2018 ജൂൺ 13, ബുധനാഴ്‌ച

ഓർമ്മയിലെ ഒരു നോമ്പ് തുറ

ഓർമ്മയിലെ ഒരു നോമ്പ്  തുറ

എം. പി. എസ് വീയ്യോത്ത്

ഇന്നലെ ഓഫീസിൽ എന്റെ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് എന്റെ സുഹൃത്തിന്റെ ഫോൺ കാൾ വന്നത്.  ഞാൻ ഫോൺ എടുത്ത് ഹലോ പറയുന്നതിന് മുമ്പേ അദ്ദേഹം ഇങ്ങനെ പറഞ്ഞു " എടോ സത്യാ... വൈകീട്ട് ഫ്ലാറ്റിലേക്ക് വരണം , നോമ്പ് തുറക്കൽ ഞങ്ങളോടൊപ്പം ആക്കാം  എന്താ? എന്നാൽ പറഞ്ഞപോലെ " എന്ന് പറഞ്ഞപ്പോൾ എനിക്ക് മറുത്ത് ഒരക്ഷരം മിണ്ടാനായില്ല .

 കാരണം അദ്ദേഹവുമായുള്ള കഴിഞ്ഞ ഇരുപത്തിരണ്ട്  വർഷത്തെ ആത്മബന്ധം തന്നെ . ഈ മണൽ നഗരത്തിൽ ഒരു മുറിയിൽ ക്രിസ്ത്യാനിയും മുസൽമാനും ഹിന്ദുക്കളും ഒരേ പാത്രത്തിൽ ഉണ്ടും ഒരേ കിടക്കയിൽ ഉറങ്ങിയും കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നൂ . ആ കാലഘട്ടത്തെക്കുറിച്ചു്  ഓർക്കുമ്പോൾ ഒരു നഷ്ടബോധം ഞങ്ങളിൽ നിറയും , കാരണം പണ്ട് ദുബായിയിലെ നല്ലൊരു ശതമാനം ഫ്ലാറ്റുകളും വില്ലകളും അങ്ങനെയായിരുന്നൂ . ചിലർ ആ ഓർമ്മകളിൽ  ജീവിക്കുന്നൂ . ഇതേ  ബന്ധം നാട്ടിലേക്ക് ചേക്കേറിക്കഴിഞ്ഞും കാത്തുസൂക്ഷിക്കുന്നവർ ഒത്തിരിയുണ്ട് .

റംസാൻ കാലമായതിനാൽ ജോലിസമയം ഗൾഫിലെ മറ്റുള്ളവരെ പ്പോലെ എനിക്കും കുറവായിരുന്നൂ . അങ്ങനെ ഉച്ചകഴിഞ്ഞപ്പോഴേക്കും ഞാൻ  മുറിയിൽ തിരിച്ചെത്തി. പിന്നെ ഉച്ചഭക്ഷണം കഴിച്ചു് കട്ടിലിൽ ഇരുന്ന് ഫേസ് ബുക്കിലും വാട്സ് അപ്പിലുമായി തോണ്ടി തോണ്ടി സമയം  കഴിച്ചുകൂട്ടി. ഞാൻ താമസിക്കുന്നത് ഇന്റർനാഷണൽ സിറ്റിയിലെ ഫ്രാൻസ് ക്ലസ്റ്ററിൽ ആണ് .

ഇന്റർനാഷണൽ  സിറ്റിയെകുറിച്ചു്   അവഗാഹമില്ലാത്തവർക്ക് വേണ്ടി ചിലത് .ഇത് ദുബായ് നഗരത്തിൽ നിന്നും 18.30കിലോമീറ്റര് ദൂരെ മാറിയുള്ള   ഒ രു റെസിഡൻഷ്യൽ ഏരിയയാണ് ഇത് . ഇവിടെയുള്ള പ്രധാന ആകർഷണ കേന്ദ്രം ചൈനീസ് വ്യാളിയുടെ രൂപത്തിൽ പറന്നു കിടക്കുന്ന ഡ്രാഗൺ മാള് ആകുന്നു . ഏകദേശം  8.184 കിലോമീറ്റര് സ്‌ക്വയർ പ്രദേശത്താണ്  വൈവിധ്യങ്ങളായ സ്റ്റാളുകളോട് കൂടിയ ഈ മാൾ സ്ഥിതിചെയ്യുന്നത് . ഇവിടെ 2010 ലെ കണക്ക്  പ്രകാരം 1,20,000 ആയിരുന്നൂ ഇവിടെത്തെ  ജനസംഖ്യ. ഇന്നത് വളർന്ന് ഇരട്ടിയോ പത്തിന് മടങ്ങോ ആയിക്കാണും.

സമയം വൈകീട്ട് 6:10ആയപ്പോൾ ഞാൻ വസ്ത്രം ധരിച്ചു് സുഹൃത്തായ അൻവർക്കയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. ടാക്സികാറിൽ  കറങ്ങി അവിടെ എത്തിയാൽ ശരിയാവില്ല അതിനാൽ തന്നെ നടക്കാം എന്നുറച്ചു്  മുന്നോട്ടു നീങ്ങി. ഞാൻ താമസിക്കുന്ന കെട്ടിടത്തിൽനിന്നും അൻവർക്കയുടെ  താമസസ്ഥലത്തേക്ക് 4.70 കിലോമീറ്റർ  ദൂരം  45 മിനിറ്റ് കൊണ്ട് നടന്നെത്തി. 

ഞാൻ ആദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക്  ചെന്ന് കയറുമ്പോൾ ഉമ്മ ഖുർആൻ വചനങ്ങൾ ചുണ്ടിൽ ഉരുവിട്ടിരിക്കുകയായിരുന്നൂ . അപ്പോഴേക്കും അൻവർക്കയും ഭാര്യയും മക്കളും കൂടി മേശപ്പുറത്ത് വിവിധങ്ങളായ വിഭവങ്ങളും പഴങ്ങളും ജ്യൂസുകളും തരിക്കഞ്ഞിയും നിരത്തി. ഞങ്ങൾ എല്ലാവരും കൂടി ഇരിപ്പിടങ്ങളിൽ ഇരുന്ന് മഗരിബ് ബാങ്കിന്  കാതോർത്തു. പിന്നെ സമയമറിയിച്ചു കൊണ്ട് അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി മുഴങ്ങി. പിന്നെ ഈത്തപ്പഴത്തിൽ നോമ്പുതുറ  ആരംഭിച്ചു.  അതിനിടയിൽ പാലക്കാടുള്ള അൻവർക്കയുടെ ഭാര്യയുടെ സഹോദരിയുടെ വീഡിയോ കോൾ സംഭാഷണങ്ങൾ എന്നെ ശരിക്കും അമ്പരപ്പിച്ചു. അതിൽ അവർ സംസാരിച്ച രീതി ശരിക്കും ഓർഡിനറി സിനിമയിലെ ബിജുമേനോന്റെ സംഭാഷണരീതിയിൽ ആയിരുന്നൂ. അതിശയം മാറതെ  ഞാൻ അൻവർക്കയെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു "നീ ഇത് കഥയാക്കും  എന്നെനിക്ക് അറിയാം"
അങ്ങനെ അവരോടൊപ്പം അത്താഴവും കഴിച്ചു പിരിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ വയർ പതിവിലും നിറഞ്ഞിരുന്നൂ . ദിവസവുമുള്ള പരിപ്പിൽ നിന്നും നമ്മുടെ സ്വന്തം കറികളിൽനിന്നുമുള്ള ഒരു മാറ്റം. ഭക്ഷണത്തെ രുചിയറിഞ്ഞു കഴിക്കാനും വേദനയിൽ ആശ്വസിപ്പിക്കാനും കുടുംബം കൂടെ  ഇല്ലാത്തതിന്റെ വേദന ഇതുപോലുള്ള അവസരങ്ങളിൽ ആണ്  മനസ്സിലാവുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...