2017 നവംബർ 16, വ്യാഴാഴ്‌ച

തിരോധാനം

തിരോധാനം
എം.പി എസ് വീയ്യോത്ത് 

ഞായറാഴ്ച്ചയിലെ കുറുബാന കഴിഞ്ഞു ആളുകള്‍ പള്ളിയില്‍ നിന്നും ഇറങ്ങി തുടങ്ങിയിരിക്കുന്നു. ചിലര്‍ വിശേഷങ്ങള്‍ പങ്കുവച്ചും മറ്റുചിലര്‍ നിശബ്ദരായും ആ വലിയ മുറിയില്‍നിന്നും പുറത്തേക്കിറങ്ങി കൊണ്ടിരുന്നു. അതിനിടയിലൂടെ ആള്‍കൂട്ടത്തില്‍ ആരെയോ തിരഞ്ഞുകൊണ്ട്‌ അവനും പുറത്തേക്കിറങ്ങി. വെളുത്തു സുമുഖനായ അവന് ഉദ്ദേശം പതിനെട്ടു വയസ്സ് പ്രായം വരുമെന്നു തോന്നുന്നു. അവന്റെ മുഖത്ത് ഒരു നിരാശ കളിയാടിയിരുന്നു. തലതാഴ്ത്തി ആ ദേവാലയത്തിന്റെ പടികളുടെ അടുത്തേക്ക് നടക്കുമ്പോള്‍ ആരോ പിന്നില്‍ നിന്നും അവനെ തൊട്ടു വിളിച്ചു . ആ നിന്നെ വിളിച്ചുകൊണ്ടു ചെല്ലാന്‍ പറഞ്ഞു എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. അവന്‍റെ കാലുകള്‍ ഏതോ മായജാലമെന്നോണം അയാളെ പിന്തുടരാന്‍ തുടങ്ങി. അയാള്‍ പള്ളിയുടെ സമീപത്തുള്ള പൂന്തോട്ടത്തിലൂടെ കുറച്ചു ദൂരേക്ക്‌ നടന്നു. അവിടെ അവരുടെ വരവും പ്രതീക്ഷിച്ചു അവിടെ മുറിയുടെ  മുന്നിലായി കാലുവരെ മൂടുന്ന വെള്ളവസ്ത്രവും ധരിച്ചു സുന്ദരമായി ചിരിച്ചുകൊണ്ട് ആ ദേവാലയത്തിലെ പുരോഹിതന്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ അടുത്തെത്തിയപ്പോലെ അദ്ദേഹം അവന്റെ ചുമലില്‍ കൈവച്ചു തന്നിലേക്ക് ചേര്‍ത്ത് പിടിച്ചുകൊണ്ട്  തോട്ടത്തിലേക്ക് നടന്നു. ആ നടത്തത്തിനിടയില്‍ അദ്ദേഹം സൌമ്യസ്വരത്തില്‍  കൊച്ചനെ നീ ഏതാസാധാരണ പള്ളിയില്‍ കാണാറില്ലല്ലോഎന്ന് ചോദിച്ചു. അവന്‍ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ടു പിതാവേ ഞാന്‍ തോമസ്‌ മാഷിന്റെ മകന്‍ ജോസ് നാട്ടുകാര്‍ തലതിരിഞ്ഞ വിത്താണെന്ന് വിളിക്കുന്ന കുഞ്ഞിടയനാണ്,  ആദ്യമായിട്ടാ പള്ളിയില്‍ വരുന്നേ, അതും ഇന്നലെ പള്ളിയില്‍ വച്ച് കണ്ട ആ കുട്ടിയെ കാണാന്‍ വന്നതായിരുന്നു, എന്തുചെയാം ഭൂമി കറങ്ങുന്നത് കൊണ്ട് എവിടെയെങ്കിലും വച്ച് കാണാന്‍ പറ്റുമായിരിക്കും അല്ലെ ?“ എന്ന് മറുപടിയും പറഞ്ഞു. അവന്റെ സരസമായ മറുപടി അദേഹത്തിനു നന്നെ ബോധിച്ചു എന്ന് തോന്നുന്നു . തുടര്‍ന്നുള്ള സംസാരത്തിനൊടുവില്‍ അവന്‍ അദ്ദേഹവുമായി നല്ല ചങ്ങാത്തതിലുമായി. അവന്റെ മനസ്സിലിരിപ്പും മറ്റും അദ്ദേഹത്തോട് വിശദീകരിച്ചു പറഞ്ഞു.  തുടര്‍ന്നുള്ള സംസാരത്തിനിടയില്‍  അവന്‍ അദ്ദേഹത്തോട് ചോദിച്ചു ഏതായാലും താങ്കളോട് എല്ലാം തുറന്നു പറഞ്ഞല്ലോ ഞാന്‍ ഇനി എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ”. അതിനു മറുപടിയായി ആകാശത്തുനോക്കി കര്‍ത്താവെ അറിയാതെ ഒരു വലിയ കുരിശാണല്ലോ നീ എന്റെ മുതുകില്‍ വച്ചുതന്നത്. പിന്നെ അവന് നേരെ നോക്കി നീ പോയേ വന്നു വന്നു എന്നെക്കൊണ്ട് നീ ഹംസത്തിന്റെ പണിയും കൂടി ചെയ്യിപ്പിക്കാനുള്ള പുറപ്പാടാണ് അല്ലെ എന്നും പറഞ്ഞു തിരിഞ്ഞു നടന്നു. ആ നടത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ മുഖത്തെ ചിരിതെളിഞ്ഞു കാണാമായിരുന്നു.കുറച്ചുസമയത്തെ ഇടവേളയ്ക്കു ശേഷം പുരോഹിതന്‍ അദ്ധേഹത്തിന്റെ മുറിയിലേക്ക് നടന്ന് കയറി. പിന്നെ എന്തോ ആലോചിച്ച് അദ്ദേഹം മുറിയില്‍നിന്നും ബാല്‍ക്കണിയിലേക്ക് നടന്ന് പള്ളിയുടെ വശത്തേക്ക് നോക്കി. അപ്പോള്‍ അവന്‍ പടികള്‍ തിരിച്ചിറങ്ങി തുടങ്ങിയിരുന്നു, അദ്ദേഹം അവനെ കൈകൊട്ടി മാടി വിളിച്ചു . അവന്‍ ഇറങ്ങിക്കൊണ്ടിരുന്ന പടവുകള്‍ നടത്തം നിറുത്തി ശബ്ദം കേട്ട ദിക്കിലേക്ക് തലതിരിച്ചുനോക്കി . പുരോഹിതന്‍ ചിരിച്ചുകൊണ്ട് അവനെ മാടി വിളിച്ചുകൊണ്ടു ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ് അവന്‍ കണ്ടത്. അതുവരെ നിരാശപരന്നിരുന്ന അവന്റെ മുഖത്ത് സന്തോഷം കളിയാടാന്‍ തുടങ്ങി. എന്തോ അദ്ദേഹം തീര്‍ച്ചയായും വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്പോലെ അവന്‍ സന്തോഷത്തോടെ ആ പടികള്‍ ഓടിക്കയറി തുടങ്ങി . അപ്പോഴേക്കും അദ്ദേഹം ബാല്‍ക്കണിയില്‍നിന്നും മുറിക്കകത്തേക്ക് കയറിയിരുന്നു.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുറിയുടെ വാതിലില്‍ ഒരു മുട്ടുകെട്ട് പുരോഹിതന്‍ വാതില്‍ മലര്‍ക്കെ തുറന്നു അപ്പോഴതാ ചിരിച്ചുകൊണ്ട് അവന്‍ മുന്നില്‍ നില്‍ക്കുന്നു.അദ്ദേഹം അവനോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അവന്‍ അത് അക്ഷരം പ്രതി അനുസരിച്ചു അതിനിടയില്‍ ചുമരില്‍ പതിച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ അവന്റെ കണ്ണുകള്‍ സഞ്ചരിച്ചു തുടങ്ങി. ഇതിനിടയില്‍ അകത്തുനിന്നും ഒരാള്‍ ചായ കൊണ്ട് വന്നു അവന് കൊടുത്തു. ചൂടുചായ ഊതിക്കുടിച്ചുകൊണ്ട്‌ ഇരുന്നപ്പോള്‍ പുരോഹിതന്‍ അവനെ അയാള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു  തോമാച്ചന് ഇവനെ മനസ്സിലായോ?”  “ഇല്ല എന്ന് അയാള്‍ മറുപടിയും പറഞ്ഞു. പിന്നെ അല്പസമയത്തെ നിശബ്ദടയ്ക്കുശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി ഇവന്‍ നമ്മുടെ കച്ചേരി പറമ്പില്‍ തോമസ്സ് മാഷുടെ ഏക മകനാ പറഞ്ഞിട്ടെന്താ പഠിക്കുന്ന കാലത്തെ കൂടുകെട്ടും മറ്റ്  ദുശ്ശീലങ്ങളും നാട്ടുകാരുടെ അല്ലെങ്കില്‍ ഇവന്‍ പറയുന്നപോലെ  നാട്ടിനും വീട്ടിനും ഉപകാരമില്ലാത്തവനാക്കി മാറ്റി. മാഷ്‌ മരിച്ചതോടെ ഇവന്റെ പഠിപ്പും അവതാളത്തിലായി.ഏതായാലും ഞാന്‍ ഇവന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പോവുകാ. ആ ഇവന്റെ  ഇമേജ് ആകെ ഒന്ന് മാറ്റാനുള്ള പരിപാടിയിലാ, ഇനി പണ്ട് നിറുത്തിയിടത്തുനിന്നും പഠനം വീണ്ടും
ആരംഭിക്കുന്നു. അതിനുള്ള എല്ലാ സഹായവും എന്റെയും പള്ളിയുടെയും വകയായി  നല്‍കാന്‍ പരമാവധി ശ്രമിക്കും.പിന്നെ ഇതെല്ലം കേട്ടുകൊണ്ട് ചിത്രങ്ങള്‍ നോക്കി നടന്നുകൊണ്ടിരുന്ന അവനെ നോക്കി നോക്കട്ടെ ബാക്കി എല്ലാം നമുക്ക് ഒന്ന് ശരിയാക്കിയെടുക്കണം എന്താ?” എന്ന് ചോദിച്ചു. അവന്റെ കണ്ണിലെ സന്തോഷം നിറഞ്ഞ ആ തിളക്കം അദ്ദേഹം കണ്ടെന്നു തോന്നുന്നു. പിന്നെ അവന്റെ നേരെ തിരിഞ്ഞു കൊണ്ട് അതുപോലെ ജോസെ ഇത് എബ്രഹാം നമ്മുടെ പള്ളിയിലെ കപ്പ്യാരാ, കേട്ടോ  എന്ന് പറഞ്ഞു. അവന്‍ ചിരിച്ച്കൊണ്ട് എബ്രഹാമിനെ തലയാട്ടി കാണിച്ചു.  പെട്ടെന്നാണ് അവന്റെ കണ്ണുകള്‍ അവിടെ തൂക്കിയിട്ട ചിത്രങ്ങളില്‍ ഒന്നില്‍ ഉടക്കിയത്.  അവന്‍ ആ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അയാളോട് ചോദിച്ചു പിതാവേ ഇതാരുടെ ഫോട്ടോയാ?”. അച്ചന്‍ മെല്ലെ നടന്ന് അങ്ങോട്ടേക്ക് വന്ന്കഴുത്തില്‍ തൂങ്ങിക്കിടന്ന കണ്ണട കൈകൊണ്ട് കണ്ണിലേക്കു ചേര്‍ത്തുവച്ചു സൂക്ഷിച്ചുനോക്കി. ആ ചിത്രത്തില്‍ ഒരു പെണ്‍കുട്ടി മൈക്കിനടുത്ത്  നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം അങ്ങനെ നോക്കിയശേഷം അദ്ദേഹം  പറഞ്ഞു ഹാ.. ഇത് നമ്മുടെ വര്‍ഗ്ഗീസ് മുതലാളിയുടെ മോളാ പേര് ആലീസ് അല്ലെ , എന്താ നീ ചോദിച്ചേ ഈ കുട്ടിയെ നേരത്തെ അറിയോ? “ അവന്റെ വിടര്‍ന്ന കണ്ണുകളിലെ തിളക്കത്തില്‍നിന്നും അച്ചനു കാര്യം പിടികിട്ടി. പിന്നെ ചിരിച്ചുകൊണ്ട് അവന്റെ ചെവിയില്‍ പിടിച്ചു മെല്ലെ തിരിച്ചുകൊണ്ടു പറഞ്ഞു അപ്പൊ പുളിങ്കൊമ്പിലാണ് മോന്‍ പിടിച്ചിരിക്കുന്നെ അല്ലെ ? കൈകാല്‍ ഓടിയാതിരിക്കാന്‍ കര്‍ത്താവ് കാക്കട്ടെ. നിന്റെ കൂടെ ക്കൂടി എനിക്കും അടികിട്ടുമോന്നാണ് ഇപ്പോള്‍ എനിക്ക് പേടി.
അങ്ങനെ കാലങ്ങള്‍ കടന്ന് പോയിക്കൊണ്ടിരുന്നു , ജോസ്സിന്റെ തുടര്‍ പഠനം പള്ളിവക കോളേജില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ പള്ളിയിലേക്കുള്ള പടവുകള്‍ കയറുമ്പോളാണ് ആലീസിനെ ഒരു നീണ്ട ഇടവേളയ്ക്ക്ശേഷം യാദൃശ്ചികമായി കണ്ടുമുട്ടിയത് . അവന്റെ നാവുകള്‍ വരളുന്നതുപോലെ തോന്നി പറയാന്‍ മനസ്സില്‍ കരുതിവച്ച വാക്കുകള്‍ അത്രയും മാഞ്ഞുപോയത്പോലെ അവന് അപ്പോള്‍ തോന്നി. പിന്നീടുള്ള ദിനങ്ങളില്‍ അവന്‍ അവളെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ ഓരോന്നായി ഉണ്ടാക്കിയെടുത്ത് കൊണ്ടിരുന്നു. ആദ്യമൊക്കെ അവളുമായി അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവനില്‍നിന്നും അവള്‍ ഒഴിഞ്ഞുമാറിനടക്കാന്‍ തുടങ്ങി . അങ്ങനെയിരിക്കെ ഒരു ദിവസം ബാല്‍ക്കണിയില്‍നിന്നും പുറത്തേക്ക് നോക്കിക്കൊണ്ട്‌ നില്‍ക്കുമ്പോളാണ് അച്ചന്‍ നിനച്ചിരിക്കാതെ അവന്റെ കാമുകന്റെ റോളിലെ അഭിനയം വ്യക്തമായി കണ്ടത്. കുറച്ചുസമയം അവരുടെ ചെയ്തികള്‍ നോക്കി ആസ്വദിച്ചുനിന്നശേഷം അച്ചന്‍ ഇരുവരെയും കൈകൊട്ടി വിളിച്ചു എന്നിട്ട് അവരോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ടു മുറിയിലേക്ക് നടന്നു. അവള്‍ മടിച്ചുമടിച്ച് അച്ചന്‍ അടുത്തെത്തുന്നത് വരെ കുറച്ചകലെ മാറിനിന്നു, അപ്പോഴേക്കും അച്ചന്‍ അവരുടെ അരികിലേക്ക് നടന്നെത്തി. പിന്നെ ജോസിനെ നോക്കി എടാ നിനക്ക് പ്രേമിക്കാനറിയില്ല അതും ഞാന്‍ തന്നെ പഠിപ്പിച്ചു തരണോ?” എന്ന് ചോദിച്ചപ്പോള്‍ അതുവരെ ശ്വാസം പിടിച്ച് നിന്ന ആലീസിന്റെ മുഖത്ത് ചിരി വിടര്‍ന്നു. അവള്‍ അച്ചനെനോക്കി ചോദിച്ചു അപ്പൊ അച്ചന്‍ പ്രണയിക്കാനും പഠിപ്പിക്കുന്നുണ്ടോ?” ആ ചോദ്യത്തില്‍ ശരിക്കും അച്ചന്‍ കുറച്ചുനേരത്തേക്ക് നിശബ്ദനായി.  പിന്നെ കുറച്ചു സമയത്തേക്ക് അവരുടെ ഇടയില്‍ ഒരുതരം ശൂന്യത പരന്നു. അപ്പോഴാണ്‌ അവള്‍ സംസാരിച്ചു തുടങ്ങിയത് എനിക്ക് ഈ ജോസിനേ പേടിയാ, അച്ചനറിയാമോ    തോമസ്സ് മാഷ് എവിടെപ്പോയെന്ന്, ആർക്കുമറിയില്ല പക്ഷെ നാട്ടുകാർ പറയുന്നു മാഷേ ജോസ്സ് ദുരൂഹമായ ഏതോ സാഹചര്യത്തിൽ കൊലചെയ്‌തെന്ന്
അത് കേട്ട് ഒരു ഭ്രാന്തനെപ്പോലെ ആയിമാറിയ ജോസിനെ വളരെ പണിപ്പെട്ടാണ് അച്ചൻ സമാധാനിപ്പിച്ചു പള്ളിയിലെ ബെഞ്ചിൽ കൊണ്ടിരുത്തിയത്. കപ്പ്യാരെ അവനെ ശ്രദ്ധിക്കാൻ നിർദേശിച്ചു അച്ചൻ പുറത്തേക്കു നടന്നു. അവിടെ കാത്തിരുന്ന ആലീസ് അവളുടെ മനസ്സിലുണ്ടായിരുന്ന മറ്റുള്ളവർക്കറിയാത്ത തോമസ് മാഷിന്റെ മരണവുമായി ബന്ധപ്പെട്ട ആ രഹസ്യം അച്ചനോട് പറയ്യാൻ ആരംഭിച്ചു " അന്ന് ഒരു ഞായറാഴ്ചയായിരുന്നു, തോമസ്സ് മാഷ്  വളരെ സന്തോഷവാനായി കാണപ്പെട്ട ആ ദിവസമാണ്  ജോസിന്റെ സഹോദരിയും ഭർത്താവും വിവാഹം കഴിഞ്ഞു ആദ്യമായി വീട്ടിൽ വന്നുകയറി. അമ്മച്ചി നേരത്തെ അവരെ വിട്ടുപോയതിനാൽ അവരെ വളർത്തി വലുതാക്കിയതിൽ നല്ലൊരു പങ്കും തോമസ്സ്അ മാഷിന്ന്ന് അവകാശപ്പെട്ടതാണ്. വീട്ടിൽ ബനിയനും മുണ്ടും ഉടുത്ത് കസേരയിൽ കിടന്ന് പത്രം വായിച്ചുകൊണ്ടിരുന്ന തോമസ്സ് മാഷ് അവരെ വീട്ടിലേക്കു സന്തോഷത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും  അവധിക്കു വന്ന് സുഹൃത്തേക്ക് പോയ ജോസും വീട്ടിലേക്കു തിരിച്ചെത്തി. അപ്പച്ചൻ കാണാതെ കയ്യിലുണ്ടായിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞു വീട്ടിലേക്കു കടന്നു വന്നപ്പോൾ തോമസ് മാഷ് അവനെ സൂക്ഷിച്ചു ഒന്ന് നോക്കി. അവൻ അത് ശ്രദ്ധിക്കാതെ തലതാഴ്ത്തി അകത്തേക്ക് കയറി ചേച്ചിയെയും അളിയനെയും അടുത്തേക്ക് നടന്നു.അവർ അടുക്കളയിൽ ഒത്തുകൂടി കളിതമാശയില് കടന്നു അതിനിടയിലേക്ക് തോമസ്സ് മാഷ് കയറിവന്നപ്പോൾ. പെട്ടെന്ന് അവിടം നിശബ്ദമായി. പിന്നെ ഉച്ചഭക്ഷണം കഴിഞ്ഞു എല്ലാവരും ചെറിയമയക്കത്തിലേക്ക് കടന്നു.
രാത്രി അടുത്തുതന്നെയുള്ള പള്ളിയിലെ തിരുനാളിനു പോകാനായി ഒരുങ്ങികൊണ്ടു മാഷ് എല്ലാവരെയും വിളിച്ചു. മകളും ഭർത്താവും പിന്നെ വന്നുകൊള്ളാം എന്ന് പറഞ്ഞതിനാൽ അദ്ദേഹം ജോസിനേയും കൂട്ടി തന്റെ സ്റ്റീൽനിറത്തിലുള്ള ആ പഴയ  എവറടി ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുളിലേക്ക് നടന്നു. അദ്ദേഹം മുന്നിലും ജോസ് പിന്നിലായും നടന്നു. ജോസ് തന്നെക്കാൾ വലുതായെങ്കിലും അദ്ദേഹത്തിന് ഇന്നും അവൻ തന്റെ ജോസൂട്ടൻ എന്ന കൊച്ചുകുട്ടി തന്നെയായിരുന്നു. കുട്ടികളിൽ ഇളയവനായതിനാൽ തന്നെ അവൻ അദ്ദേഹത്തിന്റെ പ്രിയപുത്രനുമായിരുന്നു . മുന്നിൽ താളം കെട്ടിയ ഇരുളിനെ കീറിമുറിച്ചു വഴിതെളിച്ചുകൊണ്ട്  ടോർച്ചുവെളിച്ചം അവർക്കു മുന്നിലൂടെ നീങ്ങിക്കൊണ്ടിരുന്നു . പെട്ടെന്ന് എന്ത് സംഭവച്ചെന്നറിയാനാവാത്ത വിധത്തിൽ അത് സംഭവിച്ചു . അപ്രതീക്ഷിതമായി ടോർച്ചും മാഷും കൂടി നിലതെറ്റി താഴേക്കു പതിച്ചു . ഒപ്പം ആരൊക്കയോ ഓടിമറയുന്ന ശബ്ദവും ജോസിന് കേൾക്കാൻ കഴിഞ്ഞു .എന്താണ്  സംഭവിച്ചതെന്നറിയാതെ അവൻ ചുറ്റിലും നോക്കി എങ്ങും കൂരാക്കൂരിരുട്ട് താളം കെട്ടിനിൽക്കുന്നു . ആ അന്തരീക്ഷത്തിനെ കുറച്ചുകൂടി ഭീകരമാക്കാനായി  ചീവിടിന്റെയും അതുപോലെ  ദൂരെനിന്നും നിറുത്താതെ കുരയ്ക്കുന്ന ചില നായ്ക്കളുടെ ശബ്ദവും മാത്രമേ അയാൾക്ക്‌ കേൾക്കാൻ കഴിഞ്ഞുള്ളു. അയാൾ വലിയ വായിൽ നിലവിളിച്ചു , പക്ഷെ ആ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ റബ്ബർതോട്ടത്തിൽ അതാരുകേൾക്കാൻ. കുറേസമയം കഴിഞ്ഞപ്പോൾ അതിലൂടെ വഴിപോയ ആരൊക്കയോ ചിലർ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ഓടിവന്നു കൊണ്ടിരുന്നു . അവരുടെ  ഓട്ടത്തിനിടയിൽ കാലിനടിയിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ   ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു.   

അടുത്തെത്തിയ അവർ കയ്യിലെ ടോർച്ച് നീട്ടി അടിച്ചു അവന് ചുറ്റുമായി സൂക്ഷിച്ചു നോക്കി. പിന്നെ അവർ ജോസിനോട് "എന്താ ജോസേ ശരിക്കും സംഭവിച്ചേ ?" എന്ന് ചോദിച്ചു . ഇടറിയ ശബ്ദത്തിൽ സംഭവത്തെക്കുറിച്ചു പറയാൻ തുടങ്ങിയെങ്കിലും അവനത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല .അവന്റെ ദേഹം തളരുന്നതുപോലെ അവനു തോന്നി. ആ കണ്ണുതുളക്കുന്ന ഇരുളിന്റെ സൂചിമുന ചിലപ്പോഴൊക്കെ ചുറ്റുമെന്താണ് നടക്കുന്നതുപോലും ചിന്തിക്കാൻ അവനു കഴിഞ്ഞില്ല. അവന്റെ അവസ്ഥമനസ്സിലാക്കിയ ആ നല്ലവരായ വഴിപോക്കർ ടോർച്ചുമായി അവിടമാകെ ഒന്ന് വിശദമായി പരിശോധിച്ചു . അപ്പോഴാണ് ആൾപെരുമാറ്റമില്ലാത്ത കുറ്റിക്കാട്ടിൽനിന്നും ആരുടെയോ ഞെരക്കം അവർക്കു കേൾക്കാൻ കഴിഞ്ഞത് . അവർ മൂവരും ആ കുറ്റിക്കാട്ടിനരികിലേക്ക് സൂക്ഷിച്ചു നടന്നു . അപ്പോഴാണ് അവരാ കാഴ്‌ചകണ്ടത് ദേഹമാസകലം വെട്ടേറ്റ് മാഷിന്റെ ഞരക്കവും രക്തത്തിൽ കുതിർന്ന ആ മുഖവും കണ്ട ജോസിന് തന്റെ ദേഹം തളരുന്നത് പോലെ തോന്നി. അവൻ അവിടെ അദ്ദേഹത്തിനരികിലായി ഇരുന്നു . ഈ കാഴ്ച മറ്റുള്ളവരുടെ മനസ്സിലും ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചു .എത്ര ആലോചിച്ചിട്ടും ഈ ക്രൂരതയുടെ കാരണം അവർക്കു കണ്ടെത്താനായില്ല .ആ നാട്ടിലെ നല്ലൊരു പൊതുപ്രവർത്തകനും സർവോപരിപാർട്ടിയുടെ സ്ഥാപക നേതാവുമായ കൂടിയായ മാഷിന് ശത്രുക്കൾ ഇല്ലെന്നത് തന്നെ അവരെ ചിന്തയിലാഴ്ത്തി . അധ്വാനിക്കുന്നവന്റെ പാർട്ടിയുടെ തത്വസംഹിതി ജീവിതത്തിൽ ഇത്രകണ്ട് കാത്തുസൂക്ഷിക്കുന്ന ഒരാളെ ഇന്നത്തെക്കാലത്ത് കണ്ടെത്തുക വളരെ വിഷമമാണ്. അവർ പിന്നൊന്നുമാലോചിച്ചില്ല ജോസിനെയും കൂട്ടി മാഷെയും തോളിലേറ്റി റോഡുവരെ അതിവേഗത്തിൽ നടന്നു . ഒരാൾ ടോർച്ചുതെളിച്ചുകൊണ്ടു മുന്നിലും അതിനു പിന്നിലായി മറ്റെയാൾ മാഷിനെയും കൊണ്ട് വേഗത്തിൽ നീങ്ങി . ജോസിന്റെ മനസ്സിൽ മാഷിനോട് ഇങ്ങനെ ചെയ്തതാരായിരിക്കാം എന്ന ചിന്ത കിടന്ന് വേട്ടയാടാൻ തുടങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളിൽ നടന്ന ഓരോ സംഭവ വികാസങ്ങളും അയാളുടെ മനസ്സിലൂടെ ഒരു സിനിമയിലെന്നപോലെ കടന്നുപോയിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ചിലത് അവന്റെ ചിന്തയിലേക്ക് കടന്നു വന്നു , അത് ഒന്നല്ല രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു .
ഒന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ പാർട്ടി ഐകകണ്ഠമായി തെരഞ്ഞെടുത്തത് മാഷേ ആയിരുന്നു . അന്ന് പാർട്ടി ആപ്പീസിൽ നിന്നും മടങ്ങുമ്പോൾ എതിർ പാർട്ടിക്കാരനായ പ്രമോദ് തമാശയ്ക്കണോന്നറിയില്ല "മാഷേ നിങ്ങളും നിങ്ങളുടെ പാർട്ടിയും ഈ ഇലക്ഷന് ജയിക്കാൻ പോവുന്നില്ല അങ്ങനെ എന്തെങ്കിലും സാഹചര്യം ഉണ്ടാവുകയാണെങ്കിൽ , ചിലപ്പോൾ ഇലക്ഷൻ മാറ്റിവെക്കേണ്ടതായി വരും , നോക്കാം , കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കണോ "എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയപ്പോൾ മാഷുടെ മനസ്സിൽ അറിയാതെ ഒരു ഭയം നിഴലിച്ചിരുന്നു . വിപ്ലവം പ്രസംഗിക്കുന്ന മാഷിനും ഒരു മരണത്തിന്റെ നിഴൽ തന്നെ പിന്തുടരുന്നുണ്ടോ എന്ന് പോലും തോന്നിപ്പോയി . കയ്യിലുള്ള ടോർച്ചിൽനിന്നുള്ള വെളിച്ചം തറയിൽനിന്നും ഉയർന്ന് അറിയാതെ എതിരെ വന്ന അബ്ദുള്ളക്കയുടെ മുഖത്തു തട്ടിയതും അത് അദ്ദേഹം കൈവച്ചു മറച്ചതും മാഷ് പറഞ്ഞറിയാമായിരുന്നു . അത് ചോദിയ്ക്കാൻ പുറപ്പെട്ട ജോസിനെ മാഷ് പലതവണ തടഞ്ഞു .
രണ്ടാമത്തെ സംഭവം ആ ഗ്രാമത്തിൽ വന്ന തുകൽ ഫാക്ടറിക്കെതിരെ ശബ്ദമുയർത്തിയ ആളെന്ന നിലയിൽ പലതവണ ആ കമ്പനിയുടെ മുതലാളി അദ്ദേഹത്തെ പലവിധത്തിൽ ദ്രോഹിച്ചിരുന്നു . സ്നേഹിച്ചു കല്യാണം കഴിച്ച മാഷിന്റെ ഭർത്താവ് പോലും ആ മുതലാളിയുടെ വിശ്വസ്തനും സന്തത സഹചാരിയും ആയിരുന്നു ആയിരുന്നു .അതിനാൽ മകളുടെ ജീവിതം വച്ച് തന്നോട് വിലപേശുമോ എന്നൊരു പേടിയും അദ്ദേഹത്തിനുണ്ടായിരുന്നു
എങ്ങനെ നോക്കിയാലും ശത്രുക്കൾ ചുറ്റുവട്ടത്തുമുണ്ട് എന്ന് മനസ്സിൽ ചിന്തിച്ചു ജോസ്സ് വേഗം നടന്നു . കുറച്ചു സമയത്തെ നടത്തത്തിനൊടുവിൽ അവർ സർക്കാരാശുപത്രിയുടെ പടിക്കലെത്തി . അവിടെയുണ്ടായിരുന്ന കൗണ്ടറിൽ വിവരം പറഞ്ഞപ്പോൾ അങ്ങോട്ട് പോകൂ അയാളെ കാണൂ എന്നീ മറുപടികളാണ് അവർക്കു കിട്ടിയത് . അങ്ങനെ അവിടെ കണ്ട സ്‌ട്രെച്ചറിൽ മാഷേ കിടത്തി തിരിഞ്ഞപ്പോൾ അതാ വരുന്നു പ്രമോദ് . അയാൾ മാഷേ കണ്ടപ്പോൾ തന്നെ അടുത്തുവന്ന് പുച്ഛത്തോടെ മുഖത്തേക്ക് നോക്കി നടന്നു നീങ്ങി. അദ്ദേഹം എതിരെവന്ന നേഴ്സിനോട് എന്തോപറഞ്ഞു കൊണ്ട് ചിരിച്ചു തലയാട്ടി നടന്നു . അയാളുടെ മുഖത്ത് ഒരു എന്തോ നേടിയതിന്റെ സന്തോഷം കളിയാടിയിരുന്നു .

കുറച്ചുസമയത്തേക്ക് മാഷിനെ ആശുപത്രി അധികൃതരിൽ  ആരും തിരിഞ്ഞു നോക്കിയതുമില്ല . അദ്ദേഹം വേദന കടിച്ചമർത്തി കൗണ്ടറിനരികിലായുള്ള സ്‌ട്രെച്ചറിൽ തല അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു ഞരക്കത്തോടെ കിടന്നു. കൗണ്ടറിൽ  ഇരുന്നു കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന  ചിലർക്ക് അത് എന്നത്തേയും പോലെ ഒരു നേരം പോക്കായി മാത്രം മാറി. ജോസ്സും കൂടെവന്നവരും സഹായഹസ്തവുമായി പലരെയും സമീപിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.  അദ്ദേഹം മരിച്ചു കണ്ടാൽ മതിയെന്ന തരത്തിലായിരുന്നു ആശുപത്രിയധികൃതരുടെ ഭാവം , അവരിൽ ചിലർക്ക് പല ആപത്ഘട്ടങ്ങളിലും സഹായം നൽകിയ ആ നല്ല മനുഷ്യനോട് അങ്ങനെ തന്നെ വേണം പെരുമാറാൻ. മനുഷ്യത്ത്വം നിശ്ശേഷം അസ്തമിച്ച ഈ സമൂഹത്തിന്റെ ക്രൂരമായ ഒരു വിനോദമാണല്ലോ മറ്റുള്ളവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുറിവേൽപ്പിക്കുക  എന്നത് തന്നെ.
ക്ഷമയുടെ എല്ലാ പരിധിയും ലംഘിക്കപ്പെട്ടപ്പോൾ ജോസും കൂട്ടരും കൗണ്ടറിൽ ഉണ്ടായിരുന്ന ആളുകളോട് തട്ടിക്കയറി. പിന്നെ അത് ഒരു കയ്യാങ്കളിയിലേക്കു നീളുമെന്നായപ്പോൾ മാഷിന്റെ കയ്യ് ഒന്ന് പൊങ്ങി, ജോസ് അദ്ദേഹത്തിന്റെ അടുത്തേക്കോടി. അവൻ അടുത്തെത്തിയപ്പോൾ അദ്ദേഹം കൈകൊണ്ടു തന്റെ മുഖത്തിനടുത്തേക്ക് കുനിയാൻ ആംഗ്യം കാണിച്ചു . എന്നിട്ടു "മോനെ നീ എന്നെ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോവൂ, ഇവിടെനിന്ന് എനിക്ക് ജീവനോടെ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല " ഇത്രയും പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. ജോസ് വേഗം നടന്ന് ആംബുലൻസ് ഡ്രൈവറെ കണ്ട് സഹകരണ് ആശുപത്രിയിലേക്ക് പോകണം എന്നുപറഞ്ഞു  വിളിച്ചു കൊണ്ട് വരുന്ന വഴി ഒരാൾ വന്നു ആ ഡ്രൈവറെ വിളിച്ചു അതിൽ നിന്നും അയാളുടെ വിലക്കി. അതിനിടയിൽ ആരോ വിളിച്ചറിയിച്ച പ്രകാരം പാർട്ടി ആപ്പീസിൽ നിന്നും തോമസ് മാഷെ സ്നേഹിക്കുന്ന കുറേയാളുകൾ അവിടേക്കൊഴുകി . അവർ മാഷിനു ചികിത്സ നിഷേധിക്കാൻ മുൻകൈയെടുത്ത പ്രമോദിന്റെ പാർട്ടിപ്രവർത്തകനായ ആളെ അയാളുടെ മുറിയിൽ കയറി തല്ലിച്ചതച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചില സ്ത്രീകൾ കൗണ്ടറിൽ ഇരുന്നു ചിരിച്ചുകൊണ്ടിരുന്ന നേഴ്സിങ് സുപ്രണ്ടിനും കൊടുത്തു വേണ്ടുവോളം . മനസ്സിന്റെ വേദന അവരുടെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാക്കിയെങ്കിലും പ്രതിഷേധമെന്നോണം  ഇങ്ങനെ അലറി വിളിച്ചുകൊണ്ട് "@@*** പോലീസിനെ വിളിച്ചു ഞങ്ങളിൽ ആരെയെങ്കിലും എന്തെങ്കിലും ചെയ്തുകളയാം എന്ന് കരുതിയാൽ പിന്നെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന ഒരാളും നാളെ നേരം വെളുപ്പിക്കില്ല .അതുപോലെ ഈ സംഭവത്തിനിടയില്‍ ഞങ്ങളുടെ മാഷിനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിങ്ങളുടെ കാര്യം എങ്ങനെ വേണമെന്ന് ഞങ്ങള്‍ നോക്കിക്കോളും “ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു. ആ വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്ച്ചയുള്ളതായി അവിടെ കൂടിയവര്‍ക്ക്  തോന്നി. നാട്ടു പണിയെടുത്തു ജീവിക്കുന്ന കൈക്ക് കാരിരുമ്പിനേക്കാള്‍ കരുത്തുള്ള അവരുടെ മുഖം കോപത്താല്‍ ചുവന്നിരുന്നു . അവര്‍ മാഷിനൊപ്പംകുറച്ചുനേരം ചിലവഴിച്ചു പെട്ടെന്നാണ് അദേഹത്തിന് ഒരു ശ്വാസതടസം അനുഭവപ്പെട്ടത് . പെട്ടെന്ന് തന്നെ അദ്ധേഹത്തെ  ഐ സി യു വിലേക്ക് മാറ്റി . കുറേനേരം അവിടെ ചിലവഴിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജോസിനോടും മറ്റുള്ളവരോടും എന്താവശ്യമുണ്ടെങ്കിലും പറയണം ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട് എന്നും പറഞ്ഞു  അവിടെനിന്നും ഇറങ്ങി.  
അപ്പോഴേക്കും  വെളിയില്‍ പ്രമോദിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ആശുപത്രി പ്രവര്‍ത്തകര്‍ പ്രമോദിനെ മര്‍ദ്ദിച്ചതില്‍  പ്രതിഷേധിച്ച് അടുത്തദിവസം നടത്താന്‍ ആലോചിക്കുന്ന ഹര്‍ത്താലിനുള്ള  തയ്യാറെടുപ്പിലായിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ അത് ഉദ്ഘോഷിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിലുള്ള റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്  ആശുപത്രി കെട്ടിടം വിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചുകൊണ്ട് ചിലര്‍ അതിനു കൊഴുപ്പ് കൂട്ടി. പാര്‍ട്ടിയുടെ ശക്തനായ യുവജന നേതാവ് മനോജന്‍ മാഷ്‌ കുറേനേരം എല്ലാം കണ്ട് ക്ഷമിച്ചിരുന്നു , പക്ഷെ അതില്‍ ചില ആശുപത്രി അധികൃതര്‍ കൂട്ടത്തിലുള്ള ചില സ്ത്രീകളെ തോണ്ടി രസിച്ചപ്പോള്‍ പിന്നെ അദേഹത്തിന് നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം മുണ്ട് മടക്കി കെട്ടി അതിലോരുവനെ പൊതിരെത്തല്ലി, അപ്പോഴേക്കും ആശുപത്രി പരിസരത്തു പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാറും ആ കലാപരിപാടിയില്‍ പങ്കെടുത്ത് സംഭവം ഭംഗിയായി വേഗം തന്നെ തീര്‍ത്തു. പരുക്കേറ്റവരെ അവിടെത്തന്നെ അഡ്മിറ്റ്‌ ചെയ്ത് മനോജന്‍ മാഷും കൂട്ടരും ഇറങ്ങിയപ്പോള്‍ അതാ മുന്നില്‍ പോലീസ് ജീപ്പ് നില്‍ക്കുന്നു. സംഭവത്തിന്റെ കിടപ്പും മറ്റും മനസ്സിലാക്കിയ എസ്സ് ഐ സര്‍ സുഹൃത്തുകൂടിയായ മനോജ്‌ മാഷേ വിളിച്ചു കാര്യങ്ങളുടെ ഇതുവരെയുള്ള കിടപ്പുവശവും മറ്റും ചോദിച്ചശേഷം, ഇങ്ങനെ പറഞ്ഞു “ ആ പ്രമോദിന് ഞാന്‍ എന്നോ പൊട്ടിക്കാന്‍ നോക്കി വച്ചതാ പക്ഷെ നമ്മുടെ ഭക്തി വിറ്റു ജീവിക്കുന്ന അവരെ തൊട്ടാല്‍ കൈകഴുകേണ്ടിവരും, പണ്ട് നാരായണഗുരുവും അയ്യങ്കാളിയും അതുപോലെ ഇടതു പക്ഷ പ്രസ്ഥാനവും കെട്ടിപ്പടുത്ത ഈ നാട്ടില്‍ ഇവര്‍ക്ക് കാലുറപ്പിക്കണമെങ്കില്‍ ഒരു വര്‍ഗ്ഗീയ കലാപമുണ്ടാക്കി വേണം എന്നാ ചിന്തയാ ഇവരുടെ ഈ പ്രവര്‍ത്തിക്ക് കാരണം. പിന്നെ മോനെ മനോജേ വിശദമായി ഒന്ന് സംസാരിക്കണം ഈ യൂണിഫോറംദേഹത്ത് കയറിയാല്‍ ഇതൊന്നും പറയാന്‍ കഴിയില്ല അതുകൊണ്ട് വൈകിട്ട് വീട്ടിലേക്കു വാ. പിന്നെ ഒരു കാര്യം മാഷേ വെട്ടിയ ആളെ പിടിച്ചു , അത് വൈകീട്ട് പറയാം എന്താ “എന്നും പറഞ്ഞു   അവിടെനിന്നും അദ്ദേഹം യാത്രയായി. കുറച്ചു സമയം മനോജ് മാഷ് മൗനം പാലിച്ചുകൊണ്ട്‌ മുന്നോട്ടു നടന്നു.  അയാളുടെ മനസ്സാകെ എസ് ഐ സർ വൈകീട്ട് പറയാൻ പോവുന്ന കാര്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. പെട്ടെന്നാണ് ആരോ പിന്നിൽനിന്നും വിളിച്ചത് . അയാൾ നടത്തം നിറുത്തി തലതിരിച്ചു പിന്നിലേക്ക് നോക്കി അതാ ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാമുകിയായ ശാന്തി ഓടിവരുന്നു . ജോലികഴിഞ്ഞു വരുന്ന വഴിയാണ് എന്ന് തോന്നുന്നു വാനിറ്റി ബാഗും മുട്ടറ്റം വരെ നീണ്ടുകിടക്കുന്ന മുടിയും വശങ്ങളിലേക്ക്ചന്തത്തോടെ ആടിക്കൊണ്ടിരിക്കുന്നതും നോക്കി അയാൾ അങ്ങനെ നിന്നു . അടുത്തെത്തിയതും കിതപ്പ് മാറ്റിയശേഷം അയാളോട് കയർത്തു " നിന്നോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു അടിയുണ്ടാക്കാൻ പോവരുതെന്ന് . നിന്റെ ആരാ മാഷ് അവർക്കെന്തെങ്കിലും പറ്റിയാൽ അവരുടെ വീട്ടുകാർ നോക്കിക്കോളും നീ ആരാ നാട്ടുകാരുടെ എല്ലാ പ്രശ്നവും തീർക്കാൻ" ഇത്രയും പറഞ്ഞപ്പോൾ അയാൾ ചിരിക്കുകയായിരുന്നു




ഇതാണല്ലോ എല്ലാ പെണ്ണുങ്ങളുടെയും കാഴ്ചപ്പാട്, ഇവരൊന്നും ഈയടുത്ത കാലത്തൊന്നും ഈ സ്വഭാവം മാറ്റാൻ പോവുന്നുമില്ല. ഇത്രയും ആ ചിരിയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് തോന്നി . അവർ മുന്നോട്ടേക്ക് നടന്നു, ശാന്തി അവളുടെ അന്നത്തെ ആപ്പീസ് അനുഭവങ്ങളും മറ്റ്പരിഭവങ്ങളും പറഞ്ഞും , കുലുങ്ങിച്ചിരിച്ചും നടന്നപ്പോൾ അയാൾ മെല്ലെ തലയുയർത്തി അവളെ ഒന്ന് നോക്കി. ഇവർക്ക് ദിനംപ്രതി സൗന്ദര്യം കൂടകയാണോ എന്ന് ചിന്തിച്ചുപോയ ആ സമയത്താണ് അവൾ തല കുലുക്കിക്കൊണ്ട് ചോദിച്ചത് '' എന്താ മാഷേ പതിവില്ലാത്തൊരു നോട്ടം" . അയാൾ അവളെ നോക്കി കണ്ണുകൾ അമർത്തി ചിമ്മി ഒന്നുമില്ലേ എന്ന അർത്ഥത്തിൽ ചിരിച്ചു കാണിച്ച് മുന്നോട്ട്  നടന്നു. അല്പസമയത്തിനകം അവർ പാർട്ടി ആപ്പീസ് സ്ഥിതി ചെയ്യുന്ന അങ്ങാടിയിൽ എത്തിച്ചേർന്നു. ശാന്തി മെല്ലെ തല കുലുക്കി  ചുണ്ടുകൾ കൊണ്ട് നാളെക്കാണാം എന്നും പറഞ്ഞ് മുന്നോട്ട് നീങ്ങി. മനോജ് മാഷ് പാർട്ടി ഓഫീസിന്റെ പഴകിയ മരത്തിന്റെ പടികൾക്ക് അടുത്തേക്ക് നടന്നു. അയാൾ പടികളിലൂടെ ഒരു വിഹഗ വീക്ഷണംനടത്തി  മരപ്പലകകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞു വീഴാന്‍  തുടങ്ങിയിരിക്കുന്നു. മുകളിൽ നിന്നും ഞാന്നു കിടക്കുന്ന കെട്ടുകൾ പിണഞ്ഞ കയറിന്റെ അറ്റത്ത് വലിച്ച് പിടിച്ച് ഒരു അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ അദ്ദേഹം മുകളിലേക്ക് കയറി. മാഷ് ആപ്പീസിന്റെ വാതിൽപ്പടി കടന്ന് അകത്തേക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു മുറിയുടെ ഒരു കോണിൽ വലതു കയ്യിൽ നിവർത്തിപ്പിടിച്ച ദേശാഭിമാനി പത്രവും പിടിച്ചു മറുകയ്യിലെ വിരലുകൾക്കിടയിൽ തിരുകിയ ദിനേശ് ബീഡി ആഞ്ഞ് വലിച്ച് അതിന്റെ ലഹരി ആസ്വദിച്ച്കൊണ്ട് അയാള്‍ ആ പത്രത്താളുകളിലെ വിവിധങ്ങളായ വാർത്തകളിലൂടെ ഊളിയിട്ടു കൊണ്ട് സഖാവ് കരുണൻ ഇരിപ്പുണ്ടായിരുന്നു. അവര്‍ തമ്മില്‍ അഭിസംബോദന ചെയ്തത് അവരവരുടെ ജോലികളിലേക്ക് കടന്നു. മനോജ് മാഷ് സഖാവിന്റെ പത്രത്തില്‍ നിന്നും ഒരു താള്‍ അടര്‍ത്തിയെടുത്ത് അതിലെ പ്രധാന വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ടിരിക്കവേയാണ് താഴയുള്ള കുമാരേട്ടന്റെ ചായക്കടയിൽ നിന്നും പ്രവി എന്ന ചെറുപ്പക്കാരൻ കയ്യില്‍ ചായയടങ്ങിയ തൂക്കുപത്രവുമായി അങ്ങോട്ട്‌ കടന്ന് വന്നത് . ചൂട് കട്ടൻചായ അവനിൽ നിന്നും വാങ്ങി  ഊതി ഊതി കുടിച്ച് കൊണ്ട് അവർ കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ചു. സമയം സന്ധ്യയോടടുത്തു വരുന്നു മാഷ് കേരളകൗമുദി ആഴ്ചപ്പതിപ്പ് മടക്കിവച്ച്  കസേരയിൽനിന്നും മെല്ലെ എഴുന്നേറ്റു . മുണ്ടിന്റെ ഒരഗ്രം വലത്കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു .പതിവ് അഭ്യാസപ്രകടനത്തിനോടുവില്‍ അദ്ദേഹം കോവണി വഴി താഴെയിറങ്ങി. അവിടെ തമ്മില്‍ സംസാരിച്ചുകൊണ്ട് സഖാവ് ചന്ദ്രേട്ടനും അൻവറും നില്‍പ്പുണ്ടായിരുന്നു, അവര്‍ അടക്കിപ്പിടിച്ചു കാര്യമായെന്തോ ചര്ച്ചചെയ്യുകയായിരുന്നു. മാഷേ കണ്ടതും അവര്‍ ഇരുവരും സംസാരമാവസാനിപ്പിച്ചു അദേഹത്തിനരികിലേക്ക് നടന്നു. പൊതുവെ രസികനായ ചന്ദ്രേട്ടന്‍ അന്ന് വളരെ അസ്വസ്ഥനായി കാണപ്പെട്ടു, അവര്‍ക്കിടയില്‍ ഒരു മൂകത പ്രകടമായിരുന്നു.  എപ്പോഴും മസ്സിലും പിടിച്ചുനടക്കുന്ന അൻവറും വളരെ ദുഖിതനായി കാണപ്പെട്ടു. മാഷ്‌ സരസമായാണ് സംസാരിച്ചതെങ്കിലും അത് അവരില്‍ ഒരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല . അല്പസമയത്തെ  നിശബ്ദതയ്ക്കൊടുവില്‍  അദ്ദേഹം ആശുപത്രിയിൽ കിടക്കുന്ന മാഷിന്റെ വിവരങ്ങൾ ആരായാൻ അയാൾ മറന്നില്ല . അതിനിടയിൽ സഖാവ് ചന്ദ്രനാണ് ആ വിവരം മാഷോടു് പറഞ്ഞത് "മാഷേ എവിടേക്കാ ,സൂക്ഷിക്കണേ മാഷേ വകവരുത്താൻ ആരെല്ലോ പദ്ധതി യൊരുക്കിയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു അതാ പറഞ്ഞേ ". മാഷ് ചിരിച്ചു കൊണ്ട് " കമ്മ്യൂണിസം രക്തത്തിൽ കലർന്ന നമ്മളേപ്പോലുള്ള ഒരാളും ഒന്നിനേയും പേടിക്കില്ല , നമ്മൾ ജനനന്മയ്ക്ക്  വേണ്ടിയാണ് ഇക്കാലമത്രയും പ്രതികരിച്ചത് അതില്‍ എന്നോടോ പ്രസ്ഥാനത്തോടോ നീരസമുള്ളവര്‍ ഒത്തിരികാണും അതിനെല്ലാം പ്രതികരിക്കാനോ പേടിക്കാനോതുടങ്ങിയാല്‍ അതിനെ സമയം കാണൂ, പിന്നെ ഒരാളെ  വകവരുത്താന്‍ മറ്റൊരാള്‍  ഇറങ്ങിത്തിരിചെന്നാല്‍ അത് തടയാന്‍ ആര്‍ക്കുമാവില്ല, ഏതായാലും ആശുപത്രിയില്‍ ചെന്ന് തോമസ്സ് മാഷേ ഒന്ന് കാണണം , ശേഷം എസ്സ് ഐ സാറിന്‍റെ വീട്ടിലൊന്നു കയറണം അതാണ്‌ ഇന്നത്തെ പരിപാടികള്‍, പിന്നെ ആരുടെ അടുത്താ അഞ്ഞൂറിന്റെ ചില്ലറ യുള്ളത് ”. സഖാവെ ചന്ദ്രേട്ടന്‍ പോക്കറ്റില്‍ നിന്നും അഞ്ഞൂറ് രൂപയെടുത്ത് മാഷിന് നേരെ നീട്ടി. അത് വാങ്ങിക്കൊണ്ട് മാഷ്‌ പറഞ്ഞു” എന്റെ അടുത്ത് അഞ്ഞൂറിന്റെ ഒറ്റനോട്ടാ മാഷിന്റെ ആവശ്യത്തിന്ജോസിന്റെ കയ്യില്‍ കുറച്ച് പണം കൊടുക്കണം . മാഷ്‌ ഉള്ളപ്പോള്‍ എത്രമാത്രം നമ്മെ സഹായിച്ചതാ” സഖാവ് അന്‍വര്‍ ചോദിച്ചു “ മാഷേ ഞാനും കൂടെ വരാം, അഥവാ താങ്കള്‍ക്ക് വേണ്ടി എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാലോ “ മാഷേ അദ്ദേഹത്തെ ചിരിച്ചുകൊണ്ട് വിലക്കി. തുടര്‍ന്ന് “ ലാല്‍ സലാം സഖാവെ” എന്ന പാര്‍ട്ടി വാക്യത്താല്‍  തമ്മില്‍ തമ്മില്‍ അഭിസംബോദന ചെയ്ത ശേഷം അവരോട് യാത്ര പറഞ്ഞു അദ്ദേഹം അവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു, വഴിയില്‍ പരിചയമുള്ള ആളുകളൊക്കെ പതിവുപോലെ  അദ്ധേഹത്തെ കയ്യുയര്‍ത്തി അഭിസംബോദന ചെയ്തു അദ്ദേഹം തിരിച്ചും.  ആശുപതിയുടെ കവാടം കടന്ന് അകത്തേക്ക് നടക്കുമ്പോള്‍ കാലത്തെ സംഭവത്തില്‍ നീരസവുമായി പ്രമോദിന്റെ പാര്‍ട്ടിക്കാര്‍ അയാളെ കോപത്താല്‍ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി. അദ്ദേഹം അത് വകവയ്ക്കാതെ നടന്ന് ഐ സി യുവിന്റെ മുന്നിലെത്തിയപ്പോള്‍ മാഷേ മുറിയിലേക്ക് മാറ്റിയെന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെ അദ്ദേഹം മാഷിനെ കണ്ട് കുറച്ചു സമയം അവിടെ ചിലവഴിച്ചു അതിനിടയില്‍ കയ്യില്‍ കരുതിയ പണം ജോസിനെ ഏല്‍പ്പിച്ചു അദ്ദേഹം അവിടെനിന്നും ഇറങ്ങി. റോഡിന്‍റെ ഓരംപിടിച്ചു നടക്കുമ്പോള്‍ പലരും അദ്ദേഹത്തെ കണ്ട് തോമസ്സ് മാഷിന്റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടും അദ്ദേഹം അതിനുള്ള മറുപടിയും നല്‍കിക്കൊണ്ട് മുന്നോട്ട് നടന്നു. കുറച്ചു സമയത്തിനുശേഷം ആ വഴിയില്‍ അദ്ദേഹം മാത്രമായി , ചുറ്റും കൂരാക്കൂരിരുട്ട് ആ ഇരുട്ടിലും മിന്നിക്കൊണ്ടിരിക്കുന്ന തെരുവ് വിളക്കുകളും പാഞ്ഞുപോവുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശവും മാത്രമേ അദേഹത്തിന് കൂട്ടായുണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് അപ്രതീക്ഷിതമായത്‌ സംഭവിച്ചത് . ഒരു ടിപ്പര്‍ മാഷേ ഇടിച്ചു വീഴ്ത്തി ദേഹത്തൂടെ കയറിയിറങ്ങി ഇരുട്ടിലൂടെ എങ്ങോ ഓടിമറഞ്ഞു. ആ വഴിപോയ ചിലരാണ് അതാദ്യം കണ്ടത് അങ്ങനെ ആ വാര്‍ത്ത കാട്ടുതീ പോലെ ആ ഗ്രാമത്തിലെങ്ങും പരന്നു. ആ ഗ്രാമത്തെ ആകമാനം അത് ദുഖത്തിലാഴ്ത്തി .


പതിവ് പോലെ പോലീസ് നടപടിക്രമങ്ങള്‍ പെട്ടെന്ന് നടന്നെങ്കിലും മൃതദേഹം വിട്ട് നല്‍കുന്നതിന്‍റെയും ആംബുലന്‍സിന്റെ ലഭ്യതയുടെയും പേരില്‍ ആശുപ്രതി പരിസരത്ത് ആശുപതി പ്രവര്‍ത്തകരും പാര്‍ട്ടി അണികളും തമ്മില്‍ സംഘര്‍ഷസാധ്യത രൂക്ഷമായി അവസാനം സഖാവ് കരുണനും ചന്ദ്രനും അന്‍വറും ചേര്‍ന്ന് പോലിസ് സഹായത്തോടെ പോലിസ് എല്ലാ നടപടിക്രമങ്ങളും കഴിവതും വേഗം തീര്‍ത്ത് മൃതദേഹം  വിട്ടുകിട്ടി, അത് കഴിഞ്ഞുള്ള വിലാപയാത്രയിലും അനുശോചന യോഗത്തിലും പങ്കെടുത്ത നാനാ ജാതിമതസ്തരായ ആബാലവൃദ്ധം ജനങ്ങളുടെയും കണ്ണുകള്‍  ഈറനണിഞ്ഞിരുന്നു. അവരുടെ കൂട്ടത്തില്‍ തുടക്കംമുതല്‍ കരഞ്ഞ്തളര്ന്നവശയായ ശാന്തിയും ഉണ്ടായിരുന്നു.


അത് കഴിഞ്ഞ് അടുത്തദിവസം അറിയാന്‍ കഴിഞ്ഞു പ്രമോദിന്റെ വലംകയ്യായ ആശുപതി പ്രവര്‍ത്തകന്‍ ബോംബുപൊട്ടി മരിച്ചെന്ന്.
മനുഷ്യമനസ്സ് മരവിച്ച കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളുടെ എണ്ണം തുടര്‍ന്നുള്ള ദിനങ്ങളില്‍ കൂടിക്കൊണ്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിലെങ്ങും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് കൊല്ലപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകാര്‍ രക്തസാക്ഷികളായും മറുപക്ഷത്തിന് വെറും മൃതശരീരങ്ങളായും മാറി. ഇരുവീട്ടിലെ ഇരുപാര്‍ട്ടിക്കാരായ സഹോദരര്‍ മരിച്ചപ്പോള്‍ ആ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും വേദന കാണാന്‍ പ്രകൃതിക്ക് പോലും കഴിഞ്ഞില്ല. അത് തങ്ങളുടെ ദുഃഖം മഴയായി മണ്ണിലേക്ക് തൂവി.  വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തന്നെ ഏവരും ഭയപ്പെട്ടു. സര്‍വ്വകക്ഷിയോഗങ്ങളും മറ്റും അതിന്റെ മുറപോലെ നടന്നു പക്ഷെ ഇരുപാര്‍ട്ടിക്കാരും വാശിയോടെ നിന്നു.
  
ദിനരാത്രങ്ങളോളം നീണ്ട മനുഷ്യനെ മനുഷ്യൻ വേട്ടയാടിനടന്ന  ആ  സംഘർഷാന്തരീക്ഷം മാറി ജന ജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചു വരാൻ വീണ്ടും കുറെ സമയമെടുത്തു . ഉറ്റവരെയും സ്നേഹിതരെയും നഷ്ടപ്പെട്ട  ആ സമൂഹത്തിന്റെ ഹൃദയത്തിൽ അതേൽപ്പിച്ച  ഏൽപ്പിച്ച മുറിവുണങ്ങാൻ വീണ്ടും ധാരാളം സമയം വേണ്ടിവന്നു  . അതിനിടയിൽ ഒരുദിവസം സഖാവ് കരുണനും അൻവറും ജോസും കൂടി തോമസ്സുമാഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുവന്നു. മാഷിന്റെ ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങിത്തുടങ്ങിയെങ്കിലും മനോജൻ മാഷിന്റെ വേർപാട് അദ്ദേഹത്തെ വല്ലാതെ തളർത്തിക്കളഞ്ഞു . മനോജാണ് മാഷുടെ വിയോഗം സത്യം പറഞ്ഞാൽ പാർട്ടിക്കേറ്റ  വലിയ പ്രഹരം തന്നെ ആയിരുന്നു . മാഷിന്റെ ഓർമ്മയ്ക്ക്‌ വേണ്ടി ആ ഗ്രാമത്തിൽ ഒരു രക്തസാക്ഷി മണ്ഡപമൊരുങ്ങി . അതിലേക്ക്‌  ആദ്യത്തെ രക്തഹാരം സമർപ്പിക്കാൻ തോമസ്സു മാഷ് എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ  പ്രതീക്ഷയോടെ എല്ലാവരും കാത്തിരുന്നു .
അന്ന് ഒരു  തിങ്കളാഴ്ചയായിരുന്നൂ ,  കാലത്തെ റേഡിയോ വാർത്തയിലൂടെയാണ്  ചിലരെയെങ്കിലും സന്തോഷിപ്പിച്ച ആ  സർക്കാർ  ഉത്തരവിനെക്കുറിച്ചു അറിയാൻ കഴിഞ്ഞത് . ആ ഗ്രാമത്തിലൂടെ ഒരു പുതിയ ദേശീയ പാത വരാൻ പോവുന്നു..  ആ വാർത്തയെ പലരും വളരെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ആ ഗ്രാമവാസികളുടെ മുഖത്ത് തങ്ങളുടെ കിടപ്പാടം ആ പാതയുടെ പരിധിയിൽ വരുമോ എന്നുള്ള  പരിഭ്രമം നിഴലിച്ചിരുന്നു .
തോമസ് മാഷിൻറെ വീട്ടിന്റെ അകത്തെ കട്ടിലിൽ ഉയർത്തിവച്ച തലയിണയിൽ ചാരിയിരുന്ന് അന്നത്തെ പത്രവാർത്തയിലൂടെ കണ്ണോടിച്ചുകൊണ്ട്  മാഷ് പതിവുപോലെ കിടന്നു. പെട്ടെന്നാണ് ആരോ വീട്ടിലേക്ക് ചുരുപ്പു തറയിൽ ഉര ച്ചുകൊണ്ടു കൊണ്ട് നടന്നു വരുന്ന ശബ്ദം അദ്ദേഹം കേട്ടത്. മാഷ് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു " എടോ  ആരാ പുറത്തു വന്നിരിക്കുന്നേന്ന്  നോക്കിക്കേ". അകത്തെ ആ ഇരുൾ പരന്ന അടുക്കളയിൽ മാഷിനുള്ള  ചായയുണ്ടാക്കി ക്കൊണ്ടിരിക്കുകയായിരുന്ന ജോസ് അത് അടുപ്പിൽ നിന്നും താഴെ ഇറക്കി വച്ച് വരാന്തയിലേക്ക് നടന്നു. വാതിൽക്കൽ സഖാവ് കരുണനും അൻവറും കൂടെ കുറച്ചു നാട്ടുകാരും കാത്തു നിൽപ്പുണ്ടായിരുന്നു . ജോസ് അവരെനോക്കി ചോദിച്ചു " കരുണേട്ടാ ഇതെന്താ രാവിലെതന്നെ , എല്ലാവരും ഉണ്ടല്ലോ ". ജോസ് എല്ലാവരുടെയും  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അപ്പോഴാണ് കരുണൻ ചോദിച്ചത് " നീ ഇന്നത്തെ പത്രം കണ്ടില്ലേ" ജോസ് "ഇല്ല കരുണേട്ടാ എന്താ ഇന്ന് പ്രത്യേകിച്ച് " എന്ന് ചോദിച്ചതും അയാൾ പറഞ്ഞു "നമ്മുടെ നാട്ടിലൂടെ പുതിയ ദേശീയ പാത വരുന്നു അത് ആരുടേയൊ ക്കെ കിടപ്പാടത്തിലൂടെ കടന്നുപോവുമെന്ന് കൃത്യമായറിയില്ലെങ്കിലും. കുറച്ചുകാലം മുമ്പ് ഇവിടെ നടന്ന റോഡ് അലൈൻമെന്റ് സർവ്വേയിൽ നമ്മുടെയെല്ലാം വീടും അതിന്റെ പരിധിയിൽ വരും ."  അതിനിടയ്ക്ക് കൂട്ടത്തിലുണ്ടായിരുന്ന ആരുടേയോ കണ്ണിൽ മുറ്റത്തിനടുത്തുള്ള തെങ്ങിന്റെ മുകളിലായുള്ള ഒരു അടയാളം പതിഞ്ഞത് . അയാൾ അതിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു " സഖാവെ ഇത് കണ്ടോ നമ്മുടെ സ്ഥലത്തെ മരങ്ങളിലുള്ള അതെ അടയാളം , അതായതു ഇതിലൂടെയാണ് റോഡ് കടന്നു പോവുന്നത് ." ജോസ് മുറ്റത്തേക്ക് നടന്ന് ആ അടയാളത്തിൽ കുറച്ചു സമയം പരിഭ്രമത്തോടെ , അതിനിടയ്ക്ക് അയാൾ അതിൽ  കല്ലുകൊണ്ട് ഉരച്ചു മാച്ചുകളയാൻ  ശ്രമം നടത്തി . അതിനിടയിൽ സഖാവ് പറഞ്ഞു " നീ അത് മാച്ചാൽ അവർ വേറെ അടയാളപ്പെടുത്തും". അവന്റെ മനസ്സിൽ കിളിർത്തു വന്ന അപ്രതീക്ഷിതമായ പരിഭ്രമത്തിന്റെ കണിക കൂടിക്കൂടിവന്നു . അവൻ നേരെ വീട്ടിനകത്തേക്ക് നടന്നു . മ്ലാനമായ മുഖവുമായി കയറിവന്ന അവന്റെ മനസ്സിന്റെ വിഷമം എന്തെന്നറിയാതെ മാഷും കുറച്ചു നേരത്തേക്കെങ്കിലും സ്തബ്ദനായിയിരുന്നു . അതിനിടയിൽ അങ്ങോട്ട് കയറിവന്ന ആളെക്കണ്ടപ്പോൾ അദ്ദേഹം പെട്ടന്നൊന്നത്ഭുതപ്പെട്ടു .

തോമസ്സ് മാഷ് കട്ടിലിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ആഗതൻ ആ ശ്രമം കൈകൊണ്ട്  വിലക്കി. പിന്നീട്  കട്ടിലിനരികില്‍ കിടന്ന നിറം മങ്ങി ത്തുടങ്ങിയ ഇരുമ്പ് കസേര കൈനീട്ടി വലിച്ചടുപ്പിച്ച് മാഷിനരികിലായി ഇരുന്നു.  മാഷ്‌ കിടന്ന കിടപ്പില്‍ കണ്ണട വിടവിലൂടെ സൂക്ഷിച്ചുനോക്കുന്നത് കണ്ടപ്പോള്‍ തന്നെ മാഷിന് മനസ്സിലായില്ലെന്ന്  അയാള്‍ക്ക് വ്യക്തമായി.  മുറിയിൽ അതുവരെ നിറഞ്ഞുനിന്ന നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ആഗതൻ ഇങ്ങനെ പറഞ്ഞു " മാഷിന് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു , ചിലപ്പോൾ മരമണ്ടൻ മമ്മദ് എന്ന് പറഞ്ഞാൽ ചിലപ്പോ അറിയും ഇല്ലേ മാഷേ ". അയാളുടെ വാക്കുകൾ അങ്ങനെ തോമസ്സ് മാഷേ പഴയ ആ ഓല മേഞ്ഞ വിദ്യാലയത്തിന്റെ തന്റെ ക്‌ളാസ്സ്‌ മുറിയിലേക്ക് കൊണ്ടുപോയി . ബെഞ്ചുകളിൽ നിരന്നിരിക്കുന്ന കുട്ടികളിൽ കീറിയ ഷർട്ടും വള്ളി ട്രൗസറുമിട്ടു മൂക്കിളയും ഒളിപ്പിച്ചു നടന്ന  മമ്മദ് എന്ന് എല്ലാവരും വിളിക്കുന്ന മുഹമ്മദാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് വിശ്വസിക്കാൻ മാഷിന് വീണ്ടും കുറെ സമയം വേണ്ടി വന്നു.  
കുറച്ചു സമയത്തെ അമ്പരപ്പിനു വിരാമമിട്ടുകൊണ്ട്  മാഷ് ചിരിച്ചുകൊണ്ട്  അവനോടു ചോദിച്ചു "മോനിപ്പോ എന്ത് ചെയ്യുന്നു ?"
അവൻ മറുപടിയായി " മാഷേ ഞാൻ ഇപ്പൊ ഇക്കയുടെ കൂടെ മസ്കത്തിലാണ് . അവിടെ അവന്റെ കഫ്റ്റീരിയയും സൂപ്പര്മാര്ക്കറ്റും ഒക്കെ ഉണ്ട്" എന് പറഞ്ഞുകൊണ്ട് അതുവരെ മടിയിൽ ചുരുട്ടി വച്ച പ്ലാസ്റ്റിക് സഞ്ചി എടുത്ത്  നിവർത്തി മഷിന്റെ കയ്യിൽ വച്ചു കൊണ്ട് ചോദിച്ചു " മാഷേ ജോസിവിടെ ഇല്ലേ ?"  മാഷ്  അകത്തേക്ക് നോക്കി നീട്ടി വിളിച്ചു " എടാ ജോസേ ഒന്ന് ഇങ്ങോട്ടു വന്നേ". അല്പസമയത്തിനകം ചെക്ക് ഷർട്ടും ലുങ്കിയും ഉടുത്തുകൊണ്ടു ജോസ് അങ്ങോട്ട് കയറി വന്നു. ആഗതൻ ചിരിച്ചുകൊണ്ട് ജോസിനെ അടിമുടി ഒന്ന് നോക്കിക്കൊണ്ടു ചോദിച്ചു "അറിയോ എന്നെ" മറുപടിയായി ഇല്ലെന്ന്  പറഞ്ഞു ജോസ് അയാളെത്തന്നെ നോക്കി . അപ്പോഴാണ് ആഗതൻ "തോമസ് മാഷേ ആരാണ് അടിച്ചത് എന്നാലത് ചോദിച്ചിട്ടേ ഉള്ളൂ എന്താ പോകുവല്ലേ ജോസേ " എന്ന് പറഞ്ഞതും ജോസിന്റെ കണ്ണുകൾ വിടർന്നു അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു " മമ്മദിക്കയല്ലേ " ആഗതൻ "അതേലോ , താൻ ഇപ്പോഴെന്തു ചെയ്യുന്നൂ ജോസേ"എന്ന്  ചോദിച്ചു . 
ജോസ്  തോമസ് മാഷിന് നേരെ തിരിഞ്ഞുകൊണ്ടു അത് വരെ മനസ്സിനുള്ളിൽ അടക്കി വച്ചിരുന്ന ആ കാര്യം വികാരഭരിതമായി അവതരിപ്പിച്ചു തുടങ്ങി 
" അപ്പച്ചാ റോഡിൻറെ സർവേയുടെ അടയാളം നമ്മുടെ മുറ്റത്തെ തെങ്ങിലും ഇട്ടിട്ടുണ്ട് , എനിക്ക് തോന്നുന്നൂ ഇതിനു പിന്നിൽ ആ പ്രമോദാണെന്ന് , അല്ലെങ്കിൽ തന്നെ ആ തുകൽ ഫാക്ടറിയുടെ സമരവുമായി ബന്ധപ്പെട്ട് അപ്പച്ചനോടുള്ള പക മനസ്സിൽ വച്ചാണ് ഇപ്പോഴും അവന്റെ നടപ്പ് , പോരാഞ്ഞിട്ട് കേന്ദ്രത്തിൽ അവരുടെ പാർട്ടിയല്ല ഭരിക്കുന്നത് ,അവൻ കാരണം അപ്പച്ചന് എന്തൊക്കെ വിഷമങ്ങൾ ആശുപത്രിയിൽ ഉണ്ടായി കൊള്ളണം ആ പട്ടിയെ " 
മാഷ് ആ വിവരമറിഞ്ഞു ഒത്തിരി അസ്വസ്ഥനായി കാണപ്പെട്ടു . പിന്നീട് മേലോട്ടെക്ക് നോക്കി കണ്ണടച്ച് കിടന്നു . അദ്ദേഹത്തിന്റെ കൺകോണിലൂടെ കണ്ണുനീർ  ഒലിച്ചിറങ്ങുന്നത് മുഹമ്മദും ശ്രദ്ധിച്ചു. അതിനിടയിൽ ജോസ് മാഷിന്റെ ഈ അവസ്ഥയെക്കുറിച്ചു വിശദമായി അയാളെ പറഞ്ഞു കേൾപ്പിച്ചു. തന്റെ ഈ അവസ്ഥയോർത്തു മാഷ് വളരെ വിഷമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തെ ഭാവത്തിൽനിന്നും മനസ്സിലാക്കിയ മുഹമ്മദ് എന്തോ ആലോച്ചിട്ടെന്നവണ്ണം അവിടെനിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ മാഷ് അവനോടു  "മോനെ ഇവിടെനിന്നും ഇറങ്ങുന്നതിനെയല്ല ഞാൻ ഭയക്കുന്നത് മറിച്ചു എന്റെ ജോസിന്റെ ഭാവി അതുപോലെ എന്റെ അന്നമ്മയുടെ ഓർമ്മകൾ  ഉറങ്ങുന്ന ഈ വീടിന്റെ ഓരോ കോണും എങ്ങനെ എനിക്ക് വിട്ടു പിരിയാൻ പറ്റും" അത് പറയുമ്പോൾ മാഷിന്റെ മുഖത്ത്  തന്റെ നിസ്സഹായാവസ്ഥ വ്യക്തമായും ദൃശ്യമായിരുന്നൂ. പിന്നെ മാഷ് എന്തോ ചിന്തയിലെന്ന വണ്ണം ഇങ്ങനെ പറഞ്ഞു "മോനേ പണ്ട് തൊഴിലാളി പാർട്ടിയായി തുടങ്ങി ഇന്ന് വർഗ്ഗീയ ചിന്താതിഷ്ടിതവും വോട്ട് ബാങ്ക് ലാക്കാക്കിയുള്ളതുമായ ഈ രീതി പാർട്ടിക്ക് ദോഷമാകുമെന്ന് പ്രസംഗിച്ച ഒറ്റക്കാരണം കൊണ്ടാണ് എന്നെ അവർ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയത്. ശ്രീകൃഷ്ണ ജയന്തിയും ക്രിസ്തുമസ്സും പെരുന്നാളും നടത്തുന്നതിനൊന്നും ഞാനെതിരല്ല മറിച്ചു ഭിന്നിപ്പിച്ചു ഭരിച്ചു ശീലിച്ച ഇംഗ്ലീഷുകാരുടെ രീതി കൈമുതലാക്കി പാർട്ടിയുടെ അന്തസത്ത കളഞ്ഞുതുലക്കുന്ന കമ്മ്യൂണിസം അറിയാത്ത ഇന്നത്തെ ചെറുപ്പക്കാരെ സോഷ്യലിസം പഠിപ്പിക്കാൻ എന്താണൊരു വഴി എന്ന് പാർട്ടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ. അല്ലെങ്കിൽ തന്നെ അനവസരത്തിലുള്ള ഹർത്താലും, പല അവസരങ്ങളിലുമുള്ള  കുറ്റവാളികളെയും ഗുണ്ടകളെയും  സംരക്ഷിക്കുന്ന പാർട്ടി നിലപാടുകളും, ജനങ്ങളുടെ സംരക്ഷണത്തിൽനിന്നും വ്യതിചലിച്ചു പോക്കറ്റ് വികസനം മാത്രം കണ്ടുകൊണ്ടുള്ള പാർട്ടി നിലപാടുകളും മാറ്റി. പഴയകാല പാർട്ടി രീതി അതായത് ജനങ്ങളുടെ ദൈനം ദിന ജീവിത വീക്ഷണ കോണിലൂടെയുള്ള ഒരു മാറ്റം കൊണ്ട് മാത്രമേ നാടിനും നാട്ടാർക്കും ഉപകാരമുണ്ടാവുകയുള്ളൂ , ഞാൻ ഒന്ന് ചോദിക്കട്ടെ മുഹമ്മദേ എല്ലാവരും നികുതി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നൽകുന്നുണ്ടെങ്കിലും അതിൽനിന്നും സർക്കാർ തലത്തിൽ എന്ത് സേവനമാണ് ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നത്. ഇന്ന് സർക്കാർ ആപ്പീസുകളിൽ പലതും  ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈക്കൂലി കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നൂ. അതുപോലെ പാവങ്ങൾ കൂടുതൽ പാവങ്ങളും പണക്കാരൻ വലിയ പണക്കാരനും ആവുന്ന ഇന്നത്തെ രീതി മാറി സോഷ്യലിസം നടപ്പിലാക്കണം എന്ന് പ്രസംഗിക്കുന്ന പലപാർട്ടികളുടെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടും ഇന്ന് കോടികൾ വരും.  അതിനു ഒരു ഓമനപ്പേരും അവർ വിളിക്കുന്നൂ കുടുംബ സ്വത്തെന്ന്. പാവം ഏ, കെ, ജി യുടെയും നമ്പൂതിരിപ്പാടിന്റെയും നായനാരുടെയും പേര് പറയിക്കാൻ നടക്കുന്ന ഈ കൂട്ടരേ എന്ത് വിളിക്കണം, ഞാൻ പറഞ്ഞത് അധികരിച്ചു എന്ന് എനിക്കറിയാം എങ്കിലും മനസ്സിലുള്ളത് തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നൂ." 
മാഷിന്റെ ആ ഘോരഘോരമായ പ്രസംഗം കഴിഞ്ഞപ്പോൾ വീണ്ടും സമയം ഒരു പാട് കഴിഞ്ഞു. അവസാനം മുഹമ്മദ് പറഞ്ഞു 
"മാഷിന് ഞാൻ ഒരു ഉറപ്പു തരുന്നൂ ജോസിന്റെ ജോലിക്കാര്യം ഞാൻ ശരിയാക്കിക്കോളാം പിന്നെ ഈ വീട് നഷ്‌ടപ്പെടുന്നതിന് മുമ്പേ തന്നെ മാഷിനെ വേണ്ടാത്ത ഈ നാട്ടിൽ നിന്നും എന്റെ നാട്ടിലേക്ക് ഞാൻ മാഷിന് വേണ്ട സൗകര്യത്തോടെ ഒരു വീട് ഞാൻ പണിതു തരാം അതിനുള്ള എല്ലാ ചിലവും എന്റെ വകയാവട്ടെ , ഇതാവട്ടെ ഈ മണ്ടൻ മമ്മദിന്റെ ഗുരുദക്ഷിണ "
മാഷിന് മറിച്ചൊന്നും പറയാൻ ഇടനല്കാതെ അയാൾ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി. മാഷിനും ജോസിനും നടന്നതൊക്കെ ഒരു സ്വപ്നമായി കാണാനേ കഴിഞ്ഞുള്ളു.
അടുത്ത കുറച്ചു നാളുകൾക്കകം മാഷ് ഒരു വിധം സ്വയം നടക്കാനുള്ള അവസ്ഥയിലെത്തി അപ്പോഴേക്കും  മുഹമ്മദ് ഒരു നിത്യ സന്ദർശകനായി മാറിയിരുന്നൂ. അതിനിടയിൽ അയാൾ മാഷ് പഠിപ്പിച്ച കുട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി. അങ്ങനെ അയാൾ പറഞ്ഞുറപ്പിച്ചപ്രകാരമുള്ള വീടിന്റെ നിർമ്മാണജോലികളുമായി മുന്നോട്ടു പോയ്കൊണ്ടിരുന്നപ്പോളാണ് ആ വാർത്ത അയാലെ തേടി എത്തിയത് 
"മാഷിനെ കാണാനില്ല" 
മറ്റുള്ളവരെ പോലെ അയാളും സഹപാഠികളും നാട്ടുകാരും വിവരമറിഞ്ഞു മാഷുടെ വീട്ടിലേക്ക് യാത്ര തിരിച്ചു . അൽപ സമയത്തിനകം ആ പരിസരം ജന നിബിഢമായി മാറി. വീട്ടിനുള്ളിൽ നിന്നും ഉയർന്നു വന്ന ശബ്ദം പിന്നെ വരാന്തയിലേക്ക് നീങ്ങി. അത് മാഷിന്റെ മകളും ഭർത്താവുമാണെന്ന് മുഹമ്മദിന് സാഹചര്യങ്ങളിൽ നിന്നും മനസ്സിലായി. എന്നിട്ടും പലതും അവ്യക്തമായി കാണപ്പെട്ടു .അവിടെ വരാന്തയിൽ തലതാഴ്ത്തിയിരിക്കുന്ന ജോസിനു നേരെ നോക്കി അട്ടഹസിക്കുന്ന സഹോദരിയെയും ഭർത്താവിനെയും കണ്ടപ്പോൾ ആദ്യമൊന്നും ആർക്കും കാര്യം വ്യക്തമായില്ല. പിന്നെ അവർ തന്നെ സംഭവത്തിന്റെ ചുരുളഴിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു 
നിങ്ങൾ കേൾക്കണം ഇന്നലെ  സന്ധ്യക്ക്‌ അപ്പച്ചനുമായി പുറത്തിറങ്ങിയ ഇവനറിയാതെ എങ്ങനെ അപ്പച്ചനെ കാണാതാവും ഇവനാണ് എല്ലാം ചെയ്തത്. ഇങ്ങനെ തലതാഴ്ത്തിയിരുന്നാൽ എല്ലാം കഴിഞ്ഞോ, പക്ഷെ അവിടെയും മൂക സാക്ഷിയായി സഹോദരീ ഭർത്താവിന്റെ മുഖത്തു ഒളിഞ്ഞു കിടന്ന ആ  ചിരി അയാൾ ശ്രദ്ധിച്ചിരുന്നൂ . എന്തൊക്കയോ ദുരൂഹത അതിൽ അടങ്ങിയിട്ടുണ്ടെന്നറിയാമെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനോ തുറന്നുപറയാനോ ഒരവസരവും നൽകാതെ നാട്ടാരും അവനെ കുറ്റവാളിയാക്കിസഹോദരിയുടെ കൂടെകൂടിയപ്പോൾ കൂട്ടിന് പ്രമോദും തുകൽ കമ്പനി മുതലാളിയും കൂട്ടാളികളും ഒളിഞ്ഞും തെളിഞ്ഞും കൂടെ ഉണ്ടായിരുന്നൂ. മാഷിന്റെ  തിരോധാനം  ജോസിനെ മയക്കുമരുന്നിന്റെ അടിമയും ഭ്രാന്തനാക്കി മാറ്റിയപ്പോൾ നാട്ടുകാരിൽ ചിലർക്ക് ഒരു ഹരമായിമാറി. പിന്നീടെപ്പോഴോ ആ ലഹരിയിൽനിന്നും മുക്തനാക്കി ഇന്നത്തെ ജോസിലേക്കുള്ള പ്രയാണത്തിന് ഒത്തിരി സഹായിച്ച പരേതനായ മുഹമ്മദിനെ അറിയാതെ ആലീസ് ഓർത്തു. ജോസിന്റെ മനസ്സിലെ ആദ്യ പ്രണയം അവളെ അറിയിച്ചതും അയാളായിരുന്നല്ലോ . ജോസിന്റെയും ആലീസിന്റേയും ജീവിത വഴിയിൽ എല്ലാ ആശംസയും പറഞ്ഞുകൊണ്ട് ഈ കഥ താൽക്കാലികമായി ഇവിടെ അവസാനിപ്പിക്കട്ടെ.
  



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...