എന്റെ ഗൾഫ് അനുഭവങ്ങൾ
എം. പി. എസ്. വിയ്യോത്ത്
"അപ്പച്ചാ ഈ ഗൾഫിൽ ഇനിയും ഞാൻ നിന്നാൽ എന്റെ മുടി മുഴുവൻ കൊഴിഞ്ഞുപോവും " എന്ന് ജേക്കബ് നാട്ടിലെ അപ്പച്ചനെ വിളിച്ചു പറയുമ്പോൾ ഞങ്ങൾ സഹമുറിയന്മാർ തമ്മിൽ തമ്മിൽ നോക്കിപ്പോയി.
എന്റെ തലയിൽ പോകാൻ കുറച്ചു് മുടിയേ ബാക്കിയുള്ളൂ. അപ്പോഴാണ് ഞാൻ ഓർത്തത് പണ്ട് ബച്ചൻ കട്ടും അടിച്ചു് നാട്ടിൽ ചുറ്റിയടിക്കുന്ന കാലത്ത് എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നൂ. പറ്റുമെങ്കിൽ ഒരു സിനിമാ നടൻ ആവണം അങ്ങനെ കുറേക്കാലം ഫിലിം പ്രൊഡ്യൂസർ ആയിരുന്ന മാതുലന്റെ പേരും പറഞ്ഞു കോഴിക്കോട് മഹാറാണിയിലും ചില ഷൂട്ടിങ് ലൊക്കേഷനുകളിലും ചുറ്റിക്കറങ്ങിയത് മിച്ചം. അങ്ങനെയിരിക്കെ ആണ് അച്ഛന്റെ സുഹൃത്ത് മുഖേന ഞാൻ ഈ മണലാരണ്യത്തിൽ എത്തിപ്പെട്ടത്.
ആദ്യമാദ്യം അതികഠിനമായ കാലാവസ്ഥയും ഭക്ഷണവും അറിയാതെ ഗൃഹാതുരമായ ഓർമ്മകൾ എന്റെ കണ്ണ് നിറച്ചു. പണ്ട് ഒരു അറബിയുടെ വീട്ടുവിസയിൽ വന്ന ഞാൻ ആദ്യമായി അച്ഛന്റെ പരിചയക്കാരനായ ഒരാളുടെ ബേക്കറിയിൽ കിച്ചൻ ഹെൽപ്പർ ആയി ജോലി ആരംഭിച്ചു. ജനുവരിയിലെ തണുപ്പും ചുറ്റുപാടുകളും എന്റെ മനസ്സ്മടുപ്പിച്ചു.
അങ്ങനെ അവിടെനിന്നും ജോലിയുപേക്ഷിച്ചു് ഒരു നാൾ ഇറങ്ങി. പിന്നെ വേറൊരു സ്‌പൈസ് മില്ലിൽ ലോഡിങ് ആൻഡ് അൺലോഡിങ് കം അക്കൗണ്ടന്റ് ആയി ജോലി ചെയ്തു. കുറച്ചു മാസങ്ങൾ കഴിഞ്ഞു ശമ്പളം കിട്ടാതെ അവിടെനിന്നും ഇറങ്ങിയപ്പോൾ ശരിക്കും ജൂൺ മാസത്തിലെ ചൂട് ആരംഭിച്ചിരുന്നൂ.
അടുത്ത ദിവസം മുതൽ ഷാർജയിലെ ഒരു ബേക്കറിയിൽ ഓവൻ ഹെൽപ്പർ ആയി ജോലിചെയ്തു. പുറത്തെ ചൂടും ഓവനിലെ ചൂടും ആയപ്പോൾ കാലിനടിയിൽ തൊലിപൊട്ടി നടക്കാൻ കഴിയാതെയായി അങ്ങനെ ആ ജോലിയും ഞാൻ ഉപേക്ഷിച്ചു. അപ്പോഴും എന്റെ ലക്‌ഷ്യം ഞാൻ പഠിച്ച പ്ലാൻ വരയ്ക്കുന്ന തൊഴിൽ നേടണം എന്നതായിരുന്നൂ. അങ്ങനെ നാട്ടിൽ ഒന്നോ രണ്ടോ പ്ലാൻ കൈകൊണ്ട് വരച്ച എന്റെ തൊഴിലിനെ ഒരു സ്ഥാപനത്തിൽ നിന്നും അവഹേളിച്ച് ഇറക്കിവിട്ടപ്പോൾ ഭാഷ പഠിച്ചിട്ടാവാം ഇനിയുള്ള പ്ലാൻ വര എന്ന് മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ ഒരു അച്ചായന്റെ സ്റ്റേഷനറികടയിൽ ജോലി ആരംഭിച്ചു. മാസങ്ങൾ കടന്നുപോയി ശമ്പളനാളുകൾ ഓരോരോ ഒഴികഴിവുകൾ പറഞ്ഞു അദ്ദേഹം തള്ളി നീക്കി. ഒരു നാൾ കഴിഞ്ഞ നാല് അഞ്ചുമാസത്തെ ശമ്പളത്തെക്കുറിച്ചു് ചോദിച്ചപ്പോൾ എനിക്ക് തരാൻ മനസ്സില്ല പോയി ലേബറിൽ കേസ്സ് കൊടുക്കൂ എന്ന് പറഞ്ഞു അവിടെനിന്നും എന്നെ ഇറക്കി വിട്ടപ്പോഴേക്കും യാദൃശ്ചികമായി വഴിയിൽ നിന്നും പരിചയപ്പെട്ട ഒരു പാകിസ്താനി സുഹൃത്തിൽ നിന്നും ഹിന്ദി സംസാരിക്കാനുള്ള നമ്മൾ മലയാളികൾക്കിടയിലെ ജാള്യത ഞാൻ മാറ്റിയെടുത്തിരുന്നൂ.
കയ്യിൽ പണമില്ലാത്തതിനാൽ കഴിവതും അമ്പത് ഫിൽസിന്റെ ജ്യൂസും അമ്പത് ഫിൽസിന്റെ ചിപ്സും കേയ്ക്കും കഴിച്ചു് ദിനങ്ങൾ മുന്നോട്ടു നീക്കിയ എനിക്ക് അപ്പോഴേക്കും അൾസറും കടന്നു പിടിച്ചിരുന്നൂ. വറുത്തത്തിന്റെയും മറ്റും മനം നാസാദ്വാരങ്ങളിൽ കയറിക്കഴിഞ്ഞാൽ പിന്നെ മനം പുരട്ടലും നിറുത്താതെയുള്ള വയറുവേദനയും എന്റെ ശരീരത്തിലെ വാരിയെല്ലുകൾ പുറത്തുകാണും വിധം എന്നെ മാറ്റിയെടുത്തു. അവസാനം എന്റെ ഒരു ബന്ധുവിന്റെ കൃപയാൽ ഷാർജയിലെ ഗ്രോസറിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ എപ്പോഴും വയറു വേദനകൊണ്ട് പുളയുന്ന എന്നെ എല്ലാവരും ദയനീയമായി നോക്കിയപ്പോൾ പലപ്പോഴും ചിരിക്കാൻ ശ്രമിച്ചത് ഞാൻ ഓർക്കുന്നൂ. ഉച്ചയ്ക്ക് കയ്യിൽ പണമില്ലാത്തതിനാൽ പച്ചവെള്ളവും കുടിച്ചു് ഉറക്കം പിടിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ വിശപ്പ് എന്നെ തല്ലി എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും മറ്റുള്ളവർ ഭക്ഷണം കഴിച്ചു് അടുക്കളയിൽനിന്നും ഉറങ്ങാനായി പോയിട്ടുണ്ടാവും. പിന്നെ എന്റെ വിശപ്പിന്റെ നിർബന്ധം കാരണം ഭക്ഷണം കട്ട് തിന്നാൻ തുടങ്ങി. പിന്നെ അത് ശീലമാക്കി. അങ്ങനെയിരിക്കെ എന്റെ അവസ്ഥ വീണ്ടും ശോചനീയമായി മാറി. യാദൃശ്ചികമായാണ് അബ്ദുല്ല എന്ന സ്ഥിരമായി കടയിൽവരുന്ന ഒരു നല്ല മനുഷ്യനാണ് എന്റെ അവസ്ഥ കണ്ടത് പിന്നീട് എന്നെയും കൂട്ടി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിക്കാണിച്ചത്. ആ നല്ലവനായ ഡോക്ടർ ഇന്ത്യയിൽനിന്നും അദ്ദേഹത്തിന്റെ ബന്ധുവിന് കൊണ്ട് വന്ന ചില മരുന്നുകൾ സൗജന്യമായി തന്നു. എന്നെ ആരോഗ്യസ്ഥിതി തിരക്കി അബ്ദുല്ലക്കയും എന്നെ എന്നും സന്ദർശിക്കുമായിരുന്നൂ. പിന്നീട് ദുബായിലെ അറിയപ്പെടുന്ന കമ്പനിയിൽ ഞാൻ പഠിച്ച പ്ലാൻ വരയ്ക്കുന്ന ജോലി ഗോപാലേട്ടൻ എന്ന ഒരു മനുഷ്യനാണ് ശരിയാക്കി തന്നത്. അങ്ങനെ അവിടെനിന്നും 1997 -ൽ നാട്ടിലേക്ക് അവധിക്ക് പോയി.
ആ അവധിക്കാലത്ത് തന്നെ വീട്ടുകാർ കണ്ട് ബോധ്യപ്പെട്ട ഒരു പെൺകുട്ടിയെ ജീവിത സഖിയാക്കി നാട്ടുകാരുടെ സാനിധ്യത്തിൽ താലികെട്ടുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം എന്നെ അലട്ടാൻ തുടങ്ങി. അവിടെനിന്നും കാലങ്ങൾ കഴിഞ്ഞാണ് ഞാൻ ഈ മുറിയിൽ എത്തിപ്പെട്ടത്. ജീവിത പാതയിലെ ദുർഘടങ്ങൾ മറക്കാതെ ഇന്നും ഞാൻ കൂടെ കൊണ്ട് നടക്കാറുണ്ട്. അതിൽ ചിലതാണ് ഭക്ഷണം ഒരിക്കലൂം കേടുവരുത്തി കളയില്ല അതുപോലെ വെള്ളം അനാവശ്യമായി പാഴാക്കില്ല. അന്നും ഞാൻ എന്റെ മുടിയെപ്പറ്റി ഒരിക്കലും വിഷമിച്ചിട്ടില്ല. ഒരിക്കൽ പ്രമുഖ ഹെയർ ഫിക്സിങ് കമ്പനിയിൽ നിന്നും വിഗ്ഗ് വച്ച് പിടിപ്പിച്ച ഞാൻ ഒരിക്കൽ നാട്ടിൽ പോയപ്പോൾ ആ വിഗ്ഗും നാട്ടിൽ ഉപേക്ഷിച്ചാണ് തിരിച്ചു വന്നത്. അന്ന് അപ്പച്ചൻ ജേക്കബിന് കൊടുത്ത മറുപടി അതിലും കേമമായിരുന്നൂ " മോനെ നിനക്ക് മുടിവേണോ പണം വേണോ ?" പിന്നീട് ഒരിക്കൽ പോലും അവന് തന്റെ മുടിയെപ്പറ്റിയോ പരിഭവം പറഞ്ഞില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ