ഓർമ്മകളിലൂടെ
എം. പി. എസ്. വീയ്യോത്ത്
നാട്ടിൽ നിന്നും ദുബായിയിൽ എത്താൻ ഒത്തിരി വൈകി . ഇന്ന് വെള്ളിയാഴ്ചയായതിനാൽ നന്നായി കിടന്നങ്ങുറങ്ങാൻ തീരുമാനിച്ചു കിടന്നപ്പോഴാണ് നാട്ടിൽ വിളിച്ചു എത്തിച്ചേർന്നവിവരം അറിയിക്കണം എന്ന് തോന്നിയത് . യാത്രാക്ഷീണം കാരണം ഞാൻ നന്നായൊന്നുറങ്ങി . അതിനിടയിൽ നാട്ടിലെ ഓരോരോ സംഭവങ്ങൾ എന്റെ മനസ്സിലൂടെ ഒരു ചലച്ചിത്രത്തിലെന്ന വണ്ണം കടന്നുപോയിക്കൊണ്ടിരുന്നൂ .
എന്നും ഞാൻ നാട്ടിന്റെ സുരക്ഷിതത്വത്തിൽ മനസ്സ് നന്നേ സന്തോഷിച്ചിരുന്നൂ . രാവിലെ സാധനം എത്തിച്ചുകൊടുക്കേണ്ടവരുടെ കാര്യങ്ങൾ ആലോചിച്ചു വേഗം ഉറങ്ങിപ്പോയി . ഞാൻ വരുന്നതിനാൽ നേരത്തെ ഉറക്കമുണർന്ന മോളെ ചേർത്തുപിടിച്ചു അങ്ങനെ ഉറങ്ങുമ്പോൾ ഒരു സുഖം തോന്നി . പിന്നീടെപ്പോഴോ ഉറക്കമുണരാൻ കണ്ണുതുറക്കാൻ ശ്രമിച്ചപ്പോഴേക്കും മനസ്സിലായി എന്റെ മുഖത്ത് ഭാരമില്ലാത്തതെന്തോ കിടക്കുന്നുണ്ടെന്ന്. മെല്ലെ കയ്യെത്തിച്ചു തൊട്ടുനോക്കിയപ്പോൾ കുഞ്ഞു മോൾ എങ്ങനെയോ ഉരുണ്ടുരുണ്ട് എന്റെ മുഖത്ത് സുഖമായി കിടന്നുറങ്ങുകയായിരുന്നൂ . അവളെ മെല്ലെ കട്ടിലിലേക്ക് മാറ്റി കിടത്തിയപ്പോഴാണ് ശ്രദ്ധിച്ചത് എന്തോ മൂത്രഗന്ധം ആ മുറിയിൽ പടർന്നിരിക്കുന്നൂ . അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ തിരക്കിലായിരുന്ന എന്റെ സഹധർമ്മിണി ആ മുറിയിൽ കയറി വന്നത് . മുറിയിൽ കയറിയതും അവൾ എന്നെ നോക്കി തലയിൽ കയ്യും വച്ച് പൊട്ടിച്ചിരിക്കാൻ തുടങ്ങി, അപ്പോഴൊന്നും എനിക്ക് കാര്യം മനസ്സിലായില്ല . അതിനിടയിൽ അവൾ മുറിയുടെ ഒരു മൂലയിലെ മേശമേൽ നിന്നും ഒരു കണ്ണാടിയെടുത്തുകൊണ്ടുവന്ന് എന്റെ മുഖത്തിന് നേരെ പിടിച്ചു . അതുകണ്ടു ഞാനും ആദ്യം ഒന്ന് ഞെട്ടി . എന്റെ പൊന്നുമോള് നടത്തിയ മലമൂത്രവിസർജ്യത്തിന്റെ ചില ശകലങ്ങൾ എന്റെ മുഖത്ത് അങ്ങിങ്ങായി നന്നായി പടന്നിരുന്നൂ . അപ്പോഴാണ് എനിക്കും മനസ്സിലായത് ഇതുവരെ വന്ന മൂത്രഗന്ധത്തിന്റെ പ്രഭവകേന്ദ്രം ഏതാണ് എന്ന്. ഞാൻ വേഗം എഴുന്നേറ്റ് കുളിമുറിയിലേക്ക് പോയി വിശാലമായി ഒന്ന് കുളിച്ചു . കുളികഴിഞ്ഞു പുറത്തിറങ്ങിയപ്പോഴതാ രാസ്നാദിപ്പൊടിയുമായി ഭാര്യ കുളിമുറിക്ക് വെളിയിൽ നിൽക്കുന്നു . അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നപോലെ എനിക്ക് തോന്നി . അവൾ ചേർന്ന് നിന്ന് നെറുകയിൽ കുഞ്ഞിനെയെന്നവണ്ണം രാസ്നാദിപ്പൊടി തേച്ചുപിടിപ്പിച്ചപ്പോൾ എന്റെ ശ്രദ്ധ മുഴുവനും അവളുടെ മുടികളിലെ കാച്ചിയ വെളിച്ചെണ്ണയുടെ മനം മയക്കുന്ന സുഗന്ധത്തിലായിരുന്നൂ . അത് എന്റെ നാസാദ്വാരങ്ങളിൽ തുളച്ചുകയറി. പിന്നെ കുഞ്ഞിനേയും കൊണ്ട് സാധനങ്ങളുമായി ഭാര്യയോടൊപ്പം മാതാപിതാക്കളെ കാണാനും മറ്റും വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അച്ഛന്റെ കണ്ണിലെ ആ വറ്റാത്ത കണ്ണീർ എന്റെ കണ്ണിലേക്കും അറിയാതെ പകർന്നു . പിന്നെ അച്ഛൻ എന്നെ ചേർത്തുപിടിച്ചപ്പോൾ എന്റെ മോൾ മോണകാട്ടി ചിരിക്കുന്നുണ്ടായിരുന്നൂ , 'അമ്മ അവളെ തലകുലുക്കിയും മാടിവിളിച്ചും കയ്യിൽവാങ്ങി തൊടിയിലെ കാഴ്ചകളിലൂടെ ഇറങ്ങി നടന്നപ്പോൾ അവരുടെ മനസ്സിന്റെ ആ സന്തോഷം ഞാൻ അനുഭവിക്കുകയായിരുന്നൂ , അതിനിടയിൽ അച്ഛൻ ചോദിച്ച "എപ്പോഴാ മോനെ നീ എല്ലാം നിറുത്തി വന്നു നാട്ടിൽ നിൽക്കുന്നെ എന്ന ചോദ്യത്തിന്റെ ഉത്തരം നാളുകൾ ഒത്തിരികഴിഞ്ഞിട്ടും എനിക്ക് കിട്ടിയില്ല . നാളുകൾ മുന്നോട്ടു പോകുന്തോറും ആവശ്യങ്ങൾ എറിയേറി വരുന്നൂ പക്ഷെ ഇന്നും അച്ഛന്റെ ആശ നിറവേറ്റാൻ കഴിയുമെന്ന് തോന്നുന്നുമില്ല . എന്നെങ്കിലും രോഗിയായോ അല്ലെങ്കിൽ ദേഹിയായോ നാട്ടിലെത്തുമായിരിക്കും എന്ന് ചിന്തിച്ചു ജീവിതം തള്ളിനീക്കുന്നൂ.
നാട്ടിൽ ഓണപ്പൊട്ടൻ വരുമ്പോലെ കൊല്ലത്തിൽ ഒരിക്കൽ വന്നുപോവുന്ന എന്നെപ്പോലുള്ള പ്രവാസികൾ മനസ്സുകൊണ്ട് ആരെയും നോവിപ്പി ക്കരുത് എന്ന് കരുതുന്നു. കയ്യിലുള്ള തുച്ഛമായ പണം കൊണ്ട് വാങ്ങി വരുന്ന സമ്മാനപ്പൊതികൾ വീതിച്ചുകഴിയുമ്പോഴേക്കും അതുവാങ്ങി സന്തോഷത്തേക്കാൾ കുറ്റങ്ങളും കുറവുകളും പറയാനുള്ളവരുടെ നീണ്ടനിരയായിരിക്കും . ഇത് പറയുമ്പോൾ പത്തേമാരിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സംഭാഷണ ശകാലമാണ് ചിലപ്പോൾ മനസ്സിൽ തെളിഞ്ഞു വരിക . ഇന്നത്തെ കാലത്ത് ഒരു ഉറപ്പുമില്ലാത്ത നമ്മുടെ ജോലികളെപ്പറ്റി നാട്ടിലെ ആളുകൾക്ക് എന്തറിയാം . പ്രവാസിയായ ഓരോരുത്തരും അനുഭവിക്കുന്ന ഒരു സുഖമാണ് തിരക്കുപിടിച്ച ജോലിക്കിടയിൽ വീണുകിട്ടുന്ന എണ്ണിച്ചുട്ടപോലെ കിട്ടുന്ന അവധികൾ .നാട്ടിലെത്തുമ്പോൾ പലപ്പോഴും ഭാര്യയോടും കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഒപ്പം പലയിടങ്ങളിലും യാത്ര പോവണമെന്ന് മനസ്സിൽ ആശിക്കുമെങ്കിലും പലപ്പോഴും അതിൽ നല്ലൊരു ശതമാനവും അടുത്തതവണത്തേക്കു മാറ്റിവച്ചു തിരിച്ചു പോകാറാണ് പതിവ് പക്ഷെ ആ വിഷമത്തിൽ മനസ്സ് ഇപ്പോഴും ഒത്തിരിനീറുന്നുമുണ്ടാവും. അതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ