ആകസ്മികം
എം.പി.എസ്സ്.വീയ്യോത്ത്
പൊടുന്നനെ ബലിഷ്ഠമായ ഒരു കൈ രാമന്റെ ചുമലിൽ വന്നു വീണപ്പോൾ അറിയാതെ അയാൾ "അയ്യോ... അമ്മേ ..." എന്ന് കരഞ്ഞു പോയി.
ഇടതുകൈകൊണ്ട് വലതുചുമലിൽ പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അതാ അവിടെ ഏകദേശം ആറടിയിൽ അധികം ഉയരമുള്ള ഒരാൾ അയാളുടെ പിന്നിലായി നിന്ന് അയാളെ നോക്കി തന്റെ കറപിടിച്ച പല്ലുകൾ കാട്ടി ചിരിക്കുകയായിരുന്നൂ .
രാമൻ അയാളെ സൂക്ഷിച്ചു നോക്കി അയാൾക്ക് ആ മനുഷ്യനെ മുൻപ് കണ്ട ഒരോർമ്മയും വന്നില്ല. രാമൻ അയാളോട് ചോദിച്ചു " ആരാ.... എന്തിനാ എന്നെ അടിച്ചേ "
ആ മനുഷ്യൻ ഒന്നുമുരിയാടാതെ കുറേനേരം അയാളെ നോക്കിനിന്ന ശേഷം മുഖം തിരിച്ചു നടന്നു പോയി.
രാമന് കാര്യം ഒന്നും മനസ്സിലായില്ല പക്ഷെ അയാൾ കടന്നുപോയപ്പോൾ വിഴുപ്പിന്റെ മനം മടുപ്പിക്കുന്ന ഒരു ഗന്ധവും രാമനെ കടന്നുപോയി.
എതിരെ സൈക്കിൾ ഓടിച്ചു വന്ന കണ്ണേട്ടൻ ഇതൊക്കെ ദൂരെനിന്നുകണ്ടുകൊണ്ടാണ് വന്നിരുന്നത്.
അയാൾ ആ മനുഷ്യനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു "അവൻ തനിക്കിട്ടു ഒന്ന് മേടിയിട്ടാ പോയത് ഇല്ലേ "രാമൻ തലയാട്ടി അതെ എന്ന് അറിയിച്ചു.
പിന്നെ അയാളോട് ചോദിച്ചു " അതാരാ ..."
കണ്ണേട്ടൻ പറഞ്ഞു " അതാ... പൊട്ടൻ കുട്ടനാ ... അവന്റെ രീതി ഇതാ ഒറ്റക്കിരിക്കുന്ന ആളുകളെ വേദനിപ്പിക്കും"
രാമൻ കണ്ണേട്ടനോടൊപ്പം നടന്നു.
രാമൻ ചോദിച്ചു " കണ്ണേട്ടൻ എവിടെപ്പോയതാ "
കണ്ണേട്ടൻ പറഞ്ഞു "ഇമ്മളെ ചന്ദ്രൻ നമ്പ്യാരെ മോൾ രാധയുടെ കല്യാണം നിശ്ചയത്തിനു പോയി വരുന്ന വഴിയാ"
രാമന് കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി , ഒരു ഘട്ടത്തിൽ തലകറങ്ങിവീഴാൻ തുടങ്ങിയപ്പോൾ കണ്ണേട്ടൻ സൈക്കിളിലെപിടിവിട്ട് രാമനെ പിടിച്ചു താങ്ങി നടത്തി ക്കൊണ്ടു അടുത്തുകണ്ട മരത്തണലിലേ പാറക്കഷണത്തിൽ കൊണ്ടിരുത്തി.
കണ്ണേട്ടൻ അവനോടു ചോദിച്ചു "നിങ്ങൾ തമ്മിൽ സ്നേഹത്തിലായിരുന്നു അല്ലെ "
അവൻ നിറഞ്ഞകണ്ണുകളോടെ അയാളെ നോക്കിക്കൊണ്ട് പറഞ്ഞു " അതെ പക്ഷെ എനിക്ക് ജോലിയൊന്നുമില്ലാത്തതുകൊണ്ട് അമ്മാവന് ഞങ്ങളുടെ ബന്ധം വലിയ താല്പര്യമില്ലായിരുന്നു അവളാണെങ്കിൽ അച്ഛൻ പറയുന്നതിന് എതിരായി ഒന്നും ചെയ്യില്ല "
കണ്ണേട്ടൻ പറഞ്ഞു " അങ്ങനെ യാണെങ്കിൽ നിനക്ക് അവളെ വിളിച്ചിറക്കിക്കൂടെ "
അവൻ പറഞ്ഞു "അവൾ വരില്ല , വന്നാലും എവിടെ കിടക്കും എന്റെ വീട് കണ്ണേട്ടൻ കണ്ടതല്ലേ ഒരു കല്യാണപ്രായമെത്തിയ രണ്ടുസഹോദരികളുള്ള ഞാൻ അങ്ങനെ ചെയ്താൽ അവരുടെ ജീവിതത്തെയും അത് ബാധിക്കില്ലേ "
കണ്ണേട്ടൻ പറഞ്ഞു " നിന്റെ ചിന്ത നല്ലതാ, പക്ഷെ നീ പാവമായതുകൊണ്ടാ , സഹോദരിമാർ കല്യാണദിവസം വരെ മാത്ര മേ നിന്നെ സ്നേഹമുള്ള സഹോദരനായി കാണൂ . കല്യാണം കഴിഞ്ഞ അടുത്ത ദിവസം മുതൽ അവർക്കു നീ ഒരു ഭാരമാണ് പ്രത്യേകിച്ച് സ്വത്തിന്റെ കാര്യത്തിലും മറ്റും"
രാമൻ പറഞ്ഞു " എന്റെ സഹോദരിമാർക്ക് ഞാൻ എന്ന് പറഞ്ഞാൽ ജീവനാ" കണ്ണേട്ടൻ ചിരിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല .
അവർ ആ മരത്തണലിൽ നിന്നും എഴുന്നേറ്റു.
രാമൻ വഴിയരികിലുള്ള പൊതു ടാപ്പിൽനിന്നും വെള്ളമെടുത്തു മുഖമൊന്നു കഴുകി വീണ്ടുംനടന്നു തുടങ്ങി വെയിലിന്റെ ചൂട് ശരിക്കും അപ്പോഴാണ് അവൻ അറിഞ്ഞത്.
പെട്ടെന്ന് പിന്നിൽനിന്നും കുച്ചു.... കുച്ചു.... കുച്ചു.... എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടു ആരോ ഓടിവരുന്നതുപോലെ അവർക്കു തോന്നി.
മെല്ലെ നിന്ന് തിരിഞ്ഞു നോക്കി പൊട്ടൻ കുട്ടൻ അതിവേഗത്തിൽ ഓടിവന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു അവരുടെ അടുത്തെത്തിയപ്പോൾ അയാൾ അവരോടു ചോദിച്ചു " ഞാൻ ഒരു കാര്യം കാട്ടി തരട്ടെ "
ഞങ്ങൾ അത്ഭുതത്തോടെ അയാളെ നോക്കി അയാൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് ദൂരേക്ക് ഓടി മുന്നിലെ വളവും കടന്നു പോയി .
കണ്ണേട്ടനും രാമനും നടന്നു നടന്നു വളവ് കഴിഞ്ഞപ്പോൾ കുറച്ചു ദൂരെയായി ആളുകൾ കൂട്ടം കൂടിനിൽക്കുന്നതു അവരുടെ ശ്രദ്ധയിൽ പെട്ടു.
ഞങ്ങൾ അവരുടെ അടുത്തെത്തിയപ്പോൾ ആളുകളിൽ ചിലർ പാതയരികിലേ പൊട്ടകുളത്തിലേക്കു നോക്കി നിൽപ്പുണ്ടായിരുന്നു.
രാമൻ അവിടെയുണ്ടായിരുന്ന ഒരാളോട് ചോദിച്ചു " എന്താ പറ്റിയത് "
അയാൾ പറഞ്ഞു " അത് പൊട്ടൻ കുട്ടൻ എങ്ങുനിന്നു ഓടിവന്ന് കുളത്തിലേക്ക് എടുത്തുചാടി , പിന്നെ ഒരു വിവരവുമില്ല , ആരെയെങ്കിലും കുളത്തിലേക്കിറക്കാമെന്നുവച്ചാൽ ചെളിമൂടിക്കിടക്കുകയാ , ഏതായാലും ഫയർഫോഴ്‌സിൽ വിവരമറിയിച്ചിട്ടുണ്ട് ബോഡി എടുക്കണമല്ലോ "
രാമനും കണ്ണേട്ടനും ഞെട്ടി തരിച്ചു നിന്നുപോയി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ