2019 ജനുവരി 21, തിങ്കളാഴ്‌ച

റോസി

റോസി
എം. പി. എസ്സ്. വീയ്യോത്ത്

ഭാഗം :ഒന്ന്

അന്നത്തെ ജോലിയും കഴിഞ്ഞ് വഴിയരികിലൂടെ ഓരോന്ന് ചിന്തിച്ച് നടന്നപ്പോഴാണ്

ഹല്ലോ മിസ്ടര്‍ പെരേര

എന്ന വിളി എന്റെ കാതുകളില്‍ വന്നു പതിച്ചത്. ആ വിളി യാന്ത്രികമായി എന്റെ കാലുകളെ നിശ്ചലമാക്കിയെങ്കിലും ആ വാക്കുകള്‍ എന്നില്‍ യാതൊരുവിധ ഭാവഭേദവും വരുത്തിയില്ല. പക്ഷെ  കൂട്ടുകാര്‍ക്കിടയില്‍ മാത്രം പറഞ്ഞു പഴകിയ ആ വാക്കുകള്‍  അപ്രതീക്ഷിതമായി കേട്ടപ്പോള്‍ എന്നില്‍ ഒരു ഞെട്ടല്‍ സ്വാഭാവികമായിരുന്നൂ രൂപപ്പെട്ടു . കൂട്ടാളികളെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്ന രീതിയുടെ ഉപ്ജ്ഞാതാവേ ഒരു മലയാള സിനിമാ താരം  ആണല്ലോ. പെരേരയും രത്നങ്ങളും മുതലക്കുഞ്ഞുങ്ങളും അപ്പോഴേക്കും ഓര്‍മ്മയില്‍ തെളിഞ്ഞു വരികയായി. പണ്ട് സിനിമാക്കൊട്ടകയില്‍ സിനിമ കാണുന്നതിനിടയില്‍ ഒരു  ബീഡി കത്തിക്കാന്‍ വേണ്ടി അറിയാതെ മുന്നിലെ സീറ്റിലെ ആളോട് അയാളുടെ ചുണ്ടില്‍ എരിയുന്ന ബീഡി ചോദിച്ചതും അദ്ദേഹം ബീഡിക്കുറ്റി എനിക്ക് വച്ച് നീട്ടിയതും. എരിയുന്ന ബീഡിയുടെ നേരിയ വെട്ടത്തില്‍  അപ്പന്റെ കയ്യില്‍ നിന്നാണ് ഞാന്‍ തീ വാങ്ങിയത് ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരം ശരിക്കും നടുങ്ങും.

അങ്ങനെ മനസ്സിലൂടെ മിന്നിമാഞ്ഞ ഓര്‍മ്മചീളുകളെ വകഞ്ഞു  മാറ്റി തലതിരിച്ച് പുറകിലേക്ക് നോക്കിയപ്പോള്‍ അവിടെ ബാല്യകാലസുഹൃത്തായ  പ്രദീപ്‌  പുഞ്ചിരിതൂകി നില്‍പ്പുണ്ടായിരുന്നൂ . അവന്റെ ഇടതു കണ്ണിന്റെ പുരികത്തോട് ചേര്‍ന്ന് നെറ്റിയിലേക്ക് നീണ്ടുകിടക്കുന്ന മുറിവിന്റെ പാട് എന്റെ മനസ്സിനെ ഒത്തിരി വേദനിപ്പിച്ചു. അങ്ങനെ ഓര്‍മ്മതന്‍ യാഗാശ്വം എന്റെ സമ്മതത്തിനായി കാത്തുനില്‍ക്കാതെ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍ എല്ലാം കണ്‍മുമ്പില്‍ തെളിഞ്ഞു വന്നു . പണ്ട് ഞങ്ങളുടെ നാട്ടിലെ  കുസൃതികൂട്ടങ്ങളിലെ അംഗങ്ങള്‍ ആയിരുന്നു ഞാനും പ്രദീപനും . അങ്ങനെയിരിക്കെ ഒരു വിഷുക്കാലത്ത് ഓലപ്പടക്കത്തിന്റെ ശബ്ദത്തിന് ശബ്ദം പോര എന്ന് മനസ്സില്‍ തോന്നിയപ്പോള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് പറഞ്ഞത് ഞാന്‍ ആയിരുന്നൂ. അങ്ങനെ ഒരു കുപ്പിയില്‍ ഓലപ്പടക്കത്തിന്റെ  തിരിയുടെ നീളം കൂട്ടി വച്ച് അതിന് മുകളില്‍ ചിരട്ടകമഴ്ത്തിവച്ചു . അന്ന് തിരിയിലേക്ക് ബീഡിയില്‍ നിന്നും  തീപകര്‍ന്നത് പ്രദീപന്‍ ആണ് . അന്നത്തെ  ഓലപ്പടക്കത്തിന്റെ സ്ഫോടനത്തില്‍ കുപ്പിയും ചിരട്ടയും ചിതറിത്തെറിച്ചു . ആ  സ്ഫോടനത്തില്‍ തെറിച്ച ചിരട്ട കഷണം പ്രദീപിന്റെ നെറ്റിയില്‍ തുളഞ്ഞു കയറിയപ്പോള്‍ അവന്‍ വേദനകൊണ്ട് അലറിക്കരഞ്ഞു. അന്ന് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് അവനെ ആശുപത്രിയില്‍ എത്തിച്ചതും . ആശുപത്രിയില്‍ നിന്നും നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചു വന്ന്‍  വീട്ടില്‍ കിടന്നപ്പോഴും അവന്‍  ആദ്യം ചേച്ചിയോട് തിരക്കിയത് എന്നെക്കുറിച്ച് ആയിരുന്നൂ. അവിടെയും ഞാന്‍ വില്ലന്‍ തന്നെ ആയതിനാല്‍ അവന്‍ തമാശയ്ക്ക് എന്നെ വിളിക്കുന്നത് പെരേര എന്നായിരുന്നൂ. ഞങ്ങള്‍ ചിലപ്പോഴൊക്കെ പോലീസും കള്ളനും ആവും ചിലപ്പോഴൊക്കെ  ഗോലികളിക്കും അതുമല്ലെങ്കില്‍  നേരമിരുട്ടും വരെ മാവിന്റെ മേളില്‍ കാണും  .
അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് അതുവരെ പ്രതിമപോലെ നിന്ന പ്രദീപ് ഒന്ന് വാ തുറന്നത്.
എവിടാ മനുഷ്യാ , ഒരു വിവരവും ഇല്ലല്ലോ, ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ വിളിച്ചപ്പോള്‍ നിന്റെ ഭാര്യയാ ഫോണ്‍ എടുത്തത്, അപ്പോഴൊക്കെ നീ ഫോണ്‍ എടുക്കാന്‍ മറന്ന് പോയതാ എന്ന് പറഞ്ഞു  
അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. എനിക്ക് എന്താ പറ്റിയെ എന്നാലോചിച്ച് അവനെ നോക്കി
സോറി  സുഹൃത്തേ ഇപ്പോള്‍ എന്നെക്കുറിച്ച് പോലും ഞാന്‍ ചിന്തിക്കാറില്ല, കഴിയാറില്ല അതാണ് സത്യം . ഓഫീസിലെ ജോലികഴിയുമ്പോഴേക്കും എന്നും നേരം ഇരുട്ടിയിരിക്കും പിന്നെ ട്രെയിന്‍ പിടിക്കാനുള്ള ഓട്ടമാ. ആ യാത്രയില്‍ ആകെ മനസ്സില്‍ നാട്ടിലെ വീട്ടില്‍ അമ്മയോടൊപ്പം കഴിച്ചുകൂട്ടുന്ന വൃദ്ധമാതാപിതാക്കളെ ക്കുറിച്ചും മകളുടെ സ്കൂള്‍ ഫീസും ബാങ്ക് ലോണും മറ്റു കടബാധ്യതകളും മാത്രമാണ്. അതിനിടയില്‍ പലപ്പോഴും വീടെത്തിചെരുന്നത് പോലും യാന്ത്രികമായാണ്
ഞാന്‍ പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ അവന്റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ പുശ്ചം കലര്‍ന്നിരുന്നോ ഒന്നും  വ്യക്തമായില്ല. ഇന്ന് നാല്പത് വയസ്സ് കടന്നപ്പോഴേക്കും എന്റെ തലമുടിയുടെ സിംഹഭാഗവും കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നൂ. തലയില്‍ അങ്ങിങ്ങ് തലപൊക്കുന്ന നരയെ കറുപ്പിച്ച് വിടുന്ന സഹധര്‍മ്മിണിയും
കഷണ്ടിക്ക് വിഗ്ഗ് വച്ച് മാത്രം സ്കൂളില്‍ അപ്പ വന്നാല്‍  മതി അല്ലങ്കില്‍ എനിക്ക് നാണക്കേടാ. You should go to gulf gate for fix the hair
എന്ന് പറഞ്ഞ മകള്‍ക്കും  ഞാന്‍ ഇന്ന് ഒരു ബാധ്യത ആയിരിക്കുന്നുവോ അങ്ങനെ ചിന്തിച്ചു എന്റെ ശിരസ്സ്‌ താഴേക്ക്‌ അറിയാതെ കുനിഞ്ഞപ്പോള്‍ കണ്ണീര്‍ തടങ്ങളില്‍ തളം കെട്ടിയ  കണ്ണീര്‍ത്തുള്ളികള്‍ അവന്‍ ശ്രദ്ധിച്ചത് അവന്‍ എന്റെ അരികിലേക്ക് വന്ന് എന്നെ ചേര്‍ത്ത് പിടിച്ചത്.  ഞാന്‍ തലഉയര്‍ത്തി ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അവന്റെ കണ്ണീര്‍ ചാലുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. പിന്നെ എന്തോ ചിന്തിച്ചു കണ്ണുകള്‍ തുടച്ച് എന്നെ നോക്കി അവന്‍  എടാ വേനല്‍ അവധിക്കാലത്ത് നിലക്കടലയും  ചേച്ചി ഭരണിയില്‍ ഉപ്പിലിട്ട് വച്ച ഇട്ടുവച്ച നെല്ലിക്കയും മോഷ്ടിച്ച് വിറ്റ്‌ കിട്ടുന്ന സംഖ്യമിച്ചം പിടിച്ച് വിഷു കേമമാക്കാന്‍ പടക്കം വാങ്ങിയതും പട്ടണത്തിലേക്ക് നടന്നുപോയി ജയന്റെ ആക്രമണം എന്ന സിനിമ കണ്ടത് ഇന്നും ഓര്‍ക്കുന്നുവോ .ആ ചോദ്യത്തിന് മുമ്പില്‍  വിറയാര്‍ന്ന ശബ്ദത്തോടെ ഹും എന്ന് മൂളാനേ എനിക്കായുള്ളൂ. പണ്ട്  കൊട്ടകയിലെ കരണ്ട് കട്ട് കാരണം ആ സിനിമ മൂന്ന് തവണയാണ് ഞങ്ങള്‍ കണ്ട് തീര്‍ത്തത് . അന്നത്തെ കാലത്ത്  കൊട്ടകയുടെ പുറത്ത് സിനിമാ ശബ്ദരേഖ വ്യക്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നൂ. അതും ഒരു സുഖം.   പിന്നെ എന്തോ ആലോചിച്ച് ഞാന്‍ അവനോട്
എടാ നമ്മുടെ പൈലിയും അബ്ദുവും  എവിടാ, ആരുടേയും ഒരു വിവരവും ഇല്ല
എന്ന് തിരക്കിയപ്പോള്‍ അവന്‍
അതിന് നീ ഭാര്യയുടെ വാലും പിടിച്ച് വന്നും പോയും കൊണ്ടിരുന്നാല്‍ നാട്ടിലെ വിവരങ്ങള്‍ എല്ലാം അറിയാന്‍ കഴിയുന്നത് എങ്ങനെ
ആ ചോദ്യത്തിന് നല്ല തീഷ്ണതയുണ്ടായിരുന്നൂ . എങ്കിലും അവന്‍ എന്ത് പറഞ്ഞാലും തീരെ വേദനയാവില്ല കാരണം ഇത്രയും കാലമായിട്ടും ഒരിക്കല്‍പോലും ഞാന്‍ അവനെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. അതങ്ങനെയാ അപ്പന്‍ വയലില്‍ പണിയെടുക്കുന്ന കാലത്ത് അമ്മ മെടഞ്ഞു വയ്ക്കുന്ന ഓല ഓണക്കാന്‍ വിരിച്ചു വയ്ക്കാനല്ലാതെ എന്നെ വീട്ടിലെ ഒരു സഹായത്തിനും  കിട്ടാറില്ല. അന്നും എല്ലാം ചെയ്തു അച്ഛന് കൂടെ നിന്നത് ചേട്ടന്‍ ഫിലിപ്പും ചേച്ചി അന്നയും ആയിരുന്നൂ. ആ കാലത്ത് വഴിയില്‍ വച്ച് അന്നയെ  ശല്യം ചെയ്ത ലോറന്‍സ് മുതലാളിയുടെ മകന്‍ ടോണിയേ  ഞാനും  കൂട്ടുകാരും കൂടി തല്ലി കാലോടിച്ചതില്‍ പിന്നെ നാട്ടില്‍ നല്ല  പുകില്‍ തന്നെ ആയിരുന്നൂ. പിന്നോരവസരത്തില്‍ വീണ്ടും അവന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ അടുത്ത കാല് ചേട്ടന്റെ കൈത്തരിപ്പു തീര്‍ക്കാന്‍ അവന്‍ കാത്ത് വയ്ക്കേണ്ടി വന്നു. ഇന്ന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ചേട്ടന്റെ അരികില്‍ അന്നത്തെപ്പോലെ ഇന്നും നില്‍ക്കാന്‍ എനിക്ക് പേടിയാ . എല്ലാവരുമായി തെറ്റി പിണങ്ങി എന്റെ സഹധര്‍മ്മിണിയും അവളെ വിഷമിപ്പിക്കാതിരിക്കാന്‍ അനുസരിച്ച് ഒരു പാവയെപ്പോലെ ഞാനും ഇന്ന് കഴിയുന്നു. ഒരിക്കല്‍ വീട്ടിനടുത്ത് വന്നു പ്രശനം സൃഷ്‌ടിച്ച ഒരുവനെ പറഞ്ഞു നഷ്ടപരിഹാരം നല്‍കി അയച്ചപ്പോള്‍ അന്നാണ് മകള് ആദ്യമായി  എന്നെ നോക്കി
അപ്പയ്ക്ക്‌ നട്ടെല്ല് ഇല്ല അല്ലെ Dad... to be frank you should change like  singam 
അവള്‍ക്കറിയില്ലല്ലോ ഇന്നത്തെ കാലത്ത് സത്യം പറയുന്നതും ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതും വലിയ കുറ്റങ്ങള്‍ ആണെന്ന്. പിന്നെ സിനിമയില്‍ പലതും കാട്ടും അതും കണ്ട് പ്രതികരിച്ചു നടന്നാല്‍ നമ്മള്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടും . അതായത് പണ്ട് അപ്പന്‍ പറഞ്ഞപോലെ ഒന്നിലും ചേരാതെ അരികു ചേര്‍ന്ന് നടന്നു നീങ്ങണം ഒരുതരം ഒളിച്ചോട്ടം. അല്ലെങ്കില്‍ സമൂഹം നിരപരാധിയേ  കുറ്റവാളിയും കുറ്റവാളിയേ  നിരപരാധിയും ആക്കി മാറ്റും.
കാലം മാറിമറിയുന്നതിനിടയില്‍ ഇന്നത്തെ ലോകത്തില്‍ ഒരു സ്ത്രീയുടെ സുരക്ഷയെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവരില്‍ പലരും ഭരണത്തില്‍ വരുമ്പോള്‍ അവര്‍ക്ക് അതൊന്നും വലിയ വിഷയമായി തോന്നാറില്ല. അവര്‍ക്ക് അവരുടെ വാശി തീര്‍ക്കാന്‍ മറ്റു എന്തൊക്കെ കിടക്കുന്നൂ അതിനിടയില്‍ നമ്മള്‍ ആര്. ഇന്ന് എന്റെ മകളെ ചേര്‍ത്ത് പിടിക്കാന്‍ തന്നെ പേടിയാണ്. എന്നെങ്കിലും ഇതൊക്കെ പീഡനമായിആരെങ്കിലും വ്യഖ്യനിച്ചാലോ .

ഭാഗം :രണ്ട്

പിന്നെ ചിന്തയില്‍ നിന്നും ഉണര്‍ന്ന്  അവനോട്
ഹാ .. നീ എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതാണോ ?”  
എന്ന്‍ ചോദ്യം  അവനിലുണ്ടാക്കിയ  ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു . അല്പസമയത്തെ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട്
അത് ... മോള്‍ക്ക്‌ ഒരു വിവാഹാലോചന വന്നിരുന്നൂ. പയ്യന് ഇവിടെയുള്ള ഒരു സ്വകാര്യ ബാങ്കിലാ ജോലി എന്നാ പറഞ്ഞെ . നിനക്ക് അറിയാലോ എനിക്ക് ഇവിടെ പരിചയമുള്ളത് നീ മാത്രമാ. അതാ ഇങ്ങോട്ടേക്കു വന്നത് . നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ ഇല്ലേ.
അവന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ ആ വാക്കുകളിലെ ഒരു പരിഭ്രമം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല . ഞാന്‍ അവനെ ആശ്വസിപ്പിച്ചു കൂടെ ക്കൂട്ടി മുന്നോട്ട് നടന്നു. അപ്പോഴേക്കും സന്ധ്യമയങ്ങിയിട്ടുണ്ടായിരുന്നൂ.  കണ്ടുമുട്ടിയ സമയം  മുതല്‍ സംസാരത്തേക്കാള്‍ വല്ലാത്തൊരു നിശബ്ദത ഞങ്ങളുടെ ഇടയില്‍ അറിയാതെ വന്നു കൂട്ടുകൂടിയത് ഞാന്‍ തിരിച്ചറിയുന്നൂ . ആ നിശബ്ദതയ്ക്ക്  കൂട്ടായി നഗരത്തിലെ കൊതുകുകളും തവളക്കൂട്ടങ്ങളും ചീവീടുകളും അവരുടെ സംവാദം തുടര്‍ന്നുകൊണ്ടേ ഇരുന്നു . ചിലപ്പോഴൊക്കെ ഞാനും ആലോചിക്കാറുണ്ട് ഇവര്‍ക്ക് ഇത്രമാത്രം സംസാരിക്കാന്‍ എന്താ ഉള്ളത്.  അതിനിടയില്‍ എപ്പോഴോ അവന്‍ തുടര്‍ന്നു
ജോസേ  നീ  മമ്മാലിക്ക യുടെ മകള്‍ സുഹറയെ  ഓര്‍ക്കുന്നോ ? അവളെയാണ് ഞാന്‍ വിവാഹം കഴിച്ചത് .
അത് കേട്ടപ്പോള്‍ ഞെട്ടിയത് ഞാന്‍ ആണ് . കാരണം ആ ഗ്രാമത്തിലെ സുന്ദരിയായ അവളുടെ പിന്നാലെ നടന്നതും നേരിട്ട് കൊടുക്കാന്‍ എന്തോ ഉള്‍ഭയം തോന്നി . അന്ന് എന്റെ പ്രേമലേഖനം കൈമാറാന്‍ ഏല്പിച്ചത് ഇവനെയായിരുന്നൂ , ഒടുക്കം  കാട്ടുമാക്കനെ പ്പോലുള്ള ഇവനെ  എങ്ങനെ അവള്‍ക്കു ഇഷ്ടപ്പെട്ടു എന്നത് മാത്രം ഒട്ടും മനസ്സിലായില്ല . എങ്കിലും അവനോട്
അതെങ്ങനെ സംഭവിച്ചു
എന്ന എന്റെ  ചോദ്യത്തിന് മുന്നില്‍ ആ മുഖത്ത് പടര്‍ന്ന്‍ കയറിയ ജാള്യതയോടെ ഒന്നും  വിട്ടുപറയാതെ ഒഴിഞ്ഞുമാറാന്‍ അവന്‍ ശ്രമിച്ചു .അങ്ങനെ  ഒടുക്കം ഒരു നിമിഷത്തെ മൌനത്തിന് ഒടുവില്‍  
അത് ശരിയാ അവള്‍ക്കു എന്നെ തീരെ ഇഷ്ടമായിരുന്നില്ല. ഇന്നും അങ്ങനെ തന്നെ തുടരുകയും ചെയ്തുവരുന്നൂ . അവളുടെ മനസ്സില്‍ നിന്നെ വല്ലാതെ മോഹിച്ചിരുന്നൂ എന്ന് അവളുടെ കൂട്ടുകാരി പറഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത് . അവളും ഞാനും തമ്മിലുള്ള വിവാഹം പോലും ഒരു പവര്‍ കട്ട്‌ മൂലം ഉണ്ടായ ദുരന്തം തന്നെയായിരുന്നൂ.  ഇന്ന് ഞങ്ങള്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്  മൂത്തവള്‍ ഷീബ ഇളയവള്‍ ഷീന .
അവന്‍ പറഞ്ഞു നിറുത്തി ഏതോ ചിന്തയിലേക്ക് കടന്നപ്പോഴും   ഞാന്‍ വീണ്ടും വീണ്ടും  വിവാഹത്തെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നൂ  .  അവസാനം ഒരു നിവൃത്തിയും ഇല്ല എന്ന് ബോധ്യമായപ്പോള്‍ ഒരു നെടുവീര്‍പ്പോടെ  
അത് എന്തിനാ ഇപ്പോള്‍ നീ അറിയുന്നേ? ഞാന്‍ ആ രാത്രി ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്നു.
അവന്‍ പറഞ്ഞപ്പോള്‍  ഞാന്‍ തലയുര്‍ത്തി ചുറ്റും ഒന്ന്  നോക്കി
എന്നോടല്ലേ ഞാന്‍ ആരോടും പറയാന്‍ പോവുന്നില്ല . നിനക്ക് വിശ്വസം ഉണ്ടെങ്കില്‍ പറയാം .
ഞാന്‍ പറഞ്ഞു നിറുത്തിയപ്പോള്‍  മനസ്സില്ലാമനസ്സോടെ അവന്‍
അത് പ്രമോദിന്റെ പെങ്ങളുടെ വിവാഹത്തിന്റെ തലേനാള്‍ ശരിക്കും പറയുകയാണെങ്കില്‍ നവംബര്‍ പത്താം തീയതി . അന്ന് സന്ധ്യയോട് അടുപ്പിച്ച് ഞാന്‍ അമ്മയും ചേച്ചിയുമായി വിവാഹ വീട്ടില്‍ ചെന്ന് കയറിയത് . വീട്ടിന് പരിസരത്തെ വലിയ അടുക്കളയില്‍ ചെന്ന് ചാത്തുവേട്ടനോടൊപ്പം ഉള്ളി അരിയുമ്പോഴാണ് തെക്കേലെ സുബൈര്‍ അങ്ങോട്ട്‌ വന്നു  എന്നോട്  ജോസേ  കരണ്ട് പോയി ഒന്ന് വന്ന് ഫീസ് കെട്ടികൊടുക്കുമോ  എന്ന് ചോദിച്ചത് . അങ്ങനെ ഞാന്‍ അവന്റെ പിന്നാലെ വീട്ടിലേക്കു നടന്ന് ഫീസ് ശരിയാക്കി മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്ത്  ഇറങ്ങി . കുറച്ചു സമയത്തിനു ശേഷം അമ്മയെയും ചേച്ചിയെയും തിരഞ്ഞു പ്രമോദിന്റെ വീട്ടിലേക്കു ചെന്നപ്പോള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിവന്ന അമ്മയാണ്  ചേച്ചി സുഹറയുടെ അടുത്തേക്ക്  പോയി എന്ന് പറഞ്ഞത് . അങ്ങനെ അമ്മയെ അവിടെ നിറുത്തി  ഞാന്‍ സുഹറയുടെ വീട്ടിലേക്കു നടന്നു . സുഹറയുടെ വീട്ടില്‍ ഞാന്‍ ചെന്ന് കയറിയപ്പോഴേക്കും ചേച്ചി അവിടെനിന്നും ഇറങ്ങി എന്നറിഞ്ഞത് . അങ്ങനെ സുഹറ എന്റെ ചേച്ചി മറന്ന് വച്ച പേഴ്സ് എനിക്ക് വച്ച് നീട്ടിയത്. ഞാന്‍ ആ പേഴ്സില്‍ പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും  അവള്‍ അതുമായി  വീട്ടിനകത്തേക്ക്‌ നടന്നു. അങ്ങനെ ഞാനും അവളെ പിന്തുടര്‍ന്നു . അതിനിടയില്‍ ആരോ പറഞ്ഞുറപ്പിച്ചപോലെ കരണ്ട് പോയി . ആ ഇരുട്ടില്‍ അവള്‍ എന്നെ ചേര്‍ത്തു പിടിച്ചു നിന്നു. ചുറ്റും ഇരുട്ടായതിനാല്‍ ഞാനും ഒട്ടും അമാന്തിക്കാതെ അവളുടെ ഇഷ്ടങ്ങള്‍ക്ക് കൂട്ടായി. അതിനിടയില്‍ വെളിച്ചം തിരിച്ചു വന്നെങ്കിലും വാതില്‍ക്കല്‍ കൂടിയ നാട്ടുകാരുടെ മുമ്പില്‍ ഞാന്‍ കുറ്റക്കാരനായി മാറി . ഞങ്ങളുടെ ആലിംഗനത്തില്‍ മുറിഞ്ഞ അവളുടെ അധരങ്ങളില്‍ നിന്നും രക്തം പൊടിയുന്നത് ഞാന്‍ ശ്രദ്ധിക്കാതെ ഇരുന്നില്ല. ആദ്യം സുബൈറിന്റെയും കൂട്ടുകാരുടെയും കയ്യിന്റെ ചൂട് ഒത്തിരി ഞാന്‍ അറിഞ്ഞെങ്കിലും അവസാനം എന്നെ ഇനി എന്തെകിലും ചെയ്‌താല്‍ ജീവന്‍ ഒടുക്കിക്കളയും എന്ന അവളുടെ ഭീഷണിക്ക് മുമ്പില്‍ ഒടുക്കം അവര്‍ എല്ലാ ബന്ധങ്ങളും  അവസാനിപ്പിച്ച്‌  വീട്ടില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ അവള്‍ എന്നെയും കൂട്ടി ഉമ്മാമയുടെ വീട്ടില്‍ പോയി പൊറുതി ആരംഭിച്ചു . പിന്നെ കഴിവതും  അമ്മയെയോ ചേച്ചിയെയോ കാണുന്നത് അമ്പലപറമ്പില്‍ മാത്രമായി കുറച്ചു കാലം ഒതുങ്ങി . ഒടുക്കം ഒരു നാള്‍ മുസ്ലീം പെണ്‍കുട്ടിയെ കെട്ടി എന്ന കുറ്റത്തിന് വീട്ടില്‍നിന്നും അമ്മാവന്മാരുടെ പ്രേരണയില്‍  അച്ഛനും അമ്മയും അവളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചപ്പോള്‍  അവളെ ഞാന്‍ പറഞ്ഞു മനസ്സിലാക്കി മതം മാറ്റി ശ്യാമ എന്നാക്കിയപ്പോള്‍  അവളുടെ വീടുമായുള്ള ബന്ധം നിശേഷം വിച്ചേദിക്കപ്പെട്ടു .  ഇന്ന് ഞാന്‍ പഴയ പ്രദീപല്ല മറിച്ച് എല്ലാ വില്ലത്തരങ്ങളും കുഴികുത്തിമൂടി മക്കളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മാത്രം പ്രാമുഖ്യം നല്‍കി ജീവിതം തള്ളി നീക്കുന്ന ഒരു പോലീസ് കാരന്‍. മനസ്സില്‍ അല്പമെങ്കിലും ഈര്‍ഷ്യ ഉണ്ടെങ്കില്‍ തുറന്ന്‍ പറയണം ഞാന്‍ ഒരാളെയും  വേദനിപ്പിക്കാന്‍ തയ്യാര്‍ അല്ല  എന്നതാണ് സത്യം . ആലോചിച്ച് പറയുക . ഇന്നും നിനക്കും നിന്റെ ഭാര്യക്കും ആ പഴയ പ്രദീപിനെ മാത്രമേ അറിയൂ . കാലം വരുത്തിവച്ച ചില ചുമര്‍ ചിത്രം പോലെ എന്നില്‍ വന്ന ഈ മാറ്റം എന്നെ ചിലപ്പോഴൊക്കെ ഭയപ്പെടുത്താറുണ്ട്‌ .
അവന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ  കഥാഗതി അറിയാതെ എന്റെ മനസ്സിനേ വല്ലാതെ  വേദനിപ്പിക്കാന്‍  തുടങ്ങി . അതിനിടയില്‍  മനസ്സിന്‍ അഗാധതയില്‍ ഉരുത്തിരിഞ്ഞ ചോദ്യത്തിന്റെ ഉത്തരത്തില്‍ പിടിച്ച് മുന്നോട്ട് നടന്നപ്പോള്‍ ഞങ്ങളുടെ ഇടയില്‍ വീണ്ടും ഒരു ശൂന്യത സംജാതമായത് ഞാന്‍ അറിഞ്ഞു . അതിലെ കടന്നുപോയ മന്ദമാരുതന്‍ പോലും  തൊട്ട് തലോടി ആശ്വസിപ്പിച്ച് കടന്നുപോയത് ഞാന്‍ അറിഞ്ഞു . അതിനിടയില്‍ വീടിന്റെ ഗേറ്റിന് മുന്നില്‍  എത്തിച്ചേര്‍ന്നത് പോലും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല . ഗേറ്റിന് അരികിലെ വിളക്കിന്റെ വെളിച്ചത്തില്‍ ആണ് ഞാന്‍ അവനെ ശരിക്കും ശ്രദ്ധിച്ചത് . ഏഴടി ഉയരമുള്ള മെലിഞ്ഞ രൂപം മീശയ്ക്കു നല്ല കട്ടിയുണ്ട് എങ്കിലും നെറ്റിയിലെ കഷണ്ടി ശിരസ്സിന്റെ മധ്യഭാഗത്തെത്തി ഇനി എങ്ങോട്ട് പോകാനാ എന്നമട്ടില്‍ കിടന്നപ്പോള്‍ എന്റെ തല അതിലും ഭേദമാണ് എന്ന് എനിക്ക് തോന്നി . ആ നോട്ടത്തിലാണ് അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചത് . അവന്‍ പുരികം ഉയര്‍ത്തി
എന്താ ഇങ്ങനെ നോക്കുന്നേ
ചുണ്ട് കൊണ്ട് ആംഗ്യം കാട്ടിയപ്പോള്‍ ഞാന്‍ ചിരിച്ചു ചുമലുകള്‍ ഉയര്‍ത്തി ചുമ്മാ എന്ന അര്‍ത്ഥത്തില്‍ ചിരിച്ചു ഗേറ്റ് തുറന്നു . ഇന്റര്‍ലോക്ക് പാകിയ നടവഴിയിലൂടെ അവനെയും കൂട്ടി ഞാന്‍ വീട്ടിലേക്കു നടന്നപ്പോള്‍ അകത്ത് നിന്നും ഏതോ ടി വി സീരിയലിലെ സംഭാഷണ ശകലങ്ങള്‍ കാതില്‍ പതിക്കുന്നുണ്ടായിരുന്നൂ. ഞാന്‍ രണ്ടു തവണ കോളിംഗ് ബെല്‍ അടിച്ചു വെങ്കിലും മകള് വന്ന്‍ വാതില്‍ തുറന്ന്‍ തന്നു ഞങ്ങളെ സൂക്ഷിച്ച് നോക്കി അകത്തേക്ക് നടന്നു . ഞാന്‍ പ്രദീപിനെ വരാന്തയിലെ കസേരയില്‍  ഇരുത്തി അകത്തേക്ക് നടന്നു. എന്റെ ഭാര്യ ഏതോ മാസികയില്‍ ലയിച്ചിരിക്കുമ്പോള്‍   മകള്‍  അവളുടെ പഠനത്തില്‍ മുഴുകിയിരിക്കുകയായിരുന്നൂ. ഞാന്‍ അകത്തേക്ക് പോയി  വേഗം വസ്ത്രം മാറി  വരാന്തയിലേക്ക്‌ നടന്നു . അപ്പോഴേക്കും ഭാര്യയും മകളും എന്നോടൊപ്പം ചേര്‍ന്നു. അവിടെ വിദൂരതയില്‍ കണ്ണും നട്ട് ഇരിക്കുന്ന പ്രദീപിനെ ഞാന്‍ ഭാര്യക്ക് പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ഞാന്‍ പണ്ട് പറഞ്ഞുകൊടുത്ത കുസൃതികളുടെ ഭാണ്ടക്കെട്ടുകള്‍ മെല്ലെ പുറത്തെടുക്കാന്‍ ഒരുങ്ങി . പക്ഷെ ഞാന്‍ അവളോട്‌ അവന്‍ വന്നതിന്റെ കാര്യങ്ങളും മറ്റും വിശദമായി പറഞ്ഞു മനസ്സിലാക്കി യപ്പോള്‍  അവളുടെ ഭാവം പെട്ടെന്ന് മാറി . അങ്ങനെ  അവള്‍  എന്നെയും വിളിച്ചു അവിടെനിന്നും അകത്തേക്ക് നടന്നു . അപ്പോഴേക്കും എന്റെ മകളും പ്രദീപും കൌതുകത്തോടെ ഓരോന്ന് സംസാരിച്ചും  കൊണ്ട് അവിടെ നിലയുറപ്പിച്ചു . അകത്തെത്തിയ എന്നോട് ഭാര്യ ചോദിച്ച ചോദ്യങ്ങളില്‍ പലതും ഇന്നത്തെ അമ്മമാര്‍ക്ക് അന്യനായ ഒരാളെ വീട്ടില്‍ താമസിപ്പിക്കുന്നതിലുള്ള ഒരു പരിഭ്രമം നിഴലിച്ചിരുന്നൂ. അങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍  അവനെയും വിളിച്ചു ഞാന്‍ അവിടെനിന്നും ഇറങ്ങി . ആ നഗരത്തിലെ എന്റെ പരിചയക്കാരന്റെ ലോഡ്ജില്‍ അവനോടൊപ്പം ആ രാത്രി കഴിച്ചുകൂട്ടിയപ്പോള്‍ അവന്റെ മുഖത്തെ വിഷമം ഞാന്‍ ശ്രദ്ധിക്കാതെ ഇരുന്നില്ല. അങ്ങനെ കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ ഒരു റൂം ബോയിക്ക്‌ പണം കൊടുത്ത് ഒരു കുപ്പിയും സംഘടിപ്പിച്ച് ബോധം മറയുന്നത് വരെ കുടിച്ചു.


ഭാഗം: മൂന്ന്

ജാലകപ്പാളിയിലൂടെ കിനിഞ്ഞിറങ്ങിയ പ്രഭാതകിരണങ്ങള്‍ മുറിയിലെ ചുമരിലും തറയിലുമായി വരച്ചിട്ട വെള്ളിവേളിച്ചത്തിന്റെ കണ്ണഞ്ചിക്കുന്ന പ്രഭയാണ് എന്റെ നിദ്രയ്ക്ക് ഭംഗം വരുത്തിയത് . എങ്കിലും അന്ന് മനസ്സുകൊണ്ട് എല്ലാതിരക്കുകള്‍ക്കും അവധി പ്രഖ്യാപിച്ച് എനിക്ക് വേണ്ടി കൂട്ടുകാരനോടൊപ്പം ചിലവഴിക്കാനും പഴയകാര്യങ്ങള്‍ അയവിറക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ അടുത്ത കട്ടിലിലേക്ക് നോക്കിയപ്പോള്‍ അവിടെ പുതപ്പുകൊണ്ട് തലവഴി  മൂടി കിടന്നുറങ്ങുന്ന പ്രദീപിനെ കണ്ടപ്പോള്‍ എന്റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു . അങ്ങനെ ഞാന്‍ മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റ്  അവന്റെ അരികിലേക്ക് നടന്നു.  പുതപ്പിനുള്ളില്‍ നിന്നും ഉയര്‍ന്ന കൂര്‍ക്കം വലിക്ക് പോലീസ് വിസിലിന്റെ ശബ്ദമുള്ളത് പോലെ എനിക്ക് തോന്നി . ഞാന്‍ മെല്ലെ തട്ടിവിളിക്കാന്‍ തുടങ്ങവേ ആണ്  എന്തോ ഓര്‍ത്തിട്ടെന്നപോലെ അവന്‍ ഞെട്ടി ഉണര്‍ന്നത്. പുതപ്പ് ഒരു വശത്തേക്ക് വകഞ്ഞു മാറ്റി എന്നെ നോക്കി
ഞാന്‍ എന്തിനാണോ ഈ നഗരത്തിലേക്ക് വന്നത് ആ കാര്യം തല്ക്കാലത്തെക്കെങ്കിലും  മറന്ന് പോയി . ഞാന്‍ ഒന്ന് വേഗം കുളിക്കട്ടെ .  പിന്നെ നമുക്ക് ഇന്നലെ പറഞ്ഞ ആളെ കാണാന്‍ പോവണം . പിന്നെ ചോദിക്കാന്‍ മറന്നു നിനക്ക് ഇന്ന് ഓഫീസില്‍ പോവണോ , പറ്റുമെങ്കില്‍ ഒന്ന് അവധി എടുത്താല്‍ അവന്റെ വീട്ടിന് പരിസരത്ത് കൂടി തിരക്കി എനിക്ക് മടങ്ങാമായിരുന്നൂ
എന്നെ നോക്കി പറഞ്ഞു ദയനീയമായി നോക്കിയപ്പോള്‍  ഞാന്‍ അവനെ നോക്കി
നീ ആദ്യം പോയി കുളിക്ക് പിന്നെ വീട്ടില്‍ പോയി പ്രാതലും കഴിച്ച് ഒരുമിച്ച് ഇറങ്ങാം .ഞാന്‍ ഇന്ന് ഓഫീസില്‍ പോവുന്നില്ല നിന്റെ പരിപാടിയൊക്കെ നല്ലവിധേന നടക്കട്ടെ .
കട്ടിലിന് സമീപത്തെ ഫോണില്‍ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോഴേക്കും  എന്റെ സഹധര്‍മ്മിണിക്ക് രാത്രി വീട് വിട്ട് കൂട്ടുകാരനോത്ത്‌ ഇറങ്ങിയതിന്റെ പരിഭവം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ . അങ്ങനെ  ഞങ്ങള്‍ പ്രാതലിന് അങ്ങോട്ട്‌ ചെല്ലുന്നുണ്ട് എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ അവള്‍ എങ്ങനെ പ്രദീപിനെ സ്വീകരിക്കും എന്ന സംശയം മാത്രം മനസ്സില്‍ ബാക്കിയായി .
ചില ബന്ധങ്ങള്‍ക്ക് മനസ്സ് കൊണ്ട് നമ്മള്‍ നല്‍കുന്ന മൂല്യം എല്ലാ സമ്പത്തിനും മുകളില്‍ ആവുമ്പോള്‍ അതിനെ ഒരു അളവ് കോലുകൊണ്ടും അളന്ന് തിട്ടപ്പെടുത്താന്‍ ആവാതെ വരുന്നൂ ,ഒപ്പം  ഞാന്‍ എന്ന ഭാവമില്ല അതോടൊപ്പം മറ്റ് യാതൊരു വിധ ആവലാതികള്‍ക്കും ഒരു സ്ഥാനവും ഇല്ല  . ജീവിതത്തില്‍ അല്പം സമയമെങ്കിലും  സ്വന്തം ഇഷ്ടങ്ങള്‍ക്കും സന്തോഷത്തിനുമായി മാറ്റിവയ്ക്കുന്ന  എത്രപേര്‍ കാണും ഈ ലോകത്തില്‍  .  വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞാല്‍ അവരുടെ കാര്യങ്ങളും സമൂഹത്തിലെ മറ്റ് ബാധ്യതകളും കടങ്ങളും ചേര്‍ത്ത ഒരു കണക്ക് പുസ്തകത്തില്‍ ചേര്‍ത്ത് എഴുതി  ലാഭത്തെക്കാള്‍ നഷ്ടക്കണക്കുകള്‍ ബാക്കിയാക്കി യാത്രയാവുമ്പോള്‍  തീരും ജീവിതത്തിലെ ഈ അനാവശ്യ വെപ്രാളം .
അപ്പോഴാണ് ആ മുറിയിലെ ടീപോയിയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത് . അവിടെ ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിയ പൊറോട്ട ഞങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട് സോഫയിലും തറയിലുമായി ചിതറിക്കിടക്കുന്നത് കണ്ടപ്പോഴാണ് എത്ര ഭീഭത്സമായാണ് ഞങ്ങള്‍ ആ ഭക്ഷണത്തോട് പെരുമാറിയത് എന്ന് ബോധ്യമായത് .  അങ്ങനെ എല്ലാം പെറുക്കി പാത്രങ്ങളില്‍ തന്നെ തിരിച്ചു വച്ച് അടുത്തുകണ്ട വലിയ കണ്ണാടിയിലേക്ക് സൂക്ഷിച്ച് നോക്കി നിന്നപ്പോഴേക്കും പ്രദീപ് അന്നത്തെ കുളി പൂര്‍ത്തിയാക്കി ഇറങ്ങി വന്നത് . അങ്ങനെ അവന്റെ നിര്‍ബന്ധത്തിനോടുവില്‍ ഞാനും വേഗം തന്നെ അന്നത്തെ കുളി കഴിച്ചു പുറത്തിറങ്ങി അവനൊപ്പം മുറിപൂട്ടി മുറിവാടകയും കൊടുത്ത് ഹോട്ടലില്‍ നിന്നും ഇറങ്ങി .
ആ നടത്തത്തിനിടയില്‍  ഒരു കാര്യംഎനിക്ക്  ബോധ്യമായി  ഈ ജീവിതകാലയളവില്‍  മനസ്സ് തുറന്ന്‍ കുറച്ച് സമയം സ്വന്തം ഇഷ്ടങ്ങള്‍ക്ക് മാറ്റിവച്ചത് ഇതാദ്യമായാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉറക്കത്തിനും മറ്റുകാര്യങ്ങള്‍ക്കും സമയം ചിലവഴിക്കുന്ന നാം ജനനത്തിനും  മരണത്തിനും   ഇടയിലുമുള്ള  നേരിയ നൂല്‍പ്പാലത്തിലൂടെ എത്ര മാനസ്സിക സംഘര്‍ഷത്തിലാണ് കടന്ന് പോവുന്നത് .
അപ്പോഴേക്കും ഞാന്‍ കൈ കാണിച്ചു  നിറുത്തിയ ഒരു ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ വീട്ടിലേക്കു യാത്രതിരിച്ചു. പിന്നീടെപ്പോഴോ എന്നെ നോക്കി   
എടാ ഞാന്‍ വീട്ടില്‍ വന്നാല്‍ നിന്റെ ഭാര്യക്ക് ഇഷ്ടമാവുമോ ?”
പ്രദീപ്‌ ചോദിച്ചപ്പോള്‍ ശരിക്കും എനിക്ക് ഉത്തരം മുട്ടിപ്പോയി . എങ്കിലും മനസ്സിലെ  ധൈര്യം കൈവിടാതെ  

അതൊന്നും സാരമില്ല , അവള്‍ ഒന്നും പറയില്ല .

അവനെ നോക്കി പറഞ്ഞുനിറുത്തിയപ്പോള്‍ എന്റെ മനസ്സിലും അതൊരു ചോദ്യചിഹ്നമായി തെളിഞ്ഞു നിന്നു. അല്പസമയത്തിനകം ആ ഓട്ടോറിക്ഷ എന്റെ വീട്ടിന്റെ ഗേറ്റിന് അരികില്‍ ചെന്ന് നിന്നു .  അങ്ങനെ അതിലില്‍ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു നീങ്ങിയപ്പോള്‍ മുറ്റത്ത് ഞങ്ങളെയും കാത്ത് ചിരിതൂകി നിന്ന എന്റെ നല്ലപാതിയെ കണ്ട് ഞാന്‍ ആദ്യം ഒന്ന് ഞെട്ടി . പിന്നെ അവള്‍ തന്നെ പ്രദീപിനെ ഞാന്‍ പലപ്പോഴായി പറഞ്ഞുകൊടുത്ത എന്റെ പഴയ കാല  വീരകഥകളുടെ  ഭാണ്ടക്കെട്ടുകള്‍ അഴിച്ചെടുത്ത് പുറത്തിടാന്‍ തുടങ്ങിയപ്പോള്‍  അതിലെ ചിലതിലെ യഥാര്‍ത്ഥ വില്ലനായ അവന്‍ ആ കഥകള്‍ക്ക്  എല്ലാവിധ പ്രോത്സാഹനങ്ങളുമായി കൂടെ ക്കൂടി. അങ്ങനെ അല്പസമയത്തിനകം അവര്‍ നല്ല കൂട്ടായി . അതിനിടയില്‍ അവള്‍ ഞങ്ങള്‍ക്കുള്ള പ്രാതല്‍ ചൂടോടെ കൊണ്ടുവന്ന് തീന്‍ മേശമേല്‍ നിരത്തിയപ്പോള്‍ അവിടെയും  അവന് വിളംബികൊടുക്കാനും നിര്‍ബന്ധിച്ച് കഴിപ്പിക്കാനും  അവള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നൂ. അതിനിടയില്‍ അവന്‍ താന്‍ ഈ നഗരത്തില്‍ വന്നതിന്റെ ഉദ്ദേശം  അവളെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍  .
എല്ലാം നന്നായി വരും ഏതായാലും  ഉച്ചയ്ക്ക് ഉണ്ണാന്‍ ഇങ്ങോട്ട് തന്നെ വരണം
എന്ന് പറഞ്ഞു വിട്ടപ്പോള്‍ ശരിക്കും ഒരു പ്രഹേളികയായി  ആണ്  ഞാന്‍ അവളെ കണ്ടത്  . ശരിയാ കല്യാണം കഴിഞ്ഞ നാള് മുതല്‍ ഞാന്‍ ചെയ്യുന്നതിനേക്കാള്‍ കാര്യങ്ങള്‍ അവള്‍ ഒരു ദിവസം ചെയ്തു തീര്‍ക്കുന്നൂ  അതോടൊപ്പം തന്നെ എന്നേക്കാള്‍ വരുമാനവും സ്വന്തമായി ഉണ്ടാക്കിയെടുക്കുന്നൂ .   ഈ നഗരത്തിരക്കിനിടയിലും അലങ്കാര മത്സ്യങ്ങളും , വളര്‍ത്ത് മൃഗങ്ങളും പൂന്തോട്ടവുമായി  ഒരു കച്ചവട സാമ്രാജ്യം തന്നെ അവള്‍ നോക്കി നടത്തുന്നുണ്ട് . ഒപ്പം മതിലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബ്യുട്ടി പാര്‍ലരും കൂടി അവളുടെതായി  ഇവിടെ ഉണ്ട് അതിനു കൂട്ടിനായി  ഒന്ന് രണ്ടു സഹായികളും കൂടെ  ഉണ്ട് .

അങ്ങനെ മനസ്സില്‍ ഓരോന്ന്  ആലോചിച്ച് ഞാന്‍ അവളെ നോക്കി
നീ വല്ലാത്ത ഒരു സാധനം തന്നെ
എന്ന് ശബ്ദം താഴ്ത്തി പറഞ്ഞപ്പോള്‍ ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ അവളുടെ സൗന്ദര്യം ഇച്ചിരി കൂടി കൂടിയത് പോലെ എനിക്ക് തോന്നി . അങ്ങനെ  ഞാന്‍ അവനെയും കൂട്ടി  അവളോട്‌ യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി  നടന്ന്  ഗേറ്റ് കടന്ന് റോഡിലേക്ക് പ്രവേശിപ്പിച്ചപ്പോഴും  മുറ്റത്ത് ചിരിതൂകി അവള്‍ കൈവീശി നില്‍പ്പുണ്ടായിരുന്നു. അത് കണ്ട് തിരിച്ചു കൈവീശി കാണിച്ച് ഞങ്ങള്‍  മുന്നോട്ട് നടന്നപ്പോഴും ഉച്ചഭക്ഷണത്തെക്കുറിച്ച് അവള്‍ വീണ്ടും വിളിച്ച് ഓര്‍മ്മിക്കുന്നുണ്ടായിരുന്നൂ. അങ്ങനെ വഴിയരികില്‍  നിന്നും കിട്ടിയ ഓട്ടോറിക്ഷയില്‍ ഞങ്ങള്‍ പ്രദീപ്‌  പറഞ്ഞ കമ്പനിയുടെ ഓഫീസ് കെട്ടിടം ലക്ഷ്യമാക്കി യാത്ര തിരിച്ചു . നഗരത്തിലെ ഗതാഗതക്കുരുക്കും മറ്റും കടന്ന് ഞങ്ങള്‍ ഏകദേശം അരമണിക്കൂറിനകം ആ വലിയ കെട്ടിട സമുച്ചയത്തിന്  മുന്‍പിലായി എത്തിച്ചേര്‍ന്നു . അങ്ങനെ അവിടെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് അവന്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍  അയാള്‍ക്ക് ആ കമ്പനിയെക്കുറിച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ . അങ്ങനെ അയാള്‍തന്നെ അതിലെ കടന്ന് പോയ ഒരാളെ വിളിച്ചു കാര്യം അവതരിപ്പിച്ചപ്പോള്‍ ആ മുഖത്ത് വിടര്‍ന്ന കൌതുകം ഞാന്‍ ശ്രദ്ധിച്ചു  .  പിന്നെ ആ ചെറുപ്പക്കാരന്‍ ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട്
രജിത്തിനെ എനിക്ക് അടുത്തറിയാം, മറ്റു ഒരു ദുശ്ശീലങ്ങളും ഉള്ളതായി അറിവില്ല. ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്  എന്നവന്‍  പറഞ്ഞവസാനിപ്പിച്ചപ്പോള്‍ . ശരിക്കും തേടിയ വള്ളി കാലില്‍ ചുറ്റിയ അവസ്ഥയില്‍ ആയിരുന്നൂ ഞങ്ങള്‍ . അങ്ങനെ ആ ചെറുപ്പക്കാരനുമായി സംസാരിച്ചിരുന്നപ്പോഴാണ് അയാള്‍ എന്നെ നോക്കി
സാര്‍  ബി ബി ബാങ്കിന്റെ മാനേജര്‍ അല്ലെ ? സാറിന്റെ ഫോട്ടോ ഈയടുത്ത് ഫേസ്ബുക്കിലെ  ബി ബി ബാങ്കിന്റെ പേജില്‍ കണ്ടിരുന്നൂ . ഞങ്ങളുടെ ശമ്പളം ആ ബാങ്കിലേക്കാണ് കമ്പനി ട്രാന്‍സ്ഫര്‍ ചെയ്യാറ് . ഈ രജിത്തിന്റെയും സാലറി അവിടെയാ വരുന്നേ . മുഴുവന്‍ പേര് രജിത്ത് രാമകൃഷ്ണന്‍ നടേമ്മല്‍  എന്നാണ് മുഴുവന്‍ പേര് . ഞാന്‍ ആ കമ്പനിയുടെ എച്ച് . ആര്‍ വിഭാഗത്തിലാണ് ജോലിചെയ്യുന്നത് . അതുപോലെ സാറ് എന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട് ആണ് . പിന്നെ സാര്‍ ഒരു കാര്യം കൂടി ചോദിച്ചോട്ടെ , സി ഐ ഫിലിപ്പ് ചാണ്ടി സാറിന്റെ സഹോദരനല്ലേ സാര്‍ ?”  എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി . എന്റെ ഫേസ് ബുക്ക്‌ പേജില്‍ മകള്‍ ഈയടുത്ത് കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ പോലും എത്ര പെട്ടെന്നാണ് ആളുകളുടെ ഓര്‍ത്തെടുത്തത്‌ എന്ന് ചിന്തിച്ച് ആ ചോദ്യത്തിന്
അതെ , ചേട്ടനുമായി വലിയ കോണ്ടാക്റ്റ് ഒന്നും ഇല്ല എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ അവന്‍ പറഞ്ഞാണ് ചേട്ടന്‍  ഈ നഗരത്തിലെ സ്റ്റേഷനില്‍  ആണ് ഡ്യൂട്ടി എന്നുപോലും അറിയാന്‍ കഴിഞ്ഞത്. അങ്ങനെ അവനോട് യാത്ര പിരിഞ്ഞു അവിടെ നിന്നും ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ വഴിയിലൂടെ കടന്നുപോവുന്ന പോലീസ് വാഹനങ്ങളിലെ മുന്‍ സീറ്റിലൂടെ കടന്ന് പോവുന്നുണ്ടായിരുന്നൂ. കൂടപ്പിറപ്പിന്റെ കുറച്ചു കാലം കാണാതായാല്‍ ഉണ്ടാവുന്ന ഒരു നഷ്ട ബോധം എന്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നൂ .

ഭാഗം: നാല്

അങ്ങനെ മുന്നോട്ട് നീങ്ങിയ എന്റെ മുന്നില്‍ നിനച്ചിരിക്കാതെ വന്നു നിന്ന കാറിന്റെ മുന്‍സീറ്റില്‍ നിന്നും
കയറി ഇരിക്കടാ
എന്ന ആജ്ഞഉയര്‍ന്നു വന്നപ്പോള്‍ ആദ്യമൊന്ന് ശങ്കിച്ചു. പിന്നീട് ഞാന്‍ തലതിരിച്ച് സീറ്റിലേക്ക് സൂക്ഷിച്ച് നോക്കി . ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് പുഞ്ചിരിയോടെ എന്നെ നോക്കി നിന്ന ചേട്ടനെ  നിറകണ്ണുകളോടെ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു . അങ്ങനെ ഞങ്ങള്‍ ആ കാറിന്റെ പിന്‍സീറ്റില്‍ ചേട്ടന്റെ പുത്രനോ ടൊപ്പം ഇരുന്നപ്പോള്‍ അവന് പോലും ഞങ്ങളെ ഒന്ന് സൂക്ഷിച്ച് നോക്കിക്കൊണ്ട്‌  അവന്റെ അച്ഛനോട്
 I had forgotten, actually who is he dad?”
എന്ന് ചോദിച്ചപ്പോള്‍ ചേട്ടത്തിയമ്മ   അവന് ഞാന്‍ ആരാണെന്ന് വിശദമായി പറഞ്ഞു  മനസ്സിലാക്കിക്കൊടുത്തപ്പോഴാണ് ആ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നത് . ചേട്ടന്‍റെ  പുറത്ത് ഗൌരവം കാട്ടി ഉള്ളില്‍ സ്നേഹം മാത്രം കാത്ത് സൂക്ഷിക്കുന്ന രീതി നന്നായി എനിക്ക് അറിയുന്നതിനാല്‍  ഞാന്‍ ധൈര്യത്തില്‍
ചേട്ടന്‍ ഈ ടൌണില്‍ തന്നെ ഉണ്ടായിരുന്നൂ അല്ലെ ?”
എന്ന് ചോദിച്ചപ്പോള്‍ ചേടത്തി എന്റെ ചെവിയില്‍ കടന്ന് പിടിച്ചു കൊണ്ട്
ജോസേ ഇവനേതാ ? “ എന്ന് ചോദിച്ചപ്പോള്‍  അതിനു മറുപടിയെന്നോണം പ്രദീപ്‌
ഫിലിപ്പ് ചേട്ടാ ഞാന്‍ തെക്കേലെ കുമാരന്റെ മകന്‍ പ്രദീപാണ്
പറഞ്ഞപ്പോള്‍ ചേട്ടന്റെ കണ്ണുകള്‍ വിടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു . പിന്നെ എന്തോ ആലോചിച്ച് ചേട്ടത്തിയമ്മയെ നോക്കി
നിനക്ക് ഇവനെ മനസ്സിലായോ ഇതാ മാക്രി കുമാരന്‍റെ മകനാ
പറഞ്ഞപ്പോള്‍ ചേട്ടത്തിയമ്മ അവനെ നോക്കി
എടാ ... എന്റെ കയ്യില്‍ നിന്നും നാളെ തരാം എന്ന് പറഞ്ഞു ആയിരം രൂപ കടം വാങ്ങി കൊണ്ട് പോയിട്ട് ഇന്നാണ് മുന്നില്‍ കിട്ടുന്നത്
പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സംഭവം എനിക്ക് ഓര്‍മ്മവന്നത് . അത് കഴിഞ്ഞു കാലം കുറെ കഴിഞ്ഞെങ്കിലും ചേടത്തിയമ്മ കൃത്യമായി കണക്ക് സൂക്ഷിച്ച് വച്ചത് അറിഞ്ഞ് അവന്‍ ദയനീയമായി എന്നെയും ചേട്ടത്തിയേയുംമാറി മാറി നോക്കിയ ശേഷം പോക്കറ്റില്‍ നിന്നും പണം എടുക്കാന്‍ ശ്രമിച്ചപ്പോള്‍  ചേട്ടത്തിയുടെ  അതുവരെയുള്ള ഗൌരവം പതിയെ  ചിരിയിലേക്ക്‌  വഴിമാറി. അവര്‍ അവനെ നോക്കി
നീ അത് കയ്യില്‍ തന്നെ വച്ചാല്‍ മതി .ഏതായാലും എനിക്ക് എല്ലാം ഓര്‍മ്മയുണ്ടായിരുന്നത് നന്നായി  അല്ലെ ചേട്ടാ
 എന്ന് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ചേട്ടന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കാറ് റോഡിന്റെ ഓരം ചേര്‍ത്ത് നിര്‍ത്തി. എല്ലാവരെയും കൂട്ടി പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി പിന്നെ എന്നെ നോക്കി
എടാ ഇവളെ സഹിക്കുന്ന എന്നെ അടിക്കണം, ഇപ്പോള്‍ ഇവളുടെ സ്വഭാവം എല്ലാര്ക്കും മനസ്സിലായില്ലേ
പറഞ്ഞപ്പോള്‍ . ഞാന്‍ മറുത്തൊന്നും പറയാതെ കഴിവതും മൌനം പാലിക്കാന്‍ ശ്രമിച്ചു . അത് കണ്ട് ചേട്ടന്‍ എന്നെ നോക്കി
ആരെങ്കിലും എനിക്ക് സപ്പോര്‍ട്ട് താടാ
പറഞ്ഞു നിറുത്തിയപ്പോള്‍ ചേട്ടത്തി കോപം നടിച്ചുകൊണ്ട്‌ ചേട്ടനെ നോക്കി
ഇവന്മാരൊന്നും എനിക്കെതിരെ കമാന്നോരക്ഷം മിണ്ടില്ല , ഇവന്മാരുടെ ഭൂമിശാസ്ത്രവും ചരിത്രവും എന്റെ കയ്യിലുണ്ടേ .പറഞ്ഞപ്പോള്‍ ഞാന്‍ മറുപടിയെന്നോണം
ചേട്ടത്തി , പഴയകാല ചരിത്രം കാണിച്ച് ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കല്ലേ
പറഞ്ഞപ്പോള്‍ ചേടത്തി എന്നെ നോക്കി അപ്പോള്‍ രമണിയുടെ 10 പവന്‍ , ഞാന്‍ മുഴുവന്‍ പറയണോ?”
എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടും ശരിക്കും ഞെട്ടി . ആരും കാണാതെ അടിച്ചു മാറ്റി കൃഷ്ണന്‍ സ്രാപ്പിന് വിറ്റ ആ കഥ എങ്ങനെ ചെട്ടത്തിയ്ടെ കാതിലെത്തി എന്നായി എന്റെ സംശയം അതിനാല്‍ ഞാന്‍ തലതിരിച്ചു മെല്ലെ പ്രദീപിനെ നോക്കി , അവന്‍ അത് കണ്ട് എന്നെ നോക്കി കണ്ണടച്ച് കാണിച്ചപ്പോള്‍ ഞാന്‍ ഓര്‍മ്മചെപ്പില്‍ പലമുഖങ്ങളും തിരയുകയായിരുന്നൂ . അതിനിടയില്‍ ചേട്ടന്‍ എന്നെ നോക്കി
എടാ ജോസേ .. അങ്ങനെ ഒരു തെറ്റ് നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍  സത്യം എന്നോട് തുറന്നു പറ . കാലം എത്ര കഴിഞ്ഞാലും തെറ്റ് തെറ്റായി കാലങ്ങളോളം നിലനില്‍ക്കും എന്റെ അനുജന് ആ തെറ്റില്‍ പങ്കുണ്ടെങ്കില്‍ അത് തിരുത്താനുള്ള സന്ദര്‍ഭം ഇപ്പോഴും ഉണ്ട് .
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അപ്പോഴുണ്ടായ  മാന്സാന്തരത്താല്‍  പ്രദീപാണ് സംഭവത്തിന്റെ ചുരുള്‍ ചേട്ടന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്
ചേട്ടാ . സത്യത്തില്‍  ഞങ്ങള്‍ ആ മാല മോഷ്ടിച്ചിട്ടില്ല മറിച്ച് മടത്തിലെ കുളക്കരയിലെ അലക്ക് കല്ലിന്റെ അടിയിലായി കിടന്ന അത്  ഞങ്ങള്‍  എടുത്ത് വിറ്റ്  ചേട്ടത്തിയുടെ കയ്യില്‍ നിന്നും വാങ്ങിയ ആയിരം രൂപയും കൂട്ടിയാണ് അച്ഛന്‍ തോമാച്ചന്റെ കയ്യില്‍ നിന്നും വാങ്ങിയ കടം കൊടുത്ത് തീര്‍ത്തത് .പിന്നീട് ചേട്ടത്തിയുടെ കടം വീട്ടാന്‍ മാര്‍ഗ്ഗമില്ലാതെ കഴിവതും പാത്തും പതുങ്ങിയുമാണ് നിങ്ങളുടെ വീട്ടില്‍ വന്നും പോയതും.പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞത് കണ്ട് ചേട്ടത്തി
നീ എന്തിനാ ഇങ്ങനെ ഒന്നും പറയാതെ ഒളിച്ചു നടന്നത് , എന്നോട് സത്യം പറഞ്ഞാല്‍ ഞാന്‍ എന്താ പിടിച്ചു വിഴുങ്ങുമോ .ഹാ ..നിന്റെ വിവാഹ വിശേഷങ്ങളും അതിന്റെ പുകിലും മറ്റും നാട്ടില്‍ നിന്നും അന്ന് അറിഞ്ഞിരുന്നൂ . അവള്‍ എന്ത് പറയുന്നൂ, ഞങ്ങളുടെ അന്വേഷണം അറിയിക്കണേ?   പിന്നെ എനിക്ക് നീയും ഇവനെ പോലെ തന്നെയാ .പിന്നെ നീ എപ്പോഴാ ഇങ്ങോട്ട് വന്നത് ?”
എന്ന് ചോദിച്ചപ്പോള്‍  സത്യം പറഞ്ഞാല്‍ എന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു . ഒപ്പം പിന്നെ എന്തിനാ ചേട്ടത്തിയുമായി എന്റെ സഹധര്‍മ്മിണി പിണങ്ങിയെ എന്ന ചോദ്യം ഉയര്‍ന്നു വന്നു .പിന്നെ എന്നെ നോക്കി പരിഭവം നടിച്ച് കൊണ്ട്
ഞങ്ങളുടെ നമ്പര്‍ കയ്യില്‍ ഉണ്ടായിട്ടുകൂടി ഇത്രയും കാലം നീ വിളിക്കാതിരുന്നത് എന്തേ? അത്രയ്ക്ക് അന്യരായോ ഞങ്ങള്‍ ? അത്രയ്ക്ക് വെറുക്കാന്‍ എന്ത് തെറ്റാ മോനെ ചേട്ടത്തി നിങ്ങളോടൊക്കെ ചെയ്തത്.? “
ചോദിച്ചപ്പോള്‍  എനിക്ക് കൃത്യമായൊരു ഉത്തരം ഇല്ലായിരുന്നൂ . ഞാന്‍ തലതിരിച്ചു ചേട്ടന്റെ നേരെ നോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത് . അതിനിടയിലാണ് ഞങ്ങളുടെ അരികില്‍ ഇരുന്നിരുന്ന മകന്‍
അമ്മച്ചിക്ക് തീരെ വയ്യ , ഡോക്ടറുടെ അടുത്ത്  പോവുകാ
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍  ഞാന്‍  ചേട്ടത്തിയെ സൂക്ഷിച്ച് നോക്കി ആ മുഖത്ത് തളംകെട്ടിയ  അവശതയുടെ അംശങ്ങള്‍ എന്നില്‍ പല അനാവശ്യ ചിന്തകള്‍ക്കും  വഴിവെക്കാന്‍ തുടങ്ങിയപ്പോള്‍  ചേട്ടനാണ് എന്റെ തോളില്‍ കൈവച്ച് വിദൂരങ്ങളില്‍ നോക്കി നിന്നപ്പോള്‍ ആ മൌനം എന്നെ വല്ലാതെ ഭയപ്പെടുത്തി. പിന്നെ ഒരു നെടുവീര്‍പ്പോടെ 
പിന്നെ ജോസേ എങ്ങനെ നിന്നോട് പറയണം എന്ന് എനിക്കറിയില്ല , ചില പരിശോധനകള്‍ കൂടി കഴിഞ്ഞാലെ തറപ്പിച്ചു പറയാന്‍ പറ്റൂ എങ്കിലും ഇവളില്‍ യൂട്രസ്സ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടതായി  പരിശോധനകളുടെ ബലത്തില്‍ ഡോക്ടര്‍മാര്‍ രണ്ടു മാസം മുമ്പ് സ്ഥിരീകരിച്ചിരുന്നൂ.
വിശദീകരിച്ചപ്പോള്‍  ശരിക്കും ഞാന്‍ ആകെ തകര്‍ന്ന്‍ പോയി . അമ്മയുടെ അഭാവത്തില്‍  പണ്ട് എന്‍റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് ചേട്ടത്തിയായതിനാല്‍ അവരുമായി ഒരു വല്ലാത്ത ആത്മബന്ധം എനിക്കുണ്ടായിരുന്നൂ. പണ്ട് എന്നെയും കൂട്ടി എവിടെയെങ്കിലും പോവുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എന്റെ മകനാണ് എന്നാണ് പരിചയപ്പെടുത്താറുള്ളത് എന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത വേദന എന്നില്‍ നിറയാന്‍ തുടങ്ങി. എന്റെ മുഖഭാവം കണ്ടാണ്‌ എന്ന് തോന്നുന്നൂ ചേട്ടത്തി എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചേട്ടനെ നോക്കി
എന്തിനാ എന്റെ മോനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കുന്നെ , എനിക്ക് ഒന്നും തന്നെയില്ല . അച്ഛനും മകനും കൂടി മനുഷ്യന്റെ സ്വൈര്യം കെടുത്താന്‍ ഓരോരോ കഥയുമായി ഇറങ്ങിക്കോളുംഅത്  പറയുമ്പോഴും ആ കണ്ണുകള്‍ നിറഞ്ഞത്‌ ഞാന്‍ ശ്രദ്ധിച്ചു . അതിനിടയില്‍ ചേട്ടന്‍ എല്ലാവരെയും വിളിച്ചു വീണ്ടും കാറിലേക്ക് കയറ്റി  അവിടെനിന്നും ഡോക്ടറുടെ അരികിലേക്ക് തിരിച്ചു . അവിടത്തെ ഡോക്ടര്‍ ചേട്ടന്റെ പരിചയക്കാരന്‍ ആയതിനാല്‍ വേഗം തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോള്‍  ചെട്ടത്തിയുടെ മനസ്സില്‍  എന്റെ വീട്ടിലൊന്ന് കയറണം എന്നൊരു മോഹം തോന്നി  . അങ്ങനെ അല്പസമയത്തെ ഓട്ടത്തിന് ഒടുവില്‍ ആ കാര്‍ എന്റെ വീടിന്റെ ഗേറ്റും കടന്ന് പോര്‍ച്ചില്‍ ചെന്ന് നിന്നപ്പോള്‍ അവരെ തീര്‍ത്തും ഗൌരവത്തില്‍ തന്നെയാണ് എന്റെ സഹധര്‍മ്മിണി സ്വീകരിച്ചത് . അവളുടെ കണ്ണുകളില്‍ എന്തിനാ ഇവറ്റകളെ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്ന ചോദ്യം നിഴലിചിരുന്നത് ഞാന്‍ ശ്രദ്ധിച്ചുകൊണ്ട് അവളെയും വിളിച്ചു അകത്ത് പോയി ചേട്ടത്തിയുടെ അസുഖവിവരം  പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു .  അതുകേട്ട് ആ മുഖത്തെ ഗൌരവഭാവം കണ്ണീരിലേക്ക് വഴിമാറിയത് വളരെ പെട്ടെന്ന്‍ ആയിരുന്നൂ . അതിനിടയില്‍ അങ്ങോട്ട്‌ കയറിവന്ന ചേട്ടത്തിയേ ചേര്‍ത്ത് പിടിച്ചു അവള്‍ മാപ്പ് പറഞ്ഞു കരഞ്ഞപ്പോള്‍ ചേട്ടത്തി അവളെ ആശ്വസിപ്പിക്കാന്‍ വല്ലാതെ വിഷമിച്ചു . പിന്നെ അവര്‍ എന്‍റെ തോളില്‍ വലത് കരമമര്‍ത്തി ക്കൊണ്ട്
 “ ഇവന്‍  നല്ല മോനാ, അവന്റെ അമ്മയും ചേട്ടത്തിയും എല്ലാം ഒരുകാലത്ത് ഞാന്‍ ആയിരുന്നൂ . എനിക്ക് ഇനി എത്ര കാലം ആണെന്ന് വച്ചാ  എന്ന് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ചേട്ടന്‍  മകനേയും കൊണ്ട് അങ്ങോട്ട്‌ കയറിവന്നു. അപ്പോള്‍  അറിയാതെ മനസ്സിലൂടെ  എന്റെ  കുഞ്ഞുന്നാളില്‍ ഒത്തിരി എടുത്ത് നടന്ന ചേട്ടന്റെ ചിത്രമാണ് മനസ്സില്‍ ആ സമയം തെളിഞ്ഞു വന്നത്. ശരിയാ 1 9 7 0 -8 0 കാലഘട്ടങ്ങളിലെ സ്നേഹത്തില്‍നിന്നും  ഈക്കാലഘട്ടത്തില്‍  തമ്മില്‍ കാട്ടുന്ന  അവസരവാദ സ്നേഹത്തിലേക്ക് ആളുകള്‍ എത്രയോ തരം താഴ്ന്നിരിക്കുന്നൂ
ഭാഗം: അഞ്ച്

ചേട്ടത്തി എന്റെ നല്ല പാതിയെ ആശ്വസിപ്പിച്ചു ചേര്‍ത്ത് പിടിച്ചു എല്ലാവരെയും കൂട്ടി ആ മുറിയില്‍ നിന്നും ഹോളിലേക്ക്‌ പ്രവേശിചപ്പോഴേക്കും  ചേട്ടന്റെ മകന്‍ തന്റെ മൊബൈല്‍ ഗെയിംമിലേക്ക് തിരിഞ്ഞു കഴിഞ്ഞിരുന്നൂ.  ആ ഹോളിലെ സോഫയിലേക്ക്  ഇരുന്ന് കൊണ്ട് ചേട്ടന്‍ പ്രദീപിനെ നോക്കി
ഹാ നീ ഇപ്പോള്‍ എന്താ ചെയ്യുന്നേ ? “
ചോദിച്ചപ്പോള്‍ അതിനു മറുപടിയെന്നോണം
ചേട്ടാ ഞാന്‍ ഇപ്പോള്‍ എസ്സ് പി ഓഫീസില്‍ സിവില്‍ പോലിസുകാരനായി ജോലിചെയ്യുന്നൂ.
പറഞ്ഞു നിറുത്തിയപ്പോള്‍  ചേട്ടത്തി അവന്‍ ഇരുന്ന സോഫയുടെ പിറകില്‍ വന്ന്‍ അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട്
കള്ളന്മാര്‍ക്ക് ഒളിക്കാന്‍ കണ്ട സ്ഥലം
പറഞ്ഞപ്പോള്‍ ആ മുറിയില്‍ ഒരു കൂട്ടച്ചിരി ഉയര്‍ന്നു. പിന്നെ ചേട്ടന്റെ നേരെ തിരിഞ്ഞ് അവര്‍
ഹല്ലോ ചേട്ടാ എന്താ ഈ കേള്‍ക്കുന്നത് , എന്റെ ആയിരം ആര് തരും കള്ളനോ പോലീസോ
തമാശരൂപത്തില്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ ചിരിച്ചുകൊണ്ട്
നീ പോയേ എല്ലായ്പ്പോഴും ഞങ്ങള്‍ പോലീസ്കാരെ ക്കുറിച്ച് അപവാദം പറഞ്ഞു നടന്നാല്‍ ലാത്തിയുടെ ചൂട് നീ അറിയും, അടുക്കളയില്‍ ചെന്ന് അവളെ സഹായിക്കാന്‍ നോക്ക് , നല്ല വിശപ്പുണ്ട്
 എന്ന് പറഞ്ഞു ചേട്ടന്‍ സോഫയില്‍ നിന്നും എഴുന്നേറ്റ്  അവരെ അടുക്കള ഭാഗത്തേക്ക് തള്ളി വിട്ടപ്പോള്‍  പുത്രന്‍ ആ കാഴ്ച്ച കണ്ട് പൊട്ടിച്ചിരിച്ചത് ഞാന്‍  ശ്രദ്ധിച്ചു . ചേട്ടത്തി അടുക്കളയിലേക്കു കയറി എന്ന് ഉറപ്പു വരുത്തിയ ശേഷം ചേട്ടന്‍ സോഫയിലേക്ക് തിരിച്ച് വന്നിരുന്ന്‍  പ്രദീപിന്റെ നേരെ ആവനാഴിയിലെ ചോദ്യ ശരങ്ങള്‍ ഓരോന്നായി എടുത്ത് എയ്യാന്‍ തുടങ്ങി . അതിനുള്ള കൃത്യവും വ്യക്തവുമായ മറുപടിയുമായി പ്രദീപും അതിനൊപ്പം ചേര്‍ന്നപ്പോള്‍  കളിയും ചിരിയും കലര്‍ന്ന ഒരു സംവാദമായി അത് മാറി  ഒടുക്കം മകളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ സന്ധ്യയോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത് എന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ തന്നെ ചേട്ടന്‍ അടുക്കളയിലേക്കു നോക്കി
എടിയേ, നീ ഇങ്ങോട്ടൊന്ന് വന്നേ , “
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ തന്നെ അവര്‍ അടുക്കളയില്‍ നിന്നും വേഗം നടന്നു വന്നു അടുത്തുകണ്ട സോഫയില്‍ കയറി ഇരുന്നുകൊണ്ട് ചേട്ടന്റെ നേരെ നോക്കി
എന്നെ തള്ളി പറഞ്ഞയച്ചിട്ട് ഇപ്പോഴെന്തിനാ വിളിച്ചേ ?”
പരിഭവത്തോടെ ചോദിച്ചപ്പോള്‍ ചേട്ടന്‍ അവരെ നോക്കി
എടീ ഇവന്റെ മകള്‍ക്ക് ഇപ്പോള്‍  വിവാഹ പ്രായമായി അതുമായുള്ള അന്വേഷണത്തിന് ആണ് ഇവന്‍ ഇവിടെ വന്നത് അത്രേ
പറഞ്ഞപ്പോള്‍ . എടാ നിനക്ക് അത്ര വലിയ മകളൊക്കെ ആയോ ? അവള്‍ ഏതുവരെ പഠിച്ചു ?”
എന്ന് പറഞ്ഞുകൊണ്ട് അവന്റെ തുടയില്‍ ഒന്ന് പിച്ചിയപ്പോള്‍ അവന്‍ അറിയാതെ സോഫയില്‍ ഇരുന്ന് പുളഞ്ഞുപോയി . എങ്കിലും മുഖത്തെ പുഞ്ചിരിമായാതെ സൂക്ഷിച്ചുകൊണ്ട്‌ അവരെ നോക്കി
ഹും... മൂത്തവള്‍ ബി എ  ഇംഗ്ലീഷ്  സാഹിത്യം പൂര്‍ത്തിയാക്കി , ഇപ്പോള്‍ എം എ ക്ക് പോവണം എന്നും പറഞ്ഞു നടക്കുമ്പോഴാണ് ഈ വിവാഹാലോചന വന്നത് , വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ ?”
പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ . അവര്‍ ചിരിച്ചുകൊണ്ട്
എടാ നീ വല്ലാതെ മാറിപ്പോയല്ലോ ഒരു പക്വത വന്നിരിക്കുന്നൂ . കൊള്ളാം . എന്ത് ആവശ്യം വേണമെങ്കിലും അറിയിക്കാന്‍ മടിക്കരുത് . അതുപോലെ കല്യാണം ഞങ്ങളെയും അറിയിക്കണം കേട്ടോ .
പറഞ്ഞു ചേട്ടന്റെ നേരെ തിരിഞ്ഞു കൊണ്ട്
ചേട്ടാ ഇവന് ആ പയ്യനെക്കുറിച്ച് അന്വേഷിക്കാന്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ ചെയ്യ്തു കോടക്കണേ ഇവനൊക്കെ നമ്മളുടെ കുഞ്ഞുങ്ങളല്ലേ
എന്ന് പറഞ്ഞപ്പോഴേക്കും ചേട്ടന്‍ അവന്റെ കയ്യില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ജോലിചെയ്യുന്ന കമ്പനിയുടെ പേരും അവന്റെ വിവരങ്ങളും ശേഖരിച്ചു ആരെയൊക്കയോ വിളിച്ചു പറഞ്ഞു അപ്പോള്‍ തന്നെ പോലീസിന്റെ പണി ആരംഭിച്ചു. ചേട്ടത്തി തന്റെ ചോദ്യങ്ങള്‍ തുടര്‍ന്നു
എടാ നിനക്ക് എത്ര മക്കളാണ് ?”
അതിനു മറുപടിയായി  അവന്‍
അത് ഞങ്ങള്‍ക്ക് രണ്ടു കുട്ടികളാണ്. രണ്ടും പെണ് കുഞ്ഞുങ്ങള്‍ മൂത്തവളുടെ പേര് ഷീബ  ഇളയവള്‍ ഷീജ ഇപ്പോള്‍ പ്ലസ്‌ ടു വിനു പടിക്കുന്നൂ .
  പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ആ വാക്കുകളില്‍ ഒരു ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം നിഴലിച്ചത് പോലെ  എനിക്ക് തോന്നി . അതിനിടയില്‍ ആഹാരം തീന്‍ മീശയില്‍ നിരത്തിക്കൊണ്ട്‌ ഊണിന് വിളിച്ചുകൊണ്ടു എന്റെ നല്ല പാതി അങ്ങോട്ട്‌ വന്നപ്പോള്‍ ഞങ്ങള്‍ അവളുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു. അങ്ങനെ എത്രയോ കാലങ്ങള്‍ക്ക് ശേഷം കുളിര്‍മ്മയുള്ള മനസ്സോടെ ഒത്തൊരുമയോടെ ഒരു മേശയ്ക്കു ചുറ്റുമായി ആഹാരം ആസ്വദിച്ചു കഴിച്ചു കഴിഞ്ഞപ്പോഴേക്കും സമയം മൂന്ന്‍ കഴിഞ്ഞിരുന്നൂ . പിന്നെ കുറെ നേരം പല രീതിയിലുള്ള ഫോട്ടോ സെഷന് സമയം കണ്ടെത്തിയപ്പോള്‍ ഞാന്‍ ചേട്ടനെ നോക്കി ചേട്ടാ .. മോള് നാല് മണിയോടെ വരും അവളെ കൂടി  കണ്ടിട്ട് പോയാല്‍ പോരെ?” എന്ന് ചോദിച്ചപ്പോള്‍ ചേട്ടത്തി ഇടക്ക് കയറി പിന്നല്ലാതെ എന്റെ റോസിമോളെ കാണാതെ ഞാന്‍ പോകുമോ എന്ന് പറഞ്ഞു എന്റെ നല്ലപാതിയോടൊപ്പം അവളുടെ സാമ്രാജ്യത്തിലേക്ക് നീങ്ങി . ശരിയാ ഇത്രനേരം വരെ ഞാന്‍ നിങ്ങള്ക്ക് എന്റെ  സഹധര്‍മ്മിണിയെ പരിചയപ്പെടുത്തി തന്നില്ലല്ലോ. അവളുടെ പേര് ജെസ്സി  ഇന്നും ഒരു സിനിമാനടിയെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കാനാണ് അവള്‍ക്കു ഇഷ്ടം .എന്റെ വസ്ത്രങ്ങള്‍ സെലക്ട്‌ ചെയ്യുന്നതും കഷണ്ടിക്ക് ചുറ്റുമുള്ള നരച്ച തലമുടി കളെ കറുപ്പിച്ചു ചെറുപ്പക്കാരന്‍ ആയി കൊണ്ട് നടക്കുന്നത് അവള്‍ തന്നെ . ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ട് അതിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മകനും ചേട്ടനും  പ്രദീപും ഞാനും  അവരോടൊപ്പം ചേര്‍ന്നു. അതിനിടയില്‍ അവളും ചേട്ടത്തിയും കൂടി കുറെ പൂ ചെടികളും മറ്റും കാറിന്റെ ഡിക്കിയില്‍ നിറച്ചപ്പോള്‍ മകന് ജെസ്സി ഒരു പോമറേനിയന്‍ പട്ടിക്കുട്ടിയെ സമ്മാനമായി നല്‍കി. അവന് അതിനെ വല്ലാതെ ബോധിച്ചു . ആ വെളുത്ത പട്ടിക്കുഞ്ഞിനെയും കൊണ്ട് ഞങ്ങളോടൊപ്പം വീട്ടിലേക്കു നടന്നു കയറിയ അവന് അവള്‍ ഒരു കുഞ്ഞ് കൂടും നല്‍കി അങ്ങനെ കാറിന്റെ പിന്‍ സീറ്റില്‍ ഭദ്രമായി അതിനെ കൊണ്ട് വച്ച് നിന്നപ്പോഴേക്കും ഗേറ്റ് തുറന്ന്‍ റോസി ഓടി വന്നു .വീടിന്റെ പോര്ചിലെ കാര്‍ ആരുടേത് ആണ് ആരാ വന്നത് എന്നീ ചോദ്യങ്ങളുടെ ഉത്തരം തേടി അവള്‍ വീട്ടിലേക്കു ഓടി കയറി .
ഭാഗം:ആറു

വീടിന്റെ ഹോളില്‍ അവളുടെ വരവും പ്രതീക്ഷിച്ചു നിന്ന അവള്‍ക്ക് ആരെയും കണ്ട അറിവ് പോലും ഇല്ലാതിരുന്നതിനാല്‍ അവള്‍ എന്റെ നേരെ ചോദ്യഭാവത്തില്‍ നോക്കുന്നത്  കണ്ടാണ്‌  ചേട്ടത്തി സോഫയില്‍ നിന്നും എഴുന്നേറ്റത് .  പിന്നെ അവളുടെ നേരെ നോക്കി
റോസിമോളല്ലേ ? മോള്‍ക്ക് ഞങ്ങളെ മനസ്സിലായോ ?”
എന്ന് ചോദിച്ചപ്പോള്‍ അവള്‍ കണ്പുരികങ്ങള്‍ മേല്പ്പോട്ട് ഉയര്‍ത്തിക്കൊണ്ടു
ഇല്ല എന്ന് പറഞ്ഞത് ചേട്ടത്തിയേ വല്ലാതെ വേദനിപ്പിച്ചു എന്ന് തോന്നുന്നൂ . അവര്‍ അവളുടെ അരികിലേക്ക് കുറച്ചുകൂടി ചേര്‍ന്ന് നിന്ന്  എന്നെ നോക്കിക്കൊണ്ട്
എങ്ങനാ നിനക്ക് അറിയാന്‍ കഴിയുക . നീ കൈകുഞ്ഞായിരുന്നപ്പോള്‍ ഈ വലിയമ്മച്ചി എത്ര എടുത്ത് നടന്നിരിക്കുന്നൂ . അതുപോട്ടെ വലിയച്ചനെയെങ്കിലും നിനക്ക് ഓര്‍മ്മയുണ്ടോ ?”
എന്ന് ചോദിച്ചപ്പോള്‍ അവള്‍ വേഗം
 വല്യച്ചന്‍ പോലീസല്ലേ എനിക്ക് പേടിയാ ?”
എന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ അവളെ നോക്കി ചിരിച്ചുകൊണ്ട്

എന്തിനാ മോള്  പോലീസുകാരെ പേടിക്കുന്നേ? എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറയാം ഞങ്ങള്‍ പോലീസുകാര്‍ നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ പ്രവര്‍ത്തിക്കുന്നെ
എന്ന് ചോദിച്ചപ്പോള്‍ അവള്‍  എന്നെ നോക്കി
പറയട്ടെ
എന്ന്  ചോദിച്ചപ്പോള്‍ . ഞാന്‍ അവളെ നോക്കി
വേണ്ട
എന്ന ഭാവത്തില്‍ കണ്ണു ചിമ്മി കാണിച്ചപ്പോള്‍  ചേട്ടന്‍ സോഫയില്‍ നിന്നും എഴുന്നേറ്റ് അവളെയും കൂട്ടി സംഭവത്തെക്കുറിച്ച് ആരാഞ്ഞു കൊണ്ട് അവിടെനിന്നും പുറത്തേക്ക് നടന്നു.
ഞാന്‍ അകത്തെ സോഫയിലെ തണുത്ത പ്രതലത്തില്‍ നിന്നും ഉയര്‍ന്ന ചൂട് എന്റെ ശരീരത്തിലൊട്ടാകെ പടരുമ്പോഴും അവള്‍ എന്താണ് ചേട്ടനോട് പറയാന്‍ പോവുന്നത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി . എന്റെ ആ അവസ്ഥകണ്ട് ചേട്ടത്തി എന്നെ നോക്കി
നിനക്ക് എന്താ ജോസേ പറ്റിയെ? നിനക്ക് വല്ലായ്ക എന്തെങ്കിലും ഉണ്ടോ
എന്ന് ചോദിച്ചപ്പോള്‍ എന്റെ നാവ് വരളുന്നത് ഞാന്‍ അറിഞ്ഞു അവരുടെ ചോദ്യത്തിന്റെ  ഉത്തരം കിട്ടാതെ ഞാന്‍ വിഷമിച്ചു . അപ്പോഴേക്കും വരാന്തയില്‍ നിന്നും കലിതുള്ളിക്കൊണ്ട് ചേട്ടന്‍ അങ്ങോട്ട്‌ കയറിവരുന്നുണ്ടായിരുന്നൂ. അദ്ദേഹം എന്റെ മുന്നില്‍ വന്നു നിന്നുകൊണ്ട് റോസിമോളെ അരികിലേക്ക് വിളിച്ച് ശാന്തനായി പറഞ്ഞു  
മോളെ നീ എന്നോട് കുറച്ചുമുമ്പേ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിച്ചേ
എന്ന് പറഞ്ഞപ്പോള്‍ മടിച്ചാണെങ്കിലും അവള്‍
 “ ഒരിക്കല്‍ ഞാനും അച്ഛനും ടൌണില്‍ നിന്നും വരുന്ന ഒരു പോലീസുകാരന്‍  വഴിയില്‍ തടഞ്ഞു നിറുത്തി. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നൂ. അയാള്‍ അച്ഛനോട് ഏതോ ലോണിന്റെ കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞു തട്ടിക്കയറുന്നുണ്ടായിരുന്നൂ ,  ബാങ്കിന്റെ ഭാഗത്തെ നിയമ വശങ്ങള്‍ അച്ചന്‍ അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ നന്നേ വിഷമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു  . അവസാനം അയാള്‍ എന്റെ കയ്യില്‍ കടന്ന് പിടിച്ച് വല്ലാത്തൊരു ചിരി ചിരിച്ചു . ഞാന്‍ ശരിക്കും പേടിച്ചു , എന്നെ അയാളുടെ കയ്യില്‍ നിന്നും വിടുവിക്കാന്‍ അച്ചന്‍  അയാളുടെ മുമ്പില്‍ ഭയന്ന് വിറച്ചു കുറെ സമയം നന്നെ പണിപ്പെട്ടു . ഒടുക്കം അയാള്‍ പറഞ്ഞ പണം  കൊടുത്ത് അവിടെ നിന്നും  വീട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ . എന്നോട് ഈ സംഭവത്തെക്കുറിച്ച്  ആരോടും മിണ്ടിപ്പോവരുത്  എന്ന് അച്ചന്‍ പ്രത്യേകം പറഞ്ഞിരുന്നൂ  . അന്ന് മുതല്‍ എനിക്ക് പോലീസ് എന്ന് കേട്ടാല്‍ പേടിയാ .
എന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും   എല്ലാവരുടേയും മുഖത്ത്  എന്നെ കൊല്ലാനുള്ള പകയുണ്ടായിരുന്നൂ . ചേട്ടന്‍ എന്നെ വിളിച്ചു പുറത്തേക്ക് കൊണ്ട് പോയി ആ പോലീസുകാരന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ചേട്ടത്തിയമ്മയേയും മകനെയും കൂട്ടി അവിടെനിന്നും തിരിക്കാന്‍ ഒരുങ്ങവേ ചേട്ടത്തി
ജെസീ  റോസിമോളെ ഞങ്ങള്‍ കൂടെ കൊണ്ട് പോവട്ടെ
എന്ന് അപ്രതീക്ഷിതമായാണ് ജെസിയെ നോക്കി ചോദിച്ചത് . ജെസി അവരെ നോക്കി ചിരിച്ചുകൊണ്ട് മനസ്സില്‍ ആഗ്രഹിച്ചപോലെ  
ശരി ചേച്ചീ, ഇപ്പോള്‍ ഞാന്‍ മോളെ ഒരുക്കി വിടാം
 എന്ന് പറഞ്ഞു കൊണ്ട് റോസിമോളെ  ഒരുക്കി അവരോടൊപ്പം പറഞ്ഞയച്ചപ്പോള്‍ എന്റെ നെഞ്ച് പടപടാ മിടിക്കുന്നത് വ്യക്തമായി കേള്‍ക്കാമായിരുന്നൂ. അല്പസമയത്തിനുള്ളില്‍ അവര്‍ കയറിയ കാര്‍  എല്ലാവരോടും യാത്ര പറഞ്ഞശേഷം അവിടെ നിന്നും  യാത്രയായി . ആ കാര്‍ ഗേറ്റ് കടന്ന് മെയിന്‍ റോഡില്‍ പ്രവേശിക്കുന്നത് വരെ ജെസ്സി ശാന്തമായി കാണപ്പെട്ടപ്പോള്‍ ഞാനും കരുതി അവള്‍ എന്നോട് ക്ഷമിക്കും എന്ന് . പക്ഷെ പതിയെ അവള്‍ എന്നെ നോക്കി
ജോസേട്ടാ ഒന്ന് ഇങ്ങോട്ട് വന്നേ
 എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് ചൂരലുമായി നില്‍ക്കുന്ന ടീച്ചറുടെ മുന്നില്‍ അകപ്പെട്ട കുട്ടിയുടെ അവസ്ഥയില്‍ ആയിരുന്നൂ ഞാന്‍ .  അപ്പോഴേക്കും വരാന്തയില്‍ അവരെ യാത്രയാക്കാന്‍ നിന്നിരുന്ന പ്രദീപ്‌ പതിയെ എന്നോട് യാത്രചോദിച്ച് എന്നെ തനിച്ചാക്കി അവിടെ നിന്നും നടന്നകന്നപ്പോള്‍ ഞാന്‍ മെല്ലെ അകത്തേക്ക് നടന്നു . ഞാന്‍ അകത്തേക്ക് പ്രവേശിച്ചതും അവള്‍ ഉമ്മറവാതില്‍  പതിയെ ചാരിവച്ചുകൊണ്ട്  നിറകണ്ണുകളോടെ എന്നെ നോക്കി
എന്താ ജോസേട്ടാ ഇങ്ങനെ ? മോള്‍ക്ക് നിങ്ങളെ എന്തിഷ്ടാണ് എന്നോ , പക്ഷെ കുറച്ചു ദിവസായി അവള്‍ എന്തൊക്കയോ എന്നോട് പറയാതെ ഒഴിഞ്ഞുമാറുന്നു എന്ന് എനിക്ക് തോന്നിയിരുന്നൂ . ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ ദേഷ്യമായി കരച്ചിലായി . എന്തിനാ അവളുടെ മനസ്സ് വേദനിപ്പിച്ചേ . ചേട്ടന് പ്രതികരിക്കാന്‍ പേടിയാണെങ്കില്‍ ഞാന്‍ ചേട്ടനോട് പറയാം . അവളുടെ കയ്യില്‍ കയറി പിടിച്ച ആ പോലീസുകാരനെ എനിക്കൊന്നു കാണണം . എന്റെ മോളുടെ കയ്യില്‍ കയറിപ്പിടിച്ച അയാള്‍ക്ക് അതിനുള്ള തക്കതായ ശിക്ഷ കിട്ടുക തന്നെ വേണം
എന്ന് പറഞ്ഞപ്പോള്‍ ഞാനും നിന്ന നില്‍പ്പില്‍ ഉരുകി ഇല്ലാതെ ആവുന്നത് പോലെ എനിക്ക് തോന്നി . ഈ നിമിഷം ഈ ഭൂമിയില്‍ നിന്നും ഇല്ലാതെ ആയിരുന്നെങ്കില്‍ എന്ന്  അറിയാതെ ചിന്തിച്ചുപോയി . അവള്‍ എന്റെ മകള്‍ മാത്രമായിരുന്നില്ല മറിച്ച്  നല്ല കൂട്ടുകാരിയും ആയിരുന്നൂ. അവള്‍ക്കു എന്ത് പ്രശ്നമുണ്ടായാലും ആദ്യം അവതരിപ്പിക്കുന്നത് എന്‍റെ അരികില്‍ ആയിരുന്നൂ . പിന്നെ ഇപ്പോള്‍ മാത്രം എന്തെ ഞാന്‍ ഇത്രയും മാറിപ്പോയത്  എന്നോര്‍ത്ത് വാക്കുകള്‍ കിട്ടാതെ വലഞ്ഞു.  ശരീരം ആകെ തളരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടപ്പോള്‍ അടുത്തു കണ്ട സോഫയില്‍ ഞാന്‍ മെല്ലെ ഇരുന്നൂ. എന്റെ നിസ്സഹായാവസ്ഥ കണ്ട ജെസ്സിയുടെ ഭാവം മാറി അവള്‍ വേഗം തന്നെ അരികില്‍ വന്ന് എന്നെ സൂക്ഷിച്ച് നോക്കി . എന്റെ നെറ്റിത്തടത്തില്‍ പടര്‍ന്നു കിടന്ന വിയര്‍പ്പു കണങ്ങള്‍ സാരിത്തലപ്പിനാല്‍ തുടച്ച് അകത്തേക്ക് നോക്കി
ശാരി വേഗം കുറച്ച് വെള്ളം എടുത്തേ , ചേട്ടന് തീരെ സുഖമില്ല
വിളിച്ചുപറഞ്ഞപ്പോഴേക്കും ഞാന്‍ കുഴഞ്ഞുവീണു കഴിഞ്ഞിരുന്നൂ.  ജെസ്സി ശരിക്കും ഭയന്ന് കാണും. പിന്നെപ്പോഴോ ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍  ശരീരത്തിലേക്ക് ഒരു സുഖകരമായ  തണുപ്പ് പടരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. കയ്യിലെ ഞരമ്പില്‍ ഘടിപ്പിച്ച സൂചിയിലൂടെ ഏതോ മരുന്ന് എന്റെ ഞരമ്പുകളിലേക്ക് പടരുന്നത് ഞാന്‍ അറിഞ്ഞു . കുറച്ചകലെയായി  തൂവെള്ളവസ്ത്രധാരികളായ രണ്ടു നേഴ്സുമാര്‍ അരികിലേക്ക് നടന്നടുക്കുന്നത് ഞാന്‍ അറിഞ്ഞു . ഞാന്‍ മയക്കമുണര്‍ന്നു എന്നരിഞ്ഞുള്ള വരവാണ്  എന്ന് തോന്നുന്നൂ . അതിലൊരാളോട് ജെസ്സിയെക്കുരിച്ചു ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ചെന്ന് ജെസ്സിയെ കൂട്ടി എന്റെ അരികിലേക്ക് എത്തിച്ചപ്പോള്‍ ആ കണ്‍തടങ്ങള്‍ കരഞ്ഞു കലങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു . മുഖത്ത് ഘനീഭവിച്ച കണ്ണീര്‍ മേഘങ്ങളേ നര്‍മ്മം നിറഞ്ഞ സംഭാഷണ ശകലങ്ങള്‍കൊണ്ട് മായ്ച്ചുകളയാന്‍ ഞാന്‍ നടത്തിയ ശ്രമം അവളുടെ വിങ്ങലില്‍ അവസാനിച്ചപ്പോള്‍ എന്റെ റോസി മോളും ചേട്ടനും പുറത്ത് കാത്ത് നില്‍പ്പുണ്ട് എന്ന് അവള്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്റെ മനസ്സിന്  അവളെ അഭിമുഖീകരിക്കാനുള്ള ശക്തി ഇല്ലാതിരുന്നതിനാല്‍ കണ്ണുകള്‍  വലിച്ചടച്ച് ഏതോ ചിന്തകളിലേക്ക് ഞാന്‍ കടന്നു .

ഭാഗം: ഏഴ്

എന്റെ കണ്ണടച്ചുള്ള ആകിടപ്പ് മയക്കത്തിലേക്ക് വഴിമാറി. രാത്രിയോടെ ഞാന്‍ നിദ്രയില്‍ നിന്നും എഴുന്നേറ്റു നേഴ്സിനെ വിളിക്കാന്‍ കയ്യുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അതില്‍  ഘടിപ്പിച്ച സൂചി എന്റെ ശ്രദ്ധയില്‍ പതിഞ്ഞത് . കൈയ്യനക്കിയതിനാലാണെന്ന് തോന്നുന്നൂ ആ കൈയ്യില്‍ നിന്നും വല്ലാത്ത ഒരു നീറ്റല്‍  ഞാന്‍ അനുഭവിച്ചു .അപ്പോഴേക്കും എന്റെ അരികിലേക്ക് വന്ന നേഴ്സ് മരുന്നിന്റെ ഞരമ്പിലേക്കുള്ള പ്രവാഹം പരിശോധിച്ചശേഷം അവരുടെ ഇരിപ്പിടത്തിലേക്ക് തിരിച്ചു നടന്നു. അല്പസമയത്തിനകം ഡോക്ടര്‍മാരുടെ ഒരു പട തന്നെ അങ്ങോട്ട്‌ കയറിവന്ന്  എന്നെ  സസൂഷ്മം പരിശോധിച്ചപ്പോഴാണ്  ഞാന്‍ അതിലൊരു ഡോക്ടരോട്  
സാര്‍.. എനിക്ക് എപ്പോഴാ വീട്ടില്‍ പോവാന്‍ കഴിയുക ?”
ചോദിച്ചത്. അത് കേട്ട് അദ്ദേഹത്തിന്റെ ചുണ്ടിലേക്ക് പടര്‍ന്ന പുഞ്ചിരി പുറത്ത് കാട്ടാതെ  എന്റെ നേരെ തിരിഞ്ഞു
നോക്കട്ടെ . എല്ലാം നല്ല നിലയില്‍ പോവുകയാണെങ്കില്‍ നാളെ കാലത്തോടുകൂടി  നിങ്ങളെ  വാര്‍ഡിലേക്ക് മാറ്റാം കേട്ടോ, കുറച്ചു നാള് കൂടി ഇവിടെ ചെലവഴിക്കേണ്ടി വരും  
എന്ന് പറഞ്ഞു എന്തോ കാര്യം നെഴ്സിനോട് പറഞ്ഞേല്‍ പ്പിച്ച് അദ്ദേഹവും സംഘവും അവിടെ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നേഴ്സ് വാതില്‍ തുറന്ന്‍ പുറത്തേക്ക് പോയി. അവരുടെ ദൃതി പിടിച്ചുള്ള പോക്ക് കണ്ടപ്പോള്‍ തന്നെ മരുന്ന് വാങ്ങിക്കാന്‍ ആയിരിക്കും  എന്ന് ഞാന്‍ ഊഹിച്ചു .
ഞരമ്പുകളിലൂടെ മത്സരിച്ച് ഒഴുകിയ ഗ്ലൂക്കൊസിന്റെയും മരുന്നിന്റെയും ആലസ്യത്തില്‍ എപ്പോഴോ എന്റെ കണ്ണുകളെ തഴുകി ഉറക്കിയത് ഞാന്‍ അറിഞ്ഞു .  
കാലത്ത് തന്നെ ഞാന്‍ ഉറക്കമുണര്‍ന്ന് മേല്‍പ്പോട്ട്‌ നോക്കിക്കിടന്നപ്പോള്‍ മനസ്സിലൂടെ എന്റെ ബാല്യം മുതല്‍ ഇന്നുവരെ ജീവിതത്തില്‍ സംഭവിച്ച പലതും മിന്നിമാഞ്ഞപ്പോള്‍ മറക്കാന്‍ ശ്രമിച് പലതും ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു . അതില്‍ കൂടുതലും എന്നെ ചുട്ടുപൊള്ളിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകള്‍ വലിച്ചു തുറന്ന്‍ മനസ്സില്‍ മോളോട്
മോളെ നിന്റെ അച്ചന്‍ ഇങ്ങനെ അല്ലായിരുന്നൂ ഇന്നത്തെ സമൂഹത്തിലെ അരക്ഷിതാവസ്ഥയാണ് എന്നെ ഇങ്ങനെയൊക്കെ ആക്കി മാറ്റിയത്
എന്ന് പറയാന്  തുടിച്ചു . പക്ഷെ തെറ്റുകള്‍ ചെയ്യാതെ  നേര്‍ വഴിക്ക് ചരിക്കുന്നവരെ നിന്ദ്യരാക്കുന്ന ഇന്നത്തെ സമൂഹവും നീതിന്യായവ്യവസ്ഥകളും ഭരണാധികാരികളും നമ്മള്‍ക്ക് ഒരു സുരക്ഷയും ഒരുക്കാതെ പലപ്പോഴും വിടുവായത്തം പറഞ്ഞു നടക്കുന്നത് ഓര്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ എങ്ങനെയാണ് എന്നാണോ മകള്‍ ധരിച്ചിരിക്കുന്നത് എന്ന് മനസ്സ്കൊണ്ട് തീരുമാനിച്ചു നിന്നപ്പോഴേക്കും തലേന്നാള്‍  പറഞ്ഞ പ്രകാരം എന്നെ ഐ സി യുവില്‍ നിന്നും  വാര്‍ഡിലേക്ക് മാറ്റി . അപ്പോഴേക്കുംജെസിയും  മകളും ചേട്ടനും കുടുംബവും ചില പരിചയക്കാരും ഒപ്പം പ്രദീപും എന്റെ അരികില്‍ വട്ടം കൂടി നിന്നപ്പോള്‍ ശോകം തളംകെട്ടിയ അവരുടെ മുഖത്തേക്ക് നോക്കാന്‍  ഞാന്‍ ഭയന്നു. അപ്പോഴേക്കും എന്റെ റോസി മോള്‍  ശരീരത്തോട് പറ്റി ചേര്‍ന്ന് നിന്നുകൊണ്ട് കഷണ്ടി തലയിലൂടെ വിരലോടിച്ചപ്പോള്‍ അവളുടെ കൈകള്‍ വിയര്‍ത്തിരുന്നത് ഞാന്‍ അറിഞ്ഞു . എന്റെ മുഖത്തെ വിയര്‍പ്പു കണങ്ങള്‍ തോര്‍ത്ത് കൊണ്ട് ഒപ്പിയെടുത്ത് കൊണ്ട് ചേട്ടന്‍
എന്താടാ നിനക്ക് പറ്റിയെ ? നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ ? വിഷമിക്കണ്ട കേട്ടോ ഞങ്ങള്‍ ഉണ്ട് കേട്ടോ എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ചേട്ടന്റെ കണ്ണുകള്‍ ചുവന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചു . പെട്ടെന്ന് മുഖം തിരിച്ചു ചേട്ടത്തിയോടു എന്തോ പറഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അറിയാതെ എന്റെ  മനസ്സും നീറി.
രണ്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു പോയെങ്കിലും ചേട്ടനും ചേട്ടത്തിയും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്കു വന്നു എന്റെ കാര്യങ്ങളൊക്കെ കുഞ്ഞു കുട്ടിയെ എന്നവണ്ണം ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പഴയ ആരോഗ്യം പെട്ടെന്ന് വീണ്ടെടുത്തു . അതിനിടയില്‍ ഒരു ദിവസം ചേട്ടന്‍ പറഞ്ഞറിഞ്ഞു എന്റെ മകളുടെ കയ്യില്‍ കയറിപ്പിടിച്ച പോലീസുകാരനെ ജോലിയിലെ എന്തോ അപാകതമൂലം പിരിച്ചുവിട്ടു എന്ന് . പക്ഷെ അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ചേട്ടനും കൂട്ടുകാരും കൂടിആയിരിക്കും എന്ന് ഞാന്‍ ഊഹിച്ചു .
അതിനിടയില്‍ റോസിമോള്‍ എന്നോട് പഴയതിലും ഒത്തിരി അടുത്തു . അതിനിടയില്‍  ബാങ്കില്‍ നിന്നും അനുവദിച്ചുകിട്ടിയ അവധി അവസാനിച്ചതിനാല്‍ ഒരു തിങ്കളാഴ്ചമുതല്‍ ഞാനും ജോലിക്ക് പോയി തുടങ്ങി . ഇപ്പോള്‍ പഴയപോലെ നടന്നും ഓട്ടോറിക്ഷയ്ക്കും അല്ല മറിച്ച് ചേട്ടന്‍ തന്നെ സംഘടിപ്പിച്ച് തന്ന ഹോണ്ടാ ആക്ടീവയിലാണ് ഓഫീസില്‍ പോകുന്നത് .   ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയിക്കൊണ്ടിരുന്നൂ അങ്ങനെയിരിക്കെ ഒരു ദിവസം വൈകീട്ട് ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നതും കാത്ത് പ്രദീപ്‌ നില്പുണ്ടായിരുന്നൂ. മുമ്പേ വിളിച്ചറിയിച്ചതിനാല്‍ ഞാന്‍ ഇച്ചിരികൂടി നേരത്തെയാണ് അന്നെത്തി ചേര്‍ന്നത് . അങ്ങനെ ചേട്ടന്റെ വീട്ടില്‍ വിളിച്ചന്വേഷിച്ച ശേഷം  സ്കൂട്ടറില്‍ ചേട്ടന്റെ വീട്ടിലേക്ക് യാത്രതിരിച്ചു  . നഗരത്തിരക്കില്‍ നിന്നും മാറിയുള്ള അദ്ദേഹത്തിന്റെ ഒറ്റനില കോണ്ക്രീറ്റ് ഭവനത്തിന്റെ ഗേറ്റ് കടന്ന്‍ മുറ്റത്തേക്കു പ്രവേശിപ്പോഴേ ചേട്ടത്തിയമ്മ അകത്ത് നിന്നും ഇറങ്ങി വന്ന്‍
ചേട്ടന്‍ ഇപ്പോഴെത്തും
എന്ന് പറഞ്ഞു  സ്വീകരിച്ചു അകത്ത് കൊണ്ടിരുത്തി  . അല്പസമയത്തിനകം   ഒരു ബുള്ളറ്റ് മുറ്റത്ത് വന്നു നിന്നു , അതിന്റെ സീറ്റില്‍ നിന്നും ചേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്‌ സഞ്ചിയുമായി കയറി വന്നു ചെട്ടത്തിയമ്മയെ ഏല്‍പ്പിച്ച ശേഷം ഞങ്ങളോടൊപ്പമിരുന്നു പ്രദീപിനോട് കാര്യങ്ങള്‍ തിരക്കാന്‍ ആരംഭിച്ചു . അങ്ങനെ അവന്‍
ചേട്ടാ ഞാന്‍ മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ വന്നതാണ്‌ . നിങ്ങള്‍ എലാവരും കുറച്ചു നാള്‍ മുമ്പ് തന്നെ വന്നു എല്ലാം ഭംഗിയാക്കിത്തരണം
എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ തന്നെ ചേട്ടത്തിയമ്മ
ചേട്ടനെ കല്യാണത്തിനു മാത്രമേ കിട്ടൂ കേട്ടോ ഞങ്ങള്‍ നേരത്ത് അങ്ങ് എത്തിക്കോളാം . പിന്നെ ജോസും കുടുംബവും കാണില്ലേ പിന്നെ എന്താ . അതിനിടയില്‍ കഴിയുമെങ്കില്‍ എല്ലാവര്ക്കും ചേര്‍ന്ന് നമ്മുടെ പഴയ ജോസിനെ തിരിച്ചു കൊണ്ടുവരാന്‍ ഒന്ന്  ശ്രമിക്കാം . എന്താ
എന്ന് അവര്‍ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ആ  വാക്കുകളിലെ വേദന ഞാന്‍ അറിഞ്ഞു . അല്‍പസമയം കൂടി അവിടെ ചിലവഴിച്ച ശേഷം അവിടെനിന്നും ഞങ്ങള്‍  ഇറങ്ങി . ഇനി നേരെ എന്റെ വീട്ടിലേക്കു യാത്ര തുടര്‍ന്നപ്പോള്‍ മനസ്സില്‍ റോസിയുടെ പുഞ്ചിരിക്കുന്ന മുഖമാണ്  തെളിഞ്ഞു വന്നത്. മനസ്സില്‍ ഇനി അവള്‍ ആഗ്രഹിക്കുന്ന അച്ഛന്‍ ആവാന്‍ ശ്രമിക്കണം എന്ന് ചിന്തിച്ച്കൊണ്ട്  സ്കൂട്ടറുമായി ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അങ്ങനെ അല്പസമയത്തിനകം ഞങ്ങള്‍ എന്റെ വീട്ടിന്റെ ഗേറ്റും കടന്ന് പോര്‍ച്ചില്‍ ചെന്ന് നിന്നപ്പോള്‍ ചേട്ടത്തി വിളിച്ചു പറഞ്ഞതിലാണെന്ന് തോന്നുന്നൂ ജെസ്സി ടി വി യും ഓഫ്‌ ചെയ്ത് മോളെയും കൂട്ടി സ്കൂട്ടറിന്റെ അരികിലേക്ക് നടന്നു വന്നു .
ഭാഗം : എട്ട്

ജെസ്സിയും മോളും കൂടി കുശലാന്വേഷത്തോടെ  ഞങ്ങളെ സ്വീകരിച്ചപ്പോള്‍ എനിക്ക് അത് പുതിയോരു അനുഭവമായിരുന്നൂ. പണ്ട് ഒരു മലയാളസിനിമയില്‍ സലീമേട്ടന്‍ പറഞ്ഞപോലെ എനിക്ക് വട്ടായതാണോ അതോ ഭാര്യയ്ക്കും മകള്‍ക്കും ഒരുമിച്ച് വട്ടായതാണോ എന്ന് വരെ ഞാന്‍ അറിയാതെ ചിന്തിച്ചുപോയി. ഇന്നത്തെ യുവത്വങ്ങളെ ലഹരിയായി കടന്നുപിടിചിരിക്കുന്ന സോഷ്യല്‍മീഡിയയുടെ അവസ്ഥ ഓര്‍ത്ത്  വേദനിക്കുകയല്ലാതെ  എന്താ ചെയ്യുക . അതിനിടയില്‍ പൊലിയുന്നത് പലരുടെയും ജീവിതമാണെന്ന്  എത്രപേര്‍ മനസ്സിലാക്കുന്നു.
അങ്ങനെ ഒരോന്നു ചിന്തിച്ച് ഞാനും അവരോടൊപ്പം  വീട്ടിനകത്തേക്ക്‌ നടന്നപ്പോള്‍ ഭാര്യയുടെ ചോദ്യം പ്രദീപിന്‍റെ മകളുടെ വിവാഹത്തിനെക്കുറിച്ച് ആയിരുന്നൂ. അങ്ങനെ അന്നത്തെ അത്താഴവും കഴിഞ്ഞ് അവന്‍ ഞങ്ങളോടൊപ്പം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി.  അതിരാവിലെ എഴുന്നേറ്റ്  നാട്ടിലേക്ക് പോകാന്‍ തയാറായിനിന്നപ്പോള്‍  ഞാന്‍  അവനെ ബസ്‌ സ്റ്റാന്റ് വരെ കൊണ്ട് ചെന്നാക്കി. ആ യാത്രയില്‍

എടാ ഒന്ന് രണ്ട് ദിവസം മുമ്പേ കുടുംബസമേതം  നീ അങ്ങ് എത്തിച്ചേരണം  കേട്ടോ . പിന്നെ അവിടെ നിന്നെ കാത്ത് ഒരു സര്‍പ്രൈസ് ഞാന്‍ കാത്തുവച്ചിട്ടുണ്ടാവും.

അവന്‍ എന്നോട് ഒരു ചെറു ചിരിയോടെ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ മനസ്സ് ഓര്‍മ്മചെപ്പില്‍ എന്തൊക്കയോ  ജിജ്ഞാസയോടെ തിരയുന്നത് ഞാന്‍ അറിഞ്ഞു . അങ്ങനെ അല്പസമയത്തിനകം അവനെ സ്റ്റാന്‍ഡില്‍ നിറുത്തിയിട്ട ബസ്സില്‍ കയറ്റി വിടുമ്പോഴും പലകുറി ആ കാര്യം തിരക്കിയപ്പോഴും
ഒരു മാസത്തെ കാര്യമല്ലേ , അത് വരെ എങ്ങനെയെങ്കിലും ക്ഷമിക്ക് എന്റെ മാഷേ  

അവന്‍ പറഞ്ഞു കള്ളച്ചിരിയോടെ സീറ്റില്‍ അനങ്ങിയിരുന്നപ്പോള്‍ തന്നെ ആ ഭാഗത്ത് നിന്നും അതിനെ സംബന്ധിച്ച് ഒരു സൂചനയും ലഭിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നീട് അവനോട് യാത്രപറഞ്ഞ് വീട്ടിലേക്കു തിരിച്ചപ്പോള്‍ വഴിയിലുടനീളം മനസ്സ് വല്ലാത്തൊരു ഊരാക്കുടുക്കില്‍ അകപ്പെട്ടിട്ടുണ്ടായിരുന്നൂ. അതിനിടയില്‍ എന്റെ ശകടം വീട്ടിന്‍റെ മുറ്റത്ത് ചെന്ന് നിന്നത് എങ്ങനെയാണ് എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നിന്ന് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി .

പിന്നീടുള്ള ഒരു മാസക്കാലമത്രയും  ജെസിയും മോളും ചേട്ടന്റെ കുടുംബവും വിവാഹത്തിന് എങ്ങനെയാണ് അണിഞ്ഞൊരുങ്ങേണ്ടത് എന്നതിനെക്കുറിച്ചുള്ള കൂലംകഷമായ ചിന്തയില്‍ ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരുന്നു . അതിനിടയില്‍ എല്ലാവരുടെയും നിര്‍ദേശപ്രകാരം  ജെസ്സി തന്നെ എല്ലാത്തിന്റെയും ചുമതല ഏറ്റെടുത്ത് വസ്ത്രസെലക്ഷനിലും ആഭരണ സെലക്ഷനിലും അവളുടെ കഴിവ് പ്രകടിച്ചപ്പിച്ചപ്പോള്‍  അത് എന്റെ പ്രതീക്ഷകളെ പാടെ മാറ്റിമറിച്ചു. അത്രയ്ക്ക് സൂക്ഷ്മതയോടെയായിരുന്നൂ അവളുടെ ഓരോ കാല്‍വെപ്പുകളും. ചിലപ്പോഴുള്ള അവളുടെ നിലപാടുകള്‍ കണ്ടപ്പോള്‍ ഞാന്‍ പലപ്പോഴും അവളെ അനുമോദിച്ചു കൊണ്ടിരുന്നപ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പറയാറില്ലേ ചിലരുടെ മാസ്റെര്‍ പീസുകള്‍ എന്ന് അതുപോലെ എല്ലാം ഭംഗിയായി .

അങ്ങനെ വിവാഹത്തിന് രണ്ടു നാള്‍ മുമ്പ് തന്നെ ഞങ്ങള്‍ അവന്റെ നാടായ അത്താണിതാഴെ എത്തിച്ചേര്‍ന്നു. മൊബൈലില്‍ വിളിച്ചു വഴിചോദിച്ചു അവന്റെ വീട് കണ്ടെത്തിയപ്പോഴേക്കും അവിടെ അവന്റെ കുടുംബം ഞങ്ങളെയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നൂ . അതിനിടയില്‍ എപ്പോഴാണ് എന്നറിയില്ല എന്റെ കണ്ണുകള്‍ അവന്റെ സഹധര്‍മ്മിണിയില്‍ ചെന്ന് ഉടക്കിയത് . അവരും ചുണ്ടില്‍ ഒളിപ്പിച്ചു വച്ച ചെറു പുഞ്ചിരിയോടെ എന്നെ നോക്കിയത് എന്റെ ജെസ്സി ശ്രദ്ധിച്ചത് ഞാന്‍ കണ്ടു. അവളുടെ ശ്രദ്ധ തിരിക്കാനായി ഞാന്‍ പ്രദീപിനോട് ഞങ്ങളുടെ മറ്റ് കൂട്ടുകാരെക്കുറിച്ചു തിരക്കിക്കൊണ്ട് അവന്റെ പിന്നാലെ അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അവനിലെ മൌനം ഞാന്‍ ശ്രദ്ധിച്ചു . പിന്നെ

എടാ നീ പറഞ്ഞ സര്‍പ്രൈസ് എവിടെ ?” 

അവനെ നോക്കി ചോദിച്ചപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു . പിന്നെ ശബ്ദം താഴ്ത്തി ദൂരത്തായി കണ്ട ആധുനിക രീതിയില്‍ പണിത  കോണ്‍ക്രീറ്റ് ഭവനം  ചൂണ്ടിക്കാട്ടി

പിന്നെ നിനക്ക് നമ്മുടെ കൂടെ പഠിച്ച റോസിയെ ഓര്‍മ്മയുണ്ടോ  .

എന്ന് ചോദിച്ചപ്പോള്‍ ശരിക്കും ഞാന്‍ ഒന്ന് ഞെട്ടി. അത് പുറത്ത് കാട്ടാതെ
എനിക്ക് ഓര്‍മ്മയില്ല ഏതാ ഈ റോസി ?” 

അവനെ നോക്കി ചോദിച്ചപ്പോള്‍

നിനക്ക് റോസിയെ തീരെ അറിയില്ല അല്ലേ ? പിന്നെ എന്തിനാ നിന്റെ മകള്‍ക്ക് റോസി എന്ന് പേരിട്ടത് “ 

അവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ ഉത്തരം കിട്ടാതെ ഞാന്‍ വലഞ്ഞു . പിന്നെ എന്തോ ആലോചിച്ച് അവന്‍ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു. ഞാന്‍ പോലും അറിയാതെ എന്റെ കാലുകള്‍ അവനെ പിന്തുടര്‍ന്ന്‍ ആ വീടിന്റെ ഗേറ്റിനരികില്‍ എത്തിചെര്‍ന്നപ്പോള്‍ തെളിഞ്ഞു കണ്ട നെയിം ബോര്‍ഡില്‍ തെളിഞ്ഞു കണ്ട

Dr. Rosi Kurian

എന്ന പേര്  വായിച്ചു നിറുത്തിയപ്പോള്‍ ശരിക്കും കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല. അങ്ങനെ തല തിരിച്ചു ഞാന്‍ അവന്റെ നേരെ നോക്കിയപ്പോള്‍ മുഖത്ത്മിന്നിമാഞ്ഞ ഭാവങ്ങള്‍ കണ്ടാണ്‌ എന്ന് തോന്നുന്നൂ അവന്‍ എന്നെ സൂക്ഷിച്ച് ഒന്ന് നോക്കി. പിന്നെ ചെവിക്കു അരികില്‍ വന്ന്

റോസിയുടെ ആദ്യത്തെ കുട്ടിക്ക് നിന്റെ രൂപമാണ് എന്നാ പറഞ്ഞു കേട്ടത്  ?”

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍  എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി. അതിനിടയില്‍ അവന്‍ എന്നെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഗേറ്റും കടന്ന് മുറ്റത്തേക്കു കടന്ന് കഴിഞ്ഞിരുന്നൂ . മനസ്സിലാമനസ്സോടെ അങ്ങനെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഉമ്മറവാതില്‍  വന്ന രൂപത്തെ കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. അയാളെ നോക്കി പ്രദീപ്‌ 

ഇതാണ് നിന്റെ മകന്‍ “ 

എന്ന് സ്വരം താഴ്ത്തി പറഞ്ഞപ്പോള്‍  അവന്‍ എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു 

മമ്മാ പ്രദീപ്‌ അങ്കിളും വേറൊരു അങ്കിളും വന്നിട്ടുണ്ട് “ 

എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ . അകത്ത് നിന്നും ഒരു ബാറ്ററിയില്‍ ഓടുന്ന ഒരു വീല്‍ ചെയര്‍ വരാന്തയിലേക്ക്‌ പതുക്കെ ഇറങ്ങിവന്നു. അതില്‍ പുഞ്ചിരിച്ചുകൊണ്ട്  അങ്ങോട്ട്‌ കടന്ന് വന്ന ആ മുഖത്തെ കണ്ട് എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി.


ഭാഗം: ഒമ്പത്

അത് എന്റെ സ്വന്തം റോസിയായിരുന്നൂ . അവസാനമായി അവളെ കണ്ടപ്പോള്‍ ആ കണ്ണുകളില്‍ നിന്നും നിറഞ്ഞൊഴുകിയ കണ്ണീര്‍ കണങ്ങള്‍ എന്നെ എത്രമാത്രം വേദനിപ്പിച്ചിരിക്കുന്നൂ അതോര്‍ക്കുമ്പോഴൊക്കെ ഞാന്‍ അറിയാതെ ഞെട്ടും. ഇന്ന് പുഞ്ചിരിച്ച മുഖത്തോടെ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ അവളെ അഭിമുഖീകരിക്കാന്‍ ഞാന്‍ നന്നെ പാടുപെട്ടു. അവള്‍ ആകെ മാറിപ്പോയിരിക്കുന്നൂ. പണ്ട് എനിക്ക് അറിയുന്ന റോസി മെലിഞ്ഞ് നീളമുള്ള പാവാടയും ബ്ലൌസും ധരിച്ച് രണ്ട് വശത്തും മുടിയും പിരിച്ച് വച്ച് നടന്നു വന്ന ആ രൂപത്തില്‍ നിന്നും അങ്ങിങ്ങ് നരകയറിയ സ്വര്‍ണ്ണഫ്രെയ്മുള്ള കണ്ണട യിലേക്ക് അവള്‍ മാറിപ്പോയിരിക്കുന്നൂ എങ്കിലും ആ സൌന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല താനും എന്നോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അവളോടുള്ള ആ ഇഷ്ടം നിങ്ങള്‍ക്ക് മനസ്സിലാവുമല്ലോ. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി നിന്നപ്പോള്‍ പ്രദീപിന്റെ  ശ്രദ്ധ അവരുടെ മകന്റെ കണ്ണില്‍ നിന്നും ആ കാഴ്ച്ച മറക്കാനുള്ള തന്ത്രമെന്നോണം അവനെ വിളിച്ചു കാര്യവിവരങ്ങള്‍ തിരക്കാന്‍ തുടങ്ങിയപ്പോള്‍  അതിനിടയില്‍  എപ്പോഴാ ആണെന്ന് തോന്നുന്നൂ  അവന്‍ തല തിരിച്ച്

എടാ , ജോസേ

എന്ന വിളിച്ചത്. ആ വിളിയാണ് ആസ്ഥാനത്തുള്ള ഞങ്ങളുടെ ആ പ്രവൃത്തിയില്‍ നിന്നും തല്ക്കാലത്തേക്ക് എങ്കിലും ഞങ്ങളെ മോചിപ്പിച്ചത്. അങ്ങനെ അവര്‍ ഞങ്ങളെ വീട്ടിനകത്തേക്ക്‌ ക്ഷണിച്ചു . അങ്ങനെ പ്രദീപും ഞാനും അവരുടെ മകനും കൂടി അവരെ പിന്തുടര്‍ന്ന്‍ അകത്തേക്ക് നടന്ന് അവിടെയുള്ള ഒരു സോഫയില്‍ അമര്‍ന്നിരുന്നൂ. അപ്പോഴേക്കും എന്റെ കണ്ണുകള്‍ ആ മുറിയുടെ ഓരോ മുക്കും മൂലയും അരിച്ച് പെറുക്കുന്ന തിരക്കില്‍ മുഴുകി കഴിഞ്ഞിരുന്നൂ. അപ്പോഴാണ് ചുമരിലെ അലമാരയില്‍ കണ്ട ചില വസ്തുക്കളിലേക്ക്‌ എന്റെ ശ്രദ്ധ തിരിഞ്ഞത്. ഞാന്‍ മെല്ലെ എഴുന്നേറ്റ് അങ്ങോട്ട്‌ നടന്നടുത്തപ്പോഴേക്കും റോസിയുടെ മകന്‍ എന്തോ ആവശ്യാര്‍ത്ഥം എല്ലാവരോടും സമ്മതം വാങ്ങി എങ്ങോട്ടോ പോകാന്‍ തയ്യാറായി ഇറങ്ങിയപ്പോള്‍  

വേഗം വരണേ മോനേ

അവര്‍  അവനെ നോക്കി പറഞ്ഞു അവനെ യാത്രയയച്ചു . അവന്‍ അവിടെ നിന്നും ഇറങ്ങിയപ്പോള്‍   ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ ഞാന്‍ വല്ലാതെയായി.  ഇതേ പുഞ്ചിരിയിലാണല്ലോ പണ്ട് ഇവള്‍ എന്നെ കീഴ്പ്പെടുത്തിയത്  എന്നോര്‍ക്കുമ്പോള്‍ ശരിക്കും ഒന്ന് ഭയന്നു.  അവള്‍ മെല്ലെ എന്റെ അരികില്‍ വന്ന്‍ അലമാരയിലെ ഓരോ വസ്തുക്കളും തൊട്ട് കാട്ടിത്തന്നപ്പോള്‍ ആ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. നമ്മള്‍ ജീവിതയാത്രയില്‍ എവിടേയോ കളഞ്ഞു പോയ നിധി കിട്ടിയ സന്തോഷം അവള്‍ ഞാന്‍ കണ്ടു. ആ വസ്തുകളില്‍ ഞാന്‍ പണ്ട് അവള്‍ക്ക് വാങ്ങി നല്‍കിയവയും അടങ്ങിയിരുന്നൂ എന്ന് മനസ്സിലായപ്പോള്‍ എന്റെ നാവുകള്‍ വരളുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു . അത്രയ്ക്ക് അവള്‍ എന്നെ സ്നേഹിച്ചിരുന്നൂ  എന്ന് അവളുടെ വാകുകളില്‍ അടങ്ങിയിരുന്നൂ . അതിനിടയില്‍ എപ്പോഴോ ആണ് ഞാന്‍ അവളെ നോക്കി

എന്റെ റോസീ , നിന്റെ കുടുംബത്തെക്കുറിച്ച്‌ ഒന്ന് പറയൂ

എന്ന് പറഞ്ഞപ്പോള്‍ അവള്‍ പുഞ്ചിരിച്ചുകൊണ്ട്  കൊണ്ട്

ജോസേട്ടാ ...ഞാനും എന്റെ മകനുംഅടങ്ങുന്നതാണ് എന്റെ കൊച്ചു കുടുംബം

എന്ന് പറഞ്ഞവസാനിപ്പിച്ച്  എന്നെ നോക്കി അല്‍പസമയം എന്തോ ആലോചിച്ചുകൊണ്ട്‌  തുടര്‍ന്നു   

ജോസേട്ടന്  അവസാനമായി നമ്മള്‍ കണ്ടുമുട്ടിയ നാള്‍ ഓര്‍മ്മയുണ്ടോ “ 

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തലതിരിച്ച് പ്രദീപിനെ നോക്കി. എന്റെ നിസ്സഹായാവസ്ഥ കണ്ടാണ്‌ പ്രദീപ്‌ ഞങ്ങളുടെ സംഭാഷണത്തിനിടയിലേക്ക് കടന്ന്

ജോസേ നീ അന്ന് അവളെ ഉപേക്ഷിച്ചു ചേട്ടന്റെ ഒപ്പം പോയില്ലേ . അന്നുതന്നെ വീട്ടുകാര്‍ ഇവള്‍ക്ക് വേണ്ടി മറ്റൊരു വിവാഹത്തിന് ഉള്ള ഒരുക്കത്തില്‍ ആയിരുന്നൂ. അതിനിടയില്‍ ഒരു ദിവസം വീട്ടില്‍ വച്ച് ഇവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് . അത് ഇവളെ തിരഞ്ഞു വന്ന സഹോദരന്റെ ഭാര്യ കണ്ടപ്പോഴേക്കും ഇവളുടെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നൂ. പിന്നെ വീട്ടുകാര്‍ ചേര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ വീണ്ടെടുത്തപ്പോഴാണ് ഇവള്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത്. അന്ന് ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാന്‍ ചേട്ടനും മറ്റും ഒത്തിരി ഇവളെ നിര്‍ബന്ധിച്ചു.  പക്ഷെ ഇവള്‍ ആ കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും എന്ന ഉറച്ച തീരുമാനത്തില്‍ അവളുടെ മുന്നില്‍ നിന്നപ്പോള്‍ ശരിക്കും അവര്‍ അതിന് വഴങ്ങേണ്ടി വന്നു. അങ്ങനെ ഒരു ഡിസംബര്‍ മാസത്തില്‍ നിന്റെ റോസി പ്രസവിച്ചു  ഒരാണ്‍ കുഞ്ഞിനെ . അതിനിടയില്‍ അവള്‍ അതുവരെ നിറുത്തിവച്ച വിദ്യാഭ്യാസം പുനരാരംഭിച്ചു .അങ്ങനെ അവള്‍ മകന് വേണ്ടി ഡോക്ടര്‍ റോസി കുര്യന്‍ ആയി മാറിയപ്പോഴും  മറ്റൊരാള്‍ക്കും നീയാണ് അവളുടെ കുഞ്ഞിന്റെ അവകാശി എന്ന സത്യം വെളിപ്പെടുത്തിയിട്ടില്ല . അന്ന് ചേട്ടനും മറ്റും അവളെ പല വിധത്തില്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ നിന്റെ പേര് പറഞ്ഞില്ല .

എന്നെ നോക്കി പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ ശരിക്കും എന്റെ ശരീരം തളരുന്നത് ഞാന്‍ അറിഞ്ഞു. അത്കണ്ട് എന്നെ താങ്ങി അടുത്ത സോഫയില്‍ ചാരിയിരുത്തിയപ്പോള്‍ എന്റെ ശിരസ്സിലൂടെ വിരലൂടിച്ചു കൊണ്ട് റോസി കണ്ണീരോടെ നിന്നപ്പോള്‍  എന്റെ കണ്ണുകളുടെ കാഴ്ച്ച കുറച്ചു നേരത്തേക്ക് എങ്കിലും അവ്യക്തമാക്കി കണ്ണുനീര്‍ തളംകേട്ടിനിന്നു. അപ്പോഴേക്കും അവള്‍ ഒന്നുകൂടി അരികിലേക്ക് ചേര്‍ന്ന് നിന്ന് കണ്ണീരോടെ ചേര്‍ത്തണച്ചപ്പോള്‍ അവളുടെ ശരീരത്തിലെ വിയര്‍പ്പിന്റെ സുഗന്ധവും ആ സുഖവും  ഞാന്‍ അറിഞ്ഞു. അല്‍പസമയത്തേക്ക് എങ്കിലും ആ ആലിംഗനം കണ്ട് ആനന്ദാശ്രുതൂകി പ്രദീപ്‌ നിന്നപോള്‍ അവനാണ് ഞങ്ങളുടെ ഇടയില്‍ കട്ടുറുമ്പായത് . ശരിക്കും അവന്‍ ആ സമയത്ത് ശല്യപ്പെടുത്തിയത് റോസിയുടെ മകന്റെ വരവ് മുന്‍കൂട്ടി അറിയിക്കാന്‍ ആയിരുന്നൂ. ശരിയാ ... റോസിയുടെ അല്ല ഞങ്ങളുടെ മകന്റെ മുമ്പില്‍ ഈ രൂപത്തില്‍ നില്‍ക്കുന്നത് ശരിയല്ലല്ലോ .

റോസി മകനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി

ഇത് എന്റെ മകന്‍ ജോസ് , ഇപ്പോള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു . ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുവാ

എന്ന് പറഞ്ഞപ്പോള്‍ സ്വന്തം മകനെ അമ്മ അച്ഛന് പരിചയപ്പെടുത്തിത്തരുന്ന ആ സന്ദര്‍ഭത്തെ ഓര്‍ത്ത് വേദനയോടെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു . അങ്ങനെ അവരോട് യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ അവളുടെ കണ്ണുകളെ അഭിമുഖീകരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു എന്നതാണ് സത്യം. എന്തോ എന്നില്‍ നിന്നും പറിച്ച് എറിയുന്നത് പോലെയാണ് എനിക്ക്  അപ്പോള്‍ അനുഭവപ്പെട്ടത് . ഒരിക്കലെങ്കിലും സ്നേഹിച്ചവര്‍ക്കു ആ വികാരം മനസ്സിലാവും തീര്‍ച്ച .


ഭാഗം: പത്ത്

അങ്ങനെ മനസ്സില്ലാമനസ്സോടെ മുറ്റത്തേക്കിറങ്ങി മുന്നോട്ട് നീങ്ങിയപ്പോള്‍ എന്റെ മനസ്സ് അവളുടെ അരികില്‍ നിന്നും  കൂടെ വരാന്‍ തയ്യാറാവാതെ നിന്നപ്പോള്‍  തല തിരിച്ച് അവളുടെ നേരെ മെല്ലെ നോക്കി. ആ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം ഇപ്പോഴും നിലനില്‍ക്കുന്നൂ എന്ന് ആ കണ്ണുകളിലെ തിളക്കത്തില്‍ എനിക്ക് ബോധ്യമായി . അങ്ങനെയിരിക്കെയാണ് ഒരു ബുള്ളറ്റ് ഗേറ്റ് കടന്ന്‍ അങ്ങോട്ട്‌ വരാന്‍ തുടങ്ങിയത് . അപ്പോഴേക്കും മകന്റെ വായില്‍ നിന്നും
മമ്മാ അങ്കിള്‍
എന്ന് കേട്ടതും അവളുടെ മുഖത്ത് പടര്‍ന്ന ഭയം ഞാന്‍ ശ്രദ്ധിച്ചു. പ്രദീപ്  പെട്ടെന്ന്  എന്തോ ആലോചിച്ച് എന്റെ കയ്യും പിടിച്ച് വലിച്ചുകൊണ്ട്  ഗേറ്റിനരികിലേക്ക് വേഗം തന്നെ നടന്നു നീങ്ങാന്‍ തുടങ്ങി. അത് കണ്ടിട്ടാണ് എന്ന് തോന്നുന്നൂ ആ ബുള്ളറ്റ് ഞങ്ങളുടെ അരികിലായി വന്ന്‍ നിന്നു. അതിന്‍റെ സീറ്റില്‍ ഇരുന്ന മനുഷ്യനെ അപ്പോഴാണ്‌ ശരിക്കും ഞാന്‍ ശ്രദ്ധിച്ചത് . ഒറ്റനോട്ടത്തില്‍ അയാളെ ശരിക്കും റോസിയുടെ ചേട്ടനേപ്പോലെ തോന്നി.  പണ്ട് ഒരിക്കല്‍ ഇവളുടെ ചേട്ടന്റെ  കൈത്തരിപ്പ്‌ശരിക്കും അറിഞ്ഞതിനാല്‍ ആ മുഖം മനസ്സിലൂടെ മിന്നിമാഞ്ഞു  . നമ്മള്‍ അങ്ങനെ യാണല്ലോ നമ്മേ സഹായിച്ചവരേക്കാള്‍ ദ്രോഹിച്ചവരെ എന്നും ഓര്‍ത്ത്‌ വെയ്ക്കും എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ ? അങ്ങനെ  ചിന്തിച്ച് നിന്നപ്പോഴാണ് 
നിങ്ങള്‍ ആരാ , മുമ്പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ ?“
അദ്ദേഹം ചോദിച്ചപ്പോള്‍ ശരിക്കും ഞങ്ങള്‍ക്ക് ഉത്തരം മുട്ടി. അവസാനം പ്രദീപ്‌ അദ്ദേഹത്തെ നോക്കി
ഞങ്ങള്‍ റോസി യോടൊപ്പം പഠിച്ചവരാ .
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ റോസിയുടെ നേരെ തിരിഞ്ഞത് ഞങ്ങള്‍ ശ്രദ്ധിച്ചു . അവരും ഇച്ചിരി ഭയത്തോടെ
അതെ ഇച്ചായാ , അവര്‍ എന്നോടൊപ്പം സ്കൂള്‍ തൊട്ട് ഒരുമിച്ച് പഠിച്ചവരാ
എന്ന് പറഞ്ഞ് ഞങ്ങളുടെ വാക്കുകള്‍  സ്ഥിരീകരിച്ചതോടെ ശരിക്കും പേടിച്ചത് ഞാനായിരുന്നൂ . അടുത്ത ചോദ്യം ഞങ്ങളുടെ പേരും വിശദവിവരങ്ങളും ആയിരിക്കും എന്നറിയുന്ന ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ്  പ്രദീപിന്റെ ഫോണില്‍ ഒരു കോള്‍ വന്നത്. അവന്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് എന്നെയും കൂട്ടി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് 
പിന്നെ ഞങ്ങളുടെ റോസി മോളെ ഈ നിലയില്‍ എത്തിച്ച ആ ചെറ്റയെ ക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിയുമോ ? “
അദ്ദേഹം എന്നെ നോക്കി ചോദിച്ചപ്പോള്‍ എന്റെ നാവ് വരളുന്നത് ഞാന്‍ അറിഞ്ഞു. എങ്കിലും ഉള്ള ധൈര്യം കൈവിടാതെ ഞാന്‍ അദ്ദേഹത്തെ നോക്കി
അവന്‍റെ  പേരോ വിലാസമോ എന്തെങ്കിലും അറിയുമോ അച്ചായാ ?”
എന്ന് ചോദിച്ചപ്പോള്‍ അദേഹം ഞങ്ങളെ സൂക്ഷിച്ച് നോക്കി ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്ത്  മുന്നോട്ട് നീങ്ങിയപ്പോള്‍ ശരിക്കും എന്റെ മനസ്സ് കിടന്ന് നീറുകയായിരുന്നൂ. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈയ്യുടെ ചൂട് ഇപ്പോള്‍ തന്നെ എനിക്ക് അറിയാന്‍ ഇടവരുമായിരുന്നൂ എന്ന ചിന്ത വല്ലാതെ ഭയപ്പെടുത്തി. അങ്ങനെ ഗേറ്റും കടന്ന് ഞങ്ങള്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആണ് പ്രദീപിനോട് വയല്‍ വരമ്പിലെ മൂവാണ്ടന്‍ മാവിന്റെ ചോട്ടില്‍ പോയി കുറച്ചു സമയം ഇരുന്നാലോ എന്ന് ചോദിച്ചത് . അങ്ങനെ ഞങ്ങള്‍ ആ മാഞ്ചുവട്ടിലെ വലിയ പാറക്കല്ലില്‍ ബാല്യകാല  ഓര്‍മ്മകള്‍ അയവിറക്കി ഇരുന്നപ്പോള്‍ തെളിഞ്ഞു വന്ന പല കാഴ്ചകളിലും റോസിയുടെ പുഞ്ചിരി തൂകിനില്‍ക്കുന്ന വട്ട മുഖവും അടങ്ങിയിരുന്നൂ. പണ്ട് കാലത്ത് അവളോട്‌ പറയാത്ത ഒരു രഹസ്യവും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ലായിരുന്നൂ. ഒരിക്കൽ വേനലവധിക്ക് വീട്ടുമുറ്റത്ത് അച്ഛൻ ഉണക്കാൻ നിരത്തിയ പറങ്കിയണ്ടിയിൽ ചിലത്  ആരുമറിയാതെ മോഷ്ടിച്ച് റോസിക്ക് പിറന്നാൾ സമ്മാനം വാങ്ങി നൽകിയത് ചേച്ചി കണ്ടുപിടിച്ചപ്പോൾ അന്നാണ് അമ്മയുടെ കയ്യിൽ നിന്നും ആദ്യമായി തല്ല് കിട്ടിയത് എന്നോർക്കുമ്പോൾ ഇന്നും ഒന്ന് ഞെട്ടും. 

ഭാഗം: പതിനൊന്ന്

അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട്  പാടത്തെ കാഴ്ചകളും കണ്ട് ഇരുന്നപ്പോഴാണ് പ്രദീപിന്റെ  മൊബൈലിൽ നിന്നും മണിനാദം ഉയർന്നത് . അവൻ സാവകാശം ആ കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു തുടങ്ങി . അവന്റെ സംസാരശൈലി കേട്ടപ്പോൾ തന്നെ ഞങ്ങൾ ഇരുവർക്കും പരിചയമുള്ള ആരോ ആണ് അങ്ങേത്തലക്കൽ എന്ന് ഞാൻ ഊഹിച്ചു . എന്റെ ആ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ 
"എടാ നമ്മുടെ പൈലിയാ ലൈനിൽ അവൻ ഇന്നലെ ഗൾഫിൽ നിന്നും വന്നുവത്രേ , നമ്മൾക്ക് ഒന്ന് അവിടെ വരെ പോയി അവനെ കണ്ടാലോ ?"
എന്ന് പറഞ്ഞപ്പോൾ ഞാൻ 
" ഞാൻ ഓക്കേ , എത്രകാലമായി അവനെ കണ്ടിട്ട് എന്നാൽ പോകാം " 
എന്ന് പറഞ്ഞു ചാടിയെഴുന്നേറ്റപ്പോഴേക്കും അവൻ മെല്ലെ  പാറപ്പുറത്ത് നിന്നും എഴുന്നേറ്റു . എന്റെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ അവനും അതിശയിച്ചു . എല്ലായിടങ്ങളിലും പതുക്കെ മാത്രം എല്ലാം ചെയ്തു ശീലിച്ച  എന്റെ പെട്ടന്നുള്ള നീക്കങ്ങൾ കണ്ടു അവനിൽ ശരിക്കും അമ്പരപ്പാണ് ഉണ്ടാക്കിയത് എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് ബോധ്യമായി . അത് കണ്ടു ഞാൻ അവനെ നോക്കി  പുഞ്ചിരിച്ചുകൊണ്ട്  
" എന്താടാ ഇങ്ങനെ നോക്കുന്നേ ?" 
" നിന്നെ നന്നായി അറിയുന്നത് കൊണ്ട്  ഒന്ന് നോക്കിയതാ " 
എന്ന് അവൻ മറുപടിപറഞ്ഞപ്പോൾ അവനെ നോക്കി 
" എന്തെന്നറിയില്ല പലപ്പോഴും നാട്ടിൽ വന്നിട്ടുണ്ട് എങ്കിലും ഈ അനുഭവം ആദ്യമായാണ് . " എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൻ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി 
" ഇത് ചിലപ്പോൾ റോസി എഫക്ട് ആയിരിക്കും " 
എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ചൂളിപ്പോയി . പിന്നെ ഞാൻ ഒന്ന് ഇരുത്തി ചിന്തിച്ചു . ശരിയാ അവളുടെ  മുഖത്തെ ആ ശോഭ എന്നിൽ എന്തൊക്കയോ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നൂ .
 നമ്മൾ എന്നൊക്കെ ജനിച്ചമണ്ണിൽ കാലുകുത്തിയാലും ഒരു ധൈര്യവും ഉന്മേഷവും അറിയാതെ എങ്ങുനിന്നൊക്കയോ  നമ്മളിൽ വന്ന്  നിറയും .
അങ്ങനെ പലതും ചിന്തിച്ചു ഞങ്ങൾ നടന്ന്  പാടവും കടന്ന് റോഡിലേക്ക് എത്തുമ്പോഴേക്കും പൈലി അവന്‍റെ കാറുമായി  ഞങ്ങളുടെ പഴയ ചന്തുകുറുപ്പിന്റെ കടയുടെ മുമ്പിൽ കാത്ത് നിൽപ്പുണ്ടായിരുന്നൂ . അങ്ങനെ ചന്തുക്കുറുപ്പിനോട് കുശലം പറഞ്ഞു ഓർമ്മപുതുക്കാൻ എന്നോണം പൈലിയുടെ വകയായ ഓരോ നാരങ്ങാ സർബത്തും കുടിച്ചു് അവനോടൊപ്പം വീട്ടിലേക്കു യാത്ര തിരിച്ചു . അന്ന് കീറിയ ട്രൗസറും മൂക്കിളയുമായി നാരായണൻ സാറിന്റെ ചൂരൽ കഷായത്തിന്റെ  ചൂടിൽ നിന്ന് വിയർത്ത ഞങളുടെ പഴയ കൂട്ടുകാരൻ ഒതുക്കി ചീകിവച്ച  സുന്ദരനായി കണ്ടപ്പോൾ ശരിക്കും എനിക്ക് അവന്റെ മുടിയെ നോക്കി അസൂയപ്പെടാനേ കഴിഞ്ഞുള്ളു . അങ്ങനെ കുശലാന്വേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ ഞാൻ അവനെ നോക്കി 
"എടാ നീ ഏത് എണ്ണയാ തേക്കുന്നെ " 
എന്ന് ചോദിച്ചപ്പോൾ  അവൻ പുഞ്ചിരിച്ചുകൊണ്ട് 
"നിനക്ക്  ഒര് അസൂയയും ഇല്ലല്ലോ അല്ലേ , എടാ പെരേര നീ ഒട്ടും മാറിയിട്ടില്ല അല്ലെ , പണ്ടും നിന്റെ അസുഖം ഇത് തന്നെ ആയിരുന്നല്ലോ " 
എന്ന് തിരിച്ചു്ചോദിച്ചപ്പോൾ എനിക്ക്ശരിക്കും  ഉത്തരം മുട്ടിപ്പോയി. പിന്നെ അവൻ തന്നെ എന്റെ നേരെ തിരിഞ്ഞുകൊണ്ട് 
" അമ്മാവന്മാരുടെ പരമ്പര്യമാ എനിക്ക് കിട്ടിയേ മാഷേ  " 
എന്ന് പറഞ്ഞു മനസ്സിലാക്കി തന്നപ്പോൾ അറിയാതെ ഞാൻ എന്റെ അമ്മാവന്മാരെ ക്കുറിച്ച് ഓർത്തു . എനിക്കും ഉണ്ട് രണ്ട്  അമ്മാവന്മാർ എല്ലാത്തിന്റെ തലയിലും വിമാനമിറക്കാൻ സ്ഥലമുണ്ട്  എന്നോർത്തപ്പോൾ  ശരിക്കും എന്റെ തലയിൽ അല്പസ്വല്പം ഉണ്ടല്ലോ എന്ന്  ആലോചിച്ചു   കിട്ടിയ സൗന്ദര്യത്തിൽ ഞാൻ സന്തോഷിച്ചുകൊണ്ട്  കാറിനകത്തെ എയർ കണ്ടീഷനറിൽ നിന്നും ഉയരുന്ന തണുപ്പിൽ  പുറത്തേ കാഴ്ചകൾ കണ്ട്  അവനെ ഗൾഫ് വിശേഷങ്ങളും കേട്ടു ഇരുന്നപ്പോൾ  വീടെത്തിയത് പോലും ഞങ്ങൾ അറിഞ്ഞില്ല . ആ വീടിന്റെ ക്രീം നിറത്തിലുള്ള മതിലിലെ വലിയ കാസ്റ്റ് അയേൺ ഗേറ്റും കടന്ന്  കാർ ഉള്ളിലേ പോർച്ചിൽ  ചെന്ന് നിന്നപ്പോൾ ആ വീടിനെ വീടെന്ന് വിളിക്കണോ ബംഗ്ലാവ് എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നൂ ഞാൻ . അതിനു ചുറ്റിലുമായി പരന്നുകിടക്കുന്ന പുൽത്തകിടിയും ചെറിയ ഫൗണ്ടനും എന്നെ വല്ലാതെ ആകർഷിച്ചു . അങ്ങനെ  അവനോടൊപ്പം ഞങ്ങൾ ആ വീടിന്റെ അകത്തളത്തിലേക്കു കടന്നു ചെന്നപ്പോൾ അവിടെ ഒരു സോഫയിൽ ചാരിക്കിടന്ന് പത്രപാരായണം നടത്തുന്ന ആ വൃദ്ധന്റെ അരികിലേക്ക്  ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവൻ 
" അപ്പാ  ഇത് എന്റെ ബാല്യകാല സുഹൃത്തുക്കളാണ് കേട്ടോ ,"
എന്ന് പറഞ്ഞു പ്രദീപിനെ ചൂണ്ടി കാട്ടി " ഇവനെ അപ്പ  ഓർക്കുന്നുണ്ടാവും പ്രദീപ് ഇപ്പോൾ ഇവിടെ പോലീസ് കോൺസ്റ്റബിൾ ആയി ജോലിചെയ്യുന്നൂ ." എന്ന് പറഞ്ഞപ്പോൾ  അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് "  സുഹറയെ അടിച്ചു മാറ്റിയ പഹയൻ അല്ലെ " എന്ന് പറഞ്ഞപ്പോൾ അവൻ മെല്ലെ തല താഴ്ത്തി യത് കണ്ടു പൈലി അപ്പനെ നോക്കി " അതൊക്കെ പണ്ട് ഇപ്പോൾ ഞങ്ങളൊക്കെ ഇവിടെ എത്തിയത് ഇവന്റെ മകളുടെ കല്യാണത്തിനാ " എന്ന്  പറഞ്ഞപ്പോൾ  അദ്ദേഹം സോഫയിൽ നിന്നും എഴുന്നേറ്റ്  അവനെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു " വിഷമിക്കണ്ട ഞാൻ എന്റെ പൈലിയോട് പറയുന്നത് പോലെ പറഞ്ഞെന്നേ ഉള്ളൂ , നമ്മുക്കെല്ലാം ചേർന്ന് ഇത് പൊടിപൊടിക്കാം "എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ശരിക്കും അദ്ദേഹത്തിന്റെ ആ നല്ല മനസ്സിന് നന്ദി പറയാൻ അവൻ മറന്നില്ല ."



ഭാഗം : പന്ത്രണ്ട്

പിന്നീട് എന്തോ ഓര്‍ത്തിട്ടെന്നപോലെ പ്രദീപ്‌  പൈലിയെ നോക്കി
എടാ ഇപ്പോഴാ ഓര്‍ത്തത് എനിക്ക് സാധനം വാങ്ങാനായി ഒന്ന് ടൌണ് വരെ പോകണം . നിങ്ങള്ക്ക്  ഒന്ന് എന്റെ ഒപ്പം അത്രേടംവരെ  വരാന്‍ പറ്റുമോ.
എന്ന് ചോദിച്ചപ്പോള്‍ പൈലിക്ക് പ്രദീപിന് വാങ്ങേണ്ട  സാധനം എന്താണ് എന്നറിയണം.  അത് പിന്നീട് വിശദമായി പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞപ്പോള്‍ തന്നെ പൈലി ഞങ്ങളെ  നോക്കി  
എന്നാല്‍ പോലീസും മാനേജരും പത്ത് മിനിറ്റ് ഇവിടെ ഇരിക്ക്
എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോയി .  അപ്പോഴാണ് ആ ഹാളിന്റെ ഒരു കോണില്‍  മുഖത്തിന് അഭിമുഖമായി പിടിച്ച  ടാബുമായി ഒരു പയ്യന്‍ കാതില്‍ ഘടിപ്പിച്ച ഇയര്‍ഫോണിലൂടെ ആര്‍ക്കോ ഉച്ചത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത് .  അവന്റെ സംഭാഷണ ശകലങ്ങള്‍  ആദ്യമാദ്യം എന്നില്‍ കൌതുകമുണര്‍ത്തി . ആ സംഭാഷണ  ശകലങ്ങള്‍  
എടാ തല താഴ്ത്തി നടക്കടാ ,
അവന്മാര് കൂട്ടമായാണ് വലത് വശത്തെ ആ കെട്ടിടത്തിലേക്ക് കയറിയിട്ടുണ്ട് ,  ശ്രദ്ധിച്ച് നടക്ക് .
ഓടെടാ  വേഗം ആ ഇടതു വശത്തെ കെട്ടിടത്തിലേക്ക് കയറിക്കോ .
നീ കയ്യിലെ തോക്ക് മാറ്റി ആ കാണുന്ന തോക്കെടുക്ക് .
 എടാ ഗ്രനേഡ് എറിയെടാ.
വേഗം ആ ജാലകത്തിനരികിലേക്ക്‌ നീങ്ങി നില്‍ക്കാതെ  ആരൊക്കയോ അവിടെ സംസാരിക്കുന്നുണ്ട് .*##@@ വേഗം ഓട് .
ഞാന്‍ പറഞ്ഞതല്ലേ അങ്ങനെ നീ മരിച്ചു
പോടാ , ഞാന്‍ രക്ഷപ്പെട്ട് നീന്തിക്കൊണ്ടിരിക്കുവാ
 ഈ പ്രകാരം ആയിരുന്നൂ.
അവന്റെ ശബ്ദം പലപ്പോഴായി ഉയര്‍ന്നപ്പോള്‍ ആ വൃദ്ധന്‍ അവനെ നോക്കി കയര്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . അവനാണെങ്കില്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു അവന്‍റെ കളി തുടര്‍ന്നുകൊണ്ടേ ഇരുന്നു . ആദ്യമാദ്യം എന്നില്‍ ആ ഗെയിം വല്ലാത്തൊരു ഭയമാണ് ഉണ്ടാക്കിയത് . അപ്പോഴാണ് അവന്‍ വിളിച്ചു പറഞ്ഞത്
അങ്കിള്‍ ഇത്  പബ്ജി എന്ന പേരിലുള്ള ഒരു മൊബൈല്‍ ഗെയിം ആണ് , ഞാന്‍ ഇതില്‍ അത്ര എഡികറ്റ് ഒന്ന് അല്ല കേട്ടോ .
എന്ന് പറഞ്ഞപ്പോഴും ആ വാക്കുകളിലും അവന്‍ സന്തോഷം കണ്ടെത്തിയിരുന്നൂ . ഇത്തരം മൊബൈല്‍ കമ്പ്യൂട്ടര്‍ ഗെയ്മുകള്‍ നമ്മുടെ പുതുതലമുറയെ വല്ലാതെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നില്ലേ എന്നോര്‍ത്തപ്പോള്‍ എന്നോര്‍ത്ത് എനിക്ക്  വല്ലാത്ത കഷ്ടം തോന്നി . അങ്ങനെ ആലോചിച്ച്  തലപുണ്ണാക്കി ഇരുന്ന എന്റെ മുന്നിലേക്ക്‌ പൈലി അകത്തെമുറിയില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍  അവന്റ് വിരലില്‍  കാറിന്റെ ചാവി തൂങ്ങിക്കിടന്നിരുന്നൂ. അങ്ങനെ പൈലിയുടെ അപ്പനോട് യാത്രപറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി അവന്റെ കാറില്‍ കയറി ഇരുന്നു . യാത്രാ മദ്ധ്യേ പ്രദീപ്‌ ഞങ്ങളോട്
എടാ മോളുടെ വിവാഹാവശ്യാര്‍ത്ഥം സ്വര്‍ണ്ണം വാങ്ങാനായി ഞാന്‍ ഒരാളോട് കുറച്ചു പണം കടം ചോദിച്ചിട്ടുണ്ടായിരുന്നൂ  , ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ  ടൌണിലെ ജ്വല്ലറിയില്‍   ചെന്നാല്‍ ആ തുകയ്ക്കുള്ള ആഭരണങ്ങള്‍ അവിടെ നിന്നും തരാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മോളെ കൂട്ടി ക്കൊണ്ട് പോയി അവളുടെ  ഇഷ്ടത്തിനൊത്ത ഫാഷനിലുള്ള സ്വര്‍ണ്ണം അവിടെ സെലക്റ്റ് ചെയ്ത് വച്ചിട്ടുണ്ട് . ഇന്ന് അത് പോയി വാങ്ങണം  എന്നാലേ ഈ വിവാഹം നടക്കൂ. അതിനാണ് ഈ തിരക്ക് പിടിച്ച ഓട്ടം, പോലീസാണ് എന്ന് പറഞ്ഞിട്ട്‌ കാര്യമൊന്നും ഇല്ല   പണത്തിനു പണം തന്നെ വേണ്ടേ
 എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍  കുറെ നേരത്തേക്ക് ഞങ്ങള്‍ സ്തബ്ദരായിപ്പോയി . എല്ലാവിഷമങ്ങളും ഉള്ളിലൊതുക്കി പുറമേ ചിരിച്ചുകാണിക്കാനുള്ള  വിശേഷ ബുദ്ധി മനുഷ്യരില്‍  മാത്രമേ കാണാന്‍ ആവൂ  എന്ന് ആലോചിച്ച് നിന്നപ്പോഴേക്കും അതുവരെയുള്ള മൌനം ഭഞ്ജിച്ചു കൊണ്ട് പൈലി പ്രദീപിനെ നോക്കി
എടാ ഒത്തിരിമുന്പേ എന്റെ ഭാര്യ ഷേര്‍ളി നിന്റെ ഈ അവസ്ഥ സൂചിപ്പിച്ചിരുന്നൂ . അതിനാല്‍ തന്നെ ഞങ്ങളുടെ വകയായി 10 പവനും കടമായി 20 പവനും ചേര്‍ത്ത് 30 പവന്‍ ഞങ്ങള്‍ നിന്റെ മോള്‍ക്ക്‌ കൊടുക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചതാണ് അതിനൊപ്പം തന്നെ നമ്മുടെ അബ്ദു ദുബായിയില് നിന്നും നാളെ വരുന്നുണ്ട് അവനും നിന്റെ മകള്‍ക്ക് തരാന്‍ എന്തോ കരുതിയിട്ടുണ്ട്
  എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അതിനിടയ്ക്ക് കയറി
എന്റെ വകയായി ഒരു അഞ്ചു പവന്‍ ഞാന്‍ നല്‍കാം
എന്ന് പറഞ്ഞപ്പോള്‍ തന്നെ പൈലി പുഞ്ചിരിച്ചു കൊണ്ട്
പ്രദീപിനെ നോക്കി എടാ നീ എത്ര പവന്‍ സ്വര്‍ണം കൊടുക്കാനാണ് ഉദേശിച്ചത്? “
എന്ന് ചോദിച്ചപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി
നാല്പത് പവന്‍
എന്ന് ആശ്ചര്യത്തോടെ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ പൈലി  അവനെ നോക്കി
എടാ നിന്റെ മകളുടെ വിവാഹത്തിന് നമ്മളെല്ലാവരും ചേര്‍ന്ന്  50 പവന്‍ നല്‍കുന്നൂ. നിന്റെ ഡോക്ടര്‍ റോസിയും 5  പവന്‍ നല്‍കാം എന്ന് വാക്ക് തന്നിട്ടുണ്ട്  അങ്ങനെയാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ  അളവ് ഇനിയും കൂടും . നീ വിവാഹത്തിന്റെ ബാക്കികാര്യങ്ങള്‍ നോക്കിയാല്‍ മതി .
എന്ന് പറഞ്ഞ് എന്റെ നേരെ തിരിഞ്ഞ്
നിന്റെ ഭാര്യ ബൂട്ടീഷന്‍ അല്ലേ , അപ്പോള്‍ വധുവിനെ ഒരുക്കാനുള്ള കാര്യം അവളെ ഏല്‍പ്പിച്ചാല്‍ അതും നമ്മുക്ക് ലാഭിക്കാം
എന്ന് പറഞ്ഞപ്പോള്‍ ശരിയാണല്ലോന്ന്‍  എന്ന് എനിക്ക് തോന്നി .



ഭാഗം : പതിമൂന്ന്

അങ്ങനെ ചര്‍ച്ചകള്‍ക്കൊടുവില്‍ അല്പസമയത്തിനകം  കാര്‍ നഗരത്തിലെ ഒരു ആഭരണശാലയുടെ മുന്നിലായി ചെന്ന് നിന്നു. അതില്‍ നിന്നും ഞങ്ങള്‍ എല്ലാവരും പുറത്തേക്ക്  ഇറങ്ങി കടയിലേക്ക് നടന്ന്കയറി. ആരെയോ  പ്രതീക്ഷിച്ച് അക്ഷമയോടെ കസേരയില്‍  ഇരുന്ന സ്വര്‍ണ്ണ ഫ്രെയ്മുള്ള കണ്ണടയും , തൂവെള്ള ജുബ്ബയും ധരിച്ച  ആ മനുഷ്യനേ ഞാന്‍ ഒന്ന്‍ സൂക്ഷിച്ച് നോക്കി . പെട്ടന്നാണ് അയാള്‍ ഞങ്ങളെ ശ്രദ്ധിച്ചത് . അങ്ങനെ കസേരയില്‍ നിന്നും എഴുന്നേറ്റ് ഞങ്ങളുടെ അരികിലേക്ക് നടന്നപ്പോഴേക്കും വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിച്ച  പൈലിയെ കണ്ട് അദ്ദേഹം ഒന്ന് ഞെട്ടുന്നത് ഞാന്‍ കണ്ടു  . പിന്നെ അദ്ദേഹം അവന്റെ നേരെ തിരിഞ്ഞു
എടാ നീ എന്താ ഇവിടെ ? എത്രകാലമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട് അല്ലെ?”
എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പൈലിക്ക് നേരെ തുരുതുരെ പാഞ്ഞടുത്തപ്പോള്‍ അവന്‍ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ
ഞാന്‍ കുറെക്കാലമായി ദുബായിയില്‍ ആണ് ജോലി ചെയ്യുന്നത് . നീ ഇപ്പോള്‍ നിന്റെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ എങ്ങനെ പോകുന്നൂ  ? “
പിന്നെ ഞങ്ങളുടെ നേരെ തിരിഞ്ഞു എടാ , ഇവനെ മനസ്സിലായോ , എന്റെ കൂടെ പഠിച്ച നാസര്‍ ആണ് ഇത് . കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ ( പ്രദീപിനെ നേരെ തിരിഞ്ഞു ) ഇവന്റെ  ഭാര്യയുടെ ഇളയ സഹോദരന്റെ  മകളുടെ ഭര്‍ത്താവ്
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ പ്രദീപ് ശരിക്കും ആശ്ചര്യപ്പെട്ടു . അദ്ദേഹത്തിന്റെ അരികില്‍ നിന്നാണ് താന്‍ കടം വാങ്ങാന്‍ വന്നത് . പക്ഷെ കച്ചവടക്കാരും  പലിശ ക്കാരും ബന്ധുക്കളേയും ബന്ധങ്ങളേയും  തങ്ങളുടെ ബിസിനെസ്സിന്‍റെ നാലയലത്ത് ഒരിക്കലും അടുപ്പിക്കാറില്ല ശരിയല്ലേ . എന്നിങ്ങനെ ആലോചിച്ച് നിന്നപ്പോഴേക്കും പ്രദീപും ബന്ധുവും കാര്യമായ എന്തൊക്കയോ സംസാരങ്ങളിലേക്ക് കടന്ന് കഴിഞ്ഞിരുന്നൂ . അപ്പോഴാണ്‌ പൈലി ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട്
ഇത് നമ്മുടെ പടച്ചോന്‍ തറയിലെ ഷൌക്കത്തിന്റെ കടയല്ലേ? “
എന്ന് ചോദിച്ചത് . അപ്പോഴേക്കും കടയുടെ ഒരു വശത്ത്‌ നിന്നും പുഞ്ചിരി തൂകിക്കൊണ്ട്‌  
അതേ, ആളെ അറിയുമോ ? ഇവിടെ എവിടെയാ നിങ്ങളുടെ വീട് ? “
എന്ന് ചോദിച്ചുകൊണ്ട്  ഒരു മധ്യവയസ്കന്‍ ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നപ്പോള്‍ .  അത് കേട്ട് ആദ്യം ഞാന്‍ കരുതി ചിലപ്പോള്‍ പൈലി ഷൌക്കത്തിനെ അറിയും എന്ന് തമാശയ്ക്ക് പറഞ്ഞതാവും എന്ന് . അല്പസമയത്തെ മൌനത്തിന് വിരാമമിട്ടുകൊണ്ട്  പൈലി അദ്ദേഹത്തെ നോക്കി
നന്നായി അറിയും, അവനും എന്റെ ഈ മുഖം മറക്കാന്‍ കഴിയില്ല എന്ന് തോന്നുന്നൂ . പണ്ട് കോളേജില്‍ വച്ച് എന്റെ പെങ്ങളെ കമന്റ് അടിച്ചതിന്  ഇലക്ഷന്‍ സമയത്ത് ഞാനും കൂട്ടുകാരും കൂടി പഞ്ഞിക്കിട്ടത് എങ്ങനെയാ മറക്കുന്നത്. അന്നാണ് എനിക്ക് പോന്ന ഒരു എതിരാളിയെ ആദ്യമായി മുന്നില്‍ കിട്ടിയത്
എന്ന് പറഞ്ഞപ്പോള്‍ ആ മനുഷ്യന്റെ  മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങളില്‍ നിന്നും  എനിക്ക് ആളെ ശരിക്കും മനസ്സിലായി . അതിനാല്‍ തന്നെ ഞാന്‍ പൈലിയെ നോക്കി
എടാ , നിനക്ക് ആളെ മനസ്സിലായില്ലേ ഇതാണ് നമ്മുടെ ഷൌക്കത്ത്, അല്ല ഷൌക്കത്ത്  മുതലാളി
എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍  ഷൌക്കത്തും അത് ആസ്വദിക്കുന്നത് പോലെ എനിക്ക് തോന്നി . പിന്നെ അവിടെ നിന്നും അങ്ങോട്ട്‌ ഷൌക്കത്തിന്റെ വകയായി ജ്യൂസ്‌ ഓര്‍ഡര്‍ ചെയ്യുന്നൂ . പിന്നെ അവന്റെ മുറിയില്‍ ഒത്തുകൂടി പലതും സംസാരിച്ചിരുന്നപ്പോഴാണ് പ്രദീപ്‌ എന്നെ നോക്കി 
വീട്ടില്‍ പോകണ്ടേ?”
എന്ന് ചോദിച്ചത് . അങ്ങനെ അവിടെനിന്നും അവന്റെ വീട്ടിലേക്കു പോയി വേഗം തിരിച്ചു വന്നു . അവിടെ നിന്നും ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന സംഖ്യയ്ക്ക് തീരുമാനിച്ചുറപ്പിച്ച ആഭരണങ്ങള്‍ വാങ്ങി അവിടെനിന്നും ഇറങ്ങിയപ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നൂ . അങ്ങനെ അവിടെനിന്നും ഞങ്ങളെയും കൊണ്ട് കാര്‍ പ്രദീപിന്റെ വീട്ടിലേക്കു യാത്രആരംഭിച്ചു. കുറച്ചു സമയത്തെ യാത്രയ്ക്ക് ഒടുവില്‍ ആ കാര്‍ പ്രദീപിന്റെ വീട്ടുമുറ്റത്ത് ചെന്ന് നിന്നു. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ആ ആഭരണങ്ങള്‍  അടങ്ങിയ ബാഗ്‌  വധുവിന്റെ സാന്നിധ്യത്തില്‍ തുറന്ന്‍  കാണിച്ചപ്പോള്‍ അവളുടെ സന്തോഷം അത് ഒന്ന് വേറെ തന്നെ ആയിരുന്നൂ . അങ്ങനെ പ്രദീപിന്റെ  വീട്ടിലെ സ്ഥലപരിമിതി കാരണം എന്ത് ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ്
എടാ നമ്മുടെ തറവാട് നമ്മുടെ അന്ന തുടച്ച് വൃത്തിയാക്കി വച്ചിട്ടുണ്ട് . അവിടേക്ക് പോകാം . അങ്ങനെ നമ്മുടെ തറവാടും വച്ചിട്ട് എന്തിനാ എവിടെയെങ്കിലും പോയി തങ്ങി അവരെക്കൂടി വിഷമിപ്പിക്കുന്നെ
ചേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ , എന്റെ മനസ്സ് ശരിക്കും സന്തോഷിച്ചു . കാരണം ജനിച്ച് വളര്‍ന്ന വീട് ഓല മേഞ്ഞതായാലും ആ വീട്ടിനുള്ളിലെ പാത്തും നമ്മെ പല മണ്മറഞ്ഞ ബാല്യകാലഓര്‍മ്മകളിലേക്കും കൊണ്ട് പോവും . അപ്പോഴും എന്റെ മനസ്സ് ജെസ്സിക്കും മോള്‍ക്കും ആ പഴഞ്ചന്‍ ശീലുകളുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്നായിരുന്നൂ . പക്ഷെ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി കൊണ്ട് അവര്‍ തന്നെ എല്ലാത്തിനും മുന്നിട്ടിറങ്ങിയപ്പോള്‍  ഞങ്ങള്‍ പ്രദീപിനോടും കുടുംബത്തോടും  അനുവാദം ചോദിച്ച് രണ്ട് കാറിലായി അങ്ങോട്ടേക്ക് യാത്രതിരിച്ചു .  മഴവെള്ളമൊഴുകി നിമ്നോന്നതങ്ങളായ മണ്‍പാതയിലൂടെ കാര്‍ ചാടിച്ചാടി മുന്നോട്ട് നീങ്ങിയപ്പോള്‍ ഒന്ന് രണ്ട് പ്രാവശ്യം റോസിമോളുടെ നെറ്റി മുന്നിലെ സീറ്റില്‍ ചെന്നിടിച്ചു  എങ്കിലും പാവം ഒന്നും മിണ്ടാതെ എന്നെ ഓര്‍ത്ത് ഇരുന്നപ്പോള്‍ ആ കാന്താരിയുടെ വായില്‍ നിന്നും പരുക്കന്‍ വാക്കുകള്‍ ഒന്നും പുറത്തേക്ക് വരാതിരിക്കാന്‍ ജെസ്സി പ്രത്യേകം  ശ്രദ്ധിച്ചു . അവള്‍ അങ്ങനെയാ മനസ്സില്‍ ഒന്നും വെക്കില്ല വായില്‍ വരുന്നത് തുറന്നങ്ങ് പറയും . അവളുടെ ആ സ്വഭാവംകാരണം  പണ്ട് എത്ര തവണ  വീട്ടുകാരുടെ മുന്നിൽ വെച്ച്ഞാന്‍ നാണം കെട്ടിരിക്കുന്നൂ. ഒരിക്കല്‍ ഞാനും ഭാര്യയുമായുള്ള രാത്രികാല സമാഗമങ്ങള്‍ കണ്ട് ഒരു  രാത്രി വലിയവായില്‍
എന്റെ അമ്മച്ചിയെ അപ്പന്‍ കൊല്ലാന്‍ പോന്നേ?
എന്ന് പറഞ്ഞു കരഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ തൊലി ഉരിഞ്ഞു പോകും .


ഭാഗം : പതിനാല്

അങ്ങനെ ദുർഘടം പിടിച്ച പാതയിലൂടെയുള്ള കുറച്ചു സമയത്തെ യാത്രയ്ക്ക് ഒടുവിൽ ഞങ്ങളുടെ കാർ  തറവാടിന്റെ മുന്നിലെ കല്പടവുകൾക്ക് സമീപത്തായി ചെന്ന് നിന്നു . അതിൽ നിന്നും ഞങ്ങൾ ഇറങ്ങി മുന്നിലെ ഉയരത്തിലുള്ള കൽപ്പടവുകളിലൂടെ  മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും മുറ്റത്ത് ഞങ്ങളുടെ വരവും കാത്ത് അന്ന ചേച്ചിയും കുടുംബവും അവിടെ നിൽപ്പുണ്ടായിരുന്നൂ . കാലങ്ങൾക്ക് ശേഷമുള്ള ആ കണ്ടുമുട്ടൽ ചേച്ചിയിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നൂ . അവൾ  ചാരത്ത് വന്ന്  എന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ആ കണ്ണുകളിൽ  സന്തോഷാശ്രുക്കൾ നിറഞ്ഞിട്ടുണ്ടായിരുന്നൂ . പിന്നെ എന്റെ കവിളിൽ പിച്ചിക്കൊണ്ടു 

"എന്താടാ നീ ഇങ്ങനെ ആയിപ്പോയത് ? നിനക്ക് എന്താ ഇടയ്‌ക്കൊന്ന് എന്നെ വിളിച്ചാൽ ?"  


എന്നിങ്ങനെ ചോദിച്ചു് വരാന്തയിൽ കൂനിക്കൂടിയിരുന്ന വൃദ്ധയെ നോക്കി 


"മാണിക്കാമ്മയ്ക്ക് ഇവനെ മനസ്സിലായോ ?" 


എന്ന് ചോദിച്ചപ്പോൾ അവര്‍ വായിലെ മുറുക്കാൻ മുറ്റത്തേക്ക് തുപ്പി വടിയും കുത്തി എഴുന്നേറ്റ്  കൂനിക്കൂടി ഞങ്ങൾ നോക്കി കൈകൊണ്ടു 


" ആരാ അന്നമോളെ " 


എന്ന് ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ അന്നചേച്ചി എന്റെ കയ്യും പിടിച്ചു് 

വലിച്ചു് അവരുടെ അരികിലേക്ക് വേഗം നടന്നു . അന്നചേച്ചിയുടെ രൂപം ഞാൻ അപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത് . തലമുടിയിൽ അങ്ങിങ്ങു് തെളിഞ്ഞുകാണുന്ന വെള്ള വരകളും കണ്ണിന്റെ കീഴെ തെളിഞ്ഞു കാണുന്ന കറുത്ത പാടുകളും കൂടിയ മെലിഞ്ഞ ശരീരത്തിലെ ക്ഷീണിച്ച എന്റെ ചേച്ചി യുടെ രൂപം എന്റെ മനസ്സിനെ വല്ലാതെ നോവിച്ചു . കാരണം പണ്ട് ഞാൻ നേരത്തെ പറഞ്ഞിരുന്നത് പോലെ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതിന് അമ്മച്ചിക്കും അപ്പനും കൂട്ട് എന്റെ സഹോദരങ്ങൾ ആയിരുന്നല്ലോ. അന്ന് എല്ലാവികടത്തരങ്ങളും കൊണ്ട് നാടുമുഴുവൻ തല്ലിപ്പൊളിയായിരുന്നത് ഞാനും . പക്ഷെ എന്നും എനിക്ക് അമ്മയെക്കാളും വാത്സല്യം തന്ന്  കൂടെനിന്നത് എന്റെ അന്നചേച്ചിയായിരുന്നൂ താനും . 

അന്നൊരിക്കൽ  ജെസ്സിയും ചേച്ചിയുമായി  ഒരിക്കൽ ഉണ്ടായ വാക്കുതർക്കം മൂലം അകന്നുപോയ ഞങ്ങളുടെ  കുടുംബത്തെ ഈയടുത്ത്ചേ ട്ടനും ചേട്ടത്തിയും കൂടി വഴിയിൽ വച്ച് കണ്ട് മുട്ടിയതും  അതുപോലെ  എന്റെ കൂട്ടുകാരനായ പ്രദീപിന്റെ മകളുടെ വിവാഹത്തിന് എത്തിച്ചേരുമ്പോഴും ഇങ്ങനെ എല്ലാവരെയും കാണാൻ കഴിയും എന്നും  ഒരിക്കലും ആലോചിച്ചിരുന്നില്ല .  പക്ഷെ ദൈവം മഹാനാണ് എന്നത് വളരെ സത്യമാണ് നാമൊന്നു ചിന്തിക്കും അവിടുന്ന് മറ്റൊന്ന് പ്രവൃത്തിക്കും . അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴേക്കും ഞങ്ങൾ ആ വൃദ്ധയുടെ അരികിലേക്ക് എത്തിച്ചേർന്നു . അവരെ ഞാൻ സൂക്ഷിച്ചുനോക്കി , എത്ര ആലോചിച്ചിട്ടും അവർ ആരാണ് എന്ന് മാത്രം വ്യക്തമായില്ല . അത് എന്റെ മുഖദാവിൽ നിന്നും വായിച്ചെടുത്തണോ എന്നറിയില്ല ചേച്ചി പുഞ്ചിരിച്ചുകൊണ്ട് 


"മാണിക്കാമ്മ പണ്ട് നമ്മുടെ  പറമ്പിലെ തേങ്ങ കട്ടെടുത്ത കള്ളനെ പിടിക്കാൻ നിങ്ങൾ പിന്നാലെ ഓടിയത് ഓർക്കുന്നോ . "


എന്ന് ചോദിച്ചപ്പോൾ അവരുടെ മുഖം പെട്ടെന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു .അവർ ചേച്ചിയെ നോക്കി 


" അത് ഒത്തിരി പണ്ടല്ലേ അന്നേ , അന്ന് ആ കള്ളൻ എന്നെ തേങ്ങകൊണ്ടു എറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു , എന്ത് ചെയ്യാം "


എന്ന് പറഞ്ഞപ്പോൾ 

ചേച്ചി എന്നെ നോക്കി പറഞ്ഞു "

 എടാ എന്നോട് ക്ഷമിക്കണം . പാവം കുറേക്കാലമായി ആ ഏറിന്റെ വേദനയിൽ നരകിക്കുന്നൂ , ഇന്ന് അവർ കഴിയുന്നത് പോലും ഞങ്ങളുടെ സഹായത്തിലാ ."


എന്ന് പറഞ്ഞപ്പോൾ  ഞാൻ ചേച്ചിയെനോക്കി കണ്ണടച്ച് കാണിച്ചപ്പോൾ  അവരെ ആ വൃദ്ധയെ നോക്കി 


" ഞാൻ പറയാൻ വന്നത് ഇവരോട് പറഞ്ഞു തിരിച്ചുപോവുന്നതിനകം കള്ളനെ നമ്മുക്ക് പിടിക്കാം . " 

പിന്നെ ഫിലിപ്പേട്ടനെ ചൂണ്ടിക്കാട്ടി "

 ഏട്ടൻ പോലീസാ , എന്തായാലും ഇത്തവണ നമ്മൾ കള്ളനെ പിടിക്കുക ചെയ്യും " 


എന്ന് പറഞ്ഞപ്പോൾ അവരുടെ പല്ലില്ലാ മോണകാട്ടിയുള്ള ചിരി എനിക്ക് നന്നേ ബോധിച്ചു . പക്ഷെ അപ്പോഴാണ് ചേട്ടന്റെ മുഖത്ത്  മറഞ്ഞിരുന്ന കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചത് അപ്പോഴേക്കും കാർ ലോക്ക് ചെയ്ത്  പൈലി അവിടേക്കു വന്നു കയറി . അവന്റെ ആ വരവ് കണ്ട്  ചേച്ചി ഒന്ന് സൂക്ഷിച്ചു നോക്കി . അവൻ നടന്ന് ഞങ്ങളുടെ അരികിലേക്ക് വന്ന് ചേച്ചിയെനോക്കി 

"
 എടീ അന്നക്കുട്ടീ ... ശരിക്കും നിന്നെ വിളിക്കേണ്ടത് പോത്ത് എന്നാണ്  മരപ്പോത്ത്  "

എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ചേച്ചി വേഗം അവനെ നോക്കി 


"മോനെ നീ ആ ബ്ലേഡിന്റെ മോൻ പൈലിയല്ലേടാ "


എന്ന് തിരിച്ചു ചോദിച്ചപ്പോൾ ശരിക്കും അവൻ വലിയ വായിൽ പൊട്ടിച്ചിരിച്ചു . അതുകണ്ട്  ഞങ്ങളുടെ ചിരിച്ചു . അപ്പോഴാണ് ചേച്ചി പറഞ്ഞത് 


"ഇത്ര ധൈര്യത്തിൽ എന്നെ ഇങ്ങനെ വിളിക്കാൻ എന്റെ പൈലിമോൻ അല്ലാതെ പിന്നാരാ ഈ ഭൂമിയിൽ "


എന്ന് പറഞ്ഞപ്പോഴാണ്  ചേച്ചി പൈലിയുടെ ആ സഹായത്തിന്റെ കഥ വിവരിച്ചത് 


" പണ്ട് നിങ്ങൾ രണ്ടാളും ജോലിയുമായി പല ദേശത്ത് കഴിയുന്ന കാലം അപ്പോഴാണ് ഒരു ദിവസം രാത്രി അമ്മച്ചിക്ക് തീരെ വയ്യാതെ ആയത് . അന്നൊരു ശനിയാഴ്ചയായിരുന്നൂ , അടുത്ത ദേവീക്ഷേത്രത്തിലെ  ഉത്സവമായതിനാൽ  അയല്പക്കത്തെ ആളുകൾ മിക്കവരും അങ്ങോട്ടേക്ക് പോയിരുന്നു . ഇന്നത്തെ പോലെ ഫോണോ മറ്റോ അന്നില്ലായിരുന്നു താനും . വഴിയിൽ കുറെ നേരം ആരെയെങ്കിലും സഹായത്തിന് കാത്തു നിന്നപ്പോഴാണ് ഇവൻ സൈക്കിളിൽ അതിലൂടെ കടന്ന് വരുന്നത് എന്റെ ശ്രദ്ധയിൽ  പതിഞ്ഞത് . അങ്ങനെ ഞാൻ അവനെ നീട്ടി വിളിച്ചു് വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു . അങ്ങനെ ഇവൻ  അന്ന് അമ്മച്ചി യെ ചുമലിൽ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു . പിന്നെ അമ്മച്ചി യെ വീട്ടിലേക്ക്  തിരിച്ചെത്തിച്ചു കഴിഞ്ഞും ഒത്തിരി സഹായങ്ങൾ പണമായും സാധനങ്ങളായും ഇവൻ ചെയ്തു തന്നിട്ടുണ്ട് . അന്നും ഇവൻ ഒരു കാര്യം മാത്രമേ എന്നോട് പറഞ്ഞുള്ളൂ ഈ സഹായങ്ങള്‍ ചെയ്ത് തന്നത് ഞാന്‍ ആണെന്ന് ഒരിക്കലും ആരും അറിയരുത് എന്ന് ഇവന്‍ എന്നെ നോക്കി പറയുന്നത് കേട്ട് അന്ന് അമ്മച്ചി പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്   "  


ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുന്നത് ഞാൻ ശ്രദ്ധിച്ചു . ഇവനും ഞാനും കൂട്ടുകാരാണ് എങ്കിലും ഇത്രയും നേരം കണ്ടു സംസാരിച്ചിട്ടും ഇതൊന്നും തുറന്നു പറയാതിരുന്നതും വീട്ടിലേക്കു വരുന്ന നേരത്ത് ഞാനും വരുന്നു നിന്റെ ചേച്ചിയെ എനിക്കൊന്നു കാണണം എന്ന് പറഞ്ഞത്തിന്റെയും പൊരുൾ ഇപ്പോൾ മാത്രമാണ് എനിക്ക് ബോധ്യമായത് . ഇവൻ  ഈ വീട്ടിലേക്കു ചെയ്തതിന്റെ ഒരംശം സഹായം പോലും ഞാൻ ഇതുവരെ വീട്ടിലേക്കു വേണ്ടി ചെയ്തിട്ടില്ല  എന്നത് പരമാർത്ഥം .



ഭാഗം:പതിനഞ്ച്

അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ചേച്ചി ഞങ്ങളെ  അവരുടെ മകള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത് . അവള്‍ ചേച്ചിയെനോക്കി എല്ലാവരെയും ഞാന്‍ ഫേസ്ബുക്ക് പേജില്‍  കണ്ടിട്ടുണ്ട്  എന്ന് പറഞ്ഞപ്പോഴേക്കും
മോളേ , ഇത് നിന്റെ അമ്മാവന്മാരാണ് കേട്ടോ ? ഇദ്ദേഹം ഫിലിപ്പ് അങ്കിള്‍ മറ്റെയാള്‍ ജോസ് അങ്കിള്‍ അവര്‍ അവളെ നോക്കി  പറഞ്ഞവസാനിപ്പിക്കാന്‍ തുടങ്ങവേ ഞാന്‍ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരേയും ഞങ്ങളുടെ അരികിലേക്ക് വിളിച്ചു കൊണ്ട് ചേച്ചിക്കും കുടുംബത്തിനും പരസ്പരം പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴും അവരുടെ കണ്ണുകളിലെ തിളക്കം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു  . അതിനിടയില്‍ ഞാന്‍ അവളുടെ പേര് ചോദിയ്ക്കാന്‍ മറന്ന് പോയി എങ്കിലും അത് മനസ്സിലാക്കിയാണ് എന്ന് തോന്നുന്നൂ ചേച്ചി എന്റെ നേരെ നോക്കി
എടാ ജോസേ ഇത് എന്റെ മകള്‍ ക്ലാര . ഇവള് ബി എഡിന് പഠിക്കുവാ കോഴ്സ് കഴിയുമ്പോഴേക്കും അവളുടെ വിവാഹം അങ്ങ് നടത്തണം . എനിക്ക് ഇവളെ ക്കൂടാതെ ഒരു മോന്‍ കൂടി ഉണ്ട് പേര് ചാണ്ടി. നമ്മുടെ അപ്പച്ചന്റെ പേരാണ് അവന് നൽകിയത്. എഞ്ചിനയരിംഗ്  കോഴ്സ് കഴിഞ്ഞ് അവന്റെ അപ്പന്റെ ചായക്കടയില്‍ പോയി  അദ്ദേഹത്തെ സഹായിക്കുന്നു ,  ഒപ്പം പി എസ് സി തുടങ്ങിയ  ജോലിക്കുള്ള  മത്സരപരീക്ഷകളും  എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട് . സാധാരണ ദിവസങ്ങയ്ക്കൽ ഒമ്പത് മണിയോടെ തിരിച്ചെത്തുന്നതാണ് , വന്നാല്‍ രണ്ടും കൂടി പിന്നെ അടി പിടി തുടങ്ങും . പിന്നെ ഞാൻ വേണം ഒത്ത് തീർപ്പാക്കാൻ

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ ഞാൻ തല തിരിച്ച് ക്ലാരയെ നോക്കിയപ്പോള്‍ അവള്‍ ചേച്ചിയെ കണ്ണുരുട്ടി കാണിക്കുന്നത്  കാണാൻ കഴിഞ്ഞു . 
ചേച്ചിയേ ക്കുറിച്ച്  പറയുമ്പോള്‍ എനിക്കെന്നും നൂറു നാവാ എന്ന് പണ്ട് അമ്മച്ചി പറയുമായിരുന്നൂ എന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ . പക്ഷെ അവളോട്‌ ഒരു രഹസ്യവും പറയാന്‍ കൊള്ളില്ല എന്നത് സത്യമാണ് കേട്ടോ . എന്ത് പറഞ്ഞാലും പനം കുട്ടയില്‍ വെള്ളം മുക്കുന്നപോലെ ആണ്.  ഈ സ്വഭാവം കാരണം ഒരിക്കല്‍ എന്റെ പ്രണയകഥയിലെ കട്ടുറുമ്പ് ആയി മാറാന്‍  അവൾക്ക്അവസരം ലഭിച്ചു .എന്റെ രാത്രിയിലെ ചുറ്റി നടപ്പില്‍ സംശയം തോന്നിയ ചേച്ചി  സങ്കല്‍പ്പിച്ചെടുത്ത കഥയില്‍ റോസിയും ഞാനും കഥാപാത്രങ്ങള്‍ ആയി മാറിയപ്പോള്‍ എങ്ങനെയോ ആ കഥ വിശ്വസിക്കാൻ ഒത്തിരി പേരെ കിട്ടി. അങ്ങനെ പലരിലൂടെ കൈമാറി മാറി
  റോസിയുടെ ചേട്ടന്മാരുടെ ചെവിയിലും ആ കഥ എത്തി ചേര്‍ന്നു.  അതൊന്നുമറിയാതെ പതിവ് മതിൽ കെട്ടിനപ്പുറം എന്റെ വരവും പ്രതീക്ഷിച്ച് ചേട്ടന്മാര്‍ നിന്നപ്പോൾ അവരുടെ കൈക്കരുത്ത് അറിയാനുള്ള അവസരവും അന്ന്   ഉണ്ടായി. അതിനു അവളെ പഴി പറഞ്ഞിട്ട് ഒരു  കാര്യവുമില്ല, എന്ത് ചെയ്യാം അതങ്ങനാ വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചും നമ്മേ തേടി വരും. .
ഇന്ന് അവരുടെ പഴയ ഊർജ്ജസ്വലത നഷ്ടപ്പെട്ടിരിക്കുന്നത് പോലെ എനിക്ക് തോന്നി. അതിനേക്കുറിച്ച് ചോദിച്ച എനിക്ക് കിട്ടിയ മറുപടി
" അതവിടെ കിടക്കട്ടേ .ഇത്ര കാലമായിട്ടും ഇപ്പോഴാണോ മോന് എന്നേക്കുറിച്ച് വ്യാകുലത തോന്നിയത്. എവിടെയായിരുന്നു നീ ഇത്ര കാലവും .ഞാൻ എണീപ്പടിയിൽ നിന്നും വീണ് ആശുപത്രിക്കിടക്കയിൽ കിടന്നതും നീ അറിഞ്ഞിരുന്നോ ? സാരമില്ല ചേച്ചിക്ക് ആരോടും പരിഭവമില്ല കേട്ടോ .ഇപ്പോൾ പ്രഷറിനും മറ്റു മരുന്നും കഴിച്ച് ഇങ്ങനെ കഴിഞ്ഞ് പോകുന്നു. എന്റെ ജീവിതത്തിൽ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ .മരിക്കുന്നതിന് മുമ്പ്
എന്നെങ്കിലും നിങ്ങളെ ഒക്കെ ഇങ്ങനെ അടുത്ത് കാണണം . അതേതായാലും സാധിച്ചു കർത്താവിന് നന്ദി. "
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ശരിക്കും എന്റെ മനസ്സ് നീറിയത്  അറിയുന്നു .


ഭാഗം: പതിനാറ്
ചേച്ചി പറഞ്ഞ കാര്യങ്ങളിലൂടെ മനസ്സ് പലകുറി സഞ്ചരിച്ചപ്പോഴേക്കും ഞാനൊഴികെ മറ്റെല്ലാവരും വീട്ടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. എനിക്ക്
ചുറ്റിലുമായി പരന്നു കിടന്ന ഇരുട്ടിന് നല്ല കുളിരുള്ളത് ഞാൻ അറിഞ്ഞില്ല .അത്രകണ്ട് മനസ്സ് നിറിപ്പുകഞ്ഞതിനാൽ നെറ്റിയിൽ പടർന്നു കയറിയ വിയർപ്പുകണങ്ങൾ മുണ്ടിന്റെ തലപ്പ് ഉയർത്തി മെല്ലെ ഒപ്പിയെടുത്ത് നിന്നപ്പോഴാണ് ആരുടേയോ കാൽപ്പാടുകൾ അടുത്ത് വരുന്നത് പോലെ തോന്നിയത്. ഞാൻ മെല്ലെ നിന്ന നിൽപ്പിൽ തല പുറകോട്ട് ചെരിച്ച് സൂക്ഷിച്ച് നോക്കി. അന്നച്ചേച്ചിയായിരുന്നു ആഗത എന്ന് ബോധ്യമായപ്പോഴേക്കും അവർ അരികിലേക്ക് അണഞ്ഞു കഴിഞ്ഞിരുന്നു. വന്ന പാടേ എന്റെ കവിളിൽ പീച്ചിക്കൊണ്ട് 
" മോനേ ചേച്ചി വേദനിപ്പിച്ചോ? സാരമില്ല മോനത് കാര്യമാക്കണ്ട .നിനക്കറിയാലോ ചേച്ചീ ഒരു പൊട്ടിയാ .എന്റെ മോനേ വല്ലാതെ ഓരോന്ന് പറഞ്ഞ് വേദനിപ്പിച്ചു. "
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞോഴുകുന്നത് ഞാൻ ശ്രദ്ധിച്ചു.

അങ്ങനെ ചേച്ചി എന്നെയും ചേർത്ത് പിടിച്ച് മുറ്റത്ത് നിന്നും വീട്ടിനകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും അവിടെ പുല്ലുപായയിൽ ഇരുന്ന് കഞ്ഞിയും തേങ്ങ ച്ചട്ടരിച്ച ചമ്മന്തിയും ചേർന്ന അത്താഴത്തിന് പഴമയുടെ ഒരു സുഖം എനിക്ക് തോന്നി. പണ്ട് അപ്പന് പാടത്തേക്ക് ടീഫിൻ പാത്രത്തിൽ അമ്മച്ചി കൊടുത്തിരുന്നത് ഓർത്തപ്പോൾ അങ്ങനെ ഞാൻ പോലും അറിയാതെ അമ്മച്ചിയുടെയും അപ്പന്റയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞ് വന്നു. അതിൽ അപ്പന്റെ കൊമ്പൻ മീശയും ചുവന്ന കണ്ണുകളും വലത് കാതിൽ തിരുകി വച്ച ദിനേശ് ബീഡിയും

കറ പുരണ്ട പല്ലുകളും എന്നെ പണ്ട് പലവുരു ഭയപ്പെടുത്തിയിരുന്നത് ഇന്നും ഓർക്കുന്നു. അപ്പനോട് എനിക്ക് തോന്നിയ പേടി അത് ഒരായുധ മാക്കിയാണല്ലോ അമ്മച്ചീ നടത്തിയ  പല ബ്രെയിൻ വാഷിംഗ് പദ്ധതികളും .ഇന്ന്  അതേക്കിറച്ച് ആലോചിക്കുമ്പോൾ എനിക്ക് ചിരി വരും .ഒരിക്കൽ ജെസിയുടെ സംസാരത്തിൽ നിന്നും എന്നെക്കുറിച്ച് എന്തൊക്കയോ മനസിലാക്കിയ റോസിമോൾ 
നാട്ടീ ലുള്ള കുരുത്തക്കേട് മുഴുവൻ കളിച്ചിട്ട് എന്നോട് നന്നാവാൻ പറഞ്ഞാൽ അതെങ്ങനാ നടക്കക ജോസേട്ടാ."
എന്ന് പറഞ്ഞപ്പോൾ ശരിക്കും തൊലി ഉരിഞ്ഞ് പോയത് പോലെ തോന്നി.

അങ്ങനെ ഞങ്ങളൊരുമിച്ച് കളിയും കാര്യങ്ങളുമായി അന്ന്അത്താഴ മുണ്ടു് . ആ ഒരു ഒരു സുഖം വേറെ തന്നെയാണ്.. സത്യം പറഞ്ഞാൽ എല്ലാവരും ഒത്തൊരുമിച്ച്  ആഹാരം കഴിക്കുന്നതിന്റെ ഒരു സുഖം അത് ശരിക്കും അനുഭവിച്ചാലേ മനസിലാകൂ.

അങ്ങനെ അത്താഴം കഴിഞ്ഞ് വരാന്തയിൽ ചേച്ചി വിരിച്ചിട്ട പായയിൽ മാനത്തെ നക്ഷത്രങ്ങൾക്ക് കൂട്ടായി  ചേട്ടനുമൊത്ത് ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ പഴയ ഓർമ്മകൾ തെളിഞ്ഞ് വരാൻ തുടങ്ങിയിരുന്നു.
അതിൽ അപ്പച്ചനും അദേഹത്തിന്റെ കയ്യിൽ തല യും വച്ച് കിടക്കുന്ന എന്റെ രൂപവും തെളിഞ്ഞു വന്നു. എന്നും അപ്പച്ചന്റെ ദേഹത്തിന് വിയർപ്പിന്റെ മത്ത്  പിടിപ്പിക്കുന്ന ഗന്ധമായിരുന്നു. പണ്ട് കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം വളർത്തിയ ആ ശീലം ഞാൻ വളർന്നപ്പോഴും തുടർന്നു. അങ്ങേതിലെ ദാക്ഷായണി ചേച്ചി തീവണ്ടിയിടിച്ച് മരിച്ചതിന്റെ അന്ന് ആ വികൃതമായ ദേഹം കണ്ട് രാത്രിയിൽ പേടിച്ച് പല്ല് കടിച്ച് ഞെരിച്ചപ്പോഴും തൊടും നെയ് എന്ന ആയുർവേദ മരുന്ന് മണപ്പിച്ച് ശാന്തനാക്കിയത് .പിന്നീട് അമ്മച്ചി പറഞ്ഞാണ് ഞാനറിഞ്ഞത്. അപ്പോഴേക്കും നമ്മൾക്ക് പ്രിയപ്പെട്ട പലരേയും കാലം മായ്ച്ചു കളഞ്ഞിരുന്നു. പിന്നെപ്പോഴോ ഞാനും ചേട്ടന്റെ ആരോഹണാവരോഹണ രീതീയിലുള്ള കൂർക്കംവലിയും കേട്ട് കൊണ്ട് എപ്പോഴോ  മയക്കത്തിലേക്ക് കടന്നു. ആ മയക്കത്തില്‍ റോസിയുമായുണ്ടായിരുന്ന പ്രണയദിനങ്ങള്‍  ഓര്മ്മയുടെ അനുവാദം വാങ്ങി ഒരു ചലച്ചിത്രം പോലെ തെളിഞ്ഞു വന്നപ്പോള്‍ അത് ശരിക്കും ഞാന്‍ ആസ്വദിച്ചു കിടന്നു . അതില്‍ ഞങ്ങളുടെ ലീലാവിലാസങ്ങളും വ്യക്തമായി വന്നപ്പോള്‍ അറിയാതെ തിരിഞ്ഞു ചേട്ടനെ ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്റെ കൈകള്‍ വിടുവിച്ച് അദ്ദേഹം തിരിഞ്ഞു കിടന്നു.

ഭാഗം: പതിനേഴ്

 അടുത്ത ദിവസം കാലത്ത് ചെമ്പോത്തിന്റെ പാട്ട് കേട്ട് കൊണ്ടാണ് ഞാനുണർന്നത്. അതിനൊപ്പിച്ച് കിളികളും പശ്ചാത്തല സംഗീതം തീർത്തപ്പോൾ ശരിക്കും എന്നിലെ നഷ്ടബോധം അറിയാതെ തല ഉയർത്തി. ഗ്രാമത്തിന്റെ സുഖവും നഗരത്തിന്റെ ചൂടുംഞാൻ ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു അന്നത്തെ പ്രാതൽചൂട് ദോശയും ചട്നിയും ആസ്വാദിച്ച് കഴിച്ച് കഴിഞ്ഞ്  വീട്ടിന് ചുറ്റിലുമുള്ള കാഴ്ചകളിലൂടെ കണ്ണോടിച്ച് നിന്നപ്പോഴാണ് യാദൃശ്ചികമായ ഒരുകാഴ്ച എന്നെ ആകർഷിച്ചത് . അത് എല്ലാവരേയും വയറ് നിറച്ച് ഊട്ടിയ ചേച്ചി  അടുക്കള വരാന്തയിൽ ഇരുന്ന് ഒരു മൺചട്ടിയിൽ കയ്യിട്ട് ഇളക്കിക്കൊണ്ടിരിക്കുന്ന. അങ്ങനെ ഞാൻ ചേച്ചിയുടെ അരികിലേക്ക് നടന്നടുത്തു. ചേച്ചി ആംഗ്യ ഭാഷയിൽ കേറി പോടാ എന്ന് പറയുന്നുണ്ട് എങ്കിലും അത് ഞാൻ കാര്യമായി എടുത്തില്ല ഞാനും ചേച്ചിയുടെ അരികിൽ ചേച്ചിയുടെ കുഞ്ഞനുജനായി ചെന്നിരുന്നു..  ചേച്ചി മടിച്ച് മടിച്ചാണെങ്കിലും ചട്ടിയിലെ പഴഞ്ചോറ് എന്റെ വായയിൽ വച്ച് തന്നപ്പോൾ അതിലെ പുളിയും എരുവും ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. എനിക്ക് പഴഞ്ചോറ് വാരിത്തരുമ്പോൾ ചേച്ചിയുടെ കണ്ണകളിൽ ആനന്ദാശ്രു നിറഞ്ഞത് ഞാൻ കണ്ടു.അത് മറയ്ക്കാൻ ചേച്ചി വശങ്ങളിലേക്ക് തല തിരിച്ച് പ്പോൾ ആ കൈകൾ വിറയാർന്നത് ഞാൻ അറിഞ്ഞു. കുറേ സമയമായി എന്നെ തിരഞ്ഞ് നടന്ന ചേട്ടനും മറ്റുള്ളവരും ഞങ്ങളുടെ ആ ഇരിപ്പ് കണ്ട് ആശ്ചര്യ പൂർവ്വം. നിന്നപ്പോൾ ചേട്ടനും അണ്ടോട്ട് വന്ന് ഞങ്ങളോടൊപ്പം ചേർന്നു.മനസ്സിൽ എന്നന്നേക്കുമായി ചേർത്തു വയ്ക്കാൻ സ്നേഹ സമ്മാനമായി ചേച്ചിയുടെ കയ്യിൽ നിന്നും കിട്ടിയ ഒരുരുള ചോറ് കൂടി ഏറ്റുവാങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പണ്ട് ഞാൻ എറിഞ്ഞുടച്ച സിമന്റ് വീപ്പയുടെ കഷണങ്ങളും നോക്കി മുറ്റത്തേക്ക് നടന്ന് നീങ്ങിയപ്പോൾ റോസി മോൾക്ക് പറയാൻ ശുദ്ധവും സുരക്ഷിതവുമായ ആഹാരത്തേപ്പറ്റി ഉപദേശിക്കാൻ ഒത്തിരി ഉണ്ടായിരുന്നു. അവൾക്ക് ജെസി യും അവളുടെ അദ്ധ്യാപകമാരും പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾ എന്നെ പറഞ്ഞ് മനസിലാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും കഴിച്ച പഴഞ്ചോറ് അവർക്ക് തീരെ ബോധിച്ചിട്ടില്ലെന്ന് മനസ്സിലായി. അവൾക്കറിയുമോ അതിന്റെ രുചിയും ആരോഗ്യ രഹസ്യങ്ങളും .
പഴമയുടെ ശീലുകൾക്ക് മനം കുളിർപ്പിക്കുന്ന ഒരു സുഖമുണ്ട്. എന്ന് ചിന്തിച്ച്.കൊണ്ട് പണ്ട് ഓല മേഞ്ഞ കുളിപ്പുര സ്ഥിതി ചെയ്തിരുന്ന ഭാഗത്തേക്ക് കണ്ണോടിച്ചപ്പോൾ അവിടെ പച്ചക്കറിത്തോട്ടമാണ് എനിക്ക് കാണാൻ കഴിഞ്ഞത് - മനസിലെ ഓർമ്മകളെ തഴുകി ഉറക്കിക്കൊണ്ട്  വസ്ത്രം മാറി അവിടെ നിന്നും ഇറങ്ങിയപ്പോൾ ഒരു പിൻവിളിയുമായി ചേട്ടനും കൂടെ ചേർന്നു. അയൽവീട്ടിലെ പരിചയക്കാരോട് കുശലാന്വേഷണം നടത്തി മുന്നോട്ട് നീങ്ങിയ ഞങ്ങൾക്ക് ആ ഗ്രാമത്തിൽ  വന്ന മാറ്റങ്ങളിൽ ആശ്ചര്യമാണ് തോന്നിയത്. അതിനും ഒരു കാരണമുണ്ട് എന്ന് കരുതിക്കോ .പണ്ട് നാട് വിട്ട് ഗ്രാമത്തിൽ നിന്നും നഗരത്തിരക്കിലേക്ക് ചേക്കേറിയ ശേഷം ഇപ്പോഴാണ്  ഞാൻ ഇപ്പോഴാണ് നാട്ടിലേക്ക്  തിരിച്ച് വന്നത് എന്നത് തന്നെ നാട്ടിലെ കിണറിലെ തണുത്ത വെള്ളത്തിലെ കാലത്തെ കുളി നൽകുന്ന സുഖം ഒന്ന് വേറെ തന്നെയാണല്ലോ .ഗ്രാമത്തിലെ റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞിട്ടും അതൊന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കാൻ ഘോര ഘോരം പ്രസംഗിക്കുന്ന ഒരു നേതാവിനും താൽപ്പര്യം തീരെയില്ല പല പാർട്ടിക്കാരും മെല്ലെ മെല്ലെ ജനസേവനം എന്ന മഹത്തായ പദത്തൽ നിന്നും ജന സേവനം എന്നതിലെ സേവനം എന്ന വാക്കിനെ ആയുർവേദത്തിലെ സേവിക്കക എന്ന അർത്ഥത്തിലേക്ക മാറ്റി പ്രതിഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു. ഇവരെ കണ്ടിട്ടാണ് എന്ന് തോന്നുന്നു. പണ്ട് ഒരു മഹാകവി "ദീപസ്തംഭം മഹാത്ഭുതം നമ്മുക്കും കിട്ടണം പണം " എന്ന് ചൊല്ലിയത് എന്നോർക്കുമ്പോൾ .പഴയ കാല ഗ്രന്ഥകാരന്മാരിൽ പലരുടെയും ദീർഘവീക്ഷണം എനിക്ക് ബോധമായത്. ക്ഷമിക്ക ക അറിയാതെ ഞാൻ ഒന്ന് കാടുകയറി.

ഭാഗം: പതിനെട്ട്

അപ്പോഴാണ് വഴിയോരത്ത് തലയുയർത്തി നിന്ന കെട്ടിട സമുച്ചയത്തിലേക്ക് എന്റെ ശ്രദ്ധ ചെന്ന് പതിഞ്ഞത് . ഞങ്ങളുടെ കുട്ടിക്കാലത്ത് അവിടം ഒരു ഓലമേഞ്ഞ മൺകൂരയായിരുന്നൂ സ്ഥിതി ചെയ്തിരുന്നത് . അവിടെ താമസിച്ചിരുന്നത് ആവട്ടെ പഴയകാല തീവ്രകമ്മ്യുണിസ്റ് പ്രസ്ഥാന നേതാവ് സഖാവ് ഭാസ്കരേട്ടനും കുടുംബവുമായിരുന്നൂ . അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി കളെക്കുറിച്ചു്  ഇന്നും പലരും പറഞ്ഞറിഞ്ഞതേ  എനിക്ക് അറിയുകയുള്ളൂ . അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ നക്സൽ പ്രവർത്തനവുമായി പാത്തും പതുങ്ങിയും അവർ നടത്തിയ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്ക്  പരിക്കുകളും ജീവഹാനിയും സംഭവിച്ചതായി പണ്ട് പറഞ്ഞു കേട്ടിരുന്നൂ . പിന്നീട് ആ കുടിലിന്റെ ചുമരിൽ തൂങ്ങികിടന്ന ആ ചില്ല് കൂട്ടിൽ കണ്ട വശങ്ങൾ ചിതലരിച്ച ബ്ളാക്ക് ആൻഡ് വൈറ്റ് പടത്തിൽ  അദ്ദേഹം വളരെ ശാന്തനായി കാണപ്പെട്ടു . അപ്പോഴും അറിയാതെ  ഞാൻ ചിന്തിച്ച്‌ പോയത്  ഒന്ന് മാത്രമായിരുന്നു ഭാസ്കരേട്ടൻ  അങ്ങനെയൊക്കെ ശരിക്കും ചെയ്തിട്ടുണ്ടാവുമോ.  ഇന്ന് ആ സ്ഥലത്ത് തലയുയർത്തിനിൽക്കുന്ന വീട്ടിൽ താമസിക്കുന്നത് അദ്ദേഹത്തിന്റെ മകൻ കമ്മ്യൂണിസ്റ്പ്രേ പാർട്ടി നേതാവും സഹകരണ ബാങ്ക് ചെയർമാനും ആയ പ്രേമൻ  ആണെന്ന്  വഴിപോക്കരിയിൽ ചിലരിൽ നിന്നും അപ്പോഴേക്കും ചേട്ടൻ ചോദിച്ചറിഞ്ഞു . കാലത്തിന്റെ ഒരു വികൃതികളെ ക്കുറിച്ചു ഓർത്ത് എന്റെ ചുണ്ടിൽ ഒരു ചിരി പരന്നു , കാരണം  പണ്ട് അപ്പൻ സമൂഹത്തിന് വേണ്ടി അല്ലെങ്കിൽ ജനങ്ങൾക്ക് അതിലെ തെറ്റുകൾക്കും അനീതികൾക്കും വേണ്ടി പോരാടി രക്തസാക്ഷി ആയിത്തീരുക. ഇന്ന് മകനോ നേരത്തേ ഞാൻ പറഞ്ഞ ജന സേവനത്തിൽ തന്റെ സമ്പാദ്യത്തിൽ മാത്രം ശ്രദ്ധിച്ചു ജനനേതാവായി ജീവിതം തള്ളി നീക്കുക . ഇതിന് ജനാധിപത്യം എന്നവാക്ക് ശരിക്കും ജനങ്ങളുടെ മേലുള്ള ആധിപത്യം ആയി മാത്രമേ വ്യാഖ്യാനിക്കാൻ കഴിയൂ , ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മിക്കവയും പോലീസിനെയോ  അനുയായികളെയോ ഉപയോഗിച്ച് ജനങ്ങളുടെ വായ അടപ്പിച്ചു് പ്രതികരണ ശേഷിയില്ലാത്ത പാവകൾ ആക്കിമാറ്റുന്നതിൽ സുഖം കാണുന്നതിനാലും ജനങ്ങളിൽ ചിലർ അവരുടെ റാൻ മൂളി കൾ ആവുന്നതിനാലും ഇന്നത്തെ കാലത്ത് ജനാധിപത്യത്തിന് അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നൂ .
ഇവനെപ്പോലുള്ളവരെയൊക്കെ കാണുമ്പോൾ മനസ്സിൽ തെളിഞ്ഞു വരിക എന്റെ പഴയകാല സുഹൃത്തും ഇന്നത്തെ യുവജന നേതാവും ആയ ഉലഹന്നാന്റെ ജീവിത കഥയാണ് . അത് പിന്നീട് ഒരിക്കൽ ഞാൻ നിങ്ങളുമായി പങ്കുവെക്കാം കേട്ടോ ഇപ്പോൾ ചേട്ടന്റെ ചോദ്യങ്ങൾക്കു ഉത്തരം കൊടുത്തുകൊണ്ട് ഒന്ന് നടക്കട്ടെ കേട്ടോ . അങ്ങനെ അവിടെനിന്നും ആ വലിയ വീടും കടന്ന് മുന്നോട്ടു നീങ്ങിയപ്പോൾ വഴിയരികിലെ ചെറിയ ഓലക്കുടിലിൽ നിന്നും ഒരു വൃദ്ധ കൂനിക്കൂടി വടിയും കുത്തിപ്പിടിച്ചു് ഞങ്ങളുടെ മുമ്പിൽ വന്ന്  
" മക്കൾ എവിടാ താമസിക്കുന്നേ . ഇവിടെ ആദ്യമായി കാണുന്നത് കൊണ്ട് ചോദിച്ചതാ, അമ്മച്ചിക്ക് മുറുക്കാൻ വാങ്ങാൻ എന്തെങ്കിലും തരുമോ ? " 
എന്ന് ചോദിച്ചപ്പോൾ . ഞങ്ങൾ  അപ്പന്റെ പേരും വീടും പറഞ്ഞുകൊണ്ട്  പോക്കറ്റിൽ നിന്നും ചേട്ടൻ കുറച്ചു പണമെടുത്ത് അവരെ ഏൽപ്പിച്ചു . അത് വാങ്ങിയപ്പോൾ  അവരുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം തെളിഞ്ഞു കണ്ടു . അപ്പോഴേക്കും ഒരു കാറ് പൊടിപറത്തിക്കൊണ്ട് ഞങ്ങളുടെ  അരികിൽ വന്നു നിന്നു . അതിന്റെ ഉള്ളിൽ നിന്നും ഒരു വെള്ള ഷർട്ട് ധാരി ഇറങ്ങി  അവരോട് 

"എന്താ തള്ളേ വീട്ടിൽ കയറി അനങ്ങാതെ ഇരുന്നാൽ പോരെ . വഴിയിൽ കണ്ട ആളുകളോട് ചരിത്രം വിളമ്പാനുള്ള  തയ്യാറെടുപ്പിൽ  ഓരോ നാശങ്ങൾ ഇറങ്ങിക്കോളും. കയറിപ്പോയെ  " 


എന്ന് ആക്രോശിച്ചപ്പോൾ എനിക്ക് ശരിക്കും വേദനിച്ചു . പാവംപിന്നീട് അയാൾ പറഞ്ഞ ചിലവാക്കുകളിൽ നിന്നും ആ വൃദ്ധയുടെ വിറയാർന്ന സ്വരത്തിൽ നിന്നും അത് അവരുടെ മകൻ ആണെന്ന്  വ്യക്തമായി . പിന്നീട് അയാൾ ഞങ്ങളുടെ നേരെ തിരിഞ്ഞപ്പോൾ ചേട്ടൻ അവനെ നോക്കി 


"സഖാവ് ഭാസ്കരന്റെ മകൻ പ്രേമാനല്ലെടോ നീ . കൊള്ളാം അപ്പൻ ജനങ്ങൾക്ക് വേണ്ടി ഇറങ്ങി രക്തസാക്ഷിയായി മാറിയപ്പോൾ മകൻ അമ്മയെ വീട്ടീന്നിറക്കിവിട്ട് ജനങ്ങളെ സേവിച്ചു് ജീവിക്കുന്നൂ . കൊള്ളാം അമ്മയോട് ശരിക്കൊന്ന് തിരക്കിക്കോ ഭാസ്കരേട്ടൻ നിന്റെ അപ്പൻ തന്നെയാണോ എന്ന് . കാരണം പണ്ട് ഒരുപാട് പേരുടെ ഒളിത്താവളം ആയിരുന്നല്ലോ നിന്റെ വീട് . ഞാൻ ഒന്ന് പറഞ്ഞെന്നേയുള്ളൂ . തരത്തിൽ ചെന്ന് കളിക്ക് പെട്രോൾ പമ്പിൽ വന്ന് ബീഡികത്തിക്കുന്ന നിന്റെ സ്വഭാവം  അണികളോട്  കാണിച്ചാൽ മതി . കേട്ടോടാ ജന സേവകാ "


എന്ന് പറഞ്ഞപ്പോൾ ആ അമ്മമനസ്സിന് ഒത്തിരിവേദനിച്ചു എന്നറിയാം. പക്ഷെ ഇവനോട് ഒക്കെ ഇങ്ങനെയേ പെരുമാറാനെ ചേട്ടനും എനിക്കും  കഴിയൂ  ക്ഷമിച്ചേക്കണേ എന്ന് പറയുന്നവിധം ദയനീയമായി ആ അമ്മയെ നോക്കിയപ്പോഴേക്കും അവർ കണ്ണുകൾ തുടച്ചു് ആ വീട്ടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടായിരുന്നൂ . അതിനിടയിൽ 


"നിന്നെ ഞാൻ എടുത്തോളാം"


 എന്നും പറഞ്ഞു കാറിൽ കയറിയപ്പോൾ ചേട്ടൻ 

" അതിന് പോലീസ് എന്താ നിന്റെ അച്ചിക്കു സ്ത്രീധനം കിട്ടിയതാ എന്ന് തോന്നുണ്ടെങ്കിൽ നീ നല്ല പൊലീസുകാരെ കാണാത്തതിനെ കുഴപ്പമാ . "
എന്ന് പറഞ്ഞു എന്നെ നോക്കി കൊണ്ടു 
" കുറെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നേതാക്കൾക്ക് എന്ത് ചെറ്റത്തരവും ചെയ്യുമ്പോൾ കുടപിടിക്കാൻ ഗ്രാജ്വെഷനും മറ്റു വിദ്യാഭ്യാസ യോഗ്യതയും ഉള്ള ഞങ്ങളെപ്പോലുള്ള കുടപിടിക്കേണ്ടിവരുന്ന നശിച്ച നിയമവ്യവസ്ഥയാണ് തെറ്റ് ."
എന്ന് പറഞ്ഞപ്പോഴേക്കും ആ കാറ് മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നൂ . അതിന്റെ  പിന്നിലെ സീറ്റിൽ നിന്നും  രണ്ടുകണ്ണുകൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു . അതൊരു സ്ത്രീയായിരുന്നൂ , ചിലപ്പോൾ ഭാര്യയാവാം അറിയില്ല ചിലപ്പോൾ ഇവിടെ അരങ്ങേറിയ നാടകത്തിന്റെ സ്ക്രിപ്ടിന്റെ ഉപജ്ഞാതാവ് അവരാവാനും മതി . ഞാൻ ഇന്ന് വല്ലാതെ മാറിപ്പോയിരിക്കുന്നൂ .പണ്ടേ ഈ പെൺ വിഷയത്തിൽ പ്രത്യേക താല്പര്യം എടുത്തിരുന്ന ഞാൻ റോസിയുമായുണ്ടായ കരാറിലെ ആദ്യത്തെ പ്രധാന വ്യവസ്ഥയായ പെൺവിഷയങ്ങൾ അവസാനിപ്പിക്കുക എന്ന പ്രകാരം അത്തരം ശീലങ്ങൾ  എന്നത്തേക്കും അവസാനിപ്പിച്ചപ്പോൾ   എപ്പോഴോ റോസിയും ഒരു തെറ്റിദ്ധാരണ മൂലം എന്നോട് പിണങ്ങി. പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയില്ല , അതുകഴിഞ്ഞു ഒരിക്കൽ  ആരോ പറഞ്ഞറിഞ്ഞു അവൾ അമ്മാവന്റെ മകനെ വിവാഹം കഴിച്ചു എന്ന് . അതിനു ശേഷം അവൾ ഒരു ഒരു ആൺകുഞ്ഞിനെ പ്രസവിച്ചെന്നും  അന്നേക്ക് രണ്ടുവര്ഷത്തിന്ഉള്ളിൽ നടന്ന ഒരു ചില ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് ഒടുക്കം  റോസിയുടെ അമ്മാവനോട് ജ്യോത്സ്യൻ  പറഞ്ഞത് പോലെ കാലം അദ്ദേഹത്തെ  ഈ ഭൂമിയുടെ കണക്കുപുസ്തകത്തിലേക്കു ചേർത്ത് വച്ചപ്പോൾ അന്നുമുതൽ അവൾ ഈ നാട്ടിൽ വന്ന് മകന് വേണ്ടി ജീവിക്കുന്നൂ . തുടർന്നുള്ള ജീവിതകാലയളവിൽ ആണ് റോസി യിൽ നിന്നും ഡോക്ടർ റോസിയിലേക്കുള്ള പരിണാമം തന്നെ .

അങ്ങനെ പ്രദീപ് പറഞ്ഞറിഞ്ഞതും മറ്റും ചിന്തിച്ചു കൊണ്ട് ചേട്ടനൊപ്പം നടന്നുനീങ്ങുമ്പോൾ വഴിയോരത്തെ ഞങ്ങൾ പഠിച്ച സ്‌കൂളിന് മുമ്പിൽ കണ്ട ഫ്രീക്ക് സ്റ്റൈലിൽ മുടിനീട്ടി വളർത്തി അന്യസംസ്ഥാന ജോലിക്കാരെപ്പോലെ തോന്നിക്കുന്ന ചെറുപ്പക്കാർ എന്നിൽ ശരിക്കും അത്ഭുതം തന്നെയാണ് വളർത്തിയത് . ഒരു ബൈക്കും ഇതുപോലുള്ള രൂപവും ഒരു മൊബൈലും ഉണ്ടെങ്കിൽ ഏതുപെണ്ണിനെയും വളക്കാം എന്ന് പറയുമ്പോലെ തന്നെ ആണ് അവരുടെ ഇരിപ്പ് . അതിൽ ചിലർ ഞങ്ങളെക്കണ്ടപ്പോൾ അരികിലേക്ക് വന്ന്  അഭിനവപോലീസ് കളിയ്ക്കാൻ  ഒന്ന്  ശ്രമിച്ചതും ചേട്ടൻ അതിലൊരുത്തന്റെ ചെവിയിൽ നിന്നും പൊന്നീച്ചയെ പറത്തിയതും  ശരിക്കും അവരെ ഞെട്ടിച്ചു . പിന്നെ നാട്ടുകാരിൽ ഒരാളാ  അവിടെക്കൂടിയ ജനങ്ങളുടെ ഇടയിൽ നിന്നും 


" പോലീസ് ഓഫിസർ അല്ലെ സാർ ?"


എന്ന് ചോദിച്ചപ്പോൾ  ചേട്ടൻ 


അതെ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ്  ചാണ്ടി , ഇവനൊക്കെ രണ്ട് കിട്ടാത്തതിന്റെ കുറവാ . ഗൾഫിൽ നിന്നും അപ്പൻ ചൂളയിൽ നിന്നും പണമുണ്ടാക്കി വയറു മുറുക്കി പണമയക്കും ഇവനെപ്പോലുള്ള മക്കൾ അമ്മയിൽ നിന്നും അതും ചൂണ്ടി ഇങ്ങനെ വിലസ്സും."


എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ ചെറുപ്പക്കാരുടെ മുഖത്ത് നിഴലിച്ച ഭയം ഞാൻ ശ്രദ്ധിച്ചു .


ഭാഗം: പത്തൊമ്പത്

അപ്പോഴേക്കും ചേട്ടൻ അവരെ നോക്കി 
"നിന്ന് വിയർക്കാതെ വീട്ടിൽ പോവെഡാ "
എന്നും പറഞ്ഞു അവിടെനിന്നും നടന്നു നീങ്ങിയപ്പോൾ അദ്ദേഹത്തെ ഞാനും അനുഗമിച്ചു പോയി . സുരേഷ് ഗോപി സിനിമയിൽ കാണിക്കുന്ന പലതും നല്ല പോലീസേമാന്മാർ ജീവിതത്തിൽ ചെയ്തുകാണിക്കും എന്ന് പറയുന്നത് ഇതിനൊക്കെ ആണ്  ചിന്തിച്ചപ്പോഴേക്കും ഇത്തിരി ദൂരെയായി പ്രദീപിന്റെ വീട്ടിലേക്കുള്ള ഇടവഴി ഇടതു വശത്ത് വ്യക്തമായി തുടങ്ങി. പണ്ട് മരത്തൂണിന് മുകളിൽ നൃത്തം ചെയ്തു കത്തിയിരുന്ന മണ്ണെണ്ണ വിളക്കിന്റെ  സ്ഥാനത്ത് സോഡിയം വേപ്പർ വിളക്കുകൾ ഇന്ന്  സ്ഥാനം പിടിച്ചിരിക്കുന്നൂ . അന്ന് ആരൊക്കയോ കത്തിച്ചുവച്ചിരുന്ന വഴിവിളക്കുകൾക്ക്  മുന്നിൽ ഇന്ന് ആവുക സ്പോൺസർമാരുടെ പേരുകൾ ആയിരിക്കും . ശരിയാ ഗാന്ധി പ്രതിമയക്ക് മുന്നിൽപ്പോലും സ്പോൺസർമാരുടെ പേരുകൾ കൊത്തിവയ്ക്കുന്ന പുരോഗമന വാദികളും പണത്തിനും സ്ഥാനത്തിനും വേണ്ടി വാതോരാതെ ജല്പനങ്ങൾ പൊഴിക്കുന്ന സാംസ്കാരിക പ്രഭുക്കളുമുള്ള നാട്ടിൽ ഇതൊക്കെ  വലിയ കാര്യമാണോ അല്ലേ . അങ്ങനെ ഓരോന്ന് ചിന്തിച്ചു് പ്രദീപിന്റെ വീട്ടിന്റെ നടവഴിയിലേക്ക്  കയറുമ്പോഴേക്കും ഞങ്ങളെ സ്വീകരിക്കാൻ അവിടെ സാക്ഷാൽ ഗൃഹനാഥൻ തന്നെ വരാന്തയിൽ നിന്നും ഇറങ്ങിവന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു . കാരണം യേശൂവിന്റെ വചനങ്ങളിൽ എനിക്ക് ഇന്നും എനിക്ക് പ്രധാനപ്പെട്ടത് നമ്മൾ ഒരാളെ ഒരു കരത്താൽ സഹായിക്കുമ്പോൾ അത് മറുകരം പോലും അറിയരുത് എന്ന തത്വം എന്നതാണ് എന്നത് തന്നെ . എങ്കിലും അത് മുഖത്ത് കാട്ടാതെ നിന്നപ്പോഴേക്കും അവന്റെ ഭാര്യയുടെ പ്രധാന പരിഭവം കുടുംബത്തെ കൂടെ കൂട്ടാത്തതിനായിരുന്നൂ . അവരൊക്കെ ചേച്ചിയോടൊപ്പം വരും എന്ന് പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വരാന്തയിൽ കയറി ഉമ്മറക്കോലായിയോട് ചെന്നുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നപ്പോൾ  ആ പ്രതലത്തിന്റെ  തണുപ്പ് എന്റെ ശരീരത്തിലൂടെ കടന്നുപോയത് ഞാൻ അറിഞ്ഞു. ആ ഇരിപ്പിൽ പറമ്പിലെ കാഴ്ചകളിലൂടെ കണ്ണോടിച്ചപ്പോഴാണ് ഉയരം കുറഞ്ഞ തെങ്ങിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ച  സിമൻറ് വീപ്പ എന്റെ കണ്ണിലുടക്കിയത് . അപ്പോഴാണ് പണ്ട് അമ്മച്ചി യുടെ നിർബന്ധത്തിന് വഴങ്ങി രണ്ടു തേങ്ങയിടാൻ തെങ്ങിൽ വലിഞ്ഞു കയറിയ രംഗം മനസ്സിൽ തെളിഞ്ഞു വന്നത് .അന്ന് കാലത്ത് തന്നെ  ചേട്ടനും അപ്പച്ചനും പാടത്ത് പണിക്ക് പോയി കുറച്ചു കഴിയുമ്പോഴേക്കും അലക്കാനുള്ള തുണികളുമായി ചേച്ചി കൂട്ടുകാരികളോടൊത്ത് പുഴക്കടവിലേക്കു പോയ സമയം. ഞാനാണെങ്കിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ പുതപ്പ് പായയിലും ഞാൻ വെറും തറയിലും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് അമ്മച്ചി എന്നെ തട്ടി വിളിച്ചു് തേങ്ങ തീർന്നു കഞ്ഞിയിൽ ഇടാൻ തെങ്ങേൽ കയറി ഒരു തേങ്ങയിട്ടുകൊടുക്കാൻ ആവശ്യയപെട്ടത് . മടിച്ചു മടിച്ചാണെങ്കിലും അവസാനം കണ്ണും തിരുമ്മി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി പിന്നെ വീപ്പയിൽ നിന്നും വെള്ളം മുക്കിയെടുത്ത് മുഖം കഴുകി വേഗം തന്നെ തെങ്ങിൽ വലിഞ്ഞു കയറി . തെങ്ങിന് അധികം ഉയരം ഇല്ലാതിരുന്നതിനാൽ  പെട്ടെന്ന് തന്നെ ഞാൻ തേങ്ങയുടെ അരികിൽ എത്തി . ആദ്യം കണ്ട ഉണങ്ങിയ തേങ്ങ മെല്ലെ കൈകൊണ്ടു വലിച്ചപ്പോഴേക്കും അത് എന്റെ പ്രതീക്ഷകൾ സ്ഥാനത്താക്കിക്കൊണ്ടു "പ്ധോം " എന്ന ശബ്ദത്തോടെ താഴെവീണു , അപ്പോഴേക്കും അമ്മച്ചി അകത്തു നിന്നും 

"മതി  ഇറങ്ങിക്കോ" 

എന്ന് പറഞ്ഞു നിറുത്തിയപ്പോഴേക്കും അടുത്ത ധോം  ശബ്ദം അമ്മച്ചി കേട്ടു  . അപ്പോഴേക്കും 

ദേഷ്യത്തോടെ 

"നിന്നോടല്ലേ ഒന്ന് മതി ഇറങ്ങിക്കോ എന്ന് പറഞ്ഞേ , എന്താടാ നീ ഇങ്ങനെ "

എന്ന് പറഞ്ഞുകൊണ്ട് അകത്തു നിന്നും വരാന്തയിലേക്ക് ശരം പോലെ നടന്നു വന്നപ്പോഴാണ് ഞാൻ സിമൻറ് വീപ്പയിൽ വീണ് വീപ്പ പൊട്ടി നനഞ്ഞു കുളിച്ച എന്നെ കണ്ടത് . ആ കാഴ്ചകണ്ട്‌ അമ്മയുടെ മുഖത്തെ  ദേഷ്യം എങ്ങോ മറഞ്ഞു .അവരുടെ മുഖത്ത് എന്നോടുള്ള സഹതാപവും അതുപോലെ ചിരിയും മാറിമാറിവന്നപ്പോൾ ഞാനും എന്റെ വേദന തൽക്കാലത്തേക്ക് മറന്നു അമ്മയുടെ പുഞ്ചിരിയിൽ പങ്കുചേർന്നു . ഇന്ന് അറിയാതെ ആ സംഭവം ഓർത്തപ്പോൾ എന്റെ മുഖത്ത് വിടർന്ന പുഞ്ചിരി ചേട്ടനും പ്രദീപും ശ്രദ്ധിച്ചപ്പോൾ ആദ്യം കാര്യം പിടികിട്ടിയത് എന്റെ സുഹൃത്തിന് ആയിരുന്നൂ . അവൻ എന്നെ നോക്കി 
" പണ്ടത്തെ നിന്റെ തേങ്ങയിടലിന്റെ വിശേഷം അന്നൊരിക്കൽ അമ്മച്ചി പറഞ്ഞു ഞാൻ അറിഞ്ഞിരുന്നൂ ." 
എന്ന് തുറന്നു പറഞ്ഞപ്പോൾ ചേട്ടനും  കാര്യങ്ങൾ ഏകദേശം വ്യക്തമായി. അപ്പോഴാണ്  എന്റെ മൊബൈൽ നിറുത്താതെ ചിലക്കാൻ തുടങ്ങിയത് .ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എടുത്ത് സ്ക്രീനിലേക്ക് കണ്ണോടിച്ചപ്പോൾ അത് പൈലിയുടെ ഫോൺ കാൾ ആണെന്ന് എനിക്ക് ബോധ്യമായി . ഞാൻ ഫോൺ എടുത്തപ്പോഴേ അവൻ മുഖവുരകൂടാതെ 
"നീ എവിടെയാ ഉള്ളത് "
"പ്രദീപിന്റെ വീട്ടിൽ ചേട്ടനും ഉണ്ട് കൂടെ "
" ഓക്കേ ,ഞാന്‍ ഇപ്പോള്‍ അവിടെയെത്താം നമ്മുക്ക് ഒരിടം വരെ പോവണം . ചേട്ടനും കഴിയുമെങ്കില്‍ നമ്മോടൊപ്പം കൂടാം. ഞാന്‍ ഇതാ വരുന്നൂ  
എന്ന് പറഞു ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും ചേട്ടന്‍ എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടു . ഞാൻ അദ്ദേഹത്തെ നോക്കി 
 "ചേട്ടാ അത് പൈലിയുടെ കോള്‍ ആയിരുന്നൂ . എന്നെയും കൂട്ടി എവിടെയോ പോവാനുണ്ട് എന്നാണു അവന്‍ പറഞ്ഞത് . ഒപ്പം ചേട്ടനെയും എന്ത്  വന്നാലും കൂടെ കൂട്ടാന്‍ മറക്കരുത് എന്ന് പറയാന്‍ പറഞ്ഞു
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും  ചേട്ടന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഒരു എന്തൊക്കയോ ആ മനസ്സിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ഞാൻ അറിഞ്ഞു . അങ്ങനെ പൈലിയുടെ വരവും കാത്ത് ഞങ്ങൾ ആ ഉമ്മറക്കോലായിൽ ഇരിപ്പായി . ശരിക്കും ഒരാളെയോ ഒരു ദിനത്തെയോ കാത്തിരിക്കുമ്പോൾ ദിവസങ്ങളോ സമയമോ നീങ്ങാൻ കൂട്ടാക്കാതെ പലപ്പോഴും മടിച്ചു നിൽക്കും ശരിയല്ലേ .

ഭാഗം: ഇരുപത്

അങ്ങനെ ഞങ്ങളുടെ ആ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട്  അല്പസമയത്തിനകം 

പൈലിയുടെ കാറ് മുറ്റത്ത് വന്നു നിന്നു .  പതിവായി സരസമായി മാത്രം സംസാരിക്കുന്ന അവന്റെ മുഖത്ത്  പടർന്ന ഗൗരവഭാവം അറിയാതെ ഞങ്ങളുടെ മനസ്സിൽ പല അനാവശ്യ ചോദ്യങ്ങളും ഉയർന്നു വന്നു . പക്ഷെ അവിടെയും ഞങ്ങൾക്ക് തടസ്സം അവനോടെങ്ങനെ അത്  ചോദിക്കും എന്നതായിരുന്നൂ . ഒടുക്കം ചേട്ടൻ തന്നെ അവനെ നോക്കി 
" എന്താടാ പൈലി നിനക്ക് പറ്റിയത് ? എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളോട് തുറന്നു പറ ."
എന്ന് ചോദിച്ചപ്പോഴാണ് അവന്റെ  ഭാഗത്തു നിന്നും  ഒരു നെടുവീർപ്പ് മാത്രമായി മറുപടി ഒതുങ്ങി , അവന്റെ ഭാവം കണ്ടാലറിയാം മനസ്സിൽ എന്തൊക്കയോ ചിന്തകൾ കുഴഞ്ഞു മറിയുന്നുണ്ട് എന്ന് .
പണ്ട് എന്തൊരു  പ്രശ്നങ്ങളും എന്റെയും പ്രദീപിന്റെയും മുന്നിൽ  ഇറക്കിവെക്കാറുള്ള  അവന്റെ 
മൗനം ഞങ്ങളെ ശരിക്കും വല്ലാത്ത ധർമ്മസങ്കടത്തിൽ കൊണ്ടെത്തിച്ചു . അതിനിടയിൽ "കുടിക്കാൻ കുറച്ചു വെള്ളം " എന്ന് പറഞ്ഞു വരാന്തയിലെ കസേരകളിൽ ഒന്നിൽ അമർന്നിരുന്നപ്പോഴേക്കും കല്യാണപ്പെണ്ണ് അകത്തു നിന്നും ഒരു ഗ്ലാസ്സ് വെള്ളവുമായി അങ്ങോട്ടേക്ക് കടന്നു വന്ന്  കയ്യിലെ ഗ്ലാസ്സ് അവനു കൈമാറി .  വെള്ളം കുടിക്കുന്നതിനിടയിൽ എന്നെ നോക്കി 
 "എടാ ഇറങ്ങുവല്ലേ ? "
അവൻ പറഞ്ഞു നേരെ പ്രദീപിന് നേരെ തിരിഞ്ഞു 
" പിന്നെ നമ്മുടെ അബ്ദു കുറച്ചു സമയത്തിനകം ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ടുണ്ട് . അപ്പോഴേക്കും പന്തലുകാരും എത്തും അങ്ങനെയല്ലേ "
 പൈലി  ചോദിച്ചപ്പോൾ പ്രദീപ്
" അതെ രാവിലെ വരാം എന്നാ പറഞ്ഞെ "
അവനെ നോക്കി  പറഞ്ഞപ്പോഴേക്കും
" ഏതായാലും ഞങ്ങൾ പോയിട്ട് വേഗം വരാം " 
അവൻ  പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റ് ഗ്ലാസിൽ ബാക്കിവന്ന വെള്ളം മുറ്റത്തേക്ക് കളഞ്ഞ ശേഷം പ്രദീപിന് കൈമാറി . അപ്പോഴാണ് ഞാൻ ജെസ്സിയും മറ്റും ഏതാനും സമയത്തിനകം  എത്തിച്ചേരുമെന്നത്  ഞാൻ ഓർത്തത് . അപ്പോഴാണ് മനസ്സ് എന്നോട് പ്രദീപിനോട് അതിനെക്കുറിച്ചു സൂചിപ്പിക്കാൻ ഉത്തരവിട്ടത് . കേൾക്കാതിരിക്കാൻ പറ്റുമോ എന്റെ ജെസ്സിയെ  നന്നായിട്ടു എനിക്കറിയാം എന്തെങ്കിലും ചെറിയ സംഭവം മതി പിന്നെ പഴയതും മറന്നതുമായ  കാര്യങ്ങളുടെ ഭാണ്ഡക്കെട്ട്  അഴിച്ചു വച്ച് ഉഗ്രരൂപിണിയായാൽ പിന്നെ അന്നത്തെ ദിനം നശിച്ചു കിട്ടും .അതിനാൽ തന്നെ അവനോടു 
 എടാ ജെസിയും മറ്റും വരും അപ്പോൾ ഞങ്ങൾ ഇവിടെ വരെ പോയി . ഇപ്പോൾ വരും എന്ന് മാത്രം പറഞ്ഞാൽ മതി " 
എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോഴും എവിടേക്കാണ് പോവുന്നത് എന്ന് മാത്രം ഞങ്ങൾക്ക് വ്യക്തമായില്ല  .അങ്ങനെ ഞങ്ങൾ പൈലിയുടെ കാറിൽ  ടൗണിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു യാത്രതിരിച്ചപ്പോൾ ചേട്ടൻ മുൻ സീറ്റിൽ ഇരുന്ന് കാഴ്ചകളിലൂടെ കണ്ണോടിച്ചു എന്തോ ചിന്തയിൽ ലയിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു . പെട്ടെന്ന്  എന്തോ ആലോചിച്ചുറച്ചപോലെ 
" എടാ പൈലി ശരിക്കും നിനക്ക് പറ്റിയെ ? പിന്നെ നമ്മൾ ഇപ്പോഴെങ്ങോട്ടേക്കാണ് പോവുന്നത് ? എന്നിങ്ങനെയുള്ള ചോദ്യശരങ്ങൾ ഒന്നിനുപിന്നാലെ ഒന്ന് എന്ന് ക്രമത്തിൽ തൊടുത്തു വിട്ടപ്പോഴേക്കും ഒന്നിനും ഉത്തരം പറയാതെ മൗനിയായി കുറച്ചു സമയം കൂടി അവൻ ഇരുന്നു . പിന്നെ മനസ്സിൽ എന്തോ ആലോചിച്ചുറച്ചപോലെ 
"ചേട്ടൻ  നമ്മളുടെ സ്‌കൂൾ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചറെ ഓർക്കുന്നോ ? ഏതായാലും നമ്മളാരും ആ ടീച്ചറെ മറക്കില്ല . പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചയ്ക്ക് ഉപ്പുമാവും  വിശേഷ ദിവസങ്ങളിൽ  പായസവും വിളമ്പിത്തരുന്ന ടീച്ചറെ മറക്കുന്നത് എങ്ങനെ . ആ പായസത്തിന്റെ സ്വാദും ടീച്ചറുടെ ചൂരൽ കഷായവും വാങ്ങാത്ത ഒരുത്തനും ആ സ്‌കൂളിൽ ഉണ്ടായിരുന്നില്ലല്ലോ . ടീച്ചർ രണ്ടു മാസം മുമ്പാണ് നമ്മളെ വിട്ടു പിരിഞ്ഞത് , ഞാൻ അബ്ദുപറഞ്ഞാണ് പത്രത്തിൽ  വന്ന  ആ വാർത്ത ശ്രദ്ധിച്ചത് തന്നെ . നമ്മൾ മനസ്സിൽ ആരാധിക്കുന്ന ഒരാൾ പെട്ടെന്ന് ഒരുനാൾ നമ്മെ വിട്ടു പിരിഞ്ഞാൽ ആ വേദന കുറെ നാൾ നമ്മെ വേട്ടയാടും , അത് പോലെയായിരുന്നൂ എന്റെ കുറെ നാളായുള്ള അവസ്ഥ . ടീച്ചറുടെ ഭർത്താവ് 
ആറുമാസം മുമ്പ് കുളുമുറിയിൽ കുഴഞ്ഞുവീണ് ആണ് മരിച്ചത് . അതുകഴിഞ്ഞു മാസങ്ങൾക്കു ശേഷം ടീച്ചറും എല്ലാം കെട്ടടങ്ങി കഴിഞ്ഞപ്പോൾ മകൾക്ക്  പനിക്കുള്ള മരുന്ന് വാങ്ങാൻ ടൗണിലേക്ക് പോയ ടീച്ചറുടെ മകൻ നമ്മുടെ കൂട്ടുകാരൻ പുസ്തകപ്പുഴു എന്ന് നമ്മൾ വിളിച്ചിരുന്ന ജിതേഷ്  ഇന്ന് കാലത്ത് ബൈക്ക് ആക്സിഡന്റിൽ മരണമടഞ്ഞു . കാലത്ത്  തുന്നൽക്കാരൻ അച്യുതേട്ടൻ ആണ് എന്നെ  വിളിച്ചു വിവരം പറഞ്ഞത് .  ആ കുടുംബത്തിന്റെ അവസ്ഥ വല്ലാത്ത കഷ്ടമാണ്  കേട്ടോ ."
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ മനസ്സിൽ ടീച്ചറുടെ കറുത്ത ഫ്രെയിമുള്ള കണ്ണടയോടുകൂടിയ മുഖം തെളിഞ്ഞു വന്നു , ആ വാർത്ത ശരിക്കും ഞങ്ങളെ ദുഃഖത്തിലാഴ്ത്തി , അപ്പോഴാണ് വഴിവക്കിലെ  ഒരു കുടിലിന്റെ വശത്തായി ഉയർന്നു നിന്ന ഒരു സ്മാരകം  ചേട്ടന്റെയും എന്റെയും ശ്രദ്ധയിൽ പതിഞ്ഞത് . ചേട്ടന്റെയും എന്റെയും നോട്ടം കണ്ടപ്പോൾ തന്നെ  പൈലി ഞങ്ങളോടായി പറഞ്ഞു "അത് സഖാവ് പുരുഷുവിന്റെ സ്മാരകമാണ് . നമ്മുടെ കേരളത്തിലെ ജനങ്ങളിൽ നല്ലൊരു പങ്കും സാക്ഷരാണെങ്കിലും അവരുടെ ജീവിത വഴികളിൽ പലപ്പോഴും നിരക്ഷരാകുന്നതിന്റെ തെളിവാണ് ഓരോ സ്മാരകവും. ജനങ്ങൾ തമ്മിൽ വെറുപ്പും വിദ്വേഷവും വച്ച് പുലർത്തുന്നൂ രാഷ്ട്രീയ പാർട്ടികൾ പലതിന്റെപേരിലും അത് മുതലെടുക്കുന്നൂ എന്നതാണ് ശരിക്കും സത്യം . ഇവിടെ മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , നമ്മൾക്കു എന്തെങ്കിലും പറ്റിയാൽ ആ നഷ്ടം നമ്മുടേത് മാത്രമാണ് കുറച്ചുകാലം അതും പൊക്കിപ്പിടിച്ചു പാർട്ടിക്കാർ കാണും പക്ഷെ പിന്നെ പിന്നെ അതും ഇല്ലാതെയാവും . കുറച്ചു മുമ്പേ ഒരു പ്രമുഖ വ്യവസായി പറഞ്ഞപോലെ നമ്മുടെ നാട് നന്നാവണമെങ്കിൽ നല്ല വിദ്യാഭ്യാസമുള്ളവർ ഭരണകേന്ദ്രങ്ങളിൽ വരണം അല്ലാതെ അധികാരവും ഹുങ്കും കാണിക്കാനുള്ള ലൈസെൻസ് ആയി രാഷ്ട്രീയത്തെ കാണുന്നവരാണ്‌  നമ്മുടെ നാടിന്റെ ശാപം ." എന്ന് അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ മനസ്സിലെ പ്രതിഷേധം ആ വാക്കുകളിൽ ആഴത്തിൽ പരന്നു കിടക്കുന്നത് ഞാൻ മനസ്സിലാക്കുന്നൂ . അതിനിടയിൽ ഏതോ ചിന്തയിൽ നിന്നും ഉണർന്ന ചേട്ടൻ പൈലിയെ നോക്കി 
"ടീച്ചറും ജിതേഷും ഒരുമിച്ചാണോ താമസം ?"
എന്ന് ചോദിച്ചപ്പോൾ അവൻ അതിനു മറുപടിയെന്നോണം 
"അല്ല , അതിന്  കാരണക്കാരി  ഡോക്ടർ  റോസിയാണ് "
എന്നു പറഞ്ഞപ്പോൾ  ഞാൻ അവനെ നോക്കി 
" എടാ പൈലി നീ പെണ്ണുങ്ങളെപ്പോലെ പരദൂഷണം പറയാതെ , അവരെ വെറുതെ വിടൂ. അവർ മാന്യമായി കഴിഞ്ഞു വരുന്നത് എനിക്ക് അറിയാം  "
എന്ന് പറഞ്ഞപ്പോൾ  അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറ് വഴിയരികിൽ നിറുത്തിക്കൊണ്ട്  
" ഇതിൽ നീ അറിയാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട് . ഏതായാലും വീടെത്തി  ഇറങ്ങു് "
എന്ന് പറഞ്ഞു അതിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആ വീട് റോസിയുടേത് ആയിരുന്നൂ എന്ന് എനിക്ക് മനസ്സിലായത് "

ഭാഗം: ഇരുപത്തിയൊന്ന്

പിന്നെ മനസ്സിൽ  ഉയർന്നുവന്ന ചോദ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു കൊണ്ട് പൈലിയെ പിന്തുടർന്ന് ഗേറ്റും കടന്ന് മുറ്റത്തേക്ക് നടന്നടുത്തപ്പോഴാണ് അവിടെ കൂടിനിന്നവരെ ഞങ്ങൾ ശ്രദ്ധിച്ചത് . അതിൽ റോസിയുടെ സഹോദരങ്ങളും നാട്ടുകാരും ബന്ധുമിത്രാദികളും ഉണ്ടായിരുന്നു .പൈലി ഒരു പൗരപ്രമുഖൻ ആണെന്നതിനാൽ എല്ലാവര്ക്കും അവൻ സുപരിചിതൻ ആയിരുന്നൂ . അപ്പോഴും ആൾക്കൂട്ടത്തിലെ ചിലർ ഞങ്ങളെ നോക്കി എന്തൊക്കയോ അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചു . ചിലപ്പോൾ ഞങ്ങൾ ആരാ എന്തിനാ ഇവിടെ വന്നത് എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും അവരുടെ മനസ്സ് മുഴുവനും. അപ്പോഴാണ് നേരത്തെ നമ്മൾ കണ്ട സഖാവ് പ്രേമനെ ആൾക്കൂട്ടത്തിനിടയിൽ ഞാൻ കണ്ടത് . അയാളുടെ ആജ്ഞകൾ അനുസരിച്ചു തലങ്ങും വിലങ്ങും ഓടിനടക്കുന്ന ചിലരെ ഇവിടെ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകൾ നാരായണി ടീച്ചറുടെ ബന്ധുക്കളെ അക്കൂട്ടത്തിൽ തേടിനടക്കുകയായിരുന്നൂ. അപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ പൈലിയോട് എന്തൊക്കയോ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് . അങ്ങനെ ഞങ്ങൾ അങ്ങനെ പൈലീയുടെ അരികിലേക്ക് നടന്നു നീങ്ങി . അപ്പോഴൊക്കെ സഖാവ് ഞങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട്  പുഴക്കടവിൽ മുതല കിടക്കുന്നത് പോലെ അങ്ങനെ നിന്നു . പൈലി അയാളുടെ സംസാരം മുഴുവൻ ശ്രദ്ധിച്ചു കേട്ടശേഷം ചേട്ടനോട് 
"ചേട്ടാ ഒരു പ്രശ്നമുണ്ട്  നാരായണി ടീച്ചറുടെ മകന്റെ മരണത്തെക്കുറിച്ചു കാറിൽവച്ചു് പറഞ്ഞായിരുന്നില്ലേ . അവനു അല്ലറചില്ലറ  രാഷ്ട്രീയബന്ധങ്ങളും ഒപ്പം സ്വന്തമായൊരു  കടയും ടൗണിൽ ഉണ്ടായിരുന്നൂ . കുറച്ചു ദിവസം മുമ്പ് കടയിലേക്ക് വന്ന സാധനങ്ങൾ കടയിലെ തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കാൻ തുടങ്ങിയതായിരുന്നൂ. അന്ന്  ചില തൊഴിലാളി സംഘടനാ പ്രവർത്തകർ അങ്ങോട്ട് കയറി വന്നു    പണിക്കാരെ തല്ലിച്ചതച്ചു .ആ സമയം ജിതേഷ് അവിടെയില്ലായിരുന്നൂ താനും . വിവരമറിഞ്ഞു അവൻ കടയിലേക്ക് വന്ന് തൊഴിലാളി നേതാക്കളെ ചെന്ന് കണ്ട്  ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ അവർ അയാളോട് തട്ടിക്കയറി പിന്നെ പിടിവലിയായി തല്ലായി അവസാനം സ്ഥലം പോലീസ് ഇടപെട്ട് ഒരു വിധം സംഭവങ്ങൾ പറഞ്ഞവസാനിപ്പിച്ചു് വിട്ടു . അത് കഴിഞ്ഞു പലകുറി പാർട്ടിനേതാക്കൾ നാരായണിടീച്ചറുടെ വീട്ടിൽ ചെന്ന് ഈ കാര്യവും പറഞ്ഞു ഭീഷണിപ്പെടുത്തി . ആ ഭീഷണിയിൽ  ചിലപ്പോഴൊക്കെ  ഞങ്ങൾക്കോ പാർട്ടിക്കോ എതിരെ നിന്നാൽ തട്ടിക്കളയും എന്ന് വരെ ഉണ്ടായിരുന്നതായി ടീച്ചർ സഹോദരനോട് പറഞ്ഞറിഞ്ഞു . അങ്ങനെ ഈ സഖാവ് പ്രേമനുമായി  ഒരു ദിവസം ഈ കാരണം പറഞ്ഞു ജിതേഷ് ശരിക്കും വാക്കുതർക്കം വരെ ഉണ്ടായി . ചിലപ്പോൾ അവനോ അവന്റെ രാഷ്ട്രീയ ഗുണ്ടകളോ ആയിരിക്കും ഈ ആക്സിഡന്റിന് പിന്നിൽ . നോക്ക് ഒന്നുമറിയാത്ത പാവത്തിനെപ്പോലുള്ള അവന്റെ നിൽപ്പ് എന്ന് പറഞ്ഞു സഖാവ് പ്രേമനെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ മുഖത്ത് ഇതൊക്കെ എത്രകണ്ടതാ എന്ന ഭാവം ബാക്കിയായി . അപ്പോഴും എനിക്ക് മനസ്സിലാകാത്ത ഒന്നുണ്ട് നാരായണി ടീച്ചറുടെ മകന് റോസിയുമായുള്ള ബന്ധം എന്താണ് എന്നത് . അങ്ങനെ ഞാൻ പൈലിയെ നോക്കി 
"നാരായണി ടീച്ചറുടെ കാര്യവും ജിതേഷിന്റെ കാര്യവും മറ്റും എനിക്ക് മനസ്സിലായി പക്ഷെ ഈ വീടും ടീച്ചറും ആയുള്ള ബന്ധം മാത്രം എനിക്ക് വ്യക്തമായില്ല."
എന്ന് പറഞ്ഞപ്പോൾ അവൻ 
"അത് പറയണമെങ്കിൽ ആദ്യം ജിതേഷിനെക്കുറിച്ചു് പറയണം .ജിതേഷ് നാരായണി ടീച്ചറുടെയും കുമാരൻ മാഷുടെയും നാലുമക്കളിൽ മൂത്തവനായിരുന്നൂ . മാഷ് വളരെ കർക്കശക്കാരനും വാശിക്കാരനും ആയതിനാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ പോന്ന സാധുവായ വില്ലനായി ജിതേഷും മാറി . പഠിക്കുന്ന കാലത്തെ തല്ലുകൊള്ളാത്ത ഒരു ദിവസം പോലും അവനില്ലായിരുന്നൂ . ഒന്നും സ്‌കൂളിൽ നിന്നോ നാട്ടുകാരിൽ നിന്നോ അല്ല മറിച്ചു മാഷിൽ നിന്നുമായിരുന്നൂ . അങ്ങനെ പഠിപ്പിനെ തന്നെ വെറുത്ത അവൻ സുഹൃത്തുക്കളോടൊപ്പം മദ്യത്തിനും മറ്റു ലഹരികൾക്കും അടിമയായി . \
അങ്ങനെയിരിക്കുന്ന അവസരത്തിലാണ് റോസി  വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചു്  നാട്ടിലേക്ക് ചേക്കേറിയത്  . ഡോക്ടറായി നാട്ടിൽ  വന്ന് അവർ  ഒരു ക്ലിനിക്കും ആരംഭിച്ചു . അന്നൊക്കെ അവർ  ക്ലിനിക്കിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കു വരുമ്പോൾ പലപ്പോഴും എങ്ങും ഇരുട്ട് പരന്നിരിക്കും . വഴിവിളക്കുകൾ പണ്ട് കാലങ്ങളിൽ കത്തുന്നതിനേക്കാളും ഹൊറർ സിനിമയിലേതിനേപ്പോലെ മിന്നിക്കൊണ്ടിരിക്കുകയാണല്ലോ പലപ്പോഴും . അക്കാലത്ത്  എവറടി ടോർച്ചിന്റെയോ ചൂട്ടിന്റെയോ വെളിച്ചത്തിൽ ക്ലിനിക്കിന്റെ അയല്പക്കത്തെ വീട്ടിലെ ആരെങ്കിലുമാവും അവരെ വീട്ടിൽ കൊണ്ട് വിടുക . അങ്ങനെ ഒരു രാത്രി കൂട്ടുവന്നവൻ തന്നെ അവരെ കയറിപ്പിടിച്ചപ്പോൾ ആത്മ രക്ഷാർത്ഥം ഇരുട്ടിലേക്ക് കരഞ്ഞുകൊണ്ടോടിയ അവർ ജിതേഷിന്റെ ബൈക്ക് തട്ടി റോഡിൽ വീണു . അന്ന്  അവൻ തന്നെ അവരെ കോരിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു .ആയിടയ്ക്കായിരുന്നൂ  അവരുടെ പ്രസവം . അങ്ങനെ അന്നുമുതൽ റോസിയുടെ കുഞ്ഞിന്റെ അപ്പനായി ജിതേഷ് മാറി. പിന്നീടങ്ങോട്ട്  റോസിയുടെ ക്ലിനിക്കിലും വീട്ടിലുമായി ഒരു നിത്യസന്ദര്ശകനായി അയാൾ മാറി . ഇതിന്റെ പേരിൽ പലപ്പോഴും ടീച്ചറും സഹോദരങ്ങളും തമ്മിൽ സൗന്ദര്യപിണക്കങ്ങൾ വരെ ഉണ്ടായി .
 അവളുടെ ആരോഗ്യകാര്യങ്ങളും മകന്റെ പഠിപ്പും മറ്റും കാര്യമായ ശ്രദ്ധചെലുത്തുന്നത്  അവനാണ് .അങ്ങനെയിരിക്കെ കട്ടിലിൽ തളർന്നു കിടന്ന റോസിയെ അവന്റെ പരിചരണത്താൽ 
അന്ന് നീപോയപ്പോൾ കണ്ട വീൽചെയറിൽ സഞ്ചരിക്കാനുള്ള പരുവത്തിൽ ആക്കിയെടുത്തത് .അവന്റെ അവളുടെ കാര്യത്തിലെ അമിതമായ താത്പര്യവും  അവരുടെ വയസ്സിലെ അന്തരവും ആണ് ടീച്ചർക്കും മറ്റും ആ ബന്ധത്തിന്  പലപ്പോഴും തടസമായി നിന്നത് . ജിതേഷാണെങ്കിൽ പണ്ട്`മാർക്സിയൻ ആദർശത്തിൽ അന്ധമായി വിശ്വസിക്കുകയും ഇന്നത്തെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു് മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറിയിട്ടു അധികകാലം ആയിട്ടും ഇല്ല . അവന്റെ പാർട്ടിയിലെ പ്രവർത്തന രീതി അന്ന് പല നേതാക്കളുടെ കണ്ണിൽ പലപ്പോഴും കരടായി മാറിയിരുന്നൂ. ചിലപ്പോൾ അവർ ചെയ്തതായിരിക്കാനേ വകയുള്ളൂ . ഇന്നത്തെ പാർട്ടിരീതികൾ ശത്രുത തോന്നുന്നവനെ ഉന്മൂലനം ചെയ്യുകയും അതിനെക്കുറിച്ചു  പാർട്ടിയിലെ ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ സത്യം എന്നെങ്കിലും  വിളിച്ചു പറഞ്ഞുവെന്നാൽ അവരെ  സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നീചമായ ഇത്തരം നിലപാടുകൾ  പലപ്പോഴും ജനങ്ങളെ പാർട്ടിയിൽനിന്നു അകറ്റുന്ന കാലം വിദൂരമല്ല."
എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ അകപ്പെട്ടത് എന്ന് ചേട്ടന്  മനസ്സിലായി  . റോസ്സിയെക്കുറിച്ചു പറഞ്ഞതിനേക്കാൾ എന്നെ നോവിച്ചത് ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെക്കുറിച്ചു പൈലി  പറഞ്ഞ വാക്കുകൾ ആയിരുന്നൂ . സത്യം മനസ്സിലാക്കിയിട്ടും തിരുത്താൻ  തയ്യാറാവാതെ ആരോടോ വാശിപിടിച്ചു കൊലവെറിയോടെ നടക്കുന്ന  നേതാക്കളെയും പ്രസ്ഥാനങ്ങളെയും അറിയാതെ മനസ്സുകൊണ്ട് ഞാൻ ശപിച്ചു . അപ്പോഴും ശരിക്കും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല . അപ്പോഴാണ് സഖാവ് പ്രേമൻ  പൈലിയോട് 
" പൈലി നിങ്ങൾ ചെന്ന് നാരായണി ടീച്ചറുടെ മറ്റുമക്കളെ പറഞ്ഞു മനസ്സിലാക്കണം എന്നിട്ട് ജിതേഷിന്റെ ബോഡി ഇവർക്ക് വിട്ടുകൊടുക്കണം അവന്റെ ഭാര്യയല്ലേ ഇവിടെയുള്ളത് ."
എന്ന് പറഞ്ഞപ്പോൾ അതിൽ ഒരു ആജ്ഞ അടങ്ങിയിരുന്നൂ . അതിനു മറുപടിയായി ചേട്ടൻ 
"നിങ്ങൾ പറയുന്നത് ഞങ്ങൾ മുഖവിലയ്‌ക്കെടുത്തു എന്ന് വെക്കട്ടെ ഇവരുടെ വിവാഹത്തിന് എന്തെങ്കിലും നിയമസാധുതയുണ്ടോ? അത് ആദ്യം അന്വേഷിച്ചിട്ടാവാം അവിടെ പോയി സംസാരിക്കുന്നതും മറ്റും "
എന്ന് പറഞ്ഞപ്പോൾ സഖാവ് ചേട്ടനെ നോക്കി 
" അത് പറയേണ്ടത് നിങ്ങളല്ലല്ലോ ? ഞാൻ പറഞ്ഞത് ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് "
എന്ന് പറഞ്ഞപ്പോൾ  ചേട്ടൻ പുശ്ചത്തോടെ 
"ആദ്യം സ്വന്തം അമ്മയെ ചേർത്തുപിടിക്കാൻ നോക്ക് .വീട് നന്നായി കൊണ്ട് നടക്കുന്നവൻ നാട് നന്നാക്കാൻ അവകാശമുള്ളൂ "
എന്ന് പറഞ്ഞപ്പോൾ സഖാവ് കോപം കൊണ്ട് ജ്വലിക്കുന്നത് ഞാൻ കണ്ടു .

ഭാഗം: ഇരുപത്തിരണ്ട്‌

ആ സമയം ഞങ്ങളുടെ അയൽക്കാരനായ സുകുമാരേട്ടനാണ് എന്നെ സ്വകാര്യമായി വിളിച്ചു്
"കേട്ടോ ജോസ്സേ ജിതേഷിന്റെ  മൃതദേഹം ഇവിടെ ആരും കൊണ്ടുവരില്ല . അത് അങ്ങ് 
നാരായണിടീച്ചറുടെ വീട്ടിലേക്കാണ്  അധികപക്ഷവും കൊണ്ടുപോകുക. ഒരു കാരണവശാലും അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ  വേണ്ടി തന്നെ അവന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയുടെ പരിസരത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട് . ഇനി പോലീസ് ഇൻക്യുസ്റ്റും മറ്റും കിട്ടി പോസ്ററ്മോർട്ടവും കഴിഞ്ഞു ആ ദേഹത്ത് ഇവന്റെ ഒന്നും ഒരു റീത്തുപോലും വെപ്പിക്കില്ല എന്ന വാശിയിലാണ് ആ നാട്ടുകാർ . "
  എന്ന് തറപ്പിച്ചു പറഞ്ഞത്  കേട്ട് ഞാൻ മെല്ലെ നടന്ന് ചേട്ടനോട് കാര്യമവതരിപ്പിച്ചു്   പൈലിയോടൊപ്പം അവിടെ  നിന്നും നാരായണിടീച്ചറുടെ വീട്ടിലേക്കു യാത്ര തിരിക്കാനായി കാറിനരികത്തു നടന്നപ്പോൾ ശബ്ദം താഴ്ത്തി സഖാവ് 
" നിന്നെ ഞാൻ എടുത്തോളാം "
എന്ന് പറഞ്ഞപ്പോൾ  ചേട്ടൻ ഉച്ചത്തിൽ അവനെനോക്കി 
" തരത്തിൽ പോയിക്കളിക്ക് മോനെ ? നിനക്ക്  നാട്ടുകാരുടെ കയ്യിന്റെ ചൂട് അറിയാത്തതിന്റെ കഴപ്പാ . സാരമില്ല കാലം നിന്റെ ആഗ്രഹം പൂർത്തീകരിച്ചു തരും .  പിന്നെ ഒരു കാര്യം ഇതിന്റെ പേരിൽ എന്നെയോ ഞാനുമായി ബന്ധപ്പെട്ട ആരെയെങ്കിലും നീയോ നിന്റെ ആളുകളോ എന്തെങ്കിലും ചെയ്‌താൽ , മോനെ സഖാവേ എന്റെ തനി സ്വഭാവം നീ അറിയും , നിനക്ക് ഇരുട്ടിന്റെ മറപിടിച്ചോ അല്ലെങ്കിൽ നിന്റെ ആളുകളെക്കൊണ്ടോ തല്ലാനോ കൊല്ലാനോ അല്ലെ അറിയൂ . മോനെ നീപോലും അറിയാതെ തൂക്കിയെടുത്ത് ജീവിതകാലം മുഴുവൻ അകത്ത് കിടത്താൻ ഞാൻ വിചാരിച്ചാൽ കഴിയും. അന്ന് ഈ താങ്ങി നടന്ന ഒരു പാർട്ടിയും വാലാട്ടിപ്പട്ടികളും കാണില്ല . അത് എങ്ങനെ പൂട്ടണം എന്നും എനിക്കറിയാം . എന്നാൽ എല്ലാം  ന്നാൽ പറഞ്ഞപോലെ ." 
എന്നു പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുമ്പിൽ അയാൾ ഒന്ന് പതറിയത് ഞാൻ അറിഞ്ഞു . ശരിയാ നല്ല തല്ലിനേക്കാളും വീര്യമുണ്ടാവും ചിലപ്പോഴുള്ള ചിലരുടെ  വാക്കുകൾക്ക് . അങ്ങനെ ഞങ്ങൾ പൈലിയുടെ കാറിൽ അവിടെനിന്നും യാത്ര തിരിച്ചപ്പോൾ ശരിക്കും പൈലി പൊട്ടിച്ചിരിക്കുകയായിരുന്നൂ . അവന്റെ അസ്ഥാനത്തുള്ള ചിരികണ്ടു ഞങ്ങളും ഒപ്പം ചേർന്നു കൊണ്ട് കാര്യമാരാഞ്ഞു . അപ്പോഴാണ് അവൻ 
" അവനു നല്ല തല്ലിന്റെ കുറവുണ്ടായിരുന്നൂ , കുറച്ചു കാലത്തേക്ക് അവനു ഇത് മതി . കാട്ടുകള്ളന്  പേര് സഖാവ് . സഖാവിന്റെയോ കമ്മ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ അർത്ഥം മനസ്സിലാക്കാതെ  ആവേശത്തിൽ പാർട്ടിയുടെ പേരും പറഞ്ഞു എല്ലാ തല്ലുകൊള്ളിത്തരങ്ങളും തെമ്മാടിത്തരങ്ങളും കാണിക്കാൻ കുറെ പാർട്ടി അനുഭാവികളും. എല്ലാം ചെയ്തുകൂട്ടി പോലീസ് കേസ്സാവുമ്പോൾ അന്വേഷിച്ച പോലീസ് ഏമാന് സ്ഥലം മാറ്റം പിന്നെയുള്ള ജോലി സത്യം പറയുന്നവരെ ഒറ്റപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നതും ഇങ്ങനെ എത്രകാലം  അവരുടെ തെറ്റുകളെ മൂടിവെക്കാൻ കഴിയും . സമൂഹം ഒരു നേതാവിനെ  അയാൾ തെറ്റുകാരൻ ആണ് എന്ന് മനസ്സിലാക്കിയാൽ  അയാൾ കുറെ കള്ളങ്ങൾ പറഞ്ഞു കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടും . ഓക്കേ ഒന്നേ പറഞ്ഞെ എത്ര നേതാക്കൾ ഇത്രയും കാലത്തിനിടയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് , നമ്മുടെ ജനങ്ങൾ എന്ന് ചിന്തിച്ചു തെറ്റുകാരനെ തിരിച്ചറിയുകയും ശാരിയെ അംഗീകരിക്കുകയും ചെയ്യുന്നോ ആ കാലത്തെ നമ്മുടെ നാട് നന്നാവുള്ളൂ . ഫിലിപ്പേട്ടൻ പ്രേമനെ ശിക്ഷിച്ചാൽ അവനെ രക്ഷിക്കാൻ അവനെക്കാൾ വലിയകള്ളൻ ഉണ്ടാവും . ഇവിടെ വിദ്യാഭ്യാസമല്ല മറിച് രാഷ്ട്രീയ തന്ത്രങ്ങൾക്കേ രക്ഷയുള്ളൂ . നേതാവ് നന്നാവാൻ തീരുമാനിച്ചാൽ ആ തീരുമാനം ആത്മാർത്ഥതയുള്ളതാണ് എങ്കിൽ ഒരുത്തനും കൈക്കൂലി പോയിട്ട് തെറ്റുകൾ ചെയ്യാൻ ഭയക്കും .ആ കാലം എന്ന് വരുമോ  എന്തോ ." 
 എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ശരിക്കും ഒരു സുദീഘമായ പ്രസംഗം കഴിഞ്ഞു ആളുകൾ ഒഴിഞ്ഞ മൈതാനം പോലെ നിശബ്ദമായിരുന്നൂ ആ കാറിനകം.പ്രസംഗിക്കാൻ ആർക്കും പറ്റും ആ വാക്കുകൾ പ്രവർത്തികമാക്കാനാണ് പാട് . അതി നി ടയിൽ കടന്നു പോയ വഴികളോ  പാട ങ്ങളോ അമ്പലപ്പറമ്പോ ഞാൻ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അപ്പോഴും എന്റെ മനസ്സിൽ ജിതേഷിന്റെ മരണത്തെക്കുറിച്ചുള്ള ചിന്തകൾ  എന്തൊക്കയോ ഇളക്കി മറിച്ചുകൊണ്ടു  നീങ്ങുകയായിരുന്നൂ. അൽപ്പ ദൂരം കഴിഞ്ഞപ്പോൾ ഒരു പോസ്റ്റിൽ സ്ഥാപിച്ച സുമുഖനായ ചെറുപ്പക്കാരന്റെ ചിത്രം കണ്ടപ്പോൾ എന്റെ മനസ്സ് ഓർമ്മപുസ്തകത്തിൽ പണ്ടുകണ്ട മുഖങ്ങളിൽ നിന്നും അതിനെ തിരിച്ചറിയാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നൂ .അപ്പോഴാണ് നാട്ടിൽ വന്ന അന്ന് പ്രദീപ് റോസിയുടെ വീട്ടിൽ എന്നെ കൂട്ടികൊണ്ടു പോയതും അവിടെ നിന്നും തിരിക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ വന്നു നിന്ന ബുള്ളറ്റിൽ വന്ന ആളുടെ മുഖവും എന്റെ മനസ്സിൽ തെളിഞ്ഞുവന്നത് . പക്ഷെ അന്ന് റോസിയുടെ മകൻ മാമൻ  എന്നാണ് വിളിച്ചത് . അപ്പോഴാണ് എന്റെ ഫോൺ നിറുത്താതെ ശബ്ദിക്കാൻ തുടങ്ങിയത്  ഞാൻ അത് പോക്കറ്റിൽ നിന്നും എടുത്ത് സ്‌ക്രീനിൽ നോക്കി ജെസ്സിയാണ് ലൈനിൽ . അങ്ങനെ ആ കോൽ ഞാൻ അറ്റൻഡ് ചെയ്തു കൊണ്ട് 
"ഹലോ , എന്താ ജെസ്സി "
"നിങ്ങൾ എവിടെയാ ഉള്ളത് ? ഒന്ന് വേഗം വരുമോ "
"എന്താ ഞാൻ ഞങ്ങളെ പഠിപ്പിച്ച നാരായണി ടീച്ചറുടെ വീട്ടിലേക്കു പോകുന്ന വഴിയാ . എന്താ പ്രത്യേകിച്ച് "
ജെസ്സിയുടെ ശബ്ദത്തിലെ വിറയൽ ഞാൻ ശ്രദ്ധിച്ചു കൊണ്ട് ആകാംഷയോടെ 
"എന്താ എന്താ പറ്റിയെ "
" അത് ..... നമ്മുടെ മോളെ ഒരു ചെറുപ്പക്കാരൻ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി "
" അവനെ നാട്ടുകാർ ചേർന്ന് പിടിച്ചു വച്ചിരിക്കുവാ, ഒന്ന് വേഗം വരുമോ "
"ങാ വരാം " എന്ന് പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ച് ചേട്ടനോടും പൈലിയോടും കാര്യം അവതരിപ്പിച്ചു . 
 പൈലി വേഗം തന്നെ കാർ അവിടെ നിന്നും തിരിച്ചു നേരെ സംഭവസഥലത്തേക്കു പാഞ്ഞു . ഒന്ന് രണ്ടു തവണ ആ വേഗതയിൽ കുഴികളിൽ വീണെങ്കിലും അതൊന്നും ഞാൻ  കാര്യമാക്കിയത് പോലും ഇല്ല അപ്പോഴും എന്റെ മോളുടെ അവസ്ഥയോർത്ത് വേവലാതി പ്പെടുന്നത് കണ്ട് ചേട്ടൻ എന്നെ ചേർത്ത് പിടിച്ചു . ശരിക്കും എനിക്ക് ഒരു ആശ്വാസമായി അനുഭവപ്പെട്ടു . നമ്മളുടെ വിഷമ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായി നില്ക്കാൻ പലപ്പോഴും ബന്ധുക്കൾ മാത്രമേകാണൂ എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നൂ . ഞാൻ അവിടെ എത്തുമ്പോഴേക്കും പ്രദീപും മറ്റും ചേർന്ന് മോളെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നൂ .

ഭാഗം: ഇരുപത്തിമൂന്ന്

അപ്പോഴാണ് നാട്ടുകാരിൽ ചിലർ രണ്ടുപേരെ തടഞ്ഞുവച്ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത് . അപ്പോഴേക്കും ആൾക്കൂട്ടത്തിൽ നിന്ന് ആരോ 
"ഈ പിള്ളേരാ ആ കൊച്ചിനെ ബൈക്കിടിപ്പിച്ചേ "
വിളിച്ചു പറഞ്ഞപ്പോഴേക്കും എന്റെ കൈതരിച്ചു  വന്നു . അങ്ങനെ ഒന്ന് പൊട്ടിക്കാൻ തീരുമാനിച്ചു മുന്നോട്ടാഞ്ഞപ്പോഴേക്കും എന്നെ ചേട്ടൻ തടഞ്ഞു . പിന്നെ എന്നെ നോക്കി 
" നീ പൈലിയോടൊപ്പം ചെന്ന് മോളുടെ കാര്യം എന്തായി എന്ന് നോക്ക് ഇവിടുത്തേക്കാര്യങ്ങൾ ഞാൻ നോക്കിക്കോളാം"  എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ചപ്പോഴേക്കും എന്താണ് അവിടെ നടക്കുന്നത് എന്നതിന്റെ ആകാംക്ഷ എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു . എങ്കിലും പൈലിയും ഞങ്ങളുടെ കൂട്ടുകാരൻ അബ്ദുവും എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി യാത്രതിരിച്ചു . 
ആശുപത്രിയിൽ ചെന്ന് ഐ സി യു ലക്ഷ്യമാക്കി നടന്നപ്പോൾ ദൂരെനിന്നും ഞങ്ങളുടെ അരികിലേക്ക് നടന്നടുത്ത പ്രദീപിൽനിന്നാണ് കാര്യങ്ങളുടെ ഗൗരവം ഞാൻ മനസ്സിലാക്കിയത് .
  ഇടിയുടെ ആഘാതത്തിൽ മോള് റോഡിലേക്ക് തെറിച്ചു വീണ്  ബോധം നഷ്ടപ്പെട്ടിരുന്ന വിവരം അപ്പോഴാണ് ഞാൻ അറിഞ്ഞത് . അപ്പോഴാണ് ഐ സിയുടെ മുമ്പിലെ കസേരയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ജെസ്സിയെ ഞാൻ ശ്രദ്ധിച്ചത് . ഞാൻ നടന്ന് അ ടുത്തെത്തിയപ്പോഴേക്കും അവൾ കസേരയിൽ നിന്നും എഴുന്നേറ്റ് എന്റെ മാറിൽ ചാരിക്കിടന്ന്  ഏങ്ങിയേങ്ങി കരഞ്ഞപ്പോൾ ചേർത്തുപിടിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു എന്തോ എന്റെ ശരീരം തളരുന്നത് പോലെ തോന്നി. പിന്നെ ഒന്നുമാലോചിക്കാതെ  അടുത്തുകണ്ട കസേരയിൽ ജെസ്സിയുമായി അമർന്നിരുന്നപ്പോൾ  അവൾ ഒന്ന് ഭയന്നത് ഞാൻ അറിഞ്ഞു . പാവം അവൾ കുറച്ചു നേരം എന്നെ സൂക്ഷിച്ചു നോക്കി . ഞാൻ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ എന്റെ മടിയിൽ കിടന്ന് കുറേക്കരഞ്ഞു . പൈലിക്കോ അബ്ദുവിനോ ആ കാഴ്ച കണ്ടിരിക്കാൻ അല്ലാതെ മറ്റൊന്നിനുമായില്ല . അപ്പോഴാണ് പൈലിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത് . അവൻ ആ ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട്  കുറച്ചകലേക്ക് നടന്ന് എന്തോ സംസാരിക്കുന്നത് കണ്ടപ്പോൾ എന്തോ ഗൗരവമുള്ള കാര്യമാണ് എന്ന് എനിക്ക് മനസ്സിലായി  . എന്താണ് കാര്യം എന്നറിയാനുള്ള ജിജ്ഞാസ കണ്ട് അവൻ ഫോൺ സംഭാഷണം
വേഗം  അവസാനിപ്പിച്ചു്   എന്നെ നോക്കി അബ്ദുവിനെ നോക്കി 
" നമ്മുക്ക് ഒന്ന് അത്യാവശ്യമായി ചേട്ടന്റെ അരികിലേക്ക് പോവണം "
എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി 
"ചേട്ടൻ വിളിച്ചു ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . എന്താണ് കാര്യം എന്ന് മാത്രം വ്യക്തമായി പറയുന്നില്ല. ഏതായാലും ഞങ്ങൾ പോയി വേഗം വരാം . ഏതാവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി  "
എന്ന് പറഞ്ഞപ്പോൾ വീണ്ടും എന്താണ് ചേട്ടൻ അവനോടു പറഞ്ഞിട്ടുണ്ടാവുക എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി . അതിനിടയിൽ ജെസ്സി എന്നെ നോക്കി 
"എവിടെയാ അവർ പോയത് ചേട്ടാ "
 എന്ന് ചോദിച്ചപ്പോൾ ശരിക്കും ഉത്തരമില്ലാതെ ഞാൻ കുഴങ്ങി . അതെങ്ങനെയാ പ്രത്യേകിച്ച് ഈ ഭാര്യമാരോട്  പറയാനുള്ള കാര്യങ്ങൾ മാത്രമേ പറയാവൂ . അല്ലാതെ എല്ലാം പറഞ്ഞാൽ പിന്നെ അതിൽ പിടിച്ചായിരിക്കും അവരുടെ ചിന്തകൾ മുഴുവനും . പിന്നീട്  മറ്റേതെങ്കിലും അവസരത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ ആയിരിക്കും ഇതൊക്കെ എടുത്ത് പ്രയോഗിക്കുക  പിന്നെ ആ ദിവസം ശരിയാക്കി തന്നു കഴിഞ്ഞാൽ മെല്ലെ വന്നു സാരമില്ല ചേട്ടാ എന്നോട് ക്ഷമിക്ക്  എന്നും പറഞ്ഞു തലയൂരിപ്പോവും .
പിന്നെ 
" അത് ചേട്ടൻ ആ പിള്ളേരെ പിടിച്ചുവച്ചു ഇടത്താ ഉള്ളത് . ഇപ്പോൾ എന്തെങ്കിലും ആവശ്യം കാണും അതാ വിളിപ്പിച്ചേ "
എന്ന് പറഞ്ഞപ്പോഴും അവളുടെ മുഖത്തെ സംശയത്തിന്റെ നിഴൽ മാറാതെ കിടന്നപ്പോൾ ഞാൻ ശരിക്കും വിഷമവൃത്തത്തിലകപ്പെട്ടു . അങ്ങനെ ഇവളെ എന്ത് പറഞ്ഞാ മനസ്സിലാക്കേണ്ടത് എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പിന്നിൽ നിന്നും 
" റോസിയുടെ കൂടെ വന്നത് ആരാ "
എന്ന് ചോദ്യം ഉയർന്നത് . ഞങ്ങൾ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റു അങ്ങോട്ട് നടന്നപ്പോൾ 
ഐ സി യുവിന്റെ വാതിൽക്കൽ നിൽക്കുന്ന നേഴ്‌സിനെ  ഞാൻ ശ്രദ്ധിച്ചത് . അങ്ങനെ അവരുടെ കയ്യിൽ നിന്നും കുറിപ്പടിയും വാങ്ങി ഞാൻ മരുന്നുവാങ്ങാനായി നടന്നു നീങ്ങിയപ്പോൾ മനസ്സിൽ മോളുടെ ഐ സി യുവിന്റെ വാതിലിലെ ചില്ലുജാലകത്തിലൂടെ കണ്ട മുറിവേറ്റ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു . അപ്പോഴും ഇതിന്റെ പിന്നിൽ ആരായിരിക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അങ്ങനെ പൈലിയെ വിളിച്ചന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഫോണെടുത്ത് പൈലിയെ വിളിച്ചപ്പോഴാണ്  കാര്യങ്ങളുടെ കിടപ്പ് എനിക്ക് ബോധ്യമായത് . അങ്ങനെ ചേട്ടൻ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആ ചെറുപ്പക്കാരെ കസ്റ്റഡിയിൽ എടുത്തുവെന്നും ഇതിന്റെ പിന്നിൽ സഖാവ് പ്രേമന്റെ വിശ്വസ്തനാണ് എന്നും മനസ്സിലായപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം എനിക്കും മനസ്സിലായി . 
ചേട്ടൻ സഖാവിനോട് പറഞ്ഞ വാക്കുകൾക്കുള്ള പ്രതിഫലമെന്നോണം നൽകിയ ശിക്ഷ ഒന്നുമറിയാത്ത എന്റെ പൊന്നുമോൾക്കാണല്ലോ കിട്ടിയത് എന്നോർത്തപ്പോൾ എന്റെ ചങ്കൊന്നു പിടിഞ്ഞു . ഇതെവിടെ ചെന്ന് നിൽക്കും എന്ന് ഇപ്പോഴും വ്യക്തമായില്ല . അങ്ങനെയുള്ള പല പല ചിന്തകൾക്കിടയിലായി  ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകളുമായി  ഐ സി യുവിന്റെ അരികിലേക്ക് നടന്നെത്തുമ്പോൾ എന്റെ  മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നൂ . ഏകദേശം ഉച്ചയോടെ വീട്ടിൽ നിന്നും ചേച്ചിയും മറ്റും പൈലിയോടൊപ്പം കഞ്ഞിയും മറ്റു സാധനങ്ങളുമായി അങ്ങോട്ട്  വന്നു . ചേച്ചി ജെസ്സിയെ ആശ്വസിപ്പിച്ചുകൊണ്ടു അവളെ ചേർത്തു പിടിച്ചു കരഞ്ഞിരുന്നപ്പോഴേക്കും ഡോക്ടർ  ഐ സി യു വിൽ നിന്നും ഇറങ്ങി എന്റെ അരികിലേക്ക് വന്ന് 
"റോസിക്ക് ബോധം തെളിഞ്ഞു കേട്ടോ , ഏതായാലും ഇന്ന് ഐ സി യുവിൽ തന്നെ കിടക്കട്ടെ നാളെ നോക്കിയിട്ട് വാർഡിലേക്ക് മാറ്റാം. ഇപ്പോൾ  നിങ്ങള്ക്ക്  അവളെ പോയിക്കാണാം  "
എന്ന് പറഞ്ഞു എന്റെ ചുമലിൽ മെല്ലെ കൈകൊണ്ട് തട്ടി ആശ്വസിപ്പിച്ചു നടന്ന്  നീങ്ങിയപ്പോൾ  അദ്ദേഹത്തോട്  തോന്നിയ ബഹുമാനം ഭക്തിയിലേക്കു മാറിയത് ഞാൻ അറിഞ്ഞു. എത്രതവണ ഞാൻ കുരിശു വരച്ചു എന്ന് കർത്താവിനു മാത്രമേ അറിയൂ . നമ്മൾക്കോ വേണ്ടപ്പെട്ടവർക്കോ എന്തെങ്കിലും സംഭവിച്ചാലേ  നമ്മളിൽ  പലപ്പോഴും ഭക്തി നിറയൂ എന്നത് ഒരു പരമാർത്ഥം . അതുവരെ അമ്പലത്തിന്റെയോ പള്ളിയുടെയോ പടികാണാത്തവനും അത്തരം സാഹചര്യങ്ങളിൽ വെറുതെ ഒന്ന് ദൈവത്തെ കണ്ടിട്ട് തിരിച്ചിറങ്ങുമ്പോൾ പലപ്പോഴും പിന് വാതിലിലൂടെ ദൈവവും അടുത്തുള്ള സൂപ്പർമാർക്കറ്റിലേക്കു നടന്നു കയറും . പണ്ട് ആരോ പറഞ്ഞതാണ് ഇപ്പോൾ എന്റെ ഓർമ്മയിൽ വന്നത് . പണ്ടൊരാൾ ഒരിക്കലും പള്ളിയിൽ കയറാതെ ഭക്തിയിലെ കാപട്യങ്ങളെക്കുറിച്ചു് പ്രസംഗിച്ചു നടന്നു . പിന്നീട് അദ്ദേഹത്തിന് തന്നെ ഒരാപത്ത് വന്നപ്പോൾ മനസ്സിൽ നിറഞ്ഞ ജീവിക്കാനുള്ള മോഹത്തിനിടയിൽ എപ്പോഴോ അസുഖം മാറിയാൽ പള്ളിയിൽ ചെന്ന് മെഴുകുതിരി കത്തിച്ചു കൊള്ളാം  എന്ന്  നേര്ച്ച നേർന്നു . അങ്ങനെ അസുഖം മാറി പള്ളിയിൽ ചെന്ന് മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു വന്നു തന്റെ പുരോഗമന വാദികളായ സുഹൃത്തുക്കളോട് ആ സംഭവത്തെക്കുറിച്ചു വിശദീകരിച്ചു അവിടെനിന്നും നടന്നു നീങ്ങിയപ്പോൾ  അതിൽ നിന്നും ഏതൊരുവൻ  പറഞ്ഞ വാചകമാണ് മനസ്സിൽ തെളിഞ്ഞു വന്നത് 
" അവൻ മാമോദീസ കഴിഞ്ഞു ഇത്രയും നാളുകൾക്കു ശേഷം പള്ളിയിൽ കയറിയതിനാലാണോ എന്നറിയില്ല കർത്താവിനെ മാർക്കറ്റിൽ കണ്ടത് . കാരണം വേറൊരു കുരുശുകൂടി താങ്ങാൻ കർത്താവിനു ത്രാണിയില്ല . അല്ലപിന്നെ "


ഭാഗം: ഇരുപത്തിനാല്

അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും ചേട്ടനും കൂട്ടരും കൂടി ആശുപത്രിയിലേക്ക് എത്തി . ചേട്ടന്റെ മുഖഭാവത്തിൽ നിന്നും എന്തോ ഗൗരവതരമായ  ആലോചനയിൽ ആണ് അദ്ദേഹം എന്ന് എനിക്ക് തോന്നി . കാര്യമെന്താണെന്ന് എങ്ങനെ  ചോദിക്കണം എന്ന് കുറച്ചു സമയം ആലോചിച്ചശേഷം പിന്നെ മെല്ലെ ചേട്ടന്റെ അരികിലേക്ക് ചെന്ന് 

" ചേട്ടാ ശരിക്കും എന്താ സംഭവിച്ചേ ? ആരാ ആ പിള്ളേര് ?" 


എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ്  അദ്ദേഹം തന്റെ ചിന്തയിൽ നിന്നും ഉണർന്നത് . പിന്നെ 

അല്പനേരത്തെ നിശബ്ദതയ്‌ക്ക്‌ ശേഷം  എന്നെ നോക്കി 
"
കാര്യങ്ങളുടെ കിടപ്പ് നമ്മൾ ഉദ്ദേശിച്ചിടത്തൊന്നും നിൽക്കുന്ന ലക്ഷണമില്ല . അതവിടെ കിടക്കട്ടെ എന്റെ റോസിമോൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ." 

എന്ന് ചോദിച്ചപ്പോൾ  ആ ശബ്ദത്തിന് അല്പം വിറയൽ ഉള്ളത് പോലെ എനിക്ക് തോന്നി . ആരുടെ മുന്നിലും തോൽക്കാത്ത ആ മനുഷ്യന്റെ ഹൃദയം റോസിമോൾക്ക് സംഭവിച്ച അപകടത്തിൽ നന്നേ വേദനിച്ചിരിക്കുന്നൂ. അങ്ങനെ അദ്ദേഹത്തിന് ഡോക്ടറോട് പറഞ്ഞു മോളെ കാണാൻ ഉള്ള സൗകര്യം ഒരുക്കിക്കൊടുത്തപ്പോൾ അദ്ദേഹം എന്നെയും കൂടെ കൂട്ടി . റോസിമോളുടെ കട്ടിലിനു സമീപത്ത് നിന്ന് അവളുടെ മുടിയുടെ വിരലൊടിച്ചുകൊണ്ടു നിറകണ്ണുകളോടെ നിന്നപ്പോൾ പാവം അതൊന്നുമറിയാതെ മരുന്നിന്റെ മയക്കത്തിലായിരുന്നൂ .

പിന്നെ ചേട്ടനെയും കൂട്ടി പുറത്തേക്ക് കടന്നപ്പോൾ അവിടെക്കണ്ട കസേരയിൽ അദ്ദേഹം അമർന്നിരുന്നൂ. ആ ഇരിപ്പിൽ അദ്ദേഹത്തിന്റെ കണ്ണുകൾ വിദൂരതയിൽ ഏതോ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നൂ . പിന്നീട് എന്നെ നോക്കി ദീർഘനിശ്വാസത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റ് 

"പിന്നെ നീ റോസിമോളുടെ അപകടത്തെ കുറിച്ച് ചോദിച്ചില്ലേ ? അതിന്റെ പിന്നിൽ നമ്മുടെ അബ്‌കാരി സേവിയറുടെ  മകനും സഖാവിന്റെ മകനും ആണ്  . എന്തിനാ അവരത് ചെയ്തത് എന്നാണെങ്കിൽ അതിനുള്ള ശരിയായ ഉത്തരം തരാൻ കഴിയുന്ന ആൾ റോസിമോളും ജെസിയും ആണ് . "


എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ വിഷമവൃത്തത്തിൽ ആയി . എന്റെ മനസ്സിൽ പലപല ചോദ്യങ്ങൾ ഉയർന്നു വന്നു . അങ്ങനെ ഞങ്ങൾ ജെസ്സിയുടെ അരികിലേക്ക് നടന്നു . പിന്നെ അവളുടെ അരികിലായി ഇരുന്ന് മറ്റു വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ  നടന്ന സംഭവത്തെ പ്പറ്റി അന്വേഷിച്ചപ്പോൾ  അവൾ കണ്ണീരോടെ എന്നെ നോക്കി പിന്നെ മനസ്സില്ലാമനസ്സോടെ 


"അത് ചേട്ടാ .. ഞങ്ങൾ  എല്ലാവരും കൂടി കല്യാണ വീട്ടിലേക്കു പോകുന്നതിനായി തറവാട്ടിൽ നിന്നും ഇറങ്ങിയ നേരം . ഞാനും റോസിമോളും ആക്കൂട്ടത്തിൽ ഏറ്റവും പിന്നിലായാണ്  അന്ന്  നടന്നു നീങ്ങിയത് . അപ്പോഴാണ് ഒരു ബൈക്കിൽ രണ്ടുപയ്യന്മാർ വന്ന് വൃത്തികെട്ട രീതിയിൽ പല കമന്റുകളും പറഞ്ഞു പിന്നാലെ വന്നത് . അത് ഒരു പരിധി കടന്നപ്പോൾ അന്നചേച്ചി ഒരുത്തനെ വണ്ടിയിൽ നിന്നും പിടിച്ചിറക്കി ചെകിടടക്കി ഒന്ന് കൊടുത്ത് പറഞ്ഞു വിട്ടപ്പോൾ ഞങ്ങളും വിചാരിച്ചു ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് . അങ്ങനെ ചിരിയും കളിയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങി ക്കൊണ്ടിരുന്നപ്പോഴാണ് അവർ പിന്നിൽ നിന്നും രണ്ട് ബൈക്കിലായി അതിവേഗത്തിൽ അങ്ങോട്ട് വന്നത് . ഞാനും അന്നചേച്ചിയും മോളും അവർക്കു കടന്നുപോവാൻ വേണ്ടി  ഒരു വശത്തേക്ക് മാറി കൊടുത്തു . അങ്ങനെ അവർ മുന്നോട്ടേക്കു ഓടിച്ചുപോയി , പിന്നെ നമ്മുടെ നാൾക്കവലയ്ക്കരികിൽ വച്ച് അതിലൊരുവൻ അതിവേഗത്തിൽ ബൈക്കുമായി വന്ന് റോസിമോളെ ഇടിച്ചു തെറുപ്പിച്ചപ്പോൾ പാവം തെറിച്ചു വീഴുന്നത് നോക്കി നില്ക്കാൻ മാത്രമേ എനിക്കായുള്ളൂ . അങ്ങനെ അവിടെകൂടിയവരാണ് അവരെ വട്ടം പിടിച്ചു നിർത്തിയത് . "


എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ ആകെ തകർന്നുപോയി .കാരണം റോസിമോൾക്ക് ഏതെങ്കിലും അസുഖം വന്നാൽ  സഹിക്കാത്ത ഞാൻ  എങ്ങനെ ഇത് സഹിക്കും . ഞങ്ങൾ കീരിയും പാമ്പുമായിരിക്കും പക്ഷെ അതിലും ഒരു സുഖമുണ്ട് . ഞാൻ ക്ഷൗരം ചെയ്യാതെയോ ഓഫിസിൽ പോവാൻ മുതിർന്നാൽ ആദ്യം എന്നെ ശ്വസിക്കുന്നത് റോസിമോൾ ആയിരിക്കും . അവളുടെ ശാസനയിൽ അവളുടെ മനസ്സിലെ അപ്പൻ എങ്ങനെ ആളുകളുടെ മുമ്പിൽ നടക്കണം എന്നത് പോലും ഞാൻ എന്നും അനുസരിച്ചിട്ടേ ഉള്ളൂ . ചില ഞായറാഴ്ചകളിൽ ഞാൻ സുഖമായിസോഫയിൽ കിടന്നുറങ്ങുമ്പോൾ എന്റെ മടിയിൽ കിടന്ന് കൊച്ചുകുട്ടിയായി അവൾ ഉറങ്ങുന്നത് കാണാൻ തന്നെ എന്ത് ചേലാണ് . ആ എന്റെ കൊച്ചു സുന്ദരിക്കോതയാണ് ആശുപത്രിക്കിടക്കയിൽ പരസഹായമില്ലാതെ എഴുന്നേൽക്കാനാവാതെ വേദനകൊണ്ടു പുളയുന്നത് എന്നാലോചിക്കാൻ തന്നെ വളരെ  പ്രയാസം തന്നെയാണ് .


ഇന്നത്തെ ചെറുപ്പക്കാര് പിള്ളേരുടെ എടുത്തു ചാട്ടത്തിന്റെ യും പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോടുള്ള പകയുടെയും ഫലമായാണ്  പലപ്പോഴും ചെറിയ സംഭവങ്ങൾ പോലും കൊലപാതകങ്ങൾക്ക് വരെ എത്തിച്ചേരുന്നത് എന്നത് ഓർക്കുമ്പോൾ ശരിക്കും ശരീരം നടുങ്ങും . ഇന്ന് പത്രത്താളുകളിൽ കൊലപാതകങ്ങളും ബലാത്സംഗകഥകളും റിപ്പോർട് ചെയ്യാത്ത ഒരു നാല് പോലും ഇല്ല . അതുപോലെ വൈകീട്ട് ടി വി ചാനലുകളിൽ അത്തരം ഇരകളെ വീണ്ടും വീണ്ടും തങ്ങളുടെ ക്രൂരമായ പ്രസ്താവനകൊണ്ട് പിച്ചിച്ചീന്തുന്ന സാംസ്കാരിക രാഷ്രീയ നായകന്മാരെ കാണുമ്പോൾ ഇപ്പോഴും ഇവറീ കണ്ടാണോ പുതു തലമുറ പേടിക്കേണ്ടത് എന്ന് ചോദിച്ചുപോകും . നാട്ടിൽ ബലാത്സംഗങ്ങൾക്കും സ്ത്രീപീഡനത്തിനും നേരെ ഘോരഘോരം പ്രസംഗിക്കുന്ന ഇവരിൽ ചിലർ ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചേർന്നാൽ ആദ്യം തേടിച്ചെല്ലുന്നത് ഇവിടെയുള്ള ഉഴിച്ചിൽ കേന്ദ്രങ്ങളിൽ ആണ് താനും .

ശരിക്കും മോൾക്ക് ഉണ്ടായ ആപത്തിന് കാരണക്കാരായ ചെറുപ്പക്കാരെ  പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി  ഏൽപ്പിച്ചു കേസും ഫയൽ ചെയ്താണ് ചേട്ടൻ ഇങ്ങോട്ടു വന്നത് എന്നറിഞ്ഞപ്പോൾ. പണത്തിന്റെ ഹുങ്കിൽ എന്നത്തേയും പോലെ നല്ലൊരു വക്കീലുണ്ടെങ്കിൽ ഏതു മയക്കുമരുന്നും കൂവപ്പൊടിയാവുന്ന നമ്മുടെ നാട്ടിൽ ഇതൊക്കെ മായ്ചുകളയാനാണോ പ്രയാസം. അങ്ങനെ  അവർ ജയിലിൽ നിന്നും ഇറങ്ങിയാൽ ആദ്യം അന്വേഷിച്ചു കണ്ടെത്തുക എന്റെ റോസിമോളെയാണല്ലോ എന്നോർത്തപ്പോൾ അറിയാതെ ഒരു പേടി എന്നെ കടന്നു പിടിച്ചു .
പിന്നെയും ഒത്തിരി നാളുകൾ വേണ്ടിവന്നു റോസിമോൾ ഒന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കാൻ . പാവം ഇടിയുടെ ആഘാതത്തിൽ അവളുടെ തല റോഡിൽ ശക്തിയായി ചെന്നിടിച്ചതും ഒപ്പം അടികൊണ്ട അരക്കെട്ടിലെ ചില അസ്ഥികൾക്ക് പൊട്ടലും ഉണ്ടായിരുന്നതിനാൽ അവൾ പഴയ പോലെ സ്വയമൊന്നെഴുന്നേൽക്കാൻ തന്നെ നന്നേ വിഷമിച്ചു. 

ഭാഗം: ഇരുപത്തിയഞ്ച്

അതിനിടയില്‍ അവളുടെ ചികിത്സ ഞങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയെങ്കിലും ചേച്ചിയുടെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങി ഒടുക്കം അത് ഉപേക്ഷിക്കേണ്ടി വന്നു. 

അങ്ങനെ ഒരു ഞായറാഴ്ച്ച ജെസ്സിയെയും രോസിമോളെയും നാട്ടിലാക്കി ഞാന്‍ ചേട്ടനോടൊപ്പം ടൌണിലെ വീട്ടിലേക്കു യാത്ര തിരിച്ചു. യാത്രയിലുടനീളം മോളുടെ ഇന്നത്തെ  അവസ്ഥയോര്‍ത്തുള്ള നല്ലതും ചീത്തതുമായ പലതരം ചിന്തകള്‍ എന്നെ വീര്‍പ്പുമുട്ടിച്ചു. അങ്ങനെ കണ്ണുകളടച്ചു കുറച്ചു സമയം കാറിന്റെ പിന്‍സീറ്റില്‍ ചാരികിടക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അപ്പോഴും മനസ്സില്‍ തെളിഞ്ഞുവന്ന ദൃശ്യങ്ങളില്‍ മോളുടെ കിടപ്പും തറയിലും കട്ടിലിലുമായി കഴിച്ചുകൂട്ടുന്ന പലരുടെയും അവസ്ഥകളും നിറഞ്ഞു നിന്നപ്പോള്‍ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഞാന്‍  കണ്‍പോളകള്‍  വലിച്ചു തുറന്ന്‍ പുറത്തെ കാഴ്ചകളിലേക്ക് ദൃഷ്ടിയൂന്നി അങ്ങനെ ഇരുന്നപ്പോള്‍ ചുറ്റിലും  തളംകെട്ടിയ ശൂന്യത ശരിക്കും അനുഭവപ്പെട്ടു. മനസ്സിലെ ചിന്തകളിന്മേല്‍ അല്‍പസമയത്തേക്ക് കാലം വിരിച്ചിട്ട കറുത്ത കമ്പളത്തിനു എന്നെ പാടെ ചുട്ടുപോള്ളിക്കാനുള്ള ചൂടുണ്ടായിരുന്നോ. 

എന്റെ കണ്ണുകളും ശരീരവും ആ ചൂടിനാല്‍ വല്ലാതെ നീറി. അങ്ങനെ ഓരോന്ന് ചിന്തിച്ച് ഒന്നിളകി ഇരുന്ന് ചേട്ടന്റെ നേരെ നോക്കിയപ്പോള്‍ ചേടത്തി എന്നെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നൂ.എന്റെ നോട്ടം കണ്ടാണ്‌ എന്ന് തോന്നുന്നൂ അവര്‍  എന്നെ നോക്കി

ജോസ്സുമോനെ എന്ത് ചെയ്യാം കര്‍ത്താവ് മോള്‍ക്ക്‌ നല്ലത് വരുത്തട്ടെ. ഞങ്ങളും ഇത്രയും നേരം അതെക്കുറിച്ചാ സംസാരിച്ചു കൊണ്ടിരുന്നെ . നമ്മുക്ക് പ്രാര്‍ത്ഥിക്കാനല്ലാതെ എന്തു ചെയ്യാനാവും.

എന്ന് പറഞ്ഞപ്പോള്‍ എനിക്കും ശരിയാണ് എന്ന് തോന്നി. ഞാന്‍ അവരെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ മനസ്സ് മാത്രം അതിന് എന്നോട് കൂട്ടുകൂടിയില്ല.
നമ്മുടെ അവസ്ഥ പലപ്പോഴും മനസ്സിന്  മനസ്സിലാകില്ലല്ലോ. അത് പിന്നെയും പലതരം കാടുകയറിയ ചിന്തയുമായി മുന്നോട്ട് തന്നെ പോയിക്കൊണ്ടേ ഇരിക്കും . നമ്മുടെ മനസ്സ് പല അവസരങ്ങളിലും ഒരു  കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാ ശരിയല്ലേ.  അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്ന ഞാന്‍ ഉറക്കിലേക്ക് വഴുതിവീണത് എപ്പോഴാണ് എന്ന് മാത്രം ഓര്‍മ്മയില്ല.  

കഴിഞ്ഞ കുറെ നാളുകളായി ആശുപത്രിയിലും പരിസരത്തും രാവുംപകലും നേഴ്സ് കുറിച്ചുതരുന്ന മരുന്നും മറ്റും വാങ്ങാന്‍ ഫാര്‍മസിയിലേക്കുംതിരിച്ചും ഓടിനടന്ന ഞാന്‍ പലപ്പോഴും ഉറങ്ങാന്‍ പോലും മറന്നുപോയിരുന്നൂ. 

ആ നിദ്രയില്‍ തെളിഞ്ഞുവന്ന കാഴ്ചയില്‍ പലപ്പോഴും ഇന്നത്തെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും മരുന്നിനും മറ്റ് പരിശോധനകള്‍ക്കും സ്വകാര്യ ക്ലിനിക്കുകള്‍ തന്നെ ശരണം എന്നതും, അത്തരം സ്ഥാപനങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഡോക്ടര്‍മാര്‍ തുടങ്ങി പലര്‍ക്കും ഓഹരിയും കാണും എന്നതും . ഒപ്പം  നെഴ്സുമാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം കാണുമ്പോള്‍ എന്തിനാ സര്‍ക്കാര്‍ ഇതൊക്കെ രോഗികളെ നരകിപ്പിക്കാന്‍  നടത്തിക്കൊണ്ടുപോവുന്നത് എന്ന് തോന്നി . ക്ലീനിംഗ് ബോയ്‌ തൊട്ട് ഡോക്ടര്‍ വരെ എല്ലാര്ക്കും ശമ്പളം മാത്രം മതി, ഇവരുടെയൊക്കെ രോഗികളോടുള്ള പെരുമാറ്റം കണ്ടാല്‍ അറിയാതെ കയ്യോന്നുയര്‍ന്നുപോയാല്‍ അവര്‍ക്കൊപ്പം നില്ക്കാനായി ഒത്തിരി യുണിയനുകള്‍ കാണും. തെറ്റുകാരെ സംരക്ഷിക്കാനായാണ് ഇന്നത്തെക്കാലത്തെ പല യുണിയനുകളും എന്ന് പ്രസക്തമായ കാര്യവുമാണ്.തെറ്റുകാര്‍ സാധാരണ ക്കാരായ പൊതുജനങ്ങള്‍ ആണ്, കാരണം അവരുടെ  വിശ്വാസത്തെ ഹനിക്കുന്ന പ്രസ്ഥാനങ്ങളാണ് ഇന്ന് പലതും എന്ന് അവരറിയാതെ പോയി.  

അങ്ങനെയിരിക്കെ ആരോ തട്ടിവിളിച്ചപ്പോഴാണ് ആ നിദ്രയില്‍ നിന്നും  ഞാന്‍ ഉണര്‍ന്നത്. ആദ്യം കണ്ണുതുറന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു. പിന്നെ വാതില്‍ തുറന്ന്‍ മെല്ലെ കാറില്‍ നിന്നും മുറ്റത്തേക്ക് ഇറങ്ങി. 

 എന്റെ വളര്‍ത്തു നായ നിര്‍ത്താതെ ശബ്ദമുണ്ടാക്കി കൂട്ടില്‍നിന്നും നീണ്ടു നിവര്‍ന്ന് ശരീരം ഒന്ന് കുടഞ്ഞു എന്നെ നോക്കിയപ്പോള്‍ ഞാന്‍ അവന്റെ കൂട്ടിനരികിലേക്ക് പോയി ആ കൂട് തുറന്ന്‍ പുറത്തിറക്കി. അവന്റെ സ്നേഹപ്രകടനത്തില്‍ ചേട്ടത്തിയും ചേട്ടനും കൂടി. അവന്‍ പെട്ടെന്ന് എന്തോ ആലോചിച്ച്  വീടിന്റെ പിന്നിലേക്ക്‌ ഓടി , ഞങ്ങളും   അവനേ പിന്തുടര്‍ന്നു. അവിടെ കുളിമുറിയുടെ പിന്നിലെ ചതുപ്പുനിലത്ത് കണ്ട ചോരയില്‍ കുതിര്‍ന്ന തുണിക്കെട്ട് വളരെ പാടുപെട്ടാണ് ഞങ്ങള്‍ എടുത്ത് കൊണ്ടുവന്നത്. 

ആ തുണിക്കെട്ട് ചേട്ടത്തി സൂക്ഷിച്ചഴിക്കുന്നത് അക്ഷമയോടെ ഞാന്‍ നോക്കി നിന്നപ്പോള്‍ അതില്‍ കണ്ട രക്തത്തില്‍ പൊതിഞ്ഞ രൂപം ഒരു കുഞ്ഞിന്റെത് ആയിരുന്നൂ. അത് കണ്ട് ഞങ്ങള്‍ ശരിക്കും ഞെട്ടി. അതിലെ രക്തക്കറയുടെ പഴക്കം ഏകദേശം ഗണിച്ച് ചേട്ടന്‍

ഇത് നമ്മള്‍ പ്രദീപിന്റെ വീട്ടിലേക്കു പോവുന്നതിന്റെ തലേനാള്‍  അതായത് ഉദ്ദേശം പതിനഞ്ച് നാള്‍ പഴക്കം കാണും . ഇത് ആരുടെ രക്തത്തില്‍ ഉണ്ടായതാണ് എന്ന് കൃത്യമായി അറിയണം എന്നുണ്ടെങ്കില്‍ നമ്മുക്ക് ഫോരെന്‍സിക് ലാബിലേക്ക് കൊടുക്കാം എന്താ

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍

വേണ്ട ചേട്ടാ ഇത് ആരുടേതായാലും ഇവിടെ അവസാനിക്കട്ടെ . ഇതില്‍ കൂടുതല്‍ ഒരു അന്വേഷണവും വേണ്ട കാരണം അത് എന്റെ സ്വപ്നങ്ങളുടെ ചിറകരിയുന്നതിന് സമമാണ്. ഇന്നത്തെ ലോകത്ത് ഇത്തരം കാഴ്ചകള്‍ കണ്ടാല്‍ അതിനുനേരെ കണ്ണടയ്ക്കുന്നതാ പലപ്പോഴും നല്ലത്

എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സിന്റെ വേദന ചേട്ടത്തിക്ക് ബോധ്യമായി. അവര്‍ ഇടപെട്ട് തല്ക്കാലത്തേക്ക് ആ ചാപിള്ളയെ ഒരു കുഴികുത്തി മണ്ണിട്ട്‌ മൂടിയിട്ടും പൊള്ളുന്ന അത്തരം കാഴ്ചകള്‍ മനസ്സില്‍ വരുത്തിയ മുറിവില്‍ നിന്നും ചോര ധാരധാരയായി ഒഴുകുന്നത് ഞാന്‍ അറിഞ്ഞു . പിന്നീട് ആ ദിവസം മുഴുവന്‍ ആ വീട്ടില്‍ പരന്ന നിശബ്ദതയ്ക്ക് മരണത്തിന്റെ തണുപ്പ് ഉണ്ടായിരുന്നൂ.


ഭാഗം: ഇരുപത്തിയാറ്

 വീട്ടിലേക്കു വാതിൽ തുറന്ന് കയറുമ്പോഴേക്കും ജെസ്സിയുടെ ഫോൺ കാൾ എന്നെ തേടിവന്നു . അവൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി ഫോൺ സംഭാഷണം വേഗം തന്നെ അവസാനിപ്പിച്ചപ്പോൾ ഉള്ളിൽ കടിച്ചമർത്തിയ ചോദ്യങ്ങൾ എന്റെ കണ്ണുകൾ ഈറനണിയിച്ചു . അത് ശ്രദ്ധിച്ചിട്ടാണ് എന്ന് തോന്നുന്നൂ എന്റെ മാനസികാവസ്ഥ മനസ്സിലാക്കി ചേട്ടനും കുടുംബവും വീട്ടിൽ ചിലവഴിക്കാൻ തീരുമാനിച്ചത് . അപ്പോഴും ചേട്ടന്റെ മകൻ  പട്ടിക്കുഞ്ഞിന്റെ കൂടെ  കളിപ്പിച്ചുകൊണ്ടു വരാന്തയിൽ ഇരിക്കുകയായിരുന്നൂ . ഞാൻ കസേരയിൽ കിടന്ന അന്നത്തെ വർത്തമാന പത്രവുമെടുത്ത് അടുത്തു കണ്ട അകത്തെ സോഫയിൽ ചെന്നിരുന്നൂ . ആ 
പത്രത്താളിൽ മുഖം മറച്ചു് എന്തൊക്കയോ  മനസ്സിൽ ചിന്തിച്ചുകൂട്ടികൊണ്ടിരുന്നപ്പോൾ ചേട്ടൻ അരികിൽ വന്നിരുന്നത് പോലും അറിഞ്ഞില്ല . ചേട്ടൻ എന്റെ ചുമലിൽ കൈവച്ച്‌  എന്നെ സമാധാനിപ്പിക്കാനായി 
" ചിലപ്പോൾ നമ്മൾ ചിന്തിച്ച പോലെ  ഒന്നുമായിരിക്കില്ല കാര്യങ്ങൾ "
എന്ന് പറഞ്ഞപ്പോഴും മനസ്സിൽ അങ്ങനെ ആയിരിക്കരുതേ എന്ന പ്രാർത്ഥനമാത്രമായിരുന്നൂ .
പിന്നീടെപ്പോഴോ ചേട്ടത്തിവന്ന് എല്ലാവരെയും  അത്താഴത്തിന് വിളിച്ചപ്പോഴും തീന്മേശയിൽ നിരത്തിയ ചപ്പാത്തിയും പരിപ്പുകറിയും സ്വാദറിയാതെ കഴിക്കാൻ തുടങ്ങിയപ്പോൾ എന്തോ ഭക്ഷണത്തോട് ഒരു താൽപര്യക്കുറവ് പോലെ തോന്നി . അപ്പോഴും എന്നെ നല്ലവാക്കുകൾ പറഞ്ഞു കൂടെ നില്ക്കാൻ ചേട്ടത്തിയും ചേട്ടനും കൂടെ ഉണ്ടായി . ഇനി നാളെ എന്ത് എന്നായി മനസ്സിന്റെ ചോദ്യം . എന്തോ എന്റെ മാനസിക അവസ്ഥ കണക്കിലെടുത്ത് ചേട്ടൻ എന്നെ അവരോടൊപ്പം കുറച്ചു ദിവസത്തേക്ക് കൂടെ കൂട്ടി . അതിനിടയിൽ അടുത്ത ദിവസം കാലത്തു മുതൽ ഞാൻ ഓഫീസിലേക്ക് പോയിത്തുടങ്ങി . അവിടെ എന്റെ സഹപ്രവർത്തകർക്ക് അറിയേണ്ടിയിരുന്നത് മോളുടെ ഇന്നത്തെ അവസ്ഥയും മറ്റു വിശേഷങ്ങളും ആയിരുന്നൂ . അത് കഴിഞ്ഞു മറ്റു ജോലിത്തിരക്കുകളിൽ മുഴുകിയിരുന്നപ്പോഴാണ് എന്റെ മനസ്സിൽ പ്രദീപിന്റെ വീട്ടിലേക്കുള്ള ആ യാത്രയെക്കുറിച്ചുള്ള  ദൃശ്യങ്ങൾ ഓർമ്മയിൽ  തെളിഞ്ഞുവന്നത് . അപ്പോഴാണ് റോസിമോളുടെ വാടിതളർന്ന മുഖം ഞാൻ ശ്രദ്ധിച്ചത് . അന്ന് അതിനു ജെസ്സിത്തന്ന വ്യാഖ്യാനം 
" നിങ്ങൾ എന്താ ഇങ്ങനെ അവളെ നോക്കുന്നേ അവൾക്ക് ഉറക്കക്ഷീണമാ കാലത്ത് എത്രയും  നേരത്തെ  എഴുന്നേറ്റതല്ലേ"
 എന്നായിരുന്നൂ . കാലം മാറിയപ്പോൾ അച്ഛനും അമ്മയും മക്കളും വെറും കണക്കിലെ കളികൾ പോലെ യായി മാറി അല്ലെ . ആർക്കും ഒരാളോടും ഒരു കടപ്പാടും ഇല്ല . ഇന്ന് അവർ മനസ്സിൽ വിചാരിച്ചത് നടത്തിക്കൊടുത്താൽ അവർ നമ്മൾ പ്രീയപ്പെട്ടവർ അല്ലെങ്കിൽ ആരോ എന്തൊക്കയോ ചെയ്യുന്നൂ . ഞങ്ങൾ ഇങ്ങനെയൊക്കെ കഴിയുന്നൂ എന്ന മട്ടിൽ ഓരോ കുടുംബവും മുന്നോട്ടു പോവുന്നൂ . പണ്ട് കാലങ്ങളിൽ പണത്തേക്കാൾ ബന്ധങ്ങൾക്കും സ്നേഹത്തിനും കരുണയ്ക്കും പ്രാധ്യാനം ഉണ്ടായിരുന്നെങ്കിൽ ഇന്ന് എല്ലാവരും തമ്മിൽ  തമ്മിൽ അഭിനയിച്ചു മത്സരിക്കുന്നൂ . ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇന്ന് വ്യക്തി ജീവിതത്തിലോ കുടുംബത്തിലോ വിട്ടുവീഴ്ചകൾ ചെയ്യന്നതും ക്ഷമിക്കുന്നതും പരസ്പരധാരണയോടെ മുന്നോട്ട് പോവുന്നതും പലരും മറന്നിരിക്കുന്നൂ . എല്ലാവര്ക്കും ജയിക്കണം . അങ്ങനെ ഏതാ കളി  ജീവിതത്തിൽ ഉള്ളത് . ഒരാൾ ജനിച്ചാൽ മരിക്കും അത് ലോക നിയമം . ഇന്ന് മരണവും സ്വർഗത്തിലേക്കുള്ള വഴിയും കാട്ടിക്കൊണ്ടു ചിലകൂട്ടർ നാട്ടിലാകെ നടക്കുന്നുണ്ട് . എങ്ങനെ പോയാലും ലോകനിയമത്തിൽ സാധനങ്ങൾ കേടുവരുന്നത് മനസ്സിലാവും പക്ഷെ മരണം ജ്യോതിഷിക്കുപോലും പ്രവചിക്കാൻ കഴിയില്ല . അങ്ങനെ ഓരോന്ന് ചിന്തിച്ചു ദിനരാത്രങ്ങൾ കൊഴിഞ്ഞുപോയപ്പോൾ ഞാൻ മകളുടെ ആശുപത്രി ചിലവിനുള്ള പണം അയച്ചുകൊടുത്തുകൊണ്ട്  ജോലിയിൽ വ്യാപൃതനായി . ശരിക്കും പറഞ്ഞാൽ  എന്തോ അവളെ അഭിമുഖീകരിക്കാനുള്ള മാനസികാലാവസ്ഥയിലായിരുന്നില്ല . അതിനാൽ എന്നേക്കാൾ നന്നായി മറ്റുള്ളവരും ഒപ്പം എന്റെ പഴയ ഡോക്ടർ റോസിയും കൂടി അവളുടെ കാര്യങ്ങൾ നന്നായി നോക്കി. എന്റെ അഭാവം വരുത്തിയ ശൂന്യതയിൽ തികച്ചും ഒറ്റപ്പെട്ട ജെസ്സി വിളിച്ചുപറഞ്ഞാണ് പൈലിയും പ്രദീപും എന്നെ വന്നു കണ്ടത് . ഒടുക്കം അവർ ചേട്ടനെയും കൂട്ടി പിടിച്ചപിടിയാലേ ആശുപത്രിയിലേക്ക്  കൊണ്ടുപോയപ്പോൾ അവരുടെ പല ചോദ്യങ്ങളുടെ മുന്നിലും ഓഫിസിലെ ജോലിഭാരത്തിന്റെ കഥപറഞ്ഞു ഞാൻ കൈകഴുകി . കഥയറിയാവുന്ന ചേട്ടനും അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സ്വയം മെനഞ്ഞു വേണ്ടവിധം കൂടെക്കൂടിയപ്പോൾ അവരും വിശ്വസിച്ചു എന്ന് മനസ്സിലായി . എനിക്ക്  എന്നിൽ നിന്നും പലതും മറച്ച ജെസ്സിയോടും ഒപ്പം ഇതൊക്കെ സംഭവിച്ചിട്ടും യഥാവിധം ചാപിള്ള മറവുചെയ്യാതെ  നായോ കുറുക്കനോ മാന്തി പുറത്തെടുത്തിടാൻ ഇടയായതിൽ നന്നേ വേദന തോന്നി  .  ആശുപത്രിയിൽ എത്തിച്ചേർന്ന എന്റെ നെഞ്ചിൽ ചേർന്ന് നിന്ന് ഏങ്ങിയേങ്ങിക്കരഞ്ഞ ജെസ്സിയെ മെല്ലെ കൂട്ടി കുറച്ചു ദൂരം വരെ നടന്നു . അതിനിടയിൽ അവളെ ആശ്വസിപ്പിച്ചു ഓഫിസിലെ കൂടിക്കിടന്ന ജോലി ഭാരത്തെക്കുറിച്ചും സൂചിപ്പിച്ചു്  വിശ്വസിപ്പിച്ചപ്പോൾ അവളുടെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട്  എന്റെ മുന്നിൽ തുറന്ന് വച്ചപ്പോൾ അതിൽ പല ചോദ്യങ്ങൾക്കും മുന്നിൽ പതറാതെ 
മൗനം പാലിച്ചു നിന്നു. പിന്നീടെപ്പോഴോ വാർഡിൽ കയറി റോസിമോളെ കണ്ടപ്പോൾ അവളുടെ അരികിൽ ഡോക്ടർ റോസി തലമുടിയിഴകളിലൂടെ  വിരലുകളോടിച്ചു വീല്‍ചെയറില്‍ ഇരിപ്പുണ്ടായിരുന്നൂ  . റോസിമോള് കട്ടിലിൽ മരുന്നിന്റെ മയക്കത്തിൽ നിന്നും അപ്പോഴും എഴുന്നേറ്റിട്ടില്ല . ആ മുഖത്തേക്ക് നോക്കി അവളുടെ അരികിലേക്ക് നീങ്ങിനിന്നപ്പോഴേക്കും ഡോക്ടർ റോസി അവിടെനിന്നും യാത്രപറഞ്ഞു പോയിരുന്നൂ . റോസിമോളുടെ തലയിലൂടെ വിരലോടിച്ചു നിന്നപ്പോഴാണ് ജെസ്സി കണ്ണുകൾ തുടച്ചുകൊണ്ട് 
"മോൾക്ക്  വീഴ്ചയിൽ  അരക്കെട്ടിന് തകരാറ് സംഭവിച്ചിട്ടുണ്ട് , കുറച്ചു മാസം കൂടി ഇങ്ങനെ കട്ടിലിൽ കിടക്കേണ്ടി വരും "
എന്ന് പറഞ്ഞപ്പോൾ ഞാൻ എല്ലാം മൂളികേട്ടു . അങ്ങനെയിരിക്കുമ്പോഴാണ് ഒരു നേഴ്സ് വന്നു 
" ഇതിൽ ആരാ ജോസ് ?
എന്ന് ചോദിച്ചപ്പോൾ ഞാൻ അവരെ നോക്കി 
"ഞാൻ ആണ് "
എന്ന് പറഞ്ഞപ്പോൾ അവർ എന്നോട് 
" നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് "
എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ  ഞാൻ അവരെ പിന്തുടർന്നു .ജെസ്സിയും എന്നോടൊപ്പം ചേരാൻ ശഠിച്ചപ്പോൾ ഞാൻ മനപൂർവം അത് വിലക്കി . കാരണം കാര്യങ്ങളുടെ യഥാർത്ഥ വശം എനിക്ക് അറിയാനുണ്ട്  എന്നത് തന്നെ . അതിനാൽ ചേട്ടനെയും വിളിച്ചു ഞാൻ ഡോക്ടറുടെ അരികിലേക്ക് നടന്നു .
ഡോക്ടറുടെ മുറിയിലേക്ക് കടന്നപ്പോൾ അവർ നേഴ്‌സിനെ അവിടെനിന്നും എങ്ങോട്ടോ പറഞ്ഞയച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു . ഞങ്ങളെ സീറ്റിലേക്ക് ഇരുത്തിക്കൊണ്ട് 
"ജോസേട്ടാ .. പിന്നെ ഞാൻ പറയാൻ  പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം .  റോസിമോൾ ഒരിക്കൽ ഗർഭിണിയായിരുന്നൂ കുറച്ചു നാളുകൾക്കു മുമ്പ് ഗർഭഛിദ്രം  ചെയ്തിട്ടുമുണ്ട് . പിന്നെ അന്ന്  ബൈക്കിടിച്ചതിൽ  തല റോഡിൽ ഇടിച്ചു ബോധം പോയി എന്നത് നേര് അതിനാൽ ഇപ്പോൾ തലക്ക് വലിയ  കുഴപ്പം ഒന്നും തന്നെ ഇല്ല  . പക്ഷെ   അശാസ്ത്രീയമായ മാർഗത്തിലാണ് അവൾ അന്ന് ഗർഭഛിദ്രം വരുത്തിയത് അതിനാൽ തന്നെ ഇനി ജീവിതത്തിൽ ഒരിക്കലും അവൾക്കു കുഞ്ഞുങ്ങൾ ഉണ്ടാവില്ല . പിന്നെ വീഴ്ചയുടെ ആഘാതത്തിൽ ആണെന്ന് തോന്നുന്നൂ അവളുടെ ഡിസ്കിന് ചില തകരാറുകൾ സംഭവിച്ചിട്ടുണ്ട് അതിനാൽ കുറച്ചു നാളുകൾ കൂടി അവൾ കട്ടിലിൽ തന്നെ കഴിച്ചുകൂട്ടണ്ടതായി വരും .ഇത് ഞാൻ വിശദമായി ജെസ്സിയോടും പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട് . നിങ്ങൾക്കേ അവളെ മാനസികമായി മാറ്റിയെടുത്ത് പഴയ റോസിയാക്കാൻ ആവൂ ."
എന്ന് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ ശരീരം തളരുന്നത് ഞാൻ അറിഞ്ഞു . കസേരയിൽ നിന്നും ഞാൻ കുഴഞ്ഞു താഴെ വീഴുന്നത് നോക്കിനിൽക്കാനേ ചേട്ടനും ആയുള്ളൂ . വലിയ ശരീരവും ചെറിയ മനസ്സുമുള്ള എന്നെ പോലെയുള്ള പഴഞ്ചൻ മനുഷ്യന് താങ്ങാനാവുന്നതിനും അധികമായിരുന്നൂ ഇത് .
ഭാഗം : ഇരുപത്തിയേഴ്

കണ്ണുതുറന്നപ്പോള്‍ ഡോക്ടറുടെ മുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്നൂ ഞാന്‍. അപ്പോഴാണ്  വിരളുകളില്‍ ഘടിപ്പിച്ച ഒരുപകരണം എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനം രേഖപ്പെടുത്തുന്നത് ശ്രദ്ധിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സഹകരണ  ആശുപത്രിയിലേക്ക്  മോളുടെ ചികിത്സ മാറ്റിയത് റോസി ഡോക്ടറുടെ സൗകര്യം കണക്കിലെടുത്ത് മാത്രമാണ്.  ഇനിയിപ്പോള്‍ സൗജന്യമായി ലഭിക്കുമായിരുന്ന പല ചികിത്സയും ഇവിടെ നിരക്ക് നിശ്ചയിച്ച് നല്‍കുമ്പോള്‍ മനസ്സിലെ പ്രാര്‍ത്ഥന എല്ലാം നല്ലവിധം ഒന്ന് അവസാനിച്ചു കിട്ടണേ എന്ന് മാത്രമാണ്. ഏകദേശം ഒരു മണിക്കൂര്‍ വേണ്ടി വന്നു മറ്റ് പരിശോധനങ്ങള്‍ കഴിഞ്ഞ് എനിക്ക് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍. ഇപ്പോള്‍ എന്നിലെ ക്ഷീണം ശരിക്കും ബാധിച്ചത് ശരീരത്തിനെ അല്ല മറിച്ച് മനസ്സിനെയാണ്‌. എങ്കിലും റോസി ഡോക്ടറും ചേട്ടനും കൂട്ടി മോളുടെ അരികിലേക്ക് നടന്നു നീങ്ങിയപ്പോള്‍ എന്റെ കണ്ണുകളില്‍  മൂടിക്കെട്ടിയ കണ്ണീര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ വെമ്പിനിന്നപ്പോള്‍ മുഖത്ത് ശാന്തത വരുത്തി മുന്നോട്ട് നീങ്ങി. എന്റെ മുഖത്തെ ശാന്തത കണ്ട് ജെസ്സിപോലും ആദ്യം അത്ഭുതപ്പെട്ടു . എന്റെ അരികില്‍ വന്ന്‍
ചേട്ടാ ഡോക്ടര്‍ എന്ത് പറഞ്ഞു  ?”
എന്ന് ചോദിച്ചപ്പോള്‍ മറുപടിയെന്നോണം
എല്ലാം ശരിയാവും എനിക്ക് നല്ല പ്രതീക്ഷയുണ്ട് . രണ്ടു നാളുകൊണ്ട് നിങ്ങള്‍ക്ക് ഡിസ്ചാര്‍ജ് ചെയത് പോകാന്‍ കഴിയും . പക്ഷെ വീട്ടില്‍ ചെന്നാലും കുറച്ചു നാളുകള് ഇവള്‍ ഇങ്ങനെ തന്നെ കിടക്കേണ്ടി വരും . ങാ നോക്കട്ടെ
എന്ന് റോസി ഡോക്ടര്‍ പറയുമ്പോള്‍ അവരുടെ മുഖത്തെ ചെറുചിരി എന്നില്‍ പകര്‍ന്നുതന്ന ധൈര്യം അത് ഒന്ന് വേറെ തന്നെ യാണ് . നാളെയോ മറ്റന്നാളോ  ആശുപത്രിയില്‍നിന്നും മോളെയും കൊണ്ട് വീട്ടിലേക്കു യാത്രതിരിക്കണം . പിന്നെയുള്ള കാര്യങ്ങള്‍ കര്‍ത്താവിന്റെ കൃപകൊണ്ട് നന്നായി വരും എന്ന് മനസ്സില്‍ തീരുമാനിച്ച് ജെസ്സിയുടെ അരികിലേക്ക് നടന്നപ്പോള്‍ അവളുടെ  
ഡോക്ടര്‍ എല്ലാം പറഞ്ഞു അല്ലേ ?”
എന്ന ചോദ്യത്തിന് ഉത്തരമെന്നോണം ഒന്ന് മൂളുക മാത്രം ഞാന്‍ ചെയ്തു . അപ്പോഴേക്കും അവള്‍  പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആണിന്റെ സ്വഭാവവും പെണ്ണിന്റെ രൂപവും ഉള്ള ജെസ്സിക്കും കരയാന്‍ അറിയാം എന്ന് കുറെ നാളുകള്‍ക്കു ശേഷം ഞാന്‍ മനസ്സിലാക്കി .  ഇപ്പോഴും ഗൌരവഭാവം തോന്നിക്കുന്ന എന്നെ വരച്ചവരയില്‍ നിറുത്തുന്ന  ഇവളുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഞാന്‍  നേരില്‍ കണ്ടു. പിന്നെ കണ്ണുകള്‍ തുടച്ച് എന്നെകൂട്ടി ഒരു മൂലയ്ക്ക് കൊണ്ടുപോയി നടന്ന സംഭവങ്ങളായി അവള്‍ വിവരിച്ചു തുടങ്ങിയപ്പോള്‍ ആധുനികകേരളത്തിലെ ആംഗലേയ വിദ്യാഭ്യാസസമ്പ്രദായ മേഖലയിലെ  ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും അതില്‍ അടിമകളായി മാറിയ  വിദ്യാര്‍ത്ഥി സമൂഹത്തേയും കുറിച്ച് ഓര്‍ത്ത് ഞാന്‍ ശരിക്കും ഞെട്ടി. റോസിമോള്‍ക്ക് യുവജനോത്സവ ദിനത്തില്‍ ജ്യൂസില്‍ എന്തോ മയക്കുമരുന്ന്കലര്‍ത്തി നല്‍കിയ കൂട്ടുകാരിയെയോ അത് കഴിഞ്ഞ് അവളെ പീഡിപ്പിച്ച സഹപാഠികളേയോ ശിക്ഷിക്കാന്‍ ആവാത്ത തരത്തില്‍ എല്ലാം മനസ്സിലാവാന്‍ മാസങ്ങള്‍ വേണ്ടി വന്നു. പിന്നീട്  അവള്‍ക്ക് ജെസ്സിയുടെ പരിചയക്കാരി നല്‍കിയ മരുന്ന് നല്‍കി ഗര്‍ഭശ്ചിദ്രം വരുത്തിയപ്പോള്‍ പുറത്ത് വന്ന ചാപിള്ളയേ ജെസ്സി റോസിമോള് പോലും അറിയാതെ മണ്ണില്‍ കുഴിച്ചിട്ടു. പിന്നീട് എല്ലാം ഉള്ളിലൊതുക്കി ഉള്ളില്‍ കരഞ്ഞു പുറമേ ഗൌരവത്തിന്റെ മുഖംമൂടി അണിഞ്ഞു ഇന്ന് വരെ ജീവിച്ച ജെസ്സിയേ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാനും ഒന്ന് പതറി. ഇന്ന് ലൈംഗികത ലഹരിയായി കൊണ്ട് നടക്കുന്ന സമൂഹത്തില്‍ പതിവൃതകള്‍ പുരാണകഥാപാത്രങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതോര്‍ത്ത് എന്നെ പോലുള്ള അച്ഛന്മാര്‍ വേദനിക്കുകയല്ലാതെ എന്താണ് ചെയ്യുക. ആധുനിക ലോകത്ത്  അരുതാത്തത് ചെയ്യാനുള്ള ചെറുപ്പക്കാരുടെയും ചെറു പ്പക്കാരികളുടെയും ആസക്തികാണുമ്പോള്‍ ലോകത്തിന്റെ പോക്ക് നാശത്തിലാണ് എന്ന് ബോധ്യമാവും . അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്ന ഞാന്‍ പൈലി വന്ന് വിളിച്ചപ്പോഴാണ് സ്ഥലകാല ബോധത്തിലേക്ക്‌ തിരിച്ചു വന്നത്. അങ്ങനെ അവനെ അനുഗമിച്ചുകൊണ്ട് ജെസ്സിയെയും താങ്ങിപിടിച്ചു മുറിയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ കട്ടിലില്‍ കണ്ണുകള്‍ തുറന്ന്‍ കിടന്ന റോസിമോളെ ആണ് കണ്ടത് . അവള്‍ എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അധികം സമയം അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല അവള്‍ എങ്ങിയെങ്ങി കരഞ്ഞു . ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിച്ചപ്പോള്‍ എന്റെ ചുമലില്‍ ജെസ്സി വീണു കരയുന്നുണ്ടായിരുന്നൂ . അതിനിടയില്‍ റോസിമോള്‍ എന്റെ കൈപിടിച്ച് വലിച്ചടുപ്പിച്ചു കവിളില്‍ മുത്തമിട്ടപ്പോള്‍ അതുവരെ കെട്ടിനിര്‍ത്തിയ കണ്ണീര്‍ മേഘങ്ങള്‍ പെയ്തൊഴിയാന്‍ തുടങ്ങി. അവളുടെ കവിളില്‍ മാറിമാറി ചുംബിച്ച എന്റെ കണ്ണുകള്‍ കണ്ണീരാല്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു . അവള്‍ എന്റെ ചെവിയില്‍
ഞാന്‍ ചീത്തയായി അപ്പാ , ഈ മോളെ ഇനി അച്ഛന് വേണോ ?”
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കണ്ണുകള്‍ വലിച്ചടച്ച്
നീ എന്റെ ജീവനാ മോള് വിഷമിക്കണ്ട എല്ലാം ശരിയാവും .
എന്ന് പറയുമ്പോഴും അവള്‍ ഇത്രമാത്രം സ്നേഹിച്ചിരുന്നൂ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല .
അങ്ങനെ അവളെ ആശ്വസിപ്പിച്ചു ഞാന്‍ ആ കട്ടിലില്‍ കുറെ നേരം ഇരുന്നു.
റോസി ഡോക്ടര്‍ പറഞ്ഞപോലെ രണ്ടു നാളുകള്‍ക്കകം ഞങ്ങള്‍ ആശുപത്രി വിട്ടു.  പിന്നെ അവളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും മാറ്റിവച്ചു. ജെസ്സിയുടെ അഭാവത്തില്‍ അവളുടെ മറ്റ്ബിസ്സിനുസ്സുകള്‍ അവളുടെ വിശ്വസ്തരായ ജോലിക്കാര്‍ ഭംഗിയായി നോക്കി നടത്തി.

കാലങ്ങള്‍ കടന്ന് പോയപ്പോള്‍ എന്റെ റോസിമോള്‍ വീണ്ടും അവളുടെ പഠനത്തിലേക്ക് കടന്നു. ആദ്യമാദ്യം സമൂഹം അവളെ വൃത്തികെട്ടവളായി ആണ് നോക്കിക്കണ്ടത് . നമ്മുടെ സമൂഹം വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയെങ്കിലും പ്രായോഗിക ബുദ്ധി വേണ്ടസമയത്ത് സമൂഹനന്മയ്ക്കായി ഉപയോഗിക്കാന്‍ ഇന്നും വല്ലാതെ മടിക്കുന്നൂ . അങ്ങനെ ധാരാളം അവഗണനകല്‍ സഹിച്ചു മുന്നേറിയ എന്റെ റോസിമോള്‍ ക്ക് പിന്നെ പിന്നെ ജയിച്ചു കാണിക്കാനുള്ള വാശിയായിരുന്നൂ. ഏതൊരു ഇരയ്ക്കും  സമൂഹത്തില്‍ നിന്നും അഭിമുഖീകരിക്കുന്ന അവഗണനയും പലപ്പോഴും അവള്‍ തളര്‍ന്ന് പോയപ്പോള്‍ അവള്‍ക്കു പിന്‍ബലമായി ഞങ്ങള്‍ കൂട്ടിനുണ്ടായിരുന്നൂ. ഇന്നും നമ്മുടെ സമൂഹത്തിലെ നന്മയുടെ ബിംബങ്ങള്‍ വെറും നോക്കുകുത്തികള്‍ മാത്രമായി നിലകൊള്ളുമ്പോള്‍ ഒരു പാവം പെണ്‍കുട്ടി പിടിച്ചു നില്‍ക്കുന്നത് എങ്ങനെ. ഈ കാലഘട്ടത്തിലായി  ഞാന്‍ ബാങ്കില്‍ നിന്നും വളന്ററി റിട്ടയര്‍ മെന്റ് എടുത്ത് ജെസ്സിയോടൊപ്പം അവളുടെ ബിസ്സിനെസ്സില്‍ ഒരു സഹായമെന്നോണം ചേര്‍ന്നുനിന്നു . അങ്ങനെയിരിക്കെയായിരുന്നൂ റോസിമോള്‍ക്ക് ഐ . എ. എസ്സ് . പരീക്ഷയില്‍ സെലെക്ഷന്‍  കിട്ടിയത് . അതുവരെ അവളെ ആട്ടിയകട്ടിയ സമൂഹം പില്‍ക്കാലത്ത് അവള്‍ക്കു സ്വീകരണം നല്‍കിയും മറ്റും കൂടെകൂടിയപ്പോള്‍ അവളും അവരിലൊരാളായി. അവള്‍ക്ക് എല്ലാവിധ സഹായവുമായി ചേട്ടനും കുടുംബവും ബന്ധുമിത്രാദികളും  കൂടെനിന്നു. ഇന്ന് അവള്‍ ജോസ്സിന്റെയും ജെസ്സിയുടെയും മകള്‍ എന്നതില്‍ ഉപരിയായി ജില്ലാകളക്ടര്‍ റോസി ജോസ് ഐ. എ. എസ്സ് ആയാണ് അറിയപ്പെടുന്നത് .  എങ്ങനെ ആയിരിക്കണം ഒരു കലക്ടര്‍ എന്ന് സമൂഹത്തിന് മുമ്പില്‍ കാണിച്ചു കൊടുത്തവള്‍ അതുപോലെ ജനങ്ങളുടെ എല്ലാവരുടെയും കണ്ണിലുണ്ണിയായ ജില്ലാ കലക്ടര്‍ . അവര്‍ അവളെ റോസി മോള്‍ എന്നും കലക്ടര്‍ മോള്‍ എന്നും വിളിക്കുന്നൂ . ആ വിളികേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാവുന്ന അഭിമാനം അതൊന്നു വേറെ തന്നെയാണ് .  ഇന്ന് അവളെ  ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കാത്ത ദിവസങ്ങള്‍ ഇല്ല . അവളുടെ മാതാപിതാക്കള്‍ ആവാന്‍ അവസരം തന്നതിന് ഞങ്ങള്‍ കര്‍ത്താവിനോടു എന്നും നന്ദി അറിയിച്ചുകൊണ്ട്‌ അവസാനിപ്പിക്കുന്നൂ   .എല്ലാവര്ക്കും നന്ദി .











   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...