2019 മാർച്ച് 16, ശനിയാഴ്‌ച

രണ്ടു മിനിറ്റ്


രണ്ടു മിനിറ്റ്
എം. പി. എസ്സ്. വീയ്യോത്ത്

ജൂലായി മാസത്തിലെ ആ തിങ്കളാഴ്ച്ച എങ്ങനെയാ എനിക്ക് മറക്കാന്‍ കഴിയുക. 

 ഈ മണല്നഗരത്തില്‍ കുടുംബവുമായി കഴിഞ്ഞുവരുന്ന എനിക്ക് മുമ്പില്‍ ചെലവും വരുമാനവും എന്ന രണ്ടുപേര്‍ യോജിച്ചു പോവാനാവാതെ മുഖാമുഖം നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍ എത്ര തവണ പതിഞ്ഞിരിക്കുന്നൂ.  അങ്ങനെ തള്ളിനീക്കിയ ഒരു വ്യാഴാഴ്ച്ചയാണ് എന്റെ മോള്‍ അര്‍ച്ചനയേ ക്ലാസ്സില്‍ നിന്നും ഫീസ്‌ കൊടുക്കാത്തതിനാല്‍ പുറത്ത് നിറുത്തിയത് . മോള്‍ എന്നോട് ചോദിക്കാനുള്ള മടികാരണമോ എന്റെ അവസ്ഥ അറിയുന്നതിനാലും  ഈ വിഷയം എന്നോട് പോലും പറഞ്ഞില്ല. അങ്ങനെ വെള്ളിയാഴ്ച്ച വീട്ടിലേക്ക് അവളെ കാണാന്‍ വന്ന  കൂട്ടുകാരി പറഞ്ഞാണ് ഈ വിവരം ഞാന്‍ അറിയുന്നത് തന്നെ. പാവം മോള്‍ പുറത്തെങ്ങും പോവാതെ മുറിയില്‍ തന്നെ അടച്ചിരുന്ന് അവളുടെ കൂട്ടുകാരിയുടെ നോട്ടില്‍ നോക്കി പകര്‍ത്തി യെഴുതിയിരുന്നത് പോലും വളരെ താമസിച്ചാണ് ഞാന്‍ അറിയുന്നത് തന്നെ.  അങ്ങനെ 

അടുത്തദിവസം അവളറിയാതെ ഓഫീസിലെ എന്റെ സഹപ്രവര്‍ത്തകനായ മോഹനില്‍ നിന്നും കടം വാങ്ങിയ പണവുമായി സ്കൂളിലേക്ക് ചെന്ന് കയറി ഫീസ്‌ അടച്ചു ഇറങ്ങാന്‍ നേരത്ത് ആരോ പറഞ്ഞാണ് ഞാന്‍ സ്കൂളില്‍ വന്നത് അവള്‍ അറിഞ്ഞത് . അവള്‍ എന്റെ അരികിലേക്ക് ഓടിവന്നപ്പോള്‍ പാവം കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചു . അത് കണ്ട് എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു എങ്കിലും അവള്‍ കാണാതെ പുഞ്ചിരിയാല്‍ അത് മറച്ചുപിടിച്ച് അവിടെ നിന്നും യാത്രചോദിച്ച്‌ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സ് നീറിനീറി പുകഞ്ഞത് ഞാന്‍ ശരിക്കും അറിഞ്ഞു . അകത്തെ വേദനയുടെ ചൂടില്‍ പുറത്തെ വേനല്‍ചൂടിന് എന്നെ ചുട്ടു പൊള്ളിക്കാന്‍ ആയില്ല. അങ്ങനെ ആ വെയിലില്‍ ഓഫീസിലേക്ക് പോവാതെ വീട്ടിലേക്കു നടന്നുനീങ്ങിയ ഞാന്‍ വല്ലാതെ ക്ഷീണിച്ചത് ഇന്നും ഓര്‍ക്കുന്നൂ . ശരീരത്തില്‍ നിന്നും പരന്നൊഴുകിയ വിയര്‍പ്പുകണങ്ങളില്‍  എന്റെ വസ്ത്രങ്ങള്‍  നനഞ്ഞു കുതിര്‍ത്ത് മനസ്സ് അസ്വസ്ഥമാക്കി. അങ്ങനെ പെട്ടെന്ന് വീട്ടിലേക്കു എത്തിചെരാനായി കെട്ടിടങ്ങളുടെ തണലിലൂടെ നടന്നു നീങ്ങിയപ്പോള്‍ നടത്തത്തിന്റെ വേഗം കൂടിയത് പോലും ഞാന്‍ അറിഞ്ഞതേയില്ല . 

അല്പസമയത്തിനുള്ളില്‍ ഞാന്‍ താമസിചുവരുന്ന കെട്ടിടം ദൂരെയായി ദൃഷ്ടിയില്‍ വ്യക്തമായി പതിഞ്ഞു. പിന്നെ വേഗത്തില്‍ നടന്ന് ആ കെട്ടിടത്തിലേക്ക് കയറാനുള്ള പടവുകളിലൂടെ കടന്ന് കവാടത്തിലെ ചില്ല് വാതില്‍ എന്റെ മുന്നില്‍ ഇരുവശങ്ങളിലേക്കുമായി നീങ്ങി വഴിയൊരുക്കി . ആ വഴിയിലൂടെ ഞാന്‍ അകത്തേക്ക് നടന്ന് കയറിയപ്പോള്‍ അവിടെ സജ്ജീകരിച്ച ശീതീകരണിയില്‍ നിന്നും പുറത്ത് വന്ന ശീതക്കാറ്റ് ആ ചൂടിലും എന്നെ ആലിംഗനം ചെയ്തു നിന്നപ്പോള്‍ എനിക്ക് വല്ലാത്തൊരു സുഖം തോന്നി, അങ്ങനെ അവിടെനിന്നും ലിഫ്റ്റില്‍ കയറി മേല്പ്പോട്ട് യാത്രതിരിച്ചപ്പോൾ വല്ലാത്തൊരു തളര്‍ച്ച എന്നെ വലച്ചത് ഇന്നും ഓര്‍ക്കുന്നൂ . 

അങ്ങനെ ലിഫ്റ്റില്‍ നിന്നും എന്റെ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന നിലയില്‍ ഇറങ്ങി വാതില്‍ ലക്ഷ്യമാക്കി 
നടന്നുനീങ്ങിയപ്പോഴേക്കും  കണ്ണുകളിലെ കാഴ്ചമങ്ങുന്നത് ഞാന്‍ അറിഞ്ഞു .അത്രത്തോളം  അവശനായ ഞാന്‍  കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ എന്റെ അടഞ്ഞുവന്ന കണ്ണുകള്‍ തുറക്കാനായി തല വശങ്ങളില്‍ ചലിപ്പിച്ച് നിന്നപ്പോള്‍ അകത്ത് നിന്നും വാതില്‍ തുറക്കുന്ന ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു. വാതില്‍ തുറന്നത് എന്റെ മൂത്ത പുത്രന്‍ ആയിരുന്നൂ . അവന്‍ വാതില്‍ മലര്‍ക്കെ തുറന്ന്‍ തിരിച്ചു നടന്നപ്പോള്‍ എന്‍റെ മുഖത്ത്   അസ്വാഭാവികമായി ഒന്നും  അവന്‍   കണ്ടില്ല. വീട്ടിനകത്തെക്ക് പ്രവേശിച്ചപ്പോള്‍ എന്റെ സഹധര്‍മ്മിണി ഏതോ സീരിയലില്‍ ലയിച്ചിരിക്കുകയായിരുന്നൂ എന്ന് അവളുടെ  ഇരിപ്പില്‍ നിന്നും  മനസ്സിലായി. മകനാണെങ്കില്‍ മുറിയുടെ മൂലയ്ക്കുള്ള കസേരയില്‍ അവന്റെ കയ്യിലെ   മൊബൈലില്‍ എന്തോ തോണ്ടിക്കൊണ്ട്‌ ഇരിക്കുകായിരുന്നൂ. ഞാന്‍ ക്ഷീണം കാരണം ആ മുറിയിലെ സോഫയില്‍ ചാരിയിരുന്ന് കുറച്ചു നേരം കൊണ്ട് മയക്കത്തിലേക്ക്   വഴിമാറി. പെട്ടെന്നെന്തോ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്റെ വരണ്ട നാവുകള്‍ നനക്കാനായി മേശപ്പുറത്തെ സ്റ്റീല്‍ ജെഗ്ഗ് എടുത്ത് ദാഹജലത്തിനായി വായിലേക്ക് കമഴ്ത്തി . പക്ഷെ അതിനുള്ളം കാലിയായിരുന്നൂ. അങ്ങനെ ഞാന്‍ എന്നാല്‍ ആവുന്ന വിധം എന്റെ നല്ല പാതിയെ നോക്കി വെള്ളം വെള്ളം എന്ന് മന്ത്രിച്ചപ്പോള്‍ അവള്‍ എന്നെ നോക്കി രണ്ടു മിനുറ്റ് എന്ന് പറഞ്ഞു തന്റെ പ്രവൃത്തി തുടര്‍ന്നു.അതൊന്നും അറിയാതെ എന്റെ മകന്‍ ഏതോ മൊബൈല്‍ ഗൈമിന്റെ ലോകത്ത് വിഹരിക്കുക ആയിരുന്നൂ.  നിമിഷങ്ങള്‍ കടന്ന് പോവുന്നതിന് അനുസരിച്ച് എന്റെ നില വഷളായിക്കൊണ്ടിരുന്നൂ . 

ഒടുക്കം കൈകൊണ്ട് സോഫയില്‍ താങ്ങി എഴുന്നേറ്റ് ഞാന്‍ അടുക്കളയിലേക്കു നടന്നു. അവിടെ ബക്കറ്റില്‍ മൂടിവച്ച വെള്ളത്തില്‍ നിന്നും സ്റ്റീല്‍ ഗ്ലാസില്‍ വെള്ളമെടുത്ത് ചുണ്ടോട് ചേർത്തു വച്ചപ്പോഴെക്കും  ഞാനും ഗ്ലാസും കൂടി തറയിലേക്കു വലിയ ശബ്ദത്തോടെ പതിച്ചു. ആ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ആദ്യം ഓടിവന്നത് എന്റെ ഭാര്യതന്നെ ആയിരുന്നൂ. അവള്‍ ബോധംകെട്ട് കിടന്ന എന്നെ കണ്ട് വലിയ ശബ്ദത്തില്‍ അലറി വിളിച്ചു കരഞ്ഞു . കാതില്‍ ഇയര്‍ ഫോണ്‍ ഘടിപ്പിച്ചിരുന്ന എന്റെ മോന്‍  ഇത്തിരി സമയം കഴിഞ്ഞാണ് ആ കരച്ചില്‍ കേട്ടത്  തന്നെ.  അങ്ങോട്ടേക്ക്  ഓടിവന്ന് അവൻ കണ്ട ആ കാഴ്‌ച കുറച്ചു നേരത്തേക്ക് സ്തബ്ദനാക്കി . പിന്നീട്  ഭാര്യയും മകനും കൂടി എന്നെ തങ്ങി പിടിച്ച് പൊക്കി സോഫയില്‍ കൊണ്ട് കിടത്താന്‍ ഒരു ശ്രമം നടത്തി . പക്ഷെ ഭാര്യയുടെ അമിതവണ്ണം അവരുടെ  ആ ശ്രമം വിഫലമാക്കി . ഒടുക്കം ഫോണില്‍ മകന്‍ വാച്ച്മാനെയെ വിളിച്ചുവരുത്തിയശേഷം ഇരുവരും ചേർന്ന് എന്നെ താങ്ങി പ്പി ടിച്ച് സോഫയില്‍ കിടത്തി. അപ്പോഴേക്കും വാച്ച്മാന് മൊബൈലിൽ  വിളിച്ചു ആംബുലന്‍സ് വരുത്തി അതിൽ കിടത്തി അവർ എന്നെ ആശുപത്രിയില്‍ എത്തിച്ചു . ആ സമയത്തും ഞാൻ അബോധാവസ്ഥയിൽ ആയിരുന്നൂ എന്നത് പിന്നീട് അവർ പറഞ്ഞാണ് അറി ഞ്ഞത്.  

എപ്പോഴോ  ആശുപത്രി കിടക്കയില്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്ന് കണ്ണുകള്‍ തുറന്നു കിടന്ന എന്റെ അരികില്‍ തലകുനിച്ചു നിന്ന ഭാര്യയുടെയും മകന്റെയും കണ്ണുകള്‍ കുറ്റബോധത്താല്‍ ഈറനണിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു  . സഹധര്‍മ്മിണിയുടെ കണ്ണുകളില്‍  ഘനീഭവിച്ച് നിന്ന മേഘങ്ങള്‍  പെട്ടെന്നാണ് പെയ്തിറങ്ങാന്‍ തുടങ്ങിയത്  . ആ കണ്ണുനീരിനിടയിലൂടെ പുറത്ത് വന്ന ചേട്ടാ ....മാപ്പ്.... എന്ന വാക്കുകളില്‍  ആ രണ്ട് മിനിട്ടിന്റെ മൂല്യം അവള്‍ അറിഞ്ഞതിന്റെ വേദന അടങ്ങിയിരുന്നൂ . ഇതൊന്നുമറിയാതെ മാറിനിന്ന എന്റെ മോളെ ഞാന്‍ കൈയ്യുയര്‍ത്തി മാടി അരികിലേക്ക് വിളിച്ചപ്പോള്‍ അവള്‍ ഓടിവന്ന്‍ എന്റെ കൈപിടിച്ച് കണ്ണീര്‍ വാര്‍ത്തപ്പോള്‍ അവളെ ആശ്വസിപ്പിക്കാനാവാതെ കണ്ണുകള്‍ നിറഞ്ഞു കാഴ്ച്ച മങ്ങിയത് ഞാന്‍ അറിഞ്ഞു . 

നമ്മളില്‍ ആര്‍ക്കെങ്കിലും  എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോഴെ പരസ്പരമുള്ള സ്നേഹത്തിന്റെ  ആഴവും വ്യാപ്തിയും വ്യക്തമാവുള്ളൂ ശരിയല്ലേ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...