2018 ജനുവരി 13, ശനിയാഴ്‌ച

പ്രവാസത്തിന്റെ ബാക്കി പത്രം

പ്രവാസത്തിന്റെ ബാക്കി പത്രം 

എം. പി. എസ്. വീയ്യോത്ത്

ഒരു  എന്റെ സുഹൃത്ത് എനിക്ക് കാണിച്ചുതന്ന കാർട്ടൂണിൽ നിന്നാവട്ടെ തുടക്കം. ഒരു മനുഷ്യൻ പ്രവാസിയായി നാട്ടിൽനിന്നും മരുഭൂവിലെത്തിപ്പെട്ട് ആദ്യകാലത്തൊക്കെ മനുഷ്യനായും പിന്നെ കാലങ്ങളിലൂടെ സഞ്ചരിച്ചു ഒട്ടകമായി നാട്ടിലേക്ക് പോവുമ്പോൾ അവനു ചുറ്റും തരിശായി വിജനത മാത്രമേ കാണൂ എന്ന് അര്ഥമാക്കുന്ന ആ കാർട്ടൂൺ ഇന്നും ഞാൻ മനസ്സിൽ സൂക്ഷിച്ചിരിക്കുന്നൂ. എന്താ അല്ലെ ഓരോരുത്തരുടെ ഭാവന , അതിനു പല അർത്ഥതാളങ്ങളും ഉണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാവും തീർച്ച.
പ്രവാസികളായ നമ്മളോരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്ന വീഥികളിലൂടൊന്നു സഞ്ചരിച്ചാലോ.
പ്രവാസജീവിതത്തിനിടയിലായി വര്ഷത്തിലൊരിക്കൽ   അനുവദിച്ചു കിട്ടുന്ന എണ്ണിച്ചുട്ടപ്പം പോലുള്ള  അവധിക്കാലം തന്നെയാണ് ആകെ മനസ്സിനൊരാശ്വാസം. കുടുംബത്തിലോരോരുത്തർക്കും അവർക്കു ഇഷ്ടമാകുമെന്ന ചിന്തയിൽ വാങ്ങിക്കൂട്ടുന്ന താനിന്നേവരെ ഉപയോഗിച്ചിട്ടുപോലുമില്ലാത്ത സാധനങ്ങൾ  എത്ര കാശായാലും പാഴ്സലായോ തന്റെകൂടെയോ കെട്ടി കൊണ്ടുപോയി വീതിച്ചുനൽകുമ്പോൾ കുട്ടികൾ തുടങ്ങി മുതിർന്നവരുടെ മുഖത്ത് നിറയുന്ന ആ സന്തോഷം മാത്രം മതി പ്രവാസികൾക്ക് ഇപ്പോഴും പ്രതിഫലമായി എന്താ ശരിയല്ലേ .
നാട്ടിലെത്തിയത് മുതൽ അവരെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്  " എത്ര ദിവസത്തെ ലീവാണ് ? എപ്പോഴാ പോവേണ്ടത് ?". സത്യം പറഞ്ഞാൽ നമ്മൾ പ്രവാസികൾ മിക്കപേരും കേൾക്കാനാഗ്രഹിക്കാതെ കേൾക്കുന്ന ചോദ്യം ഇത് തന്നെ യാണ്. കാലം ഇത്ര മാറിയിട്ടും ഇന്നും ഈ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നൂ. ചില നാട്ടുകാരുടെ ചോദ്യം കേട്ടാൽ ഗൾഫിൽ പോയി താനെന്തോ അബദ്ധം ചെയ്തോ എന്ന് വരെ തോന്നിപ്പോവും. പണ്ട് ഒരു ഗൾഫ് കാരൻ നാട്ടിൽ വന്നാൽ കുട്ടികളോട് മക്കളെ ചായകുടിക്കുന്നോ  എന്ന് ചോദിക്കുന്നതിൽ  നിന്നും , കാലത്തിന്റെ വികൃതിയെന്നോണം നാട്ടിലെ ചെറുപ്പക്കാർ ഇന്ന് ഗൾഫ് കാരനെ നോക്കി  ഏട്ടാ കുപ്പിയൊന്നും കൊണ്ട് വന്നിട്ടില്ലേ എന്ന് ചോദിക്കുമ്പോൾ നാട്ടിലെ മദ്യാസക്തി യുവാക്കളിൽ എത്ര ഭീകരമായി കഴിഞ്ഞിരിക്കുന്നൂ എന്നറിയാതെ ചിന്തിച്ചുപോവും. പുകവലി നിരോധിച്ചപ്പോൾ ഗുഡ്ക ,പാൻ തുടങ്ങിയ പല പല ലഹരികളെ  ആവാഹിച്ചു  നീങ്ങുന്ന ഇന്ത്യൻ യുവത്വത്തെ നോക്കി നമ്മൾ അറിയാതെ മനസ്സിൽ തേങ്ങിയെങ്കിൽ നിങ്ങളിൽ നന്മയുടെ ചെറിയൊരുകാണികയുണ്ടെന്ന് സത്യം. അയ്യോ ഞാൻ പറഞ്ഞ വിഷയത്തിൽനിന്നും വ്യതിചലിച്ചോ  സാരമില്ല ഏതായാലും നമുക്ക് തുടരാം.
നാട്ടിലെ എല്ലാ സംഭവ രാഷ്ട്രീയ സമീപനങ്ങൾ പലപ്പോഴും പ്രവാസികൾ നല്ല വിശകലനം ചെയ്യുന്നൂ. അതിനായി ഏഷ്യാനെറ്റിലെ ന്യൂസ് അവറും മറ്റ് ടി വി ചാനലുകളും ദിനചര്യയുടെ ഭാഗമായെന്നോ കഴിഞ്ഞിരിക്കുന്നൂ  എന്ന്  പറയാൻ. ജോലിസ്ഥലത്തെ പല പല മാനസിക സംഘര്ഷങ്ങളും മറികടന്ന് ദിവസം മുന്നോട്ടു കൊണ്ടുപോവാൻ പാടുപെടുമ്പോൾ സംജാതമാവുന്ന കുടുംബവഴക്കുകൾ പലപ്പോഴും അവരെ എല്ലാം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയാലോ എന്ന് വരെ തോന്നിപ്പിച്ചിടുന്നൂ.  അപ്പോഴേക്കും മാസത്തിന്റെ ആദ്യ ദിനങ്ങളിൽ ശമ്പളം താമസിച്ചു വേവലാതിപ്പെട്ടു കഴിയുന്ന നമ്മെ തേടി നാട്ടിൽ നിന്നും
"എന്താ ഇത് വരെ പണം അയക്കാഞ്ഞത് , എന്താ ഇവിടെ ഞങ്ങൾക്ക് ജീവിക്കണ്ടേ " തുടങ്ങിയ ചോദ്യ ശരങ്ങൾ പ്രവഹിച്ചു തുടങ്ങുമ്പോളെക്കും . അവരെ വിഷമിപ്പിക്കാതെ
"പെട്ടെന്നയാക്കാം ഞാൻ തിരക്കിലായി പോയി അതാ താമസിച്ചേ"
 എന്നും പറഞ്ഞു  ചിരിച്ചുകൊണ്ട്  സത്യം മറച്ചു വയ്ക്കാൻ ശ്രമിക്കാൻ നമ്മൾ എന്നോ പഠിച്ചു കഴിഞ്ഞിരിക്കുന്നൂ അല്ലെ . പിന്നെ മനസ്സിൽ എപ്പോഴാ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു അവസാനം എന്ന് അറിയാതെ നാം ചിന്തുപോവും . മാസത്തിൽ കിട്ടുന്ന ശമ്പളത്തിൽ ബാങ്ക് ലോണും ക്രെഡിറ്റ് കാർഡിന്റെ അടവും കഴിഞ്ഞു ബാക്കി വന്നത് എല്ലാം കൂടി നാട്ടിലേക്ക് അയച്ചു മാസം മുഴുവൻ മത്തിക്കറിയിലും പരിപ്പിലും കുബ്ബൂസിലും ദൈനംദിന ജീവിതം തള്ളിനീക്കുന്ന നമുക്കോരോരുത്തർക്കും ആകെ ഒരാശ്വാസം ആഴ്ച്ചയുടെ  അവസാനദിനമായ വെള്ളിയാഴ്ച്ച തന്നെയാണ് .
വെള്ളിയാഴ്ച്ചയായാലോ രാവിലെമുതൽ  പട്ടിണികിടന്നും പ്രാതൽ കഴിച്ചും രക്തത്തിലടങ്ങിയ  പഞ്ചസാരയുടെയും കൊഴുപ്പിന്റെയും യൂറിക്കാസിഡിന്റെയും അളവും കംബോള നിലവാരവും  കഴിഞ്ഞു ഒരു ചാക്ക് നിറച്ചു മരുന്നും വാങ്ങി ക്ലിനിക്കിൽ നിന്നും ഉച്ചയോടെ മുറിയിലേക്ക് എത്തിച്ചേർന്നാൽ ഈ ജീവിതത്തെക്കുറിച്ചോർത്ത് വേദനിക്കാനേ കഴിയൂ . ഭക്ഷണത്തേക്കാൾ അധികം മരുന്ന് തന്നെ കാണും  എന്നത് ഒരു പ്രവാസിയുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നൂ.
കാലങ്ങൾക്കു ശേഷം മാറാവ്യാധികളായ ഷുഗറും കൊളസ്ട്രോളും തുടങ്ങിയ അസുഖങ്ങളുടെ നാട്ടിലെത്തിച്ചേർന്നാലോ. ഞാനാദ്യം പറഞ്ഞ ഒട്ടകത്തിന്റെ അവസ്ഥയാകും. അപ്പോഴേക്കും നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ നാം തികച്ചും അന്യരായി തീർന്നിട്ടുണ്ടാവും. കാലം ഒരുക്കിവച്ച ആ ഒറ്റപ്പെടലിന്റെ വേദനയിൽ അന്യമായൊരു മരണം കാത്തു കിടക്കുമ്പോൾ പലപ്പോഴും നമ്മുടെ കണ്ണീരുകാണാൻ ആരും കാണില്ല എന്നത് ഇന്നത്തെ ലോകത്തിന്റെ ഒരു രീതിയാണ് താനും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...