2021 ഫെബ്രുവരി 27, ശനിയാഴ്‌ച

തീർത്ഥയാത്ര -പഴനി

തീർത്ഥയാത്ര -പഴനി

എം.പി. എസ്സ്.വീയ്യോത്ത്

ബാല്യകാല സ്മരണകളിലെ  ചില സ്ഥലങ്ങളും അനുഭവങ്ങളും നമ്മളെ പലപ്പോഴും പിൻതുടർന്നു കൊണ്ടിരിക്കും ശരിയല്ലേ?  അത്തരം ചില ഓർമ്മകൾ എന്നെ ഈ മധ്യവയസ്സിലും  വല്ലാതെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. അങ്ങനെയാണ് പാലക്കാടുള്ള ബാബുവേട്ടനെ (ശിവരാമകൃഷ്ണൻ ) വിളിച്ച് എൻ്റെ മനസ്സിയുള്ള മോഹം അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്  .  അന്നതിന് മറുപടിയെന്നോണം

" താൻ  പാലക്കാട് എത്തിച്ചേർന്നാൽ മാത്രം മതി മറ്റ് കാര്യങ്ങൾ ഞാൻ നോക്കിക്കോളാം"

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ  മനസ്സ് കൊണ്ട് തികച്ചും ഞാൻ ഒത്തിരി സന്തോഷിച്ചു. കാരണം ഇത്തരം സഹായങ്ങൾ എൻ്റെ ജീവിതത്തിൽ വിരളമായേ ലഭിച്ചിരുന്നുള്ളൂ എന്നത് തന്നെ. ജീവിതത്തിൽ ഇന്നേ വരെ വെറും പണം കായ്ക്കുന്ന മരമായി മാത്രം എന്നെ കണ്ട ആളുകളിൽ നിന്നും വിഭിന്നമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം. ദുബായിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലഘട്ടങ്ങളിൽ  ബ്രാൻഡഡ് സാധനങ്ങൾ മാത്രം ഉപയോഗിച്ച് നടന്നിരുന്ന അദ്ദേഹത്തെ ഞാൻ ആശ്ചര്യത്തോടെയാണ് പലപ്പോഴും കണ്ടിരുന്നത്. ഞാൻ അദ്ദേഹത്തെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിരുന്നതും പോലും. ഞങ്ങൾ ശരിക്കും കൊറോണ മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ചേക്കേറേണ്ടി വന്നവരിൽ ചിലരാണ് .

തുടർന്നുള്ള നാളുകളിൽ  ചില സുഹൃത്തുക്കളേയും ആ യാത്രയിൽ ഒപ്പം കൂട്ടാനായിരുന്നു എൻ്റെ ശ്രമം. കൊറോണയുടെ നാട്ടിലെ അതിപ്രസരത്താൽ അവരും അവസാന നിമിഷം പരിപാടിയിൽ നിന്നും പിൻമാറി. അങ്ങനെ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരുന്നപ്പോൾ എൻ്റെ മകനാണ്

"അച്ഛാ ,നിങ്ങൾക്ക് എന്താ ഒറ്റയ്ക്ക് പോയാൽ "

എന്ന് ചോദിച്ചത്. അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി.

അങ്ങനെ ഓൺലൈനായി അവൻ ഫിബ്രവരി 14 ഞായറാഴചയിലേക്ക് തീവണ്ടി ടിക്കറ്റും ബുക്ക് ചെയ്തു തന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ ശരവേഗത്തിൽ കടന്നു പോയത് പോലെ എനിക്ക് തോന്നി. അങ്ങനെ ഫിബ്രവരി 14 എന്ന ദിവസം വന്നെത്തി.

മാതാപിതാക്കളോട് സമ്മതവും വാങ്ങി അന്നേ ദിവസം മകനൊപ്പം റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവൻ എന്നെ റെയിൽവേ സ്റ്റേഷനിൽ ആക്കി മടങ്ങി. അവിടം ശരിക്കും ഞാൻ അത്ഭുതപ്പെട്ടു.

പണ്ട് ഞാൻ കാറ്റ് കൊള്ളാൻ പോയിരിക്കാറുള്ള സിമൻ്റ് സീറ്റും വേലിക്കെട്ടുകളുമൊഴികെ  ഒട്ടുമിക്കവയും ഇവിടെ   മാറിപ്പോയിരിക്കുന്നു . പണ്ട് ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും നാല് പ്ലാറ്റ് ഫോറങ്ങളിലേക്ക്  വലുതായിരിക്കുന്നു. ഒപ്പം ലിഫ്റ്റും എസ്കലേറ്ററും ഓവർ ബ്രിഡ്ജുകളും വേറെയും.

അന്വേഷണ കൌണ്ടറിൽ നിന്നും എനിക്ക് പോകാനുള്ള തീവണ്ടിയുടെ ബോഗിയുടെ സ്ഥാനം ചോദിച്ചറിഞ്ഞ് മുന്നോട്ട് നടന്നപ്പോൾ സൂര്യൻ ഉച്ചിയിൽ നിന്നും ചുറ്റും കണ്ണോടിക്കുന്നുണ്ടായിരുന്നു. മനസ്സിലെ കൌതുകത്താൽ പുറത്തെ വേനൽച്ചൂട് ഞാനറിഞ്ഞതുമില്ല. ഇതിനിടയിലാണ് കിതച്ച് കിതച്ച് തീവണ്ടിയിലെ എനിക്ക് കയറാനുള്ള ബോഗി മുന്നിൽ വന്ന് ഒരു ഞെരക്കത്തോടെ നിന്നത്. ഞാൻ കയ്യിലെ ബാഗമായി അതിലേക്ക് കയറാൻ തുടങ്ങവേ ആണ് മരുമകൻ തൊട്ടടുത്ത ബോഗിയിൽ നിന്നും പ്ലാറ്റ് ഫോറത്തിൽ ഇറങ്ങി എന്നോടൊപ്പം ചേർന്നത്. പിന്നീടങ്ങോട്ട് സീറ്റ് കണ്ടു പിടിച്ച് ഞാനതിലും, മരുമകൻ എനിക്ക് അഭിമുഖമായും ഇരിപ്പുറപ്പിച്ചു. അവൻ ഫറൂക്കിൽ അവന്റെ കോളേജിലേക്കുള്ള യാത്രയിൽ ആണ്.

അല്പസമയത്തിനകം തീവണ്ടി മുമ്പോട്ട് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. അറിയാതെ എൻ്റെ മനസ്സിലേ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള  ആ പഴയ പഴനി യാത്ര ഒരു ചലച്ചിത്രം കണക്ക് തെളിഞ്ഞു വന്നു. അന്ന് പഴനി ദർശ്ശനം കഴിഞ്ഞ് മടങ്ങിയ ഞങ്ങൾ കയറിയ ബസ്സിലെ  ഒരു തമിഴ് സ്ത്രീ എൻ്റെ കൂടെയുണ്ടായിരുന്ന സഹോദരിയോട്

"യാരാ ഉൾ വേലക്കാരനാ?"

ചോദിച്ചപ്പോൾ അവൾ അല്ല സഹോദരാ എന്ന മറുപടി എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

അപ്പോഴേക്കും ഏതൊക്കെയോ സ്റ്റേഷനുകൾ കടന്ന് തീവണ്ടി കുതി ച്ചോടാൻ തുടങ്ങി. മനസ്സിന് കുളിരേകാനായി കൊയ്തൊഴിഞ്ഞ പാടങ്ങളും പുഴകളും മണൽ പരപ്പുകളും ഹരിതാഭമായ മലനിരകളും  നീലാകാശവും ചേർന്ന് എനിക്ക്  വർണ്ണാഭമായ ഒരു ദൃശ്യവിസ്മയമേകി. വൈകീട്ട് അഞ്ചര മണിയോടെയാണ് ആ തീവണ്ടി പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്നു. ഞാൻ  ബാഗുമെടുത്ത്  പ്ലാറ്റ് ഫോറത്തിൽ ഇറങ്ങി. അവിടെ കണ്ട ബോർഡിൽ പ്ലാറ്റ് ഫാറം നമ്പർ അഞ്ച് എന്ന് തെളിഞ്ഞു കണ്ടു. മുമ്പിൽ കണ്ട പടികൾ കയറി ഓവർ ബ്രിഡ്ജ് വഴി പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഞാൻ നടന്നു. മുമ്പിൽ കണ്ട പടികൾ ഇറങ്ങി പുറത്തേക്ക് നടന്നിറങ്ങിയപ്പോൾ സ്റ്റേഷന് മുമ്പിലായി ബാബുവേട്ടൻ കയ്യിൽ കരുതിയ സഞ്ചിയുമായി എന്നെ കാത്ത് നിൽക്കുന്നതായി കണ്ടു. അദ്ദേഹം എന്നേയും കൂട്ടി പച്ചക്കറി മാർക്കറ്റിലേക്ക് നടന്നു, ആ യാത്രയിലുടനീളം ഞങ്ങൾ പരസ്പരം നാട്ടുവിശേഷങ്ങൾ കൈമാറി. അല്പസ്വല്പം പചക്കറികളും വാങ്ങി സമീപത്ത് നിറുത്തിയിട്ട ഓട്ടോറിക്ഷി ൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് തിരിക്കുമ്പോഴും പാലക്കാടൻ ഉഷ്ണക്കാറ്റ്  എന്നെ വല്ലാതെ പരീക്ഷിക്കുന്നുണ്ടായിരുന്നു.

അല്ല സമയത്തെ പൊടിപടലങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള ആ യാത്ര  ഒത്തിരി ദുർഘടം പിടിച്ചതായിരുന്നു. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം കടന്നു പോകുന്ന വഴിയായിട്ടു പോലും അങ്ങോട്ടേക്ക് ഒരു ഉദ്യോഗസ്ഥരും കടന്ന് ചെന്നിട്ടില്ല. തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുന്ന ഒരു പ്രദേശം. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പലരും ഇവിടം കൈവിട്ട മട്ടാണ്. അങ്ങനെ അതിസാഹസികമായ ആ യാത്ര ബാബുവേടൻ്റെ വീടിൻ്റെ മുമ്പിലായി ചെന്ന് എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങി.

ഞങ്ങൾ ഓട്ടോറിക്ഷയിൽ നിന്നും പുറത്തിറങ്ങി അദ്ദേഹത്തിൻ്റെ വീടിൻ്റെ (അനുരാധാലയം) ഗേറ്റ് തുറന്നപ്പോഴേക്കും കാർപ്പോർച്ചിൽ നിന്നും ഗർഭിണിയായ ഒരു നാൽക്കാലി പതിയെ നടന്ന് വന്ന്പുറത്തേക്ക് ഇറങ്ങിപ്പോയി. രണ്ട് നിലയുള്ള വാർപ്പ് വീടായിരുന്നു അദ്ദേഹത്തിൻ്റേത്.  ഗേറ്റും കടന്ന് വരാന്തയിലേക്ക് പ്രവേശിച്ചപ്പോഴേക്കും  അദ്ദേഹത്തിൻ്റെ ഭാര്യയും മകളും ഞങ്ങളെ സ്വീകരിക്കാനായി കാത്തുനിൽപ്പുണ്ടായിരുന്നു. അവർ ഞങ്ങളെ വീട്ടിനകത്തേക്ക് ആനയിച്ചു. ആ വലിയ മുറിയുടെ വലത് വശത്തും പ്രധാന കവാടത്തിന് അഭിമുഖമായും ഓരോ സോഫകൾ ഇടം പിടിച്ചിരുന്നു, ഇടത് വശത്ത് ഒരു ടി വി അഞ്ച് നിലവിളക്കുകൾ ഇൻവേർട്ടർ മുതലായവയാണ് ഉണ്ടായിരുന്നത്. ഞാൻ അതിലൊരു സോഫയിൽ ഇരുന്നപ്പോഴാണ് ടിവിയിൽ ഏതോ പഴയ സിനിമ പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞത്. അങ്ങനെ പതിയെ എൻ്റെ ദൃഷ്ടി അതിലേക്ക് തിരിഞ്ഞു. അതിനിടയിലാണ് ബാബുവേട്ടൻ്റെ ഭാര്യ ഒരു കപ്പിൽ ഫിൽട്ടർ കോഫി എനിക്ക് നൽകിയത്. ആ കാപ്പിയുടെ സ്വാദിൽ ഞാൻ അറിയാതെ ഗൾഫിലെ ശരവണ ഭവൻ ഹോട്ടലിലെ കാപ്പിയുടെ ഓർമ്മകളിലേക്ക് പറന്നു പോയി.

അൽപ്പസമയത്തിനകം ആ കാപ്പിയും കുടിച്ച് തീർത്ത് ഞാനും ബാബുവേട്ടനും സായാഹ്നസവാരിക്കായി ഇറങ്ങി. ചൂടും തണുപ്പും കലർന്ന പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് ഞങ്ങളെ ഒത്തിരി അസ്വസ്ഥരാക്കി.ആ യാത്രയിൽ വഴിയരികിൽ ഞങ്ങളേ കടന്നു പോയ ക്ഷേത്ര സമുച്ചയങ്ങൾ ഒത്തിരിയുണ്ടായിരുന്നു. കൽപ്പാത്തി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉപ ക്ഷേത്രങ്ങളായിരുന്നു അവയെന്ന് ബാബുവേട്ടൻ പറഞ്ഞറിഞ്ഞു. നടത്തം കഴിഞ്ഞ് മടങ്ങുന്ന വഴി അദ്ദേഹം രാവിലെ അഞ്ച് മണിക്ക് ടാക്സി വരുമെന്നും നേരത്തെ എഴുന്നേൽക്കണം എന്നും  എന്നെ  ഓർമ്മിപ്പിച്ചു. വഴിയരികിലെ ഒരു സൂപ്പർ മാർക്കറ്റിിൽ നിന്നും ഒരു ഐസ് ക്രീം വാങ്ങാൻ ഞാൻ മറന്നില്ല.

വീട്ടിൽ തിരിച്ചെത്തി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴാണ് ബാബുവേട്ടൻ നാളെ തിരിച്ചു വന്ന് ഉച്ചഭക്ഷണവും  കഴിച്ച് മടങ്ങിയാൽ മതി എന്ന് ഓർമ്മിപ്പിച്ചത്. ശേഷം മുറിയിൽ കയറി  എ സി യിൽ നിന്നും ശീതക്കാറ്റ് എന്നെ തൊട്ടു തലോടി കടന്നു പോയത്. വന്നിറങ്ങിയ മുതൽ എന്നെ അസ്വസ്ഥനാക്കിയ പാലക്കാടൻ ഉഷ്ണക്കാറ്റിൽ നിന്നും അല്ല സമയത്തേക്കുള്ള ഒരു മോചനം എന്ന് മനസ്സിൽ ആശ്വസിച്ച് നാലു മണിക്കേക്ക് അലാറവും വച്ച് കിടന്നു. സ്ഥലം മാറി കിടന്നതിനാലാണ് എന്ന് തോന്നുന്നു കുറേ നേരത്തേക്ക് ഉറക്കം എന്നോട് കൂട്ട് കൂടാതെ മാറി നിന്നു. പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ ഉറക്കം ഞാനുമായി കൂട്ടുകൂടിയത്.

കാലത്ത് നാലു മണിക്ക് അലാറം നിറുത്താതെ മുഴങ്ങാൻ തുടങ്ങി. ഞാൻ ഉറക്കമുണർന്ന് ബാബുവേട്ടനെ വിളിച്ചുണർത്തി. കഴിവതും വേഗത്തിൽ തന്നെ ഞങ്ങൾ യാത്രയ്ക്കായി തയ്യാറായി പ്രധാന മുറിയിൽ എത്തിച്ചേർന്നു. അപ്പോഴേക്കും ബാബുവേട്ടൻ്റെ ഭാര്യ ചൂട് ഫിൽട്ടർ കാപ്പിയുമായി അങ്ങോട്ട് കടന്നു വന്നു. കാപ്പി കുടി കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം വീടിന് പുറത്തേക്കിറങ്ങി ഗേറ്റ് ലക്ഷ്യമാക്കി നടന്നു.

പുറത്ത് ഇരുളിൻ്റെ കട്ടി മാറിയിട്ടില്ല തെരുവിളക്കുകളുടെ പ്രകാശത്തിലും അന്തരീക്ഷം നിശബ്ദമായിരുന്നു. ഗേറ്റിനരികിൽ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈർ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കാറിനരികിലെത്തി ബാബുവേട്ടൻ മുൻപിലെ സീറ്റിലും ഞാൻ പിൻപിലുമായി ഇരിപ്പുറപ്പിച്ചു. ഞങ്ങളുടെ കാർ കുലുങ്ങിക്കലുങ്ങി അതിൻ്റെ പ്രയാണം ആരംഭിച്ചു. കാറിൻ്റെ കണ്ണാടികൾ ഉയർത്തി എ സി യും പ്രവൃത്തിപ്പിച്ചിരുന്നു. തെരുവ് വിളക്കിൻ്റെ പ്രഭയിൽ കൽപ്പാത്തി അഗ്രഹാരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിച്ചു. അതിനിടയിൽ അപ്രതീക്ഷിതമായാണ് കാറ് ഒന്ന് കുലുങ്ങി നിന്നത്. ബാബുവേട്ടൻ  സഞ്ചിയിൽ നിന്നും ഒരു നാളികേരം കയ്യിലെടുത്ത് കാറിൽ നിന്നും പുറത്തിറങ്ങി പ്രാർത്ഥിച്ച ശേഷം അവിടെ സ്ഥാപിച്ച പേടകത്തിൽ എറിഞ്ഞുടച്ച്  കാറിലേക്ക് തിരിച്ചു കയറി.  പളനിയലേക്കുള്ള ഞങ്ങളുടെ തീർത്ഥയാത്ര ഇവിടെ നിന്നും ആരംഭിച്ചു. അൽപ്പസമയത്തിനകം കാർ കൽപാത്തിയും കടന്ന് പാലക്കാട് നഗരത്തിലേക്ക് പ്രവേശിച്ചു. ബാബുവേട്ടൻ പാലക്കാടൻ നഗരക്കാഴ്ചകളിലേക്ക് എൻ്റെ ശ്രദ്ധ ക്ഷണിച്ചു.

രാത്രിയിലും പാലക്കാട് നഗരം പുതുപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാൻ ഒത്തിരി ചന്തം തോന്നി. പ്രഭാതസവാരിക്ക് ഇറങ്ങിയ ആളുകളും ജോലിക്കായി യാത്രയാവുന്നവരും വാഹനങ്ങളും ചേർന്ന് നഗരത്തിരക്കിനുള്ള ഒരുക്കത്തിലാണ് എന്ന് തോന്നി. അതിനിടയിൽ ഡ്രൈവർ അഷ്റഫ് പറഞ്ഞാണ് ഞങ്ങളുടെ വാഹനം പാലക്കാട് - പുതുനഗരം -മീനാക്ഷീപുരം - പൊള്ളാച്ചി വഴിയാണ് പഴനിക്ക് പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായത് . നേരം കടന്നു പോയിക്കൊണ്ടിരുന്നു. ഇരുൾ പകലിന് വഴിമാറി. കേരളവും പിന്നിട്ട് തമിഴ് നാട്ടിലേക്ക് കടന്നപ്പോഴേക്കും വഴിയരികിലായി കല്യാണ ഘോഷയാത്രകളും അതിന്  നാദസ്വരമേളങ്ങളും കൊഴുപ്പേകി. തമിഴ്നാട്ടിലെ പ്രഭാത കിരണങ്ങൾക്ക് ചൂട് കൂടിയത് പോലെ എനിക്ക് തോന്നി. അപ്പോഴും എൻ്റെ കാഴചയക്ക് കുളിരേകിയത് നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നൂറ് കണക്കിന് കാറ്റാടി യന്ത്രങ്ങൾ തന്നെയാണ്. സിനിമയിലും പത്രങ്ങളിലും മാത്രം കണ്ടിരുന്നവ നേരിട്ട് കണ്ടതിനാലുള്ള ഒരു സുഖം. പക്ഷേ നഗരത്തിലെ ജനത്തിരക്കുകളും വിവാഹ ഘോഷയാത്രകളും വാഹനബാഹുല്യവും കണ്ടപ്പോൾ കൊറോണ പ്രോട്ടോക്കോൾ എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തന്നെ ഇവിടെ ഇല്ലേ എന്ന് തോന്നിപ്പോയി. സാധാരണ ജീവിതരീതികൾ ഈ മഹാമാരിയിലും ഇവിടുത്തുകാർ പാലിച്ചു പോരുന്നതായി തോന്നി.

ഇതിനിടയിൽ ഞങ്ങളുടെ കാർ പൊള്ളാച്ചി നഗര പ്രദേശങ്ങളും കടന്നു പോയത് അറിഞ്ഞില്ല. അപ്പോഴാണ് നമ്മൾ പഴനി നഗരത്തിലെത്താറായി എന്ന് എന്നെ ഓർമ്മിപ്പിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള  ന്യൂ തിരുപ്പൂർ ലോഡ്ജിന് മുമ്പിലെ പാർക്കിംങ്ങിൽ ഞങ്ങളുടെ കാർച്ചെന്ന് നിന്നു . ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ മുമ്പോട്ട് നടന്ന് നീങ്ങി. 

"ക്ഷേത്രപരിസരത്തുള്ള  പലരും പല കർമ്മങ്ങളും ചെയ്ത് തരാമെന്നും പറഞ്ഞ് അടുത്ത് കൂടുമെന്നും അതിലൊന്നും ചെന്ന് ചാടരുത് . പലതും പറഞ്ഞ് പണം തട്ടിലാണ് ഇവരുടെ രീതി. നേരത്തെ താൻ ഇത് ഒരു കുടുംബത്തോട് വിവരിച്ചിട്ടും അതൊന്നും അവർ ചെവിക്കൊള്ളാതെ കുറേ പണം കൊണ്ടുക്കളഞ്ഞു."

എന്നും ബാബുവേട്ടൻ ഓർമ്മിപ്പിക്കാൻ മറന്നില്ല.  കൊറോണക്കാലമായതിനാൽ ഇവിടെ ക്ഷേത്ര ദർശനത്തിന് ഭക്തരേ ആനകളേ ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടു പോകാറുള്ള ആനപ്പടി വഴിയാണ് കയറ്റിവിട്ടത്. പടവുകൾ കയറിത്തുടങ്ങിയപ്പോൾ ആദ്യമായി കുറച്ചു നേരം തളർന്നിരുന്നു പോയി.പിന്നീട് കുറച്ച് പടവുകൾ കയറിയപ്പോഴേക്കും മുമ്പിലായി തറനിരപ്പിൽ നിന്നും ഇത്തിരി താഴെയായി ഒരു ക്ഷേത്ര കവാടം കണ്ടു. അതിലൂടെ ഞങ്ങൾ താഴെയിറങ്ങി . അവിടെ സുബ്രഹ്മണ്യ ഭഗവാൻ്റെ സഹോദരനായ ഗണപതിയുടേയും വാഹനമായ മയിലി ( ഹുണ്ടി) ൻ്റെയും നാഗദേവതയുടെയും ഉപ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച് ആനപ്പടിയിലേക്ക് തിരിച്ച് കയറി.

തുടർന്നു മുമ്പോട്ട് നടന്ന് സന്നിധിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ 69 2 പടവുകൾ നടന്നു കയറി എന്നറിയുന്നത്. സന്നിധിയിൽ വിഞ്ചിലേക്കള്ള വഴിയും സൌജന്യ ദർശനത്തിനുള്ള കവാടങ്ങളും കടന്ന് ശ്രീകോവിലിന് അരികിലേക്കുള്ള 100 രൂപ വഴിയിലൂടെ മുന്നോട്ട് നടന്നപ്പോൾ ബാബുവേട്ടൻ്റെ സഹായത്താൽ ഭഗവാനേ അടുത്തു നിന്നും കാണാനായി. സ്വർണ്ണവർണ്ണമണിഞ്ഞ സുബ്രഹ്മണ്യ ഭവാൻ്റെ രൂപം മനസ്സിന് ആനന്ദംപകർന്നു. അതിനിടയിൽ ബാബുവേട്ടൻ ഞങ്ങളുടെ പേരിൽ ഓരോരോ പൂജകളും കഴിപ്പിച്ച് പ്രസാദം കയ്യിൽ വാങ്ങി. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി നേരെ പഞ്ചാമൃത് വിൽക്കുന്ന കൊണ്ടറിൽ ചെന്ന് അതും വാങ്ങി.

പടവുകൾ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ താഴെ ക്ഷേത്രനടയിൽ നിന്നും വിഭൂതി വാങ്ങണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഭൂതിയും പേരക്കയും വാങ്ങി കാറ് ലക്ഷ്യമാക്കി നടന്ന ഞങ്ങളുടെ മുമ്പിൽ അന്ന് വിവാഹം കഴിഞ്ഞ വധൂവരന്മാരും കാവടിയേന്തിയ സ്ത്രീകളും പുരുഷന്മാരും തല മുണ്ടനം ചെയ്ത് നടന്നു നീങ്ങിയത് എന്നിൽ കൊതുകമുണർത്തി. ഞങ്ങൾ അവിടെ നിന്നും നടന്ന് കാറിനരികിലെത്തി. കയ്യിലെ സഞ്ചികൾ കാറിൽ ഭദ്രമായി വച്ച ശേഷം ഡ്രൈവറേയും ഒപ്പം കൂട്ടി പ്രാതൽ കഴിക്കാനായി അടുത്തു കണ്ട ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിൽ ചെന്ന് കയറിയപ്പോൾ അവിടെ ഏതോ തമിഴ് വിവാഹം നടക്കുകയായിരുന്നു. ആൾത്തിരക്കിനുളളിലൂടെ നടന്ന് പ്രാതൽ കഴിച്ച് മടങ്ങുമ്പോൾ മനസ്സിനുള്ളിൽ തളം കെ ടി യ  ആനന്ദം ഞാൻ തിരിച്ചറിഞ്ഞു. കാറിൽ കയറി മടക്കയാത്ര തുടങ്ങിയപ്പോൾ ഉൾക്കണ്ണിൽ പതിഞ്ഞ  പല കാഴച്ചകളും മനസ്സിലെ ഓർമ്മച്ചെപ്പിൽ കാത്തുവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഏകദേശം 12 മണിയോടെ ഞങ്ങൾ പാലക്കാടുള്ള ബാബുവേട്ടൻ്റെ വീട്ടിൽ മടങ്ങിയെത്തി.

ടാക്സിയുടെ വാടക എന്നെക്കൊണ്ട് കൊടുക്കാൻ അനുവദിക്കാതെ വീട്ടിലേക്ക് കയറിയ ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഭാര്യ തണുത്ത സംഭാരം നൽകി സ്വീകരിച്ചു. പുറത്തെ പൊള്ളുന്ന ചൂടിൽ നിന്നും കയറി വന്ന ഞങ്ങൾക്ക് ശരിക്കും ഒരാശ്വസമായിരുന്നു അത്. ഉച്ചയൂണും കഴിഞ്ഞ് ഒന്നര മണിയോടെ ബാബുവേട്ടൻ വിളിച്ചു തന്ന ഓട്ടോറിക്ഷയിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴും എല്ലാമൊരു സ്വപനംപോലെ എനിക്ക് തോന്നി. അൽപ്പസമയത്തിനകം ഞാൻ കയറിയ ഓട്ടോറിക്ഷ റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിന്നു.

ഞാൻ ഓട്ടോറിക്ഷയിൽ നിന്നും ബാഗുകളുമായി പ്ലാറ്റ് ഫോറം ലക്ഷ്യമാക്കി നടന്നു. ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പിടി വർണ്ണചിത്രങ്ങൾ സമ്മാനിച്ച ആ യാത്ര ഈ മടക്ക യാത്രയോടെ അവസാനിക്കും. കുറച്ച് നാളുകൾ കഴിഞ്ഞ് അടുത്ത ഒരു യാത്രയേക്കുറിച്ച് ചിന്തിക്കണം . നന്ദി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...