൊക്കയോ  സംസാരിച്ചു തുടങ്ങി. കുറേക്കഴിഞ്ഞ് അയാൾ ഫോൺ വച്ച് ഓഫീസിൽ നിന്നും ഇറങ്ങി  മലിനജലം നിറച്ച ടാങ്കറുമോടിച്ചു അവിടെ നിന്നും യാത്രയായി. നേരം കടന്നു പോയിക്കൊണ്ടിരുന്നു അപ്പോഴാന്നു ആരോ വന്നു എന്നെ  ആ വിവരം അറിയിച്ചത് .  ഞാൻ വെളിയിൽ ഇറങ്ങി നോക്കിയപ്പോൾ ടാങ്കർ ലോറി വീണ്ടും തിരിച്ചു വന്നിരിക്കുന്നൂ . ഞാൻ വേഗം കേബിൾ  ഇടനായി കുഴിച്ച കുഴിക്കരികിൽ ചെന്ന് ഒന്ന് കണ്ണോടിച്ചു , അപ്പോഴാണ്  ആ കുഴിയിൽ  മലിന ജലം നിറഞ്ഞൊഴുകുന്നൂന്നത് ഞാൻ ശ്രദ്ധിച്ചത് .

ആ കാഴ്ചകണ്ട്‌ ഞാൻ  കോപത്താൽ ജ്വലിച്ചു,  പിന്നെ ശരംകണക്കെ  ഓഫീസിലേക്ക് നടന്നു. വഴിയിൽ സൈക്കിളിൽ നിന്നു വീണ ആളിന്റെ മുഖത്തെ ചിരിയുമായി താടിയും തടവിക്കൊണ്ട് പഠാൻ നിൽപ്പുണ്ടായിരുന്നു .ഞാൻ കോപത്താൽ  എന്റെ വായിലെ തെറികൾ കൊണ്ട്  ഭാഷകൾക്കതീതമായി  പഠാനേ നോക്കി ഒരു  പെർഫോമൻസ് അങ്ങ് നടത്തി. അവസാനം അടി വീഴുന്ന  നിലയിൽ എത്തിയപ്പോൾ യാദൃശ്ചികമായി അവിടെടേക്ക് കടന്നുവന്ന ഞങ്ങളുടെ  പ്രോജക്റ്റിന്റെ കൺസൾട്ടന്റ്  എഞ്ചിനിയർ എന്നെ പിടിച്ചു മാറ്റി പഠാനെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു. 

അതു കഴിഞ്ഞ്‌ ആ വ്യാഴാഴ്ച ഞാൻ റുവൈസിലെ മണൽക്കാട്ടിൽ നിന്നും സുഹൃത്തുക്കളേയും  മനസ്സിൽ ജ്യേഷ്ട സഹോദരനായി വച്ചാരാധിക്കുന്ന മധുവേ ട്ടന്റെ താമസസ്ഥലമായ ഷാർജയിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ച് എന്റെ ആത്മമിത്രമായ സുരയുടെ  ജ്യേഷ്ടനേ കണ്ടുമുട്ടി .  അദ്ദേഹം ഒരു പേജർ നമ്പർ എനിക്ക് നൽകികൊണ്ട്   പറഞ്ഞു 

"നീ എന്തെങ്കിലും ആവശ്വമുണ്ടെങ്കിൽ ഈ നമ്പറിൽ രണ്ട് തവണ ബീപ്പ് ചെയ്താൽ മതി"

ഞാൻ ശരി എന്നും പറഞ്ഞ്  അവിടെ നിന്നും ഷാർജയിലേക്ക് യാത്ര തിരിച്ചു . ഷാർജയിൽ എത്തി മധുവേ നേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് അടുത്ത ദിവസം റുവൈസിലേക്ക് മടങ്ങി. തുടരും 

പ്രവാസചരിതം - ഇരുപത്തിരണ്ട് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ഞാൻ  രാത്രി പത്ത് മണിയോടെ ഷാർജയിൽ നിന്നും റുവൈസിൽ തിരിച്ചെത്തി. 

അടുത്ത ദിവസങ്ങളിൽ   പതിവ്  വരപ്പിന്റെയും  അഡ്മിനിസ്ട്രേഷന്റെയും   ലോകത്തിലേക്ക് ഞാൻ വ്യാപൃതനായി. അങ്ങനെയിരിക്കെ ഒരു ദിവസം  ഉച്ച യോടെയാണ്  സൂര്യയുടെ  ജ്യേഷ്ടൻ തന്ന പേജർ നമ്പറിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത് . ഓഫീസിലെ ഫോണിൽ നിന്നും അദ്ദേഹം പറഞ്ഞപോലെ രണ്ട് തവണ ബീപ്പ് ചെയ്തു . ഉദേശം പത്ത് പതിനഞ്ച് മിനിറ്റിനകം ഓഫീസ്  ഫോൺ ചിലക്കാൻ തുടങ്ങി, ഞാൻ റിസീവർ  എടുത്ത് ചെവിയിൽ  ചേർത്ത് വച്ചു. മറുവശത്ത് നിന്നും ഒരു അറബിയുടെ ശബ്ദ മാണ്  ഞാൻ കേട്ടത്  , അദ്ദേഹം എന്നോട്‌ ഇംഗ്ലീഷിൽ 

"ബീപ്പ് ചെയ്തിരുന്നോ"

എന്ന് ആരാഞ്ഞു . 

"അതേ ചെയ്തിരുന്നു" എന്ന് മറുപടിയും ഞാൻ നൽകി 

 .പിന്നീട്  ഞാനാരാണ്  എന്നായി ചോദ്യം? ഞാൻ മറുപടിയായി ഹരിയുടെ  സുഹൃത്താണെന്നും അദ്ദേഹത്തിന് ഒന്ന് ഫോൺ കൊടുക്കാമോ എന്നും എന്നാലാവുന്ന വിധത്തിൽ അറബി ഭാഷയിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു . ഞാൻ പറഞ്ഞ അറബി അദ്ദേഹത്തിന് മനസ്സിലായില്ല എന്ന് പിന്നീടുള്ള  ഉറുദു ഭാഷയിലെ ചില സംസാര ശകലങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി . അപ്പോഴാണ് മനസിലായത് ഹരിയേട്ടൻ എനിക്ക് തന്ന പണി ആയിരുന്നൂ എന്ന് . ഒടുക്കം  . അവസാനം അദ്ദേഹത്തിനോടു് ക്ഷമ ചോദിച്ചു്  ഫോൺ വിളി ഒരു വിധം  ഞാൻ അവസാനിപ്പിച്ചു . പറ്റിയ അമളി മനസ്സിലൊളിപ്പിച്ച് എന്നെങ്കിലും ഹരിയേട്ടന് തിരിച്ചൊരു പണി കൊടുക്കാൻ തീരുമാനിച്ച് ഞാൻ ജോലിയിൽ വ്യാപൃതനായി. 


ആയിടയ്ക്കാണ്  ലീവിൽ പോയ  ശ്രീനി  സാർ തിരിച്ചെത്തിയത് . രാവിലെ തന്നെ വന്ന് അദ്ദേഹം എന്നെ നോക്കി വലിയ വായിൽ ചിരിച്ചു കൊണ്ട് 

" കണ്ണാ സംഗതി കുടുങ്ങി " 

എന്നും പറഞ്ഞ് സീറ്റിൽ പോയി ഇരുന്നു. എനിക്ക് അദ്ദേഹം പറഞ്ഞതൊന്നും മനസിലായില്ല എങ്കിലും അവസരം കിട്ടുമ്പോഴുള്ള  മലയാളം പറയാൻ ശ്രമിക്കുന്ന രീതി നന്നേ ബോധിച്ചു. അങ്ങനെയിരിക്കെ  ഈദിന്റെ അവധി ദിനങ്ങൾ  വന്നണഞ്ഞു. ഈ പ്രവാസത്തിനിടിയിൽ  ജാതിമതഭേദമന്യേ  വെള്ളിയാഴ്ചകളിലും  ഇതുപോലെ വീണു കിട്ടുന്ന അവധി ദിവസങ്ങളിലുമാണ്  ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കാൻ കഴിയുക  .   
ഗൾഫിൽ  എവിടെയും അന്നും ഇന്നും മാറി മാറി മുഴങ്ങുന്ന ടൈംപീസിലെ അലാറത്തിന്റെ ശബ്ദമാണ്  കാലത്ത് മുറികളിൽ നിന്നും ഉയരുക  . അലാറം ഓഫ് ചെയ്ത് തിരിഞ്ഞ് കിടന്ന് ഒടുക്കം താമസിച്ചു്  ടാക്സി പിടിച്ചു്  ജോലിക്ക് പോയവർ ഒത്തിരി.


അങ്ങനെ ആ അവധി ത്തിന്റെ തലേദിവസം തന്നെ ഞാനും  ഷാർജയിലേക്ക് യാത്ര തിരിച്ചു . റുവൈസിൽ നിന്നും മൂന്ന് മണിക്കൂറ് കൊണ്ട് അബുദാബി ബസ്സ് സ്റ്റാന്റ് അവിടെ നിന്നും പഠാൻ ടാക്സിയിൽ ദുബായിക്ക് അങ്ങനെയായിരുന്നൂ ആ  യാത്ര. അബുദാബി ടാക്സി സ്റ്റാന്റ് വിട്ട് മെയിൻ റോഡിൽ കയറിയപ്പോൾ ടാക്സി ഡ്രൈവർ അരക്കെട്ടിൽ തിരുകി വച്ച കറുത്ത എന്തോ നിറച്ച പ്ലാസ്റ്റിക് സഞ്ചിയെടുത്ത് കയ്യിലെടുത്ത് ചുണ്ടിനടിയിലേക്ക് തിരുകി  വച്ചു . സഞ്ചി തിരിച്ച് പൂർവ്വ സ്ഥാനത്ത് വച്ച് വളയത്തിൽ പിടിച്ച് നീണ്ട് നിവർന്നിരുന്നു  ടാക്സിയിലെ കാസറ്റ് പ്ലയറിൽ നിന്നും പുറത്തേക്ക് തള്ളി  നിന്ന കാസറ്റ് അകത്തേക്ക് പ്ലെയറിന് അകത്തേക്ക്  അദ്ദേഹം തള്ളി വച്ചു .

അൽപ് നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ  പുഷ്ത്തോ ഗാനം ആ ടാക്സിക്കുള്ളിൽ അലയടിക്കാൻ തുടങ്ങി. അബുദാബി - ദുബായിയുടെ അതിർത്തി കടന്ന് ടാക്സി  മുന്നോട്ടേക്ക് കുതിച്ചു പാഞ്ഞു . അപ്പോൾ സഹയാത്രികൻ പറഞ്ഞാണ് ദുബായ് അബുദാബി അതിർത്തിയിലെ താറിന്റെ കളറിലെ മാറ്റം ഞാൻ ശ്രദ്ധിച്ചത് . അതിനിടയിൽ ഒരു കെട്ടിടത്തിൽ കണ്ട " ടു ലെറ്റ് "എന്ന ബോർഡിലെ മൊബൈൽ നമ്പർ ഞാൻ മനസ്സിലേക്ക്  വെറുതെ പകർത്തി വച്ചു.. രാത്രിയോടെയാണ്  ഞാൻ ദേര ദുബായിലെ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയത് . അവനോടൊപ്പം ,അത്താഴവും  കഴിച്ച് തറയിൽ വിരിച്ച കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. യാത്രാ ക്ഷീണം കാരണം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി .


അടുത്ത ദിവസം അവന്റെ ഫ്ലാറ്റിൽ നിന്നും  ഇറങ്ങി ഷാർജിലേക്ക് യാത്ര തിരിച്ചു. ദേര ടാക്സി സ്റ്റാന്റിലേക്കുള്ള  വഴിയേ നടന്നു നീങ്ങവേ  യാദൃശ്ചികമായാണ്  ഹരിയേട്ടന കണ്ടുമുട്ടിയത്  . ഞാൻ ഹരിയേട്ടനോടു് പേജറിന്റെ സംഭവത്തെക്കുറിച്ചു്  വിവരിച്ചു. അതിന് മറുപടിയായി  ഒരു പുച്ഛച്ചിരിയോടെ  അതേയോ എന്നോട് അവൻ പറഞ്ഞിരുന്നു എന്നും പറഞ്ഞ് നടന്നു നീങ്ങാൻ ഒരുങ്ങവെ യാണ് ഞാൻ എന്നെ കിട്ടാൻ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു  നേരത്തെ മനസ്സിൽ കുറിച്ചിട്ട ആ  ടു  ലെറ്റ്  മൊബൈൽ നമ്പർ അദ്ദേഹത്തിന് കൈമാറിയത്  . ആ സമയത്ത്  എന്തോ നേടിയ സന്തോഷം എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ദേര ടാക്സി സ്റ്റാന്റിൽ നിന്നും ടാക്സിയിൽ ഞാൻ ഷാർജയിലേക്ക് യാത്ര തിരിച്ചു. ഷാർജ അൽവാദ സ്ട്രീറ്റിലെ ആദ്യ അണ്ടർപാസ്സീന് അരികിലായി ഞാൻ ടാക്സി ഇറങ്ങി. അണ്ടർ പാസും പിന്നിട്ട്  കെട്ടിടങ്ങൾക്കിടയിലൂടെ അബ്ദുൾ നാസർ സ്ട്രീറ്റിലെ  കെട്ടിടത്തിലെ മധുവേട്ടന്റെ ഫ്ലാറ്റിലേക്ക് ഞാൻ  ചെന്ന കയറി. 
തുടരും

പ്രവാസചരിതം - ഇരുപത്തിമൂന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അവിടെ മുറിയുടെ മധ്യത്തിൽ സജ്ജീകരിച്ച മേശമേൽ വച്ച കാരംബോർഡിൽ വിനോദം കണ്ടെത്തുകയായിരുന്നൂ ചിലർ . ആവേശഭരിതമായ കളിയിൽ ബോർഡിലെ കറുപ്പും വെളുപ്പും ചുവപ്പും കരുക്കൾക്കൊപ്പം അല്പസമയം ഞാനും ചേർന്നു . ആ കളിയിൽ ലയിച്ചിരിക്കുമ്പോഴാണ് ഞാൻ അറിയാതെ ചെറുപ്പത്തിലെ  കാരം ബോർഡ് കളിയുടെ ഓർമ്മകൾ  മനസ്സിൽ തെളിഞ്ഞ് വന്നത് . 

അന്ന് ഞാനും അനുജത്തിയും കൂടി കാരംസ്  കളിക്കാൻ ഇരുന്നാൽ അധിക സമയവും ചുവപ്പ് കരുവും അതിന്റെ ഫോളോ വറും ഞാനാണ് ഇടാറുള്ളത്. ചിലപ്പോൾ മാത്രമേ ചുവപ്പ്കരുവിടാനുള്ള  അവസരം അവൾക്ക്  കിട്ടുമായിരുന്നുള്ളൂ . അങ്ങനെ അവളെങ്ങാനും കളിയിൽ തോറ്റാലോ പിന്നെ അടിയായി  മുടി പിടിച്ചു വലിയായി ഒടുക്കം  അമ്മയുടേയോ അച്ഛന്റേയോ കയ്യിൽ നിന്നും കിട്ടുന്ന തല്ലിൽ കലാശിക്കും എല്ലാം .
 .
  കസേര ഒന്നുകൂടി വലിച്ചിട്ടു് ഞാൻ കളിയിൽ  ലയിച്ചങ്ങനെ ഇരുന്നു. അതിനിടയിൽ മധുവേട്ടനും  കൂട്ടരും മുറിയുടെ ഒരു വശത്ത്  പത്രങ്ങൾ നിരത്തി  നാടൻ സദ്യയുമൊരുക്കാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു . എല്ലാ വർഷവും അതാണ് മധുവേട്ടന്റെ  ഒരു രീതി.  പാചകത്തിൽ അദ്ദേഹത്തോളം  കൈപ്പുണ്യം ആ മുറിയിൽ മറ്റാർക്കും തന്നെ യില്ല താനും. 
ഇന്ന് അദ്ദേഹം നമ്മുടെ അരികിൽ ഇല്ല എങ്കിലും  എന്നിരുന്നാലും  അദ്ദേഹത്തെക്കുറിച്ച് ഒരു വാക്ക് പറയാതെ എനിക്കൊരു ജീവിതവുമില്ല .  

അന്ന് വൈകീട്ട് വരെ മധുവേട്ടനൊപ്പം  ചിലവഴിച്ച ശേഷം വൈകീട്ടോടെ ഞാൻ ഷാർജ റോളയിലെ സുഹൃത്തിനെ കാണാനായി  പുറപ്പെട്ടു .
 ആ സുഹൃത്തിനെക്കുറിച്ച്  പറയുകയാണെങ്കിൽ പണ്ട് നാടകമെഴുതി നടന്നിരുന്ന കാലത്തെ ആത്മാർത്ഥ ബന്ധമാണ് അത് .  റഫീഖ് ദാസിലെ റഫീക്കിനെയും  അവന്റെ ബാപ്പയേയും   കാണണം. ഈ ഗൾഫിൽ  ഒന്നുമാവാത്ത ഒരു കാലത്ത്  കൈത്താങ്ങായ ആളുകളിൽ മറക്കാനാവാത്ത ചില പേരുകളിൽ പ്രമുഖരിൽ  റഫീഖിന്റേയും ബാപ്പയുടെയും പേര് ആലേഖനം ചെയ്ത് വച്ചിട്ടുണ്ട് എന്റെ ഉള്ളിൽ .

റോളയിൽ ടാക്സിയിറങ്ങി ഞാൻ നേരെ റഫീക്കിന്റെ  ബാപ്പയുടെ അല്ലെങ്കിൽ വേണ്ട ബാപ്പ ജോലി ചെയ്യുന്ന കട ലക്ഷ്യമാക്കി നടന്നു. അപ്പോൾ ചിലർക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം  എന്തിനാണ് ഞാൻ ബാപ്പയുടെ എന്ന് പറഞ്ഞ ശേഷം ബാപ്പ ജോലി ചെയ്യുന്ന എന്ന് പറഞ്ഞതെന്ന് .

അതും ഒരു ജീവിത ഗന്ധിയായ കഥയാണു് . പണ്ട് വളരെ കഷ്ടപ്പെട്ടു അദ്ദേഹം റോളയിൽ ഒരു റെഡി മെയ്ഡ് കട തുടങ്ങി പിന്നെ അത് വളർന്ന് രണ്ട് കടയായി അതിനിടയിൽ റെഡിമെയ്ഡ് മൊത്തവ്യാപാരവും തുടങ്ങി. അതിനിടയ്ക്കാണ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ഭാര്യാ സഹോദരനെ ഷാർജയിലെ കടയിലേക്ക് കൊണ്ടുവന്നത്. അങ്ങനെ നല്ല വിധത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് കുറച്ച് പണത്തിനാവശ്യം വന്നു . ഭാര്യാ സഹോദരൻ സഹായവുമായി അദ്ദേഹത്തിന്റെ കൂടെക്കൂടി അങ്ങനെ സഹായിച്ച് സഹായിച്ച് മുതലാളിയായ അദ്ദേഹം കുറച്ചു കാലം കൊണ്ട് ഭാര്യാ സഹോദരന്റെ കടയിലെ ജോലിക്കാരനായി മാറി.

റഫീക്കും  ബാപ്പയും എന്നെ ഒത്തിരി സ്നേഹത്തോടെയാണ് മുറിയിലേക്ക്  വരവേറ്റത് .  റഫീഖ്  എന്നെയും  കൂട്ടി കടയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ നിന്ന്  ഒരു ചായ കുടിച്ചു  മുറിയിലേക്ക് തിരിച്ചെത്തി.   ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ   വഴിയിലെങ്ങോ കൊഴിഞ്ഞു പോയ തലമുടിയിഴകൾ  തലയുടെ വശങ്ങളിൽ മാത്രമായി ഒതുങ്ങി അറ്റന്ഷന് ആയി നിന്നിരുന്നു . പുൽത്തകിടിക്കിടയിലുള്ള തടാകത്തിലെ വെള്ളത്തിന്റെ  തിളക്കം പോലെ അദ്ദേഹത്തിന്റെ കഷണ്ടി മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ നന്നായി  തിളങ്ങുന്നുണ്ടായിരുന്നു . 

സമീപത്തെ പള്ളിയിൽ നിന്നും ബാങ്ക് വിളി മുഴങ്ങിക്കേൾക്കാൻ  തുടങ്ങി.  റഫീക്കും ബാപ്പയും അല്പസമയത്തിനകം  വേഗം ദേഹം വൃത്തിയാക്കി പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് യാത്ര യായി . 

മുറിയിലെ തുണിക്കെട്ടുകൾക്കിടയിൽ ഒറ്റപ്പെട്ട ഞാൻ ജാലകത്തിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് പായിച്ചു .  അവിടെ ഉണ്ടായിരുന്ന തുണിക്കടയുടെ  മുമ്പിലായി ചില ശ്രീലങ്കൻ സ്ത്രീകൾ റെഡിമെയ്ഡ് തുണികൾ നോക്കി വാങ്ങുന്നത് ഞാൻ കണ്ടു . കുറച്ചു സമയം  അങ്ങനെതന്നെ  നോക്കി നിന്നപ്പോഴാണ് അവിടെ നടക്കുന്ന കാര്യ പരിപാടി വിശദമായി എനിക്ക് മനസ്സിലായത് . മൂന്ന് ശ്രീലങ്കൻ സ്ത്രീകളാണ് അവിടെ ഉണ്ടായിരുന്നത് അതിൽ രണ്ട് പേർ ജോലിക്കാരനോടു് മൂന്നാമത്തവളെ മറച്ചു പിടിച്ചുകൊണ്ട് കൊഞ്ചികുഴഞ്ഞു    ഓരോന്നിന്റെ വില ചോദിക്കുന്നു മൂന്നാമത്തവൾ കയ്യിലുള്ള ബേഗിൽ കൈയ്യിൽ കിട്ടിയവ  ഓരോന്ന് മോഷ്ടിച്ച് നിറയ്ക്കുന്നു. എന്തുചെയ്യണം എന്നറിയാതെ ഞാനും കുറച്ചു സമയത്തേക്ക് സ്തബ്ധനായി നിന്നുപോയി .

തുടരും 

പ്രവാസചരിതം - ഇരുപത്തിനാല് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

അല്പസമയത്തിനകം  റഫീക്കും  ബാപ്പയും  പ്രാർത്ഥന കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തി. ശേഷം ബാപ്പ ഒറ്റയ്ക്ക്   കടയിലേക്ക് യാത്രയായി  ഇനി രാത്രി പതിനൊന്ന് മണി കഴിയണം അദ്ദേഹം മുറിയിലേക്ക് തിരിച്ചെത്താൻ. അല്പസമയത്തിനകം ഓരോ ചൂട്  ചായയും കുടിച്ചു്  ഞാനും റഫീക്കും  മുറി പൂട്ടി പുറത്തിറങ്ങി റോള പാർക്കിനരികിലൂടെ നാട്ടുവിശേഷങ്ങൾ അയവിറക്കിക്കൊണ്ട്  മെല്ലെ നടന്നു.  പാർക്കിന്റെ സമീപത്തെ റോഡരുകിൽ കുറേ പഠാനികളും പാക്കിസ്ഥാനികളും 

"ദുബായ്- ദുബായ് ആവോ ഭായി " 

എന്നും ഉച്ചത്തിൽ പറഞ്ഞു  ആളുകളെ ടാക്സിയിൽ വിളിച്ചു കയറ്റുന്നുണ്ടായിരുന്നു . ഞങ്ങൾ നടന്നു നടന്ന്  ഷാർജ ഗോൾഡ് സൂക്കിനോടു് ചേർന്നുള്ള പാർക്കിലെ പുൽതകിടിയിൽ  ഇരുന്നു.  ഇടവിട്ടു്  ഞങ്ങളെ തൊട്ടുഴിഞ്ഞ് കടന്നു പോയിക്കൊണ്ടിരുന്ന  മന്ദമാരുതന്റെ  തണുത്ത വിരലുകളിൽ   വാത്സല്യം തുളുമ്പി നിൽക്കുമ്പോന്നത് പോലെ  എനിക്ക് തോന്നി. 

 ആ മൈതാനത്തിന്റെ ഓരോരോ പൊന്തക്കാടുകൾക്കിടയിലും  കമിതാക്കളിൽ മിക്കവാറും ശ്രീലങ്ക  ഇന്ത്യ  തുടങ്ങിയ നാടുകളിൽ നിന്നുള്ളവരായിരുന്നൂ . അവരിൽ  ഒട്ടുമിക്ക  സ്ത്രീകളും  അജ്മാനിലെ ഗാർമെന്റ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.  ഞങ്ങളുടെ സാന്നിധ്യം ചിലരിൽ അസ്വസ്ഥതയുണർത്തിയപ്പോൾ  ഞങ്ങൾ  മെല്ലെ എഴുന്നേറ്റ് റഫീക്കി ന്റെ മുറിയിലേക്ക് നടന്നു, അപ്പോഴേക്ക് സമയം രാത്രി പത്തു മണിയോടടുത്തിരുന്നൂ .  ഞങ്ങൾ മുറിയിൽ തിരിച്ചെത്തി അല്പസമയത്തിനകം തന്നെ റഫീക്കിന്റെ  ബാപ്പയും  അന്നത്തെ ജോലി കഴിഞ്ഞ് വന്ന് മുറിയിൽ  തിരിച്ചെത്തി . വന്നപാടെ അദ്ദേഹം അടുക്കി വച്ച റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കെട്ടിന്റെ മേൽ ചാരി ഒന്ന് മയങ്ങി . അദ്ദേഹത്തിന്റെ മുഖത്ത്  വല്ലാത്തൊരു ക്ഷീണം നിഴലിച്ചത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല .  മയക്കത്തിനിടയിൽ എപ്പോഴോ എഴുന്നേറ്റ്  അദ്ദേഹം 

 " ഇന്ന് ആഹാരം ഹോട്ടലിൽ നിന്ന് ആക്കിയാൽ എന്താ ?"

എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ  " ഓക്കേ , അത് മതി "

എന്ന് മറുപടി പറഞ്ഞു കൊണ്ട്     ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. അടുത്തുള്ള അറബിക്ക് ഹോട്ടലിലേക്ക് നടന്നു.ആ ഹോട്ടലിന്റെ പുറത്ത് ഒരു വശത്ത് ഷവർമ്മ അരിഞ്ഞിട്ടു കൊണ്ട് അറബ് വംശജനായ ഒരാൾ നിൽപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും റഫീക്കിനോട്  അറബിയിൽ എന്തൊക്കയോ കുശലാന്വേഷണം നടത്തി. അതിനിടയിൽ അവൻ അദ്ദേഹത്തോട് ഒരു ഗ്രിൽ ചിക്കന് ഓർഡർ നൽകി. 

കടയുടെ സമീപത്തായി ഒരു കണ്ണാടിക്കൂട്ടിൽ   ആസനത്തിലൂടെ കയറിയിറങ്ങിയ  കമ്പിയിൽ കിടന്ന് കറങ്ങുന്ന കോഴികളെ കണ്ടപ്പോൾ എന്റെ മനസ്സൊന്ന് നീറി . അതിന് കാരണം ഇവിടെക്കണ്ടത് ഞാൻ വിപരീതതലത്തിൽ ചിന്തിച്ചതിന്റെ പരിണിത ഫലമാണ് . ഈ കണ്ണാടിക്കൂടിൽ കിടന്നു കറങ്ങുന്ന കോഴിയുടെ സ്ഥാനത്ത് നമ്മളും നമ്മളുടെ സ്ഥാനത്ത് കോഴികളും എങ്ങനെയുണ്ട് എന്റെ ചിന്ത .ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവാത്ത ഒരാള് പോലും ഉണ്ടാവില്ല .

അല്പസമയത്തിനകം  ഒരു ഗ്രിൽ ചിക്കനും കുബ്ബൂസും ഹ മ്മൂസും സലാഡും ഗാർലിക്ക് പേസ്റ്റും അടങ്ങുന്ന ഒരു സഞ്ചി ആ കടയിലെ ഒരു ജോലിക്കാരൻ ഞങ്ങളുടെ കൈകളിലേക്ക് തന്നു . ഞങ്ങൾ പണം കൊടുത്ത് അവിടെ നിന്നും ഇറങ്ങി മുറിയിലേക്ക് തിരിഞ്ഞ് നടന്നു. 
മുറിയിൽ ചെന്ന് കുളി കഴിഞ്ഞ് വേഷം മാറിയ  ഞങ്ങൾ മൂവരും കൂടി ആ കോഴിയേ ആർക്കും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ പിച്ചിച്ചീന്തിയപ്പോൾ അതിലെ കടന്നുപോയ ഈച്ചപോലും  കരഞ്ഞുപോയി . വയറ് നിറഞ്ഞ് ഒരേമ്പക്കം വിട്ടപ്പോഴേക്കും ചെറിയ സഞ്ചിയിൽ വാരിയെടുക്കാനുള്ള എല്ലുകളേ ആ സഞ്ചിയിൽ മിച്ചം വന്നുള്ളൂ.

ആ   ദിവസം അവസാനിച്ചുവെങ്കിലും   നഗരത്തിലെ വീധീകളിലെ  വാഹനങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും പലപ്പോഴും എനിക്ക് അരോചകമായി തോന്നി . ആ  മുറിയിലെ ശീതീകരണിയുടെ മുരൾച്ചയുടെ   താളം പലപ്പോഴും മാറി മാറി വന്നു  .പിന്നെപ്പോഴോ റെഡിമെയ്ഡ് തുണി കെട്ടിലൊന്നിന്റെ മേൽ തലയും വച്ച് സീലിംങ്ങിൽ കറങ്ങുന്ന പങ്കയിൽ കണ്ണും നട്ട് ഞാനങ്ങനെ കിടന്നു. പിന്നെപ്പോഴോ മെല്ലെ മെല്ലെ ഉറക്കം എന്റെ കൺപീലികളെ മുറുക്കെ അടയക്കാൻ  തുടങ്ങി. അങ്ങനെ എപ്പോഴോ മയക്കത്തിലേക്ക് ഞാനും വഴുതി വീണു.


എന്തോ ശബ്ദം കേട്ടാണ് ഞാൻ അന്ന് ഉറക്കമുണർന്നത് . ആ സമയം ചുമരിലെ ലിപ്ടൺ കമ്പനിയുടെ ഉപഹാരമായി ക്ളോക്കിൽ സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നൂ.  അപ്പോഴേക്കും റഫീക്കും  ബാപ്പയും മുറിപൂട്ടി  കടയിലേക്ക് പോയിക്കഴിഞ്ഞിരുന്നൂ .  അപ്പോഴാണ്  മേശപ്പുറത്ത്  പാത്രത്തിൽ എന്തോ അടച്ചു വച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് . ഞാൻ മെല്ലെ എഴുന്നേറ്റ് ആ പാത്രത്തിന്റെ അടപ്പ് മാറ്റി നോക്കി. രണ്ട് കഷണം പുട്ടും കടലക്കറിയുമായിരുന്നു അതിൽ .റഫീക്ക്  കടയിൽ നിന്നും വാങ്ങി പാത്രത്തിൽ പകർന്ന് അടച്ചു വച്ചതായിരുന്നു അത് . ഞാൻ  കെറ്റിലിൽ വെള്ളം തിളപ്പിച്ച് ഒരു സുലൈമാനി ഉണ്ടാക്കി അതോടൊപ്പം പുട്ടും കടലക്കറിയും ആസ്വദിച്ചു കഴിച്ചു. 

അപ്പോഴേക്കും റഫീക്ക്‌  കടയിൽ നിന്നും തിരച്ചെത്തി  അല്പസമയത്തിനകം ഞങ്ങൾ മുറിയിൽ നിന്നും ഇറങ്ങി  അന്ന് നാട്ടിലേയ്ക്ക് യാത്ര പോവുന്ന  ഞങ്ങളുടെ ഒരു സുഹൃത്തിന്റെ കടയിലേക്ക് നടന്നു .എന്നെ കണ്ടതും അവൻ ദൂരേ നിന്നു തന്നെ വിളിച്ചു പറഞ്ഞു 

" സത്യാ വീട്ടിലേക്കെന്തെങ്കിലും കൊടുക്കണേൽ വാങ്ങി തന്നോ " .

 ഞാൻ അടുത്ത കടയിൽ കയറി രണ്ട് സാരികളും രണ്ട് ഷർട്ട് പീസുകളും മരുമകൾക്ക് കളിപ്പാട്ടവും വാങ്ങി അവന്റെ കടയിലേക്ക് നടന്നു. അപ്പോഴാണ് അവൻ ഒരു എയർ മെയിൽ കവറും ഒരു ലെറ്റർപാഡും എന്റെ  നേരെ നീട്ടിക്കൊണ്ട് 

"സമയം ഉണ്ടെങ്കിൽ ദാ അവിടെ വച്ച് ഒരു കത്തെഴുതിക്കോ "

എന്നും പറഞ്ഞ് മേശയുടെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി. ഞാൻ പതിവുപോലെ പ്രിയമുള്ള അച്ഛനും അമ്മയും അറിയാൻ ബാബു എഴുതുന്നത് എന്ന് തുടങ്ങി മനസ്സിൽ അപ്പോൾ തോന്നിയ ചിലത് കുത്തിക്കുറിച്ച് പാഡിൽ നിന്നും പേപ്പർ കീറിയെടുത്ത് കവറിൽ നിക്ഷേപിച്ച് ഒട്ടിച്ച് അവന്റെ കയ്യിൽ കൊടുത്തു - കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം അവനോടു് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി . പിന്നീട്  റഫീക്കിന്റെ ബാപ്പയേ കണ്ട് യാത്ര പറഞ്ഞു  റോള പാർക്കിനരികിൽ നിറുത്തിയിട്ട ദുബായിലേക്കുള്ള ടാക്സി ക്കരികിലേക്ക് നടന്നു . ടാക്സിയുടെ അടുത്തു വരെ  വരെ റഫീക്കും  എന്നെ അനുഗമിച്ചു. 


 അൽപ്പസമയത്തിനുള്ളിൽ  തന്നെ ഞാൻ കയറിയ ടാക്സി അവിടെ നിന്നും യാത്ര തിരിച്ചു . റോള പാർക്കും അതിലെ മരത്തിന്റെ രൂപത്തിലുള്ള ശില്പവും എന്നെ കടന്ന് വേഗത്തിൽ പിന്നോടിപ്പോവുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെ കുറച്ച് സമയത്തിനകം ഞാൻ കയറിയ ടാക്സി ദുബായ് നാസർ സ്ക്വയറിലെത്തി .


ഞാൻ ടാക്സിയിൽ നിന്നും  ഇറങ്ങി ദേരയിലുള്ള അബ്രയുടെ (കടത്ത്) അരികിലേക്ക് നടന്നു നീങ്ങി . വഴിയിലുള്ള ഭൂഗർഭാന്തര നടപ്പാതയിലൂടെ അബ്രയിൽ എത്തിയപ്പോൾ അവിടെ യന്ത്രവൽകൃത വഞ്ചിയുടെ ശബ്ദത്താൽ അന്തരീക്ഷം മുഖരിതമായിരുന്നു. പുറപ്പെടാൻ തയ്യാറാക്കി  നിറുത്തിയ ഒരു വഞ്ചിയിൽ മറ്റുള്ളവരേപ്പോലെ ഞാനും കയറി ഇരുന്നു . ഓളങ്ങളെ മുറിച്ചു് കടന്ന   ആ വഞ്ചി അങ്ങോട്ടുമിങ്ങോട്ടും മെല്ലെ ഉലയുന്നുണ്ടായിരുന്നു. 

കടൽ കാക്കകൾ  താണും പൊങ്ങിയും അല്പദൂരം വരെ  ഞങ്ങളെ  അനുഗമിച്ചു.  അൽപ്പസമയത്തിനകം ഞങ്ങളുടെ വഞ്ചി കടവിലെ പടവിൽ കുത്തി നിന്നു . ആളുകൾ വരിവരിയായി കരയക്കിറങ്ങി കൂട്ടത്തിൽ ഞാനും . പിന്നെ നേരെ ബർദുബായ് ബസ്സ് സ്റ്റാന്റിലേക്കായി നീട്ടി വലിച്ചൊരു നടത്തം  . വrഴിയിൽ കണ്ട ബാങ്കിന്റെ പേര് ഞാൻ മനസ്സിൽ വായിച്ചു ബാങ്ക് ഓഫ് ബറോഡ . 

പണ്ട് കാലത്ത് ഈ രാജ്യത്ത് ഇന്ത്യൻ കരൻസിയായിരുന്നു വാണിജ്യാവശ്യത്തിന് ഉപയോഗിച്ചതെന്ന് പഴയ ചില ആളുകൾ പറഞ്ഞു കേട്ടിരുന്നൂ .  അതുപോലെ ഇവിടെയുള്ള അമ്പലങ്ങളും പള്ളികളും തമ്മിലുള്ള അകലവും മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള ദൂരവും ഒത്തരി കുറവാണ് . അതോടൊപ്പം തന്നെ അമ്പലത്തിൽ നിന്നും കിട്ടുന്ന പ്രസാദം വാങ്ങിക്കഴിച്ചു് വിശപ്പടക്കുന്ന ജോലിയന്വേഷകർ  ഒത്തിരിയാണ് .  ഇവിടെ  കഫ്റ്റേറിയയും ഗ്രോസറിയും  നടത്തുന്നവർ  മലയാളകളാണ് എന്നത് പരമാർത്ഥം .
ബസ്സ് സ്റ്റാന്റിൽ നിന്നും ആദ്യം പുറപ്പെട്ട  ഒരു ബസിൽ കയറി ഞാനും അങ്ങനെ അബുദാബിക്ക് യാത്ര തിരിച്ചു. അബൂദാബി യിൽ എത്തി അവിടെ നിന്നും  റുവൈസിൽ എത്തുമ്പോഴേക്കും ഇനി രാത്രിയായിട്ടുണ്ടാവും .
തുടരും

പ്രവാസചരിതം - ഇരുപത്തിയഞ്ച്
പ്രവാസജീവിതം
എം. പി. എസ്. വീയ്യോത്ത്
ദുബായിയിൽ നിന്ന് അബുദാബി ബസ്സ് സ്റ്റാൻഡിലേക്ക് ഏകദേശം രണ്ട് മണിക്കൂർ കൊണ്ടാണ് ഞങ്ങളുടെ ബസ്സ് എത്തിച്ചേർന്നത് . ബസ്സിൽ നിന്നും ഇറങ്ങി റുവൈസിലേക്കുള്ള ബസ്സിനായി വീണ്ടും കുറേ നേരം കാത്തു നിൽക്കണ്ടതായി വന്നു. പിന്നെപ്പോഴോ ബസ്സ് ബേയിൽ വന്ന് നിന്നപ്പോൾ ഞാനും മറ്റുള്ളവരെപ്പോലെ അതിലേറിയിരുന്നു. യാത്രാ ക്ഷീണത്താലാണോ എന്നറിയില്ല കഠിനമായ തലവേദനയാൽ ഞാൻ ശരിക്കും വിഷമിച്ചു .വഴിയിൽ ആളുകൾക്ക് ഭക്ഷണം കഴിക്കാനായി താരിഫ് എന്ന സ്ഥലത്തെ പാർക്കിങ്ങിൽ ബസ്സ് ചെന്ന് നിന്നു. ഞാനും മറ്റുള്ളവരോടൊപ്പം ബസ്സിൽ നിന്നും ഇറങ്ങി അവിടെ അടുത്തുള്ള പാക്കിസ്ഥാനി ഹോട്ടലിൽ കയറി .
ആളുകൾ കോഴിയും മാടും പച്ചക്കറിയും പരിപ്പും ചൂടുള്ള പാക്കിസ്ഥാനി റൊട്ടിയും ആസ്വദിച്ചു കഴിക്കുന്നതും നോക്കി ഒരു കട്ടൻ ചായയും ചൂടാറ്റി കുടിച്ചു കൊണ്ട് അങ്ങനെ നിന്നു . അവിടെനിന്നും ആളുകൾ കയറിക്കഴിഞ്ഞപ്പോൾ ബസ് അതിന്റെ പ്രയാണം തുടർന്നു. .ചുറ്റും കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണൽപരപ്പുകൾ നിറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നൂ . രാത്രിയിലെ വല്ലാത്ത ഹ്യൂമിഡിറ്റിയാൽ ജാലകച്ചില്ലുകൾ മങ്ങിയത് അന്തരീക്ഷത്തിലെ ചൂടിനെ സൂചിപ്പിച്ചു . റുവൈസ് അൽ മരിയ ബസ് സ്റ്റാന്റിൽ ഞാൻ ബസ്സ് ഇറങ്ങി . എങ്ങനെ വഴി തെറ്റിയാലും ഞങ്ങളുടെ കമ്പനിയുടെ ക്യാംബ് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ് .മറ്റു കമ്പനികളുടെ ക്യാമ്പിന്റെ നിറം വെള്ള യോ ക്രീമോ നിറത്തിലായിരുന്നു എങ്കിൽ ഞങ്ങളുടെ ക്യാമ്പിന്റെ നിറം ചുവപ്പിൽ കലർന്ന മഞ്ഞ യായിരുന്നു. മുറിയിൽ എ ത്തിയതും ഞാൻ തണുത്ത വെള്ളത്തിൽ കുളിച്ച് വേഗം കയറി കിടന്നു.
അടുത്ത ദിവസം മുതൽ ഞാൻ പതിവുപോലെ ജോലിയിലേക്ക് കടന്നു. ഉച്ചഭക്ഷണ സമയമായപ്പോൾ മെസ്സിൽ പോയി ദക്ഷണം കഴിക്കാനാരംഭിച്ചപ്പോഴാണ് ഒരു ജോലിക്കാരൻ അങ്ങോട്ട് വന്ന്
" സാറിന് ഒര് ഫോണുണ്ട് "
എന്ന് പറഞ്ഞത്. ഞാൻ ഭക്ഷണം കഴിക്കുന്നത് പാതിയിൽ നിറുത്തി എഴുന്നേറ്റു പോയി. ഫോൺ സംഭാഷണം അവസാനിപ്പിച്ച് തിരിച്ച് മെസ്സിൽ എത്തിയപ്പോഴേക്കും ഞാൻ ആഹാരം കഴിച്ചുകൊണ്ടിരുന്ന പാത്രം അവിടെയെങ്ങും കണ്ടില്ല. അങ്ങനെ ഉച്ചസമയത്തെ ഒരു ഫോൺ വിളി എന്നെ ഭാഗികമായി പട്ടിണിയിലാക്കി എന്ന് പറയാം . പിന്നെ കുറച്ച് തണുത്ത വെള്ളവും കുടിച്ച് വീണ്ടും ഓഫീസിലേക്ക് മടങ്ങിയ ഞാൻ ആ ജോലി തുടർന്നു . അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞ വാചകം മനസ്സിലൂടെ മിന്നി മാഞ്ഞത്. അത് ഇങ്ങനെ ആയിരുന്നൂ
" സത്യാ ഭക്ഷണം കഴിക്കുമ്പോൾ ദേവേന്ദ്രൻ വന്നൂ വിളിച്ചാലും എഴുന്നേൽക്കരുത്".
ആ സന്ദർഭം ഓർത്ത് ചുണ്ടിൽ ചിരി പടർന്നത് ഞാൻ പോലുമറിഞ്ഞില്ല. സന്ധ്യയോടെ അന്നത്തെ ജോലി അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോഴാണ് മനസ്സിൽ ഒരാശ ഉദിച്ചത് . ആ ആശ എന്താന്നല്ലേ സോസേജ് ഫ്രൈ കഴിക്കണം . പിന്നീട് മറ്റൊന്നും ഓർത്തില്ല നേരെ കടയിൽ പോയി ഒരു പോക്കറ്റ് സോസേജ് വാങ്ങി ഞങ്ങളുടെ കുക്കായ അഹമ്മദ്ക്കയേ കണ്ട് നേരിട്ടേൽപ്പിച്ചു . അങ്ങനെ അത്താഴത്തിന് ഞാനും അഹമ്മദ്ക്കയും മറ്റും ചേർന്ന് കുബ്ബൂസും കൂട്ടി അഹമ്മദ്ക്കയുടെ മുറിയിൽ വച്ച് അതാസ്വദിച്ച് കഴിച്ചു . അത്താഴവും കഴിഞ്ഞു ആ മുറിയിൽ നിന്നും പുറത്തിറങ്ങി എന്റെ മുറിയിലേക്ക് നടക്കവേയാണ് വഴിയിലെ ഒരു കാബിനിൽ ചാരി ആടിയാടി നിൽക്കുന്ന എന്റെ സഹപ്രവർത്തകനെ കണ്ടത് . എന്നെ കണ്ടതും മദ്യത്തിന്റെ ലഹരിയിൽ എന്റെ നേരെ തലതിരിച്ചു് , എന്തോ അവ്യക്തമായ ഭാഷയിൽ ചോദിച്ചപ്പോൾ അത് തന്നെ ഒന്നു മുറിയിലേക്ക് കൊണ്ട് ചെന്ന് ആക്കാമോ എന്ന് ഞാൻ വായിച്ചെടുത്തു . പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ അയാളെ താങ്ങി അയാളുടെ മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി.മുറി വിട്ട് പുറത്തിറങ്ങിയപ്പോഴാണ് അയാളുടെ ഈ അവസ്ഥയുടെ പിന്നാമ്പുറ ക്കഥകൾ എനിക്ക് മനസിലായത്.
ഞങ്ങളുടെ കമ്പനിയിലെ ഒരു എഞ്ചിനിയർ ആയിരുന്നു ശ്രീനിവാസ് എന്ന തമിഴ്‌നാട് കാരൻ . അദ്ദേഹത്തിന് ആഹാരത്തിന് മുമ്പ് ഒരു ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം മദ്യം നിറച്ച് വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കുടിക്കുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ സുഹൃത്ത് അദ്ദേഹത്തിന്റെ മുറിയിൽ പോയപ്പോൾ ഈ കാഴ്ച കണ്ടു . എന്നാൽ ഒന്ന് പരീക്ഷിച്ചുനോക്കാം എന്ന് ഒരാശ നമ്മുടെ സുഹൃത്തിന് തോന്നി. ആ പരീക്ഷണത്തിന്റെ ബാക്കിയാണ് ഞാൻ താങ്ങിക്കൊണ്ടുപോയി മുറിയിൽ കിടത്തിയത് .
ഞാൻ വെറുതെ കുറച്ചു സമയം ടീവിയിൽ എം ടി വി ചാനലിൽ പാട്ടുകൾ കണ്ടാസ്വദിച്ചങ്ങനെ ഇരുന്നു. അന്ന് മനസ്സിൽ കയറിക്കൂടിയ ചിലരാണ് നസ്‌റുത്ത് ഫത്തേ അലിക്കാനും , അലിഷാ ചിനോയ് തുടങ്ങിയവർ. പിന്നീട് മുറിയിലേക്ക് നടന്ന് കട്ടിലിലെ കമ്പിളി പുതപ്പിനടി'യിലേക്ക് ഉളിയിട്ടു .മനസ്സിലൂടെ പല പല ചിന്തകളും ഓടി മറഞ്ഞു കൊണ്ടിരുന്നു അതിനിടയിൽ പലപ്പോഴും നാട്ടിലെ ഇടവഴികളും വീട്ടിലെ അവസ്ഥയും ചിന്തയിൽ കടന്നു വന്നുകൊണ്ടേയിരുന്നൂ . പണ്ട് ഒരു നാൾ അച്ഛനെ വിളിക്കാനായി വീട്ടിൽ നിന്നും ഇറങ്ങി ഇടവഴിയിലൂടെ കയ്യിലെ എവറഡി ടോർച്ചിന്റെ വെളിച്ചത്തിൽ നടന്നപ്പോൾ . ഞങ്ങളുടെ അയൽക്കാരനായ രാമേട്ടൻ മദ്യപിച്ച് മദോന്മത്തനായി ആ വഴി ചെരിച്ചളന്ന് വരുന്നത് എന്ന് ശ്രദ്ധയിൽ പതിഞ്ഞതും ഞാൻ അയാളുടെ അടുത്ത് ചെന്ന് ടോർച്ച് വിറപ്പിച്ചിടിച്ച് നടന്നതും അതിന് മറുപടിയായി
"ശുനകപുത്രാ ഹാ"
എന്ന് തുടങ്ങുന്ന കീർത്തനം അയാൾ എന്നെ നോക്കി ചെല്ലിയതും ഓർമ്മയിൽ തെളിഞ്ഞു വന്നു. പിന്നീടെപ്പോഴോ ഞാനും ഏസിയുടെ മുഴക്കത്തിലും മുറിയിലെ തണുപ്പിലും ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ലയിച്ചു .
അടുത്ത ദിവസം കുളി കഴിഞ്ഞ് മെസ്സലേക്ക് നടന്നപ്പോഴാണ്‌ ഒരാൾ ക്യാമ്പ് ഓഫീസിന്റെ മുന്നിൽ നിർന്നിമേഷനായി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് .ഞാൻ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു ,ഞാനയാളോട് കാര്യങ്ങൾ വിവരമാരാഞ്ഞു . വിതുമ്പുന്ന ചുണ്ടുകളോടെ ഹിന്ദിയിൽ അയാൾ എന്നോടു് സംഭവം വിവരിച്ചു തുടങ്ങി. അത് ഇപ്രകാരം ആയിരുന്നൂ .
അയാൾ തനിക്കു കിട്ടുന്ന മാസ ശമ്പളത്തിൽ ഒരു ഭാഗം സ്വരുക്കൂട്ടി അടുത്ത മാസം നാട്ടിൽ പോവുമ്പോൾ സർപ്രൈസായി ഭാര്യയക്ക് സമ്മാനിക്കാനായി ഒരു സ്വർണ്ണ നെക്ലയീസ് വാങ്ങിയിരുന്നൂ . തലേദിവസം (വ്യാഴാഴ്ചാ ) അയാളെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി അടുത്തുള്ള ക്യാമ്പുകളിൽ നിന്നും വന്ന ചില സുഹൃത്തുക്കളുമായി സംസാരവും അതോടൊപ്പം തന്നെ മദ്യപാനവും അവിടെ നടന്നു. അതിനിടയിൽ എപ്പോഴോ അയാൾ താൻ വാങ്ങിയ സ്വർണ്ണമാല അവർക്ക് അഭിപ്രായത്തിനായി കൈമാറി . രാത്രി വളരെ വൈകി സുഹൃത്തുക്കൾ അവിടെ നിന്നും പിരിഞ്ഞുപോയി .അയാളും മദ്യത്തിന്റെ ലഹരിയിൽ അതു കഴിഞ്ഞ് എപ്പോഴോ ബോധം കെട്ട്‌ കിടന്നുറങ്ങീ.
രാവിലെ ഏതോ സ്വപ്നത്തിലെന്നവണ്ണം ഞെട്ടി ഉണർന്ന് സൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ മാലയുടെ പെട്ടി കാലിയാക്കി കിടക്കുന്നു. അയാൾ ശരിക്കും ഒന്ന് ഞെട്ടി പിന്നെ മുറി മുഴുവൻ പരിശോധിച്ചു നിരാശ തന്നെ ഫലം .ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ആ കവിളിലൂടെ കണ്ണനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഞാനയാളെയും കൂട്ടി ശ്രീനി സാറിന്റെ അരികിൽ കൊണ്ട് ചെന്നാക്കിയശേഷം . നാട്ടിലേക്ക് വിളിക്കാനായി ടെലിഫോൺ ബൂത്ത് ലക്ഷ്യമാക്കി നടന്നു. എന്നെപ്പോലെ ഉള്ള ഗൾഫ് കാരുടെ പണ്ടുകാലത്തെ പതിവ് ശീലമാ വെള്ളിയാഴ്ചയുള്ള ബൂത്തിൽ നിന്നുള്ള ഫോൺ വിളി.
തുടരും

പ്രവാസചരിതം - ഇരുപത്തിയാറ് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ആധുനിക വാർത്താവിനിമയസൗകര്യങ്ങളുടെ  സഹായത്താൽ ലോകത്തിൽ അല്പമെങ്കിലും അന്യം നിന്നുപോയ ഒരു കലാരൂപമായി ടെലിഫോൺ ബൂത്തുകൾ മാറിപ്പോയിരിക്കുന്നൂ  .  ബൂത്തിൽ നിന്നും കാളിങ് കാർഡ് ഉപയോഗിച്ചുള്ള ആ ഫോൺ വിളി ഇന്നൊരു ഓർമ്മകൾ ആയിത്തീർന്നിരിക്കുന്നൂ  . അന്ന് അയൽവീട്ടിലെ ഫോണിലേക്ക്  വിളിച്ചു  അവരോട് .

   "ദേവിയേച്ചീ ഞാനാ മാഷിൻറെ  ബാബുആണ് ,  ഒന്ന്  അച്ഛനേ വിളിച്ചു തരുമോ?"

 എന്ന് ചോദിക്കുന്നൂ  .അതിനു മറുപടിയായി 

"ശരി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചോ അപ്പോഴേക്കും അവരെ വിളിച്ചു കൊണ്ടു വരാം എന്നാൽ ഞാൻ ഫോൺ വെക്കുയാണേ" 

എന്നും പറഞ്ഞ് അവർ ഫോൺ വയ്‌ക്കുന്നൂ . അതു കഴിഞ്ഞുള്ള പത്തു മിനിറ്റ്  സമയം കടന്നുപോകാൻ വല്ലാത്ത പ്രയാസം ഞാൻ നേരിട്ടിരുന്നൂ .  അപ്പോഴൊക്കെ  ഒന്നുകൂടി  വിളിച്ചാലോ എന്ന് പലതവണ   മനസ്സ്  അക്ഷമയോടെ കുത്തിനോവിച്ചുകൊണ്ടിരുക്കും.  അങ്ങനെ ഒരു തവണ വിളിച്ചപ്പോൾ അവർ നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നറിഞ്ഞു ക്ഷമ ചോദിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തപ്പോൾ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. കുറച്ച് സമയം കഴിഞ്ഞ് ഞാൻ ഒന്നുകൂടി വിളിച്ചു അങ്ങേ തലക്കൽ അധികം താമസിക്കാതെ തന്നെ ആരോ ഫോണെടുത്തു ശ്വാസഗതിയും ശബ്ദവും കേട്ട് ആളെ എനിക്ക് വേഗം മനസ്സിലായി അച്ഛനായിരുന്നു അത് .സംസാരത്തിനിടയിൽ എപ്പോഴോ അദ്ദേഹം എന്റെ കല്യാണക്കാര്യത്തെക്കുറിച്ചു   അഭിപ്രായം ആരാഞ്ഞു . അതിനോടൊപ്പം ഒരു ചോദ്യവും 

"നിന്റെ മനസ്സിൽ ഏതെങ്കിലും പെൺകുട്ടിയുണ്ടോ ,  പ്രണയമോ മറ്റോ ?"

 ആ ചോദ്യത്തിനു മുന്നിൽ ഞാൻ ആദ്യമൊന്ന്  പതറിയോ? ഞാൻ പോലും  അറിയാതെ എന്റെ വായിൽ നിന്നും 

"ഉണ്ട് "

എന്ന് മറുപടിയും പുറത്തേക്ക്  വന്നു. 

"എന്നാൽ നീ അമ്മയുമായി  സംസാരിച്ചോ " 

എന്നും പറഞ്ഞ് അദ്ദേഹം ഫോൺ അമ്മയ്ക്ക് കൈമാറി .അമ്മ എന്നോടു് ചിരിച്ചു കൊണ്ട് ചോദിച്ചു 

"ആരാ കക്ഷി നീ പറയാറുള്ള റീജയാണോ?"

 ഞാൻ ആ ചോദ്യത്തിന് 

" അതേ" 

എന്ന് മറുപടി നൽകി  .അതിന് മറുപടിയെന്നോണം   അമ്മ എന്നോട് 

 ''അവളുടെ കല്യാണം കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞു പത്രത്തിൽ ഫോട്ടോ ഉണ്ടായിരുന്നു , അതിരിക്കട്ടെ  നീ നിന്റെ ഇഷ്ടം എന്നെങ്കിലും അവളോട് തുറന്ന് പറഞ്ഞിട്ടുണ്ടോ " 

എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ്  വല്ലാതെ നീറി . അമ്മയുടെ ആ ചോദ്യത്തിന് എന്റെ പക്കൽ  മറുപടി ഇല്ലായിരുന്നു .

 എന്നൊക്കെ അവളോട്  പ്രണയാഭ്യർത്ഥന നടത്താൻ ശ്രമിച്ചുവോ  അന്നൊക്കെ  മനസ്സിന്റെ  ധൈര്യം ചേർന്നു പോവുന്നത് ഞാൻ അറിഞ്ഞിരുന്നൂ . പിന്നെ എന്റെ പരിചയക്കാരിയായ ഒരുവളെ ഹംസമാക്കി അവളുടെ അടുത്തേക്ക് അയച്ചു അത്  വലിയ അബദ്ധവുമായി മാറി  . ഇതിന്റെ പേരും പറഞ്ഞ് എന്നെയും അവൾ  കുറേ കുരങ്ങ് കളിപ്പിച്ചു. എന്നാലും അവളുടെ മുഖം മനസ്സിൽ നിന്നും മായാതെ അങ്ങനെ നിന്നു. അമ്മ ചോദ്യം വീണ്ടുമാവർത്തിച്ചുകൊണ്ടേയിരുന്നൂ  . ഒടുക്കം മറുപടിയായി 

"ഇല്ലമ്മേ ,സാരമില്ല നിങ്ങൾ ആലോചനകളുമായി മുന്നോട്ട് പോയ്ക്കോളൂ എനിക്ക് മൂന്ന് നിബന്ധനയേ ഉള്ളൂ പെൺകുട്ടിക്ക് ജോലി വേണ്ട, പ്രീഡിഗ്രി വരെയെങ്കിലും വിദ്യാഭ്യാസം വേണം അതുപോലെ മിഡിൽ ക്ലാസിൽ നിന്നുമായിരിക്കണം" 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ അമ്മ

 "എന്നാൽ ഞങ്ങൾ ഒന്നു് അന്വേഷിച്ച് നോക്കട്ടെ"

 എന്നും പറഞ്ഞ് ഫോൺ വച്ചു. ആ ഫോൺ സംഭാഷണം  അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോൾ ഒരു നഷ്ടബോധം എന്നെ വല്ലാതെ കീഴടക്കിയത് ഞാൻ അറിയുന്നുണ്ടായിരുന്നൂ . ആ വേദനയിൽ മനസ്സ് പ്രക്ഷുബ്ധമായത് ഞാൻ അറിയുന്നൂ . അങ്ങനെ ആരോടും ഒന്നും മിണ്ടാതെ  ഞാൻ  മുറിയിലെ കട്ടിലിൽ കിടന്ന് ഓരോന്നോലോചിച്ചു്  കിടന്നു.

ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നൂ അതിനിടയിൽ ഒരു  വെള്ളിയാഴ്ച നാട്ടിലേക്ക് വിളിച്ചപ്പോൾ പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ  അച്ഛൻ ഒന്ന് രണ്ട് എനിക്ക് നേരിട്ടറിയുന്ന പെൺകുട്ടികളേക്കുറിച്ചു  അഭിപ്രായമാരാഞ്ഞു . എനിക്ക് അവരെക്കുറിച്ചു്  പ്രത്യേകിച്ചൊരഭിപ്രായം  അവിടെ ഇല്ലാതിരുന്നതിനാൽ ബാക്കിയെല്ലാം അച്ഛനേൽപിച്ച് ഫോൺ വിളി അന്നേക്ക് അവസാനിപ്പിച്ചു.


അടുത്ത ദിവസം നാട്ടിൽ നിന്നും കമ്പനിയിലെ നമ്പറിൽ അച്ഛൻ വിളിച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ അടുത്ത ദിവസം ഷാർജയിലേക്ക് വരുന്ന എന്റെ ഒരു  സുഹൃത്ത് വശം കൊടുത്തയക്കുന്നുണ്ട്  എന്ന്  പറഞ്ഞറിയിച്ചു .
പിന്നീടുള്ള ദിവസങ്ങൾ നീങ്ങാൻ വളരെ സമയമെടുത്തത് പോലെ എനിക്ക് തോന്നി. 


അടുത്ത  വ്യാഴാഴ്ച വൈകീട്ട് ഓഫീസിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങി ഞാൻ റുവൈസിൽ നിന്നും ഷാർജയിലേക്ക് യാത്രയായി .

തുടരും 

പ്രവാസചരിതം - ഇരുപത്തിയേഴ് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

രാത്രിയുടെ  കരിമ്പടത്തിന്  വിള്ളലുണ്ടാക്കിക്കൊണ്ട്  തെരുവിളക്കുകളും മറ്റും വഴിയോരങ്ങളിൽ പ്രഭപരത്തി. അപ്പോഴാണ് എന്റെ ഓർമ്മകളിൽ നാട്ടിലെ ഇരുളടഞ്ഞ  നഗരപാതകളെക്കുറിച്ചു ഓർമ്മിപ്പിച്ചത് .  ചിലപ്പോഴൊക്കെ ഇരുളിലെ കത്താത്ത തെരുവിളക്കിന്റെ  മറവിൽ ഉയരുന്ന കുറുക്കന്റെ ഓരിയിടലും നായ്ക്കളുടെ കുരകളും ചീവീടുകളുടെ ശീൽക്കാര ശബ്ദങ്ങളും ചേരുമ്പോൾ തന്നെ ഒരു ഹൊറർ ചിത്രത്തിൻറെ പ്രതീതി ജനിപ്പിക്കുന്നൂ . ചിലപ്പോഴൊക്കെ നാട്ടിലെ തെരുവിൽ കൂടി പകൽ സവാരിക്കിറങ്ങുന്ന എന്റെ മുമ്പിൽ എന്തൊക്കെ കാഴ്ചകൾ പലരും കാട്ടിത്തന്നിരിക്കുന്നൂ . ആ  രാത്രിയുടെ മറവിൽ രതി നിവർത്തിക്കുള്ള ചിലരുടെ പേക്കൂത്തുകളുടെ കാഴ്ചകൾ പലപ്പോഴും  ഞങ്ങളുടെ പ്രഭാതസവാരിക്ക് ഊർജ്ജം പകരാറുണ്ട് . ഇന്നത്തെ നഗരത്തിലെ  രാഷ്‌ടീയകൊലപാതകങ്ങളും മറ്റും ഓർക്കുമ്പോൾ പലപ്പോഴും നടക്കാൻ ഒന്ന് ഭയക്കും .

അതിനിടയിൽ ഞാൻ ഷാർജയിൽ  ചെന്നെത്തി . റഫീക്കിന്റെ കടയിൽ ചെന്ന് അവനെയും കൂട്ടി ലത്തീഫിന്റെ കടയിൽ ചെന്നു കയറി  .അന്ന് വ്യാഴാഴ്ചയായതിനാൽ  അവൻ   നല്ല തിരക്കിലായിരുന്നു. എന്നെ  കണ്ട മാത്രയിൽ  അവൻ കൈ പൊക്കി  

" രണ്ടാൾക്കും  സലാമാലേക്കും ." 

എന്ന് പറഞ്ഞു , അതിനു മറുപടിയെന്നോണം റഞങ്ങൾ  തിരിച്ചു സലാം കൊടുത്തു . പിന്നീട് എന്റെ നേരെ നോക്കി 

 ഞങ്ങൾ കടയ്ക്ക് പുറത്ത് കണ്ട കസേരകളിൽ  ചെന്ന് ഒന്ന് അനങ്ങിയിരുന്നു. അതിനിടയിൽ അവൻ രണ്ട് പ്ലേറ്റ് ഷവർമ്മയും പെപ്സിയുമായി   വന്ന് അത് ഞങ്ങളടെ നേരെ നീട്ടി. ഞങ്ങൾ അത് വാങ്ങി ആസ്വദിച്ചു് കഴിക്കാൻ  തുടങ്ങി . അപ്പോഴേക്കും അവൻ  തന്റെ ജോലിയിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു. ഷവർമ്മയുടെ മാംസപിണ്ഡത്തിന്റെ പിറകിലെ ചുട്ടുപഴുത്ത അടുപ്പിന്റെ ചൂടിലും അവൻ നിന്ന് വിയർക്കുകയാണെന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ നോവച്ചു .ആ കഷ്ടപ്പാടിലും എങ്ങനെയാണ് അവന് ചിരിക്കാൻ കഴിയുന്നതെന്ന്  ഞാൻ സ്വയം  ചോദിച്ചു. 

പെട്ടെന്നെന്തോ ഓർത്തപോലെ  ലത്തീഫ് കടയിൽ നിന്നും ഇറങ്ങി എങ്ങോട്ടേക്കോ  നടന്നു പോയി  തിരിച്ചു വന്നു അപ്പോൾ അവന്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു  പ്ലാസ്റ്റിക് സഞ്ചി ഉണ്ടായിരുന്നൂ .  അതുവരെ ചുരുട്ടിപ്പിടിച്ച സഞ്ചി തുറന്ന് അതിൽ നിന്നും  കനം കൂടിയ  ഒരു എയർ മെയിൽ കവർ എന്റെ നേരെ നീട്ടി.  പിന്നീട് ആ സഞ്ചിയും എന്റെ കയ്യിൽ  ഏൽപ്പിച്ചു . സഞ്ചിയിൽ  നാട്ടിലെ പ്രശസ്തമായ ഒരു  തുണിക്കടയുടെ വർണ്ണചിത്രത്തോടെയുള്ള പരസ്യമാണ് ഉണ്ടായിരുന്നത്.  അവൻ എന്നെ സൂക്ഷിച്ച് നോക്കികൊണ്ടു കവർ തുറന്ന് നോക്കാൻ ആവശ്യ പ്പെട്ടു , അത് പ്രകാരം ഞാൻ ആ എയർ മെയിൽ  സൂക്ഷിച്ചു  തുറന്നു.  അതിൽ ഒരു കത്തും ഒപ്പം രണ്ടു മൂന്ന് വർണ്ണചിത്രങ്ങളും  ഉണ്ടായിരുന്നു . ഞാൻ ആ ഫോട്ടോയീൽ  ശരിക്ക്ഒന്ന്  നോക്കുമ്പോഴേക്ക്  ലത്തീഫ് അത് കയ്യിൽ നിന്നും തട്ടിപ്പറിച്ച് നോക്കി . പിന്നീട്  എന്നെ നോക്കി 

"ഇത് മഠത്തിലെ ചന്ദ്രന്റെ മകൾ രോഷ്നിയല്ലേ, ഒന്നും ആലോചീക്കണ്ട മോനേ നിനക്ക് അവൾ ചേരും " 

എന്ന് പറഞ്ഞപ്പോൾ; സത്യം പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടു പോയി . കാണാൻ മെലിഞ്ഞു ഇരുനിറം ഉയരവുമുണ്ട് പാവാടയും ബ്ലൗസും ആണ് വേഷം . എല്ലാം കൊണ്ടും എനിക്ക് ബോധ്യപ്പെട്ടു . ലത്തീഫിന്റെ നാട്ടുകാരിയായതിനാൽ അവളുടെ അച്ഛനെക്കുറിച്ചു് അവൻ കുറെ കാര്യങ്ങൾ  പറഞ്ഞു തന്നു . അതിനിടയിൽ കത്തിലൂടെ ഞാൻ കണ്ണോടിച്ചു .ലത്തീഫ് പറഞ്ഞ പേരും മറ്റു വിവരങ്ങളും കിറുകൃത്യം . 

അൽപ്പസമയത്തിനകം ഞാനും റഫിക്കും അവിടെ നിന്നും ഇറങ്ങാനായി ലത്തീഫിനരികിലേക്കു നടന്നു . അപ്പോൾ അവൻ 

" പിന്നെ  നിനക്കൊരാളെ പരിചയപ്പെടുത്തിത്തരാം "

എന്നും പറഞ്ഞ് അവനും കൂടെക്കൂടി . ഞങ്ങൾ അടുത്തുള്ള തുണിക്കടയിൽ ചെന്ന് കയറി . അതൊരു സിന്ദിയുടെ കടയായിരുന്നൂ . ആ കടയിൽ  ജോലിചെയ്യുന്ന രതീശൻ എന്ന ആളെ ലത്തീഫ് എനിക്ക് പരിചയപ്പെടുത്തി തന്നു . പറഞ്ഞു വന്നപ്പോൾ അദ്ദേഹം എന്റെ കസിൻ മധുവേട്ടന്റെ സുഹൃത്തായിരുന്നൂ . പിന്നീട് ലത്തീഫിനോടും റഫീക്കിനോടും യാത്രപറഞ്ഞു ജമാൽ അബ്ദുൽ നാസ്സർ സ്ട്രീറ്റിലെ മധുവേട്ടന്റെ ഫ്ലാറ്റിലേക്ക് യാത്രതിരിച്ചു .  

അടുത്ത ദിവസം ഉച്ചയോടെ മധുവേട്ടനോട് യാത്രപറഞ്ഞു ഷാർജയിൽ നിന്നും റുവൈസിലേക്ക് മടങ്ങി  .രാത്രിയോടെ റുവൈസിലെ മുറിയിൽ ചെന്നെത്തിയ  ഞാൻ വാതിൽ ഭദ്രമാക്കി കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോട്ടോകളിലൂടെ  കണ്ണോടിച്ചു . ഉറക്കം കൺപീലികൾ  തലോടി കൊണ്ടിരുന്നപ്പോൾ കമ്പിളി പ്പിലേക്കു ഞാൻ ഊളിയിട്ടു . 

 അടുത്ത ദിവസം വീട്ടിൽ വിളിച്ചപ്പോഴാണ് എന്റെ കുറിച്ച് ഫോട്ടോ അവർക്കു വേണം എന്ന് അച്ഛൻ അറിയിച്ചത് . അത് പ്രകാരം ഞാൻ കമ്പനി കാമറ സംഘടിപ്പിച്ചു് ക്യാമ്പിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒരു റോൾ ഫിലിമിൽ ഫോട്ടോ എടുത്ത് ആൽബമാക്കി എന്റെ സുഹൃത്ത് വശം നാട്ടിൽ എത്തിച്ചത് . അത് കഴിഞ്ഞു ഒരു നാൾ  എന്റെ സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞതേ പെൺകുട്ടിയുടെ അച്ഛൻ എന്നെപ്പറ്റി തീർക്കാൻ അവന്റെ അടുത്തു പോയിരുന്നൂ എന്ന് . കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരിക്കൽ അച്ഛൻ ഫോൺ വിളിച്ചു 

" പെൺകുട്ടിയുടെ അച്ഛൻ ഗൾഫിൽ ആണ് ജോലിചെയ്യുന്നത് അദ്ദേഹത്തിന് നിന്നെ കാണണം എന്ന് അറിയിച്ചിട്ടുണ്ട് ഏതാണ് അദ്ദേഹത്തിന്റെ ടെലിഫോൺ നമ്പർ , "

എന്ന് പറഞ്ഞു ഒരു ടെലിഫോൺ നമ്പറും തന്നു , അങ്ങനെ അടുത്ത ഒരു വ്യാഴാഴ്ച വൈകീട്ട് ഞാൻ ദുബായിലേക്ക് യാത്ര തിരിച്ചു . ബർദുബൈയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ കുറച്ചു സമയം കഴിച്ചുകൂട്ടിയപ്പോൾ ആണ് അറിയുന്നത്  പെൺകുട്ടിയുടെ അച്ഛൻ ബര്ദുബായി അസ്റ്റോറിയ ഹോട്ടലിന്റെ മുന്നിൽ എന്നെ കാത്തു നിൽക്കുന്നു എന്നത് .  ഞാൻ വേഗം അവിടെ നിന്നും അങ്ങോട്ട് നടന്നു . അവിടെ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടി , കുറച്ചു സമയം ഞങ്ങൾ അവിടെ കസ്‌ഹിച്ചുകൂട്ടിയ ശേഷം അദ്ദേഹം അവിടെ നിന്നും മടങ്ങി . ഞാൻ എന്റെ സുഹൃത്തിന്റെ വിലയിലേക്കു മടങ്ങി . ചെറുക്കൻ കാണൽ ചടങ്ങു് എന്നും പറഞ്ഞു അവർ അവിടെ  എനിക്കായി നെയ്‌ച്ചോറ് ഇറച്ചിക്കറിയും അപ്പോഴേക്കും ഒരുക്കിയിരുന്നൂ . 

 വെള്ളിയാഴ്ചയോടെ ദുബൈയിൽ നിന്നും റുവൈസിലേക്കു ഞാൻ യാത്ര തിരിച്ചു .   ദിവസങ്ങളും മാസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നൂ , അതിനിടയിൽ നാട്ടിൽ  എന്റെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിൽ തകൃതിയായി നടന്നുവരികയായിരുന്നൂ  . 

 അതിനിടയിൽ വീണു കിട്ടിയ അവധിക്കായി ആദ്യമായി  ജൂൺ 22ന് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു . എയർപ്പോർട്ടിൽ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവാൻ അച്ഛനും സഹോദരീ ഭർത്താവും അച്ഛന്റെ സുഹൃത്തും ഒരു ജീപ്പുമായി  കാത്തു നിൽപ്പുണ്ടായിരുന്നു. 

അങ്ങനെ അവരോടൊപ്പം ഒരു മഹീന്ദ്ര ജീപ്പിൽ ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പൊടിയരിക്കഞ്ഞിയും തേങ്ങ ചുട്ട ചമ്മന്തിയും കഴിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഒരു സുഖം അത് ഒന്ന് വേറെ തന്നെയായിരുന്നു. പിന്നെ അധികം താമസിയാതെ നാടൻ മീൻകറിയും മീൻ വറുത്തതും കൂട്ടി ഒരുണും കഴിച്ച് അച്ഛനും മറ്റുള്ളവരുമൊന്നിച്ച് മഠത്തിൽ ചന്ദ്രൻ എന്നാളു ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ചു  രോഷ്നിയുടെ അമ്മാവൻമാരിൽ ഒരാളായ രവിയും ഞങ്ങളോടൊപ്പം ചേർന്നു. അങ്ങനെ മഴപെയ്ത് ദുരിതം പിടിച്ച നാട്ടുവഴിയിലൂടെ ഞങ്ങളുടെ ജീപ്പ് ചാടിച്ചാടി മുന്നോട്ട് നീങ്ങി. ഞാൻ വരുന്നതറിഞ്ഞിട്ടാണോന്നറിയില്ല മഴ ഒന്ന് ഒതുങ്ങി വശത്തേക്ക് മാറി നിന്ന് കാറ്റിന്റെ കൈകൾ കൊണ്ട് എന്നെ ഇക്കിളിയാക്കി വിട്ടു.

അങ്ങനെ ആ വീട്ടിലേക്കുള്ള വഴിയിൽ നിന്നും അൽപ്പം ദൂരെയായി റോഡിന്  ഓരം ചേർന്ന് ജീപ്പ് പതിയെ നിന്നു.

തുടരും 

പ്രവാസചരിതം - ഇരുപത്തിയെട്ട്‌ 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത്

ഞങ്ങൾ എല്ലാവരും ജീപ്പിൽ നിന്നും ഇറങ്ങി വലതുവശം ചേർന്നുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നു . 

അൽപ്പദൂരം ചെന്നപ്പോൾ തന്നെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന  ഭാസ്കരേട്ടൻ രവിയോട്

  "അതല്ലേ വീട് ". 

എന്ന് ചോദിച്ചപ്പോഴാണ് . ഞങ്ങൾക്ക് മുമ്പിൽ ഇടതുവശത്തായി  തലയുയർത്തി നിൽക്കുന്ന ആ ഇരുനിലയുള്ള കോൺക്രീറ്റ്   വീട് എന്റെ ദൃഷ്ടിയിൽ പതിഞ്ഞത്  . അല്പദൂരം കൂടി മുമ്പോട്ട് നടന്നപ്പോൾ വഴിവക്കിലെ പൊതു പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന  ചില സ്ത്രീകൾ എന്നെ ഒരു അത്ഭുത വസ്തുകണക്കെ നോക്കി എന്തോ പറയുന്നത് ശ്രദ്ധിച്ചു . അതിനിടയിൽ കൂടെ വന്ന ആളുകൾ ആ വീട്ടിലേക്കുള്ള കൽപ്പടവുകൾ  പിന്നിട്ട്  മുറ്റത്തേക്ക് കയറിയിരുന്നൂ  ,

 വരാന്തയിലേക്ക് ഞങ്ങൾ ചെന്ന് കയറുമ്പോളേക്കും അകത്തുനിന്നും ഒരു ചെറിയ ജാഥ യ്ക്കുള്ള  ആളുകൾ അങ്ങോട്ടേക്ക് കടന്നു വന്നത് അതിൽ  സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നൂ  .  ഞങ്ങൾ  പെണ്ണ് കാണാൻ  വരുന്ന വിവരം മുൻകൂട്ടി തന്നെ അറിഞ്ഞതിനാൽ എല്ലാവരും മുഖത്ത് ഒഇത്തിരി പുഞ്ചിരിയും മേമ്പൊടി ചേർത്ത് എന്നെ  അടിമുടി ഒന്ന് നോക്കി .

 അതിൽ ഒരു ചെറിയ പെൺകുട്ടി കുട്ടി അമ്മയുടെ സാരിയുടെ ഒരറ്റം അറ്റം വായിൽ വച്ച്  കടിച്ചൊതുക്കി   ആടികൊണ്ട്  എന്നെ നോക്കി ഒന്ന്  ചിരിച്ചു. അവളുടെ കയ്യിൽ നിന്നും സാരി യുടെ അറ്റം വിടുവിക്കാൻ  'അമ്മ നന്നേ പാടുപെടുന്നുണ്ടായിരുന്നൂ  ഒടുക്കം  ആ യജ്ഞം കുഞ്ഞിന്റെ കരച്ചിലിൽ അവസാനിച്ചു . ആ   കുഞ്ഞിന്റെ കരച്ചിൽ   എന്റെ  മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു  . 

അതിനിടയിൽ ആ വീട്ടിലെ മുതിർന്ന ഒരാൾ  ഞങ്ങളെ വരാന്തയോട് ചേർന്ന ഓഫീസ് മുറിയിലേക്ക് ആനയിച്ചു . അല്പസമയത്തിനകം  ചായയുമായി ചുവന്ന ബ്ലൗസും നീലയിൽ  പൂക്കളുള്ള നീളൻ പാവാടയുമുടുത്ത് തലതാഴ്ത്തി അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു .  മനസ്സിനുള്ളിലെങ്ങോ  ഒരു അസ്വസ്ഥത എന്നിൽ വന്നു നിറഞ്ഞു അതിനെ  പേടിയെന്നോ ടെൻഷൻ എന്നോ എന്തും വിളിക്കാം   .  മുറിയിൽ   അതിവേഗം കറങ്ങുന്ന ഫാനിന്റെ കാറ്റേറ്റ്  അകത്തളങ്ങൾ തണുക്കുന്നുണ്ടായിരുന്നൂ എങ്കിലും  എന്റെ നെറ്റിത്തടത്തിൽ   മാത്രം വിയർപ്പു കണങ്ങൾ പരന്നു കിടന്നു  . 

അവൾ തന്റെ കയ്യിലെ ട്രേ എന്റെ നേരെ നീട്ടി എന്തുചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ  ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്റെ ആ പരവേശം കണ്ട്   കൂടെവന്നവർ എന്നെ നോക്കി ചിരിച്ചു അതിനിടയിൽ ഒരു കപ്പ് ചായ സോസർ സഹിതം ഞാൻ സൂക്ഷിച്ചെടുത്തു . അതുകഴിഞ്ഞു  മറ്റുള്ളവരും ട്രേയിൽ നിന്നും ചായയെടുത്ത്  കുടിച്ചു തുടങ്ങി. അതിനിടയിൽ മുന്നിലെ ടീപ്പോയിൽ മുന്നിൽ എന്തൊക്കയോ ആരൊക്കയോ കൊണ്ട് നിരത്തിവയ്ക്കുന്നുണ്ടായിരുന്നൂ  , പക്ഷെ എന്റെ ശ്രദ്ധ അവിടെയൊന്നുമെത്തിയില്ല . അതിനിടയിൽ അവിടെയുണ്ടായിരുന്ന ആരോ എല്ലാവരോടുമായി 

 "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം "

എന്ന് പറഞ്ഞപ്പോൾ , മറ്റുള്ളവര് ആ അഭിപ്രായത്തോട് യോചിച്ചു  സമ്മതം മൂളിക്കൊണ്ടു കസേരയിൽനിന്നും എഴുന്നേറ്റ്‌ പുറത്തേക്കു നടന്നു . 

നേരത്തെതന്നെ അവളുടെ പേരും വിദ്യാഭ്യാസകാര്യങ്ങളും വിശദമായി  കത്തിലൂടെയും വിശദമായി മനസ്സിലാക്കിയ എന്റെ മനസ്സിൽ അവൾ വന്നാൽ ഇനി എന്ത് ചോദിക്കുമെന്നുള്ള ചിന്ത ഉദിച്ചുയർന്നു  . അതിനിടയിലാണ്  ആ പെൺകുട്ടി ആ മുറിയിലേക്ക് കടന്നു വന്നത്   ഞാൻ കുറച്ചുസമയം കൂടി പലതും ചിന്തിച്ചുകൂട്ടി   ഒടുവിൽ

 " ഏതു സ്കൂളിലാ പഠിച്ചേ ?" , 

എന്ന് ചോദിച്ചപ്പോൾ  മുഴക്കമുള്ള  എന്റെ ശബ്ദം ആ മുറിയിലെ ഭിത്തികളിൽ  ത്തട്ടി പ്രതിധ്വനിച്ചു .  അവൾ ഒന്ന് ഞെട്ടിഎന്ന് തോന്നുന്നൂ നീണ്ട ഇടവേളയ്ക്ക് ശേഷം  മറുപടിയായി

 " പുറമേരി രാജാസ് സ്കൂളിലാ " 

എന്ന് മറുപടി പറഞ്ഞു . പിന്നെ കുറച്ചുസമയം  ഞങ്ങളുടെ ഇടയിൽ വീണ്ടും ഒരു  നിശബ്ദത  പരന്നു . സമയം കടന്നുപോയി അതിനിടയിൽ എപ്പോഴോ   എന്റെ കൂടെ വന്ന എല്ലാവരും അവളുടെ അമ്മാവനോടൊപ്പം ആ മുറിയിലേക്ക്   തിരിച്ചു വന്നു . അങ്ങനെ ആ പെൺകുട്ടി അവിടെ നിന്നും വേഗം പുറത്തേക്ക് ഇറങ്ങി   . ഞങ്ങൾ പോകാൻ തയ്യാറായി മുറിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവളുടെ മാമൻ  എന്റെ അച്ഛനോട് കുട്ടിയെപ്പറ്റിയുള്ള എന്റെ അഭിപ്രായം ആരാഞ്ഞത്  . അച്ഛൻ എന്റെ നേരെ തലത്തിരിച്ചു് ഒന്ന്  നോക്കി . പിന്നെ എന്നെയും കൂടെ കൂട്ടി  കുറച്ചു ദൂരം  നടന്നു , ആ നടത്തിനിടയിൽ അദ്ദേഹം എന്റെ മനസ്സിലെ ആ കുട്ടിയെപ്പറ്റിയുള്ള ഇഷ്ടത്തെ പ്പറ്റി ആരാഞ്ഞു . അങ്ങനെ എന്റെ മുഖത്തുനിന്നും ഇഷ്ടമാണെന്ന മറുപടിയും അദ്ദേഹം കൈപ്പറ്റി  അദ്ദേഹത്തോട്   വിവരം ധരിപ്പിച്ചു . 

അച്ഛന്റെ മുഖത്തെ സന്തോഷം കുറെ കാലത്തിനു ശേഷം അന്നാ ണ്  ഞാൻ കണ്ടത്  . അങ്ങനെ അവിടെ നിന്നും ഇറങ്ങി  ജീപ്പിനരികിലേക്കു നടന്നപ്പോൾ അടുത്തവീട്ടിലെ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്ന് 

"ഇതിൽ ഏതാ ഞങ്ങളുടെ റോഷിനിയെ കാണാൻ  വന്ന ചെറുക്കൻ?"

എന്ന് ചോദിച്ചപ്പോൾ . ഞാൻ തിരിഞ്ഞു നിന്ന് 

" ഞാനാണ് ചേച്ചി "

 എന്ന് മറുപടി നൽകിയപ്പോൾ  അവരുടെ മുഖത്തെ ജാള്യത  പകൽപോലെ  തെളിഞ്ഞു ഞാൻ തെളിഞ്ഞു കണ്ടു  . പിന്നീടങ്ങോട്ടുള്ള  ദിനങ്ങൾ ഓരോന്നും  കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി  കടന്നു പോയി . 

അങ്ങനെ 1997 ജൂലായ് 14 നു  എന്റെയും രോഷ്‌നിയുടെയും വിവാഹം അവളുടെ വീട്ടിൽ വച്ച് ഭംഗിയായി നടന്നു .  കല്യാണം കഴിഞ്ഞു അവളുടെ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങിയപ്പോൾ അവളുടെ ബന്ധുമിത്രാദികളും റോഷിനിയും കരച്ചിൽ അടക്കാൻ പാടുപെടുന്നത് നോക്കിനിൽക്കാനേ എനിക്കായുള്ളൂ . എന്റെ വീട്ടിലേക്കുള്ള മടക്ക യാത്രയിലുടനീളം അവൾ   ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു .

തുടരും

പ്രവാസചരിതം - ഇരുപത്തിയൊമ്പത് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

വഴിയരികിലെ   ചുമരിനോട് ചാരി   രോഷ്‌നിയുടെ കുഞ്ഞനുജൻ രഞ്ജൻ വലിയ വായിൽ കരയുന്നുണ്ടായിരുന്നു. അപ്പോഴാണ് നാട്ടുകാരികളായ ചില സ്ത്രീകളും അവിടെ കണ്ണീരണിഞ്ഞുകൊണ്ട്  ഞങ്ങളെ യാത്രയാക്കാനായി നിൽക്കുന്ന കാഴ്ച ഞാൻ കണ്ടത് .. എന്തോ എന്നിൽ ആ കാഴ്ച  വലിയ അത്ഭുതമായിത്തോന്നി അത് മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരു ചോദ്യമായി ഉദിച്ചുയർന്നു 

" ഇവൾ ഈ നാട്ടിൽ ഇത്ര പ്രിയങ്കരിയായിരുന്നോ ? "

അപ്പോഴറിയാതെ ഞാൻ പഴയ ഓർമ്മകളി ലൂടെ  ഒരു യാത്രനടത്തി ഒരു ചിലവുമില്ലാത്ത ഒരു യാത്ര  അപ്പോൾ മനസ്സി മനസ്സിൽ തെളിഞ്ഞു വന്ന കാഴ്ച്ചയിൽ  . എന്റെ സഹോദരിയുടെ വിവാഹ ദിവസവും അന്ന്  ഞാൻ അനുഭവിച്ച മാനസിക വേദനയും ഓർത്തെടുത്തു . അത് നേരിൽ അനുഭവിച്ചറിഞ്ഞ എനിക്ക് സഹോദരീ സഹോദര ബന്ധത്തിന്റെ വ്യാപ്തി  അറിയാമായിരുന്നു . രോഷ്‌നിയുടെ  കണ്ണുനീര് കണ്ടിട്ടാണോന്നറിയില്ല അതിലെ കടന്നു പോയ മഴമേഘങ്ങളും അവരുടെ ദുഃഖത്തിൽ പങ്കുചേരാനായുള്ള ഒരുക്കത്തിൽ ആയിരുന്നൂ എന്നത് മാനത്ത് ഘനീഭവിച്ചുനിന്ന മഴമേഘങ്ങളിൽ ഞാൻ തെളിഞ്ഞു കണ്ടു. അത് അവർ ചെറിയ ചാറ്റൽ മഴയായി തുടങ്ങി പേമാരിയായി  മണ്ണിൽ രേഖപ്പെടുത്താൻ തുടങ്ങി . ഞാൻ വേഗം തന്നെ എന്റെ സഹോദരി വച്ച് നീട്ടിയ കുട തുറന്ന് റോഷിനിയുടെയും എന്റെ തലയ്ക്കു മേലെപിടിച്ചു . മഴവെള്ളം തളം കെട്ടിയ വഴിയിൽ നാട്ടുകാർ ചേർന്ന് നിരത്തിയിട്ട പലകകളും മറ്റും ഞങ്ങളുടെ യാത്ര ഒരുവിധം സുഗമമാക്കിമാറ്റി, എന്റെ കൂട്ടുകാരിൽ ചിലർ പറഞ്ഞ കമന്റ് കേട്ട് കരച്ചിലിനിടയിലും അവൾ പുഞ്ചിരിക്കാൻ  ഒരു ശ്രമം നടത്തിയത് ഞാൻ ശ്രദ്ധിച്ചു .

അല്പം മാറി വഴിയരികിൽ  നിറുത്തിയിട്ട ഒരു വെളുത്ത അംബാസിഡർ കാറിനടുത്തേക്ക് ഞങ്ങൾ വേഗം നടന്നെത്തി  . അതിനിടയിൽ സുഹൃത്തുക്കളിൽ ചിലർ ചേർന്ന്  ചേർന്ന് ആ കാറിനെ റോസാപ്പൂക്കൾ കൊണ്ട് ലളിതമായി അലങ്കരിച്ചിരുന്നു . ഞങ്ങൾ ആ കാറിൽ കയറി മറ്റുള്ള വാഹനങ്ങളുടെ അകമ്പടിയോടുകൂടി അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു . വഴിയരികിലെ  പാടത്തെ നെൽക്കതിരുകളും വാഴകളും മറ്റും അതിലെ കടന്നുപോയ മന്ദമാരുതന്റെ താളത്തിനനുസൃതമായി തലയാട്ടി ഞങ്ങളെ യാത്രയാക്കി . വീട്ടിൽനിന്നും അൽപ്പം അകലെയായി നിറുത്തിയ  കാറിൽനിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി മറ്റുള്ളവരോടൊപ്പം  ചേർന്ന്  വീട്ടിലേക്കുള്ള  കൽപ്പടവുകൾ മെല്ലെ കയറി , 

അപ്പോഴേക്കും നിലവിളക്കും കിണ്ടിയിൽ വെള്ളവുമായി  വീട്ടിലേക്ക്  ആനയിക്കുന്ന ചടങ്ങുകളും മറ്റും അമ്മയുടെ നേതൃത്വത്തിൽ നടന്നു , അതിന് നിർദ്ദേശങ്ങൾ നൽകാനായി അച്ഛമ്മയും ഞങ്ങളുടെ അയൽക്കാരിയായ ജാനകിയേടത്തിയും  ഉണ്ടായിരുന്നു . അതുകഴിഞ്ഞു അകത്തെ കട്ടിലിൽ ഞങ്ങളും അനിയത്തിയും ഇരിക്കുമ്പോളായിരുന്നു എന്റെ മരുമകൾ അങ്ങോട്ടേക്ക് ഓടിവന്നത് , അവൾ വന്നപാടെ സ്വതസിദ്ധമായ ശൈലിയിൽ റോഷിനിയെ  നോക്കി  

 ' ഇത് എന്റെ മാമനാ , പിന്നെ മാമി ആരോടും പറയല്ലേ ഈ മാമൻ രണ്ടു ദിവസം മുമ്പ്  ബ്യൂട്ടി പാർലറിൽ പോയി മുടി കറുപ്പിച്ചതാ കേട്ടോ ' 

എന്നും പറഞ്ഞു  രോഷ്‌നിയെ നോക്കി കണ്ണടച്ചുകാണിച്ചു അവൾ കൈകൊട്ടി  ചിരിച്ചപ്പോൾ ആ കാഴ്ചകണ്ട്‌ ഞങ്ങൾ പൊട്ടിച്ചിരിക്കുകയായിരുന്നൂ.  സന്തോഷം കൊണ്ട്  തുള്ളിച്ചാടിയ അവളെ  ഞാൻ ചേർത്തു പിടിച്ചു . സത്യം പറഞ്ഞാൽ അവൾ എനിക്ക് അത്ര പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം കുഞ്ഞായിരുന്നു . പണ്ടൊരിക്കൽ അവളെ അടിച്ചതിന് അന്ന് ഒരു ദിവസം മുഴുവൻ ഞാൻ  വേദനിച്ചിരുന്നു. അവൾ ജനിച്ചതുമുതൽ എടുത്തുകൊണ്ട് നടന്ന എനിക്ക് അവൾ സ്വന്തം മോൾ തന്നെ ആയിരുന്നു . ചിരിയിലും കളികളിലും എന്നെ കളികൂട്ടുകാരനായി കൂട്ടുന്നത് അവളുടെ  സ്ഥിരം ഏർപ്പാടായിരുന്നു . ചിലപ്പോഴൊക്കെ അവളെ വേദനിപ്പിച്ചതിനു ഞാനും എന്റെ സോദരിയും തമ്മിൽ അടിവരെ ഉണ്ടായിട്ടുണ്ട്  ഒടുക്കം  അത് മുടിപിടിച്ചു വലിയിലും മറ്റുമായി  കലാശിക്കും  അത് ഒരു കാലം  .

അങ്ങനെ ആ ദിനവും ഒരു വിധം നന്നായി തന്നെ കടന്നു പോയി , അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയും തൊട്ട് ചായയും കൊണ്ട് കട്ടിലിനരികിൽ വന്ന രോഷ്‌നിയെ ചായ വാങ്ങി മേശപ്പുറത്തു വച്ച് വലിച്ചടുപ്പിച്ചപ്പോൾ ഉത്തരവാദിത്തം കുറേക്കൂടി എന്ന് മനസ്സ് ഓർമ്മിപ്പിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നു . ഗൾഫിൽനിന്നും വന്ന എനിക്ക് കിട്ടിയ അവധിയിൽ ബാക്കി വന്ന അഞ്ചു ദിവസം ഒന്നിനും തികയാതെ വന്നു കാരണം വിരുന്നുകളും സല്കാരങ്ങളുമായി ഓരോരോ ദിനങ്ങളും  ഞാൻ പോലും മറിയാതെ കടന്നുപോയി. അങ്ങനെ അവധിതീർന്നു തിരിച്ചു ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി  റുവൈസിൽ എത്തിച്ചേർന്നപ്പോൾ എന്റെ ശരീരം മാത്രമേ   കൂടെയുണ്ടായിരുന്നുള്ളൂ എന്ന സത്യം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് . അപ്പോഴേക്കും മനസ്സ് ഒത്തിരി നൊന്തു പോയിരൂന്നു , മനസ്സ് നാട്ടിലെ  റോഷിനിയുടെ ഓർമ്മയിൽ ഒരുപാട് വേദനിച്ചു  . പിന്നീടുള്ള ദിനങ്ങളിൽ എന്റെ നാട്ടിലേക്കുള്ള ഫോൺ കോളുകളുടെയും കത്തുകളുടെ എണ്ണവും കൂടിവന്നു 

തുടരും .

പ്രവാസചരിതം - മുപ്പത്  

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

മാസാവസാനം ശമ്പളത്തിന്റെ ബാക്കിയായ സംഖ്യ  കണക്കുകൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ ആകെ  വരവുചിലവുകൾ നേരിയ വ്യത്യാസത്തിൽ  ആണ് എന്ന് മനസ്സിലായി . അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് 

"എടാ സത്യാ ആദ്യം മുതൽ മാസത്തെ ഓരോരോ ചിലവുകളും ഒരു പുസ്തകത്തിൽ  തീയതി തിരിച്ചു് കുറിച്ചുവയ്ക്കുക  , ശേഷം മാസാവസാനം അടുത്തമാസത്തിൽ ആ നേരത്തെ കുറിച്ചിട്ട ചെലവുകളിൽ ഏതൊക്കെ ഒഴിവാക്കാൻ കഴിയും എന്ന് നിരീക്ഷിക്കുക ശേഷം പോകെ പോകെ അനാവശ്യ ചിലവുകൾ മിക്കവയും എടുത്തൊഴിവാക്കിയാൽ  ഒരുവിധത്തിൽ നമ്മൾക്ക് ചെലവ് നിയന്ത്രിക്കാൻ കഴിയും ."


അങ്ങനെ അടുത്തുവന്ന മാസം മുതൽ ഒരുവിധം  അനാവശ്യ ചിലവുകൾ കുറക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ ടെലിഫോൺ ചെലവ് അതിൽനിന്നും വ്യത്യസ്തമായി 500 ദിനും  700 ദിര്ഹത്തിനും ഇടയിൽ കിടന്നു കറങ്ങാൻ തുടങ്ങി . അതോടെ എന്റെ  ബഡ്ജറ്റിൽ ചെലവുകളുടെ കോളം വല്ലാതെ അധികരിച്ചു എന്ന് പറയാം . 

അപ്പോഴാണ്  കഴിക്കുന്നതൊന്നും തന്നെ എന്റെ ദേഹത്തു പിടിക്കുന്നില്ല എന്ന സത്യം ഞാൻ മനസ്സിലാക്കിയത് . ഈയിടയ്ക്ക്  ഷാർജയിൽ പോയപ്പോഴാണ്  പണ്ട് കുറച്ചുകാലം ഭക്ഷണം കഴിക്കാനാവാതെ  നടന്നതിനാൽ  വയറിൽ അൾസർ രൂപപ്പെട്ടിട്ടുണ്ട് എന്ന് . പിന്നെ അതിന്റെ തുടർചികിത്സയും മറ്റുമായി കുറച്ചുകാലം കഴിഞ്ഞുപോയി .


അങ്ങനെയിരിക്കെ  പ്രോജക്ടിലെ പ്രധാന ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മറ്റുള്ളവരെപ്പോലെ ഞാനും കടന്നു . സൈറ്റിലെ സർവ്വേ മുതൽ ഓഫീസിലെ പ്ലാൻ വരപ്പു വരെ  ചെയ്യണ്ടിവന്നതിനാൽ പതിവായി താമസിച്ചാണ് ഞാൻ  ഓഫീസിൽ നിന്നും ക്യാമ്പിലേക്ക് തുടർന്നുള്ള ദിവസങ്ങളിൽ വന്നുകൊണ്ടിരുന്നത് . അതിനിടയിൽ  ഞങ്ങളുടെ ഓഫീസിൽ സെക്രട്ടറിയായി രാമ റാവു  എന്ന  ഒരു ചെറുപ്പക്കാരൻ ദുബായ് ഓഫീസിൽ നിന്നും സ്ഥലമാറ്റം കിട്ടി വന്നത്  , ആള്  രസികനും സർവോപരി നല്ലൊരു മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു എന്നത് പോകെപ്പോകെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു  . അവസരം കിട്ടുമ്പോഴൊക്കെ അവൻ ആ കഴിവ് ഞങ്ങളുടെ ഇടയിൽ അവതരിപ്പിച്ചുകൊണ്ടേയിരുന്നൂ .  ഓഫീസിൽ ജോലികഴിഞ്ഞു ക്യാമ്പിലെത്തിയാൽ  അത്താഴം കഴിഞ്ഞു  ക്യാമ്പിന് സമീപത്തുള്ള റോഡിലൂടെ നടക്കുന്നത് ഞാനും അഹമ്മദ്ക്കയും രാ മ റാവുവും ഒരു പതിവാക്കിമാറ്റിയിരുന്നു . അങ്ങനെ യിരിക്കെ ഒരു ദിവസം വഴിയിലുള്ള കടയിൽനിന്നും ഐസ് ക്രീം വാങ്ങി കഴിച്ചുകൊണ്ട് നടന്നപ്പോഴാണ്  രാമ റാവു  എന്നെ നോക്കി 

 "സത്യാ നീ ഇതുപോലെ എന്നും ഐസ് ക്രീമും എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തരണം  കേട്ടോ "

എന്ന് പറഞ്ഞപ്പോൾ; ഞാൻ അവനോട്    "അതെന്താ? " 

എന്ന് അവനോടു ചോദിച്ചപ്പോൾ  അവൻ എന്നോട് 

 "നിനക്ക്  എന്നെക്കാളും ശമ്പളം കിട്ടുന്നില്ലേ , അതുകൊണ്ടു ഉള്ളവൻ ഇങ്ങോട്ടു നോക്ക് എന്നെ  അതായത് എന്നെ സഹായിക്കണം " 

എന്ന് പറഞ്ഞപ്പോൾ  ഞാൻ അവനോട് 

"ശ്രമിക്കാം ഇതൊരു ശീലമാക്കാതെ നോക്കണേ " 

എന്ന് പറഞ്ഞു കളിയും ചിരിയുമായി  ഓരോന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു നടന്നു. 
ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു . അങ്ങനെ ഒരു നാൾ  തണുപ്പിന്റെ വരവറിയിച്ചുകൊണ്ടു കാറ്റിനൊപ്പം കൂട്ടുകൂടി ചൂളമടിച്ചു കൊണ്ട്  ഒരു മഴ ഞങ്ങളെയും തേടി വന്നത്  .  ഈ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിനെ കുളിരണിയിച്ചുകൊണ്ടു അത്  തിമർത്തു പെയ്തു.  മിന്നൽപിണറുകളും ശക്തികുറഞ്ഞ ഇടിശബ്ദവും മഴയുടെ മേളത്തിന് ഒന്നുകൂടി കൊഴുപ്പേകി .   ഞാൻ അതും  ആസ്വദിച്ചുകൊണ്ട്  കമ്പിളിപ്പുതപ്പിനടിയിൽ  പുഴുവിനെപ്പോലെ കിടന്നു . കുറച്ചുസമയത്തിനുള്ളിൽ ആ മഴയുടെയും കാറ്റിന്റെയും ശക്തി കൂടിക്കൂടിവന്നു ,കൊണ്ടിരുന്നു . 

ആ  ഉറക്കിന് ഭംഗം വരുത്തിക്കൊണ്ട് അപ്രതീക്ഷിതമായി കിടക്കയ്ക്ക് മുകളിലേക്ക്  മേൽക്കൂരയിൽനിന്നും വെള്ളത്തുള്ളികൾ ഇടതടവില്ലാതെ ഇറ്റിറ്റുവീഴാൻ തുടങ്ങി . ആ നിമിഷത്തെ മനസ്സിൽ ശരിക്കും  അല്പസമയത്തേക്കെങ്കിലും ഞാൻ വെറുത്തു പോയി  .  മുറിയിലെ വിളക്ക് തെളിച്ചു മുറിയിലെ കസേരയിലേക്ക് മാറിയിരുന്ന ഞാൻ  ആ ഇരിപ്പിൽ കുറച്ചൊന്ന്  മയങ്ങി  

.  
അടുത്തദിവസം  കാലത്തു എഴുന്നേറ്റു  മുറിവിട്ടു പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എങ്ങും വെള്ളം താളം കെട്ടിയിരിക്കുകയായിരുന്നൂ .  കാലത്ത് ഓഫീസിലേക്ക് പോകാൻ വാഹനത്തിൽ കയറാൻ   ഞാൻ ശരിക്കും ബുദ്ധിമുട്ടി  .  ഇവിടുത്തെ പശിമയുള്ള  മണ്ണിന്റെ സ്വഭാവം കാരണം , അത് ഷൂവിന്റെ അടിയിൽ പറ്റിക്കിടന്നു .  ഷൂവിന്റെ അടിയിൽ രണ്ടുമൂന്നു ഇഞ്ചു കനത്തിൽ പറ്റിക്കിടന്ന ആ മണ്ണ്  ശരിക്കും എന്റെ നടത്തം തന്നെ  ഒരു റോബോട്ടിനെപ്പോലെയാക്കിമാറ്റി 

 
. സൈറ്റിൽ എത്തിച്ചേർന്നപ്പോൾ അവിടെയുള്ള കാബിനിലും എന്റെ ഡ്രോയിങ് ബോർഡിലും വെള്ളം ഒലി ച്ചിറങ്ങിയിട്ടുണ്ടായിരുന്നൂ  . ഞാൻ തലേദിവസം പ്ലാൻ വരക്കാൻ വേണ്ടി ബോർഡിൽ ഒട്ടിച്ചുവച്ച കടലാസ്സ്  കീറി മാറ്റി തുടച്ചു വൃത്തിയാക്കി യിരിക്കുമ്പോളാണ് ഓഫീസ്  ബോയ് വന്നു പറയുന്നത് സാർ ഇംഗ്ലീഷുകാരനെ ഒന്ന് വിളിച്ചു ഈ വിവരം അറിയിക്കാമോ എന്ന്  . ഞാൻ ലാൻഡ് ലൈനിൽ അദ്ദേഹത്തെ വിളിച്ചു എന്റെ രീതിയിൽ  ഇംഗിഷിൽ  കാര്യമവതരിപ്പിച്ചു. അത് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്  അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല എന്ന കാര്യം  , വീണ്ടും അത് ആവർത്തിച്ചപ്പോൾ അദ്ദേഹം എന്നോട് 

"VERY GOOD KEEP IT UP:"

  എന്നും പറഞ്ഞു വേഗം ഫോൺ വച്ചു . എന്താണ് ഞാൻ പറയേണ്ടിയിരുന്നത് അങ്ങനെയെങ്കിൽ പിന്നെ പറഞ്ഞതെന്താണ് എന്നും എന്റെ മനസ്സിൽ പല ചിന്തകളായി   ഉരുത്തിരിഞ്ഞപ്പോഴാണ്  ലാൻഡ് ലൈൻ റിങ് ചെയ്തു തുടങ്ങിയത് . ഞാൻ ഫോൺ അറ്റൻഡ് ചെയ്തു . എന്റെ ഇഗ്ലീഷ് കാരനായിരുന്നൂ ലൈനിൽ  പിന്നീടാണ് അദ്ദേഹത്തിന് ഞാൻ പറഞ്ഞ തിന്റെ സീരിയസ്നെസ്സ്  മനസ്സിലായത് എന്ന് അദ്ദേഹത്തിന്റെ 

" I AM COMING,  WAIT FOR ME OK, SORRY MAN , YOU HAVE TO IMPROVE YOUR ENGLISH OK"

.   എന്നും പറഞ്ഞു ഫോൺ വച്ചപ്പോൾ തന്നെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുഴപ്പം ബോധ്യമായത് .

തുടരും 

പ്രവാസചരിതം - മുപ്പത്തിയൊന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

അന്ന് ഞങ്ങളുടെ ഇംഗ്ലീഷുകാരൻ  അദ്ദേഹം പറഞ്ഞതുപോലെ   പതിനൊന്ന്  മണിയോടെ  ഓഫീസിൽ എത്തിച്ചേർന്നു . അതിനിടയിൽ  ഞങ്ങൾ   ജോലിക്കാരെ ഉപയോഗിച്ച്  വെള്ളം വറ്റിച്ചു തുടച്ചു വൃത്തിയാക്കിത്തുടങ്ങിയിരുന്നു . വൈകിവന്ന ഞങ്ങളുടെ മാനേജരും അദ്ദേഹത്തിന്റെ ഫയലുകളും മറ്റും ഷെൽഫിൽ നിന്നും മാറ്റി മുറി വൃത്തിയാക്കുന്നതിൽ   പ്രത്യേക തരം തിരിവൊന്നുമില്ലാതെ ഞങ്ങളോടൊപ്പം ചേർന്ന് സഹകരിച്ചു . ഏകദേശം അമ്പത്തഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള  അദ്ദേഹത്തിന്റെ   ചുറുചുറുക്കിനു മുന്നിൽ ചെറുപ്പക്കാരായ ഞങ്ങൾ വെറും കാഴ്ചക്കാരായി മാറി. 

കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മുറിയിൽനിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്ന്  സൈറ്റിലെ ജോലിയുടെ മറ്റുകാര്യങ്ങൾ  സംസാരിക്കുന്നതിനിടയിലാണ് തന്റെ കയ്യിലെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്  മനസ്സിലാക്കിയത് . അത് ഒരു പഴയമോഡൽ സോണി എറിക്സൺ ഫോൺ ആയിരുന്നു . അദ്ദേഹം വേഗം തന്നെ തന്റെ ഓഫീസ് മുറിയിലേക്ക് തിരിച്ചുനടന്നു, പിന്നാലെ  ഞങ്ങളും  അവിടെയെത്തി തിരച്ചിലിൽ അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി .  അവിടെ ഒരിടത്തും ആ ഫോൺ  കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . അങ്ങനെയിരിക്കെയാണ്  എന്റെ മനസ്സിൽ  ഒരു ആശയം  ഉദിച്ചത്. അങ്ങനെ  ഞാൻ  നേരെ ഞങ്ങളുടെ ഓഫീസിൽ ലാൻഡ് ഫോണിൽ നിന്നും മാനേജരുടെ മൊബൈൽ നമ്പറിലേക്ക് ഡയല് ചെയ്തു . ആ മുറിയിലെവിടെനിന്നോ ഫോൺ കിടന്ന് മണിയടിക്കാൻ തുടങ്ങി അങ്ങനെ അദ്ദേഹം അടുക്കി വച്ച ഒരു ബോക്സ് ഫയലിനുള്ളിൽ നിന്നും ഒടുക്കം ഞങ്ങൾക്ക്  അത് കണ്ടു കിട്ടി, അദ്ദേഹം അതിനു ഞങ്ങളോട് നന്ദി പറഞ്ഞു ശേഷം ഞങ്ങൾ അവിടെനിന്നും മടങ്ങി.


തുടർന്നുള്ള ദിവസങ്ങളിലും  മഴ അതിന്റെ സംഹാര താണ്ഡവം അതിശക്തമായി തന്നെ തുടർന്നു , നമ്മുടെ നാട്ടിൽ മഴവന്നാൽ വെള്ളം എവിടേക്കെങ്കിലും ഒലിച്ചുപോവുകയോ അല്ലെങ്കിൽ മണ്ണിലേക്ക് തന്നെ ഇറങ്ങിപ്പോവുകയോ ആണല്ലോ പതിവ്  . പക്ഷെ ഇവിടുത്തെ  മണ്ണിന്റെ പ്രത്യേകത കാരണം   ശരിക്കൊന്നു പെയ്താൽ അന്നും ഇന്നും ആഴ്ന്നിറങ്ങാതെ താളം കെട്ടി നിൽപ്പാണ് പതിവ്.  ചിലയിടങ്ങളിൽ ഇന്ന്  ആധുനിക ഡ്രൈനേജ് സംവിധാനങ്ങൾ നിലവിൽ വന്നു. കഴിഞ്ഞു പക്ഷെ ഇന്നും റുവൈസിൽ ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെ ആണെന്ന് തോന്നുന്നൂ .


അങ്ങനെ 1996  ജൂൺ 20 നു തുടങ്ങിയ എന്റെ റുവൈസ് സന്യാസ ജീവിതം 1998 ഡിസംബർ അവസാനത്തോടെ അവസാനിച്ചു . പണ്ട് ജോലിയും ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുബായിയുടെയും  ഷാർജയുടെയും തെരുവുകളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നകാലത്താണ് ഒരു ഗോപാലേട്ടൻ എന്ന ആ നല്ല മനുഷ്യൻ  തന്റെ സുഹൃത്തുമുഖാന്തരം  ശരിയാക്കി തന്നത് . 

 ആ  ജോലിയിലെ ആദ്യ  ഭാഗം എന്നാൽ കഴിയുന്ന വിധത്തിൽ റുവൈസിൽ  അവസാനിപ്പിച്ച്  നാട്ടിലേക്ക് യാത്ര തിരിച്ചു . വിവാഹം കഴിഞ്ഞ ശേഷത്തെ ആദ്യ അവധിക്കാലം എന്ന പ്രത്യേകത ആ യാത്രയ്ക്ക് ഉണ്ടായിരുന്നൂ . 

 നാട്ടിൽ എന്നെ സ്വീകരിക്കാൻ എന്റെ കുടുംബം മുഴുവൻ ഉണ്ടായിരുന്നൂ . ആ യാത്രയിൽ ആയിരുന്നൂ എന്റെ അൾസറിനുള്ള ചികിത്‌സ നടന്നത് . ആ മാസം തന്നെ ആദ്യമായി ഞാനും കൂടി ഗുരുവായൂർക്ക് യാത്ര തിരിച്ചു . ആ യാത്രയിൽ അക്കാലത്തെ എന്നെപ്പോലെ പിശുക്ക് കയ്യിലുള്ള പ്രവാസി താമസിക്കുന്നത് പോലെ ഗുരുവായൂർ അമ്പലക്കുളത്തിന് സമീപത്തെ ഒരു ലോഡ്ജിൽ കുറഞ്ഞ നിരക്കിൽ ഒരു മുറിയെടുത്തു . രാത്രി മുറിയിൽ അതുവരെ പതുങ്ങിയിരുന്ന് കൊതുകുകൾ നല്ല രക്തം കിട്ടിയ സന്തോഷത്തിൽ ആഞ്ഞാഞ്ഞു കുത്താൻ ആരംഭിച്ചപ്പോൾ എന്റെ ഭാര്യ എന്നോട് 

" കുറച്ചു പണം കൂടി മുടക്കിയാൽ  കൊതുകടി കൂടാതെ കിടക്കമായിരുന്നില്ലേ 

എന്ന് ചോദിച്ചപ്പോഴാണ്  ഞാൻ ശരിക്കും വല്ലാതെ കൊച്ചായത് പോലെ തോന്നിയത്  . 

 ഗുരുവായൂരിൽ നിന്നും തിരിച്ചെത്തി ഭാര്യവീട്ടിലും സഹോദരിയുടെ വീട്ടിലും സന്ദർശനം നടത്തിയ ഞങ്ങൾ  ഒരു അവസരം ഉണ്ടാക്കി ആദ്യമായി എനിക്ക് പ്രതിഫലം നൽകിയ എഞ്ചിനീയറുടെ  വീട് സന്ദർശിച്ചു . അവരുടെ മനസ്സിൽ എനിക്ക് നൽകിയ ഒരു സഹോദരന്റെ സ്ഥാനം  എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് എടുത്തു പറയാതിരിക്കാൻ കഴിയില്ല . 

ഒരു ദിവസം ലൈനിൽ വീണ തെങ്ങോല എടുത്തുമാറ്റുന്നതിനിടയിൽ അബദ്ധത്തിൽ അതിന്റെ ഈർക്കിൽ കഴുത്തിൽ തുളച്ചുകയറി പൊട്ടിയപ്പോൾ അത് പുറത്തെടുക്കാൻ ഭാര്യയെ അറിയിക്കാതെ ഞാനും അച്ഛനും പോയതും തിരിച്ചു ഓപ്പറേഷൻ കഴിഞ്ഞു കഴുത്തിൽ പ്ലാസ്റ്ററുമായി വന്നു കയറിയ എന്നെ കണ്ട് ഭാര്യ  വാവിട്ട് കരഞ്ഞതും . തുടർന്നുള്ള ദിവസങ്ങളിൽ എന്റെ കഴുത്തിലെ സ്റ്റിച്ച് പൊട്ടാതെ എന്നെ അവൾ പരിചരിച്ചതും ഒടുക്കം അവധികഴിഞ്ഞു ഞാൻ ദുബൈയിലേക്ക് യാത്രയായതും എല്ലാം ഒരു സ്വപനം പോലെ തോന്നുന്നൂ 

തുടരും 

പ്രവാസചരിതം - മുപ്പത്തിരണ്ട് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

ഞാൻ ദുബൈയിൽ തിരിച്ചെത്തി കമ്പനിയുടെ ഹെഡ്ഓഫീസിലെ എസ്റ്റിമേഷൻ വകുപ്പിൽ  പ്രവർത്തനം ആരംഭിച്ചു . തുടർന്ന്  ബർദുബൈയിലെ ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപമുള്ള കമ്പനിയുടെ എക്കൊമൊഡേഷനിൽ  എനിക്കും ഒരിടം അങ്ങനെ അനുവദിച്ചു കിട്ടി . അതിനടുത്ത ദിവസങ്ങളിൽ ആയിരുന്നൂ നാട്ടിൽ നിന്നും ഭാര്യ ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞത് . കമ്പനിയിൽ നിന്നും  എൻ ഓ സി സംഘടിപ്പിച്ചു്  ഒരു ലാൻഡ് ഫോൺ സംഘടിപ്പിച്ചു് വീട്ടിലേക്കുള്ള ടെലിഫോൺ വിളി തകൃതിയായി നടത്തി കിട്ടുന്ന ശമ്പളത്തിൽ നല്ലൊരു ശതമാനം ഫോൺ വിളിക്കെ തികഞ്ഞുള്ളൂ . ആയിടയ്ക്കാണ് അക്കൊമൊഡേഷനിലെ അടുക്കളയിൽ പാചകവും ഞാൻ ആരംഭിച്ചത് . എന്റെ ആഹാരപാചക പരീക്ഷണശാലയിൽ പലപ്പോഴും ചില സുഹൃത്തുക്കളും പരീക്ഷണ വസ്തുക്കൾ ആയിമാറി . 

അന്തര്മുഖനായ ഞാൻ ബർദുബൈയിലെ കാൽനടയാത്രക്കാർക്ക് മാത്രമായുള്ള ഭൂഗർഭതുരങ്കത്തിലൂടെ ദെയ്‌റയിലെ മത്സ്യമാർക്കറ്റിൽ നടന്നുപോവുന്നത്  ഒരു ശീലമാക്കിയാൽ ആയിടയ്ക്കായിരുന്നൂ . അതിനിടയിൽ പലതവണ ഗോൾഡ് സൂഖ് പരിസരത്തെ ഇടുങ്ങിയ വഴികളിൽ വച്ച് അണിഞ്ഞൊരുങ്ങി നിന്ന രാത്രിയുടെ  തണുപ്പിന്‌  കൂട്ടായി മാറാവുന്ന പല മുഖങ്ങളെയും കാണുമായിരുന്നൂ . 

എന്റെ ചില നാട്ടുകാരായ സുഹൃത്തുക്കളുമായി ആ ഇരുണ്ട വഴികളിലൂടെ സഞ്ചരിച്ച രാത്രികളിൽ പലപ്പോഴും ഇരുട്ടിന്റെ മറവിൽ ലൈംഗിക സുഖം കണ്ടെത്തുന്ന പലരെയും ഞാൻ കണ്ടു . ഒന്നും ചെയ്തില്ലെങ്കിലും ഇതൊക്കെ കാണുന്നത് തന്നെ മനസ്സിന്  ഒരു സുഖം തന്നെ ആണല്ലോ . 

കമ്പനിയുടെ ഓഫീസിൽ നിന്നും ടെൻഡർ ആവശ്യാർത്ഥം പലരെയും വിളിച്ചു് അവരുടെ ക്വാറ്റേഷൻ  വാങ്ങിക്കാൻ ചിലപ്പോഴൊക്കെ മിമിക്രിയും ഞാൻ പുറത്തെടുക്കാറുള്ളതും അത് കണ്ടും കേട്ടും വകുപ്പ് മേധാവിയായ ഇംഗ്ലീഷുകാരൻ തന്നെ ഞെട്ടിയതും ഇന്നും ഓർക്കുന്നൂ .

 ഈ ഫോൺ വിളിയും  മറ്റ് ടൈപ്പിംഗ് ജോലികളും പ്രൊഫഷണെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള വർക്ക്‌ ചേർന്ന പണിയല്ല എന്ന് മനസ്സിലാക്കിയ ഞാൻ എന്റെ മേധാവിയുടെ സംസാരിച്ചു് സൈറ്റിലേക്ക് സ്ഥലം മാറ്റം വാങ്ങി . തുടർന്ന്  അൽ ഗുറൈർ സെന്റര് പ്രൊജക്റ്റ് സൈറ്റിൽ എത്തിച്ചേർന്നു . ഓഫീസിൽ ജോലിചെയ്യുമ്പോൾ നമ്മുടെ ഓരോ  നീക്കങ്ങളും ഞങ്ങളുടെ അർബാക്കന്മാർ നോക്കി ഇപ്പോഴും ഒരു മുൾമുനയിൽ നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നൂ. സൈറ്റിലെ ജോലി യിൽ നിന്നും  ആദ്യമൊക്കെ  എനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ  മറ്റ് വകുപ്പുകളിലേക്കു  മാറ്റപ്പെട്ടു ,. തുടർന്ന് എനിക്ക് ഒരു വാശിയായിരുന്നൂ അങ്ങനെ ഉച്ചയ്ക്കും വൈകുന്നേരവുമായി   മൂന്നു നാല് മാസക്കാലം കൊണ്ട് കമ്പ്യൂട്ടർ പരിജ്ഞാനം  നേടി . അങ്ങനെ തിരിച്ചു് വീണ്ടും കമ്പനിയുടെ പ്രോജെക്ടിൽ സർവേയർ കം ഡ്രാഫ്റ്സ്മാൻ ആയി മാറി .  ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത എന്നാൽ ഭൂരിപക്ഷം വരുന്നവരും മലയാളികൾ ആയിരുന്നൂ എന്നതാണ് . അവരിൽ പലരും പലരുടെയും ബന്ധുക്കളും ആയിരുന്നൂ . അതിനാൽ തന്നെ ഒറ്റയാനായി എന്നെ  ശല്യം ചെയ്യാനായി ചൂടുകാലങ്ങളിൽ പലപ്പോഴും ദൂരെയുള്ള സൈറ്റുകളിൽ സർവെയ്‌ക്കു  എ സി യില്ലാത്ത വാഹനങ്ങളിൽ പറഞ്ഞയക്കാൻ അവർ ശുഷ്‌കാന്തി കാണിച്ചിരുന്നൂ . അത്തരം പരീക്ഷണങ്ങൾ എന്നിൽ വിലപ്പോവാതായപ്പോഴാണ് എന്ന് തോന്നുന്നൂ അവർ എന്നെ പല ഡിപ്പാർട്മെന്റുകൾ സ്ഥലം മാറ്റി മാറ്റി  പരീക്ഷിക്കാൻ തുടങ്ങിയത് .

വൈകുന്നേരങ്ങളിലും വ്യാഴാഴചകളിലും എന്റെ സുഹൃത്തായ സൂരയുടെ തയ്യൽ കടയിൽ പോയി സമയം പോകുന്നതും അവനോടൊപ്പം നേരത്തെപറഞ്ഞ വഴികളിൽ സഞ്ചരിച്ചു മാനസികോല്ലാസം കണ്ടെത്തുന്നതും ഒരു ശീലമാക്കി ഞങ്ങൾ മാറ്റിയത് . ചിലപ്പോഴൊക്കെ മറ്റൊരു സുഹൃത്തായ  മനീഷിനോടൊപ്പം ബർദുബൈയിലെ അമ്പലങ്ങൾ സഞ്ചരിക്കുന്ന ഞാൻ ആയിടയ്ക്കാണ്  വൈകീട്ടുള്ള നടത്തവും അൽ സീഫ്  പാർക്കിലെ യോഗയിലും സംബന്ധിക്കാൻ തുടങ്ങിയത് .

ചിലപ്പോഴൊക്കെ നടക്കാനിറങ്ങുന്ന എന്നെ നോക്കി ഞങ്ങളുടെ സഹമുറിയനായ  സുൽഫി 

" സത്യാ രാത്രി പുട്ടാണ്‌  കേട്ടോ "

എന്ന് പറഞ്ഞു ചിരിച്ചാൽ  അതിനർത്ഥം അമ്പലത്തിൽ ഒന്ന് കയറണം എന്നാണ് കാരണം അന്നൊക്കെ അമ്പലത്തിൽ നിന്നും പ്രസാദമായി  ചില സമയങ്ങളിൽ നാളികാരമായിരുന്നൂ നൽകിയിരുന്നത് . അത് ഓർത്തെടുത്താണ് അവൻ എന്നെ ഓർമ്മിപ്പിക്കാറുള്ളത് .

തുടരും 

പ്രവാസചരിതം - മുപ്പത്തിമൂന്ന് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

ബർദുബൈയിൽ നിന്നും ദെയ്‌റയിലേക്കുള്ള യാത്രകളിൽ ചിലപ്പോഴൊക്കെ കടയിലെ ജോലിയും കഴിഞ്ഞു സുരയോടൊപ്പം ചില ബാറുകൾ കയറി ഇറങ്ങിയപ്പോഴാണ് അവിടെയുള്ള ചിലരുടെ ജീവിത കഥകൾ കേൾക്കാനിടയായത് . അതിൽ പലതും  സെയിൽസ് ഗേൾ വിസയിൽ എത്തി ബാറിലും ശേഷം വേശ്യാവൃത്തിയിലും എത്തപ്പെട്ടവരുടെ കരളലിയിക്കുന്ന കഥകൾ ആയിരുന്നൂ . ഇന്ന് നിഴലിനെപ്പോലും അവിശ്വസിക്കേണ്ട ലോകത്താണല്ലോ നാം ജീവിക്കുന്നത് . 

ഒരിക്കൽ  കൂടെ ജോലിചെയ്യുന്ന പാകിസ്ഥാൻ കാരനായ സുഹൃത്ത്  എന്നോട്

"നീ രണ്ട്  പന്തയങ്ങൾക്ക് തയ്യാറാണോ"

 എന്ന് തിരക്കി . അതിനു മറുപടിയായി കുറച്ചുസമയം ആലോചിച്ചശേഷം ഞാൻ അദ്ദേഹത്തെ നോക്കി  

"ശരി ഞാൻ ആ പന്തയങ്ങളിൽ പങ്കെടുക്കാം പക്ഷെ ആ പന്തയങ്ങളിൽ വിജയിച്ചാൽ എന്താണ് എനിക്ക് ഗുണം"

. എന്ന മറു ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട് 

" എന്നാൽ  ഒരാഴ്ചക്കാലത്തെ ഉച്ചഭക്ഷണം എന്റെ  വകയായി നൽകാം " 

എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ അതിനു തയ്യാറായി 

പന്തയത്തിൽ ആദ്യത്തേത്  ദെയ്‌റയിലെ റഷ്യൻ ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ കൂട്ടം കൂടി താമസിക്കുന്ന വഴിയിലൂടെ നടന്നു പോയി തിരിച്ചു ഓഫീസിൽ തിരിച്ചെത്തുക എന്നതായിരുന്നു . അത് എന്റെ ഭീകര രൂപം കൊണ്ടാണോ എന്നറിയില്ല വൻവിജയമായി തീർന്നു .

 അടുത്ത പന്തയം എന്നാൽ അവിടെയുള്ള ഒരു വേശ്യാലയത്തിൽ അവനോടൊപ്പം കയറി ഒന്നും സംഭവിക്കാതെ തിരിച്ചിറങ്ങണം എന്നതായിരുന്നൂ . ആ വേശ്യാലയത്തിൽ ഞങ്ങൾ ചെന്ന് കയറിയപ്പോൾ മലയാളികളായ രണ്ടു തടിച്ചു കൊഴുത്ത ചേച്ചിമാരാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത് . ആ സമയം എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം നിഴലിച്ചു എങ്കിലും എങ്ങനെയോ അവരോടു എന്തോ കളവും പറഞ്ഞു  ആ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരാഴ്ചയ്ക്കുള്ള ഉച്ചഭക്ഷണം സമ്മാനമായി ലഭിച്ചു തുടങ്ങുകയായിരുന്നൂ   

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസും കഴിഞ്ഞു മുറിയിൽ എത്തി അടുക്കളയിൽ ആഹാരം പാചകം ചെയ്തുകൊണ്ടിരിക്കെയാണ് എന്റെ അടുത്ത മുറിയിലെ ഒരാൾ എന്റെ അടുത്തു വന്ന് 

" നിന്നോട് വേഗം ദെയ്‌റയിലെ        ഹോട്ടലിൽ എത്തിച്ചേരാൻ പറഞ്ഞു , അവിടെ നിങ്ങളുടെ സൈറ്റ് വക ഒരു പാർട്ടി നടക്കുകയാണ് "

എന്ന് പറഞ്ഞപ്പോൾ  ഞാൻ എല്ലാ സാധനങ്ങളും വേഗം തന്നെ ഫ്രിഡ്ജിനുള്ളിൽ കയറ്റി വച്ച് ഹോട്ടലിലേക്ക് യാത്രയായി . അന്നൊരു വ്യാഴാഴ്ചയായതിനാൽ തന്നെ ദെയ്‌റ അബ്രയിൽ തിരക്കും ഇത്തിരി കൂടുതൽ ആയിരുന്നൂ . ഹോട്ടലിൽ ചെന്ന് കയറുമ്പോൾ  വലിയ മേശയ്ക്കു ചുറ്റും എന്റെ വെള്ളക്കാരനായ മാനേജരും സഹപ്രവർത്തകരും ആഹാരങ്ങൾ ഓർഡർ ചെയ്തു എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നൂ . മിരാണ്ടയിലും 7 അപ്പിലും അവരോടൊപ്പം കൂട്ടുകൂടിയ  എന്നെ ബിയറും ഐറിഷ് ക്രീമും കുടിപ്പിക്കാൻ എന്റെ ഇംഗ്ലീഷുകാരൻ ഒത്തിരി കഷ്ടപ്പെട്ടു . ഒടുക്കം ഒരു ബിയറിൽ ഞാൻ ആ രാത്രി അവസാനിപ്പിച്ച്  ആഹാരത്തിലേക്കു കടന്നപ്പോഴേക്ക് സമയം രാത്രി പതിനൊന്ന് കടന്നിരുന്നൂ .

രാത്രികാലത്തെ സുന്ദരികൾ ഹോട്ടലിന്റെ മറ്റൊരു വശത്ത്  അന്നന്നത്തെ ഇരകളെ തേടി നടക്കുന്നത് ഞങ്ങൾ അവിടെനിന്നും ഇറങ്ങുമ്പോൾ എനിക്ക് കാണാം കഴിഞ്ഞു . എന്റെ നോട്ടം കണ്ടാണ് എന്ന് തോന്നുന്നു ഇംഗ്ലീഷുകാരൻ 

" ENJOY MAN, DUBAI IS A CORRECT DESTINATION FOR EVERYONE WHO WANTS TO ENJOY LIFE"

എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഒന്ന് ചമ്മി . കാരണം ഇതിനൊക്കെ കാശ് കയ്യിൽ;ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ ഞാൻ ഇവിടെ വരുന്നേ . 

അവിടെ നിന്നും എന്റെ മുറിയിൽ ചെന്ന് കയറി ഉറക്കം പിടിച്ചു വരുമ്പോഴാണ് താഴെ ആരോ ഓടിപ്പോവുന്നതും മറ്റാരോ ഉച്ചത്തിൽ വിളിച്ചുപറയുന്നതും ഞാൻ കേട്ടത് . ജാലക വാതിലിലൂടെ ഞാൻ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു  അപ്പോഴാണ് വെള്ള ബനിയനിട്ട ഒരാൾ ദുബായ്  കുതിര പോലീസിന്റെ മുന്നിൽ ഭയചകിതനായി നിൽക്കുന്നത് കണ്ടത് ആ വെള്ള ബനിയൻ ധാരിയോടൊപ്പം അലറിക്കരയുന്ന ഒരു ആൺകുഞ്ഞും ഉണ്ടായിരുന്നൂ . ആ കാഴ്ച   ദുബൈയിലെ  മുഴുവൻ കാലവും  എന്നെ വേട്ടയാടിക്കൊണ്ടിരുന്നൂ .

അങ്ങനെയിരിക്കെ ഒരു ദിവസം  സൈറ്റ് ഓഫീസിൽ ജോലിയിൽ വ്യാപൃതനായി ഇരിക്കെയാണ് ഭാര്യ പ്രസവിച്ച വിവരം ഞാൻ അറിയുന്നത് . അന്ന് ഓഫീസിലെ എല്ലാവര്ക്കും ഞാൻ മധുരം നൽകി . അതിനടുത്ത ദിവസങ്ങളിൽ ദുബൈയിൽ വൈദ്യുത വിതരണം തടസപ്പെട്ടിരുന്നൂ . അന്നൊക്കെ സൈറ്റ് ഓഫീസിലെ ഇരുട് പിടിച്ച തുരങ്കങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ഞാൻ നടക്കാറ് കാരണം അല്ലെങ്കിൽ ആ കൂരിരുട്ടിൽ തമ്മിൽ കൂട്ടിമുട്ടി പരുക്കേൽക്കാതിരിക്കാൻ അത് ഞങ്ങളെ പലപ്പോഴും അത്തരം രീതികൾ സഹായിച്ചിരുന്നൂ .

തുടരും 

പ്രവാസചരിതം - മുപ്പത്തിനാല് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

അങ്ങനെയിരിക്കെയാണ് അബ്ദുൽ ജാഫർ ഖാൻ എന്ന ഞങ്ങളുടെ ഇലക്ട്രിക്കൽ ഫോർമാനെ അടുത്തു പരിചയപ്പെടുന്നത് . വർക്ക് സൈറ്റിൽ ജോലിയും കഴിഞ്ഞു ഉച്ചസമയം ഓഫീസിലേക്ക് വരുമ്പോൾ പലപ്പോഴും  കറാച്ചി ദർബാർ എന്ന ഹോട്ടലിൽ നിന്നുള്ള  മൂന്ന് പാക്കറ്റ്  ബിരിയാണി കാണും . ഞാൻ പലപ്പോഴും ഉച്ചസമയം സാമ്പാറോ ചെറുപയര് കറിയോ മത്സ്യ ക്കറിയോ കൂട്ടി ഊണ് കഴിച്ചു കഴിഞ്ഞ ശേഷം ആയിരിക്കും അദ്ദേഹം ബിരിയാണിയും കൊണ്ട് അങ്ങോട്ട്  കയറിവരുന്നത് . ഞാൻ ഉണ്ടോ വിടുന്നൂ  അവരോടൊപ്പം ബിരിയാണിയും തട്ടി ഒരു പെപ്സിയും കുടിച്ചു ഏമ്പക്കം വിട്ടാൽ  ആ സുഖം ഒന്ന് വേറെ തന്നെയാണ് .

ചില  വ്യാഴാഴ്ചകളിൽ  ഉച്ചയ്ക്ക് കെ എഫ് സി യിലെ 20 ദിർഹംസിന് ഉണ്ടായിരുന്ന അൺലിമിറ്റഡ് ഫുഡ് എന്ന ഓഫർ പലപ്പോഴും ഞങ്ങൾ ഒരു മത്സരമാക്കി മാറ്റിയിരുന്നത് ഇന്നും ഓർക്കുന്നൂ . അന്ന് ആ മത്സരത്തിൽ എട്ടോ പത്തോ കോഴിക്കാല് അകത്താക്കി വിജയശ്രീലാളിതനായി നിന്ന എന്നെ ഇന്നും ഓർക്കുമ്പോൾ ശരിക്കും രോമാഞ്ചം വരും .

ഒരു ദിവസം ഞങ്ങളുടെ മെസ്സിൽ കറിക്കരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രേട്ടൻ എന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത് . അദ്ദേഹം അടങ്ങുന്ന കുറേപ്പേർ ഏറെക്കാലമായി ഞങ്ങളുടെ കമ്പനിയിൽ ജോലിചെയ്തു വരുന്നവർ ആയിരുന്നൂ  അവർ അത്താഴത്തിന് മുമ്പേ ഓരോ വലിയ പാത്രം നിറയെ സാലഡ് ഉണ്ടാക്കി കഴിച്ചു കോർണേഷിലൂടെ നടക്കാൻ പോകും . തിരിച്ചു വന്ന് ആഹാരം കഴിച്ചു മുറികളിലേക്ക് തിരിക്കും . അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ചന്ദ്രേട്ടന്റെ മുറിയിൽ കയറി ചെന്നപ്പോൾ അദ്ദേഹം സാലഡ് ആസ്വദിച്ചു  കഴിച്ചു കൊണ്ടിരിക്കുകയായിരുന്നൂ . അദ്ദേഹം 

" സത്യാ നീയും കൂടുന്നോ, നല്ലതാ  "

എന്ന് പറഞ്ഞപ്പോൾ ഞാൻ തമാശരൂപത്തിൽ 

" ചന്ദ്രേട്ടാ അധികം സാലഡ് മാത്രം കഴിക്കണ്ട തലയിൽ കൊമ്പു മുളക്കും "

എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി തലയുടെ ഇരു വശങ്ങളിലും കൈകൊണ്ടു തൊട്ടു നോക്കി 

" ശരിയാ ഇവിടെ എന്തോ മുഴച്ചു വരുന്നുണ്ട് , നീ പറഞ്ഞപോലെ കൊമ്പായിരിക്കും അല്ലെ "

എന്ന് പറഞ്ഞപ്പോൾ . ശരിക്കും ഞാൻ ചമ്മി എന്ന് പറയാം .

എന്താ എന്നറിയില്ല പണ്ടുതൊട്ടേ എന്റെ നാവിൽ  വികട സരസ്വതി ആടിപ്പാടി ആറാടി നടക്കുവാ . പണ്ട് പലയിടങ്ങളിൽ നിന്നും ഈ നാവു കാരണം തല്ലിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് ഓർക്കുമ്പോൾ ശരിക്കും ഭയമാവും .

അങ്ങനെയിരിക്കെയാണ് ലീവ് കഴിഞ്ഞു വന്ന വത്സൻ എന്ന ഞങ്ങളുടെ കമ്പനിയുടെ അക്കൗണ്ടന്റിനെ പരിചയപ്പെട്ടത് . അദ്ദേഹത്തിന്റെ അടുത്ത് എന്ത് ചോദിച്ചാലും അതിനു കൃത്യമായ എന്നാലും തലതിരിഞ്ഞ ഉത്തരം ഉണ്ടാവും . ഇതറിയുന്ന ചിലർ ഒരിക്കൽ അദ്ദേഹം തുണികളും വാങ്ങി മുറിയിലേക്ക് നടന്നു കയറുന്ന സമയം 

" വത്സേട്ടാ, എന്തൊക്കെയാ  നിങ്ങൾ എവിടുന്നാ വരുന്നേ , ഇതെന്താ കയ്യിൽ ?"

എന്ന് ചോദിച്ചതിന് മറുപടിയായി 

"  ഞാൻ മത്സ്യ മാർക്കറ്റിൽ പോയതാ ഇത് നല്ല മത്തി ആണ് എന്താ വേണോ "

അദ്ദേഹം പറഞ്ഞപ്പോൾ ചോദ്യകർത്താവ് വായടച്ചു അവിടെനിന്നും നടന്നകന്നു . പിന്നെ അയാളെ ഞാൻ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത് .  ഒരു കയ്യിൽ മദ്യഗ്ലാസ്സും മറുകൈവിരലുകൾക്കിടയിൽ എരിഞ്ഞൊടുങ്ങുന്ന സിഗരറ്റും ഒരു ബനിയനും കള്ളികൾ ഉള്ള ലുങ്കിയും അതാണ് വത്സേട്ടന്റെ സാധാരണ വേഷം . ഒരിക്കൽ അദ്ദേഹത്തോടൊപ്പം  കഥകൾ കേട്ടിരുന്നപ്പോഴാണ്  അദ്ദേഹം ഒരു സംഭവം വിവരിച്ചത് . 

അത്  ഏതാണ്ട് ഇപ്രകാരം ആകുന്നൂ . ഒരു വ്യാഴാഴ്ച അദ്ദേഹം ഒരു ഹോട്ടലിൽ ചെന്ന് മെനു നോക്കി ആഹാരം ഓർഡർ ചെയ്തു . പക്ഷെ  അന്ന് കുറേനേരം കാത്തുനിന്നു ക്ഷമ നശിച്ചു എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഒരു പുക ഉയരുന്ന ഒരു ചട്ടിയും മറ്റു സാധനങ്ങളും   അദ്ദേഹത്തിനു  മുൻപിലെ മേശപ്പുറത്ത് കൊണ്ട് വച്ചത് . അത് കണ്ടു അദ്ദേഹം വെയ്റ്ററോട് 

" ഇതെന്താ സാധനം "


എന്ന് ചോദിച്ചപ്പോൾ വെയ്റ്റർ അദ്ദേഹത്തെ നോക്കി 

" സാർ ഇതാണ് താങ്കൾ ഓർഡർ ചെയ്ത ഡെസേർട് ചിക്കൻ " എന്ന് മറുപടി നൽകിയപ്പോൾ 

അദ്ദേഹം അയാളെനോക്കി 

" ഇത് ശരിക്കും ജൂലൈ മാസത്തിലേതായിരിക്കും അല്ലെ അല്ലാതെ ഇത്രയും കരിയില്ലല്ലോ "

ശരിക്കും ഇളിഭ്യനായി നടന്നു നീങ്ങിയ വെയ്റ്റർ പിന്നീട് ആ മേശയുടെ നാലയലത്തു വന്നില്ല എന്നാണ് വത്സേട്ടൻ  പറഞ്ഞറിഞ്ഞത് .

ആയിടയ്ക്കാണ് മധുവേട്ടൻ  എന്നെ വിളിച്ചു്

"എന്റെ  കയ്യിൽ ഒരു പഴയ ടി വി ഉണ്ട് നിനക്ക് വേണമെങ്കിൽ എടുത്തോ"

 അറിയിച്ചത് . 

അങ്ങനെ ഞാൻ ഷാർജയിലെ അദ്ദേഹത്തിന്റെ മുറിയിൽ പോയി ആ ടി വി എടുത്ത് ദുബൈയിലേക്ക് തിരിച്ചെത്തിയത് . ഒരു ടെക്‌നീഷനോട് പറഞ്ഞു ഒരു ടി വി കണക്ഷനും സംഘടിപ്പിച്ചു മുറിയിൽ നിന്നും മഞ്ഞ നിറമുള്ള സ്‌ക്രീനിൽ പല സിനിമകളും അജ്‌മാൻ ടി വി യിലും റഷ്യൻ ചാനലുകളിലും കണ്ടു . 

എന്റെ  ആ മുറി ശരിക്കും പണ്ടത്തെ ടോയ്‌ലറ്റ് ആയിരുന്നൂ എന്നാണ് ആരോ പറഞ്ഞു അറിഞ്ഞത് . ഒരു സിംഗിൾ കോട്ട്  കട്ടിൽ കഴിഞ്ഞാൽ വാതിൽ തുറക്കാനും അടക്കാനും ഉള്ള സ്ഥലം മാത്രമാണ് വീതി ആ മുറിയുടെ നീളം ഒരു കട്ടിലിന്റെയും ചെറിയ പോളിത്തീൻ കബോഡിന്റെ വീതിയും ചേരുന്നതാണ് .

ആ കാലഘട്ടം എന്നാൽ ഇന്നത്തെപ്പോലെ അനാവശ്യ ടെൻഷനോ മൊബൈലിന്റെ ശല്യമോ ഒന്നുമില്ലാത്ത മലയാളി പാര  മാത്രം നിറഞ്ഞ ഒരു ലോകം തന്നെയായിരുന്നൂ . നാട്ടിൽ സഹോദരി വിവാഹം കഴിഞ്ഞു പോയശേഷം അമ്മയെ മീൻ കഴുകാൻ വെള്ളമൊഴിച്ചു കൊടുത്തും ചിലപ്പോഴൊക്കെ പച്ചക്കറികൾ അരിഞ്ഞും സഹായിച്ചതിന്റെ  പരിചയം എന്നെ നല്ലൊരു പാചകക്കാരൻ ആക്കി മാറ്റി .  ചില രാത്രികളിൽ അരിപ്പയസം വെയ്ക്കും അത് അടുത്ത കുറെ ദിവസങ്ങളിൽ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കും . 

അങ്ങനെയിരിക്കെയാണ്  ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരു സമയത്തെ വ്യാഴാഴ്ച എന്റെ സുഹൃത്ത് മനീഷ് എന്നോട് 

" ടാക്സിക്ക് വാഫിയിലെ ഗ്ലോബൽ വില്ലേജിലേക്ക്  ഏകദേശം 20 ദിർഹംസ് ആവും "

എന്ന് പറഞ്ഞപ്പോൾ 

"അത് ഞാൻ കുറപ്പിച്ചു തരാം . അങ്ങനെയായാൽ ഇന്നത്തെ അത്താഴം നിന്റെ വക . എന്താ ഓക്കേ ആണോ "

എന്ന് ചോദിച്ചപ്പോൾ അവൻ ശരി എന്ന് സമ്മതിച്ചു . ശരിക്കും നടക്കാൻ  സാധ്യതയില്ലാത്ത  ഒരു കാര്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിഞ്ഞും ഞാൻ കച്ച കെട്ടി കളത്തിൽ ഇറങ്ങി . അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒടുക്കം ഒരു പഠാണി ടാക്സി ഡ്രൈവറെ കൊണ്ട് 10 ദിർഹംസിന്  പറഞ്ഞു ഉറപ്പിച്ചു . അങ്ങനെ ഞങ്ങളെയും കൊണ്ട് അയാൾ ഞങ്ങളെ അന്നത്തെ ഗ്ലോബൽ വില്ലേജ് സ്ഥിതിചെയ്യുന്ന വാഫി എന്ന സ്ഥലത്ത്  കൊണ്ട് വിട്ടു . പണം കൊടുത്ത് നടക്കാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്റെ കയ്യിൽ പെപ്സിക്കായി 2 ദിർഹംസ് കൂടി വച്ചുതന്നു . 

 ആ നടത്തത്തിനിടയിൽ മനീഷ് എന്നോട് ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോഴാണ് ആ കഥ ഞാൻ അവനോടു വിവരിച്ചത് .

ടാക്സി ഡ്രൈവറോട് ആദ്യം ഞാൻ കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ 20 ദിർഹംസിൽ ഉറച്ചു നിന്നു . ഒടുക്കം ഞാൻ ഒരു കഥ മെനഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു അത് കെട്ടുകഴിഞ്ഞതും അദ്ദേഹം ഫ്ലാറ്റ് . ആ കഥ ഇങ്ങനെ യായിരുന്നൂ . 

" ഭായി സാഹബ് മി ഇതർ ആക്കെ 6 മഹീന ഹോഗയാ അഭി തക് കാം പി നഹി മില , അഭി വാപ്പസ് ജാനേക്കാത . ഉദർ ഏക് ആദ്മി ആക്കെ കാം ക കുച് കരേഖ ബോല ത , മേരാ പാസ് ക  10 ദിർഹംസ് ആപ്‌കോ ദേനേക്കേ  ബാദ്  ജെബ്  ബിൽക്കുൽ ഖാലി ഹോജായേഗാ . പെപ്‌സി പീനെകേലിയെ  പൈസ  പി നഹീഹെ "

" സഹോദരാ കഴിഞ്ഞ ആറുമാസക്കാലമായി ഒരു ജോലിയുമില്ലാത്ത ഒരാളാണ് ഞാൻ , നാട്ടിലേക്കു തിരിച്ചുപോകാൻ ചിന്തിച്ചിരിക്കുക ആണ് ഞാൻ . ഗ്ലോബൽ വില്ലേജിൽ ചെന്നാൽ ഒരാൾ ജോലിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നൂ . എന്റെ കയ്യിലെ 10 ദിർഹംസ് നിങ്ങൾ ക്കു തന്നാൽ എന്റെ പോക്കറ്റ് ശൂന്യമാകും ഒരു പെപ്സി കുടിക്കാൻ പോലും എന്റെ കയ്യിൽ പണമില്ല "

എന്നാണ് ഞാൻ അയാളെ പറഞ്ഞു വിശ്വസിപ്പിച്ചത് . അതിനാൽ പെപ്സി കുടിക്കാനുള്ള പണമാണ് അദ്ദേഹം നൽകിയ 2 ദിർഹംസ് .

തുടരും 

 പ്രവാസചരിതം - മുപ്പത്തിയഞ്ച് 

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

അന്ന് ഗ്ലോബൽ വില്ലേജും സന്ദർശിച്ചു് മടങ്ങുമ്പോഴേക്ക് രാത്രി ഏറെ വൈകിയിരുന്നൂ . ഞാനും മനീഷും വർണ്ണാഭമായി തിളങ്ങിനിന്ന ഗ്ലോബൽ വില്ലേജിൽ നിന്നും നേരെ പോയത് മനീഷിന്റെ താമസസ്ഥലമായ സത്വയിലേക്കാണ് . അവിടത്തെ  രവി റെസ്റ്റോറന്റിൽ നിന്നും ആഹാരവും കഴിച്ചു അവന്റെ താമസസ്ഥലത്തേക്ക് നടന്ന ഞാൻ അന്ന് അവിടെ ചിലവഴിച്ചു . 

അടുത്ത ദിവസം സന്ധ്യയോടെ ബർദുബൈയിലെ മുറിയിലെത്തിയ  ഞാൻ അടുത്ത ദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാചകത്തിൽ മുഴുകി. ഇന്ന് ഞാൻ പാചകത്തിൽ പരീക്ഷണങ്ങൾ നടത്താൻ പ്രാപ്തനായിരിക്കുന്നൂ എന്ന് എന്റെ ചിക്കൻ കാല് ഫ്രൈയും മുട്ട റോസ്റ്റും സാമ്പാറും കണ്ടു  വിലയിരുത്തി . 

സാഹചര്യങ്ങൾ നമ്മെ പലതും പഠിപ്പിക്കും പക്ഷെ  കൂടെ നിൽക്കുന്നവരെ വേർതിരിച്ചറിയാൻ ഒത്തിരി പ്രയാസമാണ് താനും . ചിലർ ചിരിച്ചുകൊണ്ട് കഴുത്തറക്കും ചിലർ ഗൗരവം നടിച്ചു ഏതു സാഹചര്യത്തിലും കൂടെ ക്കാണും . എന്നാലും തിരിച്ചറിയാനാവാത്തവർ ഒത്തിരിയുണ്ട് സമൂഹത്തിൽ .

അങ്ങനെയിരിക്കെ  ഒരിക്കൽ ആരോ പറഞ്ഞാണ് എത്തിസലാത്തിൽ  നിന്നും  സിം വിതരണം ചെയ്യുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞത് . അങ്ങനെ ഞാനും ഒരു സിം സംഘടിപ്പിച്ചു അതിനായി ആദ്യമായി സീമാൻസ്  എന്ന കമ്പനിയുടെ ഒരു ഫോൺ ഞാൻ വാങ്ങി . 

 ആ കാലഘട്ടത്തിലെ ബര്ദുബായി കാഴ്ചകളിൽ ചിലത് ഇപ്രകാരമായിരുന്നൂ .

ഒരു ദിവസം ഞാൻ ഓഫീസും വിട്ടു മുറിയിൽ എത്തി എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ കെട്ടിടത്തിന് പിന് വശത്തുള്ള ഹോട്ടലിനെക്കുറിച്ചു ഓർത്തത് . അതിന്റെ പേര് കേരള റെസ്റ്റോറന്റ് എന്നായതിനാൽ ആയിരുന്നൂ അത് . അങ്ങനെ ആ കടയിൽ ചെന്ന് ഒരു സാദാ ചായയും വാങ്ങി ഊതിഊതി കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത മേശയ്ക്കരികിൽ രണ്ട് സര്ദാര്ജിമാർ വന്നിരുന്നത് . അവർ വന്നപാടെ രണ്ടു ചായ ഓർഡർ ചെയ്തു . കടക്കാരൻ എനിക്ക് തന്നപോലെ അവർക്കും  കുപ്പി ഗ്ലാസ്സിലായി  സാദാ ചായ പകർന്നു കൊടുത്തു . അവർ പെട്ടെന്ന് കടക്കാരനെ നോക്കി 

" ഏയ് ലിപ്ടൺ ബോലാത്താ "

എന്ന് പറഞ്ഞപ്പോൾ കടക്കാരൻ ഒരു കൂസലുമില്ലാതെ ആ ചായഗ്ലാസ്സ് എടുത്തുകൊണ്ടു പോയി രണ്ടു ലിപ്ടൺ ടി ബാഗും ഇട്ട് തിരിച്ചു നൽകി . അവർ ടീ ബാഗു ഉയർത്തിയും താഴ്ത്തിയും അവരുടെ സംഭാഷണങ്ങളിൽ മുഴുകി . ആ കാഴ്ചകണ്ട്‌ ഞാൻ കാശു കൊടുത്ത് ഇറങ്ങാൻ നേരം ഇതേപ്പറ്റി തിരിയാക്കി . അതിനു അദ്ദേഹം  

" അവർക്കു ഇങ്ങനെ ചായയിൽ മുക്കിയും താഴ്ത്തിയും കളിക്കണം അതിനു ഇതേ വഴിയുള്ളൂ "

എന്ന്  മറുപടി തന്നപ്പോൾ അതിനു മുമ്പിൽ ശരിക്കും ഞാൻ ഉത്തരം മുട്ടി . 

അത് കഴിഞ്ഞു അബ്രയിലേക്കു നടന്ന ഞാൻ ഒരാളുടെ ഹലോ എന്ന വിളികേട്ടാണ് തിരിഞ്ഞു നോക്കിയത് . അതൊരു പഞ്ചാബിയാണെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി . അതിൽ അദ്ദേഹം പറഞ്ഞതിൽ ചിലത് ഇതാണ് 

" ഹലോ , സത്നാം ദുബായ് സെ ബാത്ത് കർത്താഹും , ഓ ഭി മേരാ നയാ മൊബൈൽ സെ , ഹാലോ സുനരഹേ ഹോ "

ഇതൊക്കെ കേട്ട് ഞാൻ അബ്രയിലെ ബോട്ടിന്റെ ശബ്ദത്തിലേക്കും കടൽക്കാക്കകളുടെ  കൂട്ടയോട്ടത്തിലേക്കും കണ്ണോടിച്ചു നിന്നപ്പോഴാണ് എന്റെ ഫോണിൽ സൂര്യയുടെ  കോൾ വന്നത് .

ആ കോളിൽ അവന്റെ മുറിയിൽ നിന്നും അടുത്ത ദിവസം ആരോ നാട്ടിൽ പോകുന്നുണ്ട് എന്നും .  അതിനാൽ ഞാൻ കത്തെഴുതി വച്ചോ എന്ന അറിയിപ്പായിരുന്നൂ . അങ്ങനെ അടുത്ത ദിവസം ഞാൻ ഒരു കത്തെഴുതി ഓഫീസിൽ നിന്നും വരുന്ന വഴി അവന്റെ മുറിയിൽ ഏൽപ്പിച്ചു . അങ്ങനെ അത്താഴവും കഴിച്ചു മടങ്ങുമ്പോൾ സുര എന്നെ സ്വാകാര്യമായി വിളിച്ചു "

സത്യാ വ്യാഴാഴ്ച നീ വൈകീട്ട് എത്തണെ "

 എന്നു അറിയിച്ചപ്പോൾ ഓക്കേ എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .

അടുത്ത ദിവസങ്ങളിൽ ഓഫീസിൽ നല്ല ജോലിത്തിരക്കായിരുന്നൂ  അതിനാൽ പലപ്പോഴും വൈകി മാത്രമേ ഓഫീസിൽ നിന്നും മുറിയിലേക്ക് തിരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ . അങ്ങനെയിരിക്കെയാണ് ഒരു നാൾ മോനെ കാണണം എന്ന മോഹം എന്നെ വല്ലാതെ വേട്ടയാടി . 

അങ്ങനെ ഞാൻ കമ്പനിയിൽ ഭാര്യക്ക് സുഖമില്ല എന്ന കാരണം പറഞ്ഞു ഒരുവിധം ലീവ് സംഘടിപ്പിച്ചു . അങ്ങനെ ഒരു ഏപ്രിൽ മാസത്തിൽ ഞാൻ നാട്ടിലേക്കു യാത്രയായി .  

നാട്ടിലെത്തിയ ഞാൻ മകനോടൊപ്പം അവന്റെ കളിയിലും കരച്ചിലിലും മറ്റും കൂട്ടുകൂടി. അങ്ങനെയിരിക്കെ വിഷുവിന് കുറച്ചു ദിനങ്ങൾ ബാക്കി നിൽക്കേ അടുത്ത വീട്ടിൽ നിന്നും ഉയർന്ന പടക്കത്തിന്റെ ശബ്ദത്തിൽ ഞെട്ടി എന്റെ മകൻ പേടിച്ചു കരയാൻ തുടങ്ങി . 

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ഞാനും നല്ല കുറെ പടക്കങ്ങൾ വാങ്ങി . അതിന്റെ സ്ഫോടന ശബ്ദത്തിൽ മെല്ലെ മെല്ലെ എന്റെ മകന്റെ ഞെട്ടിയുള്ള കരച്ചിൽ വിട്ടുമാറി . പിന്നെ പിന്നെ ആ ശബ്ദം കേൾക്കുമ്പോൾ അവൻ ചിരിക്കാൻ തുടങ്ങി . അങ്ങനെ വിഷുവും എല്ലാവരോടും ഒപ്പം ആഘോഷിച്ചു ഞാൻ ദുബൈയിലേക്കു മടങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നഷ്ടബോധം നിഴലിച്ചിരുന്നൂ . 

കുടുംബം കൂടെയില്ലാത്ത ഒരാളുടെ മനസ്സിന്റെ  നഷ്ട്ബോധം .

തുടരും 

 പ്രവാസചരിതം - മുപ്പത്തിയാറ്  

പ്രവാസജീവിതം 

എം. പി. എസ്. വീയ്യോത്ത് 

ദുബായിൽ തിരിച്ചെത്തി ജോലിത്തിരക്കുകളിലും കമ്പ്യൂട്ടർ പഠനത്തിലുമായി  സമയം സമയം വളരെ വേഗം നീങ്ങി . ഓട്ടോക്കാഡ് കോഴ്സ് പൂർത്തിയാക്കിയപ്പോഴാണ് കമ്പനി ചിലരെ മൈക്രോ സ്റ്റേഷൻ എന്ന കോഴ്‌സിന് അയക്കുന്ന വിവരം ഞാൻ അറിയുന്നത് . പക്ഷെ നിർഭാഗ്യവശാൽ ആ പട്ടികയിൽ എന്റെ പേര് കണ്ടില്ല, അതിനാൽ ആ വാശിയിൽ എന്റെ പോക്കറ്റിൽ നിന്നും പണം ചിലവഴിച്ചു ആ കോഴ്‌സും ഭംഗിയായി  പൂർത്തിയാക്കി.  

മൈക്രോ സ്റ്റേഷനിലും ഓട്ടോക്കാ ഡിലുമായി എന്റെ ജോലി നല്ല വിധത്തിൽ പൂർത്തിയാക്കി കഴിഞ്ഞപ്പോഴേക്കും  എന്നെ കമ്പനി മറ്റൊരു പ്രോജെക്ടിലേക്കു സ്ഥലം മാറ്റി. കാരണം അവിടെയുള്ള മലയാളി മാനേജരുടെ ബന്ധുവിനെ ഈ പ്രോജെക്ടിലേക്കു സ്ഥലം മാറ്റണമായിരുന്നൂ . 

ആ കമ്പനിയിൽ അന്ന് ഞാൻ കണ്ട ഒരു രീതി എന്നാൽ ഒരു പ്രോജക്ടിന്റെ  തുടക്കത്തിൽ ആരെയെങ്കിലും വച്ച് ഒരു വിധം നന്നായി ഫിനിഷിങ് ഘട്ടം  വരെ   മുന്നോട്ടു പോവും ശേഷം ആരെയെങ്കിലും ബന്ധുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്ന്  മുൻപ് ജോലിചെയ്തയാളെ മറ്റൊരൂ  പുതിയ  പ്രോജെക്ടിലേക്കു സ്ഥലം മാറ്റും . ഈ വരുന്ന ബന്ധുവിന് പ്രൊജക്റ്റ് ക്ലോസിങ് പ്രോഫിറ്റ് വച്ചുള്ള ബോണസ്സ് കിട്ടാനുള്ള അവസരം ഒരുക്കുന്ന ഒരു വൃത്തികെട്ട രീതി നടപ്പാക്കാൻ നമ്മൾ മലയാളികൾക്കെ കഴിയൂ .  

ലോകത്തിന്റെ ഏതു കോണിൽ  ചെന്നാലും  മലയാളികൾക്ക് പാര എപ്പോഴും മലയാളികൾ തന്നെയാണല്ലോ.  എന്തെന്നറിയില്ല മതവും രാഷ്ട്രീയവും ശുപാർശയും ഇല്ലാത്ത ഒരിടം പോലും അക്കാലത്തു  ഞങ്ങളുടെ കമ്പനിയിൽ കാണാൻ കഴിയില്ലായിരുന്നൂ . ആ മനഃസ്ഥിതിയുള്ള വർ കൂടുതൽ ഉള്ളതിനാലാണെന്ന് തോന്നുന്നൂ നമ്മുടെ സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കാത്തത് . പ്രവാസികളെ ക്കുറിച്ചു  ഇലക്ഷൻ  സമയത്ത് മാത്രം  ഘോരഘോരം പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരെ മറക്കുകയും ചെയ്യുന്ന ഒരു നാട് . ഇന്നുകാണുന്ന വികസനത്തിന്റെ നല്ലൊരു പങ്കും പ്രവാസിയുടെ സംഭാവനയാണെന്ന കാര്യം പലപ്പോഴും ഭരണകർത്താക്കൾപോലും മറന്നുപോവുന്നൂ .

അങ്ങനെയിരിക്കെ  എനിക്ക് കിട്ടിയ പ്രൊജക്റ്റിൽ ആദ്യകാലങ്ങളിൽ ഒന്നും തന്നെ സർവേയർ ഇല്ലായിരുന്നു, അതിനാൽ തന്നെ ആ ജോലിയും ഞാൻ തന്നെ ചെയ്യണ്ടതായും വന്നു . അതിനു ചിലപ്പോഴൊക്കെ ദുബൈയുടെ പലഭാഗങ്ങളിലും സഞ്ചരിക്കേണ്ടതായും വന്നിരുന്നൂ . അതിനുവേണ്ടി ചുട്ടുപഴുക്കുന്ന ജൂലായ് ആഗസ്ത് മാസത്തിൽ  എന്റെ മലയാളിയായ മാനേജർ എനിക്ക് അനുവദിച്ചു തന്നത്  ഏ സി ഇല്ലാത്ത പിക് അപ്പ് ആയിരുന്നൂ . പക്ഷെ അതിലൊന്നും എനിക്ക്  ആരോടും ഒരു പരാതിയും ഇല്ല കാരണം പക്ഷെ മലയാളിയുടെ ഇത്തരം കപടത യാണ് എന്നെ പലപ്പോഴും  വേദനിപ്പിച്ചത് . 

ആ പ്രോജക്ടിന്റെ അവസാനഘട്ടത്തോടനുബന്ധിച്ചു് എന്റെ ഇംഗ്ലീഷ് കാരനായ പ്രൊജക്റ്റ് മാനേജർ എല്ലാ ഉപ നിർമാണ കമ്പനികളെയും ക്രോഡീകരിച്ചുകൊണ്ട് ഒരു ഏസ് ബിൽഡ് ഡ്രോയിങ് ബഞ്ച് തയ്യാറാക്കാൻ പറഞ്ഞപ്പോൾ എല്ലാവരെയും മുൾമുനയിൽ നിർത്തി ഞാൻ അത് തയ്യാറാക്കി . എല്ലാവരെയും മുൾമുനയിൽ നിറുത്തി എന്ന് ഇവിടെ പറയാൻ കാരണം  ഇതാണ് . ഞങ്ങളുടെ കമ്പനി പല കമ്പനികൾക്കും കൊടുക്കേണ്ട പേയ്‌മെന്റ് പലതും നൽകാത്തതിനാൽ അവരൊന്നും ഞങ്ങളുടെ പ്ലാനിങ്ങും ആയി സഹകരിക്കാൻ ആദ്യമൊക്കെ വിമുഖത കാട്ടിയിരുന്നൂ . അതിനാൽ തന്നെ ഇംഗ്ലീഷുകാരന്റെ പിന്ബലത്താൽ മാത്രമാണ് എനിക്ക്  കടുത്ത നടപടികൾ  കൊണ്ട് പദ്ധതി സമയത്തു തന്നെ പൂർത്തീകരിക്കാനായത് .

ആ പ്രൊജക്റ്റ് കഴിയുമ്പോഴേക്കും എനിക്ക് ഞങ്ങളുടെ കമ്പനിയുടെ ഫേബ്രിക്കേഷൻ , ഇന്റീരിയർ ,എലെക്ട്രിക്കൽ  എന്നീ ഡിവിഷനുകളിൽ താല്ക്കാലിക സ്ഥലംമാറ്റങ്ങൾ ലഭിച്ചു . അങ്ങനെ 2001 ഇൽ  ഹെഡ് ഓഫീസിലെ ഡ്രാഫ്റ്സ്മാൻ അവധിക്കു പോയ സ്ഥാനത്തേക്ക് വീണ്ടുമൊരു സ്ഥലം മാറ്റം ലഭിച്ചു . ആ ഓഫീസിൽ അതുവരെ പ്ലാനുകൾ ഡ്രോയിങ് ബോർഡിൽ  കൈകൊണ്ടു വരച്ചായിരുന്നൂ തയ്യാറാക്കിയിരുന്നത് . ആ സ്ഥാനത്ത് ഞാൻ ഓട്ടോകാഡ് പരിചയപ്പെടുത്തി കൊണ്ടു  നിൽക്കവെയാണ് മറ്റുള്ള സഹപ്രവർത്തകർക്ക് ഇൻഗ്രിമെന്റും ബോണസും കമ്പനി നൽകിയത് . ആ പട്ടികയിൽ നിന്നും ഞാൻ മാത്രം തഴയപ്പെട്ടു . അതിനാൽ ഞാൻ ഒരു കത്ത് ഇംഗ്ലീഷിൽ തയ്യാറാക്കി എന്റെ ജനറൽ മാനേജർക്ക് കൊടുത്തു . അതിനു മറുപടിയായി അദ്ദേഹം "

യു ആർ കറന്റലി വർക്കിംഗ് ഫോർ സിവിൽ എഞ്ചിനീയറിംഗ് , ഗിവ് എ ലെറ്റർ ടു  ഹിം "

 എന്ന് പറഞ്ഞപ്പോൾ അതും ഞാൻ അനുസരിച്ചു . പക്ഷെ ആ മാനേജരും എന്നെ നോക്കി 

" യു ഏറെ കറന്റലി വർക്കിംഗ് ഫോർ അസ്  ഓക്കേ ബട്ട് യുവർ വിസ ഈസ് ഫ്രം അബുദാബി ഓഫീസ്. സീ ഗിവ് എ ലെറ്റർ ടു  ഹിം  "

എന്ന് പറഞ്ഞപ്പോൾ ഇത് ഒരു നടയ്ക്കു പോകില്ല എന്ന് എനിക്ക് മനസ്സിലായി . അങ്ങനെ ഈ അനുഭവങ്ങൾ കൂടി കൂട്ടിച്ചേർത്ത് മറ്റൊരു കത്ത് തയ്യാറാക്കി ഞാൻ കമ്പനിയുടെ ഡയറക്ടറെ ചെന്ന് കണ്ടു . എന്നെ കണ്ടു കത്തുവാങ്ങി ഓടിച്ചു നോക്കിയ അദ്ദേഹം 

" ഗെറ്റ് ഔട്ട് "

എന്ന ഒരു വാക്കേ  എന്നെ നോക്കി പറഞ്ഞുള്ളൂ

തുടരും   



അതിനിടയിൽ എന്റെ വളർച്ചയിൽ  കൂടെ നിന്ന ഒത്തിരി മുഖങ്ങൾ ഉണ്ട് അതിൽ എടുത്തു പറയാൻ ആവുന്ന ചിലർ മനീഷും സുരയും മധുവേട്ടനും റഫീക്കും അവന്റെ ബാപ്പയും തുടങ്ങി ഒത്തിരി പ്പേരുണ്ട് .  


രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...