2023 മാർച്ച് 27, തിങ്കളാഴ്‌ച

തുളസ്സി

തുളസ്സി 

എം.പി.എസ്സ്.വീയ്യോത്ത്

അന്ന് കാലത്ത്  വീട്ടിൽ നിന്നും കവലയിലേക്കുള്ള യാത്രയിൽ ഞാൻ  വയലിലെ കാഴ്ചകളിലൂടെ  വെറുതെ ഒന്ന് കണ്ണോടിച്ചു . പതിവിലും എന്റെ ഗ്രാമം ചന്തമേറിയത് പോലെ എനിക്ക് തോന്നി . അല്പസമയത്തിനകം തന്നെ  കവലയിലെ  ബസ് സ്റ്റോപ്പിനരികിൽ ഞാൻ എത്തിചേർന്നു . സമീപത്തെ  ആൽത്തറയിൽ ചെന്നിരുന്ന ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു . കുറെ നാളായി ഇതെന്റെ ഒരു പതിവ് രീതിയായതിനാൽ തന്നെ വഴിപോക്കരിൽ പലരും  പരിചയക്കാരായിരുന്നൂ .

അപ്പോഴാണ്  ആ വഴി കടന്നുപോയ മന്ദമാരുതൻ എന്നെ തൊട്ടു തലോടി എങ്ങോട്ടോ  കടന്നുപോയത്  . അതിനിടയിൽ   ഒരു  ബസ്സ് എന്റെ മുന്നിലെ  സ്റ്റോപ്പിൽ ഞരങ്ങിക്കൊണ്ട്  വന്നു നിന്നു . എന്റെ മുന്നിൽ ബസ്സിന്റ മുൻ വശത്തെ വാതിൽ മലർക്കെ തുറന്നു . അതിലൂടെ  ഒരു സ്ത്രീ രൂപം പതിയെ  വെളിയിലേക്ക് ഇറങ്ങി . അവർക്ക്  ഉദ്ദേശം മുപ്പത്തഞ്ച് നാൽപത് വയസ്സ് തോന്നിക്കുമെങ്കിലും ആ   സൗന്ദര്യം എനിക്ക്  ഒത്തിരി ഇഷ്ടായി  . ആ  ശരീരത്തിൽ നിന്നുമുയർന്ന  പെർഫ്യൂമിൻ്റെ സുഗന്ധം എന്റെ നാസാരന്ദ്രങ്ങളിലേക്ക് തുളച്ചു  കയറി. ആ മണം എന്നെ വല്ലാതെ ആകർഷിച്ചു എന്നതാണ് ശരി.

 ചൂഴ്ന്നുള്ള  എന്റെ നോട്ടം കണ്ടാണ്  എന്ന് തോന്നുന്നൂ  അവർ എന്നെ കടന്നുപോവുന്നതിനിടയിൽ തലതിരിച്ച്  ഒന്ന് പു ഞ്ചിരി സമ്മാനിച്ചുകൊണ്ട് 

"ചാത്തുവേട്ടന്റെ മോൻ  രഘുവല്ലേ   ?" 

എന്ന് ചോദിച്ചപ്പോൾ ഞാൻ ശരിക്കും സ്തബ്ധനായി . മറുപടിയായി ഒന്നും  പറയാനാവാതെ  ഞാൻ വല്ലാതെ കുഴങ്ങി .  അപ്പോഴേക്കും അവർ എന്നിൽ നിന്നും ഒത്തിരി കാതം പിന്നിട്ടുകഴിഞ്ഞിരുന്നൂ .  അപ്പോഴേക്കും മനസ്സിൽ  ഞാൻ പോലുമറിയാതെ ഒരായിരം ചോദ്യശരങ്ങൾ ഉയർന്നു വരാൻ തുടങ്ങി അവർ  ആരാണ് ? എന്നെ എങ്ങനെ അവർക്ക്  അറിയാം ? ഇങ്ങനെ   ഒത്തിരി ഒത്തിരി.  ആ  ചോദ്യങ്ങളാൽ മനസ്സ് വല്ലാതെ  അസ്വസ്ഥമായത് ഞാനറിഞ്ഞു .  അതിനിടയിൽ  ആൽത്തറയിൽ  നിന്നും ഞാൻ മെല്ലെ താഴെ ഇറങ്ങി  അടുത്തുകണ്ട ഭാസ്കരേട്ടൻ്റെ  ചായക്കടയിലേക്ക്  കയറി. 

ഓല മേഞ്ഞ ഒരു ചായ്പ്പിലായിരുന്നൂ  ആ ചായക്കട . ഒരു വശത്തു ചില്ലുകൂട്ടിൽ അടുക്കി വച്ചിരിക്കുന്ന വൈവിധ്യമേറിയ പലഹാരങ്ങൾ മറുവശത്ത് വലിയ സമാവറിൽ ചായയടിക്കുന്ന ഭാസ്കരേട്ടൻ ഒരു വശത്ത് തൂങ്ങിക്കിടക്കുന്ന വാഴക്കുല ചുമരിൽ തൂങ്ങിക്കിടക്കുന്ന ഒരു കലണ്ടർ ഇത്രയുമാവുമ്പോൾ ആ കടയുടെ ഏകദേശ രൂപം  പൂർത്തിയാവും . 
എൻ്റെ മുഖത്തു കണ്ട അസ്വസ്ഥത കണ്ടാണ് എന്ന് തോന്നുന്നൂ അദ്ദേഹം ഒരു കടുപ്പം കൂട്ടിയ ഒരു ചായ എന്റെ മുന്നിൽ കൊണ്ട് വച്ചു . പിന്നെ നേരെ സമാവറിന്റെ അരികിലേക്ക് ചെന്ന് ജോലി തുടർന്നുകൊണ്ട് എന്നെ   നോക്കി 
 
"ഓള് എന്താ ഇന്നോട്  ചോയിച്ചേ? " 

എന്ന് ചോദിച്ചപ്പോൾ  ഞാൻ സ്ഥലകാല ബോധം വീണ്ടുടുത്തുകൊണ്ടു 

"ഒന്നൂല്ല ,  ഓര്ക്ക് അച്ഛനേ  അറിയുന്നാ പറഞ്ഞെ  " 

എന്ന് മറുപടിയായി പറഞ്ഞപ്പോൾ ഭാസ്കരേട്ടൻ്റെ മുഖത്ത് വിരിഞ്ഞ ഭാവത്തിലും  തലയാട്ടലിലും   അടങ്ങിയിരുന്ന നിഗൂഢത ഞാൻ തിരിച്ചറിയുന്നൂ .  പക്ഷേ എത്ര ആലോചിച്ചിട്ടും ആ ചിരിയ്ക്ക് പിന്നിലെ അർത്ഥതലങ്ങൾ എനിക്ക് വ്യക്തമായില്ല .   തുടർന്ന്  ഞാൻ  എന്തോ ചിന്തിച്ചുകൊണ്ട്  ആ ചൂടുള്ള  ചായ ഊതി ഊതി അകത്താക്കാനുള്ള ശ്രമത്തിലായിരുന്നൂ .  അപ്പോഴും എന്റെ  കണ്ണുകൾ  മനസ്സിന്റെ കടിഞ്ഞാണിൽ വഴിയിലെ കാഴ്ചകളിൽ ആ സ്ത്രീരൂപത്തെ  തിരയുകയായിരുന്നൂ   .

പതിവിലും നേരത്തെയാണ് അന്ന്   ഞാൻ വീട്ടിലേക്ക് മടങ്ങിയത് .  അപ്പോഴും എന്റെ മനസ്സ് അതിന്റെ  പ്രവർത്തി അനുസ്യൂതം തുടർന്നുകൊണ്ടേ ഇരുന്നൂ.   പാടത്തിലൂടെ നടക്കുമ്പോൾ എന്റെ കൈകൾ കുലച്ചുനിന്ന നെൽക്കതിരിൽ തലോടാൻ മറന്നില്ല . പാടവരമ്പിൽ നിന്നും  വീട്ടിലേക്കുള്ള പടവുകൾ കടന്ന്  വീട്ടിലേക്ക് എത്തിയത്  ഏതോ അതീന്ദ്രിയ ശക്തിയാലാണോ എന്ന് വരെ  എനിക്ക് തോന്നി .വരാന്തയിലെ കസേരയിൽ അമർന്നിരുന്ന്  പത്രത്താളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന അനിയത്തി എന്നെ നോക്കി പറഞ്ഞത് പലതും  വ്യക്തമായില്ല . അപ്പോഴും ഞാൻ ഏതോ  മാസ്മമര ലോകത്തായിരുന്നു .

വൈകീട്ട് കവലയിലേക്കുള്ള യാത്രയിൽ  എന്തോ  കാലുകൾക്ക് വേഗത കൂടി വരുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനിടയിൽ  തോളിൽ പിച്ചി കടന്നു പോയ മുറപ്പെണ്ണ് തുളസ്സിയേ തിരിഞ്ഞു നോക്കാതെ   മുന്നോട്ട് നടന്ന ഞാൻ  ഇടവഴിയിൽ നിന്നും കടന്നു വന്ന രൂപത്തെ കണ്ട്  ആശ്ചര്യപ്പെട്ടു . അവർ എൻ്റെ അരികിലൂടെ കടന്നുപോയിക്കൊണ്ട്

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ടായികേട്ടോ .  ചേച്ചീ ഒരിക്കൽ നിനക്ക് ഒരു സമ്മാനം തരുന്നുണ്ട്  "

 ചിരിച്ചുകൊണ്ട്  പറഞ്ഞതും  . ദൂരെ നിന്നും എല്ലാം കണ്ടു കൊണ്ട് നിന്നിരുന്ന തുളസി ഓടി എൻ്റെ അരികിലേക്ക്  വന്ന്  

" എന്താ അവര് ഏട്ടനോട് പറഞ്ഞത് ?  " 

എന്ന് ചോദിച്ചപ്പോൾ,   അവളോട് ഞാൻ അറിയാതെ സത്യം മുഴുവൻ തുറന്നു പറഞ്ഞുതും  . അതിന് അവൾ എന്നെ നോക്കി കുറേ ശകാരിച്ചുകൊണ്ട്  . 

"ആ സ്ത്രീ ചീത്തയാ. ആ  മേനോൻ്റെ വീട്ടിൽ അവർ കയറിപ്പോവുന്നത് ഞാൻ എത്രയോ തവണ  കണ്ടിരിക്കുന്നൂ . എൻ്റെ രഘു വേട്ടനെ ചീത്തയാക്കാൻ  അവൾ ഇങ്ങോട്ട് വരട്ടെ തുളസിയുടെ തനിനിറം അന്ന് അവർക്ക്  ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്. "

എന്ന്  പറഞ്ഞുകൊണ്ട് കലിതുള്ളി നിന്ന അവളെ ശാന്തയാ ക്കാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. അങ്ങാടിയിലേക്കുള്ള  യാത്ര  മതിയാക്കി അവളോടൊപ്പം വീട്ടിലേക്ക് തിരിച്ചു നടന്നപ്പോൾ  എന്റെ മനസ്സ്  അസ്വസ്ഥമായിരുന്നു  . 

അവൾ എന്നെയും കൊണ്ട് വഴിയരികിലെ നേരെ അമ്പലനടയിലേക്കാണ് പോയത്  . അവിടെയുള്ള കൽമണ്ഡപത്തിൽ  ഇനി ഒരിക്കലും ഇത്തരം തെറ്റുകൾ  ആവർത്തിക്കില്ല എന്ന് സത്യം ചെയ്യിപ്പിച്ചശേഷമേ അവൾ എന്നെ വിട്ടുള്ളൂ .

 അതിനു ശേഷം ആ മുഖത്ത് വിടർന്ന  പുഞ്ചിരിയിൽ അവളുടെ നുണക്കുഴികൾ ഞാൻ വ്യക്തമായി കണ്ടു . അവളെത്ര സുന്ദരിയാണ് എന്ന് അറിയാതെ മനസ്സ്  മന്ത്രിച്ചപ്പോൾ  നാണത്താൽ ചുവന്ന് തുടുത്ത അവളെ എന്നിലേക്ക് ചേർക്കാൻ എന്റെ കയ്യുകൾ  യാന്ത്രികമായി നീണ്ടുപോയി ,  അവൾ ആ   കൈകൾ  തട്ടിമാറ്റി   കുലുങ്ങിചിരിച്ചപ്പോൾ   മാറിലെ ഇളക്കം ഞാൻ  നേരിൽ കണ്ടു ആസ്വദിക്കുകയായിരുന്നൂ  . 

ഈ സംഭവം നടന്നിട്ട് കാലങ്ങളായെങ്കിലും ചിലപ്പോഴൊക്കെ ആ പഴയ ഓർമ്മകൾ എന്നെ  ഇക്കിളിപ്പെടുത്തിക്കൊണ്ട്  കടന്നുപോകും .  

ശരിയാ ഇപ്പോഴാ ഓർത്തത് എന്നെ  ഇത് വരെ   പരിചയപ്പെടുത്തിയില്ലല്ലോ  എന്ന്  . എന്റെ പേര് രഘുനാഥ് കണ്ണപ്പൊയിൽ  എന്നാണ് . ഇപ്പോൾ  സൗദിഅറേബ്യയിലെ  ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ് എഞ്ചിനീയർ ആയി ജോലിചെയ്യുന്നു . 

അന്ന് എന്റെ പ്രായം ഇരുപത്തിരണ്ട് തുളസിയുടെ പ്രായം പതിനെട്ട് . എഞ്ചിനീയറിംഗ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ തന്നെ കാമ്പസ്സ് പ്ലെയ്‌സ്‌മെന്റ് വഴി എനിക്കും ഒരു ചെന്നൈ ബെയ്‌സ് ആയ കമ്പനിയിൽ ജോലികിട്ടിയിരുന്നൂ  . പക്ഷെ അച്ഛന്റെ അസുഖവും തുടർന്നുള്ള വീട്ടിലെ അവസ്ഥയും കണക്കിലെടുത്ത് ആ ജോലി ഞാൻ ഉപേക്ഷിച്ചു . പിന്നീടുള്ള കാര്യങ്ങൾ അച്ഛന്റെ ആഗ്രഹപ്രകാരം തുടങ്ങിയ വയലിലെ പച്ചക്കറി കൃഷിയുമായി മുന്നോട്ടു പോയി . തുടക്കത്തിൽ ഞാൻ ശരിക്കും ഒത്തിരി കഷ്ടപ്പെട്ടു എങ്കിലും അപ്പോഴൊക്കെ എനിക്ക് കൂട്ടായി അമ്മയും തുളസ്സിയും കൂട്ടിനുണ്ടായിരുന്നൂ . തുളസ്സിയെക്കുറിച്ചും എന്നെക്കുറിച്ചുമുള്ള കാര്യങ്ങൾ പറയുന്നതിനും മുമ്പ് ഞങ്ങളുടെ കുട്ടിക്കാലത്തെ ക്കുറിച്ചു കൂടി  നിങ്ങളോട് പറയണം     . 
***************************************************************************************
താപ്പോക്കര  എന്നാണ്  ഞങ്ങളുടെ ആ കൊച്ചുഗ്രാമത്തിന്റെ പേര്  .

 വയലേലകളും മാമലകളും താഴ്‌വാരങ്ങളും അരുവികളും എല്ലാം ചേരുന്ന  ഗ്രാമത്തിന്റെ ദൃശ്യ ചാരുത അതൊന്നു വേറെതന്നെയായിരുന്നൂ .

ഇരുവശവും കൊയ്യാൻ സമയമായെന്നറിയിച്ചുകൊണ്ടു നമ്മെ നോക്കി തെന്നിലിൽ തലയാട്ടി  വിരാചിക്കുന്ന നെൽക്കതിരുകളും , കാറ്റിന്റെ താളാനുസൃതമായി ആടിയാടി നിൽക്കുന്ന തെങ്ങും കവുങ്ങും , പിന്നെ മാവും പ്ലാവും തുടങ്ങി വൃക്ഷ ലതാദികളുടെ ഒരു സംഗമ ഭൂമി തന്നെയായിരുന്നൂ അന്ന് ആ ദേശം . ഇത് പറയുമ്പോൾ നിങ്ങൾ ചോദിക്കും എന്താ ഇന്നങ്ങനെ അല്ലെ എന്ന് . ആധുനികത ആ ഹരിതഭൂമിയിലെ  മിക്കവാറും പ്രദേശങ്ങളും മണ്ണിട്ട് നികത്തിയും പാറകൾ ഇടിച്ചു നിരത്തിയും വല്ലാതെ വികൃതമാക്കിയിരിക്കുന്നൂ. 
 
 അതിലെ ഒരു മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്ന കുറച്ചു കൊച്ചു കൂട്ടുകാരെ നിങ്ങൾ  കാണുന്നില്ലേ  അവരാണ്  എൻറെ കൂട്ടുകാർ . ശരിക്കും ആ നാട്ടിലെ 
കുസൃതി കൂട്ടങ്ങൾ

നമ്മൾക്ക് ഓരോരുത്തരായി ഒന്ന് പരിചയപ്പെടാം

 ആദ്യമായി അക്കാലത്തെ  എന്റെ രൂപത്തെക്കുറിച്ചു വിവരിക്കാം  കറുത്ത് മെലിഞ്ഞു നീണ്ട വള്ളി ട്രൗസര്കാരനായിരുന്നൂ ഞാൻ ,

അടുത്ത ആൾ എന്റെ  അനിയത്തി ശാന്തി ,

തൊട്ടടുത്തായി ഞങ്ങൾ എല്ലാരും  ഉണ്ട പ്പ ക്രു എന്ന് വിളിച്ചു തമാശയാക്കുന്ന  റഷീദ് , ഒപ്പം തന്നെ കൃശഗാത്രിയായ എന്റെ മുറപ്പെണ്ണ് തുളസ്സി .

എല്ലാ വികൃതികളും ഒപ്പിച്ചുവച്ചു സൂത്രത്തിൽ രക്ഷപ്പെടുന്നതാണ് ഞങ്ങളുടെ അന്നത്തെ  രീതി .

എ പ്പോഴും കളിപറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന ഞങ്ങളെ നാട്ടുകാർ  പാവം കുഞ്ഞുങ്ങളെന്നേ  വിളിക്കാറുള്ളൂ  .

 ഞങ്ങളുടെ അന്നത്തെ ചില  വികൃതിത്തരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാലോ . അതിൽ ഗൃഹാതുരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നത് നിങ്ങള്ക്ക് കാണാം  

ഒരു ദിവസം എന്റെ വീട്ടു മുറ്റത്ത് ചിരട്ടകൊണ്ട്മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നൂ. 'അപ്പോഴാണ് 'അമ്മ അടുക്കളഭാഗത്തുനിന്നും 

"പോ പൂച്ചേ .. പോ , " 

എന്നും പറഞ്ഞുകൊണ്ട് എന്നെ  നീട്ടി വിളിച്ചത്

 " എടാ ... രഘൂ   ഒന്ന് ഈ ചട്ടിയുടെ അടുത്ത് വന്നു നിന്നേ "

ഞാൻ  മടിച്ചുമടിച്ചാണെങ്കിലും കൂട്ടുകാരുടെ അടുത്തുനിന്നും  അടുക്കളഭാഗത്തെ മുറ്റത്ത് പലകയിൽ ഇരുന്നു മീൻ മുറിക്കുന്ന  അമ്മയുടെ അടുത്തേക്ക് ചെന്ന് 'അമ്മ മീൻ മുറിക്കുന്നതും നോക്കി അങ്ങനെ നിന്നു .അമ്മയിൽ നിന്നും തെല്ല് ദൂരെ മാറി ഒരു പൂച്ച എൻ്റെ നേരെ ദയനീയമായി നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട്

" ങ്യാവൂ ..... ങ്യാവൂ ....." 

എന്ന് കരഞ്ഞു . ഞാൻ  കാൽവിരലുകൾ കൊണ്ട്   ഇറുക്കിപ്പിടിച്ച് താഴെനിന്നും ഒരു കല്ലെടുത്ത്‌ അതിനു നേരെ  നീട്ടി  എറിഞ്ഞു.  അത് തന്ത്രപൂർവം ഒഴിഞ്ഞുമാറി അല്പം കൂടി  അകലെ മാറിയിരുന്ന്  കൈകൾ നക്കി വെളു പ്പിച്ചുകൊണ്ട് എങ്ങോട്ടോ നോക്കി സമയം കളഞ്ഞു. അതിനിടയിൽ 'അമ്മ മീൻ മുറിച്ചു കഴിഞ്ഞു അരിവാളിലെ മീനിന്റെ തൊലിയും ചോരയും  തുടച്ചു താഴെവിരിച്ചുവച്ച  കടലാസ്സിലാക്കിക്കൊണ്ട്  മീൻചട്ടി കടലാസ്സിൽ നിന്നും അല്പം ദൂരം മാറ്റി വച്ചു   ആ കടലാസ്സും മടക്കി  എടുത്തുകൊണ്ടു എഴുന്നേറ്റ് എന്നെ നോക്കി

 "ഞാൻ ഇത് കൊണ്ട് കളഞ്ഞിട്ടു വരാം പൂച്ച കൊണ്ടുപോവാതെ  ഒന്ന് നോക്കണേ ". 

പറഞ്ഞുകൊണ്ട് തെങ്ങിൻ തോപ്പിലേക്കു നടന്നു നീങ്ങി .
പിന്നെ തിരിച്ചുവന്ന് മീൻ ചട്ടിയും അരിവാളും  കഴുകി വൃത്തിയാക്കി  എന്നോട്  

"ഇനി നീ പൊയ്ക്കോ" 

എന്നും പറഞ്ഞു മീനുമായി അടുക്കളയിലേക്കു നടന്നൂ .

ഞാൻ നടക്കുന്നതിനിടയിൽ അമ്മ മീനിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ട സ്ഥലത്തേക്ക് വെറുതേ ഒന്ന് കണ്ണ് പായിച്ചു.  ആ തെങ്ങിൻ തോപ്പിൻ്റ ഒരറ്റത്ത് നോക്കി നേരത്തെ കണ്ട  പൂച്ചയും കൂട്ടുകാരും മീനിന്റെ ബാക്കി ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്നത് ഞാൻ കണ്ടു.

പിന്നെ ട്രൂ...... എന്ന് തോന്നിക്കുന്ന ശബ്ദവുമുണ്ടാക്കി കൈകൊണ്ടു സാങ്കല്പിക കാറു മോടിച്ചു  കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി .

 അപ്പോഴുണ്ട് അയൽവീട്ടിലെ നാരായണേടത്തി എന്ന മധ്യ വയസ്കയായ  സ്ത്രീ വീട്ടിലേക്കുള്ള  പടി കയറി വരുന്നത് കണ്ടത് .

ഞാൻ അവരുടെ വരവ് കണ്ടതും  അകത്തേക്ക് തല തിരിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "അമ്മേ.... ഇതാ നാരായണേടത്തി വന്നിക്ക്"' എന്ന്.

അപ്പോഴേക്കും നാരായണേടത്തി മുറ്റത്തേക്കെത്തിയിരുന്നൂ

 'അമ്മ അകത്തുനിന്നും വരാന്തയിലേക്ക് സാരിയുടെ അറ്റത്ത് കൈകൾ തുടച്ചു കൊണ്ട് ചോദിച്ചു  "എന്തെല്ലാ  നാരാണേടത്തി ബിശേഷം?  എന്തേ ഇങ്ങള് വന്നേ? "

നാരായണേടത്തി അമ്മയെനോക്കി ചിരിച്ചു കണ്ണ് ചിമ്മിക്കാണിച്ചുകൊണ്ട് എൻ്റെ മുടിയിലൂടെ  വിരലോടിച്ചു വരാന്തയിലേക്ക് കയറി .

അമ്മയും നാരായണേടത്തിയും കൂടി എന്തൊക്കയോ വിശേഷം പങ്ക് വെച്ചു കൊണ്ട് വീട്ടിനകത്തേക്ക് കയറിപ്പോയി .

ഞങ്ങളുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ നിത്യശല്യക്കാരനായ നാരായണേടത്തി യുടെ പിടക്കോഴി അപ്പോൾ തലയും ഉയർത്തിപ്പിടിച്ചു  ചുറ്റുപാടും കണ്ണോടിച്ചു ഇതൊക്കെ എൻ്റെ  അവകാശമെന്നോണം കറങ്ങി നടക്കുന്നുണ്ടായിരുന്നു. 

ഞാൻ അതിനെ ഒരു ഭാഗത്ത് നിന്നും തെളിച്ചോടിച്ചാൽ  കറങ്ങി തിരിഞ്ഞു വേറെ വഴിക്കു പിന്നെയും യഥാസ്ഥാനത്ത് തിരിച്ചെത്തും .

ഒടുക്കം തല്ക്കാലത്തേക്ക് അതിനെ തുരത്തുന്നത്  നിറുത്തി ഞാൻ കൂട്ടുകാരോടോപ്പം  കളികളിൽ വ്യാപൃതനായിരുന്നൂ .

 അതിനിടയിൽ എപ്പോഴോ നാരായണേടത്തി അവിടെനിന്നും തിരിച്ചുപോയിരുന്നൂ .

 നേരം കടന്നുപോയിക്കൊണ്ടിരുന്നൂ .

 സന്ധ്യമയങ്ങി ആ ശല്യക്കാരൻ അപ്പോഴും മെല്ലെ മെല്ലെ നടന്നു ചുറ്റുപാടും തല തിരിച്ചു നോക്കി വൈക്കോലിലേക്കു തന്റെ ചുണ്ടിറക്കി എന്തോ കൊത്തിത്തിന്നുകൊണ്ടിരുന്നൂ .

പശു തന്റെ തൊഴുത്തിലെ കോഴിയുടെ നേരെ നോക്കി ദേഹത്തേക്ക്  വരുന്ന പ്രാണികളെ കാലു കുടഞ്ഞും ചെവി ഇടവിട്ടാട്ടിയും അയവിറക്കികൊണ്ടു അതിലൊന്നും തനിക്ക് ഒരു പരാതിയുമില്ല എന്ന മട്ടിൽ കിടന്നു .

 കോഴിയാണെങ്കിൽ സന്ധ്യ മയങ്ങിയാലൊന്നും തനിക്കൊന്നുമില്ല എന്ന മട്ടിൽ അപ്പോഴും തൻ്റെ സ്വര്യ വിഹാരം തുടർന്നു കൊണ്ടേ ഇരുന്നു..

 അങ്ങനെ ഇരിക്കെ 'അമ്മ മുറ്റത്തേക്കിറങ്ങി എന്നെ വിളിച്ചു   "എടാ ഇവിടെ വാ ഈ നശിച്ച കോഴിയെ ഒന്നോടിക്ക് " എന്നും പറഞ്ഞു അതിനെ തെളിച്ചുകൊണ്ട് അതിന്റെ പിന്നാലെ  കുറച്ചു ദൂരം വരെ ഓടി .

കോഴിയാണെങ്കിൽ അമ്മയെ മണ്ടിയാക്കികൊണ്ടു ആ തൊഴുത്തിനെ ഒന്ന് പ്രദക്ഷിണം  വച്ച് വീണ്ടും വൈക്കോലിലേക്കു പറന്നു കയറി

.അതിനിടയിൽ ഞാനും അനിയത്തിയും കൂടി മുറ്റത്തേക്കിറങ്ങി വന്നു. നിന്നും 

 മുറ്റത്തിന്റെ അരികിലെ ചരൽ കല്ലിൽ കുറച്ചു കയ്യിൽ വാരിയെടുത്തു കൊണ്ട് കൈ പിറകിലായി ഒളിപ്പിച്ചു കൊണ്ട് കോഴിയുടെ പിന്നാലെ ഓടി അതിന് നേരേക്ക് വലിച്ചെറിഞ്ഞു .

പിന്നീട് തിരിച്ചു മുറ്റത്തെ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കൈകൾ വൃത്തിയായി കഴുകിയ ശേഷം വീട്ടിനകത്തേക്ക് കയറി .

പിന്നീട് അതിന്റെ ഒരു ശബ്ദവും അവിടെ കേട്ടില്ല'. അത് നാരായണി എടത്തിയുടെ വീട്ടിലേക്ക് പോയിക്കാണുമെന്ന് ഞാൻ ഉറപ്പിച്ചു. 

അങ്ങനെ സന്ധ്യയിൽ നിന്നും രാത്രിയിലേക്കുള്ള ആ ദിവസത്തിൻ്റെ പരകായപ്രവേശം ആരംഭിച്ചു. അച്ഛൻ വന്ന് ഞങ്ങളെല്ലാവരും ഒരുമിച്ച്ആഹാരം കഴിച്ച് ഉറങ്ങാനായി കിടന്നു. അച്ഛൻ്റെ കയ്യിൽ തലയും വച്ച് ആ ദേഹത്തോട് ഒട്ടിച്ചേർന്ന് ഉറങ്ങാൻ കിടന്ന ഞാൻ എപ്പോഴോ അച്ഛൻ്റെ ശരീരത്തിലെ കുട്ടി ക്യൂറ പൗഡറിൻ്റെയും വിയർപ്പിൻ്റെയും ഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

അടുത്ത ദിവസം പുലർകാലത്തിൽ നാരായണേടത്തി ശരം കണക്ക് ആ വീട്ടിലേക്കു കയറിവന്ന് .മുറ്റത്തുനിന്ന്   "ചന്ദ്രീ ....ചന്ദ്രീ ....എന്ന് നീട്ടി വിളിച്ചുകൊണ്ടേ ഇരുന്നു .

 വിളികേട്ടു 'അമ്മ വരാന്തയിലേക്ക് വന്നു അവരോട് ചോദിച്ചു "എന്താ നാരാണേടത്തീ എന്താ പറ്റിയേ "

നാരായണേട്ടത്തിയുടെ മുഖത്ത് ദേഷ്യവും സങ്കടവും കലർന്ന ഭാവം മിന്നിമായുന്നത് അമ്മ സൂക്ഷമമായി നോക്കിക്കണ്ടു .

അവർ അല്പം ഈർഷ്യത്തോടെ തന്നെ "എന്റെ ഒരു കോഴീനേ ഇന്നലെ രാത്രി മുതൽ കാണുന്നില്ല , അത് ഇങ്ങോട്ടാ വന്നേന്ന് എനക്കറിയാം" എന്ന് പറഞ്ഞു തീർന്നതും

അതിനു മറുപടിയെന്നോണം 
 "ഇന്നലെ സന്ധ്യക്ക്‌ ആ വൈക്കോലിൽ നടന്നു ശല്യമാക്കിയപ്പോ ചന്തു ഓടിച്ചു വിട്ടതാണെല്ലൊ"
എന്നും പറഞ്ഞു 'അമ്മ അകത്തേക്ക് നോക്കി '"ര ഘൂ ....എടാ രഘൂ ..."എന്ന് നീട്ടി വിളിച്ചു 

ഞാൻ മടിച്ചു മടിച്ചാണെങ്കിലും ഉറക്കമെണീറ്റ് വരാന്തയിലേക്ക് ചെന്നു .

മുറ്റത്തെ നാരായണേടത്തി യുടെ സംഭാഷണവും ഭാവവും അമ്മയുടെ വിളിയുടെ ഗൗരവസ്വഭാവവും ആകെക്കൂടി  സംഗതി കുറച്ചു സീരിയസ് ആണെന്ന് എനിക്ക് ബോധ്യമായി .

എന്നാലും ഒന്നുമറിയാത്തപോലെ ഞാൻ അമ്മയെ നോക്കി  ചോദിച്ചു " എന്താ അമ്മേ  എന്തിനാ വിളിച്ചേ "

'അമ്മ എന്നെ നോക്കി  " നീ ഇന്നലെ എവിടെക്കാ ആ കോഴിയെ ഓടിച്ചുവിട്ടത് "

ചോദിച്ചപ്പോൾ ഞാൻ മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ ഇടതു വശത്തേക്ക് ചൂണ്ടിക്കൊ ണ്ട് പറഞ്ഞു 

" അങ്ങോട്ടേക്കാ ഞാനതിനെ എറിഞ്ഞോടിച്ചേ "

നാരായണേടത്തിയുടെ മുഖത്ത് അതുകേട്ടു പെട്ടെന്ന് ഒരു ചെറു ചിരി പടർന്നു ദു:ഖം ഉള്ളിലൊതുക്കിക്കൊണ്ട് അവർ എന്നെ നോക്കി  " നീയോ നേരെചൊവ്വേ  ഏറിയാനറിയാത്ത നീയെറിഞ്ഞോടിച്ചെന്നു , മാവിൽ നിന്നും മര്യാദയ്ക്ക്  ഒരു മാങ്ങാ എറിയാൻ നിനക്കറിയാമോ ,എന്നിട്ട് പറയുന്നത് കണ്ടില്ലേ " പറഞ്ഞു കൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നടന്നൂ നീങ്ങി.

 ആ കാഴ്ചകണ്ട്‌ അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .

അവരുടെ മുഖത്ത് അത് വരെ തെളിഞ്ഞു കണ്ട ചിരി പെട്ടെന്ന് മിന്നിമാഞ്ഞു , പിന്നെ അത്ഭുതവും ദേഷ്യവും സങ്കടവും ചേർന്ന് ദയനീയമായി അവിടെ നിന്നും വിളിച്ചു ചോദിച്ചു "കിടക്കുന്ന കിടപ്പു കണ്ടാ എന്റെ കോഴി മുട്ടയിടാറായതായിരുന്നൂ നിന്റെ ഏറുകൊണ്ട്അതിന്റെ  കാലൊടിഞ്ഞു. ആ വേദനയാൽ ആ മുട്ട പുറത്തേക്കു തള്ളി വന്നു "

പിന്നെ എന്നെ രൂക്ഷമായി നോക്കി  അതിനെയും എടുത്തു അവർ അവിടെനിന്നും  പോയി .

 അതിനിടയിൽ അമ്മയും അനിയത്തിയും കൂടി " ഇതെങ്ങനെ സംഭവിച്ചെടാ " എന്നും പറഞ്ഞു എന്നെ നോക്കി കളിയാക്കി .

ഞാൻ ഒന്നും മിണ്ടാതെ വരാന്തയിലേക്ക് നടന്നു കയറി .

എനിക്ക് മനസ്സിൽ എന്നെയോർത്ത് വല്ലാത്തൊരു അഭിമാനം തോന്നി. ഞാൻ അവരേ നോക്കി പറഞ്ഞു " ഇത്രയും നാള് ഞാൻ വേണ്ടാന്ന് വച്ചിട്ടാ" 'അമ്മ അനിയത്തിയേയും  എന്നേയും ചേർത്തുപിടിച്ചു അകത്തേക് നടന്നു. 

തുടരും

തുളസ്സി 

ഭാഗം : രണ്ട് 
എം.പി.എസ്സ്.വീയ്യോത്ത്

 അന്ന് അമ്മ  കാലത്തു് തന്നെ വീട്ടിലെ വീട്ടിലെ ജോലികൾ വേഗം ചെയ്തു തീർത്ത്  ഞങ്ങളെയും കൂട്ടി അമ്മയുടെ തറവാട്ടിലേക്ക് യാത്ര പുറപ്പെട്ടു . 

 മഴക്കാലമായിരുന്നതിനാൽ വഴിയിൽ  പലയിടങ്ങളിലും വെള്ളം തളം കെട്ടിക്കിടപ്പുണ്ടായിരുന്നൂ . ആ  വെള്ളക്കെട്ടുകളിലേക്ക്  എടുത്തു ചാടിയും  വെള്ളം തട്ടി തെറിപ്പിച്ചും മറ്റും അമ്മയ്ക്ക്   ഞങ്ങൾ ശരിക്കും  തലവേദന സൃഷ്ട്ടിച്ചു .

ഒന്ന് രണ്ടു പ്രാവശ്യം ശാന്തി അമ്മയുടെ കയ്യിന്റെ  ചൂടറിയാനുള്ള അവസരം അതിനിടയിൽ ഉണ്ടായി താനും . എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് ഞങ്ങൾ  അമ്മയുടെ ക്ഷമയെ പരിശോധിച്ചുകൊണ്ടേ ഇരുന്നൂ .

അപ്പോഴാണ് വഴിയിലെ തോടിന്  കുറുകെ സ്ഥാപിച്ച  കോൺക്രീറ്റ് തൂണുകൊണ്ടുള്ള പാലത്തിന്റെ മുകളിലേക്ക് ഞങ്ങൾ ചെന്ന്  കയറിയത് .

ഞാൻ ആ പാലത്തിലൂടെ 'അമ്മയുടെ വാക്കുകൾ ചെവിക്കൊള്ളാതെ  അഭ്യാസം കളിച്ചുകൊണ്ട് നടന്നു.

അപ്പോഴേക്കും ഞങ്ങൾ  പാലത്തിന്റെ മധ്യത്തിൽ എത്തിക്കാണും. പെട്ടെന്നാണ് ഞാൻ കാൽവഴുതി തോട്ടിലെ വെള്ളത്തിലേക്ക് പൊത്തോന്നും പറഞ്ഞു ചെന്ന് വീണത്  .

നീന്തൽ അറിയാത്ത ഞാൻ ആ  വെള്ളത്തിൽ കിടന്ന് മുങ്ങിയും പൊങ്ങിയും കുറച്ചു നേരം വിഷമിച്ചു .

അപ്പോഴാണ് അമ്മയുടെ നിലവിളികേട്ട്  കരയ്ക്കിരുന്ന്  മീൻ പിടിക്കുകയായിരുന്ന  ഒരു ചേട്ടൻ അങ്ങോട്ടേക്ക് ഓടി എത്തിയത് . അദ്ദേഹം തോട്ടിലേക്ക് എടുത്തു ചാടി എന്നെ വേഗം മുടിയിൽ കുത്തിപ്പിടിച്ചു്   കരക്കെത്തിച്ചു  .

ആ സമയമത്രയും അമ്മയും ശാന്തിയും എന്റെ അവസ്ഥ കണ്ട്‌ വലിയ വായിൽ നിലവിളിക്കുകയായിരുന്നൂ 

അപ്പോഴേക്കും അവിടം ജനനിബിഡമായി .  അല്പസമയം കൂടി അവിടെ ചിലവഴിച്ചശേഷം 'അമ്മ ഞങ്ങളെയും കൊണ്ട്  എല്ലാവരോടും നന്ദി പറഞ്ഞു അവിടെ നിന്നും തറവാട്ടിലേക്ക് യാത്ര തിരിച്ചു  .

അല്പസമയത്തിനകം ഞങ്ങൾ തറവാട്ടിൽ എത്തിച്ചേർന്നു .

അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും എന്റെ ഞനഞ്ഞൊട്ടിയ കോലവും കണ്ട്  അമ്മയുടെ അമ്മയും സഹോദരരും അമ്മയോട് കാര്യങ്ങൾ കാര്യമായി ചോദിച്ചറിഞ്ഞു  .

ഒടുക്കം  ഒരു അമ്മാവൻ എന്നെ നോക്കി  "പോയി  കുളിച്ചുവരൂ" എന്ന്  പറഞ്ഞു തോർത്തെടുത്ത് കയ്യിൽ തന്നു   

ഞാൻ തറവാടിന് പിന്നിലുള്ള  ഓലകൊണ്ട് കെട്ടി മറച്ച  കുളി മുറിയിൽ കയറി ഒരുവിധം അടച്ചു ഭദ്രമാക്കി .

അവിടെക്കണ്ട സിമന്റ് വീപ്പയിൽ നിന്നും വെള്ളം മുക്കി തലയിലൂടെ പകർന്നപ്പോൾ ശരിക്കും ഞാൻ തണുത്തു വിറച്ചുപോയി . അപ്പോഴേക്കും  'അമ്മ  വാതിലും തുറന്നു വന്ന് എന്റെ ദേഹത്ത് സോപ്പ് തേച്ചു തന്നശേഷം കുറച്ചുനേരം കൂടി  അവിടെനിന്നു .

കുളികഴിഞ്ഞു അതുവരെ അമ്മയുടെ തോൾ കിടന്ന എന്റെ തോർത്ത് എടുത്ത്  തലയിലെ വെള്ളം അമർത്തി തുവർത്തി ഉണക്കി കൊണ്ടു ആ തോർത്തും ഉടുപ്പിച്ചു് എന്നെയും കൊണ്ട്  അവിടെനിന്നും ഇറങ്ങി വീട്ടിനകത്തേക്ക് കയറിപ്പോയി  .

വസ്ത്രം മാറി വീടിന്റെ ഉമ്മറത്തേക്ക് വന്നപ്പോളാണ് അമ്മയുടെ അച്ഛൻ പതിവായി ഇരിക്കുന്ന  ചാരുകസേര എന്റെ  ശ്രദ്ധയിൽ പതിഞ്ഞത് .

പിന്നെ ഒന്നുമാലോചിക്കാതെ  ഞാൻ അതിനടുത്തേക്കു ചെന്ന് ആ കസേരയിൽ പതിയെ ഇരുന്നതും തറയിലേക്ക് ചന്തിയും കുത്തി വീണതും വളരെ പെട്ടെന്നായിരുന്നൂ . അപ്പോഴാണ് എനിയ്ക്കു കാര്യങ്ങളുടെ കിടപ്പ്  ശരിക്കും ബോധ്യമായത് .അതിലെ കമ്പ് ആരോ നേരത്തെ ഊരി  മാറ്റിയിരുന്നൂ . ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു  ആരും കണ്ടിട്ടില്ല .  എഴുന്നേറ്റ്  കസേരയുടെ  പൂർവ്വ സ്ഥിതിയിലാക്കിക്കൊണ്ട് അവിടെനിന്നും അകത്തേക്ക് നടന്നു . അപ്പോഴതാ തുളസ്സി "രഘുവേട്ടൻ വീണേ" എന്നും പറഞ്ഞു കൈകൊട്ടി ചിരിച്ചുകൊണ്ട്  അകത്തെ മുറിയിൽ നിൽക്കുന്നൂ . അവൾക്കു  ഒരു നുള്ളും കൊടുത്ത് അകത്തേക്ക് നടന്നപ്പോഴതാ എല്ലാം കണ്ടുകൊണ്ട് എന്റെ രാമമ്മാവൻ ഉമ്മറ പ്പടിയിൽ കയ്യും ഊന്നി  നിൽക്കുന്നൂ. അപ്പോഴേക്കും തുളസ്സി അവളുടെ ഏങ്ങിയേങ്ങിയുള്ള കരച്ചിൽ ആരംഭിച്ചിരുന്നൂ . പിന്നെ ഒന്നും ഓർത്തില്ല നേരെ മുറ്റത്തേക്ക് ഓടി . അവിടെനിന്നും കുറച്ചു നേരം പറമ്പിലൂടെ വെറുതെ നടന്നു സമയം കഴിച്ചു .  വൈകീട്ടോടെയാണ് ഞങ്ങളെക്കാണാനായി   അയൽക്കാരനായ  മമ്മാലിക്ക അങ്ങോട്ടേക്ക് വന്നത് . അദ്ദേഹം വന്നപാടെ ഞങ്ങളോട് പഠിപ്പിനെക്കുറിച്ചും മറ്റും വിശദമായി  ചോദിച്ചറിഞ്ഞു .  

 അപ്പോഴാണ് ഞങ്ങളുടെ അമ്മാവൻ അങ്ങോട്ടേക്ക് കടന്നു  വന്നത്, അദ്ദേഹം വല്ലാതെ  നിര്ബന്ധിച്ചതിനാലാണ്  മമ്മാലിക്ക അവിടെയുണ്ടായിരുന്ന ചാരുകസേരയിൽ  കസേരയിൽ  ചെന്നിരുന്നു  , പക്ഷെ അദ്ദേഹം അതിൽ കുടുങ്ങിപ്പോയി  .  കാര്യങ്ങളുടെ ഗൗരവം ശരിക്കും  ബോധ്യപ്പെട്ടതിനാൽ ആണ്  അന്ന്  ഞാൻ ആരുമറിയാതെ അവിടെ നിന്നും അടുക്കളവഴി ഇറങ്ങി ഓടി അടുത്ത വീട്ടിലെ സുഹൃത്തിന്റെ അടുത്തേക്ക് ഓടിയത് .  പിന്നാലെ തുളസിയും ശാന്തിയും അവിടേക്ക്  ഓടിയെത്തി. 

അതിനിടയിൽ അമ്മാവനും മറ്റും ചേർന്ന് മമ്മാലിക്കയെ  കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു  അദ്ദേഹത്തോട് ക്ഷമ ചോദിച്ചു തിരിച്ചയച്ച ശേഷം അദ്ദേഹം എന്നും തിരഞ്ഞു നടപ്പായി.  ഒത്തിരി തിരഞ്ഞിട്ടും എന്റെ ഒരു വിവരവും കിട്ടാതായപ്പോൾ നിരാശനായി മടങ്ങി വന്ന് അമ്മയെ കുറെ ശകാരിച്ചു . 
 
അപ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നൂ. ഞാനും തുള സ്സിയും ശാന്തിയും പതുങ്ങി ചെന്ന് അമ്മാവൻ കാണാതെ അമ്മമ്മയുടെ അടുത്ത്‌ അഭയം പ്രാപിച്ചു .

 വിവരമറിഞ്ഞു അമ്മാവൻ കലിതുള്ളിക്കൊണ്ട് അങ്ങോട്ട് കടന്നു വന്നു. അമ്മമ്മ മാമനോട് പറഞ്ഞു "നീ പോയെ  പാവം മോൻ ആകെ പേടിച്ചുപോയി" എന്നും പറഞ്ഞു അമ്മാവനെ അവിടെ നിന്നും പറഞ്ഞയച്ചു .

പിന്നീട് അമ്മമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട്  സ്‌നേഹത്തോടെ കുറെ ശാസിച്ചു . തല താഴ്ത്തി ഇതൊക്കെ കേട്ടുകൊണ്ട് ഞാൻ തല താഴ്ത്തി അങ്ങനെ നിന്നു . എനിക്കറിയാം ഇത് ഇന്നത്തേക്ക് മാത്രമുള്ള ശാസനയാണ് നാളെ എന്താകും അവസ്ഥ എന്ന ഒരു രൂപവും അപ്പോഴും എന്നിൽ ഉണ്ടായിരുന്നില്ല .

 അടുത്തദിവസം കാലത്ത്  ഞാനും ശാന്തിയും തുളസിയും കൂടി മുറ്റത്തിന്റെ ഒരു കോണിൽ  തറയിൽ കള ങ്ങൾ വരഞ്ഞു മാസ്  കളി യിൽ മുഴുകിയിരിക്കുകയായിരുന്നൂ  .

അപ്പോഴാണ്  'അമ്മ ഒരു സഞ്ചിയുമായി വീട്ടിനകത്തുനിന്നും ഇറങ്ങി എന്നെ നോക്കി  " എടാ സഞ്ചിയിതാ വേഗം കടയിൽ പോയി കുറച്ചു  തേങ്ങാപ്പിണ്ണാക്ക്‌ വാങ്ങിവന്നേ" എന്ന് പറഞ്ഞത് 

ഞാൻ  കളി  നിറുത്തി വേഗം ചെന്ന്  അമ്മയുടെ കയ്യിൽനിന്നും  സഞ്ചിയും പൈസയും വാങ്ങി കട ലക്ഷ്യമാക്കി  കൈകൊണ്ട് സാങ്കൽപ്പിക സ്റ്റിയറിങ്ങിൽ പിടിച്ചു കറക്കിക്കൊണ്ട് മുന്നോട്ടു പാഞ്ഞത്  .

വഴിക്കു വച്ച്   അയൽ വീട്ടിലെ ഉസ്മാനിക്കയുടെ മോൻ നാസ്സർ  അവന്റെ പുതു പുത്തൻ സൈക്കിളുമായി   എന്റെ  പിറകിൽ  വന്ന്  ബെല്ലടിച്ചു .

ഞാൻ  ശരിക്കും ഒന്ന് പേടിച്ചു , എന്റെ കാറോട്ടം തൽക്കാലത്തേക്ക് ഒരു നിറുത്തി  ഓട്ടം നിറുത്തി . അപ്പോഴേക്കും  നാസ്സർ സൈക്കിളുമായി എന്നെയും കളിയാക്കി കടന്നുപോയിരുന്നൂ . അതിനിടയിൽ ഞാൻ മനസ്സിൽ  പലതും ആലോചിച്ചുറപ്പിച്ചു കൊണ്ട് കടയിലേക്ക് നടന്നു.

കടക്കാരൻ കുമാരേട്ടൻ ചിരിച്ചുകൊണ്ട് എന്നോട്  പറഞ്ഞു " രഘൂ  നീ  അവനെ ഒന്നും ചെയ്യരുതേ മോനെ, അവനു അൽപ്പം തലക്കനം  കൂടുതലാ , അവനുള്ള ശിക്ഷ  ദൈവം കൊടുത്തോളും  "

ഞാൻ അതിന്   മറുപടിയൊന്നും പറയാതെ   കയ്യിലെ സഞ്ചി കുമാരേട്ടന്  നേരെ നീട്ടി  " കുമാരേട്ടാ ഒരുകിലോ  തേങ്ങാപ്പിണ്ണാക്ക്‌ " എന്ന് പറഞ്ഞു . 

കുമാരേട്ടൻ വേഗം തന്നെ  ഒരു കടലാസ്സു കുമ്പിൾകുത്തി അതിൽ തേങ്ങാപ്പിണ്ണാക്ക്‌ ചാക്കിൽനിന്നും കോരി  നിറച്ചു്  തുലാസിൽ വച്ച് തൂക്കി ഒരു കാല് ചാക്കിന്റെ മുകളിലേക്ക് കയറ്റിവെച്ചു ആ പൊതി  ചാക്ക് നാരുകൊണ്ട് വരിഞ്ഞു കെട്ടി എന്റെ സഞ്ചിയിൽ നിക്ഷേപിച്ചു  .

ബാക്കി  പൈസയ്ക്ക് കുറച്ചു  നാരങ്ങാമിഠായിയും വാങ്ങി ഞാൻ അവിടെ നിന്നും മടങ്ങി . വീട്ടിൻറെ അടുക്കള ഭാഗത്ത്  ചെന്ന് അമ്മയെ സഞ്ചി ഏൽപ്പിച്ചു തിരിഞ്ഞു നടന്നപ്പോൾ . 'അമ്മ എന്നെ നോക്കി " എടാ ബാക്കി പൈസ എവിടെ ?" ചോദിച്ചപ്പോൾ  അമ്മയ്ക്ക് നേരെ തിരിഞ്ഞു നാവു നീട്ടി കാണിച്ചു അതിൽ നാരങ്ങ മിട്ടായി അപ്പോൾ പാട്ടി ചേർന്ന് കിടപ്പുണ്ടായിരുന്നൂ . ബാക്കി കൈയിലുണ്ടായിരുന്ന  നാരങ്ങാമിഠായി അമ്മയ്ക്ക്  നേരെ വച്ച് നീട്ടിയപ്പോൾ 'അമ്മ ചിരിച്ചുകൊണ്ട് അതിലൊന്നെടുത്ത് വായിലിട്ടുകൊണ്ടു " മക്കൾക്കും കൊടുക്കണേ എന്നും പറഞ്ഞപ്പോൾ മറുപടിയായി "ശരി അമ്മെ" എന്നും പറഞ്ഞു  അവിടെ നിന്നും ഞാൻ നടന്നു നീങ്ങി. 

അവൻ തിരിച്ചു ഞങ്ങളുടെ കളിസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും അവർ  മണ്ണും  ചിരട്ടയും ഇലകളും കൊണ്ട് ചോറും കറിയും ഉണ്ടാക്കി കളിക്കുകയായിരുന്നൂ  .

അവരുടെ കയ്യിൽ അപ്പടി ചെളിയായതിനാൽ ഞാൻ  മിഠായി വായിൽ വച്ചുകൊടുത്തു .

  അങ്ങനെ ഞങ്ങൾ  കളിയിൽ മുഴുകിയിരിക്കുമ്പോളാണ് എന്റെ  സുഹൃത്ത് റഷീദിന്റെ വീട്ടിൽനിന്നും അവന്റെ  ഉച്ചത്തിലുള്ള നിലവിളി ഉയർന്നു കേട്ടതു് .

ഞങ്ങൾ അമ്മ കാണാതെ പതുങ്ങിപ്പതുങ്ങി വീടിന്റെ അതിരൊട്  വേലിക്കിടയിലൂടെ  പുറത്തുകടന്നൂ  .

 അപ്പോഴുണ്ട് ഒരു ചേരപ്പാമ്പ്  ആരെയും കൂസാതെ മുന്നിലോടെ ഇഴഞ്ഞു എങ്ങോട്ടേക്കോ  പോവുന്നൂ   .

ഞാൻ ചന്തു കുറച്ചു ചരൽ വാരിയെറിഞ്ഞു അതിനെ ഓടിച്ചശേഷം റഷീദിന്റെ വീട്ടിലേക്കുള്ള യാത്ര തുടർന്നു .

വഴിക്കു വച്ച് ഞങ്ങളുടെ കൂട്ടുകാരി റസിയയേയും  കൂടെ കൂട്ടാൻ ഞങ്ങൾ മറന്നില്ല .

അങ്ങനെ കുറച്ചു നേരത്തിനകം ഞങ്ങൾ  റഷീദിന്റെ വീടിന്റെ മുന്നിൽ ചെന്നെത്തി  .

അവിടെ  റഷീദിന്റെ ഉമ്മ കയ്യിലൊരു  വടിയുമായി മുറ്റത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നൂ .

ഉമ്മ കാണാതെ ഞാൻ റഷീദിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് ഒന്ന്  എത്തിനോക്കി .

അപ്പോഴതാ കൈകൾ പിന്നിൽ കൂട്ടികെട്ടി  തൂണിൽ ബന്ധിച്ച നിലയിൽ റഷീദ് നിൽക്കുന്നു.

 അവന്റെ കരച്ചിലിനിടയിൽ പറഞ്ഞ " ഉമ്മാ  ഇനി ഞാൻ വികൃതി കളിക്കില്ല എന്നെ അഴിച്ചു വീട് എന്റെ കണ്ണ് എരി യുന്നൂ ഉമ്മ " ആ  വാക്കിൽ നിന്നും കാര്യത്തിന്റെ കിടപ്പ്  എനിക്ക്  ബോധ്യമായി  .

റഷീദിന്റെ ഉമ്മ അവനെ തൂണിൽ പിടിച്ചു കെട്ടിയിട്ട ശേഷം കണ്ണിൽ നല്ല പച്ചമുളക് അരച്ച് തേച്ചു  പിടിപ്പിച്ചതാണ് 

അപ്പോഴേക്കും എല്ലാവരും കൂടി എന്തെങ്കിലും ഉടൻ ചെയ്യാൻ പറഞ്ഞു . ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല 


 റഷീദിന്റെ വീടിന്റെ മുന്നിലെ റോഡിനരികിലായി  കിടന്ന ട്ട കരിങ്കൽ ചീളുകളിൽ ഒന്ന് കുനിഞ്ഞു കയ്യിലെടുത്തു് ഉമ്മകാണാതെ ഒരേറ്‌ വച്ച് കൊടുത്തു . ആ ഏറു ഉമ്മയുടെ നെറ്റിയിൽ കൃത്യമായി ചെന്ന് കൊണ്ടു . ഉമ്മ വേദനകൊണ്ടു പുളഞ്ഞുകൊണ്ട് അലറി വിളിച്ചു . അപ്പോഴേക്കും ഞങ്ങൾ അടുത്ത പറമ്പു വഴി ഓടി രക്ഷപ്പെട്ടിരുന്നൂ . ഉമ്മയുടെ നിലവിളികേട്ട്  വീട്ടിനു മുമ്പിൽ ആളുകൾ തടിച്ചുകൂടി . ആരാണ് എറിഞ്ഞത് എന്ന്  മാത്രം ആര്ക്കും അറിയില്ല. എന്നാലും ഒരു സംശയത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു പേർ ഉമ്മയെയും കൊണ്ട് എന്റെ വീട്ടിലേക്കു വന്നു കയറി . അപ്പോഴേക്കും ഞങ്ങളുടെ  കളിസ്ഥലം വീടിനു പിറകിലേക്ക് സ്ഥാനം മാറ്റിയിരുന്നൂ . ഞങ്ങൾ വീണ്ടും കളികളിൽ മുഴുകി. 
അവർ വീടിന്റെ മുറ്റത്തേക്ക് വന്ന് അകത്തേക്ക് നോക്കി " ഇവിടെ ആരുമില്ലേ " എന്ന് ചോദിച്ചത് കേട്ടാണ് 'അമ്മ അകത്തു നിന്നും വരാന്തയിലേക്ക്  ഇറങ്ങിവന്നത്.
 
വന്നവരിൽ ഒരാൾ അമ്മയെ നോക്കി " രഘുവും സംഘവും ഇവിടെ നിന്നും എവിടെയെങ്കിലും പോയിരുന്നോ ?" എന്നു ചോദിച്ചപ്പോൾ  അവരെ നോക്കി 'അമ്മ " ഇല്ല കുമാരേട്ടന്റെ പീടികയിൽ മാത്രമേ പോയുള്ളൂ " എന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു വരുത്തി . 
 'അമ്മ എന്ന എന്നെ നോക്കി " എടാ രഘൂ നിങ്ങൾ കളിക്കിടയിൽ എവിടെയെങ്കിലും പോയിരുന്നോ ?' എന്നു ചോദിച്ചപ്പോൾ  ശാന്തി മറുപടിയായി " അമ്മെ ഞാനാ റസിയയെ വിളിക്കാൻ പോയത് " പറഞ്ഞപ്പോൾ 'അമ്മ ഞങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു  വന്നവരെ നോക്കി ചിരിച്ചുകൊണ്ട് " ഇവരെങ്ങും പോയിട്ടില്ല " എന്ന് പറഞ്ഞപ്പോൾ അവർ ക്ഷമ ചോദിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി . 

 അവർ ദൂരേക്ക് പോയി കഴിഞ്ഞപ്പോൾ  'അമ്മ മെല്ലെ എന്റെ അരികിൽ വന്നു കൊണ്ട് " അപ്പൊ നിങ്ങൾ ഇതിനിടയിൽ ഒപ്പിച്ച വേലയാണ്  ഇത് അല്ലെ . അച്ഛൻ വരട്ടെ ഞാൻ ശരിയാക്കി തരാം " 
ഞങ്ങൾ അമ്മയെ നോക്കി " അമ്മെ ശരിക്കും  ഞങ്ങൾക്കറിയില്ല,  എന്താ സംഭവിച്ചത് എന്ന് " പറഞ്ഞപ്പോൾ 'അമ്മ ചിരിച്ചുകൊണ്ട് അവിടെ നിന്നും വീട്ടിനു നേരെ നടന്നു തുടങ്ങിയിരുന്നൂ 

ഇതൊക്കെ ഞങ്ങളുടെ വേലത്തരങ്ങളിൽ ചിലതു മാത്രം . 
തുടരും 

തുളസ്സി 

ഭാഗം : മൂന്ന് 
എം.പി.എസ്സ്.വീയ്യോത്ത്

എന്റെ വിദ്യാലയജീവിതത്തിലൂടെയാവട്ടെ ഇനിയുള്ള യാത്ര നമ്മുടെ യാത്ര . പണ്ട് കാലത്തെ വിദ്യാലയങ്ങളും പഴയ ഓർമ്മകളും എത്രമനോഹരമായിരുന്നെന്നോ . ഇന്നത്തെപ്പോലെ പഠനത്തിൽ മാത്രം തളച്ചിട്ട ജീവിതമായിരുന്നില്ല അക്കാലത്ത് ഞങ്ങളുടേത് .  

താപ്പോക്കര സരസ്വതീ വിലാസം സ്കൂളിൽ ആയിരുന്നൂ എന്റെ  എൽ പി സ്കൂൾ കാലഘട്ടം ചിലവഴിച്ചത്. അന്ന്  വീട്ടിൽ നിന്നും  ഉദ്ദേശം  അരമണിക്കൂറോളം ദൂരം നടന്നുവേണം സ്കൂളിലേക്ക് എത്താൻ  . ഇന്നത്തെ പ്പോലെ ബസ്സോ കാറോ ഇല്ലാതിരുന്ന കാലമായതിനാൽ തന്നെ പലപ്പോഴും ഞങ്ങൾ അതിലെ പോവാറുള്ള കാളവണ്ടിയിൽ തൂങ്ങിയായിരുന്നൂ സ്കൂളിലേക്ക് പോവാറ് . ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ശരിക്കും പേടിതോന്നുമെങ്കിലും അന്ന് അത്തരം സാഹസങ്ങൾ ഞങ്ങൾക്ക് ഒരു ഹരമായിരുന്നൂ . 

അന്നത്തെ എന്റെ കയ്യിലിരിപ്പിന്റെ വകയായി സ്ഥിരമായി അച്ഛന്റെ കയ്യിൽ നിന്നും ഒത്തിരി അടി കിട്ടിയിരുന്നതിനാലാണ് എന്ന് തോന്നുന്നൂ ഇന്ന് ഞാൻ ഒത്തിരി നന്നായി . 
അന്ന് മുറ്റത്തെ ചെമ്പരത്തിയുടെ ചില്ല എനിക്ക് തല്ലു കൊള്ളിക്കാൻ വേണ്ടി മാത്രമാണ്  തിളിര്ത്തു വരാറുള്ളത് എന്ന് പലപ്പോഴും തോന്നാറുണ്ട് . 

അച്ഛൻ രാത്രി വീട്ടിലേക്ക് വരുന്നത് തന്നെ നല്ല കണ്ടീഷനിൽ ആയിരിക്കും . പിന്നെ എനിക്കുള്ളത് എനിക്കും അമ്മയ്ക്കുള്ളത് അവർക്കും ദേഹം മുഴുവനും മതിയാവോളം തന്ന് അദ്ദേഹത്തിന്റെ മോഹം തീർക്കും . പിന്നീട്  രാത്രി കരഞ്ഞുറങ്ങുന്ന എന്റെ കവിളിൽ കണ്ണീരോടെ അച്ഛൻ ഉമ്മവെയ്ക്കാറുണ്ട് എന്ന് 'അമ്മ  പറയാറുണ്ട് . എന്റേത് പോട്ടെ അതൊക്കെ കയ്യിലിരിപ്പ് കൊണ്ടാണ് എന്ന് വെയ്ക്കാം പക്ഷെ അമ്മയെ എന്തിനാ ഇങ്ങനെ തല്ലുന്നത്‌ എന്ന് മാത്രം  മനസ്സിലാവാറില്ലായിരുന്നൂ . പിന്നീട് 'അമ്മ പറഞ്ഞാണ് അച്ഛന് അമ്മയെ വല്ലാതെ  സംശയമാണ് അതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നും എനിക്ക് ബോധ്യമായത് .  അക്കാലത്തെ എന്റെ ജീവിതത്തിലൂടെയാവട്ടെ ഇനിയുള്ള യാത്ര 

നേരം പുലർന്നു വരുന്നേ  ഉണ്ടായിരുന്നുള്ളൂ .

ഞാൻ തലവഴി മൂടി പ്പുതച്ചു  ഉറങ്ങുകയായിരുന്നൂ .

 അമ്മ ഉറക്കമുണർന്ന്   മുടി ചുറ്റിക്കെട്ടി എന്റെ അരികിലേക്ക് വന്നിരുന്ന്  എന്റെ തലയുടെ ഭാഗത്തെ പുതപ്പു  വശത്തേക്ക് വലിച്ചു മാറ്റി തലമുടിയുടെ വിരലൊടിച്ചുകൊണ്ടു കുറച്ചുനേരം ഇരുന്ന് പതിയെ തട്ടിവിളിക്കാൻ തുടങ്ങി 
" മോനെ.. രഘൂ  .. എഴുന്നേൽക്കു , പഠിക്കണ്ടേ , അമ്മേടെ മോനല്ലേ  നല്ല മോനായി എഴുന്നേറ്റാട്ടെ  "
ഞാൻ  പുതപ്പു വശങ്ങളിലേക്ക് ചവിട്ടി മാറ്റികൊണ്ട് പണിപ്പെട്ട് കണ്ണുതുറന്ന് അമ്മയെ  ദയനീയമായി നോക്കിക്കൊണ്ട്   "ഒരു മിനിറ്റ് കഴിഞ്ഞു എഴുന്നേൽക്കാം അമ്മേ" 
 എന്നും പറഞ്ഞു തിരിഞ്ഞു കിടന്നു. 'അമ്മ കുറച്ചു നേരം കൂടി അവിടെ ഇരുന്നശേഷം എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു . 

ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ കരുതും എന്റേത് വലിയ ഒരു വീടാണ് എന്ന് . അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഒറ്റ തൂണിൽ ചെരിച്ചുകെട്ടി ഓലമേഞ്ഞുണ്ടാക്കിയ ചെറിയ വീടാണ് . അതിലെ ഹോളും കിടപ്പുമുറിയും അടുക്കളയും ഡൈനിങ്ങ് റൂമും എല്ലാം ആ കുടിലിന്റെ ഉള്ളിലെ വിശാലമായ ഹോൾ തന്നെ . 

   ഏകദേശം അഞ്ചു പത്തു മിനുറ്റ് കഴിഞ്ഞു കാണും അച്ഛൻ ഉറക്കമുണർന്ന് ശാന്തിയേയും വിളിച്ചെഴുന്നേല്പിച്ചുകൊണ്ട് പായിൽ നിന്നും എഴുന്നേറ്റ് അടുക്കളഭാഗത്തേക്ക്  നടന്നു.

 അവിടെ  തറയിൽ മൂടിച്ചിരുന്ന  ബക്കറ്റിന്റെ അടപ്പുമാറ്റി  ഒരു മഗ്ഗിൽ വെള്ളം മുക്കിയെടുത്ത്‌  എന്റെ  അടുത്തായി തറയിൽ കൊണ്ട് വച്ചു   .

 ആനി അച്ഛൻ കൈകൊണ്ട് പല തവണ തട്ടി വിളിച്ചു  "എടാ... എഴുന്നേറ്റു പോകുന്നുണ്ടോ.... പഠിക്കുന്ന കുട്ടിയാ.... എന്താകഥ... ".  

ഞാൻ അപ്പോഴും  ദീർഘസുഷുപ്തിയിലായിരുന്നൂ. കുറച്ചു നേരം കൂടി അദ്ദേഹം ആ പ്രവർത്തി തുടർന്നു . 
അപ്പോഴേക്കും അദ്ദേഹത്തിന്റെ  ക്ഷമനശിച്ചു കഴിഞ്ഞിരുന്നൂ . പിന്നീട് തറയിൽ നിന്നും മഗ്ഗ് കൈയിലെടുത്ത് എന്റെ മുഖത്തേക്ക് ചാറ്റൽ മഴ കണക്ക് അദ്ദേഹം വെള്ളം തളിക്കാൻ തുടങ്ങി .

 ഞാൻ  സുഷുപ്തിയിൽനിന്നും ഉണർന്ന് ഭാരമേറിയ  കൺപോളകൾ പതിയേ വലിച്ചു തുറന്നുകൊണ്ടു   അച്ഛനെ ദയനീയമായി ഒന്ന് നോക്കി. ചുണ്ടിന്റെ അരികിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ കൈകൊണ്ടു വടിച്ചു മാറ്റിക്കൊണ്ട് ഞാൻ പായയിൽ നിന്നും എഴുന്നേറ്റ്   വരാന്തയിലേക്ക് നടന്നൂ. എന്റെ കണ്ണുകൾ ആകാശസീമയിൽ അപ്പോഴും ഇരുട്ടിന്റെ കമ്പളം ആദിത്യന് വഴിമാറിയിരുന്നില്ല . ഞാൻ  മുഖം കഴുകി വൃത്തിയാക്കി ഉറക്കിനെ പറഞ്ഞയച്ച ശേഷം തിരിച്ചു നടന്നു .

മുറിയുടെ ഒരു മൂലയിൽ വച്ചിരുന്ന ഇരുമ്പു പെട്ടിയുടെ അരികിൽ ഞാൻ ചെന്ന് കുന്തിച്ചിരുന്നൂ  . ഞാൻ ആ  പെട്ടി തുറന്ന് പുസ്തകങ്ങൾ ആ പെട്ടിയുടെ പുറത്ത് നിരത്തി വച്ചു . പിന്നീട് അടുക്കളയിലേക്ക്  ചെന്ന് മരത്തിന്റെ ഇരിപ്പിടം  എടുത്തു കൊണ്ടു വന്ന് പെട്ടിക്കു അരികിലായി ചെന്നിരുന്നൂ .  അതിനിടയിൽ 'അമ്മ ഒരു മണ്ണെണ്ണ വിളക്കുമായി അടുക്കളയിൽ നിന്നും വന്ന്  എന്റെ മുന്നിലെ പെട്ടിയുടെ മുകളിൽ കയറ്റി വച്ചു . ഇതാണ് എന്റെ മേശയും മേശ വിളക്കും . ആ മുറിയാകെ   വെളിച്ചം  പരന്നെങ്കിലും ആ വിളക്കിന്റെ കണ്ണാടി കുഴലിലൂടെ മണ്ണെണ്ണയുടെ തിരികത്തിയ രൂക്ഷ ഗന്ധം അതിലെ കറുത്ത പുകയോടൊപ്പം  ഉയരാൻ തുടങ്ങി .

ഞാൻ എന്റെ സ്ലൈറ്റെടുത്ത്  തലേദിവസം ടീച്ചർ ഏൽപ്പിച്ച ഗൃഹപാഠം ചെയ്യാൻ തുടങ്ങി . നേരം കടന്നുപോയിക്കൊണ്ടേ ഇരുന്നൂ .  അപ്രതീക്ഷിതമായി പെയ്ത മഴയ്ക്ക്  പശ്ചാത്തലമൊരുക്കാൻ  കാറ്റിനും ഇടിമിന്നലിനും  കൂട്ടിനു ചേർന്നു .  എനിക്ക് വല്ലാതെ കുളിരാൻ തുടങ്ങി .  അടുക്കളയിലേക്ക് നോക്കി ഞാൻ " അമ്മെ ചായ താ .. എനിക്ക് തണുക്കുന്നൂ " എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ഉമ്മറ വാതിൽ  മലർക്കെ തുറന്നുകിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . ഞാൻ തണുത്തു വിറച്ചുകൊണ്ട് ഓടിപ്പോയി വാതിൽ ചാരി തിരിച്ചു വന്ന് എന്റെ പ്രവർത്തിയിൽ മുഴുകി .  

 ചെറിയ ചാറ്റൽ മഴയായി തുടങ്ങി അധികം കഴിയും മുമ്പേ അത് തന്റെ രൗദ്രഭാവം പൂണ്ട് സംഹാരതാണ്ഡവം തുടങ്ങി .ഞങ്ങളുടെ  കുടിലിന്റെ മേൽക്കൂരയിലെ സുഷിരങ്ങളിലൂടെ  വെള്ളത്തുള്ളികൾ തറയിലേക്ക് ഇറ്റിറ്റു വീഴാൻ തുടങ്ങി . എന്റെ മുഖത്തും സ്ലേറ്റിലും മഴത്തുള്ളികൾ പതിച്ചു . കാറ്റിന്റെ ശക്തിയാൽ  അവന്റെ മുഖത്തും സ്ളേറ്റിലും  പതിച്ചു കൊണ്ടിരുന്നൂ. കാറ്റിന്റെ തലോടേറ്റ്‌ അപ്പോഴേക്കും  വിളക്കിലെ തീനാളം നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നൂ .

അപ്പോഴേക്കും വീടിന്റെ ഉള്ളിൽ പലയിടങ്ങളിലായി മേൽക്കൂരയിലെ സുഷിരത്തിലൂടെ  വെള്ളം ഇറ്റിറ്റുവീങ്ങാൻ തുടങ്ങിയിരുന്നൂ .  അഛൻ എവിടെനിന്നും ബക്കറ്റും പ്ലേറ്റും മറ്റും എടുത്തുകൊണ്ടുവന്ന് ചോർച്ചയുള്ള ഇടങ്ങളിൽ നിർത്തിവയ്ക്കുന്നുണ്ടായിരുന്നൂ .
തുടരും 





 കാര്യങ്ങളും മറ്റുമായി 
 ചേച്ചിയുടെ വിവാഹത്തിന്റെ  
 
 ഈ മണലാരണ്യത്തിലെ എന്റെ കൂട്ട്  എന്റെ കുടുംബമാണ് . നേരത്തെ സ്വപ്നത്തിൽ കണ്ട തുളസിയെ അല്ല ഞാൻ വിവാഹം ചെയ്തത് . എന്റെ സഹധർമ്മിണിയുടെ  പേര് സാന്ദ്ര ജേക്കബ്  എന്നാണ് . കാഞ്ഞിരപ്പള്ളിക്കാരി ഒറിജിനൽ നസ്രാണി പെണ്ണാണ് സാന്ദ്ര .
അവളെ  ഞാൻ പരിചയപ്പെട്ടതും വിവാഹത്തിൽ കലാശിച്ചതും മറ്റും ഓർക്കുമ്പോൾ  ശരിക്കും നെഞ്ചിനുള്ളിൽ ഒരു കാളലാണ്.

എങ്കിലും നാട്ടിലും വീട്ടിലും എല്ലാരും എന്നെ രഘു എന്നാണ് സ്നേഹത്തോടെ വിളിക്കാറ് . സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും  സിവിൽ എഞ്ചിനീയറിംഗ്  പാസ്സായ ഞാൻ ഇന്ന് ജോലിക്കു വേണ്ടി പല പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുന്നൂ . 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...