നികൃഷ്ടം
എം. പി. എസ്. വീയ്യോത്ത്
അന്നൊരു തിങ്കളാഴ്ചയായിരുന്നു പതിവിലും വൈകിയാണ് ഞാൻ വീട്ടിലേക്കു തിരിച്ചത് . എന്റെ പ്രിയ സുഹൃത്ത് മനാഫിന്റെ അകാലമൃത്യു മനസ്സിനെ വല്ലാതെ ഉലച്ചിരുന്നതിനാൽ ഹൃദയം വിങ്ങാനായി വെമ്പിനിൽപ്പായിരുന്നൂ .
പതിവ് പാതയിലെ പല കാഴ്ചകളും എന്റെ ഉള്ളിലേക്ക് എത്തിനോക്കിയത് പോലും ഇല്ല . ഏതോ അദൃശ്യ ശക്തിയാണ് എന്നെ മുന്നോട്ട് നയിച്ചത് പോലും . വീട്ടിലേക്കുള്ള പടവുകൾ നടന്നു കയറുമ്പോൾ പശ്ചാത്തല സംഗീതം പൊഴിച്ചുകൊണ്ട് തവളകളും ചീവീടുകളും നിന്നപ്പോൾ പിന്നണിയിൽ എങ്ങുനിന്നോ കുറുക്കന്മാരുടെ സംഗീതനിശയ്ക്കൊപ്പം ചില തെരുവ് പട്ടികളും ഒപ്പം നിൽപ്പുണ്ടായിരുന്നൂ.
വീടിന്റെ കോളിംഗ് ബില്ലിൽ എന്റെ വിരലുകൾ പതിയെ അമർന്നു. അല്പസമയത്തിനകം വീട്ടിനുള്ളിൽ വെളിച്ചം പരന്നു . വാതിൽ തുറന്നുകൊണ്ടു അമ്മ വെളിയിൽ ഇറങ്ങിക്കൊണ്ടു
" എന്തേ ഇത്രയും വൈകിയേ ? മോൻ എന്തെങ്കിലും കഴിച്ചോ "
എന്ന് ചോദിച്ചപ്പോഴേക്കും അമ്മയെയും കടന്ന് ഞാൻ വീട്ടിനുള്ളിലേക്ക് കടക്കാൻ തുടങ്ങിയിരുന്നൂ . എന്റെ മുഖത്തെ പരന്നു കിടന്ന ശോകഭാവം അപ്പോഴാണ് 'അമ്മ ശ്രദ്ധിച്ചത് . അങ്ങനെ പതിഞ്ഞ ശബ്ദത്തിൽ എന്നെ ചേർത്ത് പിടിച്ചു് കാര്യം ആരാഞ്ഞപ്പോൾ അതുവരെ മനസ്സിൽ വിങ്ങിനിന്ന മേഘങ്ങൾ കണ്ണീരായി പെയ്തൊഴിയാൻ തുടങ്ങി . അതിനിടയിൽ വിറയാർന്ന ശബ്ദത്തിൽ
"അമ്മേ നമ്മുടെ മനാഫ് എക്സിഡന്റിൽ കൊല്ലപ്പെട്ടു . നമ്മുടെ നാട്ടുകാരാണ് അതിനു കാരണക്കാർ അവർ നോക്കി നിന്നും പടം പിടിച്ചും നിന്ന സമയത്ത് അവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നൂ . അവന്റെ ചേതനയറ്റ ദേഹം ആശുപത്രിയിലെ മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുകയാണ് . നാളെ അവന്റെ ബാപ്പ ഗൾഫിൽ നിന്നും വന്നേ മറ്റു ചടങ്ങുകൾ ഉണ്ടാവൂ . "
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ഞാൻ തളർന്നുപോയിരുന്നൂ . കുഞ്ഞുന്നാളിൽ തുടങ്ങിയ ഞങ്ങളുടെ ചങ്ങാത്തം ദൈവത്തിന് പോലും അസ്സൂയയുണ്ടാക്കിക്കാണും എന്ന് ചിന്തിച്ചു കട്ടിലിനരികിലേക്കു നടന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചു അമ്മയും കൂട്ടിനുണ്ടായിരുന്നൂ . ഞാൻ ഉറങ്ങുന്നതും നോക്കി അവർ നിന്നപ്പോൾ ശരിക്കും ഉള്ളിൽ തേങ്ങുകയായിരുന്നൂ .
പതിയെ നിദ്രയിലേക്ക് കടന്ന ഞാൻ കണ്ട ആ സ്വപ്നത്തിൽ തെളിഞ്ഞുവന്ന ദൃശ്യത്തിൽ ചോരകിനിയുന്ന മുഖവുമായി റോഡിൽ കിടന്ന് ജീവന് വേണ്ടി പിടഞ്ഞ രൂപത്തിന് മനാഫുമായി സാമ്യതയുണ്ടായിരുന്നോ?
ആശുപത്രിയിൽ എത്തിക്കേണ്ട സമയത്ത് മൊബൈലിൽ ദൃശ്യം പകർത്തി നോക്കി നിന്ന നാട്ടുകാരോട് എന്തോ എനിക്ക് വല്ലാത്ത അറപ്പാണ് തോന്നിയത് . അവർ അറിഞ്ഞൊന്നു സഹായിച്ചാൽ തിരിച്ചു പിടിക്കാവുന്ന ജീവൻ ആ നിർവികാരത ഇല്ലാതാക്കിയപ്പോൾ അവന്റെ മരണത്തിൽ അവർക്കും പങ്കില്ലേ എന്നുവരെ അറിയാതെ ചിന്തിച്ചു പോയി .
വിദ്യാഭ്യാസമുള്ള ഒരു ജനതയ്ക്ക് എങ്ങനെയാണ് ഇത്തരത്തിൽ പ്രതികരിക്കാനാവുന്നത് എന്നോർത്ത് മനസ്സ് വല്ലാതെ നൊന്തുപോയിരിക്കുന്നൂ . എല്ലാവരും സ്വാർത്ഥരായി ഇന്ന് സ്വാർത്ഥരായി ശരിക്കും മാറിയിരിക്കുന്നൂ. ഇതാണ് എന്റെ നാട്ടിലെ ഇന്നത്തെ അവസ്ഥ കഷ്ടം എന്നല്ലാതെ എന്താ പറയുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ