2018 ജൂലൈ 29, ഞായറാഴ്‌ച

രാമേട്ടന്റെ ഓർമ്മകൾ

രാമേട്ടന്റെ ഓർമ്മകൾ

ഭാഗം: ഒന്ന്

എം. പി. എസ്സ് . വീയ്യോത്ത്

പെട്ടെന്നാണ് "ഡും"   എന്ന ശബ്ദത്തോടെ ആ കാളവണ്ടിയുടെ മുൻഭാഗം പിന്നോട്ടേക്ക് ചെരിഞ്ഞത് . ആ കാളവണ്ടിക്കുള്ളിൽ ഉറങ്ങുകയായിരുന്ന രാമേട്ടനും കൂട്ടരും ലോറിയിൽ നിന്നും ചരൽ ഇറക്കുന്നപോലെ തോന്നുന്ന  നിനച്ചിരിക്കാതെയുള്ള ആ വീഴ്ചയിൽ പലർക്കും നന്നേ വേദനിച്ചു . ചന്തിയും താങ്ങിപ്പിടിച്ചു് എഴുന്നേറ്റ് നിന്നപ്പോഴതാ കാളവണ്ടിയുടെ മുന്നിലായി ചിരിച്ചുകൊണ്ട് രാമേട്ടന്റെയും കൂട്ടരുടെയും ബദ്ധശത്രുക്കളായ ചില കുട്ടികൾ നിലയുറപ്പിച്ചിരിക്കുന്നൂ.

അവരുടെ നോട്ടവും കളിയാക്കി ക്കൊണ്ടുള്ള ചിരിയും  രാമേട്ടനെയും കൂട്ടരേയും ദേഷ്യം പിടിപ്പിച്ചു. പിന്നീട് അവിടെ നടന്നത് ഒരു യുദ്ധസമാനമായ സംഘർഷ രംഗങ്ങളായിരുന്നൂ . അവസാനം ആരും ജയിക്കാതെ പരുക്കേറ്റ് പിരിയുമ്പോൾ രാത്രി ഒത്തിരി വൈകി.

അന്ന് വടകര നാരായണനഗരം എന്ന പ്രദേശം ഇന്നത്തെപ്പോലെ ആയിരുന്നില്ല ചുറ്റും കള്ളിത്തോടുകളും വയലുകളും കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ ദേശത്താണ് ഈ കഥനടക്കുന്നത് തന്നെ. രാമേട്ടനും കൂട്ടരും അവിടെനിന്നും അവിടെനിന്നും പിരിഞ്ഞു നാരായണനഗരത്തോട് ചേർന്ന  കല്യാണവീട്ടിനരികിലേക്ക് നടന്നൂ. അവർ വിശന്ന് വലഞ്ഞിരുന്നൂ എന്ന് പറയുന്നതാവും ശരി. അവിടെ ചെന്നുകയറിയപ്പോൾ ചിലർ കസേരകളിൽ കിടന്നുറങ്ങുന്നൂ മറ്റുചിലർ കല്യാണത്തിനുള്ള സദ്യതയ്യാറാക്കാനുള്ള തിരക്കിലായിരുന്നൂ.അതുപോലെ വീടിന്റെ പറമ്പിൽ കെട്ടിയുണ്ടാക്കിയ പന്തലിൽ ചില സ്ത്രീകൾ കടത്തനാടൻ ശീലുകൾ ഉറങ്ങുന്ന നാടൻ പാട്ടും പാടി മസാലകൾ അമ്മിയിൽ അരച്ച് കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞത് . രാമേട്ടനും കൂട്ടരും ചുറ്റും നോക്കി കലവറയ്ക്ക് പരിസരം ആരുമില്ല പിന്നെ വരുന്നയിടത്ത് വച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു് ഓരോരുത്തരായി അതിനുള്ളിലേക്ക് കയറി അപ്പോൾ അവിടെ ആകെ ഉണ്ടായിരുന്നത് ഒരു പാത്രം നിറയെ കാളൻ കരി മാത്രമായിരുന്നൂ. വിശപ്പിന്റെ ഉൾവിളിയിൽ തവകൊണ്ട് കോരി എല്ലാവരും വയറു നിറച്ചു് കറി മുക്കിക്കുടിച്ചു. അത് കഴിഞ്ഞു ആരും കാണാതെ അവിടെനിന്നും നടന്നു. വീണ്ടും റോഡരികിലെ ആ കാളവണ്ടിയിൽ കയറി കിടന്നുറങ്ങി.

നേരം വെളുക്കാറായപ്പോൾ വയറ്റിൽ നിന്നും ഒരു ഉരുളലും പിടയ്ക്കലും അനുഭവപ്പെട്ടപ്പോൾ അതിനടുത്ത് കണ്ട പറമ്പിൽ കാര്യം സാധിച്ചു . പക്ഷെ കറിയിലെ എരുവിന്റെ ഗുണം കൊണ്ട് കാര്യം സാധിച്ചപ്പോഴേക്കും തളർന്നൂ . പിന്നീട് ആസനത്തിൽ പുകച്ചിൽ മാറ്റാൻ  അരുവിയിലെ വെള്ളത്തിൽ  ചേർത്തുവച്ചു് എത്രനേരം ഇരുന്നൂ എന്ന് ഇപ്പോഴും ആ പാവത്തിന് അറിയില്ല .
ആ അരുവിയിലെ വെള്ളത്തിന് ആ ഗ്രാമം നഗരമായി മാറിയതിന്റെ  കറുത്ത നിറം പരന്നിരിക്കുന്നൂ . വയലുകൾ പലതും ചില പത്രത്താളുകളും ചിലരുടെ കല്യാണ പടങ്ങളിലും മാത്രമായി അസ്തമിച്ചു .

ഇന്നലെ ഞങ്ങളുടെ രാമേട്ടൻ വെറും ഓർമ്മയായി മാറി മറക്കാനാവാത്ത പല ഓർമ്മകളിൽ ഒന്ന്. നമുക്ക് രാമേട്ടന്റെ ചില അനുഭവകഥകളിലൂടെ ഇനിയും സഞ്ചരിക്കാം , പണ്ട് എന്നെ പറഞ്ഞു കേൾപ്പിച്ച ആ കഥകൾ . അതല്ലേ എനിക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാൻ കഴിയൂ .

തുടരും

രാമേട്ടന്റെ ഓർമ്മകൾ

ഭാഗം: രണ്ട്

എം. പി. എസ്സ് . വീയ്യോത്ത്

തുടയ്‌ക്കിട്ട് തട്ടി അച്ഛൻ

"എന്ത് ഉറക്കായിത്  വേഗം എഴുന്നേറ്റ് കുളിക്കാൻ നോക്ക് . രാമേട്ടൻ ഇപ്പൊ വരും "

എന്നും പറഞ്ഞു  പുറത്തേക്ക് നടന്നു. ഞാൻ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് ചുറ്റും നോക്കി  കിടന്ന സ്ഥലത്ത് നിന്നും ഒത്തിരി മാറിയാണ് ഇന്നലെ കിടന്ന പായ ഉണ്ടായിരുന്നത് .

" എന്റെ നോട്ടം കണ്ടു അതുവഴി അടുപ്പിനരികിലേക്കു നടന്ന 'അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു

" എന്തിനാ നീ പായയിൽ കിടക്കുന്നേ എല്ലാ ദിവസവും എഴുന്നേറ്റ്  വരുന്നത് തറയിൽ നിന്നാണല്ലോ ? ".

ശരിയാണ് ഇത് ഒരു പതിവ് സംഭവം ആണ് . അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴേക്കും വെളിയിൽ നിന്നും  അച്ഛന്റെ വിളി വീണ്ടും എന്നേ തേടി വന്നൂ . ഇനി എഴുന്നേറ്റ് ചെന്നില്ലെങ്കിൽ കാര്യം വഷളാവുമെന്ന് മനസ്സിലാക്കി ഞാൻ എഴുന്നേറ്റ് വേഗം ഉമ്മറത്തേക്ക് ചെന്നൂ. അവിടെ പാളയിൽ നിറച്ചു വച്ച ഉമിക്കരിയിൽ നിന്നും ഒരുനുള്ള് എടുത്ത് പല്ലു തേച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു നിന്നൂ . മുറ്റത്തെ മരത്തിൽ ഒരു ചെമ്പോത്ത് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ് . കാക്കകളും കുരുവികളും തങ്ങളുടെ സംസാരത്തിൽ വ്യാപൃതയായിരിക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള കാഴ്ചയായി എനിക്കും അനുഭവപ്പെട്ടൂ .

 റോഡിൽനിന്നും മുറ്റത്തേക്കുള്ള പടികടന്ന് തോർത്തുകൊണ്ടുള്ള തലേക്കെട്ട് ഉയർന്നുയർന്ന്‌ വന്നൂ കൊണ്ടിരുന്നൂ . കുറച്ചു പടികൂടി  കയറി ക്കഴിഞ്ഞപ്പോഴാണ്  എനിക്ക് ആളെ വ്യക്തമായി മനസ്സിലായത് . അത്  നമ്മുടെ രാമേട്ടൻ ആയിരുന്നൂ. തലയിൽ ചുറ്റിക്കെട്ടിയ വെള്ള തോർത്തും മടക്കി കുത്തിയ ലുങ്കി യും അതിനു മുകളിലായി തെങ്ങോല യിൽ നിന്നും ഉരിഞ്ഞെടുത്ത തോലിൽ കെട്ടിനിർത്തിയ വെട്ടുകത്തി വെക്കാനുള്ള റബ്ബർ പാളി യുമാണ് അദ്ദേഹത്തിന്റെ വേഷം . അദ്ദേഹം മുറ്റത്ത് നിന്ന് പുരയുടെ മേലേക്ക് സൂക്ഷിച്ചു് നോക്കി, എന്നിട്ട് അച്ഛനെ വിളിച്ചു ചോദിച്ചു

" അപ്പൊ തുടങ്ങാം അല്ലെ . "

അച്ഛൻ അദ്ദേഹത്തെ നോക്കി

" ആയിക്കോട്ടെ"

എന്ന് പറഞ്ഞു.

  രാമേട്ടൻ പുരയ്ക്കകത്ത് തലതാഴ്ത്തിക്കയറി. പിന്നീട്  ഞാൻ അദ്ദേഹത്തെ കണ്ടത് പുരപ്പുറത്താണ് . അദ്ദേഹം അങ്ങോട്ട് എ ങ്ങനെയാ കയറിയത് എന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമായില്ല . പിന്നെ കുറച്ചു സമയത്തിനകം പുരപ്പുറത്തെ പഴയ ഓലകൾ മുഴുവൻ അദ്ദേഹം കെട്ടഴിച്ചു് തള്ളി താഴെയിട്ടു .  പഴയ ഓലയ്‌ക്കൊപ്പം കുറെ ചേരട്ടകളും തറയിൽ വീണ് ചുരുണ്ട് കൂടി കിടന്നിരുന്നൂ .

 ഞാൻ പുരയ്ക്കകത്ത് കയറി മാനത്തേക്ക് നോക്കി അകത്ത് എന്താ വെളിച്ചം . എനിക്ക് ആ കാഴ്ച നന്നേ ബോധിച്ചു  . അപ്പോഴാണ് രാമേട്ടൻ അച്ഛനോടൊപ്പം അങ്ങോട്ട് കയറി വന്നത് . അൽപ സമയത്തിനകം അദ്ദേഹം  അച്ഛന്റെ സഹായത്തോടെ  പുതിയ  ഓല വച്ച് കെട്ടി  പുര മേയാൻ തുടങ്ങി. വൈകീട്ടോടെ   അദ്ദേഹം പുര മേഞ്ഞു കഴിഞ്ഞു അവസാന മിനുക്കു പണിയെന്നോണം  വെട്ടുകത്തിയെടുത്ത്  ഓലയുടെ അഗ്രം മുറിച്ചു മാറ്റികഴിഞ്ഞ ശേഷമാണ്  ഞാൻ പുരയ്ക്കകത്തേക്ക് കയറി നോക്കിയത്. നേരത്തേ വെളിച്ചത്താൽ സുന്ദരമായ പുരയ്‌ക്കകം ഇരുട്ട് പരന്നിരിക്കുന്നത് പോലെ എനിക്ക് തോന്നി .

ആ പുരയ്ക്കകത്തെ ഊഷ്മാവിന്റെ തോത് കാലാവസ്ഥയെ പ്രതിരോധിക്കാൻ കെൽപ്പുണ്ടായിരുന്നൂ . അതിന്റെ മുൻപിൽ ഇന്നത്തെ ശീതീകരണികൾ വെറും അനാവശ്യാചാരം മാത്രമായി മാറും എന്നത് സത്യം തന്നെ. ഇന്നത്തെ കാലത്ത് ആ പഴമകൾ വെറും ഓർമ്മകൾ മാത്രമായി  മാറിയിരിക്കുന്നൂ .  ഇന്നത്തെ അന്തരീക്ഷ കാലാവസ്ഥാ വ്യതിയാനങ്ങൾ  ആ പഴമയിലേക്കുള്ള തിരിച്ചുപോക്ക് തികച്ചും അത്യന്താപേക്ഷികമാണെന്ന്  ഓർമ്മപ്പെടുത്തുന്നൂ . ഇവിടെ ഓർമ്മവരുന്നത് ഞാൻ ഒരിക്കൽ പറഞ്ഞ ചില വരികൾ ആണ് . "ഓലപ്പുരയിൽ നിന്നും നാം ഓടുമേഞ്ഞ വീടുകളിലേക്ക് ചേക്കേറിയപ്പോൾ ഇന്നത്തെ സംസ്കാരം ഓട് വീട്ടിൽനിന്നും കോൺക്രീറ്റ് കാടുകളിലേക്ക് അഭയം പ്രാപിക്കുന്നൂ "

തുടരും


രാമേട്ടന്റെ ഓർമ്മകൾ

ഭാഗം: മൂന്ന്
അധ്യായം : ഒന്ന്

എം. പി. എസ്സ് . വീയ്യോത്ത്

അങ്ങു  ആകാശസീമയിൽ  ഉദയസൂര്യൻ ഇരുളിനെ വകഞ്ഞു മാറ്റി തന്‍റെ തേരില്‍ കടന്നു വന്നുകൊണ്ടിരിന്നു. പകലോന്റെ ആഗമനം സൂചിപ്പിച്ച്‌ വേലിക്കെട്ടിനുമേൽ നിന്ന്  പൂവന്‍ കോഴി തലയുയര്‍ത്തി കൊക്കക്കോ കോ എന്ന് കൂവാൻ തുടങ്ങി. മരത്തിന്റെ കൊമ്പിൽ അങ്ങിങ്ങായി  കിളികള്‍ മധുരനാദം പൊഴിച്ചുകൊണ്ട്  തങ്ങളുടെ ദിവസം തുടങ്ങുന്നതിനെ ക്കുറിച്ച് വാചാലരായി.   എങ്ങുനിന്നോ ഇടവിട്ടിടവിട്ട്  പശുവിന്റെയും ആടിൻറ്റെയും നായ്‌ക്കളുടേയും പല രീതിയിലുള്ള   കരച്ചിലും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നൂ .

രാമേട്ടൻ കിടക്കപ്പായയിൽനിന്നും എഴുന്നേറ്റ് അഴിഞ്ഞുകിടന്ന കള്ളി ലുങ്കി വാരിചുറ്റിക്കൊണ്ട്   ഉമ്മറത്തേക്ക് നടന്ന് വേഗം തന്നെ  പ്രഭാതകർമ്മങ്ങൾ കഴിച്ചു. ഇറയത്ത് കെട്ടിയുറപ്പിച്ച അയലിൽ നിന്നും തോർത്ത് മുണ്ട് എടുത്ത് തലയിൽ ചുറ്റിക്കെട്ടി മുന്നോട്ട് നടന്നൂ. ഈ യാത്ര ഒരു പതിവ് കാഴ്ചയായിരുന്നൂ . ആ ഗ്രാമത്തിലെ ചാരായ ഷാപ്പിലേക്കാണ് അദ്ദേഹത്തിന്റെ ഈ യാത്ര. എല്ലാവരും ബെഡ് കോഫി കുടിക്കുമ്പോൾ രാമേട്ടന് എഴുന്നേറ്റാൽ ചാരായം നിര്ബന്ധമാണ് അല്ലെങ്കിൽ കൈവിറക്കും. എന്തുചെയ്യാം കുറേക്കാലമായുള്ള  രാവിലെയും വൈകീട്ടും  ഈ ശീലം തുടരുന്നതിനാൽ  നാട്ടുകാർക്കും വീട്ടുകാർക്കും പതിവ് കാഴ്ചയായി മാറി.

 അപ്പോൾ പാതയുടെ എതിർവശത്ത് നിന്നും ആ നാട്ടിൽ പത്രം വിതരണം ചെയ്യുന്ന നമ്പ്യാരത്ത് കുമാരൻ  പത്രവുമായി സൈക്കിളിൽ വരുന്നുണ്ടായിരുന്നു. രാമേട്ടന് അരികിലെത്തിയപ്പോൾ അദ്ദേഹത്തിന് ഒരു വികൃതി തോന്നി. അദ്ദേഹം രാമേട്ടനോട് ഇങ്ങനെ ചോദിച്ചു 

" രാവിലെത്തന്നെ രാമേട്ടൻ ഷാപ്പിലേക്ക് ആയിരിക്കും ഇല്ലേ " 

ചിരിച്ചുകൊണ്ട് തലയാട്ടി സൈക്കിളിൽ മുന്നോട്ട്  നീങ്ങി.

 ആ ചോദ്യം രാമേട്ടന് തീരെ സുഖിച്ചില്ല  അദ്ദേഹം കുമാരനെ നോക്കി ഇങ്ങനെ പറഞ്ഞു "അങ്ങോട്ട് തന്നെ യാണ് , അതിനു നിന്റെ അപ്പന്റെ ചിലവിൽ ഒന്നുമല്ലല്ലോ ഞാൻ കുടിക്കുന്നത്" പിന്നീട് മനസ്സിലുള്ള കോപം അടങ്ങാതെ സ്വരം താഴ്ത്തി ഇങ്ങനെ മൊഴിഞ്ഞു " തലമുറിയന്റെ മോന്റെ മോൻ ".

കുമാരന്റെ ചോദ്യവും രാമേട്ടന്റെ ഉത്തരവും ഒരു സ്ഥിരം പംക്തി ആയതിനാൽ ആ വഴികടന്ന് പോയ ആളുകൾ മുഖത്തെ ചിരി രാമേട്ടൻ കാണാതിരിക്കാൻ നന്നേ വിഷമിച്ചു.

രാമേട്ടൻ അങ്ങാടിയും കടന്ന്  ചാത്തുവേട്ടൻ വയലിന് അരികിൽ  കറുപ്പിൽ വെള്ളയിൽ  ചാരായം   എന്നെഴുതിയ ബോർഡ് ലക്ഷ്യമാക്കി നടന്നു. 

അല്പനേരത്തിന് ശേഷം ചാരായഷാപ്പിൽ നിന്നും ചുണ്ടുകൾ തുടച്ചുകൊണ്ട് അദ്ദേഹം  ഇറങ്ങി വന്നൂ. കയ്യിലെ തോർത്ത് ചെരിഞ്ഞു നിന്ന് തലയിൽ ചുറ്റിക്കെട്ടി  ചുറ്റുപാടും വീക്ഷിച്ചശേഷം   ഇറങ്ങി നടന്നൂ . ഞാൻ അദ്ദേഹത്തെ കാണുമ്പോൾ  ആ കണ്ണുകൾ ചുവന്നിരുന്നൂ. ആ മുഖത്ത് ഇപ്പോഴാണ് എല്ലാം ശരിയായതെന്ന ഭാവം വിളിച്ചോതുന്ന വിധം ഒരു ചെറു ചിരി പരന്നിരുന്നൂ 

 അങ്ങനെ അല്പസമയത്തിനകം അദ്ദേഹം വളവിലുള്ള ശങ്കരേട്ടന്റെ പീടികയുടെ മുൻപിൽ എത്തി. കുശലാന്വേഷണം പറയുന്ന കൂട്ടത്തിൽ ഒരു കേട്ട് ബീഡിയും തീപ്പെട്ടിയും വാങ്ങി . ആ കെട്ടിൽനിന്നും ഒരു ബീഡിയെടുത്ത് ചുണ്ടിൽ വച്ച് കടയുടെ പുറത്തായി തൂക്കിയിട്ടിരുന്ന  മുട്ടവിളക്കിൽനിന്നും തീ പകർന്ന ശേഷം ബീഡിക്കെട്ടും തീപ്പെട്ടിയും തലയിലെ തോർത്ത് കെട്ടിനുള്ളിൽ ഭദ്രമാക്കി വച്ചു. ചുണ്ടിലെ ബീഡി ആസ്വദിച്ചു വലിച്ചുകൊണ്ടു പല്ലിന്റെ വിടവിലൂടെ പുറത്തേക്കു വിട്ടുകൊണ്ട് തീവണ്ടി കണക്കെ മുന്നോട്ട്  നടന്നു. വീടിന്റെ മുറ്റത്ത് കയറി കുടിലിന്റെ ഇറയത്തായി തൂക്കിയിട്ട കൈക്കോട്ടും മൺവെട്ടിയും  എടുത്ത് തോളിൽ സ്ഥാപിച്ചു് വായിലെ ബീഡി കയ്യിലേക്ക് മാറ്റി കുടിലിനുള്ളിലേക്കു നോക്കി ഇങ്ങനെ പറഞ്ഞു

 " എഡി യേ ഞാൻ പോകുവാണേ " 

വീട്ടിനുള്ളിൽ  നിന്നും ആ വിളി അയാളുടെ ഭാര്യ കേട്ടു. അതിനു മറുപടിയായി അവർ ഇങ്ങനെ ചോദിച്ചു 

" ഇന്ന് ഏഡിയാ പണി "

അയാൾ മറുപടിയായി 

 "മാഷെ വീട്ടിലാ"

എന്നും  പറഞ്ഞു അദ്ദേഹം പണിസ്ഥലത്തേക്കു പുറപ്പെടാനായി അവിടെനിന്നും ഇറങ്ങി .അപ്പോഴേക്കും ഭാര്യ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു

" നാളെയാണെ പിള്ളേരുടെ സ്‌കൂൾ ഫീസ് കൊടുക്കേണ്ടത്"
 അയാൾ  

"ആ  ശരിയാക്കാം "

എന്നു മറുപടിയും പറഞ്ഞുകൊണ്ട് നടന്നു നീങ്ങി.

അൽപ്പസമയത്തിനകം  അദ്ദേഹം മാഷുടെ വീട്ടു പടിക്കലെത്തി. റോഡിൽ നിന്നും ഉയർന്ന പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഒരുപഴയ തറവാട് ആയിരുന്നൂ അത്. വായിലെ വലിച്ചു തീരാറായ ബീഡിക്കുറ്റി ദൂരേക്ക്‌ എറിഞ്ഞു കാർക്കിച്ചു വിരലുകൾക്കിടയിലൂടെ  പുറത്തേക്കു നീട്ടിത്തുപ്പികൊണ്ടു ആ  പടികൾ കയറാൻ തുടങ്ങി. 

അവിടെ തറവാടിന്റെ  ഉമ്മറത്തായി  മാഷ്  പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നൂ. 

മാഷ്  രാമേട്ടനെ  നോക്കി  വിളിച്ചുപറഞ്ഞു 

"രാമാ  പണിതുടങ്ങല്ല ഒരു കാലിച്ചായ കുടിച്ചിട്ടാകാം  ". 

മാഷ് അകത്തേക്ക് നോക്കി  വിളിച്ചു പറഞ്ഞു 

"എടോ  രാമൻ വന്നിട്ടുണ്ട് ഒരു ചായയും പഴവും ഇങ്ങെടുത്തോ"
 അത് മാഷുടെ ഒരു രീതിയാ   ഭക്ഷണസമയത്തു  ആരുവന്നാലും  അവർക്കു എന്തെങ്കിലും ആഹാരം  കൊടുക്കും.

 രാമേട്ടൻ  കൈക്കോട്ട് തെങ്ങിനോട് ചാരിവച്ചു മുറ്റത്തു നിന്നു.

 ഒരു ഗ്ലാസിൽ ചായയും ഒരു പ്ലേറ്റിൽ നേന്ത്ര പ്പഴവുമായി  ടീച്ചർ വന്ന് തിണ്ണമേൽ  വച്ചു .

  രാമേട്ടൻ വരാന്തയ്ക്കരികിലുള്ള തറയിൽ  നിന്ന് തിണ്ണയിൽ വച്ച  ചായയും പഴവും കഴിക്കാൻ തുടങ്ങി.

ചായകുടിച്ചു തീർത്തു  ഗ്ലാസ്സിൽ ബാക്കിവന്ന ചണ്ടി പറമ്പിലേക്ക് നീട്ടി മറിച്ച ശേഷം  തിരിച്ചു തിണ്ണയിൽ വച്ച്  പഴത്തൊലിയും എടുത്ത് പറമ്പിലേക്ക് നീട്ടിയെറിഞ്ഞു . ജോലിയിലേക്ക് കടന്നൂ. അപ്പോഴേക്കും മാഷുടെ ഉപദേശം അദ്ദേഹത്തെ തേടി വന്നൂ

" രാമാ.... പല്ല് വേണമെങ്കിൽ പോയി വായികഴുകിക്കോ"

  അയാൾ ചിരിച്ചുകൊണ്ട് അത് അക്ഷരം പ്രതി അനുസരിച്ചു . 

എന്ത് കഴിച്ചാലും വായകഴുകണം എന്നത്  മാഷുടെ ഒരു രീതിയായിരുന്നൂ. 

അത് അദ്ദേഹം മാത്രമല്ല  അദ്ദേഹത്താൽ കഴിവതും മറ്റുള്ളവരെ കൊണ്ടും  അനുസരിപ്പിക്കും  

രാമേട്ടൻ തോർത്തെടുത്തു്  മുഖവും കയ്യും തുടച്ചു  കൈക്കോട്ടുമെടുത്തു തന്റെ പണിതുടങ്ങി .

 മാഷുടേതു ചെറിയ പറമ്പായിരുന്നൂ , അതിൽ നല്ലൊരു ശതമാനവും സഹോദരങ്ങൾക്കും മറ്റും ഭാഗം വച്ച് കഴിഞ്ഞപ്പോൾ ആ വലിയ പറമ്പ്  കഷ്ണം കഷണമായി മാറി. അതിനാൽ തന്നെ തുറക്കാൻ അധികം തെങ്ങിൻ തടമൊന്നും അവിടെയില്ല. അതിനാൽ തന്നെ ഉച്ചവരെയുള്ള പണിയേ  ഇവിടെയുള്ളൂ. 

  അതിനിടയിൽ മാഷ് പ്രഭാത ഭക്ഷണം കഴിച്ചു് കൈകഴുകി  തോളിൽ ഞാന്നു  കിടന്ന തോർത്തിൽ തുടച്ചു നടന്നു വന്നുകൊണ്ട്  പറഞ്ഞു 

"രാമാ .... ഞാൻ വേപ്പിൻപിണ്ണാക്ക് എടുത്തുവച്ചിട്ടുണ്ട്പിന്നെ  ജാനുന്റാടിന്നു കുറച്ചു ചാണകം തരാന് പറഞ്ഞിന്  അത് പോരെ പിന്നെ ഇവിടത്തെ മരത്തിന്റെ ചില്ല കുറച്ചു കൊത്തിയിടാം എന്താ"  

 ചാത്തുവേട്ടൻ പറഞ്ഞു " അത് മതി  മാഷെ  രണ്ടുദിവസമൊന്നു കഴിഞ്ഞോട്ടെ ഇമ്മളെ സോമന്റെ  മോന്റെ കോപ്പല്ലേ അത് കഴിഞ്ഞിട്ട്  വളമിട്ട്  മൂടാം " .

മാഷ്  

"ശരി തന്നെ, പിന്നെ വേറെ ഒന്നും ഏക്കരുത് "

എന്ന് മറുപടിയും പറഞ്ഞു .

ഉച്ചയോടുകൂടി രാമേട്ടൻ എല്ലാ തെങ്ങുകൾക്കും  വളമിടാനായി തടമെടുത്തു വച്ചു.

പണിനിറുത്തി ഉമ്മറത്തേക്ക് നോക്കി അവിടെ കസേരയിൽ ഇരുന്ന്  പത്രപാരായണം നടത്തുന്ന മാഷേ നോക്കി 

  "മാഷെ കുറച്ചു കഞ്ഞിവെള്ളം കിട്ടുമോ  നല്ല ദാഹം "

എന്നും പറഞ്ഞു പൈപ്പിന്റെ അടുത്തേക്ക് നടന്നു.

 അവിടെനിന്നും   പണിസാധനങ്ങളും  ദേഹവും ഒരുവിധം കഴുകി വൃത്തിയാക്കി മുറ്റത്തേക്ക് നടന്നു.

അപ്പോഴേക്കും മാഷ് വീട്ടിനകത്തുനിന്നും കഞ്ഞിവെള്ളം നിറച്ച പാത്രവുമായി ഇറങ്ങി വന്നു.

  രാമേട്ടൻ മാഷുടെ കയ്യിൽനിന്നും അതുവാങ്ങി തിണ്ണയിൽ കിടന്ന അവിടെയുണ്ടായിരുന്ന ഗ്ലാസിൽ പകർന്ന് കുടിച്ചു തുടങ്ങി . റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നത് പോലെ കഞ്ഞിവെള്ളം വായിലേക്ക് പകർന്നൂ.

  അതിനിടയിൽ മാഷ്  വീട്ടിനകത്തേക്ക് നിന്നും രാമേട്ടനുള്ള  കൂലിയുമായി വന്നു.

അത് രാമേട്ടന് നേരെ നീട്ടികൊണ്ടു പറഞ്ഞു "ഒന്ന്എണ്ണിനോക്ക്‌ കുറഞ്ഞുപോയെങ്കിൽ  പറ".

  രാമേട്ടൻ  ഒന്ന് കണ്ണോടിച്ചു നോക്കിയശേഷം മടക്കി ലുങ്കിയുടെ അടിയിലെ ട്രൗസറിന്റെ കീശയിലേക്ക് നിക്ഷേപിച്ചു.

 മാഷോട് യാത്ര ചോദിച്ചു പണിസാധനങ്ങളുമായി രാമേട്ടൻ അവിടെനിന്നും ഇറങ്ങി.

   അദ്ദേഹം തന്റെ കുടിലേക്കു കയറിയപ്പോൾ  നല്ല മീൻ വറുത്തത്തിന്റെ ഗന്ധമാണ് വരവേറ്റത് . നല്ല വിശപ്പിനാൽ വലഞ്ഞ അദ്ദേഹം വേഗം പണിസാധനങ്ങൾ യഥാസ്ഥാനത്ത് തിരിച്ചു വച്ച ശേഷം കുളിക്കാൻ കയറി . ഓലകൊണ്ട് മറച്ച കുളിമുറിയിലേക്ക് കയറി പാട്ടും പാടി അദ്ദേഹം കുളിതുടങ്ങി.  കുളികഴിഞ്ഞു വരുമ്പോളേക്കും ഭാര്യ  അദ്ദേഹത്തിന്   ചോറ് വിളമ്പിവച്ചിരുന്നൂ.

അയാൾ അവരുടെ ആ കൊച്ചു കുടിലിൽ അടുക്കളയിൽ ഒരു പലക വലിച്ചിട്ടിരുന്നൂ.

അവർ രണ്ടുപേരും ഭക്ഷണം കഴിച്ചുതുടങ്ങി .

ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം  ഒരു പായവിരിച്ചു തന്റെ  ഉച്ചയുറക്കത്തിനായി  കിടന്നൂ .

ജോലിയുടെ ക്ഷീണം കാരണം വേഗം തന്നെ അദ്ദേഹം കൂർക്കം വലിയോടെ സുഖനിദ്രയിലേക്കു കടന്നു.

സമയം കടന്നു പോയി . വൈകുന്നേരത്തോടെ സ്‌കൂൾ വിട്ട് കുട്ടികൾ  രണ്ടും തിരിച്ചെത്തി.

ഉച്ചയ്ക്ക് പതിവായി സ്കൂളിൽ കിട്ടുന്ന ഉപ്പുമാവാണു അവർ  കഴിച്ചിരുന്നത്  അതിനാൽ തന്നെ വീട്ടിൽ തിരിച്ചെത്തിയാൽ  അവർക്കു ചോറം കറിയും പതിവായി നല്കിയിരുന്നൂ  .

  അവർ കൈകഴുകി പലക വലിച്ചിട്ടു ഇരുന്നൂ.

 'അമ്മ അവർക്കു ഭക്ഷണം വിളമ്പി കൊടുത്തു .

 അവർ വയറുനിറച്ചു ഭക്ഷണം കഴിച്ചു  കൈവിരലുകൾ ആസ്വദിച്ചു നക്കി വെടിപ്പാക്കുന്നതും നോക്കി 'അമ്മ അങ്ങനെ  ഇരുന്നൂ. എല്ലാം കഴിഞ്ഞു കൈകഴുകി തുടച്ചശേഷം  കളിക്കാനായി അവർ അടുത്ത പറമ്പിലേക്ക് ഓടി  .

കുട്ടികൾ പോയി കുറച്ചുസമയം കഴിഞ്ഞാണ്   രാമേട്ടൻ  ഉച്ചയുറക്കത്തിൽനിന്നും  ഉണർന്നത് .
അദ്ദേഹം  കിടക്കപ്പായിൽ നിന്നുമെഴുന്നേറ്റ് വരാന്തയിലേക്ക് നടന്നൂ . വരാന്തയുടെ ഒരറ്റത്ത് വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ കയ്യും മുഖവും കഴുകി തോർത്തിൽ തുടച്ചു് വരാന്തയിൽ കാലുകൾ തൂക്കിയിട്ടു പുറത്തേക്കു നോക്കി ഇരുന്നൂ  

അകത്തുനിന്നും  ഭാര്യ പതിവുള്ള  കട്ടൻചായ യുമായി കടന്ന് വന്നൂ  .

  അയാൾ ചായയുടെ ഗ്ലാസ് അവരുടെ കയ്യിൽനിന്നും  വാങ്ങി വരാന്തയിൽ  വച്ചശേഷം ട്രൗസറിന്റെ കീശയിൽ നിന്നും അന്നുകിട്ടിയ കൂലിയിൽ ഒരു ഭാഗം എടുത്തു ഭാര്യയുടെ കയ്യിലേൽപ്പിച്ചു .എന്നിട്ട്  തറയിൽ വച്ച കട്ടൻചായയുടെ ഗ്ലാസ് ഊതി ഊതി എടുത്തു  കുടിക്കാൻ തുടങ്ങി  .

ചായകുടിച്ചു കഴിഞ്ഞു  ഗ്ലാസിൽ മിച്ചം വന്ന  ചായച്ചണ്ടി ദൂരേക്ക് തെറിപ്പിച്ചശേഷം  അത് ഭാര്യയേ  ഏൽപ്പിച്ചു . പിന്നീട് എന്തോ ആലോചിച്ചു്  എഴുന്നേറ്റ് 
തുടരും 

രാമേട്ടന്റെ ഓർമ്മകൾ

ഭാഗം: മൂന്ന്  

അധ്യായം : രണ്ട് 

എം. പി. എസ്സ് . വീയ്യോത്ത്

" ഞാൻ വേഗം വരാം"

എന്നും പറഞ്ഞു തോർത്തും എടുത്ത് അവിടെനിന്നും ഇറങ്ങി.


ഭാര്യ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു  ചോദിച്ചു 

 "ഇനി ആടിയാടിയായിരിക്കും വരവ്  അല്ലെ "

അയാൾ അത് കേട്ട ഭാവം നടിക്കാതെ മുന്നോട്ടു നടന്നു 

 വഴിക്കു വച്ച്  അയൽ ക്കാരനായ ഉസാമനെ കണ്ടു മുട്ടി

അവർ രണ്ടുപേരും കൂടി നാട്ടുവർത്തമാനം പറഞ്ഞു മുന്നോട്ടേക്കു നീങ്ങി  .

  അമ്പലപ്പറമ്പിലെ ആൽത്തറയ്ക്കരികിൽ  കുറച്ചുപേർ   ഇരുന്നു ചീട്ടു കളിക്കുന്നുണ്ടായിരുന്നൂ 

രാമേട്ടൻ ഉസ്മാനോട്  

" നിങ്ങള്  നടന്നോ എനിക്ക് കുറച്ചു പണിയുണ്ട് " 

എന്നും പറഞ്ഞു  മറ്റുള്ളവരുടെ  കളിയും നോക്കി  അങ്ങനെ നിന്നൂ .

ഉസ്മാൻ ധൃതിയിൽ നടന്ന് നീങ്ങി  

രാമേട്ടൻ കുറച്ചു നേരം കൂടി  അവിടെ കഴിച്ചുകൂട്ടി   

അതിനിടയിൽ അവരോടൊപ്പം ചീട്ട് കളിയിൽ വ്യാപൃതനായി  .

നേരം സന്ധ്യമയങ്ങിത്തുടങ്ങി രാമേട്ടൻ കളി അവസാനിപ്പിച്ച് അവിടെനിന്നും എഴുന്നേറ്റ് ചാരായ ഷാപ്പിലേക്കുള്ള തന്റെ യാത്രയാരംഭിച്ചു .വഴിയിൽ  വച്ച് അദ്ദേഹം സഖാവ് ചാത്തുവേട്ടനെ  കണ്ടുമുട്ടി. പിന്നീട് ഓരോരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഇരുവരും  വയലരികിലുള്ള ആ ഷാപ്പിലേക്ക് ചെന്ന് കയറി പതിവ് സീറ്റു കളിൽ  ഇരുന്നു.

  കുറച്ചു സമയത്തിനകം രണ്ടാൾക്കും  മുമ്പിൽ ഓരോ  കുപ്പി ചാരായം വീതം  എത്തിചേർന്നൂ  കൂടെ തൊട്ടുനക്കാൻ  ഒരു താലത്തിൽ അച്ചാറും.

 സമയം കടന്നു പോയിക്കൊണ്ടിരുന്നൂ 

അതിനിടയിൽ ഇരുവരും  കൂടി രണ്ട്  കുപ്പി ചാരായം അകത്താക്കി കഴിഞ്ഞിരുന്നൂ . 

അന്നേത്തേക്കുള്ള പതിവ് പൂർത്തിയാക്കി ഇരുവരും വീട്ടിലേക്ക് പോകാനായി ബെഞ്ചിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നന്നേ വിഷമിച്ചു. കുറച്ചു സമയം വേണ്ടിവന്നൂ എഴുന്നേറ്റ് നടക്കാൻ.   പിന്നീട്  കഴിച്ചതിന്റെ പണം കൊടുക്കാൻ ഇരുവരും  തമ്മിൽ തമ്മിൽ മാറി മാറി മത്സരിക്കാൻ  തുടങ്ങി. 

 അവസാനം സഖാവ്  ഇരുവരുടെയും പണവും കൊടുത്ത്  തോളോടുതോൾ  ചേർന്ന് ആടിയാടി വീടുകളിലേക്ക് യാത്ര തിരിച്ചു.

അവരുടെ  റോഡിലൂടെയുള്ള   ആടിയാടി നടപ്പ്  കാണുമ്പോൾ തന്നെ പേടിതോന്നും. 

വീണു വീണില്ല എന്ന നിലയിലാണ് അവരുടെ ആ നടത്തം. 

 പാട്ടുംപാടി അവർ രാമേട്ടന്റെ  കുടിലിന്റെ  മുന്നിലെ വഴിയിൽ എത്തി .

  അയാളുടെ  വരവും കാത്തു ഭാര്യയും  മക്കളും മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നൂ .

അവരെനോക്കി ഒരു വല്ലാത്ത ചിരിയോടെ നടന്ന രാമേട്ടൻ അപ്രതീക്ഷിതമായി  വീട്ടിന്റെ മുറ്റത്തായി  ചക്ക വെട്ടിയിട്ടപോലെ വീണു.

അദ്ദേഹം  അവിടെകിടന്നു  എഴുന്നേൽക്കാൻ  ഒരു ശ്രമം നടത്തി .

 അവസാനം അവിടെത്തന്നെ കിടന്നു ഛർദിയും തുടങ്ങി . 

അയാൾ മുഖമുയർത്തി ഭാര്യയെ ദയനീയമായി നോക്കി .

 ആ കാഴചകണ്ട്‌  ഭാര്യയും മക്കളും  അലമുറയിട്ടുകൊണ്ടു കരഞ്ഞു . 

അതുകേട്ടു അയൽക്കാരും വഴിപോക്കരും അവിടേക്കു ഓടിഎത്തിക്കൊണ്ടിരുന്നൂ .

  എല്ലാരും ആ കാഴ്ചകണ്ടു  ഞെട്ടി തരിച്ചു. 

അപ്പോഴും അയാളുടെ വായിലൂടെ ഛർദ്ദിയായി ചോരയൊഴുകുകയായിരുന്നൂ .

പിന്നെ അവിടം ബഹളമയമായി. 

കുറച്ചുപേർ അയാളെ താങ്ങി എടുത്ത് ആശുപതിയിലേക്കു കൊണ്ടുപോയി

  ആളുകൾ തമ്മിൽ തമ്മിൽ നോക്കി ചോദിച്ചു

 "എന്താ ഇയാൾക്ക് ഇങ്ങനെ വന്നത്?"

ചിലർ പറഞ്ഞു

 " അത് ഇങ്ങനെ കുടിച്ചിട്ടാ  എപ്പോ തൊടങ്ങിയതാ "

  അവിടമാകെ ശോകമയമായി .

കുറച്ചു ദിവസങ്ങൾ  അയാൾ ആശുപത്രിയിൽ കഴിച്ചുകൂട്ടേണ്ടതായി വന്നൂ  . 

 ഒരു ദിവസം അയാളെയും കൊണ്ട് ഭാര്യയും മക്കളും വീട്ടിലേക്കു തിരിച്ചു  . 

അവർ കുടിലിനുള്ളിൽ പായവിരിച്ചു് അയാളെ അതിൽ കിടത്തി .

അയാൾ നന്നേ  ക്ഷീണിച്ചിരുന്നൂ . ഭാര്യ അയാൾക്ക്‌ ഭക്ഷണമുണ്ടാക്കാനായി അടുക്കളയിലേക്കു പോകാനായി എഴുന്നേൽക്കാൻ ശ്രമിച്ചു . 

അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചുകൊണ്ട് രാമേട്ടൻ  അവരേ  കൈപിടിച്ചടുപ്പിച്ചുകൊണ്ട് മക്കളെയും ഭാര്യയും നോക്കി പറഞ്ഞു 

" എന്റെ ഈ നശിച്ച കുടിയാ ഇതിനെല്ലാം കാരണം എന്റെ മക്കളാണെ സത്യം ഇനി ഞാൻ കുടിക്കില്ല " 

അവർ കെട്ടിപ്പിടിച്ചു കുറച്ചു സമയം കരഞ്ഞു. പിന്നെ ഭാര്യ കണ്ണുനീർ തുടച്ചുകൊണ്ട് അവിടെനിന്നും അടുക്കളയിലേക്കു നടന്നൂ .

മക്കൾ അയാളുടെ അടുത്തുനിന്നും എഴുന്നേറ്റു കളിക്കാനായി ഓടി .

രാമേട്ടൻ മനസ്സിൽ നല്ലൊരു ദിനവും സ്വപ്നം കണ്ടുകൊണ്ട് മേൽപ്പോട്ടും നോക്കി കിടന്നൂ .







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...