2017 ഏപ്രിൽ 3, തിങ്കളാഴ്‌ച

ഇല്ലിവേലി

ഇല്ലിവേലി 

എം പി എസ് വീയ്യോത്ത് 

നേരം പുലർന്ന്  വരുന്നേ ഉണ്ടായിരുന്നുള്ളൂ പതിവുപോലെ  ചാത്തുമാസ്റ്ററുടെ  വീടിന് അടുത്തുള്ള ദേവീ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ ദേവീസ്തുതികൾ  അലയടിച്ചുകൊണ്ടിരുന്നൂ.  അദ്ദേഹം  അതാസ്വദിച്ചുകൊണ്ട് പതിയെ  കണ്ണുകൾ തുറന്ന് മേലോട്ടുനോക്കി അങ്ങനെ കുറച്ചുനേരം കിടന്നു. പിന്നീടെപ്പോഴോ  ആറുമണിയായെന്നോർമ്മിച്ചുകൊണ്ട്  ചുമരിലെ ഘടികാരത്തിന്റെ മണി ആറു തവണയായി  ണീം....ണീം...ണീം...ണീം...ണീം...ണീം എന്ന്  ഉച്ചത്തിൽ മുഴങ്ങി  . അദ്ദേഹം കിടക്കയിൽ കൈകളൂന്നിക്കൊണ്ട്   എഴുന്നേറ്റിരുന്നു , ആ ഇരിപ്പിൽ കാര്യമായെന്തോ  ആലോചനയിൽ മുഴുകി.  . കുറച്ചു സമയത്തിനു ശേഷം തന്റെ ലുങ്കി ശരിക്ക് വാരിയുടുത്ത്കൊണ്ട് മെല്ലെ  എഴുന്നേറ്റ് വരാന്തയിലേക്ക് നടന്നു . അവിടെ വരാന്തയിലേ തറയിൽ ആരോ വലിച്ചെറിഞ്ഞനിലയിൽ  കിടന്നിരുന്ന അന്നത്തെ ദിനപ്പത്രം കുനിഞ്ഞു കയ്യിലെടുത്തു .

 അതിലെ പ്രധാന വാർത്തകൾ  മനസ്സിൽ വായിച്ചുകൊണ്ട്  അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു  പിന്നെ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു " എഡോ .. ഇന്ന് ഹർത്താലാ കേട്ടോ  ഏതോ പാർട്ടിക്കാരനെ മറ്റേതോ പാർട്ടിക്കാരൻ വെട്ടിക്കൊന്നിരിക്കുന്നു , മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്നില്ല  എന്തായിത് , കലികാലം അല്ലാതെന്താ ഇതിനൊക്കെ പറയ്യാ ? ഏതായാലും എനിക്കൊന്നു നമ്മളെ സ്ഥലംവരെ ഒന്ന്   പോകണം,  നീ ഒരു ഗ്ലാസ്സ് ചായിങ്ങെടുത്തേ".

അല്പസമയത്തിനകം അദ്ദേഹത്തിന്റെ ഭാര്യ അകത്തുനിന്നും  ഒരു ഗ്ലാസ്സ്  ചായയും കയ്യിലെടുത്തു സാരിത്തുമ്പുകൊണ്ട് ഗ്ലാസിന്റെ  വക്കിലെ നനവ് തുടച്ചുകൊണ്ട്  ഇറങ്ങി  വന്നുകൊണ്ട് അത് അദ്ദേഹത്തിന് നേരെ നീട്ടി . അദ്ദേഹം പത്രത്തിൽ നിന്നും ദൃഷ്ടിയുയർത്താതെ തന്നെ അത് കയ്യിൽ  വാങ്ങി. ആ ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു് ഒരിറക്ക് കുടിച്ചു . അപ്പോഴും അയാളുടെ കണ്ണുകൾ ആ  പത്രത്താളുകളിലൂടെ ഓടിനടക്കുകയായിരുന്നൂ .ആ സമയമത്രയും ഭാര്യ തുറന്നു  പിടിച്ച പത്രത്താളുകളിലെ   വാർത്തകളിലൂടെ കണ്ണോടിച്ചുകൊണ്ടു അയാളുടെ മുന്നിലായി നിൽപ്പുണ്ടായിരുന്നൂ  . അയാൾ മെല്ലെ മെല്ലെ ഊതി ചായ കുടിച്ചുതീർത്ത് ഗ്ലാസ്സ് ഭാര്യയെ തിരിയെ  ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചു. അങ്ങനെ അവർ  ആ ഗ്ലാസ്സുമായി അകത്തേക്ക് കയറി പ്പോ യി . പത്രപാരായണം മതിയാക്കി അയാൾ പത്രം അവിടെയുണ്ടായിരുന്ന  മേശമേൽ  വച്ച് എഴുന്നേറ്റ്  അകത്തേക്ക് നടന്നു. കഴിവതും വേഗത്തിൽ തന്റെ പ്രഭാതകർമ്മങ്ങൾ കഴിച്ച്  തറവാട്ടിൽനിന്നും അദ്ദേഹം ഒരുങ്ങി പുറത്തേക്ക് ഇറങ്ങി .

വെള്ള ജുബ്ബയും ഖാദർ മുണ്ടും കറുത്ത ഫ്രെയ്‌മുമുള്ള കണ്ണടയും  തയഞ്ഞു തീരാറായ ചെരുപ്പും അതാണ് അദ്ദേഹത്തിന്റെ വേഷം. വലത് കയ്യിലെ  കാലൻ കുട  ചുഴറ്റി  ഇടത് കൈവിരലുകൊണ്ട്കഷണ്ടിയെ ഒന്ന് തലോടിക്കൊണ്ട്  പതിവുപോലെ അദ്ദേഹം മുന്നോട്ടു നടന്നു . ഡോക്ടറുടെ നിര്ദേശപ്രകാരം തുടങ്ങിയ ഈ  പ്രഭാതസവാരി ഇപ്പോൾ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നൂ . അതിനു ഒരു മുടക്കം വരുത്തണ്ടാ എന്ന് കരുതിയാണ് ഹർത്താലായിട്ടും അന്നും അദ്ദേഹം ദ്രിതിപിടിച്ചു  ഒരുങ്ങി ഇറങ്ങിയത് .

അങ്ങനെ അദ്ദേഹം  കുറച്ചു സമയങ്ങൾക്കകം നടന്നു നടന്നു പ്രധാന പാതയിലേക്ക് കയറി .  അദ്ദേഹം പാതയോരത്ത് നിന്നുകൊണ്ട് തല ഇരുവശങ്ങളിലേക്കും ചെരിച്ചു കണ്ണടയുടെ വിടവിലൂടെ ചുറ്റുമൊന്നു കണ്ണോടിച്ചു,  ഹർത്താലായതിനാൽ അവിടെയുള്ള ഒട്ടുമിക്ക കടകളും അടഞ്ഞുകിടക്കുകയായിരുന്നൂ, അങ്ങിങ്ങായി പ്രവർത്തിക്കുന്ന തട്ടുകടകൾ   അങ്ങിങ്ങായി  പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നൂ . അതുപോലെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന  ഒന്നോ രണ്ടോ ആളുകളെ ഒഴിവാക്കിയാൽ ആ നഗരവും പരിസരവും വിജനമായിരുന്നൂ  .

വഴിക്കു വച്ച് ആരോ അദ്ദേഹത്തോട് ചോദിച്ചു  "എവിടെക്കാ മാഷേ "

അദ്ദേഹം അതിനു മറുപടിയായി  "എന്റെ പറമ്പിലേക്ക് പോകുവാ " എന്നും പറഞ്ഞു ദേശീയപാതയിൽ നിന്നും അധികമകലെയല്ലാതുള്ള  ആ  പറമ്പു ലക്ഷ്യമാക്കി  കയ്യിലെ കാലം കുടയും കുത്തി നടന്നു . താറിട്ട റോഡിന്റെ അരികുപിടിച്ചു  അധികസമയമെടുക്കാതെ തന്നെ അദ്ദേഹം  ആ  പറമ്പിലേക്കുള്ള വഴിയിൽ  ചെന്ന് കയറി. അങ്ങനെ അദ്ദേഹം റോഡിൽനിന്നും  അമ്പത് മീറ്റർ ദൂരെയുള്ള പറമ്പിലേക്ക് ആ വഴിയിലൂടെ നടന്നുകയറി  . പിന്നെ ആ പറമ്പിന്റെ  പടിഞ്ഞാറേ അതിരിനോട് ചേർന്നുള്ള മാളിക വീട്ടിലേക്കു നോക്കിക്കൊണ്ടു  അദ്ദേഹം  ഉച്ചത്തിൽ നീട്ടി വിളിച്ചു " ഇവിടാരുമില്ലേ .. രാജാ ....രാജാ  ",

ആ വീടിന്റെ അകത്തളത്തിലേതോ കോണിൽനിന്നും ആരുടെയോ വിളിച്ചു പറയുന്ന ശബ്ദം കേട്ടു " മാഷേ .. ഞാൻ ഇപ്പൊ വരാം ".

അദ്ദേഹം ആ വീട്ടിലേക്കു നോക്കി വീണ്ടും ഉച്ചത്തിൽ  "എന്നാൽ   ഞാൻ  ഇവിടെത്തന്നെയുണ്ട്  വേഗം വാ" എന്നും  പറഞ്ഞുകൊണ്ട് പറമ്പിലേക്ക്  നടന്നു . അദ്ദേഹം പറമ്പിലേക്കെത്തുമ്പോളേക്കും അതിനടുത്ത പറമ്പിലൂടെ ഏന്തിവലിഞ്ഞു  രാജൻ ആ പറമ്പിലേക്ക് കയറി  വന്നു  .

 അയഞ്ഞ  പേന്റും ഷ ർട്ടുമണിഞ്ഞ കറുത്ത് നിറത്തിലുള്ള നീണ്ടു മെലിഞ്ഞ രൂപം അതാണ് രാജൻ  എപ്പോഴും തന്റെ  കുറ്റി താടിയും തടവി ക്കൊണ്ട് നടക്കുന്ന അയാളെ  കണ്ടാൽ ഒരു ബുദ്ധിജീവിയാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുള്ളൂ

രാജനെ കണ്ടതും മാഷ് ചോദിച്ചു  " എടോ   രാജാ.. ഇവിടെ ഒരു വേലികെട്ടണമായിരുന്നൂ , നിനക്ക് ഒന്ന് എന്നെ സഹായിക്കാമോ"

അല്പസമയത്തെ മൗനത്തിനു ശേഷം  അയാൾ ചോദിച്ചു "  എങ്ങനെയാ മാഷേ ഞാൻ സഹായിക്കേണ്ടത് "

മാഷ് പറഞ്ഞു " ഞാൻ രണ്ടുദിവസം  ക ഴിഞ്ഞു വരുമ്പോളേക്കും നിനക്ക് ഈ പറമ്പിനു ചുറ്റും  ഇല്ലികൊണ്ടുള്ള ഒരു വേലി കെട്ടാൻ പറ്റുമോ"

രാജൻ  വീണ്ടും ചിന്തയിൽ മുഴുകി പിന്നെ  പറഞ്ഞു " ഓക്കേ  മാഷേ .. ഞാനോന്ന്  ശ്രമിച്ചു നോക്കട്ടെ  "

മാഷ്  പറഞ്ഞു " നീ വിചാരിച്ചാൽ നടക്കും"

പിന്നീട്അദ്ദേഹം തന്റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ട് കുറച്ചു രൂപയെടുത്ത് രണ്ടു തവണ എണ്ണിത്തിട്ടപ്പെടുത്തി രാജന് കൈമാറി . അവൻ അത് സന്തോഷത്തോടെ വാങ്ങി എണ്ണിതിട്ടപ്പെടുത്തി ചിരിച്ചുകൊണ്ട് ഷർട്ടിന്റെ പോക്കറ്റിലേക്ക് നിക്ഷേപിച്ചു .   മാഷ് മെല്ലെ പറമ്പിലൂടെ ചുറ്റുമുള്ള കേരവൃക്ഷങ്ങളുടെ  ഉച്ചിയിലേക്ക്  ദൃഷ്ടിപായിച്ചു കൊണ്ട് കുറച്ചു സമയം നടന്നു  .

പിന്നീട് മാഷ് രാജനെ നോക്കി " എന്നാൽ  രണ്ട് ദിവസം കഴിഞ്ഞു  കാണാം, ഞാൻ പോകുവാ " എന്നും പറഞ്ഞു  അദ്ദേഹം അവിടെനിന്നും മടങ്ങി .

അങ്ങനെ രാജനോട് പറഞ്ഞ രണ്ട് ദിവസം കഴിഞ്ഞുള്ള  ഒരു ഞായറാഴ്ച്ച ദിവസം വന്നെത്തി. അന്ന് മാഷ് പറഞ്ഞത്പോലെ  തന്റെ പറമ്പിലേക്ക് വന്നു കയറിയപ്പോൾ കണ്ടകാഴ്ച അദ്ദേഹത്തിനു വിശ്വസിക്കാൻ  കഴിഞ്ഞില്ല . കാരണം മാഷ് പറഞ്ഞപ്രകാരം രാജൻ പറമ്പിനു ചുറ്റും ഇല്ലികൊണ്ടു വേലിതീർത്തിരിക്കുന്നു  .

മാഷ്  അവന്റെ വീട്ടിലേക്കു നോക്കി  അവിടെ വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്ന രാജനെ മാഷ് കണ്ടു. അദ്ദേഹം അവനെ നീട്ടി വിളിച്ചു  " രാജാ .. രാജാ ..ഒന്നിവിടെവരെ  വരുമോ "

രാജൻ മറുപടിയായി " ഇതാ വരുന്നു മാഷെ " എന്നും പറഞ്ഞു വേഗം തന്നെ പത്രം മടക്കി എഴുന്നേറ്റു അകത്തേക്ക് നടന്നു  ഒരു ഷ ർട്ടുമെടുത്തു ധരിച്ചുകൊണ്ട് അങ്ങോട്ടേക്ക് കടന്ന്  വന്നു .  മാഷ് സന്തോഷത്തോടെ അവനെ സ്വീകരിച്ചു . അദ്ദേഹം അവനോട് നന്ദിപറഞ്ഞു കൊണ്ട് തന്റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ട്  കുറച്ചു പണം കൂടി എടുത്തു അവന് നൽകി .

അവൻ  സന്തോഷത്തോടെ അത് വാങ്ങി ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു " മാഷെ എനിക്ക് ഒന്ന് പുറത്തു പോകണമായിരുന്നൂ, എന്നാൽ ഞാൻ അങ്ങോട്ട് ...".

മാഷ് ചിരിച്ചുകൊണ്ട് തലയാട്ടികൊണ്ടു  അയാൾക്ക്‌ സമ്മതം മൂളി. മാഷ് പറമ്പിനു  ചുറ്റും നടന്നു നോക്കിയശേഷം  സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു.

മാഷ് അവിടെ നിന്നും തിരിച്ചുപോയി കഴിഞ്ഞപ്പോൾ  അതാ രാജന്റെ വീടിന് കുറച്ചു അകലെയായി താമസിക്കുന്ന കുഞ്ഞിരാമേട്ടൻ ആൾ കലിതുള്ളിക്കൊണ്ടു വരുന്നു . അയാൾ  രാജന്റെ വീട്‍ ലക്ഷ്യമാക്കി കൊടുങ്കാറ്റുപോലെ പാഞ്ഞു , അയാളുടെ ആ വരവ് അടുത്തുള്ള കടയുടെ ഉള്ളില്നിന്നും കണ്ട രാജൻ കടയുടെ പിന്നിലെ ഊടു വഴിയിലൂടെ ജീവനുംകൊണ്ട് ഓടി.  കുഞ്ഞിരാമേട്ടൻ കലിതുള്ളിക്കൊണ്ടു  അവന്റെ വീട്ടിലേക്കുള്ള  കൽ പടവുകൾ കയറി മുറ്റത്തെത്തി  അകത്തേക്ക് നോക്കി അലറി വിളിച്ചു " രാജാ.. എടാ ... രാജാ "
അകത്തു നിന്നും ശബ്ദം കേട്ട് രാജന്റെ അമ്മ ഇറങ്ങിവന്നു ചോദിച്ചു "എന്താ കുഞ്ഞിരാമേട്ടാ .. നിങ്ങളെന്താ അവിടെ നിന്നുകളഞ്ഞത് കയറി ഇരിക്ക് "  കുഞ്ഞിരാമേട്ടൻ രാജന്റെ അമ്മയോട് കോപത്തോടെ  ചോദിച്ചു " ഇങ്ങളെ പുന്നാരമോൻ എവിടെ പോയതാ "
രാജന്റെ അമ്മ  പറഞ്ഞു  " അവൻ ഇവിടെയില്ല  എവിടെപോയതാന്നു  അറിയില്ല  കുറച്ചു നേരത്തെ ഒരു ഷർട്ടുമെടുത്തിട്ടു  ഇറങ്ങിയതാ "

അയാൾ പറഞ്ഞു  " അവൻ ചെയ്തുവച്ച തെണ്ടിത്തരം അറിയുമോ , എന്റെ പറമ്പിലെ ഇല്ലി വേലി ഇളക്കിയാ  ആ മാഷെ പറമ്പിൽ കുത്തിവച്ചിരിക്കുന്നെ"

രാജന്റെ 'അമ്മ താടിക്കു കൈയ്യും കൊടുത്തു സ്തബ്ധയായി നിന്നു .

ഇതിനിടയിൽ   അയാൾ  തറയിൽ അമർത്തി ചവിട്ടികൊണ്ടു  അവിടെനിന്നും ഇറങ്ങി .

പിന്നെ നേരെ മാഷിന്റെ  പറമ്പിലേക്ക് നടന്നു.  അവിടെ കുത്തിവച്ചിരിക്കുന്ന   ഇല്ലിവേലി ഓരോന്നായി ഇളക്കിഎടുത്തു വലിച്ചുകൊണ്ടു അയാളുടെ വീട്ടിലേക്കു നടന്നു . ആ യാത്രയിൽ പലകുറി അയാൾ  രാജനെ മനസ്സുകൊണ്ട് പ്രാകിക്കൊണ്ടിരുന്നൂ  .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...