ദേശാടനം
എം പി എസ്സ്
വീയ്യോത്ത്
തെക്കേത്തറ എന്ന ആ മലയോര ഗ്രാമത്തെ
സുന്ദരിയാക്കുന്നത് അതിലെ പ്രകൃതി ഭംഗിയാണ്. മലയില്‍നിന്നും ഒഴുകിയിറങ്ങുന്ന കുഞ്ഞരുവി
പലപല കൈവഴിയായി ദീര്‍ഘദൂരം ഒഴുകി ആ ഗ്രാമത്തിനെ കീറി മുറിച്ച് കിഴക്കോട്ട്
ഒഴുകുന്ന പുഴയില്‍ ചെന്നുചേരുന്നു. ആ അരുവികളുടെയും പുഴയുടെയും ഓരത്ത്
സ്ഥിതിചെയ്യുന്ന സസ്യലതാദികളും അതില്‍ പാറി പറക്കുന്ന ശലഭങ്ങളും പക്ഷിമൃഗാദികളും അവയുടെ
ഇമ്പമാര്‍ന്ന കളകൂജനങ്ങളും ആ കണ്ണിനും കാതിനും ഒരു അനുഭൂതി പകരുന്നൂ.
ആ ഗ്രാമത്തിലെ അങ്ങാടിയില്‍
സ്ഥിതിചെയ്യുന്ന ആല്‍ത്തറയിലാണ് ജനങ്ങളുടെ താവളം, എന്നും വൈകിട്ട് ചീട്ടുകളിക്കായ്
ഒരു സംഘം തന്നെ ഒത്തുചെരുന്നൂ. ചന്ദ്രന്‍
, കുഞ്ഞിരാമന്‍ , ഗോപാലന്‍, മത്തായി , കേളു എന്നിവരാണ് അവിടത്തെ സ്ഥിരം ചീട്ടുകളി
സംഘത്തിലെ അംഗങ്ങള്‍ . അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരും ചീട്ടുകളിയില്‍
മുഴുകിയിരിക്കുന്ന നേരത്താണ് അപ്രതീക്ഷിതമായി വിസിലടി ശബ്ദം മുഴങ്ങിയത്. ആ ശബ്ദം അടുത്തടുത്ത്
വന്നു കൊണ്ടിരുന്നൂ , അവര്‍ എഴുന്നേറ്റ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു, കാര്യമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല . ദൂരെയായി
ഓലപ്പീപ്പി ഊതിക്കൊണ്ട് പായുന്ന കുട്ടികളെ മാത്രമേ അവര്‍ കണ്ടുള്ളൂ . അങ്ങനെ അവര്‍
വീണ്ടും കളിയില്‍ മുഴുകി. പെട്ടെന്ന് അവര്‍ക്ക് ചുറ്റിലുമായി ആരോ ഓടിയടുക്കുന്ന
ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി അതാ പോലീസുകാര്‍ അവരുടെ നേരെ പാഞ്ഞടുക്കുന്നൂ .എല്ലാവരും
ചാടിയെഴുന്നേറ്റു ചിതറി ഓടാന്‍ തുടങ്ങി പക്ഷെ പാവം ഗോപാലേട്ടന് മാത്രം എഴുന്നേറ്റോടാന്‍
കഴിഞ്ഞില്ല. അങ്ങനെ ഗോപാലേട്ടന്‍ പോലീസിന്റെ കയ്യിലകപ്പെട്ടു . അവര്‍ ഗോപലെട്ടനെയും
കൂട്ടി കുറച്ചകലെയായി നിറുത്തിയിട്ട
ജീപ്പ് ലക്ഷ്യമാക്കി നടന്നൂ. ജീപ്പിനടുത്തെത്തിയപ്പോള്‍ ഗോപാലേട്ടനോട് സ്ഥലം
പോലീസ് ഏമാന്‍ ജീപ്പിന്‍റെ പിന്നിലെ വാതില്‍ തുറന്ന് സീറ്റിന് താഴെയായി ഇരിക്കാന്‍
ആജ്ഞാപിച്ചു. അയാള്‍ അതുപ്രകാരം അനുസരിച്ചു. അങ്ങനെ ഗോപലെട്ടനെയും കൊണ്ട് പോലിസ്
ഏമാനും രണ്ടുപോളിസുകാരും അവിടെനിന്നും യാത്ര തിരിച്ചു. ആ ഗ്രാമത്തിലെ ഊടുവഴികളിലൂടെ
സഞ്ചരിച്ചു ആ ജീപ്പ് മുന്നോട്ട് നീങ്ങി, അതിനിടയില്‍ ഏമാന്‍ ഗോപലെട്ടനോട്
അദ്ധേഹത്തിന്റെ കുടുംബവിവരം ആരാഞ്ഞു. ഗോപാലേട്ടന്‍ “ ഏമാനെ എനിക്ക് മൂന്ന്
കുട്ടികളാ മൂത്തത് സ്കൂള്‍ മാഷാ ഇളയവന്‍ വില്ലേജ് ഓഫീസറാ മൂന്നാമാത്തത് മോളാ
അവളുടെ ഭര്‍ത്താവ് പോലിസിലാ” എന്ന്
മറുപടിയും പറഞ്ഞു നിറുത്തി. ഏമാന്‍ അത്ഭുതത്തോടെ ചോദിച്ചു “ പോലീസിലോ? ഇതു
സ്റ്റേഷനില്‍ ആണ് ?” ഗോപാലേട്ടന്‍ പറഞ്ഞു “ടൌണ്‍ സ്റ്റേഷനിലെ എസ്സ് ഐ സുകുമാരന്‍ ,
സാര്‍ അറിയുമോ “ ഏമാന്‍ പറഞ്ഞു “ അതെയോ ,
എസ്സ് ഐ സുകുമാരനെ ഞാനറിയും , ഇത്രയും നല്ല മനുഷ്യന്റെ ഭാര്യാ പിതാവായിട്ട് ഇങ്ങനെ
ചീട്ട് കളിച്ചു നടക്കുന്നത് ശരിയാണെന്ന് തോന്നുണ്ടോ , അല്ലെങ്കിലും അവരുടെ സമൂഹത്തിലെ
അന്തസ്സ് ഒന്ന് നോക്കണ്ടേ “ ഗോപാലേട്ടന്‍ ശബ്ദം
താഴ്ത്തി തലചോറിഞ്ഞുകൊണ്ട് “ശരിയാ സാറെ , അപ്പൊ എനിക്ക് സീറ്റില്‍ ഇരിക്കാം അല്ലെ”എന്നും
പറഞ്ഞു മെല്ലെ ഇരുന്നെടത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ചോദ്യവും
പ്രവര്‍ത്തിയും ഏമാനെ ദേഷ്യം പിടിപ്പിച്ചു
. അദ്ദേഹം ഉറച്ച സ്വരത്തിലായി വിളിച്ചു പറഞ്ഞു “ ഇരിക്കടോ താഴ, തല്ക്കാലം ഇരിക്കുന്നേടത്ത്
ഇരുന്നാല്‍ മതി ബാക്കി സുകുമാരനോട് ഞാന്‍ പറഞ്ഞോളും .” കുറെനേരത്തെക്ക് ആ ജീപ്പിനുള്ളിലാകെ ഒരു നിശബ്ദദ കളിയാടി. കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ
മനസ്സിലുറപ്പിച്ചപോലെ ഏമാന്‍ ഡ്രൈവറോട്
പറഞ്ഞു “ വണ്ടി അങ്ങാടിയിലേക്ക് വിട് ഇയാളെ അവിടെ ഇറക്കിയിട്ട് പോകാം”. അങ്ങനെ കുറച്ചു
സമയത്തെ ഓട്ടത്തിന് ശേഷം ആ ജീപ്പ് അങ്ങാടിയിലെ ആല്‍ത്തറയ്ക്ക് സമീപമായി വന്നു
നിന്നു. ജീപ്പിന്റെ വാതില്‍ തുറന്ന് ഗോപാലേട്ടനെ അവര്‍ അവിടെ ഇറക്കി വിട്ടു അവിടെനിന്നും യാത്രയായി.
ഗോപാലേട്ടന്‍ അവിടെനിന്നും നേരെ ആല്‍മരത്തിന് സമീപത്തുള്ള വഴിയിലൂടെ വീട്ടിലേക്കു
നടന്നൂ.
വീട്ടില്‍ചെന്നു കയറിയപ്പോള്‍
അവിടെ കലിപൂണ്ട് നില്‍ക്കുന്ന വീട്ടുകാരെയാണ് കാണാന്‍ കഴിഞ്ഞത് . മക്കളും
മരുമക്കളും ചേര്‍ന്ന സംഘം അദ്ധേഹത്തിനു നേരെ ആക്രോശിച്ചുകൊണ്ട് നിന്നു. എല്ലാം
കേട്ട് മനസ്സലിഞ്ഞ അദേഹത്തിന്‍റെ മകള്‍ അവിടെ രക്ഷയ്ക്കെത്തിക്കൊണ്ട് മറ്റുള്ളവരെ
നോക്കി ഇങ്ങനെ പറഞ്ഞു ”അച്ഛനെ ഇനി ആരും വേദനിപ്പിക്കരുത്, ഞാന്‍ ഇളയവള്‍
ആയിരിക്കാം പറയുന്നതുകൊണ്ട് ചേട്ടന്മാര്‍ക്ക് ദേഷ്യം തോന്നാം, അത് സ്വാഭാവികം. പക്ഷെ അച്ഛന്റെ വശത്ത് നിന്നും ആലോചിച്ചുനോക്കണം
, അമ്മ മരിച്ചിട്ട് ഇന്നേവരെ നമ്മളെ ഒരു വിഷമവും അറിയിക്കാതെ വളര്‍ത്തിയതല്ലേ
ഇദ്ദേഹം, അച്ഛന്‍ കുടിചിട്ടോ മറ്റോ ഒരിക്കല്‍ പോലും നമ്മള്‍ക്ക് ഒരു അപമാനവും
വരുതിയിട്ടുമില്ല , ചിലപ്പോള്‍ ഒന്ന് ചീട്ട്കളിക്കുന്നു എന്ന് വച്ച് അതുകൊണ്ട് മാനംഇടിഞ്ഞുപോവുകയോന്നുമില്ലല്ലോ, ഇനി അച്ഛന്‍ ഈ
തെറ്റുകളൊന്നും ആവര്‍ത്തിക്കില്ല” ഗോപാലേട്ടന്‍ അവളെ ദയനീയ ഭാവത്തില്‍ നോക്കി .
അവള്‍ പറഞ്ഞു “ അച്ഛാ ഞങ്ങളെല്ലാവരും ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് അതായതു നാളെ
രാവിലെ അച്ഛനെ വൃദ്ധസദനത്തിലാക്കുന്നൂ, അവിടെ അച്ഛന് പറ്റുന്ന സുഹൃത്തുകളൊക്കെ
ഉണ്ടാവും” ഗോപാലേട്ടന്‍റെ കണ്ണുകള്‍ ആ വാര്‍ത്ത കേട്ട് ഈറനണിഞ്ഞു, ഭാര്യ
മരിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താന്‍
ഇത്രയ്ക്ക് ബാധ്യതയാണെന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. അന്ന് അത്താഴം
കഴിഞ്ഞു കിടന്നപ്പോള്‍ മക്കളെ അടുത്ത് വിളിച്ചു ഗോപാലേട്ടന്‍ ചോദിച്ചു “ മക്കള്‍ക്ക്
ഞാന്‍ ബാധ്യതയായി തീര്‍ന്നു ഇല്ലേ “ ആരും ഒന്നുമുരിയാടിയില്ല. പിന്നെ ഗോപാലേട്ടന്‍
കുറച്ചു സമയം എന്തോ ആലോചനയില്‍ മുഴുകി പിന്നെ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം തലയുയര്‍ത്തി
എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അവരുടെ
മുഖത്ത് ഒരു ശോകഭാവം നിഴലിച്ചിരുന്നൂ. അദ്ദേഹം ആത്മഗതമെന്നോണം പിറുപിറുത്തുകൊണ്ട് അവിടെനിന്നും തിരിഞ്ഞു
നടന്നു.
അടുത്തദിവസം രാവിലെതന്നെ
എല്ലാവരും ഒരുങ്ങി, അവര്‍ ഗോപാലേട്ടനെ അവിടെങ്ങും തിരഞ്ഞു പക്ഷെ അവിടെങ്ങും
കണ്ടില്ല. അങ്ങനെ നിരാശരായിരിക്കുന്ന സമയത്താണ് അവരുടെ ശ്രദ്ധ ഫോണിന്റെ ചുവട്ടിലെ
കടലാസ്സില്‍ പതിഞ്ഞത്. അവര്‍ അതെടുത്ത് ഉറക്കെ വായിച്ചു തുടങ്ങി .
****************************************************************************************************
എന്റെ സ്നേഹം നിറഞ്ഞ മക്കള്‍
അറിയാന്‍ അച്ഛന്‍ എഴുതുന്നത്
എന്റെ ജീവിതത്തിന്റെ നല്ലൊരു
പങ്കും നിങ്ങള്ക്ക് വേണ്ടി മാറ്റിവച്ച എനിക്ക് മക്കള്‍ ഒരുക്കിവച്ച സ്ഥലം കൊള്ളാം.
പക്ഷെ എന്റെ ഇഷ്ടമോ ആഗ്രഹമോ നിങ്ങള്‍ ചോദിച്ചില്ല . സാരമില്ല നിങ്ങളുടെ അമ്മയെ
മരണശേഷം എന്റെ മക്കളെ ഒരു കുറവും വരുത്താതെ പഠിപ്പിച്ചു അവര്‍ ഓരോരുത്തര്‍ക്കും
ഓരോ കുടുംബമായപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്നും അകലുന്നത് ഞാനറിഞ്ഞില്ല. അതിനാരോടും
ഒരു പരിഭവവും ഇല്ല, ഒരാഗ്രഹം മാത്രമേ എനിക്ക്
ബാക്കിയുള്ളൂ എവിടെനിന്നെങ്കിലും എന്റെ മൃതദേഹം കിട്ടിയാല്‍ അത് നിങ്ങളുടെ അമ്മയെ
അടക്കം ചെയ്ത മണ്ണില്‍ അടക്കം ചെയ്യണം. അവള്‍ എന്നില്‍ നിന്നും അകന്നു പോയപ്പോള്‍
എനിക്ക് നിങ്ങളുണ്ടായിരുന്നൂ ഇപ്പോള്‍ നിങ്ങളും എന്നെ ഉപേക്ഷിക്കാന്‍
ഒരുങ്ങുമ്പോള്‍ എനിക്ക് ഈ ലോകത്ത് ദൈവമേ ആശ്രയമായുള്ളൂ. എന്റെ കാലശേഷം നിങ്ങള്‍ക്കുള്ള
സ്വത്തുക്കളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ എന്റെ കിടക്ക്യ്ക്കടിയില്‍
വച്ചിട്ടുണ്ട്. എല്ലാവര്ക്കും നന്മ വരട്ടെ
എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് , ഞാന്‍ നിര്‍ത്തുന്നൂ.
എന്ന് സസ്നേഹം
ഗോപാലന്‍
****************************************************************************************************
കത്ത് വായിച്ചു കഴിഞ്ഞു അവര്‍
ഗോപാലേട്ടന്റെ കിടക്കയിലെ രേഖകള്‍ എടുത്ത് അതിലൂടെ കണ്ണോടിച്ചു. അതിലെ അവിശ്വനീയമായ സ്വത്ത്
വിവരങ്ങള്‍ കണ്ട് അവര്‍ക്ക് കണ്ണ് മങ്ങുന്നത് പോലെ തോന്നി. അച്ഛൻ എങ്ങനെ ഇത്രയും സമ്പാദിച്ചു എന്ന് അവർക്ക് അറിയില്ലായിരുന്നൂ . പണ്ടാരോ പറഞ്ഞറിഞ്ഞിരുന്നൂ ഗോപാലേട്ടൻ കോടീശ്വരനാണെന്ന് ഒരു മാത്രപോലും ആ കാര്യം സമര്ഥിക്കാനുള്ള എന്തെങ്കിലുമൊരു സൂചന ആർക്കും അദ്ദേഹം നൽകിയിരുന്നില്ല .അവരിൽ അത് അത്ഭുതത്തിലുപരി ഞെട്ടലാണ് ഉണ്ടാക്കിയത് . പിന്നീട് അച്ഛനെ തിരഞ്ഞുകണ്ടുപിടിക്കാനായി അവരില്‍ ചിലര്‍
വാഹനങ്ങളില്‍ നാലുപാടും യാത്രതിരിച്ചു , പക്ഷെ അവര്‍ക്ക് അയാളെ
കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടയ്ക്ക് ആരോ പറയുന്നത് കേട്ടു ഗോപാലേട്ടനെ റെയില്‍വേ
സ്റ്റേഷനില്‍ കണ്ടു എന്നും മറ്റും. പക്ഷെ എങ്ങും അദ്ധേഹത്തെ കണ്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ