കടംവാങ്ങാൻ ആളുണ്ടേ
എം. പി. എസ്സ് . വീയ്യോത്ത്
മഹാമാരി വഴിമാറിയ നമ്മുടെ ദേശത്തെ ആഘോഷങ്ങൾക്ക് ആവേശം ഏറിയിരിക്കുന്നൂ എന്നത് വളരെ ശരിയാണ് .
അതിനിടയിലേക്കു കടന്നു വന്ന ഞങ്ങളുടെ ചക്കരംകടവ് പരദേവതാ ക്ഷേത്രോത്സവത്തിൻ്റെ ആദ്യ പകലിലെ കാഴ്ചവട്ടങ്ങൾ ഞാൻ ശരിക്കും അന്ന് ആസ്വദിക്കുകയായിരുന്നൂ .
ജീവിതത്തിലെ നല്ലൊരു കാലഘട്ടം പ്രവാസിയായി കഴിഞ്ഞ എനിക്ക് ഇത്തരത്തിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പോലും ഇതുവരെ കരുതിയിരുന്നില്ല . അതിനാൽ മനസ്സ് സന്തോഷാധിക്യത്താൽ തുടിക്കുന്നത് ഞാൻ അറിഞ്ഞു . ചെണ്ടമേളത്തിന്റെ താളത്തിൽ ഞാൻ പലപ്പോഴും എന്നെ തന്നെ മറന്നു എന്ന് തന്നെ പറയാം .
ഒത്തിരിക്കാലം കാടുപിടിച്ചു നിലകൊണ്ട ക്ഷേത്ര പരിസരം ഇന്ന് പഴമയുടെ ആ പ്രൗഢി വീണ്ടെടുത്തിരിക്കുന്നൂ .
ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് മറ്റു ചില പ്രത്യേകതകൾ കൂടി ഉണ്ട് അതിൽ പ്രധാനം മത മൈത്രി തന്നെയാണ് . ഇന്നും ഇവിടുത്തുകാർ മനസ്സിൽ ഇത്തരം ചിന്തകൾ മുറുകെ പിടിച്ചിരിക്കുന്നൂ
ഇവിടുത്തെ ഉത്സവം ആരംഭിക്കുന്നത് തന്നെ ക്ഷേത്രപരിസരത്തു സ്ഥിതിചെയ്യുന്ന അഹമ്മദ് ഹാജിയുടെ വീട്ടിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവരുന്ന പട്ടും വളയും ദേവീ വിഗ്രഹത്തിൽ ചാർത്തുന്നതോടുകൂടിയാണ് .
ആ ചടങ്ങിന് പിന്നിലും പല പല ഐതിഹ്യ കഥകൾ നാട്ടിൽ പ്രചരിക്കുന്നു എങ്കിലും . എന്റെ മനസ്സിൽ ഓർമ്മവരുന്ന കഥ ഇപ്രകാരമായിരുന്നൂ
പണ്ട് പണ്ട് അതി ശക്തമായ മഴയും കാറ്റും തിമർത്തു പെയ്യുന്ന ഒരു രാത്രി മഴയിൽ കുളിച്ചു ഒരു യുവതി ആ വീട്ടു വരാന്തയിൽ കയറി വന്നു . അവരെ ആ കുടുംബത്തിലെ മുത്തശ്ശി വീട്ടിനുള്ളിലേക്ക് സ്വീകരിച്ചു കൊണ്ടുപോയി . ആ യുവതിക്ക് കുളിച്ചു മാറാൻ മുണ്ടും തോർത്തും അവർ എടുത്തു നൽകി . കുളി കഴിഞ്ഞു വന്ന ആ യുവതിയുടെ മുഖകാന്തി ദർശിച്ച മുത്തശ്ശി കയ്യിലെ സ്വർണവള ഊരി അവർക്ക് നൽകി . അത്ഭുതമെന്നു പറയട്ടെ പെട്ടെന്ന് തന്നെ മഴ വഴി മാറി , ആ യുവതി പുഞ്ചിരിച്ചുകൊണ്ട് വീട്ടിൽ നിന്നും പടിയിറങ്ങി ഇറങ്ങി മുറ്റത്തെ കടുക്കാച്ചി മാവിനരികിലേക്കു നടന്ന് . അവിടെ വച്ച് അവർ തന്റെ വിശ്വരൂപം മുത്തശ്ശിക്ക് കാട്ടിക്കൊടുത്തു . ആ ഈശ്വര രൂപം കുടുംബത്തെ അനുഗ്രഹിച്ച ശേഷം അപ്രത്യക്ഷയായി എന്നുമാണ് ഐതിഹ്യം . അതിനു ശേഷം ആ കടുക്കാച്ചി മാവിനരികിൽ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം ഒരു ക്ഷേത്രം ഉയർന്നു .
അന്ന് മുതൽ ഇക്കാലമത്രയും ആ വീട്ടിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ട് വരുന്ന പട്ടും വളയും ദേവീ വിഗ്രഹത്തിൽ ചാർത്തിയേ ക്ഷേത്രോത്സവം ആരംഭിക്കാറുള്ളൂ. അങ്ങനെയായാലേ ദേവി പ്രസാദിക്കുള്ളു എന്നതാണ് ആ ദേശക്കാരുടെ വിശ്വാസം .
ക്ഷേത്രോത്സവത്തിലും ജാതി മത വേർതിരിവുകൾ എങ്ങും ഞാൻ കണ്ടില്ല . നമ്മുടെ നാട്ടിൽ മതസ്പർദ്ധ വോട്ടായി വളർത്താൻ പലരും ശ്രമിക്കുമ്പോഴും ഇവിടുത്തുകാർ മാത്രം അതിൽ നിന്നും വേറിട്ട് ചിന്തിക്കുന്നൂ എന്നതാണ് സത്യം .
അന്ന് ഉച്ചയോടെ നടന്ന ഇളനീർ വരവിലും രാത്രിയിലെ പൂക്കലശത്തിലും പതിവിലും ജനനിബിഢമായി കാണപ്പെട്ടു . ആ അന്തരീക്ഷം കദിന വെടിയുടെയും പടക്കങ്ങളുടെയും ശബ്ദങ്ങളിൽ തുടങ്ങി വഴിവാണിഭ ക്കാരനിലൂടെ പമ്പരക്കളിവരെ എങ്ങും ശബ്ദഘോഷങ്ങളിൽ മുങ്ങിയിരുന്നൂ .
അമ്പലത്തിലെ പരദേവതാ തെയ്യവും കുട്ടിച്ചാത്തൻ തെയ്യവും ഗുളികൻ തെയ്യവും കനലാട്ടവും അമ്പലമുറ്റത്ത് ചെണ്ടതാളത്തിലും ജനക്കൂട്ടത്തിന്റെ ആർപ്പുവിളിയിലും പതിവിലും ശബ്ദായമാനമായിരുന്നൂ .
അമ്പല പരിസരത്ത് നിന്നും ഇടവിട്ട് ഉയർന്നുകേട്ട കതിന വെടിയോടെ ചെണ്ടമേളം ആരംഭിച്ചപ്പോൾ അതുവരെ വ്യക്തമായി കേട്ട പരസ്യ പ്രക്ഷേപണം ആ ശബ്ദഘോഷത്തിൽ എങ്ങോ അലിഞ്ഞില്ലാതെയായി. അതിനിടയിലാണ് എന്റെ സുഹൃത്തായ ദിനേശൻ ഞങ്ങളോട് ഒന്നും പറയാതെ എങ്ങോട്ടോ നടന്നകന്നത് ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തി .
കാര്യമറിയാതെ ജനക്കൂട്ടത്തിലൂടെ നടന്നു അവൻ്റെ വരവും പ്രതീക്ഷിച്ച് മുമ്പിൽ കണ്ട ആൽത്തറയിൽ ചെന്നിരുന്നപ്പോൾ ഞങ്ങളുടെ മുമ്പിൽ സമയച്ചക്രം അതിവേഗം മുന്നോട്ട് തിരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നൂ. ദിനേശന്റെ വരവും പ്രതീക്ഷിച്ചു് ചുറ്റും കണ്ണോടിച്ച ഞങ്ങൾ മൈക്കിലൂടെ ഉച്ചത്തിൽ
"മുതുപ്പറയിൽ നിന്നും വന്ന കാരയ്ക്കൽ പ്രവീണിനേയും കാത്ത് സുഹൃത്ത് ദിനേശൻ കമ്മറ്റി ഓഫീസിൽ കാത്തുനിൽക്കുന്നു"
ആരോ വിളിച്ചു പറയുന്നത് ശ്രദ്ധിച്ചത് . അത് ശരിക്കും ഞങ്ങളിൽ ചിരി പടർത്തി എന്ന് തന്നെ പറയാം കാരണം ദിനേശൻ്റെ കൈയ്യിൽ നിന്നും പണവും കടം വാങ്ങി മൂന്ന് വർഷമായി മുങ്ങി നടന്ന പ്രവീൺ ഇന്നത്തെ നാടകത്തിൽ അഭിനയിക്കാൻ വന്നിട്ടുണ്ട് എന്നറിഞ്ഞിട്ട് തന്നെയാണ് അവൻ ഞങ്ങളെയും കൂട്ടി ഇവിടെ വന്നത് . അങ്ങനെ മെല്ലെ ആൽത്തറയിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്ന ഞങ്ങളുടെ മുമ്പിൽ നിന്ന രണ്ടു പേരെ ഞങ്ങൾ ആ അരണ്ട വെളിച്ചത്തിലും തിരിച്ചറിഞ്ഞു . അതിൽ ഒരാൾ പ്രവീണും മറ്റെയാൾ ദിനേശനും ആയിരുന്നൂ . പ്രവീൺ തന്റെ പോക്കറ്റിലെ ഒരു കേട്ട് നോട്ടുകൾ ഞങ്ങളുടെ മുമ്പിൽ വച്ച് ദിനേശന് കൈമാറുമ്പോൾ ആ മുഖത്ത് കോപം താളം കെട്ടിനിന്നത് ഞാൻ ശ്രദ്ധിച്ചു . ദിനേശൻ അവന്റെ മുഖത്ത് നോക്കി
"പ്രവീണേ അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞു നീ മൂന്നു കൊല്ലമായി എന്നെ പൊട്ടനാക്കി വട്ടം കറക്കുന്നൂ , എന്റെ സഹോദരിക്ക് വീടുവെക്കാൻ വേണ്ടി കൊടുക്കാൻ വച്ച പണമായിരുന്നൂ ഇത് . ഇത് കാരണം ഞാൻ അവളുടെ മുമ്പിൽ തെറ്റുകാരനായി . അന്ന് ഒരാഴ്ചകൊണ്ട് തരാം എന്ന് പറഞ്ഞു പോയ നീ പല കുറി എന്നെ കണ്ടു മുങ്ങി നടന്നു . ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണക്കാരൻ താൻ തന്നെ യാണ്. സമയം കിട്ടുമ്പോൾ ശരിക്കും ഒന്ന് കൂട്ടിക്കിഴിച്ചു നോക്കുന്നത് നല്ലതാണു . എന്നാൽ പറഞ്ഞപോലെ "
എന്നും പറഞ്ഞു ഞങ്ങളോടൊപ്പം നടന്നു നീങ്ങുമ്പോൾ വല്ലാതെ ഭീതി എന്നിൽ പടർന്നത് ഇന്നും ഞാൻ മനസ്സിലാക്കുന്നൂ .
നാട്ടിൽ കടം വാങ്ങി മുങ്ങിനടക്കുന്നവരിൽ തിരിച്ചുകൊടുക്കാൻ മനസ്സുള്ളവർ വിരളമാണ് എന്നതാണ് സത്യം .
എല്ലാവര്ക്കും സുഖിക്കണം അത് മറ്റുള്ളവരുടെ പണത്തിൽ ആയാൽ ബഹുകേമം . എന്താ ശരിയല്ലേ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ