2021 ഏപ്രിൽ 15, വ്യാഴാഴ്‌ച

തണൽ എന്ന സാന്ത്വന സ്പർശം

തണൽ എന്ന സാന്ത്വന സ്പർശം

എം.പി.എസ്സ്.വീയ്യോത്ത്

കാലിക ലോകത്തിൽ പണക്കൊഴുപ്പിൻ്റെയും സാങ്കേതികതയുടെയും ഹുങ്കിൽ നാം പലപ്പോഴും എല്ലാം മറന്നു പോവുന്നു. ആ മാലോകരിൽ പലരും മറ്റുള്ളവരുടെ മുമ്പിലായി തങ്ങളുടെ സ്നേഹം അഭിനയിച്ച് ഫലിപ്പിക്കാൻ മത്സരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇവിടെ തുറന്നെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഇന്ന് ഞാൻ സന്ദർശിച്ച ഒരു ലോകത്തിലെ ചില മനുഷ്യരുടെ ജീവിതാന്തരീക്ഷം തന്നെയാണ്. ഇത് ഇവിടെ പറഞ്ഞവസാനിപ്പിചപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ആ ലോകത്തേക്കുറിച്ച് കൂടുതൽ അറിയാൻ  താൽപ്പര്യം തോന്നിയേക്കാം. 

എൻ്റെ ചിന്തകളെ മാറ്റിമറിച്ച ആ ലോകത്തിൻ്റെ പേരാണ് തണൽ എന്നത്. നമ്മൾ ജീവിതത്തിൽ ഒരു തവണയെങ്കിലും തണലിലോ റീജിണൽ കാൻസർ സെൻ്ററിലോ സന്ദർശിക്കാൻ നേരം കണ്ടെത്തണം. നമ്മിലെ അഹം എന്നന ഭാവത്തെ ഉൻമൂലനം ചെയ്യാൻ ഇത്തരം യാത്രകൾക്ക് കഴിയുക തന്നെ ചെയ്യും.

 എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. 

ഒരു നാൾ രാത്രിയോടെയാണ് അയൽക്കാരനായ ബാബു ഗൾഫിൽ നിന്നും  മൊബൈലിൽ വിളിച്ചത്. ഞാൻ ഫോൺ അറ്റൻ്റ് ചെയ്ത് അദ്ദേഹവുമായി കുശലാന്വേഷണങ്ങളിൽ മുഴുകി. അതിനിടയിലായി അദ്ദേഹം അടുത്ത ദിവസം തൻ്റെ കുഞ്ഞുങ്ങളുടെ ജന്മദിനമാണെന്നും അതിനാൽ തണലിലെ ആ ദിവസത്തെ ഉച്ചഭക്ഷണം അവരാണ് സംഭാവന ചെയ്യുന്നത് എന്നും അറിയിച്ചു. ഒപ്പം എന്നോട്  മറ്റ് തിരക്കുകൾ ഇല്ല എങ്കിൽ അവരുടെ കുടുംബത്തോടൊപ്പം  തണലിലേക്ക് പോവുമോ എന്ന് ആരാഞ്ഞപ്പോൾ ആദ്യം ഞാൻ അല്പനേരം മൌനം പാലിച്ചു. ശേഷം ഞങ്ങളും അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ഉണ്ടാവും എന്നുമറിയിച്ചു.  ഗൾഫിലെ കോവിഡിൻ്റെ വിശേഷങ്ങളും മറ്റും അന്വേഷിച്ച് കൊണ്ട് അല്പനേരത്തിനകം ഞങ്ങളുടെ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചു .

അടുത്ത ദിവസം കാലത്ത്  എഴുന്നേറ്റ് പതിവുള്ള പ്രഭാത സവാരിയിലും തുടർന്നുള്ള കസറത്തുകളിലും ഞാൻ മുഴുകിയിരിക്കവേ ആയിരുന്നു  ബാബുവിൻ്റെ കുഞ്ഞുങ്ങൾ അങ്ങോട്ടേക്ക് കയറി വന്നത്.  എൻ്റെ ഇളയ മകനേ കൂട്ടിക്കൊണ്ട് പോവാനാണ് വന്നതാണെന്ന് അവർ പറഞ്ഞറിഞ്ഞു. അവർ പോയ ശേഷം  സഹധർമ്മിണി പറഞ്ഞാണ് ബാബു മക്കൾക്ക് ഒരുക്കിയ സർപ്രൈസിൻ്റെ കഥ ഞാൻ അറിയുന്നത് തന്നെ , ആ സർപ്രൈസ്  ഇപ്രകാരമായിരുന്നു.

അന്നും പതിവ് പോലെ ഉമ്മറവാതിൽ മലർക്കേത്തുറന്ന ബാബുവിൻ്റെ ഭാര്യ വരാന്തയിൽ  കിടന്ന ചുവന്ന സൈക്കിൾ കണ്ട് ആദ്യമൊന്ന് ഞെട്ടി.  അവരുടെ പിന്നാലെയായി അങ്ങോട്ടേക്ക് കടന്ന് വന്ന കുഞ്ഞുങ്ങൾ ആ കാഴ്ച കണ്ട് ആനന്ദത്താൽ തുള്ളിച്ചാടി. ആ കാഴ്ച എൻ്റെ ഇളയ മകനേക്കൂടി കാണിച്ചു കൊടുക്കാനാണ് അവർ അവിടേക്ക് വന്നത്. അദ്ദേഹം നാട്ടിൽ നിന്നും ഗൾഫിലേക്ക് തിരിക്കുന്ന നേരത്ത് മകനോട് ചോദിച്ചറിഞ്ഞ നിറത്തിലുള്ള ആ സൈക്കിളിൽ അവർ വരാന്തയിലും വീട്ടിനുള്ളിലുമായി  ഓടിച്ചു നടന്നു. അതിനിടയിൽ വരാന്തയിൽ കണ്ട സൈക്കിളിൻ്റെ നാൾവഴികൾ തേടി ബാബുവിൻ്റെ ഭാര്യയും നടന്നു.

നേരം പകൽ പന്ത്രണ്ട് മണിയോടടുത്തു,  തലേ ദിവസം ബാബു പറഞ്ഞവസാനിപ്പിച്ചത് പ്രകാരം ഞാനും കുടുംബവും അദേഹത്തിൻ്റെ ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം കാറിൽ കയറി തണൽ ലക്ഷ്യമാക്കിയുള്ള പ്രയാണം ആരംഭിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച്  മാസ് ക്കുകളും കൈയ്യുറകളും സാനിറ്റൈസറും ഞങ്ങൾ  കയ്യിൽ കരുതിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിനാൽ കോവിഡ് അതിൻ്റെ മൂർദ്ധന്യത (സർക്കാർ ഭാഷയിൽ രണ്ടാം തരംഗം ) കൈവരിച്ചിരിക്കുന്ന വാർത്ത  പത്രങ്ങളിൽ നിന്നും ഞാനും വായിച്ചറിഞ്ഞിരുന്നു.  ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ എടച്ചേരി ടൌണിലൂടെ തണൽ ലക്ഷ്യമാക്കി നീങ്ങി. അൽപ നേരത്തെ യാത്രയെക്കാടുവിൽ തണലിനു് മുമ്പിലെ ആ വലിയ കവാടത്തിന് മുമ്പിലായി ഞങ്ങളുടെ വാഹനം ചെന്ന് നിന്നു. കവാടത്തിനടുത്തുള്ള മുറിയിൽ നിന്നും ഇറങ്ങി വന്ന കാവൽക്കാരൻ ഞങ്ങൾക്ക് മുമ്പിൽ ആ വലിയ ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു.  ഞങ്ങളുടെ വാഹനം കവാടവും കടന്ന് തണലിൻ്റെ ഓഫീസിന് മുന്നിലായി ചെന്ന് നിന്നു.

കാറിൽ നിന്നും ഇറങ്ങിയ എനിക്ക് ചുറ്റിലുമായി അവശരും അശരണരുമായ ഒരു പറ്റം കണ്ണുകൾ അക്ഷമയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.   അവരിലോരോരുത്തരും ഞങ്ങൾക്കിടയിൽ മറ്റാരേയോ തിരയുന്നത് പോലെ എനിക്ക് തോന്നി. അതിനിടയിൽ ആണ് തണലിലെ ചില ഉദ്യോഗസ്ഥർ ഞങ്ങളോട് ഓഫീസിനുള്ളിലേക്ക് കയറി ഇരിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ ഞങ്ങൾ ഓഫീസിനുള്ളിലെ ഇരിപ്പിടങ്ങളിൽ ചെന്ന് സ്ഥാനം പിടിച്ചു.  അതിലൊരാൾ  അടുത്ത് വന്നിരുന്ന് തണലിനേക്കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. തണലിൻ്റെ ആ സ്ഥാപനത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ പലരും മാനസിക വൈകല്യങ്ങൾ ബാധിച്ച് ബന്ധുക്കൾ ഉപേക്ഷിച്ചവരാണ് എന്നറിഞ്ഞപ്പോൾ മനസ്സൊത്തിരി നീറി. വിദ്യാസമ്പന്നർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികളിലും ആധുനിക ലോകത്തിലെ എല്ലാവരിൽ നിന്നും അകന്നുള്ള പണം മാനദണ്ഡമാക്കിയുള്ള  അണു കുടുംബ ചേഷ്ടകൾ കടന്ന് കയറിയിരിക്കുന്നത് എന്നെ വല്ലാതെ നോവിച്ചു. 

അവിടെ കണ്ട ബോർഡിലെ കണക്ക് പ്രകാരം സ്ത്രീകളും പുരുഷന്മാരുമായി 200 ന് മുകളിൽ രോഗികൾ ഈ ദിവസം ഇവിടെ ചികിത്സയിൽ കഴിഞ്ഞു വരുന്നുണ്ട്. അവർക്കുള്ള ഭക്ഷണം പലപ്പോഴും പലരും സംഭാവന ചെയ്യുമെങ്കിലും മരുന്നിനും ഡയാലിസിനും മറ്റുമായി ഏകദേശം പതിനഞ്ച് ലക്ഷം രൂപ ഒരു മാസം ചിലവ് വരുമത്രേ. നമ്മുടെ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളിലും തണലിൻ്റെ ശിഖരങ്ങൾ പരന്നു കിടക്കുന്നുണ്ട് എന്നതും, ഈ അടുത്തകാലത്തായി  മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്നു പന്തലിച്ചിരിക്കുന്നു എന്നറിയുമ്പോൾ ഈ സ്ഥാപനത്തിൻ്റെ വളർച്ചയുടെ ഏകദേശ ചിത്രം മനസ്സിൽ തെളിഞ്ഞു. പണ്ട് നമ്മൾ കേട്ട് വളർന്ന സാഹോദര്യ ഭാവമോ മനുഷ്യത്വമോ ഇന്ന് പലരിൽ നിന്നും അകന്നു് കഴിഞ്ഞിരിക്കുന്നു .  

അപ്പോഴാണ് ഒരു സ്ത്രീ മറ്റൊരു സ്ത്രീയേയും വീൽചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് ഡോക്ടറേ കാണിക്കാനായി ആ മുറിയ്ക്ക് മുമ്പിലായി വന്നു നിന്നത് . ഏവരേയും ഞെട്ടിച്ചുകണ്ട് അപ്രതീക്ഷിതമായാണ് വീൽചെയറിൽ നിന്നും ആ സ്ത്രീ താഴേക്ക് ഊർന്നിറങ്ങിയത് . അവർ കൈകളിൽ ഉയർത്തിപ്പിടിച്ച ചെരുപ്പു കൊണ്ട് വീൽചെയറിൽ തന്നെ പിടിച്ചു കയറ്റാൻ ശ്രമിച്ച എല്ലാ ഉദ്യോഗസ്ഥരേയും സധൈര്യം നേരിട്ടു.  അവരുടെ ചെറുത്തുനിൽപ്പിന് മുമ്പിൽ ഉദ്യോഗസ്ഥരും ഒടുക്കം പരാജയപ്പെട്ട് പിൻമാറി. അപ്പോഴാണ് തറയിൽ ഇരുന്ന അവർ ഞങ്ങളുടെ നേരെ തല ഉയർത്തി  മാറി മാറി നോക്കിയത്,  ആ മുഖത്ത് പരന്ന പുഞ്ചിരിയിലും കണ്ണുകളിലെ നനവ് ഞാൻ ശ്രദ്ധിച്ചു. നിനച്ചിരിക്കാതെയാണ് അവർ ഞങ്ങളെ നോക്കി പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കാൻ തുടങ്ങിയപ്പോൾ ആ ശബ്ദം ഇടറിയിരുന്നു. 

 തണലിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ അരികിൽ വന്ന് വാർഡിലെ രോഗികളേക്കുറിച്ച് ഏകദേശ സൂചന നൽകിയ ശേഷം അവിടേ നിന്നും സ്ത്രീകളായ അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിനരികിലേക്ക് യാത്ര തിരിച്ചു. ഞങ്ങളും ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു.  രണ്ട് വലിയ ഇരുമ്പ് ഗെയിറ്റ് കൊണ്ട് അടച്ച്  ഭദ്രമാക്കിയ ആ കെട്ടിടത്തിലേക്ക്  ഞങ്ങളും പ്രവേശിച്ചു,  കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തരാനായി വെൽഫെയർ ഓഫീസറേയും ഞങ്ങളുടെ കൂടെ അദ്ദേഹം പറഞ്ഞു വിട്ടിരുന്നു. വാതിൽ തുറന്ന്  കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച ഞങ്ങളുടെ മുമ്പിലായി നിരന്നിരുന്ന് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരിൽ  പ്രായഭേദങ്ങളില്ലായിരുന്നു. ഞങ്ങളേക്കണ്ട് അവരിൽ ചിലർ ഭക്ഷണം കഴിച്ചു കൊണ്ട്  അരികിലേക്ക് പുഞ്ചിരിച്ചു കൊണ്ട് കടന്ന് വന്ന് കുശലാന്വേഷണം നടത്താൻ തുടങ്ങിയപ്പോൾ വേദനയോ ഭയമോ ഏതോ ഒന്ന് എന്നിൽ വന്നു നിറഞ്ഞത് ഞാൻ മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായാണ് അവരിൽ ഒരാൾ എൻ്റെ സഹധർമ്മിണിയുടെ കൈയ്യിൽ കടന്ന് പിടിച്ചു വലിച്ച് അവരുടെ കട്ടിൽ ലക്ഷ്യമാക്കി നടന്ന് നീങ്ങിയത്. ആ കാഴ്ച എന്നിൽ  വല്ലാത്തൊരു ഭയം പടർത്തി. ആ വാക്കുകളിൽ ഒരാളും അവരെ കാണാൻ അവിടെ ഇതുവരെ വന്നിട്ടില്ല എന്നും ഞങ്ങൾ അടുത്ത തവണ ചെല്ലുമ്പോൾ ഉമ്മയേ കൂട്ടിക്കൊണ്ട് ചെല്ലുമോ എന്നും ചോദിച്ചപ്പോൾ അറിയാതെ ആ മനസ്സിൻ്റെ വേദന ഞങ്ങളിലേക്കും പടർന്നു കയറുകയായിരുന്നു. 

അങ്ങനെയിരിക്കെ വെൽഫെയർ ഓഫീസർ പറഞ്ഞാണ് അടുത്ത നിലയിൽ കഴിയുന്ന അവശരായ രോഗികളേക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയത്. കോവണി പടികൾ കയറി അടുത്ത നിലയിൽ ചെന്ന് കയറിയപ്പോൾ അവിടെക്കണ്ടത് മെലിഞ്ഞുണങ്ങിയ പല രൂപത്തിലുള്ള മനുഷ്യക്കോലങ്ങളേയാണ്. ആ കാഴ്ച അധികം നേരം കണ്ടിരിക്കാനുള്ള ത്രാണി ഞങ്ങൾക്ക് ഇല്ലാതിരുന്നതിനാൽ അവിടെ നിന്നും കഴിവതും വേഗം പുറത്തേക്ക് കടന്നു.  മനസ്സിനുള്ളിൽ ഒരു ചലച്ചിത്രം കണക്ക് ഇതുവരെ കണ്ട കാഴ്ചകൾ തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു.

 മുമ്പിലായ നടന്നു നീങ്ങിയ വെൽഫെയർ ഓഫീസർ പറഞ്ഞ പ്രകാരം ഓഫീസിനോട് ചേർന്നുള്ള പുരുഷന്മാരായ അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലേക്കാണ്  അവർ ഞങ്ങളെ കൊണ്ടുപോയത്. ആ കെട്ടിടത്തിനുള്ളിൽ നിരനിരയായി ഇരുന്ന് ആഹാരം കഴിച്ച കൊണ്ടിരുന്ന ആളുകളിൽ ഒരാൾ എന്നേ നോക്കി "ഞാൻ ഭക്ഷണം കഴിച്ചോട്ടേ " എന്ന് ചോദിച്ചപ്പോൾ അനവസരത്തിൽ  വന്നു കയറിയതിൻ്റെ ഈർഷ്യ ആ വാക്കുകളിൽ നിഴലിച്ചിരുന്നു. മറ്റുള്ളവർ ചിരിച്ചു കാണിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തികളിൽ മുഴുകി. അല്പസമയത്തിനകം ഞങ്ങൾ ആ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാൻ്റീൻ ലക്ഷ്യമാക്കി നടന്നു. 

 ഉച്ചഭക്ഷണവും കഴിച്ച് ഓഫീസിൽ ചെന്ന് കയറുമ്പോൾ ഡോക്ടറേ കാണാനുള്ള രോഗികളുടെ നീണ്ട നിര അവിടെ ദൃശ്യമായിരുന്നു. അതിനിടയിൽ അവിടെ വന്നു നിന്ന ആംബുലൻസിൽ ഡയാലിസിസ് കഴിഞ്ഞ രോഗിയേ കയറ്റുന്നത് കണ്ടപ്പോഴാണ് എന്തോ ആലോചിച്ചീട്ടെന്നവണ്ണം തണലിലെ ഒരു ഉദ്യോഗസ്ഥൻ " ഡയാലിസിസിന് വന്ന രോഗിയാണ് അത് ഏഷ്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻ്റർ തണലിലാണ് പ്രവർത്തിക്കുന്നത് " എന്ന് പറഞ്ഞു തന്നത്. അവിടേ നിന്നും മടങ്ങുമ്പോൾ മനസ്സ് വല്ലാതെ കലുഷിതമായത് ഞാൻ മനസ്സിലാക്കുന്നു. 

 അതിനിടയിൽ എൻ്റെ ഭാര്യ ബാബുവിൻ്റെ ഭാര്യയോട് ''നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ് അല്ലേ ? "എന്ന് പറഞ്ഞ്  ദീർഘശ്വാസം വിട്ടത് ഞാൻ ശ്രദ്ധിച്ചിരുന്നു. 

ഇത്തരത്തിൽ ഭാഗ്യവാന്മാരായ നമ്മൾ ഓരോരുത്തരുമാണ് പണത്തിൻ്റയും ഈഗോയുടെയും പേരിൽ സ്വയം മറന്ന് പ്രവർത്തിക്കുന്നത്. ആ പണത്തിൻ്റെ ഒരംശമെങ്കിലും  അശരണർക്ക് കൂട്ടായി നിൽക്കുന്ന  തണലിലേക്ക് നൽകണം എന്നാണ് എൻ്റെ ഒരു അഭ്യർത്ഥന. നന്ദി 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...