ജോലിക്കാരന്‍
എം പി എസ്സ് വീയ്യോത്ത്
ഇത് ജാന്‍സി ചേറ്റുവമറ്റത്തെ പാപ്പി എന്ന
നാട്ടുപണിക്കാരന്റെ ഇളയപുത്രി. വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടിയായിരുന്ന
അവള്‍. പാപ്പിച്ചായനും മറിയാമ്മ ച്ചേടത്തിക്കും രണ്ടു കുട്ടികളുണ്ടെങ്കിലും അവരിൽ പോന്നമനയായിരുന്നൂ അവൾ . പാപ്പിച്ചായനും
മറിയാമ്മച്ചേടത്തിയും അധികം പഠിപ്പോ പത്രാസ്സോ ഇല്ലാത്ത എല്ലാവരെയും
സ്നേഹിക്കാനറിയാവുന്ന തനി നാട്ടുമ്പുറത്തു്കാരായിരുന്നൂ.അതുകൊണ്ടുതന്നെ അവർ മകളെ
കൊഞ്ചിച്ചു വഷളാക്കിയെന്നാ ആളുകള്‍ പറയുന്നത്. എല്ലാവരോടും തർക്കുത്തരം പറയുന്ന
അവൾ ശരിക്കും അൽപ്പം അഹങ്കാരിയായിരുന്നൂ . അങ്ങാടിയിലെ ഒരു
സ്വകാര്യവിദ്യാലയത്തില്‍ പത്താം ക്ലാസ്സിലാണ് അവള്‍ പഠിക്കുന്നത് . അന്നും
മറിയാമ്മ ച്ചേടത്തി തൊട്ടും തലോടിയും എഴുന്നേൽപ്പിച്ചു പിന്നാലെ നടന്ന്
ഒരുക്കി അവളെ സ്കൂളിലേക്ക് പറഞ്ഞയച്ചു. ജാൻസി മുറ്റത്തേക്കിറങ്ങി മറിയമ്മയോടായി "
അമ്മച്ചീ ഇന്നാണെ സ്കൂൾ ഫീസ് കൊടുക്കാനുള്ള അവസാന ദിവസം അപ്പച്ചനോട് ഒന്ന്ഓർമ്മിപ്പിക്കണേ
" എന്ന് പറഞ്ഞു . അപ്പോൾ തന്നെ മറിയാമ്മ ചിരിച്ചുകൊണ്ട് " അപ്പച്ചൻ
ഫീസും കൊണ്ട് സ്കൂളിലേക്ക് വരും"എന്ന് മറുപടിയും
പറഞ്ഞു . അവൾ തലകുലുക്കി മുന്നോട്ടേക്ക് നീങ്ങി
വഴിയിലായി കാത്ത് നിന്നിരുന്ന സഹപാഠികളോടൊപ്പം നെഞ്ചോടു
ചേർത്ത്താങ്ങിപ്പിടിച്ച പുസ്തകങ്ങളുമായി നടന്നൂ . ആ യാത്രയിലുടനീളം
കളിയുംചിരിയുമായി സ്കൂളിലേക്കുള്ള അവരുടെ പ്രയാണം അങ്ങനെ തുടർന്നൂ . അവർ
സ്കൂളിൽ എത്തി കുറച്ചു സമയത്തിങ്ങൾക്കകം അസംബ്ലി ആരംഭിക്കുന്നൂ
എന്നറിയിച്ചുകൊണ്ടുള്ള മണി ശബ്ദം ഉച്ചത്തിൽ മുഴങ്ങി. അങ്ങനെ അന്നത്തെ ദിനം ആ അസംബ്ലിയോടെ
തുടങ്ങി . അത് കഴിഞ്ഞു എല്ലാവരും ക്‌ളാസ്സുകളിലേക്കു നടന്നു. കുറച്ചു സമയങ്ങൾക്കകം
അന്നത്തെ ക്‌ളാസ്സുകൾ ആരംഭിച്ചു, പീരിയഡ്കൾ മാറി മാറി
വന്നുകൊണ്ടിരുന്നൂ. സമയം ഉച്ചഭക്ഷണത്തിനുള്ള ഇടവേള ജാൻസിയും
കൂട്ടുകാരികളും സ്കൂളിന്റെ മുന്നിലായി കൂട്ടം കൂടി നിന്ന് ചിരിയും കളിയുമായി
എന്തൊക്കയോ കാര്യമായി സംസാരിക്കുകയായിരുന്നൂ . അപ്പോഴാണ് മണ്ണിൽ കുതിർന്ന മുണ്ടും
കീറിയ ബനിയനും ധരിച്ച ഒരാൾ അങ്ങോട്ടേക്ക് കടന്ന് വന്നത്. അയാൾ ജാൻസിയുടെ പേര് വിളിച്ചുകൊണ്ടു അവളുടെ അടുത്തേക്ക് നടന്നടുത്തു . അയാളുടെ ആ കോലം കണ്ടതും അവൾക്ക്
മനസ്സിൽ ഈർഷ്യയാണ് ആദ്യം തോന്നിയത്. പക്ഷെ അത്പുറത്തുകാട്ടാതെ അവൾ അയാളുടെ
അടുത്തേക്ക് നടന്ന്ചെന്നു . അയാൾ ചിരിച്ചുകൊണ്ട്മുണ്ടിന്റെ കോന്തലയിൽ കെട്ടിയ കെട്ടഴിച്ചു
അതിൽനിന്നും വിയർപ്പിൽ നനഞ്ഞ നോട്ടുകളെടുത്തു അവൾക്ക് നേരെ നീട്ടിക്കൊണ്ട് "
മോള് വേഗം പോയി ഫീസ് അടച്ചോ കേട്ടോ " എന്നും പറഞ്ഞു തിരിഞ്ഞു നടന്നൂ.
അതിനിടയിൽ അവളുടെ ഒന്ന് രണ്ടു കൂട്ടുകാരികൾ അങ്ങോട്ട് നടന്നടുത്തു കൊണ്ട്
ചോദിച്ചു " ജാൻസി അതാരാ ". അവൾ കുറച്ചു സമയത്തെ മൗനത്തിന് ശേഷം
പറഞ്ഞു" എന്റെ വീട്ടിലെ ജോലിക്കാരനാ" അവ്യക്തമായാണെങ്കിലും അതുകേട്ട അയാൾ
ഒന്ന്തിരിഞ്ഞു നോക്കി പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നൂ.
വൈകീട്ട് പതിവുപോലെ അവൾ സ്കൂൾ
വിട്ട് മറ്റുള്ളവരോടൊപ്പം വീട്ടിലെത്തി. നേരെ അമ്മയോട് ചോദിച്ചു " അമ്മച്ചീ
അപ്പച്ചൻ ഇന്ന് സ്കൂളിൽ വന്ന വേഷം ശരിയായില്ല കേട്ടോ " അത് കേട്ട് കൊണ്ട്
പാപ്പച്ചായൻ വീട്ടിനുള്ളിൽനിന്നും ഇറങ്ങി വന്നുകൊണ്ടു പറഞ്ഞു " മോളെ
ക്ഷമിക്ക് അപ്പച്ചന് ഓർക്കാതെ പറ്റിയതല്ലേ , ഞങ്ങൾക്ക് നിൻറ്റെ
അത്ര വിദ്യാഭ്യാസമൊന്നുമില്ലല്ലോ മോളെ , ഇനി ഇത്ആവർത്തിക്കില്ല
സത്യം , എന്നെ ജോലിക്കാരനാക്കിയതിൽ എനിക്കൊരു
വിഷമമൊന്നുമില്ല , കാരണം നീയാണ് ഞങ്ങളുടെ രാജകുമാരി ഞങ്ങൾ
നിന്റെ ജോലിക്കാരും നിന്നെ നല്ലനിലയിലെത്തിച്ചിട്ട് വേണം ഒന്ന്
സ്വസ്ഥമാവാൻ ". അയാളുടെ കണ്ണുകൾ നിറഞ്ഞതു അവൾ ശ്രദ്ധിച്ചു . അവൾ
ചെയ്ത തെറ്റിന്റെ ആഴം അപ്പോഴാണ് അവൾക്കു ബോധ്യം വന്നത് . ആ വാക്കുകൾ
അവളുടെ അഹങ്കാരത്തിന്റെ മുനയൊടിച്ചു. അവൾ അച്ചായനെ ചേർത്ത് പിടിച്ചു
ക്ഷമചോദിക്കാൻ വാക്കുകൾ കിട്ടാതെ അവൾ ഏങ്ങിയേങ്ങി കരഞ്ഞു . അത്മ കണ്ടുകൊണ്ട് നിന്ന മറിയാമ്മയും അവളെ സമാധാനിപ്പിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു .
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ
നിങ്ങളുടെ രക്ഷിതാക്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ ശ്രമിക്കുക അവരെ ഒരിക്കലും അപമാനിക്കാതെ കാക്കുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ