2018 ജൂലൈ 21, ശനിയാഴ്‌ച

പ്രവാസത്തിന്റെ നഷ്ടങ്ങൾ

പ്രവാസത്തിന്റെ നഷ്ടങ്ങൾ

എം. പി. എസ്. വീയ്യോത്ത്

"ദിനേശാ ... നല്ല മഴതന്നെ നാട്ടില്  അല്ലേ ? സുഖിക്ക് മോനെ . ഞങ്ങളൊക്കെ  നാട്ടിലെ മഴ നനയണം എന്ന് ഒരു കൊതിയുണ്ട് , ഓരോ കൊല്ലവും ആശിക്കുമെങ്കിലും ഇവിടെയുള്ള ജീവിത സാഹചര്യങ്ങൾ കാരണം പലപ്പോഴും നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നൂ . എന്തുചെയ്യാം "

എന്ന് പറഞ്ഞു നെടുവീർപ്പോടെ ഫോൺ ഡിസ്കണക്ട് ചെയ്യുമ്പോൾ   കൃഷ്ണേട്ടന്റെ മനസ്സിലെ നഷ്ടബോധം എന്നെ നന്നേ വേദനിപ്പിച്ചു .

കൃഷ്ണേട്ടൻ ഞാൻ അറിയുന്ന കാലം തൊട്ടേ  ഏതോ  മണൽ നഗരത്തിൽ മണലും കാലാവസ്ഥയും മനസ്സുമായുള്ള ഒരു പോരാട്ടത്തിലായിരുന്നൂ . ഇന്ന് ചിലർ അദ്ദേഹത്തെ ബൂർഷ്വാസി എന്ന്  വിളിക്കുന്നൂ . അതിനു കാരണം കൃഷ്ണേട്ടൻ  അനാവശ്യമായി ഒരു പാർട്ടിക്കും ഒരു സഹായവും ചെയ്യില്ല എന്നതാണ് കാരണം . കൃഷ്ണേട്ടന്റെ സ്വരത്തിൽ പറഞ്ഞാൽ "എന്തിനാ മോനേ  പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നേ" എന്നാണ് . അതിന് കാരണക്കാരും നമ്മുടെ നാട്ടുകാരിൽ ചിലരാണ് . പണ്ട് അദ്ദേഹം അവധിക്കു വരുമ്പോൾ എല്ലാവർക്കും മദ്യവും സിഗരറ്റും കൊണ്ടുവന്നു നൽകി. എല്ലാം കഴിഞ്ഞു  നാട്ടുകാരിൽ ചിലർക്ക്   കൃഷ്ണേട്ടനോടുള്ള  അസ്വാരസ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹത്തിന് ശരിക്കും ബോധ്യപ്പെട്ടത്. അതിന് ശേഷം ഒരു തവണപോലും ആ തെറ്റ് അദ്ദേഹം ആവർത്തിച്ചില്ല. ഒരിക്കൽ കൃഷ്ണേട്ടൻ അവധിക്കു വന്നപ്പോൾ എന്നെയും കൂട്ടി ചാത്തോത്തെ വയലിൻ കരപിടിച്ച്  പഴയ കുളക്കടവിൽ പോയത് എങ്ങനെ മറക്കും . എല്ലാവരും നീന്തുന്നത്നീ കണ്ട് കാല് നനയ്ക്കാനായി കുളത്തിനരികിലെ പടവിൽ നിന്ന തൊടീൽ മമ്മദ്  കാൽ വഴുതി കുളത്തിൽ വീണപ്പോൾ ഷർട്ടും മുണ്ടും നിമിഷങ്ങൾ കൊണ്ട് ഉരിഞ്ഞു കയ്യിൽ തന്ന് കൃഷ്ണേട്ടൻ കുളത്തിലേക്ക്‌ എടുത്ത് ചാടിയതും അവന്റെ മുടിയിൽ പിടിച്ചുയർത്തി കരയ്ക്ക് കിടത്തിയപ്പോൾ  അവന്റെ ബോധം സ്വല്പം മറഞ്ഞുപോയിരുന്നൂ . കൃഷ്ണേട്ടൻ അവന്റെ വയറ്റിൽ അമർത്തി വെള്ളം പുറത്തുകളഞ്ഞപ്പോൾ മെല്ലെമെല്ലെ അവന്റെ ബോധം തിരിച്ചുകിട്ടി . എല്ലാം കഴിഞ്ഞു മമ്മദ് ചിരിയും കരച്ചിലും കലർന്ന വിധം എന്നെയും അദ്ദേഹത്തെയും നോക്കിയപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞ ഒരു വാചകമുണ്ട് " മമ്മദേ നിന്നെ കുളത്തിലെ വെള്ളം കുടിച്ചു വറ്റിക്കാൻ എന്റെ ചങ്കിൽ ജീവനുണ്ടെങ്കിൽ സമ്മതിക്കില്ല , ഈ നാട്ടിൽ ആകെ ഒരു കുളമേ  ഉള്ളൂ ." ഇത് കേട്ട് അവനും കൂടിനിന്നവരും ചിരിച്ചപ്പോൾ കൃഷ്ണേട്ടന്റെ മുഖത്ത് കാര്യമായൊരു  ഭാവവ്യത്യാസവും ഇല്ലായിരുന്നൂ . ഇന്നാണെങ്കിലോ മുസൽമാനായ അവൻ കുളം വൃത്തികേടാക്കി എന്നും പറഞ്ഞു ഒരുകൂട്ടർ ഇറങ്ങും പിന്നെ തമ്മിൽ തല്ലായി കുത്തായി വെട്ടായി . പണ്ട് കാലത്ത് ഇന്നത്തെ  ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന് ചിന്തിക്കാൻ കഴിയുമായിരുന്നോ.  ഹാ പറഞ്ഞു പറഞ്ഞു ഞാൻ കാട് കയറിയോ ? നമ്മൾ പറഞ്ഞു നിർത്തിയത് കൃഷ്ണേട്ടന്റെ  മഴയോടുള്ള ആ പ്രണയമായിരുന്നില്ലേ . പണ്ട് കുഞ്ഞു നാളിൽ കുളത്തിലെ വെള്ളത്തിൽ തോർത്ത് പിടിച്ചു് മീൻപിടിച്ചിരുന്ന കാലവും ഒപ്പം വലിയ വെളിയില  പൊട്ടിച്ചു് കുടപോലെ പിടിച്ചു് സ്കൂളിലേക്കും തിരിച്ചും പോയിരുന്ന കാലവും കൃഷ്ണേട്ടൻ പണ്ട് പറഞ്ഞു റിയാമായിരുന്ന എനിക്ക് അത് ഒരു നോവായി മാറി. അതിന് മാത്രമായി ഈ വര്ഷം കിട്ടിയ മഴയുടെ അളവിലും വലിയ വർധന ഉണ്ടായിരിക്കുന്നൂ . കുറച്ചു നാൾമുമ്പ് റഷീദ് പറഞ്ഞപോലെ ഇത് നമുക്ക് തന്നെയുള്ളതാണോ അതോ സ്ഥലം മാറി പെയ്തതോ . താഴ്ന്നപ്രദേശങ്ങളിലെ റോഡിലോടെ വഞ്ചിയോടിക്കുന്ന കാഴ്ച വരെ കാണേണ്ടതായി വന്നിരിക്കുന്നൂ . പണ്ട്  റോഡിലൂടെ തോണി തുഴഞ്ഞൊരു കാലത്തെക്കുറിച്ചു്  പറഞ്ഞറിഞ്ഞിരുന്നൂ . കൃഷ്ണേട്ടൻ ചുട്ടു പഴുത്ത മണലിൽ ഉരുകിയൊലിച്ചു് ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ നാട്ടിൽ റോഡ് ഏതാണ് വെള്ളമേതാണെന്ന്‌ അറിയാത്ത വിധം മഴവെള്ളം നിറഞ്ഞു തുളുമ്പുന്നൂ . ഇതൊക്കെ പ്രവാസത്തിന്റെ നഷ്ടക്കണക്കിൽ ചേർക്കാനേ പറ്റൂ അല്ലേ . അങ്ങനെ എത്ര കൃഷ്ണേട്ടൻമാർ നാട്ടിലെ ഇടതടവില്ലാത്ത മഴയെ ഓർത്ത് ആ നഷ്ടബോധത്തിൽ വ്യസനിക്കുന്നുണ്ടാവും. അല്ലെ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...