2018 ജൂലൈ 17, ചൊവ്വാഴ്ച

കലികാലത്തിനൊരു ബാക്കി പത്രം

കലികാലത്തിനൊരു ബാക്കി പത്രം

എം. പി. എസ്സ്  . വീയ്യോത്ത്


അതാ അങ്ങോട്ടുനോക്കൂ ആ കാണുന്ന വയലിൻ  കരയോട് ചേർന്ന് പഴയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന തറവാട് കാണുന്നില്ലേ. അതാണ് മനയറ്റത്ത് എന്ന  നാട്ടിലെ  അറിയപ്പെടുന്ന തറവാട് . ഇന്ന് അവിടമാകെ കാടുപിടിച്ചു നശിച്ചു തുടങ്ങിയിരിക്കുന്നൂ. ഒരുകാലത്ത് പശുക്കളും  ധാരാളം പണിക്കാരും  പറമ്പിലെ  വൈക്കോൽ ക്കൂനയും മുറ്റത്തിന്റെ ഒരു കോണിൽ പറമ്പിൽ നിന്നും വെട്ടിയ നാളികേരകൂമ്പാരവും ഇന്ന്ഓർമ്മകളിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നൂ .

എന്റെ കുഞ്ഞുന്നാളിൽ  അച്ഛനോടൊപ്പം ആ തറവാടിൻറെ മുറ്റത്തേക്ക് കടന്ന് ചെല്ലുമ്പോഴൊക്കെ  ശങ്കരേട്ടന്റെ പിതാവ് ചന്തു മാസ്റ്റർ  ഉമ്മറത്തെ ചാരുകസേരയിൽ ഒന്നുകിൽ ഇരുന്നുറങ്ങുന്നുണ്ടാവും അല്ലെങ്കിൽ വെറ്റില മുറുക്കിക്കൊണ്ട് ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് ഇരിപ്പുണ്ടാവും . ഒരു ദിവസം എന്നെയും കൊണ്ട് മുറ്റത്തേക്ക് ചെന്ന ഞങ്ങളെ  മൂക്കിലെ കണ്ണട വിടവിലൂടെ തലതാഴ്ത്തി സൂക്ഷിച്ചു നോക്കി ഇങ്ങനെ ചോദിച്ചു 

" രാമാ ഇവനെ ഇതുവരെ പണിയൊന്നും പഠിപ്പിച്ചില്ല അല്ലേ ?"

 അച്ഛൻ അതിന് മറുപടിയായി

" ഇല്ല തമ്പ്രാ  ചെക്കന് പഠിക്കണം പോലും അതാ?"

 എന്ന്  പറഞ്ഞപ്പോൾ  അതുകേട്ട് ചന്തു മാഷ് വലിയ വായിൽ പൊട്ടിച്ചി രിച്ചപ്പോൾ വായിലെ മുറുക്കാൻ എന്റെ ദേഹത്ത് തെറിച്ചു വീണു. അന്നും അന്നും ഇന്നത്തെപ്പോലെ വലിയ ആൾക്കാർക്ക് എന്തിനും ഏതിനും റാൻ മൂളാൻ ആളുകൾക്ക് പഞ്ഞം  ഒരു ഇല്ലാതിരുന്നതിനാൽ തന്നെ ഏവരും  ചന്തുമാഷുടെ ചിരിയിൽ പങ്കാളികളായി .

അങ്ങനെ കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ മുന്നോട്ട്സഞ്ചരിച്ചപ്പോൾ ഒരുനാൾ ഞാനും  പഠിച്ചു ഡോക്ടറായി വന്നു. അന്ന്  അച്ഛനോട് ശങ്കരേട്ടന്റെ വാല്യക്കാരിൽ ഒരാളാണ് തറവാട്ടിലേക്ക് വന്ന്അ ത്യാവശ്യമായി എന്നെ വിളിപ്പിച്ചത് . അവിടെ ചെന്നപ്പോൾ  അകത്തെ കട്ടിലിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന ചന്തുമാഷേ കണ്ടപ്പോൾ മനസ്സിലെ അദ്ദേഹത്തോടുള്ള ഭയമൊക്കെ എങ്ങോ പോയി മറഞ്ഞു പകരം ആ കിടപ്പിന്റെ ദയനീയമായ  അവസ്ഥ കണ്ട് എന്റെ മനസ്സ് നന്നേ വേദനിച്ചു  . അങ്ങനെ  ഞാൻ അദ്ദേഹത്തെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകി അവിടെനിന്നും ഇറങ്ങി നടന്നു നീങ്ങിയപ്പോൾ   മനസ്സിൽ ആ പഴയകാല ഓർമ്മകൾ  ചലച്ചിത്രത്തിലെന്നവണ്ണം മിന്നി മാഞ്ഞുപോയി  . 

സന്ധ്യയോടടുപ്പിച്ചു്  വീടിന്റെ മുൻവശത്ത് നിന്നും രാമാ എന്ന വിളികേട്ടാണ്  ഞാനും അച്ഛനും  വീട്ടിന് വെളിയിലേക്ക്  ഇറങ്ങിചെന്നത്  . മുറ്റത്തായി  ചിരിച്ചുകൊണ്ട്   ശങ്കരേട്ടനും അദ്ദേഹത്തിന്റെ ഒരു സഹായിയും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നൂ   .  ഞങ്ങളെ ക്കണ്ടപാടേ ശങ്കരേട്ടൻ വേഗം  എന്റെ  അരികിലേക്ക് വന്ന് കുറച്ചു് രൂപ  കൈകളിൽ തന്നേൽപ്പിച്ചു  . ഞാനും അച്ഛനും പല ഒഴികഴിവുകൾ  പറഞ്ഞിട്ടും അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല . അദ്ദേഹം തന്ന ആ സംഖ്യ ആയിരുന്നൂ എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രതിഫലം .

  പിന്നീടുള്ള കാലങ്ങളിൽ എനിക്ക്  ജോലിയുമായി ബന്ധപെട്ട്  പല പല ദേശങ്ങളിൽ സഞ്ചരിക്കേണ്ടതായി വന്നൂ.  പിന്നീട്  എപ്പോഴെങ്കിലും ലഭിക്കുന്ന ഒഴിവുദിവസങ്ങളിൽ മാത്രമായി നാടും വീടുമായുള്ള ബന്ധംഒതുങ്ങി  . അങ്ങനെയിരിക്കെ 2000 ത്തിലെ ഒരു ജനുവരിയിൽ ആണ്  അമ്മാവന്റെ മകളുമായുള്ള   എന്റെ വിവാഹം  നടന്നത് .  അധികം താമസിയാതെ തന്നെ   ഞാനും കുടുംബവും കൂടി ജോലി സ്ഥലത്തിനടുത്തുള്ള ക്വാർട്ടേഴ്‌സിലേക്കു  താമസം മാറി  . പിന്നീട്  ഒരു നാൾ  അച്ഛൻ പറഞ്ഞാണ് ചന്തു മാഷ്  മരിച്ചത്ഞാൻ  അറിഞ്ഞത് . ശരിക്കും മനസ്സ് നന്നേ വേദനിച്ച നാൾ ആയിരുന്നൂ അത് .  അത്രയ്ക്ക് ആത്മബന്ധം ഉണ്ടായിരുന്നൂ ആ തറവാടുമായി ഞങ്ങളുടെ കുടുംബത്തിന് . ആരുമറിയാതെ എന്റെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായവും ചെയ്തുതന്ന ശങ്കരേട്ടന്റെ സഹധർമ്മിണി ജാനകിയമ്മയെ മറക്കുന്നത് എങ്ങനെ .

പിന്നീട് കാലങ്ങൾക്ക്  ശേഷം  എന്റെ മക്കളും വളർന്ന്  എനിക്കൊപ്പം എത്തിയപ്പോൾ ഒരാഗ്രഹം മനസ്സിൽ ബാക്കിയായി. എന്റെ ആ പഴയ ഗ്രാമം കണ്ണടയുന്നതിനു മുമ്പ്   ഒരിക്കൽക്കൂടി കാണണം . നഗരജീവിതം വിട്ട് തെല്ലു നേരം പോലും മാറാൻ ആഗ്രഹിക്കാത്ത എന്റെ  ഭാര്യയും മക്കളും ആദ്യമാദ്യം എന്റെ ആഗ്രഹത്തിന് മുമ്പിൽ മുഖത കിട്ടിയെങ്കിലും നിശ്ചയദാർഢ്യത്തിനു മുമ്പിൽ അവസാനം അവരും വഴിമാറി .

അങ്ങനെ കുറെ ആണ്ടുകൾക്കു ശേഷം കുടുംബസമേതം ഞാൻ ജന്മനാട്ടിലേക്ക് വന്നതാണ്   . ഇന്ന് ആ തറവാട്ടിൽ  ശങ്കരേട്ടനും ജാനകിയേടത്തിയും ഇല്ല . അവരെ കാലം മരണത്തിൻ കമ്പളം കൊണ്ട് എന്നോ മൂടിക്കഴിഞ്ഞിരിക്കുന്നൂ . പിന്നീട് പരിചയക്കാരിൽ ചിലരിൽനിന്നും അവരുടെ അവസാന നാളുകളേ ക്കുറിച്ചു പറഞ്ഞറിഞ്ഞു .

ശങ്കരേട്ടന്  കുഞ്ഞുങ്ങളില്ലാതിരുന്നതിനാൽ തന്നെ  പലരും  പലപ്പോഴായി മക്കളുടെയും അമ്മയുടെയും പേരും പറഞ്ഞു പണം കടം വാങ്ങുന്നത് ഒരു ശീലമാക്കിയപ്പോൾ  . അവർ ആ പാവങ്ങളെ വാങ്ങിയ പണം  തിരിച്ചു കൊടുക്കാതെ  ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ജന്മിവ്യവസ്ഥയുടെ കഥപറഞ്ഞു തള്ളിയിട്ടു. കിടക്കാൻ വലിയ തറവാട് ഉണ്ടായിട്ട് കാര്യമില്ലല്ലോ ആവശ്യത്തിന് പണം തന്നെ വേണ്ടേ .  അങ്ങനെ അവർ അടുത്തുള്ള കടകളിൽ നിന്നും രാവിലെ വാങ്ങിക്കുന്ന ഒരു കുറ്റി പുട്ടിലാണ് ദിവസം കഴിച്ചു കൂട്ടിവന്നത് തന്നെ  . പിന്നീടെപ്പോഴോ ഇരുവരും   ഇഹലോകവാസം വെടിഞ്ഞപ്പോൾ   ആ വീട് ശങ്കരേട്ടന്റെ ഒരു വിശ്വസ്തൻ തന്നെ എങ്ങനെയോ തന്റെ പേരിലേക്ക് മാറ്റിയെടുത്തു .

അങ്ങനെ വരുന്നിടത്ത്  വച്ച് കാണാം എന്നുറപ്പിച്ചു ഞാൻ ആ വീടിൻറെ  മുറ്റത്തേക്ക്  നടന്നപ്പോൾ അതാ ഒരാൾ വരാന്തയുടെ മൂലയ്ക്ക് ചുരുണ്ടു കൂടി കിടക്കുന്നൂ  .  ഞാൻ അയാളുടെ അടുത്തുചെന്ന്   മെല്ലെ തട്ടി വിളിച്ചു . എന്നെ കണ്ടപ്പോൾ ആദ്യം സംശയ ദൃഷ്ടിയോടെ നോക്കിയെങ്കിലും പിന്നീട്  മനസ്സിലായപ്പോൾ   കുറച്ചു നേരത്തേക്ക് സ്തബ്ധനായി നിന്നൂ  . അത് പണ്ട്   വീട്ടിൽ ശങ്കരേട്ടനോടൊപ്പം വന്ന വാല്യക്കാരൻ ആയിരുന്നൂ . എന്റെ ചൂഴ്ന്നുള്ള നോട്ടം അയാളെ നന്നേ മുറിവേൽപ്പിച്ചെന്നു തോന്നുന്നൂ .അദ്ദേഹം  അവിടെനിന്നും മുറ്റത്തേക്കിറങ്ങി ഒന്നുകൂടി എന്നെ സൂക്ഷിച്ചു നോക്കി  നടന്ന് നീങ്ങി   . പിന്നീടാണ് അറിഞ്ഞത്  അയാൾ  മൂകനും ബധിരനും ആയിരുന്നൂ എന്ന്. നാരായണൻ  മുതലാളിയുടെ സ്ഥലങ്ങൾ നോക്കി നടത്തലാണ് ഇന്ന് അയാളുടെ ജോലി . ഇപ്പോഴും മനസ്സിലാകാത്ത ഒരു ചോദ്യമുണ്ട് എന്നാണ് നാരായണൻ മുതലാളി ഈ വീടും സ്ഥലവും വാങ്ങിയത് . കലികാലമല്ലേ ഒന്നും അങ്ങ് വ്യക്തമാകുന്നുമില്ല .

അങ്ങനെ നാട്ടിലെ അവസാന അടയാളവും മണ്മറഞ്ഞതിന്റെ വേദനയിൽ കാറിനരികിലേക്കു നടന്നപ്പോഴാണ് ആരോ എന്റെ ചുമലിൽ തോണ്ടിയത്   പോലെ  തോന്നിയത് . ഞാൻ തിരിഞ്ഞു നോക്കി അത് ശങ്കരേട്ടന്റെ വാല്യക്കാരൻ ആയിരുന്നൂ . അദ്ദേഹം കയ്യിലെ ഒരു കവർ എന്റെ നേരെ നീട്ടി . ഞാൻ അത് വാങ്ങി തുറന്ന് നോക്കി . അതിൽ കണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ഞാനും ശങ്കരേട്ടനും അച്ഛനും ജാനകിയമ്മയും തെളിഞ്ഞു നിന്നിരുന്നൂ . ഇനി ഓർക്കാൻ ഇത് ധാരാളം എന്നോർത്തു വാല്യക്കാരനെ ചേർത്തു പിടിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ . വന്നു കണ്ടപ്പോൾ അസ്തമിച്ച പ്രതീക്ഷയ്ക്കു ആ ചിത്രം നൽകിയ വില എന്റെ ജീവിതം തന്നെ യാണ്. ഒരു പാട് ഓർമ്മകൾ നിഴലിക്കുന്ന ഒരു ചിത്രം .അവിടെ നിന്നും കാറിലേക്ക് കയറിയപ്പോൾ ഞാൻ ആ ചിത്രം എല്ലാവരെയും കാണിച്ചു . അച്ഛന്റെ പഴയ രൂപം കണ്ടു അവരുടെ കണ്ണുകൾ നിറഞ്ഞതു ഞാൻ ശ്രദ്ധിച്ചു . ഇത് ധാരാളം മതി എനിക്ക് മരണം വരെ ഓർക്കാൻ . ബന്ധങ്ങൾ ബാധ്യതകളാവുന്ന ഇന്നത്തെ ലോകത്ത് ഇത് ധാരാളം മതി എനിക്ക് മരണം വരെ ഓർക്കാൻ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...