2018 മേയ് 20, ഞായറാഴ്‌ച

ഓര്‍മ്മകളിൽ ചിലത്

ഓര്‍മ്മകളിൽ ചിലത്
ഭാഗം:ഒന്ന്
സൈക്കിള്‍ യജ്ഞം
എം. പി. എസ്സ്. വീയ്യോത്ത്
എന്റെ കുട്ടിക്കാലത്തിലൂടെ ആവട്ടെ ഈ യാത്ര എന്താ?
അത് പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും തല്ക്കാലത്തേക്ക് ഒഴിവ് നല്‍കി  നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദന ആയ വേനലവധിക്കാലമായിരുന്നൂ. ആയിടയ്ക്ക് ആണ് ഞങ്ങളുടെ ഗ്രാമത്തില്‍ സൈക്കിള്‍ യജ്ഞവുമായി ഒരു നാടോടി സംഘമെത്തിച്ചേര്‍ന്നത്‌.
പകല്‍ സമയം അമ്പത് പൈസ കൊടുത്ത് ഒരു മണിക്കൂര്‍ സമയത്തേക്ക് ഒരു സൈക്കിള്‍ വാടകയ്ക്ക് എടുക്കും. പിന്നീട് ആ സൈക്കിളിന്റെ പിന്‍ചക്രത്തിലെ റിമ്മിനോട് ഒരു ബലൂണ്‍ വീര്‍പ്പിച്ചു കെട്ടിയുറപ്പിക്കും. ഇത്രയും ആയാല്‍ ഞങ്ങളുടെ സ്കൂട്ടര്‍ റെഡി,  ആ സൈക്കിളില്‍ കയറി ഓടിച്ചു തുടങ്ങിയാല്‍ ബലൂണ്‍ കമ്പിയില്‍ ഉരഞ്ഞു യജ്ഞാക്കാരുടെ സൈക്കിളിന്റെ ശബ്ദത്തോട് കൂടി ഇടവഴിയിലൂടെ ഓടിച്ചു രസിക്കുമ്പോള്‍ എന്തോ നേടിയ   പോലെയാണ്  .
വൈകീട്ട് കൂട്ടുകാരോടൊപ്പം സൈക്കിള്‍ യജ്ഞം നടക്കുന്ന മൈതാനത്ത് എത്തിചേരുമ്പോള്‍ അവിടെ ചൂടിയും മുളയും കൊണ്ട് വളച്ചു കെട്ടിയ ഭാഗത്ത് ഒരാള്‍ പിന്നണിയില്‍ മുഴങ്ങുന്ന ഗാന ശകലങ്ങള്‍ ആസ്വദിച്ചു സൈക്കിള്‍ ഓടിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നൂ. എന്റെ സുഹൃത്തുക്കളില്‍ ആരോ പറഞ്ഞു കേട്ടു  അദ്ദേഹം  ഇരുപത്തിനാല് മണിക്കൂറും ആ സൈക്കിളില്‍ തന്നെ യാണ്  ചിലവഴിക്കുന്നതെന്ന്.  എനിക്ക് ആ വാക്കുകളും അയാളെയും കണ്ടപ്പോള്‍ ശരിക്കും അതിശയമാണ് തോന്നിയത്.
സമയം മെല്ലെ മെല്ലെ സന്ധ്യകഴിഞ്ഞു ഇരുള്‍ മൂടിത്തുടങ്ങി എങ്കിലും അങ്ങിങ്ങ് കത്തിച്ചുവച്ച പെട്രോള്‍ മാക്സിന്‍റെ ശക്തിയുള്ള വെളിച്ചം ആ ഇരുട്ടിന്റെ മുറിവേല്‍പ്പിച്ചുകൊണ്ട്‌ നിന്നപ്പോള്‍ കാണാന്‍ തന്നെ നല്ല ചന്തമായിരുന്നൂ. പിന്നെപ്പോഴോ ആട്ടവും പാട്ടുമായി ഒരു സുന്ദരി കടന്ന് വന്നു.  അവരുടെ അംഗ വിക്ഷേപങ്ങള്‍ കണ്ട് ആ നൃത്തത്തില്‍ മുഴുകി ഞങ്ങള്‍ ട്രൌസറും ഇട്ട് തറയിലെ ചരല്‍ മണ്ണില്‍ ഇരുന്ന്  എല്ലാം ഒരു സിനിമ കാണുന്നപോലെ ആസ്വദിച്ചു. അന്നത്തെ പ്രദര്‍ശനം കഴിയുന്ന മുറയ്ക്ക് ആരോ സംഭാവന ചെയ്ത കോഴിയെ ലേലം വിളിക്കുന്ന പരിപാടിയാണ് അടുത്തത്‌.  ലേലം വിളിതുടങ്ങി പിന്നെ അത് മുറുകി മുറി വന്നൂ. പെട്ടെന്നതാ ചൂടിയും കടന്ന് ഒരു സ്ത്രീ കളിതുള്ളിക്കൊണ്ട് വരുന്നൂ. അവര്‍ നേരെ  വന്നു അതിലൊരാളുടെ ചെകിടത്ത്  പടോ എന്ന് പറഞ്ഞു തല്ലി അയാളുടെ കയ്യിലുള്ള കോഴിയെയും കൊണ്ട് രംഗം വിട്ടു. പിന്നീട് അല്‍പസമയം കഴിഞ്ഞാണ് എല്ലാവര്ക്കു കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. ആ സ്ത്രീ വളര്‍ത്തുന്ന കോഴിയെ ഏതോ വിദ്വാന്‍ മോഷ്ടിച്ച് സൈക്കിള്‍ യജ്ഞക്കാര്‍ക്ക് സമ്മാനിച്ചത്‌ ആയിരുന്നൂ. അങ്ങനെ ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോഴേക്കും സമയം ഒത്തിരിയായി. അപ്പോഴും ഞാന്‍ കണ്ട ആ സുന്ദരിയായ ചേച്ചി യെക്കുറിച്ചു മാത്രമായി ചിന്ത. അടുത്ത ദിവസം കളിക്കുന്നതിന് ഇടയില്‍ അവര്‍ താമസിച്ചിരുന്ന വീട്ടിന്‍റെ പരിസരത്ത് കൂടി നടന്നപ്പോള്‍ അതാ മീശയില്ലാത്ത ഒരു ചേട്ടന്‍ ബീഡിയും വലിച്ചു കൊണ്ട് ഇരിക്കുന്നൂ. എന്റെ സുഹൃത്ത് അയാളുടെ അടുത്ത് ചെന്ന്  ചോദിച്ചു “ഇന്നലെ നൃത്തം ചെയ്ത ചേച്ചിയേവിടെപ്പോയി ?” അയാള്‍ മറുപടിയായി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് “ പുറത്ത് പോയതാ  , എന്താ വിശ്വാസം വരുന്നില്ലേ? എന്നാല്‍ വൈകീട്ട് വാ?”  എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അയാളെ ആകെ ഒന്ന് പഠിക്കുകയായിരുന്നൂ.
അങ്ങനെ അന്നും ഞങ്ങള്‍ പ്രദര്‍ശനം കാണാന്‍ പോയി. പരിപാടികളുടെ ഇടയിലായി ആ സുന്ദരിച്ചേച്ചി ഞങ്ങളെ അവരുടെ അടുത്തേക്ക്‌ വിളിച്ചു. മടിച്ചു മടിച്ചു ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ അവര്‍ ഞങ്ങളുടെ കയ്യില്‍ കയറി പിടിച്ചു. ആ കൈകള്‍ ശരിക്കും ഒരു പുരുഷന്റെ കൈപോലെ തോന്നിച്ചു , അപ്പോഴാണ് എനിക്കും എന്റെ സുഹൃത്തിനും കാര്യങ്ങള്‍ വിശദമായി മനസ്സിലായത് . അതിനിടയില്‍ ഞങ്ങളെ ആ ചേച്ചി നാട്ടുകാര്‍ക്ക് പകല്‍ സമയത്തെ  ഞങ്ങളുടെ അന്വേഷണത്തെപ്പറ്റി പരിചയപ്പെടുത്തിയപ്പോള്‍ തൊണ്ടവരണ്ടത് ഇന്നും ഓര്‍ക്കുന്നൂ.

കാലചക്രം നീണ്ട ഒരു കറക്കം കഴിഞ്ഞപ്പോഴേക്കും പലതും ഓര്‍മ്മകള്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നൂ. ഇന്ന് ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ കളഞ്ഞുപോയ പലതില്‍ ചിലതായി അത് ഓര്‍മ്മച്ചെപ്പില്‍ അമൂല്യമായി ഇന്നും കുടികൊള്ളുന്നൂ.    


ഓര്‍മ്മയില്‍ ചിലത്
ഭാഗം:രണ്ട്
ജാക്ക്പോട്ട്
എം. പി. എസ്സ്. വീയ്യോത്ത്
എന്റെ കുട്ടിക്കാലത്തിലൂടെ ആവട്ടെ ഈ യാത്ര എന്താ?

അത് പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും തല്ക്കാലത്തേക്ക് ഒഴിവ് നല്‍കി  നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദന ആയ വേനലവധിക്കാലമായിരുന്നൂ. ബാല്യത്തിന്‍ ഓര്‍മ്മകളില്‍ പലപ്പോഴും നാരങ്ങ മിട്ടായിക്കും പാക്കറ്റ് അച്ചാറിനും ടാര്‍ പോലുള്ള മിട്ടായിക്കും ഒത്തിരി സ്ഥാനമുണ്ടെങ്കിലും. അതില്‍ നിന്നും വിഭിന്നമായി എന്റെ പോക്കറ്റ് മണിയായിക്കിട്ടുന്ന പൈസ ചിലവായ വഴികളില്‍ ഒന്നാണ് കലണ്ടറില്‍ എം. ജി. ആര്‍  തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വര്‍ണ്ണചിത്രങ്ങളോട് കൂടിയ ജാക്ക്പോട്ട് ആണ്. എന്നൊക്കെ ഞാന്‍ ആ ജാക്ക് പോട്ട് കലണ്ടറില്‍ നിന്നും ചുവപ്പോ നീലയോ നിറത്തിലുള്ള പൊതി കീറിയെടുത്തോ അപ്പോഴൊക്കെ ആ പൊതിയില്‍   സിനിമയുടെ ഏതെങ്കിലും സീന്‍ അടങ്ങിയിരിക്കുന്ന  ഫിലിം കഷണവും നാരങ്ങമിട്ടായിയും ആയിരിക്കും. പക്ഷെ അതും ഒരു സുഖം തന്നെയല്ലേ . ഓര്‍മ്മയുടെ ചെപ്പിലെ ഇനിയും ഒത്തിരിഉണ്ട് വീണ്ടും കാണാം.

ഓര്‍മ്മയില്‍ ചിലത്
ഭാഗം:മൂന്ന് 

നെൽപ്പൂക്കൾ 
എം. പി. എസ്സ്. വീയ്യോത്ത്
ഓണപ്പരീക്ഷ കഴിഞ്ഞു ഓണപ്പൂക്കൾ തേടിയുള്ള യാത്ര നല്ല രസകരമായ ഓർമ്മതന്നെ യാണ്.
വൈകീട്ട് തുമ്പപ്പൂ പറിക്കാൻ കുമ്പിളും കുത്തി ഇറങ്ങിയപ്പോൾ എന്റെ കൂട്ടുകാരനാണ് നമുക്ക് വയലിൽ പോയി പൂ പറിക്കാം എന്ന ആശയം അവതരിപ്പിച്ചത്. ഭംഗിയുള്ള പൂക്കളം ഉണ്ടാക്കാൻ അത് സഹായിക്കും എന്ന് അറിയുന്നതിനാൽ സഹോദരിയും സമ്മതം മൂളി. അങ്ങനെ അവളും അവളുടെ കൂട്ടുകാരികളും തുമ്പപ്പൂ പറിച്ചു കഥയും പറഞ്ഞു നടന്നൂ. ഞാനും എന്റെ സുഹൃത്തും അവിടെനിന്നും നേരെ വയലിലേക്ക് ഓടി. വയലരികിലെത്തി ചുറ്റും നോക്കി ആരും അടുത്തില്ല പിള്ളേ മെല്ലെ നെൽ വയലിലൂടെ നടന്ന് നെൽ ചെടിയിലെ പൂക്കൾ ഇറുക്കാൻ തുടങ്ങി. പെട്ടെന്നാണ് അടുത്തു വരുന്ന നായയുടെ കുര  കേട്ടത്. പിന്നെ കയ്യിൽ കിട്ടിയ പൂക്കളുമായി ഞങ്ങൾ ജീവനും കൊണ്ട് തിരിച്ചോടി . കുറെ ദൂരത്തെത്തിയപ്പോൾ ദൂരെ കിതച്ചുകൊണ്ട് നിൽക്കുന്ന നായയെ ഞങ്ങൾ കണ്ടു . അതിനെ പ്രകോപിച്ചു അവിടെനിന്നും കൂകി ശബ്ദമുണ്ടാക്കി . അതിൽ പ്രകോപിതനായി കുരച്ചുകൊണ്ടു നായ വീണ്ടും ഓട്ടം  തുടർന്നപ്പോൾ ഞങ്ങൾ വീണ്ടും ഓട്ടം തുടർന്നൂ. വീട്ടിൽ എത്താൻ നേരത്ത് ഞാൻ വെറുതെ തിരിഞ്ഞു നോക്കി പക്ഷെ ആ നായയെ  അവിടെ എങ്ങും കണ്ടില്ല. ആ ഓണത്തിന്റെ ഓർമ്മയും മനസ്സിലൂടെ പലതവണ കടന്നു പോയിരുന്നത് തന്നെ. ഇന്നത്തെ ബാല്യത്തിന് അന്യം നിന്നുപോയതും ഇതൊക്കെയല്ലേ.
ഓര്‍മ്മയില്‍ ചിലത്
ഭാഗം:നാല്  
രാമേട്ടന്റെ മരണം 
എം. പി. എസ്സ്. വീയ്യോത്ത്

മറക്കാൻ ശ്രമിച്ചിട്ടും എന്നെ വിട്ടുപോവാത്ത ചില ഓർമ്മകൾ നീറുന്ന നോവായി ഇന്നും അവശേഷിക്കുന്നൂ.
രാമേട്ടൻ എന്നാൽ ഞങ്ങൾ എവിടെനിന്നാണോ സൈക്കിൾ വാടകയ്ക്ക് എടുത്തിരുന്നത് ആ കടയുടെ മുതലാളിയാണ്. എല്ലാവരോടും സരസമായി സംഭാഷണം നടത്തുന്ന രാമേട്ടന്റെ ആകസ്മിക മരണം എല്ലാവരെ എന്നപോലെ ഞങ്ങളെയും ഒത്തിരി വേദനിപ്പിച്ചിരുന്നൂ. അങ്ങനെയിരിക്കെ ഒരുദിവസം എന്റെ സുഹൃത്ത് സംസാരമധ്യേ പറഞ്ഞ ചില വസ്തുതകൾ ശരിക്കും എന്നെ ഞെട്ടിച്ചു. രാമേട്ടന് ദിവസവും  വൈകീട്ട് ബോധം മറയുന്നതു വരെ പട്ടചാരായം കഴിക്കുന്ന പതിവുണ്ടായിരുന്നൂ. എന്തൊക്കയോ പ്രശ്നങ്ങൾ അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ ഇരുന്ന് ചാരായം കുടിക്കാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മകന്റെ മകൻ അങ്ങോട്ട് നടന്നു വന്നത്. അദ്ദേഹം പതിവായി അവനു കഥ പറഞ്ഞു കൊടുക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവനെ ചേർത്തു പിടിച്ചു അദ്ദേഹം ആ കുട്ടിക്ക് ഒരു ചെറിയ കഥ പറഞ്ഞു കൊടുത്തു. അവസാനം കയ്യിൽ കരുതിയ സ്വർണ്ണാഭരണങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിക്കുന്ന സിങ്ക് സയനൈഡ് എന്ന രാസപദാർത്ഥം അദ്ദേഹം ഗ്ലാസിലെ ചാരായത്തിലേക്ക് നിക്ഷേപിച്ചു. അത് ചാരായത്തിൽ പതഞ്ഞുകൊണ്ടു പ്രവർത്തനം ആരംഭിച്ചു . രാമേട്ടൻ കുട്ടിയെ നോക്കിക്കൊണ്ടു ഇങ്ങനെ പറഞ്ഞു " മോന് അച്ചാച്ചൻ ഒരു സൂത്രം കാണിച്ചു തരട്ടെ ?" ആ പാവം കുട്ടി ചിരിച്ചുകൊണ്ട് തലയാട്ടി. അതിനിടയിൽ ആ ഗ്ലാസ്സ് ചാരായം അദ്ദേഹം ചുണ്ടോട് ചേർത്ത് കുടിച്ചു മറിഞ്ഞു അവിടെകിടന്നു മരിച്ചു. കാര്യങ്ങൾ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് രാമേട്ടനോട്  കോപമാണ് തോന്നിയത്. കാരണം ആ കുട്ടിയുടെ മുന്നിൽ വച്ച് ഇങ്ങനെ ചെയ്യാൻ തോന്നിയ അയാളോട് നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ. രാമേട്ടന്റെ മരണം ഇന്നും മായാതെ മനസ്സിൽ ഒരു നീറുന്ന നോവായി അവശേഷിക്കുന്നൂ. 
ഓര്‍മ്മയില്‍ ചിലത്
ഭാഗം:അഞ്ച്   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...